വിഷാദം പൂക്കുന്ന രണ്ട് ആത്മകഥകൾ

മാധവിക്കുട്ടിയുടെ എന്റെ കഥയും വിഷാദം പൂക്കുന്ന മരങ്ങളും. രണ്ട് പ്രായത്തില്‍ രണ്ട് സ്വത്വങ്ങള്‍ രണ്ട് സാഹചര്യങ്ങളില്‍ എഴുതിയ ആത്മകഥകള്‍. എന്റെ കഥ ആസക്തിയുടെ ചുംബനങ്ങളില്‍ അവസാനിക്കുമ്പോൾ വിഷാദം പൂക്കുന്ന മരങ്ങള്‍ ആത്മീയതയുടെ കീഴടങ്ങലിലാണ് അവസാനിക്കുന്നത്.

മലയാളത്തിലെ ആത്മകഥനങ്ങളുടെ ചരിത്രത്തില്‍ അനന്യമായ സ്ഥാനമുണ്ട് മാധവിക്കുട്ടിയുടെ രചനകള്‍ക്ക്. എന്റെ കഥയും വിഷാദം പൂക്കുന്ന മരങ്ങളും. രണ്ട് പ്രായത്തില്‍ രണ്ട് സ്വത്വങ്ങള്‍ രണ്ട് സാഹചര്യങ്ങളില്‍ എഴുതിയ ആത്മകഥകള്‍ എന്ന നിലയ്ക്ക് ഭൗതികമായി ഒരാളുടേതു തന്നെയെങ്കിലും ഇവ രണ്ടും വ്യത്യസ്തമായി വായിക്കേണ്ടതുണ്ട്.

എന്റെ കഥയുടെ മൂലം കമലാദാസ് ഇംഗ്ലീഷിലെഴുതിയ മൈ സ്റ്റോറിയാണെന്നത് രണ്ട് സ്വത്വങ്ങളുടെ രചനയായി എന്റെ കഥയെ മാറ്റുന്നുണ്ട്. വിഷാദം പൂക്കുന്ന മരങ്ങളാകട്ടെ മാധവിക്കുട്ടിയുടെ ഒടുവിലത്തെ സ്വത്വമായ കമലാ സുരയ്യയാണ് എഴുതുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പ്രധാനപ്പെട്ട മൂന്ന് സ്വത്വങ്ങളേയും ഈ ആത്മകഥകള്‍ പ്രതിനിധീകരിക്കുന്നു. വിഷാദം പൂക്കുന്ന മരങ്ങള്‍ ആ ശീര്‍ഷകത്താല്‍ തന്നെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നു. മലയാളത്തില്‍ മാധവിക്കുട്ടിക്കുമുമ്പും പിമ്പുമായി പ്രസിദ്ധീകൃതമായ ആത്മകഥകള്‍ക്കൊന്നും ഇത്ര ശോകാത്മകവും കാവ്യാത്മകവുമായ ശീര്‍ഷകമുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. കൃതിയുടെ ഭാവവും വിഷാദം തന്നെ. എന്റെ കഥയില്‍ നിന്നും ആഖ്യാനപരമായും ഭാവപരമായും ഏറെ അകലമുണ്ട് വിഷാദം പൂക്കുന്ന മരങ്ങളിലേക്ക്. സ്മരണകളുടെ രചനാശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ക്രമബദ്ധമായ ഒഴുക്ക് ഈ സ്മരണകള്‍ സ്വാഭാവികമായി തന്നെ ദീക്ഷിക്കുന്നില്ല. പ്രധാനം, അപ്രധാനം എന്നൊന്നുമുള്ള തെരഞ്ഞെടുപ്പ് ഓര്‍മകളുടെ രേഖപ്പെടുത്തലിന് സ്വീകരിച്ചതായി അനുഭവപ്പെടുന്നുമില്ല. എന്റെ കഥയില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍, എന്റെ എന്നിങ്ങനെയുള്ള കര്‍തൃരൂപങ്ങള്‍ അത്യപൂര്‍വ്വമാണ് ഇതില്‍.

എഴുതുന്നത് കമലാസുരയ്യ ആയതുകൊണ്ടും എഴുതുന്ന പ്രായം കണക്കിലെടുത്തും ഈ രചനയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ വേറേയുമുണ്ട്. സ്വീകരിച്ച മതത്തിന്റെ സദാചാരബോധം വിഷാദം പൂക്കുന്ന മരങ്ങളെ സ്വാധീനിച്ചിരിക്കുന്നതായി കാണാം. അശ്ലീലമെന്ന് വ്യവഹരിക്കാന്‍ ഇടയുള്ളതൊന്നും ഈ ആത്മകഥയില്‍ ഇല്ല. സ്വാഭാവികമായും എന്റെ കഥയിലെ ചില സംഭവങ്ങള്‍ ഇവിടെ പരാമര്‍ശിക്കാതെ വിടുന്നു. രണ്ടുകൃതികളും നമ്മില്‍ നിലനില്‍ക്കണമെന്ന് എഴുത്തുകാരി കരുതുന്ന ഭാവപരമായ അകലമാകാം ഈ സെന്‍സറിങ്ങിന് പിന്നിലെ മറ്റൊരു ഘടകം. എഴുതുന്ന പ്രായവും പ്രധാനമാണ്. പ്രായമുള്ള ഒരാള്‍ തന്റെ കഴിഞ്ഞുപോയ ജീവിതമോര്‍ക്കുമ്പോള്‍ ഒരു നിയന്ത്രിത അടക്കം പ്രകടമായേക്കുമല്ലോ. ശത്രുപോലും ദയ അര്‍ഹിക്കുന്ന ആളായി മാറിയേക്കും അപ്പോള്‍. പക്ഷേ ഭര്‍ത്താവ് ദാസ് എന്റെ കഥയിലേതിനേക്കാള്‍ പ്രതിനായകത്വസ്വഭാവം പ്രകടിപ്പിക്കുന്നത് വിഷാദം പൂക്കുന്ന മരങ്ങളിലാണ്. ദാസിന്റെ ഭൗതിക അസാന്നിദ്ധ്യമാകാം ഈ വിധം കുറേക്കൂടി തീക്ഷ്ണമായ ചിത്രീകരണത്തിന് ധൈര്യം കൊടുത്തത്.

മാധവിക്കുട്ടി

ഭര്‍ത്താവിന്റെ നിര്‍ബന്ധിത ലൈംഗിക വേഴ്ചകള്‍ക്ക് അടിമപ്പെടുകയാണ് വിഷാദം പൂക്കുന്ന മരങ്ങളിലെ മാധവിക്കുട്ടി. അവര്‍ക്കതില്‍ ആനന്ദമേയില്ല. രതിമൂര്‍ച്ഛ അറിഞ്ഞിട്ടേയില്ലാത്ത അമ്മയുടെ (സമ്പൂര്‍ണ്ണം പുറം 539) തുടര്‍ച്ച മാത്രമാകുന്നു ഇക്കാര്യത്തില്‍ അവര്‍. മടുപ്പില്‍ നിന്നും മക്കള്‍ ജനിക്കുമെന്ന് (പുറം 547) അവര്‍ ആശ്ചര്യത്തോടെ മനസ്സിലാക്കുന്നു. എന്റെ കഥയിലെ മടുപ്പുളവാക്കാത്ത മറ്റു സ്നേഹങ്ങള്‍ ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഒട്ടും വളച്ചുകെട്ടില്ലാത്ത ഭാഷയില്‍, ചുരുങ്ങിയ വാക്കുകളില്‍ അനായാസമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന മാധവിക്കുട്ടിയുടെ മൗലികത വിഷാദം പൂക്കുന്ന മരങ്ങളും തെളിയിക്കുന്നു. ഗ്രീക്ക് ദേവതയുടെ വസ്ത്രം ധരിച്ച നാഗയക്ഷിയും മുലകള്‍ മൂടാത്ത മുത്തശ്ശിയും കളിസ്ഥലമായി മാറിയ പാമ്പിന്‍കാവും വായിച്ചുവളരാന്‍ പറ്റിയ നാലപ്പാട്ടെ സാഹചര്യവും അന്നാകാരനീനയും മദാംബോവാറിയും തെറിസ് റാക്വിനും നിറങ്ങള്‍ പകര്‍ന്ന സ്വപ്നങ്ങളുമെല്ലാം ഓര്‍മ്മകളില്‍ നിറയുന്നു. കുറഞ്ഞ നിറങ്ങളില്‍ അത്ഭുതചിത്രം വരക്കുന്ന ചിത്രകാരിയെപ്പോലെ അനാര്‍ഭാടമായി ഓര്‍മ്മകളെ അനുഭവമാക്കി മാറ്റുന്നു ഇവിടെ. തന്റെ ചുറ്റുമുള്ളവരെയെല്ലാം ഒരേകണ്ണുകൊണ്ട് കാണാന്‍ അവര്‍ക്ക് കഴിഞ്ഞു. വേലക്കാരും അയല്‍ക്കാരുമൊക്കെ ബന്ധുക്കള്‍ക്ക് സമമായി ഓര്‍മ പങ്കിട്ടു. ഒരു പക്ഷേ ബന്ധുക്കളേക്കാള്‍, മാമ്പുള്ളി വള്ളിയും കാളിക്കുട്ടിയും കലിനാരായണന്‍ നായരും ബ്രാഹ്മണിയമ്മയുമെല്ലാം ഓര്‍മ്മകളില്‍ നിറയുന്നു. ഇത് മറ്റൊരു തരത്തില്‍ തന്നെ രൂപപ്പെടുത്തിയ സമാന്തരജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൂടിയാണ്. വള്ളിയും നാരായണന്‍നായരുമൊക്കെ മാധവിക്കുട്ടിയുടെ ആത്മകഥയില്‍ സ്ഥാനം പിടിക്കുകയല്ല മറിച്ച് മാധവിക്കുട്ടി അവരുടെ കൂടി ജീവിതം എഴുതുകയാണ് ചെയ്യുന്നത്. പിന്നീട് ഭാഷയില്‍ സജീവമായിട്ടുള്ള ജീവിതമെഴുത്തിന്റെ ആദിരൂപങ്ങളായി കൂടി ഇത് വായിക്കുന്നതിന് സാംഗത്യമുണ്ട്. മാത്രമല്ല ഈ പരാമര്‍ശങ്ങളില്‍ ആ കാലഘട്ടവും സാമൂഹികചരിത്രവും തെളിയുന്നു.

“പുന്നയൂര്‍ക്കുളത്ത് ദരിദ്രകുടുംബങ്ങളില്‍ സൗന്ദര്യം വന്ന് ജനിക്കുന്നത് ഒരു കല്യാണസൗഗന്ധികം വിരിയുന്നതുപോലെയാണ്. മണം കാറ്റിലേറി എല്ലായിടത്തും എത്തും. ഗദയുമെടുത്ത് ഭീമന്മാര്‍ സുഗന്ധത്തിന്‍റെ ഉത്ഭവസ്ഥാനം തേടി അലയും” (സമ്പൂര്‍ണ്ണം പുറം 523) എന്നെഴുതുമ്പോള്‍ അക്കാലത്തെ ദളിത് സ്ത്രീകളുടേയും മറ്റും ജീവിതാവസ്ഥകളെ പരോക്ഷമായാണെങ്കിലും വെളിവാക്കാന്‍ മാധവിക്കുട്ടി ശ്രമിക്കുന്നത് കാണാം. മറ്റൊരിടത്ത് കാളിക്കുട്ടി കിട്ടുന്ന ശമ്പളം കൊണ്ട് ഏലസ്സുണ്ടാക്കി കെട്ടുന്നതിനെപ്പറ്റി മാധവിക്കുട്ടിയോട് പറയുന്നത് ഇങ്ങനെയാണ്. “തെരണ്ട് തീണ്ടാരി തൊടങ്ങിയാല്‍ പെണ്‍കുട്ട്യോള്‍ക്ക് ഒരു രക്ഷ വേണ്ടേ? ഇല്ലെങ്കി പരുന്ത് കോഴിക്കുട്ട്യോളെ റാഞ്ചിപ്പറക്കണന്ത്യല്ലേ ആണുങ്ങള് അന്തിയാമ്പോ കൊത്തിപ്പറക്കാ?” (സമ്പൂര്‍ണ്ണം പുറം 521).

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റിയും മറ്റുമുള്ള പരാമര്‍ശങ്ങള്‍ ചെറുതെങ്കിലും ശ്രദ്ധേയമാണ്. ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടണമെന്ന് ഗ്രാമീണര്‍ക്ക് ഒരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല. “ഇഷ്ടംപോലെ സ്ഥലണ്ടല്ലോ? എല്ലാവരും കൂടിയങ്ങ്ട് കഴിഞ്ഞാപോരേ?” എന്ന് കയ്പഞ്ചേരി നാരായണന്‍ നായര്‍ ചോദിക്കുന്നത് മാധവിക്കുട്ടി ഓര്‍ക്കുന്നു (സമ്പൂര്‍ണ്ണം പുറം 518). വേലക്കാരോടും മറ്റും സഹാനുഭൂതി ഉണ്ടായിരുന്നു എന്ന് മാത്രമല്ല, തന്‍റെ എഴുത്തിന്‍റെ പ്രചോദനം അവരില്‍ നിന്നാണെന്ന് നന്ദിയോടെ പറയുന്നുമുണ്ട് മാധവിക്കുട്ടി (സമ്പൂര്‍ണ്ണം പുറം 546). ഒരു വാക്കുകൊണ്ട് ഇതില്‍ തെളിയുന്ന അപരജീവിതങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രധാനമായിരുന്നു തന്‍റെ ജീവിതത്തില്‍ എന്ന് മാധവിക്കുട്ടി തിരിച്ചറിയുന്നതിന്‍റെ സാക്ഷ്യം കൂടിയാണിത്.

കമലാസുരയ്യ എഴുതിയതുകൊണ്ട് വിഷാദം പൂക്കുന്ന മരങ്ങളില്‍ പരാമര്‍ശിക്കുന്ന ഒരു രംഗം ഇസ്ലാംമതത്തിലേക്ക് വളരെ മുമ്പ് ആകര്‍ഷിക്കപ്പെട്ടിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. പതിനഞ്ചാം വയസ്സില്‍ ഗറാറ എന്ന മുസ്ലീം വസ്ത്രം മോഹിപ്പിച്ചതിനെക്കുറിച്ച് അവര്‍ എഴുതുന്നു. “ഇപ്പോള്‍ ഇറങ്ങിയ ഒരു പടത്തില്‍ സുരയ്യ എന്ന നടി ഒരു ഗറാറ ധരിച്ചിരിക്കുന്നത് അച്ഛന്‍ കണ്ടില്ലേ ഞാന്‍ ചോദിച്ചു. അതൊക്കെ മാപ്ലാരടെ വേഷാ. നിനക്ക് ചേരില്ല. അച്ഛന്‍ പറഞ്ഞു” (സമ്പൂര്‍ണ്ണം പുറം 529). ഇവിടെ അച്ഛന്‍ ചേരില്ലെന്നു പറഞ്ഞ മാപ്ലാരടെ വേഷവും അന്ന് കൊതിപ്പിച്ച നടിയുടെ പേരും വര്‍ഷങ്ങള്‍ക്കിപ്പുറം മാധവിക്കുട്ടി സ്വീകരിക്കുന്നു. ഇത് കൗതുകമാകുന്നത് രണ്ടാമത്തെ ആത്മകഥയില്‍ മാത്രം ഈ സംഭവം ഓര്‍ത്തെഴുതുന്നതുകൊണ്ട് കൂടിയാണ്. ഭാവപരമായ അന്തരം ആത്മകഥകളെ വേറിട്ട് നിര്‍ത്തുന്നു. എന്റെ കഥ ആസക്തിയുടെ ചുംബനങ്ങളില്‍ അവസാനിക്കുമ്പോൾ വിഷാദം പൂക്കുന്ന മരങ്ങള്‍ ആത്മീയതയുടെ കീഴടങ്ങലിലാണ് അവസാനിക്കുന്നത്. ആ ജീവിതവും അങ്ങനെയായിരുന്നല്ലോ പെയ്തുതീര്‍ന്നത്.

ഞാനെന്നില്‍ നഗ്നനടനം ചെയ്യട്ടെ

എന്നിട്ട് വലിച്ചെറിയാം

എന്റെ ആത്മകഥനം (സമാഹൃതി) എന്ന് അവര്‍ തന്നെ കുറിച്ചിരിക്കുന്നു.

വായനക്കാര്‍ക്കായി എറിഞ്ഞു കിട്ടിയവ തന്നെയാണ് ആ ആത്മകഥനങ്ങള്‍. എറിഞ്ഞു കിട്ടിയ എല്ലിന്‍കഷണത്തില്‍ കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ മലയാളത്തിലെ എന്റെ കഥയില്‍കടിപിടി കൂടിയവരെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. വെളിവാക്കാനാഗ്രഹിച്ച സദാചാര വൈകൃതങ്ങളെ വായനക്കാരുടെ പ്രതികരണങ്ങളെക്കൂടി ഉപയോഗിച്ച് പൂര്‍ണ്ണ പ്രകാശനം ചെയ്തു എന്ന നിലക്ക് കേരളത്തിലെ എണ്ണപ്പെട്ട പെര്‍ഫോര്‍മന്‍സുകളില്‍ ഒന്നായി എന്റെ കഥയെ കണക്കാക്കണം. സ്വന്തം പേരും ജീവിതവും ഉപയോഗിച്ച് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്ന എഴുത്തുകാര്‍ മലയാളത്തില്‍ നന്നേ വിരളമാണ്; സ്ത്രീകളില്‍ വിശേഷിച്ചും.

Comments