ട്രൂകോപ്പി വെബ്സീനിലാണ് ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്റെ ചില അധ്യായങ്ങൾ ആദ്യം പ്രസിദ്ധീകൃതമായത്. പിന്നീടാണ് ഡി സി ബുക്സിലൂടെ 2022 ആഗസ്റ്റിൽ നോവൽ പുറത്തുവരുന്നത്. ഇതിനോടകം പല വായനകൾ വന്നതിൽ പലസ്തീനെക്കുറിച്ച് തങ്ങൾ വച്ചുപുലർത്തിയിരുന്ന പല അബദ്ധ ധാരണകളും മാറ്റാൻ നോവൽ സാഹയിച്ചെന്നും, പലസ്തീന്റെ മുറിവുകളുടെ ആഴം മനസ്സിലാക്കിയെന്നും ഇസ്രായേൽ അനുഭാവം കാണിച്ചിരുന്ന ചില ക്രിസ്ത്യൻ ഗ്രൂപ്പുകളിൽനിന്നും കിട്ടിയ പ്രതികരണമാണ് ഏറ്റവും ആശാവഹം.
2023 ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ അധിനിവേശ സേന അഴിച്ചുവിട്ട ഭീകര യുദ്ധവിളയാട്ടങ്ങളിൽ ലോക മനഃസാക്ഷി നടുങ്ങിയപ്പോഴാണ് പലരും ഈ നോവൽ വായനക്കെടുക്കുന്നത്. (ഇങ്ങനെ ഒരു സമകാലിക പ്രസക്തി ഒരിക്കലും ഒരു നോവലിനുമുണ്ടാവല്ലേ എന്നാണ് ഈ എഴുത്തുകാരിയുടെ പ്രാർഥന.) വിഷയം പലസ്തീൻ ആയതുകൊണ്ട് വായിക്കാതെ മുഖം തിരിച്ചിരുന്നവരും അത് വായനക്കെടുത്തു. ലോകത്തിലെ ആറായിരത്തിലധികം ഭാഷകൾക്കും പ്രതിഫലിപ്പിക്കാനാവാത്ത കൊടും ദുരിതത്തിലൂടെ ഗാസയിലെ ദശലക്ഷക്കണക്കിന് മനുഷ്യർ ഇന്നും കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഇതെഴുതുമ്പോഴും തുറന്ന ജയിലിൽ ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, വെള്ളമില്ലാതെ കുഞ്ഞുങ്ങൾമരിച്ചുവീഴുന്നു. മിസൈൽ വർഷത്തിൽ താറുമാറായ കെട്ടിടങ്ങൾക്കിടയിൽ ഹതാശരായി, സർവ്വതും നഷ്ടപ്പെട്ടവരായി, അലയുന്ന മനുഷ്യർ. ആശുപതികൾക്ക് മേൽ പറക്കുന്ന പോർ വിമാനങ്ങൾ. ഇടനാഴികളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെ മരിക്കുന്നവർക്ക് കൂട്ടിരിക്കാൻ വിധിക്കപ്പെട്ട ആരോഗ്യപ്രവർത്തകർ. പലസ്തീനെക്കുറിച്ച് എഴുതുക എന്നാൽ ലോകത്തിലേക്കും കനമുള്ള മനസ്സുകളെ പകർത്തുക എന്നതാണ്. ജെറുസലേമിനെക്കുറിച്ച് പറയുക എന്നാൽ മൂന്നു മതങ്ങളുടെ വിശുദ്ധഭൂമിയായിട്ടും ഒരിക്കലും സമാധാനം പുലരാത്ത സങ്കീർണ്ണ രാഷ്ട്രീയത്തിൽ തൊട്ട് കൈപൊള്ളുക എന്നാണ്. അതുകൊണ്ടായിരിക്കാം ആരും മലയാള നോവലിൽ ഇന്നോളം പലസ്തീനെ എഴുതാൻ ശ്രമിക്കാത്തത്. മാത്രമല്ല പലസ്തീന്റെ സ്വന്തം ശബ്ദങ്ങൾ, കവിതകൾ, എഴുത്തുകൾ കാലങ്ങളായി നമുക്ക് വായനക്ക് കിട്ടുന്നുമുണ്ട്. നിശ്ശബ്ദരാക്കപ്പെട്ടിട്ടും ആ അക്ഷരങ്ങൾ നിലവിളികളോടെ, ആത്മവീര്യത്തോടെ, നമ്മുടെ കാതിൽ അലയടിക്കുന്നുണ്ട്.
ട്രൂ കോപ്പി തിങ്കിൽ സിദ്ദിഹ എഴുതിയ നോവൽ പഠനത്തെക്കുറിച്ചാണ് (‘ആ നദിയോട് പേരു ചോദിക്കരുത്’; ഇസ്രായേലി കണ്ണിലൂടെ ഒരു പലസ്തീൻ പ്രമേയം’) പറഞ്ഞുവരുന്നത്. ആടുജീവിതത്തിൽ ഇസ്‍ലാമോഫോബിയയും അറബ് വിരുദ്ധതയും തേടുന്ന അതേ മനസ്സാണ്, ചിലപ്പോൾ അതിലും ഒരു പടി കൂടി കടന്ന ആക്രമണമാണ് പലസ്തീനൊപ്പം നിൽക്കാൻ ഞാൻ നടത്തിയ എളിയ ശ്രമം ‘ആ നദിയോട് പേരു ചോദിക്കരുത്’ ഒരു സയണിസ്റ്റ് അനുകൂല കൃതിയെന്ന് സിദ്ദിഹ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വെളിപ്പെടുന്നത്. മതസ്വത്വവാദമെന്നോ ഒക്കെ പറയാവുന്ന രീതിയിൽ എഴുത്തിനെ നോക്കിക്കാണുമ്പോൾ അവിടെ മനുഷ്യൻ വെറും മതജീവിയായി ചുരുങ്ങിപ്പോകുന്നു. മാനവികത എന്ന മഹോന്നത ലക്ഷ്യം അത്തരക്കാർക്ക് ദൃശ്യമല്ലാതെയാവുന്നു. പ്രത്യയശാസ്ത്രഭാരമില്ലാത്ത സാധാരണക്കാരുടെ ചിന്ത പോലും അന്യമാകുന്നു.
നോവലിസ്റ്റ് ഒരു ക്രിസംഘിയാണെന്നും (ക്രിസ്ത്യൻ സംഘി) പലസ്തീനെ അനുകൂലിക്കുന്നു എന്ന പേരിൽസയണിസ്റ്റ് പ്രോപ്പഗാന്റ ഒളിച്ചു കടത്തുകയാണെന്നും മറ്റും സിദ്ദിഹയുടെ ലേഖനം വായിച്ച ഒരാളെ ബോധിപ്പിക്കുവാൻ ലേഖനത്തിനു കഴിഞ്ഞു എന്ന ദുരവസ്ഥയിലാണ് ഒരു മറുപടി കുറിക്കാൻ ഞാൻ നിർബന്ധിതയാവുന്നത്. തന്റെ ലേഖനത്തെ ആധികാരികമാക്കാൻ ഇലാൻ പെപ്പെയും നോം ചോസ്കിയും ഒക്കെ ലേഖിക ഉദ്ധരിക്കുന്നുമുണ്ട്. നോവലിന്റെ പദാനുപദ വായനക്ക് ലേഖിക കണ്ടെത്തിയ വിലയേറിയ സമയത്തിന് ആദ്യം നന്ദി പറയട്ടെ. പുസ്തകം എഴുതിക്കഴിഞ്ഞാൽ അത് വായനക്കാരുടെ സ്വത്താണ്. അവർക്ക് വായിക്കുകയോ ആസ്വദിക്കുകയോ സ്വന്തം ബോധ്യങ്ങൾക്കനുസരിച്ച് വിമർശിക്കുകയോ ഒക്കെ ചെയ്യാം. എന്നാൽ എഴുത്തിന്റെ ആത്യന്തിക ലക്ഷ്യവും എഴുത്തുകാരിയുടെ നിലപാടും വക്രീകരിക്കപ്പെടുമ്പോൾ, ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രതികരിക്കാതിരിക്കുന്നത് ഭീരുത്വമായതിനാൽ വിയോജിക്കാനുള്ള വായനക്കാരിയുടെ സ്വാതന്ത്ര്യത്തെ മാനിച്ചുതന്നെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇരകൾക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ദുരാരോപണങ്ങൾ ഉയർത്തുന്ന ചില ആശങ്കകൾ മാത്രം പങ്കുവെക്കുകയാണ്.
ഇതിനുമുമ്പ് കവിയും ചരിത്രകാരനുമായ എ. പത്മനാഭൻ നോവലിനെഴുതിയ പഠനം ട്രൂകോപ്പിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
‘നമ്മൾ പ്രാചീനത, ആധുനികത എന്നമട്ടിൽ കാലവിഭജനങ്ങളുടെ വികലമായ അന്ത:സാരം കെട്ടിച്ചമയ്ക്കുന്നതൊന്നും ഈ നോവൽ കാര്യമാക്കുന്നില്ല. രണ്ടു യുഗങ്ങളെ കോർത്തിണക്കി ദിവ്യമായ സമവാക്യം അനായാസം രൂപപ്പെടുത്തിയിട്ടുണ്ട് ഇതിൽ നോവലിസ്റ്റ്. അതിനു പാകത്തിൽ രൂപപരമായ അന്വേഷണം കൂടിയായി മാറുന്നുണ്ട് ഈ രചന. ഇന്നിനെ ബിബ്ലിക്കലായി പകർത്താനുള്ള ഒരു യുക്തിയുടെ വർത്തനം.’ ‘നോവൽ കാലത്തെ പുനർനിർവചിക്കുമ്പോൾ’ എന്ന ലേഖനത്തിൽ എ. പത്മനാഭൻ ഇങ്ങനെ നിരീക്ഷിക്കുന്നു.
ഇപ്രകാരം എ. പത്മനാഭൻ പറയുന്നിടത്ത് ബൈബിളും തോറയും ഉദ്ധരിക്കുന്നത് മറ്റൊരു കാഴ്ചയിലാണ് സിദ്ദിഹ കാണുന്നത്. ഇതിൽ ജൂത ക്രിസ്ത്യൻ പരിസരങ്ങളും ബിംബങ്ങളും കൊണ്ടുവന്നിരിക്കുന്നത് ലേഖികയുടെ കണ്ണിൽ അക്ഷന്ത്യവമാണ്. അല്ലെങ്കിൽ പലസ്തീന്റെ പ്രാധാന്യം കുറയ്ക്കുന്നതിനാണ്. ഒരു ജൂത കുടുംബത്തിൽ മെത്തപെലെതായി ജോലി ചെയ്യുന്ന ഒരുവളുടെ കഥ പറയുമ്പോൾ സ്വാഭാവികമായി ഉപയോഗിക്കേണ്ട കഥാപരിസരമാണ് അതെന്ൻ ലേഖികക്ക് അറിയാഞ്ഞിട്ടല്ല. ഇതിനെ ജിജി അബ്രഹാം എന്ന വായനക്കാരൻ നോക്കിക്കണ്ടത് എങ്ങനെയെന്ന് കൂടി ഇവിടെ പകർത്തട്ടെ:
‘ഇവിടെ കൈകാര്യം ചെയ്യപ്പെടേണ്ട രാഷ്ട്രീയം മറ്റൊരു പ്രഹേളികയാണ്. ആ ദേശം തങ്ങളുടെ വിശുദ്ധദേശമെന്നു പറയാൻ ക്രിസ്ത്ര്യാനിക്കും മുസ്ലീമിനും ജൂതനും ആയിരം കാരണങ്ങളും ചരിത്രങ്ങളും ഉണ്ട് എന്നതിനാൽ ആ ദേശത്ത് കൈ വെയ്ക്കുന്ന എഴുത്തുകാർ വഞ്ചിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഒരു ക്രിസ്ത്യൻ സ്ത്രീയായ റൂത്ത് ഒരു ജൂതകുടുംബത്തിൽ നിന്നുകൊണ്ട് ഒരു പാലസ്തീൻ യുവാവിന് വേണ്ടി വിലപിക്കുന്നു എന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്ന മനോഹരമായ വസ്തുത. ഇതിൽ ഒരേ ഒരു രാഷ്ട്രീയമേ ഉള്ളൂ അത് മനുഷ്യത്വത്തിന്റെ മാത്രം രാഷ്ട്രീയമാണ്.’ (ജിജി അബ്രാഹം, അനുസ്യൂതം ഒഴുകുന്ന രക്തനദി)
എന്നാൽ നോവലിലെ ജൂത ക്രിസ്ത്യൻ പരിസരങ്ങൾ, പ്രത്യേകിച്ച് ഒരു ക്രിസ്ത്യൻ സ്ത്രീ പലസ്തീനെ എഴുതുന്നത്, ലേഖികയെ വിറളി പിടിപ്പിക്കുന്നുവോ എന്നുപോലും സംശയിപ്പിക്കുന്നുണ്ട് ലേഖികയുടെ നിരീക്ഷണങ്ങൾ. 302 പേജുള്ള നോവലിൽ പകുതിയിലധികം പേജുകളും ‘സഹൽ അൽ ഫാദി’ എന്ന പലസ്തീൻ യുവാവിന്റെ, പ്രധാന കഥാപാത്രത്തിന്റെ, കവിതകളും കുറിപ്പുകളും പോരാട്ടജീവിതവുമാണ്, അതാണ് ഈ നോവലിന്റെ കാതൽ എന്ന കാര്യം ലേഖിക ബോധപൂർവ്വം മറയ്ക്കുകയാണോ!
പൂർണ്ണമായും പലസ്തീൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവലല്ല ‘ആ നദിയോട് പേരു ചോദിക്കരുത്’. അങ്ങനെയൊരു മുൻവിധിയോടെ ഇതിനെ സമീപിച്ചതുകൊണ്ടാവാം ഇത്തരം പ്രതികരണം വന്നത് എന്ന് ഊഹിക്കാം. ഇത് ജോലി തേടി പീഡനപർവ്വം താണ്ടുന്ന ഒരു പ്രവസിനിയുടെ കഥയാണ്. അവൾ ഇസ്രായേലിൽ എത്തിപ്പെടുമ്പോൾ മുതൽ ഇത് പലസ്തീന്റെ കണ്ണീരിന്റെയും കഥയായി മാറുന്നു. ഇത് ഒരിക്കലും ഇന്ത്യയുടെ കഥയായ് മാറാതിരിക്കട്ടെ.
ഒരു ക്രിസ്ത്യൻ സംഘം വിശുദ്ധനാട് സന്ദർശിക്കുന്നതും ബൈബിൾ വചനങ്ങളും ഒക്കെ കടന്നു വരുന്നെങ്കിലും, റൂത്ത് ബൈബിളിൽ അഭയം തേടുന്ന ഒരു സാധാരാണ സ്ത്രീ ആണെങ്കിലും, ‘വാഗ്ദത്തഭൂമി’ എന്ന സങ്കൽപത്തെ അടിമുടി ചോദ്യം ചെയ്യാനാണ് നോവൽ ശ്രമിക്കുന്നത് എന്ന കാര്യം ലേഖിക ശ്രദ്ധിക്കുന്നേയില്ല. ‘ഏതെങ്കിലും അപ്പൻ സ്വന്തം മക്കളെ തമ്മിൽ കലഹിപ്പിക്കാൻ നോക്ക്വോ? മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ യഹൂദനേം അറബിയേം ഒണ്ടാക്കീത് ആ ഒരുവൻ തന്ന്യാ. യഹൂദനുവേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ദൈവം എന്ന സങ്കൽപം തന്നെ ശുദ്ധ അസംബന്ധം. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കഷ്ടപ്പാടിലും അടിമത്തത്തിലുംകൂടി കടന്നുപോയ ജനതക്ക് ആത്മവീര്യം നൽകാൻ, പ്രത്യാശ നൽകാൻ, ആരോ ഉണ്ടാക്കിയെടുത്ത മിത്താണ് ഈ ‘സ്വന്തം ജനം’. സോളമൻ രാജാവൊക്കെ ഗംഭീര കവിയല്ലാരുന്നോ.’ (പേജ് 37, ആ നദിയോട് പേരു ചോദിക്കരുത്)
ഇസ്രായേൽ തങ്ങളുടെ ആർക്കിയോളജിയെ പലസ്തീനിൽ അവരുടെ അവകാശം സ്ഥാപിക്കാനുള്ള ടൂളായി ഉപയോഗിക്കുകയാണ് എന്ൻ ആനുകാലിക രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്കെല്ലാം മനസ്സിലാവും. ആർക്കിയോളജിസ്റ്റ് അഷേറിനെ കൂട്ടുകാരൻ സഹൽ കളിയാക്കുന്നുണ്ട്: ‘ഷ്രൈൻ ഓഫ് ദി ബുക്കിന്റെ’ കറുത്ത ചുമരുകൾക്കരികിൽ നിൽക്കുന്ന സഹലിനെ ഇപ്പോഴും അഷേറിന് വ്യക്തമായി കാണാം. ‘പ്രകാശത്തിന്റെ പുത്രൻമാരും ഇരുട്ടിന്റെ പുത്രൻമാരും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകം, ഈ കറുപ്പും വെളുപ്പും...’ ഒരു ടൂർ ഗൈഡ് സഞ്ചാരികൾക്ക് പറഞ്ഞുകൊടുക്കുന്നതും സഹൽ തിരിഞ്ഞുനിന്ൻ രോഷംകൊള്ളുന്നതും ഇപ്പോഴെന്നപോലെ കൃത്യമായി കാണാം.
‘ഇരുട്ടിനു പുത്രൻമാരില്ല. ഇരുട്ടിലേക്ക് തള്ളിയിടുകയാണവർ ദേശത്തിന്റെ പുത്രൻമാരെ. മണ്ണിന്റെയും വെള്ളത്തിന്റെയും അവകാശികളെ...’
ആ സമയം സഹലിന്റെ ശബ്ദം വല്ലാതെ വിറകൊണ്ടു നിന്നിരുന്നു.
അപരന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റങ്ങളാണ് വ്യവസ്ഥാപിതമായ ചിഹ്നങ്ങൾ...’ പരുഷമായി, കഠിനമായി, രോഷാകുലനായി, അവൻ പറയുന്നത് ഇപ്പോഴും കേൾക്കാം. ഷ്രൈൻ ഓഫ് ദി ബുക്കിന്റെ ഗുഹാസമാനമായ ഇടനാഴിയിൽ, പ്രാക്തനമായ ചുരുളുകൾ ഒളിപ്പിച്ച കളിമൺ ഭരണികളും മഷി പുരണ്ട തൂവലുകളും സൂക്ഷിച്ച ചില്ലുകൂട്ടിനു മുന്നിൽനിന്ൻ, സഹൽ ഒരു കത്തുന്ന ചിരി ചിരിക്കുന്നു.
‘അല്ലയോ ആർക്കിയോളജിസ്റ്റ്, ഇതിനൊക്കെ രണ്ടായിരത്തിലധികം വർഷങ്ങളുടെ പഴക്കം, അല്ലെ?’ ഗുഹയിൽ പ്രതിധ്വനിച്ച ആ സ്വരവും, മുനകൂർത്ത പരിഹാസവും, ആ ദിവസത്തിന്റെ ഓർമ്മകളിൽ നിന്ൻ മാഞ്ഞുപോയിട്ടില്ല.’ (പേജ് 59)
ഉണങ്ങിപ്പോയ അസ്ഥികൾ ഉയിർത്തെഴുന്നേൽക്കുമെന്നും ഇസ്രായേൽ ജനം സ്വദേശത്തേക്ക് തിരിച്ചുവരുമെന്നുമൊക്കെയുള്ള എസക്കിയേൽ പ്രവചനം പറയുന്ന ഖുമ്രാൻ ചുരുളിന്റെ കണ്ടെത്തലിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇവിടെ സഹൽ സൂചിപ്പിക്കുന്നത് എന്നത് സുവ്യക്തം. നോവലിൽ ഇസ്രായേലിന്റെ പൊള്ളത്തരം തുറന്നു കാണിക്കാൻ തന്നെയാണ് ഖുമ്രാൻ ചുരുൾ എടുത്തുകാണിക്കുന്നത്. എസക്കിയേൽ പ്രവചനങ്ങൾ കിള്ളിപ്പൊക്കി കൊണ്ടുവന്ന് പലസ്തീനിൽ ഇസ്രായേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്യുകയാണ് സഹൽ. അത് മനസ്സിലാക്കാതെയാണോ ലേഖികയുടെ എതിർ ആരോപണങ്ങൾ? പ്രത്യേകിച്ച് ഇന്ൻ ബാബരി മസ്ജിദും ഗ്യാൻ വാപിയുമെല്ലാം കൺമുന്നിലുള്ളപ്പോൾ രാഷ്ട്രീയ ജാഗ്രത ഒരുപാട് വേണ്ട സമയമാണിത്. എഴുത്തുകാർക്ക് മാത്രമല്ല. ഓരോ പൌരർക്കും. അപരത്വത്തിന്റെ ബുൾഡോസറുകൾ നമ്മുടെ നാട്ടിലേക്കും ഉരുണ്ടെത്തുമ്പോൾ, ഖനനങ്ങൾക്ക് പിന്നിലെ പുരാവസ്തുക്കൾ ഇന്ത്യൻ മതേതരത്വത്തിനു വെല്ലുവിളിയാകുമ്പോൾ, പരസ്പരം കൈകോർത്തുനിന്ൻ ചെറുക്കേണ്ടവർ വർഗീയ വിഷം പുരണ്ട ഇല്ലാക്കഥ മെനയാൻ വേണ്ടി നമ്മുടെ ശക്തിയും സമയവും പാഴാക്കുന്നത് എത്ര അബദ്ധമാണ്, സങ്കടമാണ്.
ആചാരങ്ങളിലെ അർത്ഥരാഹിത്യവും വെള്ളയടിച്ച കുഴിമാടങ്ങളുടെ കാപട്യവും കാണിക്കുന്ന ജൂത ബിംബങ്ങൾ, അറബ് ജനതക്ക് നേരെ അവരുടെ പെരുന്നാളിൽ മിസൈൽ പറത്തുന്ന അധിനിവേശകർവെളിച്ചത്തിന്റെ ആഘോഷം (ഹനൂക്ക) കൊണ്ടാടുന്നതിലെ അപഹാസ്യത, നാടിന്റെ മക്കളെ കൂടാരങ്ങളിലേക്ക് ആട്ടിയോടിച്ച്, അവർക്കുള്ളതെല്ലാം കൊള്ളയടിച്ചിട്ട്, കൂടാരം കെട്ടി തിരുനാൾ ആഘോഷിക്കുന്ന വഞ്ചന... (സുകോത്, പേജ് 158) (ആ ദിവസമായിരുന്നു ഒക്ടോബർ ഏഴ് 2023, നിർഭാഗ്യവശാൽ), നോവലിൽ മനപൂർവ്വം ഉൾക്കൊള്ളിച്ച നിരവധി ചിഹ്നങ്ങൾ മെസൂസ, മെനോറാ അങ്ങനെ മിക്കതും സർക്കാസമെന്നും ആചാരവിമർശനമെന്നും അറിയാഞ്ഞിട്ടാണോ ലേഖിക എഴുത്തുകാരിയെ സയണിസ്റ്റ്പക്ഷക്കാരിയാക്കി ചോദ്യം ചെയ്യുന്നത്! ഇവിടെയാണ് നോം ചോസ്കിയെ ഒക്കെ ഉദ്ധരിക്കുന്ന ബൗദ്ധിക നിലവാരമുള്ള ലേഖികയുടെ എഴുത്തിലെ വൈരുധ്യം മറനീക്കി വെളിപ്പെടുന്നത്.
പലസ്തീനിനു ഏറ്റവും നാശം ചെയ്ത വംശശുദ്ധി വാദം മുന്നോട്ടു വെച്ച അഷ്കെനാസി ജൂതരുടെ കണ്ണിലൂടെയാണ് നോവലെഴുതിയതെന്നും പറയുന്നുണ്ട് ലേഖിക. അഷ്കെനാസി ജൂതയായ ഈമായുമായി ഈ നോവലിലെ മറ്റു കഥാപാത്രങ്ങൾ എന്നും യുദ്ധത്തിലാണ് എന്ന സത്യം കണ്ടില്ലെന്നു നടിക്കുകയാണ് ലേഖിക (പേജ് 159). സഹലിന്റെ കണ്ണുകൾ മാത്രമേ കാണുന്നുള്ളൂ ഞാനിപ്പോൾ. ചെക്ക് പോസ്റ്റുകളില്ലാത്ത ദേശം സ്വപ്നം കാണുന്ന കണ്ണുകൾ. കൂടാരങ്ങളിൽ പാർത്ത കുട്ടിക്കാലത്തിന്റെ വേദനകൾ അതിലുണ്ട്. കത്തിക്കരിഞ്ഞു കരിക്കൊള്ളിയായ മാമയും ബാബയും അതിലുണ്ട്. മുൾവേലിക്കരികിൽ ചോരവാർന്നു കിടന്ന ഗസാനും ആ കണ്ണുകളിലുണ്ട്. നല്ലവരായ ചില ജൂതരെ നോവലിൽ കാണിക്കുന്നത് അവരെയും മനുഷ്യരായി കണ്ടതിന്റെ പേരിലാണ്. പലസ്തീനുവേണ്ടി വാദിക്കുന്ന ജൂതൻമാർ വെറുമൊരു സങ്കൽപ്പമല്ല. ചിന്തകർ പറഞ്ഞ തിയറി ഉന്നയിച്ച് അവരെ പരപൂർണമായി നിഷേധിക്കുമ്പോഴും പലസ്തീനുവേണ്ടി ശബ്ദമുയർത്താൻ അവർ ലോകത്തിൽ പലയിടങ്ങളിലുമുണ്ട്. അവരെക്കുറിച്ച് പറയുന്നത് ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ന്യായീകരിക്കുന്നതാവുമെന്ന് വാദിക്കുന്നത് വലിയ അബദ്ധമാണ്. വെറുമൊരു ഉദാഹരണമായി ‘ദി അദർ സൈഡ് ഓഫ് ഇസ്രയേൽ’ എഴുതിയ ഇസ്രായേലി – ബ്രിട്ടീഷ് എഴുത്തുകാരി സൂസൻ നഥാനെ ഓർക്കാം. ‘നിങ്ങൾക്കുവേണ്ടി നിലകൊള്ളാൻ മറ്റാരുമില്ലെന്ന് വരുമ്പോൾ, നിങ്ങളുടെ ജീവിതം സദാ തോക്കിൻ മുനയിലാവുമ്പോൾ, നിങ്ങൾ തീവ്രവാദികൾ ആയിമാറുന്നു.’
നോവൽ നിൽക്കുന്നത് അടിമുടി പോരാടുന്ന മനുഷ്യരോടൊപ്പമാണ്. അധിനിവേശ സേനക്ക് അനുകൂലമായി ഒരു വാചകം പോലും അറിഞ്ഞുകൊണ്ട് ഞാൻ എഴുതിയിട്ടില്ല. മനുഷ്യനെ മനുഷ്യനായ് കാണാൻ കരുതാത്തിടത്തോളം, മതജീവികളായ് മാത്രം കാണുവാൻ ശ്രമിക്കുമ്പോൾ, വായനകൾ പാളംതെറ്റുകയാണ്.. ആബാ എന്ന ജൂതൻ ദുഷ്ടനായിരുന്നെങ്കിൽ ഈ നോവൽ ആളുകൾ ഏറ്റു പിടിച്ചേനെ എന്ൻ എന്നോട് പറഞ്ഞ ഒരു വായനക്കാരനുണ്ട്. ഈ പൊതുബോധം തന്നെയാണ് ലേഖികയേയും നയിക്കുന്നത്. എല്ലാ ജൂതരും ക്രിസ്ത്യാനികളും പലസ്തീനികൾക്കെതിരാണെന്നു പറയാൻ വാശി പിടിക്കുകയാണ് ലേഖിക. പലസ്തീൻനിൽ മുസ്ലീങ്ങൾ മാത്രമല്ല ഉള്ളതെന്ന സത്യവും അവർ മറക്കുന്നു. നോവലിൽ ഒരു കൊച്ചിൻ ജൂതൻ ‘ആലിയ’യെക്കുറിച്ച് പറയുന്നതും നോവലിസ്ടിന്റെ തലയിൽ കെട്ടിവെക്കുന്നുണ്ട് ലേഖിക.
ലേഖിക വിവരിക്കുന്ന ഓസ്ലോ കരാർ അടക്കമുള്ള രാഷ്ട്രീയ വീക്ഷണങ്ങളോടോ അബ്രാം നബി മുതലുള്ള പരാമർശങ്ങളോടോ എനിക്ക് എതിരഭിപ്രായം ഒന്നുമില്ല. എന്നാൽ അപ്പറഞ്ഞതൊക്കെ നോവലിനെ ഖണ്ഡിക്കാൻ ഉപയോഗിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ൻ മനസ്സിലാവുന്നില്ല. ഒരിക്കൽക്കൂടി പറയട്ടെ, ഇത് ചരിത്ര പുസ്തകമല്ല. ചരിത്രവും രാഷ്ട്രീയവും നോവലിൽ വിശദീകരിച്ചെഴുതാൻ സാധ്യമല്ല തന്നെ.
മറ്റൊന്ൻ, വിശുദ്ധ നാട് സന്ദർശനം ഇസ്രായേലി പ്രൊപഗാന്റയാണെന്നത് വാസ്തവമാണ്. എന്നാൽ ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ അതിനെ വിശുദ്ധ പര്യടനമായി കാണുന്നു എന്നത് സത്യമാണ്. റൂത്ത് എന്ന നാട്ടിൻപുറത്തുകാരിക്കും അവളുടെ വിശ്വാസങ്ങളുണ്ട്. മുസ്‍ലിംകൾ മക്ക സന്ദർശിക്കും പോലെ ഇന്ൻ പലരും ആ യാത്ര കൊണ്ടാടുന്നു. നോവലിലെ കഥാപാത്രങ്ങളുടെ വിശ്വാസജീവിതത്തിൽ അങ്ങനെ പലതും കണ്ടേക്കാം. അതിൽ ഇടപെടാൻ നോവലിസ്റ്റിന് അവകാശമില്ല. കഥാപാത്രങ്ങൾ തീർത്തും സ്വതന്ത്രരാണ്. ഇക്കാര്യത്തിൽ ഇസ്രയേൽ ഇരട്ടത്താപ്പിനെ പലയിടങ്ങളിലും നോവൽ തുറന്നു കാണിക്കുന്നുമുണ്ട്. അവസാനം അഷേർ വൈദിക വേഷത്തിൽ നടത്തുന്ന യാത്രയിലടക്കം.
‘ഭയമുണ്ടോ?’ പോലീസുകാരൻ ചെറുപുഞ്ചിരിയോടെ നോക്കി. അഷേർ ഇല്ലെന്ൻ തലയാട്ടി മന്ദഹസിക്കാൻ ശ്രമിച്ചു. അയാൾ എന്തായിരിക്കാം ഉദ്ദേശിച്ചത്.
‘ഞങ്ങൾ സകല മതസ്ഥരേയും അവരുടെ വിശ്വാസങ്ങളെയും മാനിക്കുന്നു.’ അയാൾ അഭിമാനപ്പെട്ടു. ഒരു ക്രിസ്ത്യൻ പുരോഹിതനെ അതിഭീകരരാവിൽ പെരുവഴിയിൽനിന്ൻ രക്ഷപ്പെടുത്തുന്ന ദൂതന്റെ ഭാവം. (പേജ് 260)
ബാഗ്ദാദ് ജൂത വേട്ടയെ നോവലിൽ പരാമർശിച്ചതിലെ ധാർമ്മിക രോഷത്തിൽ അതേ അദ്ധ്യായത്തിലെ പലസ്തീൻ പതാകയെ ലേഖിക കാണാതെ പോവുന്നു. പലസ്തീൻ പതാകയെക്കുറിച്ച് ഒരു വരി പോലുമില്ലെന്ന് ലേഖിക രോഷം കൊള്ളുന്നു. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം രാഷ്ട്രീയ ജാഗ്രത പാലിച്ചില്ലെന്ന് ലേഖിക അക്രമണോൽസുകയാവുന്നു. ഇതാ നോക്കൂ: ‘‘Warrior of Light’ന്റെ ഫേസ്ബുക്ക് പേജിൽ അന്ൻ കിഴക്കൻ ജെറുസലേമിലെ ഷെയ്ഖ് ജറയിൽ ഒരു പലസ്തീൻ സ്ത്രീയും ഓർത്തഡോക്സ് ജൂതനും തമ്മിൽ നടന്ന കശപിശയുടെ ചിത്രം കണ്ടു. എരിഞ്ഞുനിൽക്കുന്ന സ്ത്രീയുടെ പിന്നിൽ ത്രിവർണ്ണ പതാകയേന്തി വിഷാദവാനായ ഒരു ബാലൻ. പതാകയിലെ ചുവന്ന ത്രികോണം നെഞ്ചോടു ചേർത്ത്. അവന്റെ നീളനുടുപ്പ് കറുപ്പും വെളുപ്പും പച്ചയും നിറങ്ങളാൽ മറഞ്ഞിരുന്നു. ചിത്രത്തിന്റെ അടിക്കുറിപ്പ് ആബാക്കുവേണ്ടി റൂത്ത് ഉറക്കെ വായിച്ചു.
‘ഞങ്ങടെ മക്കളെ നിങ്ങൾ കല്ലേറുകാരാക്കി. അവരടെ ബാബമാരെ ജയിലിലാക്കി. എന്നിട്ടും പോരാഞ്ഞ് ഞങ്ങടെ വീടുകൾ കൈയ്യേറാൻ വരുന്നോ!’ (പേജ് 82)
സയണിസ്റ്റ് മെറ്റാ നരേറ്റീവിന്റെ പ്രചാരകയാണ് ഞാനെന്ന് സമർത്‌ഥിക്കാൻ ലേഖിക കിണഞ്ഞു പരിശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്തെന്ൻ ഒട്ടുമേ മനസ്സിലാകുന്നില്ല. ‘വംശഹത്യയെ അപലപിക്കുന്നവർ അതിനു കാരണമായ വിശ്വാസങ്ങളെ തള്ളിക്കളയുന്നില്ല’ എന്ന നോം ചോസ്കി വാക്കുകൾ ഉപയോഗിച്ച് നോവലിസ്റ്റ് ആ വിശ്വാസങ്ങളുടെ പ്രചാരകയാണെന്ന് വരുത്തി ത്തീർക്കാനുള്ള ശ്രമം നടത്തുകയാണ് ലേഖിക. ഇസ്രായേൽ എന്ന രാജ്യത്തെ സെറ്റ്ലർ കൊളോണിയലിസമായ് തന്നെയാണ് നോവൽ കാണുന്നത്. 1896 ൽ ‘ജൂതരാഷ്ട്രം’ എന്ന പുസ്തകവും ആശയവുമായി തിയഡർ ഹെർസൽ ഇറങ്ങിപ്പുറപ്പെട്ട കാലം മുതലുള്ള സെറ്റ്ലർ കൊളോണിയലിസ്റ്റ് തന്ത്രങ്ങളെ ഒരു നോവലിന്റെ അതിരുകൾക്കുള്ളിൽ നിന്ൻ അഡ്രസ് ചെയ്യാൻ ആവുംവിധം ശ്രമിച്ചിട്ടുമുണ്ട്. അതിനുള്ള ശ്രമമായിരുന്നു ഈ നോവലെഴുത്തിനു ധ്യാനത്തിലെന്ന പോൽ ചിലവിട്ട രണ്ടു വർഷങ്ങൾ. അതൊന്നും കണ്ടില്ലെന്ൻ നടിച്ചുകൊണ്ടാണ് ലേഖികയുടെ ആരോപണങ്ങൾ.
ലേഖിക വിവരിച്ച ചരിത്ര / രാഷ്ട്രീയ / ദാർശനിക പരാമർശങ്ങളോടുള്ള യോജിപ്പും അത് ക്രോഡീകരിക്കാൻ നടത്തിയ ശ്രമത്തെയും ഞാൻ ആദരിക്കുന്നു. ഒപ്പം സാമ്രാജ്യത്ത ശക്തികളോടോ ഇസ്രായേൽ അധിനിവേശ ശക്തിയോടോ യാതൊരു മൃദു സമീപനവും നോവൽ കൈക്കൊള്ളുന്നില്ല എന്ന കാര്യം ഉറപ്പിച്ചു പറയുന്നു. ജൂതർ = സാമ്രാജ്യത്വം, ക്രിസ്ത്യൻ = സാമ്രാജ്യത്വം, എന്നീ തെറ്റായ മതസമവാക്യങ്ങൾ ലേഖികയുടെ ഉള്ളിൽ കനപ്പെട്ട് തീർത്ത ചിന്തകളാണ് ലേഖനത്തിലെ പല ആരോപണങ്ങൾക്കും കാരണം. ‘കേരളത്തിലെ ക്രിസ്തീയ സമൂഹം വിശ്വസിക്കുന്നത്’ എന്ന് പറഞ്ഞു ഇസ്രായേലിനെക്കുറിച്ചുള്ള അബദ്ധ ധാരണകൾ എന്റെ തലയിൽ കെട്ടിവെക്കുന്നത് നോവലിസ്റ്റ് ഒരു ക്രിസ്ത്യാനി ആയതുകൊണ്ടുമാത്രമാണ് എന്നും വ്യക്തമാകുന്നു. ഇതിലെ ക്രിസ്ത്യൻ കഥാപാത്രങ്ങളുടെ പരാമർശങ്ങൾ പൊതുബോധത്തിന്റെ അടയാളങ്ങളാണ്. എന്നാൽ കഥാപാത്രങ്ങളുടെ ചിന്തകളിലെ പാപഭാരം എഴുത്തുകാരി പേറണമെന്നു ശാഠൃം പിടിക്കുന്നതാണ് കഷ്ടം! ഇത് ഏത് ലിറ്ററേച്ചൽ പഠനത്തിൽ പറയുന്നതാണ്?
പലസ്തീന്റെ ഭൂമി കയ്യേറി നിർമ്മിച്ച കിബിട്സ് എത്രയോ വട്ടം നോവലിൽ പരാമർശിക്കപ്പെടുന്നു! കവിതകളായും അല്ലാതെയും.
‘ഇത് കൊള്ളയടിക്കപ്പെട്ടവരുടെ ദേശം. കൊള്ളക്കാരുടെയും. നിങ്ങൾ ഞങ്ങളെ വംശത്തോടെ ഉൻമൂലനം ചെയ്യുന്നു. ജെറുസലേം മുഴുവൻ നിയന്ത്രണത്തിലാക്കുന്നു. അങ്ങുനിന്നും ഇങ്ങുനിന്നും ഞങ്ങളെ ആട്ടിപ്പായിക്കുന്നു. (പേജ് 60).
‘കവർന്നെടുത്തു അവർ, ഞങ്ങളുടെ സൈക്കിൾ യാത്രകൾ, കുന്നുകയറ്റങ്ങൾ,
അത്തിച്ചോട്ടിലേക്ക്, ഇനി തിരിച്ചുകിട്ടാത്ത,
ആ പഴയ ഓട്ടങ്ങൾ...’ (Page 90)
‘ഗസാൻ, നീ കളിച്ചു നടക്കേണ്ട വഴികൾ നിനക്കുവേണ്ടി നടന്നുതീർക്കാൻ എനിക്ക് കൊതിയുണ്ട്. നീ കയറേണ്ട മരങ്ങളിൽ നിനക്കുവേണ്ടി കയറാനും ഊഞ്ഞാലാടാനും കൊതിയുണ്ട്. ബാബാ ഈണത്തിൽ പാടിത്തന്ന ശീലുകൾ നിന്നെയോർത്ത് പാടാനും എനിക്ക് കൊതിയുണ്ട്. പക്ഷെ, നമ്മുടെ വഴികൾ ഇന്ൻ നമ്മുടേതല്ല ഗസാൻ. നമ്മുടെ മരങ്ങൾ നമ്മുടേതല്ല ഗസാൻ. നമ്മുടെ പാട്ടുകൾ അവർ കട്ടെടുത്തു ഗസാൻ. എങ്കിലും ജെറുസലേമിന്റെ കുന്നുകളിൽ എന്റെ ഡ്രോണുകൾ ഒലിവില വർഷിക്കുന്ന ഒരു കാലം വരും. നിശ്ചയമായും വരും. അന്ൻ ഞാൻ രൂപകൽപ്പന ചെയ്യുന്ന ആദ്യത്തെ യന്ത്രമനുഷ്യനെ നിന്റെപേരിട്ടു വിളിക്കും. നമ്മുടെ മണ്ണ് അവർ കൊണ്ടുപോയി. എന്നാൽ ജ്ഞാനവും വിദ്യയും ആത്മാവും ആർക്കും മോഷ്ടിക്കാനാവില്ല ഗസാൻ.’ (page 174).
'ഒരുവൻ മറ്റൊരുവന്റെ വയലിലോ മുന്തിരിത്തോപ്പിലോ കന്നുകാലികളെ മേയ്ക്കുകയോ അവ മറ്റൊരുവന്റെ വയലിൽ മേയാനിടയാവുകയോ ചെയ്താൽ തന്റെ വയലിലും മുന്തിരിത്തോട്ടത്തിലുംനിന്നുള്ള ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം... പുറപ്പാടിന്റെ പുസ്തകം. ഈ കൽപ്പന പാലിക്കേണ്ട ജനം മുന്തിരിത്തോപ്പുകളിൽനിന്ൻ, ഒലിവുകുന്നുകളിൽനിന്ന്, അതിന്റെ അവകാശികളെ അടിച്ചിറക്കുന്നു. പണ്ട് നമ്മൾ ഇതേ മണ്ണിൽനിന്ൻ തുരത്തിയോടിക്കപ്പെട്ടപോലെ.’ (Page 343).
‘അങ്ങേക്കുന്നിൽ ഈ നിമിഷവും കാണാം നിലാവിൽ തിളങ്ങുന്ന വെള്ളക്കൽമാളികകൾ. തട്ടുതട്ടായി, നിരനിരയായി, അവ നിൽക്കുന്നു. ‘കണ്ടോളൂ ഞങ്ങളെ’ എന്ന് എടുത്തുപിടിച്ച്. ഗർവ്വോടെ. സെറ്റിൽമെന്റ് എന്ൻ ഓമനപ്പേര്. നോക്കിനിൽക്കെ അടുത്തടുത്ത കുന്നുകളിൽ ഒന്നൊന്നായി വീടുകൾ മുളച്ചുപൊന്തുന്നു. വെള്ളവീടുകൾ. ഒരേ മൂശയിൽ വാർത്തവ. അനേകരുടെ സ്വപ്നങ്ങളുടെ ശവപ്പെട്ടികൾ. 'വഴിമാറിത്തരൂ.' അവ അക്രോശിക്കുന്നു. കുന്നിനോട്. മരങ്ങളോട്. മനുഷ്യജീവികളോട്.
പൂട്ടിയിട്ട കൂറ്റൻ ഗേറ്റുകൾക്കു പുറത്ത്, വെള്ളയിൽ നീല നക്ഷത്രമുള്ള പതാക പാറുന്ന ഗേറ്റുകൾക്ക് പുറത്ത്, തളർന്ന കുറേ മനുഷ്യരും അവരുടെ മക്കളും കന്നുകാലികളും കുത്തിപ്പിടിച്ചിരിക്കുന്നു. ഒരിക്കൽ അവരുടേതായിരുന്ന കല്ലുകളിൽ തൊട്ടുകൊണ്ട്. ഒരിക്കൽ അവരുടേതായിരുന്ന മണ്ണിൽ തൊട്ടുകൊണ്ട്. ഒരിക്കൽ അവരുടേതായിരുന്ന അതേ കാട്ടുചെടികളിൽ പിടിച്ചുവലിച്ചുകൊണ്ട്. ഒരിക്കൽ അവരുടേത് മാത്രമായിരുന്ന ഒലിവുഗന്ധം നുകർന്നുകൊണ്ട്.
വിശാലമായൊരു നിരത്ത് പൊടുന്നനെ അവർക്ക് മുന്നിൽ വളർന്നുവരുന്നു. അവർക്ക് സ്വപ്നത്തിൽപ്പോലും സ്വന്തമാക്കാൻ കഴിയാത്ത അത്യന്താധുനിക ശകടങ്ങൾ പായുന്ന നിരത്ത്...’ (Page 26).
കൂടുതൽ പറയുന്നില്ല.
പലസ്തീന്റെ വല്ല ചരിത്രവും അറിഞ്ഞിട്ടാണോ ലെയ എന്ന കഥാപാത്രത്തെ ഹൈഫയിൽ ജോലിക്ക് വിട്ടത് എന്ന വിചിത്രമായ ചോദ്യവും ലേഖനത്തിൽ കണ്ടു. ഒന്നുമേ പഠിക്കാതെ, അറിയാതെ, ഒരു കഥ പടച്ചുവിടുന്ന ഒരു നിരക്ഷരയായി താങ്കൾ ഈ എഴുത്തുകാരിയെ കാണുന്നുവോ?. ഈ നോവൽ എഴുതുന്നതിനു മുമ്പ് പലസ്തീൻ വായനയും റിസേർച്ചും തന്നെയായിരുന്നു ഒരു വർഷം മുഴുവൻ. കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വായിച്ചാലും വായിച്ചാലും തീരാത്ത പലസ്തീൻ. ഒരു നോവലിന്റെ പരിമിതിക്കുള്ളിൽ നിരത്തിവെക്കാൻ സാധിക്കില്ലല്ലോ എല്ലാം. ഇത് ഫിക്ഷനാണ്. ചരിത്ര പുസ്തകമോ പ്രബന്ധമോ അല്ലെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്നു. ജീവനും കണ്ണീരുമുള്ള ഒരു പറ്റം മനുഷ്യരുടെ പോരാട്ടങ്ങളുടെ പരിമിതമായ അടയാളപ്പെടുത്തൽ മാത്രമാണിത്. അനുഭവിക്കാത്തവ പകർത്തുമ്പോഴുള്ള അപൂർണത തീർച്ചയായും അതിലുണ്ടാവും. കുറച്ചെങ്കിലും നീതി പുലർത്താൻ എനിക്ക് സാധിച്ചെങ്കിൽ അതിനു കാരണം രണ്ടു ദശകം നീണ്ട ഗൾഫ് ജീവിതത്തിൽ കണ്ടുമുട്ടിയ പലസ്തീൻ സഹപ്രവർത്തകരാണ്. മുനാ... നീ പറഞ്ഞ നീറുന്ന നോവുകളാണ്. ഇസ്രായേലിൽ മെത്തപെലത്തായ് ജോലി ചെയ്യുന്ന എന്റെ സഹപാഠികളാണ്.
നോവലിൽ പലസ്തീനികളുടെ എണ്ണം കുറവാണ് എന്നാണ് മറ്റൊരു പരാതി. (ജൂതൻമാരും ക്രിസ്ത്യാനികളും മേയുന്നെന്ൻ സാരം.) നൂറു പലസ്തീനികൾ വേണോ ഒരാൾ മതിയാല്ലോ. സഹലിനെപോലെ ചങ്കൂറ്റമുള്ള ഒരേ ഒരാൾ. അവനു വേണ്ടി വാദിക്കാൻ, ഏറ്റുമുട്ടാൻ, ആയിരം പലസ്തീനി അമ്മമാർ പിന്നാലെയുണ്ടാവും.
ആ നദിയോട് പേരു ചോദിക്കരുത് എന്ന ടൈറ്റിൽ തന്നെ ഞാൻ ആരോടൊപ്പം നിൽക്കുന്നു എന്നതിനു സാക്ഷ്യം വഹിക്കുന്നു എന്ന് ദർവിഷിനെ വായിച്ചിട്ടുള്ളവർക്കറിയാം. ലേഖികയുടെ ഓരോ ചോദ്യങ്ങൾക്കും സഹൽ അൽ ഫാദിയുടെ കുറിപ്പുകളിലും കവിതകളിലും ഉത്തരമുണ്ട്. പിന്നെ ഞാൻ എന്തിനു കൂടുതൽ വിശദീകരിക്കണം. നിങ്ങൾ നോവൽ വായിക്കൂ പ്രിയരേ.
‘പത്തുമിനിട്ടെടുക്കുന്ന ഒരു വഴിനടത്തം പോലും യുഗങ്ങളുടെ ദൈർഘ്യത്തിലാണ് ചരിക്കുന്നത്. ഒന്നുമായിരുന്നില്ല കാലം - ത്രികാലങ്ങൾ ഒന്നുമല്ലെന്ന് വെളിപ്പെടുത്താനുള്ള ദൃശ്യധീരത നോവൽ പ്രകടിപ്പിക്കുന്നു. സമയത്തോടടുക്കുമ്പോഴാണ് ഘടികാരത്തിന്റെ നിരർഥകത ബോധ്യപ്പെടുക. അതുപോലെ യുദ്ധത്തോടടുക്കുമ്പോഴാണ് സമാധാനത്തിന്റെ സമനില തെറ്റുന്നത്. യുദ്ധം ദൈവകല്പനകളെ മാറ്റിയെഴുതിക്കൊണ്ടിരുന്നത് ഷീല അനായാസം റിപ്പോർട്ട് ചെയ്യുന്നു. അബായകൾ വിൽക്കുന്ന ബാബയുടെ മകനെ ഇസ്രയേലിപ്പോലീസ് പിടിച്ചപ്പോൾ അയാൾ സങ്കടത്തിലും രോഷത്തിലുമായി. "അവൻ എറിഞ്ഞത് വെറും കല്ലല്ലേ ബാബ?" "അതു തന്നെയാണ് പ്രശ്നം. അവനെറിഞ്ഞ ഒരു കല്ലിനു പകരം ഈ രാത്രി അവർ എത്ര മിസൈലുകൾ പറത്തും? എത്ര പലസ്തീനികളുടെ ജീവനെടുക്കും?" (പേജ്-21) വെറുമൊരു കല്ലുമതി മിസൈൽയുദ്ധത്തിന്റെ കെട്ടഴിക്കാൻ. യുദ്ധവ്യാപാരികൾക്ക് വൻകിടവിപണികൾ തുറന്നുകിട്ടിയേ പറ്റൂ. ചരിത്രത്തെ എത്ര നിരർഥകമായി ചുരുട്ടിക്കെട്ടാമെന്ന് ആയുധഭീമത്വം എന്നോ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അതിനിടയിൽ സമാധാനത്തിനും ശാന്തിക്കും സ്നേഹദൂതർക്കും ഒളിവിൽപോകാതെ വയ്യ.’ (നോവൽ കാലത്തെ പുനർനിർവചിക്കുമ്പോൾ, എ പത്മനാഭൻ).
സർഗ്ഗാത്മകമായ വസ്തുതാപരമായ തിരുത്തുകൾ, ചൂണ്ടിക്കാട്ടലുകൾ, നന്ദിയോടെ സ്വീകരിക്കുന്നു. എന്നാൽ എഴുത്തുകാരിയുടെ നിലപാടുകളെ താറടിച്ചും വക്രീകരിച്ചും കാണിക്കാനുള്ള ശ്രമങ്ങൾ ഇനിയും എതിർക്കുക തന്നെ ചെയ്യും. കഥാപാത്രങ്ങളുടെ അഭിപ്രായങ്ങളും പരാമർശങ്ങളും എഴുത്തുകാരിയുടെ അഭിപ്രായമായി, കണ്ണായി, ആരോപിക്കുന്നത് ഒട്ടുമേ ശരിയല്ല എന്ൻ ഉറപ്പിച്ചു പറഞ്ഞുകൊള്ളട്ടെ. ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ മീശയിലൂടെ ഹരീഷിനെ ക്രൂശിക്കാൻ ചില തല്പരകക്ഷികൾ ശ്രമിച്ചതിന്റെ വേറൊരു മുഖമാണ് സിദ്ദിഹയുടെ ഈ വായനയെന്നു ഞാൻ പറഞ്ഞാൽ?
‘അഴിഞ്ഞുപോകുന്ന ദേശരാഷ്ട്ര-ദേശീയതാസങ്കല്പനങ്ങളെ പ്രശ്‌നവൽക്കരിച്ചും പ്രത്യയശാസ്ത്രവൽക്കരിച്ചും രചിക്കപ്പെട്ട സാഹിത്യകൃതികളിൽ ഏറ്റവും വിഖ്യാതമായി സ്വീകരിക്കപ്പെട്ട പ്രമേയവും മനുഷ്യാവസ്ഥയും കാല-ലോകസ്ഥിതിയും പലായനത്തിന്റേതായിരുന്നു. 1984-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആനന്ദിന്റെ 'അഭയാർഥികൾ' ആണ് ഈ ഭാവുകത്വവ്യതിയാനത്തിന്റെ മലയാളമാനിഫെസ്റ്റോ. യുദ്ധങ്ങളും അധിനിവേശങ്ങളും കലാപങ്ങളും വിഭജനങ്ങളും ശിഥിലീകരിച്ച ദേശീയതാസ്വത്വങ്ങളുടെ സാഹിത്യപാഠങ്ങൾ ലോകമെങ്ങുമുള്ള ഭാഷകളിലെന്നപോലെ മലയാളത്തിലും എഴുതപ്പെട്ടു തുടങ്ങുന്നു. ജറുസലേമിന്റെയും ഗസ്സയുടെയും രാഷ്ട്രീയഭൂമിശാസ്ത്രം സൂക്ഷ്മതലങ്ങളിൽ ആ നദിയുടെ ഊടും പാവും നെയ്യുന്ന ചരിത്രത്തിന്റെ പുനർവിഭാവനമാകുന്നു. റൂത്തിന്റേത് നിഷ്പക്ഷമായ ദൃക്‌സാക്ഷിത്വമല്ല, നിലപാടുകളുള്ള രക്ത-സാക്ഷിത്വമാണ്. 'ആ നദി...'യെ മലയാളനോവലിന്റെ ചരിത്രഭൂപടത്തിൽ സ്ഥാനപ്പെടുത്തുന്ന ഒന്നാമത്തെ ഭാവബന്ധവും ഇതുതന്നെയാണ് (ഷാജി ജേക്കബ്, പലായനങ്ങൾ, ആ നദിയോട് പേരു ചോദിക്കരുത് പഠനം).
നോവലിന്റെ ആമുഖത്തിലെ വാക്കുകൾ ആവർത്തിക്കട്ടെ. ‘ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾക്ക് ഒരേ മുഖമാണ്. ഭയംകൊണ്ട് ജനതയെ നിശബ്ദരാക്കുന്ന ഭരണകൂടങ്ങൾക്കും ഒരേ മുഖം. പലസ്തീൻ എന്നോ തുർക്കിയെന്നോ ഇന്ത്യയെന്നോ മ്യാൻമാറെന്നോ മാറ്റമില്ല.’
ഗാന്ധിജിയുടെ വാക്കുകൾ ഒരിക്കൽക്കൂടി ഓർക്കാം. ഒരു കാലത്ത് ഇന്ത്യയുടെ നിലപാടും ഇതുതന്നെയായിരുന്നല്ലോ! ‘ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് എന്ന പോലെ ഫ്രഞ്ചുകാർക്ക് ഫ്രാൻസ് എന്നപോലെ ഇന്ത്യക്കാർക്ക് ഇന്ത്യ എന്നപോലെ പലസ്തീനികൾക്ക് പലസ്തീൻ അവരുടെ ജന്മദേശമാണ്. അവർക്ക് അവകാശപ്പെട്ടതാണ്.’ എനിക്കും മറിച്ച് ഒരു പ്രൊപഗാന്തയുമില്ല പ്രിയരേ.
ആദ്യ നോവൽ വല്ലിക്ക് ശേഷം വന്ന രണ്ടാമത്തെ നോവലാണ് ആ നദി. ഇത്തരം ബാലിശമായ ആക്രമണങ്ങൾ മുളയിലേ ഈ എഴുത്തുകാരിയെ ഇല്ലാതാക്കിക്കളയാം എന്ന ലക്ഷ്യത്തോടെയാണോ? സംശയമുണ്ട്.
സമകാലീന അറബ് കവികളിൽ പ്രമുഖനാണ് നജ് വാൻ ദാർവിഷിന്റെ കവിതയുടെ സ്വതന്ത്ര വിവർത്തനം ചേർത്ത് പിൻവാങ്ങുന്നു.
പേരില്ലാക്കവിത
അവൻ എന്നോട് പറഞ്ഞു,
അധിനിവേശപ്രദേശത്ത്
എനിക്കെന്റെ ജീവൻ വെടിയേണ്ട.
അധിനിവേശ പത്രക്കടലാസിൽ
എന്റെ പേര് പ്രത്യക്ഷപ്പെടുകയേ വേണ്ട.
അധിനിവേശ ദേവാലയത്തിലെ മണികൾ
എനിക്കായ് മുഴങ്ങുകയേ അരുത്.
അധിനിവേശകർ എന്റെ ശരീരം കവർന്നെടുത്തില്ലെങ്കിൽ,
ഞാൻ അത്രമേൽ ഭാഗ്യവാനെങ്കിൽ,
അധിനിവേശപ്പള്ളിയിൽ എന്നെയോർത്ത്
ആരും വിയോഗപ്രാർത്ഥന അർപ്പിക്കുകയും അരുത്.
References:
Najwan Darwish, Susan Nathan, A Padmanabhan, Shaji Jacob, Jiji Abraham