കഥകളും കവിതകളും സ്മരണകളും എഴുതിയെഴുതി സ്വയം വലിയൊരു കഥയായും കവിതയായും സ്മരണയായും മാറിയ ഒരു എഴുത്തുകാരിയേ മലയാളദേശത്തിനുള്ളൂ; അത് കമലയാണ്. ആമിയും കമലാദാസും മാധവിക്കുട്ടിയും കമലാസുരയ്യയുമാണ്. അഥവാ ഇവരെല്ലാം ചേര്‍ന്ന (ചേരാത്ത?) പൂര്‍ണമായും സര്‍ഗ്ഗാത്മകമായി ജീവിച്ചുമരിച്ച ഒരു സ്ത്രീയാണ്.
ഒറ്റയാളായിരിക്കെതന്നെ ആഖ്യാനങ്ങളിൽ പുതിയ പ്രമേയങ്ങൾ തിരഞ്ഞതുപോലെ സ്വയം പുതിയ കര്‍തൃത്വങ്ങളെ തിരയുകയോ കണ്ടെത്തുകയോ ആവിഷ്‌കരിക്കുകയോ ഏറെക്കുറെ അനശ്വരമാക്കുകയോ ചെയ്തു, അവർ. മാധവിക്കുട്ടി എന്ന എഴുത്തുകാരിക്ക് പേരും സ്വത്വവുമെല്ലാം നിഗൂഢതകളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കമലാദാസിന്റെ ഇംഗ്ലീഷ് വായനക്കാര്‍ക്ക് അവർ മാധവിക്കുട്ടിയായി മലയാളത്തിൽ കഥകളെഴുതുന്ന കാര്യം അറിയില്ലായിരുന്നു. എന്നും പുതിയ സ്വത്വസങ്കല്‍പങ്ങൾ തേടിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന് എം. മുകുന്ദന്‍ ശരിയായിത്തന്നെ വിലയിരുത്തുന്നുണ്ട്. മാധവിക്കുട്ടിയില്‍ അവര്‍ക്ക് കണ്ടെത്താൻ കഴിയാതെ പോയത് അന്വേഷിച്ചാണ് അവര്‍ കമലാദാസ് ആയത്. അതേ കാരണത്താല്‍ തന്നെയാണ് അവർ സുരയ്യയായതും. (ശരീരത്തിന് എത്ര ചിറകുകള്‍, പുറം 169).
മാധവിക്കുട്ടിക്ക് കമലാദാസ്, സുരയ്യ എന്നിവയൊന്നും കേവലം തൂലികാനാമങ്ങളായിരുന്നില്ല എന്നതാണ് വാസ്തവം. ഒരേ ജന്മത്തില്‍ പല ജന്മങ്ങൾ ജീവിക്കാൻ മാധവിക്കുട്ടിക്ക് കഴിഞ്ഞതായി ശാരദക്കുട്ടി നിരീക്ഷിക്കുന്നത് ഈ അര്‍ത്ഥത്തിലും മനസ്സിലാക്കാം. സാധാരണ മനുഷ്യന് സാധിക്കുന്നതായിരുന്നില്ല ഈ പരകായ അയനങ്ങൾ. അറിഞ്ഞത് പകര്‍ന്നുതരികയാണ് ആവിഷ്‌കാരങ്ങളിലൂടെ അവർ ചെയ്യുന്നത്. ഒരേ ഭൂമിയില്‍ പുതിയ ഭൂമികളുണ്ടെന്നും ഒരേ ജന്മത്തിൽ പല ജന്മങ്ങളുണ്ടെന്നും ഒരേ ശരീരത്തില്‍ പല ശരീരങ്ങളുണ്ടെന്നും (ശ.എ.ചി. പുറം 217) അവര്‍ അപ്രകാരം പകര്‍ന്നുതന്ന അനുഭവമായിരുന്നു. ഇത് സര്‍ഗ്ഗാത്മകലോകത്തോ ആത്മീയലോകത്തോപോലും മറ്റൊരാള്‍ക്ക് ഇത്ര അനായാസമായി സാധിക്കാത്തതാണ്.
മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന ആത്മകഥയ്ക്ക് അരനൂറ്റാണ്ടു തികഞ്ഞ വർഷമാണിത്. 1973 ഫെബ്രുവരിയിലാണ് എന്റെ കഥ കറന്റ് ബുക്സിലൂടെ മലയാളിയുടെ കൈകളിൽ എത്തുന്നത്. രഹസ്യമായി വായിച്ചും ആസ്വദിച്ചും പരസ്യമായി വിമർശിച്ചും മലയാളി സ്വന്തം സ്വത്വത്തിന്റെ യാഥാസ്ഥിതികത്വവും ഇരട്ടമുഖവും ഏറ്റവും വ്യക്തമാക്കിയ കാലം അതായിരുന്നിരിക്കണം. മാധവിക്കുട്ടി പക്ഷെ ആത്യന്തികമായി ആ ദ്വൈതമലയാളിത്തത്തെ തുറന്നുകാട്ടുന്നതിലും ‘വിറ്റു കാശാക്കുന്നതിലും’ വിജയിച്ചു. എഴുതിയുണ്ടായ സംഘർഷങ്ങളിൽപ്പെട്ട് രാജലക്ഷ്മിയെപ്പോലെ കീഴടങ്ങാൻ അവർ തയ്യാറല്ലായിരുന്നു. (തന്നോട് സംസാരിച്ചിരുന്നെങ്കിൽ രാജലക്ഷ്മി സ്വയംഹത്യ ചെയ്യില്ലായിരുന്നു എന്ന് മാധവിക്കുട്ടി ഒരു അഭിമുഖത്തിൽ പറയുന്നുമുണ്ട്) അവർക്ക് മാധവിക്കുട്ടിയായി പിന്നെയും എഴുതാനും ജീവിക്കാനും കഴിഞ്ഞു. അരനൂറ്റാണ്ടു തികച്ച ‘എന്റെ കഥ’ വീണ്ടും വായിക്കുകയും അതിലെ കർതൃത്വത്തെ മനസ്സിലാക്കുകയുമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്.
'എന്റെ കഥ'യിലെ കര്‍തൃത്വം
ഏറെ വായനക്കാരെ സൃഷ്ടിച്ച, വിവാദങ്ങള്‍ക്ക് കളമൊരുക്കിയ 'എന്റെ കഥ' എന്ന ആത്മകഥ മലയാളത്തിലെഴുതുന്ന മാധവിക്കുട്ടിയാണോ ഇംഗ്ലീഷിലെഴുതുന്ന കമലാദാസാണോ എഴുതിയത് എന്ന ചോദ്യം ഒരര്‍ത്ഥത്തിൽ പ്രസക്തമാണ്. മൈ സ്റ്റോറി, എന്റെ കഥ എന്നിവ പദാനുപദ വിവര്‍ത്തന സ്വഭാവമല്ല ഉള്‍ക്കൊള്ളുന്നത് എന്നതും ചില പ്രത്യേക വിഷയങ്ങളിൽ രണ്ടും വ്യത്യസ്ത ആഖ്യാനമാണ് കൈക്കൊള്ളുന്നത് എന്നതും ഈ പ്രസക്തിക്ക് കാരണമാകുന്നു. കമലാദാസ്, മാധവിക്കുട്ടി എന്നിവ കേവലമായ തൂലികാനാമങ്ങള്‍അല്ല എന്നും സ്വത്വപരമായ വിഘടിതസ്വഭാവങ്ങളുടെ രണ്ട് പ്രത്യേക അവസ്ഥകളാണെന്നും വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ഈ ആത്മകഥ സവിശേഷപഠനത്തിന് വിധേയമാക്കേണ്ടിവരുന്നു. എങ്കിലും രണ്ട് സ്വത്വങ്ങളുടെയും ഭൗതിക യാഥാര്‍ത്ഥ്യം ഒന്നാണെന്നും ആ 'ഒന്നി'ന്റെ ജീവിതകഥ എന്ന അര്‍ത്ഥത്തിൽ ഈ കൃതി ഒരേസമയം രണ്ടു സ്വത്വങ്ങളേയും പ്രതിനിധീകരിക്കുന്നു എന്നും മനസ്സിലാക്കാം.
'എന്റെ കഥ' എഴുത്തുകാരിയുടെ സംഘര്‍ഷഭൂമികയുടെ അനാച്ഛാദനമോ അടയാളപ്പെടുത്തലോ മാത്രമായി വായിച്ചു വിടുക സാദ്ധ്യമല്ല. കാരണം, അത് സാമൂഹികമായും ചരിത്രപരമായും ഉള്ള വ്യവസ്ഥകളോട് സന്ധി ചെയ്യാന്‍ തയ്യാറാവുന്ന ഒന്നല്ല. പെണ്ണെഴുതുന്ന ആത്മകഥകള്‍ക്ക് അതുവരെ ഉണ്ടായിരുന്ന കാല്പനികസ്വഭാവത്തെ കാല്പനികമായ ഭാവാന്തരീക്ഷവും ഭാഷയും ഉപയോഗിച്ചുകൊണ്ടുതന്നെ അട്ടിമറിക്കാനുള്ള ശ്രമം പ്രകടമാണ്. മാത്രമല്ല ആത്മകഥകള്‍ക്ക് 'യോഗ്യമായത്' എന്ന് അതുവരെ സങ്കല്‍പിച്ചിരുന്ന 'മഹാസംഭവങ്ങള്‍' ഒന്നും തന്നെ ആ സാഹിത്യരൂപം യഥാര്‍ത്ഥത്തിൽ അവകാശപ്പെടുന്നില്ല എന്ന പുതുമാനവും 'എന്റെ കഥ' മുന്നോട്ടുവെക്കുന്നു. ഇന്ന് മലയാളത്തില്‍ ഇറങ്ങുന്ന ധാരാളം ആത്മകഥകളുടെ ഊര്‍ജ്ജകേന്ദ്രമായി 'എന്റെ കഥ'യെ അടയാളപ്പെടുത്താന്‍ കഴിയും.
സ്വപ്നം കാണാറുള്ള ഭാഷയില്‍ (ഇംഗ്ലീഷില്‍) ആണ് ആത്മകഥ എഴുതിയത് എന്നും പിന്നീട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു എന്നുമുള്ള മീന. ടി. പിള്ളയുടെ നിരീക്ഷണം (മാതൃഭൂമി, ആഴ്ചപ്പതിപ്പ്, 2009 ഏപ്രിൽ, പുറം 44, 45) പ്രസക്തമാവുന്നത് വിവര്‍ത്തനം തന്നെ സ്വത്വപരമായ വീണ്ടെടുക്കലിന്റെ തലത്തിലേക്ക് വരുന്നതുകൊണ്ടാണ്. തുറന്നെഴുത്തിന്റെ ശക്തിയും സുതാര്യതയും സത്യസന്ധതയും കമലാദാസ് എന്ന സ്വത്വം ഇംഗ്ലീഷില്‍ എഴുതിയപ്പോഴാണ് കൂടുതൽ സാര്‍ത്ഥകമാവുന്നതെന്ന് വിലയിരുത്തപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ 'മൈ സ്റ്റോറി' മൂലവും 'എന്റെ കഥ' കുറേക്കൂടി ഒതുക്കി തയ്യാറാക്കിയ (മലയാളികള്‍ക്കുവേണ്ടി) വിവര്‍ത്തനവും ആകാനുള്ള സാധ്യത കൂടുതലാണ്. ഒട്ടും ക്ഷമാപണപരമല്ലാതെ തുറന്നടിച്ചാണ് മൈ സ്റ്റോറി എഴുതിയിരിക്കുന്നത് എന്നും വിഷയാന്തരത്വബോധമാണ് 'എന്റെ കഥ'യിലുള്ളത് എന്നും മീന. ടി. പിള്ള ശരിയായി വിലയിരുത്തുന്നു (മാതൃഭൂമി, ആഴ്ചപ്പതിപ്പ്, ഏപ്രില്‍ പുറം 47). മറ്റെല്ലാ കൃതികളില്‍ നിന്നും വ്യത്യസ്തമായ ആനന്ദം മൈ സ്റ്റോറി നല്‍കിയതിനെക്കുറിച്ചും ഒട്ടും പശ്ചാത്താപചിന്ത ഈ എഴുത്ത് ബാക്കി വെക്കുന്നില്ല എന്നും 'മൈ സ്റ്റോറി'യുടെ ആദ്യ പതിപ്പിൽ അവർ എഴുതുന്നു. മലയാളത്തിന്റെ സവിശേഷ ചിഹ്നവ്യൂഹത്തേയും സാംസ്‌കാരിക നിലപാടുകളേയും അതിൽ ഒരു പെണ്ണെഴുതുന്ന ആത്മകഥ ഉണ്ടാക്കാന്‍ ഇടയുള്ള സംവാദങ്ങളേയും പ്രശ്‌നവത്കരിക്കുന്ന വിധമുള്ള പ്രതിസന്ധികളെ ഈ വിവര്‍ത്തനത്തിൽ മാധവിക്കുട്ടി നേരിട്ടിരുന്നത് രണ്ട് കൃതികളുടെയും പരിശോധനയിൽ വ്യക്തമാകും.
ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കുമാത്രം എഴുതാൻ കഴിയുന്ന വിധത്തിൽ ഓരോ വാക്കും സ്വന്തം രക്തം കൊണ്ട് കുറിക്കാന്‍ ഒരുങ്ങുന്നതായി 'എന്റെ കഥ'യുടെ ആമുഖം പറയുന്നുണ്ട്. പക്ഷേ എഴുതിക്കഴിഞ്ഞ് അനേകവര്‍ഷങ്ങൾ 'ഭാവിയുടെ ഭാരം' അനുഭവിക്കേണ്ടി വന്നു മാധവിക്കുട്ടിക്ക്. നുണയെന്നും സത്യമെന്നും മാറ്റിമാറ്റി പറയിക്കുന്നതില്‍ ഈ കൃതി ലക്ഷ്യംവെച്ച വ്യവസ്ഥകൾ വിജയിക്കുകയും ചെയ്തു. എങ്കിലും കവിത എന്ന് അവർ വിളിക്കാനിഷ്ടപ്പെട്ട 'എന്റെ കഥ' അവര്‍ ആഗ്രഹിച്ചതിലധികം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
ആത്മീയമായും വൈകാരികമായും അനാഥയായിരുന്നുവെന്ന് സ്വയം അവകാശപ്പെട്ട മാധവിക്കുട്ടിക്ക് 'എന്റെ കഥ' തുടര്‍ച്ചകളേയും അതുവഴി സനാഥത്വവും നല്‍കി. ആത്മീയമായ അനാഥത്വത്തെ സ്വത്വപരമായ വെച്ചുമാറലുകള്‍ കൊണ്ട് മറികടക്കാൻ അപ്പോഴേക്കും പഠിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് ഒരു മനുഷ്യജീവിക്ക് പ്രാപ്യമായ 'സമനില'യോടെ നില്‍ക്കാൻ കഴിഞ്ഞു. 'ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് മനുഷ്യജീവിക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും പൂര്‍ണ്ണമായ നില' (എന്റെ കഥ, പുറം 13) യെന്ന് അവര്‍ അപ്രകാരം തിരിച്ചറിയുന്നു. അവരവരുടെ ആത്മസത്ത അലിഞ്ഞുകിടക്കുന്ന, ആത്മാര്‍ത്ഥതയുടെ പ്രതീകമായ രക്തംകൊണ്ട് ആത്മകഥയെഴുതാൻ മാധവിക്കുട്ടിയെ പ്രേരിപ്പിക്കുന്നത് തന്റെ അനശ്വരമായ അടയാളപ്പെടുത്തലിന്റെ അദമ്യമായ മോഹമാണ്. അസുഖങ്ങളില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട് തിരികെയെത്തിയ ഉടനെ ഈ കൃതിയുടെ രചനയ്ക്ക് തയ്യാറാകുന്നതിന്റെ സൂചനയും മറ്റൊന്നല്ല.
ആവിഷ്‌കരിക്കപ്പെടാനും അടയാളപ്പെടുത്തപ്പെടാനുമുള്ള ഒരു ജീവിതം അതു തുച്ഛമാണെങ്കിലും തനിക്കുണ്ട് എന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. വ്യവസ്ഥയോടും പിന്നീട് അവ്യവസ്ഥയോടും എതിര്‍ത്തും മാത്രമേ അതുമുന്നോട്ടു നീങ്ങിയുള്ളൂ. സ്വയം അനശ്വരമാകാനുള്ള മോഹത്തിന്റെ സൂചന എന്റെ കഥയിലുണ്ട്.
'എന്റെ മനസ്സ് കണ്ടെത്താത്ത ഒരു ഭൂഖണ്ഡമാണെന്നും തീ നാളങ്ങളെപ്പോലെ ജ്വലിക്കുന്ന വാക്കുകൾകൊണ്ട് അതിന്റെ തുറമുഖങ്ങളെ പ്രകാശിപ്പിച്ചാല്‍ ഓരോ വായനക്കാരനും ഓരോ ദേശസഞ്ചാരിയെപ്പോലെ അതിലെ കരിങ്കല്‍ വിഗ്രഹങ്ങള്‍ക്കു മുമ്പിൽ അത്ഭുതദൃഷ്ടിയോടെ വന്നു നില്‍ക്കുമെന്നും എനിക്ക് തോന്നുന്നു' (എന്റെ കഥ, പുറം 22). ഇത് തോന്നല്‍ മാത്രമല്ല. മോഹം തന്നെയാണ്. സ്വയം വിഗ്രഹസമാനമായി, ആരാധ്യയായി മാറുന്നത് അനശ്വരതയെ കൊതിക്കുന്ന മാനസികവൃത്തിയുടെ സൂചനയാണ്. വായനക്കാരനും തന്റെ ആത്മാവും തമ്മിലുള്ള സമാഗമം അവര്‍ സ്വപ്നം കാണുന്നു (എന്റെ കഥ, പുറം 71). മറ്റൊരിടത്ത് ഈ ലോകത്തില്‍ തെല്ലൊരംഗീകാരം നേടുവാനും മറ്റുള്ളവരുടെ ലാളന അനുഭവിക്കാനും (എന്റെ കഥ, പുറം 38) കൊതിക്കുന്ന കര്‍തൃത്വത്തെ കാണാം. ഇതെളുപ്പമല്ല എന്ന് അവര്‍ക്ക് നന്നായറിയാം. 'സാഹിത്യകാരന്റെ ഒന്നാമത്തെ കടമ അവനവനെത്തന്നെ ഒരു ബലിമൃഗമാക്കുകയാണ്' (എന്റെ കഥ, പുറം 70) എന്ന് പറയുക മാത്രമല്ല അക്ഷരാര്‍ത്ഥത്തിൽ പ്രാവര്‍ത്തികമാക്കുകയുമാണ് മാധവിക്കുട്ടി ചെയ്യുന്നത്. കാലത്തിന് വിഴുങ്ങാന്‍ കഴിയാത്ത സത്യവാചകങ്ങൾ അവനിടയ്ക്ക് ഉരുവിടേണ്ടി വരുമെന്നും ഒടുവിലവന്റ വാക്കുകൾ അനശ്വരങ്ങളായി തീരുമെന്നും (എന്റെ കഥ, പുറം 71) മാധവിക്കുട്ടി തിരിച്ചറിയുന്നു. അതിനുള്ള വഴി മാത്രമാണ് 'സത്യസന്ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ആത്മകഥ എഴുതാന്‍' തുടങ്ങുന്നത്. അതുകൊണ്ട് അത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാണെന്ന് അവര്‍ക്ക് ബോധ്യവുമുണ്ട് (എന്റെ കഥ, പുറം 71). വസ്ത്രത്തിനും എല്ലിനും മജ്ജക്കുമകത്ത്, ആഴത്തില്‍ വായനക്കാരനുമായുള്ള കൂടിക്കാഴ്ചയിലൂടെ അനശ്വരമാകാന്‍ കൊതിക്കുന്ന അനാഥവും അതിസുന്ദരവുമായ ആത്മാവാണുള്ളത്. മലയാളത്തില്‍ സ്വത്വബോധത്തിന്റെ തീക്ഷ്ണമായ പെണ്ണെഴുത്തായി 'എന്റെ കഥ' മാറുന്നതും സ്വാഭാവികമായ ഈ വെളിപ്പെടുത്തലുകള്‍ കൊണ്ടാണ്.
'എന്റെ കഥ'ക്ക് (മറ്റ് ആഖ്യാനങ്ങള്‍ക്കും) ജനപ്രിയത ലഭിച്ചതിന്റെ കാരണം അത് ലക്ഷ്യം വെച്ചിരുന്ന പ്രധാന അജണ്ട അതായിരുന്നു എന്നതുകൂടിയാണ്. അതിലൂടെ ഒരു ജന്മത്തില്‍ പല ജന്മമാടിയവൾ അനശ്വരതയിലേക്ക് ജനിക്കുകയാണ് ചെയ്തത്. തുറന്നെഴുത്തിന്, വിശേഷിച്ച് സ്ത്രീ എഴുതുന്ന തുറന്നെഴുത്തിന് വായനക്കാരെ സൃഷ്ടിക്കുക എളുപ്പമാണെന്ന തിരിച്ചറിവ് മാധവിക്കുട്ടിക്കുണ്ടായിരുന്നു എന്ന് ചിന്തിച്ചാൽ ആ എഴുത്തിന്റെ ലക്ഷ്യവും വ്യക്തമാണ്. മാധവിക്കുട്ടിയും സ്ത്രീവാദവും ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽനിന്ന് പുറംതിരിഞ്ഞ് നടക്കാൻ പുരുഷസമൂഹം സ്വീകരിച്ച വഴികളിലൊന്നായി മാധവിക്കുട്ടിക്ക് ലഭിച്ച ജനപ്രിയതയെ നിരീക്ഷിക്കുമ്പോൾതന്നെ പെണ്ണിന്റെ എഴുത്ത് പെണ്ണിനെ മാത്രം തൃപ്തിപ്പെടുത്തുന്നതായിക്കൊള്ളണമെന്നില്ല എന്നു കൂടി പി. ഗീത നേരറിവ് കുറിക്കുമ്പോള്‍ ചിത്രം കൂടുതൽ വ്യക്തമാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 2010, പുറം 38). സ്ത്രീ എഴുതുന്നത് പുരുഷനെ തൃപ്തിപ്പെടുത്താൻ കൂടിയാവുന്നത് കൃത്യമായ ലക്ഷ്യമുള്ളപ്പോഴാണ്. മാധവിക്കുട്ടിക്ക് ശേഷം വന്ന ഏറേയും സ്ത്രീ എഴുത്തുകാരുടെ മാതൃക ഈ അര്‍ത്ഥത്തിലും മാധവിക്കുട്ടി തന്നെയാണ്.