കനകരാജ് ബാലസുബ്രഹ്മണ്യം

പൊള്ളാച്ചി, ആരനകട്ട, സൗദി

പല പൊരുൾ പ്രയാണങ്ങൾ

മാതൃഭാഷ തമിഴ്. ജനിച്ചതും വളർന്നതും കർണാടത്തിൽ. ജീവിതം പ്രവാസിയായി സൗദി അറേബ്യയിൽ. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും പലതരം അടരുകളുടെ വേറിട്ട ആവിഷ്‌കാരങ്ങളാണ് സമകാലിക കന്നട സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനും ചലച്ചിത്രകാരനുമായ കനകരാജ് ബാലസുബ്രഹ്മണ്യന്റെ സർഗാത്മക ജീവിതം

സമകാലിക കന്നഡ ഗദ്യസാഹിത്യത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ കനകരാജ് ബാലസുബ്രഹ്മണ്യം കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ആരനകട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ, പ്രത്യേകിച്ച്​ കർണാടകയിലെ ജീവിതപരിസരത്തെ മറ്റു പല ദേശ ഭാഷകളിലെ സംസ്‌ക്കാരവുമായി സമന്വയപ്പെടുത്തി വായനക്കാരിൽ നവ്യാനുനുഭവം പകരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും കഥകളും കന്നഡയിലെ ആധുനികോത്തര സാഹിത്യത്തിലെ വേറിട്ട വഴിയായാണ് അറിയപ്പെടുന്നത്. ‘സിലോൺ സൈക്കിൾ' എന്ന ചെറുകഥാ സമാഹാരത്തിന് കർണാടക സംഘ ഷിമോഗയുടെ "യു. ആർ. അനന്തമൂർത്തി കഥ സമ്മാനം' ലഭിച്ചിട്ടുണ്ട്. ചില കഥകൾ കർണാടക സാഹിത്യ അക്കാദമിയുടെ വാർഷിക കഥാസമാഹാരത്തിലും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഒരു ചലച്ചിത്രകാരൻ കൂടിയായ കനകരാജ് രണ്ടു ഷോർട്ട് ഫിലിമുകളും ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത "ബർമ എക്​സ്​പ്രസ്​’ എന്ന ഷോർട്ട് ഫിലിം പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന യെമനികളുടെയും ശ്രീലങ്കൻ തമിഴരുടെയും കഥ പറയുന്ന അറബിയിലും തമിഴിലുമായി ചിത്രീകരിച്ചിരിക്കുന്ന 2020ൽ സംവിധാനം ചെയ്ത "സിക്കക്ക്' എന്ന ഷോർട്ട് ഫിലിം ചില അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സൗദി അറേബ്യയിലെ പ്രിൻസ് സത്താം യൂണിവേഴ്സി​റ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നു.

എ. കെ. റിയാസ് മുഹമ്മദ്: ഗൾഫ് പ്രവാസവുമായി ബന്ധപ്പെട്ട സാഹിത്യസൃഷ്ടികൾ മറ്റു ഇന്ത്യൻ ഭാഷകളെയപേക്ഷിച്ച് മലയാളത്തിലാണ് കൂടുതൽ പിറവികൊണ്ടിട്ടുള്ളത്. തമിഴിൽ മൂന്നോ നാലോ നോവലുകൾ ഈ ഗണത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കന്നഡയിൽ തീരെയില്ലെന്ന് തന്നെ പറയാം. ആ വിടവിനെ താങ്കൾ നികത്തുകയാണ് ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തിൽ താങ്കളുടെ എഴുത്തുകളെ സ്വയം എങ്ങനെയാണ് നോക്കിക്കാണുന്നത്?

കനകരാജ് ബാലസുബ്രഹ്മണ്യം: "ഡയസ്‌പോറ' സാഹിത്യം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി ഭാഷകളിൽ കുറേയേറെ വന്നിട്ടുണ്ട്. എന്നാൽ താങ്കൾ പറഞ്ഞതുപോലെ ഗൾഫ് ജീവിതവുമായി ബന്ധപ്പെട്ട എഴുത്തുകളുണ്ടായത് വിരലിലെണ്ണാവുന്ന ഭാഷകളിലാണെന്നത് സത്യമായിരിക്കാം. വി. മുസഫർ അഹമ്മദിന്റെ "Camel in the Sky' യുടെ മൂലകൃതിയൊക്കെ ഗൾഫ് പ്രവാസത്തെക്കുറിച്ചുള്ള മലയാളത്തിലെ പ്രധാന പുസ്തകങ്ങളിലൊന്നാണ്. കന്നടയിൽ അത്തരം രചനകൾ തുച്ഛമാണ്. ദുബായിലുള്ള ചില കന്നഡിഗർ എഴുതുന്നുണ്ട്. അവരിൽ ചിലരുടെ ഒന്നോ രണ്ടോ കഥകൾ വായിച്ചിട്ടുണ്ട്. അൽപം മടിയോടെ ഒരു കാര്യം പറയട്ടെ; ഗൾഫുമായി ബന്ധപ്പെട്ട കന്നടയിലെ എഴുത്തുകളിൽ, ഫിക്ഷനാവട്ടെ നോൺ ഫിക്ഷനാവട്ടെ ഞാനെഴുതിയവ തീർച്ചയായും മികച്ചവയാണെന്ന് കരുതുന്നു. കന്നഡയിലെ പ്രധാന സാഹിത്യ വിമർശകർ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. എന്റെ രണ്ടാമത്തെ കഥാസമാഹാരത്തിന്റെ മുഖവുരയിൽ കന്നടയിലെ നിരൂപകരിലൊരാളായ ഡോ. രാജേന്ദ്ര ചെന്നി ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്.

ഗൾഫ് ജീവിതത്തെക്കുറിച്ച് കന്നഡയിൽ എഴുതപ്പെട്ട രചനകൾക്കും എന്റെ എഴുത്തിനും തമ്മിലെ പ്രധാന വ്യത്യാസം, അവയിലെ കഥാപാത്രങ്ങളും ഉള്ളടക്കവുമാണെന്നാണ് തോന്നുന്നത്. പ്രവാസി ഇന്ത്യക്കാരിൽ കന്നഡയിലെ ഞാനുൾപ്പെടെയുള്ള എഴുത്തുകാർ സേഫ് സോണിൽ കഴിയുന്ന വൈറ്റ്‌കോളർ ജോലി ചെയ്യുന്നവരാണ്. അത്തരം ഒരു പരിസരത്തിൽനിന്ന് എഴുതുന്നവരുടെ രചനകളിൽ കൂടുതലും വെറും മധ്യവർഗ താല്പര്യങ്ങൾ മാത്രമേ നിറഞ്ഞിരിക്കുകയുള്ളൂ. അവയിൽ ഇന്ത്യയെക്കുറിച്ചുള്ള അല്ലെങ്കിൽ പുതിയ

പ്രമുഖ കന്നട നിരൂപകൻ ഡോ. രാജേന്ദ്ര ചെന്നി

സാമൂഹ്യ സംസ്‌കാരത്തെക്കുറിച്ചുള്ള ഏകോന്മുഖ കാഴ്ചപ്പാട് മാത്രമായിരിക്കും അടങ്ങിയിരിക്കുക. ഗൾഫിലേക്ക് വരുന്നവരിൽ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന ശമ്പളത്തിനായി വരുന്ന അഭ്യസ്തവിദ്യർ മാത്രമല്ല ഉള്ളത്. ഡിഗ്രി കടലാസുകളില്ലാത്ത തലയിലുള്ള പാടവത്തെ മാത്രം വിശ്വസിച്ചു വരുന്ന വലിയൊരു കൂട്ടം കൂടിയുണ്ട്. അവരുടെ സ്വപ്നങ്ങളെയും ഇഷ്ട കഷ്ടങ്ങളെയും വ്യാമോഹങ്ങളെയും ആഗ്രഹങ്ങളെയും എഴുത്തുകളിൽ വരച്ചുകാട്ടുന്നുവെന്നതാണ് മറ്റുള്ളവരുടേതിൽനിന്ന്​ എന്റെ രചനകൾക്കുള്ള വ്യത്യാസം. ഗൾഫുമായി ബന്ധപ്പെട്ട, ഞാൻ വായിച്ച എഴുത്തുകളിളെല്ലാം വെറും മധ്യവർഗ ആകുലതകൾ മാത്രമാണുള്ളത്. അതിനെക്കാളും പ്രധാനമായി അറബ് സമൂഹത്തെയും അവരുടെ സംസ്‌കാരത്തെയും മറ്റുള്ളവരുടെ രചനകളിൽ ഏകസ്വരമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുകയോ അല്ലെങ്കിൽ തീർത്തും പരാമർശിക്കാതിക്കുകയോ ചെയ്യുന്നതായിട്ടാണ് കാണുന്നത്.

എന്നാൽ, അറബ് സംസ്‌കാരത്തിലടങ്ങിയിട്ടുള്ള അനന്യതകളെ കണ്ടെത്തുവാനും അറബ് സമൂഹത്തെ അതിന്റെ ബഹുസ്വരമായ മാനങ്ങളോടൊപ്പം മനസിലാക്കുവാനുമാണ്​ എ​ന്റെ ശ്രമം. മുഖ്യമായും അറബ് സംസ്‌കാരത്തിലെ വളരെ പ്രധാനപ്പെട്ട അംശമായ ബദൂവികളെക്കുറിച്ച് കന്നഡയിൽ ആദ്യമായി വന്നത് കന്നഡ ദിനപ്പത്രമായ പ്രജാവാണിയിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനമാണ്. ഇങ്ങനെ ഗൾഫിൽ ജീവിക്കുന്ന ഇന്ത്യാക്കാരെക്കുറിച്ച് മാത്രമല്ലാതെ അറബ് സംസ്‌കാരത്തെപ്പറ്റിയും എഴുതി മരുഭൂമിയിലെ നിശ്ചിതവും അനിശ്ചിതവുമായ അനുഭവങ്ങളെ ഉൾക്കൊള്ളിക്കാൻ യത്‌നിക്കുന്നു. ഈ എല്ലാ ചിത്രങ്ങളെയും ഏകസ്വരമായോ അല്ലെങ്കിൽ ഏതെങ്കിലും സിദ്ധാന്തങ്ങളുടെ പ്രേരണയാലോ ആവിഷ്‌കരിക്കുന്നില്ല. മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും കാലദേശ ലിംഗവർഗ ജാതികൾപ്പുറം മാറ്റിനിർത്തി മനുഷ്യസ്വഭാവത്തെ പരിശോധിക്കുവാനും അറിയുവാനും ഗ്രഹിക്കുവാനും എന്റെ എഴുത്തുകൾ ശ്രമിക്കുന്നു. മൊത്തത്തിൽ മനുഷ്യലോകത്തിന്റെ സാധ്യതകളെയും അസാധ്യതകളെയും മനസിലാക്കുന്നതാണ് അവയുടെ ഉള്ളടക്കം എന്നു പറയാം. അതിനോടൊപ്പം മനുഷ്യരുടെ "ബൈനറി' അവബോധങ്ങളെയും സത്യത്തിന്റെ ഒറ്റനോട്ടത്തെയും ഛേദിച്ച് കാലത്തിന്റെ അല്ലെങ്കിൽ മനുഷ്യഭാവനകളുടെ ബഹുസ്വരമായ യാഥാർത്ഥ്യങ്ങളെ വഹിച്ചുകൊണ്ട് വായനക്കാർ അവരവരുടെ യാഥാർഥ്യങ്ങളെയും അർത്ഥങ്ങളെയും സൃഷ്ടിക്കുവാനായി ഒരു വേദിയെ രൂപപ്പെടുത്തുകയെന്നതാണ് എന്റെ എഴുത്തുകളുടെ മറ്റൊരു ഉദ്ദേശ്യം. നിയതമായ പൊരുളുകളെയോ അല്ലെങ്കിൽ ഏകമായ നിലപാടിനെയോ കൈകൊള്ളാതെ മനുഷ്യസ്വഭാവത്തെ അതിന്റെ പലമുഖങ്ങളോടൊപ്പം വായനക്കാരുടെ മുന്നിൽവെക്കുകയെന്നതാണ് എന്റെ സർഗ്ഗാത്മക ജീവിതത്തിന്റെ പ്രതിബദ്ധത. അതിനാൽ ഒരു വായന അല്ലെങ്കിൽ ഒരു പൊരുൾ എന്നതിനെ എന്റെ എഴുത്ത് നിരാകരിച്ച് വായനക്കാരെയും എഴുത്തുകാരാനാക്കി മാറ്റുന്നു.

റൊളാങ്​ ബാർത്ത്. "ബാർത്തിന്റെ പരികൽപ്പനയായ 'റൈറ്റർലി ടെക്‌സ്റ്റ്' എന്ന രൂപത്തിലേക്ക് സൃഷ്ടികളെ മാറ്റാനാണ് എന്റെ ശ്രമം"

ഉത്തരാധുനിക സാഹിത്യത്തിന്റെ പരികൽപകനായ റൊളാങ്​ ബാർത്ത് പറയുന്നതുപോലെ, എന്റെ സൃഷ്ടികളെ "റൈട്ടർലി ടെക്സ്റ്റാ'ക്കി മാറ്റാനാണ്​ ശ്രമം. അതുകൊണ്ട് എന്റെ സൃഷ്ടികളിൽ താങ്കൾ പ്രവാസജീവിതം കാണുമെങ്കിലും പ്രവാസിയല്ലാത്ത വായനക്കാരും രചിക്കുന്ന തരത്തിലുള്ള ടെക്സ്റ്റുകളും കാണുവാൻ കഴിയും. മനുഷ്യന്റെ ജീവിതവും ഭാഷകളും എങ്ങനെ അനിശ്ചിതത്വങ്ങളാൽ സഞ്ചയിച്ചിരിക്കുന്നുവോ അങ്ങനെത്തന്നെ സാഹിത്യവും തന്റെ പൊരുളിനെയും അല്ലെങ്കിൽ നിലപാടിനെയും ഏകരൂപമായ നിലയിൽ പകരാൻ പാടില്ല എന്നതാണ് എന്റെ അഭിപ്രായം.

താങ്കളുടെ ലളിതമാണെന്ന് തോന്നിക്കുന്ന ചില കഥകളിൽ സർറിയലിസ്റ്റിക്ക് ഘടകങ്ങൾ ഉൾകൊള്ളിക്കുന്നതായിട്ടാണ് കണ്ടത്. തീർച്ചയായും അതു വളരെ പ്രധാനപ്പെട്ടതും മൊത്തം കഥയുടെ പൊരുളിനെ വിവരിക്കുന്ന മനോഹരമായ അംശവുമാണെന്നും വിചാരിക്കുന്നു. അങ്ങനെയൊരു ആഖ്യാനത്തിന്​ കാരണമെന്താണ്​?

കരുതിക്കൂട്ടിയല്ല ഞാൻ അതുപയോഗിക്കുന്നത്. എന്നാൽ, കഥയ്ക്ക് യഥാർത്ഥ്യബോധത്തെ കവച്ചുവെക്കുന്ന ഒരു സമീപനമുണ്ടായിരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ ഒരു സാഹിത്യ പാഠം പലവിധത്തിലുള്ള വായനക്കും അർത്ഥസാധ്യതകളിലേക്കും അവസരം നൽകുന്ന തരത്തിലുള്ള ഒഴിഞ്ഞയിടം സൃഷ്ടിക്കപ്പെടണമെന്നും ഞാനാശിക്കുന്നു. കഥയ്ക്ക്​ഉദ്ദേശ്യം എന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതിനെയുടച്ച് വീഴ്ത്തി അതിനു നേർവിപരീതമായ പൊരുളിനെ അതു കൈവരിക്കട്ടെയെന്ന ആഗ്രഹത്താൽ എഴുതുമ്പോൾ പെട്ടെന്ന് പിറവികൊള്ളുന്ന അയഥാർത്ഥ ഘടകത്തിനു മുന്നിൽ അന്ധാളിച്ച് അതു വശീകരിച്ചു കൊണ്ടുപോകുന്ന പ്രവാഹത്തിൽ ഞാനെന്നെ തുറന്നുകാട്ടുന്നു. ആ "അസാധാരാണമായ തിരിവിന്റെ' പിറകെയോടി എഴുതിത്തീർത്ത് കുറച്ചു ദിവസങ്ങൾക്കുശേഷം അതിനെ എഡിറ്റ് ചെയ്യാനിരിക്കുമ്പോൾ കഥയിൽ പല അർത്ഥതലങ്ങൾ രൂപപ്പെട്ടിട്ടുണ്ടോയെന്നും അല്ലെങ്കിൽ വായനക്കാരെ രസിപ്പിക്കുന്ന രഹസ്യഘടകങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. യാദൃശ്ചികമായി രൂപപ്പെട്ട ആ സർറിയലിസ്റ്റിക്ക് ഘടകം കഥയ്ക്ക് നൽകുന്ന ആമുഖങ്ങളെക്കുറിച്ച് ആലോചിക്കും. കുറഞ്ഞത് നാലു സാധ്യതയെങ്കിലുമില്ലെങ്കിൽ ആ കഥ വേണ്ടെന്നു വെക്കും. ആ പ്രമേയത്തെ മനസിന്റെയുള്ളിൽ കുതിരാൻ വെക്കും. ഏതെങ്കിലുമൊരു ദിവസം അതിനു വേണ്ട "വിചിത്രമായ സാധ്യത' തെളിയുകയും അത് എഴുതിത്തീർത്തശേഷം വായനക്കാരായ സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്യും. അവർ പ്രകടിപ്പിക്കുന്ന അർത്ഥങ്ങളിൽ ചിലവ ഉൾക്കൊണ്ട് അതിനെ വിപുലീകരിക്കും. അതിനാൽ, സർറിയലിസമെന്നത് എന്നെ സംബന്ധിച്ച് ഒരു മെറ്റഫർ മാത്രമാണ്. ആ വാക്കിലടങ്ങിയിരിക്കുന്ന സാഹിത്യപരമായ വ്യാഖ്യാനങ്ങൾക്കപ്പുറത്ത് നിന്നുകൊണ്ട് ഞാനതിനെ ഒരു രൂപകമായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. വായനക്കാരനെയും എഴുത്തുകാരനാക്കി മാറ്റുന്ന ഒരു പ്രവൃത്തി മാത്രമാണ് സർറിയലിസമെന്ന് ഞാൻ വിചാരിക്കുന്നു. നമ്മൾ മനുഷ്യർ നമ്മുടെ ആയുസ്സിന്റെ തൊണ്ണൂറു ശതമാനവും ഭാവനയിലാണ് ജീവിക്കുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഭാവനയെത്തന്നെ സത്യമെന്നോ യാഥാർഥ്യമെന്നോ വിശ്വസിച്ച് അതുതന്നെ കഥകളിലും നിർവചിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ളതല്ല എന്റെ സൃഷ്ടികൾ. മലയാള ഐതീഹ്യത്തിലുള്ള "നാറാണത്ത് ഭ്രാന്ത'ന്റെ രൂപത്തെയും പ്രവൃത്തിയേയും ഉൾക്കൊണ്ട് വാസ്തവത്തെ അയാഥാർത്ഥ്യവൽക്കരിച്ച് ഞാൻ എന്നെ സ്വയം ഭ്രാന്തനവസ്ഥയിലേക്ക് തളളിവിടുന്നതാണ് സർറിയലിസം. എന്റെയുള്ളിലെ "നാറാണത്ത് ഭ്രാന്തൻ' പലതരത്തിലുള്ള പൊരുളുകളെയും പരിപ്രേഷ്യങ്ങളെയും വായനക്കാരിൽ ജനിപ്പിച്ചാൽ എന്റെ കഥകൾ എന്തെങ്കിലും കൈവരിച്ചുവെന്ന് ഞാൻ കരുതുന്നു.

ലോകം അംഗീകരിച്ച മൂല്യങ്ങളെ അപനിർമ്മാണം നടത്തണമെങ്കിൽ സദാചാരവിരുദ്ധമെന്ന് വിളിക്കപ്പെടുന്ന ചിന്തകളെ നിങ്ങൾ കൈകാര്യം ചെയ്യേണ്ടിവരും

താങ്കളുടെ സർറിയലിസ്റ്റിക്ക് കഥകളിൽ "ഇരുളു അരളോ മുൻചെ' എന്ന കഥ ആഖ്യാനപരമായി വ്യത്യസ്തതയുള്ളതാണെന്ന് പറയാം. കോമിക്ക് ഘടകങ്ങളുള്ള ഒരു സർറിയലിസ്റ്റിക്ക് കഥയാണെന്ന് തോന്നുമെങ്കിലും ഒടുവിൽ അതൊരു ട്രാജിക്ക് ഘടകങ്ങളുള്ള റിയലിസ്റ്റിക്ക് കഥയായി മാറി വായനക്കാരനെ പിടിച്ചുലക്കും. ഈ കഥ വായിച്ച് കഴിഞ്ഞപ്പോൾ ചാപ്ലിന്റെ "ഗോൾഡ് റഷ്' എന്ന സിനിമയിലെ ഷൂ വേവിച്ച് തിന്നുന്ന രംഗമാണ് എനിക്കോർമ്മ വന്നത്. ആ കഥയുടെ പശ്ചാത്തലം പറയാമോ?

ഈ കഥ എഴുതാനിരിക്കുന്നതിന് മുമ്പുതന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു. ഗൾഫിൽ ഏകാകികളായി ജീവിതം നയിക്കുന്ന പ്രവാസികളുടെ ജീവിതത്തെ അല്ലെങ്കിൽ വർഷങ്ങളോളം തങ്ങളുടെ കുടുംബത്തെ അകന്നുകഴിയുന്ന ഈ ലോകത്തെ മെലോഡ്രമറ്റിക്കായി അല്ലാതെ അവതരിപ്പിക്കണമെന്നായിരുന്നു അത്.

ദ ഗോൾഡ് റഷിൽ ചാർളി ചാപ്ലിൻ. 'ഇരുളു അരളോ മുൻചെ' എന്ന കഥക്ക് ആഖ്യാനപരമായി ചാർലി ചാപ്ലിന്റെ 'ഗോൾഡ് റഷ്' എന്ന സിനിമയുടെ ഛായയുണ്ട്‌

അതിലൂടെ മനുഷ്യന്റെ ഹതാശയേയും ആനന്ദത്തെയും നോവിനെയും സ്വപ്നങ്ങളെയും അസംഗതയേയും പുതിയ വീക്ഷണത്തിലൂടെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഋജുവായ സംഭവങ്ങളിൽനിന്ന് പിറന്ന ആ വീക്ഷണം വക്രമായ ചിത്രങ്ങളാൽ വ്യാപിച്ചിരിക്കുന്നുവെന്ന് പറയാം. അത്തരത്തിലൊരു തീർപ്പിനാലാണ് ഞാൻ ഈ കഥയെഴുതാൻ തുടങ്ങിയത്. അത് നിങ്ങൾക്ക് കൃത്രിമമായി കാണപ്പെടും. ഇങ്ങനെ തീരുമാനിച്ച് എഴുതുകയെന്നാൽ അത് എങ്ങനെ സർഗാത്മകമാവുമെന്ന് ചിലർ ചോദിച്ചേക്കാം. എന്നാൽ എഴുത്തിന്റെ തുടക്കത്തിനു പിന്നിൽ ഇത്തരത്തിലൊരു മുൻനിർണയമുണ്ടായിരിക്കുമെന്നു തന്നെയാണ് എന്റെ അഭിപ്രായം. "കഥയുടെ പ്രവാഹത്തിൽ പിറക്കുന്ന ചിന്തകൾ' എന്ന നുണ പറച്ചിൽ നടത്താൻ ഞാൻ തയ്യാറല്ല. കഥയോ കവിതയോ ലേഖനമോ എഴുതുന്നതിനു മുമ്പ് ഉള്ളടക്കത്തിന്റെതായ ഒരു സംഗ്രഹമുണ്ടായിരിക്കുമല്ലോ, അതേക്കുറിച്ചാണ് ഞാനിവിടെ പറയുന്നത്. എഴുത്തിന്റെ വേളയിൽ അതിന്റെ പോക്കിൽ കഥ അപ്രതീക്ഷിതമായ തിരിവുകൾ കൈവരിക്കുമെന്ന് സമ്മതിച്ചുകൊണ്ടു തന്നെയാണ് ഞാൻ ഈ കാര്യം പറയുന്നത്. എഴുത്തിന്റെ മദ്ധ്യേ സംഭവിക്കുന്നതാണ് അത്തരം തിരിവുകൾ, കൂടാതെ അതുതന്നെയാണ് എഴുത്തിലെ വലിയ അത്ഭുതവും! എന്നാൽ കഥയോ ലേഖനമോ എഴുതുന്നതിന് ആധാരമാക്കുന്ന ഒന്നുണ്ടാകുമല്ലോ അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്. അത് യാദൃശ്ചികമായി എഴുത്തിന്റെ നടുവിൽ സംഭവിക്കുന്നതല്ല, എഴുതുന്നതിനു മുമ്പ് മനസിൽ ജനിക്കുന്നതാണത്.

അത് നമ്മുടെ സാംസ്‌കാരിക പ്രതിബദ്ധതയെ അവലംബിച്ചതും ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ താത്വിക നിലപാടിനെ ആധാരമാക്കിയുള്ളതുമാണ്. ഇങ്ങനെ ഒരു തരത്തിലുള്ള മെറ്റഫർ ഉൾക്കൊണ്ടുകൊണ്ടാണ് എഴുത്തിനെ ഞാൻ തീവ്രമായി അനുഭവിക്കുന്നത്. ആ മെറ്റഫർ നൽകുന്ന ഭാവനാതീതമായ സാധ്യതകൾ എഴുത്തിന്റെ പ്രവൃത്തി നടക്കുമ്പോൾ സംഭവിക്കുന്നതാണ്. എന്നാൽ കഥയുടെ അടിത്തറ എന്നൊന്നുണ്ടല്ലോ, അതു നേരത്തെതന്നെയാണ് തീരുമാനിക്കുന്നത്. ആ അടിത്തറയ്ക്ക് വളരെയധികം രാഗങ്ങളെ ഉത്ഭവിപ്പിക്കാൻ ശക്തിയുണ്ടെങ്കിൽ മാത്രം ആ പ്രവൃത്തിയിൽ ഞാൻ തുടരും. നേരത്തെ പറഞ്ഞതുപോലെ ഗൾഫ് ജീവിതത്തിലെ ഒറ്റപ്പെടലിനെയും സന്തോഷത്തെയും ഉത്കണ്ഠകളെയും അടിസ്ഥാനപ്പെടുത്തിത്തന്നെ സൃഷ്ടിച്ചതാണ് "ഇരുളു അരളോ മുൻചെ' എന്ന കഥയും. താങ്കൾ പറഞ്ഞതുപോലെ ഹാസ്യത്തെ മുൻനിറുത്തി ഗൾഫിലെ പ്രവാസിയായ ഒരു വ്യക്തിയുടെ ദുരന്തജീവിത യാഥാർത്ഥ്യത്തെ ഈ കഥ അനാവരണം ചെയ്യുന്നു. ഒടുവിൽ പ്രസിദ്ധീകരിച്ച എന്റെ കഥകളിൽ പ്രത്യേകിച്ചും രണ്ടാമത്തെ കഥാസമഹാരമായ സിലോൺ സൈക്കിളിലുള്ള കഥകളിൽ ഹിംസയുടെ അംശങ്ങൾ അമിതമായി കാണുന്നുണ്ടെന്ന് വായനക്കാർ പറയുന്നുണ്ട്. അത്

കന്നട എഴുത്തുകാരൻ സിദ്ധലിംഗയ്യ.

ശരിയാണ് താനും. ലോകം അംഗീകരിച്ച മൂല്യങ്ങളെ അപനിർമ്മാണം നടത്തണമെങ്കിൽ സദാചാരവിരുദ്ധമെന്ന് വിളിക്കപ്പെടുന്ന ചിന്തകളെ നിങ്ങൾ കൈകാര്യം ചെയ്യേണ്ടിവരും. കാലാകാലങ്ങളായി ഹിംസയെ എന്തിനാണ് നെഗറ്റീവ് പരിപ്രേക്ഷ്യത്തിലൂടെ മനസിലാക്കിക്കൊണ്ടിരിക്കുന്നതെന്നതിനെ ഉടച്ചു നോക്കണം. ഫ്രഞ്ച് എക്‌സ്ട്രീമിസം എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങളാൽ പ്രചോദിതനായ ഞാൻ ഹിംസയെ നിർവചിക്കാൻ ശ്രമിച്ചു. ഒരു തരം കൊറിയൻ സിനിമകളെപ്പോലെ. എന്നാലിപ്പോൾ അല്പം മാറി ഹാസ്യത്തിലൂടെ ഹിംസയെ മറുചിന്തയ്ക്ക് വിധേയമാക്കുന്ന ജോലി ചെയ്യുന്നു. താങ്കൾ പറഞ്ഞതുപോലെ ആ കഥയിൽ ചാർലി ചാപ്ലിന്റെ ഛായ ഉണ്ടെങ്കിലും ഇത്തരം കഥകളെഴുതുമ്പോൾ എന്നെ സ്വാധീനിക്കുന്നത് കന്നടയിലെ എഴുത്തുകാരിൽ പ്രധാനിയായ സിദ്ധലിംഗയ്യയുടെ പ്രസംഗങ്ങളാണ്. രസിപ്പിച്ചുകൊണ്ടുതന്നെ ചിന്തകളുടെ ആഴങ്ങളിലേക്ക് കേൾവിക്കാരെ അദ്ദേഹം തളളിവിടും. ഹാസ്യം ഒടുവിൽ ലോകബോധമാകുന്ന ക്രമത്തിന് ഞാൻ വശ്യപ്പെടുകയും ഇദ്ദേഹത്തിന്റെ സംസാരത്തെപ്പോലെ കന്നഡയെ സംബന്ധിച്ച്​ആരും പറയാത്ത പ്രവാസി ജീവിതത്തിലെ വലിയൊരു പ്രഹേളിക ചർച്ച ചെയ്യണമെന്നും മറുനിമിഷംതന്നെ തീരുമാനിച്ചു. കുറെ നാളുകൾക്ക് ശേഷം ഒരു കഥയ്ക്കുള്ള വിഷയം എനിക്ക് ലഭിച്ചു. അതിന്റെ പിന്നിലൂടെ സഞ്ചരിച്ച് എഴുത്ത് ജനിപ്പിക്കുന്ന വിസ്മയത്തിന് വിധേയനായി കഥയെഴുതിത്തീർത്തു. ട്രാജിക്ക് ജീവിതത്തെ കോമഡിയിലൂടെ പറയുന്നതിൽതന്നെ ജീവിതത്തിന്റെ പ്രസരിപ്പുണ്ടെന്ന് നിരീക്ഷിച്ച കഥയാണിത്. ഒരു തരം Life is beautiful narration. ഇപ്പോൾ ഈ കഥ വിപുലീകരിച്ച് ആമസോണിന്റെ Pen to publish മത്സരത്തിനുവേണ്ടി ലഘുനോവലായി ആദ്യമായി തമിഴിലെഴുതുകയാണ്.

ഞാൻ ജനിച്ചുവളർന്നത് കർണാടകത്തിലാണെങ്കിലും ഞാൻ കണ്ട കന്നഡ കുടുംബങ്ങൾക്കും തമിഴ് കുടുംബങ്ങൾക്കും ഏറെ വ്യത്യസ്തതകളുണ്ടായിരുന്നു. ഈ വ്യത്യാസങ്ങൾ പ്രത്യക്ഷത്തിൽ മാത്രമാണ്. കർണാടകയിലെ കന്നഡ കുടുംബമാകട്ടെ, തമിഴ് കുടുംബമാകട്ടെ, മാർവാഡി കുടുംബമാകട്ടെ, ആഴത്തിൽ എല്ലാം ഒന്നാണ്

ഫ്രഞ്ച് എക്‌സ്ട്രീമീസത്തെക്കുറിച്ച് സംസാരിച്ചപ്പോൾ താങ്കളുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന നോവലായ "ആറനേ ബേരളു'വിനെയാണ് ഓർമവന്നത് . "ഒരു ഫ്രഞ്ച് എക്‌സ്ട്രീമിസം നോവൽ' എന്നാണ് താങ്കൾ അതിന് ബൈലൈൻ നൽകിയിരിക്കുന്നത്. അതിന്റെ കൈയെഴുത്ത് പ്രതി വായിച്ച ഒരാളെന്ന നിലയ്ക്ക് കന്നടയിലെ വായനക്കാരെ ഭ്രമിപ്പിക്കുന്നതും പുതിയ ഒരനുഭവം പകരുന്നതുമായ നോവലായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വേറിട്ട നോവലനുഭവമായിരുന്നു അതിന്റെ വായന നൽകിയത്

കന്നഡയെ സംബന്ധിച്ച് അതൊരു പുതിയ പരീക്ഷണമാണ്. ഈ നോവലിന്റെ കൈയ്യെഴുത്ത് പ്രതി താങ്കളുൾപ്പെടെ അഞ്ചുപേർ വായിച്ചിട്ടുണ്ട്. ഹെമിങ്‌വേയും ഒരു കഥാപാത്രമായി വരുന്ന എന്റെയൊരു കഥ വായിച്ച് അതിന്റെ അന്ത്യത്തെക്കുറിച്ച് താങ്കൾ പറഞ്ഞ വാക്കുകൾ എന്റെയുള്ളിൽ പുതിയ ചലനങ്ങളുണ്ടാക്കി, ആ കഥ പുനർരചന നടത്താൻ താങ്കൾ പ്രേരണയായിട്ടുണ്ട്. അതേപോലെ ആറനേ ബെരളുവിന്റെ പ്രധാന ഘടകങ്ങളെ കണ്ടുപിടിച്ച താങ്കളുടെ വായന എന്നെ ഉത്തേജിപ്പിച്ചുവെന്ന് പറയുന്നതിൽ കളവില്ല. 2019ൽ തന്നെ അതെഴുതി പൂർത്തിയാക്കിയെങ്കിലും അത്​ പ്രസിദ്ധീകരിക്കാൻ മനസ്സു വരുന്നില്ല. ഈ ജൂൺ - ജൂലൈ കാലയളവിൽ നാട്ടിലേക്കു വരുമ്പോൾ

റൊണാൾഡ് സുക്കനിക്ക്. ''സുക്കനിക്കിന്റെ 'ഡെത്ത് ഓഫ് ദ് നോവലി'നെ എന്റെ പുതിയ നോവലായ 'ആറനേ ബെരളു'വിൽ കാണാൻ സാധിക്കും.''

അത് ചെയ്‌തേക്കാം. മെറ്റാഫിക്ഷൻ ഴാനരിലുള്ള ഒരു കൃതിയാണത്. വായനക്കാർ തന്നെ എഴുത്തുകാരാവുന്ന, ചില അദ്ധ്യായങ്ങൾ അവർ തന്നെ പൂരിപ്പിക്കേണ്ടതായ റൈറ്റർലി ടെക്സ്റ്റാണ് ആ നോവൽ. റൊണാൾഡ് സുക്കനിക്കിന്റെ ഡെത്ത് ഓഫ് ദ് നോവലിനെ നിങ്ങൾക്കിവിടെ കാണാൻ സാധിക്കും. വെറും ഉള്ളടക്കവും ആഖ്യാനവും മാത്രമല്ലാതെ പുസ്തകരൂപത്തിലുമുള്ള നോവൽ സമ്പ്രദായങ്ങളെയും അത് ലംഘിക്കുന്നുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഒരു തരം ഹൈഡ് ആന്റ് സീക്ക് ഗെയിം പോലെ, അവിടെ വായനക്കാരനും കളിക്കാരാണ്. എഴുത്തുകാരൻ കേവലം പേരിനു മാത്രമാണ്. അഥവാ അയാളും വായനക്കാരനെപ്പോലെ ഒരു കളിക്കാരൻ മാത്രം. കഥ മാത്രമല്ലാതെ സാഹിത്യ സംവാദങ്ങളും നടത്തുന്ന കളിക്കാർ കഥയ്ക്കുള്ളിലെ വിടവുകളെ നികത്താൻ ഓടിക്കൊണ്ടേയിരിക്കും. അത് തികച്ചുമൊരു റീഡർ സെൻട്രിക്കായ നോവലാണ്. ഇതിനു നേർവിപരീതമായ ഒരേ സമയത്ത് കന്നടയിലും തമിഴിലുമെഴുതുന്ന ഞാൻ, അറബ് ജീവിതത്തെക്കുറിച്ച്​യാഥാർഥ്യവും അയഥാർഥ്യവും കലർന്ന നോവലിന്റെ പണിപ്പുരയിലുമാണ്. മിക്കവാറും ആ നോവലും ആറനേ ബെരളുവിന്റെ കൂടെ പ്രസിദ്ധീകരിക്കും.

ആദ്യമായി തമിഴിലെഴുതുകയാണെന്ന് താങ്കൾ പറഞ്ഞുവല്ലോ. താങ്കൾ ജനിച്ചതും വളർന്നതും കർണാടകയിലാണെങ്കിലും മാതൃഭാഷ തമിഴാണ്. പ്രവാസി ജീവിതത്തെക്കുറിച്ച് മാത്രമല്ലാതെയുള്ള കഥകളിൽ എടുത്തുപറയേണ്ട ഒന്നാണ് "കൂടു' എന്ന കഥ. കർണാടകയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന തമിഴ് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്. ക്രാഫ്റ്റുകൊണ്ട് മനോഹരമായ ഈ കഥയെ താങ്കളുടെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.

ഇന്ത്യ പോലെ ഭാഷകളാൽ സമ്പുഷ്ടമായ മറ്റൊരു ദേശമുണ്ടെന്ന കാര്യത്തിലെനിക്ക് സംശയമുണ്ട്. നൂറ്റാണ്ടുകളായി ഒന്ന്​ മറ്റൊന്നിനെ ബഹുമാനിച്ച്​കഴിഞ്ഞുപോരുന്നു. ഈ വൈവിധ്യങ്ങൾ തമ്മിൽ ഇടയ്ക്കിടെ ചില സമയത്ത് ഉരസലുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളായി സഹവർത്തിത്വം തുടരുന്നുണ്ട്. അതുതന്നെയാണ് ഇന്ത്യയുടെ വലിയ ചാലകശക്തിയും.

ഴാക്ക് ദെരീദ. ''ഫൂക്കോയെയും ദെരീദയെയും പോലുള്ളവർ ഇസ്രായേൽ - ഫലസ്തീൻ വിഷയത്തിൽ ചിലപ്പോഴൊക്കെ മൗനം പൂണ്ടിട്ടുണ്ട്''

കന്നഡയിൽ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത ഭാഷാന്യൂനപക്ഷങ്ങളുടെ ജീവിതം പകർത്താനാണ്​ കൂടു പോലുള്ള മറ്റുകഥകളിലൂടെ ശ്രമിച്ചത്​. ഇത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സംഭവിക്കുന്നുണ്ടാകാം. ഭാഷ അല്ലെങ്കിൽ സംസ്ഥാനത്തെക്കുറിച്ചുള്ള ഏകതാനമായ ആഖ്യാനങ്ങളെ യാതൊരു ഭാഷയിലെയും സംസ്‌കാരം അംഗീകരിക്കില്ല; അതുതന്നെയാണ് രാഷ്ട്രീയഭാഷയുടെ ഡിസ്‌ക്കോഴ്‌സിനും സാഹിത്യഭാഷയ്ക്കും തമ്മിലുള്ള വ്യത്യാസവും. ഫൂക്കോയെയും ദെരീദയെയും പോലുള്ളവർ തന്നെ ഇസ്രായേൽ - ഫലസ്തീൻ വിഷയത്തിൽ ചിലപ്പോഴൊക്കെ മൗനം പൂണ്ടെങ്കിലും ക്രിമിനലെന്ന് ഫ്രഞ്ചു സർക്കാർ മുദ്രകുത്തിയ വിമത സാഹിത്യകാരൻ ഴാങ് ഷെനെ പരസ്യമായി ഫലസ്തീന്റെ കൂടെ നിന്നുവെന്നു മാത്രമല്ല, അങ്ങോട്ടുചെന്ന് സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി എന്നോർക്കുമ്പോൾ നമുക്കൊരു കാര്യം വ്യക്തമാകും: സാഹിത്യം എല്ലായ്‌പ്പോഴും അധികാരവാഴ്ചക്കെതിരായി വിശപ്പിന്റെ അടിത്തറയിൽ നിലയുറച്ച്​ സഹതപിക്കും. എന്റെ രണ്ടാമത്തെ കഥാസമാഹാരത്തിലെ കഥകളെല്ലാം കൂടുതലായും കന്നഡ സാഹിത്യം ഇതുവരെ കണ്ടിട്ടില്ലാത്ത സമൂഹത്തെക്കുറിച്ചുള്ളതാണ്. ആ കഥയ്ക്കുള്ളിൽ വരുന്ന കുടുംബങ്ങൾ അല്ലെങ്കിൽ വ്യക്തികൾ പൂർണമായും കന്നഡ

മിഷേൽ ഫൂക്കോ

സമൂഹത്തിൽനിന്ന് വേറിട്ടുള്ളവരാണ്. എന്റെയൊരു കഥയിൽ, ഗൾഫിൽ ജീവിക്കുന്ന മലയാളിയായ ഒരു വ്യക്തിയുടെ ജീവിതവും കടന്നുവരുന്നുണ്ട്. അതു താങ്കൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുമുണ്ട്. ഇത്തരത്തിലുള്ള കർണ്ണാടകയിലെ അല്ലെങ്കിൽ ലോകത്തിലെ മറ്റുള്ള സമൂഹത്തെ ചിത്രീകരിച്ചാലും ആഴത്തിൽ അത് ഓരോ മനുഷ്യരും അനുഭവിക്കുന്ന ജീവിതം തന്നെയായിരിക്കും.

ഞാൻ ജനിച്ചുവളർന്നത് കർണാടകത്തിലാണെങ്കിലും ഞാൻ കണ്ട കന്നഡ കുടുംബങ്ങൾക്കും തമിഴ് കുടുംബങ്ങൾക്കും ഏറെ വ്യത്യസ്തതകളുണ്ടായിരുന്നു. ഈ വ്യത്യാസങ്ങൾ പ്രത്യക്ഷത്തിൽ മാത്രമാണ്. കർണാടകയിലെ കന്നഡ കുടുംബമാകട്ടെ, തമിഴ് കുടുംബമാകട്ടെ, മാർവാഡി കുടുംബമാകട്ടെ ആഴത്തിൽ എല്ലാം ഒന്നാണ്. പ്രകൃതിയോടുള്ള അവരുടെ കൂടിച്ചേരലും സംഘർഷവുമെല്ലാം ഒരേ മുറയിലുള്ളതാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും വിഭിന്നമായിരിക്കുന്നുവെന്ന് മാത്രം. ഇതുതന്നെ മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും കാര്യത്തിലും പറയാം. ഇതിനെത്തന്നെയാണ് ഞാൻ കഥയാക്കാൻ ഉദ്ദേശിച്ചതും.

എന്നെപ്പോലെ ഭൂരിപക്ഷം പ്രവാസികൾക്കും ശരീരം മാത്രമായിരിക്കും മറ്റു ദേശങ്ങളിലുണ്ടായിരിക്കുക. ഭാവനകളാൽ സഞ്ചരിക്കുന്ന മനുഷ്യൻ സദാ തന്റെ നാട്ടിലെ വിഷയങ്ങളുടെ പിറകെ കറങ്ങിക്കൊണ്ടിരിക്കും

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽനിന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കർണാടകയിലെ മൈസൂരിലേക്കും ചിത്രദുർഗയിലേക്കും കുടിയേറിയവരാണ് എന്റെ പൂർവികർ. നാലാമത്തെ തലമുറക്കാരനാണ് ഞാൻ. പ്രാഥമിക വിദ്യാഭ്യാസം കന്നഡയിലായിരുന്നെങ്കിലും വീട്ടിൽ തമിഴ് പഠിപ്പിച്ചു. ഒരു തരത്തിൽ തമിഴ് വിദ്വാൻമാരുടെ വീടായിരുന്നു ഞങ്ങളുടേത്. അമ്മയുൾപ്പെടെ കുടുംബത്തിലെ പലരും മധുരയിലേക്ക് ചെന്ന് അവിടെയുള്ള തമിഴ് സംഘത്തിൽ പഠിച്ചവരാണ്. അതിനാൽ തമിഴിലെ ക്ലാസിക്ക് കൃതികളെ അവർ ദിവസവും വ്രതം പോലെ പാരായണം ചെയ്യുമായിരുന്നു. അത് കേട്ടാണ് വളർന്നതെങ്കിലും കന്നഡയായിരുന്നു എന്റെ ബോധത്തിലെ ഭാഷ. കോളേജിൽ ചേർന്നതിൽപിന്നെ കന്നഡയിലൂടെ തന്നെയായിരുന്നു എന്റെ കാഴ്ചപ്പാടും വികസിച്ചത്. ഒപ്പം ഇംഗ്ലീഷും. എന്റെ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒരുതരം ജനറലൈസ്ഡായ ജീവിതം വരച്ചുവെച്ചതായിട്ടാണ് തോന്നുന്നത്.

സൗദി അറേബ്യയിലേക്ക് വന്നശേഷമാണ് ഞാൻ ജനിച്ചു വളർന്ന സമൂഹത്തെക്കുറിച്ചും കാണുന്ന ജീവിതക്കുറിച്ചും എഴുതണമെന്ന് കരുതി കർണാടകയിലെ തമിഴ് കുടുംബങ്ങളെക്കുറിച്ചും സൗദി അറേബ്യയിലുള്ള ഇന്ത്യാക്കാരെക്കുറിച്ചും എഴുതാൻ തീരുമാനിച്ചത്. രണ്ടും സംയോജിപ്പിച്ചുകൊണ്ടാണ്​ ഗോറുകന എന്ന കഥ എഴുതിയത്​. ഇതിലൂടെ ഞാൻ പറയാനുദ്ദേശിച്ചത്​, ഇന്ത്യയിലെ എല്ലാ ഭാഷകളും സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞവയാണെന്നാണ്. ഭാഷയോ മതമോ ജാതിയോ എന്തുമായിക്കൊള്ളട്ടെ ഇന്ത്യയിലെ സംസ്‌കാരികലോകം അവയെ കൊണ്ടാടുന്നു. ഇക്കാരണത്താൽ തന്നെയാണ് മലയാളത്തിലെ വൈക്കം മുഹമ്മദ് ബഷീർ മുഴുവൻ ഇന്ത്യയുടെയും എഴുത്തുകാരനാവുന്നത്. തമിഴ് സാഹിത്യത്തിലും തെലുഗു, മലയാളം, ഗുജറാത്തി എന്നിവ മാതൃഭാഷയായിട്ടുള്ള അനേകം എഴുത്തുകാരെ കാണാൻ പറ്റും. മലയാളത്തിലും അങ്ങനെയുള്ളവർ ഉണ്ടായിരിക്കും.

വൈക്കം മുഹമ്മദ് ബഷീർ. ''ബഷീർ മുഴുവൻ ഇന്ത്യയുടെയും എഴുത്തുകാരനാണ്'' / ഫോട്ടോ: പുനലൂർ രാജൻ

കൂടു എന്ന കഥ താങ്കൾ പറഞ്ഞതുപോലെ കർണാടകയിൽ ജീവിക്കുന്ന തമിഴ് ഭൂവുടമകളായ ജാതി കുടുംബത്തിനു ചുറ്റും നടക്കുന്ന കഥയാണ്. സ്വത്തിനായി സ്വന്തം പിതാവിനെത്തന്നെ കൊല്ലുന്ന മക്കളുടെ ഹിംസാത്മക കഥയായി പുറമെനിന്നു കാണുമെങ്കിലും നിങ്ങളതിനെ സൂക്ഷ്മമായി വായിച്ചാൽ കൊല നടന്നിട്ടേയില്ലെന്ന് പറയാൻ സാധിക്കുമായിരിക്കും. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഹിംസയെ ഡീകൺസ്ട്രക്ട് ചെയ്യാനാണ് ശ്രമിച്ചത്.

കുറച്ചുവർഷങ്ങളായി താങ്കൾ പ്രവാസിയായി കഴിയുന്നു. എഴുത്തുകാരനെന്ന നിലയ്ക്ക് ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളെക്കൂടാതെ സാഹിത്യത്തിലെ മാറ്റങ്ങളെയും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടാകും. സമകാലിക കന്നഡയെഴുത്തിനെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

എന്നെപ്പോലെ ഭൂരിപക്ഷം പ്രവാസികൾക്കും ശരീരം മാത്രമായിരിക്കും മറ്റു ദേശങ്ങളിലുണ്ടായിരിക്കുക. ഭാവനകളാൽ സഞ്ചരിക്കുന്ന മനുഷ്യൻ സദാ തന്റെ നാട്ടിലെ വിഷയങ്ങളുടെ പിറകെ കറങ്ങിക്കൊണ്ടിരിക്കും. ഇന്നത്തെ പോസ്റ്റ് ഗ്ലോബലൈസേഷൻ ജീവിതത്തിൽ എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ ജീവിതം നിയന്ത്രിക്കുന്നത് രാഷ്ട്രീയപാർട്ടികളല്ല, ഭരണകൂടവുമല്ല. മറിച്ച് അവയുടെ പിന്നിലുള്ള സൂപ്പർ കാപ്പിറ്റലിസ്റ്റുകളാണ്. പണത്തിനുവേണ്ടിയുള്ള അവരുടെ തൃപ്തിയില്ലാത്ത ആഗ്രഹം വർഗീയവാദത്തിന്റെയും തീവ്രവാദത്തിന്റെയും വംശീയതയുടെയും പേരിൽ ജനങ്ങളെ ബലികൊടുക്കുന്നു. ഇന്ത്യയിലെ അന്തരീക്ഷം നോക്കൂ. ഭൂരിപക്ഷ മതത്തിന്റെ അവകാശികളും കാവൽക്കാരും തങ്ങളാണെന്ന് വാദിക്കുന്നവർ ആഴത്തിൽ ആർക്കാണ് ലാഭമുണ്ടാക്കിക്കൊടുക്കുന്നത് എന്നത് മതത്തിന്റെ ലഹരി ബാധിച്ച യുവാക്കൾ മനസിലാക്കേണ്ടിയിരിക്കുന്നു. നിയോ കാപ്പിറ്റലിസ്റ്റുകളുടെ അഭിവൃദ്ധിക്ക്​ രാജ്യത്തെത്തന്നെ അടിമകളാക്കുന്ന തീവ്ര വലതുപക്ഷക്കാർ തങ്ങളെ സ്വയം ദേശഭക്തരെന്ന് വിളിക്കുന്നത് ചിരിയുണർത്തുന്നുണ്ടെങ്കിലും നമ്മുടെ കാലത്തെ ഒരു ദുരന്തനാടകം ക്ലൈമാക്‌സിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതിനെ ഉത്കണ്ഠയോടെ കാണേണ്ട വിഷയമാണ്. ലോകം മുഴുവനുമുള്ള വലതുപക്ഷ സംഘടനകൾ ഒരിക്കലും സാമാന്യജനത്തിന്റെ ശബ്ദമാകുന്നില്ല എന്നത്​ ചരിത്രത്താളുകൾ കാണിച്ചു തന്നിട്ടുണ്ട്. സ്ഥാപനവൽക്കരിക്കപ്പെട്ട ഏതു സിദ്ധാന്തവും നിശ്ചിതമായ വിശ്വാസത്താൽ ബഹുജനത്തിന്റെ ആഗ്രഹങ്ങളെയും ആകാംക്ഷകളെയും നിരാകരിച്ച് താൻ വിശ്വസിക്കുന്നതാണ് സത്യമെന്ന് ചിത്രീകരിച്ച് കെട്ടിച്ചമച്ച യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നു. അതുതന്നെ സർവകാലിക സത്യമെന്ന ബലമായ വിശ്വാസം മനുഷ്യരുടെ തലച്ചോറുകളിൽ അടിച്ചേൽപ്പിക്കും, അതിനെതിരെ പ്രതിരോധം തീർക്കുന്നവരെ വില്ലൻമാരും

കുവെമ്പു. ''കന്നഡയുടെ സെക്യുലർ ഗുണത്തെ വീണ്ടും നവീകരിച്ച എഴുത്തുകാരനാണ് കുവെമ്പു''

മതഭ്രഷ്ടരും ദേശദ്രോഹികളും ആയി ചിത്രീകരിക്കുന്നതുപോലുള്ള ഡിസ്‌കോർസുകളെ അത് നേരത്തെ തയ്യാറാക്കിവെച്ചിരിക്കും. ഇത്തരം ഡിസ്‌ക്കോർസുകളെ ഉടച്ചുകളയുന്ന അല്ലെങ്കിൽ ചോദ്യം ചെയ്യുന്ന സാമൂഹ്യമായ പോരാട്ടങ്ങൾ പിറവികൊണ്ടിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ കലാപരമായ ആവിഷ്‌കാരങ്ങൾ ആ ജോലി തീക്ഷ്ണതയോടെ നൂറ്റാണ്ടുകളായി ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. ഒരു തരത്തിൽ കല ഒരു Subversive expression ആണ്. ഭരണകൂട നിയന്ത്രണത്തിനെതിരായി നിൽക്കുന്ന പ്രക്ഷോഭത്തിന്റെ രൂപകമാണ് എഴുത്ത്. അക്കാരണത്താൽതന്നെ പ്ലേറ്റോ തന്റെ "ഐഡിയൽ സ്റ്റേറ്റി'ൽ സാഹിത്യത്തിന് ഇടം നൽകിയില്ല. പ്ലേറ്റോയുടെ മാനസിലാക്കലിനെ അരിസ്റ്റോട്ടിലും പുതുരീതിയിൽ തുടർന്നുകൊണ്ടുപോയി. എന്നാൽ മാനവീയമായ സാഹിത്യം എല്ലായ്‌പ്പോഴും സാമാന്യജനങ്ങളുടെ കൂടെ തന്നെ ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യൻ സാഹിത്യപരിസരത്തും കാണാൻ പറ്റും. കന്നഡ സാഹിത്യവും മുമ്പുതൊട്ടേ സാധാരണക്കാരുടെ വിയർപ്പിന്റെ കൂടെ നിന്നിട്ടുണ്ട്. എന്നാൽ ഈയ്യിടെ, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉയർച്ചയ്ക്കുശേഷം അവിടെയുമിവിടെയും തൊട്ടും തൊടാതെയും കഴിഞ്ഞിരുന്ന ചില എഴുത്തുകാർ പരസ്യമായി വലതുപക്ഷത്തെ ന്യായീകരിച്ച്

ലങ്കേഷ്

സംസാരിക്കുന്നുണ്ട്. ഇത് പത്തറുപത് വർഷങ്ങൾക്ക് മുമ്പത്തെ നവോദയ കാലത്തും ഉണ്ടായിട്ടുണ്ട്. അന്ന് അതിനെ സമർത്ഥമായി ഖണ്ഡിച്ച് കന്നഡയുടെ സെക്യുലർ ഗുണത്തെ വീണ്ടും നവീകരിച്ച ആളായിരുന്നു കുവെമ്പു. അദ്ദേഹം തെളിയിച്ച തിരി പിന്നീടുണ്ടായ ദളിത് സാഹിത്യങ്ങളിൽ കന്നഡയുടെ "വാളാ'യി വലതുപക്ഷത്തിന്റെ വാതിലുകൾ കൊട്ടിയടച്ചിരുന്നു. ലങ്കേഷിനെപ്പോലെയുള്ള ഒരു കാലഘട്ടത്തിലെ ചിന്തകൻ ഉയർത്തിയ മുന്നറിയിപ്പ് കന്നഡയിലെ ഒരു തലമുറയെ വലതുപക്ഷക്കാരിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈയടുത്ത കാലത്തെ സംഭവവികാസങ്ങൾ അപകടകരമായി കാണപ്പെടുന്നുണ്ടെങ്കിലും തീർച്ചയായും കർണ്ണാടകയെയോ ഇന്ത്യയെയോ പൂർണമായും വലതുപക്ഷവൽക്കരിക്കാൻ സാധ്യമല്ലെന്ന അചഞ്ചലമായ വിശ്വാസമെനിക്കുണ്ട്. എന്തുകൊണ്ടെന്നാൽ നമ്മൾ ജീവിക്കുന്ന, ഇന്ത്യയെന്നു വിളിക്കപ്പെടുന്ന മണ്ണിൽ വിപ്ലവവും വൈവിധ്യവും ശക്തിയായി വേരൂന്നിയിട്ടുണ്ട്. ആ വേരുകൾ ചിലപ്പോൾ നമുക്ക് വിഷമായി തോന്നുമെങ്കിലും കാലത്തിന്റെ പോക്കിൽ സഹവർതിത്വത്തിന്റെ പുതുവസന്തങ്ങൾ വിടർത്തുമെന്ന വിശ്വാസവും എനിക്കുണ്ട്. നിയോ കാപ്പിറ്റലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈ നാളുകൾ മതലഹരിയെ തീറ്റിക്കുന്ന അപകടം നാം മനസിലാക്കുന്ന മുഹൂർത്തത്തിൽ ഭിന്നതയുടെ സ്വരത്തിന് അറുതിയുണ്ടായേക്കാം. ഒരു എഴുത്തുകാരാനായി സാഹിത്യം ആരുടെ ഭാഗത്ത് നിൽക്കണമെന്ന മുന്നറിയിപ്പ് ഉള്ളിടത്ത് നമ്മുടെ എഴുത്തും ശക്തിയുള്ളതായിരിക്കും. ലാറ്റിനമേരിക്കൻ എഴുത്തുകാർ സാഹിത്യത്തെ തങ്ങളുടെ ഉയിരായി ഗണിക്കുന്നതിനാലാണ് ഇന്നത്തെ നവ കാപ്പിറ്റലിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടം ലോകത്തിന്റെ എല്ലാ ഭാഗത്തും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ സജീവമായിരിക്കുന്നത്.

മിനിയപ്പോളിസിലെ ജോർജ് ഫ്‌ളോയിഡ് സ്മാരകം. Xena Goldman, Cadex Herrera, and Greta McLain തുടങ്ങിയവർ തയ്യാറാക്കിയത്. / Photo: Lorie Shaull, Wikimedia Commons

ചിലിയിൽ നടന്ന പൊലീസ് അതിക്രമത്തിന് വിരുദ്ധമായ പോരാട്ടം മാസങ്ങൾക്കുള്ളിൽത്തന്നെ അമേരിക്കയിൽ ജോർജ് ഫ്‌ളോയ്ഡ് വിഷയത്തിൽ നടന്ന പ്രക്ഷോഭത്തിന് പ്രചോദനമായത് ഇത്തരത്തിലുള്ള പ്രക്ഷോഭത്തിന്റെ ഗുണമാണ്! ആയതിനാൽ നവകാപ്പിറ്റലിസ്റ്റുകളുടെ ശൃംഖല എങ്ങനെ ആഗോളമായി പടർന്നിരിക്കുന്നുവോ അതുപോലെത്തന്നെ വിപ്ലവ മാനുഷിക പോരാട്ടങ്ങളും ലോകത്തിന്റെ പല ഭാഗത്തും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന കർഷകസമരവും അതിനൊരു സാക്ഷിയാണ്.

അറബ് സംസ്‌കാരത്തെയും വൈവിധ്യങ്ങളെയും എഴുത്തിൽ ഉൾകൊള്ളിക്കുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. ഞാൻ വിവർത്തനം ചെയ്ത "മായാദ കലെ'യെന്ന കഥയിൽ അതുൾപ്പെടുത്താൻ താങ്കൾ ശ്രമിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തെക്കുറിച്ച് താങ്കൾ തന്നെ പറഞ്ഞിട്ടുള്ളത് "If Greek is for drama, then Arab is for poetry' എന്നാണ്. അറബ് സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ അന്വേഷിക്കുന്ന ഒരാളെന്ന നിലയ്ക്ക് ക്ലാസിക്കലും സമകാലികവുമായ അറബി സാഹിത്യത്തെ എങ്ങനെ നോക്കിക്കാണുന്നു?

മധ്യേഷ്യ മുതൽ മധ്യ ആഫ്രിക്ക വരെ പരന്നുകിടക്കുന്ന അറബി സാഹിത്യത്തെ ഒരു സമുദ്രത്തോട് ഉപമിക്കാം. നാം എത്ര കണ്ട് അതിലെ പ്രാതിനിധ്യം വഹിക്കുന്ന കൃതികൾ വായിച്ചെങ്കിലും ഇനിയും കടന്നുചെല്ലാത്തതും അഥവാ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടാത്തതുമായ എണ്ണിയാലൊടുങ്ങാത്ത സൃഷ്ടികൾ ബാക്കികിടപ്പുണ്ട്. മുഖ്യധാരാ സാഹിത്യം മാത്രമേ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ. അറബ് സമൂഹം മതം എന്ന ഏകകത്താൽ ഏകസ്വരമായി കാണപ്പെടുന്നുണ്ടെങ്കിലും അത് ഇന്ത്യയെപ്പോലെ വ്യത്യസ്ത അടുക്കുകളുള്ള സംസ്‌കാരമെന്നാണ് എന്റെ വിശ്വാസം. സൗദി
അറേബ്യയിലെ നജ്ദ്, അസീർ എന്നീ പ്രദേശങ്ങൾ തമ്മിൽ വളരെ വ്യത്യാസമുണ്ട്. റിയാദിന് പടിഞ്ഞാറ്​ കിടക്കുന്ന മധ്യ സൗദി അറേബ്യ നജ്ദ് എന്നാണറിയപ്പെടുന്നത്. അവിടെത്തന്നെ ഓരോ അമ്പത് കിലോമീറ്ററിലും വേർതിരിവുണ്ട്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെപ്പറ്റിയല്ല പറയുന്നത്, സാംസ്‌കാരിക വേർതിരിവുകൾ. ഇസ്‌ലാം മതത്തിലെ ആചാരനുഷ്ഠാനങ്ങൾ ഒരേപോലെയാണെങ്കിലും ബദുവികളുടെ ആചാര വിശ്വാസങ്ങളിൽ ഏറെ വ്യത്യാസങ്ങളുണ്ടെന്ന്​ എന്റെ അറബി സുഹൃത്തുകൾ കാണിച്ചു തന്നിട്ടുണ്ട്. ഒരു ബദുവി ഗോത്രത്തിനകത്തുതന്നെ പല വേർതിരിവുകളുണ്ട്. ഓരോ ബദുവി ഗോത്രത്തിലും നൂറിലധികം കവികളുണ്ട്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിൽ അവരെല്ലാവർക്കും ഇടം ലഭിച്ചിട്ടില്ല. ഞാനറിഞ്ഞിടത്തോളം സൗദി അറേബ്യയിൽ മാത്രം ലക്ഷത്തിലധികം കവികളുണ്ട്. പലരും മുഖ്യധാരയിൽ ഇല്ലാത്തവരാണ്.

സൗദി അറേബ്യയിൽ, ഞാൻ ജീവിക്കുന്ന സ്ഥലത്തുതന്നെ നൂറോളം കവികളുണ്ട്. മുപ്പതുവർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ അൽ ദോസരി ബദുവി ഗോത്രത്തിൽപ്പെട്ട അൽ റിജ്ബാനി ഉപഗോത്രത്തിലെ അൽ ദിൻദാൻ എന്ന നബാത്തി കവിയെ ഒരു യൂറോപ്യൻ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തിട്ടുമുണ്ട്. മരുഭൂമിയിലെ ആഴത്തിൽ മറഞ്ഞുകിടക്കുന്ന കവികൾ അറബിയിലെ മുഖ്യധാരാ സാഹിത്യത്തിന്റെ പുറത്ത് ലക്ഷക്കണക്കിന് പേരുണ്ടെന്നാണ് ഏകദേശക്കണക്ക്. ഇവരിൽ ചിലർ മതപരമായ വിധിവിലക്കുകൾക്ക് ദൂരെ നിൽക്കുന്നതിനാൽ മുഖ്യധാരയിലേക്ക് വരുന്നില്ല. അതേസമയം, കവിതയെ ജീവിതത്തിലെ മുഖ്യഘടകമായി അറബ് സമൂഹം കൊണ്ടുനടക്കുന്നു. നൂറ്റാണ്ടുകളായി തങ്ങളുടെ ആവിഷ്‌കാരങ്ങളെ കവിതയിൽ ഉത്ക്കടമായി പ്രദർശിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ ആവിഷ്‌കാരങ്ങൾ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമാകുന്നില്ല.

അറബ് കാവ്യങ്ങൾ പദങ്ങൾകൊണ്ടുള്ള അഭ്യാസമോ ആലങ്കാരിക ഭാഷാ കസർത്തുകളോ അല്ല, ജീവിതാഘോഷമായിരുന്നു. ജീവിതത്തെ യാതൊരു സദാചാരത്തിന്റെയും കെട്ടുപാടുകളിൽ ബന്ധിയാക്കാതെ രചിക്കപ്പെട്ട നേർക്കാവ്യങ്ങളായിരുന്നു

ഒരു ബദുവി ഗോത്രത്തിൽതന്നെ വ്യത്യസ്തതകളുണ്ടായിരിക്കും. ഇസ്‌ലാമിനു മുമ്പ്​തൊട്ട് തങ്ങളുടെ ചരിത്രത്തെ കവിതകളിൽ കോർത്തുകൊണ്ടു വരുന്ന നബാത്തി കാവ്യങ്ങൾ പ്രസിദ്ധമാണ്. ഇസ്‌ലാമിന് മുമ്പേ കാവ്യത്തിനുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചും മക്കയും ഉക്കാദും നബാത്തി കാവ്യത്തിന്റെ തറവാടായിരുന്നുവെന്ന കാര്യവും താങ്കൾക്കറിയാം. 1500 വർഷങ്ങൾക്ക് മുമ്പ് മക്കയിലുള്ള കഅബയുടെ ചുവരുകളിൽ സ്വർണലിപികൊണ്ടെഴുതപ്പെട്ട ഏഴ് ശ്രേഷ്ഠ കാവ്യങ്ങൾ തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നുവെന്നത് ചരിത്രപ്രസിദ്ധമാണ്. ആ കാവ്യങ്ങൾ സർവകലാശാലകളിൽ ഇന്നും പഠിപ്പിക്കുന്നുണ്ട്. അറബി ഭാഷയിലെ ഉത്കൃഷ്ടമായ ആവിഷ്‌കാരങ്ങളെന്ന് അവ പരിഗണിക്കപ്പെടുന്നുണ്ട്. അന്നത്തെ ആ അറബ് കാവ്യങ്ങൾ പദങ്ങൾകൊണ്ടുള്ള അഭ്യാസമോ ആലങ്കാരിക ഭാഷാ കസർത്തുകളോ അല്ല, ജീവിതാഘോഷമായിരുന്നു. ജീവിതത്തെ യാതൊരു സദാചാരത്തിന്റെയും കെട്ടുപാടുകളിൽ ബന്ധിയാക്കാതെ രചിക്കപ്പെട്ട നേർക്കാവ്യങ്ങളായിരുന്നു. അന്നു ലോകം മുഴുവനും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മതത്തിന്റെ സദാചാരങ്ങളിൽ അകപ്പെട്ടിരുന്നെങ്കിലും അക്കാലത്തെ അറബ് കാവ്യങ്ങൾ മനുഷ്യന്റെ സ്വച്ഛന്ദ ജീവിതം കൊണ്ടാടിയിരുന്നു. അറബ് കാവ്യലോകത്തിലെ ആ ഏഴു കാവ്യങ്ങളിലെവിടെയും സദാചാരത്തെക്കുറിച്ചോ എങ്ങനെ ജീവിക്കണം എന്നൊക്കെയുള്ള മാനവികതയുടെ വ്യർത്ഥമായ പറച്ചിലുകളെയോ കാണാൻ സാധിക്കില്ല. പ്രതികാരം, ഹിംസ, പ്രണയം, കാമം, മരുഭൂമി, പൂവ് എന്നിങ്ങനെ മനുഷ്യന്റെയും പ്രകൃതിയുടെയും സ്വാഭാവിക വാഞ്ഛകളും ചിത്രങ്ങളും അറബി ഭാഷയിലെ സുന്ദവാക്കുകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ലോകത്തിലെ യാതൊരു ഭാഷയിലേയും കവിതയെ സ്‌നേഹിക്കുന്നവർ ആ ഏഴു കാവ്യങ്ങളും തീർച്ചയായും വായിക്കണം. ഈ കാരണങ്ങളെല്ലാം കൊണ്ടാണ് If Greece is for drama then Arab is poetry എന്നൊരു ആപ്തവാക്യം ഞാനുപയോഗിച്ചത്.

സമകാലിക അറബ് സാഹിത്യമെന്ന മഹാസാഗരത്തിലെ ഒരു തുള്ളി മാത്രം അനുഭവിച്ചിട്ടുള്ള ഞാൻ അതിനെക്കുറിച്ച് പറയുന്നത് ധിക്കാരമായിരിക്കും. നോബൽ സമ്മാനം ലഭിച്ച ഈജിപ്തിലെ എഴുത്തുകാരൻ നജീബ് മഹ്ഫൂസ് തൊട്ട് ഒമാനിലെയും സൗദിയിലെയും ഫലസ്തീനിലെയും ലെബനാനിലെയും സിറിയയിലെയും എഴുത്തുകാർ ഇതിനകം ഇന്ത്യയിലെ വായനക്കാർക്ക് പരിചിതരാണ്. അവരെക്കൂടാതെ ആയിരക്കണക്കിന് കഥാകൃത്തുക്കളും ലക്ഷക്കണക്കിന് കവികളുമുണ്ട്​. അറബി ഭാഷയെയും സംസ്‌കാരത്തെയും സാഹിത്യത്തെയും ഏകസ്വരമായി നോക്കിക്കാണുന്ന സ്വാഭാവമുണ്ട്. ഏകീകരിക്കാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും നടക്കുന്നുമുണ്ട്. എന്നാൽ അതിന്റെ ബഹുസ്വരമായ മാനങ്ങൾ മണൽകൂനകൾപോലെ എല്ലായ്‌പ്പോഴും ചലിച്ചുകൊണ്ടിരിക്കും. അതിനെ ഇംഗ്ലീഷ് ഭാഷയിലൂടെത്തന്നെ അനുഭവിക്കണമല്ലോ എന്ന ദുഃഖം എന്നെ വളരെയേറെ വേട്ടയാടുന്നു.

വി. മുസഫർ അഹമദിന്റെ "മരുമരങ്ങളിൽ' സബ്അൽ മുഅല്ലഖാത്ത് അഥവാ തൂക്കിയിടപ്പെടുന്ന ഏഴു കാവ്യങ്ങളെക്കുറിച്ചും ഏഴുകവികളിൽ പ്രധാനിയായ ഇംറുൽ ഖൈസിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെതായി തന്നെ "മരുഭൂമിയുടെ ആത്മകഥ' എന്നൊരു പുസ്തകവുമുണ്ട്. മരുജീവിതത്തിലെ തീക്ഷ്ണതയെയും മരുഭൂമിയുടെ മനോഹാരിതയെയും അറബ് സംസ്‌കാരത്തെയും വരച്ചുകാട്ടിയ രണ്ടു കൃതികളാണത്. അതു വായിച്ചപ്പോൾ തോന്നിയതുപോലുള്ള ഒരു അനുഭവം തന്നെയാണ് താങ്കളുടെ "മായദ കലെ' എന്ന കഥ വായിച്ചപ്പോഴും അനുഭവിക്കാനായത്. ഒരു പ്രവാസി മലയാളിയുടെ കഥ പറയുമ്പോഴും അറബ് ജീവിതത്തെയും ആ കഥയിൽ താങ്കൾ വരച്ചിടുന്നു. അറബ് സംസ്‌കാരവുമായി അത്രയും ഇഴുകിച്ചേർന്നാലല്ലാതെ അത്തരം ഒരു വിവരണം സാധ്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ആ കഥയുടെ പിറവിയെക്കുറിച്ച് പറയാമോ?

ഒരു സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആ കഥ മനസിൽ രൂപംകൊണ്ടത്. അവൻ സൗദിയിലെ ഒരനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവൻ പറഞ്ഞ സംഭവങ്ങളുടെകൂടെ ഞാൻ മുമ്പ് കേട്ടതും കണ്ടതുമായ സംഭവങ്ങളെയും കൂട്ടിച്ചേർക്കുകയയിരുന്നു. എന്നാൽ അതിന്റെ മൂലഘടകത്തെ കണ്ടുപിടിക്കാൻ കുറച്ചു മാസങ്ങൾ തന്നെ വേണ്ടിവന്നിരുന്നു. അത് എഴുതിക്കഴിഞ്ഞശേഷം എന്റെ ശ്രദ്ധയിൽപ്പെട്ടത് അതിലെ "മുറകാമി'സമാണ്. സമകാലിക എഴുത്തിൽ വലിയ വിഷയങ്ങളെപ്പോലും "സൂപ്പർ സിംപിളാ'യി എഴുതി ചർച്ചചെയ്യുന്ന ജപ്പാൻ എഴുത്തുകാരൻ ഹാരുക്കി മുറകാമിയെ ഞാനേറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തിനെ ഗൗരവ സാഹിത്യമായി ചിലർ പരിഗണിക്കാറില്ല. മറിച്ച് ഒരു പൾപ്പ് ഫിക്ഷൻ എഴുത്തുകാരനായാണ് അദ്ദേഹത്തെ നോക്കിക്കാണുന്നത്.

ജപ്പാൻ എഴുത്തുകാരൻ ഹാരുക്കി മുറകാമി. ''വലിയ വിഷയങ്ങളെപ്പോലും 'സൂപ്പർ സിംപിളാ'യി എഴുതി ചർച്ചചെയ്യുന്ന മുറകാമിയെ ഞാനേറെ ഇഷ്ടപ്പെടുന്നു''

എന്നാൽ ഞാൻ അദ്ദേഹത്തിന്റെ സൃഷ്ടികളെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളെക്കാളും കഥകളാണ് എന്റെ മാനസികാവസ്ഥയുമായി അടുത്തുനിൽക്കുന്നത്. മുറകാമിയുടെ കഥകളെ പ്രേയസിയുടെ തൊടലുകൾപോലെ ഭാവിച്ചതിനാലാണോ എന്തോ അവ എന്റെ എഴുത്തിലും ഇടയ്ക്കിടെ കാണപ്പെടും. ഇങ്ങനെ പറയുന്നതിൽ എനിക്കൊരുവിധത്തിലുള്ള ചമ്മലുമില്ല. എന്തെന്നാൽ എഴുത്തെന്നു പറയുന്നതുതന്നെ ഒരു കണക്ടിംഗ് ലിങ്ക് അല്ലേ? അതൊരു മെറ്റാഫിക്ഷനാണ്.

ജോൺ ബാർത്ത്. ''അമേരിക്കൻ എഴുത്തുകാരനായ ജോൺ ബർത്ത് എന്റെ പ്രിയ എഴുത്തുകാരനാണെങ്കിൽപോലും എന്റെ മനസിന്റെയുള്ളിലേക്ക് ഇറങ്ങിയിട്ടില്ല.''

അമേരിക്കൻ എഴുത്തുകാരനായ ജോൺ ബർത്ത് എന്റെ പ്രിയ എഴുത്തുകാരനാണെങ്കിൽപോലും എന്റെ മനസിന്റെയുള്ളിലേക്ക് ഇറങ്ങിയിട്ടില്ല. അല്ലെങ്കിൽ കന്നഡയിൽ ഞനേറെ ആദരിക്കുന്ന എഴുത്തുകാരനായ ലങ്കേഷ് എന്റെ ആലോചനാരീതിയെ വേണമെങ്കിൽ സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാൽ എന്റെ ആവിഷ്‌കാരരീതിയിൽ അദ്ദേഹം പ്രഭാവം ചെലുത്തിയിട്ടില്ലായെന്നു വിചാരിക്കുന്നു. മുറകാമിയുടെ "അപ്രത്യക്ഷമാകലി'നും എന്റെ ആലോചനയ്ക്കും തമ്മിൽ ഒരു പാലം പണിഞ്ഞിട്ടുണ്ടായിരിക്കുമെന്നതിനാലാകാം മായദ കലെയിൽ അദ്ദേഹത്തിന്റെ ശൈലി കടന്നുവന്നത്.

പ്രവാസജീവിതത്തിന്റെ ഒറ്റപ്പെടലിനെയും നിസ്സഹായാവസ്ഥയെയും സന്ദിഗ്തതകളെയും എഴുതുമ്പോൾ അയത്‌നലളിതമായി അദ്ദേഹം എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ എന്റെയും അദ്ദേഹത്തിന്റെയും എഴുത്തിനും തമ്മിൽ ചില വ്യത്യാസമുണ്ട്. അവയെ തിരിച്ചറിയേണ്ടതും അല്ലെങ്കിൽ നിരാകരിക്കേണ്ടതും വായനക്കാരിൽ നിക്ഷിപ്തമാണ്. മായദ കലെ എന്ന കഥയിൽ പത്തിരുപതു വർഷങ്ങളോളം കുടുംബത്തിൽനിന്നകന്ന് ജീവിക്കുന്ന പ്രവാസികളുടെ സുഖദുഃഖങ്ങളെ സഹാനുഭൂതിയോടെ മാത്രം ചിത്രീകരികരിച്ചിട്ടില്ലായെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അറബ് സമൂഹത്തെപ്പറ്റി ഒന്നുരണ്ടു പ്രസ്താവനകൾ ആ കഥയിൽ കടന്നു വരുന്നുവെന്ന് മാത്രം. അതിലുള്ളത് ഒരു പ്രവാസി മലയാളിയുടെ മനസ്സാണ്. വരാനിരിക്കുന്ന നോവലിൽ അറബി സമൂഹത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. എന്റെ കഥകൾ പ്രവാസി ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ആഴത്തിൽ അവ മനുഷ്യരുടെ സ്വഭാവത്തെയും ഒരു വ്യക്തിയുടെ മേൽ നടക്കുന്ന ലോകത്തിന്റെ സ്വാധീനത്തെയും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പറയാം. ഒരുവേള താങ്കളുടെ വിവർത്തനത്തിലൂടെ മലയാളത്തിലെ വായനക്കാർ ആ കഥ വീണ്ടും വിപുലമായി ചർച്ച ചെയ്‌തേക്കാം.

എഴുത്തുകാരൻ മാത്രമല്ല, താങ്കളൊരു ഷോർട്ട് ഫിലിം സംവിധായകൻ കൂടിയാണല്ലോ. ആദ്യമായി സംവിധാനം ചെയ്ത "ബർമ എക്​സ്​പ്രസി’ൽ ‌ബർമ കുടിയേറ്റത്തെക്കുറിച്ച്​ പരമാർശമുണ്ട്. രണ്ടാമത്തെ സംരഭമായ "സിക്കാക്കി'ൽ യമനിൽനിന്നും ശ്രീലങ്കയിൽനിന്നും സൗദിയിലേക്ക് കുടിയേറിയ രണ്ട് വ്യക്തികളുടെ കഥയാണ്. ഇതിലേക്കെത്തിയ സാഹചര്യത്തെക്കുറിച്ച് പറയാമോ?

ഇന്നത്തെ ചില യുവ എഴുത്തുകാർക്കുള്ളതുപോലെ സിനിമയോടുള്ള ആസക്തിയും ആകർഷണവും എനിക്കുമുണ്ട്. എന്നാൽ സിനിമ എല്ലാ കലകളെയും ഉൾക്കൊണ്ടിട്ടുള്ളതും സ്വാധീനം ചെലുത്തുന്നതുമായ മാധ്യമമാണെന്ന കാരണത്താൽ എന്നെ അത്ര ആകർഷിക്കുന്നില്ല എന്ന വൈരുധ്യവും വെച്ചുപുലർത്തുന്നുണ്ട്. സാഹിത്യത്തിനുള്ള അർത്ഥസാധ്യതകളുടെ വിസ്താരം സിനിമയ്ക്കില്ലെങ്കിലും ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ അത് തീവ്രമാക്കുന്നുണ്ട്. കൊമേഴ്​സ്യൽ അല്ലെങ്കിൽ ആർട്ട് സിനിമ എന്ന് നാമതിനെ വേർതിരിക്കുന്നെങ്കിലും ആത്യന്തികമായി അതൊരു ആവിഷ്‌കാരമാണ്.

കനകരാജ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'ബർമ്മ എക്‌സ്പ്രസി'ന്റെ പോസ്റ്റർ

തർക്കോവ്‌സ്‌കിയുടെയോ ബേലാ ഥാറിന്റെയോ മറ്റേതെങ്കിലും കൊമേഴ്​സ്യൽ സംവിധായകരുടെയോ സിനിമകൾക്ക് വളരെയധികം വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം അവരവരുടേതായ ആവിഷ്‌കാരരീതികളാണ്. ഏതൊരു ക്രിയേറ്റിവിറ്റിയുടെയും പിന്നിൽ അതിന്റേതായ രാഷ്ട്രീയ അടിത്തറയുണ്ടായിരിക്കും. അതിനെ ഉടയ്​ക്കാൻ ശ്രമിക്കാമെന്നല്ലാതെ പൂർണമായും നിരാകരിക്കാൻ പാടില്ലായെന്നതാണ് എന്റെ നിലപാട്. നമ്മുടെയിടയിലുള്ള എത്രയോ സാഹിത്യകാരന്മാർ സിനിമയെ രണ്ടാംകിട ആവിഷ്‌കാരമായി പരിഗണിക്കാറുണ്ട്. ജനപ്രിയ അംശങ്ങളെ ആഘോഷിക്കുന്ന കാരണത്താൽ സിനിമയെ വിമർശിക്കുന്നത് ശരിയാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ബഹുജനങ്ങളിലേക്ക് വേഗം ഇറങ്ങിച്ചെല്ലുന്ന മാധ്യമത്തെ നമ്മൾ എതിർത്തുകൊണ്ടേയിരുന്നാൽ മൂലധനാധിപത്യം പൂർണമായി കലകളുടെ മേലും പിടിമുറുക്കും. അതു തന്നെയാണല്ലോ ഹോളിവുഡിലും ബോളിവുഡിലും സംഭവിക്കുന്നതും. ലോകത്തിലെ ഒരു മതത്തിനെതിരെ ജനാഭിപ്രായമുണ്ടാക്കാൻ ഹോളിവുഡിലെയും ബോളിവുഡിലെയും എത്രമാത്രം സിനിമകൾ ജോലിചെയ്തില്ലായെന്ന് പറയൂ? സിനിമ ഇവിടെ വെറും സിനിമ മാത്രമല്ല. അതൊരു രാഷ്ട്രീയ ആവിഷ്‌ക്കാരമാണ്. സിനിമ മാത്രമല്ല ഏതൊരു കലാരൂപവും രാഷ്ട്രീയാവിഷ്‌കാരം തന്നെയാണ്. ഗ്രീക്കുകാരുടെ കാലംതൊട്ടേ കലയെ അത്തരത്തിലാണ് ഉപയോഗിച്ചുവരുന്നത്. ഇന്നും ജനപ്രിയ സിനിമയ്ക്കുമുൾപ്പെടെ ആധാരമായ അരിസ്റ്റോട്ടിലിന്റെ നാടകസിദ്ധാന്തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു നോക്കൂ. അത് രാജാധികാരത്തെ സമർത്ഥിക്കുന്ന വ്യവസ്ഥയായിട്ടാണ് എനിക്ക് മനസിലാകുന്നത്. എന്താണ് സോഫോക്ലീസിന്റെ ഈഡിപ്പസ് റെക്‌സ് പറയുന്നത്? സൂക്ഷ്മമായി വായിച്ചുനോക്കുക. ജനാധിപത്യ മൂല്യങ്ങളെ നിരാകരിച്ച് രാജാധിപത്യം സമർത്ഥിക്കാൻ നോക്കുന്ന നാടകമാണത്. മഹത്തായ നാടകമായി അതിനെത്തന്നെയാണ് അരിസ്റ്റോട്ടിൽ പ്രചരിപ്പിച്ചത്. പ്ലേറ്റോയെ ഖണ്ഡിക്കുന്നതായി തോന്നാമെങ്കിലും ആഴത്തിൽ അദ്ദേഹം പ്ലേറ്റോ പറഞ്ഞതിനെത്തന്നെ പരിഷ്‌കരിച്ച് വ്യാഖ്യാനിക്കുന്നുവെന്ന് മാത്രം.

അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സിദ് ഫീൽഡ്

അതിനാൽത്തന്നെ ത്രീ ആക്ട് സ്ട്രക്ചറാണ് ഇന്നും ജനപ്രിയ സിനിമകൾക്ക് ഏറെ ഇഷ്ടപ്പെട്ട രൂപരേഖ. സിദ് ഫീൽഡ് പറയുന്നതും അതുതന്നെയാണ്. ഇത്തരം സിനിമകൾ ബഹുജനങ്ങളുടെ ജീവിതത്തെ സൂപ്പർഫീഷിയലായി കാണുമ്പോൾ ഇറ്റലിയിലും ഫ്രാൻസിലും പിറവികൊണ്ട നവതരംഗസിനിമകൾ ഇതിനു നേർവിപരീതമായി ബഹുജന ജീവിതത്തെ ആഴത്തിൽ കാണുവാൻ ശ്രമിക്കുന്നു. എന്നാൽ അവ സൃഷ്ടിക്കുന്ന ഒരു തരം അയിത്തം ബഹുജനങ്ങളെ അവയിൽനിന്ന് ദൂരെ നിർത്തുന്നു. അവ രണ്ടിനെയും ഇണക്കുന്നവിധത്തിലുള്ള മിഡിൽ സിനിമകളാണ് നമുക്കിന്ന് വേണ്ടത്. അത്തരം സിനിമകൾക്കുവേണ്ടിയുള്ള ശ്രമങ്ങൾ നമ്മുടെയിടയിൽ മുമ്പേയുണ്ട്. ആ ശ്രമങ്ങൾ എനിക്ക് നൽകിയ സന്തോഷം അതിലേക്ക് ആകർഷിക്കപ്പെടാൻ കാരണമായി.

തൊണ്ണൂറുകളിൽതന്നെ സിനിമയോട്​ ആസക്തി ഉടലെടുത്തിരുന്നെങ്കിൽ രണ്ടായിരത്തിനുശേഷം തീവ്രമായി പടർന്ന സിനിമയുടെ ജനാധിപത്യ സാധ്യതയാൽ പിറന്ന ഷോർട്ട് ഫിലിമുകളോട് അഭിനിവേശം തോന്നിയിരുന്നു. 2007ൽ കന്നടയിലെ പ്രസിദ്ധ സിനിമാസംവിധായകനായ നാഗത്തിഹള്ളി ചന്ദ്രശേഖറിന്റെ കൂടെ ഒരു സിനിമയ്ക്ക് ഞാൻ ജോലി ചെയ്തിരുന്നു. പിന്നീട് കുറേകാലം സിനിമയുടെ ഭാഗത്തേക്ക് പോയില്ല. എന്നാൽ അതിനോടുള്ള അഭിനിവേശം കുറഞ്ഞിരുന്നുമില്ല. 2013ലും 2015ലുമായി ഓരോ ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്നു. എഡിറ്റിംഗിന്റെ സമയത്ത് തൃപ്തി തോന്നാത്തതിനാൽ അവയെ ഉപേക്ഷിച്ചിരുന്നു.

കനകരാജ് ബാലസുബ്രഹ്‌മണ്യം സംവിധാനം ചെയ്ത 'സിക്കക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ

2017ലെ അവധിയിൽ ഇന്ത്യയിലേക്ക് ചെന്നപ്പോൾ കുടിയേറ്റക്കാരെക്കുറിച്ചൊരു സിനിമ ചെയ്യണമെന്ന് തോന്നി. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ നടന്ന കലാപങ്ങൾ കാരണം ഇന്ത്യയിലേക്ക് മടങ്ങിവന്ന ആയിരക്കണക്കിന് അഭയർത്ഥികളുമായി ബന്ധപ്പെട്ട വിഷയംവെച്ച് മൈസൂരിൽ നാലുദിവസം ഷൂട്ട് ചെയ്​തു, ഒരാഴ്ചകൊണ്ട് എഡിറ്റിംഗ് പൂർത്തിയാക്കി. പൂർണ തൃപ്തി നൽകിയില്ലെങ്കിലും ബർമ എക്‌സ്‌പ്രസ്​ എന്ന പേരിൽ ഷോർട്ട് ഫിലിം തയാറാക്കി ഫിലിം ഫെസ്റ്റിവലുകളിലേക്ക് അയച്ചു. പതിനഞ്ചോളം ഫെസ്റ്റിവലുകളിൽ അത് പ്രദർശിപ്പിച്ചു. ന്യൂയോർക്കിലെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരവും നേടി. വ്യക്തിപരമായി ആ ചിത്രം സംതൃപ്തി നൽകാത്തതിനാൽ എന്റെ ഇഷ്ട സംവിധായകനായ ബേലാ ഥാറിന്റെ ശൈലിയിൽ രണ്ടാമതൊരു ചിത്രവും ചെയ്തു. തമിഴിലും അറബിയിലുമായി നിർമിച്ച ആ ചിത്രവും കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളെ അഭിസംബോധ ചെയ്യാനാണ് ശ്രമിച്ചത്. വ്യക്തിപരമായി ഏറെ തൃപ്തി നൽകിയ ചിത്രമായിരുന്നെങ്കിലും രണ്ടു ഫെസ്റ്റിവലുകളിലേക്ക് മാത്രമാണ് അതു തെരെഞ്ഞെടുക്കപ്പെട്ടത്. കൂടാതെ

ബേലാ ഥാർ. ''എന്റെ ഇഷ്ട സംവിധായകൻ ബേലാ ഥാറിന്റെ ശൈലിയിലാണ് രണ്ടാമതൊരു ചിത്രം ചെയ്തത്''

ബഹുജനങ്ങൾക്കും ആ സിനിമ അത്ര ഇഷ്ടപ്പെട്ടില്ല. എന്നാൽ ആ സിനിമ എനിക്ക് നല്ല അവസരം ഉണ്ടാക്കിത്തന്നു. ലോകത്തിലെ തന്നെ പ്രസിദ്ധമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ സ്ട്രീം ഫണ്ടിംഗിന്റെ ആദ്യറൗണ്ടിലേക്ക് എന്റെയൊരു കഥ തെരെഞ്ഞെടുക്കപ്പെടാൻ "സിക്കക്ക്' എന്ന ആ ചിത്രം കാരണമായി. എന്നാൽ അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടില്ല. എങ്കിലും അതുവരെ എന്നെ കൊണ്ടുപോയത് ആ ചിത്രമായിരുന്നു. അതിനാൽ എനിക്കൊരു വിഷമവുമില്ല.

അറബ് ജീവിതം വിപുലമായി കടന്നുവരുന്ന പുതിയ നോവലിനെക്കുറിച്ചും ഇനി ചെയ്യാൻ പോകുന്ന സിനിമാസംരംഭങ്ങളെക്കുറിച്ചും വിശദമാക്കാമോ?

അറബ് ബദുവി സംസ്‌കാരത്തെയും ഗൾഫ് കുടിയേറ്റക്കാരെക്കുറിച്ചുമെഴുതുന്ന ആദ്യനോവലിന്റെ അവസാന ഭാഗങ്ങൾ എഴുതിത്തീർക്കാനുണ്ട്. തമിഴിലാണ് അതെഴുതുന്നതെങ്കിലും കന്നടയിലും ഞാൻ തന്നെ എഴുതേണ്ടതായിട്ടുണ്ട്. ഇസ്‌ലാമിനു മുമ്പത്തെ ബദുവി സംസ്‌കാരത്തിൽനിന്ന് തുടങ്ങി സമകാലിക ജീവിതം വരെ വരച്ചിടാനാണ് ശ്രമിക്കുന്നത്. കാര്യങ്ങളെ നേരിൽ കണ്ടും കേട്ടും മനസിലാക്കിയിട്ടുമാണ് എഴുതുന്നത്. അവയെല്ലാം നോവലിൽ പ്രതിഷ്ഠിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. അവ എത്രത്തോളം വായനക്കാരിലേക്ക് ചെല്ലുമെന്നറിയില്ല. എന്നാൽ അതെനിക്ക് വലിയ അനുഭവം പകർന്നിട്ടുണ്ട്. ആ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടാൽ ഒരുവേള മറ്റേതൊരു ഭാഷയെക്കാളും സ്വീകരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു. എന്തെന്നാൽ കുടിയേറ്റത്തെയും അറബ് ജീവിതത്തെയും കുറിച്ച്​ മലയാളികൾ അറിയുന്നത്ര ഇന്ത്യയിലെ മറ്റേതൊരു ഭാഷയിലെ ആളുകളും അറിഞ്ഞിരിക്കാൻ സാധ്യതയില്ല. ആ നോവൽ രണ്ടു ഭാഷകളിൽ എഴുതുന്നതിനാൽ കാലതാമസം എടുക്കുന്നുണ്ട്. അതിനെക്കാൾ പ്രധാനമായി അതിനെക്കുറിച്ചുള്ള ഒബ്‌സെഷനും മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. ബദുവി സംസ്‌കാരത്തെ ഞാനേറെ ഇഷ്ടപ്പെടുന്നതിനാലും അല്ലെങ്കിൽ എന്റെയുള്ളിലെ ബദുവിത്വവും ആ നോവൽ ഒഴിയാബാധ പോലെ പിന്തുടരുന്നതിനാലും അതിന്റെയെഴുത്തിനെ താത്കാലികമായി ഞാൻ നിർത്തിയിരിക്കുകയാണ്​. അതിൽനിന്ന് വിടുതൽനേടി പിന്നീട് തുടരാമെന്ന് തീരുമാനിച്ചതിനാൽ ഞാനിപ്പോൾ അറബ് ജീവിതവുമായി ബന്ധപ്പെട്ട ഒരു ലഘുനോവൽ ആദ്യമായി തമിഴിൽ എഴുതിക്കൊണ്ടിരിക്കുന്നുമുണ്ട്. കൂടാതെ മുഴുനീള ചിത്രത്തിനുള്ള രണ്ടു തിരക്കഥകളും പൂർത്തിയാക്കി. അടുത്ത ജൂണിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ജോജു ജോർജ്ജ് എന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ്. എന്റെ ആദ്യചിത്രത്തിലെ നായകൻ അദ്ദേഹമായിരിക്കണമെന്നാണ് എന്റെ സ്വപ്നം. മറ്റൊരു പ്രിയപ്പെട്ട നടനാണ് തമിഴിലെ വിജയ് സേതുപതി. ഇവരിലൊരാൾ എന്റെ ആദ്യസിനിമയുടെ ഭാഗമായാൽ ജീവിതത്തിലെ വിശിഷ്ടാനുഭവമായിരിക്കുമത്. അടിസ്ഥാനപരമായി ഞാൻ ജീവിതത്തിന്റെ എഴുപത് ശതമാനവും ചെലവഴിക്കുന്നത് സ്വപ്നം കാണാനാണ്. അത് യാഥാർത്ഥ്യമാകുന്നതിൽ അപ്രിയമൊന്നുമില്ല (ചിരിക്കുന്നു). എന്തുകൊണ്ടെന്നാൽ അത്തരത്തിലൊരു സ്വപ്നം വളരെയേറെ കാലം ജീവിപ്പിച്ചു നിലനിർത്തിയല്ലോ, അതുമതി. എന്നാൽ എത്രയും പെട്ടെന്ന് സിനിമ ചെയ്യുമെന്നത് തീർച്ചയാണ് ▮


കനകരാജ് ബാലസുബ്രഹ്മണ്യം

പുതിയ തലമുറയിലെ ശ്രദ്ധേയനായ കന്നട എഴുത്തുകാരൻ, ചലച്ചിത്രകാരൻ. സൗദി അറേബ്യയിലെ പ്രിൻസ് സത്താം യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നു. സിലോൺ സൈക്കിൾ അടക്കം രണ്ട് കഥാസമാഹാരങ്ങൾ. "ബർമ എക്സ്പ്രസ്', "സിക്കക്ക്' എന്നീ ഷോർട്ട് ഫിലിമുകൾ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചു.

എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments