ഇപ്പോൾ ആൾക്കൂട്ടം എവിടെ, വ്യക്തി എവിടെ? സമൂഹം തന്നെ ശത്രുവായിരിക്കുന്നു

ആശയങ്ങളുടെ ധാരാളിത്തം താങ്കളുടെ രചനകളുടെ സർഗ്ഗാത്മക സ്വഭാവത്തെ പ്രശ്‌നവത്കരിക്കുന്നു എന്ന് പറഞ്ഞാൽ ? ആശയങ്ങളില്ലാതെ വെറും കഥയായി എന്തെങ്കിലും എഴുതണം എന്ന് എനിക്ക് തോന്നിയിട്ടില്ല. ആശയങ്ങളില്ലാതെ ഒന്നും എഴുതാൻ തോന്നിയിട്ടില്ല.

ചിന്തിക്കാനും അസ്വസ്ഥമാവാനും കഴിയുന്ന ഒരാൾക്കേ ആൾക്കൂട്ടത്തെ മനസ്സിലാക്കാനാവൂ; ആൾക്കൂട്ടത്തെ കണ്ടെത്താനാവൂ. ആൾക്കൂട്ടം എന്ന നോവലിലൂടെയാണ് സച്ചിദാനന്ദൻ എന്നയാൾ ആനന്ദ് എന്ന എഴുത്തുകാരനാവുന്നത് - അങ്ങ് - 1970-ൽ.

ഇന്ത്യയെന്ന വലിയ ആശയത്തെയും അതിന്റെ ചരിത്രത്തെയും ആഴത്തിൽ ഉൾക്കൊള്ളുക എന്ന വലിയ ദൗത്യമാണ് ആനന്ദ് അന്നു മുതൽ ഏറ്റെടുത്തത്. നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാരം മുകളിൽ നിന്നും കോടിക്കണക്കിനു മനുഷ്യരുടെ സമ്മർദ്ദം അരികുകളിൽ നിന്നും ഏറ്റുകൊണ്ട് ഫോസിലുകളായിപ്പോയ ആൾക്കൂട്ടത്തെപ്പറ്റിയാണ് അയാൾ സംസാരിച്ചത്. അയാളെ വായിച്ച ഓരോരുത്തരും സ്വയം തിരിച്ചറിയാൻ വിധിക്കപ്പെടുകയായിരുന്നു. അവരുടെ സ്വസ്ഥതകളെ അയാൾ ഇല്ലാതാക്കി. ചിന്തകളെ അയാൾ കലുഷിതമാക്കി. നീതിബോധത്തിന്റെ അസാധാരണ വിസ്‌ഫോടനം കണ്ട് അവർ അമ്പരന്നു. ആനന്ദ് പുതിയൊരു രാഷ്ട്രീയ ബോധം എഴുത്തിൽ സൃഷ്ടിച്ചു. ആനന്ദ് ഒരു സർഗ്ഗാത്മക വിപ്ലവം ഒറ്റയ്ക്ക് നയിച്ച എഴുത്തുകാരനാണ്. ഇന്ത്യയുടെ എഴുത്തുകാരൻ. ഇന്ത്യക്കാരുടെ വേദനകളാണ് ആ വിപ്ലവം പുറത്തെടുത്തിട്ടത്. അതിനിനി മുന്നോട്ട് പോകാൻ പുതിയ നായകരുണ്ടാവണം. അതാണ് കാലം ആവശ്യപ്പെടുന്നത്. അതിനായി ആനന്ദിനെ അറിയണം. ആനന്ദിനെ അറിയുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

ആനന്ദ്
ആനന്ദ്

കോവിഡ് കാലത്ത് ഞാൻ മൂന്നു തവണ ആനന്ദുമായി ഫോണിൽ സംസാരിച്ചിരുന്നു. മനുഷ്യർ വന്നുപെട്ടിരിക്കുന്ന വിചിത്രമായ അവസ്ഥയെപ്പറ്റിയുള്ള അസ്വസ്ഥതകളാണ് ആ കൊച്ചു സംഭാഷണങ്ങളിലാകെ നിഴലിച്ചത്. ചെറിയ ചെറിയ കുറേ സന്ദേഹങ്ങൾ ... കുറെ നിശ്ശബ്ദതകൾ .. വീണ്ടും ചില നിരീക്ഷണങ്ങൾ. ചരിത്രത്തിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ ... എല്ലാ സംഭാഷണങ്ങളിലും വല്ലാത്തൊരുത്സാഹക്കുറവ്. പുതിയ അവസ്ഥയെപ്പറ്റിയുള്ള ചിന്തകളൊക്കെ എഴുതണമെന്ന് ഞാൻ നിർബന്ധിച്ചു. മൊത്തത്തിൽ ഒരു താല്പര്യമില്ലായ്മ എനിക്കനുഭവപ്പെട്ടു. കൂട്ടത്തിൽ ആൾക്കൂട്ടത്തിന് അമ്പതു വയസ്സായ കാര്യവും സൂചിപ്പിച്ചു. അപ്പോൾ ഒരു ചിരി ഞാൻ കേട്ടു. അമ്പത് വയസ്സ് ഒരു കാര്യമാണോ, അമ്പത്തൊന്നോ, നാല്പത്തിയെട്ടോ ആയാലെന്താ ? കുഴപ്പമൊന്നുമില്ല. എന്നാലും ആ നോവലിന് അമ്പതായി എന്ന് ഞാനും. അതിപ്പോഴും പലരും വായിക്കുന്നു. പുതിയ തലമുറയിലെ യുവാക്കളും അതിൽ മുങ്ങി തപ്പുന്നു. ഇതൊന്നും ചെറിയ കാര്യമല്ല എന്ന് വാദിക്കാനും ഞാൻ ശ്രമിച്ചു. ആ മനസ്സിലെ അസ്വസ്ഥത എനിക്ക് മനസ്സിലാവും. ഈ അവസ്ഥയിൽ അദ്ദേഹത്തിന് എഴുതാൻ കഴിയില്ല എന്നെനിക്കു തോന്നി. ദിവസങ്ങൾ കടന്നു പോയി. ഞാൻ വീണ്ടും വിളിച്ചു. ആൾക്കൂട്ടത്തെപ്പറ്റി നമുക്കൊന്ന് സംസാരിക്കണം. മടിച്ചാണെങ്കിലും എന്റെ ശാഠ്യത്തിന് അദ്ദേഹം വഴങ്ങി. അങ്ങനെ നടന്ന ഫോൺ സംഭാഷണമാണ് ഇതോടൊപ്പം.

എൻ.ഇ. സുധീർ: ആൾക്കൂട്ടത്തിന് അമ്പതു വയസ്സാകുന്നു. ആൾക്കൂട്ടം ഇപ്പോഴും പുതിയ വായനക്കാരെ കണ്ടെത്തുന്നു. മറിച്ചും പറയാം. 1970 ൽ പുറത്തു വന്ന ആ നോവലുമായി സമ്പർക്കത്തിലാവാൻ ഇപ്പോഴത്തെ വായനക്കാർക്കും സാധിക്കുന്നു. അമ്പതു വർഷത്തിന്റെ പഴക്കം ആ കൃതിയെ വായനക്കാരിൽ നിന്ന് അകറ്റിയിട്ടില്ല എന്നർത്ഥം. അതൊരു സാധാരണ കാര്യമല്ല. വെറും ചരിത്രപരമായ ഒരു നിലനിൽപല്ല ആ നോവൽ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നോവലിന്റെ സ്രഷ്ടാവിന് ഇത് നൽകുന്ന വികാരം എന്താണ്? ഇങ്ങനെയൊരു സ്വീകാര്യത പ്രസിദ്ധീകരിച്ച കാലത്ത് പ്രതീക്ഷിച്ചിരുന്നുവോ?

റിച്ചാർഡ് ഫെയിൻമാൻ
റിച്ചാർഡ് ഫെയിൻമാൻ

ആനന്ദ് : പെട്ടെന്ന് ഓർമ്മ വരുന്നത് റിച്ചാർഡ് ഫെയിൻമാന്റെ ഒരു ഫലിതമാണ്. യുദ്ധകാലത്ത് നിർബന്ധ സൈനിക സേവനത്തിന് വിളിച്ചപ്പോൾ ഇന്റർവ്യൂ ചെയ്തവർ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യം "How do you value your life? ' എന്നായിരുന്നു. ഉത്തരമായി അദ്ദേഹം വെറുമൊരു നമ്പർ പറഞ്ഞു: 64 . എന്താണിത്, ചോദ്യ കർത്താവ് നീരസം പ്രകടിപ്പിച്ചു. ഫെയിൻമാൻ ഉത്തരത്തിൽ ഉറച്ചു നിന്നു. ഞാൻ ചോദിക്കുന്നത്, നിങ്ങൾ എന്തുകൊണ്ട് 64 എന്ന് പറഞ്ഞു, 74 എന്ന് പറഞ്ഞില്ല, വീണ്ടും ചോദ്യം.

ഫെയിൻമാൻ ഒരു മറു ചോദ്യമുന്നയിച്ചു. ഞാൻ 74 എന്ന് പറഞ്ഞാലും നിങ്ങൾ ഇത് ചോദിക്കുമായിരുന്നില്ലെ ?

എന്റെ മനസ്സിൽ വന്നത് അതുപോലൊന്നാണ്. എന്തുകൊണ്ട് 50 കൊല്ലം? 45, അല്ലെങ്കിൽ 32 ആകരുതോ ? 50, 100 എന്നതൊക്കെ ഡെസിമൽ സമ്പ്രദായം, മെട്രിക്ക്, ബ്രിട്ടീഷ് സിസ്റ്റം (FPS) ആയിരുന്നെങ്കിൽ 12, 24 അങ്ങനെ പോയേനെ. ഒരു നോവലിന്റെ പ്രായത്തെ ഇങ്ങനെ പിന്തുടരേണ്ടതുണ്ടോ എന്നാണ് ചോദ്യം. സാഹിർ ലുധിയാൻവിയുടെ കവിതയിലെന്ന പോലെ നാമൊക്കെ ഇമവെട്ടും നേരത്തെ എഴുത്തുകാർ, ഇമവെട്ടും നേരത്തിന്റെ കൃതികളെഴുതുന്നവർ. നാളെ വരും നമ്മളേക്കാൾ നല്ല സാഹിത്യകാരന്മാർ, നിങ്ങളേക്കാൾ നല്ല വായനക്കാർ.

ബുദ്ധിജീവികളുടെ മനസ്സുകളാകട്ടെ അവരെക്കൊണ്ടു മാത്രം നിറഞ്ഞിരിക്കുന്നു. ഏത് സന്ദർഭവും ഏത് വിഷയവും ആയാലും, സംസാരിച്ചു തുടങ്ങിയാൽ അവർ അവരുടെ വൃത്തത്തിലേയ്ക്കും അവരിലേയ്ക്കും എഴുത്തിലേയ്ക്കും എത്തുന്നു.

ലോകം എത്ര വേഗമാണ് മാറുന്നത്. കാലവും. ഈ നാലഞ്ചു മാസങ്ങളുടെ കഥ തന്നെ നോക്കൂ. നമ്മൾ മനുഷ്യവർഗ്ഗം വളരെയേറെ conceited ഉം അഹങ്കാരികളുമാണ്. അതിനകത്തെ വ്യക്തികളും അതുപോലെത്തന്നെ. ബുദ്ധിജീവികളുടെ മനസ്സുകളാകട്ടെ അവരെക്കൊണ്ടു മാത്രം നിറഞ്ഞിരിക്കുന്നു. ഏത് സന്ദർഭവും ഏത് വിഷയവും ആയാലും, സംസാരിച്ചു തുടങ്ങിയാൽ അവർ അവരുടെ വൃത്തത്തിലേയ്ക്കും അവരിലേയ്ക്കും എഴുത്തിലേയ്ക്കും എത്തുന്നു. ഗോരു രചന എന്ന ഒരു പ്രയോഗമുണ്ട് ബംഗാളിയിൽ. പശുവിനെപ്പറ്റി പത്തുവാചകമെഴുതാനാണ് കുട്ടി പഠിച്ചു പോയത്. പരീക്ഷയ്ക്ക് വന്നതോ വൃക്ഷത്തെപ്പറ്റി എഴുതാൻ. കുട്ടി ഉപേക്ഷിച്ചില്ല, എഴുതി: വീടിന്റെ മുറ്റത്ത് ഒരു വൃക്ഷമുണ്ട്, അതിന്റെ താഴെ ഒരു പശു നിൽക്കുന്നുണ്ടായിരുന്നു, അത് ഒരു വളർത്തുമൃഗമാണ്, അതിന് നാല് കാലും ഒരു തലയും ഉണ്ട്.

ഈ പരിമിതികളും പടുകുഴികളും മുമ്പിൽ വെച്ചു കൊണ്ടു തന്നെ നമുക്ക് വിഷയത്തിലേയ്ക്ക്, അതിന്റെ പ്രാധാന്യവും പ്രസക്തിയും എന്തായാലും, വരാം.

ആ നോവൽ എഴുതാനിടയായ സാഹചര്യം ഒന്നു വിശദീകരിക്കാമോ? എഴുതിയ കാലത്ത് താങ്കളും യുവാവായിരുന്നു. എനിക്കു തെറ്റിയില്ലെങ്കിൽ ഒരു 30 വയസ്സുകാരൻ. ഏതു തരം സ്വാധീനമാണ് ആൾക്കൂട്ടത്തിന്റെ പ്രമേയത്തിന് വഴിയൊരുക്കിയത്? ഗൗരവമായ ആശയങ്ങൾ ...ഒരേ പ്രാധാന്യമുള്ള പല കഥാപാത്രങ്ങൾ... .. മലയാളത്തിലെ ആദ്യത്തെ ഇന്ത്യൻ നോവൽ എന്ന സ്ഥാനവും ആൾക്കൂട്ടത്തിനുള്ളതാണല്ലോ. എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത്?

1958 ലെ ഒരു ദിവസം ഞാൻ വിക്ടോറിയ ടെർമിനസ്സിൽ വണ്ടിയിറങ്ങിയതായിരിക്കാം, ഒരു പക്ഷേ, നാടകീയമായി പറഞ്ഞാൽ, എന്റെ നോവലിന്റെയും എഴുത്ത് എന്ന പ്രക്രിയയുടെയും തുടക്കം. അതിന് മുമ്പ് ഞാൻ ഒന്നും എഴുതിയിട്ടില്ല. ഉത്സവങ്ങളിലേയോ രാഷ്ട്രീയ പരിപാടികളിലേയോ അല്ലാത്ത സ്വഭാവ രഹിതമായ ആൾക്കൂട്ടത്തെ കേരളത്തിൽ കണ്ടിട്ടില്ല. പലതും ഞാൻ അതിവേഗം മനസ്സിലാക്കാൻ തുടങ്ങി. മഹാനഗരത്തെപ്പറ്റി, ജനസഞ്ചയങ്ങളെപ്പറ്റി, ജനപ്രവാഹങ്ങളെപ്പറ്റി. സംഘർഷങ്ങളും കലാപങ്ങളും വഴി സ്വന്തം പ്രദേശങ്ങളിൽ നിന്ന് തിരസ്‌കരിക്കപ്പെട്ടവർ. ഭൂതത്താൽ പീഡിതരായവരെപ്പോലെ ഭാവിയെ സ്വപ്നം കണ്ടിരുന്നവരും. വെറും മാൽത്തൂസിയൻ അഭയാർത്ഥികൾ വേറെ. ദാരിദ്ര്യത്തിനും ശൂന്യതയ്ക്കുമൊക്കെ മീതെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മേമ്പൊടി വിതറുന്ന മോഹങ്ങൾ. ഇതൊക്കെ മുഴുവൻ രാജ്യത്തിലേയ്ക്ക് സ്ഥലപരമായും, ചരിത്രത്തിലേയ്ക്ക് സമയപരമായും തുറന്നപ്പോൾ ഒരു ദ്വന്ദ്വം പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു: സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന വ്യക്തിയും ആൾക്കൂട്ടവും തമ്മിൽ (സമൂഹമല്ല, അത് ക്രിയാത്മകമായ ഒരു പ്രതിഭാസമാണ്).

കാട്ടിലും നാട്ടിലും ക്യാമ്പുകളിലും പലായനങ്ങളിലുമായി കഴിഞ്ഞ അടുത്ത എട്ടു കൊല്ലങ്ങളിൽ നോട്ടുബുക്കുകൾ നഷ്ടപ്പെടാതെ പോന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരുമായി മാറിമാറിക്കളിച്ച, വേദനിച്ച, വേദനിപ്പിച്ച അർദ്ധരാത്രികളിൽ ഒരു ടൈം ഫ്രയിമും കഥയും ഉണ്ടായി വന്നു. ഇത്രയുമാണ് നോവലിന്റെ കഥ.

എന്റെ മുമ്പിലെ material നായികമാരും നായകന്മാരുമല്ലായിരുന്നു. സുഖകരമല്ലാത്ത ഭൂതവും സുഖകരമല്ലാത്ത വർത്തമാനവും പേറി നിൽക്കുന്നവർ. അവരിൽ നിന്ന് കുറച്ചു പേരെ ഞാൻ തിരഞ്ഞെടുത്തു. എന്റെ കയ്യിൽ, അഥവാ കടലാസിൽ ഒതുങ്ങുന്നവർ. അവരിൽ ഞാനുമുണ്ടായിരുന്നു. എന്റെ സ്വന്തക്കാരും. വേദനകൾ. അടഞ്ഞ വഴികൾ. ആൾക്കൂട്ടത്തിന്റെ മതിൽ മുമ്പിൽ. ഒരു പക്ഷെ അതായിരുന്നു പ്രചോദനം. എന്തിനാണ് എഴുതുന്നതെന്നറിയില്ലായിരുന്നു. കഥയൊന്നുമില്ലായിരുന്നു. ടൈം ഫ്രെയിമും. ഒരു പക്ഷെ ഡയറി എഴുതുന്നതുപോലെ.

1960-ൽ ഒരു ദിവസം, ഒരു കട്ടിൽ മാത്രമുള്ള ബറോഡയിലെ എന്റെ മുറിയിൽ, കട്ടിലിൽ കടലാസ് വെച്ച്, നിലത്തിരുന്ന് ഞാൻ ആദ്യത്തെ അധ്യായമെഴുതി. ആ അധ്യായം മാറ്റിയെഴുതേണ്ടി വന്നില്ല. കാട്ടിലും നാട്ടിലും ക്യാമ്പുകളിലും പലായനങ്ങളിലുമായി കഴിഞ്ഞ അടുത്ത എട്ടു കൊല്ലങ്ങളിൽ നോട്ടുബുക്കുകൾ നഷ്ടപ്പെടാതെ പോന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരുമായി മാറിമാറിക്കളിച്ച, വേദനിച്ച, വേദനിപ്പിച്ച അർദ്ധരാത്രികളിൽ ഒരു ടൈം ഫ്രയിമും കഥയും ഉണ്ടായി വന്നു. ഇത്രയുമാണ് നോവലിന്റെ കഥ.

ആൾക്കൂട്ടത്തെ സൃഷ്ടിച്ചത് ബോംബെയാണല്ലോ ? ആനന്ദെന്ന എഴുത്തുകാരനെ സൃഷ്ടിച്ചതിലും ബോംബെയ്ക്ക് പങ്കുണ്ടോ? കേരളത്തിലെ വായനക്കാർ ഇതിനെ സ്വീകരിക്കും എന്ന് ഉറപ്പുണ്ടായിരുന്നോ?

ബോംബെ എന്റെ മുൻതലമുറയുടെ സ്ഥലമാണ്. രണ്ടു മൂന്നു തലമുറകൾക്ക് ആ സ്ഥലവുമയി ബന്ധമുണ്ടായിരുന്നു. ഞാൻ അവിടെ താമസിച്ച സമയം അധികമില്ലായിരുന്നെങ്കിലും അതെനിക്ക് നാടു പോലെ തന്നെയായിരുന്നു. അവിടെ നിന്ന് ഞാനൊരുപാട് സ്ഥലങ്ങളിൽ കറങ്ങിക്കൊണ്ടിരുന്നു. ഓരോ യാത്രയ്ക്കു ശേഷവും ഞാൻ ബോംബെയിലേക്ക് മടങ്ങി വന്നിരുന്നു. അതു കൊണ്ടു തന്നെ ആ നഗരം എന്റെ ഭാവനയെ സ്വാധീനിച്ചു. "ആൾക്കൂട്ടം' എഴുതാൻ പ്രേരിപ്പിച്ചത് ബോംബെ തന്നെയായിരുന്നു എന്നാണ് തോന്നൽ.

1960-ൽ ബോംബെയിൽ നിന്ന് തുടങ്ങി മറ്റ് പലയിടങ്ങളിൽ നിന്നായി തുടർന്ന് 1968-ൽ അരുണാചൽ പ്രദേശിൽ വെച്ച് അവസാന അധ്യായം എഴുതി പൂർത്തിയാക്കി.

ആൾക്കൂട്ടത്തിന്റെ വിഷയവും അതു തന്നെയായിരുന്നല്ലോ. മഹാനഗരവും അതിന്റെ ജനസഞ്ചയവുമെല്ലാം. ഞാൻ സിറ്റിയുടെ നടുക്ക് തന്നെയായിരുന്നു ഒരു ലോഡ്ജിൽ താമസിച്ചിരുന്നത്. ആൾക്കൂട്ടം കാഴ്ചയിലും സ്പർശത്തിലുമെല്ലാം കൂടെയുണ്ടായിരുന്നു. അപ്പോഴും അതൊരു നിമിത്തം മാത്രമായിരുന്നു. പക്ഷേ, പ്രശ്‌നങ്ങൾ അതിലും deep ആയിരുന്നു. ബോംബെ എന്റെ ചിന്തയെയും അനുഭവത്തെയും മാറ്റിമറിച്ചു. കേരളത്തിൽ താമസിച്ച ആദ്യകാലത്തും ഇത്തരം ആലോചനകൾ ഉണ്ടായിരുന്നെങ്കിലും അതിനെ മുന്നോട്ടു കൊണ്ടുപോയത് ബോംബെയിലെ ജീവിതം തന്നെയാണ്. നോവൽ എഴുതിത്തുടങ്ങിയതു ബോംബെയിലാണെങ്കിലും അതിന്റെ അധികഭാഗവും എഴുതിയത് ബോംബെയ്ക്ക് പുറത്തു വെച്ചാണ്. 1960-ൽ ബോംബെയിൽ നിന്ന് തുടങ്ങി മറ്റ് പലയിടങ്ങളിൽ നിന്നായി തുടർന്ന് 1968-ൽ അരുണാചൽ പ്രദേശിൽ വെച്ച് അവസാന അധ്യായം എഴുതി പൂർത്തിയാക്കി.

പിന്നീടും എഴുതിയതൊന്നും മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നിയിട്ടില്ല. എല്ലാം എനിക്കെങ്ങനെയാണോ വേണ്ടിയിരുന്നത് അതുപോലെയാണ് എഴുതിയിട്ടുള്ളത്.

ബോംബെ നഗരം എന്നിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. ഞാൻ ഇന്ത്യയെ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. ബോംബെ ഒരു മിനി ഇന്ത്യയായിരുന്നു. എല്ലാ കൃതികളിലും അതിന്റെയൊക്കെ തുടർച്ചയുണ്ടായിരുന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ പൊതുവെയുള്ള പ്രശ്‌നങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ബോംബെയിൽ നിന്നാണ്.

എന്നിലെ എഴുത്തുകാരനെ സൃഷ്ടിച്ചതിൽ ബോംബെയ്ക്ക് പങ്കുണ്ട്.

അതൊരു സാധാരണ നോവലായിരുന്നില്ലല്ലോ. എഴുതുമ്പോൾ കേരളത്തിലെ വായനക്കാർ മനസ്സിലുണ്ടായിരുന്നോ? ഇതെങ്ങനെ സ്വീകരിക്കപ്പെടും എന്ന ചിന്ത അലട്ടിയിരുന്നോ?

ഇല്ല. ആരും ഏന്റെ മുന്നിലില്ലായിരുന്നു. ഞാനൊരു നോവലെഴുതുകയാണ് എന്ന ബോധം തന്നെ ഇല്ലായിരുന്നു. ഒരു പുസ്തകം എഴുതുകയാണെന്നോ പബ്ലിഷ് ചെയ്യാൻ പോവുകയാണെന്നോ തോന്നിയിരുന്നില്ല. ഒരു ഡയറി എഴുതുന്നതു പോലെ അങ്ങനെ എഴുതി. അതിന് പതുക്കെ പതുക്കെ കഥാ രൂപവും ഷേപ്പും എല്ലാം ഉണ്ടായി വന്നതാണ്.

പിന്നീടുള്ള "ആൾക്കൂട്ടത്തിന്റെ ' യാത്രപ്രധാനമാണ്. മാനുസ്‌ക്രിപ്റ്റിൽ നിന്ന് പുസ്തകത്തിലേക്കുള്ള യാത്രയെപ്പറ്റി ഒന്നു പറയാമോ?

1968-ലെ അവധിക്കാലത്ത് നാട്ടിലേക്കു വരുന്ന വഴിക്കാണ് ഞാൻ മദിരാശിയിലിറങ്ങി അത് എം. ഗോവിന്ദനെ ഏല്പിക്കുന്നത്. എനിക്കദ്ദേഹത്തെ നേരിട്ട് പരിചയമില്ല. ചില കത്തുകളൊക്കെ ഇടയ്ക്ക് സമീക്ഷയിൽ ഞാനെഴുതിയിരുന്നു. അത്ര തന്നെ. അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഞാനവിടെ ഏല്പിച്ചു. ഒരു കുറിപ്പും എഴുതി വെച്ചു.

എം. ഗോവിന്ദൻ
എം. ഗോവിന്ദൻ

നാട്ടിൽ നിന്ന് തിരിച്ചെത്തി ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗോവിന്ദന്റെ കത്തു വന്നു. വളരെ ആവേശത്തോടെ അദ്ദേഹമത് വായിച്ചിരിക്കുന്നു. Something unusual ആണെന്നും ഇത് പ്രസിദ്ധികരിക്കാതെ പറ്റില്ല എന്നും അദ്ദേഹം എഴുതി. കാരണം ഞാൻ ഏല്പിച്ച കുറിപ്പിൽ പ്രസിദ്ധീകരണത്തെപ്പറ്റിയൊന്നും ഞാനാലോചിച്ചിട്ടില്ല എന്ന് എഴുതിയിരുന്നു. കാരണം ഞാൻ അതിനു മുമ്പൊന്നും എഴുതിയിട്ടില്ല. ഭാഷ എനിക്കറിയില്ല. ഒരു ചെറു കഥപോലും പബ്ലിഷ് ചെയ്തിട്ടില്ലാത്ത ഒരാൾ ഒരു നോവൽ കൊണ്ടു കൊടുത്താൽ ആരും പ്രസിദ്ധീകരിക്കില്ലല്ലോ.

പക്ഷേ, ഗോവിന്ദന് ഒരുറപ്പ്. അങ്ങനെ അദ്ദേഹം പലർക്കും വായിക്കാൻ കൊടുത്തും. ഗോവിന്ദന്റെ സ്‌നേഹിത വലയത്തിൽ - സമീക്ഷയുടെ ആളുകളെല്ലാം അത് വായിച്ചു. അച്ചടിയ്ക്കുന്നതിന് മുമ്പ് ആ മാനുസ്‌ക്രിപ്റ്റ് ഒരു പാട് യാത്ര ചെയ്തു. ആ യാത്രയിൽ, പുസ്തകമാവുന്നതിനു മുമ്പ് അതൊരുപാട് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. അതൊരു സവിശേഷതയായി. ചെറിയ സർക്കിളിലാണെങ്കിലും that work existed before it came to print .

ഞാൻ അതിനു മുമ്പൊന്നും എഴുതിയിട്ടില്ല. ഭാഷ എനിക്കറിയില്ല. ഒരു ചെറു കഥപോലും പബ്ലിഷ് ചെയ്തിട്ടില്ലാത്ത ഒരാൾ ഒരു നോവൽ കൊണ്ടു കൊടുത്താൽ ആരും പ്രസിദ്ധീകരിക്കില്ലല്ലോ. പക്ഷേ, ഗോവിന്ദന് ഒരുറപ്പ്.

ഗോവിന്ദൻ അത് കാരൂരിനെ ഏല്പിച്ചു. കാരൂരിന്റെ ആദ്യ ശ്രമം നടന്നില്ല. spcs അതേറ്റെടുക്കാൻ തയ്യാറായില്ല. എനിക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല. പറ്റില്ല എന്നല്ല അവർ പറഞ്ഞത്. സാമ്പത്തിക പ്രശ്‌നം പറഞ്ഞു. ചെലവ് വഹിക്കാമോ എന്നാണ് എന്നോടു ചോദിച്ചത്. എന്റെ കയ്യിൽ അത്രയും കാശില്ല. മാത്രവുമല്ല , അങ്ങനെ ചെയ്യാനെനിക്ക് താല്പര്യവുമില്ലായിരുന്നു. പ്രസിദ്ധീകരിക്കുന്നതിന്റെ ആശയൊന്നുമില്ലായിരുന്നു. അതുകൊണ്ട് നിരാശയും തോന്നിയില്ല. തിരിച്ചയച്ചോളൂ എന്ന് പറഞ്ഞു. എന്നാൽ കാരൂർ അതവിടെ ഇരിക്കട്ടെ എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞു നോക്കാം എന്നു പറഞ്ഞു. പിന്നെ അവരത് പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചത് 1970 ൽ. രണ്ടു കൊല്ലത്തിനു ശേഷം ആദ്യ spcs എഡിഷൻ പുറത്തുവന്നു.

ഗോവിന്ദന്റെയും സുഹൃത്തുക്കളുടെയും വായനയിൽ നിന്നുണ്ടായ പ്രതികരണം ആ രചനയെ ഏതെങ്കിലും രീതിയിൽ മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നലുണ്ടാക്കിയോ ?

ഇല്ല. ഒന്നും ചെയ്തില്ല. ഭാഷയിലെ പ്രശ്‌നങ്ങൾ ആദ്യ വായനക്കാരനായ ഗോവിന്ദൻ അവിടവിടെ ചൂണ്ടിക്കാട്ടിയിരുന്നു. അല്ലാതെ മറ്റൊന്നിലും മാറ്റമുണ്ടായില്ല. പിന്നീടും എഴുതിയതൊന്നും മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നിയിട്ടില്ല. എല്ലാം എനിക്കെങ്ങനെയാണോ വേണ്ടിയിരുന്നത് അതുപോലെയാണ് എഴുതിയിട്ടുള്ളത്.

പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഏതുതരം സ്വീകരണമാണ് അതിനു ലഭിച്ചത്? ആരൊക്കെയാണ് അതിനെപ്പറ്റി എഴുതിയത് ?

എനിക്കത് പറയാൻ വിഷമമാണ്. കാരണം ഞാൻ കേരളത്തിലായിരുന്നില്ലല്ലോ. കേരളത്തിലെ മാഗസിനുകളൊന്നും എനിക്കു കിട്ടുമായിരുന്നില്ല. ഞാനറിയുന്ന ആദ്യ റിവ്യു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നതാണെന്നാണോർമ്മ. അത് അപ്പന്റെതായിരുന്നു. കെ.പി. അപ്പന്റേത്.

കെ.പി. അപ്പൻ
കെ.പി. അപ്പൻ

നാലഞ്ചു പുറത്തിലായി വളരെ ആവേശത്തോടെ അദ്ദേഹം എഴുതിയിരുന്നു. പിന്നീട് വലുതായൊന്നും കേട്ടില്ല. ഒരു ടlow pace ആയിരുന്നു എന്നാണ് ഞാൻ കേട്ടത്. പിന്നെയാണ് ആളുകൾ ധാരാളം വായിച്ചിരുന്നു എന്ന് മനസ്സിലാവുന്നത്.

അതാകട്ടെ മലയാള സാഹിത്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടന്ന കാലവും. എം.ടി, വിജയൻ , മുകുന്ദൻ തുടങ്ങിയ established ആയ വലിയ വലിയ എഴുത്തുകാരുടെ നോവലുകൾ വന്ന സമയം. ആ സമയത്താണ് ഞാൻ പെട്ടന്ന് ഇടയിലേക്ക് കേറി വരുന്നത്. എനിക്കാണെങ്കിൽ ആരെയും പരിചയവുമില്ല.

ആൾക്കൂട്ടം എഴുതുന്ന മാനസികാവസ്ഥയിൽ എത്തിയതിൽ താങ്കളുടെ വായനകൾക്ക് വല്ല പങ്കുമുണ്ടോ? എഴുത്ത് രീതി ബോധപൂർവ്വമായ തിരഞ്ഞെടുപ്പായിരുന്നോ? ആണെങ്കിൽ എന്തുകൊണ്ട്?

ധാരാളം വായിച്ചിരുന്ന സമയമായിരുന്നു അത്. വായനകൾ പലതും nonfiction കൃതികളായിരുന്നു. ഫിക്ഷൻ വായനയും കുറച്ചുണ്ടായിരുന്നു. ബോംബെയിലെ ജീവിതം അതിനെയൊക്കെ വിപുലമാക്കി. എഴുത്തിൽ ഞാനൊരു ഡിസൈൻ ഉണ്ടാക്കി. തുടക്കത്തിൽ തന്നെ ഒരു ചാർട്ടൊക്കെ ഉണ്ടാക്കി.

ഓരോന്നും ഞാനെഴുതുന്നത് വളരെ കൊല്ലങ്ങൾ എടുത്തുകൊണ്ടാണ്. ഒരു വർക്കും ഞാൻ ഒരു കൊല്ലം കൊണ്ടൊന്നും തീർത്തിട്ടില്ല. എല്ലാം വളരെ involved ആയി എഴുതിയവയാണ്.

പേപ്പറിൽ മുകളിൽ ഒരു കോളം വരക്കും. ചർച്ചയാവേണ്ട സംഭവങ്ങളുടെ ഒരു ചിത്രം അതിലെഴുതും. ഇടതു വശത്ത് വർഷവും തിയ്യതിയുമൊക്കെ എഴുതി വെച്ചിരിക്കും. വിട്ടു പോവാതിരിക്കാനും കാലക്രമം തെറ്റാതിരിക്കാനും വേണ്ടി. ആ ചാർട്ടൊക്കെ നോക്കിയാണ് ആദ്യമൊക്കെ എഴുതിയത്. ഒരു സ്റ്റേജിൽ തോന്നി. അങ്ങനെ വേണ്ട എന്ന് . പിന്നെ നിർത്തി.

ഇങ്ങനെയൊരു എഴുത്തുരീതിയുടെ ആശയം എവിടെ നിന്നാണ് വന്നത്? സ്വയം തോന്നിയതാണോ? അതോ മറ്റാരെങ്കിലും ഇങ്ങനെ പരീക്ഷിച്ചതായി അറിയാമോ? മറ്റ് കൃതികൾ ഉരുത്തിരിഞ്ഞു വന്നതിലും ഇത്തരം തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നോ?

(നല്ലൊരു ചിരിയ്ക്കുശേഷം). എന്റെ എൻജിനിയറിങ്ങ് ബുദ്ധിയാവാം അതിന്റെ പുറകിൽ എന്നു തോന്നുന്നു. ഒരു design ഒക്കെ വെച്ച് ചെയ്യുന്ന ഒരു രീതി. ഞാൻ എല്ലാം പ്ലാൻ ചെയ്ത് എഴുതുന്ന ആളാണ്.

ഓരോന്നും ഞാനെഴുതുന്നത് വളരെ കൊല്ലങ്ങൾ എടുത്തുകൊണ്ടാണ്. ഒരു വർക്കും ഞാൻ ഒരു കൊല്ലം കൊണ്ടൊന്നും തീർത്തിട്ടില്ല. എല്ലാം വളരെ involved ആയി എഴുതിയവയാണ്. രൂപവും ഭാവവും കഥാപാത്രങ്ങളുമൊക്കെ അങ്ങനെ രൂപം കൊണ്ടതാണ്. കഥാപാത്രങ്ങളുമായി ഒരു സംവാദമൊക്കെ നടത്തി ... എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദമില്ലേ ... അങ്ങനെ സംവദിച്ചാണ് ഒരു മാനസിക ഘടന രൂപം കൊള്ളുന്നത്. ആ മാനസിക ഘടനയുടെ ഒരു reflection ആണ് എന്റെ രചന.

ആശയങ്ങളുടെ ധാരാളിത്തം താങ്കളുടെ രചനകളുടെ സർഗ്ഗാത്മക സ്വഭാവത്തെ പ്രശ്‌നവത്കരിക്കുന്നു എന്ന് പറഞ്ഞാൽ ?

ആശയങ്ങളില്ലാതെ വെറും കഥയായി എന്തെങ്കിലും എഴുതണം എന്ന് എനിക്ക് തോന്നിയിട്ടില്ല. ആശയങ്ങളില്ലാതെ ഒന്നും എഴുതാൻ തോന്നിയിട്ടില്ല.

ആൾക്കൂട്ടം പുറത്തുവന്നതോടെ എഴുത്തുകാരൻ എന്ന തോന്നലുണ്ടായോ? അതൊരാത്മവിശ്വാസം തന്നുവോ?

അതെ. ഒരാത്മവിശ്വാസം കിട്ടി. ശ്രമം തെറ്റിയില്ല; നന്നായി എന്നു തോന്നി. പരിചയമുള്ള വഴിയായിരുന്നില്ല. ഒരു ചെറുകഥ പോലും ആൾക്കൂട്ടം പബ്ലിഷ് ചെയ്തതിനു ശേഷമാണ് എഴുതിയത്. അതിനു മുമ്പുതന്നെ ചില കഥകളൊക്കെ പല രൂപത്തിലും മനസ്സിലുണ്ടായിരുന്നു. അതൊക്കെ എഴുതാനുള്ള ആത്മവിശ്വാസം അതോടെ കിട്ടി. അത് പിന്നിട് നഷ്ടപ്പെട്ടിട്ടില്ല.

ആദ്യ നോവലിനു ശേഷം ധാരാളം എഴുതി. പല കൃതികളും ആൾക്കൂട്ടത്തെക്കാൾ ശ്രദ്ധേയമായി. പലതും വായനക്കാരുടെ വലിയ സ്വീകര്യത നേടി. നോവലിസ്റ്റിന്റെ മനസ്സിൽ ആൾക്കൂട്ടത്തിന് പ്രത്യേകമായ ഒരിടമുണ്ടോ?

ഇല്ല. എനിക്ക് എല്ലാം ഇഷ്ടമാണ്.

മുൻപ് സൂചിപ്പിച്ച "ഫെയ്ൻമാൻ ബുദ്ധിയൊക്കെ' ഉപയോഗിച്ച് തള്ളിയാലും ഒരു നോവലിന്റെ ജീവിതത്തിൽ 50 വർഷം ചെറുതല്ല. അതിന്റെ പ്രസക്തിയെയാണ് അത് സൂചിപ്പിക്കുന്നത്. അങ്ങനെ ഒന്നുകൂടി ചിന്തിച്ചു കൂടെ ?

നോവലിന്റെ പ്രസക്തി, ഇന്നും വായിക്കപ്പെടുന്നത്, ഇതിനെയൊക്കെപ്പറ്റി എന്തു പറയാൻ. ശരിയാണ്, അന്നത്തേതിൽ നിന്ന് ജനസംഖ്യ മൂന്നിരട്ടി വർദ്ധിച്ചു. ഭൗതികമായ സമ്മർദ്ദം വഴികളിലും പൊതുസ്ഥലങ്ങളിലും വണ്ടികളിലും തൊഴിൽ സ്ഥലങ്ങളിലും വർദ്ധിച്ചുവെന്നു തന്നെയല്ല , പല നഗരങ്ങളിലും ഇന്ന് അനുഭവപ്പെടുന്ന ഹിംസ എത്രയോ മടങ്ങ് അധികം. യുദ്ധങ്ങൾ, അക്രമങ്ങൾ , കലാപങ്ങൾ, ഭികരത ... രാഷ്ട്രീയമായും, മതപരമായും, സാമ്പത്തിക രംഗത്തും തൊഴിൽ മേഖലയിലും ആൾക്കൂട്ടം വൻതോതിൽ ഉപയോഗിക്കപ്പെടുന്നു. സ്വഭാവരഹിതവും ദിശാബോധമില്ലാത്തതെന്നും ഞാൻ വിശേഷിപ്പിച്ച ആൾക്കൂട്ടം ഇന്ന് ഹിംസാത്മകമാണ്. എട്ടും പത്തും പേരുടെ തന്നെ.

എന്നാൽ ഇന്ന്, ഇപ്പോൾ ആൾക്കൂട്ടം തന്നെ എവിടെ, വ്യക്തി എവിടെ? സമൂഹം തന്നെ ശത്രുവായിരിക്കുന്നു. വഴിപോക്കനും അയൽവാസിയും. ഫോബിയ . രണ്ടു മൂന്നു മാസങ്ങളിൽ mindset ആകെ മാറി.

എന്തിന്, ആൾക്കൂട്ടം സ്വയം ഇരയാകുന്നു. മാർക്കറ്റിൽ, ആരാധനാലയങ്ങളിൽ, വിവാഹവേളകളിൽ, വിക്ടോറിയ ടെർമിനൽസ്സിലെ വെയ്റ്റിങ്ങ് റൂമിൽ വരെ. വാസ്തവം, ജീവിതശൈലിയും ടെക്‌നോളജിയും, തൊഴിൽ രംഗവും മാറിയിട്ടും, വ്യക്തിയും ആൾക്കൂട്ടവും തമ്മിലുള്ള ദ്വന്ദ്വം നിലനിൽക്കുന്നുവെന്നതാണ്. അഭിരുചിക്കനുസരിച്ചും സ്വതന്ത്രമായും express ചെയ്യാൻ ശ്രമിക്കുന്ന വ്യക്തി ...

എന്നാൽ ഇന്ന്, ഇപ്പോൾ ആൾക്കൂട്ടം തന്നെ എവിടെ, വ്യക്തി എവിടെ? സമൂഹം തന്നെ ശത്രുവായിരിക്കുന്നു. വഴിപോക്കനും അയൽവാസിയും. ഫോബിയ . രണ്ടു മൂന്നു മാസങ്ങളിൽ mindset ആകെ മാറി. face to face, across the table തുടങ്ങിയ പ്രയോഗങ്ങൾ ഇല്ലാതായി. സ്‌ക്രീനിൽ കാണുന്ന മനുഷ്യ രൂപങ്ങൾ മാത്രം. അടുത്ത കാലം വരെ അപലപിക്കപ്പെട്ടിരുന്ന Screen Dependency Disorder (SDD) ഇന്ന് order ആയി.

അമ്പതു വർഷത്തിനുശേഷമുള്ള ഇന്ത്യ. നിരാശയാണോ തോന്നുന്നത്?

അന്നും അതൊക്കെ എഴുതുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അന്നും ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ഓരോ സ്റ്റേജിലും അതിനു മങ്ങലേറ്റു. പക്ഷേ, പ്രതീക്ഷ കൈവിട്ടില്ല. ഇപ്പോഴും .

ഇന്ത്യ രാഷ്ടീയമായും സാമൂഹ്യമായും സാമ്പത്തികമായും പ്രശ്‌നങ്ങളിൽ നിന്ന് കൂടുതൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോയി. ഒരു crisis ൽ നിന്ന് മറ്റൊരു crisis ... എന്ന രീതിയിൽ .

ജനാധിപത്യം നമ്മൾ ഉപേക്ഷിച്ചിട്ടില്ല. അതിന്റെ content ശോഷിച്ച് ശോഷിച്ച് പോവുന്നു. ഇപ്പോൾ Dictatorship ന്റെ അടുത്തുവന്നു നിൽക്കുന്നു. ഇന്നിപ്പോൾ ലോകത്തിന്റെ അവസ്ഥയും അതുതന്നെയാണ്. എവിടെയാണ് democratic view ഇപ്പോഴുള്ളത് ?

(Richard Feynman - 1918 -1988 : ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം 1965 ൽ നേടിയ അമേരിക്കൻ ശാസ്ത്രജ്ഞൻ)


Summary: NE Sudheer Interviews Novelist Anand of 50 years of novel Aalkoottam.


ആനന്ദ്

മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ, ചിന്തകൻ. ആൾക്കൂട്ടം, അഭയാർത്ഥികൾ, ഗോവർദ്ധന്റെ യാത്രകൾ, മരണ സർട്ടിഫിക്കറ്റ്, ജൈവ മനുഷ്യൻ തുടങ്ങിയവ പ്രമുഖ കൃതികൾ.

എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments