കൊറോണ ഉണ്ടാക്കിയത് ദൂരങ്ങൾ ആണ്. അടച്ചിട്ട നഗരങ്ങളും ഗ്രാമങ്ങളുമാണ്. നിശ്ചലതകളാണ്. മൃത്യുദേവത കൂടെയുണ്ട് എന്ന് ഇന്ന് എല്ലാവർക്കുമറിയാം. ആരും എപ്പോഴും മരിക്കാം. അന്ധയും ബധിരയും മൂകയും പിംഗലകേശിനിയുമായ മൃത്യുദേവത ലോകത്താകമാനമായി കോടിക്കണക്കിന് മനുഷ്യരെ കൊണ്ടുപോയി. കൊറോണ പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുന്നു. ലോക്ഡൗൺ മൂലം പരിമിതികളിലാണ് എല്ലാവരുടെയും ജീവിതം. ഒരുതരം സ്‌കീസോഫ്രേനിയാക് അവസ്ഥയിലേയ്ക്ക് ഇത് മനുഷ്യരെ കൊണ്ടുപോയി. ഇതിനിടയിൽ നല്ല മനുഷ്യർ ആളുകളെ സഹായിക്കുന്നു. ആരോഗ്യപാലകരും മരിക്കുന്നു. പാവപ്പെട്ടവർ മുണ്ടുമുറുക്കിയുടുത്തു ജീവിക്കുന്നു. വീടുകത്തുമ്പോൾ വാഴ വെട്ടുന്നവരും ഉണ്ട്.
ഇക്കാലത്ത് കവിത മനുഷ്യഹൃദയങ്ങളെ പ്രതിഫലിപ്പിച്ചു. കവിതകളാണ് ഇക്കാലത്തെ പ്രധാനമായും മുന്നോട്ടുകൊണ്ടുപോയത്. ദൃശ്യകലകൾക്ക് പരിമിതിയുണ്ടായിരുന്നു. എന്നാൽ എഫ്.ബി.യിലും വാട്ട്‌സാപ്പിലും കവിതകൾ പ്രചരിച്ചു. കൊറോണയെ അതിജീവിക്കുന്ന ഗൂഗിൾ മീറ്റ് പോലുള്ള സൈബർ പ്ലാറ്റ്ഫോമുകൾ ഉണ്ടായി. ദേശീയവും അന്തർദേശീയവുമായ സെമിനാറുകൾ സാധ്യമായി. കഴിഞ്ഞവർഷം മഹാരാജാസിൽ ഞങ്ങളൊരുക്കിയ ഗൂഗിൾ പ്ലാറ്റ് ഫോമിൽ (ഇരുപതിലധികം) കവികളായ ചേരൻ രുദ്രമൂർത്തി (ടൊറന്റോ), ജയൻ ചെറിയാൻ, ഡോണ മയൂര (അമേരിക്ക), മന്ദാക്രാന്താ സെൻ (ബംഗാൾ) എന്നിവർ വന്നു. നാട്ടിലെ കൂടാതെ അമേരിക്കയിലെ ഒരു ഓൺലൈൻ സാഹിത്യപരിപാടിയിൽ പങ്കെടുക്കാൻ സൂമിലൂടെ അടുത്തകാലത്ത് എനിയ്ക്കും സാധ്യമായി.
പാൻഡെമിക് കാലഘട്ടം ഒരു ആഗോളപ്രതിഭാസമാകയാൽ ലോകത്തെല്ലായിടത്തും പലരും കവിതകളിൽ അഭയം കണ്ടെത്തിയിട്ടുണ്ട്. അത്തരം ചില കവിതകൾ ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ലഭിക്കുകയുണ്ടായി.
അങ്ങനെയിരിക്കേയാണ് ക്ലബ് ഹൗസ് എന്ന ഒരു സൈബറിടം പുതുതായി രൂപപ്പെട്ടത്. അതിൽ ധാരാളം വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. മതവിഷയങ്ങൾ ചർച്ച ചെയ്യുന്നിടത്താണ് കൂടുതൽ ആളുകളും ഉള്ളത്. കവിയരങ്ങുകളും കവിതാപുസ്തക പ്രകാശനവും സാധ്യമായി. കവിതയ്ക്ക് കൂടുതൽ അനുകൂലമാണ് സെബറിടങ്ങൾ എന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ല. കാരണം കവിതയുടെ രൂപപരമായ പ്രത്യേകതയാണ്. കവിത വായിക്കാനല്ല എഴുതാനാണ് കൂടുതൽ പേർക്കും താല്പര്യം. ഇന്ന് കവിത എങ്ങനെ വേണമെങ്കിലും എഴുതാം എന്നത് മറ്റൊരു കാര്യമാണ്. കവിതയ്ക്ക് നിശ്ചിതമായ രൂപം ഉത്തരാധുനിക കാലത്തില്ല. ഒരു ആവിഷ്‌കാരം മാത്രമാണ് സാധാരണഗതിയിൽ കവിത. നൈമിഷികമാണ് അതിന്റെ നിലനില്പുമെന്നു പറയാം.
പാൻഡെമിക് കാലഘട്ടം ഒരു ആഗോള പ്രതിഭാസമാകയാൽ ലോകത്തെല്ലായിടത്തും പലരും കവിതകളിൽ അഭയം കണ്ടെത്തിയിട്ടുണ്ട്. അത്തരം ചില കവിതകൾ ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ലഭിക്കുകയുണ്ടായി. വാഷിങ്ടൺ പോസ്റ്റിലും ന്യൂയോർക്ക് ടൈംസിലും പാൻഡെമിക് കാലത്തെ കവിതകൾ കണ്ടിട്ടുണ്ട്. കോവിഡ് - 19 പാൻഡെമിക് പോയംസ് എന്ന ഒരു സമാഹാരവും കണ്ടിട്ടുണ്ട്. കുട്ടികളെഴുതിയ കവിതകളും മുതിർന്നവരെഴുതിയ കവിതകളും ഉൾപ്പെടുന്നുണ്ട്.
ന്യൂയോർക്ക് ടൈംസിൽ 2021-ൽ വന്ന ആർട്ടിക്കിളിൽ ഒരു മനഃശാസ്ത്രജ്ഞൻ കവിതയുടെ ചില സാധ്യതകളെപ്പറ്റി ഇങ്ങനെ പറയുന്നു:
""As a therapist, I have collected poems along the way that I thought had the power to heal, inspire or, at the very least, bring joy.'
ചില ഭാഗങ്ങൾ ഒരു മാതൃകയ്ക്കായി താഴെ കൊടുക്കാം
മെക്‌സിക്കോയിൽ നിന്നൊരു കുട്ടി എഴുതി.
"Before the virus, I went to school, everything was happy.Now I see people with face masks and few carsbut I am happier to have more time with my mom and I have more days to play.I'm afraid that my family and friends will get sick.I miss playing with my friends at school.'
മറ്റൊരാൾ എഴുതുന്നു.In the Time of Pandemic എന്ന കവിതയിൽAnd the people stayed home.And they read books, and listened, and rested, andexercised, and made art, and played games, andlearned new ways of being, and were still.
ഞാൻ തന്നെ ഇക്കാലത്ത് അനിശ്ചിതം, പിംഗളകേശിനി തുടങ്ങിയ ചില കവിതകൾ എഴുതിയിരുന്നു.അനിശ്ചിതത്തിലെ ചില വരികൾ താഴെ കൊടുക്കാം:
ഒടുങ്ങുന്ന പകൽ എന്ന തീവണ്ടിയിൽ ഉറങ്ങുന്ന ഗ്രാമത്തിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ ഉറക്കമിളപ്പ് എന്ന പേരിൽ ഒരു ചെറുവണ്ടിയും ഉണ്ടായിരുന്നില്ല സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചു. ഉറങ്ങുന്ന ഗ്രാമത്തിൽ എത്താനായിട്ട് ഒരു വണ്ടി കിട്ടാൻ വഴിയുണ്ടോ? അയാൾ പറഞ്ഞു: ഇവിടെ നിന്നുള്ള പ്രതീക്ഷ എന്ന പേരുള്ള ഓട്ടോറിക്ഷാ ഓട്ടം മതിയാക്കി വിശപ്പിന്റെ ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടു. താങ്കളുടെ ഗ്രാമം എന്നേ മരിച്ചിരിക്കുന്നു ഭൂപടത്തിൽ അങ്ങനെ ഒരു ഗ്രാമമേയില്ല അയാൾ ദുഃഖത്തോടെ പറഞ്ഞു.
ഇതിനെത്തുടർന്നാണ് യാദൃച്ഛികമായി ഞാൻ പുതുകവിതയ്‌ക്കൊരു മാനിഫെസ്റ്റോ എഴുതിയത്. കവിതയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമായിരുന്നു അത്. 23 കുറിപ്പുകളാണ് എഫ്.ബി.യിൽ എഴുതിയത്. അത് എന്നെ എത്തിച്ചത് ‘എമേർജിങ് പോയട്രി’ എന്ന ഒരു പുതിയ മൂവ്‌മെൻറിലേക്കാണ്. നാളിതുവരെയുള്ള കവിതയുടെ രചനാരീതികളും തീമുകളും ഉപേക്ഷിച്ച് പുതിയ ഒരു തലത്തിലേക്ക് കവിതയെ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. അത് ഇങ്ങനെ വിശദീകരിക്കം. മലയാളകവിത 2000 മുതൽ തുടരുന്ന സ്ത്രീ, ദലിത്, പരിസ്ഥിതി, ആദിവാസി എന്നീ പിരിവുകളുണ്ട്. അവയ്ക്കതീതമായി എല്ലാവരെയും പുതിയ ഒരു ഐക്യത്തിലെത്തിക്കാനുള്ള ശ്രമമാണ് എമേർജിങ് പോയട്രി. ഒരു ഉണർത്തുകവിതയാണത്. എല്ലാവരും ഉൾപ്പെടുന്ന പുതിയ ഒരു മുഖ്യധാരയെ നിർമിക്കാനുള്ള ശ്രമമാണത്. ഒരു മെയിൻ സ്ട്രീമിങ് കവിതയാണ്. കവിതയുടെ ഒരു പൊതുപ്ലാറ്റ്ഫോമാണ് ഉദ്ദേശിക്കുന്നത്.
കവിതയിലെ പുതുപരീക്ഷണങ്ങൾക്കും കാവ്യപരമായ ഊന്നലുകൾക്കും അത് പ്രാധാന്യം നല്ക്കുന്നു. നിർമിതിയ്ക്കെതിരായി നിലനിൽക്കുന്ന പരിസ്ഥിതിവാദത്തെ തള്ളുന്നു. പരിസ്ഥിതി + നിർമിതി എന്ന സമവായം കൊണ്ടുവരുന്നു. സമകാലിക ദൃശ്യകലാ ലോകത്ത് (ചിത്രകല, ശില്പകല, സിനിമ) സംഭവിച്ച മാറ്റങ്ങളെ കവിതാവ്യവഹാരത്തിൽ ഉൾപ്പെടുത്തുന്നു. വിഷ്വൽ പോയട്രിയുടെ സാധ്യതകൾ അന്വേഷിക്കുന്നു. കൺസപ്ച്വൽ പോയട്രിയെ മനസിലാക്കുന്നു. അത്തരമൊരു സങ്കല്പവുമായി ബന്ധപ്പെട്ട് ചില കവിതകൾ ഞാൻ എഴുതിയിരുന്നു. അവ എമേർജിങ് പോയട്രിയിലേക്കുള്ള ശ്രമങ്ങൾ ആണ്. അവ താഴെ കൊടുക്കാം.
കാണുക
ഒരു മേശ, കുപ്പി , ഗ്ലാസ്. ഇതൊരു സ്റ്റിൽ ലൈഫ് ആകാം. ഒരു മുറിയിലെ ദൃശ്യം ആകാം. കുപ്പിയിൽ വെള്ളം നിറയ്ക്കാം. മദ്യം നിറയ്ക്കാം. കുപ്പി എടുത്തുമാറ്റി അവിടെ പുസ്തകം വയ്ക്കാം. ഗ്ലാസിന് പകരം പൂപ്പാത്രം വയ്ക്കാം. മേശ മാറ്റി ഒരാളുടെ കൈയിൽ കുപ്പിയും ഗ്ലാസും കൊടുക്കാം. മേശ മാറ്റി മതിലിൽ കുപ്പിയും വെള്ളവും വയ്ക്കാം. മൂന്നു വസ്തുക്കളെയും മാറ്റി ഒരു കടുവയെ വയ്ക്കാം, തോക്കുവയ്ക്കാം, ഒരു കൈപ്പത്തി വയ്ക്കാം. വസ്തുക്കളെ കുറയ്ക്കാം, കൂട്ടാം. മാറ്റാം. മൂന്ന് എന്ന എണ്ണം ശ്രദ്ധിച്ചാൽ ക്രമമുണ്ടാകും.
നിർമമത
കട്ടിലിൽ നഗ്‌നയായ ഒരുവൾ ഇങ്ങോട്ടു തിരിഞ്ഞുകിടക്കുന്നു. കിടക്കയ്ക്ക് ഇലകളും പലനിറങ്ങളുള്ള പൂവുകളും ഡിസൈൻ. അവളുടെ കണ്ണിന്റെ കൃഷ്ണമണിയിൽ കതകുതുറന്നു വരുന്ന ഒരാളുടെ തിളക്കം. ഞാൻ അയാളിലേയ്ക്കുതന്നെ പിന്തിരിഞ്ഞു നടന്നു.
വാക്കുകൾ ഇല്ലാത്ത കവിത
തുറസായ കടലാസിലേക്ക് നോക്കി ഞാനിരുന്നു. അതൊരു ആകാശമാണെന്ന് കരുതി. ഒരു സൂര്യനെയും രണ്ട് ചന്ദ്രനെയും മൂന്ന് നക്ഷത്രങ്ങളെയും വരച്ചു. സൂര്യന് മഞ്ഞനിറവും ചന്ദ്രന് പിങ്ക് നിറവും നക്ഷത്രങ്ങൾക്ക് നീലനിറവും കൊടുത്തു. ആകാശത്തിന് ചുവപ്പിന്റെ പല നിറങ്ങളും അല്പം പച്ചയും നല്കി. ഒരു വാക്കുപോലും എനിയ്ക്ക് എഴുതാൻ പറ്റിയില്ല. പക്ഷേ ഇതെനിയ്ക്ക് വായിക്കാൻ പറ്റും. ചിത്രങ്ങളിലെ രൂപങ്ങളിൽ നിന്നും നിറങ്ങളിൽ നിന്നും വാക്കുകളിലേയ്ക്കുപോകാൻ പറ്റും. തിരിച്ച് ചിത്രങ്ങളിലേയ്ക്കും. എനിയ്ക്കു മാത്രമല്ല നിങ്ങൾക്കും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.