‘പെണ്ണപ്പന്റെ’ ആമുഖക്കുറിപ്പിൽ, 'എന്റെ മനുഷ്യരാരും കവിതകളെഴുതിയിട്ടില്ല. അവരിൽ ചിലർ മരണക്കുറിപ്പെഴുതാതെ തൂങ്ങിമരിച്ചു, ചിലർ വിഷം കഴിച്ചു, തീവണ്ടിപ്പാളങ്ങളിൽ ചിലരുടെ തലയും കൈകാലുകളും കണ്ടെടുത്തു. മറ്റു ചിലരെ ആൾക്കൂട്ടം തല്ലിക്കൊന്നു. എനിക്ക് കവിതയെഴുതാനറിയില്ല. ഇത് മുഴുവനും എന്റെ മരണക്കുറിപ്പുകളാണ്' എന്ന് ഞാൻ എഴുതിചേർത്തിട്ടുണ്ട്. ഈയിടെയാണ് പ്രിയപ്പെട്ട കവി അൻവർ അലി, അത്തരം ഏറ്റുപറച്ചിലിനോടുള്ള വിയോജിപ്പ് അറിയിച്ചത്. കവിതയെ സംബന്ധിച്ച പരമ്പരാഗത ധാരണകളോടുള്ള ചോദ്യം ചെയ്യലായി ആ പറച്ചിലിനെ മനസ്സിലാക്കാനാണ് തനിക്കിഷ്ടം എന്നും അദ്ദേഹം സൂചിപ്പിച്ചു.
അടിസ്ഥാനപരമായി ആ ഉദ്ദേശ്യം തന്നെയാണ് കുറിപ്പിനുണ്ടായിരുന്നത്. കീഴാളവത്കരിക്കപ്പെട്ട ശബ്ദങ്ങൾ എപ്പോഴും ആന്തരികമായി വിധേയനിലയെ പിൻപറ്റുമെന്ന തീർപ്പാകും വൈകാരികമായ ഏറ്റുപറച്ചിലായി മാത്രം ആ കുറിപ്പിനെ പലരും വായിക്കാൻ കാരണം. ഇരഭാവം പലപ്പോഴും വിധേയനിലയെന്ന മട്ടിൽ വായിക്കപ്പെടാറുമുണ്ട്. ഇരഭാവം നിഷ്ക്രിയത്വത്തിലേക്ക് നയിച്ചേക്കാമെന്ന അപകടസാധ്യതയുമുണ്ട്. ആ മട്ടിൽ വ്യവസ്ഥയുടെ ഇരയെന്ന മട്ടിൽ സ്വയം സ്ഥാനപ്പെടുത്തിയുള്ള ഒരേറ്റുപറച്ചിലേ അല്ലായിരുന്നു ആ കുറിപ്പ്. ക്വിയർ മനുഷ്യർ ഭൂരിപക്ഷ സമൂഹത്താൽ സ്വീകരിക്കപ്പെടാൻ ഇരഭാവം സ്വീകരിച്ച് കദനകഥ പറയേണ്ട സ്ഥിതിയുണ്ട്. ഭൂരിപക്ഷ സമൂഹത്തിന്റെ നിലവാരങ്ങൾക്കും മാനകങ്ങൾക്കും ചേരും വിധം സഹനത്തിന്റെയും ദുരിതത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ ക്വിയർ ശരീരങ്ങൾ പറഞ്ഞാലേ സാമൂഹികാംഗീകാരം കിട്ടൂവെന്ന് സാരം.
ഇവിടെ ക്വിയർ മനുഷ്യരുടെ വേദനകൾ മുഖ്യധാരയുടെ ഉപഭോഗത്തിനുള്ള ചരക്കായി മാറുന്നു. ക്വിയർ മനുഷ്യരെ ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളിലെല്ലാം ഈ ബാധയുണ്ട്. ഒന്നെങ്കിൽ വ്യക്തികൾ നേരിടുന്ന ദുരിതങ്ങളെന്ന നിലയിൽ വ്യവസ്ഥാപരമായ പ്രശ്നത്തെ ചുരുക്കും, അല്ലെങ്കിൽ വ്യക്തിയുടെ അമാനുഷികമായ വിജയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ആഘോഷിക്കും. ക്വിയർ മനുഷ്യരുടെ ജീവിതത്തെ അതിന്റെ സങ്കീർണ്ണതയിൽ മനസ്സിലാക്കുന്നതിനുപകരം, സമൂഹം പലപ്പോഴും ആവശ്യപ്പെടുന്നത് ഈ കഷ്ടപ്പാടുകളുടെയും അതിമാനുഷികതയുടെയും കഥകളാണ്.
ക്വിയർ ആഖ്യാനങ്ങൾ ആഘാതത്തിന്റെ വ്യക്തിഗത കഥകളിലേക്ക് ചുരുക്കുമ്പോൾ ഘടനാപരമായ അസമത്വങ്ങളിൽ നിന്നും വ്യവസ്ഥാപരമായ വിവേചനത്തിൽ നിന്നും ശ്രദ്ധ മാറാൻ സാധ്യതയുണ്ട്. വ്യക്തിപരമായ ആഘാതത്തിലേക്കുള്ള ഊന്നൽ പാർശ്വവൽക്കരണത്തിന്റെയും അടിച്ചമർത്തലിന്റെയും സങ്കീർണ്ണമായ പ്രശ്‌നങ്ങളെ വ്യക്തിപരമായ പ്രശ്നമെന്ന നിലയിൽ കുറച്ചു കാട്ടും. ഇതാകട്ടെ അടിച്ചമർത്തലിന്റെ കാരണമായി നിൽക്കുന്ന സാമൂഹിക ഘടനകളെ വെല്ലുവിളിക്കാതെ വിടും.
കവിതയെ കുറിച്ചുള്ള എന്റെ ചില തോന്നലുകൾ പങ്കിടാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. ക്വിയർ സാഹിത്യം എന്ന കേന്ദ്ര പ്രമേയത്തിലൂന്നിയാകും ഈ ചർച്ച വികസിക്കുക. അതോടൊപ്പം, ഈയിടെ ഞാൻ പങ്കുവെച്ച, കവിത എഴുതുന്നത് കാശിന് വേണ്ടിയാണെന്ന വിവാദ പ്രസ്താവനയ്ക്കും സാഹിത്യത്തിന്റെ പ്രബലമായ പാരമ്പര്യവഴികളോടുള്ള എന്റെ വിയോജിപ്പിനും പിന്നിലെ താൽപര്യം എന്തായിരുന്നെന്നും വിശദീകരിക്കപ്പെടും.
സ്വവർഗ്ഗലൈംഗികതയും ട്രാൻസ്ജൻഡർ ആവിഷ്കാരങ്ങളും പ്രമേയങ്ങളായി കടന്നുവരുന്ന സാഹിത്യമാണോ ക്വിയർ സാഹിത്യം? ക്വിയർ എന്ന് സ്വയം തിരിച്ചറിയുന്ന വ്യക്തികൾ എഴുതുന്ന സാഹിത്യമാണോ? അങ്ങനെ തിരിച്ചറിയുന്നവർ എന്തെഴുതിയാലും ക്വിയർ സാഹിത്യത്തിന്റെ പരിധിയിൽപ്പെടുമോ?
‘ക്വിയർ സാഹിത്യം' എന്ന പുതുധാരയെ കുറിച്ചുള്ള ചർച്ചകൾ മലയാളത്തിന്റെ സന്ദർഭത്തിൽ ഈയിടെയായി ഉയർന്നുകേൾക്കുന്നുണ്ട്. വിജയരാജമല്ലികയുടെ എഴുത്തുകളാണ് ആ നിലയ്ക്ക് മലയാള സാഹിത്യം ഇതുവരെയും ശീലിച്ചിട്ടില്ലാത്ത ചില ഒച്ചകളെ ആദ്യമായി കേൾപ്പിക്കുന്നത്. ട്രാൻസ് ജെൻഡർ സാഹിത്യം എന്ന നിലയിൽ വായിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത മല്ലികയുടെ കവിതകളെ കുറിച്ച് പി. ഗീത ഇപ്രകാരം എഴുതുന്നു; 'ആണും പെണ്ണുമല്ലാത്തവരെന്നു നമ്മൾ വിളിച്ചവർ ഇന്ൻ ട്രാൻസ്ജെൻഡറുകൾ എന്ന പേരിൽ സ്വയം പുറത്തുവന്നിരിക്കുന്നു. ആ വ്യക്തിയുടെ കവിതകൾ മലയാളത്തിലേക്ക് ആദ്യമായി കടന്നുവരുന്നു. അതാണ് വിജയരാജമല്ലികയുടെ കവിതകളെ പ്രസക്തമാക്കുന്നത്'. ട്രാൻസ്ജെൻഡർ എന്ന സ്വത്വത്തിന്റെ പരിധിയെ അതിലംഘിച്ചുകൊണ്ട് ഈ ചർച്ച വളരുന്നത് പിൽക്കാലത്താണ്. സ്വത്വവാദപരമായ ചട്ടക്കൂടുകളെ മറികടക്കുന്ന ഒന്നായി ക്വിയർ സാഹിത്യം എന്നതിനെ കുറിച്ചുള്ള മനസ്സിലാക്കലുകൾ പയ്യെ വികസിക്കുകയുണ്ടായി. ട്രാൻസ്ജെൻഡർ സാഹിത്യം, ഗേ സാഹിത്യം തുടങ്ങിയവ അപ്രസക്തമായി ക്വിയർ സാഹിത്യം എന്ന നിലയിലേക്ക് ചർച്ച ഗതി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ക്വിയർ സാഹിത്യവും
മലയാള ഭാവനയും
സാഹിത്യത്തിന്റെ ചരിത്രത്തിനകത്തും ഭിന്നവർഗ്ഗലൈംഗികാദർശങ്ങളുടെ തുടർച്ചയുണ്ട്. സാഹിത്യം എന്ന വ്യവഹാരം ഭിന്നവർഗ്ഗ ലൈംഗികമൂല്യങ്ങളാലാണ് നിർവചിക്കപ്പെട്ടതും നിയന്ത്രിക്കപ്പെട്ടതും. സാഹിത്യത്തിന്റെ ചരിത്രം ഭിന്നവർഗ്ഗലൈംഗികാധികാരത്തിന്റെ ചരിത്രം കൂടിയാണ്. സാഹിത്യം എന്ന സവിശേഷ വ്യവഹാരം സ്ത്രീകളെയും ജാതിസമൂഹങ്ങളെയും പുറംതള്ളിയാണ് കെട്ടിപ്പടുത്തത്. സാഹിത്യരചനയിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടതായിവന്നിരുന്നു. സാന്ദ്ര ഗിൽബെർട്ടും സൂസൻ ഗുബറും 19-ാം നൂറ്റാണ്ടിലെ പെണ്ണെഴുത്തുകാർ നേരിട്ട പ്രശ്നങ്ങളെ കർതൃത്വ ഉത്കണ്ഠ എന്ന മട്ടിൽ സൈദ്ധാന്തീകരിക്കുന്നുണ്ട്. അമേരിക്കൻ സാഹിത്യവിമർശകനായ ഹരോൾഡ് ബ്ലൂമിന്റെ ‘സ്വാധീനതാ ഉത്കണ്ഠ’ കാവ്യ പാരമ്പര്യങ്ങൾ തമ്മിലുള്ള ബന്ധം പിതൃ- പുത്ര മാതൃകയിലുള്ളതാണെന്ന് കരുതുന്നു. ഈഡിപ്പൽ സംഘട്ടനങ്ങളുടേതായ ഈ ബന്ധത്തിന്റെ അധീശ സ്വഭാവവും പുറന്തള്ളൽ യുക്തികളും വെളിപ്പെടുത്തുകയാണ് ‘കർതൃത്വ ഉത്കണ്ഠ’ എന്ന ആശയം. പുരുഷാധിപത്യ പാശ്ചാത്യ സംസ്കാരത്തിൽ പാഠത്തിന്റെ രചയിതാവ് പിതാവ്, പൂർവ്വികൻ എന്ന മട്ടിലാണ്. അവന്റെ പേനയാകട്ടെ ലിംഗം പോലെ ഉൽപാദനശക്തിയുടെ ഉപകരണവുമാണ്. അവന്റെ പേനയുടെ ശക്തി ലിംഗത്തിന് സമാനമായി ജീവൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് മാത്രമല്ല, ഒരു പിൻതലമുറയെ സൃഷ്ടിക്കാനുള്ള ശേഷി കൂടിയാണ്. ഈ പൊതുപൈതൃകത്തിന്റെ ഭാഗമല്ലാത്തിനാൽ 19-ാം നൂറ്റാണ്ടിലെ പെണ്ണെഴുത്തുകാരികൾക്ക് സാഹിത്യ കാനോനകളുടെ ഭാഗമാകാനായില്ലെന്നാണ് വാദം. മുൻ മാതൃകകളുടെ അഭാവവും ആൺ പാരമ്പര്യവുമായി താദാത്മ്യം ചെയ്യാനൊക്കാഞ്ഞതും ഈ അരികുവത്കരണത്തിന്റെ സ്വാഭാവിക ഫലങ്ങളായിരുന്നു.
ക്വിയർ സാഹിത്യം എന്ന ധാരയെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ക്വിയർ സാഹിത്യം ഏറ്റെടുക്കുന്ന പണിയെന്താണ്? നിലനിൽക്കുന്ന പ്രബല ഭാവുകത്വത്തെയത് പുതുക്കുന്നതെങ്ങനെയാണ്? തുടങ്ങിയ ചോദ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
ക്വിയർ എന്ന വാക്കിനെ ആദ്യം അഴിക്കേണ്ടതായുണ്ട്. ഒറ്റപ്പെട്ടത്, വിചിത്രം തുടങ്ങിയ അർഥങ്ങളാണ് ഈ വാക്കിന് നിഘണ്ടുവിലുള്ളത്. ആദ്യ കാലത്ത് സ്വവർഗ്ഗാനുരാഗികളെ അധിക്ഷേപിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നത്. 1960- കൾക്കൊടുവിൽ അർഥവിസ്താരം സംഭവിച്ച വാക്കാണ് ക്വിയർ. ജാതിയുടെ സന്ദർഭത്തിൽ ദലിത് എന്ന വാക്കിന്റെ ഉപയോഗത്തിന് സമാനമാണ് ക്വിയർ എന്ന വാക്കും. സാമാന്യവും സവിശേഷവുമായ അർത്ഥങ്ങൾ ക്വിയറിനുണ്ട്. സാമാന്യമായ അർത്ഥത്തിൽ ലൈംഗികത (sexuality), ലിംഗത്വം (gender), ലിംഗം (sex ) എന്നിവയുടെ മാനകേതരമായ ആവിഷ്കാരങ്ങളെ ക്വിയർ സൂചിപ്പിക്കുന്നു. സവിശേഷാർത്ഥത്തിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള എല്ലാത്തരം സത്താവത്കരണത്തെയും എതിർക്കുന്ന വാക്കാണത്. നിർവചനങ്ങൾക്കെതിരെ നീങ്ങുന്ന സ്വഭാവം ഈ വാക്കിലുണ്ട്. ഈ അനിശ്ചിതത്വം ക്വിയർ എന്ന വാക്കിന്റെ രാഷ്ട്രീയമൂല്യം നിലനിർത്താൻ അനിവാര്യമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
സാഹിത്യ / സംസ്കാര ചരിത്രത്തിൽ പ്രവർത്തിക്കുന്ന ഭിന്നവർഗ്ഗ ലൈംഗികാദർശങ്ങളെ ക്വിയർ സാഹിത്യം അട്ടിമറിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഭാഷയിലും സാഹിത്യത്തിലും പ്രവർത്തിക്കുന്ന പിതൃഭാവനകളെ നിരസിക്കപ്പെടേണ്ടത് അനിവാര്യമാണ്.
ഈ സങ്കീർണ്ണതകൾ ക്വിയർ സാഹിത്യത്തെ നിർവചിക്കുമ്പോഴും നേരിടേണ്ടതായുണ്ട്. സ്വവർഗ്ഗലൈംഗികതയും ട്രാൻസ്ജൻഡർ ആവിഷ്കാരങ്ങളും പ്രമേയങ്ങളായി കടന്നുവരുന്ന സാഹിത്യമാണോ ക്വിയർ സാഹിത്യം? ക്വിയർ എന്ന് സ്വയം തിരിച്ചറിയുന്ന വ്യക്തികൾ എഴുതുന്ന സാഹിത്യമാണോ? അങ്ങനെ തിരിച്ചറിയുന്നവർ എന്തെഴുതിയാലും ക്വിയർ സാഹിത്യത്തിന്റെ പരിധിയിൽപ്പെടുമോ? അതല്ലെങ്കിൽ എല്ലാ പാഠങ്ങൾക്കും വിമത ജീവിതം സാധ്യമാണോ? ഈ ചോദ്യങ്ങളെ അഭിമുഖീകരിച്ചേ ക്വിയർ സാഹിത്യ സംബന്ധിയായ ധാരണകളെ വികസിപ്പിക്കാനാകൂ.
വൈക്കംമുഹമ്മദ് ബഷീർ, മാധവിക്കുട്ടി, തകഴി, ഒ. വി.വിജയൻ തുടങ്ങിയവരുടെ കൃതികളിൽ സ്വവർഗ്ഗലൈംഗികതയും ലിംഗത്വവൈവിധ്യങ്ങളും പ്രമേയമാകുന്നുണ്ട്. ആധുനികാനന്തരം ഈ വിഷയങ്ങൾ സാഹിത്യത്തിൽ മുഖ്യപ്രമേയമായി മാറുന്നുണ്ട്. ഈ കൃതികളിലെ പ്രതിനിധാന പ്രശ്നങ്ങൾ പല നിലകളിൽ ചർച്ചയായിട്ടുണ്ട്.
മലയാളത്തിലെ ആദ്യ ട്രാൻസ്ജൻഡർ എഴുത്തുകാരി വിജയരാജമല്ലികയാണ്. സാഹിത്യലോകത്ത് തന്നെ കവിയെന്നോ, കവയിത്രിയെന്നോ വിളിക്കേണ്ടതെന്ന തീർപ്പ് ഇത്ര കാലമായും ഉണ്ടായിട്ടില്ലെന്ന് എന്റെ പുസ്തകത്തിന്റെ അവതാരികയിൽ അവർ എഴുതുന്നുണ്ട്. എഴുത്തുകാരൻ, എഴുത്തുകാരി എന്ന വിശേഷണത്തിന് പകരം എഴുത്താൾ എന്ന വാക്കാണ് എന്റെ കവിവ്യക്തിത്വത്തെ സൂചിപ്പിക്കാൻ മല്ലിക ഉപയോഗിക്കുന്നത്. ഭാഷയിൽ പ്രവർത്തിക്കുന്ന ലിംഗസൂചനയെ ഈ നീക്കം അട്ടിമറിക്കുന്നു.
നിർവചനാനിശ്ചിതത്വങ്ങൾ
ക്വിയർ സാഹിത്യത്തെ കൃത്യമായി നിർവചിക്കുക എളുപ്പപ്പണിയല്ല. എല്ലാ നിർവചനങ്ങളിലും തിരഞ്ഞെടുപ്പുകളും ഒഴിവാക്കലുകളുമുണ്ട്. ക്വിയർ സാഹിത്യത്തെ സംബന്ധിച്ച വ്യക്തിപരമായ ചില നിലപാടുകളെ സാമാന്യമായി സംഗ്രഹിക്കുകയെ നിവൃത്തിയുള്ളൂ.
ഉദാരമാനവികതയുടെ യുക്തികളെ എതിരിടേണ്ടതുണ്ട്.
ഉദാരമാനവികതയുടെ യുക്തികളോട് ക്വിയർ സാഹിത്യം ഇടയുന്നു. സാർവത്രിക മാനുഷിക വിഷയിയെ (subject) കുറിച്ചുള്ള ഉദാര മാനവികവാദാശയം ക്വിയർ ശരീരങ്ങളെ പിന്തുണയ്ക്കുന്നില്ല. മനുഷ്യൻ എന്ന ഏകവചന ഭദ്രരൂപത്തിന് കീഴേ ക്വിയർ ശരീരങ്ങളെ ഉൾപ്പെടുത്തുക സാധ്യമല്ല. മാനുഷികതയുടെ പരിധിയ്ക്ക് പുറമെയാണ് ക്വിയർ ശരീരങ്ങളുടെ നില. ഇതിനാൽ തന്നെ ലിബറൽ ഹ്യൂമനിസ്റ്റ് വിഷയത്തിന്റെ സാർവത്രികതയെ ക്വിയർ സാഹിത്യം നിരന്തരം വെല്ലുവിളിക്കുന്നു.
‘കവിത എഴുതുന്നത് കാശിനുവേണ്ടിയാണ്’ എന്ന എന്റെ പ്രസ്താവന സാഹിത്യരചനയെ അതിഭൗതികമായി മനസിലാക്കുന്ന ധാരകളോടുള്ള വിയോജിപ്പിൻമേലാണ് സംഭവിക്കുന്നത്.
സാഹിത്യത്തിൽ നിലനിൽക്കുന്ന ഭിന്നവർഗ്ഗ ലൈംഗികമാനകങ്ങളെ ക്വിയർ സാഹിത്യം വെല്ലുവിളിക്കുന്നു.
സാഹിത്യ / സംസ്കാര ചരിത്രത്തിൽ പ്രവർത്തിക്കുന്ന ഭിന്നവർഗ്ഗ ലൈംഗികാദർശങ്ങളെ ക്വിയർ സാഹിത്യം അട്ടിമറിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഭാഷയിലും സാഹിത്യത്തിലും പ്രവർത്തിക്കുന്ന പിതൃഭാവനകളെ നിരസിക്കപ്പെടേണ്ടത് അനിവാര്യമാണ്. പിതൃരൂപങ്ങളെ കണ്ടെടുക്കാനുള്ള യത്നങ്ങൾ ഭാഷാചരിത്രത്തിലും സാഹിത്യചരിത്രത്തിലും ഉടനീളമുണ്ട്. ഈ സമവാക്യങ്ങൾ കാലങ്ങളായി അക്കാദമിക് വ്യവഹാരങ്ങളിലും ജനകീയ ധാരണകളിലും പ്രബലവുമാണ്. ഈ ആരോപിത പദവി സംസ്കാര ചരിത്രത്തിൽ ഇടപെട്ട വ്യക്തികളുടെ സംഭാവനകളെ അടയാളപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള സൗകര്യപ്രദമായ ചുരുക്കെഴുത്തായി വർത്തിച്ചേക്കാമെങ്കിലും ആത്യന്തികമായി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സങ്കീർണ്ണമായ ജീവിതത്തെക്കുറിച്ചുള്ള ധാരണകളെ ലളിതമാക്കുകയാണ് ചെയ്യുന്നത്. പിതൃരൂപങ്ങളെ കണ്ടെടുക്കാനുള്ള പ്രവണത പ്രത്യയശാസ്ത്രപരമായ മാനങ്ങൾ ഉൾക്കൊള്ളുന്നു. ഭാഷാപിതാവ്, പ്രസ്ഥാനങ്ങളുടെ പിതാവ് തുടങ്ങിയ സങ്കൽപ്പനങ്ങളെല്ലാം ഈ നിലയിൽ പുനഃപരിശോധനകൾ ആവശ്യപ്പെടുന്നുണ്ട്.
സാഹിതീയമായ ഉത്പാദന പ്രക്രിയയ്ക്കകത്ത് പ്രവർത്തിക്കുന്ന ലിംഗപരമായ ബലതന്ത്രങ്ങളെ കുറിച്ചുള്ള വിശദമായ ആലോചനകളുണ്ടായിട്ടുണ്ട്. മലയാള കാവ്യപാരമ്പര്യം എങ്ങനെയാണ് എഴുത്തച്ഛനെ പൊതുപൂർവികനായി സ്വീകരിക്കുന്നതെന്നും കാവ്യരചനയുടെ പ്രചോദന സ്ഥാനമായി തിരിച്ചറിയുന്നതെന്നും പരിശോധിക്കപ്പെട്ടിട്ടുണ്ട്. സർഗ്ഗാത്മകതയുടെയും വിജ്ഞാന ഉൽപ്പാദനത്തിന്റെയും കൂട്ടായ സ്വഭാവത്തെ അവഗണിച്ചുകൊണ്ട്, ഭാഷയിലും സാഹിത്യത്തിലുമുളള പിതൃസ്ഥാനീയരുടെ മഹത്വവൽക്കരണം അധികാര സൂചകം കൂടിയാണ്. പിതൃരൂപങ്ങളെ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ വ്യാകരണ കൃതികളിലും സാഹിത്യ ചരിത്രങ്ങളിലും സാഹിത്യവിമർശനത്തിലും ഉണ്ട്. രാജരാജവർമ്മയുടെ കേരളപാണിനീയം, എൻ. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ, അഴീക്കോടിന്റെ മലയാള സാഹിത്യ വിമർശനം തുടങ്ങിയ കൃതികളെ സാമാന്യമായി വിശകലനം ചെയ്താൽ ഈ പ്രവണത വ്യക്തമാകും. ഈ അപ്പന്മാരെ കണ്ടെത്താനുള്ള വ്യഗ്രതയെ സംശയാസ്പദമായി ക്വിയർ സാഹിത്യം വിലയിരുത്തേണ്ടതുണ്ട്.
സാഹിത്യരചനയെ സംബന്ധിച്ച പരമ്പരാഗതവും പ്രബലവുമായ വരേണ്യ ധാരണകളെ അട്ടിമറിക്കുന്നു.
‘കവിത എഴുതുന്നത് കാശിനുവേണ്ടിയാണ്’ എന്ന എന്റെ പ്രസ്താവന സാഹിത്യരചനയെ അതിഭൗതികമായി മനസിലാക്കുന്ന ധാരകളോടുള്ള വിയോജിപ്പിൻമേലാണ് സംഭവിക്കുന്നത്. സാഹിത്യരചനയുടെ ഉദ്ദേശ്യം സാമ്പത്തിക പരിഗണനകൾ കൂടിയാണെന്ന് പറയുകവഴി, എന്റെ ദൈനംദിന ജീവിതത്തെയും ഭൗതിക അതിജീവനത്തെയും സർഗ്ഗാത്മകസൃഷ്ടിക്ക് പിന്നിലെ പ്രേരണയായി ഞാൻ സ്ഥാനപ്പെടുത്തുന്നു. പൊതുവിൽ സൃഷ്ടിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ പ്രതിഭയെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. ക്വിയർ അനുഭവങ്ങളുടെ ആഖ്യാനം പ്രതിഭയുടെ ഉൽപ്പന്നമല്ല. അതിഭൗതികതയല്ല ഭൗതിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെയാണവ അവതരിപ്പിക്കുന്നത്. അതിജീവനത്തെയും വിമോചനത്തെയുമാണവ ലക്ഷ്യം വെയ്ക്കുന്നത്. സാഹിത്യരചനയുടെ പിന്നിലെ പ്രേരണയായി പ്രതിഭയെ സ്ഥാനപ്പെടുത്തുന്ന കാവ്യപാരമ്പര്യങ്ങൾ സാഹിത്യത്തെ ഭൗതികജീവിതത്തിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. സാഹിത്യരചനയിൽ ഏർപ്പെടുന്ന ശരീരങ്ങൾ കാൽപ്പനികരും ഭൂമിയിൽ വേരില്ലാത്തവരും മുന്നേ നിശ്ചയിക്കപ്പെട്ട ജന്മസിദ്ധ ശേഷിയാൽ ചലിക്കുന്നവരുമെന്നുള്ള ആഖ്യാനം അടിസ്ഥാനപരമായി ജാതീയ സ്വാധീനം പേറുന്നതാണ്. ജാതിയോടുള്ള കലഹം മാനകങ്ങളോടുള്ള കലഹം തന്നെയാണ്. ഈ ശ്രമത്തിനകമേ ഒരു വിമത മൂല്യം സ്വാഭാവികമായും ഉണ്ട്. ക്വിയർ സാഹിത്യം കേവലം ലൈംഗികത, ലിംഗത്വം, ലിംഗം തുടങ്ങിയവയിലേക്ക് ചുരുങ്ങുന്നതല്ല. ജാതി,വർഗ്ഗം തുടങ്ങിയ നാനാതരം വിഷയങ്ങളും ക്വിയർ സാഹിത്യത്തിന്റെ പ്രമേയമാകാം.
സ്വത്വവാദപരമായ ചട്ടക്കൂടുകളെ മറികടക്കേണ്ടതുണ്ട്.
ഗേ, ലെസ്ബിയൻ, ട്രാൻസ് വ്യക്തികൾ എഴുതുന്ന സാഹിത്യം എന്ന കേവലയുക്തിയിൽ ക്വിയർ സാഹിത്യത്തെ കണ്ടൂടാ. ക്വിയർ എന്ന വാക്കിന്റെ ചരിത്രത്തെയും അതിനകമേ പ്രവർത്തിക്കുന്ന രാഷ്ട്രീയ ബലങ്ങളെയും പാടെ നിർവീര്യമാക്കുന്ന ശ്രമമായത് പരിമിതപ്പെട്ടേക്കും. സ്വത്വവാദപരമായ നോട്ടങ്ങൾ ആദ്യഘട്ടത്തിൽ തന്ത്രപരമായി സ്വീകരിക്കാമെങ്കിലും പിൽക്കാലത്തവയെ ഉപേക്ഷിക്കേണ്ടതുണ്ട്.
പ്രബല പാഠങ്ങൾക്കുമേലുള്ള
പിരിമുറുക്കങ്ങൾ
സാഹിത്യചരിതത്തിലെ മുഖ്യധാരാവായനകളെ അസ്ഥിരപ്പെടുത്തി പാഠങ്ങളെ പുനർവായിക്കുന്ന തന്ത്രമാണ് ക്വിയർ വായന. എല്ലാ സാംസ്കാരിക പാഠങ്ങളെയും ക്വിയർ കാഴ്ചയിൽ മനസിലാക്കുന്നതിലൂടെ ക്വിയർ സാഹിത്യത്തിന്റെ പരിധിയെ അതിലംഘിക്കാനാകും.
തുടർച്ചകൾ
ട്രാൻസ് സാഹിത്യത്തെ കുറിച്ചുള്ള ചർച്ചയിൽ ജോഷ്വ ജെന്നിഫർ എസ്പിനോസ മുന്നോട്ടുവെച്ച അഭിപ്രായത്തോടെ ക്വിയർ സാഹിത്യത്തെ കുറിച്ചുള്ള ആലോചനകളെ ചുരുക്കാമെന്ന് തോന്നുന്നു.
‘ഞാൻ ട്രാൻസ് സാഹിത്യമെന്നതിൽ വിശ്വാസിക്കുന്നില്ല. ഇവിടെ ട്രാൻസ് എഴുത്തുകാരുണ്ട്, ട്രാൻസ് സാഹിത്യത്തെ കാനോനീകരിക്കുന്ന സ്ഥാപനങ്ങളുണ്ട്. ട്രാൻസ് സാഹിത്യത്തെ സ്ഥിരമോ, ഭദ്രമോ ആയ ഒന്നായി ഞാൻ കാണുന്നില്ല. ഈ സംഭാഷണത്തിൽ നഷ്ടമാകുന്നതെന്തെന്നും ചിന്തിക്കണം. ട്രാൻസ് സാഹിത്യം എന്ന കാനോനിനെ നിർമ്മിക്കുന്നവരിലല്ല, അതിന്റെ പരിധികളെ പ്രതിരോധത്തിലാക്കുന്ന വെല്ലുവിളിക്കുന്ന എഴുത്താളുകളുടേതാണ് എന്റെ പാരമ്പര്യം’.
ക്വിയർ സാഹിത്യത്തിന്റെ അതിരുകളും അരുതുകളും കൃത്യമായി നിർവചിപ്പിച്ച് ഉറപ്പിക്കുക എളുപ്പമല്ല. എല്ലാ നിർവചനങ്ങൾക്കും കുറുകേയവ സഞ്ചരിക്കുന്നു.