"ഹെ മനുഷ്യരെ, നിങ്ങളുടെ അത്യാഗ്രഹത്തിന്റെ വലുപ്പം നിങ്ങളുടെ ക്രൂരതയുടെ രൂക്ഷതയാൽ അല്ലാതെ മറ്റെന്തിനാൽ ജയിക്കപ്പെടുന്നു".
- ശാരദ (നാലാം അധ്യായം)
▮
എന്തെല്ലാം പ്രതിബന്ധങ്ങൾക്കും അസംബന്ധ ധാരണകൾക്കും അടിപ്പെട്ടാണ് നാം നമ്മുടെ വായനാജീവിതം ജീവിച്ചുതീർക്കുന്നത്? ആലോചിച്ചാലും പഠിച്ചാലുമൊന്നും ഒരു എത്തുംപിടിയും കിട്ടില്ല. കാരണം, ആലോചിക്കുന്നതിനുള്ള ഉപാധികൾതന്നെ പ്രതിബന്ധങ്ങൾ പ്രദാനം ചെയ്യുന്ന സങ്കല്പങ്ങളും ധാരണകളുമാണ്. അവ അനുവദിക്കുന്ന കാഴ്ചപ്പാടുകളും വിധികളും കുറവുകളും അനുസരിക്കുകയാണ് മിക്കവാറും സംഭവിക്കുന്നത്. എന്നിട്ട് ചിലതെല്ലാം മനസ്സിലാക്കുന്നു, അഥവാ അറിഞ്ഞു എന്നു ധരിക്കുന്നു. വിധികളും മുൻവിധികളും ഇറുകെപ്പിണഞ്ഞ സങ്കീർണ്ണമായ ഭാഷയിൽ എന്തെല്ലാമോ വിശ്വസിക്കുകയും ആ വിശ്വാസത്തെ പൊലിപ്പിക്കുകയും ചെയ്യുന്നു. അതുവഴി അറിവുൽപ്പാദനമാണ് നിർവഹിക്കുന്നതെന്ന് ചെറുതായി ആശ്വസിക്കുകയും ചെയ്യുന്നു.
ആവിഷ്കൃതമായ സാംസ്കാരികരൂപങ്ങൾ ഒന്നിനെയും അക്ഷരാർത്ഥത്തിൽ എടുത്തുകൂടാ. സംശയരഹിതമായി ഒന്നും സ്വീകരിച്ചുംകൂടാ. എന്തെങ്കിലും അറിഞ്ഞ് അതിനോടുതന്നെ ഭിന്നിച്ച്, സന്ദിഗ്ധവും നൈതികവുമായ ഒരവബോധത്തോടെ സാഹ്ലാദം ജീവിക്കാൻ സമകാലത്ത് നാം നിർബന്ധിതമാവുകയാണ്. ആധുനികാനന്തരമായ വിവേകത്തിന്റെ സന്ദർഭത്തിലേക്ക് വായനക്കാരേറെയും അറിഞ്ഞും അറിയാതെയും എത്തിച്ചേർന്നു കഴിഞ്ഞു.
കവിതയും കഥാസാഹിത്യവും നിരൂപണവും ഉൾപ്പെടുന്ന സാഹിത്യകൃതികൾ, കളികൾ, പാട്ട്, നൃത്തം തുടങ്ങിയ ആവിഷ്കാരങ്ങൾ, യാത്രാപഥങ്ങൾ, ക്രിക്കറ്റിന്റെ ചരിത്രം, സങ്കല്പത്തിൽ വരച്ചെടുക്കാവുന്ന നടുപുരുഷാങ്കിത ചിത്രണങ്ങൾ-ഇവയെയെല്ലാം ചിഹ്നശാസ്ത്രപരമായ വിവേകത്തോടെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എന്തെല്ലാം സംസ്കാരധാരണകളാണ് ദുർബലപ്പെട്ടത്. സാഹിത്യകേന്ദ്രിതമായ നിരൂപണസങ്കല്പംതന്നെ ശിഥിലമാവുകയാണ്. ആവിഷ്കാരങ്ങളുടെ ലോകങ്ങൾ മേലും കീഴുമുള്ള ക്രമംവിട്ട് തിരശ്ചീനമായ ഒരു തലത്തിൽ അണിനിരക്കുന്നു. മാത്രമല്ല, ആധുനികതയുടെയും പൂർവാധുനികതയുടെയും പ്രാചീനതയുടെയും മിത്തുകളുടെ ആന്തരിക മൂല്യവ്യവസ്ഥകളിൽ കുടികൊള്ളുന്ന യഥാസ്ഥിതികവും ഹിംസാത്മകവുമായ ധാരണകളെയും, ആധുനികാനന്തരമായി ജീവിക്കുന്നുവെന്നു കരുതുന്ന നമ്മിൽത്തന്നെ അവ തുടരുന്ന ജീവിതത്തെയും കണ്ടറിയാൻ കഴിയുന്ന ഒരു ചിന്താപരിസരം രൂപപ്പെട്ടിരിക്കുകയാണ്.

ആധുനികാനന്തര വായനാതന്ത്രങ്ങൾ സ്വതവേ വിവേകപൂർണ്ണമായ ഒരു വ്യവസ്ഥയാണെന്ന ധാരണ വേണ്ടതില്ല. ആധുനികാനന്തരചിന്തതന്നെയും അത്തരമൊരു ധാരണയെ ആദരിക്കുകയില്ലെന്നാണ് തോന്നുന്നത്. ആധുനികതയിൽ ആധുനികാനന്തരതയുടെ നിഴലുകൾ ഇല്ലാത്തതുകൊണ്ടല്ല; ആധുനികതയിലെ യുക്തിയും വെളിച്ചവും അവയെ നിഷേധിക്കുകയോ തലപൊക്കാൻ സമ്മതിക്കാതെ നിയന്ത്രിക്കുകയോ ചെയ്തിരുന്നു. റാഡിക്കൽ ഹ്യൂമനിസത്തിന്റെ മലയാളത്തിലെ വക്താവായിരുന്നു എം. ഗോവിന്ദൻ. ആധുനികതയെ വിവേചിച്ചറിയുന്നതിന്റെ ഭാഗമായി, 'അരൊഗന്റ് ഹ്യൂമനിസം' (Arrogant Humanism) എന്ന പ്രയോഗം അവതരിപ്പിച്ചത് അദ്ദേഹമാണ്. അഹന്ത പുരണ്ട മനുഷ്യകേന്ദ്രിത വാദമാണ് ആധുനികതയുടെ പ്രത്യയശാസ്ത്രം. അതിൽ അന്തർവർത്തിയായിരിക്കുന്ന ശസ്ത്രസമാനമായ യുക്തിയിലുള്ള വിശ്വാസവും കടന്നാക്രമണപരതയും കൈയൊഴിഞ്ഞാൽ ആധുനികത തന്നെയും ആധുനികാനന്തരമായി പരിണമിക്കുകയില്ലേ? വെറുതെ ആലോചിച്ചുനോക്കാവുന്നതാണ്.
ആധുനികാനന്തരചിന്തയുടെ കൂടെപ്പിറപ്പായി അപനിർമ്മാണമെന്ന വായനാരീതിയുണ്ട്. ചിഹ്നശാസ്ത്രപരമായ ആലോചനാരീതികൾ ആധുനികതയെ ഭേദിച്ച് രീതിശാസ്ത്രപരമായി വികസിച്ചതിന്റെ ഭാഗമായാണ് ഈ പുതുവായനാരീതി ആവിർഭവിക്കുന്നത്. പ്രത്യക്ഷാർത്ഥങ്ങളെയും മുൻവിധികളെയും മുൻ വായനകളെയും വ്യാഖ്യാനങ്ങളെയും സന്ദേഹഭരിതമാക്കുന്ന ഒരു സാഹചര്യമാണ് അത് ഉളവാക്കിയത്. അതിന്റെ മുഖ്യധർമ്മം ഒരുതരം അട്ടിമറിയാണ്. ഉറച്ചുപോയ ധാരണകളെ തകിടംമറിക്കുന്ന ഒരു കല അതിലുണ്ട്. അങ്ങനെ പറയുമ്പോൾ അതിൽ ഒരു അർത്ഥക്കറ പുരണ്ടിട്ടില്ലേ എന്ന സന്ദേഹം സ്വാഭാവികമാണ്. ഉണ്ട്; അട്ടിമറി, തകിടംമറിക്കൽ എന്നീ പദങ്ങളിൽ അലോസരമുളവാക്കുന്ന പ്രത്യർത്ഥലാഞ്ഛനകളുണ്ട്. പ്രതീതിവാദപരവും അനുഭവവാദപരവും പ്രത്യക്ഷവാദപരവും സത്താവാദപരവുമായ ധാരണകളെയും ക്രമങ്ങളെയും അസംഗതമാക്കുകയും തുരത്തുകയും ചെയ്യുന്നതിലെ അട്ടിമറിപ്രവർത്തനം അപനിർമ്മാണത്തിൽ അന്തർവഹിക്കുന്നുണ്ട്. എന്നാൽ അത് ശ്രദ്ധാപൂർവ്വം ഉൾക്കൊണ്ടാൽ അക്രമത്തെ നിരാകരിക്കുന്ന ഒരു വൃത്തിയാണെന്നു മനസ്സിലാക്കാൻ കഴിയും. നിഴലത്താക്കപ്പെട്ടും അരികത്താക്കപ്പെട്ടും മറയത്താക്കപ്പെട്ടും പുറന്തള്ളപ്പെട്ടുമിരിക്കുന്ന ശബ്ദങ്ങളും സൂചനകളും സ്പഷ്ടത കൈവരിച്ച് വെളിപ്പെടുന്ന ഒരു പ്രക്രിയയാണത്. അവ മറയത്തായത് ക്രമരഹിതമായിട്ടാണെന്ന് അറിയുമ്പോൾ മാത്രമേ ഈ അട്ടിമറിയുടെയും തകിടംമറിക്കലിന്റെയും സൃഷ്ടിപരത തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
ഇപ്പറഞ്ഞ പ്രയോഗങ്ങൾ നമ്മുടെ വിപ്ലവബോധപ്രകാശന കർമ്മങ്ങളുടെ ഭാഗമായിനിന്ന് ഹിംസാർത്ഥം ആഗിരണം ചെയ്തവയാണ്. അവ വിനിമയം ചെയ്യുന്നത് യുദ്ധോദ്യുക്തമായ യുക്തിയാണ്. “അടിക്കും ഞങ്ങൾ, പൊളിക്കും ഞങ്ങൾ, അടിച്ചുപൊളിച്ചു തകർക്കും ഞങ്ങൾ” എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ടെന്നാണ് അറിവ്. കെട്ടും പടുക്കും നിർമ്മിക്കും എന്നൊന്നും ആ പരിസരത്തെങ്ങുമില്ല. വിപ്ലവത്തെ വികലമായി മനസ്സിലാക്കുകയും വികൃതമായി മനസ്സിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന മുദ്രാവാക്യമാണത്. അത്തരമൊരു പരിസരത്തെ കാറ്റിൽ ഭ്രമണമാരംഭിക്കുന്ന വാക്കുകൾക്ക് കൈവരുന്ന അർത്ഥധ്വനികൾ ഹിംസാത്മകമാകുന്നതിൽ വിശേഷിച്ചൊന്നുമില്ല. നിലനിൽക്കുന്ന ഹിംസാത്മക സംവിധാനങ്ങൾ തകർക്കപ്പെടുന്നതിനെക്കുറിച്ചാണ് അവിടെ സ്വപ്നം കാണുന്നത് എന്ന് ഉദാരത കാണിച്ചറിയുമ്പോൾ മൗലികമായി അവിടെ ഹിംസാവിരുദ്ധമായ വിവക്ഷകൾ പതിയിരിപ്പുണ്ട് എന്നു കണ്ട് സമാശ്വസിക്കാനായേക്കും.
നമ്മെ മെരുക്കി ഭരിക്കുന്ന സങ്കല്പങ്ങളെയും ധാരണകളെയും കുറികളെയും ശ്രദ്ധിച്ചറിയുക എന്നതാണ് അഹന്തയില്ലാത്ത ആധുനികാനന്തര വിവേകത്തിന്റെ ഭാവാംശം. എന്നാൽ, ആധുനികാനന്തര വായനാതന്ത്രങ്ങൾക്കും പരിമിതികളുണ്ട്. അവ യാന്ത്രികമായ ലേബലിങ്ങിലേക്കും വിചാരരഹിതമായ തീർപ്പുകളിലേക്കും കർത്താവിനെ കണ്ടു മുദ്രകുത്തുന്നതിലേക്കും വഴുതിപ്പോകാനുള്ള സാധ്യത ഏറെയുണ്ട്. അതിനാൽ സന്ദേഹത്തിന്റെയും അപനിർമ്മാണത്തിന്റെയും വിവേകവും വിമർശനപരമായ സന്തുലിതബോധവും ഉറപ്പുവരുത്താൻ സംസ്കാരപഠിതാക്കൾ കരുതലെടുക്കണം. നിർമ്മമതയോടെ അറിയാനും അറിയിക്കാനുമുള്ള അന്വേഷണപഥത്തിൽ സഞ്ചരിക്കണം; അല്ലെങ്കിൽ അപനിർമ്മാണത്തിനു പകരം കുറ്റക്കാരുടെ ഉപനിർമ്മാണമാകും നടക്കുക.
മലയാളനിരൂപണത്തിൽ മേൽസൂചിപ്പിച്ച തരത്തിലുള്ള ആധുനികാനന്തര ഭാവവിവേകം പ്രവർത്തനക്ഷമമാണെന്ന് അനുഭവപ്പെടുത്തിയ എഴുത്തുകളിൽ വലിയൊരു പങ്ക് നിർവഹിച്ചത് കെ. എം. നരേന്ദ്രനാണ്. കളികൾ കാണുന്നതിൽ ആർട്സ്മാൻ സ്പിരിറ്റും, കഥകളും കവിതകളും സംഗീതവും നിരൂപണവും ആസ്വദിക്കുന്നതിൽ സ്പോർട്സ്മാൻ സ്പിരിറ്റും പ്രകടമാക്കുന്ന എഴുത്തുകളാണ് അദ്ദേഹത്തിന്റേത്. വായിക്കപ്പെടാത്തവ വായിച്ചും വായിക്കപ്പെട്ടവ പുനർവായിച്ചും അദ്ദേഹം തന്നാലാവുംവിധം ആധുനികാനന്തര ലോകബോധത്തിന്റെ സൃഷ്ടിയിൽ പങ്കുചേരുന്നു. വായനയും എഴുത്തും വഴി അദ്ദേഹം മലയാളത്തിലെ അപനിർമ്മാണ നിരൂപണത്തിന്റെ പ്രധാന നിർവാഹകനായി രൂപാന്തരപ്പെട്ടു.

കൃതികളെ വിവക്ഷകൾകൊണ്ട് മൂടുന്ന തരത്തിൽ ഉണ്ടായിക്കഴിഞ്ഞ നിരൂപണങ്ങളെയും വ്യാഖ്യാനങ്ങളെയും മുന്നുപാധികളെയും കടന്ന് കൃതിയിലേക്കുള്ള സഞ്ചാരമാണ് പഠിതാക്കളായ പുതിയ വായനക്കാരും വിമർശകരും സാഹസബുദ്ധ്യാ ഏറ്റെടുക്കേണ്ടിവരുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. കൃതികൾ സ്വയം വെളിപ്പെടുത്തുന്നതുതന്നെ പലതരത്തിലാണ്; സത്യവും പലതാണ്. നായകരും ആഖ്യാതാക്കളും വായനക്കാരനെ അവരുടെ കണ്ണട വെപ്പിച്ച് പല ഇടനാഴികളിലൂടെയും കൊണ്ടുപോകും. കാണാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതും മുൻകൂട്ടി നിശ്ചയിച്ച് മറയത്താക്കും. ഉദ്ദിഷ്ടാർത്ഥത്തിലേക്ക് നടക്കാൻ സ്നേഹാധികാരത്തോടെ മൃദുസ്പർശ മസൃണ മധുരമായ ബലപ്രയോഗം നടത്തും. അതിൽ വീണുപോകാതിരിക്കാനുള്ള ചിന്താപരമായ വിവേചനബലം വിമർശകന്(യ്ക്ക് ) അനിവാര്യമാണ്.
കൃതികൾക്ക് പരസ്യമായും രഹസ്യമായും ചാർത്തിക്കിട്ടുന്ന പരിവേഷങ്ങളും ഉണ്ടാകും. ഇങ്ങനെ നിർമ്മിക്കപ്പെട്ട അറിവുകളുടെ അകമ്പടിയോടെയാണ് അവ വിമർശകന്റെ മുന്നിലെത്തുന്നത്.
അറിവുകളുടെ റീത്തുകൾക്കടിയിൽ ശവകുടീരങ്ങളിൽ ഉറങ്ങുന്നവരെപ്പോലെയാണ് കൃതികൾ. ഉറങ്ങുമ്പോഴും രക്തസാക്ഷികളെപ്പോലെ അവ നമ്മിലൂടെ പ്രേതജീവിതം തുടരുന്നു. കാലവും ജനതയും ചരിത്രകാരന്മാരും പഠിതാക്കളും അവയിൽ കൂട്ടിച്ചേർക്കുന്ന അർത്ഥത്തിന്റെയും അനർത്ഥത്തിന്റെയും കൊത്തിക്കിളച്ചു നോക്കേണ്ട അടരുകൾ അനവധിയായിരിക്കും. കാലാന്തരത്തിൽ പരിചരണങ്ങൾ ലഭിക്കുന്ന കൃതികൾ ബഹുപാഠരൂപികളായി പടർന്നുപരക്കും.
ഇക്കാരണങ്ങളാൽ ആർക്കും ഒറിജിനൽ ഹോമറെയോ സോക്രട്ടീസിനെയോ വാത്മീകിയെയോ കാളിദാസനെയോ ഷേക്സ്പിയറെയോ കുമാരനാശാനെയോ നേരിട്ടു കേൾക്കാനോ വായിക്കാനോ കിട്ടുകയില്ല. കിട്ടിയാൽത്തന്നെ അതിനെ അങ്ങനെതന്നെ വായിക്കാനാവണമെന്നുമില്ല. ഹാർമോണിക് സംഗീതത്തെ ഈണം മാത്രമാക്കി അരിച്ചെടുത്ത് കേട്ട് ആനന്ദിക്കുന്നതുപോലെയും ഒരു ചിഹ്നവ്യവസ്ഥയെ മറ്റൊരു ചിഹ്നവ്യവസ്ഥയുപയോഗിച്ച് നടത്തുന്ന ലെഫോക്ക് തെറ്റിവായനപോലെയുമാണ് നമ്മുടെ ഗ്രഹണം. നമ്മുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന അംശങ്ങളിലൂടെ ആവിർഭവിക്കുന്ന പാഠമാണ് നാം വായിച്ചുണ്ടാക്കുന്നത്. അതിൽ അടരടരായി പൊടിച്ചുപൊന്തിയ പാഠങ്ങൾ ഇടപെടുന്നു. അവയെ കണക്കിലെടുത്തും വരവുവെച്ചും വകഞ്ഞുമാറ്റിയുമാണ് പഠിതാക്കളും നിരൂപകരും കൃതിയുമായി സംവാദത്തിലേർപ്പെടുന്നതും പുനർവായന നടത്തുന്നതും. അപ്പോൾ, മുമ്പ് സൂചിപ്പിച്ചതുപോലെ ഒരാൾക്ക് മുൻകൂറായി ലഭിച്ച അറിവുകളെയും പരിശീലനങ്ങളെയും അവിശ്വസിക്കാനും നിരാകരിക്കാനും ധൈര്യപ്പെടേണ്ടിവരും. അതിനു പ്രത്യേക പരിശീലനം വേണം. സിദ്ധാന്തങ്ങളെ ക്ഷമയോടെ ഉപയോഗപ്പെടുത്തിയാൽ ഗുണമായേക്കാം; അവതന്നെ മറികടക്കേണ്ട തടസ്സങ്ങളായിത്തീരാനും മതി. അവിശ്വസിക്കുക, ആലോചിക്കുക, കണ്ണാടിയിൽ നോക്കുക—ഇതൊക്കെയാണ് വായനയിലും പഠനത്തിലും വേണ്ടിവരുന്നത്.
കൃതിയെയും അതിനെ മൂടിയ വായനകളെയും നിസ്സംഗമായി അഴിച്ചുകളയുന്ന ഒരു പ്രവൃത്തിയാണ് വായന. നമ്മുടെ ധാരണകളും നാം പുതുതായി അഭിമുഖീകരിക്കുന്ന ധാരണകളും അഴിച്ചുപണിയപ്പെടും. അത് കൃതികളെ പുതിയൊരു ലോകക്രമത്തിലേക്ക് വിമോചിപ്പിക്കുന്ന പ്രക്രിയയാണ്. പുതിയ ഉടുത്തുകെട്ടിക്കൽ എന്നും കാണാം. പഴയ കൃതി അവിടെത്തന്നെയുണ്ടാകും; അതിലെ മറവികളിൽനിന്ന് പുതിയ പാഠങ്ങൾ ആവിർഭവിക്കുകയും ചെയ്യും. അതൊക്കെ അവിടെയുണ്ടായിരുന്നു എന്നതാണ് വാസ്തവം. സൈദ്ധാന്തികബലമുള്ള വിമർശകന്റെ സാന്നിധ്യത്തിൽ അവ വെളിപ്പെടുകയാണ് ചെയ്യുന്നത്. പുതിയ അവതാരം വരുന്നു. അപ്പോൾ പഴയത് എന്തുചെയ്യുമെന്ന് ഒരു രസത്തിന് ആലോചിച്ചുനോക്കൂ. അതും അവിടെയുണ്ടാകും; സാഹിത്യചരിത്രത്തിൽ. ജഗത് ഭക്ഷകനല്ലോ ചരിത്രം.
നരേന്ദ്രന്റെ പ്രിയപ്പെട്ട ഗുരുനാഥനാണ് കവി അയ്യപ്പപ്പണിക്കർ. അദ്ദേഹത്തിന്റെ പേരു കേൾപ്പിച്ച രചനയാണ് കുരുക്ഷേത്രം. ആധുനികതാപ്രസ്ഥാനത്തിന്റെ വരവറിയിച്ച രചനകളുടെ കൂട്ടത്തിലാണ് അത് കൊണ്ടാടപ്പെട്ടത്. കാൽപനികഭാവനയിൽ വിരിഞ്ഞ കവിതയാണതെന്ന് ആ രചനയെ മാപ്പുസാക്ഷിയാക്കി നിരൂപകൻ വെളിപ്പെടുത്തുമ്പോൾ ശിഥിലമാകുന്ന സാഹിത്യചരിത്രത്തെ നാമെന്തുചെയ്യും?

പണിക്കരുടെ ഗോത്രയാനം, ഗോത്രജനതയെ ശത്രുസംഹാരോദ്യുക്തമാക്കുന്നതിൽ അതിലെ ആഖ്യാതാവ് നടത്തുന്ന ബലപ്രയോഗം നാസിചിന്തയോട് മത്സരിക്കുന്ന കാഴ്ച കാണിച്ചുതരുമ്പോൾ മുമ്പ് നാം വായിച്ച ആ തുയിലുണർത്തുപാട്ട് എവിടേക്കുപോകുന്നു?
ഒരിക്കൽ എത്ര യോഗ്യൻ എന്ന അനുഭാവത്തോടെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചാനന്ദിച്ച ഇന്ദുലേഖയിലെ മാധവൻ എന്തൊരു കോമാളിയാണ്. മറ്റൊരു സൂരിനമ്പൂതിരിയല്ലേ പിസ്റ്റളും പോക്കറ്റിലിട്ട് കോട്ടിട്ടു നടക്കുന്ന ആ മനുഷ്യൻ? അയാളുടെ യാത്രാപഥംപോലും വെളിപ്പെടുത്തുന്ന ധ്വനികൾ എത്ര അരോചകമാണ്. നിരൂപകന്റെ നോട്ടത്തിൽ നടക്കുന്നത് എന്താണ്?
യൂറോപ്യൻ ചരിത്രത്തിന്റെ തനിയാവർത്തനം പ്രതീക്ഷിച്ച ഇവിടുത്തെ ബുദ്ധിജീവികളും ചരിത്രകാരരും ചേർന്ന് നിർമ്മിച്ച നവോത്ഥാനകല്പനയുടെ ഉള്ളടക്കം എന്തായിരുന്നു?
ഉജ്ജയിനി എന്ന അലൗകികപ്രഭ ചൊരിയുന്ന കൃതി സാധ്യമാക്കുന്നത് നമ്മുടെ കച്ചവടസിനിമകളുടെ ഫോർമുലയാണെന്നും ഫ്യൂഡൽ വരേണ്യതയുടെയും മുതലാളിത്തത്തിന്റെ ജീർണ്ണരൂപമായ ഉപഭോക്തൃസംസ്കാരത്തിന്റെയും സംസ്കാരധാരകളുടെ സമ്മേളനമാണതിൽ സംഭവിച്ചിരിക്കുന്നതെന്നും കാണുമ്പോൾ നാമെന്തുചെയ്യണം?
കരുണ വായിച്ച് നിഷ്കരുണം വാസവദത്തയെ കല്ലെറിയുന്നവർ വിശുദ്ധരാണെന്നു കരുതി നാം അവരോടൊപ്പം ചേർന്നുനിന്നതെന്തുകൊണ്ടാണ്?
കക്കാടിന്റെ കവിതയിലെ നഗരം എന്തു നഗരമാണ്? അത് ഗ്രാമത്തിന്റെ എതിർധ്രുവമാണെന്നും ഇളവെയിലോളം വെട്ടുന്ന ആ ഗ്രാമമൃത്ത് നല്ലൂർ ആണെന്നും ധരിച്ചുവശായ ഞാൻ എന്തൊരു ഞാനായിരുന്നു?
ബംഗാൾ എന്ന കവിതവഴിക്കാണ് കെ. ജി. എസ്. കേൾവിപ്പെട്ടത്. അതിനെ കേന്ദ്രീകരിച്ചാണ് കെ. ജി. എസ്. കവിതാവായനകൾ നടന്നുവന്നത്. ആ വായനപ്പെരുക്കത്തിൽ മറച്ചുവെച്ച കെ. ജി. എസ്. ലോകങ്ങൾ വീണ്ടെടുക്കപ്പെടുമ്പോൾ സംഭവിക്കുന്നതെന്ത്?
സാഹിത്യചരിത്രമെന്ന യൂറോപ്യൻ പാരഡികളെ അവലംബിച്ച് നാം എന്തെല്ലാം പടുധാരണക്കുഴികളിലേക്കാണ് കുട്ടികളെ തള്ളിയിട്ടത്?
ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയെ ആഷാമേനോൻ സത്യാന്വേഷിയായ ആധ്യാത്മികസഞ്ചാരിയായാണ് ഗ്രഹിച്ചത്. വി. രാജകൃഷ്ണന് അയാൾ ലൈംഗികപാപബോധബാധിതനാണ്, അവധൂതനുമാണ്. ജീവിതമേ പാപമെന്ന ദർശനം പേറി നൊമ്പരപ്പെടുന്നവനാണ് രവിയെന്ന് കെ. പി. അപ്പനും വിലയിരുത്തി. അയാൾ കേവലം പ്രകൃതത്വത്തോടും ജീർണതയോടുമുള്ള ആഭിമുഖ്യത്തിന്റെ മനുഷ്യരൂപമാണെന്ന് പാഠം വെളിപ്പെടുത്തുമ്പോൾ നാം തിരിച്ചറിയുന്നതെന്താണ്? രവികേന്ദ്രിത വായനയിൽനിന്ന് മുക്തിയില്ലെന്നോ?
സമകാലീന ജീർണതയിൽനിന്ന് വി. കെ. എൻ. പ്രതിഭ സ്വതന്ത്രമായി നിൽക്കുകയാണെന്ന് കെ. പി. അപ്പൻ അഭിനന്ദിക്കുന്നു. വി. കെ. എൻ. കൃതികളിൽ ഇഴയോടിനിൽക്കുന്ന ഫ്യൂഡൽ പ്രഭുത്വപക്ഷപാതങ്ങൾ കണ്ടറിയാൻ ഇടവരുമ്പോഴോ? വി. കെ. എൻ. പറഞ്ഞുണ്ടാക്കിയ ദൽഹി വള്ളുവനാടൻ വെടിവട്ടത്തറയുടെ പകർപ്പുതന്നെയെന്ന് നാമെന്തേ മുമ്പ് കണ്ടില്ല?
ശാസകന്റെ അവതാരങ്ങൾ പലതരത്തിൽ, തികച്ചും സ്വാഭാവികമെന്നനിലയിൽ, സങ്കല്പസാധ്യതകളോടും ആസ്വാദകനോടും നമ്മോടും ചേർന്നുജീവിക്കുന്നുവെന്ന് നാമറിഞ്ഞിരുന്നോ?

ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉത്തരം തേടിയിറങ്ങുന്ന കളിയാട്ടത്തറയാണ് നരേന്ദ്രന്റെ എഴുത്തുകളിലൂടെ വികസിച്ചുവരുന്നത്.
ഇവിടെയൊക്കെ അഴിഞ്ഞുപോകുന്നത് വായിച്ചും പഠിച്ചും ഭാവപ്പെട്ട നമ്മളിലെ വായനാമനുഷ്യരാണ്. ഉദാഹരണത്തിന്, ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയെക്കുറിച്ചുള്ള പുനർവായന വെറുമൊരു കഥാപാത്രവ്യാഖ്യാനമാറ്റമല്ല. രവിയെക്കുറിച്ചുള്ള ആത്മീയവും പാപബോധപരവുമായ വായനകളെ പ്രകൃതത്വത്തോടും ജീർണതയോടുമുള്ള ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ പുനർവായിക്കുന്നത് കഥാപാത്രത്തിന്റെ സ്വഭാവത്തെ മാത്രമല്ല, വ്യാഖ്യാതാവിന് പിൻബലമേകുന്ന മൂല്യവ്യവസ്ഥയെയും കൂടിയാണ് ഇളക്കിക്കളയുന്നത്.
ഗാരി കാസ്പറോവ് വാസ്തവത്തിൽ ഒരു വ്യക്തിയല്ല, വലിയൊരു ചെസ് കമ്പനിയുടെ ബ്രാൻഡ് നാമമാണെന്നാണ് നരേന്ദ്രൻ എഴുതുന്നത്. കാസ്പറോവ് ചെസ്സുകളിയിൽ അനുവർത്തിക്കുന്ന തന്ത്രങ്ങൾ യഥാർത്ഥത്തിൽ ആവിഷ്കരിക്കുന്ന സഹായികളെയാകെ പരിഗണിച്ചാണ് അങ്ങനെ പറയുന്നത്. അതേ അർത്ഥത്തിൽ വായനക്കാരും എഴുത്തുകാരും നിരൂപകരും ചിന്തകരുമെല്ലാം ഓരോ ബ്രാൻഡ് നെയിമുകളാണെന്നുപറഞ്ഞാൽ അതു വാസ്തവമല്ലെന്ന് ആരെങ്കിലും തർക്കിക്കുമോ? ലിയോത്താറും ബോദ്രിയാറുമടക്കമുള്ള ഉത്തരാധുനികർ പറയുന്നതുപോലെ, ഈ മാധ്യമബിംബങ്ങൾക്കുപിന്നിൽ യഥാർത്ഥ ക്രിക്കറ്റ് ഗ്രൗണ്ടിലോ മറ്റെവിടെയെങ്കിലുമോ ഒരു യാഥാർത്ഥ്യം ഉണ്ടെന്ന് ധരിക്കരുതെന്ന് എഴുതുമ്പോൾ ആരെങ്കിലും അമ്പരക്കേണ്ടതുണ്ടോ?
നരേന്ദ്രന്റെ എഴുത്തുകൾ നമ്മെയും സാഹിത്യമെന്ന സാംസ്കാരികസ്ഥാപനത്തെയും കോമിക്കുകളെയും ക്രിക്കറ്റ് ഉൾപ്പെടെയുള്ള ദൃശ്യലീലകളെയും യൂറോകേന്ദ്രിത കാഴ്ചയെയും പ്രവാസസന്നദ്ധവും വിലയസന്നദ്ധവുമായ കേരളദേശീയതയെയും എളുപ്പത്തിൽ വിലയം സാധ്യമാകാത്ത സംഗീതചിഹ്നവ്യവസ്ഥകളുടെ ജുഗൽബന്ദിയെയും പൈങ്കിളിക്കെതിരെ സ്വയം സ്ഥാനപ്പെടുത്തുന്ന വരേണ്യ ഉത്തമസാഹിത്യത്തെയും അഴിഞ്ഞ് അരങ്ങൊഴിയാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. “ഒന്നാന്തരമൊരു മലയാള ഡിറ്റക്റ്റീവ് നോവലിന് അവാർഡ് കിട്ടുന്നത് കാത്തിരിക്കുകയാണ് ഞാൻ” എന്നെഴുതുമ്പോൾ തന്നെത്തന്നെ, വായനാമനുഷ്യന്റെ പരിണാമത്തിന്റെ വഴിയിൽ, നിഷ്കരുണം ഉപേക്ഷിക്കുകയാണ് നിരൂപകൻ.
പുനർവായനയുടെ ലക്ഷ്യം നിലവിലുള്ള വിലയിരുത്തലുകളെ മാറ്റി പുതിയൊരു അന്തിമവിലയിരുത്തൽ സ്ഥാപിക്കലല്ല; വിലയിരുത്തലുകൾ രൂപപ്പെടുന്ന പ്രക്രിയയെ തുറന്നുകാണിക്കുകയാണ്. അതിനാൽ അദ്ദേഹത്തിന്റെ വിമർശനത്തിലെ കളിസ്വഭാവം ലാഘവമല്ല; ഗൗരവത്തെത്തന്നെ സഗൗരവം ചോദ്യംചെയ്യാനുള്ള ഒരു വഴിയാണ്. ഉറച്ചുപോയ വിധികളെ ചോദ്യംചെയ്യുമ്പോൾ അവയ്ക്കുപകരം മറ്റൊരു വിധിയെ അന്തിമസത്യമായി സ്ഥാപിക്കാതിരിക്കാനുള്ള ജാഗ്രതയും ഈ വിമർശനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതീതിവാദ വിമർശകരും സാമൂഹികശാസ്ത്ര വിമർശകരും മാത്രമല്ല, കർത്താവിന്റെ മരണം ആഘോഷിക്കുന്ന ആധുനികോത്തരർപോലും മുതലാളിത്തത്തിന്റെ ഉൽപ്പന്നമായ കർത്താവിനെ വിചാരണചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാറില്ല. നരേന്ദ്രന്റെ വിമർശനം കർത്താവിലല്ല, മറിച്ച് പാഠത്തിൽ ജാഗ്രത പുലർത്തുകയാണ് ചെയ്യുന്നത്. ചന്തുമേനോന്റെ ശാരദയിലെ സ്ത്രീയാവിഷ്കാരങ്ങളെക്കുറിച്ചുള്ള അപഗ്രഥനം അവസാനിക്കുന്നതു കാണുക:
‘‘ഇതിനർഥം ചന്തുമേനോന്റെ സാഹിത്യം പുരുഷാധിപത്യത്തിനു വെമ്പുന്നതും സ്ത്രീവിരുദ്ധവും ആണെന്നല്ല. നോവൽ വളരെ വ്യക്തമായിത്തന്നെ തന്റേടമുള്ള സ്ത്രീയേയും അവളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഈ പ്രത്യക്ഷമായ തത്ത്വങ്ങൾക്ക് എതിരായും ചില നിശ്ശബ്ദ ചലനങ്ങൾ നോവലിൽ സംഭവിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കാനേ ഇവിടെ ഉദ്ദേശമുള്ളൂ. ഏതു സങ്കീർണ്ണ ഭാഷാവ്യവഹാരവും ഇത്തരം എതിർഭാഷണങ്ങളെയും എതിർലോകങ്ങളെയും സ്വശരീരത്തിൽ ഒളിപ്പിക്കുകയും ചെയ്യുമല്ലോ’’.
‘ആധുനികതയും ഐതിഹ്യമാലയും’ എന്ന ലേഖനത്തിൽ നരേന്ദ്രൻ എഴുതുന്നു:
‘‘ഒന്നൊന്നര നൂറ്റാണ്ടു നീണ്ടുനിന്ന മഹോത്സവത്തിനു ശേഷം ആധുനികതയുടെ കൊടിയിറങ്ങുകയാണ്. ആധുനികത ഉയർത്തിക്കൊണ്ടുവന്ന എഴുത്തിന്റെ കൊടിയിറക്കവും ഇതോടൊപ്പം നടന്നേ ഒക്കൂ. അതിന്റെ ആദ്യലക്ഷണങ്ങൾ ഇവിടെ പ്രകടമാണ്’’.

ഏതാണ്ട് രണ്ടു ദശകങ്ങൾക്കുമുമ്പാണ് നരേന്ദ്രൻ ഇതെഴുതിയത്. താനുൾപ്പെടെയുള്ള ഒരു തലമുറയുടെ വായനാജീവിതത്തെ രൂപപ്പെടുത്തിയ കാലത്തോട് അപനിർമ്മാണത്തിന്റെ ചാകരക്കാലത്തെ സാക്ഷിയാക്കി അഴിമുഖത്തുനിന്ന് സലാം പറയുകയായിരുന്നില്ലേ നിരൂപകൻ? അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാലറിയാം; അപ്പോൾ അയാൾ ഒട്ടുംതന്നെ ദുഃഖിതനോ ഭൂതകാലപ്രണയിയോ ആയിരുന്നില്ല. കേൾക്കുക:
‘‘കർത്താവിന്റെ പ്രജയാകാൻ ആഗ്രഹിക്കാത്ത ഓരോ വായനക്കാരനും ഇന്റർആക്റ്റിവ് ആഖ്യാനം സ്വീകരിക്കാവുന്നതാണ്.”
ഈ ആലോചന പങ്കുവെക്കുന്നതിനു പിന്നാലെ, “ഇതെല്ലാം ഒരുപക്ഷേ കഥകളും ഐതിഹ്യങ്ങളുമുണ്ടാക്കാനുള്ള ജനങ്ങളുടെ കഴിവിനെ തിരിച്ചുകൊണ്ടുവരില്ലെന്ന് ആരു കണ്ടു” എന്ന ചോദ്യം സാഹ്ലാദം പങ്കുവെച്ചുകൊണ്ടാണ് ആ രംഗം അവസാനിക്കുന്നത്.
കൊടിയിറങ്ങുമ്പോൾ അഴിഞ്ഞുപോകുന്നത് ധാരണകൾ മാത്രമല്ല; അവയെ സ്വാഭാവികമാക്കിയ അധികാരങ്ങളുമാണ്. അരങ്ങൊഴിയുന്നത് ഒരു കാലഘട്ടം മാത്രമല്ല; അതിന്റെ പേരിൽ ഉറപ്പിച്ച വായനാക്രമങ്ങളും കൂടിയാണ്. അതുകൊണ്ടുതന്നെ ഈ അഴിഞ്ഞുപോക്കും അരങ്ങൊഴിയലും കേവലം നിഷേധത്തിന്റെ പ്രവൃത്തികളല്ല. പുതിയ വായനകൾക്കും പുതിയ ആഖ്യാനങ്ങൾക്കും പുറന്തള്ളപ്പെട്ട അർത്ഥലോകങ്ങൾക്കും ഇടംതുറന്നുകൊടുക്കുന്ന ജനായത്തപരമായ പ്രക്രിയകൂടിയാണത്.
ഇന്ദുലേഖയെക്കുറിച്ചുള്ള ദീർഘപഠനത്തിൽ (മൃഗബലികൾ വിജയോത്സവങ്ങൾ) കറുപ്പും വെളുപ്പുമായി ഗണംതിരിച്ചുള്ള മൂല്യാസ്വാദനത്തിലെ അക്രമം വ്യക്തമാക്കുന്നതിന്റെ ഭാഗമായി നരേന്ദ്രൻ എഴുതിയതുകൂടി ഉദ്ധരിക്കാൻ ഈ ലേഖകൻ നിർബന്ധിക്കപ്പെടുന്നു:
"നിശ്ശബ്ദരാക്കപ്പെട്ട ആ മൃഗാവലിയിൽ അധികാരത്തിൽനിന്നു ഭ്രഷ്ടരാക്കപ്പെട്ടവർ എല്ലാവരും വരുന്നു. ഇവരാണ് നമ്മൾ ഇനിയും കണ്ടെത്താത്ത മൂന്നാമത്തെ വർഗം. അവരെ ബലികൊടുത്താണ് മാധവനും ഇന്ദുലേഖയും പ്രതിനിധികളായുള്ള അന്നത്തെ നവലോകക്രമത്തിന്റെ വക്താക്കൾ അധികാരസോപാനത്തിലെത്തിയത്. അധികാരത്തിൽനിന്നു ഭ്രഷ്ടരാക്കപ്പെട്ട ഇവരെ നോവലിലും ഏറെയൊന്നും കാണില്ല. കാരണം അവർ ആഖ്യാനത്തിൽനിന്നും ഭ്രഷ്ടരായ ജനതയാണ്. പക്ഷേ, ആ മൂകജനതയുടെ അടിച്ചമർത്തിയ നിലവിളികളും വല്ലപ്പോഴും മാത്രമുള്ള അവരുടെ സാന്നിദ്ധ്യവും മൃഗബലികളുടെ ചോരപ്പാടുകളും ചേർത്തു വായിക്കുമ്പോഴോ? അപ്പോൾ മുതൽ ആ വർഗം സജീവമാവുകയും പരമ്പരാഗത പാരായണത്തിലെ തിൻമയുടെ ശക്തികളെയും നൻമയുടെ ശക്തികളെയും ഒരുപോലെ വിചാരണ ചെയ്യുന്ന ധ്വനിപാഠം ചമയ്ക്കുകയും ചെയ്യുന്നു."
സാമൂഹികശാസ്ത്ര വിമർശകർപോലും ചോദ്യംചെയ്യാതെ സ്വീകരിച്ച അടിസ്ഥാനസങ്കല്പങ്ങളെയും രീതിശാസ്ത്രത്തെയും വിമർശനവിധേയമാക്കിക്കൊണ്ട് അനാവൃതമാക്കിയ വേദനാകരമായ ചരിത്രത്തിലെ അധികാരത്തിന്റെയും ഹിംസയുടെയും പാഠങ്ങൾ വെളിപ്പെടുത്തുന്നത് ദുഃഖിച്ചിരിക്കാനും വിലപിക്കാനുമല്ല; അധികാരത്തിന്റെ അമർച്ചകളില്ലാത്ത സ്വച്ഛലോകത്ത് ശുദ്ധിവാദസങ്കുലതയെന്യേ സമഭാവനയോടെ സ്വൈര്യമായി കഴിയാനും ആഹ്ലാദം അനുഭവിക്കാനും പങ്കിടാനും വേണ്ടിയുള്ള ആഗ്രഹങ്ങളെ ഉണർത്താനാണ്.
ആഹ്ലാദം പുതുകാലവായനയുടെ മുഖമുദ്രയാകുന്നതിൽ സന്തോഷിക്കാതിരിക്കുന്നതെന്തിന്?
വിഷാദമധുരസ്മൃതികളേ വിട.
