Photo/ Wikimedia Commons

വാക്കിന്റെയും എഴുത്തിന്റെയും രാഷ്ട്രീയം;
​എഴുത്തുകാരുടെയും

പുരസ്‌കാരങ്ങളാൽ സമൃദ്ധമായ ഒരു ലോകത്ത് ഭരണകൂടവും ട്രസ്റ്റുകളും കമ്പനികളുമൊക്കെ പുരസ്‌കാരങ്ങളേർപ്പെടുത്തി മത്സരിക്കുകയാണ്. പ്രലോഭനകരമായ ഈ അംഗീകാരത്തിന്റെ അന്തരീക്ഷത്തിൽ എഴുത്തുകാർ എന്തുചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. അവർ അനുരഞ്ജനമില്ലാത്ത രാഷ്ട്രീയം ചെയ്യുമോ? രാഷ്ട്രീയമായ ശരികൾ നിർമ്മിക്കുമോ?

ഒന്ന്​

ഴുത്തുകാരും കലാകർത്താക്കളും ചിന്തകരാണെന്ന് പൊതുവെ ധരിക്കുന്നു. അവർക്ക് നമ്മുടെ ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ‘ശരിയായ' കാര്യങ്ങൾ ആധികാരികമായി പറയാനുള്ള കഴിവുണ്ടെന്നും ആ കഴിവ് ഉപയോഗിക്കാതിരിക്കുന്നത് കൃത്യവിലോപമാണെന്നും വിശ്വസിക്കാൻ നമ്മൾ ശീലിച്ചിരിക്കുന്നു.

ഇതൊക്കെ അടിസ്ഥാനമില്ലാത്ത ധാരണകളൊമൊന്നുമല്ല. ഭാഷയെ ആശയോല്പാദനത്തിനായി ഉപയോഗപ്പെടുത്തിവരുന്ന ഒരു കലയാണ് എഴുത്ത്. അതിൽ മുഴുകുമ്പോൾ ഒരാൾ ആശയങ്ങളുടെയും അതിന്റെ കൂടെപ്പിറപ്പുകളായ ഭാവനകളുടെയും ഉല്പാദകരായി മാറാതിരിക്കില്ല. എഴുതുക എന്നതിന് ചിന്തിക്കുക, ഭാവന ചെയ്യുക എന്നൊക്കെയുള്ള ആന്താരാർത്ഥസൂചനകളുണ്ട്. എഴുത്ത് എന്ന വാക്കുതന്നെ വിചാരഭരിതമാണ്. ഭാവനയും ചിന്തയും വെളിപ്പെട്ടുവരുന്ന വിശേഷമായ ഭാഷയാണ് എഴുത്ത്. ഈ അന്തർഗതങ്ങളുണ്ടെങ്കിൽ പറച്ചിലും എഴുത്താണ്. വചനകേന്ദ്രിതമെന്ന് ആക്ഷേപിക്കപ്പെടുന്ന സോക്രാട്ടിക് സംഭാഷണങ്ങൾപോലും ആ നിലയിൽ എഴുത്താണ്. എഴുത്തുകാരും ചിന്തകരുമൊക്കെ നടത്തിവരുന്ന പ്രഭാഷണങ്ങളും എഴുത്താണ്. തൽക്കാലസന്ദർഭത്തെ കവിഞ്ഞുപോകുന്ന ഭാഷാരൂപമാണത്. കേവലം ജൈവികമായ ആവശ്യങ്ങളെ പൂരിപ്പിക്കാനുള്ള ആശയവിനിമയമല്ല അവിടെ സംഭവിക്കുന്നത്. ആശയരൂപീകരണമാണ്. എഴുത്താണ് ഭാഷയിലെ ഈടുവെപ്പുകൾ. അതിന്റെ ഉല്പാദകർ പുതിയ ശരികളുടെ ഉല്പാദകരാകും.

യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗൊയ്‌ഥെ / Photo: Wikimedia Commons

ജർമൻ വിശ്വകവി ഗൊയ്‌ഥെയുമായി 1827 ജനുവരിയിലെ വൈകുന്നേരങ്ങളിൽ യൊഹാൻ എക്കർമാൻ നടത്തിയ കുറേ സംഭാഷണങ്ങളുണ്ട്. പ്രത്യക്ഷത്തിൽ വർത്തമാനം പറച്ചിൽ. അതിന്റെ ചിന്താപരമായ ഉള്ളടക്കം അതിനെ എഴുത്താക്കിയിരിക്കുന്നു. ഭാഷയുടെയും ജനതകളുടെയും സംസ്‌കാരങ്ങളുടെയും അതിരുകൾ ഭേദിക്കുന്ന സാഹിത്യത്തിന്റെ ദൗത്യസമാനതകളെ ആലോചനാവിധേയമാക്കുന്ന ഒന്നായി ആ സംഭാഷണം മാറി. ഗൊയ്‌ഥെയെപ്പോലെ എക്കർമാനും കവിയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങളോടും കമന്റുകളോടും പ്രതിസ്ഫന്ദിച്ചുകൊണ്ടാണ് ഗൊയ്‌ഥെയുടെ ചിന്തകൾ വികസിക്കുന്നത്. ചൈനയിലും സെർബിയയിലുമൊക്കെയുണ്ടായ കവിതകളിലും, ഗൊയ്‌ഥെയുടെ സമകാല സാഹിത്യയത്‌നങ്ങളിലും കഥനങ്ങളിലുമൊക്കെ തൊട്ടുംപറന്നും ദേശീയതയെ വിട്ടകന്ന ഒരു വർത്തമാനം പറച്ചിലായി അത്. ലോകസാഹിത്യം എന്ന ആശയം വെളിപ്പെട്ട സുപ്രധാന ‘രചന'കളിലൊന്നായിട്ടാണ് അതിനെ ഇന്നു വായിക്കുന്നത്. പറഞ്ഞുപറഞ്ഞ് കവി കലാചിന്തകനും സാഹിത്യസൈദ്ധാന്തികനുമായി പരിണമിക്കുന്നു. ഒരു തകർപ്പൻ പൂശിനുവേണ്ടി സഹകളിക്കാരന് പന്തുയർത്തിക്കൊടുക്കുന്ന ആളുടെ പങ്കാണ് അവിടെ എക്കർമാനുള്ളത്. അദ്ദേഹം നിരന്തരം പ്രചോദിപ്പിക്കുകയാണ്, താങ്കൾക്കെന്തു പറയാനുണ്ട് എന്നു കുത്തിച്ചോദിക്കുകയാണ്.

​ സമീപസ്ഥവും മൂർത്തവും ജൈവികവുമായ പ്രേരണകൾക്കപ്പുറത്തേക്ക്​ അവരുടെ ആലോചനകൾ കടന്നുപോകുന്നു. അപ്പോൾ നാളതുവരെ ആഖ്യാനം ചെയ്യപ്പെട്ടിട്ടില്ലാത്ത കഥകളിലേക്കും അനുഭവങ്ങളിലേക്കും അവരിലൂടെ ഭാഷ കടന്നെത്തും.

ചോദ്യം എപ്പോഴും ഉത്തരങ്ങൾക്കായി വെമ്പുന്നു.
ഗാന്ധി ഗാന്ധിയോടുതന്നെ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറഞ്ഞിട്ടാണ് ഒരു കപ്പൽയാത്രയിൽ ഇടംകൈകൊണ്ടും വലംകൈകൊണ്ടും എഴുതി കൊളോണിയൽ വിമർശകനായ ചിന്തകനായത്. ഇങ്ങനെയുള്ള ചോദ്യങ്ങളെയും ആഹ്വാനങ്ങളെയും സ്വയം ഉത്ഭാവനം ചെയ്ത് ആലോചിക്കുന്നവരാണ് എഴുത്തുകാർ. അവരുടെ മുന്നിൽ ലോകം ചോദ്യങ്ങളുടെ ഉറവിടമാണ്. അവയെ എതിരേറ്റ് നടത്തുന്ന ആലോചന അവരെ ആഖ്യാതാക്കളും ആശയോല്പാദകരും ചിന്തകരുമാക്കി പരിവർത്തിപ്പിക്കുന്നു. സമീപസ്ഥവും മൂർത്തവും ജൈവികവുമായ പ്രേരണകൾക്കപ്പുറത്തേക്ക്​ അവരുടെ ആലോചനകൾ കടന്നുപോകുന്നു. അപ്പോൾ നാളതുവരെ ആഖ്യാനം ചെയ്യപ്പെട്ടിട്ടില്ലാത്ത കഥകളിലേക്കും അനുഭവങ്ങളിലേക്കും അവരിലൂടെ ഭാഷ കടന്നെത്തും. ഇതാ കേൾക്കാത്ത കഥ, ഇതാ കാണാത്ത ചരിത്രം, ഇതാ കൗതുകം, ഇതാ കുഴപ്പം, ഇതാ തമാശ, നീചത, വസ്തുത, സത്യം, മനുഷ്യൻ, മനുഷ്യാവസ്ഥ, കാലത്തിന്റെ തിരിവുകൾ, പീഡ, വയലൻസ്, മൂല്യം, ദൗത്യം, തത്വം എന്നൊക്കെ പലത് എഴുത്തിലൂടെ തെളിഞ്ഞുവരും.

കുട്ടികൃഷ്ണമാരാര്

കല ജീവിതം തന്നെയെന്ന് ഒരു സിദ്ധാന്തമുണ്ടാക്കിയിട്ടുണ്ട് കുട്ടികൃഷ്ണമാരാര്. സ്വയംഭൂവായതല്ല ഈ ആശയം. തന്റെ കാലത്ത് എഴുത്തുകാരിലൂടെ ഉന്നയിക്കപ്പെട്ട സാഹിത്യകലാസംബന്ധിയായ കുറേ ചോദ്യങ്ങളേറ്റെടുത്ത് സ്വല്പം ചിന്തിച്ചതിന്റെ ഫലമാണ്. നാം സാധാരണഗതിയിൽ കാണാത്ത, കണ്ടിട്ടും കാണാത്തതിനു തുല്യമായിപ്പോകുന്ന ലോകങ്ങളെ, ജീവിതങ്ങളെ, ജീവിതവശങ്ങളെ ഒന്നു ശ്രദ്ധാപൂർവ്വം കാണാൻ ക്ഷണിക്കുകയല്ലേ കല ചെയ്യുന്നതെന്നു ചിന്തിക്കുകയായിരുന്നു മാരാര്. അത് പിന്തിരിപ്പൻ ശുദ്ധകലാവാദത്തിന്റെ മാനിഫെസ്റ്റോയാണെന്നു ധരിക്കാനൊക്കെയേ ബഹളമയമായ സാഹിത്യപുരോഗമനവ്യവഹാരം അനുവദിച്ചുള്ളൂ. കലയുടെ ധർമ്മത്തെക്കുറിച്ച് മാരാര് സാഹിത്യസല്ലാപത്തിൽ എഴുതി: ‘വൃത്തികേടുകളും കഷ്ടപ്പാടുകളും കാണാതെ കഴിക്കാൻവേണ്ടി സാഹിത്യത്തിലേക്കു കയറിവരുന്ന വായനക്കാരോട് പറയാനുള്ളത് നിങ്ങൾക്ക് വീടുമാറിപ്പോയി എന്നാണ്. എന്റെ നിർമ്മാണോപകരണം വൃത്തികേടുകളും കഷ്ടപ്പാടുകളും നിറഞ്ഞതാണ്. ജീവിതത്തിൽ ആ വക ഒന്നും ശ്രദ്ധിക്കാതെ കണ്ട പാട്ടിന് കടന്നുകളയുന്ന നിങ്ങൾക്ക് അതൊക്കെ കാണിച്ചുതരുക എന്നത് എന്റെ ധർമ്മങ്ങളിൽ ഒന്നാണ്. നിങ്ങളുടെ മനസ്സിനെ മയക്കിക്കിടത്താതെ ഉയിർത്തെഴുന്നേല്പിക്കാനാണ് ഞാനിവിടെ ഇരിക്കുന്നത്'
സാഹിത്യവിദ്യാർത്ഥികളോട് ഇതല്ലാതെ മറ്റെന്താണ് പറയുക.

ഇതൊക്കെയാണ് മാരാരുടെ ശുദ്ധകലാവാദം! അക്കാലത്ത് ലഭ്യമായ ഒരു പോസ്റ്ററെടുത്ത് മാരാരുടെ മുഖത്ത് ഒട്ടിച്ചതിൽപ്പരം വിശേഷിച്ച് എന്തെങ്കിലും ഈ മുദ്രകുത്തലിൽ സംഭവിച്ചിട്ടുണ്ടോ? സംശയമാണ്.

ചിന്തയെ വികസിപ്പിക്കുന്ന, കാഴ്ചയെ വിപുലീകരിക്കുന്ന, ഭാവനയെ ത്വരിപ്പിക്കുന്ന പണികളിലാണ് കലാകർത്താക്കളും എഴുത്തുകാരും ഏർപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അവർക്ക് രാഷ്ട്രീയമായും ശരിയായ ചിലതു കാണിച്ചും പറഞ്ഞും തരാനാകും എന്ന പ്രതീക്ഷ വെയ്ക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ചരിത്രാനുഭവങ്ങളുടെ പിൻബലമുള്ള ഒരു പ്രതീക്ഷയാണത്. ശരി കാട്ടിയില്ലെങ്കിലും, ശരി തേടുന്നതിനുതകുന്ന തെറ്റ് ആയെങ്കിലും എഴുത്തുകാരുടെ വാക്കുകൾ ഉപകരിക്കുന്നു. എം. എൻ. വിജയൻ സൂചിപ്പിക്കുന്നതുപോലെ, പഴയ ശരിയേക്കാൾ മൂല്യമുണ്ട് പുതിയ തെറ്റുകൾക്ക്.

മറിച്ച്, പുതിയ തെറ്റും പുതിയ ശരിയും പുതിയ സൗന്ദര്യവും പുതിയ രാഷ്ട്രീയവും ഉല്പാദിപ്പിക്കുന്നവരാണ് എഴുത്തുകാർ. വാക്കിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് അവരെ മാത്രമേ എഴുത്തുകാരെന്നു വിളിച്ചുകൂടൂ. അവരെ സ്രഷ്ടാക്കളെന്നും കർത്താക്കളെന്നും വിളിക്കാം. അവർക്ക് മരണമില്ല. പാഠങ്ങളിലൂടെ അവർ പുനർജ്ജനിക്കുന്നു.

എഴുതപ്പെടുന്നതെല്ലാം ചിന്തയാകുമെന്നല്ല പറഞ്ഞുവരുന്നത്. എഴുത്തുകാരെല്ലാം ചിന്തകരാണെന്നുമല്ല. നിലവിലുള്ള ധാരണകളെ പുനഃസൃഷ്ടിക്കുന്ന, പകർത്തുന്ന എഴുത്തുകളുണ്ട്. അതിനെ സ്‌ക്രിപ്റ്റിങ് എന്നു പറയാം. അവിടെ പുതിയതായി ഒന്നും സംഭവിക്കില്ല, തെറ്റുകൾ പോലും. പൊതുവെ നാട്ടിൽ പ്രാമാണ്യമുള്ള ധാരണകളുടെ ആവർത്തനമാണവയുടെ അന്തരംഗം. ഭാവനയല്ല, സ്‌കില്ലാണവിടെ പ്രവർത്തിക്കുക. ചിന്താപരമായും മൂല്യം കുറഞ്ഞ എഴുത്താണത്. പ്രതിരോധസാഹിത്യമായി നടിക്കുന്നവപോലും അക്കൂട്ടത്തിലുണ്ടാകും. പടപ്പുകളാണവ. രചന എന്ന പദം അതിനെ കുറിക്കുന്നതിനായി സംവരണം ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. രചയിതാവ് എന്ന പദം അത്തരം എഴുത്തുകളുടെ കർത്താക്കളെ കുറിക്കാനുപകരിക്കും.

മറിച്ച്, പുതിയ തെറ്റും പുതിയ ശരിയും പുതിയ സൗന്ദര്യവും പുതിയ രാഷ്ട്രീയവും ഉല്പാദിപ്പിക്കുന്നവരാണ് എഴുത്തുകാർ. വാക്കിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് അവരെ മാത്രമേ എഴുത്തുകാരെന്നു വിളിച്ചുകൂടൂ. അവരെ സ്രഷ്ടാക്കളെന്നും കർത്താക്കളെന്നും വിളിക്കാം. അവർക്ക് മരണമില്ല. പാഠങ്ങളിലൂടെ അവർ പുനർജ്ജനിക്കുന്നു. പുതുവിചാരങ്ങളുടെ, സംവാദങ്ങളുടെ സ്രോതസ്സാകുന്നുവെന്നതാണ് അവരുടെ സൃഷ്ടികളുടെ മഹത്വം.
എഴുത്തുകാരെ ചിന്തകരെന്ന നിലയിലെടുത്ത് നാലു തരക്കാരായി എം. ഗോവിന്ദൻ വേർതിരിക്കുന്നുണ്ട്. അതിൽ സ്രഷ്ടാവിന്റെ പരമ്പരയിൽപ്പെട്ടവരെന്നു വിശേഷിപ്പിക്കുന്ന ഒരു വിഭാഗമുണ്ട്. സ്വതന്ത്രചിന്തകരെന്നു പറയാവുന്ന എഴുത്തുകാരാണത്. ചിന്താസ്വാതന്ത്ര്യം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന ഭാവനാശാലികളായ എഴുത്തുകാർ. വിരിച്ചിടത്തു കിടക്കാത്ത താന്തോന്നികളാണ് അവർ. അവർക്ക് ഗുരുത്വക്കുറവുണ്ടാകും. എല്ലാവരും പേന കൊണ്ടെഴുതുമ്പോൾ അവർ പിക്കാസ്സുകൊണ്ട് എഴുതും. സ്ഥാപനബന്ധിത ബാധ്യതകളില്ലാത്ത, നിർവ്വഹണശേഷിയുള്ള എഴുത്തുകാരാണ് അക്കൂട്ടർ. അവർ എണ്ണത്തിൽ വളരെ പരിമിതരാകും. ഒറ്റപ്പെട്ടവരാകും. ചിന്താരംഗത്തെ സൈനികരാൽ അവർ മർദ്ദിക്കപ്പെടും. അവർ കക്ഷികൾക്ക് കപ്പം കൊടുക്കുന്നില്ല, അപ്പം ഭുജിക്കുന്നുമില്ല. അവരെ സംബന്ധിച്ചിടത്തോളം എഴുത്തെന്നാൽ വഴിമാറ്റവും വഴിതെറ്റലുമൊക്കെയാണ്. വായനാവിഭവങ്ങളുണ്ടാക്കലല്ല അവരുടെ ജോലി. മറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി അവരിലൂടെ എഴുത്ത് സംഭവിക്കുകയാണ്. അവരുടെ എഴുത്ത് അതായിത്തന്നെ രാഷ്ട്രീയം ചെയ്യുന്നു.

രണ്ട്​

‘ഇവിടെ രാഷ്ട്രീയം പറയരുത്​’ എന്ന്​ കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും എഴുതിവെച്ചിട്ടുള്ളത് അവിടങ്ങളിൽ പോയിട്ടുള്ളവരൊക്കെ കണ്ടിരിക്കും. വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന്​ നല്ല ഒന്നാന്തരം രാഷ്ട്രീയനേതാക്കൾതന്നെ പറയുന്നതും കേട്ടിരിക്കും. രാഷ്ട്രീയം എന്തോ അപകടമാണ് എന്നാണല്ലോ അതിൽനിന്നൊക്കെ നാം മനസ്സിലാക്കേണ്ടത്. എന്തായാലും ആ തരത്തിലുള്ള ‘അപകടകര'വും സാമാന്യജീവിതത്തെ ഭീതിപ്പെടുത്തുന്നതുമായ വിശ്വാസരാഷ്ട്രീയമല്ല എഴുത്തിന്റെ രാഷ്ട്രീയം. അത് ആലോചനയുടെയും ഭാവനയുടെയും രാഷ്ട്രീയമാണ്. ചിന്താസ്വാതന്ത്ര്യത്തിന്റെയും ഭാവനാസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയമാണ്. അതിന്റേതായ അപകടങ്ങളില്ലെന്നല്ല. അത് സാമൂഹികമായും രാഷ്ട്രീയമായും സർഗ്ഗാത്മകമാണെങ്കിൽ നന്ന് എന്ന് നമുക്ക് ആശിക്കാം. അങ്ങനെയാകണമെന്നു ശഠിക്കുന്നതിലൊട്ടു കാര്യവുമില്ല. എന്നാൽ, അതും കലയുടെ നോട്ടത്തിൽ വിലക്കപ്പെടേണ്ട ഒന്നല്ല.

കാൾ പോപ്പർ/ Photo: Wikimedia Commons

വിമർശനവും വ്യാഖ്യാനവും അപനിർമ്മാണവും വിശകലനവുമെല്ലാം ചേർന്നു തുടരുന്ന വ്യവഹാരമാണ് സാഹിത്യത്തിന്റേത്. കലയുടെ മൗലികസ്വഭാവത്തോടു ചേർന്നുനിൽക്കുമ്പോൾ ഇങ്ങനെ വിചാരിക്കാനേ കഴിയൂ. കല അന്തിമത്വങ്ങളിൽ വിശ്വസിക്കുന്നില്ല. കാൾ പോപ്പറെപ്പോലുള്ളവർ ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതുപോലെ, പിന്നാലെ വരുന്ന ഒന്നിനാൽ തുടരുന്ന ലോകമായാണ് കല നിലകൊള്ളുന്നത്. എന്നാൽ, അത് ഒന്നിനോടും വിശ്വാസപരമായി രാജിയാകുന്നില്ല. പൊതുവെ ശാസ്ത്രത്തെയും കലയെയും വിരുദ്ധകോടിയിൽനിർത്തുന്ന രീതിയാണ് ആധുനികകാലത്തെ ചിന്താപരിപാടികളിൽ കാണാവുന്നത്. എന്നാൽ, കലയും ശാസ്ത്രവും പുലർത്തുന്ന ജനാധിപത്യപരമായ മൗലികോർജ്ജം അവയെ ആ നിലയിൽ സാഹോദര്യത്തിലെത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഭിന്നതകളെ പൂരകങ്ങളെന്ന നിലയിൽ അനുവദിക്കുന്നു കലയും ശാസ്ത്രവും. കലയുടെയും ചിന്തയുടെയും ആന്തരികലോകത്തുതന്നെയും നമ്മൾ ബഹുസ്വരതയെന്നൊക്കെപ്പറയുന്ന മട്ടിൽ ചോദ്യവും ഉത്തരവുമായി നിൽക്കുന്ന ഒരു ഒത്തുപോകലുണ്ട്. കൃതികൾ അവയുടെ നിരൂപകവായനകളോടും ഇങ്ങനെ സാഹോദര്യത്തിലും സൗഹൃദത്തിലുമാണുള്ളത്.

കലയുടെയും ശാസ്ത്രത്തിന്റെ തുണയോടെയാണ് മതങ്ങളും മതപൗരോഹിത്യവും ചരിത്രത്തിൽ നിലനിന്നുവളർന്നുപോന്നിട്ടുള്ളതെന്നും കാണാം. ഇതൊക്കെ പൗരോഹിത്യം മറക്കുന്നു.

മതത്തിലെ പുരോഹിതപാഠങ്ങൾ മാറ്റിവെച്ചാൽ കാണാവുന്ന മിത്തോളജിക്കും മേല്പറഞ്ഞ മട്ടിലുള്ള ബഹുസ്വരഭംഗികളും സംവാദാത്മകതയുമുണ്ട്. മനുഷ്യഭാവനയുടെ പ്രകാശനങ്ങളായി കണക്കാക്കാവുന്ന ആ മതാംശത്തിനും കലയോടും ശാസ്ത്രത്തോടും കലഹത്തെക്കാൾ അടുപ്പമാണുള്ളത്. കല ശാസ്ത്രത്തിന്റെ മുന്നോടിയാണ്. ഭാവന യുക്തിക്കു മുന്നോടിയാണ്, മതം ഭാവനയ്ക്ക് താങ്ങും തണലുമാണ്. തത്വചിന്ത ശാസ്ത്രത്തിന്റെ ബന്ധുവാണ്. ഇങ്ങനെയൊക്കെ കാണാവുന്നതാണ്. കലാപരമായ ഉദാരതയുള്ള കാഴ്ച്ചപ്പാടാണത്. കലയുടെയും ശാസ്ത്രത്തിന്റെ തുണയോടെയാണ് മതങ്ങളും മതപൗരോഹിത്യവും ചരിത്രത്തിൽ നിലനിന്നുവളർന്നുപോന്നിട്ടുള്ളതെന്നും കാണാം. ഇതൊക്കെ പൗരോഹിത്യം മറക്കുന്നു.

സാഹിത്യമെന്നത് ഭയരഹിതമായ വാക്കിന്റെ സഞ്ചാരത്തിന്റെ പേരാണ്. നിർഭാഗ്യവശാൽ അതിനൊക്കെ പാസ്‌പോർട്ടും വിസയും വാങ്ങിയിട്ടാണ് നമ്മുടെ സാഹിത്യം നടക്കാനിറങ്ങുന്നതെന്നു മാത്രം. / Photo: Wikimedia Commons

മാനുഷികമായ ഉദാരതയെ സാംസ്‌കാരികമായി വിപുലപ്പെടുത്തുന്ന ആലോചനകളുടെയും ഭാവനാസഞ്ചാരങ്ങളുടെയും ഇടമാണ് കലയും ശാസ്ത്രവും നിലനിർത്തിപ്പോരുന്നത്. മതം ആ ചരിത്രസഞ്ചാരത്തിൽ എവിടെയോവെച്ച് പൗരോഹിത്യത്തിന്റെ ഇടപെടലുകളാൽ നിലച്ചുപോയി. കലയെയും ചിന്തയെയുമൊക്കെ അതു ഭയന്നു. ഇതേ ഭയം ഭരണകൂടത്തിന്റെയൊപ്പവുമുണ്ടായിരുന്നു. ഭരണകൂടത്തിന്റെ പോക്കറ്റെഡിഷനായി മാറിയ രാഷ്ട്രീയകക്ഷികളിലും ഈ ഭയം പ്രവർത്തിക്കുന്നു. മതബോധമെന്നപോലെ പ്രത്യയശാസ്ത്രബോധം നിറച്ച് മനുഷ്യരെ ജാതിയടിമകളെപ്പോലെയാക്കി രൂപപ്പെടുത്താമെന്നു മനസ്സിലാക്കിയ കക്ഷികൾ പുരോഗമനത്തിന്റെയോ ദേശീയതയുടെയോ പേരിലുള്ള വിശ്വാസസാഹിത്യം പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ആധുനിക കാലത്ത്, കലയുടെ ലോകത്തിൽ പൗരോഹിത്യ പ്രവർത്തനം തുടങ്ങിയത്. സദാചാരത്തിന്റെയോ സമൂഹോന്നമനത്തിന്റെയോ മൊത്തക്കുത്തകാധികാരികളായിച്ചമഞ്ഞ് കലയെയും കലാകാരനെയും മുദ്രയടിച്ചുവീഴ്ത്തുകയെന്ന പുരോഹിതകലാതന്ത്രം രൂപപ്പെട്ടത് അതോടെയാണ്. അതിന്റെ തുടർച്ചകളുണ്ടായി. സംവാദരഹിതമായ ഒരു ലോകക്രമം അത് സ്വപ്നം കാണുന്നു. കറുപ്പോ വെളുപ്പോ എന്നു നിശ്ചയിക്കും. വിധിക്കും. വധിക്കും. അനുസരണ, പ്രീതി, പുരസ്‌കാരം തുടങ്ങിയ ഘടകങ്ങൾ ചേർന്ന ഒരു നാടകമാതൃകയ്ക്കകത്ത് പെരുമാറുന്ന എഴുത്തുകാർ ധാരാളമായി. എണ്ണത്തിൽക്കൂടുതൽ അവരാകയാൽ, എണ്ണം മാനദണ്ഡമാകുന്ന ജനാധിപത്യത്തിൽ അവർക്ക് നല്ല ആദരം ലഭിക്കുക സ്വാഭാവികം.
അവരൊറ്റിയത് എഴുത്തിന്റെ രാഷ്ട്രീയമാണ്.

മാനുഷികമായ ഉദാരതയെ സാംസ്‌കാരികമായി വിപുലപ്പെടുത്തുന്ന ആലോചനകളുടെയും ഭാവനാസഞ്ചാരങ്ങളുടെയും ഇടമാണ് കലയും ശാസ്ത്രവും നിലനിർത്തിപ്പോരുന്നത്. മതം ആ ചരിത്രസഞ്ചാരത്തിൽ എവിടെയോവെച്ച് പൗരോഹിത്യത്തിന്റെ ഇടപെടലുകളാൽ നിലച്ചുപോയി. Photo: Wikimedia Commons

അപനിർമ്മാണം പോലുള്ള വായനാതന്ത്രങ്ങൾ സ്വീകരിച്ച് രാഷ്ട്രീയവായനകൾ സാദ്ധ്യമായതോടെ പഴയ യാന്ത്രികവാദത്തിൽ മുദ്രയടിച്ചിരുന്നവരുടെ പൊയ്​മുഖം പൊളിച്ച് അപനിർമ്മിക്കാൻപോലും കരുത്തുള്ള സംസ്‌കാരവിശകലനങ്ങൾ സാദ്ധ്യമായി. തങ്ങൾ ഉപരിതലനിഷ്ഠമായി, പ്രമേയനിഷ്ഠമായി ഒക്കെ നിർവ്വഹിച്ചുവന്ന മുദ്രയടിയും രാഷ്ട്രീയമായ ചോദ്യം ചെയ്യലും തങ്ങളുടെനേരെ മടങ്ങിവരുന്ന കാഴ്ചയിൽ യാന്ത്രിക പുരോഗമനവാദത്തിന്റെ പിന്മുറക്കാർപോലും അങ്കലാപ്പിലാകുന്നുണ്ട്. സ്വത്വവാദ ചിന്തയുടെയും സാംസ്‌കാരിക ഭൗതികവാദത്തിന്റെയും പക്ഷത്തുനിന്നുള്ള സൂക്ഷ്മവിശകലനങ്ങൾ വർഗ്ഗരാഷ്ട്രീയത്തിന്റെ ഭൗതികവാദത്തെയും കടന്നുപോകുമ്പോൾ, രാഷ്ട്രീയശരികളുടെ ആവിഷ്‌കാരം നിർവ്വഹിച്ചുപോരികയാണ് തങ്ങൾ ചെയ്തുപോന്നതെന്ന്​ നിഷ്‌കളങ്കമായി വിശ്വസിക്കുകയും സ്വയം വിശ്വസിപ്പിക്കുകയും ചെയ്തുപോന്ന രാഷ്ട്രീയ സാഹിത്യകാരും രാഷ്ട്രീയ വായനക്കാരുംപോലും അന്തിച്ചുപോകുന്നു. മാക്ബത്തിനെത്തേടി കാടുനടന്നുവരുമ്പോഴെന്നപോലെ ഉൾക്കിടിലം വരുന്നു.

സമൂഹപുരോഗതി ലാക്കാക്കി ആത്മാർത്ഥമായി നടത്തിയ സാംസ്‌കാരിക ഇടപെടലുകളിൽ ഒഴിവാക്കലുകൾ, അരിക്കാക്കൽ, രാഷ്ട്രീയം, ഫാഷിസം, രാഷ്ട്രീയ ശരികേട്, ദല്ലാൾപ്പണി, രക്ഷാകർതൃത്വം, നിർവ്വാഹകത്വത്തിന്റെ നിരാകരണം ഒക്കെ വായിച്ചെടുക്കുന്ന കാലമാണ് ഉണ്ടായിവന്നത്. ഒരു വാക്ക്, ഒരു പരാമർശം, ശൈലി പോലും ഉപനിർമ്മിതിയുടെ ചൂണ്ടക്കൊളുത്തിൽ കുരുങ്ങും. എഴുതിയ ആളുടെ ഉദ്ദേശ്യശുദ്ധിയെ ഉപനിർമ്മാതാവ് സംശയത്തിന്റെ നിഴലത്തുനിർത്തും. പാഠത്തിന്റെ അധോതലങ്ങളിലെ ഗൂഢാലോചനകളും താല്പര്യങ്ങളും നിക്ഷിപ്തതാല്പര്യങ്ങളും വിരുദ്ധതകളും ഒക്കെ അയാൾ കാണുന്നു, വായിച്ചെടുക്കുന്നു. അബോധകരുക്കളെ കാണാൻ കഴിയുന്ന മട്ടിൽ സിദ്ധാന്തം നൽകിയ വെളിച്ചത്തിലാണ് ഈ കാഴ്ചകളുണ്ടാകുന്നത്.

നിലയ്ക്കാത്ത വിമർശാത്മകതയുടെ, നിലയ്ക്കാത്ത ചിന്തയുടെ, നിലയ്ക്കാത്ത ഭാവനകളുടെ, നിലയ്ക്കാത്ത വഴിതിരിയലുകളുടെ, പ്രതിബോധത്തിന്റെ ഉറവിടമായി കല മനുഷ്യവംശത്തോടൊപ്പം സംവത്സരങ്ങളെ, ശതാബ്ദങ്ങളെ, സഹസ്രാബ്ദങ്ങളെ കടന്നുപോകുന്നു./ Illustration: Birnam Wood, Wikimedia Commons

ഒരർത്ഥത്തിൽ, ഇത് സാഹിത്യത്തെ സംബന്ധിച്ച സംവാദത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്; ആഴപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കല അതിനെയും ഭയക്കുന്നില്ല. സാഹിത്യം ഭയക്കുന്നില്ല. സാഹിത്യമെന്നത് ഭയരഹിതമായ വാക്കിന്റെ സഞ്ചാരത്തിന്റെ പേരാണ്. നിർഭാഗ്യവശാൽ അതിനൊക്കെ പാസ്‌പോർട്ടും വിസയും വാങ്ങിയിട്ടാണ് നമ്മുടെ സാഹിത്യം നടക്കാനിറങ്ങുന്നതെന്നു മാത്രം. അനുവദിച്ച സ്വാതന്ത്ര്യമാണ് നാം ആസ്വദിക്കുന്നത്. അതിനു പൂമൂടലും പുരസ്‌കാരവുമൊക്കെ കിട്ടുന്നു.

എഴുത്ത് അനന്തമായ ആലോചനകളിലേക്കു പടരുന്നതിലാണ് ആനന്ദിക്കുന്നത്. പാഠത്തിന്റെ ആനന്ദമാണത്. രവി ബസ് കാത്തുകിടക്കുമ്പോൾ അനുഭവിച്ച ആനന്ദം പോലൊന്ന്. സാഹിത്യ- കലാസൃഷ്ടിയുടെ പക്ഷത്തുനിന്നുള്ള ഒരാലോചനയാണിത്. കൃതിയുടെ മീതെ പടരുന്ന വിമർശനപരവും ആസ്വാദനപരവും കർത്താവിനെക്കൊള്ളിക്കുന്നതുമായ പരിചരണങ്ങളെ കൈയേറ്റങ്ങളായല്ല ശുശ്രൂഷകളായാണ് കലാപക്ഷത്തുനിന്നു കാണാവുന്നത്. അതെല്ലാം പുനരാലോചനയുടെയും പുതിയ നിഗമനങ്ങളുടെയും സാദ്ധ്യതകളുളവാക്കുകയാണ് ചെയ്യുന്നത്. കലാസൃഷ്ടിയുടെ ജീവിതത്തെ നീട്ടിയെടുക്കുകയാണ് ചെയ്യുന്നത്. വിപുലീകരിക്കുകയാണ് ചെയ്യുന്നത്. കൃതിയെ കൊണ്ടാടി, വിസിബിലിറ്റിയുളവാക്കി ക്ലാസ്സികവൽക്കരിക്കുകയാണ് ചെയ്യുന്നത്. ഓരോ കാലത്തായി ഉണ്ടാകുന്ന വിമർശനപര്യടനങ്ങളാൽ പുനരുജ്ജീവനം ലഭിച്ചാണ് കലാസൃഷ്ടി അതിജീവിക്കുന്നത്.

വായിക്കാനുള്ള, ചിന്താപ്രേരകഭാഷാവസ്തുവാണ് സാഹിത്യകല.
ചിലരതിന്റെ രൂപഭംഗികൾ കണ്ടാനന്ദിക്കാം. ചിലരതിലെ പരിഹാസമോ കരുണയോ കേട്ടു രസിക്കാം. ഒരാളതിന്റെ ചിന്താതരംഗങ്ങളേറ്റെടുത്താവാം ആനന്ദിക്കുന്നത്. ചിലർ കുറ്റവും കുറവും കണ്ടു നടുങ്ങാം ക്ഷോഭിക്കാം, നിരോധിക്കൂ വിലക്കൂ എന്ന് ആക്രോശിക്കാം.

മൂന്ന്​

കൃതികളെ ഏകാർത്ഥകമായി, സത്താപരമായി, സത്യമുള്ള പൂർണ്ണതയായി അടച്ചുകളയുകയാണ് പൗരോഹിത്യം ചെയ്യുന്നത്. അപ്പോളത് അന്തിമാർത്ഥം കൈവന്ന വേദഗ്രന്ഥമായി രൂപാന്തരപ്പെടുന്നു. അതിന് തുടർന്ന് സംസാരിക്കാൻ അനുവാദമില്ല. ‘ഡെത്ത് ഓഫ് ദി ടെക്​സ്​റ്റ്​’ എന്നു പറയാം. അതോടെ നഷ്ടമാകുന്ന പാഠപരതയല്ലാതെ മറ്റൊന്നുമല്ല സാഹിതീയത. എഴുത്തിന്റെ രാഷ്ട്രീയം ഈ പാഠപരതയിൽനിന്നുളവാകുന്നതാണ്. അത് നിശ്ശബ്ദമാക്കപ്പെടുന്നു എന്നു വന്നാൽ സാഹിത്യം, കല അവസാനിക്കുകയാണ്. അത് ഉണങ്ങാത്ത മുറിവിൽനിന്നുള്ള നിലയ്ക്കാത്ത രക്തസ്രാവമത്രേ. അന്ത്യമില്ലാത്ത ഒരു നിലവിളിയാണതെന്നു നമുക്കും പറയാം. അന്തിമാർത്ഥങ്ങളിലൊടുങ്ങാത്ത സംവാദങ്ങളിലൂടെ വീണ്ടും വീണ്ടും വായിക്കാനുള്ള, ചിന്താപ്രേരകഭാഷാവസ്തുവാണ് സാഹിത്യകല.
ചിലരതിന്റെ രൂപഭംഗികൾ കണ്ടാനന്ദിക്കാം. ചിലരതിലെ പരിഹാസമോ കരുണയോ കേട്ടു രസിക്കാം. ഒരാളതിന്റെ ചിന്താതരംഗങ്ങളേറ്റെടുത്താവാം ആനന്ദിക്കുന്നത്. ചിലർ കുറ്റവും കുറവും കണ്ടു നടുങ്ങാം ക്ഷോഭിക്കാം, നിരോധിക്കൂ വിലക്കൂ എന്ന് ആക്രോശിക്കാം. അപ്പോഴൊക്ക ആ കൃതിയുടെ ജീവിതം സഫലമാവുകയാണ്. വൈലോപ്പിള്ളി പാടിയ മട്ടിൽ, നിങ്ങൾ ജീർണ്ണപത്രം കൂട്ടി മെരട്ടിലിട്ട് തീയിട്ടോളൂ. ഞാനതിൽ ആനന്ദിച്ചു തഴച്ചു കുലച്ചിടും എന്ന വികാരം കവിതയുടെയും സാഹിത്യത്തിന്റെയും കലയുടെയും കലാകർത്താവിന്റെയും ആത്മവിശ്വാസവും പോളിസിയും​ പൊളിറ്റിക്‌സുമാണ്.

സി. അച്ച്യുത മേനോനും വൈലോപ്പിള്ളിയും / Photo: Veethi.com

കലയുടെ രാഷ്ട്രീയം ഈ വിധത്തിൽ ജീവിതത്തെ തുറന്നുവെയ്ക്കുന്നതും തുറന്ന സമീപനത്തിലേക്കു നയിക്കുന്നതിൽ അന്തർഭവിച്ചിട്ടുള്ളതുമായ സംവാദപരതയുടെ രാഷ്ട്രീയമാണ്. അനുസരണം ആവശ്യപ്പെടുന്ന രാഷ്ട്ര-രാഷ്ട്രീയവുമായി അതിനു കൂടെപ്പൊറുതി സാദ്ധ്യമാവില്ല. സാമന്തസുന്ദരസുരഭിലകാരാഗൃഹവാസമിച്ഛിക്കുന്ന ആളുകളെപ്പോലെയല്ല സ്വാതന്ത്യേച്​ഛുവായ കല. അതിന് അതിന്റേതായ സ്വതന്ത്രജീവിതം ജീവിക്കാതെ വയ്യ. നിലയ്ക്കാത്ത വിമർശാത്മകതയുടെ, നിലയ്ക്കാത്ത ചിന്തയുടെ, നിലയ്ക്കാത്ത ഭാവനകളുടെ, നിലയ്ക്കാത്ത വഴിതിരിയലുകളുടെ, പ്രതിബോധത്തിന്റെ ഉറവിടമായി അത് മനുഷ്യവംശത്തോടൊപ്പം സംവത്സരങ്ങളെ, ശതാബ്ദങ്ങളെ, സഹസ്രാബ്ദങ്ങളെ കടന്നുപോകുന്നു.

താത്കാലികമായ ഭരണഭംഗികളിൽ മുഴുകിയ എഴുത്തും സ്തുതിപ്പുകളും ചില മാറ്റൊലികളുണ്ടാക്കി ഒടുങ്ങുന്നതാണ്. വാക്കുകളുടെ സൗന്ദര്യാത്മകമായ രാഷ്ട്രീയമല്ല, ഭരണകൂടത്തിന്റെ തോക്കേന്തിയ പരേഡുകളും മാർച്ച്പാസ്റ്റുകളുമാണവ കാണിച്ചുതരുന്നത്. അത് എത്രയൊക്കെ കൊഞ്ചിയാലും പാഴായിപ്പോകുന്ന എഴുത്താണ്. അസ്വതന്ത്രയായ ശാരികപ്പൈതലായി അത് പഠിപ്പിച്ച പാട്ടും പഠിച്ച ഫ്രെയ്‌സും പറഞ്ഞ് കൈയടിനേടി ഒടുങ്ങുന്നു. മറിച്ച്, സ്വതന്ത്രമായ കലയിൽ, ചിന്തയിൽ, വാക്കിൽ അതിന്റെ സ്വതന്ത്രതമൂലം മൗലികമായ വിമർശാത്മകതയുണ്ട്. കല്പനകളെയോ ചപ്പിയ ധാരണകളെയോ പിൻപറ്റി ഉളവാകുന്നതല്ല അത്. മലകളിൽനിന്നും പുഴകളിൽനിന്നും ആകാശത്തിന്റെ അടുക്കുകളിൽനിന്നും തിരമാലകളിൽനിന്നുമാകും അതിന്റെ വരവ്. സദാചാരത്തിന്റെ കുപ്പായമിട്ട രാഷ്ട്രീയം അവിടെ വിവസ്ത്രമാക്കപ്പെടും. വിമർശനമെന്ന നാട്യത്തിൽ അതിസുരക്ഷാമേഖലകളിലിരുന്ന് ഓരിയിടുന്ന പാഴെഴുത്തുകളെ അത് വിഭ്രമിപ്പിക്കും.

കലയുടെ രാഷ്ട്രീയത്തിന്റെ പ്രകൃതമതാണ്. സമൂഹത്തിൽ, സംസ്‌കാരത്തിൽ, സദാചാരകല്പനകളിൽ പലതും തിരുത്തപ്പെടുവാനുള്ളതാകാം. കലാസൃഷ്ടിയിൽ അതൊക്കെ ഇടം പിടിച്ചേക്കും. അത് ശ്രദ്ധയിലെത്തിക്കുന്ന നോട്ടമാണ് എഴുത്ത് സാദ്ധ്യമാക്കുന്നത്. അതെല്ലാം ചിന്താവിഷയമാക്കിത്തരുന്ന ധർമ്മമാണ് എഴുത്തുകാരന്റേത്. അത് പഠിച്ചുതീർപ്പാക്കൽ മറ്റൊരു മേഖലയിലെ ജോലിയാണ്.

വാക്കുകളെ ജീവിക്കാൻ വിടുകയും ജീവിതത്തെ വാക്കായിത്തീരാൻ വിടുകയും ചെയ്യുന്ന ഒരു കാട്ടുമ്പുറമാണ് കലയിലൂടെയും സാഹിത്യത്തിലൂടെയും വെളിപ്പെട്ടുവരുന്നത്. അവിടെ ദേവതകളും ശെയ്ത്താൻമാരും ഭൂതപ്രേതപിശാചുക്കളും പ്രാണികളും പാറകളും മനുഷ്യരും മറുതകളുമൊക്കെ കണ്ടുമുട്ടുന്നു. അവിടെ എല്ലാമുണ്ട്. എല്ലാറ്റിനും ഇടമുണ്ട്.

നാല്​

ല, സാഹിത്യം, അത് നിരന്തരമായ ഉപരിവിചാരത്തിന്റെ ചലനാത്മകവസ്തുവായി തുടരാനാണ് ജനിച്ചിരിക്കുന്നത്. വിമർശനത്തിനായി തുറന്നുവെച്ചിരിക്കുന്ന ഒരു പാഠസങ്കീർണ്ണതയാണത്. വിമർശനമെന്നാൽ ഉപരിവിചാരമെന്നാണർത്ഥം. കുറ്റം തേടൽ, കുറ്റം ചാർത്തൽ എന്ന അർത്ഥങ്ങളിൽ അത് മനസ്സിലാക്കപ്പെടുന്നത് നമ്മുടെ സാഹിത്യവിമർശനപാരമ്പര്യത്തിന്റെ ശക്തിയാലാണ്. അതും കുറ്റകൃത്യമാണെന്ന് ഇവിടെ കരുതുന്നില്ല, കരുതിയാൽ, വീണ്ടും മറ്റൊരു അടഞ്ഞ വീക്ഷണത്തിലഭയം തേടലാകും. കലയെ സംബന്ധിച്ച, കലയുടെ രാഷട്രീയത്തെ സംബന്ധിച്ച തെളിച്ചം കൈയൊഴിയുന്നതിനു തുല്യമാണത്. ഒന്നാലോചിച്ചാൽ കല, വിമർശനത്തിനും സംവാദത്തിനും വിവാദത്തിനും പുനരാലോചനയ്ക്കും വേണ്ടിയുള്ള വസ്തുവുണ്ടാക്കുന്ന പണിയാണ് എടുക്കുന്നതെന്നുകാണാം. അതിന്, രാഷ്ട്രീയം പറയുന്നതിനെക്കുറിച്ച് ഒരു ഭയവുമില്ല. ഇവിടെ രാഷ്ട്രീയം പാടില്ല എന്ന് കവിതയുടെ പീടികകളിൽ എഴുതിത്തൂക്കുന്നില്ല. ഇവിടെ അശ്ലീലമരുത് എന്ന വ്യവസ്ഥപ്പെടുത്തലും ഇല്ല. അശ്ലീലമായാൽ വിപ്ലവമായി എന്ന ധാരണയും അവിടെയില്ല. വാക്കുകളെ ജീവിക്കാൻ വിടുകയും ജീവിതത്തെ വാക്കായിത്തീരാൻ വിടുകയും ചെയ്യുന്ന ഒരു കാട്ടുമ്പുറമാണ് കലയിലൂടെയും സാഹിത്യത്തിലൂടെയും വെളിപ്പെട്ടുവരുന്നത്. അവിടെ ദേവതകളും ശെയ്ത്താൻമാരും ഭൂതപ്രേതപിശാചുക്കളും പ്രാണികളും പാറകളും മനുഷ്യരും മറുതകളുമൊക്കെ കണ്ടുമുട്ടുന്നു. അവിടെ എല്ലാമുണ്ട്. എല്ലാറ്റിനും ഇടമുണ്ട്.

ഒ.വി. വിജയൻ / Photo: K.R. Vinayan

നിങ്ങൾക്ക് അതിൽനിന്ന്​ സ്വീകരിക്കാം. വിമർശിക്കാം. മാറ്റിവെയ്ക്കാം. മുദ്രയടിക്കാം. പക്ഷേ, അത് സ്വതന്ത്രമായങ്ങനെ നിലനിൽക്കും. ആ നില്പാണ് അതിന്റെ ധർമ്മം. ചരിത്രത്തിലെ വേട്ടകൾ, ഹിംസകൾ, നീതിനിഷേധങ്ങൾ, കാരുണ്യങ്ങൾ, ഭവനാസഞ്ചാരങ്ങൾ അതൊക്കെ ഏറ്റുവാങ്ങുന്നതിനപ്പുറം അതിനു വേറെ തീർപ്പായ ലക്ഷ്യമൊന്നുമില്ല. അതിന്റെ വായനാനുഭവം ഉളവാക്കുന്ന അനുഭവവൈവിധ്യത്തിന്റെ സാദ്ധ്യതകളാണ് സ്വാതന്ത്ര്യമായി അത് നൽകുന്നത്. അത് ഭാഷയുടെ സ്വാതന്ത്ര്യംതന്നെയാണ്. അത് മറ്റൊരു ജീവിതവും ചിന്തയും സാധ്യമാക്കുന്നു. മറ്റു ജീവിതങ്ങളുടെ സാദ്ധ്യതകളിലേക്ക് നമ്മെ വാക്കിന്റെ മുനമ്പാൽ വിരൽചൂണ്ടിക്കൊണ്ടുപോകുന്നു. ചിന്തിതമായതല്ല, ചിന്തിക്കപ്പെടാവുന്നതാണ് കല എന്ന ഉല്പന്നം.

എമിലി ഡിക്കൻസൺ കവിതയെക്കുറിച്ചെഴുതിയ കവിതയിൽ സാദ്ധ്യതകളുടെ പറുദീസയെ പുണരുന്നത് ഓർക്കുകയാണ്. കവിത കവിയെ മാത്രമല്ല, വായനക്കാരനെയും സാദ്ധ്യതകളുടെ പറുദീസയിലേക്ക് ക്ഷണിക്കുകയാണ്. അത് പ്രചോദിപ്പിക്കുന്നു. ചിന്തിപ്പിക്കുന്നു. ഇങ്ങനെ പ്രചോദിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും ഉള്ളടങ്ങിയിട്ടുള്ള ധർമ്മമാണ് കലയുടെ രാഷ്ട്രീയം. അതിലെ ശരി-തെറ്റുകളല്ല അതിനെ കലാസൃഷ്ടിയാക്കുന്നത്. ശരിയും തെറ്റും നിറഞ്ഞ ലോകയാഥാർത്ഥ്യത്തിലേക്കു നയിക്കുന്നതിലാണ് കലാസൃഷ്ടിയുടെ സ്വാതന്ത്ര്യവും ആഘോഷവും വിജയവുമൊക്കെ കിടക്കുന്നത്. ചരിത്രത്തെയാകാം അത് ആവിഷ്‌കരിക്കുവാൻ ശ്രമിക്കുന്നത്. ഇനി, അതിനു ശ്രമിക്കാതിരിക്കുമ്പോഴും ചരിത്രമൊക്കെ അതിലുണ്ട്. എന്നാൽ അത് ചരിത്രമൊട്ടല്ലതാനും. ദുസ്സഹമായ ചരിത്രത്തെ ഭാഷയിലേക്ക് ചേർക്കുന്നതോടെ അതിന്റെ സൂചനാതലം പുതിയതാകുന്നു. കലാചിഹ്നത്തെക്കുറിച്ചു ചിന്തിച്ച പ്രാഗ് സ്‌കൂളുകാരൊക്കെ മനസ്സിലാക്കിയതുപോലെ അത് കലാചിഹ്നങ്ങളായി രൂപാന്തരപ്പെട്ട ചരിത്രമാണ്. അത് ഒരു സംവാദാത്മകചലനോന്മുഖവസ്തുവായിട്ടാണ് പെരുമാറുന്നത്.

അഞ്ച്​

ലയ്ക്ക് സ്ഥിരമായി കലഹമുണ്ട്. അത് ഇതര ദേശത്തോടോ, ഇതര ദേശസാഹിത്യത്തോടോ ഇതര ഭാഷയോടോ ഇതര വംശത്തോടെ ഒന്നുമല്ല. അവയോടൊക്കെ ഗോയ്‌ഥെയുടെ ഭാഷണത്തിൽ കാണുന്നതുപോലെ അസാധാരണമായ മൈത്രിയാണ് കലയ്ക്കുള്ളത്. അധികാരത്തോടും അധികാരത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ രൂപങ്ങളോടും നിഴലുകളോടുമാണ് കല കലഹിക്കുന്നത്. കലയുടെ മൗലികമായ പ്രതീക്ഷയുടെയും പ്രത്യാശയുടെയും സ്വാതന്ത്ര്യഭാവത്തിന്റെയും രാഷ്ട്രീയത്തിന്റെയും മൗലികമായ സവിശേഷതയാണ് ഈ ഭിന്നത. അത് മറന്ന്, ബലത്തോട് രാജിയാകുന്ന കലാകർത്താക്കൾ കലാവൃത്തിയെ സംശയിക്കുകയാണ്. മഹാനായ മാക്‌സിം ഗോർക്കിക്കുപോലും തന്റെ ജീവിതാന്ത്യദശയിൽ ഈ ദുർഗ്ഗതിയുണ്ടായിട്ടുണ്ടത്രേ. പരാധീനതയുടെ പീഡാനുഭവം. പാസ്റ്റർനാക്കിനെപ്പോലുള്ളവർ അതിൻപേരിൽ അദ്ദേഹത്തെ കളിയാക്കിയിട്ടുണ്ടത്രേ. കലയുടെ രാഷ്ട്രീയം മറന്ന് സ്ഥാപനപരമായ കമ്മിറ്റ്‌മെൻറ്​ ഏറ്റെടുക്കുന്ന സാഹിത്യം നടിക്കുന്നേയുള്ളു. അറിയാവുന്ന ആശയത്തിന് കുപ്പായം തയ്ക്കുകമാത്രമാണവിടെ ചെയ്യുന്നത്. മൗലികമായ ഒരു പാളിച്ചയാകാൻ പോലും അത് സ്വതന്ത്രമല്ല. അതിന് ആരാധകരുണ്ടാകും. അതിന് അതിന്റേതായ സൗകര്യങ്ങളും സന്തോഷങ്ങളുമൊക്കെയുണ്ട്. മറിച്ച് സ്വതന്ത്രചിന്തയും മൗലികമായ രാഷ്ട്രീയകലയും പല പ്രകാരത്തിൽ പീഡാകരമാണ്. ആനന്ദകരവും.

എമിലി ഡിക്കൻസൺ / Photo : Wikimedia Commons

കലയെ സംബന്ധിച്ച്, സാഹിത്യത്തെ സംബന്ധിച്ച്, ചിന്തയെ സംബന്ധിച്ച്, ആലോചിച്ചുപോകുമ്പോൾ അവയാണ് മൗലികമായി രാഷ്ട്രീയം പേറുന്നത് എന്നു വ്യക്തമാകുന്നുണ്ട്. കലാകാരനാവുക എന്നാൽ പൂർണ്ണമായും രാഷ്ട്രീയമാവുക എന്നാണ് അർത്ഥം. സ്വതന്ത്രനാവുക എന്നാണതിന്റെ അർത്ഥം. അതു വേണ്ടെന്നുതള്ളി അങ്ങേയറ്റം അരാഷ്ട്രീയമായ അധികാരദുര(ന്ത)രാഷ്ട്രീയത്തിന്റെ ചെൽപ്പടിയിലാകുന്നതോടെ സംഭവിക്കുന്ന നഷ്ടം എന്താണ്? പഴയൊരു മുദ്രയുപയോഗിച്ചുപറഞ്ഞാൽ, തന്റെ കർമ്മമണ്ഡലത്തിലെ അന്യവത്കരണമാണോ അത്? നമ്മുടെ എഴുത്തുകാരുടെ ജീവിതം ഇങ്ങനെ അനിവാര്യതകളാൽ അന്യവത്കൃതമായിത്തീർന്നിട്ടുണ്ടോ എന്ന് അവരാലോചിക്കേണ്ടതാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുള്ളതാണ്.

പുരസ്‌കാരങ്ങളാൽ സമൃദ്ധമായ ഒരു ലോകത്ത് ഭരണകൂടവും ട്രസ്റ്റുകളും കമ്പനികളുമൊക്കെ പുരസ്‌കാരങ്ങളേർപ്പെടുത്തി മത്സരിക്കുകയാണ്. പ്രലോഭനകരമായ ഈ അംഗീകാരത്തിന്റെ അന്തരീക്ഷത്തിൽ എഴുത്തുകാർ എന്തുചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. അവർ അനുരഞ്ജനമില്ലാത്ത രാഷ്ട്രീയം ചെയ്യുമോ? രാഷ്ട്രീയമായ ശരികൾ നിർമ്മിക്കുമോ? നമ്മുടെ സംവാദസംസ്‌കാരത്തിന്റെ മാതൃകാസ്ഥാനങ്ങളായ ചായപ്പീടികകളിലും കള്ളുഷാപ്പുകളിലും പോലും വിലക്കിയിട്ടുള്ള ‘രാഷ്ട്രീയ'ത്തെ ശരിവെയ്ക്കുമോ? ഇതാണുണ്ടാവുക. സംശയിക്കേണ്ട. എഴുത്തുകാർ പാവം മനുഷ്യരാണ്. അവരും ജീവിക്കാനായി ജീവിക്കുന്നവരാണ്. കൂട്ടത്തിൽ ചില പിടികിട്ടാപ്പുള്ളികളൊക്കെയുണ്ടാകും. വല്ലപ്പോഴും സംഭവിക്കുന്നതാണത്. ▮


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments