ബാലചന്ദ്രൻ ചുള്ളിക്കാട്

നാർസിസസിനും ക്രിസ്തുവിനും ഇടയിൽ

ആത്മഗതവും കോറസും ഉള്ള ശോകാന്ത നാടകവേദിയിലെ അറുക്കപ്പെടുന്ന കാട്ടാടിന്റെ നിലവിളിയാണ് ബാലചന്ദ്രന്റെ കവിതകൾ

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിലെ ഭാവ സങ്കടങ്ങൾ നാർസിസസിനും ക്രിസ്തുവിനും ഇടയിലെ ഭവ- ജ്ഞാന- ധർമ്മസങ്കടങ്ങളാണ്. ഈ സാംക്രമിക ഭാവ ബാധയിൽ ഭാവഗീതാത്മക ആത്മഗതത്തിന്റെ ഉള്ളുരയും ഒറ്റ ഭാവ ശിൽപ്പവും നാടകത്തിന്റെ കൂട്ടുരയും കൂട്ടുഭാവ ചലച്ചിത്രവും കൂട്ടാകുന്നു. ഏകാന്തതയ്ക്കും അനേകാന്തതയ്ക്കും ഇടയിലെവിടെയോ ആത്മാനുരാഗത്തിനും ലോകാനുരാഗത്തിനും ഇടയിലെവിടെയോ കവി ചൊൽക്കൂത്തൻ (performer) ആയി ഉരിയാട്ടമാടുന്നു.

നാടകമാണ് ബാലചന്ദ്രന്റെ കവിതയുടെ ഇരട്ട. അരങ്ങ് ഇവയിൽ പലകുറി വരുന്നുണ്ട്. എഴുപതുകളിലും എൺപതുകളിലും മലയാളി യുവാക്കൾ ഈ ധർമസങ്കടങ്ങളിൽ സ്വയം കണ്ടെത്തി.

ഗ്രീക്ക് പുരാണത്തിലെ നാർസിസസ് തടാകക്കണ്ണാടിയിൽ സ്വച്ഛായ നോക്കി നോക്കിനോക്കി മരിച്ചുപോയി.
നാർസിസസ് പുഷ്പം നദിയോരത്തു വിരിയുന്നു.
തടാകം നാർസിസസിന്റെ കണ്ണിൽ കണ്ട് ഭ്രമിച്ചത് സ്വച്ഛായയെയോ?
നാർസിസസ് സ്വവർഗാനുരാഗിയോ? അപരരോടുള്ള നമ്മുടെ സ്‌നേഹത്തിൽ സമാനതയോ ഭിന്നതയോ? കണ്ണാടിയിലെ പ്രതിഫലനത്തിൽ നാം ആത്മത്തെ കാണുന്നു. ശബ്ദത്തിൽ ആത്മമില്ല. അശരീരിയാണത്.
എക്കോ നാർസിസസിനെ പ്രേമിക്കുന്നു. എക്കോയ്ക്ക് സ്വശബ്ദം ഇല്ല, മാറ്റൊലിക്കാനേ ആവൂ. അപരമില്ലാത്ത ആത്മത്തിൽ കുടുങ്ങിയും ആത്മമില്ലാത്ത അപരതയിൽ കുടുങ്ങിയും ഇവരുടെ പ്രണയവിനിമയം പരാജയപ്പെട്ടു.

കരവാജിയോയുടെ നാർസിസ്സസ് Photo: Wikimedia Commons, Caravaggio

നാർസിസസ് ആത്മരതി കൊണ്ട് അപരസ്‌നേഹം വെടിഞ്ഞു. യേശു അപരത്തിനായി ആത്മത്തെ വെടിഞ്ഞു. യേശുവിന്റേത് ദാനാത്മക സ്‌നേഹം (Agape) ആണ്. യേശുവിന്റെ ദൈവം സ്വയം ശൂന്യവത്ക്കരിക്കുന്ന ദൈവം (Kenotic God) ആണ്. ദൈവം അപരമാണ്. അപരത്തിനുവേണ്ടിയുള്ള ബലി ആത്മത്തോടുള്ള ഹിംസയല്ലേ? വിശുദ്ധമായവ ബലിയിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. പിന്നീടവ അപരരുടെ ബലി ആവശ്യപ്പെടുന്നു. ത്യാഗികൾ ത്യാഗത്തിന്റെ പേരിൽ അധികാരം നേടിയാൽ ഭോഗിയും ദ്രോഹിയും ആകാറുണ്ട്. എല്ലാവർക്കും ആത്മരതിയ്ക്കുള്ള അവകാശമുണ്ട്. എന്താണ് മോക്ഷത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് ഉള്ള വഴി? യേശുവോ, നാർസിസസോ? സ്‌നേഹം ഭോഗമോ, ത്യാഗമോ?

കാൽപ്പനികതയിൽ ആത്മരതിയ്ക്കുള്ള അവകാശമുണ്ട്. പ്രഥമപുരുഷൻ ഏക വചനം (First person singular) ആയി സംസാരിക്കാനും. ആത്മകഥ ആത്മത്തിന്റെ കഥയാണ്. ആത്മം അകത്തും പുറത്തും അല്ല. അവയ്ക്കിടയിലെ ഇടനില (Liminal space) ആണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ അകം - പുറം മറിയുന്ന മോർബിയസ് നാടയാണ്. അകത്തോ, പുറത്തോ എന്ന് നമ്മെ ഭ്രമിപ്പിക്കുന്നു. ഒറ്റയാനോ കൂട്ടക്കാരനോ അല്ല, തന്നൻ തനിമയിലും കൂട്ടമുണ്ട്. കൂട്ടത്തിലും തന്നൻ തനിമയുണ്ട്. ഒറ്റയ്ക്കും കൂട്ടത്തിനുമിടയിലെ സാംക്രമികവ്യക്തി (Trans individual), First person singular plural ആണ്. കൂട്ടൊറ്റ (Plural singular) യായും ഒറ്റക്കൂട്ട് (singular plural) ആയും മാറുന്നയാൾ. ഒറ്റയ്ക്കും കൂട്ടത്തിലാവുന്നയാൾ. കൂട്ടത്തിലും ഒറ്റയാവുന്നയാൾ.

ലോകത്തെക്കാൾ വലിയ ആത്മചിത്രം വരയ്ക്കലാണ് കാൽപ്പനികതയെന്ന് മിലൻ കുന്ദേര. ക്ലാസിക്കൽ സാഹിത്യം ആത്മമില്ലാ ലോക സാഹിത്യമാണ്. ചങ്ങമ്പുഴയുടെ ഭാവഗീത പാരമ്പര്യത്തിന്റെ ഒറ്റക്കമ്പി തംബുരുവിനെ ചുവപ്പ് പെയിന്റടിച്ച വയലാറും ഒ.എൻ.വിയും പി. ഭാസ്‌ക്കരനും ഉൾക്കാലത്തിൽ ചരിത്രകാലത്തിന്റെ സംഘർഷങ്ങൾ ഏറ്റുവാങ്ങിയില്ല. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിൽ ഏകാന്തതയ്ക്കും ചരിത്രത്തിനുമിടയിലെ ചെന്നായ് മുഹൂർത്തമുണ്ട്. ആത്മ- അപര വിചാരണയുണ്ട്.

The Entombment of Christ / Photo: Wikimedia Commons, Caravaggio

ആത്മഗതവും കോറസും ഉള്ള ശോകാന്ത നാടകവേദിയിലെ അറുക്കപ്പെടുന്ന കാട്ടാടിന്റെ നിലവിളിയാണ് ബാലചന്ദ്രന്റെ കവിതകൾ. ഈ വെളിപാടു പുസ്തകം പേടിസ്വപ്നങ്ങളുടെ പുസ്തകമാണ്. നാടകമാണ് ബാലചന്ദ്രന്റെ കവിതയുടെ ഇരട്ട. അരങ്ങ് ഇവയിൽ പലകുറി വരുന്നുണ്ട്. എഴുപതുകളിലും എൺപതുകളിലും മലയാളി യുവാക്കൾ ഈ ധർമസങ്കടങ്ങളിൽ സ്വയം കണ്ടെത്തി. മലയാള ഭാഷയ്ക്ക് നട്ടുച്ച സൂര്യനോടും അമാവാസി രാത്രിയോടും സംസാരിക്കാനുളള ശക്തി നൽകി. ഒരു പകുതി പ്രജ്ഞയിൽ കൃഷ്ണപക്ഷവും മറു പകുതിയിൽ സൂര്യജ്വാലയുമായി ഭാഷ ഉന്മാദ നൃത്തമാടി. ലാവ പോലുള്ള ഭാവശക്തി പ്രവാഹം സ്‌കീസോഫ്രേനിക് ബിംബ ക്കെട്ടുമുറ, സംസ്‌കൃത- നാടോടി വായ്ത്താരി വൃത്തങ്ങൾ, ഗദ്യം എന്നിവയുടെ താളപെരുക്കം.

ക്രിസ്ത്വനുഭൂതിയുടെ കാവ്യസാക്ഷ്യങ്ങൾ

കേരളത്തിൽ ക്രിസ്ത്യൻ ഭാവുകത്വമുള്ള എഴുത്തുകൾ ബാലചന്ദ്രനോളം മറ്റാരും എഴുതിയിട്ടില്ല. സഭയുടെ ക്രിസ്തുവല്ല ഇത്. ബാലചന്ദ്രന്റെ സ്വകാര്യ മതത്തിലെ ദേവതയാണ് ക്രിസ്തു. മാപ്പുസാക്ഷി, ദുഃഖവെള്ളിയാഴ്ച, എവിടെ ജോൺ? വിശുദ്ധ സന്ധ്യ, മരണവാർഡ്, ബലി, ഒരുക്കം എന്നിവയിൽ ക്രിസ്ത്വനുഭൂതിയുടെ രക്തമുദ്രകളുണ്ട്.

മാപ്പുസാക്ഷി

ഈ കവിത വിപ്ലവേച്ഛയുടെയും ആത്മരക്ഷയുടെയും കടലിടുക്കിൽ കുടുങ്ങിയ തലമുറയുടെ സാംക്രമിക വികാരമാണ്. ഈ കുമ്പസാരത്തിന്റെ പാപസങ്കീർത്ത നത്തിൽ വേദിയിലെ വിശുദ്ധസ്ഥാനം ജോസഫ് എന്ന വിപ്ലവകാരിയാണ്. പേടി സ്വപ്നബാധിതനാണ് ആഖ്യാതാവ്. കാലത്തെ പ്രേതബാധയായാണ് അയാൾ അനുഭവിയ്ക്കുന്നത്.

‘ലോറിയ്ക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങൾ വന്നൂതിക്കെടുത്തുന്നു പാതവിളക്കുകൾ മന്ത്രങ്ങളും പരേതാത്മാക്കളും നിറച്ചന്ധകാരത്തിന്റെ തീവണ്ടിയെത്തുന്നു.’‘നട്ടുച്ചനേരത്തു കൂട്ടക്കരച്ചിലിൽ പ്രേത സഞ്ചാരങ്ങളെത്തുന്നു ചാമ്പലും എല്ലും ജലവുമായി.'

‘നോക്കൂ ദഹിച്ച മെഴുതിരി. ശ്മശാന വസ്ത്രം. പിശാചുബാധിച്ച കസേരകൾ.’

പാർട്ടി വിപ്ലവ അജണ്ടയല്ല ഈ കവിതകൾ. സ്‌കീസോഫ്രേനിക്ക് തൃഷ്ണാവിഷ്ടരായ യുവാക്കളുടെയും ജനങ്ങളുടെയും തൃഷ്ണകളിൽ നിന്നാണ് കലാപം ആരംഭിക്കുന്നത്. ഫാന്റസി ചിലപ്പോൾ വിപ്ലവകരമായ വികാരമാണ്. ക്രിസ്​ത്വനുഭൂതി വിപ്ലവകരമായി മാറുന്നു.

‘ഭാരം വലിക്കുന്ന കാള തൻ കൺകളിൽ പോരിന്റെ കൊമ്പുയിർക്കൊള്ളുന്നു. നായ്ക്കൾ തൻ പേ പിടിക്കുന്ന തലച്ചോറിൽ നിന്നാണ്​ വാളും വെളിപാടുമായി വരുന്നു നീ'

പാർട്ടി പരിപാടി പ്രകാരമുള്ള നക്‌സലൈറ്റ് കവിതകൾ കാലഹരണപ്പെട്ടു പോയിട്ടും നാമീ കവിതകൾ വായിക്കുന്നത് ഇവയിലെ തീവ്ര തൃഷ്ണാവിനിമയത്തിന്റെ രാഷ്ട്രീയം കൊണ്ടാണ്.
ജോസഫുമായുള്ള ബന്ധത്തെ കവി ഇങ്ങിനെ സാക്ഷ്യപ്പെടുത്തുന്നു: ‘കുരി ശേറുന്ന മർത്യന്റെ കത്തിപ്പടരുന്ന രക്തമാകുന്നു നീ. പുത്രൻ മടിയിൽ മരിക്കു ന്നൊരമ്മ തൻ ഇറ്റിറ്റുവീഴും കണ്ണുനീരാണു ഞാൻ'.
കലാപകാരിയും വിലാപകാരിയും തമ്മിലുള്ള ഭേദമാണിത്.

ദുഃഖ വെള്ളിയാഴ്ച

അഭിസാരികയായ സുഹൃത്തിനാണ് ഈ കവിത സമർപ്പിച്ചിരിക്കുന്നത്. അഭിസാ രികയ്ക്ക് കവി വിശുദ്ധപദവി നൽകുന്നു. അവരുടെ മുമ്പിൽ നടത്തുന്ന പാപ സങ്കീർത്തനമാണ് കവിത.

‘മറിയമേ, ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നു കരുണയുടെ നീലിച്ച കഴലിണകൾ ചുംബിച്ചു വചനങ്ങൾ തേങ്ങുന്നു.'

‘ഉദരത്തിലവിശുദ്ധ ബീജസങ്കീർത്തനം പുകയുന്നു'

വിശുദ്ധീകരണം ഈ കവിതയിൽ ലൗകികീകരണമാണ്. അപരർക്ക് ആനന്ദം നൽകി പീഡയേറ്റു വാങ്ങുന്നവൾ പീഡാനുഭവത്തിലൂടെ വിശുദ്ധയാകുന്നു. കാലമാതൃത്വമാം മറിയമേ, നീയെന്റെ മുറിവായ് മാറുന്നു.

എവിടെ ജോൺ?

നാടക രൂപത്തിൽ രംഗങ്ങളായി ക്രമീകരിച്ച ആഖ്യാന ഘടനയാണ് ഈ കവിത യുടേത്. ബൈബിളിലെ കായേന്റെ ഭാതൃഹത്യയുടെ കഥ ഉത്തരവാദിത്തത്തെ ക്കുറിച്ചുള്ള അന്യാപദേശമാണ്. ഹാബേലിനെ കൊന്ന കായേനോട് ദൈവം നിന്റെ സഹോദരൻ എവിടെ എന്നു ചോദിച്ചു. ‘ഞാൻ എന്റെ സഹോദരന്റെ കാവലാളല്ല’ എന്ന് കായേൻ ഉത്തരം നൽകി. ഉത്തരം നൽകാനുള്ള ബാധ്യതയാണ് ഉത്തരവാദിത്തം. ധാർമികത ആത്മത്തിനു പുറത്തുള്ള അപരരോടുള്ള ഉത്തരവാദിത്തമാണ്. സ്വ കുടുംബം, സ്വ ഗോത്രം, സ്വ ദേശം എന്നിവയോടുള്ള സ്‌നേഹം ആത്മരതിയുടെ വിപുലനമാണ്. അപരത പുറമ്പോക്കാണ്. അവിടേക്കുള്ള യാത്ര ദൈവത്തിലേക്കുള്ള തീർത്ഥാടനമാണ്.

ജോൺ എബ്രഹാം / Photo: Venu

കവി ജോൺ എബ്രഹാമിനെ തേടി മറിയയുടെ വീട്ടിലും ചാരായ ഷാപ്പിലും സുഹൃത്തിന്റെ ലോഡ്ജിലും എത്തി.അവർ ജോണിന്റെ കാവലാളല്ല എന്നു പറഞ്ഞു. ഒടുവിൽ ദൈവം വന്ന് എവിടെ ജോൺ എന്നു ചോദിച്ചു. ‘അവനെ ഞാനറിയുന്നില്ല ദൈവമേ, അവനു കാവലാൾ ഞാനല്ല ദൈവമേ' എന്നായിരുന്നു കവിയുടെയും മറുപടി. ഇത് ഒരു പാപസങ്കീർത്തനമാണ്.

ബലി

ഈ കവിത ബലിപരമായ പ്രതിസന്ധിയെ എഴുതുന്നു. ബലിയ്ക്കും ജീവിതരതിയ്ക്കും ഇടയിൽ പെടുകയും അതിജീവിക്കുകയും ചെയ്യുന്നു. മഹാഭാരതത്തിലെ യുധിഷ്ഠിരന്റെ നരക ദർശനം, ഘോര തക്ഷകൻ. അധ്യാത്മ രാമായണത്തിലെ കബന്ധ വർണന (വക്ഷസിവക്ത്രം, ഹസ്തരഹിതംഘണ്ടാ പാദം, പക്ഷിയും മൃഗവുമല്ലാത്തൊരു രക്ഷോരൂപം), വീരതാണ്ഡവം എന്ന ശൈവ സങ്കൽപ്പം, വ്യാകുല മാതാവ് വിഷഭാജനം, ജ്ഞാനസ്‌നാനം, നീതി പീഡതൻ വെള്ളിയാഴ്ചയിൽ നിന്ന്​ മെയ്യിലായിരം തിരുമുറിവോടെ ഞാനുയിർക്കുവൻ എന്നീ ക്രിസ്ത്യൻ ചിഹ്നാവലി എന്നിവ ഇവിടെ ഒത്തുചേരുന്നു. ബലി ട്രാജഡിയല്ല. വിത്തിന്റെ പലതായി പൊട്ടി മുളയ്ക്കലാണ്. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ഇവിടെ പീഡിതരുടെ ഉയിർത്തെഴുന്നേൽപ്പായി മാറുന്നു.

ഒരുക്കം

തന്റെ ജന്മിത്ത പൈതൃകത്തിൽ പീഡിതരോടുള്ള ക്രൂരതകളുടെ പാപമുണ്ടെന്ന് കവി തിരിച്ചറിയുന്നു. ബലിമൃഗമാകാൻ തീരുമാനിയ്ക്കുന്നു. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിൽ ബലിയിലൂടെ വിശുദ്ധി നേടി ആഖ്യാതാവ് പീഡിതരോടു ചീവീടായി സംവാദം നടത്തുന്നു. ഈ കവിത അത് തുടരുന്നു.

ഇയ്യോബിന്റെ പുതു പീഡാനുഭവ പുസ്തകം

ഈ കവിതകൾ ഇയ്യോബിന്റെ നിലവിളികളുടെ തുടർച്ചയാണ്. ഇവ ട്രാജഡികളല്ല. പീഡാനുഭവത്തിന് പരിഹാരമുണ്ട്. ഇയ്യോബിന് ദൈവം. കവിയ്ക്ക് പീഡിതരുടെ ഉയിർത്തെഴുന്നേൽപ്പ്. ഇടനാഴി, പോസ്റ്റ്‌മോർട്ടം, വ്യർത്ഥമാസത്തിലെ കഷ്ടരാത്രി, കളിവിളക്ക്, ഒന്നാമന്റെ പരാജയം എന്നിവ സ്വകാര്യ നരക കാഴ്ചകളാണ്.

ഇടനാഴി

ഇടനാഴി ഒരു ഇടനില സ്ഥാനം (Liminal space) ആണ്, വ്യക്തിയുടെ ഏകാന്തതയ്ക്കും കൂട്ടത്തിനുമിടയിലെ സ്ഥാനമാണ്. മരണം, രോഗം, ഏകാന്തത വേദന എന്നീ അസ്തിത്വ പ്രതിസന്ധികളുടെയും ചരിത്രകാലത്തിന്റെയും ഇടയിലുള്ള കാല സന്ദർഭമാണിത്. ഏകാകികളുടെ സംഘമാണ് ഇവിടെ പാർപ്പുകാർ. മദ്യപാനം, സംഗീതം, ആത്മഹത്യ, രോഗം, രതി എന്നിവ നിലനിൽപ്പിന്റെ നിലയില്ലായ്മയുടെ ഇരുൾക്കയങ്ങൾക്ക് മീതെയുള്ള നൃത്തച്ചുവടുകളായി മാറുന്നു. ഈ പ്രശ്‌നങ്ങളെ കവി നിഗൂഢവത്ക്കരിക്കുന്നില്ല.

പോസ്റ്റ്‌മോർട്ടം

ഈ കവിത അകം - പുറം കുഴമറിച്ചിൽ താളമാണ്. കടൽ തീരത്തു നിന്ന് കവി അനാഥ ജഡം പോലെ ജീവിതത്തെ കണ്ടെടുക്കുന്നു. അതിൽ സ്വകാര്യ മുറിവുകളും രഹസ്യാനന്ദങ്ങളും ഉണ്ട്- ഇതാ കടലുകൾക്ക് തീരങ്ങളെ നഷ്ടപ്പെടുന്ന, കരച്ചിലുകൾക്ക് കടൽപ്പക്ഷികളെ നഷ്ടപ്പെടുന്ന ഈ നിമിഷത്തിൽ ദുഃഖത്തിന്റെ ചക്രവർത്തിയായി ഞാൻ ജീവിതം വീണ്ടെടുക്കുന്നു. ഹാ, അവിശ്വസിക്കപ്പെട്ട സ്‌നേഹം അതെത്ര അനാഥം! ഈ അനാഥാവസ്ഥ ഒരു കാമുകന്റെ ഡയറിയിലും ഉണ്ട്. അസ്തിത്വ പ്രതിസന്ധി ചരിത്രാതീതമല്ല, ചരിത്രപരമാണ്. വ്യക്തിപരവും രാഷ്ടീയപരവുമാണ്. സ്വകാര്യസ്വത്ത്- പൊതുസ്വത്ത്, സ്വകാര്യം- പൊതുമണ്ഡലം എന്നീ ദ്വന്ദ്വവിചാരത്തിൽ ഇടനില സ്ഥാനങ്ങളില്ല.

പ്രണയത്തിന്റെ ഒഴിവിടത്തെയാണ് ബാലചന്ദ്രന്റെ കവിതകളിലെല്ലാം അടയാളപ്പെടുത്തുന്നത്. ഓർമയിലേ പ്രണയമുള്ളൂ.

പ്രാചീന ലിപികളുടെ ക്ലാവു ഗോപുരം കടന്ന് നീ രാത്രിയിലേക്ക് വിസ്മരിക്കപ്പെടുന്നു. പുക മൂടിയ തെരുവുകളിൽ ചിലന്തിവലയിൽ പൊതിഞ്ഞ് ഞാൻ ഉപേക്ഷിക്കപ്പെടുന്നു. (ഒരു കാമുകന്റെ ഡയറി). ഈ പരിത്യക്താവസ്ഥ ബാലചന്ദ്രന്റെ പല കവിതകളിലും ആവർത്തിക്കുന്നു.

വെെലോപ്പിള്ളി

‘വ്യർത്ഥമാസത്തിലെ കഷ്ടരാത്രി’ പ്രണയബന്ധത്തിലെ താൽക്കാലിക സമ്പർക്കവും പിൻവാങ്ങലും കാണിക്കുന്നു. ‘ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരു വാക്കിനക്കരെയിക്കരെ കടവു തോണി കിട്ടാതെ നിൽക്കുന്നവർ' ആണ് ഈ കമിതാക്കൾ. പ്രണയത്തിന്റെ ഒഴിവിടത്തെയാണ് ബാലചന്ദ്രന്റെ കവിതകളിലെല്ലാം അടയാളപ്പെടുത്തുന്നത്. ഓർമയിലേ പ്രണയമുള്ളൂ.

‘ഇനിയുമോർക്കുവാനെന്തുള്ളൂ ഹാ, സഖി മണലിൽ പണ്ടു ഞാൻ മുരടൻ വിരലുകൊണ്ടെഴുതി വായിച്ച നിന്റെ നാമാക്ഷരം കടലെടുത്തതും കണ്ണീരഴിഞ്ഞതും?'

പ്രണയാന്യാധീനം വ്യക്തിപരമല്ല. ഘടനാപരമാണ് പ്രണയത്തിന്റെ പ്രതിസന്ധി.

‘വരികയായ് നിദ്ര ബോധാന്തരങ്ങളിൽ കെടുക നീ എന്റെ ജന്മനക്ഷത്രമേ, അകലെ ദുഃസ്വപ്ന പീഡിത നാമൊരു തെരുവുകുട്ടിയുണർന്നു കരഞ്ഞുവോ?’

തിരസ്‌കൃതനും അനാഥനുമായ കുട്ടിയും യുവാവും ബാലചന്ദ്രന്റെ കവിതകളിൽ ആവർത്തിച്ചുവരുന്നു.

‘രാത്രിയിൽ കോരിച്ചൊരിയും മഴയത്ത്, പാതയോരത്തൊരു പീടികത്തിണ്ണയിൽ കാറ്റടി കീറി പൊളിച്ച കുപ്പായവും കൂട്ടിപ്പിടിച്ച് കടിച്ചുപറിയ്ക്കും തണുപ്പിന്റെ നായ്ക്കളെ കെട്ടിപ്പിടിച്ച് ആത്മാവിലെ തീക്കട്ട മാത്രമെരിച്ച് നിർന്നിദ്രം കിടന്നു പിടച്ച തിരസ്‌കൃത യൗവനം!’
(സഹശയനം)

‘നിന്റെ ഗന്ധർവന്റെ സന്തൂരി തൻ ശതതന്ത്രികൾ നിൻ ജീവതന്തുക്കളായ് വിറ കൊണ്ട് സഹസ്ര സ്വരോൽക്കരം ചിന്തുന്ന സംഗീതശാല തൻ വാതിലിലിന്നലെ എന്റെ തിരസ്‌കൃതമാം ഹൃദയത്തിന്റെ അന്ധശബ്ദം തലതല്ലി വിളിച്ചുവോ?’
(ക്ഷമാപണം )

പ്രണയത്തിന്റെ അന്യവത്ക്കരണം

പ്രണയത്തകർച്ച സ്വകാര്യ പ്രശ്‌നമല്ല. അതിന് രാഷ്ട്രീയതലമുണ്ട്. അന്യവത് ക്കരണത്തെ ബന്ധങ്ങളുടെ അന്യവത്ക്കരണമായാണ് ബാലചന്ദ്രൻ അനുഭ വിക്കുന്നത്. അപരരുടെ അഭിലാഷ വസ്തുവാകാനുള്ള അഭിലാഷമാണ് അഭി ലാഷമെന്ന് ലകാൻ.പ്രണയഗീതം, ക്ഷമാപണം, ആനന്ദധാര, ആദ്യരാത്രി, സദ്ഗതി, സന്ദർശനം, സഹശയനം, ഒരു കാമുകന്റെ ഡയറി എന്നിവ പ്രണയത്തിന്റെ അന്യവത്ക്കര ണത്തെ എഴുതുന്നു. പ്രണയം ഉഭയദിശാ കാമനാവിനിമയമാണ്. കാല്പനിക പ്രേമം ഏകാന്ത കാമുകന്റെ വെള്ളിനക്ഷത്രത്തെ നോക്കി തുള്ളിതുളുമ്പലാണ്. ഇവിടെ ആഗ്രഹവസ്തു വിദൂരവും മായികവും ആണ്. കുമാരാനാശാന്റെ കവിതകളിൽ അഭിലാഷം ശരീരത്തിൽ നിന്ന് അന്തഃകരണത്തിലേക്ക് മാറുന്നുവെന്ന് പി. ഉദയകമാർ കണ്ടെത്തുന്നു. ബാലചന്ദ്രന്റെ കവിതകളിൽ പ്രണയ പ്രതിസന്ധി സാമൂഹ്യഘടനാപരമാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട്

ഒരു പ്രണയഗീതം പിരിയും മുമ്പേ കമിതാക്കൾ നടത്തുന്ന സായാഹ്ന സവാരിയും വിയോഗവുമാണ്. ശവങ്ങളും രോഗികളും ദുരിതങ്ങളും വഴിയോരക്കാഴ്ചകളാണ്. പ്രണയം ഓർമയിലേ ഉളളൂ.

‘എങ്ങുമെത്താത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാര മുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത്​ മൃത്യുവോ, സൗഖ്യമോ?'

‘നിർത്തൂ ചിലയ്ക്കൽ, നിനക്കെന്തു വേണമെൻ ദുഃഖങ്ങളോ, ഫണം നീർത്ത പുല്ലിംഗമോ?’

എന്നാണ് കാമുകൻ ചോദിക്കുന്നത്. പ്രണയനഷ്ടത്തിൽ അയാൾ വിലപിക്കുന്നില്ല. ഉന്നത വിജയം തേടി യാത്രയാകുന്നവൾക്ക് വിട പറഞ്ഞ് കാമുകൻ പീഡിതരുടെ അധോനഗരത്തിൽ നിൽക്കുന്നു.

ക്ഷമാപണത്തിൽ സംഗീത സദസിലേക്ക് മദ്യപിച്ചെത്തിയ കാമുകനെ കാമുകി ആട്ടി. വ്രണിതനായ കാമുകൻ നടത്തുന്ന വിശദീകരണമാണ് കവിത. സമൂഹ ത്തിലെ രോഗദാരിദ്ര്യ പീഡകളുടെ നരകത്തീ ഉള്ളിലേക്കു പടരുന്നത്​ തടയാനാണ് ഈ നരകതീർത്ഥം കുടിക്കുന്നത്.

‘ഇന്ന്​ ഭ്രാന്തു മാറ്റാൻ മദിരാലയത്തിൻ തിക്ത സാന്ത്വനം മാത്രമാണ്. എങ്കിലും പ്രേമം ജ്വലിക്കുകയാണ് നിരന്തരമെന്റെ ജഡാന്തര സത്തയിൽ. മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ രാത്രി തൻ സംഗീത ശാലയിൽ മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായി ജീവനേ, നിന്നരികിലിരുന്നുവോ?'

ആനന്ദധാര വിരഹിയുടെ വിരഹദുഃഖാനന്ദമാണ്. മരണവാർഡിൽ കാമുകി മൃത്യുഞ്ജയശക്തിയാകുന്നു.

സഹശയനം

നാടകീയതയുള്ള ഈ കവിത റഷ്യൻ യുവതിയുമായുള്ള ഒറ്റ രാത്രി ബന്ധമാണ്. ഈ സംയോഗം ക്ഷണികവും മാംസബദ്ധവുമാണ്. ആനന്ദം തിരയുമ്പോഴും ശരീരത്തിന്റെ രോഗവാർദ്ധക്യ മരണ സാധ്യതകളെക്കുറിച്ച് ആത്മീയ ദർശനമുണ്ട്.

‘‘ഓറഞ്ചുനീരിൽ ഹിമക്കട്ട ചാലിച്ചു നീ പകരും ശീതതീഷ്ണമാം വോഡ്കയിൽ ഇറ്റു കഞ്ഞിത്തെളി പോലുമില്ലാതെ വയറ്റിലെ ചോര പുകഞ്ഞു ഞാൻ താണ്ടിയ കഷ്ടകാണ്ഡത്തിൻ കടുംകറ മായുമോ?’’

രാഷ്ട്രീയ കവിതകൾ

എൺപതുകളിലെ നക്‌സലൈറ്റ് സഹയാത്രയുടെ അടയാളങ്ങളാണ് ഖനി, സമാധാനം, ഹംസഗാനം, മനുഷ്യന്റെ കൈകൾ, അമൃത്, കൂലിപ്പണിക്കാരന്റെ ചിരി വെളിപാട്, അർത്ഥം, ഏറ്റവും നല്ല കവിത, ഒരു കവിയുടെ ചോദ്യങ്ങൾ എന്നീ കവിതകൾ.

പിതൃയാനം

പിതൃശ്രാദ്ധം കർക്കിടകത്തിലെ അമാവാസി നാളിലാണ്. അമാവാസി എന്ന കവിത അച്ഛന് മകൻ നൽകുന്ന ശ്രാദ്ധത്തിന്റെ വാങ്മൂലമാണ്.
ഫ്രോയിഡ് ഗ്രീക്ക് ദുരന്തകൃതിയായ ഈഡിപ്പസിനെ അടിസ്ഥാനമാക്കി ഈഡിപ്പസ്‌ കോംപ്ലെക്‌സ് എന്ന മനഃശാസ്ത്ര പരികൽപ്പന ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അച്ഛൻ അധികാരവും വിലക്കുകളും വഴി തൃഷ്ണകളെ അടിച്ചമർത്തുന്നതിലൂടെ മകന്റെ ആനന്ദലബ്ധിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. ലകാൻ ഭാഷയുടെ പ്രതീകാത്മക ക്രമത്തിലേക്കുള്ള ശിശുവിന്റെ പ്രവേശനത്തെ പിതൃനിയമങ്ങളിലേക്കുള്ള പ്രവേശനമായി കരുതുന്നു. ബാലചന്ദ്രന്റെ കവിതകളിൽ ഈഡിപ്പൽ സംഘർഷമല്ല. ഈ പിതൃ- പുത്ര സംവാദം സൂക്ഷ്മതലത്തിൽ സ്‌നേഹനിർഭരമാണ്. അധികാര സംഘർഷമല്ല അത്.

അമാവാസി

അമാവാസിയിൽ മകന്റെ പശ്ചാത്താപമാണ്.‘‘മൃതിയിൽ വിരൽ മുക്കി കൃഷ്ണ പക്ഷത്തിൻ സിരാ പടലം ഭാഗപത്രത്തിൽ പകർത്താൻ’’ മകൻ ആവശ്യപ്പെടുന്നു.

‘‘ഓട്ടുകിണ്ടിയിൽ കണ്ണീർ മുട്ടിയ ബാല്യം തൊട്ടേ രാപ്പകലുകളെന്റെ ചോരയെ കടയുമ്പോൾ പൊന്തിയ വാളും ജ്വാലാകുംഭവും മണ്ണിൻ കറകാച്ചിയ വാക്കും ആദികവിയും നീയാണല്ലോ.’’

അമ്മ സഹനമൂർത്തിയും അച്ഛൻ ശക്തിയുമാണ്. കൗമാരത്തിലെ ബാധകളെ ഒഴിപ്പിക്കുന്ന മന്ത്രവാദിയാണച്ഛൻ. പിതൃ അധികാരത്തെ നശീകരണാത്മകമായല്ല മകൻ കാണുന്നത്, സൃഷ്ടിപരമായാണ്.

‘‘നിന്റെ ചൂരലിൻ നീലപ്പാടുകൾ തിണർത്തതാണെന്റെ കൈപ്പടയിന്നും. നിന്റെ കോപത്തിൻ ലോഹലായിനിയെരിയുന്നുണ്ടെന്റെ തൊണ്ടയിലിന്നും.’’

പിതൃസ്മരണ മകന്റെ വർത്തമാനാനുഭവങ്ങളിലേക്കും തലമുറകളിലേക്കും നീളുന്നു.

‘‘കഷ്ടരാത്രികൾ, കാളച്ചോര കേഴുമീയോട- വക്കിൽ വേച്ചുപോം നഷ്ട നിദ്രകൾ, മുതുകെല്ലു പൊട്ടിയ നിരത്തിന്റെ മൂർച്ചകൾ, അത്താഴത്തിൽ- ക്കുഷ്​ഠരോഗത്തിൻ കുപ്പിച്ചില്ലുകൾ, ശിഖണ്ഡിയെ പ്പെറ്റ പേക്കിനാവിന്റെയീറ്റുനോവാറും മുമ്പേ പ്രജ്ഞയിൽ കാമാർത്തന്റെ വീർപ്പുകൾ'’

മകൻ നരകകാലത്തെ ഇങ്ങിനെ അടയാളപ്പെടുത്തുന്നു.

‘‘പട്ടി നക്കിയ പിണ്ഡം പോലെ പാഴാവുന്നച്ഛാ നിത്യവും ജന്മം, നരകാഗ്‌നിയെൻ പുരുഷാർത്ഥം’’ എന്ന് കവി പാപസങ്കീർത്തനം നടത്തുന്നു. പിതൃശ്രാദ്ധത്തിന്റെ അനുഷ്ഠാന സന്ദർഭത്തിൽ കവി ആവശ്യപ്പെടുന്നു;

‘‘...കെടാത്ത നിൻ പുത്രശോകത്തിൽച്ചുട്ട നാരായം നിറുകയിലാഴ്ത്തിയും ഞാൻ പാതാളത്തിലേക്കു പിരിയുമ്പോൾ തിരിച്ചെടുക്കുക എനിക്കിതിൽ നീക്കി വെച്ചൊരീയർത്ഥം, അക്ഷരം, ഭിക്ഷാപാത്രം’’

മകനെ ചൊല്ലിയാണ് അച്ഛന്റെ ദുഃഖം. അച്ഛനോട് നിറവേറ്റാത്ത കടമകളാണ് മകന്റെ ദുഃഖം. ഇവ സ്‌നേഹത്തിന്റെ മുറിവുകളാണ്. പിതൃക്കൾ ഭൂമിയിൽ തുടരുന്നത് അവർക്ക് ശ്രാദ്ധമോ, ശ്രദ്ധയോ, സംസ്‌ക്കാരമോ കിട്ടാത്തതുകൊണ്ടാണ്. ആ കടം നിലനിൽക്കുന്നിടത്തോളം അവർ തിരിച്ചുവന്നുകൊണ്ടിരിക്കും.

താതവാക്യം

ഈ കവിത പിതൃപ്രേതത്തിന്റെ മടക്കമാണ്. മകൻ അച്ഛനോട് വീടാത്ത കടമുണ്ട്.

‘‘ആയുസു തീർന്ന സമയത്തൊരു തുള്ളി വെള്ളം വായിൽ പകർന്നു തരുവാനാകാതെ പോയ നീയാണു മൂത്ത മകനെന്നതു കൊണ്ടു മാത്രം നീയാണെനിക്കു ഭുവനസ്മരണാവശിഷ്ടം.’’

‘പുത്’ എന്ന നരകത്തിൽ നിന്ന്​ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുത്രൻ കടമ നിറവേറ്റാത്തതു കൊണ്ട് അച്ഛന് മോക്ഷമില്ല. പ്രേതാത്മാവ് ഇഹത്തിനും പരത്തിനുമിടയിൽ, സാന്നിധ്യത്തിനും അസാന്നിധ്യത്തിനുമിടയിൽ, ഭവത്തിനും ശൂന്യത്തി നുമിടയിലാണ് നിലകൊള്ളുന്നത് ജന്മാന്തര ബന്ധത്തിന്റെ ചരട് അച്ഛൻ തന്നെ മുറിയ്ക്കുന്നു:

‘‘ഭാവിയ്ക്കയില്ല മകനെന്നിനി നിന്നെ ഞാനും തീവെച്ചു കൊള്ളുക പിതൃസ്മരണയ്ക്കു നീയും. നീ വെച്ച പിണ്ഡമൊരു നാളുമെനിക്കു വേണ്ട പോവുന്നു ഞാൻ, ഉദയമെന്നെ സഹിക്കയില്ല.’’

പക്ഷെ ആ ചരട് മുറിയില്ല. ഈ കവിത അച്ഛന് മോക്ഷപ്രദമായ തിലോദകമാണ്.

പിറക്കാത്ത മകന് എന്ന കവിത ഭ്രൂണഹത്യ ചെയ്ത മകനോടുള്ള പാപ സങ്കീർത്തനമാണ്. അത് അച്ഛന്റെ സ്വകാര്യ തിന്മയല്ല. ഘടനാപരമായ പാപമാണ്. സമൂഹവും കാലവും മകന് ജീവിക്കാൻ പറ്റാത്തത്ര ക്രൂരവും ഹിംസാത്മകവുമാണ്.

‘‘അത്രമേൽ ഞാൻ നിന്നെ സ്‌നേഹിക്കയാൽ വെറും ഹസ്ത ഭോഗങ്ങളിൽ പെണ്ണിന്റെ കണ്ണുനീ- രിറ്റു വീഴുന്ന വിഫല സംഗമങ്ങളിൽ സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.'’

തനതു കവിതകൾ

യാത്രാമൊഴി, പരീക്ഷ, തേർവാഴ്ച, കളിവിളക്ക്, പുനർജന്മം,ആൾമാറാട്ടം, ബലി എന്നിവയുടെ കെട്ടുമുറ നാടൻ വായ്ത്താരി വൃത്തങ്ങൾ, പ്രാദേശിക ഐതിഹ്യങ്ങൾ, നാടൻപദാവലി എന്നിവ വഴിയാണ്.

പാപ സങ്കീർത്തനം

പാപസങ്കീർത്തനം കുമ്പസാരമാണ്. മനുഷ്യരെ ജന്മനാ പാപികളായാണ് ക്രിസ്ത്യൻ സഭ കാണുന്നത്. സെൻറ്​ അഗസ്റ്റിനാണ് ക്രിസ്തുമതത്തിൽ പാപസങ്കൽപ്പം കൊണ്ടുവന്നത്. യേശു മനുഷ്യരെ പാപികളായി കരുതുന്നില്ല. വിശ്വാസിയുടെ ആന്തരിക ജീവിതത്തിൽ കൊളുത്തിട്ടു നിയന്ത്രിക്കാൻ ഈ രീതിയിൽ കഴിയുന്നു. കുമ്പസാരം തിന്മയെയും പാപത്തെയും വ്യക്തിയുടെ സ്വകാര്യത്തിലേക്ക് ചുരുക്കുന്നു. ഘടനാപരമായ തിന്മയെ മറച്ചുവെയ്ക്കുന്നു. എന്നാൽ ബാലചന്ദ്രന്റെ പാപസങ്കീർത്തനങ്ങൾ സ്വകാര്യ തിന്മയുടെ ഘടനാപരമായ തലത്തിലേക്ക് നയിക്കുന്നു. ലോകത്തിലെ തിന്മയിലെ പങ്കാളിത്തം വ്യക്തമാക്കുന്നു. അപരരോടുള്ള ഉത്തരവാദിത്തമായി ധർമത്തെ വീണ്ടെടുക്കുന്നു. ▮

സൂചിക: 1 . ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി.സി. ബുക്‌സ്- സെപ്തംബർ 2005.


കെ. രാജൻ

അധ്യാപകനും പത്രപ്രവർത്തകനുമായിരുന്നു. കൂട്ടുവഴി, വി.പി.ശിവകുമാർ, പ്രേതം, വില്ലൻ, സർപ്പസുന്ദരി - മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments