ട്രൂ കോപ്പി തിങ്ക് വെബ്സീൻ പാക്കറ്റ് 187-ൽ വായന എന്ന വിഷയത്തിൽ ഇരുപത്തിയഞ്ച് ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. ഒരു വിഷയത്തെ അധികരിച്ച് ഇത്രയും വിപുലമായി മലയാളത്തിൽ ഒരു ആനുകാലികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി അധികം ശ്രദ്ധയിൽ പെട്ടിട്ടില്ല. വെബ്സീനിലെ മിക്ക ലേഖനങ്ങളിലും ചില വിഷയങ്ങൾ പൊതുവായി വരുന്നുണ്ട്. അതിൽ പ്രധാനം സമകാലിക ലോകത്തെ സവിശേഷതയായ പുസ്തകാഘോഷങ്ങളാണ്.
സാഹിത്യത്തിൻ്റെ ഉത്സവങ്ങൾ, സോഷ്യൽ മീഡിയ, പുസ്തകങ്ങളുടെ പരസ്യം എന്നിവയുടെ കുത്തൊഴുക്കിനെ എഴുത്തുകാരും കാര്യമായി തന്നെ പിന്തുണയ്ക്കുന്നുണ്ട്. എങ്ങനെയെങ്കിലും വായന വളരട്ടെയെന്നാണ് മിക്കവരുടെയും അഭിപ്രായം. ലളിതമായ പുസ്തകങ്ങൾ വായിച്ചുതുടങ്ങുന്നവർ പതുക്കെ ഗൗരവ വായനയിലേക്ക് ഉയർന്നുവരും എന്നൊരു അഭിപ്രായവും അതിനോടു കൂട്ടി ചേർക്കുന്നുണ്ട്. അതിലെല്ലാം എത്രമാത്രം ശരിയുണ്ട്?
മുമ്പും ഗൗരവം കുറഞ്ഞ ലളിത വായനകളുണ്ടായിരുന്നു. അതു പക്ഷേ പൈങ്കിളി എന്ന ലേബലിൽ വേറൊരു വിഭാഗമായി വേറിട്ടു നിൽക്കുകയായിരുന്നു. നിരൂപകർ ആരും തന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കുകയോ അവയെ വിമർശിക്കാൻ മുതിരുകയോ ചെയ്തിരുന്നില്ല. അത്തരം പുസ്തകങ്ങൾ അതിൻെറ വഴിക്കു പൊയ്ക്കോട്ടെ എന്നല്ലാതെ അതിനെ പുകഴ്ത്തുവാനോ ഇകഴ്ത്തുവാനോ ആരും ശ്രമിച്ചിരുന്നില്ല. ഒരു വിഭാഗം ആളുകൾക്ക് രസിക്കുന്ന എഴുത്ത് എന്ന രീതിയിലാണ് ഇത് പരിഗണിക്കപ്പെട്ടിരുന്നത്.
ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. ഗൗരവമുള്ള പുസ്തകങ്ങളേക്കാൾ, ലളിത വായനയ്ക്ക് മാത്രം ഉതകുന്ന, മുമ്പ് പൈങ്കിളി എന്ന് വിളിക്കപ്പെട്ടിരുന്ന പുസ്തകങ്ങളാണ് പ്രസാധകർ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. അവയിൽ പലതും ബെസ്റ്റ് സെല്ലറുകളാകുകയും ആ ഒരു കാരണം കൊണ്ടു തന്നെ ധാരാളം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. പുസ്തകം കൂടുതൽ വിൽക്കപ്പെടുവാനും അത് കാരണമാകുന്നു.
ഇക്കാലത്തെ കൊട്ടിഘോഷിക്കപ്പെടുന്ന പുസ്തകങ്ങളെ വിമർശിക്കാൻ നിരൂപകർ മടിക്കുകയാണ്. അപൂർവം ചിലർ ഗൗരവവായനയിലേക്ക് എത്തിച്ചേരാമെങ്കിലും ബഹുഭൂരിഭാഗവും ആഴം കുറഞ്ഞ വായനയുടെ അവസാനപടവിൽ തന്നെയിരുന്ന് കാലം കഴിക്കുവാനാണ് സാധ്യത. ജീർണമായ വാഴ്ത്തുപാട്ടുകളുടെ ശീലത്തിൽ നിന്നും പുറത്തു കടക്കുക പ്രയാസമാണ്.
ഒരു ഫിലിം സൊസൈറ്റിയുടെ ചടങ്ങിൽ മലയാളത്തിലെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷണൻെറ സ്വയംവരം എന്ന ചലച്ചിത്രം പ്രദർശിച്ചപ്പോൾ, എങ്ങനെ ഇതു സഹിച്ചിരുന്നു കാണുന്നു എന്നാണ് ഒരു പ്രേക്ഷകൻ ഖേദം കൊണ്ടത്. യഥാർഥത്തിൽ എത്ര ലളിതവും കലാത്മകവുമാണ് സ്വയംവരം എന്ന ചലച്ചിത്രം? അതിനു പകരം അടൂരിൻ്റെ അത്ര എളുപ്പം മനസിലാക്കാൻ കഴിയാത്ത വേറെയേതെങ്കിലും ചലച്ചിത്രമാണ് പ്രദർശിപ്പിച്ചിരുന്നതെങ്കിൽ ആ കാണി എന്തു പറയുമായിരുന്നുവെന്നാണ് ഞാൻ ആലോചിച്ച് പോയത്.
തീരെ വിലകുറഞ്ഞ ഒരു ഭാവുകത്വത്തിനകത്താണ് മലയാളത്തിലെ ബഹുഭൂരിഭാഗം വായനക്കാരും പ്രേക്ഷകരും. ഇത് അപകടകരമായ അവസ്ഥയാണ്. കാരണം അത്തരമാളുകൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിൻ്റെ സർവതലങ്ങളും സമാനമായ രീതിയിൽ ജീർണാവസ്ഥയിൽ അകപ്പെട്ടുപോകും. അരാഷ്ട്രീയവാദികളും അന്ധവിശ്വാസികളും മൂല്യമില്ലാത്തവരും സഹൃദയരല്ലാത്തവരും ഭൂരിപക്ഷമാകുന്ന ഒരു രാഷ്ട്രത്തിൽ അതേ സ്വഭാവമുള്ള ഒരു ഭരണകൂടമായിരിക്കും തിരഞ്ഞെടുക്കപ്പെടുക.
വ്യക്തികൾ ചിന്താശേഷിയും വിവേകവും ഉള്ളവരാകുകയും അത്തരം വ്യക്തികളുടെ എണ്ണം അധികമാവുകയും ചെയ്യുമ്പോഴാണ് ഒരു രാഷ്ട്രം മതേതരവും ജാതിമുക്തവും ഉയർന്ന ജനാധിപത്യ ബോധമുള്ളതുമായി മാറുക. എന്നാൽ ഇപ്പോഴത്തെ വായനയുടെ സ്വഭാവവും വാഴ്ത്തുപാട്ടുകളും എന്തിനെയാണ് കൂടുതലായി വളരാൻ സഹായിക്കുന്നത്? പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയല്ല, പകരം ജീർണതയെ കൂടുതൽ ജീർണമാക്കാനുള്ള യത്നങ്ങളാണ് സർവതലങ്ങളിലും ബുദ്ധിജീവികളിൽ നിന്നടക്കം ഉണ്ടാകുന്നത്.
നല്ല കല ചെറിയൊരു ന്യൂനപക്ഷത്തിനു മാത്രമേ ഉൾക്കൊള്ളാനും ആസ്വദിക്കാനും സാധിക്കുന്നുള്ളൂ എന്നത് നമ്മുടെ നിലവാരക്കുറവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. എഴുത്ത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. എന്നാൽ, വായന ഏതൊരാൾക്കും നന്നായി മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കും. വായിച്ചില്ലെങ്കിൽ എന്താണു കുഴപ്പമെന്ന് ധൈഷണിക മേഖലയിലുള്ളവർ പോലും ഇപ്പോൾ ചോദിച്ചുതുടങ്ങിയിരിക്കുന്നു. വായിച്ചതുകൊണ്ട് ആരും നന്നാകാനൊന്നും പോകുന്നില്ല എന്നുകൂടി അവർ അതിനോട് കൂട്ടിചേർക്കുന്നു.
വായന വർദ്ധിച്ചിട്ടുണ്ട് എന്നതാണ് പുതിയ കാലത്തെ എഴുത്തിൻെറ ലോകത്ത് നിന്നുള്ള മറ്റൊരു അവകാശവാദം. അതിൻ്റെ അളവുകോൽ എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ നാലു വർഷത്തിനിടയിൽ പുസ്തകങ്ങളുടെ വില അമ്പതു ശതമാനത്തിലധികം വർദ്ധിച്ചിട്ടും പുസ്തകവില്പന വളരെയധികം കൂടിയിട്ടുണ്ടെന്നാണ് പ്രസാധകർ അഭിപ്രായപ്പെടുന്നത്. പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണത്തിൻെറ കാര്യത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.
നമ്മുടെ ലൈബ്രറികളെല്ലാം പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുതിയ അലമാരയിടാനോ പുസ്തകങ്ങൾ സൂക്ഷിക്കാനോ പലയിടത്തും സ്ഥലമില്ലാത്ത അവസ്ഥയാണ്. വർഷത്തിൽ രണ്ടു തവണ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ അവസരവും ലഭിക്കുന്നുണ്ട്. ഇറങ്ങുന്ന പുതിയ പുസ്തകങ്ങളെല്ലാം ലൈബ്രറികളിൽ ലഭ്യമാണ്. എന്നാൽ ലൈബ്രറികളിൽ പോയി പുസ്തകമെടുത്ത് വായിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നതാണ് യാഥാർഥ്യം. എന്നാൽ വിപണിയിൽ പുസ്തകങ്ങൾ വിൽക്കപ്പെടുന്നുണ്ട്. വാങ്ങുന്ന പുസ്തകങ്ങളെല്ലാം വായിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നായിരിക്കും അതിനുള്ള ഉത്തരം.
കയ്യിൽ കിട്ടിയതെന്തും വായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്. എന്നാൽ അത് നല്ല വായനയുടെ ലക്ഷണമല്ല. എന്തും വായിക്കുന്നതല്ല പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. വായനയിൽ നല്ലതും ചീത്തയുമുണ്ട്. നല്ല സാഹിത്യവും ചീത്ത സാഹിത്യവുമുണ്ട്. അതിനാൽ വായനയിൽ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. എന്ത് വായിക്കാൻ എടുക്കുമെന്ന തിരഞ്ഞെടുപ്പിൽ തെറ്റുപറ്റിയെന്നിരിക്കട്ടെ, അത് തിരിച്ചറിഞ്ഞ് നാം വായനയുടെ വഴി മാറ്റുകയാണ് ചെയ്യേണ്ടത്.