ഫ്രാങ്ക്ഫർട്ട് പുസ്തക മേളയില്‍ നിന്ന്

സാഹിത്യോത്സവങ്ങളിലെ പിൻവാതിലുകൾ

പ്രമുഖ ആഗോള ലിറ്റററി ഫെസ്റ്റിവലുകളിൽ പ​ങ്കെടുത്തതിന്റെ അനുഭവം പങ്കിട്ടുകൊണ്ട്, സാഹിത്യോത്സവങ്ങൾക്കു സംഭവിക്കുന്ന ചില അനഭിലഷണീയ മാറ്റങ്ങളെക്കുറിച്ച് എഴുതുകയാണ് എൻ.ഇ. സുധീർ 

ഫ്രാങ്ക്ഫർട്ടിൽ നിന്നുതന്നെ തുടങ്ങാം.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ വെച്ചാണ് 1439-ൽ ജോനസ്സ് ഗുട്ടൻബർഗെന്ന കൊല്ലപ്പണിക്കാരൻ ലോകത്തിലെ ആദ്യത്തെ അച്ചടിയന്ത്രം കണ്ടുപിടിക്കുന്നത്. ഗുട്ടൻബർഗ് മെരുക്കിയെടുത്ത യന്ത്രത്തിൻ്റെ സഹായത്തോടെ ചലിക്കുന്ന അച്ചുകൾ യൂറോപ്പിനെ മാറ്റിമറിച്ചു. അച്ചടിയുടെ തുടക്കം കുറിക്കലായിരുന്നു അത്. അങ്ങനെ 1398-ൽ ജർമനിയിലെ മയിൽസ് നഗരത്തിൽ ജനിച്ച ഈ കൊല്ലന്റെ മുന്നിൽ ആധുനികലോകം എക്കാലത്തേക്കുമായി കടപ്പെട്ടു. ആ പേര് മാനവചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന ഒന്നായി മാറി. അങ്ങനെയാണ് ഫ്രാങ്ക് ഫർട്ടും പുസ്തകങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.

1440- കൾക്കുശേഷം ഫ്രാങ്ക്ഫർട്ടിലെ പ്രാദേശിക പുസ്തക വ്യാപാരികൾ ഗുട്ടൻബർഗിന്റെ കണ്ടെത്തലിനോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഒരു പുസ്തക പ്രദർശനം നടത്താൻ തീരുമാനിച്ചു. ഫ്രാങ്ക്ഫർട്ട് ലോക പുസ്തകമേളയുടെ ആദിരൂപം ഇതായിരുന്നു. ആ കണക്കനുസരിച്ച് 500 വർഷത്തിന്റെ ചരിത്രം ഫ്രാങ്ക്ഫർട്ട് പുസ്തകമേളയ്ക്ക് അവകാശപ്പെടാം. ഫ്രാങ്ക്ഫർട്ടിൽ നടന്നിരുന്ന ഈ പുസ്തകപ്രദർശനം 17-ാം നൂറ്റാണ്ടു വരെ യൂറോപ്പിലെ പ്രധാനപ്പെട്ട ഒന്നായി കരുതപ്പെട്ടു. 1632-ൽ ജർമനിയിലെ മറ്റൊരു നഗരമായ ലെസിഗിൽ പുതിയൊരു പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു. അതോടെ ഫ്രാങ്ക്ഫർട്ടിന്റെ ശോഭക്ക് മങ്ങലേറ്റു. അധികം വൈകാതെ അതങ്ങ് അസ്തമിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ആധുനിക ഫ്രാങ്ക്ഫർട്ട് പുസ്തകമേളയുടെ ആരംഭം. അന്നുതൊട്ട് ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമേളയായി കരുതപ്പെടുന്നു.

ജോനസ്സ് ഗുട്ടൻബർഗ്

മെസ്സേ ഫ്രാങ്ക്ഫർട്ട് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനസമുച്ചയമാണ്. പരസ്പരം ബന്ധിക്കപ്പെട്ട പത്ത് കെട്ടിടങ്ങൾ. ഓരോന്നിനും ആറ് നിലകൾ. മൊത്തം 5,78,000 സ്ക്വയർ മീറ്റർ ചുറ്റളവ്. ഇവിടെയാണ് ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ വ്യാപാരപ്രദർശനങ്ങളും നടക്കുന്നത്. ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയും ബുക് ഫെയറും ഇതിൽ മുഖ്യം. ബുക്ഫെയറിൽ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 7500- ഓളം പ്രസാധകരാണ് ഓരോ വർഷവും പുസ്തകങ്ങൾ അണിനിരത്തുന്നത്. മൂന്നുലക്ഷം പേരോളം ഇവിടെ സന്ദശർശകരായി വർഷംതോറും എത്തുന്നു. ആയിരക്കണക്കിന് ബന്ധപ്പെട്ട ചടങ്ങുകളും അഞ്ചു ദിവസത്തെ മേളയോടൊപ്പം നടക്കുന്നു. പല രാജ്യങ്ങളിൽ നിന്നായി ഒൻപതിനായിരത്തോളം മാധ്യമപ്രവർത്തകരാണ് ഇത് റിപ്പോർട്ട് ചെയ്യാനെത്തുന്നത്, കൂടാതെ ആയിരത്തോളം സ്വതന്ത്ര ബ്ലോഗർമാരും. ഇതിലധികം മാധ്യമശ്രദ്ധ ലോകത്ത് മറ്റൊരു വ്യാപാരമേളയ്ക്കും അവകാശപ്പെടാനില്ല. പുസ്തക വിപണനത്തിന്റെ ഈ കളരിയിൽ പുസ്കങ്ങളുമായി ബന്ധപ്പെട്ട എല്ലാം ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങളോട് അടുപ്പം കാണിക്കുന്ന പ്രധാന ഉല്പന്നങ്ങളും ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭാശാലികളും ഇവിടെയെത്തിച്ചേരും. ഡിജിറ്റൽ ടെക്നോളജി, ഡിസൈൻ, സിനിമ, ഡോക്യുമെന്ററി, വീഡിയോ ഗെയിംസ് അങ്ങനെ പലതും. പുസ്തകങ്ങൾ വില്പനക്കില്ലെന്നുമാത്രം! പുസ്തകങ്ങളുടെ പകർപ്പവകാശത്തിന്റെ കൊടുക്കൽ വാങ്ങലുകളാണ് ഈ മേളയുടെ പ്രധാന സവിശേഷത. അവിടെ വെച്ചാണ് സാഹിത്യം  ലോകത്തെ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നത് എന്നർത്ഥം. പരിഭാഷയിലൂടെ സാഹിത്യം ലോകസഞ്ചാരം തുടങ്ങുന്നു. 

ഒരു വായനക്കാരന്റെ
അപൂർവ അനുഭവങ്ങൾ

ഫ്രാങ്ക്ഫർട്ട് ബുക് ഫെയർ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് ഒരു സാഹിത്യോത്സവം കൂടിയാണ്. എഴുത്തുകാരുടെ പ്രഭാഷണങ്ങൾ, അവരുമായുള്ള സംവാദങ്ങൾ, സാഹിത്യ സെമിനാറുകൾ എന്നിവയാണ് ഫ്രാങ്ക്ഫർട്ടിനെ വേറിട്ടതാക്കുന്ന പ്രധാന സവിശേഷത. പുസ്തകങ്ങളുടെ ഈ മഹാമേളയിൽ ഒരിക്കൽ പങ്കെടുത്തപ്പോഴാണ് ലോകമറിയുന്ന പല എഴുത്തുകാരെയും ഞാൻ  നേരിൽ കണ്ടതും കേട്ടതും. സൽമാൻ റുഷ്ദിയായിരുന്നു ആ വർഷത്തെ ബുക്ഫെയർ ഉദ്ഘാടനം ചെയ്തത്. എത്താൻ വൈകിയതിനാൽ എനിക്കദ്ദേഹത്തെ കാണാനും പ്രസംഗം കേൾക്കാനും  കഴിഞ്ഞില്ല. അതൊരു വലിയ നഷ്ടം തന്നെയായിരുന്നു. റുഷ്ദിയെ കാണുക എന്ന ആഗ്രഹം ഇപ്പോഴും അവശേഷിക്കുന്നു.

സല്‍മാന്‍ റുഷ്ദി / photo: wikipedia

ഇറാനിലെ ഖുമൈനി 1989-ൽ പുറപ്പെടുവിച്ച ഫത്‍വ നിലവിലുണ്ടെങ്കിലും അടുത്ത കാലത്തായി അദ്ദേഹം അമേരിക്കയിലെ  പൊതുവേദികളിൽ വലിയ കരുതലൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കഴിഞ്ഞവർഷം ന്യൂയോർക്കിൽ വെച്ച് വീണ്ടും ക്രൂരമായി ആക്രമിക്കപ്പെട്ടതോടെ ആ സാധ്യതയ്ക്ക് മങ്ങലേറ്റു. 2012- ൽ ജയ്പുരിലെത്തുമെന്ന് പ്രതീക്ഷിച്ച റുഷ്ദിക്ക് അവസാനിമിഷം മാറിനിൽക്കേണ്ടിവന്നു. അവിടെയെത്തിയ മറ്റു ചില എഴുത്തുകാർ റുഷ്ദിയുടെ 'സാത്താനിക് വേഴ്സസ് ' എന്ന നോവലിൽ നിന്നുള്ള വിവാദഭാഗങ്ങൾ വായിച്ചു പ്രതിഷേധിച്ചു, അതും വിവാദമായി. 

കുറേക്കാലം മുമ്പുവരെ വിരലിലെണ്ണാവുന്നത്ര മാത്രമുണ്ടായിരുന്ന ഇത്തരം ആഘോഷങ്ങൾ ഇന്ന് എണ്ണി തിട്ടപ്പെടുത്താൻ പ്രയാസമായ നിലയിലേക്ക് വളർന്നിരിക്കുന്നു. ഇവയുടെ സാംസ്കാരികവും വിപണനപരവുമായ സാധ്യതകൾ ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു.

ഫ്രാങ്ക്ഫർട്ടിലെ ഒരു വേദിയിൽ വെച്ച് ഞാൻ കണ്ട  എഴുത്തുകാരിയാണ് ഷാർലെറ്റ് റോഷ് (Charlotte Roche). അവരുടെ സംസാരം കേൾക്കാൻ ധാരാളം ആളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. ആ പേര്  ഞാൻ എവിടെയോ കേട്ടതുപോലെ തോന്നി.  എന്നാൽ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. വേദിയിലെ സംഭാഷണം ശ്രദ്ധിച്ചപ്പോഴാണ് 'Wetlands' എന്ന നോവലിന്റെ പേര് കേട്ടത്. അതെ 'Wetlands' എന്ന നോവലിന്റെ രചയിതാവും ബ്രിട്ടീഷ്- ജർമൻ എഴുത്തുകാരിയുമായ ഷാർലെറ്റ് റോഷ്. ജർമൻ ടെലിവിഷൻ അവതാരിക കൂടിയായ ഈ ചെറുപ്പക്കാരി ചില്ലറക്കാരിയല്ല. 

2010- ലാണ് അവർ വാർത്തയിൽ നിറഞ്ഞത്. അതൊരു വിചിത്രമായ വാർത്തയിൽ വരവായിരുന്നു. ജർമനിയിലെ പഴക്കം ചെന്ന 17 ന്യൂക്ലിയർ റിയാക്ടറുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനുളള ഒരു ബിൽ പാർലമെന്റിൽ വന്ന സമയം. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നു. എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തെത്തി. പ്രസിഡന്റ് ക്യൻ വൂൾഫിനോട് ഷാർലെറ്റ് റോഷ് എന്ന എഴുത്തുകാരി ഒരു വാഗ്ദാനം മുന്നോട്ടുവെച്ചു: “ഈ ബിൽ പാസാക്കുന്നതിന് തടസം നിൽക്കാമെങ്കിൽ ഞാൻ താങ്കളുമായി കിടക്ക പങ്കിടാൻ തയ്യാറാണ്. താങ്കളുടെ ഭാര്യയുടെ സമ്മതം വാങ്ങി തയ്യാറായിരുന്നാൽ മതി.”
രാജ്യത്തിന്റെ പ്രസിഡന്റിനോടാണ് അവരിത് പറഞ്ഞത് എന്നോർക്കണം.

ഷാർലെറ്റ് റോഷ്

ഈ സുന്ദരിയുടെ പരസ്യപ്രസ്താവന ലോകത്തെ ഞെട്ടിച്ചു. ലോകം നാളിതുവരെ കണ്ടിട്ടില്ലാത്ത ചങ്കൂറ്റം. 2008- ൽ പുറത്തുവന്ന ‘വെറ്റ്ലാന്റ്സ്' എന്ന നോവൽ ജർമനിയിൽ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റത്. കാമകേളിയുടെ പച്ചയായ വിവരണം നിറഞ്ഞ ആ നോവൽ ലോകമെമ്പാടും ചർച്ചയായി. സ്വയംഭോഗവും സ്വവർഗ്ഗരതിയും ഒക്കെ നിറഞ്ഞ പെണ്ണിന്റെ ഭാവന വായനക്കാരെ ഞെട്ടിച്ചു. “എന്റെ മുന്നിൽ വിലക്കപ്പെട്ടതായൊന്നുമില്ല. മനുഷ്യബന്ധങ്ങളെ പറ്റിയെഴുതുമ്പോൾ ഞാനെങ്ങനെ ലൈംഗികതയെ മാറ്റിനിർത്തും?" 

ഉടൻ വരാൻ പോകുന്ന മൂന്നാമത്തെ നോവലിലും കാമകേളിയുടെ സമൃദ്ധിയുണ്ടെന്ന് അറിയിക്കുകയായിരുന്നു അവർ: “എന്റെ വായനക്കാർക്ക് ഇത്തരം വായനയിലൂടെ അല്പമൊക്കെ ചമ്മൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ടാവും. പാവനമായ ഒന്നും ലൈംഗികതയുടെ രംഗത്തില്ല. അതവർക്കും ബോദ്ധ്യപ്പെടും."

ഫെമിനിസത്തിന് സ്വന്തം ഭാഷ്യം തീർക്കുകയാണ് റോഷ്. യൂറോപ്പിനെ ഞെട്ടിച്ച ആ സുന്ദരിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമായിരുന്നു. അവരുടെ നോവലുകൾ തേടിപ്പിടിച്ച് വായിക്കണമെന്ന ആഗ്രഹത്തോടെയിരിക്കും ആ സംവാദസദസ്സിൽ പങ്കുകൊണ്ട് ഓരോരുത്തരും മടങ്ങിയിരിക്കുക, കൂട്ടത്തിൽ ഈ ഞാനും.

മറ്റൊരു വേദിയിൽ തിക്കിത്തിരക്കി കയറിക്കൂടിയപ്പേൾ വേദിയിൽ ഇസബേൽ അലെയൻ്റെ. 'ദ ഹൗസ് ഓഫ് സ്പിരിറ്റ് ’ എന്ന നോവലിലൂടെ പ്രശസ്തയായ ചിലിയൻ നോവലിസ്റ്റ്. ബി.ബി.സിയിലെ ഹെക്സിബ ആൻഡേഴ്സണുമായി അവർ സംഭാഷണത്തിലാണ്. എൻ്റെ ആനന്ദം

പറഞ്ഞറിയിക്കാനാവാത്തത്രയായിരുന്നു.

ഫെയറിലൂടെ നടന്നു പോകുമ്പോൾ പിന്നെയും കണ്ടു ചിലരെയൊക്കെ. ഇന്തോനേഷ്യയിലെ പ്രധാന എഴുത്തുകാരനായ എക കുർനിയവൻ, യമണ്ടൻ ത്രില്ലറുകൾ എഴുതി ലോകപ്രശസ്തനായ കെൻ ഫോളറ്റ്… അങ്ങനെ പലരും. എന്നെപ്പോലൊരു വായനക്കാരനെ സംബന്ധിച്ച് അവിസ്മരണീയ അനുഭവമായിരുന്നു. സാഹിത്യമേളകൾക്കു മാത്രം നൽകാൻ കഴിയുന്ന ഒന്ന്. 

പറഞ്ഞുവന്നത് പുസ്തകമേളകൾ, അഥവാ സാഹിത്യോത്സവങ്ങൾ ലോകത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെപ്പറ്റിയാണ്. കുറേക്കാലം മുമ്പുവരെ വിരലിലെണ്ണാവുന്നത്ര മാത്രമുണ്ടായിരുന്ന ഇത്തരം ആഘോഷങ്ങൾ ഇന്ന് എണ്ണി തിട്ടപ്പെടുത്താൻ പ്രയാസമായ നിലയിലേക്ക് വളർന്നിരിക്കുന്നു. ഇവയുടെ സാംസ്കാരികവും വിപണനപരവുമായ സാധ്യതകൾ ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. എഡിൻബർഗ് ഇൻ്റർനാഷണൽ ബുക് ഫെസ്റ്റിവൽ, ബർലിൻ ഇൻ്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ, ടൊറണ്ടോ ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ഓതേഴ്സ്, ബാലിയിലെ ഉബുദ് റൈറ്റേഴ്സ് ആൻ്റ് റീഡേഴ്സ് ഫെസ്റ്റിവൽ തുടങ്ങിയവ ലോകപ്രശസ്തങ്ങളാണ്.  

കെൻ ഫോളറ്റ്, എക കുർനിയവൻ

ഇന്ത്യയിൽ പോലും നൂറുകണക്കിന് ലിറ്റററി ഫെസ്റ്റിവലുകൾ ഇപ്പോൾ നടക്കുന്നുണ്ട്. കേരളത്തിൽ എല്ലാ നഗരങ്ങളിലും ഇത് പതിവായിക്കഴിഞ്ഞു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF), തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവം (MBILF) തുടങ്ങിയവ ഇന്ത്യയിലെ സുപ്രധാന  സാഹിത്യോത്സവങ്ങളായി അറിയപ്പെട്ടുകഴിഞ്ഞു. കൊച്ചിയിൽ യുവജന സംഘടനയായ ഡി.വൈ. എഫ്. ഐ യുടെ നേതൃത്വത്തിലും കഴിഞ്ഞ വർഷം സാഹിത്യോത്സവം നടന്നു. ബുക്കർ അന്തരാഷ്ട്ര പുരസ്കാരം നേടിയ ഗീതാജ്ഞലി ശ്രീയെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്.

രാഷ്ട്രീയ-  വ്യാപാര രംഗത്തെ മിടുക്കന്മാരും ധാരാളമായി ഈ വേദികളിലെത്തുന്നു. അവരൊക്കെ വായനക്കാരുമായി മറയില്ലാതെ സംവദിക്കുന്നു. ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും ഭരണഘടനയും സംവാദങ്ങളിൽ ഇടം നേടുന്നു. 

കേരള നിയമസഭയുടെ നേതൃത്വത്തിലും മികവുറ്റ ഒരു പുസ്തകോത്സവം രണ്ടു വർഷമായി നടന്നു വരുന്നു. ഈ വർഷം തൃശ്ശൂരിൽ സാഹിത്യ അക്കാദമിയുടെ നേതൃത്യത്തിൽ പുതിയതായി ഒന്നുകൂടി വരുന്നുണ്ട്. അതുപോലെ ഈ വർഷം പൂർണയുടെ നേതൃത്വത്തിലും ഒരു സാംസ്കാരികോത്സവം നടക്കുകയുണ്ടായി. വെറെ ചിലതൊക്കെ നടന്നുകഴിഞ്ഞു. സാഹിത്യത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും സംവാദ ഇടങ്ങളായി ഇത്തരം ആഘോഷങ്ങൾ പൊതുവിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. ഏഴാം പതിപ്പിലെത്തിനിൽക്കുന്ന കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടനമികവുകൊണ്ടും വായനക്കാരുടെ അസാധാരണ പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ ശ്രദ്ധേയമായ ഒന്നായി വളർന്നിരിക്കുന്നു. ഇന്ത്യയിലെ പ്രധാന എഴുത്തുകാരുടെ പ്രിയപ്പെട്ട ഇടമാണ് ഇപ്പോൾ കെ.എൽ .എഫ്. 

ആർക്കുവേണ്ടിയാണ് സാഹിത്യോത്സവങ്ങൾ?

ജർമൈൻ ഗ്രീയര്‍

കോളേജ് പഠനകാലത്താണ് ജർമൈൻ ഗ്രീയറിനെപ്പറ്റി ആദ്യം കേൾക്കുന്നതും അവരുടെ പ്രശസ്തമായ 'ദി ഫീമെയിൽ യൂനിക്' എന്ന കൃതി തേടിപ്പിടിച്ച് വായിക്കുന്നതും. ആസ്ട്രേലിയക്കാരിയായ ആ ലോകപ്രശസ്ത ഫെമിനിസ്റ്റ് ചിന്തകയെ നേരിൽ കാണാനും അവരുമായി രണ്ടു വാക്ക് സംസാരിക്കാനും എനിക്കു  കഴിയുമെന്ന് അന്നൊന്നും ആലോചിച്ചിട്ടേയില്ല; ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല.  എന്നാൽ 2011- ൽ അത് സാധ്യമായി. അക്കൊല്ലം  തിരുവനന്തപുരത്ത് നടന്ന പ്രശസ്തമായ 'ഹേയ് ' സാഹിത്യോത്സവത്തിൽ ജർമൈൻ ഗ്രീയർ വന്നിരുന്നു. കേരളത്തിൽ നടന്ന ആദ്യത്തെ സാഹിത്യോത്സവം അതായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. അന്നതിൽ ഗ്രീയറെ കൂടാതെ വെറെയും അറിയപ്പെടുന്ന വിദേശ എഴുത്തുകാർ പലരും പങ്കെടുത്തിരുന്നു. യോർക്ഷെയറിൽ നിന്നുള്ള കവി സൈമൺ ആർമിറ്റേജ്, ബ്രിട്ടിഷ് എഴുത്തുകാരനായ ആൻഡ്രു മില്ലർ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിയവരും ധാരാളം ഇന്ത്യൻ എഴുത്തുകാരും അന്നവിടെ ഒത്തുകൂടി. ഇവരെയൊക്കെ പരിചയപ്പെടാനും ഇവരുടെ സെഷനുകൾ കേൾക്കാനും അവരുടെ പുസ്തകങ്ങൾ വാങ്ങാനും കേരളത്തിലെ വായനക്കാർക്കുസാധിച്ചു. ഇതുതന്നെയാണ് സാഹിത്യോത്സവങ്ങൾ മുന്നോട്ടുവെക്കുന്ന പ്രധാന സാധ്യത. 

വ്യാപാരത്തിൻ്റെ ഇരുണ്ടതോ കറുത്തതോ ആയ മുഖം സംഘാടകരിലൂടെ സാഹിത്യോത്സവങ്ങൾക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ജർമൈൻ ഗ്രീയറിനെ പിന്നീട് ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിലും (JLF) 2019-ൽ തിരുവനന്തപുരത്ത് മാതൃഭൂമിയുടെ അക്ഷരോത്സവത്തിലും കാണാൻ കഴിഞ്ഞു. ജയ്പുരിൽ പല വിദേശ എഴുത്തുകാരും പതിവായി എത്തുന്നുണ്ട്. അവിടെയെത്തുന്ന പലരും തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന സാഹിത്യോത്സവങ്ങളിലും പങ്കെടുക്കുന്നു. ബെൻ ഓക്രിയെയും അലക്സാണ്ടർ മെക്കാൾ സ്മിത്തിനെയും അബ്ദുൾ റസാക് ഗുർനെയെയും പലേടങ്ങളിലും കണ്ടു, കേട്ടു. ഇതൊരു വലിയ സാധ്യതയാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള അകലം കുറയുന്നു. എഴുത്തുകാരിലൂടെ പുസ്തകത്തിലേക്ക് എന്ന ഒരു പുതിയ സഞ്ചാരവഴിയുണ്ടാവുന്നു. വിവിധയിടങ്ങളിലെ എഴുത്തുകാർ തമ്മിൽ പരിചയപ്പെടുന്നു. ചിലതൊക്കെ അടുത്ത ബന്ധങ്ങളായി മാറുന്നു. കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ചാണ് ബുക്കർ പുരസ്കാര ജേതാവായ ശ്രീലങ്കൻ നോവലിസ്റ്റ്  ഷെഹാൻ കരുണ തിലകയെ ഞാൻ പരിചയപ്പെടുന്നത്. ഒരു  മാതൃഭൂമി അക്ഷരോത്സവത്തിൽ വച്ചാണ് ലോക പ്രശസ്ത യൂക്രേനിയൻ നോവലിസ്റ്റ് ആൻഡ്രേ കുർക്കോവിനെ പരിചയപ്പെടുന്നതും അടുത്ത സൗഹൃദത്തിലാവുന്നതും. ട്രൂകോപ്പിക്കുവേണ്ടി അദ്ദേഹവുമായി ഒന്നിലധികം അഭിമുഖം നടത്തിയിട്ടുമുണ്ട്. എവിടെ കണ്ടാലും പരിചയം പുതുക്കുന്നത്ര അടുപ്പം അമിതാവ് ഘോഷുമായി എനിക്കിന്നുണ്ട്. അതു സാധിച്ചതും സാഹിത്യോത്സവങ്ങളിലൂടെയാണ്.
ചില ശാസ്ത്ര പ്രതിഭകളെ കാണാനും ഇതു വഴിയൊരുക്കിയിട്ടുണ്ട്. ഇന്നിപ്പോൾ രാഷ്ട്രീയ-  വ്യാപാര രംഗത്തെ മിടുക്കന്മാരും ധാരാളമായി ഈ വേദികളിലെത്തുന്നു. അവരൊക്കെ വായനക്കാരുമായി മറയില്ലാതെ സംവദിക്കുന്നു. ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും ഭരണഘടനയും സംവാദങ്ങളിൽ ഇടം നേടുന്നു. 

സാഹിത്യോത്സവങ്ങളിലെ
‘നിഗൂഢ കരങ്ങൾ’

എല്ലാം എല്ലാ കാലത്തും നല്ലതായി നടക്കണമെന്നില്ലല്ലോ. വ്യാപാരത്തിൻ്റെ ഇരുണ്ടതോ കറുത്തതോ ആയ മുഖം സംഘാടകരിലൂടെ സാഹിത്യോത്സവങ്ങൾക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ചിലതിൻ്റെ അണിയറയിൽ ‘നിഗൂഢ കരങ്ങൾ’ പ്രവർത്തിക്കുന്നു എന്ന കാരണത്താൽ അരുന്ധതി റോയിയുൾപ്പടെയുള്ള ചുരുക്കം ചില എഴുത്തുകാർ ചിലതിൽ നിന്നൊക്കെ മാറിനിൽക്കുന്നതായും അറിയാം. വേദികളിലെ സംവാദങ്ങൾക്ക് വിലക്കും അതിർവരമ്പുകളും വന്നുതുടങ്ങിയത് വായനക്കാർ അറിഞ്ഞുകാണില്ലെന്നു മാത്രം. നാലും അതിലധികവും  എഴുത്തുകാർ അവ്യക്തമായ വിഷയത്തിൽ ഒരു മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് എന്തു പറയാൻ എന്ന ചോദ്യവും പലേടത്തുനിന്നും ഉയരുന്നുണ്ട്. പല സെഷനുകളും ആചാരങ്ങളുടെ തലത്തിലേക്ക് ചുരുങ്ങിപ്പോവുന്നു. തീർത്തും ബാലിശമായ വിഷയങ്ങൾ മാത്രം  ചർച്ചയ്ക്കെടുക്കുന്നു എന്നതും കേരളത്തിലെ ചില സാഹിത്യോത്സവങ്ങൾ നേരിടുന്ന പുതിയ  വിമർശനമാണ്. വിമതശബ്ദങ്ങളെ ഒഴിവാക്കുന്നു എന്നതും ഇവയുടെ സത്തയെ ചോർത്തിക്കളയുന്ന നിലപാടുകളാണ്. 

അരുന്ധതി റോയ്

ജനാധിപത്യപരമായ രാഷ്ട്രീയ സംവാദങ്ങൾ ഇവിടങ്ങളിൽ നടക്കുന്നുണ്ട് എന്നത് സ്വാഗതാർഹമാണ്. എന്നാൽ  എഴുതി തയ്യാറാക്കിയ പ്രസംഗവുമായി ഉദ്ഘാടനത്തിനെത്തുന്ന ഭരണാധികാരി തീർച്ചയായും ഇത്തരം വേദികളിലെ  അശ്ലീലക്കാഴ്ചയാണ്. ഈ  തുടക്കം കുറിക്കലുകൾ സംവാദത്തിൻ്റെ അന്തഃസത്ത കെടുത്തുന്നു. അതിലൊരു ജനാധിപത്യവിരുദ്ധതയുണ്ട്. എന്തുകൊണ്ടാണ് സാഹിത്യോത്സവങ്ങളിൽ അധികാരത്തിൻ്റെ കെട്ടുകാഴ്ചകൾക്ക് ഇടം കിട്ടുന്നത് എന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്.  

മുസ്‍ലിം തീവ്രവാദ സംഘടനകളും ഹിന്ദുത്വ സംഘടനകളും സാഹിത്യോത്സവങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത് ജാഗ്രതയോടെ നോക്കി കാണേണ്ട ഒന്നാണ്. അവിടെ പലതും ചർച്ചയാവുന്നുണ്ട്.

ഒരിക്കൽ കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ  മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരൻ എം. മുകുന്ദനും തമ്മിൽ സംവാദം എന്നു കണ്ട് ഞാനേറെ ആഹ്ലാദിച്ചിരുന്നു. സമയമായപ്പോൾ മുഖ്യമന്ത്രി പിന്മാറി. ആരോ എഴുതിക്കൊടുത്ത പ്രഭാഷണം കേട്ട് ഞങ്ങൾക്ക് തൃപ്തിയടയേണ്ടി വന്നു. വി.ഐ.പി സെക്യൂരിറ്റിയുടെ ആഘാതം ബോണസായും ലഭിച്ചു. ചുരുക്കം ചില മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സാഹിത്യ സംവാദത്തിനും ആശയ കൈമാറ്റത്തിനും തയ്യാറാവുന്നുണ്ട് എന്നത് ആശ്വാസമാണ്. 

അടുത്തകാലത്തായി കാണുന്ന പുതിയൊരു പ്രശ്നം മതവാദികളും വർഗീയവാദികളും സാഹിത്യോത്സവങ്ങളിൽ തല്പരരാവുന്നു എന്നതാണ്. മുസ്‍ലിം തീവ്രവാദ സംഘടനകളും ഹിന്ദുത്വ സംഘടനകളും സാഹിത്യോത്സവങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത് ജാഗ്രതയോടെ നോക്കി കാണേണ്ട ഒന്നാണ്. അവിടെ പലതും ചർച്ചയാവുന്നുണ്ട്. പുരോഗമനാശയക്കാരായ എഴുത്തുകാർ അത്തരക്കാരുടെ വലയിൽ കുരുങ്ങുന്നുണ്ട്. സംവാദം മുറുകിയാൽ സംഘാടകരുടെ തനിസ്വഭാവം പുറത്തുവരുമെന്നു മാത്രം. 2022- ൽ കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ചുള്ള സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയെ സംഘാടകർ വേദിയിലെത്തി അപമാനിച്ച കഥ മറക്കാറായിട്ടില്ല. സംഘാടകരുടെ സംഘപരിവാർ ബന്ധമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച ചേതോവികാരം. ഇസ്‍ലാമിക രാഷ്ട്രീയവും ചിലേടത്ത് കൊഴുത്തുവരുന്നുണ്ട്. 

ശരൺകുമാർ ലിംബാളെ

വേദികളിൽ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ നിറച്ചാർത്തോടെ എഴുതിപ്പിടിപ്പിച്ച് ആധുനികതയും നവോത്ഥാനവും വിളമ്പുന്നതിലെ വൈരുദ്ധ്യം പല എഴുത്തുകാരും മനസ്സിലാക്കുന്നില്ല. സാഹിത്യോത്സവങ്ങളുടെ മറവിൽ ഇനിയങ്ങോട്ട് വരാൻ പോകുന്നത് ഇത്തരം സംസ്കാരവിരുദ്ധമായ ഇടപെടലുകളാണ്. വർഗീയതയെ രഹസ്യമായി ജനങ്ങളിലേക്ക് കടത്തിവിടാൻ ഇത്തരം വേദികൾ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. വർഗീയ രാഷ്ട്രീയത്തിൻ്റെ അജണ്ടകൾക്ക് കുഴലൂത്ത് നടത്താനും ഇതിലൂടെ വഴിയൊരുങ്ങും. ഭിക്ഷാംദേഹികളായ എഴുത്തുജീവികൾ ഇതൊക്കെ അവസരമായിക്കരുതി മുന്നേറും. ചുരക്കിപ്പറഞ്ഞാൽ സാഹിത്യോത്സവങ്ങളിൽ ചിലതെങ്കിലും സാംസ്കാരികകെണികളായി മാറും. ജ്ഞാനോദയത്തിൻ്റെ വേദികളെന്ന് കരുതുന്നേടങ്ങളിൽ  പതിയിരിക്കുന്ന ഈ അപകടം വായനക്കാർ തിരിച്ചറിയണം. സാഹിത്യോത്സവങ്ങളുടെയും പുസ്തകോത്സവങ്ങളുടെയും കാലം കരുതലിൻ്റേതുകൂടിയാവണം. അല്ലെങ്കിൽ അവ ദുഷ്ടശക്തികളാൽ ഹൈജാക്കു ചെയ്യപ്പെടുക തന്നെ ചെയ്യും. 

നമ്മുടെ സാഹിത്യോത്സവങ്ങളുടെ സംസ്കാരം മെല്ലെ, മെല്ലെ മാറുകയാണ്. അവിടെയെത്തുന്ന ആൾക്കൂട്ടം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. പിൻവാതിലുകളിലൂടെ ആരൊക്കയോ ഇതിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്.  സ്പോൺസർമാരാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി ഇവയൊക്കെ മാറ്റിയെടുക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സ്പോൺസർമാരിൽ ഭരണകൂടങ്ങളും മത തീവ്രവാദ സംഘടനകളും ഉൾപ്പെടുന്നു എന്നതും ഭയപ്പെടേണ്ടതുണ്ട്.

കലയും സാഹിത്യവും സംവാദവും  മാധ്യമങ്ങൾ ഉൾപ്പടെയുള്ള  മുഖ്യധാരാ സ്പേസിൽ നിന്ന് അകറ്റി നിർത്തപ്പെടുമ്പോൾ ആശ്വാസമായെത്തിയ പൊതു ഇടങ്ങളാണ് സാഹിത്യോസവങ്ങൾ. സമൂഹത്തിൻ്റെ സാംസ്കാരികമായ വികാസത്തിന്നും ഉന്മേഷത്തിനും വേണ്ടി ഇവ നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

Comments