അമ്പതു വർഷമായി കഥകളും മറ്റും എഴുതുന്നുണ്ട്.
ഒരു ചെറിയ കൂട്ടം വായനക്കാർ എനിക്കുള്ളതായി മനസ്സിലാക്കുന്നു. എണ്ണത്തിൽ പരിമിതമാണെങ്കിലും വായനയിൽ അതീവ ജാഗ്രത പാലിക്കുന്നവരാണ് അവരെന്നു തോന്നിയിട്ടുണ്ട്. അതിൽ ചിലർ എന്റെ എഴുത്തിന്റെ രാഷ്ട്രീയത്തെ പിന്തുടരാനാണ് പരിശ്രമിക്കുന്നത്. കഥയെഴുതുമ്പോൾ ഞാൻ മറ്റൊരാളായി മാറുന്നുണ്ടോ എന്ന് അവർ സംശയിക്കുന്നു. ഈ മാറാട്ടത്തിന്റെ ഭാഗമായി ഇയാൾ എത്രകണ്ട് ആത്മസംഘർഷം അനുഭവിക്കുന്നുണ്ടാവും എന്ന് അവർ സഹതപിക്കുന്നു.
തീർച്ചയായും എഴുത്ത് എന്നത് ആത്മസംഘർഷത്തിന്റെ ഉൽപ്പന്നമാണ്. അത് എന്നെ സംബന്ധിച്ചു മാത്രമല്ല; എല്ലാ എഴുത്തുകാർക്കും ബാധകമായ കാര്യമാണ്. അതിന്റെ ഭാഗമായ അസ്വസ്ഥതയും ആത്മവേദനയും എല്ലാവർക്കും ഉണ്ടാവും. എന്നാൽ അതുവിട്ടുള്ള ഒരു ആത്മസംഘർഷം എഴുതുമ്പോൾ ഞാൻ അനുഭവിക്കുന്നുണ്ടോ? എനിക്കു തോന്നിയിട്ടില്ല.
‘സ്വയം പിളരുന്ന എഴുത്തുകാരൻ' എന്നാണ് പ്രിയപ്പെട്ട സുഹൃത്തും സാഹിത്യവിമർശകനുമായ വി. വിജയകുമാർ എന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ പേരിൽ ഒരു ലേഖനം തന്നെ അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയിരുന്നു.
ഒരു വർഷം മുമ്പ് ട്രൂ കോപ്പി വെബ്‌സിനിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ‘കാട്ടൂർക്കടവ്' എന്ന നോവൽ ഈയിടെ ഡി.സി.ബുക്‌സ് പുസ്തകമാക്കിയിട്ടുണ്ട്. അതുവായിച്ച സുഹൃത്തുക്കളും ഞാൻ മറ്റൊരാളായി മാറുന്നതായി ആശ്ചര്യപ്പെടുന്നു. ആ നോവലിൽ ഞാൻ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തേയും വിശേഷിച്ച് കമ്യൂണിസ്റ്റു പാർട്ടിയേയും വിമർശിക്കുന്നതായി അവർ കണ്ടെത്തുന്നു. പതിവുപോലെ ആശ്ചര്യപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും പുറത്തും പ്രസ്ഥാനത്തിന്റെ ‘വക്താവായി പ്രവർത്തിക്കുന്ന ആൾക്ക്' ഇതെങ്ങനെ സാധിക്കുന്നു എന്നതാണത്രെ അതിശയം.
നിരന്തരമായി അഴിച്ചു പരിശോധിക്കാതെ വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും ഈ സത്യാനന്തര കാലത്ത് നിലനിൽക്കാനാവില്ല. ആത്മപരിശോധനയും സ്വയം വിമർശനവുമാവണം പുതിയ കാലത്തെ പുരോഗമന സാഹിത്യത്തിന്റെ സമീപനമെന്ന് ഞാൻ കരുതുന്നു.
എഴുതുമ്പോൾ ഞാൻ മറ്റൊരാളാവുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എഴുത്ത് മറ്റൊരു പ്രവർത്തനമാണ് എന്ന കാര്യത്തിൽ സംശയമില്ല. കാട്ടൂർക്കടവ് നോവലിൽ ഇടതുപക്ഷ വിമർശനമുണ്ടോ?. (വി.കെ.എന്നിനെപ്പോലെ ‘എഴുതുമ്പോൾ ഉണ്ടായിരുന്നില്ല' എന്നുവാദിക്കാൻ ഞാൻ ഒരുമ്പെടുന്നില്ല.) എഴുതിക്കഴിഞ്ഞ നോവലിനെ അപഗ്രഥിക്കാനും വിലയിരുത്താനും ഞാൻ തയ്യാറല്ല. അത് എഴുത്തുകാരന്റെ ഉത്തരവാദിത്തമല്ല. ഒരു കാര്യം മാത്രം പറയാം: എഴുത്തിലും പൊതുജീവിതത്തിലും ഒരേ സാമൂഹ്യവീക്ഷണമാണ് ഞാൻ പുലർത്തുന്നത്. രണ്ടും എനിക്കു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. അതിന്റെ രീതികൾ വ്യത്യസ്ഥമാകാം. എഴുത്ത് കുറേക്കൂടി സൂക്ഷ്മമായ രാഷ്ട്രീയപ്രവർത്തനമാണ്. കാലങ്ങൾക്കനുസരിച്ച് എഴുത്തിന്റെ രീതികൾ മാറുന്നു. അല്ലെങ്കിൽ മാറേണ്ടതുണ്ട്. നിരന്തരമായി അഴിച്ചു പരിശോധിക്കാതെ വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും ഈ സത്യാനന്തര കാലത്ത് നിലനിൽക്കാനാവില്ല. മെഗഫോണാവുകയല്ല ഇന്നു സാഹിത്യത്തിന്റെ ദൗത്യം. ആത്മപരിശോധനയും സ്വയം വിമർശനവുമാവണം പുതിയ കാലത്തെ പുരോഗമന സാഹിത്യത്തിന്റെ സമീപനമെന്ന് ഞാൻ കരുതുന്നു.
നോവൽ തികച്ചും ജനാധിപത്യപരമായ ഒരു സാഹിത്യരൂപമാണ്. വ്യക്തിയേയും സമൂഹത്തെയും അപഗ്രഥിക്കാനും രേഖപ്പെടുത്താനുമാണ് ആ മാധ്യമം ഉപയോഗിച്ച് ശ്രമിക്കുന്നത്. ഒരുപാട് ചരിത്രത്തിൽ നിന്നാണ് ഒരുപിടി സാഹിത്യമുണ്ടാവുന്നതെന്ന് എം.എൻ.വിജയൻ മാഷ് നിരീക്ഷിച്ചിട്ടുണ്ട്. സ്വഭാവികമായും ആ ചരിത്രാപഗ്രഥനം സംവാദാത്മകമായിരിക്കണം. വിമർശനങ്ങൾക്ക് ഇടമില്ലാത്ത ഒന്നിനെ സംവാദം എന്നു വിളിക്കാനാവില്ലല്ലോ.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേപ്പോലെ വിമർശനം എറ്റുവാങ്ങിയ മറ്റൊന്നും ലോകത്തിൽ വേറെയുണ്ടെന്ന് തോന്നുന്നില്ല. എത്രയേറെ അട്ടഹാസങ്ങളും കൊലവിളികളും അതിനെതിരായി എത്രയേറെ ഉയർന്നു. ഇന്നും അതെല്ലാം അതേപടി തുടരുന്നു. വിമർശനങ്ങളുടെ വെയിലും ചൂടും ഏൽക്കാത്ത ഒരു പ്രസ്ഥാനമുണ്ടാവണമെന്ന് നമ്മളാരും ആഗ്രഹിക്കുന്നില്ല. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ വിമർശനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ക്രിയാത്മകവും സർഗ്ഗാത്മകമായ യാതൊന്നും അതിൽ കാണാനാവില്ല എന്ന ഭീകരസത്യമുണ്ട്. മറ്റൊരു നിലക്കു പറഞ്ഞാൽ, അതർഹിക്കുന്ന വിധത്തിലുള്ള ഉത്തരവാദിത്തമുള്ള വിമർശനമേൽക്കാനുള്ള ഭാഗ്യമില്ല എന്നതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന പ്രധാന വൈതരണി. ഫ്യൂഡൽ ജീർണതയിൽ നുരക്കുന്ന പുഴുക്കളുടെ ഭാഗത്തുനിന്നുള്ള വിമർശനം മാത്രം ഏറ്റുവാങ്ങിക്കൊണ്ടുള്ള നിലനിൽപ്പ് അത്രകണ്ട് ബുദ്ധിമുട്ടേറിയതാണ്.
കല ഉയർത്തുന്ന സംവാദാത്മകമായ വിമർശനങ്ങളെ ഏറ്റവുമേറെ ഭയപ്പെടുന്നത് പ്രസ്ഥാനത്തിന്റെ ശത്രുക്കളാണ്. അത്തരം വിമർശനങ്ങളുടെ അനന്തരഫലം എന്തായിരിക്കുമെന്ന് അവർക്ക് നന്നായി അറിയാം
കമ്യൂണിസ്റ്റ് പാർട്ടികൾ ഈ പ്രശ്‌നം പരിഹരിക്കുന്നത് കാലാകാലങ്ങളിൽ നടക്കുന്ന ഘടകയോഗങ്ങളിലേയും സമ്മേളനങ്ങളിലേയും വിമർശനം സ്വയംവിമർശനം എന്ന പദ്ധതിയിലൂടെയാണ്. എന്നാൽ അത്തരം സംഘടനാ രീതികൾക്ക് പരിമിതിയുണ്ട്. എല്ലാ പ്രശ്‌നങ്ങളും സംഘടനാനടപടികൾ കൊണ്ട് പരിഹരിക്കാനാവില്ല. ചില രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് സർഗാത്മകവും സാംസ്‌കാരികവും അതേസമയം, സംവാദാത്മകവുമായ പരിഹാരം ആവശ്യമുണ്ട്.
കല ഉയർത്തുന്ന സംവാദാത്മകമായ വിമർശനങ്ങളെ ഏറ്റവുമേറെ ഭയപ്പെടുന്നത് പ്രസ്ഥാനത്തിന്റെ ശത്രുക്കളാണ്. അത്തരം വിമർശനങ്ങളുടെ അനന്തരഫലം എന്തായിരിക്കുമെന്ന് അവർക്ക് നന്നായി അറിയാം. ▮