എം. ഗോവിന്ദൻ / Graphics: Muhammed Jadeer

എഴുത്തുകാരന്റെ ഇടം തേടി,
കക്ഷിരാഷ്ട്രീയത്തിൽനിന്ന്​ മുന്നോട്ട്

ട്രൂകോപ്പി പ്രസിദ്ധീകരിക്കുന്ന സി.ജെ. ജോർജിന്റെ ‘സ്രഷ്ടാവിന്റെ പരമ്പരയിൽ ഒരാൾ' എന്ന പുസ്​തകത്തിൽനിന്നുള്ള അധ്യായം

ദിരാശിയിൽ സജീവ രാഷ്ട്രീയസംഘടനാ പ്രവർത്തനം നടത്തിവന്ന ഗോവിന്ദൻ ഏറെ വൈകാതെ കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് എന്നേയ്ക്കുമായി പിന്മാറുകയാണുണ്ടായത്. സാംസ്‌കാരിക ജീവിതത്തിൽ ഒരു എഴുത്തുകാരൻ അഥവാ സ്വതന്ത്ര ബുദ്ധിജീവി എന്ന നിലയെ തിരഞ്ഞെടുക്കുന്ന പ്രവൃത്തിയായി മനസ്സിലാക്കപ്പെടേണ്ടുന്നതാണ് ഈ പിന്മാറ്റം. അതേക്കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണവും ചരിത്രപരമായ സന്ദർഭത്തെ മുൻനിർത്തിയുള്ള വിലയിരുത്തലും അദ്ദേഹത്തിന്റെ ധൈഷണിക ജീവിതപരിണാമവും ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
കക്ഷിരാഷ്ട്രീയത്തിൽനിന്നുള്ള തന്റെ വഴിമാറലിനെക്കുറിച്ച് പിന്നൊരിക്കൽ ഗോവിന്ദൻ എഴുതി: ‘രാഷ്ട്രീയത്തേക്കാൾ എഴുത്തിലുള്ള മുൻതൂക്കം എന്നിൽ ഞാൻ തന്നെ കണ്ടെത്തിയതുകൊണ്ടും എന്റെ വൈകാരികഘടന ബഹുജനപ്രസ്ഥാനവുമായി പലപ്പോഴും പൊരുത്തപ്പെട്ടുപോവുക പ്രയാസമാണെന്നു മനസ്സിലാക്കിയതുകൊണ്ടും 1944-ൽ തന്നെ സഖാവ് എം.എൻ. റോയിയുടെ അനുവാദത്തോടെ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി''.

ഗോവിന്ദന്റെ തീരുമാനമറിഞ്ഞപ്പോൾ അതിനെ അംഗീകരിക്കുകയും ശരിവെയ്ക്കുകയുമാണ് റോയി ചെയ്തത്. അധികാരത്തിനായി കടിപിടികൂടുന്ന കക്ഷികളുടെ അഭാവത്തിൽ മാത്രമേ ദൂഷ്യങ്ങളിൽനിന്നും അഴിമതികളിൽനിന്നും രാജ്യതന്ത്രം സ്വതന്ത്രമാകൂ എന്ന നിഗമനത്തിലേയ്ക്ക് റോയി തന്നെ വൈകാതെ എത്തിച്ചേരുകയും കക്ഷിരാഷ്ട്രീയം മതിയാക്കി സ്വതന്ത്ര ബുദ്ധിജീവി പ്രവർത്തനങ്ങൾക്കിണങ്ങിയ റാഡിക്കൽ ഹ്യൂമനിസ്റ്റ്​ പ്രസ്ഥാനത്തിനു രൂപംകൊടുക്കുകയുംചെയ്തു എന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ഇന്ത്യൻ സ്വതന്ത്ര ബുദ്ധിജീവികളുടെ ധൈഷണിക സൗഹൃദമാണ് റോയിയും ഗോവിന്ദനും തമ്മിലുണ്ടായതെന്നുപറയാം. രാഷ്ട്രീയസംഘടനാ രൂപം ആത്യന്തികമായി സർഗാത്മകമല്ലെന്ന വീക്ഷണം റോയിയും സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഗോവിന്ദനാണ് മുന്നിൽ നടന്നതെന്നുമാത്രം. റാഡിക്കൽ ഹ്യൂമനിസ്റ്റ് പാർട്ടി റോയി പിരിച്ചുവിടുന്നതിനുമുമ്പുതന്നെ ഗോവിന്ദൻ സംഘടനാധിഷ്ഠിതരാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു.

ഗോവിന്ദൻ രാഷ്ട്രീയത്തിൽനിന്ന്​ പിന്മാറിയെന്നു പറയുന്നതിനേക്കാൾ കക്ഷിരാഷ്ട്രീയത്തിന്റെ ചിട്ടവട്ടങ്ങൾക്കനുസൃതമായ പ്രവർത്തനങ്ങളിൽനിന്ന്​വഴിമാറി എന്നുപറയുന്നതാണ് ശരിയാവുക. ഒരു എഴുത്തുകാരൻ എന്ന നിലയിലും സാംസ്‌കാരികപ്രവത്തകൻ എന്ന നിലയിലും അദ്ദേഹം തന്റെ രാഷ്ട്രീയവീക്ഷണത്തിനനുസൃതമായ പ്രവർത്തനം ജീവിതത്തിലുടനീളം തുടരുന്നതായാണ് കാണുന്നത്. രാഷ്ട്രീയരംഗത്തെ ചലനങ്ങളെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമർശന ബുദ്ധിയോടെ വിലയിരുത്തുകയും ചെയ്തുപോന്നു. 1944-ൽ സംഘടിത രാഷ്ട്രീയത്തിൽനിന്ന്​ വഴിമാറിയ ഗോവിന്ദൻ 1947-50 കാലഘട്ടത്തിൽ താനെഴുതിയ ലേഖനങ്ങളെക്കുറിച്ച് പിൽക്കാലത്ത് സ്വയം വിലയിരുത്തിക്കൊണ്ടെഴുതിയ വാക്കുകൾ ഇങ്ങനെ: ‘‘ചരിത്രത്തിന്റെ ഗതിവിഗതികൾ, സംസ്‌കാരത്തിനുള്ള പങ്ക്, ഒരു പുതിയ സാമൂഹികക്രമം കെട്ടിപ്പടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയായിരുന്നു ഏതാണ്ട് ഞാൻ ലാഘവത്തോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്ത വിഷയങ്ങൾ''.​​​​​​​

സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന സമസ്യകൾ വിശകലനം ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ മുഖ്യമായ കാര്യപരിപാടി തന്നെയായി. ആധുനിക ജനാധിപത്യമൂല്യങ്ങളെ വിപുലമായ അർഥത്തിലും പശ്ചാത്തലത്തിലും ഉൾക്കൊള്ളാനും അതിന്റെ അടിസ്ഥാനത്തിൽ സാംസ്‌കാരിക വിമർശനം നടത്താനുമാണ് ഗോവിന്ദൻ തന്റെ അന്വേഷണങ്ങളിലൂടെ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സാമൂഹികക്രമത്തിന് അടിസ്ഥാനമാകുന്ന പ്രബുദ്ധമായ പൊതുസമൂഹത്തെ സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും പര്യാപ്തമായ ആശയ-രാഷ്ട്രീയ യത്‌നങ്ങളാണ് അവയിലൊക്കെ കാണാൻ കഴിയുന്നത്. ഭരണകൂടാധികാരത്തെ ലക്ഷ്യമാക്കുന്ന കക്ഷിരാഷ്ട്രീയത്തിൽനിന്നു ഭിന്നമാണത്.
ആശയതലത്തിലുള്ള പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് എന്നും അതിന് കക്ഷിരാഷ്ട്രീയത്തേക്കാൾ ഉതകുക സ്വതന്ത്രമായ പ്രവർത്തനമാണ് എന്നും വ്യക്തമായി ഉൾക്കൊണ്ടതിന്റെ അടയാളമായി ഗോവിന്ദന്റെ കക്ഷിരാഷ്ട്രീയത്തിൽ നിന്നുള്ള വിടുതിയെ മനസ്സിലാക്കേണ്ടതുണ്ട്. സ്ഥാപിതകക്ഷികളുടെ ഭാഗമാകാൻ വിസമ്മതിച്ച ഗോവിന്ദൻ ഒരിക്കലും അവയുടെ താല്പര്യങ്ങളോടിണങ്ങി സഹയാത്രികനായി നിൽക്കാനും ഒരുമ്പെട്ടില്ല. പകരം, കക്ഷിരാഷ്ട്രീയത്തിന്റെ പ്രതിലോമരാഷ്ട്രീയത്തെ വിമർശന വിധേയമാക്കുന്നതിനുതകുന്ന സ്വതന്ത്രനില കൈക്കൊണ്ടു. ഇതാണ് വാസ്തവത്തിൽ ഗോവിന്ദനെ സ്വതന്ത്ര ബുദ്ധിജീവി എന്നു വിശേഷിപ്പിക്കുന്നതിന്റെ ഭൗതികാസ്പദം. പൊതുവെ മനസ്സിലാക്കപ്പെടുന്നതുപോലെ അരാഷ്ട്രീയമായ ഒന്നല്ല ഈ നിലപാടുതറ.

കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ രണ്ടാം കോൺഗ്രസിൽ എം.എൻ. റോയ് (നടുവിൽ). Lev Karakhan (ഇടത് നിന്ന് രണ്ടാമത്), Karl Radek (സിഗരറ്റ് വലിക്കുന്ന മൂന്നാമൻ), Nikolai Bukharin (അഞ്ചാമത്), Maxim Gorky (ലെനിന് പുറകിൽ), Vladimir Lenin (പത്താമത്), Sergey Zorin (തൊപ്പി വെച്ച പതിനൊന്നാമൻ), Grigory Zinoviev (പതിമൂന്നാമൻ), Maria Ilyinichna Ulyanova(പതിനഞ്ചാമത്), Nicola Bombacci (പതിനാറാമൻ) / Photo: Wikimedia Commons

സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ജീവിതത്തെ സമഗ്രതയോടെ വീക്ഷിക്കുകയും അതിലെ ബന്ധനങ്ങളിൽനിന്നുള്ള വിമുക്തിക്കായി അന്വേഷിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമനസ്സിന്റെ നിതാന്ത ജാഗ്രതയും അതിന്റെ ഭാഗമായ പ്രതിബദ്ധതയുമാണ് സ്വതന്ത്രമായ ഈ നിൽപിന്​ ചൈതന്യം നൽകുന്നത്. മുമ്പു സൂചിപ്പിച്ചതുപോലെ, ആശയരാഷ്ട്രീയമാണത്. ചിന്താസ്വാതന്ത്ര്യം അതിന്റെ മുഖമുദ്രയാണ്. മൂല്യങ്ങളോടു പ്രതിബദ്ധമായ രാഷ്ട്രീയമാണ് സ്വതന്ത്രചിന്തയിൽ അന്തർഭവിച്ചിട്ടുള്ളതെന്ന് വേറൊരുതരത്തിൽ പറയാം. ഈ പരിഗണനയോടെ വീക്ഷിക്കുമ്പോൾ കക്ഷിരാഷ്ട്രീയ പ്രവർത്തനം അതിന്റെ അധികാരമാത്ര നിഷ്ഠയാൽ അരാഷ്ട്രീയമാണെന്നും കാണേണ്ടിവരും.

ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ഇന്ത്യൻ സ്വതന്ത്ര ബുദ്ധിജീവികളുടെ ധൈഷണിക സൗഹൃദമാണ് റോയിയും ഗോവിന്ദനും തമ്മിലുണ്ടായതെന്നുപറയാം. രാഷ്ട്രീയസംഘടനാ രൂപം ആത്യന്തികമായി സർഗാത്മകമല്ലെന്ന വീക്ഷണം റോയിയും സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഗോവിന്ദനാണ് മുന്നിൽ നടന്നതെന്നുമാത്രം.

എഴുത്തുകാരൻ എന്ന നിലയിലുള്ള ആധികാരികതയല്ലാതെ, കക്ഷി-സാമുദായികബന്ധത്തിന്റെ പേരിൽ ലഭിക്കുന്ന പ്രാമാണികത എഴുത്തുകാരനെ സംബന്ധിച്ച്​ അനാവശ്യമാണെന്ന ബോധ്യത്തോടെ, ആത്മവിശ്വാസത്തോടെ, തന്റെ ധൈഷണികജീവിതത്തെ ബോധപൂർവം ക്രമപ്പെടുത്തുവാൻ തീരുമാനിക്കുകയായിരുന്നു ഗോവിന്ദൻ. അതിലൊരു രാഷ്ട്രീയമായ വിവേചനവും തെരഞ്ഞെടുപ്പുമുണ്ട്.

പശ്ചാത്തലം

ഇന്ത്യൻ രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ സ്വന്തം കാലഘട്ടത്തെ സൂക്ഷ്മമായി തിരിച്ചറിയുന്ന ഒരർഥതലം കൂടി രാഷ്ട്രീയത്തിൽനിന്നുള്ള ഗോവിന്ദന്റെ പിന്മാറ്റത്തിനുണ്ടെന്നു മനസ്സിലാകും. 1940കളോടെ ഇന്ത്യയിലെ കക്ഷിരാഷ്ട്രീയരംഗത്ത് ഉളവായ ഒരു വ്യതിയാനത്തെ മനസ്സിലാക്കിക്കൊണ്ടേ അതിന് സാധിക്കുകയുള്ളൂ. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച പരിവർത്തനത്തെ വിശകലനം ചെയ്തുകൊണ്ട് ബി. രാജീവൻ നടത്തിയ ചില നിരീക്ഷണങ്ങൾ പരിശോധിക്കുന്നത് അതിനു സഹായകമാണ്.
ആധുനിക ഭരണകൂടങ്ങൾ നിലവിൽ വന്നുകഴിഞ്ഞ രാഷ്ട്രങ്ങളെ സംബന്ധിച്ച വിശകലനങ്ങളിൽ പ്രസക്തമായ ഭരണകൂടം അഥവാ രാഷ്ട്രീയസമൂഹം (Political Society), പൗരസമൂഹം (Civil Society) എന്ന ഗ്രാംഷിയൻ വേർതിരിവ് പ്രയോജനപ്പെടുത്തിക്കാണ്ട് ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ സവിശേഷതകളെയും സ്വാതന്ത്ര്യലബ്ധിക്കാലത്തോടെ ഇന്ത്യയിൽ സംഭവിച്ച രാഷ്ട്രീയപ്രവർത്തനപരിണാമത്തെയും വിലയിരുത്തുന്ന, ‘ഇ.എം.എസിന്റെ സ്വപ്നം' എന്ന ലേഖനത്തിൽ രാജീവൻ എഴുതി: ‘‘സ്വാതന്ത്ര്യസമരം അവസാനിച്ചതോടെ എല്ലാ പ്രമുഖ ­രാഷ്ട്രീയപാർട്ടികളും ഭരണകൂടത്തെ കേന്ദ്രമാക്കിയുള്ള രാഷ്ട്രീയപ്രവർത്തനം തുടങ്ങി. ഗാന്ധിശിഷ്യന്മാരും ചില സോഷ്യലിസ്റ്റുകളും പൗരസമൂഹരാഷ്ട്രീയം പിന്തുടരാൻ ശ്രമിച്ചെങ്കിലും മുഖ്യധാരയിൽ അതിന് സ്ഥാനം കിട്ടിയില്ല. കാരണം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാര അപ്പോഴേക്കും ഭരണകൂടാധികാരത്തിനുവേണ്ടി സിവിൽ സമൂഹത്തിനുമുന്നിൽ പാർട്ടികൾ തമ്മിൽ നടത്തുന്ന മത്സരപ്പന്തയമായി മാറിക്കഴിഞ്ഞിരുന്നു. അത്തരം പാർട്ടികൾക്ക് തൊഴിലാളിവർഗത്തിന്റെയോ ജനങ്ങളുടെയോ ഐക്യമല്ല പ്രധാനം, എന്നുമാത്രമല്ല, ജനങ്ങളെ പലതരത്തിൽ വിഭജിച്ചുകൊണ്ടുമാത്രമേ ആ പാർട്ടികൾക്ക് സ്വന്തം അണികളെ സൃഷ്ടിക്കാനും നിലനിർത്താനും കഴിയൂ എന്നും വന്നു. അതിനുവേണ്ടി മതവും ജാതിയും പോലെയുള്ള സിവിൽ സമൂഹത്തിന്റെ പരമ്പരാഗതകൂട്ടായ്മകളെ അങ്ങനെത്തന്നെ ഉപയോഗപ്പെടുത്തുന്ന ശൈലി എല്ലാ പാർട്ടികളും സ്വീകരിച്ചു. ഈവിധം സിവിൽ സമൂഹത്തിനും ഭരണകൂട യന്ത്രത്തിനും മധ്യത്തിൽ പാർട്ടികൾ സ്വയം അധികാരകേന്ദ്രങ്ങളായി മാറുകയും പൗരസമൂഹത്തിലെ അധികാരബന്ധങ്ങളുടെ നവീകരണം അസാധ്യമാക്കുന്ന ശക്തികളായി നിലയുറപ്പിക്കുകയും ചെയ്തു. ഭരണകൂടകേന്ദ്രമായ രാഷ്ട്രീയമത്സരത്തിൽ പങ്കുചേർന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇതുതന്നെയാണ് സംഭവിച്ചത്''

ഈ പരിണാമം വാസ്തവത്തിൽ കുറേക്കൂടി മുമ്പുതന്നെ ആരംഭിച്ച ഒന്നാണെന്ന് 1945 ൽ എം.എൻ. റോയി തന്റെ 50-ാം പിറന്നാളാഘോഷവേളയിൽ നടത്തിയ ഒരു പരാമർശത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സമകാല ­രാഷ്ട്രീയത്തിലെ അധികാര താത്പര്യങ്ങളാലുള്ള ദൂഷിതാവസ്ഥയിലേക്ക് വിരൽചൂണ്ടി അദ്ദേഹം പരിതപിച്ചു: ‘‘പഴയ രാഷ്ട്രീയാദർശങ്ങളുടെ സ്വതന്ത്രസ്വഭാവം പോയ്​പ്പോയിരിക്കുന്നു'' (ഗോവിന്ദൻ, 1986: 824). നിയമനിർമാണ സഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളാരംഭിച്ചതോടെ ആരംഭിച്ചതാണ് ഈ പരിവർത്തനമെന്ന് ചരിത്രപരമായി നോക്കിക്കാണാം.

പാർലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിലുള്ള അധികാരപ്രാപ്തി എന്ന സാങ്കേതികാർഥത്തിലേയ്ക്ക് ജനാധിപത്യസങ്കല്പത്തെ ചുരുക്കിക്കാണാൻ ഈ സാഹചര്യം രാഷ്ട്രീയകക്ഷികളെ നിർബന്ധിതമാക്കി. സ്വാതന്ത്ര്യമെന്നാൽ അധികാരക്കൈമാറ്റം അല്ലെങ്കിൽ അധികാരലബ്ധി എന്നുകരുതിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയതിന്റെ ഫലം കൂടിയാണ് ഇത്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും നവോത്ഥാന പ്രസ്ഥാനങ്ങളിലും കർഷകതൊഴിലാളി പ്രസ്ഥാനങ്ങളിലുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ സർഗാത്മകവും സ്വാതന്ത്ര്യോന്മുഖവുമായ അന്വേഷണസ്വഭാവം അതോടെ തിരോഭവിച്ചു. ഗോവിന്ദനെടുത്തുപയോഗിച്ച റോയിയുടെ ഒരു പ്രയോഗം സ്വീകരിച്ചാൽ, ‘‘രാഷ്ട്രതന്ത്രത്തിന്റെ ലക്ഷ്യം അധികാരാപഹരണം'' മാത്രമായിത്തീർന്നു. പരിഷ്‌കരണ- നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനത്തിലെ വിഭിന്നധാരകളും മറ്റ് ആധുനികീകരണ പ്രസ്ഥാനങ്ങളും ചേർന്ന് പരമ്പരാഗത ധാരണകളിലും ചട്ടക്കൂടുകളിലും വിള്ളലുണ്ടാക്കുകയും അതിന്റെ ഫലമെന്നോണം ജനാധിപത്യസംസ്‌കാരത്തിന് പര്യാപ്തമായ പൊതുവ്യവഹാരങ്ങളും പൗരസമൂഹവും രൂപപ്പെടുകയും ചെയ്തിരുന്നു. ഈ ജനാധിപത്യപ്രക്രിയ കക്ഷിരാഷ്ട്രീയ മത്സരഘട്ടത്തോടെ നിലച്ചുപോയി. ഈ പരിണാമത്തെ സ്വാംശീകരിക്കാനും അധികാരമത്സരത്തിൽ പങ്കാളിയാവാനും വിസമ്മതിച്ചതുകൊണ്ടുകൂടിയാണ് ഗാന്ധിയും റോയിയും, ഒരുപരിധിവരെ, ജയപ്രകാശ് നാരായണനും അധികാരഗ്രഹണത്തിൽനിന്ന് അകന്നുമാറേണ്ടിവന്നത്.

റോയിയുടെ മേൽ പരാമർശിച്ച കുറിപ്പിൽ കക്ഷിരാഷ്ട്രീയത്തെ സംബന്ധിച്ച വിമർശനാത്മകമായ കാഴ്ചപ്പാട് വ്യക്തമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ‘‘രാജ്യതന്ത്രം വൃത്തിയും വെടിപ്പുമുള്ളതാക്കിത്തീർക്കണമെങ്കിൽ അതിന്റെ ഉപാധി കക്ഷിസമ്പ്രദായത്തിന്റെ അന്ത്യമായിരിക്കണം. അധികാരത്തിനുവേണ്ടി കടിപിടികൂടുന്ന കക്ഷികളുടെ അഭാവത്തിൽ മാത്രമേ ദൂഷ്യങ്ങളിൽനിന്നും അഴിമതികളിൽനിന്നും രാജ്യതന്ത്രം സ്വതന്ത്രമാകൂ'', അദ്ദേഹം പറഞ്ഞു. ഇങ്ങനെ അധികാരമെന്ന ലക്ഷ്യത്തിൽനിന്ന് വഴിമാറി ഒരു ‘സ്വതന്ത്രരാഷ്ട്രീയസമുദായ'ത്തെ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു ദാർശനികവിപ്ലവം അനിവാര്യമാണെന്ന് അദ്ദേഹം ഇതേ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുമുണ്ട്: ‘‘വിപ്ലവം ഒരു സാമൂഹികപ്രതിഭാസമാണ്. എന്നാൽ, സാമൂഹികബന്ധങ്ങളും രാഷ്ട്രീയസ്ഥാപനങ്ങളും മാറണമെങ്കിൽ, വിപ്ലവത്തിൽ പങ്കെടുക്കുന്നവരുടെ മനഃസ്ഥിതിയിൽ ആദ്യം മാറ്റം വരണം. മറ്റുവാക്കുകളിൽപ്പറഞ്ഞാൽ ഒരു സാമൂഹ്യവിപ്ലവത്തിന്റെ (എല്ലാ രാഷ്ട്രീയവിപ്ലവവും സാമൂഹ്യവിപ്ലവമാണത്രേ) മുന്നോടിയാണ് ദാർശനികവിപ്ലവം. ഇതിന്റെ അഭാവത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഒച്ചപ്പാടേറിയതാകും. പക്ഷേ, അവ ജീവിതത്തിന്റെ അഗാധതലങ്ങളെ സ്പർശിക്കുകയില്ല''.

ബി. രാജീവൻ

സ്വാതന്ത്ര്യലബ്ധിയ്ക്കു തൊട്ടുമുമ്പുള്ള കാലത്ത് ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ ഉരുത്തിരിഞ്ഞുവന്ന സാഹചര്യമെന്തെന്ന് റോയിയുടെ നിരീക്ഷണങ്ങൾ സ്പഷ്ടമാക്കുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിജ്ഞാബദ്ധതയുള്ള ജനാധിപത്യവാദികളായ ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം ഏറ്റെടുക്കേണ്ടുന്ന ദൗത്യത്തിലേയ്ക്കും അത് വിരൽചൂണ്ടുന്നുണ്ട്. പൗരസമൂഹത്തെ ലക്ഷ്യംവെയ്ക്കുന്ന രാഷ്ട്രീയപ്രവർത്തനമാണതെന്നുപറയാം. ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ സത്ത കുടികൊള്ളുന്നത് ഈ പൗരസമൂഹോന്മുഖതയിലാണ് എന്ന് രാജീവന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമായി ഇതിനെ ചേർത്തുകാണുകയും ചെയ്യാം. രാജീവൻ എഴുതുന്നു: ‘‘പൗരസമൂഹത്തിലെ പ്രത്യക്ഷ സാമ്പത്തിക­പ്രശ്‌നങ്ങളെയും ധാർമികപ്രശ്‌നങ്ങളുടെയും മണ്ഡലമാണ് ഗാന്ധി തന്റെ പ്രവർത്തനമേഖലയായി കണ്ടെത്തിയത്. ഭരണകൂടാധികാരത്തെ കേന്ദ്രമാക്കുന്നതിനുപകരം പൗരസമൂഹത്തിന്റെ ജീവിതത്തെയാണ് ഗാന്ധി തന്റെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയത്.''

ബുദ്ധിജീവികളിൽ ശക്തമായ പ്രഭാവം ചെലുത്തിയ കമ്യൂണിസ്റ്റ് കക്ഷികളുടെ രാഷ്ട്രീയം അടിസ്ഥാനപരമായിത്തന്നെ ഭരണകേന്ദ്രിതമായിരുന്നുവെന്ന വസ്തുതയും രാജീവൻ കാണുന്നുണ്ട്. പൗരസമൂഹോന്മുഖമായ ഗാന്ധിയൻ രാഷ്ട്രീയവുമായി താരതമ്യംചെയ്തുകൊണ്ട് അദ്ദേഹം എഴുതുന്നു: ‘‘എന്നാൽ ഇതിനു നേർവിപരീതമായിരുന്നു കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ പ്രവർത്തനശൈലി. കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയം ഭരണകൂടകേന്ദ്രിതമായിരുന്നു... അവർക്ക് എല്ലാ സമരങ്ങളുടെയും ലക്ഷ്യം അന്തിമരാഷ്ട്രീയസമരമായിരുന്നു, രാഷ്ട്രീയമായിരുന്നു. അങ്ങനെ ഭരണകൂടകേന്ദ്രിതമായ മാർക്‌സിസ്റ്റ് രാഷ്ട്രീയം ഏറ്റവുമധികം അവഗണിച്ചുകളഞ്ഞത് പൗരസമൂഹത്തിന്റെ ധാർമികജീവിത ബന്ധങ്ങളെയാണ്.''

എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരുമൊക്കെ കക്ഷികളുടെ താത്കാലികലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള ധൈഷണിക പ്രവർത്തനങ്ങളിൽ ഏർപ്പടുന്നതിലൂടെ അവരുടെ സർഗാത്മകമായ സിദ്ധികളെ ബലികൊടുക്കുകയാണ്; പ്രതിജ്ഞാബദ്ധതയെ കൈവെടിയുകയാണ്. ഈ ബോധ്യമാണ് ഗോവിന്ദനുണ്ടായിരുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തിലും ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിലും ഭാഗഭാക്കായിത്തീർന്ന് ബുദ്ധിജീവികൾ സ്വതന്ത്രസ്വഭാവം കൈവിട്ട് ഭരണകൂടപ്രവർത്തനങ്ങളുടെ ഭാഗമായും കക്ഷികളുടെയും വക്താക്കളും ‘സഹയാത്ര'ക്കാരും ആയി പരിണമിക്കുന്നതിന് സാഹചര്യമൊരുങ്ങിയ ഘട്ടത്തിലാണ് ഗോവിന്ദൻ രാഷ്ട്രീയസംഘടനാപ്രവർത്തനങ്ങളിൽനിന്നും വിട്ടുമാറുന്നത്. മൂല്യബോധംകൊണ്ടും വിവേകംകൊണ്ടും സാധ്യമാകുന്ന ഒരു നടപടിയാണത്. അധികാരത്തിനുവെമ്പുന്ന ഒരോ രാഷ്ട്രീയപാർട്ടിയും ‘അത് വിഭാവനം ചെയ്യുന്ന സ്റ്റേറ്റിന്റെ ബീജമാണ്' എന്നു ഗോവിന്ദൻ കണ്ടിരുന്നു. അത്തരം പാർട്ടികളുടെ ഭാഗമായി മാറുന്നത് ബുദ്ധിജീവി ധർമത്തിൽനിന്നുള്ള പിന്മാറ്റമായിരിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അതുളവാക്കുന്ന പ്രതിപക്ഷചിന്തയുമാണ് ബുദ്ധിജീവിതത്തിന്റെ മൗലികസ്വഭാവങ്ങൾ. വൈയക്തികമായ തെരഞ്ഞെടുപ്പിലൂടെ വരിക്കുന്ന ഏകാന്തമായ ഒരു പാതയാണ് ബുദ്ധിജീവിയുടേത്.

‘‘സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ'' എന്ന് ആഹ്വാനം ചെയ്യുന്ന കാൾ മാർക്‌സും, ‘‘സംഘടനകൊണ്ട് ശക്തരാകുവിൻ'' എന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരുവും സംഘടിത പ്രസ്ഥാനങ്ങൾക്കുള്ള പ്രാധാന്യം കണ്ടറിഞ്ഞവരെന്ന നിലയിൽ ഐക്യപ്പെടുന്നത് യാദൃച്ഛികമല്ല.

എഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവബോധശക്തിയിൽ അധികാരരാഷ്ട്രീയത്തിന്റെ വ്യവഹാരങ്ങളെ തിരസ്‌കരിച്ച് വഴിപിരിയുകയായിരുന്നു ഗോവിന്ദൻ. കക്ഷിരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന സ്വതന്ത്രചിന്തകരായ ബുദ്ധിജീവികൾ കേരളത്തിൽ വേറെയുമുണ്ട്. കുറ്റിപ്പുഴയും പോളും കേസരിയുമൊക്കെ അക്കൂട്ടത്തിൽപ്പെടുന്നു. പക്ഷേ, അവർക്കൊന്നും ഇത്തരമൊരു വഴിപിരിയൽ ആവശ്യമായി വന്നിട്ടില്ല. അവർ അങ്ങനെയൊരു വ്യവഹാരമണ്ഡലത്തിലേയ്ക്ക് കടന്നുവരികയുണ്ടായില്ല എന്നതാണ് വാസ്തവം. കുറ്റിപ്പുഴയ്ക്കും പോളിനും കേസരിക്കുമൊക്കെ അവകാശപ്പെടാൻ കഴിയാത്ത ബഹുജനബന്ധവും സംഘാടനതാല്പര്യവും ഗോവിന്ദനുണ്ടായതിന്റെ കാരണവും ഇവിടെ സ്പഷ്ടമാകുന്നുണ്ട്. യൗവനകാലത്തെ സംഘടനാ പ്രവർത്തനപരിചയം അദ്ദേഹത്തിൽ അവശേഷിപ്പിച്ചത് പ്രധാനമായും ഇപ്പറഞ്ഞ ബഹുജനാഭിമുഖ്യവും സംഘാടനസംസ്‌കാരവുമാണ് എന്ന് ഉപസംഹരിക്കാം.

സംഘടനകൾ, സ്ഥാപനങ്ങൾ - ചരിത്രപാഠങ്ങൾ

കക്ഷിരാഷ്ട്രീയത്തോടുണ്ടായ ഗോവിന്ദന്റെ വിമുഖത വലിയ സംഘടനകളിൽത്തന്നെ അവിശ്വാസം രേഖപ്പെടുത്തുന്ന നിലയിലേയ്ക്ക് വൈകാതെ വളരുകയുണ്ടായി. അന്വേഷണത്തിന്റെ ആരംഭത്തിൽ (40-കളുടെ അവസാനം എഴുതിയ ഉപന്യാസങ്ങളുടെ സമാഹാരം) അദ്ദേഹം എഴുതി: ‘‘പ്രായേണ പടുകൂറ്റൻ സംഘടനകളുടെ കഴിവുകൾ ചുരുങ്ങിവരികയാണ്. അവ വിജയിച്ചേക്കും. പക്ഷേ വിജയത്തിനു നൽകുന്ന വില കണക്കുകൂട്ടുമ്പോഴാണ് മനസ്സിലാവുക, വിജയം ലക്ഷ്യപ്രാപ്തിയെ സംബന്ധിച്ചിടത്തോളം പരാജയമായിരുന്നുവെന്ന്''. സംഘടനകൾ വിമോചനാത്മകമാണ് എന്നും സമൂഹജീവിയായ മനുഷ്യനെ സംബന്ധിച്ച്​ സംഘടന സാമൂഹിക ജീവിതത്തിന്റെ അനിവാര്യവും സ്വാഭാവികവുമായ ഒരു രൂപമാണെന്നുമുള്ള ധാരണകൾ ആധുനികകാലത്തുണ്ടായ സാമൂഹിക- രാഷ്ട്രീയ- നവോത്ഥാന വ്യവഹാരങ്ങളുടെ കൂടെപ്പിറപ്പാണ്. എന്നിരിക്കെ, അതിനെയാകെ സംശയത്തോടെ നേരിടുന്ന ഈ നിരീക്ഷണം വിപുലമായ ഒരു പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ആധുനിക സാമൂഹികജീവിതക്രമത്തെ രൂപപ്പെടുത്തുന്നതിൽ സംഘടിതപ്രസ്ഥാനങ്ങൾക്ക് സവിശേഷമായ പങ്കുവഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത നിർവിവാദമാണ്. മനുഷ്യ വിമോചനത്തിന്റെയും പുരോഗതിയുടെയും ആദർശങ്ങൾക്ക് സാർവലൗകികമായ സ്വീകാര്യതയുണ്ടായിത്തീർന്നതിൽത്തന്നെ സംഘടിത പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. ആധുനികകാലത്തെ സംഘടനകൾ, ഫ്യൂഡൽ അധികാരഘടനയെ തകർത്തെറിഞ്ഞ് ബഹുജനങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുന്നതിനുണ്ടായ ശ്രമങ്ങളുടെ ഫലമാണെന്നുകാണാം.

ഒറ്റയ്‌ക്കൊറ്റയ്ക്ക് ദുർബലരായിരിക്കുന്ന ജനങ്ങളെ സംബന്ധിച്ച്​ വ്യവസ്ഥാപിതമായ ഘടനയെ മറികടന്നുകൊണ്ടല്ലാതെ ഫ്യൂഡൽ അധികാരത്തിന്റെ ഭരണകൂട-പ്രത്യയശാസ്ത്രരൂപങ്ങളെ നീക്കം ചെയ്യാനാവുകയില്ലെന്ന തിരിച്ചറിവിൽനിന്നാണ് സംഘടിതപ്രസ്ഥാനങ്ങൾ ഉദയംകൊണ്ടത്. വ്യക്തികൾ എന്ന നിലയിൽനിന്ന് വർഗത്തിന്റെ, അല്ലെങ്കിൽ സമുദായത്തിന്റെ അംഗമെന്ന നിലയിൽ സ്വയം തിരിച്ചറിയുകയും സാമൂഹികമായ ഈ അവബോധത്തിന്റെ പിൻബലത്തിൽ, നിലവിലുള്ള അധികാരഘടനയെയും സാമൂഹികക്രമത്തെയും നിരാകരിക്കുകയുമാണ് ഇങ്ങനെയുണ്ടായ പ്രസ്ഥാനങ്ങൾ ചെയ്യുന്നത്. ഇത്തരം യത്‌നങ്ങൾക്ക് ആശയരൂപം കൊടുക്കുന്ന വ്യക്തികളാണ് ബുദ്ധിജീവികളുടെ ആദിമാതൃകകൾ എന്നു കാണാനും കഴിയും. ‘‘സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ'' എന്ന് ആഹ്വാനം ചെയ്യുന്ന കാൾ മാർക്‌സും, ‘‘സംഘടനകൊണ്ട് ശക്തരാകുവിൻ'' എന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരുവും സംഘടിത പ്രസ്ഥാനങ്ങൾക്കുള്ള പ്രാധാന്യം കണ്ടറിഞ്ഞവരെന്ന നിലയിൽ ഐക്യപ്പെടുന്നത് യാദൃച്ഛികമല്ല.

സാമൂഹികമാറ്റത്തിന് കാരണമായ ആശയങ്ങൾ പ്രായോഗികരൂപം കൈവരിക്കുന്നത് സംഘടിത പ്രസ്ഥാനങ്ങളിലൂടെയാണെന്ന് കാണിക്കുന്ന ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. റൂസ്സോ. വാൾട്ടയർ തുടങ്ങിയ ജ്ഞാനോദയചിന്തകരുടെ ജനാധിപത്യചിന്തകൾക്ക് പ്രായോഗികരൂപം തേടിയ ‘ബൂർഷ്വാ' ജനാധിപത്യ പ്രസ്ഥാനങ്ങൾ, തൊഴിലാളി വർഗത്തെ മുൻനിർത്തിയുള്ള മാർക്സിന്റെ മൗലികമായ ജനാധിപത്യ ചിന്തകളെ പിന്തുടർന്നു രൂപമെടുത്ത കമ്യൂണിസ്റ്റ് സംഘടനകൾ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

ഒറ്റയ്‌ക്കൊറ്റയ്ക്ക് ദുർബലരായിരിക്കുന്ന ജനങ്ങളെ സംബന്ധിച്ച്​ വ്യവസ്ഥാപിതമായ ഘടനയെ മറികടന്നുകൊണ്ടല്ലാതെ ഫ്യൂഡൽ അധികാരത്തിന്റെ ഭരണകൂട-പ്രത്യയശാസ്ത്രരൂപങ്ങളെ നീക്കം ചെയ്യാനാവുകയില്ലെന്ന തിരിച്ചറിവിൽനിന്നാണ് സംഘടിതപ്രസ്ഥാനങ്ങൾ ഉദയംകൊണ്ടത്. / Photo: Zach Hussein, redbooksday.org

കമ്യൂണിസത്തിൽ ജനാധിപത്യമെന്നാൽ തൊഴിലാളിവർഗ സർവാധിപത്യമാണ്. സംഘടനയ്ക്ക് അതിൽ പരമപ്രധാനമായ സ്ഥാനമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. തൊഴിലാളിവർഗ ബോധത്തിന്റെ വാഹകവും സാമൂഹിക പുനഃസംഘാടനത്തിന്റെ ഉപാധിയുമായാണ് പാർട്ടിയെ അവിടെ സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. പ്രായോഗികമായി അത് തൊഴിലാളി വർഗത്തെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധിജീവി സർവാധിപത്യം ആയിത്തീരുന്നു. പ്രാതിനിധ്യ ജനാധിപത്യക്രമത്തിൽ പ്രസ്ഥാനങ്ങൾ കക്ഷികളുടെ അധികാരോന്മുഖമായ സംഘടനാചട്ടക്കൂടിലേയ്ക്ക് പരിവർത്തിക്കുന്നു. അവിടെ കക്ഷികൾതന്നെ അധികാരപരമായ ഒരു ചട്ടക്കൂടും സ്വീകൃത പ്രത്യയശാസ്ത്രത്തിന്റെ നിർവാഹക സംഘവുമായി മാറുന്നു. ഇവയെല്ലാം ക്രമേണ വ്യക്തിപരമായ ചിന്താസ്വാതന്ത്ര്യത്തെ അച്ചടക്കത്തിന്റെ പേരിൽ അമർച്ചചെയ്യാൻ നിർബന്ധിതമാകുന്നു. വിമോചനാദർശത്തെ വ്യക്തികളിൽനിന്ന് അകന്നുനിൽക്കുന്ന ഒന്നായി വ്യാഖ്യാനിക്കുന്ന തലത്തിലേയ്ക്ക് അവ മാറിപ്പോകുന്നു. ജനങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിനുപകരം അധികാരവും അവകാശവും കക്ഷിയുടെ നിയന്ത്രണത്തിലാകുന്നു. മിക്കവാറും ഇത് അധീശവിഭാഗങ്ങളിൽത്തന്നെ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. സംഘടിതകക്ഷികൾക്കു സംഭവിക്കുന്ന ഇത്തരം വിപര്യയങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ മിക്കവാറും സ്പഷ്ടമായിക്കഴിഞ്ഞതാണ്.

ഇതിനുപുറമെ, മനുഷ്യസമത്വസങ്കല്പത്തെ നിഷേധിക്കുന്ന ആശയങ്ങളെ പിന്തുടരുന്ന സംഘടിത മുന്നേറ്റങ്ങളും ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായി. ജർമനിയിലെ നാസിസത്തിന്റെയും ഇറ്റലിയിലെ ഫാസിസത്തിന്റെയും മുന്നേറ്റങ്ങൾ അക്കൂട്ടത്തിൽ പ്രധാനങ്ങളാണ്. ആധുനികതയുടെതന്നെ സൃഷ്ടിയായ ദേശീയരാഷ്ട്രബോധത്തെ, ഫ്യൂഡൽ കാലഘട്ടത്തിലെ ഗോത്ര-മത മഹത്വചിന്തകളോട് സമീകരിക്കാവുന്ന തരത്തിലുള്ള ദേശീയ- വംശീയ മാഹാത്മ്യചിന്തകളോട് സമന്വയിപ്പിച്ച് മുന്നോട്ടുപോകാനും ആധിപത്യം കൈവരിക്കുവാനും അവയ്ക്കുകഴിഞ്ഞു. വിവേചനബുദ്ധിയുള്ള വ്യക്തികളുടെ കൂട്ടമായി സംഘടനകൾ രൂപപ്പെടുന്നതിനുപകരം വൈകാരികമായ വിശ്വാസങ്ങളെ ഉണർത്തി ആൾക്കൂട്ടസംഘങ്ങളെ സൃഷ്ടിക്കുകയാണ് അവ ചെയ്തത്.

വ്യക്തിതലത്തിൽ സംഭവിക്കേണ്ട നവോത്ഥാന പ്രക്രിയയയെ ത്വരിതപ്പെടുത്തുന്നതിനുപകരം ആശ്രിതരായ ആളുകളെ സൃഷ്ടിക്കുവാനാണ് സംഘടനകളുടെ ശ്രമം. അതുവഴി മനുഷ്യന്റെ സർഗാത്മകമായ വികാസത്തിൽ പങ്കുവഹിക്കാത്ത സ്ഥാപനങ്ങളായി (എസ്റ്റാബ്ലിഷ്‌മെന്റായി) സംഘടനകൾ പരിണമിക്കുന്നു. പ്രതിലോമമായ ആശയങ്ങളിൽനിന്ന്​ രൂപംകൊണ്ട സംഘടനകളെ സംബന്ധിച്ച്​ ഇത് സ്വാഭാവികംതന്നെ. എന്നാൽ, വിമോചനാദർശങ്ങളിൽനിന്ന് ഉത്ഭവിച്ച പ്രസ്ഥാനങ്ങളും ഈ ആൾക്കൂട്ട മനഃശാസ്ത്രത്തിലേയ്ക്ക് വഴിതിരിയുന്നുണ്ട്. സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ കീഴിൽ സംഭവിച്ച വ്യക്തിസ്വാതന്ത്ര്യ ധ്വംസനവും മർദനവും, പാർലമെന്ററിവ്യവസ്ഥയുടെ മറവിൽ പ്രചരിച്ച വർഗ-വംശ-സംഘടനാ മാഹാത്മ്യബോധവും നമ്മുടെ മുന്നിലുണ്ട്.

ആധുനിക രാഷ്ട്രക്രമീകരണങ്ങളിൽ ഇതൊക്കെ അനിവാര്യമായ പതനങ്ങളാകാം. എന്നാൽ എഴുത്തുകാരും ചിന്തകരും ഈ ഘടനയിൽ കണ്ണിചേർന്ന് നിശ്ചലമാകുന്നത് ആശയരംഗത്തെ വളർച്ചയ്ക്കു വിഘാതമാകാനിടയാക്കുന്നു. വിവേചനബുദ്ധിയുള്ള വ്യക്തികളുടെ രൂപീകരണമാണ് അപ്പോൾ നിലച്ചുപോകുന്നത്. അധികാരപ്രാപ്തി ലക്ഷ്യമാക്കിയ സംഘടനകളുടെ ഓരംപറ്റി അവർ സഞ്ചരിക്കുന്നതോടെ ചിന്തയുടെ രാഷ്ട്രീയമാണ് അപകടത്തിലാകുന്നത്. നീതിയുടെ പക്ഷം ചേരാനും സത്യം പറയുവാനും അധികാരശക്തികളെ വിമർശിക്കാനുമുള്ള ദൗത്യങ്ങളുപേക്ഷിച്ച് അധികാരത്തിന്റെ സേവകരായി പരിണമിക്കാൻ അവർ വിധിക്കപ്പെടുന്നു.

നവോത്ഥാനചിന്തകരുടെ ദർശനങ്ങൾ പിന്തള്ളപ്പെടുന്ന കാഴ്ചയാണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രൂപപ്പെട്ടുവന്നത്. ലോകയുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ സാർവദേശീയ രാഷ്ട്രീയത്തിലുണ്ടായ പരിണതികൾ ഈ പ്രക്രിയയുടെ ഭീഷണി ജനാധിപത്യവാദികളായ ബുദ്ധിജീവികളെ ഒരു പരിധിവരെയെങ്കിലും ബോധ്യപ്പെടുത്തി. പടുകൂറ്റൻ സംഘടനകളുടെയും അവയെ നയിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയും പിൻബലത്തിൽ ഉയർന്നുവരുന്ന കരുത്തരായ രാഷ്ട്രനായകന്മാരുടെ നേതൃത്വത്തിൽ മാനവതാവാദചിന്തകളെ കടപുഴക്കുന്ന മുന്നേറ്റങ്ങളും യുദ്ധസന്നാഹങ്ങളും ഉണ്ടായി. വ്യക്തികളുടെ സ്വാതന്ത്ര്യത്തിലും അതിന്റെ പരിരക്ഷയ്ക്ക് അനുപേക്ഷണീയമായ ജനാധിപത്യക്രമത്തിലും വിശ്വസിക്കുന്ന ബുദ്ധിജീവികൾ സ്വതന്ത്രമായ വീക്ഷണങ്ങൾ അവതരിപ്പിച്ചു രംഗത്തുവന്ന സാഹചര്യം ഇതാണ്. തത്വചിന്തകനായ റസ്സലും ശാസ്ത്രജ്ഞനായ ഐൻസ്‌റ്റൈനും പ്രസിദ്ധരായ നിരവധി എഴുത്തുകാരും സംഘടനകളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വക്താക്കൾ എന്ന നിലയിലല്ലാതെ മാനവികജനാധിപത്യമൂല്യങ്ങളെ മുൻനിർത്തി ലോകജനതയോട് സംസാരിക്കുകയുണ്ടായി.

ആധിപത്യവ്യഗ്രതയുള്ള സംഘടനകൾ പ്രാബല്യത്തിലെത്തുമ്പോൾ മൂല്യബോധമുള്ള ബുദ്ധിജീവികൾ അവയ്ക്കുപുറത്തുനിന്നുകൊണ്ട് പ്രവർത്തിക്കാൻ നിർബന്ധിതമായിത്തീരുന്നു. സ്വന്തം ചിന്താശേഷിയിൽ വിശ്വാസമർപ്പിക്കുകയേ അവർക്കു വഴിയുള്ളൂ. അങ്ങനെ അയാൾ വ്യക്തിവാദിയും വിമതനുമായി സമൂഹത്തിനുമുമ്പിൽ പ്രത്യക്ഷപ്പെടേണ്ടിവരുന്നു. വിമതത്വമെന്നത് സ്വതന്ത്രചിന്തയ്ക്ക് ഒരു അടിസ്ഥാനവും അടയാളവുമാണ്. അത് അനിവാര്യമാക്കുന്ന അവസ്ഥാവിശേഷത്തെക്കുറിച്ചുള്ള അപഗ്രഥനമല്ലേ ആൽബേർ കമ്യൂവിന്റെ ദ റബൽ എന്നു ചിന്തിക്കാവുന്നതാണ്. സമഗ്രാധിപത്യപരമായ ഒരു ദർശനസംഹിതയും സ്ഥാപനവുമായി സോഷ്യലിസ്റ്റ് ആശയങ്ങൾ പരിണമിക്കുന്നതിനെ ഫ്രഞ്ച് സാഹചര്യത്തിൽ വിശകലനം ചെയ്യുകയും ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം അതിൽനിന്ന്​വഴിമാറിപ്പോകാതിരിക്കുവാൻ കഴിയില്ലെന്ന്​ സ്പഷ്ടമാക്കുകയുമാണ് ഈ നോവലിലൂടെ കമ്യൂ ചെയ്തത്. ആധുനികത മുന്നോട്ടുവെച്ച വിമോചനദർശനങ്ങളുടെ കൂട്ടത്തിൽ സൈദ്ധാന്തികമായും രീതിശാസ്ത്രപരമായും വ്യക്തത പ്രാപിക്കുകയും പ്രയോഗിക മാതൃകകൾ സൃഷ്ടിക്കുകയും, സമഗ്ര വിപ്ലവദർശനം എന്നനിലയിൽ ലോകത്തെമ്പാടും വിമോചനപ്പോരാട്ടങ്ങൾക്ക് പ്രചോദനമായിത്തീരുകയും ചെയ്ത കമ്യൂണിസത്തിന്റെ സംഘടിതരൂപം എങ്ങനെ പ്രതിമാനവികമായിത്തീരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു കമ്യൂ.

ബുദ്ധിജീവിതവും അധികാരവും തമ്മിലുണ്ടായിരിക്കേണ്ട അകലത്തെക്കുറിച്ചുള്ള ഗോവിന്ദന്റെ വീക്ഷണം ആഴത്തിലുള്ള ഒന്നായിരുന്നു. അത് ആദരണീയമായൊരു മൂല്യമായി അദ്ദേഹം കണ്ടു. സ്വതന്ത്രബുദ്ധിജീവികളോടും നവോത്ഥാന നായകരോടുമുള്ള അദ്ദേഹത്തിന്റെ ആദരവിന് അത്തരമൊരു മാനം കൂടിയുണ്ട്.

റസ്സലിനെപ്പോലുള്ള ചിന്തകരും കമ്യുവിനെപ്പോലുള്ള എഴുത്തുകാരും അഭിമുഖീകരിക്കുകയും പലമട്ടിൽ ആവിഷ്‌കരിക്കാൻ ശ്രമിക്കുകയും ചെയ്ത ലോകസാഹചര്യത്തെ മുൻനിർത്തിയാണ് സംഘടനകളിലുള്ള അവിശ്വാസത്തിലേയ്ക്ക് ഗോവിന്ദൻ എത്തിച്ചേരുന്നതെന്നു മനസ്സിലാക്കാം. അധികാരതാത്പര്യങ്ങളുള്ള സംഘടനകളുടെ വക്താക്കൾ നടത്തുന്ന പ്രചരണങ്ങളുടെ നടുവിൽ ശരിയായി ചിന്തിക്കാനും പ്രവർത്തിക്കാനും എളുപ്പമല്ലാത്ത ഒരു അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും, ‘‘ഈ അന്ധകാരയുഗത്തിന്റെ വക്കത്ത് പുതിയൊരു തത്വശാസ്ത്രവും രാഷ്ട്രതന്ത്രവും ഉണ്ടാവുകയും പ്രയോഗക്ഷമമാവുകയും ചെയ്യുന്നതുവരെ കള്ളത്തരവും കൈയ്യൂക്കും ലോകത്തിൽ ഭരണം തുടരും'' എന്നും ഗോവിന്ദൻ എഴുതുന്നുണ്ട്.
ഒരു നിലയ്ക്ക്, സംഘടനകളിൽനിന്ന് അകലുക എന്നതിന് രാഷ്ട്രീയസമൂഹത്തോടല്ല, മറിച്ച്, പൗരസമൂഹത്തോടാണ് പ്രതിജ്ഞാബദ്ധത എന്നു പ്രഖ്യാപിക്കുക എന്നാണർഥം. ‘‘ജനങ്ങളോടാണ് കലാകാരന്റെ ഉത്തരവാദിത്തം'' എന്ന് ഗോവിന്ദൻ പ്രസ്താവിക്കുമ്പോൾ അർഥമാക്കുന്നത് മറ്റൊന്നല്ല. എഴുത്തുകാർക്ക് സാംസ്‌കാരിക മൂല്യങ്ങളുടെ കാവലാളാകുവാനും അവഹേളിത സമൂഹങ്ങളുടെ നാവായിത്തീരാനുമുള്ള ഉത്തരവാദിത്തമുണ്ട്. ഈ തിരിച്ചറിവിന്റെയും പ്രതിജ്ഞാബദ്ധതയുടെയും അഭാവത്തിൽ, സ്വാഭിപ്രായങ്ങൾ വിഴുങ്ങാനും അധികാരരൂപങ്ങളോട് ചേർന്നുനിൽക്കാനും ബുദ്ധിജീവികൾ നിർബന്ധിതമായിത്തീരും. ഒരുതരം ഭീതിയിലേയ്ക്കുള്ള പിൻവലിയലാണവിടെ സംഭവിക്കുക. സ്ഥാപിതതാത്പര്യങ്ങൾക്കുമറയായി സൈദ്ധാന്തികമായ ന്യായീകരണങ്ങൾ ചമയ്ക്കുക, കൂലിയായി അംഗീകാരങ്ങളും പദവികളും വാങ്ങുക എന്നിവയാകും അവരുടെ വിധി. അസ്വതന്ത്രചിന്തകരായി അവർ മാറുന്നു. ‘‘ചിന്തയുടെ രംഗത്തു കിരാതരായ കൂലിപ്പട്ടാളക്കാരെപ്പോലെ സംസാരിക്കാൻ അവർ ശിക്ഷിക്കപ്പെട്ടരിക്കുന്നു'' എന്ന് കെ.പി. അപ്പൻ എഴുതിയത് അവരെക്കുറിച്ചാണ്. അത്തരം ശിക്ഷ ഏറ്റുവാങ്ങുന്നതിനുപകരം രാഷ്ട്രീയമായ സത്യസന്ധതയും നിലപാടുകളിലെ സ്വതന്ത്രതയും പുലർത്തി ചിന്തയിലും പ്രവർത്തനത്തിലും മുന്നോട്ടുപോകുകയാണ് ഗോവിന്ദൻ ചെയ്തത്. അത് മറ്റൊരു ശിക്ഷയാണെന്നതു വേറെ കാര്യം. എന്തായാലും, രൂപാന്തരണമെന്നോ അനുരഞ്ജനമെന്നോ വിശേഷിപ്പിക്കാവുന്ന ബൗദ്ധികപരിണാമത്തിൽനിന്ന് ഏറ്റവും പ്രതികൂലവും പ്രലോഭനങ്ങൾ നിറഞ്ഞതുമായ ഒരു കാലഘട്ടത്തിൽ സ്വയംരക്ഷപ്പെടുത്തുന്ന കർമം അനുഷ്ഠിക്കാൻ ഗോവിന്ദനു കഴിഞ്ഞു. തന്റെ കർമമണ്ഡലമായ എഴുത്തിന്റെ രാഷ്ട്രീയധർമത്തെക്കുറിച്ചുള്ള ബോധ്യമാണ് അതിലേയ്ക്ക് അദ്ദേഹത്തെ നയിച്ചതെന്നുകരുതണം. അദ്ദേഹത്തിന്റെ ജീവിതാനുശീലനം ആകെ പരിഗണിക്കുമ്പോൾ അങ്ങനെ കരുതേണ്ടിവരുന്നു.

സ്വതന്ത്രചിന്തയുടെ ഊർജസ്രോതസ്സുകൾ

ബുദ്ധിജീവികൾ സ്വതന്ത്രമായി ആശയ-രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുള്ള മാതൃകകൾ റസ്സലും ഐൻസ്റ്റീനുമൊക്കെ പ്രദാനംചെയ്തിട്ടുണ്ട്. അവരെക്കുറിച്ചു ഗോവിന്ദൻ ആവർത്തിച്ച് എഴുതുകയുണ്ടായി. സംഘടനകളുടെ ഭാഗമായല്ലാതെ തത്വചിന്തകനും ശാസ്ത്രജ്ഞനും രാഷ്ട്രീയമായിത്തന്നെ ആശയരംഗത്ത് ഇടപെട്ടവരാണവർ. എഴുത്തുകാർക്ക് സാമൂഹികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്നതിന്റെ മാതൃകകളായി സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും കേസരി എ. ബാലകൃഷ്ണപ്പിള്ളയും കേരളത്തിൽത്തന്നെയുണ്ട്. നവോത്ഥാനധാരയിലുള്ള നേതൃനിര മിക്കവാറും തന്നെ സമാനമായ ഒരു പ്രതലത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും കാണാം. നാരായണഗുരുവോ സഹോദരൻ അയ്യപ്പനോ രാഷ്ട്രീയാധികാരോന്മുഖമായ സംഘടനകളുടെ വക്താക്കളായിരുന്നില്ല. ഇങ്ങനെ ചരിത്രത്തിലും വർത്തമാനത്തിലും വംശാവലി കണ്ടെത്താവുന്ന ഒരു നില്പാണ് സംഘടനയെ നിരാകരിക്കുന്ന വീക്ഷണം സ്വരൂപിക്കുന്നതിലൂടെ ഗോവിന്ദൻ പ്രകാശിപ്പിച്ചത്.
ബുദ്ധിജീവിതവും അധികാരവും തമ്മിലുണ്ടായിരിക്കേണ്ട അകലത്തെക്കുറിച്ചുള്ള ഗോവിന്ദന്റെ വീക്ഷണം ആഴത്തിലുള്ള ഒന്നായിരുന്നു. അത് ആദരണീയമായൊരു മൂല്യമായി അദ്ദേഹം കണ്ടു. സ്വതന്ത്രബുദ്ധിജീവികളോടും നവോത്ഥാന നായകരോടുമുള്ള അദ്ദേഹത്തിന്റെ ആദരവിന് അത്തരമൊരു മാനം കൂടിയുണ്ട്. കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ നാരായണഗുരു, സഹോദരൻ അയ്യപ്പൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരോടൊപ്പം മാർക്‌സും ഗാന്ധിയും ഗോവിന്ദന്റെ ആദരവിന് പാത്രമാകുന്നുണ്ട്. ഇവർക്ക് പ്രതിഭാശാലികളായ ചരിത്രപുരുഷന്മാരുടെ കൂട്ടത്തിലാണ് അദ്ദേഹം സ്ഥാനം നൽകിയിട്ടുള്ളത്.

ഗോവിന്ദന്റെ എഴുത്തുകളിൽ ശ്രദ്ധേയമായ ഒരു ഭാഗം മാർക്‌സ്, ഗാന്ധി, എം.എൻ. റോയി എന്നിവരെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകളാണ്. അതുപോലെ ഐൻസ്റ്റീനെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. റസ്സലിന്റെ ന്യൂക്ലിയർ വാർഫെയർ എന്ന പുസ്തകം അദ്ദേഹം വിവർത്തനം ചെയ്തു. ""മനുഷ്യവർഗത്തിന്റെ മുരട് മനുഷ്യനാണ്'' എന്നു പ്രസ്താവിച്ച മാർക്‌സിനെ ഹ്യൂമനിസത്തിന്റെ ഒരു കണ്ണിയായും മഹാനായ ബുദ്ധിജീവിയായും അദ്ദേഹം അവതരിപ്പിച്ചു. ഗാന്ധിയെ വിമർശിച്ചും പഠിച്ചും കൂടെക്കൂട്ടി. ഇതൊക്കെ ഗോവിന്ദനിലെ ആശയപ്രഭാവങ്ങളുടെയും ധൈഷണികസാഹോദര്യത്തിന്റെയും അടയാളങ്ങളായി മനസ്സിലാക്കേണ്ടതാണ്.▮

(1. ജയപ്രകാശ് നാരായണന് കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റുകളിലുണ്ടായിരുന്ന പ്രഭാവത്തെക്കുറിച്ചും ഇവിടെ പരാമർശിക്കുന്ന ലഘുലേഖയ്ക്കുണ്ടായ സ്വീകാര്യതയെക്കുറിച്ചും മനസ്സിലാക്കാൻ കാണുക: സ്മൃതിപർവം, ആത്മകഥ, പി.കെ. വാരിയർ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ, 2005, പുറം 69-73.)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments