എ.കെ. റിയാസ് മുഹമ്മദ്​

ദ്രാവിഡത്തിന്റെ
​പുതുകാല വിവർത്തനങ്ങൾ

2000-ന്റെ തുടക്കത്തിൽ തമിഴിൽനിന്ന് അശോകമിത്രന്റെ ‘പുലിക്കലൈഞ്ജൻ' എന്ന കഥ വിവർത്തനം ചെയ്​താണ് എ.കെ.​ റിയാസ് മുഹമ്മദ്​ വിവർത്തനത്തിലേക്ക് കടന്നുവരുന്നത്. അതേകാലത്ത് കന്നഡയിൽനിന്ന് ബൊളുവാർ മുഹമ്മദ് കുഞ്ഞിയുടെ ‘ആഖിറത്ത്' എന്ന നീണ്ടകഥയും കന്നഡയിലെ പുതുതലമുറ എഴുത്തുകാരൻ വസുദേന്ദ്രയുടെ ‘ചുവന്ന തത്ത' എന്ന കഥയും വിവർത്തനം ചെയ്​തു. പത്തോളം സമകാലിക കന്നട കഥകൾ ‘ചുവന്ന തത്തയും മറ്റ് കഥകളും’ എന്ന പുസ്​തകമായി പ്രസിദ്ധീകരിച്ചു. കൂടാതെ തമിഴിൽ നിന്നും സിംഹളയിൽ നിന്നും പതിനഞ്ചോളം കഥകളും റിയാസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്​തു.

പ്രദേശിക ഭാഷാചരിത്രകാരൻ കൂടിയായ റിയാസ് സമീപകാലത്ത് ശ്രീലങ്കയിൽ നിന്നിറങ്ങുന്ന ‘വിയൂഗം' മാസികയിൽ ഇ. സന്തോഷ് കുമാർ, സുഭാഷ് ചന്ദ്രൻ, വി. മുസഫർ അഹമദ് എന്നിവരുടെ കഥകൾ തമിഴിലേക്ക് മൊഴിമാറ്റി 'എതിർ വിവർത്തന'ത്തിലും ശ്രദ്ധിച്ചു. വിവിധ ഭാഷകളിലേക്കുള്ള വിവർത്തനാനുഭവങ്ങളെക്കുറിച്ചും വടക്കൻ കേരളത്തിലെ ഭാഷാചരിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

മുരളി മീങ്ങോത്ത്: കേരളത്തിന്റെ വടക്കേയറ്റത്ത് ഉപ്പള എന്ന സ്ഥലത്താണല്ലോ താങ്കൾ ജനിച്ചത്​. ആ പ്രദേശം നിരവധി ഭാഷകളാൽ സമൃദ്ധമാണ്. തമിഴാണെങ്കിൽ ആ ഭാഷകളിൽ പെടുന്നുമില്ല. തമിഴ് ഭാഷ പരിചയിച്ചത്​ എങ്ങനെയാണ്?

എ. കെ. റിയാസ് മുഹമ്മദ്: എല്ലാ മനുഷ്യരും ബഹുസ്വത്വം പേറുന്നവരാണ്. ഏകസ്വത്വത്തിലും ഏകസ്വരത്തിലും വിശ്വസിക്കുന്നത് ഫാഷിസമാണ്. ബഹുസ്വത്വം എന്നതിൽ ഒരാളുടെ ഭാഷയും പ്രദേശവും ആശയവും മാത്രമല്ല അടങ്ങിയിരിക്കുന്നത്, മറിച്ച് അവന്റെ / അവളുടെ ഒരു ഭാഗമാണ്. പാടങ്കര ഭഗവതി കൂടി ഉൾക്കൊണ്ടതാണ് എ. കെ. റിയാസ് മുഹമ്മദ് എന്ന സ്വത്വം. ആ ഒരു ഘടകം ഒഴിവാക്കിയാൽ ഞാനെന്ന വ്യക്തി ഇല്ലാതാവും. തമിഴ് എന്ന ഭാഷയോട് ഇഷ്ടം തോന്നാനുള്ള കാരണവും എന്റെയുള്ളിലെ പല സ്വത്വഘടകങ്ങളിലൊന്നായ ‘ദ്രാവിഡം' എന്ന വികാരം കൂടിയാണ്. തമിഴരാണ് ആ വികാരത്തെ ഉയർന്നനിലയിൽ ഉയർത്തിപ്പിടിക്കുന്നതെന്ന കാര്യം താങ്കൾക്കറിവുള്ളതാണല്ലോ. ഉപ്പളഗേറ്റ് എന്ന എന്റെ സ്ഥലത്തിനടുത്ത് ഒരു റെയിൽവേ ഗേറ്റുണ്ട്. അവിടെ ഗേറ്റ്കീപ്പർമാരായി തമിഴരായ ആളുകളുമുണ്ടായിരുന്നു. ചെറുപ്പം മുതലേ വായനയിൽ താൽപര്യമുണ്ടായിരുന്നതുകൊണ്ട് എഴുതിക്കാണുന്ന എല്ലാത്തിലേക്കും നോട്ടം പായിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ തമിഴ്നാട്ടുകാരായ ഗേറ്റ്കീപ്പർമാർ അവരുടെ ഒഴിവുസമയത്ത് തമിഴ് ഭാഷയിലുള്ള മാഗസിനുകൾ വായിക്കുന്നത് കാണാം. അങ്ങനെ കുമുദം, കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിച്ചുതുടങ്ങി.

കന്നഡ കഥകളെ ആദ്യമായി പരിഭാഷപ്പെടുത്തിയ അനുഭവം എങ്ങനെ ആയിരുന്നു?

അശോകമിത്രന്റെ ‘പുലിക്കലൈഞ്ജൻ' എന്ന കഥയാണ്​ ആദ്യം വിവർത്തനം ചെയ്​തത്​. രണ്ടാമത് ചെയ്യുന്ന വിവർത്തനവും അദ്ദേഹത്തിന്റെ മറ്റൊരു കഥയായിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ മാധ്യമം ആഴ്​ചപ്പതിപ്പ്​ ബൊളുവാർ മുഹമ്മദ് കുഞ്ഞിയുടെ ‘ഇമാറത്ത്' എന്ന കന്നഡ കഥയുടെ വിവർത്തനം പ്രസിദ്ധീകരിച്ചു. ആ കഥ വായിക്കുന്നതുവരെ ഞാൻ പരിചയിച്ചിരുന്ന കന്നഡ എഴുത്തുകാർ യു. ആർ. അനന്തമൂർത്തിയും പി. ലങ്കേഷും ശ്രീകൃഷ്ണ ആലനഹള്ളിയും ഗിരീഷ് കർണ്ണാടും മറ്റുമായിരുന്നു. ഒരു മുസ്​ലിം പേരുള്ള എഴുത്തുകാരൻ, അതും തുളുനാടൻ പരിസരത്തെ സർഗാത്മക സാഹിത്യത്തിലേക്ക് പകർന്ന ഒരാൾ കന്നഡ സാഹിത്യത്തിലുണ്ടെന്ന കാര്യം ‘ഇമാറത്ത്' എന്ന കഥയുടെ വായനക്കുശേഷമാണ് മനസ്സിലാക്കിയത്. ആ കഥയിൽ പ്രതിപാദിക്കുന്ന വിഷയയും അതിലെ ഭൂമികയും ഞാൻ വളർന്നുവന്ന സാംസ്‌കാരികതയുമായി വളരെയടുത്തു നിൽക്കുന്ന ഒന്നായിരുന്നു. ആ വായനയാണ് കന്നഡയിൽനിന്നുള്ള ആദ്യ മൊഴിമാറ്റത്തിന്റെ പിറവിക്ക്​ കാരണമായത്​. ബൊളുവാറിന്റെ ‘ആഖിറത്ത്' എന്ന നീണ്ടകഥ കാസറഗോഡുനിന്നുള്ള ‘ഉത്തരദേശം' പത്രത്തിന്റെ വാരാന്തപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്.

തമിഴിൽ ആധുനിക കാലത്ത് പെരിയാറിന്റെ ദ്രാവിഡ ആദർശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാഹിത്യത്തെയാണ് തമിഴ് സാഹിത്യമായി അവതരിപ്പിച്ചിരുന്നത്. അതിന് സമാന്തരമായി സർഗാത്മക രചനകളുമുണ്ടായിക്കൊണ്ടിരുന്നു.

മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വസുദേന്ദ്രയുടെ ‘ചുവന്ന തത്ത' എന്ന കഥ മികച്ച വായനാനുഭവമായിരുന്നു. അതിനെ തുടർന്ന് കന്നഡയിലെ നിരവധി സമകാലിക കഥാകാരരെയും താങ്കൾ മലയാളത്തിൽ പരിചയപ്പെടുത്തിയിരുന്നു. ആ സമാഹാരം ഇറങ്ങിയശേഷമുള്ള പ്രതികരണം എങ്ങനെയായിരുന്നു?

‘ആഖിറത്ത്' പ്രസിദ്ധീകരിച്ച് അടുത്ത വർഷം ഞാൻ പ്രവാസിയായി. ആ കാലത്തിനിടയിൽ തമിഴിൽനിന്ന് സൽമയുടെ കവിതകൾ മാത്രമാണ് മൊഴിമാറ്റിയത്. 2014ൽ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അക്കാലത്ത് വായനയും പുനരാരംഭിച്ചു. വസുദേന്ദ്രയുൾപ്പെടെയുള്ള സമകാലിക കന്നഡ എഴുത്തുകാരുടെ ഒരു പട്ടിക തയ്യാറാക്കി. നാട്ടിലെത്തിയപ്പോൾ ആ എഴുത്തുകാരുടെ പുസ്തകങ്ങൾ ശേഖരിച്ച്​ വായന തുടങ്ങി. വസുദേന്ദ്രയുടെ ‘ചുവന്ന തത്ത' പ്രസിദ്ധീകരിച്ചുവന്നപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന ശിഹാബുദ്ദീൻ ​പൊയ്​ത്തുംകടവിന്റെ ആവശ്യപ്രകാരമാണ് പിന്നീട് കന്നഡയിൽനിന്നുതന്നെ അഞ്ചു കഥകൾ മൊഴിമാറ്റം ചെയ്​തത്​. അതുകഴിഞ്ഞ് നാലു കഥകൾ കൂടി അച്ചടിച്ചു വന്നു. ഇതെല്ലാം സമാഹരിച്ചാണ് ‘ചുവന്ന തത്തയും മറ്റു കഥകളും - കന്നഡയിലെ പുതുകഥകൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്​.

കന്നഡ, മലയാളം, തമിഴ് കഥകളിലെ സാംസ്‌കാരിക, രാഷ്ട്രീയ പശ്ചാത്തലങ്ങൾക്ക് സമാനത തോന്നിയിട്ടുണ്ടോ?

മലയാള സാഹിത്യത്തിന്റെ വികാസം, കാലാനുഗുണമായ സാഹിത്യചലനത്തിനനുസരിച്ചായിരുന്നുവെന്നുകാണാം. കൊളോണിയൽ കാലത്താണ്​ ഇന്ദുലേഖ എന്ന നോവൽ പിറന്നത്. അതിനുശേഷം പ്രസിദ്ധീകരിച്ച സൃഷ്ടികളെല്ലാം അതാതു കാലത്ത് ഉയിർകൊണ്ട ചലനങ്ങൾ സ്വീകരിച്ചതായി കാണാം. അത് രാഷ്ട്രീയ പ്രത്യയശാസ്ത്രമാകട്ടെ, യൂറോപ്യൻ ജ്ഞാനോദയമാകട്ടെ, ലാറ്റിനമേരിക്കൻ സാഹിത്യമാകട്ടെ, ആധുനികതയോ ഉത്തരാധുനികതയോ ആകട്ടെ, അത്തരം ചലനങ്ങൾ ഉൾക്കൊണ്ടതായി കാണാം. ചോദ്യത്തിൽ സൂചിപ്പിച്ച മൂന്ന് ഭാഷകളും സംസാരിക്കുന്ന പ്രദേശത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്​തമാണ്. കേരളത്തെയും തമിഴ്നാടിനെയും മാറ്റിനിർത്തിയാൽ കർണ്ണാടകയിൽ വ്യത്യസ്​തമായ രാഷ്ട്രീയ സാഹചര്യം സംജാതമായിട്ടുണ്ട്. ഈ മൂന്നു ഭാഷാപ്രദേശത്തും സമാന രീതിയിൽ നവോത്ഥാന ആശയങ്ങൾ ജന്മം കൊണ്ടിട്ടുണ്ട്. കർണ്ണാടകയിലാണെങ്കിൽ ബസവണ്ണയുടെ ‘വചനഗളു' അതിൽ പ്രധാനപ്പെട്ടതാണ്. അതിന്റെ തുടർച്ചയെന്ന നിലയ്ക്കാണ് കന്നഡയിൽ ആധുനിക സാഹിത്യമുണ്ടായതെന്ന് വേണമെങ്കിൽ പറയാം. സ്വാതന്ത്ര്യകാലഘട്ടത്തിൽ രൂപപ്പെട്ട ‘നവോദയ'യായിരുന്നു ഒരു പ്രസ്ഥാനമായി കന്നഡ സാഹിത്യത്തിൽ ആദ്യം ഉടലെടുത്തത്. അത് മുന്നോട്ടുവച്ച ​ദേശീയത എന്ന ആശയം ആന്തരികമായ അഭിപ്രായവ്യത്യാസത്തിന് കാരണമായതിനെതുടർന്നാണ്​ കന്നഡ സാഹിത്യത്തിന്റെ പുഷ്‌കല കാലമെന്ന് വിശേഷിപ്പിക്കാവുന്ന ‘നവ്യ' പ്രസ്ഥാനത്തിന് പിറവികൊള്ളുന്നത്.

 ബൊളുവാർ മുഹമ്മദ് കുഞ്ഞി
ബൊളുവാർ മുഹമ്മദ് കുഞ്ഞി

തമിഴിൽ ആധുനിക കാലത്ത് പെരിയാറിന്റെ ദ്രാവിഡ ആദർശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാഹിത്യത്തെയാണ് തമിഴ് സാഹിത്യമായി അവതരിപ്പിച്ചിരുന്നത്. അതിന് സമാന്തരമായി സർഗാത്മക രചനകളുമുണ്ടായിക്കൊണ്ടിരുന്നു. നാ. പിച്ചമൂർത്തി, കാ.നാ.സു., പുതുമൈപ്പിത്തൻ എന്നിവരെപ്പോലെയുള്ള എഴുത്തുകാരുടെ പാത പിന്തുടർന്ന സുന്ദരരാമസ്വാമിയെയും അശോകമിത്രനെയും കി. രാജനാരായണനെയും പോലുള്ള എഴുത്തുകാരുടെ രചനകളാണ് ദ്രാവിഡസാഹിത്യത്തിനുള്ള ബദൽ പ്രസ്ഥാനത്തിന്​ നാന്ദി കുറിച്ചത്. അത് ‘നവീന ഇലക്കിയം' എന്നറിയപ്പെട്ടു.

ആശയപരമായി കന്നഡയിലെ 'നവ്യ'യ്ക്ക് സമാനമായി അതേ കാലഘട്ടത്തിലാണ് മലയാളത്തിൽ ‘ആധുനികത'യും തമിഴിൽ ‘നവീന'വും സമ്പന്നമാവുന്നത്. അതുകൊണ്ട്​ പ്രകടമായ രാഷ്ട്രീയാവസ്ഥ ഈ മൂന്നു പ്രദേശങ്ങളിലും വ്യത്യസ്​തമായിരുന്നെങ്കിലും ആശയപരമായി ആ മൂന്നു സാഹിത്യങ്ങളും ഏറെക്കുറെ രാഷ്ട്രീയ സമാനതകൾ പുലർത്തുന്നുണ്ട്.

എന്റെ പ്രവാസാനുഭവത്തിൽ കണ്ടുമുട്ടുന്ന തമിഴ്നാട്ടുകാരെ പരിചയപ്പെടുമ്പോൾ താങ്കൾ ഈഴത്തിൽനിന്നാണോ യാഴ്പാണത്തുനിന്നാണോ എന്നായിരിക്കും ചോദിക്കുന്നത്. ഞാൻ പരിചയപ്പെട്ട ഈഴത്തെ തമിഴർ തമിഴ്നാടിനേക്കാളും കേരളത്തോട് വാത്സല്യം പുലർത്തുന്നതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.

ശ്രീലങ്കൻ തമിഴ് എഴുത്തിനെ മലയാളികൾ അത്ര അടുത്തറിഞ്ഞിട്ടില്ല എന്ന്​ ടി. ഡി. രാമകൃഷ്ണൻ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്​. എന്തു കൊണ്ടായിരിക്കും അങ്ങനെയൊരു സ്ഥിതി?

കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കേരളത്തിന്റേതിന് സമാനമായ സ്ഥലമാണ് ശ്രീലങ്ക. മലയാളികൾ പ്രവാസികളായി കുടിയേറിയിരുന്ന സിലോൺ എന്ന സ്ഥലവവുമാണത്. തമിഴകത്തെ മാനകമായ തമിഴിന്റെ സ്വരഭേദത്തിൽനിന്ന് വ്യത്യസ്​തമായ ഒരു ശൈലിയാണ് ഈഴത്തമിഴിന്റേത്. ഒരു മലയാളി തമിഴ് സംസാരിക്കുമ്പോൾ ഈഴത്തമിഴിന്റേതിന് സമാനമായ ശൈലിയിലുള്ള വാമൊഴിയായിരിക്കും പിറക്കുക. എന്റെ പ്രവാസാനുഭവത്തിൽ കണ്ടുമുട്ടുന്ന തമിഴ്നാട്ടുകാരെ പരിചയപ്പെടുമ്പോൾ താങ്കൾ ഈഴത്തിൽനിന്നാണോ യാഴ്പാണത്തുനിന്നാണോ എന്നായിരിക്കും ചോദിക്കുന്നത്. മാത്രവുമല്ല, ഞാൻ പരിചയപ്പെട്ട ഈഴത്തെ തമിഴർ തമിഴ്നാടിനേക്കാളും കേരളത്തോട് വാത്സല്യം പുലർത്തുന്നതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാൽ ഈഴത്തെക്കുറിച്ചോ അവരുടെ സംസ്‌കാരത്തെക്കുറിച്ചോ അറിയാൻ മലയാളികൾ അത്രകണ്ട് ശ്രമിച്ചിട്ടില്ല. ശ്രീലങ്കൻ തമിഴിൽ സാഹിത്യം പിറക്കുന്നെണ്ടന്ന കാര്യം പോലും ഞാനറിയുന്നത് ടി.ഡി. രാമകൃഷ്ണൻ വിവർത്തനം ചെയ്ത ഷോഭാശക്തിയുടെ ‘മ്' എന്ന നോവലിലൂടെയാണ്.

ടി.ഡി. രാമകൃഷ്ണൻ
ടി.ഡി. രാമകൃഷ്ണൻ

പൊതുവേ തമിഴ് മലയാളത്തിന്റെ സഹോദരഭാഷയാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയമായി ഈ രണ്ടു ജനതയും വ്യത്യസ്​ത വഴിയിലൂടെയാണ് സഞ്ചരിച്ചത്. സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലുകൾ വേണ്ടവിധം നിർവ്വഹിച്ചിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. നാമമാത്രമായ പാലം പണിയലുകൾ പോലും വൈയക്തികമായ ഇടപെടലുകൾ മൂലമായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. രാഷ്ട്രീയ താൽപര്യം കൂടി ഉണ്ടായാലേ ഗാഢമായ സാംസ്‌കാരികവിനിമയം സാധ്യമാവൂ. എന്നാലും സാങ്കേതികതയുടെ പുരോഗമനത്താൽ ഉടലെടുത്ത ജ്ഞാനക്കൈമാറ്റം അതിർവരമ്പുകളെ മായ്ച്ചുകളയുന്നുമുണ്ട്. സിനിമകൾ അവ ഭേദിക്കുന്നുമുണ്ട്. സാഹിത്യത്തിലും അതു സംഭവിക്കുന്നുണ്ട്. തൊട്ടടുത്ത തമിഴകത്തിൽനിന്നുള്ള പ്രധാന എഴുത്തുകാരുടെ രചനകൾ മലയാളത്തിൽ പരിചയപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന് പാ. ശിങ്കാരം, കു. പാ. രാ, സി. സു. ചെല്ലപ്പ, തഞ്ചൈ പ്രകാശ് എന്നിവരെക്കുറിച്ച് മലയാളി വായനക്കാർക്കാർക്ക് അറിയില്ല. പിന്നെ എങ്ങനെയാണ് കടലിനപ്പുറമുള്ള ഈഴ എഴുത്തുകാരായ പിത്തന്റെയും ഷണ്മുഖം ശിവലിംഗത്തിന്റേയും നീലാവണന്റെയും എസ്. എൽ. എം. ഹനീഫയുടെയും എഴുത്തുകൾ മനസിലാക്കാൻ സാധിക്കുക. അവരിൽ തന്നെ ഷണ്മുഖം ശിവലിംഗം കേരളത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ ഈഴത്തമിഴിലെ പ്രഗത്ഭ കവിയാണ്. സർഗാത്മക സാഹിത്യം ഗൗരവമായി പിന്തുടരുന്ന മലയാളി വായനക്കാരോട് ചോദിച്ചാൽ പോലും ജയകാന്തൻ, ജയമോഹൻ, പെരുമാൾ മുരുകൻ എന്ന പേരുകൾപ്പുറം മറ്റൊരു പേരു പറയാൻ സാധിക്കുന്നില്ല. പുതിയ കാലത്ത് അതിന് മാറ്റമുണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ.

തുടക്കത്തിൽ, തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ഈ രണ്ടു ഭാഷകൾക്കിടയിലും ഇംഗ്ലീഷ് എന്ന ഭാഷ ഇടനിലക്കാരനെപ്പോലെ നിലകൊണ്ടിരുന്നു.

‘വിയൂഗം' മാഗസിനുവേണ്ടി ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ' എന്ന കഥ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് പുതിയൊരു തുടക്കമായി. തമിഴ് വായനക്കാരുടെ പ്രതികരണം എന്തായിരുന്നു?

തുടക്കത്തിൽ, തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ഈ രണ്ടു ഭാഷകൾക്കിടയിലും ഇംഗ്ലീഷ് എന്ന ഭാഷ ഇടനിലക്കാരനെപ്പോലെ നിലകൊണ്ടിരുന്നു. വിവർത്തനത്തിന്റെ വഴിയിലേക്ക് മടങ്ങിവന്നപ്പോളും ‘എതിർവിവർത്തനം' ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. മനോജ് കുറൂർ, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ., ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ. ആർ. മീര തുടങ്ങിയവർ തമിഴ് വായനക്കാർക്ക് പരിചിതരാണെങ്കിലും അതേ തലമുറയിലെ മറ്റു പ്രധാന എഴുത്തുകാരുടെ രചനകളെക്കുറിച്ച് അവർക്ക് ധാരണയില്ല. എന്നാൽ കന്നഡയിൽ അതിനൊരു മാറ്റമുണ്ടാവുന്നുണ്ട്. പുതിയ തലമുറയിലെ വിവർത്തകൻ സുനൈഫ് വിട്ട്‌ള മലയാളത്തിൽനിന്നുള്ള വിവർത്തനത്തിലേർപ്പെടുന്നുണ്ട്. തമിഴിലേക്ക് കെ. വി. ശൈലജ, കെ. വി. ജയശ്രീ, യുമാ വാസുകി എന്നിവരെപ്പോലെയുള്ള എഴുത്തുകാരുടെ ശ്രമഫലമായി മലയാളത്തിലെ സൃഷ്ടികൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു പ്രധാനപ്പെട്ട സൃഷ്ടികൾ വിട്ടുപോയതായിട്ടാണ് തോന്നിയിട്ടുള്ളത്. ഇത്തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നെങ്കിലും തമിഴിലേക്കുള്ള വിവർത്തനത്തിലേർപ്പെടണമെന്ന് തോന്നിയിരുന്നില്ല. അതിന് മാറ്റം വരാനുള്ള കാരണം ശ്രീലങ്കൻ തമിഴ് എഴുത്തുകാരനും സുഹൃത്തുമായ റഷ്മിയുടെ നിർബന്ധമായിരുന്നു. ശ്രീലങ്കൻ തമിഴിലെ പ്രധാന എഴുത്തുകാരനും ‘വിയൂഗം' മാഗസിന്റെ പത്രാധിപരുമായ ഉമാ വരദരാജന്റെ ആവശ്യപ്രകാരമാണ് റഷ്മി എന്നോട് ‘എതിർവിവർത്തനം' ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചത്. ആദ്യമായി മനസിലേക്ക് കടന്നുവന്നത് ‘നാരകങ്ങളുടെ ഉപമ' എന്ന കഥയായിരുന്നു. മികച്ച പ്രതികരണമാണ് ആ കഥ ‘വിയൂഗ'ത്തിൽ പ്രസിദ്ധീകരിച്ച് വന്നപ്പോൾ ലഭിച്ചത്. ‘തമാനെ' എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

‘വിയൂഗം' മാഗസിന്റെ കവർ
‘വിയൂഗം' മാഗസിന്റെ കവർ

‘എതിർ വിവർത്തനം' കൂടുതലായി നടക്കുന്നത് മലയാള സാഹിത്യത്തിനും ഗുണകരമാകും. അത്തരം ഒരു തമിഴ് സമാഹാരത്തിന് പദ്ധതിയുണ്ടോ?

മലയാളത്തിലെ മികച്ച നോവലുകൾ പലതും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ടല്ലോ. അതേപോലെ മറ്റു പ്രാദേശിക ഭാഷകളിലേക്കും കൂടുതൽ സൃഷ്ടികൾ മൊഴിമാറ്റം ചെയ്യപ്പെടണം. മലയാളത്തിലെ മികച്ച സൃഷ്ടികൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്താനുള്ള സാഹചര്യമൊരുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. തമിഴിലേക്ക് സ്വയം മുതിരുകയും ചെയ്യുന്നു. സുഭാഷ് ചന്ദ്രന്റെ ‘മൂന്നു മാന്ത്രികന്മാർ', വി. മുസഫർ അഹമദിന്റെ ‘ചെന്നായ അടക്ക്' തുടങ്ങിയ കഥകൾ തമിഴിലേക്ക്​ വിവർത്തനം ചെയ്​തു. ഇപ്പോൾ ബെന്യാമിന്റെ ‘പോസ്റ്റുമാൻ' എന്ന കഥയുടെ മൊഴിമാറ്റത്തിലേർപ്പെട്ടിരിക്കുകയാണ്. അതുപോലെ ശ്രീലങ്കൻ കഥകളുടെ സമാഹാരവും തമിഴിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടില്ലാത്ത മറ്റ് എഴുത്തുകാരുടെ കഥകളുടെ സമാഹാരവും കൊണ്ടു വരാനും പദ്ധതിയുണ്ട്.

ആത്യന്തികമായി ഞാനൊരു വായനക്കാരനാണ്. അതുകൊണ്ടുതന്നെ തമിഴിൽനിന്നോ കന്നഡയിൽനിന്നോ കഥകൾ വിവർത്തനം ചെയ്യുന്നത് ഒരു പരിഭാഷകനല്ല, മറിച്ച് ഞാനെന്ന വായനക്കാരനാണ്.

സിംഹള എഴുത്തുകാരനായ ഇസുരു ചമര സോമവീരയുടെ ‘മിസിസ് പെരേര' എന്ന കഥ ഈയിടെ മലയാളത്തിൽ പരിഭാഷപ്പെടുത്തിയല്ലോ. അത്തരം കഥകളുടെ കണ്ടെത്തൽ എങ്ങനെയാണ്​?

ആത്യന്തികമായി ഞാനൊരു വായനക്കാരനാണ്. അതുകൊണ്ടുതന്നെ തമിഴിൽനിന്നോ കന്നഡയിൽനിന്നോ കഥകൾ വിവർത്തനം ചെയ്യുന്നത് ഒരു പരിഭാഷകനല്ല, മറിച്ച് ഞാനെന്ന വായനക്കാരനാണ്. ഇസുരുവിന്റെ കഥകൾ വായിക്കുന്നതിനുമുമ്പ് പഴയ തലമുറയിലെ സിംഹള എഴുത്തുകാരുടെ രണ്ടോ മൂന്നോ കഥകൾ വായിച്ച അനുഭവം മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്​ത അനുഭവമാണ് സമ്മാനിച്ചത്. ഒടുവിൽ ‘മിസിസ് പെരേര' എന്ന കഥ തെരെഞ്ഞെടുക്കുകയായിരുന്നു.

ഇസുരു ചമര സോമവീര
ഇസുരു ചമര സോമവീര

തിരുമൂലരുടെ ‘യാൻ പെറ്റ്‌റ ഇൻപം പെറുക ഇവ് വൈയകം' എന്നൊരു ഉദ്ധരണിയുണ്ട്. ‘താൻ അനുഭവിക്കുന്ന ആനന്ദത്തെ ഈ ലോകവും അനുഭവിച്ചിടട്ടെ' എന്നാണ് അതിന്റെ അർത്ഥം. കന്നഡയിലെയോ തമിഴിലെയോ ഏതൊരു രചനയെയും ഇഷ്ടപ്പെടുമ്പോൾ അവ മലയാളത്തിലെ വായനക്കാരും തിരിച്ചും അനുഭവിക്കണമെന്ന ആഗ്രഹമാണ് വിവർത്തനത്തിലേർപ്പെടാൻ പ്രേരിപ്പിക്കുന്നത്. വായനയിൽ അത്യാർത്തി കാണിക്കുന്ന തമിഴ്നാട്ടുകാരനായ മന്നൈ അശോക് എന്നൊരു സുഹൃത്ത്​ എനിക്ക്​ മസ്​ക്കത്തിലുണ്ട്​. അദ്ദേഹവും നല്ല കഥകളിലേക്ക് ചെല്ലാൻ വഴിയൊരുക്കിത്തരുന്നുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട താ. രാജനിലൂടെയാണ് ബാ. വെങ്കടേശൻ എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ‘മഴൈയിൻ കുറൽ തനിമൈ' എന്ന കഥ വായിക്കുന്നതും.

മാജിക്കൽ റിയലിസത്തെക്കുറിച്ച്​ വ്യക്തമായ അഭിപ്രായമുള്ള ബാ.വെങ്കടേശന്റെ കൃതികളെ പരിഭാഷപ്പെടുത്തുന്നത് എത്രമാത്രം ശ്രമകരമായിരുന്നു?

‘മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന രചനയ്ക്കുള്ള തമിഴിന്റെ മറുപടിയാണ് താണ്ഡവരായൻ കതൈ എന്ന നോവൽ'എന്ന് നിരൂപകരുടെ പ്രശംസയ്ക്ക് പാത്രമായ കൃതിയുടെ രചയിതാവാണ് ബാ. വെങ്കടേശൻ. ആഖ്യാനരീതിയുടെ നിഗൂഢസ്വഭാവം കൊണ്ടും സാന്ദ്രതകൊണ്ടും ഓർഹാൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിന്റെ ശക്തിയെ കവച്ചുവെക്കുന്നുവെന്നാണ് ബാ. വെങ്കടേശന്റെ ആദ്യനോവലായ താണ്ഡവരായൻ കതൈയെക്കുറിച്ച് പ്രശസ്ത ചിന്തകൻ രാജൻ കുറൈ അഭിപ്രായപ്പെട്ടത്.

അത്തരത്തിൽ തമിഴിലെ പ്രബലനായ ഒരെഴുത്തുകാരന്റെ രചനയുടെ വിവർത്തനം വൈഷമ്യം നിറഞ്ഞതായിരുന്നു. വിവരിക്കാൻ സാധിക്കാത്ത ഒരു പ്രകിയയിലൂടെയാണ് ആ സമയത്ത് ഞാൻ കടന്നുപോയത്. പൊതുവേ സാമ്പ്രദായിക എഴുത്തുഘടനയിൽനിന്ന് മാറിയുള്ള രചനാരീതിയാണ് ബാ.വെങ്കടേശൻ അവലംബിക്കുന്നത്. അതുകൊണ്ടുതന്നെ ഒരളവുവരെ വിവർത്തനം ദുർഘടമായിരുന്നുവെന്നുപറയാം. അതിന്റേതായ കുറവുകളും അതിന്റെ പരിഭാഷയിലുണ്ടായിരിക്കാം.

ഒരാൾക്ക് ആദർശവും ആശയവും മതവും മാറാൻ സാധിക്കും, എന്നാൽ ഭാഷ മാറാൻ കഴിയില്ല എന്ന് സക്കറിയ പറഞ്ഞതായോർക്കുന്നു. ഇപ്പോൾ പാലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നതും ശ്രീലങ്കയിൽ നടന്നതും ഭാഷയിലധിഷ്​ഠിതമായ വംശീയ ഏറ്റുമുട്ടലുകളാണ്.

എന്തും ഏകീകരിക്കപ്പെടുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ വിവിധ ഭാഷകളുമായുള്ള അടുപ്പത്തിന്റെ അനുഭവം എന്താണ്? അതിന്റെ സാംസ്‌കാരിക ഭൂമികയ്ക്ക് ഉപ്പളയും കാസറഗോഡും ഒമാനിലെ പ്രവാസവും സഹായിച്ചിട്ടുണ്ടോ?

ഭാഷ ഒരു ആറ്റംബോംബാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പൊതുവേ അനേകം ആദർശങ്ങൾ നിലനില്ക്കുന്ന ഒരു ഇടത്തിൽ ആശയപരമായ സംഘട്ടനങ്ങൾ നടക്കുന്നത് സാധാരണയാണ്. തീർച്ചയായും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾ ഗുണകരവുമാണ്. അത്തരത്തിൽ ബഹുസ്വരമായ ഘടകങ്ങളുടെ കൂട്ടിയിണക്കലാണ് നമ്മുടെ രാജ്യത്തെ മനോഹരമാക്കുന്നത്. എന്നാൽ അതിന് പ്രതികൂലമാകുന്നവിധം സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ അതിന്റെ പോക്ക് ഏകസ്വരതയിലേക്കായിരിക്കും. തികച്ചും ഊഷരമായ ഒരവസ്ഥയായിരിക്കും അത് സൃഷ്ടിക്കുക. അതുപോലും സാദാ ബോംബാണെന്ന് ഞാൻ കരുതുന്നു. കെട്ടിനിൽക്കുന്ന വെള്ളം പൊട്ടിയൊലിച്ചുതന്നെ പോകും. ഒരാൾ സ്വപ്നം കാണുന്ന ഭാഷയേതാണോ അതാണയാളുടെ മാതൃഭാഷയെന്നാണ് പറയുന്നത്. ഞാൻ പല ഭാഷകളിലും സ്വപ്നം കാണാറുണ്ട്. അത് ഞാനൊരു ‘ഭാഷാപ്രേമി' ആയതുകൊണ്ടല്ല, മറിച്ച് ‘ഭാഷകളുടെ പ്രേമി' ആയതുകൊണ്ടാണ്. ഒരാൾക്ക് ആദർശവും ആശയവും മതവും മാറാൻ സാധിക്കും, എന്നാൽ ഭാഷ മാറാൻ കഴിയില്ല എന്ന് സക്കറിയ പറഞ്ഞതായോർക്കുന്നു. ഇപ്പോൾ പാലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നതും ശ്രീലങ്കയിൽ നടന്നതും ഭാഷയിലധിഷ്​ഠിതമായ വംശീയ ഏറ്റുമുട്ടലുകളാണ്.

 ബാ. വെങ്കടേശൻ
ബാ. വെങ്കടേശൻ

ഉപ്പളയുൾപ്പെട്ട തുളുനാടൻ പ്രദേശമായ കാസറഗോഡ് സപ്തഭാഷാ സംഗമഭൂമി എന്നാണല്ലോ അറിയപ്പെടുന്നത്. അവിടെ അതിൽ കൂടുതൽ ഭാഷകളുണ്ട്. ഇവിടെയുള്ള ഓരോ ഭാഷയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ട്. അതുണ്ടാക്കിയ സാംസ്‌കാരികമായ വൈവിധ്യം എന്റെ സ്വത്വനിർമ്മിതിയിൽ ഭാഗഭാക്കായിട്ടുണ്ട്. ഭാഷകളോടുള്ള അടുപ്പത്തിന് അതും ഒരു ഘടകമാവാം. വിവിധ ഭാഷകളുടെ ബാബേലാണ് കാസറഗോഡെങ്കിലും ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും വികസനപരവുമായ പുരോഗതിക്ക് അവ തടസ്സമായിരുന്നുവോ എന്ന തോന്നൽ പോലും എനിക്കുണ്ടായിട്ടുണ്ട്.

ലോകത്തിലെ പല തരം ഭാഷകൾ സംസാരിക്കുന്നവരെ നേരിട്ട് കേൾക്കാനുള്ള അവസരമാണ് ഒമാനിലെ പ്രവാസജീവിതം നൽകിയത്. ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിലും അവിടെ കണ്ട പല ദേശക്കാരുടെയും സാംസ്‌കാരികതയെ അന്വേഷിച്ചറിയുന്നതിനും അത് പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഒമാനി കവി സാഹിർ അൽ ഗാഫ്രി പറഞ്ഞതിനെ എന്റെ പ്രവാസവുമായി പൊരുത്തപ്പെടുത്തി ഞാനോർക്കുന്നു: ‘പ്രവാസം സമയത്തെക്കുറിച്ചുള്ള വിചിത്രമായ വിഹ്വലതകൾ ജനിപ്പിക്കുന്നു. ഞാനില്ലാത്ത വർഷങ്ങളിൽ എന്റെ നാടും എന്റെ ഗ്രാമവും കടന്നുപോകുന്ന അനുഭവവൈവിധ്യങ്ങൾ. അവ എനിക്കു നിഷേധിക്കപ്പെടുന്നു.'

​​​​​​​‘ബ്യാരി' എന്നത് ഒരു പ്രദേശത്തെ സമൂഹം മറ്റൊരു സമുദായത്തെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഒരു സംജ്ഞ മാത്രമായിരുന്നെങ്കിലും ആ സമുദായത്തിന്റെ, പ്രത്യേകിച്ചും ‘മലാമെ' സംസാരിക്കുന്ന തുളുനാടൻ മാപ്പിളമാരുടെ വംശപ്പേരായി പിന്നീട് മാറുകയായിരുന്നു

സപ്തഭാഷ സംഗമഭൂമി എന്ന്​ പരാമർശിച്ചിരുന്നുവല്ലോ. കാസറഗോഡ് ജില്ലയുടെ വടക്കേയറ്റത്ത് ‘ബ്യാരി'യും മറ്റും സംസാരിക്കുന്നതായിട്ടാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. സപ്തഭാഷ എന്നു പറയുമ്പോൾ ‘ബ്യാരി'യെയും ഒരു ഭാഷയായി അതിലുൾപ്പെടുത്തുന്നുണ്ട്. എന്നാൽ ‘ബ്യാരി' ഒരു ഭാഷയല്ല എന്നാണ് താങ്കൾ പറയുന്നത്​. അങ്ങനെ പറയാൻ കാരണമെന്താണ്?

ഒറ്റ വാക്കിൽ ഉത്തരം പറയുകയാണെങ്കിൽ അത് ഞാൻ ‘ബ്യാരി'യാണ് എന്നതുകൊണ്ടാണ്. എന്റെ മാതൃഭാഷ ബ്യാരി അല്ല. അത്​ ഒരു ഭാഷയുടെ പേരുമല്ല. ഇതൊരു സങ്കീർണ പ്രശ്‌നമാണ്. എങ്കിലും എന്റെ അഭിപ്രായം ചുരുക്കി പറയാം. പതിനഞ്ചു വർഷം മുമ്പു വരെ ഭാഷ എന്ന നിലയ്ക്കല്ല ‘ബ്യാരി'യെ അവതരിപ്പിച്ചു പോന്നത്. കാരണം ചരിത്രപരമായി ആ സംജ്ഞ നിർവ്വഹിച്ചുവന്നിരുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. അതിനെ അട്ടിമറിച്ച സംഭവമാണ് 15 വർഷം മുമ്പ് സംഭവിച്ചത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തിനുമുമ്പ് കാസറഗോഡ് ഉൾപ്പെടുന്ന തുളുനാടൻ പ്രദേശം ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നല്ലോ. അതുകൊണ്ടുതന്നെ മറ്റുള്ള പ്രദേശത്തെ മാപ്പിളമാരെ അപേക്ഷിച്ച് തുളുനാട്ടിലെ മാപ്പിളമാർക്ക് ബഹുസംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളെയും പ്രദേശികമായി സംസാരിക്കുന്ന ഭാഷകളിലെ ലളിതമായി പകരുന്ന പദസമ്പത്തുകളെയും സ്വാംശീകരിക്കേണ്ടതായി വന്നിരുന്നു. ആ കൊടുക്കൽ വാങ്ങലുകളിലെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മഞ്ചേശ്വരം ഉദ്യാവര മാടയിലെ അരസു മഞ്ചേഷ്ണാർ ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളും കുമ്പള ആരിക്കാടി പാറയിലെ ആലിത്തെയ്യവും തുളുനാടൻ തെയ്യമായ ബൊബ്ബരിയയും ഇന്നും നിലകൊള്ളുന്നു. ‘ബ്യാര' എന്ന തുളുപദത്തിന്റെ അർത്ഥം ‘വ്യാപാരം' എന്നാണ്. തുളുനാട്ടിലെ മാപ്പിളമാർ അധികവും വണികരായിരുന്നതുകൊണ്ടാണ് തുളുനാടൻ ജനത മാപ്പിളമാരെ ‘ബ്യാരി' എന്ന്​ സംബോധന ചെയ്തിരുന്നത് എന്നാണ് പ്രബലമായ അഭിപ്രായം. കടലുമായി ബന്ധപ്പെട്ട് കച്ചവടം ചെയ്തിരുന്നതിനാൽ അറബി വാക്കായ ‘ബഹരി' ലോപിച്ചാണെന്നൊരു മറുവാദവുമുണ്ട്. എന്നാൽ ആ സാധ്യതയെ ഞാൻ സ്വീകരിക്കുന്നില്ല. കാരണം ചരിത്രപരമായ പിൻബലം അതിനില്ല. ബ്യാരികളായ തുളുനാടൻ മാപ്പിളമാർ ഉൾപ്പെടെയുള്ള ചില സമുദായങ്ങൾ സംസാരിച്ചു പോന്നിരുന്ന ഭാഷ മലയാളത്തിന്റെ ദേശ്യഭാഷയായ ‘മലാമെ'യായിരുന്നു. ഇന്ന് മാനകമലയാളത്തിന്റെ സ്വാധീനം അതിനെ മാറ്റത്തിന് വിധേയമാക്കുന്നുണ്ടെങ്കിലും വലിയ അളവിൽ വ്യത്യാസപ്പെട്ടിട്ടില്ല എന്നുതന്നെ പറയാം. ‘മലായാണ്മ' ലോപിച്ചാണ് 'മലാമെ' ഉണ്ടാകുന്നത്. ഇതിന് സമാന്തരമായി മറ്റൊരു വിഷയമുണ്ടായിരുന്നു. 'മലാമെ' എന്ന മലയാളത്തിന്റെ ഈ ദേശ്യഭാഷയുടെയും തുളുവിന്റെയും സങ്കരഫലമായി പുതിയൊരു ഭാഷ പിറന്നിരുന്നു.

തുളുനാട്​ ഭരിച്ചിരുന്ന രാജാക്കന്മാർ കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുളുനാട്ടിൽ വസിച്ചിരുന്ന മാപ്പിളമാർക്ക് സ്ഥലം അനുവദിച്ചു കൊടുക്കുകയും തുളുസ്ത്രീകളെ കല്യാണം കഴിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന്​ ‘മലാമെ' സംസാരിച്ചിരുന്ന തുളുനാട്ടിലെ മാപ്പിള പുരുഷന്മാർ തുളുസ്ത്രീകളെ കല്യാണം കഴിക്കാൻ തുടങ്ങുകയും പുതിയൊരു സംസ്‌കാരത്തിന്റെയും സങ്കരമായ പുതിയൊരു ഭാഷയുടെയും പിറവിക്ക് ആരംഭം കുറിക്കുകയും ചെയ്തു. ആ ഭാഷയാണ് കാലങ്ങളോളം ‘നക്ക് നിക്ക്' എന്ന് അറിയപ്പെട്ടത്. ആ ഭാഷ ഒരു സമുദായത്തിൽ മാത്രം നിക്ഷിപ്തവുമാണ്. സത്യത്തിൽ ‘ബ്യാരി' എന്നത് ഒരു പ്രദേശത്തെ സമൂഹം മറ്റൊരു സമുദായത്തെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഒരു സംജ്ഞ മാത്രമായിരുന്നെങ്കിലും ആ സമുദായത്തിന്റെ, പ്രത്യേകിച്ചും ‘മലാമെ' സംസാരിക്കുന്ന തുളുനാടൻ മാപ്പിളമാരുടെ വംശപ്പേരായി പിന്നീട് മാറുകയായിരുന്നു. ഒരു വംശപ്പേര് കൊണ്ടു നടക്കുന്ന രണ്ട് ഭാഷയിൽ സംസാരിക്കുന്നവർ.

ബ്യാരി സിനിമയിൽ നിന്ന്
ബ്യാരി സിനിമയിൽ നിന്ന്

സംസ്ഥാന രൂപീകരണത്തിനുശേഷം കേരളത്തിന്റെ അതിർത്തിക്ക് തെക്കുള്ള ‘മലാമെ' സംസാരിക്കുന്നവരുടെ ഭാഷ ഔദ്യോഗികമായി മലയാളമായി മാറി. എന്നാൽ അതിർത്തിക്കപ്പുറത്തുള്ളവർ ഔദ്യോഗികമായി കന്നഡയുടെ ഭാഗമായി. ആ ഒരു കോയ്മയുടെയുള്ളിൽ തങ്ങളുടെ സ്വത്വം നിലനിർത്താൻ അവർക്ക് തങ്ങളുടെ മാതൃഭാഷ ‘മലാമെ' എന്നും ‘നക്ക്നിക്ക്' എന്നും പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവന്നു. എന്നാൽ രാഷ്ട്രീയമായ പിന്നാക്കവസ്ഥ അതിർത്തിക്കപ്പുറത്തുള്ള ബ്യാരികളിൽ സൃഷ്ടിച്ച അരക്ഷിതത്വം പുതിയൊരു മുന്നണിയുടെ രൂപീകരണത്തിന് കാരണമായി. അതായിരുന്നു 1987ൽ ബംഗലൂരുവിലെ ബ്യാരികൾ ചേർന്ന് രൂപീകരിച്ച ബ്യാരീസ് വെൽഫയർ അസോസിയേഷൻ. ഇതിന്റെ തുടർച്ചയെന്ന നിലയ്ക്കാണ് 1997ൽ ബംഗലൂരുവിൽ ഒരു ബൃഹദ് ബ്യാരി സമ്മേളനം നടത്തുന്നത്. പിന്നീട് 2007ൽ മംഗലാപുരത്ത്​ ബ്യാരി സാഹിത്യസമ്മേളനം നടന്നു. ഇതിനു ശേഷമാണ് മലക്കം മറിയലുകൾ സംഭവിക്കുന്നത്. അതായത് ആ സമ്മേളനത്തിൽ ഉന്നയിച്ച ആവശ്യപ്രകാരം കർണ്ണാടക സർക്കാർ ‘ബ്യാരി അക്കാദമി' അനുവദിച്ചു. അക്കാദമി ഉണ്ടായതോടെ അതിന്റെ ഔദ്യോഗികഭാഷയായി ‘നക്ക്‌നിക്കി'നെ അവരോധിച്ചു. മാത്രമല്ല, പൊതുവേ ‘നക്ക്‌നിക്ക്' എന്നറിയപ്പെട്ടിരുന്ന ഭാഷയെ ‘ബ്യാരി'യായി അവതരിപ്പിക്കുകയും ചെയ്തു. അതിന്റെ സ്ഥാപനത്തിന് ഉറപ്പുവരുത്താനാണ് ‘ബ്യാരി' പോലുള്ള സിനിമകളുണ്ടാവുന്നതും ‘ബ്യാരി നിഘണ്ടു' എന്ന പേരിലുള്ള പുസ്തകങ്ങൾ രചിക്കപ്പെടുന്നതും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്​ പോലും അത്തരം പുസ്തകമിറക്കിയിരിക്കുന്നുവെന്നത് വിരോധഭാസമായിട്ടാണ് തോന്നുന്നത്. അതോടെ ‘മലാമെ' എന്ന സ്വത്വത്തിന്റെ അരികുവൽക്കരണവും ചരിത്രത്തിന്റെ കീഴ്‌മേൽ മറിച്ചിലുമാണ് സംഭവിച്ചത്. അതാണ് നേരത്തെ പറഞ്ഞത്, ഇതൊരു സങ്കീർണ പ്രശ്‌നമാണെന്ന്.

ജോലി- കച്ചവട സംബന്ധമായ വിനിമയമല്ലാതെ സാഹിത്യവും സാംസ്‌കാരികവുമായ ആശയവിനിമയം ഒമാനികളായ എഴുത്തുകാരുമായോ വായനക്കാരുമായോ മലയാളിസമൂഹം നടത്തിയിട്ടില്ലായെന്നത് അതിശയമായി തോന്നുന്നു.

കുറേ വർഷങ്ങളായി ഒമാനിലാണല്ലോ താങ്കൾ പ്രവാസജീവിതം നയിക്കുന്നത്. അവിടെയുള്ള എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും ശ്രദ്ധിക്കാറുണ്ടോ?

ശ്രദ്ധിക്കാറുണ്ടെന്ന് മാത്രമല്ല, ചില എഴുത്തുകാരുമായി നല്ല ബന്ധം വെച്ചു പുലർത്തുന്നുമുണ്ട്. അതിൽ പ്രധാനപ്പെട്ട ആളാണ് അൽ ഖത്താബ് അൽ മസ്രൂഹി. അദ്ദേഹത്തിന്റേതായി രണ്ടു നോവലുൾപ്പെടെ ആറോളം പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ‘ലോട്ടസ്' എന്ന പേരിലൊരു പ്രസിദ്ധീകരണ സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. ലോകസാഹിത്യത്തെക്കുറിച്ച് നല്ല അവഗാഹമുള്ള എഴുത്തുകാരനാണ് അൽ ഖത്താബ് അൽ മസ്റൂഹി. ഒമാനിലെ അറബ് സാഹിത്യത്തിലേക്കുള്ള എന്റെ പാലം കൂടിയാണ് അദ്ദേഹം. മലയാളത്തിൽനിന്ന് കെ. പി. രാമനുണ്ണി രചിച്ച ‘സൂഫി പറഞ്ഞ കഥ' എന്ന നോവലിന്റെ അറബി പരിഭാഷ ‘ലോട്ടസാ'ണ് പ്രസിദ്ധീകരിച്ചത്. ഒമാനിലെ സ്ത്രീ എഴുത്തുകാരിൽ ശ്രദ്ധേയയായ അസ്ഹാർ അൽ ഹാർഥിയാണ് ആ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത്. എന്റെ ആവശ്യപ്രകാരം അസ്ഹാർ അൽ ഹാർഥി ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി'ന്റെ മൊഴിമാറ്റം ചെയ്യാമെന്നേറ്റിട്ടുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഒമാൻ അന്താരാഷ്ട്ര പുസ്തകത്സോവത്തിൽ ‘ലോട്ടസ്' തന്നെ പുറത്തിറക്കാനാണ് അവർ ആലോചിച്ചിട്ടുള്ളത്. ബുക്കർ സമ്മാനം നേടിയ ആദ്യ അറബി എഴുത്തുകാരി ഒമാനിൽനിന്നുള്ള ജോഖ അൽ ഹാർഥിയാണല്ലോ. അതുപോലെ പ്രധാന എഴുത്തുകാരനാണ് ഈയിടെ അന്തരിച്ച അർബുദ രോഗവിദഗ്ദനായിരുന്ന ഡോ. അബ്ദുൾ അസീസ് അൽ ഫാർസി. ‘എർത്ത് വീപ്‌സ്, സാറ്റേർൺ ലാഫ്‌സ്' എന്ന്​ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നോവലിലൂടെ ശ്രദ്ധേയനായ ഡോ. അബ്ദുൾ അസീസിനെ അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ചെന്ന് പരിചയപ്പെട്ടതും കേരളത്തിൽനിന്നുള്ള ഒരു വായനക്കാരനെ കണ്ടുമുട്ടിയതിൽ അദ്ദേഹം പ്രകടിപ്പിച്ച സന്തോഷം അനുഭവിക്കാനായതും മറക്കാനാവാത്ത അനുഭവമാണ്.

അൽ ഖത്താബ് അൽ മസ്രൂഹി
അൽ ഖത്താബ് അൽ മസ്രൂഹി

പ്രവാസത്തിന്റെ നീണ്ടകാല ചരിത്രമുണ്ടായിട്ടും ജോലി- കച്ചവട സംബന്ധമായ വിനിമയമല്ലാതെ സാഹിത്യവും സാംസ്‌കാരികവുമായ ആശയവിനിമയം ഒമാനികളായ എഴുത്തുകാരുമായോ വായനക്കാരുമായോ മലയാളിസമൂഹം നടത്തിയിട്ടില്ലായെന്നത് അതിശയമായി തോന്നുന്നു. എന്നാലും പത്തുവർഷം മുമ്പ് ‘ഇടം' എന്ന സാംസ്‌കാരിക കൂട്ടായ്മ മുൻകൈയ്യെടുത്ത് ആധുനിക ഒമാൻ കവിതകളുടെ വിവർത്തനം പ്രസിദ്ധീകരിച്ചിരുന്നു. വി. എ. കബീർ മൊഴിമാറ്റിയ ആ കവിതാസമാഹാരം ഒരു അപവാദമാണെന്നുപറയാം.

വായനക്കും വിവർത്തനത്തിനുമിടയിൽ സ്വതന്ത്ര രചനകൾ എഴുതണമെന്ന്​തോന്നാറില്ലേ?

വിവർത്തനം ചെയ്യാൻ തുടങ്ങിയ കാലത്ത്​ കവിതയും കഥയും എഴുതിയിരുന്നു. ഇപ്പോൾ ഒരു ബയോഫിക്ഷന്റെ രചനയിലാണ്. വിവർത്തനവും സ്വതന്ത്രമായ സൃഷ്ടിയാണെന്ന അഭിപ്രായക്കാരനാണ് ഞാൻ.

മൂലസൃഷ്ടി ‘മേജർ ആർട്ടാ'ണെന്നും വിവർത്തനം ‘മൈനർ ആർട്ടാ'ണെന്നൊക്കെയുള്ള ചർച്ചകൾ ഈയിടെ നടന്നിരുന്നുവല്ലോ. അതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

അതിനോട്​ വിയോജിക്കുന്നു. കാരണം ‘ആർട്ട്' എന്നു പറയുന്നതു തന്നെ ‘മേജറാ'ണെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഒരു സൃഷ്ടി അത് സ്വതന്ത്രമോ വിവർത്തനമോ ആയിക്കൊള്ളട്ടെ, നല്ലതാണെങ്കിൽ അത് ‘മേജറാ'ണ്, അല്ലായെങ്കിൽ ‘മൈനറു'മാണ്. എന്റെ അഭിപ്രായത്തിൽ വിവർത്തനമെന്നത് ‘മൈനർ ആർട്ട'ല്ല, മറിച്ച് ‘ഡിസ്റ്റിംക്ട് ആർട്ടാ'ണ്. ▮


മുരളി മീങ്ങോത്ത്

അബുദാബിയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. വീട്ടിലേക്കുള്ള വരമ്പുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments