2021-ൽ കൽപ്പറ്റ നാരായണൻ വായിച്ച മികച്ച പുസ്തകം- കൊലയുടെ കോറിയോഗ്രഫി

ഴിഞ്ഞ വർഷം നിങ്ങൾ വായിച്ച ഏറ്റവും മികച്ച കൃതിയേത് എന്നത് സാധാരണ നിലയിൽ ഒരു വല്ലാത്ത ചോദ്യമാണ്. കവിതയോ ചെറുകഥയോ നോവലോ പഠനമോ ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷയായ മാതൃഭാഷയിലെഴുതപ്പെട്ടതോ ഇംഗ്ലീഷിലെഴുതപ്പെട്ടതോ ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെട്ടതോ ഏതൊക്കെ ഈ ചോദ്യത്തിന്റെ പരിധിയിൽ വരാം എന്ന അനിശ്ചിതത്വം കലുഷമാക്കുന്ന ഒരു ചോദ്യം. ചോദ്യത്തിന്റെ എല്ലാ സാദ്ധ്യതകളേയും അഭിസംബോധന ചെയ്തു കൊണ്ടൊരുത്തരം സാദ്ധ്യമാണെങ്കിൽ ആ കൃതി ചില്ലറ കൃതിയായാൽപ്പോര. സനിൽ വി. യുടെ "കൊലയുടെ കോറിയോഗ്രഫി' എനിക്ക് അത്തരമൊരുജ്വലമായ ഉത്തരമാണ്.

മാതൃഭാഷയുടെ ശക്തി സൗന്ദര്യങ്ങളുൾക്കൊണ്ട ലോക നിലവാരത്തിലുള്ള ഒരു തത്ത്വചിന്താത്മക കൃതി എന്ന എന്റെ വളരെക്കാലമായുള്ള സ്വപ്നമാണ് ഈ കൃതിയുടെ വായനയിൽ എനി ക്ക് സാക്ഷാത്കരിക്കാനായത്. സി.ജെ. തോമസിന്റെ ആർജ്ജവവും എം.പി. നാരായണപ്പിളള യുടെ കൂസലില്ലായ്മയും നിസ്സാർ അഹമ്മദിന്റെ തത്ത്വചിന്താവബോധവും സൂക്ഷ്മതയും വി.കെ. എന്റെ അനുപമമായ രസികത്വവും ഒരിടത്ത് സമ്മേളിക്കുന്നത് കാണാം നിങ്ങൾക്കീ പ്രബുദ്ധമായ പുസ്തകത്തിൽ.

സനിൽ വി. / Photo: kochimuzirisbiennale.org
സനിൽ വി. / Photo: kochimuzirisbiennale.org

പ്രഖ്യാതരായ ചിന്തകരെ അപകർഷതാ ബോധത്തോടെ പിൻപറ്റുന്ന, അതിനായി സ്വന്തം ചിന്തയെ മറൂളയെപ്പോലെ കുഴിച്ചു മൂടുന്ന മലയാളപ്പതിവിന് വിരുദ്ധമായ ഈ കൃതി നാം ഭയത്തോടെ ഒഴിഞ്ഞു മാറുന്നതിനെ അഭിമുഖീകരിക്കുന്നു. ഭയമില്ലാത്തതിനാൽ സനലിൽ തെരഞ്ഞെടുക്കപ്പെടുന്ന സത്യമില്ല (Selective truth), സത്യമേയുള്ളു. ഹിജഡയ്ക്ക് എന്ത് ഹിഡ്ഡൻ അജണ്ട എന്നത് പോലൊരു ചോദ്യം മലയാളത്തിൽ അനായസമല്ല. കൊല്ലലിനോട് പ്ര തികരിക്കേണ്ടതെങ്ങിനെ പോലൊരു സംശയം പല കാരണങ്ങളാൽ ഇവിടെ സാദ്ധ്യമല്ല. അറപ്പിനും വെറുപ്പിനും മുൻവിധിക്കും അപ്പുറമായ കൊലയെ അറിയാൻ ശ്രമിക്കുന്നുണ്ടാ ലേഖനം.

"താൻ തന്നെ ഏൽപ്പിക്കുന്ന നിയമത്തിന് സ്വയം വഴങ്ങാനുള്ള സ്വാതന്ത്യത്തിന്റെ ധീരതയും പക്വതയുമാണ് ആധുനികത ആവശ്യപ്പെടുന്നത്. എന്നാൽ കൊലഏതായാലും നിന്ദ്യമാണ് എന്ന പോപ്പുലർ നിലപാടിന് പിന്നിലുള്ളത് ആധുനിക ധാർമ്മികതയുടെ വികൃതമാക്കപ്പെട്ട മുഖമാണ്.' ദൈവവിധിയേക്കാളും ഹതവിധിയേക്കാളും കോടതി വിധിയേക്കാളും ഇവിടെ പോപ്പുലറായ മുൻവിധിയെപ്പറ്റി സൂക്ഷ്മമായി ചിന്തിക്കുന്നുണ്ട് സനിൽ "തെളിവായി സ്വയം പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ലോകത്തോടുള്ള പ്രതികരണമാണ് നമ്മുടെ മുൻവിധികൾ.' താൻ തെരഞ്ഞെടുത്തരചനകളോളം മികച്ചവയല്ല തന്നെ തെരഞ്ഞെടുത്ത രചനകൾ (എം.പി. നാരായണപ്പിള്ളയെക്കുറിച്ചുള്ളതൊഴിച്ചുള്ള ഇതിലെ സാഹിത്യാസ്വാദനപരങ്ങളായ രചനകൾ) എന്ന് തോന്നിയെങ്കിലും അവയ്ക്കു മുണ്ട് എം.പി. ശകുണ്ണിനായരിലൊക്കെ മാത്രം നാം പരിചയിച്ച ധിഷണാവൈഭത്തിന്റെ മിന്നാട്ടങ്ങൾ.

ധൈഷണിക ഭാവുകത്വത്തെ ഇത്രത്തോളം പ്രചോദിപ്പിച്ച അതും നല്ല മലയാളം സംസാരിക്കുന്ന ഒരു പുസ്തകവും സമീപകാലത്ത് എനിക്ക് കിട്ടിയിട്ടില്ല. കാലാന്തരത്തിൽ സനിൽ വി. (sanil we) എന്ന് വിധേയരല്ലാത്ത മലയാളികൾ ഈ പുസ്തകവുമായി ഐക്യപ്പെട്ടേക്കാം.


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments