സ്ഥലവും കാലവും
മനുഷ്യർക്ക് ഇന്ദ്രിയങ്ങൾകൊണ്ട് അറിയാനാവുന്ന, പലതരം പ്രക്രിയകൾ കൂടിച്ചേർന്നുണ്ടാകുന്ന, മൂർത്തമായ പ്രതലമാണ് സ്ഥലം (space). ശരീരബദ്ധമാണ് സ്ഥലം. സ്ഥലം എന്ന് വിവക്ഷിക്കുന്ന ഈ പ്രതലത്തിന്റെ ഒരംശമാണ് നമ്മുടെ ഇന്ദ്രിയബദ്ധമായ ലോകങ്ങൾ; പുഴകൾ, കടലുകൾ, കാറ്റ്, മഴ, തീയ്യ്, ജന്തു - സസ്യജാലങ്ങൾ, മേഘങ്ങൾ എല്ലാം ശരീരബദ്ധമായ സ്ഥലാവിഷ്കാരങ്ങളാണ്. ആവിഷ്കാരം എന്നത് ഒരു സ്ഥലത്ത് പ്രകടമാകുന്നത്, നിലനിൽക്കുന്നത്, ഉള്ളത് എന്നർത്ഥം.
പൊഴിയുന്ന ഇലകൾ പദാർത്ഥം എന്നതിനൊപ്പം സ്ഥലങ്ങൾ കൂടിയാണ്. എല്ലാ പദാർത്ഥങ്ങളും അതേവിധം സ്ഥലത്തിന്റെ അംശങ്ങളാണ്. ഇല ഇല്ലാതാവുമ്പോൾ ആ സ്ഥലവും ഇല്ലാതാകുന്നു. ഇലയുടെ സ്ഥലം ചുറ്റുമുള്ള മറ്റിലകളുടെയോ ചില്ലകളുടെയോ വായുവിന്റെയോ വെളിച്ചത്തിന്റെയോ സ്ഥലശരീരത്തിന്റെ ഒരു ചെറിയ ഭാഗമായിരുന്നു. ഇല ഇല്ലാതാവുന്നതോടെ ചുറ്റുമുള്ള സ്ഥലങ്ങൾ ആ ഇടത്തേക്കു കൂടി വിസ്തരിക്കപ്പെടുന്നു, വിപുലീകരിക്കപ്പെടുന്നു.
ദ്രവിക്കുന്ന ചുള്ളിക്കമ്പുകൾ, പൊഴിയുന്ന ഇലകൾ, നീങ്ങുന്ന മേഘം, ഉറച്ചിരിക്കുന്ന പാറക്കല്ല്- ഇങ്ങനെ നാനാതരം പദാർത്ഥങ്ങൾ നമ്മുടെ ലോകത്തുണ്ട്. അവയ്ക്കിടയിൽ നാം മനുഷ്യരും. ഇതെല്ലാം വിവിധ തരത്തിൽ കാണപ്പെടുന്ന ഒരേ സ്ഥലമണ്ഡലമാണ്.
കാലം ഒരു സങ്കല്പമാണ്. കാലം അമൂർത്തമാണ്. അതിന് തുടക്കവസാനങ്ങളില്ല. ഭൗതികമായ ആകൃതികളില്ല. നിറങ്ങളില്ല. മണവും ചൂടു തണുപ്പുകളും ഇല്ല. അത് സങ്കല്പമാണ്, ഭാവനയാണ്. കഴിഞ്ഞകാലം, വരാനുള്ള കാലം, ഇപ്പോഴുള്ള കാലം- ഇതെല്ലാം സങ്കല്പത്തിന്റെ വിവിധ ഘട്ടങ്ങളാണ്, വിവിധ വിതാനങ്ങൾ. അത് ശരീരബദ്ധമല്ല. ഇന്ദ്രിയങ്ങൾ കൊണ്ട് കാലത്തെ അറിയാനാവില്ല, ഇന്ദ്രിയങ്ങൾ കൊണ്ട് കാലത്തെ അളക്കാനും ആവില്ല.

എന്നാൽ നമുക്ക് ഭൂതകാലവും ഭാവികാലവും സ്വപ്നകാലവും നടപ്പുകാലവും ഉണ്ട്. നമ്മുടെ കാലങ്ങൾ നമ്മുടെ ശരീരം കൊണ്ട് നാം ഓർമിക്കുന്ന, ഭാവന ചെയ്യുന്ന, കൽപ്പിക്കുന്ന ഒരു കാര്യമാണ്. ഓർമ്മ, ഒട്ടും സ്ഥലപരമല്ല. സ്ഥലത്തെക്കുറിച്ചുള്ള ഓർമ്മ പോലും കാലം എന്ന സങ്കൽപശരീരത്തിന്റെ ഭാഗമാണ്. വീടിനെക്കുറിച്ചുള്ള ഓർമ, ഒരാളെക്കുറിച്ചുള്ള ഓർമ്മ, ഒരു മരത്തെക്കുറിച്ചുള്ള ഓർമ്മ, ഒരു മരണത്തെക്കുറിച്ചുള്ള ഓർമ്മ, ഇതെല്ലാം ഏതെങ്കിലും വിധത്തിൽ സ്ഥലപരമായ ശരീരബദ്ധമായ നിലനിൽപ്പുകളെ പറ്റി തൽസമയമോ പിന്നീടോ ഓർമിക്കുന്നതാണ്, സങ്കൽപ്പിക്കുന്നതാണ്. ഒരാൾ മരിച്ചുപോകുന്നു. അയാളുടെ ശരീരം ഇല്ലാതാകുന്നു. അഥവാ ശരീരം അതിൻറെ തനിമൂലകങ്ങളിലേക്ക് പിൻവാങ്ങുന്നു. ഈ പിൻവാങ്ങൽ സൂക്ഷ്മസ്ഥലങ്ങളിലേക്കുള്ള പിൻവാങ്ങൽ കൂടിയാണ്. സ്ഥലപരമായി നാം മനസ്സിലാക്കിയ പദാർത്ഥം മറ്റുപദാർത്ഥങ്ങളിലേക്ക് മറ്റു സ്ഥലങ്ങളിലേക്ക് കലരുന്നു. അവയ്ക്കിടയിൽ മറയുന്നു. നമുക്ക് കണ്ടെത്താൻ കഴിയാത്ത വിധം അദൃശ്യമാകുന്നു. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് തിരിച്ചറിയാൻ പറ്റാത്ത വിധം മറ്റു പദാർത്ഥങ്ങൾക്കിടയിൽ, ബൃഹത്തായ ഒരു സ്ഥലരാശിക്ക് ഇടയിൽ, മറഞ്ഞുനിൽക്കുന്നു.
കവിത സ്ഥലമാണ്. കാലബദ്ധമായ കവിതകൾ പോലും സ്ഥലമാണ്. കവിത എന്ന രൂപത്തിനുള്ളിൽ ഘടിപ്പിക്കപ്പെട്ട അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ചിഹ്നങ്ങളും വിടവുകളും എല്ലാം ചേർന്നുള്ള പാഠരൂപം, ശരീരബദ്ധമാണ്, അതിനാൽ തന്നെ സ്ഥലപരമാണ്.
എന്നാൽ അവർ ജീവിച്ചിരുന്ന കാലം നമ്മുടെ കാലബോധത്തിന്റെ ഉള്ളിൽ തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. മരണം കൊണ്ടും അവർ മരിച്ചുപോകുന്നില്ല. മരണശേഷവും അവർ നമ്മെ സന്ദർശിക്കുന്നു. നാം അവരോട് മിണ്ടുന്നു. നാം അവരെക്കുറിച്ച് വിചാരിക്കുന്നു, കരയുന്നു. അതെല്ലാം അമൂർത്തമായ ഒരു പ്രതലത്തിൽ ആവിഷ്കരിക്കപ്പെടുന്ന സങ്കല്പങ്ങളാണ്. അത്തരം സങ്കല്പങ്ങൾ തീർച്ചയായും ശരീരബദ്ധമാണ്. എന്നാൽ ആ ശരീരബദ്ധത നമ്മുടെ ശരീരത്തിൽ ഒതുങ്ങിനിൽക്കുന്ന ശരീരബദ്ധതയാണ്. മരിച്ചുപോയ ആൾ ആ ശരീരബദ്ധതയിൽ നിന്ന് വിടുതൽ നേടിയിരിക്കുന്നു. സ്ഥലരാശിയിൽനിന്ന് കാലരാശിയിലേക്കുള്ള മാറ്റം എന്ന് ആ മരണത്തെ നമുക്ക് പറയാം.
ദ്രവിക്കുന്ന ചുള്ളിക്കമ്പുകൾ, പൊഴിയുന്ന ഇലകൾ, നീങ്ങുന്ന മേഘങ്ങൾ, അനങ്ങാതെ നിൽക്കുന്ന പാറക്കല്ല്, എല്ലാത്തിനെയും നോക്കൂ. അവയെല്ലാം ശരീരബദ്ധമാണ്. എന്നാൽ അവയെല്ലാം നിശ്ചലമാണ് എന്നു പറയാൻ വയ്യ. അവയെല്ലാം അവയുടെതായ ശരീരചലനങ്ങളിലാണ്. ശരീരചലനങ്ങൾ ബൃഹത്തായ ഒരു പ്രക്രിയയുടെ ഭാഗമാണ്. അല്ലെങ്കിൽ പലതരം പ്രക്രിയകളുടെ സമാഹാരമാണ്. ദ്രവിക്കുക എന്നത് ചുള്ളിക്കമ്പുകളുടെ ശാരീരികതയാണ്. പൊഴിയുക എന്നത് ഇലകളുടെയും നീങ്ങുക എന്നത് മേഘങ്ങളുടെയും നിശ്ചലമായി തോന്നിക്കുക എന്നത് പാറക്കല്ലുകളുടെയും ശരീരബദ്ധതയാണ്. ശരീരബദ്ധമായ ആവിഷ്കാരമാണ്.

ഇപ്പോൾ പെയ്യുന്ന മഴയിൽ നമുക്ക് നമ്മുടെ ശരീരം ആവിഷ്കരിക്കാനാവും. നമുക്ക് മഴയെ തിരിച്ചറിയാനാവും. മഴയിൽ ആയിരിക്കാനാവുന്നു. എന്നാൽ ഇന്നലത്തെ മഴയിൽ നമുക്ക് ഇപ്പോൾ ആയിരിക്കാനാവില്ല. നാളെ പെയ്തേക്കാവുന്ന മഴയിലും ഇപ്പോൾ ആയിരിക്കാൻ ആവില്ല. ഭൂതകാലവും ഭാവികാലവും കാലങ്ങൾ ആയതിനാൽ ആ കാലത്തിനുള്ളിലെ പദാർത്ഥങ്ങൾ സ്ഥലപരമല്ല, കാലപരമാണ്. ഇന്നലത്തെ മഴ ഇപ്പോൾ ഒരു സങ്കല്പം മാത്രമാണ്. അതിന്റെ അനുഭവം, ഓർമ്മ ആ സങ്കല്പത്തെ നമ്മുടെ ശരീരവുമായി ബന്ധിപ്പിക്കുന്നു. സങ്കല്പം, ഭാവന, വിചാരം എന്നത് അമൂർത്തതയെ മൂർത്തതയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണ്. കാലപരതയെ സ്ഥലപരമായ, ശരീരപരമായ പ്രതലവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണ്.
എല്ലാ ശാരീരിക പ്രക്രിയകളെയും പോലെ വായന, സങ്കല്പങ്ങളെയും കാലബോധത്തെയും ശരീരത്തോട് ചേർത്തുവയ്ക്കുന്നുണ്ട്.
കവിത സ്ഥലമാണ്. കാലബദ്ധമായ കവിതകൾ പോലും സ്ഥലമാണ്. കവിത എന്ന രൂപത്തിനുള്ളിൽ ഘടിപ്പിക്കപ്പെട്ട അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ചിഹ്നങ്ങളും വിടവുകളും എല്ലാം ചേർന്നുള്ള പാഠരൂപം, ശരീരബദ്ധമാണ്, അതിനാൽ തന്നെ സ്ഥലപരമാണ്. കവിതയ്ക്കുള്ളിൽ എഴുതപ്പെട്ട, സങ്കൽപ്പിക്കപ്പെട്ട, രൂപകൽപ്പന ചെയ്യപ്പെട്ട, ആശയലോകങ്ങൾ കാലത്തിൽ ബന്ധിതമായ, സങ്കൽപ്പബദ്ധമായ, ഒന്നായിരിക്കുമ്പോഴും കവിതയുടെ വായന തികച്ചും സ്ഥലപരമായിരിക്കുന്നു, ശാരീരികമായിരിക്കുന്നു. ഈ പാഠത്തിലെ ഓരോ മൂലകങ്ങളും പ്രധാനമാണ്. തെറ്റി വായിക്കുന്ന അക്ഷരം പോലും കവിതയെ ഒരു പുതിയ ശാരീരികാനുഭവമാക്കി മാറ്റുന്നു. വായിക്കുന്ന നേരത്ത് മാത്രമാണ് അത് കവിതാനുഭവം ആയിരിക്കുന്നത്. അല്ലാത്ത സമയത്ത് അത് ഒരു രൂപം, ആകൃതി, വായനയ്ക്ക് പുറത്തുള്ള ഒരു പദാർത്ഥം, മാത്രമാണ്.
വായന ശാരീരിക പ്രക്രിയയാണ്. എല്ലാ ശാരീരിക പ്രക്രിയകളെയും പോലെ വായന, സങ്കല്പങ്ങളെയും കാലബോധത്തെയും ശരീരത്തോട് ചേർത്തുവയ്ക്കുന്നുണ്ട്. എല്ലായിപ്പോഴും വായന ഇങ്ങനെ കാലബോധത്തെ, സങ്കല്പത്തെ, ചേർത്തു പിടിക്കണം എന്നില്ല. ഒരു വാക്ക് എഴുതപ്പെട്ട അതിന്റെ ആകൃതികൊണ്ടോ ഉച്ചരിക്കപ്പെട്ട അതിന്റെ ശബ്ദം കൊണ്ടോ കവിതയായിത്തീരുന്നു. അവിടെ കവിത അതിന്റെ ശാരീരികതയെ തിരിച്ചുപിടിക്കുന്നു. ഇങ്ങനെ ശരീരബദ്ധമായ ഓരോ കവിതയും സ്ഥലപരമാണ്.
എഴുതപ്പെട്ട, കൊത്തിയുണ്ടാക്കപ്പെട്ട, തുന്നിച്ചേർക്കപ്പെട്ട ഓരോ ലിപിയും കവിതയാണ്. ഉച്ചരിക്കപ്പെട്ട ഓരോ ശബ്ദവും കവിതയാണ്. പ്രകടിപ്പിക്കപ്പെട്ട ഓരോ ശരീരചലനവും കവിതയാണ്. വളരുന്ന ഓരോ കോശവും, ദ്രവിക്കുന്ന ഓരോ പദാർത്ഥവും, നിശ്ചലമായ ഓരോ തടാകവും കവിതയാണ്. അതിനാൽ ഓരോ കവിതയും ശരീരബദ്ധവും സ്ഥലബദ്ധവും ആണ്. എഴുതിയ, ഉച്ചരിച്ച, കൊത്തിയുണ്ടാക്കിയ, നടിച്ച, മനുഷ്യരെല്ലാം വിഘടിച്ചുപോയാലും കവിത മറ്റൊരു രൂപത്തിൽ തുടരുന്നു. കാലത്തിൽനിന്ന്, സങ്കൽപ്പത്തിൽനിന്ന് വിട്ടുനിൽക്കുന്നു.

കല്ലും ചിറകും
വാക്കുകൾക്ക് അതിർത്തികളുണ്ടോ? വസ്തുക്കൾക്ക് അതിർത്തികളുണ്ടോ? ഒരു വാക്ക്, ഒരു ശബ്ദം, അത് ഉണ്ടായിവന്നിട്ടുള്ള കാലം- അതിന് നിയതമായ ഒരു അതിര്, പരിധി ഉണ്ടോ? ഒരു വാക്കിന് എല്ലാ കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും ഒരു അർത്ഥമാണോ ഉള്ളത്? വാക്ക് ഖരാവസ്ഥയിലുള്ള ഒരു പദാർത്ഥമല്ല. വാക്കുകൾ ദ്രവരൂപിയാണ്. അവ ഒരിടത്തും കൃത്യമായ ഒരു അതിർത്തി, ആകൃതി, അർത്ഥം, സൂക്ഷിക്കുന്നില്ല.
ഒരു വാക്കിന് ഓരോ കാലത്തും ഓരോ സ്ഥലത്തും ഓരോ അർത്ഥങ്ങളാണ്, ഉണ്ടായിരുന്നത്. വസ്തുക്കൾക്ക് വാക്കുകളെപ്പോലെ അർത്ഥങ്ങൾ ഉണ്ടോ? വസ്തുക്കൾക്ക് വാക്കുകളെപ്പോലെ അർത്ഥഭേദങ്ങൾ ഉണ്ടോ? വസ്തുക്കൾക്ക് വാക്കുകളെപ്പോലെ ഓരോ കാലത്തും സ്ഥലത്തും രൂപപ്പെടുന്ന ആകൃതികളുണ്ടോ? വസ്തുക്കൾക്ക് ഖരരൂപമോ ദ്രവരൂപമോ? വസ്തുക്കൾക്ക് ജനന മരണങ്ങൾ ഉണ്ടോ? വസ്തുക്കൾക്ക് വാക്കുകൾ ഉണ്ടോ? വസ്തുക്കൾക്ക് ശബ്ദവും അർത്ഥവും ഉണ്ടോ? വസ്തുക്കൾ ഒരു ഭാഷയാണോ? വാക്ക് എപ്പോഴെങ്കിലും വസ്തുവായി പരിണമിക്കുന്നുണ്ടോ? വസ്തു എപ്പോഴെങ്കിലും വാക്കായി പരിണമിക്കുന്നുണ്ടോ?
ഉണ്ട്, തീർച്ചയായും.
വസ്തുക്കളുടെ ലോകം മനുഷ്യർ കണ്ടെത്തുന്ന ലോകമാണ്. കണ്ടെത്തൽ അഥവാ തിരിച്ചറിയൽ അവയെ മനുഷ്യസംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നു. അതിനാൽ വസ്തുലോകങ്ങൾ ഭാഷയുടെയും ഭാവനയുടെയും ലോകം കൂടിയാണ്.
ചിത്രം -1 നോക്കൂ. ഒരു ശലഭത്തിന്റെ പാതിച്ചിറക്, ഒരു കല്ല്. പാതി ചിറകും ഒരു കല്ലും ചേർന്ന് ഇരുചിറകുകളായി മാറുന്നു. ഒരു കല്ല് ഇപ്പോൾ ഒരു ചിറക്. ചിറക്, ശലഭമാണ്. കല്ല് ഇപ്പോൾ ശലഭമാണ്. അല്ലെങ്കിൽ പാതി ശലഭമാണ്. ശലഭം മരിച്ചുകഴിഞ്ഞ ഒരു പ്രാണിയാണ്. ശരീരത്തിൽ നിന്നും വേർപെട്ടുപോയ വെറും ചിറകുകളാണ്. ഈ കല്ല് ഇപ്പോൾ, അതിനാൽ, ശലഭത്തിന്റെ മരണമാണ്. ശലഭത്തിന്റെ ഉടലിൽ നിന്നുള്ള വേർപെടലാണ്. കല്ല് നശ്വരതയെക്കുറിച്ച് മിണ്ടുന്നു, ശലഭത്തിന്റെ ഒരു ചിറക് മിണ്ടുന്നതുപോലെത്തന്നെ. കല്ല് അനശ്വരതയെക്കുറിച്ചും മിണ്ടുന്നു, ശലഭത്തിന്റെ ഒരു ചിറക് അനശ്വരതയെക്കുറിച്ച് മിണ്ടുന്നതുപോലെത്തന്നെ.
കല്ലും ചിറകും തമ്മിൽതമ്മിൽ കലർന്ന് ഒരു ശലഭത്തിന്റെ ആകൃതി ഉണ്ടാക്കിയിരിക്കുന്നു. കല്ലുകൊണ്ടുള്ള ഒരു ശലഭത്തിന് നഷ്ടപ്പെട്ടുപോയ ഒരു ചിറകിനുപകരം നാം ഒരു വർണ്ണച്ചിറക് തുന്നി വെച്ചതുപോലെ എന്നു തോന്നുന്നു. കല്ലാണ് ശരിക്കുള്ള ശലഭച്ചിറക് എന്ന് തോന്നുന്നു. കല്ലുകൊണ്ടുള്ള ഒരു പ്രാണിയാണ് ശലഭം എന്നും നമുക്ക് തോന്നുന്നു. ഈ തോന്നലാണ് നമ്മുടെ, മനുഷ്യരുടെ, ഭാഷ. ഈ തോന്നലിനെ സങ്കല്പം എന്നും ഭാവന എന്നും സ്വപ്നം എന്നും കവിത എന്നും പലവിധം പറയുന്നു. കല്ല് കല്ലായിരിക്കുമ്പോഴും കല്ല് ആവാതിരിക്കുന്നു. നാം അതിൽ നിറങ്ങൾ, സുതാര്യമായ ഞരമ്പുകൾ കാണുന്നു. വസ്തു, പലതരം വാക്കുകളായി, വാക്കുകൾ പലതരം വസ്തുക്കളായി അല്ലെങ്കിൽ അവസ്ഥകളായി നിരന്തരം പരസ്പരം പകരുന്നു, കലരുന്നു. കല്ല് എപ്പോഴും കല്ലല്ല. കല്ല് എപ്പോഴും ശലഭച്ചിറകുമല്ല. ശലഭം എപ്പോഴും ശലഭമല്ല. ശലഭച്ചിറക് എപ്പോഴും കല്ലുമല്ല. നിറമില്ലാതെയും നിറമുണ്ട്. അനശ്വരത അഥവാ eternity എന്ന വാക്ക് കല്ലിൽ നിന്നാണോ ഉണ്ടായത്, ഈ ശലഭച്ചിറകിൽ നിന്നാണോ ഉണ്ടായത്?

ഖരരൂപത്തിലുള്ള, ദൃഢമായ, മനുഷ്യർക്ക് ഗണിക്കാവുന്ന ആയുഷ്കാലത്തിനും അപ്പുറത്ത് വർത്തിക്കുന്ന, കല്ലിൽനിന്നാണ് അനശ്വരത ഉണ്ടായത് എന്ന് ഒരുപക്ഷേ കരുതിയേക്കാം. കല്ലിൽ കൊത്തിവച്ച ശില്പങ്ങൾ, വാസ്തുശിൽപ്പങ്ങൾ ഒക്കെ ചരിത്രത്തിൽ എമ്പാടും അങ്ങനെയാണ് നമ്മോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് ഓരോ കാലത്തും ആ കാലത്തിന്റെ അധികാരം കല്ലിൽ എഴുതിയും കൊത്തിയും കടന്നുപോയത്. താരതമ്യേന ദുർബലമായ ശലഭങ്ങൾ അവയുടെ ചിറകുകൾ, ശരീരം, നാഴികകളോ ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ഈ മണ്ണിൽ ഉപേക്ഷിച്ച് കടന്നുപോയി. നമ്മുടെ നോക്കിൽ അത് അതീവ ഹ്രസ്വമായ ഒരു ആയുഷ്കാലം. ഒട്ടും അനശ്വരമല്ലാത്ത കാലം. എന്നാൽ പ്രാണികളുടെ കാലബോധത്തിനുള്ളിൽ ശലഭം അനശ്വരമായ ഒരായുഷ്കാലം പൂർത്തിയാക്കുന്നു. ജീവിതത്തിൽ സാധ്യമായതിന്റെ പരമാവധി അവ ആവിഷ്കരിക്കാൻ ശ്രമിക്കുന്നു. മനുഷ്യരുടെ കാലം കൊണ്ട് പുഴുക്കളുടെ കാലത്തെ അളക്കുവാൻ കഴിയുകയില്ല. മനുഷ്യരുടെ അനശ്വരത കൊണ്ട് പുഴുക്കളുടെ അനശ്വരതയെ അളക്കുവാൻ കഴിയുകയില്ല. കല്ല് അനശ്വരമല്ല. ശൂന്യവും നിറഞ്ഞതും നിഗൂഢവും തുറന്നതും ആയ പ്രപഞ്ചാകാശത്തിൽ കല്ല് ഏറ്റവും നശ്വരമായ ഒരു പദാർത്ഥമാണ്. ഭൂമിയുടെ കാലബോധത്തിൽ കല്ല്, ഏറ്റവും ഹ്രസ്വമായ ഒരു ജീവകാലമാണ്. നോക്കൂ, കല്ല് അനശ്വരതയുടെ ആകൃതിയല്ല.
പദാർത്ഥവും കവിതയും
വസ്തു, പദാർത്ഥം എന്നീ പദങ്ങൾ സാമാന്യമായി ഒരേ അർത്ഥം ഉല്പാദിപ്പിക്കുന്നവയാണ്. എന്താണ് ഒരു വസ്തു? അല്ലെങ്കിൽ എന്താണ് ഒരു പദാർത്ഥം? നമുക്ക് കാണാനാവുന്ന, തൊട്ടുനോക്കാനാവുന്ന, ഇന്ദ്രിയങ്ങളാൽ അറിയാനാവുന്ന (tangible), മൂർത്തമായ സംഗതികളെയാണ് വസ്തു, പദാർത്ഥം എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് നമ്മുടെ ഭാഷയിൽ നാം ഇതുവരെ രേഖപ്പെടുത്തിവന്നിട്ടുള്ളത്. എന്നാൽ സൂക്ഷ്മാർത്ഥത്തിൽ വസ്തുക്കളുടെയും പദാർത്ഥങ്ങളുടെയും ലോകങ്ങൾ വിഭിന്നമാണ് എന്നു കാണാം.
ഭാഷയിൽ രൂപപ്പെടുന്ന കവിതയ്ക്ക് നിൽക്കാൻ ഒരിടം വേണമെന്നില്ല. അത് പ്രാഥമികമായിത്തന്നെ പദാർത്ഥങ്ങളിൽനിന്ന്, അതിനാൽ സ്ഥലങ്ങളിൽനിന്നും അകന്നുകഴിഞ്ഞു.
വസ്തുക്കളുടെ ലോകം (മനുഷ്യ) സംസ്കാരത്തിന്റെ അകത്ത് പ്രവർത്തിക്കുന്ന ഒരു രൂപസഞ്ചയമാണ്. വസ്തുലോകത്തിൽ ഉദ്ദേശ്യം, ആകൃതി, പ്രയോഗം, പ്രത്യക്ഷമായ ഗുണവിശേഷങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. മറിച്ച് പദാർത്ഥം എന്നത് സൂക്ഷ്മതലത്തിലുള്ളതും മനുഷ്യേതരമായ ഘടനകളും പ്രക്രിയകളും പരിണാമചരിത്രങ്ങളും ഉള്ളടങ്ങിയതും അതിനാൽത്തന്നെ പൂർണമായും നമുക്ക് തിരിച്ചറിയാനോ വേർതിരിച്ചെടുക്കാനോ കഴിയാത്തതുമായ മറ്റൊരു മൂർത്തപ്രപഞ്ചമാണ്.
വസ്തുക്കളുടെ ലോകം മനുഷ്യർ കണ്ടെത്തുന്ന ലോകമാണ്. കണ്ടെത്തൽ അഥവാ തിരിച്ചറിയൽ അവയെ മനുഷ്യസംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നു. അതിനാൽ വസ്തുലോകങ്ങൾ ഭാഷയുടെയും ഭാവനയുടെയും ലോകം കൂടിയാണ്. സംസ്കാരത്തിന്റെ ഭാഗമാവാത്ത ലോകം പദാർത്ഥലോകമാണ്. ഒരു മരത്തെ വസ്തുലോകത്തിന്റെ ഭാഗമായി നാം കാണുന്നു. നമ്മുടെ സംസ്കാരത്തിനുള്ളിൽ, നമ്മുടെ ഭാഷയുടെ ഉള്ളിൽ, നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഉള്ളിൽ, നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി ആ വസ്തു നിലനിൽക്കുന്നു. അതേസമയം, ആ മരത്തിന് മനുഷ്യേതരമായ (non-human), സംസ്കാരേതരമായ (non-cultural) ഒരു ഉൺമ (being) നിലനിൽക്കുന്നുണ്ട്. അത് വർത്തിക്കുന്നത് പദാർത്ഥങ്ങൾ ഓരോന്നും പരസ്പരം കൂടിച്ചേർന്നു നിർമ്മിക്കുന്ന പദാർത്ഥങ്ങളുടെ പ്രാപഞ്ചികതയിലാണ് (cosmology of material).
പദാർത്ഥലോകത്തിന് അതിന്റേതായ ഉൺമയും അതിൻ്റേതായ പരിണാമചരിത്രവും അതിന്റേതായ സ്ഥല- കാലങ്ങളും ഉണ്ട്. ഇങ്ങനെ, നമുക്കുള്ളിലും നമുക്കു പുറത്തുമുള്ള പ്രപഞ്ചത്തിലെ ഏതൊരു പദാർത്ഥത്തെയും അല്ലെങ്കിൽ വസ്തുവിനെയും സംസ്കാരത്തിനുള്ളിൽ വർത്തിക്കുന്ന വസ്തുവായും (object) സംസ്കാരത്തിനു പുറത്തു വർത്തിക്കുന്ന പദാർത്ഥമായും (material) കാണാനാവും. വസ്തുലോകം എല്ലായ്പ്പോഴും സംസ്കാരത്തിന്റെ വിഭിന്നമായ പ്രതലങ്ങളുമായി പ്രതിപ്രവർത്തിച്ചു കൊണ്ടിരിക്കും. ഏതൊരു വസ്തുവും മനുഷ്യരുടെ കൂട്ടായതോ വൈയക്തികമായതോ ആയ ഓർമ്മകൾ, ഭാഷകൾ, പ്രവൃത്തികൾ, സ്ഥല- കാലസങ്കൽപങ്ങൾ, ചരിത്രങ്ങൾ, എന്നിവയുമായി ഏതെങ്കിലും വിധത്തിൽ പൊരുത്തപ്പെട്ടു പോകുന്നവയായിരിക്കും. കാലത്തിന്റെയും സ്ഥലത്തിന്റെയും രേഖീയമായ ഒരു മനുഷ്യചരിത്രത്തിനുള്ളിലാണ് അത് സാധ്യമാകുന്നത്.

എന്നാൽ പദാർത്ഥലോകം എപ്പോഴും മനുഷ്യഭാഷയുടെയോ മനുഷ്യനിർമ്മിതമായ സ്ഥലകാലങ്ങളുടെയോ (spatial and temporal) രേഖീയമായ ചരിത്രത്തിനു പുറത്താണ് സ്ഥിതിചെയ്യുന്നത്.
പദാർത്ഥം എല്ലായ്പോഴും സ്ഥലബന്ധിതമാണ്. പദാർത്ഥത്തിന് നിൽക്കാൻ, ആയിരിക്കാൻ, ഒരു ഇടം ആവശ്യമാണ്. ആകാശഗോളങ്ങൾ, നക്ഷത്രങ്ങൾ, വായുമണ്ഡലം, സമുദ്രജലം, പ്രകാശം, എന്നിവ തന്നെയും അതിനേക്കാൾ ബൃഹത്തായ മറ്റൊരു പ്രാപഞ്ചികയിടത്തിലാണ് വർത്തിക്കുന്നത്. അങ്ങനെ വരുമ്പോൾ പ്രപഞ്ചമൊട്ടാകെ ഒരു സ്ഥലമായി, ഇടമായി കാണാം. അങ്ങനെ ഓരോ പദാർത്ഥവും അതാതിന്റെ പ്രപഞ്ചങ്ങൾക്കുള്ളിൽ ആയിരിക്കുന്നു. അവയാകട്ടെ ഒന്നു മറ്റൊന്നിനോട് കണ്ണിചേർന്നുമിരിക്കുന്നു.
ഭാഷയിൽ രൂപപ്പെടുന്ന കവിതയ്ക്ക് നിൽക്കാൻ ഒരിടം വേണമെന്നില്ല. അത് പ്രാഥമികമായിത്തന്നെ പദാർത്ഥങ്ങളിൽനിന്ന്, അതിനാൽ സ്ഥലങ്ങളിൽനിന്നും അകന്നുകഴിഞ്ഞു. തീ എന്ന ശബ്ദം തീ അല്ല. തീയിൽനിന്നുള്ള ഒരു അകലത്തെ സൂചിപ്പിക്കുന്ന ഒരു ശബ്ദമാണത്. വെള്ളം എന്ന വാക്ക് വെള്ളമല്ല. വെള്ളത്തിൽനിന്ന് വേർപെട്ട ഒന്നാണ്. എന്നാൽ തീയും വെള്ളവും അതുപോലെയുള്ള മറ്റ് പദങ്ങളും (ശബ്ദങ്ങളും) അതാതിന്റെ ഉറവിടങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. പദാർത്ഥം സ്ഥലബദ്ധമായിരിക്കയാൽ പദാർത്ഥകവിതയും സ്ഥലബദ്ധമായിരിക്കുന്നു. പദാർത്ഥകവിത നിൽക്കാൻ ഒരിടം ആവശ്യപ്പെടുന്നു. മൂർത്തമാണ് അതിന്റെ പ്രത്യക്ഷപ്പെടൽ. പദാർത്ഥം അതായിത്തന്നെ കവിതയിൽ, കവിതയുടെ ഇടത്ത് വർത്തിക്കുന്നു.
സ്ഥലം, കാലം എന്നിവ എപ്പോഴും ഇരട്ടകളായി നാം വ്യവഹരിച്ചുപോരുന്ന സങ്കല്പങ്ങളാണ്. ഭാഷ അതിന്റെ മൂലത്തിൽത്തന്നെ സ്ഥലത്തിൽനിന്നുള്ള വേർപെടലും കാലത്തിനുള്ളിൽ ആയിരിക്കലും ആണ്. പക്ഷേ പദാർത്ഥം പദാർത്ഥകവിത ഉണ്ടാകുന്നതിനുമുമ്പും പദാർത്ഥ കവിതയായിരിക്കുമ്പോഴും പദാർത്ഥകവിത ഇല്ലാതായിക്കഴിഞ്ഞതിനുശേഷവും സ്ഥലത്തിൽ ബന്ധിതമായിരിക്കുന്നു.
കവിത; ഭാഷയിൽ, അതിനാൽ സംസ്കാരത്തിനുള്ളിൽ, മാത്രം സാദ്ധ്യമായ ഒരു നിർമ്മിതരൂപമാണ്. എന്നാൽ പദാർത്ഥകവിത സംസ്കാരത്തിന്റെ വസ്തുലോകത്തിനും മനുഷ്യേതരമായ പദാർത്ഥലോകത്തിനും ഇടയിലാണ് രൂപം കൊള്ളുന്നത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ പദാർത്ഥത്തിനും പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ആയിരിക്കാനുള്ള, അതിന്റെ ഉണ്മയെ കണ്ടെത്താനുള്ള ഒരു ഇടം / സ്ഥലം ആവശ്യമാണ്. അങ്ങനെ ഉണ്ടായിരിക്കുന്ന ഒരു പദാർത്ഥത്തെ നാം സവിശേഷമായി നോക്കിക്കാണുമ്പോൾ ഒരുപക്ഷേ നമുക്ക് അതിനെ മനുഷ്യരുടെ സംസ്കാരത്തിൽ ഘടിപ്പിക്കാൻ കഴിയും.
ഉദാഹരണത്തിന്; ഈ മരത്തിന്റെ ചില്ലയിൽ കൂടുവച്ചു പാർക്കുന്ന ഒരു കിളി കുറച്ചുനാൾ മുമ്പ് അവിടെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അത് അവിടെ ഉണ്ട്. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ അത് അവിടം വിട്ടുപോകും. നാം കിളിയെ നമ്മുടേതായ ഒരു കാല (time) ത്തിനുള്ളിൽവച്ച് കണ്ടെത്തുകയും കാലത്തിനുള്ളിൽവച്ച് അതിനെ മനസ്സിലാക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ മനുഷ്യരുടെ ഈ കാലഗണനയ്ക്കുള്ളിലല്ല, പുറത്താണ് കിളിയും അത് കൂടുവച്ച് പാർത്ത ചില്ലയും ആ മരവും അതിന്റെ ചുറ്റുപാടുകളും വർത്തിച്ചുപോന്നത്. ഭാഷയിൽ നിന്ന് വ്യത്യസ്തമായി പദാർത്ഥങ്ങൾക്കുള്ള ഒരു സവിശേഷതയാണ് കാലത്തിനു പുറത്ത് ആയിരിക്കൽ.

കവിത; ഭാഷയിൽ, അതിനാൽ സംസ്കാരത്തിനുള്ളിൽ, മാത്രം സാദ്ധ്യമായ ഒരു നിർമ്മിതരൂപമാണ്. എന്നാൽ പദാർത്ഥകവിത (material poetry) സംസ്കാരത്തിന്റെ വസ്തുലോകത്തിനും മനുഷ്യേതരമായ പദാർത്ഥലോകത്തിനും ഇടയിലാണ് രൂപം കൊള്ളുന്നത്. ഒരേസമയം അത് ഭാഷയുടെ വ്യവസ്ഥയോടും ഭാഷേതരമായ വ്യവസ്ഥയോടും വിനിമയത്തിലേർപ്പെടുന്നു. സംസ്കാരത്തിന്റെ ചരിത്രത്തോടും പ്രാകൃതികതയുടെ ചരിത്രത്തോടും ഇടപെടുന്നു. ഒരു പദാർത്ഥ കവിത (material poem) നാം വായിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ നമ്മുടെ ഭാഷകൾക്കും ജ്ഞാനപദ്ധതികൾക്കും നിയന്ത്രണാധികാരങ്ങൾക്കും ഉള്ളിലും അവയ്ക്കു പുറത്തുള്ള പ്രാകൃതികമായ ഒരു രൂപകല്പനയ്ക്കകത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതായത് ഒരു പദാർത്ഥകവിത ഒരേ സമയം മാനുഷികവും മനുഷ്യാതീതവും ആയിരിക്കുന്നു.
പ്രപഞ്ചത്തിലെ ഏതൊരു പദാർത്ഥവും അതിൻ്റേതായ സൂക്ഷ്മചലനങ്ങളിലാണ് തുടരുന്നത്. ആന്തരികമായ പ്രേരണകൾക്കൊപ്പം ബാഹ്യപ്രേരണകളാലും അവ സ്ഥലത്തിൽ സഞ്ചരിക്കുന്നു. പദാർത്ഥകവിത അതിനാൽ നമ്മുടെ കാണലിനും വായനയ്ക്കുമപ്പുറം ചലനാത്മകമായ ഒരു നൈരന്തര്യമാണ്.
അത് കാലത്തിനുള്ളിൽ ഒരിക്കലും സൂക്ഷിക്കപ്പെടുകയില്ല. പദാർത്ഥകവിത നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോൾത്തന്നെ വിഘടിക്കുകയും വേർപിരിയുകയും പെറ്റുപെരുകുകയും വളരുകയും അഴുകുകയും അലിയുകയും ദ്രവിക്കുകയും മായുകയും ചെയ്യുന്നു.
▮
അധിക വായനയ്ക്ക്:
1. Humphrey, Nicholas, 2024,Sentience, Oxford University press,uk.
2. Harman, Graham, 2020, Art Objects, polity press, uk.
3. Harman, Graham, 2018, Object- oriented-Ontology A new theory of Everything,Pelican books, uk.
4. Morton, Timothy, 2018, Being Ecological,Pelican books, uk.
5. Rovelli, Carlo, 2019,The order of time, Penguin,uk.
