സി.ജെ. ജോർജ്ജ്

ഭാഷയുടെ ചരിത്രം: ഭാവനയുടെയും ചിന്തയുടെയും

ഭാഷയുടെ ധർമ്മങ്ങളെ സംബന്ധിച്ച് ഒരു വലിയ പരിധിവരെ യുക്തിസഹവും, എന്നാൽ അതിവാദപരമെന്ന് തോന്നാവുന്നതുമായ ഒരു വീക്ഷണത്തോടെ, ഭാഷയെയും ഭാഷാചരിത്രത്തെയും നോക്കിക്കാണാനുള്ള ഒരു ശ്രമം

"സ്വന്തം ഏകാന്തതയുടെ അർത്ഥം പോലും അറിയാതെ അമ്മ ജീവിച്ചു. അമ്മയുടെ ലോകം തീരെ ചെറുതായിരുന്നു. അല്ലെങ്കിൽ, ഞങ്ങളുടെ താലൂക്കിന്റെയത്രയും വലുതായിരുന്നു.'
-അമ്മ, എസ്. ജോസഫ്

ഭാഷയുടെ ധർമ്മങ്ങളെ സംബന്ധിച്ച് ഒരു വലിയ പരിധിവരെ യുക്തിസഹവും, എന്നാൽ അതിവാദപരമെന്ന് തോന്നാവുന്നതുമായ ഒരു വീക്ഷണത്തോടെ, ഭാഷയെയും ഭാഷാചരിത്രത്തെയും നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. ശാസ്ത്രീയമായിട്ടൊന്നുമല്ല ഇവിടെ ചിന്തിക്കുന്നത്. ചരിത്രപരമായ വസ്തുതകൾ എടുത്തുകാട്ടിയൊന്നുമല്ല മുന്നോട്ടുപോവുക. ഒരു തരം കൗതുകം, അഥവാ ആനന്ദം തേടൽ മാത്രമെന്ന നിലയിലാകാം ഇത് സാർത്ഥകമാകുന്നത്. വാസ്തവത്തിൽ, ഭാഷയുടെ ഒരു പ്രയോജനം അതുമാണ്. ആനന്ദവും സാന്ത്വനവും സന്തോഷവും (പീഡയും സഹനവും) ഒക്കെ പ്രദാനം ചെയ്യുകയെന്നതും ഭാഷയുടെ ദൗത്യം തന്നെ.

മനുഷ്യജീവിതത്തെ പൊതിഞ്ഞു പുണർന്നുനിൽക്കുന്ന ഒരു പ്രതിഭാസമാണ് ഭാഷ. അതിനകത്താണ് നാമുള്ളത്. അതിന്റെ ബാധ്യതകളൊക്കെയാണ് നാം പേറുന്നത്.

അത് സ്വാതന്ത്ര്യമാണെന്നു വരാം. സ്വാതന്ത്ര്യം വേദനാകരവുമാണ്. സ്വാതന്ത്ര്യമൊക്കെയും അസ്വതന്ത്രതയുടെ അതിർത്തിപ്രദേശങ്ങളുടെ അകത്ത് നിലകൊള്ളുന്ന കൊച്ചുലോകമാണ്. നമ്മുടെ ഭാഷയോളം വരും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ലോകം. ഭാഷയുടെ അപൂർണ്ണതയെക്കുറിച്ച് ആശാൻ വേപഥുകൊണ്ടു. ഭാഷ സൗകര്യങ്ങളുള്ള ഒരു തടവറയാണ്. ഞാനാലോചിച്ചുപോവുകയാണ്. പഠിക്കുന്ന കാലത്ത് ഹോസ്റ്റലിലെ റൂമിലൊക്കെ കൂടിയിരുന്ന, ചിലപ്പോൾ ടെറസ്സിലോ സുഹൃത്തിന്റെ വീട്ടിലോ ഒക്കെയാകും, ഉറങ്ങാതെ കുത്തിയിരുന്ന്, പിന്നെ കിടന്നും, വെളുക്കുവോളം വർത്തമാനം പറഞ്ഞത്

ഷാജു വി.വി
ഷാജു വി.വി

എന്തിനായിരുന്നു? എന്തായിരുന്നു അപ്പോഴൊക്കെ വിനിമയം ചെയ്തിരുന്നത്? വെറുതെ വർത്തമാനം പറയുകയായിരുന്നു. വെറുതെ രസത്തിന് എന്നൊക്കെയേ ഇപ്പോൾ കാണാനൊക്കുന്നുള്ളു. കവികൾ കവിതയെഴുതുന്നതെന്തിന് എന്നു ചോദിക്കുന്നതുപോലെയൊക്കെയുള്ള ചോദ്യമാണിതൊക്കെയെന്ന് പറഞ്ഞാൽ അതിശയോക്തിയാകുമോ? വാക്കാകുന്ന വൈരിയും വാക്കാകുന്ന രക്ഷകനും ഒന്നിക്കുന്ന ഒരു കവിത ഓർക്കുകയാണ്. "അവരവരിലേക്ക് ഒളിച്ചോടുന്നവർ' എന്ന കവിത. വി.വി.ഷാജുവിന്റെ രചനയാണത്. ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന വാക്കിന്റെ അപാരമായ ശേഷിയെ അവിടെ ഞാൻ വായിച്ചു. ഇവിടെ നമ്മുടെ വിഷയത്തിലേക്കു വരാം.

ഭാഷയുടെ പ്രാഥമികമായ ധർമ്മം അതിന്റെ വികാസചരിത്രത്തിന്റെ ആദ്യത്തെ പടവിൽ പ്രകടമാകുന്ന ആശയവിനിമയമാണെന്നും, ആശയനിർമ്മിതിയെന്ന മുൻകൂറായ പ്രക്രിയ അതിൽത്തന്നെ അന്തർഭവിച്ചിട്ടുണ്ടെന്നും സങ്കല്പിച്ചുകൊണ്ടാണ് ഈ ചിന്ത തുടങ്ങിവെയ്ക്കുന്നത്. പരമപ്രധാനമായ ഈ പടവുകളെ നിലനിർത്തി പ്രയോജനപ്പെടുത്തുമ്പോൾത്തന്നെ ഭാഷ ഭാവനയുടെയും ചിന്തയുടെയും ധർമ്മങ്ങൾ ഏറ്റെടുക്കുന്ന പടവുകളിലേക്ക് പടർന്നേറിയേക്കും. ഇങ്ങനെയാണ് ഭാഷ ചരിത്രം സൃഷ്ടിക്കുന്നത്. ഈ ഹൈപ്പോതിസിസിന്റെ അടിസ്ഥാനത്തിലുള്ള ആലോചനകളാണ് ഇവിടെ മുന്നോട്ടുവെയ്ക്കുന്നത്.
ഇവിടെ ചരിത്രത്തിന് സ്ഥാനമെവിടെ എന്ന് ചോദിക്കാനിടമുണ്ട്. സമകാലികമായൊരു വീക്ഷണത്തിൽ, മേല്പറഞ്ഞ ധർമ്മങ്ങൾ ഭാഷകൾ ഏകകാലികമായി നിർവ്വഹിക്കുന്നതല്ലേയെന്നു ന്യായമായും ചൂണ്ടിക്കാണിക്കാം. റോമൻ യാക്കോബ്‌സൺ നടത്തിയ സൊസ്യൂറിയൻ ഏകകാലികതാസങ്കല്പവിമർശനത്തിന്റെ ഭാഗമായി ഏകകാലിക ഘടനയിൽത്തന്നെ ബഹുകാലികതയെ സങ്കല്പിച്ചതിന്റെ വെളിച്ചമാണ് ഇവിടെ വഴികാണിക്കുന്നത്. അതിനെ ആശ്രയിച്ച് ചിന്തിച്ചാൽ, ലീനമായ ചരിത്രം വർത്തമാനത്തിലുണ്ടെന്നു കാണാം. നാമിവിടെ വർത്തമാനമായി കേട്ടുകൊണ്ടിരിക്കുന്ന ഭാഷയിൽത്തന്നെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ് വാസ്തവത്തിൽ വന്നുകിടക്കുന്നതെന്നു കാണാം. പല കാലത്തിൽ പിറന്ന വാക്കുകൾ, ഘടനകൾ. പലവഴി വന്നുചേർന്ന വാക്കുകൾ ഘടനകൾ. പലരുപയോഗിച്ച് സ്മരണകൾ ചേർന്ന വാക്കുകൾ. ഇവയെ ചേറിച്ചേറിപ്പോയാൽ ഒരു കുഞ്ഞുഭാഷയുടെ, പ്രാചീനജീവിതത്തിനിണങ്ങിയ നിത്യനിദാന-ലളിത-കാര്യങ്ങളുടെ ഒരു ചരിത്രസന്ദർഭത്തെ അഭ്യൂഹിക്കാൻ ഇന്നു നമുക്കു കഴിയും. ഭാവനകൾക്കും ചിന്തകൾക്കും എത്തിച്ചേരാവുന്ന ഒരു ഇടമാണത്. ആദിഭാവനകളിലൂടെ ഉരുവം തിരിഞ്ഞ, വിനിമയത്തിന്റെ ആദിമസ്വഭാവങ്ങളുള്ള ശബ്ദങ്ങളോളം എത്താവുന്ന ഒരു ഭാവനാലോകമാണത്. അതിനെ നമുക്കു സങ്കല്പിക്കാനേ കഴിയൂ. പുനഃസൃഷ്ടിക്കാനും മറ്റും കഴിയില്ല. കാലത്തെ പിന്നോട്ടുതിരിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുകയോ അതിനുതകുന്ന തരത്തിലൊരു മഹാവിസ്‌ഫോടനം സംഭവിക്കുകയോ ചെയ്താൽ നടക്കുമായിരിക്കാം. തത്കാലം അതുണ്ടാകില്ല എന്നു വിചാരിക്കാം. സിനിമയിൽ പറ്റും. മൈക്കിൾ ജാക്‌സൺന്റെ "എർത്ത് സോങ്' എന്ന സിനിമയിലെന്നപോലെ. എല്ലാം ഒരു പിന്നോടിക്കാഴ്ച ഓർക്കുക. മുറിഞ്ഞുവീണ മരങ്ങൾ, എക്സ്റ്റിങ്റ്റായ മൃഗജാതികൾ പക്ഷികൾ എല്ലാം എഴുന്നേറ്റു മടങ്ങിവരുന്ന മനോഹരമായൊരു ഭാവനയുടെ സാക്ഷാത്കാരമാണത്.

ലോകത്തെ ഗ്രഹിക്കാനുള്ള, ലോകത്തെ ചിഹ്നാത്മകമാക്കി പരിവർത്തിപ്പിച്ച് ആശയമാക്കി മാറ്റിയെടുക്കുന്ന, ഓരോരോ ഇടപെടലുകളുടെ ഫലമല്ലേ, ആ ചരിത്രസന്ദർഭത്തിന്റെ രേഖയല്ലേ ഓരോ വാക്കും എന്നും ചിന്തിക്കാം.

ഭൂതകാലദശയിലെ ഭാഷയെക്കുറിച്ചുള്ള അഭ്യൂഹികധാരണയെ ആധാരമാക്കിയാണ് ചരിത്രാത്മകഭാഷാശാസ്ത്രജ്ഞർ പണിയെടുക്കുന്നത്. എന്നിട്ട് ആഗമികമായ പടവുകൾക്ക് ശക്തി പകരുന്ന വസ്തുനിഷ്ഠവുമായ തെളിവുകൾ കണ്ടെത്തിയും, ചിലതൊക്കെ സങ്കല്പിച്ചു പുനഃസൃഷ്ടിച്ചുകൂട്ടിയും ഭാഷയുടെ ചരിത്രം നിർമ്മിക്കുന്നു. ഘടകങ്ങളെയും ഘടനയെയും ആ അന്വേഷണത്തിൽ കല്പിച്ചെടുക്കും. ഇവിടെയും ചില അഭ്യൂഹങ്ങൾക്കാണ് ശ്രമം. അതുകൊണ്ടുതന്നെ ശാസ്ത്രീയത കുറഞ്ഞുനിൽക്കും. അതിനാൽ ഖേദിക്കേണ്ട ഒരു കാര്യമല്ല ഈ അശാസ്ത്രീയതാപ്രശ്‌നം. ഘടനയെയും ഘടകങ്ങളെയുമല്ല ഭാഷയുടെ ധർമ്മങ്ങളെയാണ് ഇവിടെ ശ്രദ്ധിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ, ആശയവിനിമയധർമ്മമനുഷ്ഠിക്കുന്ന ഭാഷയ്ക്കു പിന്നിലേക്ക്, ആശയങ്ങൾ അഥവാ സങ്കല്പനങ്ങൾ രൂപപ്പെടുന്ന ഒരു ആദിമമായ ഘട്ടത്തിലേക്ക് കടന്നുകാണാൻ കഴിഞ്ഞേക്കും. അത് ഒരു ഭാവനയാണ്. ഭാവന ചെയ്‌തെടുക്കുന്ന ഒരു പ്രക്രിയയെയാണ് അത് തൊടുന്നതും.

ആശയരൂപീകരണം എന്ന ഭാഷാധധർമ്മത്തെയാണ് ഭാവന ചെയ്യുന്നത്. ഭാഷയിൽ പ്രാഥമികമായി ഉൾച്ചേർന്നിരിക്കുന്ന ധർമ്മം ആശയരൂപീകരണമല്ലേ എന്ന് ആലോചിച്ചുനോക്കുന്നു. ലോകത്തെ ഗ്രഹിക്കാനുള്ള, ലോകത്തെ ചിഹ്നാത്മകമാക്കി പരിവർത്തിപ്പിച്ച് ആശയമാക്കി മാറ്റിയെടുക്കുന്ന, ഓരോരോ ഇടപെടലുകളുടെ ഫലമല്ലേ, ആ ചരിത്രസന്ദർഭത്തിന്റെ രേഖയല്ലേ ഓരോ വാക്കും എന്നും ചിന്തിക്കാം. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെട്ട വാക്കുകളിലൂടെയല്ലേ ലോകം പ്രകാശിതമാകുന്നത് അഥവാ വെളിപ്പെടുന്നത്? അങ്ങനെ ഉരുവംതിരിഞ്ഞ വാക്കുകളെ ഉപയോഗപ്പെടുത്തിയാണ് ഭാഷയുടെ പ്രാഥമികവും പ്രകടവുമായ ആശയവിനിമയമെന്ന ധർമ്മം നിറവറ്റപ്പെടുന്നത്.

ആശയരൂപീകരണത്തിന്റെ പ്രേരണാശക്തി എന്തായിരിക്കും? ആശയപ്രകാശനദാഹംതന്നെയാകുമോ? അതോ ഇനി ആശയരൂപീകരണമെന്നത് മനുഷ്യന്റെ അനിവാര്യമായ വിധി(സിദ്ധി)യാണോ? ആ സിദ്ധിയുടെ തള്ളിച്ചയിൽനിന്നുറവാകുന്നതാണോ വാക്കുകൾ? അവ്യക്തമായ, ഒന്നിനും വാക്കില്ലാത്ത, വാക്കിനും മുമ്പായ അനുഭവത്തെ പ്രകാശിപ്പിക്കുന്നതിനുള്ള ചോദനയിൽനിന്ന്, പ്രേരണയിൽനിന്ന് ലോകത്തെ ശബ്ദരൂപങ്ങളിലേക്ക് സംഗ്രഹിക്കാൻ നിർബ്ബന്ധിതനായിത്തീരുകയാണ് മനുഷ്യൻ എന്നു സിദ്ധാന്തിക്കാമോ? ഉറപ്പിച്ചു പറയാവുന്ന കാര്യമല്ല ഇതൊന്നും. ഇങ്ങനെയൊക്കെ ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച് ഭാവന ചെയ്യാനാകുന്നു എന്നു പറഞ്ഞു നിർത്താനേ തരമുള്ളൂ. ഇത്തരം ഭാവനകൾക്കപ്പുറത്ത് മിറർ ന്യൂറോണുകളായി ആശയരൂപീകരണസിദ്ധിവിശേഷം നമ്മുടെ നാഡീവ്യൂഹത്തിൽ ഭൗതികരൂപം കൊള്ളുന്നതിനെയും മറ്റും സങ്കല്പിക്കാൻ ന്യൂറോചിന്തകർക്കു സാധിക്കുന്നുണ്ട് എന്നതു ശരിതന്നെ.

ഭാഷയുടെ പ്രാഥമികധർമ്മം ഭാവനയുടെ സഞ്ചാരവും ലോകഗ്രഹണവും വെളിപ്പെടലുമെല്ലാം കൂടിക്കുഴഞ്ഞ ഈ പ്രാഥമികമായ പ്രക്രിയയിലല്ലേ നാം തേടേണ്ടത്? എങ്കിൽ, ആശയവിനിമയമാണ് പ്രാഥമികമെന്ന നമ്മുടെ ധാരണയെത്തന്നെ തിരുത്തേണ്ടിതല്ലേ?

വാക്കുകളുടെ, അഥവാ ഭാഷാചിഹ്നങ്ങളുടെ രൂപീകരണത്തിൽ നടക്കുന്ന ലോകത്തോടുള്ള കൊഗ്നിറ്റിവായ പ്രക്രിയയിൽ ലോകഗ്രഹണം എന്നൊരു പ്രക്രിയ അന്തർഭവിക്കുന്നുണ്ടെന്നു വ്യക്തമാണ്. ചിന്തയിൽ, ഗ്രഹണത്തിൽ ഒക്കെ ഭാവനയുടെ സ്പർശവുമുണ്ട്. ഒരു വാക്ക് രൂപപ്പെടുത്തുന്നതിൽ ഭാവനയല്ലാതെ മറ്റെന്താണ് പ്രവർത്തിക്കുന്നത്? ഉത്ഭാവനം ചെയ്യുന്നു എന്നൊക്കെ പറയുന്നതിൽ ഈ ഭാവനാംശത്തെ വരവുവെയ്ക്കുന്നുണ്ട്. ഭാഷയിലേക്ക് വാക്കായി വെളിപ്പെടാത്ത ഒരു വസ്തു അഥവാ ഒരു വസ്തുത, അതുമല്ലെങ്കിൽ അനുഭവമോ അനുഭൂതിയോ വചോരൂപം കൈക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിച്ചാൽ അതിൽ ഭാവനാത്മകമായ ഒരു തലമുണ്ട് എന്നല്ല, ഭാവനയേയുള്ളൂവെന്നുതന്നെ പറഞ്ഞുപോകില്ലേ? അങ്ങനെയല്ലേ സൂചക-സൂചിതബന്ധനം നടക്കുന്നത്? അതുവഴിയല്ലേ ലോകം വെളിവാകുന്നത്? അങ്ങനെയൊക്കെയെങ്കിൽ, ഭാഷയുടെ പ്രാഥമികധർമ്മം ഭാവനയുടെ സഞ്ചാരവും ലോകഗ്രഹണവും വെളിപ്പെടലുമെല്ലാം കൂടിക്കുഴഞ്ഞ ഈ പ്രാഥമികമായ പ്രക്രിയയിലല്ലേ നാം തേടേണ്ടത്? എങ്കിൽ, ആശയവിനിമയമാണ് പ്രാഥമികമെന്ന നമ്മുടെ ധാരണയെത്തന്നെ തിരുത്തേണ്ടിതല്ലേ?

പറഞ്ഞുവരുന്നത് ഭാഷയുടെ ഉദയഘട്ടത്തിൽ അന്തർഭവിച്ചിട്ടുള്ള ധർമ്മസവിശേഷതകളെക്കുറിച്ചാണ്. ഭാഷയ്ക്ക് പല ധർമ്മങ്ങളുള്ളതായി പറയും.

റോമൻ യാക്കോബ്‌സൺ
റോമൻ യാക്കോബ്‌സൺ

ഭാഷയുടെ ധർമ്മപരമായ തലങ്ങളെക്കുറിച്ചുള്ള ധാരാളം സിദ്ധാന്തീകരണങ്ങൾ നടന്നിട്ടുണ്ട്. യാക്കോബ്‌സണും മറ്റും ഈ വിഷയത്തിൽ നന്നായി ചിന്തിച്ചിട്ടുണ്ട്. നിർദ്ദേശകവും നിയോജകവും സൗന്ദര്യാത്മകവും സാമൂഹീകരണാത്മകവും മറ്റും മറ്റുമായ ധർമ്മങ്ങൾ വഹിക്കുന്ന ഭാഷയെ യാക്കോബ്സൺ കണ്ടു. പ്രത്യക്ഷമാണവ. അങ്ങനെയുള്ള ഒരു ഭാഷയെ സങ്കല്പിക്കാനാണ് നമുക്കും എളുപ്പം കഴിയുക. കാരണം, നമുക്ക് മുൻകൂറായി ലഭിച്ച ഭാഷയുടെ പ്രത്യക്ഷധർമ്മങ്ങളെ മാത്രമേ ഇവിടെ അഭിമുഖീകരിക്കേണ്ടിവരുന്നുള്ളു എന്നതാണ്. നമുക്ക് അതിനു പിന്നിലേക്ക് ആലോചിക്കേണ്ടിവരുന്നില്ല. ആലോചിക്കുകയാണെങ്കിൽ കല്ലുരച്ച് തീയുണ്ടാക്കുന്നതുപോലുള്ള ഒരു പ്രക്രിയയിൽ വാക്കാകുന്ന വെളിച്ചവും, ആ വെളിച്ചത്തിൽ വെളിപ്പെടുന്ന ലോകവുമൊക്കെ നമുക്കു സങ്കല്പിക്കാൻ കഴിയും. അവിടെ, മുമ്പു സൂചിപ്പിച്ചതുപോലെ ഭാവനയുടെ ആദിമമായ ഇടപെടലുകൾ ഉണ്ടായതിനെക്കുറിച്ചുള്ള തെളിച്ചവും ലഭിക്കും. നമ്മുടെ നിത്യനിദാനജീവിതത്തിലെ ഭാഷയുടെ ഉപയോഗങ്ങളിലുള്ളത് ഇങ്ങനെ ഉണ്ടായിക്കഴിഞ്ഞ വാഗ്ദീപത്തിൽനിന്നുള്ള വെളിച്ചവും തീപ്പകരലുകളും ഒക്കെയാണ്.

വാക്കാകുന്ന വിളക്ക് ഉദിക്കുന്ന രാസഭൗതിക സന്ദർഭങ്ങളെ നോക്കുമ്പോൾ നമുക്കു ഭാഷയുടെ വിശേഷമായൊരു ചരിത്രബോധംതന്നെ വെളിപ്പെട്ടുകിട്ടും. ഓരോ വാക്കും പിറവികൊണ്ട മുഹൂർത്തങ്ങൾ. അങ്ങനെ പലകാലങ്ങളിലായി ഉദിച്ച നക്ഷത്രങ്ങൾ പോലുള്ള വാക്കുകൾ. അവയുടെ താരാപഥങ്ങൾ. ആകാശം. ഓരോ വാക്കിനുപിന്നിലുമുണ്ട് മനുഷ്യധിഷണയുടെ സൃഷ്ടിപരമായ സ്പർശങ്ങൾ. അങ്ങനെയങ്ങനെ ചിന്തിക്കുമ്പോൾ ഓരോ വാക്കിലുമുണ്ട് കവിതയെന്നും സങ്കല്പിക്കാൻ കഴിയും. അടുപ്പ് എന്നൊരു വാക്ക് (അല്ലെങ്കിൽ ഏതൊരു വാക്കുമാകട്ടെ) ഓർത്തുനോക്കൂ. മൂന്നു കല്ലുകളെടുത്തടുത്തുവെച്ചുണ്ടാക്കിയ ആ നിർമ്മാണത്തിൽത്തന്നെ മനുഷ്യഭാവനയുടെ പ്രകാശനവും പ്രകാശവുമുണ്ട്. അതിനെ മൂന്നക്ഷരങ്ങളിലേക്ക് കൂട്ടിയെടുക്കുന്ന വാക്കുല്പാദനവൃത്തിയിൽ ആ ഭൗതികവസ്തുത വാചികവസ്തുതയായി രൂപാന്തരപ്പെടുന്നു. അതുവരെ ഇല്ലാതിരുന്ന ഒന്ന് ഉണ്ടാകുന്നു. അതാണ് സൃഷ്ടി. സൃഷ്ടിയാണ് കലയും കവിതയും.

വെറുതെ എടുത്തുപയോഗിക്കുമ്പോൾ വാക്കിൽ കവിതയൊന്നും ഇല്ല. പക്ഷേ, അതിൽ അതിന്റെ മൗലികമായ സാധ്യതകൾ കെടാതെ കിടപ്പുണ്ട്. അതു മറക്കാതിരിക്കുന്നു കവികൾ. അവർ അവരുടെ സവിശേഷമായ ബലഹീനതകൊണ്ട് വാക്കിനെ കരിക്കട്ട പോലുള്ള അവസ്ഥയിൽനിന്നു വീണ്ടെടുക്കുന്നു, വിമോചിപ്പിക്കുന്നു

ഓരോ വാക്കിലും ഓരോ ബന്ധനസ്ഥനായ കവിത വാഴുന്നുണ്ട്. അത് പിൻവാങ്ങി നിൽക്കുകയാണ്. "അന്തർദ്ദാഹ'ത്തിൽ ശങ്കരക്കുറുപ്പു ഭയന്ന നക്ഷത്രം പോലെ, അത് പതിച്ച കരിക്കട്ടയാകുന്നു. വീണ്ടും തീ പടർത്തി ജീവശ്വാസം ഊതിക്കൊടുത്താൽ കനലായി എരിയും. സ്ഫുലിംഗങ്ങൾ വീണ്ടും പുറപ്പെടും. തീ പടരും. വെളിച്ചം തൂകും. ചൂട് പകരും. കവികൾ അവരുടെ പണിയാലയിൽ ചെയ്യുന്നത് ഇതൊക്കെയാണ്. അവർ വാക്കിനെ വീണ്ടും കവിതയാക്കുന്നു. (ഭാഷ മനുഷ്യനെ കവിയാക്കുന്നു!) വെറുതെ എടുത്തുപയോഗിക്കുമ്പോൾ വാക്കിൽ കവിതയൊന്നും ഇല്ല. പക്ഷേ, അതിൽ അതിന്റെ മൗലികമായ സാധ്യതകൾ കെടാതെ കിടപ്പുണ്ട്. അതു മറക്കാതിരിക്കുന്നു കവികൾ. അവർ അവരുടെ സവിശേഷമായ ബലഹീനതകൊണ്ട് വാക്കിനെ കരിക്കട്ട പോലുള്ള അവസ്ഥയിൽനിന്നു വീണ്ടെടുക്കുന്നു, വിമോചിപ്പിക്കുന്നു. നക്ഷത്രങ്ങളെ വീണ്ടെടുക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു, ലോകത്തെ നവീകരിക്കുന്നു.

സാധാരണമായ, സന്ദർഭങ്ങളിൽ വാക്കുകൾ ഈ കവിതാത്വമൊക്കെ മറന്ന, മറഞ്ഞ, വെറും ഉപാധികൾ മാത്രം. അപ്പോൾ വാക്കിലെ കവിതയെ നാം കാണുന്നേയില്ല. കേൾക്കുന്നേയില്ല. ഓർക്കുന്നേയില്ല. ഓർത്താൽ അതിശയം തോന്നും. നാമാകെ കവിതയിലാണ് ജീവിക്കുന്നതെന്നറിഞ്ഞ് പുളകിതരായേക്കും. വാക്കുകളാൽ അലങ്കൃതമായ ഒരു മനോഹരമായ ലോകത്തെത്തന്നെ സങ്കല്പിച്ച് അതിൽ ഒരു താരാപഥത്തിലെവിടെയോ ഒരു വാക്കായിരുന്ന്, വാക്കുകളിൽ പടർന്ന്, അതിനെ ജീവിതമെന്ന് വിളിച്ച് കടന്നുപോകുന്നതിനെയുമോർത്ത് കവിഞ്ഞുനിറഞ്ഞേക്കും. അങ്ങനെ കവികളായി മാറിയേക്കും. വേദനയുടെ കടൽ എന്നൊരു കല്പന ഓർക്കുകയാണ്. അവിടെനിന്ന്, വാക്കുകളുടെ കടലിനെ ഭാവന ചെയ്യാനും കഴിയുന്നുണ്ട്.

ഇപ്പോൾ നമുക്ക് വാക്കിന്റെ പൂർവ്വാശ്രമത്തിൽനിന്ന് പിൽക്കാലസന്ദർഭങ്ങളിലേക്ക് സഞ്ചരിച്ചുനോക്കാം. മുൻകൂറായി ലഭിച്ച വാക്കുകളുടെ ലോകത്ത്, സാധാരണമായൊരു നിലയിൽ ശ്വസോച്ഛ്വാസം ചെയ്യുന്നതു പോലുള്ള സ്വാഭാവികതയോടെ ആശയക്കൈമാറ്റത്തിനായി വാക്കുകൾ ഉപയോഗിക്കുമ്പോൾ ഭാവനയുടെയും കാവ്യവൃത്തിയുടെയും മിന്നിക്കുന്ന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. ഭാഷയുടെ അംശങ്ങളെ ഉപയോഗപ്പെടുത്തി തത്കാലസാഹചര്യത്തിലെ ആവശ്യങ്ങൾ നിറവേറ്റുവാനാണ് അപ്പോൾ തുനിയുന്നത്. സാധാരണമായ ഭാഷണമാണത്. ഭൂതകാലം സമ്മാനിച്ച വാക്കുകളുപയോഗിക്കുന്നുവെന്നിരിക്കിലും വർത്തമാനത്തിലാണ് അതിന് ഊന്നൽ. വർത്തമാനം പറയുന്നു എന്ന പ്രയോഗത്തിൽ ആ ആശയം മനോഹരമായി വന്നുപെട്ടിരിക്കുന്നുണ്ട്.

ഇപ്പറഞ്ഞ വാക്കുപയോഗപ്പെടുത്തലിന് തെളിമകിട്ടാൻ ഒരു ആലങ്കാരിക വിശദീകരണം സഹായിച്ചേക്കും. തോട്ടികെട്ടുന്നതും തോട്ടികൊണ്ട് മാങ്ങ പറിക്കുന്നതും തമ്മിലുള്ള അന്തരമുണ്ട് ഒരു ഭാഷാചിഹ്നത്തിന്റെ നിർമ്മിതിയും അതിന്റെ എടുത്തുപയോഗവും തമ്മിൽ. ആദ്യത്തേതിൽ കൊഗ്നിഷന്റെയും ഭാവനയുടെയും സൃഷ്ടിപരമായ മാനങ്ങൾ മുന്തിനിൽക്കുമ്പോൾ, രണ്ടാമത്തേതിൽ പ്രായോഗികമായ തലമാണ് പ്രധാനമാകുന്നത്. ഭാഷയുടെ പ്രാഥമികധർമ്മമെന്നു നാം പൊതുവെ കരുതുന്ന ആശയവിനിമയം ഈ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ടാണ് പ്രാഥമ്യവും പ്രാധാന്യവും കൈവരിക്കുന്നത്. ഭാവനാത്മകമായ പൂർവ്വഘട്ടത്തെ ഓർത്തുകൊണ്ടുള്ള ഒരു രേഖീയചരിത്രാത്മകസമീപനത്തിൽ, സത്താപരമായ പരിഗണനകളോടെ നിരീക്ഷിച്ചാൽ ഭാഷയുടെ പുതിയൊരു വിതാനമായി ഇതിനെ വിലയിരുത്തേണ്ടിവരും.

ഭാഷയുടെ ശൈശവകാലമെന്ന് വ്യാകരണചിന്തകർ കാണുന്ന ഘട്ടമാണത്. അവിടെ ഭാഷ വളരെ ചെറിയ ഒന്നാണ്. ഒരു കുലത്തോളമോ ഗ്രാമത്തോളമോ വളർന്ന ഇടങ്ങളിൽ സഞ്ചരിക്കാനും ചെറിയ കാര്യങ്ങൾ ചെയ്യാനുമേ ആ ഭാഷ തുണയ്ക്കുന്നുള്ളൂ.

ആശയവിനിമയമെന്ന "പ്രാഥമികധർമ്മം' ദ്വിതീയമായൊരു സന്ദർഭത്തിൽ പദങ്ങളിൽ മുൻകൈ നേടുന്ന ധർമ്മമാണെന്ന വസ്തുതയാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. നൂതനതയുടെ പരിവേഷം കൈവിട്ട, അഥവാ മറഞ്ഞ, അഥവാ ആലോചനകൊണ്ട് തേച്ചുതിളക്കി മനസ്സിലാക്കിയാൽ മാത്രം പ്രകാശമുണ്ടെന്നു കാണാവുന്ന, വാക്കുകൾകൊണ്ടാണ് ഭാഷയുടെ ഈ ഘട്ടം അടയാളപ്പെടുന്നത്. ഭാവനയുടെ ഘട്ടത്തെ പിൻപറ്റിവരുന്ന രണ്ടാം ഘട്ടമായി ഇതിനെ തിരിച്ചറിയുന്നത് ഭാഷയെ കുറേക്കൂടി ആഴമേറിയ പരിഗണനയോടെ മനസ്സിലാക്കാൻ സഹായിക്കും. ഈ മാറിയ ഭാഷാചരിത്രബോധത്തിന്റെ വെളിച്ചത്തിൽ കണ്ടാൽ സങ്കല്പനം അഥവാ ആശയരൂപീകരണം എന്നതാണ് ഭാഷയിൽ നിലീനമായിട്ടുള്ള പ്രാഥമികധർമ്മം എന്നു മനസ്സിലാകും. അത് ഭാവനയ്ക്ക് മേൽക്കൈയുള്ള ഘട്ടവുമാണ്. ഭാവന ചെയ്യുകയെന്നതാണ് ഭാഷയുടെ മൗലികമായ, ആ നിലയിൽ പ്രാഥമികമായ ധർമ്മം എന്ന് ചിന്തിക്കാനും ഇത് ഇട നൽകുന്നു.

വളരെ കുറഞ്ഞ സങ്കല്പനങ്ങളുമായി, അവയെ സൂചിപ്പിക്കുന്ന കുറഞ്ഞ വാക്കുകളുമായി വളരെ ചെറിയ ഭാഷാജീവിതം നയിക്കുന്ന, അതിൽ അനുവദനീയമായ കർമ്മസ്ഥാനങ്ങൾ പേറി മനുഷ്യർ വർത്തമാനം പറഞ്ഞ് വർത്തമാനത്തിൽ മാത്രം ജീവിക്കുന്ന ഒരു നേർത്ത ചരിത്രസന്ദർഭത്തെ സങ്കല്പിക്കുവാനും കഴിയും. ഭാഷയുടെ ശൈശവകാലമെന്ന് വ്യാകരണചിന്തകർ കാണുന്ന ഘട്ടമാണത്. അവിടെ ഭാഷ വളരെ ചെറിയ ഒന്നാണ്. ഒരു കുലത്തോളമോ ഗ്രാമത്തോളമോ വളർന്ന ഇടങ്ങളിൽ സഞ്ചരിക്കാനും ചെറിയ കാര്യങ്ങൾ ചെയ്യാനുമേ ആ ഭാഷ തുണയ്ക്കുന്നുള്ളൂ.

നിർദ്ദേശിക്കൽ, നിയോഗിക്കൽ എന്നീ ധർമ്മങ്ങളുടെ നിലയിൽ മാത്രം ജീവിതത്തെ തുണയ്ക്കുന്ന ഈ ഘട്ടത്തിലെ ഭാഷയെ ഭാഷയെന്നു വിളിക്കണോ എന്നുപോലും സംശയമാണ്. കുഞ്ഞുഭാഷയെന്നു വിളിച്ച് ഓമനിക്കാവുന്ന ഒരു ഭാഷയാകുമത്. മാതൃഭാഷയെന്നൊക്കെ വിളിച്ച് ഭാഷയെ ആദരവു പ്രകാശിപ്പിക്കാമെങ്കിൽ ഇതിൽ തെറ്റൊന്നുമില്ല. പേച്ചുവഴക്കങ്ങൾ എന്നൊരു പ്രയോഗം രാജൻ ഗുരുക്കളിൽനിന്നു കേട്ടിട്ടുണ്ട്. പേശുവാനുപയോഗിക്കുന്നത് എന്ന വിവക്ഷയിൽ പേച്ചുകൾ എന്നുപയോഗിക്കാം. പേശുന്നു, അത് കേട്ട് അറിയുന്നു, പ്രവർത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇങ്ങനെ ചെറിയ പേച്ചുകളിലവാസാനിക്കുന്ന ഭാഷാജീവിതം! ഇങ്ങനെയൊരു ചരിത്രഘട്ടകല്പനയിൽ, മിക്കവാറും എന്നല്ല, പൂർണ്ണമായിത്തന്നെ വാമൊഴിരൂപത്തിലുള്ള ഭാഷയെയാണ് സങ്കല്പിക്കാൻ കഴിയുക. അത് വളർന്നാണ് "ഭാഷ'യായി പരിണമിക്കുന്നത്.

വളർച്ച, പുരോഗതി, വികാസം എന്നൊക്കെയുള്ള സങ്കല്പങ്ങളിൽ നിന്ന് നമുക്ക് എളുപ്പത്തിൽ വിമുക്തമാകാൻ കഴിയില്ല. ഈ ഭാഷാചരിത്രഭാവനയിലും കഥ അതുതന്നെ. പേച്ച് വളർന്ന് മൊഴിയായി മാറുന്നു. വാമൊഴിയിൽ പാട്ടുണരുന്നതും കളികളുണ്ടാകുന്നതുമൊക്കെ കണക്കിലെടുത്ത് ഭാവനയുടെ വിടർച്ച പറയാവുന്ന തുടർഘട്ടത്തെയും സങ്കല്പിക്കാൻ കഴിയും. അപ്പോൾ ഭാഷ പതുക്കെപ്പതുക്കെ അതിന്റെ മൂന്നാമതുഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെവെച്ച്, ഭാഷയുടെ ഭാവനാപരമായ മിടുക്കുകൾക്ക് പുനഃപ്രവേശനം ലഭിക്കുന്നു. വാക്ക് വചിക്കാനുള്ളത് എന്ന നിലയെ ഉല്ലംഘിക്കുന്നു. വാക്ക് കഥനമാകുന്നതും, വാക്ക് വാക്കിനെത്തന്നെ കാട്ടിക്കൊടുക്കുന്ന തരത്തിൽ, ഒരുങ്ങിപ്പുറപ്പെടുന്നതുമായ ഒരു വേളയാണിത്. യാക്കോബ്‌സണെപ്പോലുള്ളവരുടെ ശൈലീവിചാരത്തിൽ പറയുന്നല്ലോ, മാധ്യമത്തിലേക്ക് തന്നെ ശ്രദ്ധ ക്ഷണിക്കുന്നതാണ് സാഹിത്യത്തിന്റെ കലാപരതയുടെ അടിസ്ഥാനമെന്ന്. ഭാഷ അതിന്റെ ആശയവിനിമയമെന്ന പൂർവ്വധർമ്മത്തെ ചെറിയ തോതിലെങ്കിലും പിന്തള്ളി, അല്പം മാറ്റിവെച്ച്, അതിൽത്തന്നെ കറങ്ങിത്തിരിഞ്ഞ് വചോശില്പനിർമ്മാണം തുടങ്ങുന്ന സന്ദർഭമാണത്.

അതുവരെ ഭാഷ വാക്കുകളുടെ സമാഹാരമായി നിർവ്വചിക്കാവുന്ന ഒന്നായിരുന്നെങ്കിൽ, ഈ പുതിയ സന്ദർഭത്തിൽ ഭാഷ ആവിഷ്‌കാരങ്ങളുടെ ഉള്ളടക്കമുള്ള, വാമൊഴിപ്പടർപ്പുകളുടെ ലോകം കൂടിയായി മാറുന്നു. വാക്കുൾക്കപ്പുറം വാക്കിന്റെ കെട്ടുകളും കൂട്ടങ്ങളും ശൈലീകൃതങ്ങളായ വാക്യങ്ങളും ഒക്കെ ഭാഷയുടെ മൂലധനമായിത്തീരുകയാണ്. ആളുകളുടെ ഭാവനാസഞ്ചാരങ്ങളിലൂടെ പടയ്ക്കുന്ന പാട്ടും കൂത്തുമായി ഓർമ്മകളുടെയും അറിവുകളുടെയും പടർപ്പുകളായി, അത് ഒരു ഭാഷാന്തരീക്ഷമായി, ഒരു ജനതയുടെ ജ്ഞാനാന്തരീക്ഷമായി പകർന്നാടി നിൽക്കുന്നു. കുഞ്ഞുഭാഷയെന്ന നിലയൊക്കെ വിടുകയാണപ്പോൾ. ഈ അന്തരീക്ഷത്തിനകത്താണ് മനുഷ്യനെന്ന ജന്തു ഭാഷാ-സംസ്‌കാരജീവിയായി അസ്തിത്വമാർജ്ജിക്കുന്നത്. പാട്ടുകൾ, ചൊല്ലുകൾ, ശൈലികൾ - അതൊക്കെയാവും ഇപ്പറഞ്ഞ വാമൊഴിഘട്ടത്തിന്റെ ഈടുവെപ്പുകൾ. അവ വാക്കുകളെന്നപോലെ വർത്തമാനത്തെ കവിഞ്ഞുപോകുന്നു. ഇത് ഒറ്റയൊറ്റ വാക്കുകളായിട്ടല്ല എന്ന വ്യത്യാസമുണ്ട്, വാക്യാത്മകത എന്നു വിശേഷിപ്പിക്കാവുന്ന ഘടനകളായിട്ടാണ് ചൊല്ലുകളുടെയും ശൈലികളുടെയും ചരിത്രസഞ്ചാരം. കഥനാത്മകതയെന്നും പറയാം.

ഭാഷ അതിന്റെ പേച്ചുനിലയെ വിട്ട് ആവിഷ്‌കാരങ്ങളുടെ ലോകമായി മാറുന്നതോടെ ഭാഷ വികസിക്കുന്നു. ഭാഷയോടൊത്ത് മനുഷ്യന്റെ ലോകവും വളർന്നുവികസിക്കുന്നു. ഭാഷയിലെ ആവിഷ്‌കാരങ്ങളുടെ ലോകമാണ് മനുഷ്യരുടെ മനോലോകത്തെ രൂപഭാവനിർണ്ണയം ചെയ്യുന്നത്. അതിനിടയിൽ കഥനരൂപം പ്രാപിച്ച് വാഗ് വൃക്ഷങ്ങൾ എന്നു പറയാവുന്ന മഹാഖ്യാനങ്ങളുമൊക്കെ രൂപപ്പെടാം. അതോടെ ഭാഷ മഹത്വമാർജ്ജിക്കുന്നു. ഉള്ളടക്കവും രൂപമാതൃകകളും വർധിക്കുന്നു. അവ പാടിയും പറഞ്ഞും ആവർത്തിക്കപ്പെടുന്നു. പലകുറിയാവർത്തിച്ചു ബലപ്പെടുന്നു. സംസ്‌കരിക്കപ്പെടുന്നു. സാംസ്‌കാരികമായ ഉള്ളടക്കം ഭാഷയിൽത്തന്നെ നിക്ഷേപിച്ച് സൂക്ഷിക്കുന്ന തേനടയിൽ എന്നപോലെ അറകളുണ്ടാക്കുന്നു. സംഗീതവും നടനവുമൊക്കെ അതിന് അകമ്പടിയാകാം. ഭാഷ കൂടുതൽ ആചാരപരമായി, കലാപരമായി, വിശ്വാസപരമായി ഒക്കെ മൂല്യമുള്ളതായി മാറുന്നു. മിത്തുകളുടെ ലോകം മനുഷ്യരെ തഴുകിനിൽക്കുന്ന ഒരു ഭാഷായുഗമാണിവിടെ വികസിച്ചുവരുന്നത്. ആശയവിനിമയമല്ല, ആശയശില്പനിർമ്മാണകൗതുകവും സൗന്ദര്യശില്പനിർമ്മാണവുമൊന്നിച്ചും വേറെയായും നടക്കുന്ന യുഗമാണത്. ഇവിടെ വെച്ചാണ് ഭാഷകൾ ശരിക്കു പറഞ്ഞാൽ മാതൃഭാഷയാകുന്നത്. ഭാഷയെന്ന തള്ള പെറ്റ കുഞ്ഞുങ്ങളാണ് ഇപ്പറഞ്ഞ സാഹിതീയവിഷ്‌കാരരൂപം പൂണ്ട ആശയങ്ങളും ഭാവനകളും !

അവിടെയും അവസാനിക്കുന്നില്ല ഭാഷയുടെ നവീകരണം. ഈ മിത്തുകെട്ടൽ യുഗത്തിന്റെ സമ്പാദ്യങ്ങളെയും ഉൾക്കൊണ്ട് നാലാമതൊരു പടവിലേക്ക് ഭാഷ

വളരുന്നത് എഴുത്തിലേക്ക് പരിണമിക്കുന്നതോടെയാണ്. ശൈലീകരിച്ചും മറ്റും സൂക്ഷിക്കുന്നതിനപ്പുറത്ത് ബാഹ്യമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭാഷ പുതിയ സാധ്യതകളിലേക്ക് പ്രവേശിക്കുന്നു. ഭാഷയ്ക്ക് ഭാഷണരൂപത്തിനു പുറമെ ലേഖനരൂപം ഉരുത്തിരിയുന്നു. ഭാവനയും ചിന്തയും വ്യക്തിപരമായ ദൗത്യമായി മാറുന്നതൊക്കെ ഈ പരിവർത്തനസന്ദർഭത്തിലാകണം. സന്ദർഭനിഷ്ഠമായ ആശയവിനിമയം, കൂട്ടായ മേളനോപാധി എന്നിങ്ങനെയുള്ള ധർമ്മങ്ങൾക്കപ്പുറത്ത് ഏകാന്തധ്യാനത്തിന്റെയും സങ്കല്പസഞ്ചാരങ്ങളുടെയും മറ്റും ഘട്ടമായി ഈ ഭാഷാചരിത്രസന്ദർഭത്തെ കല്പിക്കാം. ലോകത്തെയും ജീവിതത്തെയും നാളതുവരെ പാടിപ്പതിഞ്ഞ കഥകളെത്തന്നെയും ആഖ്യാനം ചെയ്യുന്ന വ്യക്തികളുടെ, അഥവാ കവികളുടെ കാലമാണിവിടെ സമാഗതമാകുന്നത്. അവരിലൂടെ, സംഭവിക്കുന്ന, അഥവാ വെളിപ്പെടുന്ന ആവിഷ്‌കാരങ്ങളിലൂടെ ഭാഷ ഉന്നതമായ വിതാനത്തിലേക്ക് പ്രവേശിക്കുകയാണ്. എഴുത്തിന്റെ മാത്രമല്ല വായനയെന്ന അത്ഭുതത്തിന്റെയും വിതാനമാണത്. ഭാഷയുടെ അലകും പിടിയും മാറുകയായി. ഭാഷയ്ക്കകത്ത് പുതിയ പുതിയ ഭാഷാലോകങ്ങൾ സംജാതമാവുകയാണ്. ഭാഷാനുഭവം വികസിക്കുകയാണ്. ആവിഷ്‌കാരങ്ങളുടെ സമൃദ്ധിയുണ്ടാകുന്നു. ആശയരൂപീകരണവും ആവിഷ്‌കാരവും ഏറുന്നു. ആശയവിനിമയം കാലദേശങ്ങളുടെ പരിമിതികളെ ഏറിയ അളവിൽ ഉല്ലംഘിക്കുന്നു. തുടർച്ചകളിൽ പാരമ്പര്യങ്ങളുണ്ടാകുന്നു. വിവിധങ്ങളായ സാഹിത്യജനുസ്സുകളുണ്ടാകുന്നു. ധാരാളം സാഹിത്യസന്തതികളുള്ള മാതാവ് എന്ന വിവക്ഷയിൽ ഭാഷയുടെ മാതൃഭാഷാപദവി ഉയരുന്നു.

കവികൾ ഭാഷയ്ക്കുള്ളിൽ ഭാഷയെ വാർക്കുന്നവരാകുന്നു. ഭാഷയെ വിസ്തരിക്കുന്നവരാകുന്നു. അവരുടെ ആവിഷ്‌കാരങ്ങൾ അവശേഷിപ്പിക്കുന്നത് പുതിയ ഭാഷയാണ്. പുതിയ സൃഷ്ടികളുണ്ടാകുന്നതോടെ പഴയ ഭാഷയും

ഭാഷാന്തരീക്ഷവും ആകെ മാറിപ്പോകുന്നു. എഴുത്തച്ഛനു മുമ്പുള്ള ഭാഷയല്ല അതിനു ശേഷമുണ്ടായതെന്ന് ഓർത്താൽ ഇക്കാര്യം വ്യക്തമാകും. ഭാഷയിലുണ്ടാകുന്ന ആവിഷ്‌കാരങ്ങൾ ഓരോന്നും ഓരോ സംഭവമാണ് എന്നു പറയാം. ഭാഷയിൽ ഉണ്ടാകുന്ന ഓരോ സംഭവത്തിനുംശേഷം പുതിയ ഭാഷായുഗമാണ് ആവിർഭവിക്കുന്നത്. ഇങ്ങനെ മാറ്റിക്കളയുന്ന ആവിഷ്‌കാരങ്ങൾ മാത്രമാണ് സംഭവങ്ങൾ എന്നു വിവരിക്കാവുന്ന മട്ടിൽ പ്രസക്തി കൈവരിക്കുന്നുള്ളു. ഇങ്ങനെ പുതിയ ഭാഷാന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പ്രതിഭാശാലികളായ കവികളുടെയും ചിന്തകരുടെയും നിയോഗമാണ്. അതുളവാകുന്നതിന് ഉപാധിയാവുകവഴി അവർ ഭാഷയുടെ ഐക്കണുകളായി അറിയപ്പെടുന്നു. തിരുവള്ളുവർ തമിഴിനും എഴുത്തച്ഛൻ മലയാളത്തിനും, ദാന്തെ ഇറ്റാലിയനും മുതൽപ്പേരായി മാറുന്നതോർക്കുക. ഓരോരോ കാലങ്ങളിലായിട്ട് ബസവണ്ണയും അക്ക മഹാദേവിയും കന്നടത്തിനും, ഷേ്ക്‌സ്പിയർ ഇംഗ്ലീഷിനും, മാർക്കേസ് കൊളംബിയൻ സ്പാനിഷിനും സല്‌പേരായി വന്നത് ഓർക്കുക. അവരൊക്കെ വെറും കവികളല്ല. അതാത് ഭാഷയുടെ പ്രവാചകരാണ്. ഭാഷയെ വർത്തമാനത്തിലേക്ക് എത്തിക്കുന്നവർ, ഭാവിയിലേക്ക് തൊടുക്കുന്നവർ. സൗന്ദര്യത്തെ

മാർക്കേസ്
മാർക്കേസ്

പുനർനിർവ്വചിക്കുന്നവർ. ഇവിടെ ആചാരപരമായി കവികളെ പരാമർശിച്ചത് സാഹിത്യകേന്ദ്രിതശീലബദ്ധതകൊണ്ടു മാത്രമാണ്. കാന്റും റൂസോയും മാർക്‌സും ഗാന്ധിയും അംബേദ്കറും നാരായണഗുരുവുമൊക്കെ ഭാഷയുടെ ഈ അതിവർത്തനത്തിൽ പങ്കാളികളായി പരമാർശിക്കപ്പെടാം. നവീനമായ ഒരു മുദ്രാവാക്യം കൊണ്ടുമാത്രം ഒരാൾ ഇത്തരം ഭാഷാദൗത്യം നിർവ്വഹിച്ചുവെന്നുവരാം. എണ്ണമറ്റ കൃതികൾ കൃതിച്ചാലും ഇത്തരം പരിണാമത്തിൽ ഭാഗധേയത്വം നിർവ്വഹിക്കാത്ത രചയിതാക്കളും ഉണ്ടായേക്കും.

എഴുത്ത്, ലിപി തുടങ്ങിയ വസ്തുതകളിൽ ശ്രദ്ധയൂന്നി ഭാഷാചരിത്ര വിചാരത്തിലേർപ്പെടുന്നവർ ഇവിടംമുതൽക്കുള്ള ഭാഷാചരിത്രത്തെ മിക്കവാറുംസാഹിത്യചരിത്രത്തിനു വിട്ടുകൊടുക്കും. മുമ്പു കണ്ട വാമൊഴിപ്പാട്ടിന്റെ ഘട്ടത്തെ സാഹിത്യചരിത്രക്കാർ ഫോക്ലോറിനു വിട്ടുകൊടുക്കും. ഇതൊക്കെ ഒന്നിച്ചുചേർത്തു പരിഗണിക്കുമ്പോൾ ഭാഷാവികാസത്തിന്റെ രണ്ടാമത്തേതെന്നു പറയാവുന്ന ഭാവനാപരമായ ഘട്ടത്തിലെ രണ്ട് ഉപഘട്ടങ്ങളായി ഫോക് -മിത്തു-ഗാനഘട്ടത്തെയും കവിതാഘട്ടത്തെയും വേർതിരിച്ചു പറയുന്നതിനും യുക്തിയുണ്ട്. വീണ്ടും പരിശോധിച്ചാൽ, ഭാഷകൾ സങ്കല്പനങ്ങളാൽ സമ്പന്നമാകുന്ന വേള മാത്രമല്ല, ഭാഷ വഴക്കിയെടുക്കപ്പെടുന്ന, അതിന്റെ ഭാവശില്പനിർമ്മാണക്ഷമതയെ ഭാഷകർ തിരിച്ചറിയുന്ന, വാക്കുകൾ ഇമേജുകളായി രൂപാന്തരപ്പെടുന്ന ഘട്ടം കൂടിയാണതെന്നു പറയേണ്ടിവരും.

പിറക്കുന്നാകിൽ ഇമ്മാതിരി ഭാഷാലോകങ്ങളിൽ വന്നു പിറക്കണം എന്നു ചിന്തിപ്പിക്കുന്ന തരത്തിൽ മോഹനമായ ലോകങ്ങളാണ് അവ. അതിൽ പിറക്കുന്നവരാകെ കവികളായി മാറിപ്പോകും. ഭാവുകത്വവികാസമുള്ളവരെങ്കിലുമാകും

ആശയവിനിമയോപാധി എന്ന നിലയെ ഉൾവഹിക്കുമ്പോൾത്തന്നെ ആ നിലയെ പിന്തള്ളുക കൂടിയാണ് ഭാഷകൾ ഈ ചരിത്രഗതിയിൽ ചെയ്യുന്നത്. ഭാവനയുടെയും ചിന്തയുടെയും പ്രകടനത്തിന്റെയും ഉപാധിയായി ഭാഷ മാറുന്നു. ആശയങ്ങളുടെ മേൽ ആശയങ്ങൾ പെയ്ത് ഭൂഗർഭജലം പോലെ സഞ്ചിതനിധിയുണ്ടാവുന്നു.
ആശയങ്ങളുടെയും അനുഭൂതികളുടെയും അറിവുകളുടെയും ആവിഷ്‌കാരവൈവിദ്ധ്യങ്ങളുടെയും മൂല്യങ്ങളുടെയും സമ്പന്നതയായി, സാന്നിധ്യമായി, രൂപാന്തരപ്പെട്ട ഭാഷ - അതൊരു അനുഗ്രഹമാണ്. അത്തരം ഭാഷകളുടെ ലോകത്ത് വന്നുപിറക്കുന്നവർ ഭാഗ്യമുള്ളവർ. നക്ഷത്രങ്ങൾ നിരന്ന ആകാശം പോലെയോ, മിന്നാമിനുങ്ങുകൾ തെളിഞ്ഞുവിളങ്ങുന്ന താഴ്വരകൾ പോലെയോ നിലാവിൽ കാണാകുന്ന ചഞ്ചലസമുദ്രംപോലെയോ കാറ്റിലുലയുന്ന നിബിഡവനം പോലെയോ ഒക്കെയാണ് അത്തരം ഭാഷകൾ ഒരു ജനതയുടെ ജീവിതസാഹചര്യമായി നിലകൊള്ളുന്നത്. അതിനകത്ത് ജീവിക്കുകയെന്നത് സംഗീതമാസ്വദിക്കുന്നതുപോല ഹൃദ്യം. പിറക്കുന്നാകിൽ ഇമ്മാതിരി ഭാഷാലോകങ്ങളിൽ വന്നു പിറക്കണം എന്നു ചിന്തിപ്പിക്കുന്ന തരത്തിൽ മോഹനമായ ലോകങ്ങളാണ് അവ. അതിൽ പിറക്കുന്നവരാകെ കവികളായി മാറിപ്പോകും. ഭാവുകത്വവികാസമുള്ളവരെങ്കിലുമാകും. ചിന്തകൾ പേറുന്നവരായിത്തീരും. കവിതയും കഥയും നാടകവും ഗാനവും ദർശനവുമൊക്കെ അവിടെ ജനതയുടെ ജീവിതത്തിൽ ഇണങ്ങിപ്പൊതിഞ്ഞുനിൽക്കും. സാംസ്‌കാരികജീവിതോചിതമായ ഭാഷാകാലാവസ്ഥ പ്രദാനം ചെയ്യുന്ന അത്തരം ഭാഷകൾ ആദർശമായിരിക്കാം. എന്നു വന്നാലും, പല ഭാഷകളും ആ നിലയോട് സമീപിച്ചുകൊണ്ടിരിക്കുകയാണ് എന്നു പറയാം. നമ്മുടെ ഭാഷയും ആ വഴിയിലാണെന്നു കരുതുന്നതിൽ തെറ്റില്ല. എത്തിക്കഴിഞ്ഞു എന്നു കരുതി ക്ലാസിക്കലായി നാം പ്രഖ്യാപിച്ചതിലൊക്കെ ഈ ആത്മവിശ്വാസം കാണാനും കഴിയും.

കവിതയ്ക്ക് മേൽക്കൈയുള്ള ഘട്ടത്തിൽത്തന്നെയാണ് ഭാഷ നാടകത്തിലേക്കും തികഞ്ഞ ചിന്തയിലേക്കും തത്വദർശനത്തിലേക്കുമൊക്കെ കടക്കുന്നത്. കവിതയിൽത്തന്നെ നാടകത്തിന്റെ വിത്തുവീണു വേരൂന്നുന്നുണ്ടെന്നു തോന്നുന്നു.

ഭാഷയുടെ സംവാദാത്മകമായൊരു വിനിമയത്തിലൂടെ ആശയസംഘർഷങ്ങളിലൂടെ ചിന്തയുടെ പടവുകൾ കയറുകയാണ് നാടകത്തിൽ നടക്കുന്നത്. നാടകം തത്വവിചാരത്തിന്റെ ഒരു രൂപമാണ്. തത്വചിന്തയുടെ ആദിമരൂപങ്ങൾ ഡയലോഗുകളുടെ രൂപത്തിലാണ് കാണാവുന്നത് എന്നും ഓർക്കുക. ഗ്രീക്കിലെ ഡയലോഗുകളെ ഓർക്കുക. ഭാഷാപഗ്രഥനഗ്രന്ഥങ്ങളിൽപ്പോലും ചിലപ്പോൾ നാടകീയമുഹൂർത്തങ്ങൾ സംവിധാനം ചെയ്യപ്പെടുന്നു. ലീലാതിലകത്തിലും കേരളപാണിനീയത്തിലുമൊക്കെ ഇതുണ്ട്. പല വിഷയങ്ങളിലും തെളിച്ചമുണ്ടാക്കാൻ സംവാദരൂപത്തെ ഉപയോഗപ്പെടുത്തുന്ന കാഴ്ച നമുക്കു കാണാം. മോക്ഷപ്രദീപം ഒരു ഉദാഹരണം മാത്രം. ഹിന്ദ് സ്വരാജിൽ ഗാന്ധി പരീക്ഷിച്ചതും സംവാദരൂപം തന്നെ. ഇതിൽനിന്നു വ്യത്യസ്തമായി ആത്മഗതരൂപത്തിലും ചിന്തയുടെ പടവുകളിലൂടെ സഞ്ചരിക്കാം. മലയാണ്മയുടെ വ്യാകരണത്തിലെന്നപോലെ യുക്തിപരമായി ധ്യാനിച്ചുകയറുന്ന ചിന്തകളും ചിന്താവിഷ്ടയായ സീതയിൽ സീതാദേവി ആവിഷ്‌കരിക്കുന്ന ചിന്തനകളുമൊക്കെ ഓർക്കാവുന്നതാണ്. ഇതൊക്കെ പരിഗണിച്ചുള്ള ഒരു പര്യാലോചനയിൽ ഭാഷകൾ തികച്ചും ചിന്താപരമായ തലങ്ങളിലേക്ക് എത്തിപ്പെടുന്നത് അതത് ഭാഷകളുടെ വികസിതാവസ്ഥയെ കുറിക്കുന്ന ഒരു കാര്യമായി വിലയിരുത്താമെന്നു തോന്നുന്നു.

ഭാഷയുടെ ആദിമമായ ആശയരൂപീകരണഘട്ടത്തിൽത്തന്നെ ചിന്താപരമായ ഒരു മാനം പ്രവർത്തനക്ഷമമാകുന്നുണ്ട്. മിത്തുകളിലത് അറിഞ്ഞോ അറിയാതെയോ ഊറിനില്പ്പുണ്ട്. എന്നാലതിന് സ്വതന്ത്രതയും മുൻകൈയും മേൽക്കൈയും ലഭിക്കുന്നത് പുതിയൊരു ഘട്ടത്തെ കുറിക്കുന്നുണ്ട്. ഭാഷയെന്നാൽ ചിന്താപരമായ ധർമ്മം നിർവ്വഹിക്കുന്നതിനുതകുന്ന പ്രതിഭാസമാണെന്നു വരുന്ന ഘട്ടം. അപ്പോൾ, ഭാഷ ചിന്തയുടെ ഉപാധിയായി രൂപാന്തരപ്പെടുന്നു. ചിന്തകരുടെ ഭാഷയായി ഭാഷ വിളങ്ങുന്നു. ഭാവനയുടെ അഭാവത്തിൽ, ചിന്തയിലേക്ക് പ്രവേശമില്ല. പുതിയ ആശയങ്ങളും അറിവുകളും ഉല്പന്നമാകുന്നത് ഭാവനാത്മകമായ പരികല്പനകളുടെ ആവിഷ്‌കാരത്തിലൂടെ, അതിനെ മുൻനിറുത്തി, പിന്നാലെ സഞ്ചരിച്ചിട്ടാണ്. സത്യത്തിൽ, ഭാവനയുടെ സ്വച്ഛന്ദസഞ്ചാരപഥങ്ങളായി കാണാറുള്ള കവിത ചിന്തയുടെ മുന്നുപാധിയാണ് എന്നാണ് തോന്നുന്നത്.

നമ്മുടെ തലച്ചോറിൽ ഒരു ചിന്തായന്ത്രമുണ്ടെന്നു തിരിച്ചറിയാനും അത് ഉപയോഗിക്കാനുമുള്ള പരിശീലനമാണ് വാസ്തവത്തിൽ എഴുത്തുപരിശീലനം.

ഒരർത്ഥത്തിൽ, ചിന്തയുടെ മാത്രമല്ല, വിജ്ഞാനത്തിന്റെയും മുന്നുപാധിയാണത്.
കവികൾ അഥവാ എഴുത്തുകാർ ചിന്തകരായി പരിണമിക്കുന്നു. അതുകൊണ്ടാണ് നമ്മൾ അവരെ ബുദ്ധിജീവികളായി കണക്കാക്കി ആദരിക്കുന്നത്. എഴുത്ത് എന്ന വൃത്തിതന്നെയും ചിന്തയെ അനിവാര്യമാക്കുന്ന ഇടപെടലാണ്. എല്ലാത്തരം എഴുത്തിനെയും കുറിച്ചല്ല പറയുന്നത്. ഭാവനയുടെ സ്പർശമുള്ള എഴുത്തിനെ വേറിട്ടുതന്നെ കാണണം. വിശേഷാർത്ഥത്തിലുള്ള ഈ എഴുത്ത് വിശേഷാർത്ഥത്തിൽ നീണ്ട സംഭാഷണമാണ്. കാല-ദേശാതിർത്തികൾക്കതീതമായി വസിക്കുന്ന നിരവധിയായ വായനക്കാരെ പ്രതീക്ഷിച്ചുള്ള ദീർഘസംഭാഷണം. യുക്തിയും ഭാവനയും ഒരുമിക്കുന്ന അഭ്യാസമാണത്. നമ്മുടെ തലച്ചോറിൽ ഒരു ചിന്തായന്ത്രമുണ്ടെന്നു തിരിച്ചറിയാനും (അതു കണ്ടെത്താനാണ് ഗവേഷണം) അത് ഉപയോഗിക്കാനുമുള്ള പരിശീലനമാണ് വാസ്തവത്തിൽ എഴുത്തുപരിശീലനം.

ഭാഷയുടെ സാധ്യതകളിലൂടെ സഞ്ചരിച്ച് മുത്തുമായെത്തുന്ന മാന്ത്രികരാണ് ചിന്തകരായ എഴുത്തുകാർ. അവർ പ്രവാചകരെപ്പോലെ നാളേക്കു നീട്ടിയ വാക്കുകളാൽ സംസാരിക്കുന്നവരാണ്. വിപുലമായ വിവക്ഷകളുള്ള വിനിമയങ്ങളിലേർപ്പെടുന്നവർ. ചിന്തയാൽ ആവർത്തിച്ച് വീര്യം വരുത്തിയ വാക്കുകളിൽ തത്വഗ്രഹണം നടത്തുന്നവർ. അവർ മാത്രമാണ് എഴുത്തുകാർ. അവരിലൂടെ ഭാഷകൾ അതിന്റെ ഏറ്റവും ഉന്നതമായ ധർമ്മങ്ങളെയാണ് പുൽകുന്നത്. തത്വചിന്താപരമായും വൈജ്ഞാനികമായും ഒരു ഭാഷ വിടർത്തപ്പെടുന്നു. എന്നുവന്നാൽ ആ ഭാഷയുടെ ജീവിതം ഫലിച്ചു എന്നാണ് അർത്ഥം. അത് ശ്രേഷ്ഠഭാഷയായി എന്നാണ് അർത്ഥം. അങ്ങനെ വരുന്നതോടെ ആ ഭാഷ ചിന്താപരമായ പ്രേരണകൾ സജീവമായ ഒരു ഭൗതികപരിസരമായി മാറുകയാണ്. എല്ലാ മനുഷ്യരും അതറിയുന്നൊന്നുമുണ്ടാകില്ലെങ്കിലും അത് അവിടെയുണ്ട്. അതിനകത്തു ജീവിച്ചാണ് ആളുകൾ ചിന്തകരായും തത്വജ്ഞരായും ഒക്കെ മാറുന്നത്. ജർമ്മൻ ഭാഷയുടെ ആശയവാദദർശനസമ്പന്നതയാണ് മാർക്‌സിനു മാർക്‌സാകാൻ പശ്ചാത്തലമൊരുക്കിയത്. നമ്മുടെ പരമ്പരാഗതപണ്ഡിതർ സംസ്‌കൃതത്തിന്റെയും തമിഴിന്റെയും ലോകങ്ങളിൽ ജീവിച്ചാണ് ജ്ഞാനികളായി മാറിയത്. നമ്മുടെ ആധുനികന്മാർ ഇംഗ്ലീഷിന്റെ ലോകത്തു വിഹരിച്ചാണ് യൂറോപ്യൻ ഭാഷകളുടെ സമ്പാദ്യങ്ങൾ സ്വീകരിച്ച് തത്കാലനാട്ടുഭാഷയ്ക്കും സംസ്‌കൃതത്തിനും അജ്ഞാതമായിരുന്ന നവീനചിന്താലോകങ്ങളെ പുൽകിയത്.

സംവാദത്തിലായി പുതിയ ആഴങ്ങളും പുതിയ നോട്ടങ്ങളും ഉല്പാദിപ്പിക്കുന്നവരാണ് പുതിയ കാലത്തിന്റെയും പുതിയ ഭാഷയുടെയും ഭാഷാന്തരീക്ഷത്തിന്റെയും സ്രഷ്ടാക്കളായി മാറുന്നത്. അവർ കാലത്തെയും ദേശത്തെയും മാത്രമല്ല, അവരുടെ ഭാഷയെത്തന്നെയും കവിഞ്ഞുപോകുന്നു

ഭാഷയെന്ന മൂലധനം അതേപടി ഏറ്റുവാങ്ങുകയല്ല കവികളുടെയും ചിന്തകരുടെയും ദൗത്യം. ആ ഭാഷയുടെ ചരിത്രത്തോടും വർത്തമാനത്തോടും, കീറ്റ്‌സ് പറയുന്ന നെഗറ്റിവ് കേപ്പബിലിറ്റിയോടെ സംവാദത്തിലാവുകയാണ് അവരുടെ നിയോഗം. അത് വളരെ പ്രധാനമാണ്. വെറുതെ പരിചയിച്ചറിഞ്ഞു സാമ്പ്രദായികരീതിയിൽ ജീവിക്കുന്ന ആളുകൾ കേവലം ഭാഷോപഭോക്താക്കൾ മാത്രമായി ഒടുങ്ങുന്നു. മറിച്ച്, സംവാദത്തിലായി പുതിയ ആഴങ്ങളും പുതിയ നോട്ടങ്ങളും ഉല്പാദിപ്പിക്കുന്നവരാണ് പുതിയ കാലത്തിന്റെയും പുതിയ ഭാഷയുടെയും ഭാഷാന്തരീക്ഷത്തിന്റെയും സ്രഷ്ടാക്കളായി മാറുന്നത്. അവർ ഭാഷയുടെ ഭാവിയുടെ വിധാതാക്കളാകുന്നു. അവർ കാലത്തെയും ദേശത്തെയും മാത്രമല്ല, അവരുടെ ഭാഷയെത്തന്നെയും കവിഞ്ഞുപോകുന്നു.

അത്രയൊന്നും വ്യക്തമായിട്ടല്ലെങ്കിലും ഭാഷയുടെ വികാസഗതിയെ സംബന്ധിച്ച ഒരു ഏകദേശരൂപരേഖയുണ്ടാക്കാനുള്ള പരിശ്രമമാണ് ഇവിടെ നടത്തിയത്. ഒരു തരം അയഞ്ഞ ചരിത്രാലോചന. അതുവഴി സിദ്ധിച്ച തെളിച്ചത്തോടെ നമ്മുടെ ഭാഷയുടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും നോക്കാവുന്നതാണ്. നമ്മുടെ ഭാഷയുടെ നിലയും വിലയുമൊക്കെ വിവേചിക്കുവാൻ അത് സഹായകമായേക്കും. ഭാഷയുടെ പേച്ചുഘട്ടത്തെ മറികടന്ന്, മിത്തുഘട്ടത്തെക്കടന്ന്, പാട്ടുഘട്ടത്തെക്കടന്ന് സാഹിത്യജനുസ്സുകളുടെ സമൃദ്ധിയിലേക്ക് വന്ന ഭാഷയാണിതെന്ന് നിസ്സംശയം പറയാം.

തിരുവള്ളുവർ, ഛായാചിത്രം
തിരുവള്ളുവർ, ഛായാചിത്രം

നമ്മുടെ കവിവചനങ്ങളുണ്ട് നമ്മുടെ ജീവിതത്തിന് താങ്ങും തണലുമായിട്ട്. തമിഴർ തിരുവള്ളുവരുടെ വചനം സ്റ്റേറ്റുബസ്സിലും പൊതുസ്ഥലങ്ങളിലും എഴുതിവെയ്ക്കുന്നപോലെ ചെയ്യാനൊന്നും നമുക്കു താല്പര്യമില്ലെന്നതു കുറ്റമായി കാണേണ്ട. എഴുത്തച്ഛന്റെയും കുഞ്ചൻ നമ്പ്യാരുടെയും ചില വരികളെങ്കിലും നമ്മുടെ സാമാന്യജീവിതത്തോട് കണ്ണിചേരുന്നുണ്ടോ? പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ എന്നു തമാശയ്ക്കുവേണ്ടിയെങ്കിലും പറയാനൊക്കെ കഴിയുന്ന മട്ടിൽ സാഹിത്യം നമ്മുടെ ജീവിതത്തെ തലോടിനിൽക്കുന്നുണ്ട് എന്നതല്ലേ വാസ്തവം? പൊയ്കയിൽ അപ്പച്ചനോ ആശാനോ ഇടശ്ശേരിയോ വൈലോപ്പിള്ളിയോ ചങ്ങമ്പുഴയോ കേസരിയോ മാരാരോ വിജയനോ (ഈ ലിസ്റ്റ് എത്രയും നീട്ടാം) ഒക്കെ നമ്മുടെ വിചാരപരമ്പരകളോട് സംവാദത്തിലാകുന്നില്ലേ? മലയാളം പഠിച്ചവരുടെ സാഹിത്യവിവാദങ്ങളിലെ കാര്യമല്ല. നമ്മുടെ പൊതുസമൂഹത്തിന്റെ സാധാരണമായ ജീവിതത്തെ അവയൊക്കെ എത്രത്തോളം തൊട്ടുനിൽക്കുന്നുണ്ട് എന്നാണ് ആലോചിക്കുന്നത്. അതിൽ കാര്യമില്ലായിരിക്കാം. ബുദ്ധിജീവികളുടെ അടരിനെയെങ്കിലും ഇതൊക്കെ ഉന്മേഷപ്പെടുത്തുന്നുണ്ടോ അവരുടെ ആലോചനകളിൽ? ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ ഭാഷയിൽ കോറിയ

പൊയ്കയിൽ അപ്പച്ചൻ
പൊയ്കയിൽ അപ്പച്ചൻ

ഭാവനാചിത്രങ്ങൾ ഉണ്ട്. ചിന്തയുടെ ഇഴകൾ ഉണ്ട്. കിസ്സപ്പാട്ടു മുതൽ ചലച്ചിത്രഗാനം വരെയുമുള്ള സാഹിത്യജനുസ്സുകൾ ഉണ്ട്. വ്യാകരണസാഹിത്യം മുതൽ പാഠപുസ്തകശാസ്ത്രകൃതികൾ വരെയും ഉണ്ട്. ഒരു ആധുനികഭാഷയെന്ന നിലയിൽ അത് സംസാരിക്കുന്ന ആളുകളുടെ എണ്ണംകൊണ്ടും അതിലുണ്ടായിരിക്കുന്ന വിവിധങ്ങളായ ആവിഷ്‌കാരങ്ങൾകൊണ്ടും സാമാന്യം സമൃദ്ധമായ ഒരു ഭാഷാലോകം മലയാളികളെ പൊതിഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ, ചിന്താപരമായി നമ്മുടെ ഭാഷയുടെ നിലയെന്താണ്?
സച്ചിദാനന്ദന്റെ ഒരു കവിത ഓർക്കുന്നു. ഇംഗ്ലീഷിലാണത് കണ്ടത്. സ്റ്റാമർ. മലയാളത്തിൽ പറഞ്ഞാൽ വിക്ക്. എല്ലാവരും വിക്കുമ്പോൾ വിക്ക് ഒരു ജനതയുടെ ദേശീയഭാഷയായിത്തീരുന്നു എന്ന് അർത്ഥം വരുന്ന വരികളുണ്ട് അതിൽ. അതിന്റെയൊരു തണൽപറ്റിനിന്നു പറഞ്ഞാൽ, ചിന്താപരമായ ഒരു തരം വിക്കുകളുടെ തലത്തിലാണ് നമ്മുടെ ഭാഷ നിലകൊള്ളുന്നതെന്നു പറയാം. തെറ്റായ നിഗമനമാകാം. ആലോചിക്കാൻ വേണ്ടി ഉന്നയിക്കുന്നതാണ്. നമ്മുടെ ഭാഷയിലുണ്ടായ, അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൃഷ്ടികൾക്ക് ഒരു തരം നിഴലിൽ, അനുകരണനിലയിൽ സ്ഥാനപ്പെടാനുള്ള വെമ്പലല്ലേ കാണുന്നത്? വിധേയാത്മകമായി ഒരു നിലയിൽ ചിന്തിക്കാ(തിരിക്കാ)നും ഭാവന ചെയ്യാനുമല്ലേ പൊതുവെ ശ്രമിച്ചുവരുന്നത്? സാമന്തമായ ഈ നിലയെ ചിലരൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ലോകത്തിനു മുമ്പിൽ മലയാളത്തിൽ ഉറന്നത് എന്ന മട്ടിൽ കാണിക്കാവുന്ന എന്തൊക്കെയാണുള്ളത്. അന്യഭാഷക്കാർക്ക് മൂല്യവത്തായി തോന്നാവുന്ന ഔന്നത്യമുള്ള ഏതേത് ആശയങ്ങളാണ്, ഭാവനാത്മകമായ ആവിഷ്‌കാരങ്ങളാണ് നമുക്കു ചൂണ്ടിക്കാണിക്കാനാവുക? ഇതൊക്കെ ആലോചനയ്ക്കായി ചോദിക്കാനേ ഇവിടെ തുനിയുന്നുള്ളൂ.

കുമാരനാശാൻ
കുമാരനാശാൻ

നാം ഇതരഭാഷകളിൽനിന്ന് ആശയങ്ങളും രൂപങ്ങളും പ്രവണതകളും ധാരാളമായി സ്വീകരിക്കുന്നുണ്ട്. പണ്ട് സംസ്‌കൃതത്തിൽനിന്ന് എന്നപോലെ പിൽക്കാലത്ത് സുറിയാനി, അറബി, പേർഷ്യൻ, പോർട്ടുഗീസ്, ഇംഗ്ലീഷ് ഭാഷകളിൽനിന്നൊക്കെ ഭാവനാസ്വരൂപങ്ങളും ആവിഷ്‌കാരമാതൃകകളും സ്വീകരിച്ചിട്ടുണ്ട്. മലയാളത്തെ ഉത്തേജിപ്പിച്ച ഭാഷകളാണിവയൊക്കെയെന്നു പറയാം. ഇതിൽ ഇംഗ്ലീഷ് ഭാഷയുടെ ഉത്തേജനം വളരെ വലുതാണ്. ആ ഭാഷ യൂറോപ്യൻ ഭാഷകളിൽനിന്നുള്ള ഒരു ചാലായിട്ടാണ് പ്രവർത്തിച്ചത്. അതുവഴി നമ്മുടെ ഭാഷ എത്തിപ്പെട്ട കൊളോണിയൽ സവിശേഷതകളുള്ള ഭാവമണ്ഡലത്തെയാണ് ആധുനികത എന്നു വിവരിക്കേണ്ടിവരുന്നത്.

ഇതര ഭാഷകളിലെ ചിന്തയും രൂപങ്ങളും അസ്വീകാര്യമാണെന്ന വീക്ഷണമൊന്നും ഇല്ല. ലോകത്ത് ഏതൊരു ഭാഷയിലുണ്ടാകുന്ന ഭാവനകളും ചിന്തകളും മനുഷ്യകുലത്തിന്റെ പൊതുവായ പൈതൃകമായി കാണുന്നതാണ് ഉചിതം. അവയോട് ഇതരകല്പന വെയ്ക്കാതെ സംവാദത്തിലാകുക എന്നത് ഭാഷകളുടെ വികാസത്തിനും ഉണർവ്വിനും സഹായകമാവുന്നു എന്നാണ് ചരിത്രം കാണിച്ചുതരുന്നത്. ആശയങ്ങളിൽനിന്നാണ് ആശയങ്ങൾ തളിർക്കുന്നത്. ഭാവനകളിൽ നിന്നാണ് ഭാവനകൾ തളിർക്കുന്നത്. അവ ഭാഷകളിൽനിന്നു ഭാഷകളിലേക്ക് കൈമറിയുന്ന ഒരു തുടർപ്രക്രിയയുമാണ്. നാം പൊതുവെ മൃതഭാഷ എന്നൊക്കെ വിശേഷിപ്പിക്കാറുള്ള ഗ്രീക്ക്, സംസ്‌കൃതം, ലാറ്റിൻ ഭാഷകളൊക്കെ ക്ലാസിക്കലായ ചിന്തകളുടെയും ഭാവനകളുടെയും ഭാഷകളായിരുന്നു. അവ വാസ്തവത്തിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. നമ്മുടേതുപോലുള്ള ഭാഷകളിലൂടെയാണ് ആ തുടർജീവിതം സാധ്യമാകുന്നത്. അവ പെറ്റിട്ട ചിന്താപ്രപഞ്ചങ്ങൾ പുതുക്കിയും വിമർശിക്കപ്പെട്ടും പല നിലയിൽ അതിന്റെ സംവാദജീവിതം തുടരുകയാണ്. നമ്മുടേതുപോലുള്ള ജീവൽഭാഷകളിലേക്ക് അവ പരകായപ്രവേശം നടത്തി ജീവിക്കുന്നു. അവ മഹത്തായ ഭാഷകളായി അനുസ്മരിക്കപ്പെടുന്നു.

രാമായണവും മഹാഭാരതവും വേദവേദാന്തങ്ങളും ഭാഷാചിന്തയും കലാചിന്തയും ഒഴിച്ചാൽപ്പിന്നെ എന്തു സംസ്‌കൃതമാണ്? ഗാനങ്ങളില്ലാത്ത ഉറുദു എന്താണ്? ആശയവാദചിന്തകരില്ലാത്ത ജർമ്മനെന്താണ് ? ഇതൊക്കെയാണ് അതാത് ഭാഷകളെ തനിമയുള്ളതും സമ്പന്നവുമാക്കുന്നത്

എന്താണ് ഈ മഹത്വം? അവ മുമ്പു സൂചിപ്പിച്ചതുപോലെ സൃഷ്ടികളുടെ പ്രഭവമായി എന്നതുന്നെ. ഭാഷകളുടെ സാഫല്യം അതാണ്. സൃഷ്ടികളാണ് ഭാഷയെ വികസിതവും സമ്പന്നവുമാക്കുന്നത്. രാമായണവും മഹാഭാരതവും വേദവേദാന്തങ്ങളും ഭാഷാചിന്തയും കലാചിന്തയും ഒഴിച്ചാൽപ്പിന്നെ എന്തു സംസ്‌കൃതമാണ്? ഗാനങ്ങളില്ലാത്ത ഉറുദു എന്താണ്? ആശയവാദചിന്തകരില്ലാത്ത ജർമ്മനെന്താണ് ? ഇതൊക്കെയാണ് അതാത് ഭാഷകളെ തനിമയുള്ളതും സമ്പന്നവുമാക്കുന്നത്. ഇങ്ങനെ ഭാഷകളുടെ ഉള്ളടക്കത്തെ കാണുമ്പോൾ ഭാഷകൾ തുല്യമല്ല എന്നും വന്നുകൂടും. മൗലികമായ ജീവാവകാശതുല്യത പറയാനാകുമ്പോഴും അളവിലും ഗുണത്തിലും തുല്യത കല്പിക്കാനാകാത്ത വിധത്തിൽ വേറിട്ട തനിമയും തങ്ങൾപോരിമയും ഭാഷകൾക്കുണ്ട്. ഇപ്പറഞ്ഞത് ഏതെങ്കിലും ഭാഷയ്ക്ക് ശാസനാധികാരത്തിനുള്ള അവകാശമുണ്ടെന്നു കരുതേണ്ടതല്ല താനും. ഭാഷകളുടെ ജനാധിപത്യവും ഭാഷയ്ക്കകത്തെ ജനാധിപത്യവും വളരെ പരമപ്രധാനപരമായ ഒരു സംഗതിയാണ്. ഭാഷയിലെ അധികാരപരമായ കേളികളെക്കുറിച്ചുള്ള പഠനവും വിവേകവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യവുമാണ്. അതൊക്കെ സാധ്യമാവണമെങ്കിൽ ഭാഷയെ ചിന്തയുടെ ഉപാധിയായി കാണാനും പ്രയോജനപ്പെടുത്താനും കഴിയേണ്ടതുണ്ട്.

നേരത്തെ സൂചിപ്പിച്ചതുപോലെ, മനുഷ്യമസ്തിഷ്‌കത്തിലൊരു ചിന്താസംവിധാനമുണ്ടെന്നും അത് ഭാഷയാൽ ഉത്തേജിതമാകുമ്പോൾ പ്രവർത്തനക്ഷമമാകുന്നു എന്നും സങ്കല്പിക്കാം. വാസ്തവത്തിൽ അതിന്റെ പ്രവർത്തനത്തിലൂടെയാണ് ഭാഷയിലെ സൃഷ്ടി നടക്കുന്നത്. അതുണ്ടായാൽ ഭാഷയുടെ നില ഉയരുകയായി. മുമ്പു പറഞ്ഞ സ്വീകാരമൊക്കെ അതിനുതകുമ്പോളാണ് സഫലമാകുന്നത്. മറിച്ച്, കടം വാങ്ങിയതുകൊണ്ടുള്ള ധൂർത്തിൽ ഒടുങ്ങുമ്പോൾ നാം പെരുംകടക്കാരായി മാറുകയാണ്. സൃഷ്ടിയില്ല, എടുത്തുപയോഗം മാത്രം നടക്കുന്നു. സാമന്തബുദ്ധിജീവിതമൊക്കെ ഇതിന്റെ ഫലമാണ്. ശാസ്ത്രവിജ്ഞാനസ്വീകാരത്തിലും മാനവിക വിജ്ഞാനസ്വീകാരത്തിലുമൊക്കെ ഇത്തരമൊരു കാലുഷ്യത്തിൽ അകപ്പെടുന്നതിനപ്പുറത്ത് നമ്മുടെ ഭാഷയ്ക്ക് എത്രത്തോളം വികസിക്കാനായി എന്നതൊക്കെ ആത്മവിമർശനപരമായി ചിന്തിക്കാനും അങ്ങനെയെങ്കിലും നമ്മുടെ ചിന്തായന്ത്രത്തെ കണ്ടെത്താനും കഴിഞ്ഞാൽ വ്യവഹാരത്തിലുള്ളതെന്ന അർത്ഥത്തിനപ്പുറത്ത് അതിജീവനാർഹമായ ആശയങ്ങളുടെയും ഭാവനാസഷ്ടികളുടെയും ഉറവിടം എന്ന അർത്ഥത്തിൽ നമ്മുടേത് ഒരു ജീവൽഭാഷയാണ് എന്നു പറയാൻ നമുക്കു കഴിഞ്ഞേക്കും.

വിവർത്തനം ചെയ്തുകൊണ്ടിരുന്നാൽ ഭാഷ തന്നെ വിവർത്തനമായി മാറും. നമ്മുടെ ജീവിതവും. വിലപിച്ചുകൊണ്ടേയിരുന്നാൽ വിലാപത്തിന്റെ ഭാഷയായി മാറും. മൈം ചെയ്തുകൊണ്ടിരുന്നാൽ മിമിക്രിയുടെ ഭാഷയായി മാറും. അതു മതിയെങ്കിൽ അതു മതിയാകും. മതി എന്ന ഭാവം മണ്ണുണ്ണികളുടെ ഭാവമാണത്രേ

നരവംശശാസ്ത്രജ്ഞർ സംസ്‌കാരത്തെ മനുഷ്യന്റെ ഇടപെടലുകളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ടല്ലോ. അതിനോട് നിരന്നുകൊണ്ട് ഭാഷ അതുപയോഗിക്കുന്ന ജനത മസ്തിഷ്‌കപരമായി ഇടപെട്ടു രൂപാന്തരപ്പെടുത്തുന്നതിന്റെ അളവിൽ സംസ്‌കാരത്തിന്റെ പടവുകൾ താണ്ടുന്നതായി സങ്കല്പിക്കാം. അപ്പോൾ അതിലുണ്ടായ അറിവുകൾ, ആശയങ്ങൾ, ആവിഷ്‌കാരങ്ങൾ ഒക്കെ, അതിൽ നടന്ന സംസ്‌കരണപ്രക്രിയകളുടെ തെളിവുകളായി കാണാം. അതിനിടയാക്കുന്ന അഭിമുഖീകരണങ്ങളുടെ ചരിത്രപരമായ അനുഭവങ്ങൾ നിർണ്ണായകമെന്നു കാണുകയും ചെയ്യാം. കുടിയേറ്റങ്ങൾ, അധിനിവേശങ്ങൾ, സംഘർഷങ്ങൾ, വിപ്ലവങ്ങൾ - ഇതൊക്കെയാണ് ചരിത്രപരമായ ചാലകശക്തികൾ. സംസ്‌കാരങ്ങളെ മുഖാമുഖം നിർത്തുന്ന സന്ദർഭങ്ങളാണവ. തട്ടിന്റെയും തടസ്സത്തിന്റെയും സന്ദർഭങ്ങൾ. അവിടെ സന്ദിഗ്ധതകളെ ഉല്ലംഘിച്ചുപായുന്ന നിഷേധസിദ്ധിയാൽ മനുഷ്യർ ഭാഷയെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തും. അല്ലെങ്കിൽ, എല്ലാവരും വിക്കിക്കൊണ്ടിരുന്നാൽ ഭാഷ വലിയൊരു വിക്കായി മാറിയേക്കും. വിവർത്തനം ചെയ്തുകൊണ്ടിരുന്നാൽ ഭാഷ തന്നെ വിവർത്തനമായി മാറും. നമ്മുടെ ജീവിതവും. വിലപിച്ചുകൊണ്ടേയിരുന്നാൽ വിലാപത്തിന്റെ ഭാഷയായി മാറും. മൈം ചെയ്തുകൊണ്ടിരുന്നാൽ മിമിക്രിയുടെ ഭാഷയായി മാറും. അതു മതിയെങ്കിൽ അതു മതിയാകും. മതി എന്ന ഭാവം മണ്ണുണ്ണികളുടെ ഭാവമാണത്രേ.

ഭാഷയുടെ പ്രവാചകരെക്കുറിച്ച് ഇടയ്ക്ക് പറയുകയുണ്ടായി. കവികളും ചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ അതിൽ വരും. "ഭാഷയുടെ രക്ഷാധികാരികൾ' (പ്രയോഗത്തിന് ജോസഫ് സ്‌കറിയയോട് കടപ്പാട്) വേറെയാണ്. ഭാഷയെ വശത്താക്കി നിയന്ത്രിക്കുന്ന ശക്തികൾ. അധീശാധികാരം ഉറപ്പിച്ചെടുക്കുന്നവർ, വ്യവസ്ഥാനുകൂലഭാവുകത്വത്തെ ഉറപ്പിച്ചെടുക്കുന്ന പ്രസ്ഥാനങ്ങൾ. അത് നമ്മുടെ ഭാഷയിലൊക്കെയുണ്ട്. ഭാഷയെ കെട്ടുകാഴ്ചയാക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്. അവിടെ ഭാഷ ആഡംബരവും പുളപ്പുമാകുന്നു. അത് സംസ്‌കാരത്തെയല്ല സൂചിപ്പിക്കുന്നത്. സംസ്‌കാരം ആഡംബരമല്ല. സംസ്‌കാരം സാധാരണമാണ് എന്ന് താക്കോൽവാക്കുകളുടെ ആഖ്യാതാവ്. താക്കോലുകൾ വളരെ പ്രധാനമാണ്. ലോകത്തെ അറിയാൻ അതാവശ്യമാണ്. സ്വീകരിക്കണം. എവിടെനിന്നായാലും. ഒരു പക്ഷേ, ഇവിടെത്തന്നെ വാക്കുകളുടെ കൂമ്പാരത്തിനിടയിൽ, കുടിയൊഴിക്കലിലെ ചീവീടുകളുടെ പാട്ടിനൊടുവിൽ പറയുന്ന മാതിരിയിൽ മറയത്തായിക്കിടക്കുന്നുണ്ടാകാം താക്കോലുകൾ. അവയൊക്കെ തേടിപ്പിടിക്കുന്നതും നല്ലതാകും. അതിന് പ്രചോദനമായി വെളിച്ചങ്ങളുടെ ഇറക്കുമതി സംഭവിച്ചാൽ അതിലും സന്തോഷിക്കേണ്ടതാണ്. പക്ഷേ, വിളക്കു സ്വീകരിക്കുന്നത് കണ്ണിലേക്ക് വെളിച്ചമടിക്കാനാണെങ്കിൽ എന്തുചെയ്യും?

ഭാഷയാൽ അരിക്കാക്കപ്പെട്ടവരും ഭാഷയിൽ അരിക്കാക്കപ്പെട്ടവരുമുണ്ട്. ഭയപ്പെടുത്തപ്പെട്ടവർ. വിലങ്ങുവീണ വാക്കുകൾ, വിലക്കപ്പെട്ട ഉച്ചാരണങ്ങൾ. നുകം വെയ്ക്കുന്ന മിത്തുകൾ, നോട്ടങ്ങൾ ഒക്കെയുണ്ട് ഭാഷയുടെ മൂലനിധികളായിട്ട്

ഭാഷ സാംസ്‌കാരികമൂലധനമാണെന്നു സൂചിപ്പിച്ചല്ലോ. അതോടൊപ്പംകാണണം, ആ മൂലധനം കൈയാളുന്ന ശക്തികളും ഉണ്ടെന്ന കാര്യവും. ഭാഷയുടെ ചരിത്രത്തിൽ ഈ മൂലധനം സ്വരൂപിക്കുന്നതിനിടയിൽ അരിക്കാക്കലും പുറത്താക്കലും നടക്കുന്നുണ്ട്. ആവിഷ്‌കാരങ്ങളുടെ രാഷ്ട്രീയം പ്രധാനമാവുന്നത് ഇതുകൊണ്ടാണ്. ഒരുവേള ഭാഷയെ കാല്പനികമായ പദാവലിയിൽ സ്വപ്നക്കൂടായി, കാണുമ്പോഴും ഇതൊന്നും മറക്കാവുന്നതല്ല. ഭാവനയുടെയും ചിന്തയുടെയും മനോഹരചക്രവാളപ്പരപ്പുകൾ മാത്രമല്ല, ജീവിതത്തിന്റെ പീഡാകരമായ ചുഴികളുമുണ്ട് ഭാഷയിൽ. ഭാഷയാൽ അരിക്കാക്കപ്പെട്ടവരും ഭാഷയിൽ അരിക്കാക്കപ്പെട്ടവരുമുണ്ട്. ഭയപ്പെടുത്തപ്പെട്ടവർ. വിലങ്ങുവീണ വാക്കുകൾ, വിലക്കപ്പെട്ട ഉച്ചാരണങ്ങൾ. നുകം വെയ്ക്കുന്ന മിത്തുകൾ, നോട്ടങ്ങൾ ഒക്കെയുണ്ട് ഭാഷയുടെ മൂലനിധികളായിട്ട്. വിയർപ്പും വിപരീതദ്രവ്യങ്ങളുമുണ്ട്. ചെരിവുകളുണ്ട്. ദമിതകഥകളുണ്ട്, ചരിത്രങ്ങളുണ്ട്. കാണുന്നീലോരക്ഷരവും എന്നു വേകുന്ന വാക്കുകളുടെ ചരിത്രങ്ങൾ. അങ്ങനെ കണ്ടാൽ മൈനുകൾ പാകിയ ഒരു യുദ്ധക്കളവുമാണ് ഭാഷ എന്നു പറയേണ്ടിവരും.

കൊഴിഞ്ഞുപോകുന്ന ഇലകൾപോലെ എന്നൊരു വൃക്ഷബന്ധിയായ രൂപകത്തണലിൽ, മറ്റൊരു കാഴ്ചയിൽ, നിഴലത്തായ ചരിത്രങ്ങളെയും വാക്കുകളെയും ഭാഷാവികാസത്തിലെ സ്വഭാവികമായ പ്രക്രിയയായി വിവരിക്കാൻ കഴിയും. പക്ഷേ അവിടെയും നിലയ്ക്കില്ല. നിഴൽ എന്ന കല്പനയും, സ്വാഭാവികമെന്ന ഈ പാവംനടിയ്ക്കലും അസ്വാഭാവികതകളെ മറയ്ക്കുന്ന ഉപനിർമ്മാണമല്ലേയെന്നു ചിന്തിക്കാനും ഭാഷയിൽ ഇടമുണ്ട്. ഭാഷയുടെ ധർമ്മം (അഥവാ പ്രയോജനം) ഇങ്ങനെയുള്ള നിരന്തരമായ ചിന്തയും ചിന്തയെ പൂരിപ്പിക്കുന്ന ഭാവനാപരമായ മുന്നേറ്റവും കൂടിയാണ്. അത് അതായിത്തന്നെ പൂർവ്വകല്പനകളെ മാറ്റിത്തീർക്കുന്ന സൃഷ്ടിപരമായ പ്രയോഗവുമാണ്.▮


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments