സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന
എഴുത്തുകാരുടെ അസ്വാതന്ത്ര്യങ്ങൾ

വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം- ഉണ്ണി ആർ. എഴുതുന്നു.

രു മനുഷ്യൻ എന്തിന് ജീവിക്കണം എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ഒരു മനുഷ്യനും അവരുടെ ജനനത്തിനുള്ള ഉത്തരവാദിയല്ല എന്ന് നമുക്കറിയാം. നല്ല മനുഷ്യനായി ജീവിക്കണം എന്നതാണ് മനുഷ്യജന്മത്തിലുള്ളവർക്കുള്ള പൊതു സാരോപദേശമെങ്കിൽ എന്താണ് നല്ല മനുഷ്യന്റെ മാനദണ്‌ഡമെന്നത് ചോദിക്കേണ്ടിവരും.

മനുഷ്യരാൽ പടയ്ക്കപ്പെടുന്ന എഴുത്തുപുസ്തകങ്ങൾ ജീവിതമെന്ന മഹാക്രിയ പൂർത്തികരിക്കുവാനുള്ള ശ്രമമോ ചിലർക്കത് രക്ഷപ്പെടലോ ചിലർക്ക് ആനന്ദമോ ആവാം. ലോകത്ത് ഒരാൾക്കും ‘എന്തിന് ജീവിക്കണം’ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തതുപോലെ, ‘എന്തിന് എഴുതണം, എന്തിന് വായിക്കണം’ എന്നതിനും ഒരുത്തരമില്ല. എന്നാൽ ചില ചരിത്രസന്ദർഭങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില പുസ്തകങ്ങൾ നമ്മുടെ മുന്നിലേക്കുവരും. ഇന്ത്യൻ സാഹചര്യത്തിൽ അത് നമ്മുടെ ഭരണഘടനയുടെ രൂപത്തിലാണ് എത്തിയത്. ഇവിടെ ഭരണഘടനയെന്നത് ഒരു രക്ഷാമാർഗ്ഗമാവുന്നു. ഇവിടെ വായന എന്നത് തീർത്തും വ്യത്യസ്തമായൊരു അതിജീവനത്തിനുള്ള ശ്വസനപ്രക്രിയയാവുന്നു. ഇതുപോലെ വ്യത്യസ്ത സാമൂഹ്യസന്ദർഭങ്ങളിൽ നമുക്ക് നമ്മളെത്തന്നെ കാണാൻ കഴിയുന്ന പ്രതിഫലനവസ്തുവായി അത് മാറും. ഇന്ന് എം. സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ വീണ്ടും വായിക്കേണ്ട സാഹചര്യമായി തോന്നിയിട്ടുണ്ട്.

ചില ചരിത്രസന്ദർഭങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില പുസ്തകങ്ങൾ നമ്മുടെ മുന്നിലേക്കുവരും. ഇന്ന് എം. സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ വീണ്ടും വായിക്കേണ്ട സാഹചര്യമായി തോന്നിയിട്ടുണ്ട്.
ചില ചരിത്രസന്ദർഭങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില പുസ്തകങ്ങൾ നമ്മുടെ മുന്നിലേക്കുവരും. ഇന്ന് എം. സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ വീണ്ടും വായിക്കേണ്ട സാഹചര്യമായി തോന്നിയിട്ടുണ്ട്.

എല്ലാ മനുഷ്യരും പല രീതിയിൽ വായിക്കുന്നുണ്ട്. അക്ഷരവുമായി ബന്ധപ്പെട്ട ഒരു പ്രക്രിയ മാത്രമല്ലല്ലോ അത്. സംഗീതത്തിലും വായനയുണ്ട്. ആയുധങ്ങളേക്കാൾ മനുഷ്യകുലത്തിന് സഹായകരമായൊരു ഉപകരണമാണ് വായന. അത് അയാളെ കേവല ജന്മത്തിൽ നിന്ന് പല പല ജനനങ്ങളിലേക്ക് രൂപാന്തരപ്പെടുത്തുമ്പോഴാണ് വായന മഹത്കൃത്യമാവുന്നത്. ലൈബ്രറി നശിപ്പിക്കുവാനെത്തുന്ന പട്ടാളക്കാരുടെ മനംമാറ്റത്തെക്കുറിച്ച് ഇറ്റാലോ കാൽവിനോ എഴുതിയ കഥയിൽ, വായനയെന്നത് ക്രൂരതയ്ക്കും ഏകാധിപത്യത്തിനുമെതിരെ നിർത്തുന്ന രക്ഷാകവചമാണ്.

ബെസ്റ്റ് ​സെല്ലറും മറുപുറവും

കേരളത്തിൽ എക്കാലത്തേക്കും നിലനിൽക്കാൻ പോകുന്ന ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ബഷീർ മാത്രമാണ്. ബഷീറിനെ ചെറിയ കുട്ടിക്കും മുതിർന്നവർക്കും ഒരേപോലെ തൊടാം. എന്നാൽ ചെറിയ കുട്ടി ബഷീറിലൂടെ വായിച്ച് വളരുമ്പോൾ മറ്റൊരു ലോകത്ത് എത്തും. അത് കുഴിയാനകളുടെ ലോകമല്ല. അവിടെ വേശ്യകളുണ്ട്. പിമ്പുകളുണ്ട്. വിശപ്പുണ്ട്. മതിലുകളുണ്ട്. സ്നേഹവും നിരാസവും ഉണ്ട്. ഇതേ കാലത്ത് എഴുതിയ തകഴിയിലും കാരൂരിലും ലളിതാംബികയിലും ഇതെല്ലാം ഉണ്ട്. അവരുടെ ഭാഷ വ്യത്യസ്തമായിരുന്നു. ആ ഭാഷയിലേക്ക് എളുപ്പത്തിൽ കയറുക പ്രയാസമാണ്. അതിൽ വായനയുടെ കരിമല ചവിട്ടുക തന്നെ വേണം. പലപ്പോഴും അതുകൊണ്ടുതന്നെ ഗൗരവതരമായ വായനയുടെ ലോകം ചെറുതാണെന്ന് പറയേണ്ടിവരും.

കേരളത്തിൽ എക്കാലത്തേക്കും നിലനിൽക്കാൻ പോകുന്ന ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ബഷീർ മാത്രമാണ്.
കേരളത്തിൽ എക്കാലത്തേക്കും നിലനിൽക്കാൻ പോകുന്ന ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ബഷീർ മാത്രമാണ്.

എം.ടിയുടെ അതേ കാലത്ത് എഴുതിയ പട്ടത്തുവിളയുടെ കഥകൾ എത്ര മലയാളി വായിച്ചു? ഇനി ഞാനുറങ്ങട്ടെ എന്ന അതിഗംഭീരമായ നോവൽ രണ്ടാമൂഴം പോലെ എന്തുകൊണ്ട് പോപ്പുലർ ആയില്ല? വി.പി. ശിവകുമാർ എന്തുകൊണ്ട് വായിക്കപ്പെട്ടില്ല? അപ്പോൾ നാം അറിയേണ്ട പ്രധാന വസ്തുത, ഒരു ജനകീയ വായനയും മധ്യവർത്തി വായനയും ഉണ്ട് എന്ന വസ്തുതയാണ്. ഇതിനുപുറത്താണ് മറ്റൊരുതരം പുസ്തകങ്ങൾ ഉള്ളത്. മാർകേസിനെ വായിക്കാൻ എളുപ്പമാണ്. ഇൻഫാൻതേയേ വായിക്കുക ക്ലേശകരവുമാണ്. ഇങ്ങനെ ക്ലേശിച്ച് വായിക്കേണ്ടതില്ല എന്നതുകൊണ്ട് പൗലോ കൊയ്ലോയും മാർകേസും ഒരേപോലെ ജനപ്രിയരാവുന്നു. പ്രസാധകശാലക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ പാകത്തിലുള്ള പുസ്തകവിപണിയിലൂടെ കൺകെട്ട് നടത്താനാവും. വായന മരിച്ചിട്ടില്ല, ഇതാ ഇവിടെ പൂത്തുലയുന്നു. ഇതാവും പരസ്യവാചകം. നിർഭാഗ്യവശാൽ ആ പരസ്യവിശാലതയാണ് ഇന്ന് കാണുന്നത്.

വിപണിയിൽ, ‘ഞങ്ങൾ ഇതെല്ലാം ഇറക്കുന്നവരാണ്’ എന്ന് കാട്ടുവാൻ ചില പ്രസാധകർ ദലിത്- സ്ത്രീ രചനകൾ ഇറക്കും. എന്നാൽ അത് വിപണിയിൽ ആ ജീവിതങ്ങൾ പോലെ അദൃശ്യമായിരിക്കും. സൂക്ഷ്മമായി പഠിക്കേണ്ട വിപണനതന്ത്രമാണത്.

തകഴി ബഷീർ കാരൂർ പൊൻകുന്നം വർക്കി തുടങ്ങിയ ഒരു നിരയും മറുഭാഗത്ത് മുട്ടത്തുവർക്കി കാനം തുടങ്ങിയ മറ്റൊരു നിരയും ഉണ്ടായിരുന്നു. ജനപ്രിയരായവർ ('മ' പ്രസിദ്ധീകരണങ്ങൾ വഴി വായിക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ) മുട്ടത്തുവർക്കിയും മറ്റുമായിരുന്നു. ഒറ്റവായനയിൽ കാര്യം കഴിയും. അപ്പുറത്തെ നിരക്കാരെ വായിക്കുവാൻ സമയം വേണം. ആലോചന വേണം. ചില വാക്കുകളുടെ അർത്ഥമറിയുവാനുള്ള ശേഷി വേണം. അപ്പോൾ ഗൗരവതരമായ വായനയെ വരേണ്യവായനയായി പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. ജനപ്രിയതയെന്നാൽ ഓരം ചേർക്കപ്പെട്ടവരുടെ സാംസ്കാരിക മൂലധനമാണന്നും അത് പരിഗണിക്കപ്പെട്ടില്ല എന്നുമാണ് വാദം ഉയർന്നുവന്നത്. കുമാരനാശാനെ എത്ര പേർക്ക് വായിക്കാം?സംസ്കൃതചിത്തനായ ഒരാൾക്കു മാത്രമേ ആശാനിലേക്ക് പ്രവേശമുള്ളൂ. ആശാൻ ഈഴവനായതുകൊണ്ട് അദ്ദേഹത്തിന്റെ കവിതകൾ ജനപ്രിയമാകണമെന്ന് എന്ത് നിർബന്ധം? നാരായണഗുരു കൃതികൾ എത്ര പേർക്ക് പിടി തരും? ഇവിടെയാണ് ഗൗരവ വായനയെന്നത് ഒരു യാഥാർത്ഥ്യമാകുന്നത്. അതിന് മുമ്പുപറഞ്ഞ ക്ലേശം ആവശ്യമാണ്. ഒളിച്ചുകടത്തപ്പെടുന്ന വായനയുടെ ജനാധിപത്യമെന്ന പേരിലുള്ള മുറവിളികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഉപരിപ്ലവമായ ഒരു വായനാസമൂഹത്തേയും എഴുത്തിനേയുമാണ്. ഇതാണ് ഭരണകൂടത്തിനാവശ്യം. ചേതൻ ഭഗതിന്റെ നോവൽ ആരെയും അസ്വസ്ഥപ്പെടുത്തില്ല. അരുന്ധതി റോയ് അസ്വസ്ഥപ്പെടുത്തും. ദലിത് രചനകളും സ്ത്രീരചനകളും അസ്വസ്ഥപ്പെടുത്തും. എന്നാൽ വിപണിയിൽ, ‘ഞങ്ങൾ ഇതെല്ലാം ഇറക്കുന്നവരാണ്’ എന്ന് കാട്ടുവാൻ ദലിത്- സ്ത്രീ രചനകൾ ഇറക്കുകയും ചെയ്യും. എന്നാൽ അത് വിപണിയിൽ ആ ജീവിതങ്ങൾ പോലെ അദൃശ്യമായിരിക്കും. സൂക്ഷ്മമായി പഠിക്കേണ്ട വിപണനതന്ത്രമാണത്.

പ്രസാധകരുടെ വിപണി

കുത്തക പ്രസാധകർക്ക് എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യം തന്നെയാണുള്ളത്. സ്കൂൾ- കോളേജ് പാഠങ്ങളിൽ തങ്ങളുടെ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടുത്തുവാൻ നടത്തുന്ന ശ്രമങ്ങൾ മുതൽ ആ കച്ചവടം തുടങ്ങുന്നു. ഉപരിപ്ലവത എന്നു പറഞ്ഞാൽ, ഇന്ന് എന്തുകൊണ്ടോ ഒരു മോശം പ്രയോഗമായി ചിലരെങ്കിലും കാണുന്നുണ്ട്. വായനയുടെ ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ് അവരുടെ വാദം.

എം.ടിയുടെ അതേ കാലത്ത് എഴുതിയ പട്ടത്തുവിളയുടെ കഥകൾ എത്ര മലയാളി വായിച്ചു? വി.പി. ശിവകുമാർ എന്തുകൊണ്ട് വായിക്കപ്പെട്ടില്ല?
എം.ടിയുടെ അതേ കാലത്ത് എഴുതിയ പട്ടത്തുവിളയുടെ കഥകൾ എത്ര മലയാളി വായിച്ചു? വി.പി. ശിവകുമാർ എന്തുകൊണ്ട് വായിക്കപ്പെട്ടില്ല?

പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുന്ന കൃതികൾ ഏതൊക്കെ? കൂട്ടിച്ചേർക്കപ്പെടുന്നതെന്ത്? ബാബറി മസ്‌ജിദിനെ മൂന്നു മിനാരം മാത്രമായി വേഷം മാറ്റിയെതെന്തുകൊണ്ട്? കാർട്ടൂണുകൾ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു? ഇവിടെയാണ് നേരത്തെ പറഞ്ഞ സാമൂഹ്യസന്ദർഭം പ്രസ്തകമാകുന്നത്. ഇവിടെ ഉപരിപ്ലവ ജനപ്രിയ ബെസ്റ്റ് സെല്ലറുകളാണെങ്കിൽ ആരെയും നോവിപ്പിക്കില്ല. ഞങ്ങൾ സംസ്കാരത്തിന്റെ കാവൽക്കാർ എന്ന് സ്വയം മേനി നടിക്കുകയും ചെയ്യാം. എന്നാൽ ഇതിനുപുറത്ത് ഒറ്റപ്പെട്ട പ്രസാധകർ ചില പുസ്തകങ്ങൾ ഇറക്കുന്നു. അത് വിപണിയിൽ നല്ല രീതിയിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. പി.എൻ. ഗോപീകൃഷ്ണന്റെ പുസ്തകം 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' യാണ് ഇതിനുള്ള സമീപകാല ഉദാഹരണം.

വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം.

ഗൗരവമായി എഴുതാൻ തയ്യാറാകുന്നവർ എല്ലാത്തരം തിരസ്കാരങ്ങളേയും അഭിമുഖീകരിക്കുവാൻ പ്രാപ്തരാവണം. കൈയ്യടികൾ നിങ്ങളെ വഴിതെറ്റിക്കും.

വായനാഘോഷങ്ങൾ

കെ. സരസ്വതിയമ്മയുടെ കഥയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്, പാഠവലിയിലുള്ള കൃതികളോട് അകൽച്ച തോന്നും എന്ന്. ഒരു നല്ല അദ്ധ്യാപകനോ അദ്ധ്യാപകയോ ഇല്ലെങ്കിൽ ഏത് സാഹിത്യകൃതിയും വിദ്യാർത്ഥിക്ക് ആജന്മ ശത്രുവാകും. ഉള്ളൂരിനെപ്പോലൊരു വലിയ കവി അങ്ങനെയാവാം ജനശത്രുവായിപ്പോയത്. കുട്ടികളെ വെറുതെ വിടുക. അവരെ ഇങ്ങനെയുള്ള മത്സരങ്ങളിൽനിന്ന് ഒഴിവാക്കുക. ഓട്ടം പോലൊരു മത്സരഇനമാണ് വായനയും ഇന്ന്. എഴുത്തുകാർ വർഷാവർഷം മടിയിലിരുത്തി കുഞ്ഞുങ്ങളെ നാവിൽ എഴുതിക്കുന്നത് കണ്ടിട്ടില്ലേ? മക്കൾ എഴുത്തുകാരായാലോ എന്ന ദുരാഗ്രഹമോ പ്രിയപ്പെട്ട എഴുത്തുകാർ എഴുതിച്ചാൽ സരസ്വതീകടാക്ഷം ഉണ്ടായാലോ എന്നൊക്കെയുള്ള വിശ്വാസത്താലാവാം അവർ ഇങ്ങനെ ചെയ്യുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഇങ്ങനെ കുട്ടികളെക്കൊണ്ട് മത്സരം നടത്തുക സ്വാഭാവികമാണ്.

ഒറ്റപ്പെട്ട പ്രസാധകർ ചില പുസ്തകങ്ങൾ ഇറക്കുന്നു. അത് വിപണിയിൽ നല്ല രീതിയിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. പി.എൻ. ഗോപീകൃഷ്ണന്റെ പുസ്തകം 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' യാണ് ഇതിനുള്ള സമീപകാല ഉദാഹരണം.
ഒറ്റപ്പെട്ട പ്രസാധകർ ചില പുസ്തകങ്ങൾ ഇറക്കുന്നു. അത് വിപണിയിൽ നല്ല രീതിയിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. പി.എൻ. ഗോപീകൃഷ്ണന്റെ പുസ്തകം 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' യാണ് ഇതിനുള്ള സമീപകാല ഉദാഹരണം.

പുസ്തകചർച്ചകൾ അനുഷ്ഠാനമായി മാറിക്കഴിഞ്ഞിട്ട് എത്രയോ കാലമായി. ബഹുഭൂരിപക്ഷം പല നിലയിലുള്ള ജീവിതവൃത്തികളിൽ വ്യാപൃതരാണ്. അവരിൽ ചെറിയൊരു വിഭാഗമാണ് വായിക്കുന്നത്. ഗൗരവമായി എഴുതാൻ തയ്യാറാകുന്നവർ എല്ലാത്തരം തിരസ്കാരങ്ങളേയും അഭിമുഖീകരിക്കുവാൻ പ്രാപ്തരാവണം. കൈയ്യടികൾ നിങ്ങളെ വഴിതെറ്റിക്കും. സിനിമയിലെ നൂറുകോടി എന്ന പരസ്യതന്ത്രം പുസ്തകവിപണിയിൽ ലക്ഷക്കണക്കിന് എന്ന പരസ്യവാചകമായി മാറിയിരിക്കുന്നു. ഇതാണ് വായനക്കാരെ പിടിച്ചെടുക്കുവാനുള്ള എളുപ്പമാർഗം. ഒരു പുസ്തകം നൂറ് കോപ്പി അടിക്കുന്നു. രണ്ടു മാസം കൊണ്ട് ആയിരം കോപ്പി വിൽക്കുന്നു. പത്താം പതിപ്പ് ആഘോഷമാക്കുന്നു പ്രസാധകർ. പുസ്തകചർച്ച നടക്കുന്നു. കൃതിയുടെ മൂല്യമെന്നത് വിപണിയിലെ കച്ചവടത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. ഒരു പ്രോഡക്ട് എന്ന നിലയിൽ പ്രസാധകർക്ക് ഇതിനെല്ലാമുള്ള സ്വാതന്ത്ര്യമുണ്ട്.

വായനക്കാർ അസംഘടിതരാണ്. അവർ ചർച്ച ചെയ്യുമ്പോൾ അച്ചടി, കടലാസിന്റെ മേന്മ, പ്രൂഫിലെ പിഴവുകൾ ഇതുകൂടി ചർച്ച ചെയ്താൽ നല്ലതെന്ന് തോന്നിയിട്ടുണ്ട്. ഒരു പുസ്തകം എത്ര കോപ്പി അടിച്ചിട്ടുണ്ട് എന്ന് എങ്ങനെ അറിയാമെന്ന് ഇവിടുത്തെ എത്ര വായനക്കാർക്കറിയാം? വായനക്കാരിലേക്ക് അങ്ങനെയുള്ള കാര്യങ്ങൾ കൂടി മനസിലാക്കി കൊടുക്കേണ്ടതുണ്ട്.


Summary: Authors discussing freedom and their lack of freedom unni r


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments