ചില എഴുത്തുകാരെക്കുറിച്ചുള്ള വിചാരങ്ങൾ എഴുത്തിനെ സംബന്ധിച്ച പ്രസ്താവന കൂടിയാണ്. നിങ്ങൾ ഇപ്പോൾ മേതിലിനെയാണ് ഓർക്കുന്നതെങ്കിൽ സുഹൃത്തിനോടു പറയൂ, എങ്ങനെയാണ് നിങ്ങൾ മേതിലിലേക്ക് എത്തിയതെന്ന്. അതോടെ അതൊരു സാഹിത്യപ്രസ്താവനയാകുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശകത്തിൽനിന്ന് ഞാൻ എടുത്തുവച്ചിട്ടുള്ള ഒരു സന്ദർഭം, മേതിൽ തപാലിൽ വന്നതാണ്. ‘ഭൂമിയെയും മരണത്തെയുംകുറിച്ച്’ എന്ന (മൾബെറി) പുസ്തകം. റീഡറെ ഉൽസാഹിയാക്കുന്ന ദുരൂഹമായ ആനന്ദത്തിന്റെ കൈകൾ അതു നീട്ടി. കവിതയെപ്പറ്റി എന്തുവിചാരിച്ചോ അതല്ല ഇതെന്ന കണ്ടെത്തൽ. ബാഹ്യതലത്തിൽ പരസ്പരബന്ധമുള്ളതല്ല, ഭിന്നമായതാണ് ഭാഷയിൽ അനുഭൂതി കൊണ്ടുവരുന്നതെന്ന് ആ കവിതകളിൽ അറിഞ്ഞു. ‘നായകന്മാർ ശവപേടകങ്ങളിൽ’ എന്ന പുസ്തകവും തപാലിലാണ് വന്നത്. നിരവധി രഹസ്യസന്ദേശങ്ങൾ മറഞ്ഞുകിടക്കുന്ന ഒരു ഭൂപ്രദേശത്തിലെ അടയാളങ്ങൾ കൂട്ടിയോജിപ്പിക്കുന്ന മേതിൽവിദ്യയാണ് ഗദ്യമെന്ന് അറിഞ്ഞത് അങ്ങനെയാണ്. ഒരു വരിയിൽ സുഗമമായത് മറ്റൊരു വരിയിൽ ദുർഘടമാകുന്നു, മേതിലിൽ. ഏറ്റവും സരളമെന്നു തോന്നിപ്പിക്കുന്ന ഒരു വിവരണം അടുത്ത തിരിവിൽ പദപ്രശ്നം പോലെയാകുന്നു. രാവിൽ ജനാലയിൽ ഒരു ഇരുണ്ട മരച്ചില്ല നിലാവു മറയ്ക്കുകയാണെന്നു തോന്നും. എന്നാൽ അതാണു സൗന്ദര്യം, അതേ ഹരം കിട്ടുക ഭാഷയിൽ, ഭാഷയ്ക്കുള്ളിൽ മാത്രം ഒരാൾ മിനക്കെട്ടു നടത്തുന്ന ഏറ്റവും ഗാഢമായ വായനകളാണ്. ചിലപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്കുശേഷവും റീഡർ മേതിലിലേക്കു മടങ്ങിവരുന്നതിന്റെ രഹസ്യം ഇതായിരിക്കുമെന്നു ഞാൻ കരുതുന്നു.
‘എനിക്ക് സാഹിത്യവുമായി ബന്ധമില്ല, ഞാൻ ശാസ്ത്രം എഴുതുന്ന ആളാണ്’ എന്ന് മേതിൽ ഒരു ഘട്ടത്തിൽ പറഞ്ഞത് എന്തിനാണെന്ന് ഇപ്പോൾ എനിക്കറിയാം.
മലയാളത്തിൽ ഏറെ സ്റ്റോറി ടെല്ലേഴ്സ് ഉണ്ട്. അതിലൊരാൾ മേതിൽ അല്ല. കഥ പറയുകയല്ല കഥയുടെ ഡിസൈൻ എങ്ങനെയാണ് ഉണ്ടായതെന്ന് നെയ്തുകാണിക്കുകയാണ് ചെയ്യുന്നത് (ഉദാഹരണം: ‘സൂര്യമത്സ്യത്തെ വിവരിക്കൽ’ ). അതുകൊണ്ടാണ് കഥ വായിച്ച് വിരേചനമുണ്ടാകണമെന്നു വിചാരിക്കുന്ന നിമിഷം മുതൽ മേതിൽ നമ്മളിൽ പ്രവർത്തിക്കാതാവുന്നത്.
നമ്മുടെ സാഹിത്യം വായിക്കുന്നവർക്ക് പൊതുവേ ഈ പ്രശ്നമുണ്ട് , ഒരൊറ്റ കഥയുടെ വാലേൽ തൂങ്ങി അറ്റം വരെ പോയി നിർവൃതി കൊള്ളണം. സാഹിത്യത്തെ അകറ്റിനിർത്തി നോക്കൂ, ഭാഷ നന്നാവും, ഭാവന ഉണരും, വാക്കുകൾ സ്വതന്ത്രമാവും- ഇത് മേതിൽ തന്ന ഒരു ക്ലാസ് ആയിരുന്നു. അതുകൊണ്ടാണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഞാൻ സാഹിത്യവായന നിർത്തിയവരുടെ ഒരു സംഘത്തിൽ ചേർന്നത്. ആ വർഷങ്ങളിലാണ് പക്ഷേ, എനിക്ക് മേതിലിനെ വിണ്ടും വായിക്കാൻ കൊതിയായത്. ‘എനിക്ക് സാഹിത്യവുമായി ബന്ധമില്ല, ഞാൻ ശാസ്ത്രം എഴുതുന്ന ആളാണ്’ എന്ന് മേതിൽ ഒരു ഘട്ടത്തിൽ പറഞ്ഞത് എന്തിനാണെന്ന് ഇപ്പോൾ എനിക്കറിയാം. (‘തലങ്ങും വിലങ്ങും ആയിരമായിരം അതിർരേഖകൾ കൂട്ടിമുട്ടുന്ന ബിന്ദുക്കൾ ചേർത്തുവരച്ചാൽ കിട്ടുന്ന സങ്കൽപമാണ് ലോകം’).

ഓസ്‌ട്രേലിയൻ എഴുത്തുകാരനായ ജെറൾഡ് മർനേൻ ഒരിക്കൽ ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നവരോടു പറഞ്ഞു: ‘സാഹിത്യത്തിലെ നിലവിലെ രീതി വച്ച് ഞാൻ ഒരു ടെക്‌നിക്കൽ റൈറ്ററാണ്. എന്റെയുള്ളിലെ പരശ്ശതം ഇമേജുകളിൽനിന്ന് ഞാൻ തിരഞ്ഞെടുക്കുന്ന ചില ഇമേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വിവരണം നടത്തുകയാണു ഞാൻ ചെയ്യുന്നത്’
ഇമേജുകൾക്കിടയിലെ സാങ്കൽപികമായ വിനിമയം.
വിനിമയം എന്ന വാക്ക് മേതിലിനും വളരെ പ്രിയപ്പെട്ടതാണ്. അത് പലയിടങ്ങളിലായി ആവർത്തിക്കുന്നതു കാണാം. ജന്തുക്കളുടെ വിനിമയം, ഭൂമിയുടെ വിനിമയം, ഏകാന്തതയുടെ വിനിമയം, സ്ത്രീയുടെ വിനിമയം എന്നിങ്ങനെ... പ്രപഞ്ചവിനിമയങ്ങളെ വിശദീകരിച്ചുകൊണ്ട്, അല്ലെങ്കിൽ ജന്മത്തിന്റെ ദുരൂഹതയെ അറിയാനുള്ള സൂചകങ്ങൾ നൽകിക്കൊണ്ട്. (ഒടുവിൽ, കോവിഡിനെപ്പറ്റി മേതിൽ എഴുതിയത് വായിക്കൂ)
മേതിൽ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആകസ്മികം എന്ന വാക്ക് അദ്ദേഹത്തിന് ഇഷ്ടമാണ്. പല സംഭവങ്ങളെ ഒരു കഥയിൽ വിവരിക്കുന്ന കുറ്റകൃത്യത്തിലേക്കു കൊണ്ടുവരുമ്പോൾ അതിലൊരു ഘടന തെളിയുന്നു-പൂർവ്വനിശ്ചിതം എന്നു തോന്നും. മർനേനിൽ വിദൂരമായ രണ്ട് ഇമേജുകൾ പരസ്പരം ബന്ധിതമാകുന്നതുപോലെ. മേതിൽ എഴുതുന്നു- “തെരുവ് കവണയുടെ അറ്റം പോലെ പിരിയുന്നേടത്തുവച്ചുതന്നെ ചില ഭാവിക്കാഴ്ചകൾ എഴുത്തിനെ തൊട്ടുരുമിയിരുന്നു”.
സത്യമായും! എന്റെ വായനക്കാരെല്ലാം എവിടെപ്പോയി, മേതിൽ ചോദിച്ചു.
ഈ ചോദ്യം അർഥശൂന്യമാണെന്നു നമുക്കറിയാം, മേതിലിനുമറിയാം. പക്ഷേ ഏറ്റവും ഏകാന്തമായ ഒരു നിമിഷം അങ്ങനെയാണു ചിതറിപ്പോകുക.
നായകൾ എപ്പോഴാണു വാലാട്ടുന്നത്..?
യജമാനനെ കാണുമ്പോഴും സൗഹൃദമോ സ്‌നേഹമോ പ്രകടിപ്പിക്കുമ്പോഴും നായ്ക്കൾ വാലാട്ടുന്നതു നമുക്കറിയാം. ഇതുസംബന്ധിച്ച ഗവേഷണത്തിലെ കൗതുകകരമായ നിരീക്ഷണങ്ങൾ പങ്കിടുന്ന മേതിൽ പറയുന്നു- നായ തന്റെ ഏകാന്തതയിലാണ് ഏറ്റവുമധികം വാലാട്ടുന്നത് എന്നാണ്. ആ കുറിപ്പ് ചെന്നുനിൽക്കുന്നത് ലെയ്ക്കയുടെ ഏകാന്തതയിലാണ്. ശൂന്യാകാശത്തേക്ക് ആദ്യമായി സഞ്ചാരം നടത്തിയ ജന്തു. ഗഗാറിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനു മുൻപേ സുരക്ഷാപരീക്ഷണത്തിന്റെ ഭാഗമായി അവിടേക്കു വിടാൻ റഷ്യൻ ഗവേഷകർ തിരഞ്ഞെടുത്തത് മോസ്‌കോയിലെ തെരുവിൽ അലഞ്ഞുനടന്ന ഒരു നായയെ ആയിരുന്നു. ലെയ്ക്ക എന്നു പേരിട്ട ആ നായ, ഒരു സ്‌പേസ് ഷട്ടിലിനുള്ളിൽ ഭൂഗുരുത്വം ഭേദിക്കുന്ന വേഗത്തെ അതിജീവിക്കുമോ എന്നായിരുന്നു ഗവേഷകർക്ക് അറിയേണ്ടിയിരുന്നത്. തിരിയാൻ പോലും ഇടമില്ലാത്ത സ്‌പേസ് ഷട്ടിലിനുള്ളിലെ ആ മാരകമായ ഏകാന്തതയിലായിരിക്കും ലെയ്ക്ക ഏറ്റവുമധികം വാലാട്ടിയിട്ടുണ്ടാകുക എന്ന് മേതിൽ എഴുതുന്നു.

മേതിൽ ഒരു സൂചകം തരും, മുന്നോട്ടു സഞ്ചരിക്കേണ്ടതു വായനക്കാരും. ഞാൻ ലെയ്ക്കയിൽനിന്ന് ഗഗാറിനിലേക്കു പോയി. ഗഗാറിൻബഹിരാകാശയാത്രയ്ക്കു പുറപ്പെടുമ്പോൾ ക്രൂഷ്‌ചേവ് അദ്ദേഹത്തെ കാണാനെത്തി. ബഹിരാകാശത്തും ദൈവത്തെ കണ്ടില്ല എന്നാണ് ഭൂമിയിലേക്കു സന്ദേശം അയയ്‌ക്കേണ്ടതെന്നു ക്രൂഷ്‌ചേവ് നിർദേശിച്ചു. ക്രൂഷ്‌ചേവ് പറഞ്ഞത് ശരിയായിരുന്നു. അവിടെ ദൈവത്തെ ഗഗാറിൻ കണ്ടില്ല. ഇനി അഥവാ കണ്ടിരുന്നെങ്കിലോ? താൻ ദൈവത്തെ കണ്ടുവെന്ന് ഗഗാറിൻ ഭൂമിയിലേക്കു സന്ദേശമയക്കുമായിരുന്നോ?
ഒരിക്കൽ ഒരു മാധ്യമം മേതിലിനോട് ആത്മകഥ ഖണ്ഡശ്ശഃയായി ഓൺലൈനിൽ എഴുതാൻ പറഞ്ഞു. ആത്മകഥയെന്ന മട്ടിൽ തുടങ്ങിയ മേതിൽ, ആത്മകഥയൊഴികെ എല്ലാം എഴുതാൻ തുടങ്ങി. ഒടുവിൽ, കോളത്തിന് വായനക്കാർ കുറവാണെന്നു പറഞ്ഞ് അവർ അതു നിർത്താൻ മേതിലിനോട് ആവശ്യപ്പെട്ടു.
സത്യമായും! എന്റെ വായനക്കാരെല്ലാം എവിടെപ്പോയി, മേതിൽ ചോദിച്ചു.
ഈ ചോദ്യം അർഥശൂന്യമാണെന്നു നമുക്കറിയാം, മേതിലിനുമറിയാം. പക്ഷേ ഏറ്റവും ഏകാന്തമായ ഒരു നിമിഷം അങ്ങനെയാണു ചിതറിപ്പോകുക. എന്നാൽ വാസ്തവത്തിൽ മേതിൽ തനിച്ചല്ല. ഒരു ജന്തു ഏതു ദുരവസ്ഥയിലും സ്വന്തം ഗന്ധം കൊണ്ട് വഴി അറിയുന്നതുപോലെ, എഴുത്തുകാരൻ തന്റെ ഭാഷ കൊണ്ടു ഭാവിയിലേക്കു പോകുന്നു. ഭാഷ മരണത്തിന് എതിരാണ്. ഭാഷയിലെ അടയാളങ്ങൾ മായുന്നില്ല. ഭൂമിയിൽ അതു തിരഞ്ഞ് പുതിയ വായനക്കാർ മാത്രമല്ല, പുതിയ എഴുത്തുകാരും പിറക്കുന്നു.
“പാറയെ പുൽകുമ്പോൾ
ഞാനൊരു ജീവിയെ പുൽകുന്നു
ഒച്ചിനെ, മത്സ്യത്തെ,
പരുന്തിനെ, ഗോറില്ലയെ
പക്ഷേ, ഏറ്റവും അധികം മനുഷ്യനെ-
ജീവിക്കാനറിയാത്തതുകൊണ്ട്
മരണോപായങ്ങൾ കണ്ടെത്തിയ
ഒരേയൊരു മണ്ടൻജീവിയെ”
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
