രചന അക്ഷരവേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്ന, പീച്ചിയിലെ വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന കെ. എച്ച്. ഹുസ്സൈൻ വേണുസ്സാറിനെ (ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ) ആദ്യം കണ്ടതിനെക്കുറിച്ച് പറഞ്ഞത് ഓർക്കുന്നു. ഹുസ്സൈനോടൊപ്പം കേരള സർവ്വകലാശാലയുടെ മലയാളം ലക്സിക്കണിൽ ജോലി ചെയ്തിരുന്ന ഭാഷാശാസ്ത്രജ്ഞനായ ആർ. ചിത്രജകുമാറും നേതൃത്വം നല്കുന്ന രചന അക്ഷരവേദി എന്ന പ്രസ്ഥാനം കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം, മലയാള ലിപികളുടെ മാനകീകരണം തുടങ്ങി ഭാഷാസംബന്ധിയായി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാലമാണ്. 1968-ലെ ലിപി പരിഷ്കരണത്തിനുശേഷം വീണ്ടും കമ്പ്യൂട്ടറിനുവേണ്ടി ലിപിപരിഷ്കരണം വേണമെന്ന വാദം ഉയർന്ന ഘട്ടമാണ്.
അക്കാലത്ത് കെ. എച്ച്. ഹുസ്സൈൻ കോഴിക്കോട്ട് വന്നപ്പോൾ ഡോ. ടി. ബി. വേണുഗോപാലപ്പണിക്കരെ ഫെറോക്കിലെ വീട്ടിൽ സന്ദർശിച്ചു. പി. ജി. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കുകയായിരുന്നു വേണുസ്സാർ. മാഷെ പണിത്തിരക്കിനിടയിൽ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി പെട്ടെന്നുതന്നെ പോരാൻ നിശ്ചയിച്ച ഹുസ്സൈൻ വിശേഷിച്ച് കാര്യമൊന്നുമില്ല, പരിചയപ്പെടാൻ വന്നതാണെന്ന് പറഞ്ഞു. കൂട്ടത്തിൽ രചന അക്ഷരവേദിയുടെ ലിപിനയം സൂചിപ്പിച്ചു. മലയാളത്തിന്റെ "തനതുലിപി"യിലേക്ക് തിരിച്ചുപോകാൻ കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യ അവസരമൊരുക്കുന്നു, അത്തരം സാഹചര്യത്തിൽ ഇനിയും ലിപിപരിഷ്കരണം വേണ്ട എന്നതായിരുന്നു ആ നിലപാട്. മാത്രമല്ല നിർദ്ദേശിക്കപ്പെടുന്ന ലിപിപരിഷ്കരണം ഭാഷയിലെ എഴുത്തിനെയും അച്ചടിയെയും അങ്ങേയറ്റം അവ്യവസ്ഥിതത്വത്തിലേക്ക് നയിക്കുമെന്നും ഹുസ്സൈൻ വ്യക്തമാക്കി.

പുതിയ ലിപി നിലവിൽ വന്നിട്ട് കുറേ കാലമായില്ലേ, കുട്ടികളെല്ലാം പഠിച്ചത് പുതിയ ലിപിയല്ലേ, ഇനി പഴയതിലേക്ക് തിരിച്ചുകൊണ്ടുപോവുക പ്രയാസമായിരിക്കില്ലേ എന്നായിരുന്നു സാറിന്റെ പ്രതികരണം. പുതിയ ലിപി പ്രചാരത്തിലായിട്ട് ഇത്ര കാലത്തിനുശേഷം മാഷ് നോക്കുന്ന പേപ്പറിൽ കുട്ടികൾ എഴുതിയത് പുതിയ ലിപിയിലല്ല എന്ന് എനിക്ക് ഉറപ്പാണെന്ന് ഹുസ്സൈൻ പറഞ്ഞു. ഉത്തരക്കടലാസ്സിലെ അക്ഷരങ്ങൾ ശ്രദ്ധിച്ച സാർ, അതു ശരിയാണല്ലോ എന്ന് വിസ്മയിച്ചു. പുതിയ ലിപിയുടെ ചിഹ്നങ്ങളോടൊപ്പം ഏറെയും സ്വരവ്യഞ്ജന സംയുക്തങ്ങളുടെ പഴയ ലിപിയാണ് കുട്ടികൾ ഉപയോഗിച്ചിരുന്നത്.
ഈ സന്ദർശനത്തെക്കുറിച്ച് ഹുസ്സൈൻ ഓർക്കുന്ന മറ്റൊരു കാര്യം, ഉ കാരത്തെക്കുറിച്ചാണ്. ഇന്ത്യൻ ഭാഷകളിൽ സ്വര-വ്യഞ്ജന സംയുക്തങ്ങളിൽ ഉകാരത്തിന്റേതൊഴികെ മറ്റുള്ളവയെല്ലാം പിരിച്ച് എഴുതാറുണ്ട്. പക്ഷെ ഒരൊറ്റ ഭാഷയിലും ഉ കാരം വ്യഞ്ജനത്തിൽനിന്ന് വേർപെടുത്തി എഴുതുന്നില്ലല്ലോ എന്ന് ഹുസ്സൈൻ ചോദിച്ചു. നിരവധി ഭാഷാപണ്ഡിതന്മാരോടും ഭാഷാശാസ്ത്രജ്ഞരോടും ചോദിച്ചു കൊണ്ടിരുന്ന ചോദ്യമാണ്. അവർക്കാർക്കും ഒരു ഉത്തരവും അതിനില്ലായിരുന്നു. ഉ കാരം ഉച്ചരിക്കുന്നത് കണ്ടെയിൻ ചെയ്താണ് എന്നതിനാലായിരിക്കും എന്ന് വിശേഷിച്ച് ആലോചനയൊന്നുമില്ലാതെ, അതീവ ലളിതമായ ഒരു വസ്തുത വിശദീകരിക്കുന്നതുപോലെ വേണുസ്സാർ പറഞ്ഞു. അങ്ങനെ ചേർന്നിരിക്കുന്നതിനെ ഉ കാരത്തെ മലയാളത്തിൽ പിരിച്ചെഴുതുന്നത് ഭാഷാപരമായി ശരിയാണോ എന്ന ഹുസ്സൈന്റെ ചോദ്യത്തിന്, അങ്ങനെ എന്തെല്ലാം പിശകുകളുണ്ട് എന്ന ചോദ്യമായിരുന്നു മാഷുടെ മറുപടി.
കേരളത്തിലെ ഭാഷാശാസ്ത്രജ്ഞന്മാരുടെ ഇടയിൽ അക്കാലത്ത് ഭാഷാസാങ്കേതികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കടന്നുവന്നിരുന്നില്ല. ഇംഗ്ലീഷിനെ അപേക്ഷിച്ച് മലയാളം കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നത് പ്രയാസകരമാണെന്ന് പൊതുവേ വിശ്വസിക്കപ്പെട്ടിരുന്ന കാലമാണ്.
ഹുസ്സൈന്റെ ഈ സന്ദർശനത്തിനുശേഷം രചന അക്ഷരവേദിയും പിന്നീട് നിലവിൽ വന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും ഭാഷാപരമായ സംശയനിവാരണത്തിന് വേണുസ്സാറിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഭാഷാസാങ്കേതികത തന്റെ വിഷയമായി മാഷ് കണക്കാക്കിയിരുന്നില്ല. അതല്ലാതെ ഭാഷാശാസ്ത്രത്തിന്റെ മേഖലയിൽ ആരും ശ്രദ്ധിക്കാത്ത നിരവധി മേഖലകൾ ഉള്ളപ്പോൾ, അവയിലെ തന്റെ അന്വേഷണങ്ങൾ മാറ്റിവെച്ച് പുതിയ ഒരിടത്തേക്ക് ചേക്കേറാൻ മാഷ് താല്പര്യപ്പെട്ടിരുന്നില്ലെന്നത് തികച്ചും സ്വാഭാവികമാണ്. ഓരോ കാലത്തെയും ട്രെന്റുകൾ പിൻപറ്റുകയായിരുന്നില്ലല്ലോ മാഷുടെ രീതി.
കേരളത്തിലെ ഭാഷാശാസ്ത്രജ്ഞന്മാരുടെ ഇടയിൽ അക്കാലത്ത് ഭാഷാസാങ്കേതികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കടന്നുവന്നിരുന്നില്ല. ഇംഗ്ലീഷിനെ അപേക്ഷിച്ച് മലയാളം കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നത് പ്രയാസകരമാണെന്ന് പൊതുവേ വിശ്വസിക്കപ്പെട്ടിരുന്ന കാലമാണ്. കീബോർഡിൽ എവിടെയാണ് മലയാളം അക്ഷരങ്ങൾ വിന്യസിക്കപ്പെട്ടിട്ടുള്ളത് എന്ന് പഠിക്കുവാൻ പ്രയാസമാണെന്ന് കരുതിയിരുന്നു. വാസ്തവം അതല്ലെന്ന് വിശദീകരിച്ചുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഇക്കാലത്ത് രചന അക്ഷരവേദിയുമായി ബന്ധപ്പെട്ട് സെമിനാറുകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്തിരുന്നയാൾ എന്ന നിലയിൽ എന്നെ ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ളയാളെന്ന് മാഷ് കണക്കാക്കിയിരുന്നു. എന്റെ പരിജ്ഞാനം മലയാളം കമ്പ്യൂട്ടറിൽ ഉപയോഗിക്കാനായുള്ള ആപ്ലിക്കേഷനുകളുടെ പ്രായോഗിക തലത്തിലുള്ള പരിചയപ്പെടുത്തലും വിശദീകരണവും മാത്രമാണെന്ന് പറഞ്ഞപ്പോഴും മാഷ് തന്റെ ഇക്കാര്യത്തിലുള്ള ധാരണകൾ തിരുത്തിയില്ല.

കേരള സൊസൈറ്റി ഫോർ ലിംഗ്വിസ്റ്റിക് റിസേർച്ചിന്റെ രൂപീകരണഘട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതിന്റെ സെക്രട്ടറിയായി സുഹൃത്തുക്കൾ എന്നെ അവരോധിച്ചിരുന്നു. വേണുസ്സാർ കാലിക്കറ്റ് സർവ്വകലാശാലയിൽനിന്ന് പിരിയുമ്പോൾ ഒരു ദേശീയ സെമിനാർ നടത്താൻ ഞങ്ങൾ തീരുമാനിച്ചു. സെമിനാറിന്റെ വിഷയം ഭാഷാസാങ്കേതികതയായിരുന്നു. ഈ വിഷയം ഗൗരവപൂർണ്ണമായ പരിഗണനയർഹിക്കുന്നുണ്ടെന്നും പുതിയ തലമുറ അത് ശ്രദ്ധിക്കുമെന്നും മാഷ് കണക്കാക്കിയിരുന്നു.
മലയാളത്തിലെ അക്ഷരങ്ങളെക്കുറിച്ച് ലിപിപരിഷ്കരണത്തിനുശേഷം വലിയ തർക്കവിതർക്കങ്ങളുണ്ടായ രണ്ട് സന്ദർഭങ്ങളുണ്ട്. ടൈപ്പ് റൈറ്റിംഗ് മെഷീനിൽ ഉപയോഗിക്കാനായി പുതിയ ലിപി ഉണ്ടാക്കിയതുപോലെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാനായി വീണ്ടും ലിപിപരിഷ്കരിക്കണം എന്ന വാദം ഉയർന്നതാണ് ആദ്യത്തേത്.

ലിപിയും ഭാഷയും പരിണാമങ്ങൾക്ക് വിധേയമാകുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. പക്ഷെ തികച്ചും കൃത്രിമമായ കാര്യകാരണങ്ങൾ ഉന്നയിച്ച് അവയ്ക്കുള്ള പരിഹാരം തേടാനായി പരിഷ്കരണം നടത്തിയാൽ അത് ഭാഷയിൽ അവ്യവസ്ഥിതത്വം ഉണ്ടാക്കുകയാണ് ചെയ്യുക
യൂനിക്കോഡ് എൻകോഡിംഗ് നിലവിൽ വന്നപ്പോൾ കോഡ്പേജിൽ ചില്ലക്ഷരങ്ങൾക്ക് പ്രത്യേകമായി സ്ഥാനം നല്കണം എന്ന് നേരത്തെ കമ്പ്യൂട്ടറിനുവേണ്ടി ലിപിപരിഷ്കരണം വേണം എന്ന് വാദിച്ചവർ നടത്തിയ ശ്രമങ്ങളാണ് രണ്ടാമത്തെ സന്ദർഭം.
രചന അക്ഷരവേദി എന്ന സംഘടനയാണ് ആദ്യത്തെ ശ്രമത്തെ പ്രതിരോധിച്ച് മലയാളം എഴുത്തിന് സംഭവിക്കുമായിരുന്ന വലിയ പ്രശ്നങ്ങളിൽനിന്ന് ഭാഷയെ രക്ഷിച്ചത്. ചില്ലക്ഷരത്തിന് കോഡ്പേജിൽ സ്ഥാനം നല്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ രചന അക്ഷരവേദിയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും ചേർന്ന് നടത്തിയ പരിശ്രമങ്ങൾ വിജയിച്ചില്ല. അതിന്റെ ഫലമായി ചില്ലക്ഷരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കുമ്പോൾ ഇന്ന് നാം അനുഭവിക്കുന്നു. മേല്‍പറഞ്ഞ രണ്ട് സന്ദർഭങ്ങളിൽ ഭാഷാപണ്ഡിതർ, അധികാരികൾ എന്നിവരോടൊപ്പം ഭാഷാശാസ്ത്രം പഠിച്ചവരും ഉണ്ടായിരുന്നു. കമ്പ്യൂട്ടർ എന്ന ഉപകരണം ടൈപ്പ് റൈറ്റിംഗ് മെഷീനിൽനിന്നും വ്യത്യസ്തമാണെന്ന ആലോചനയില്ലാത്ത പ്രവർത്തനമാണ് ആദ്യത്തെ പ്രശ്നത്തിന് കാരണം.

1968-ൽ പുതിയ ലിപി പ്രചാരത്തിൽ വന്ന കാലം മുതൽ ലിപിപരിഷ്കരണത്തിനായി പലരും നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. എഴുത്തിനും അച്ചടിക്കും ഏകതാനതയുണ്ടാക്കാനും അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കാനും മലയാളികളല്ലാത്തവർക്ക് പഠിക്കാൻ കൂടുതൽ എഴുപ്പമുണ്ടാക്കാനും എന്നിങ്ങനെ ഗുണങ്ങൾ ഈ നിർദ്ദേശങ്ങൾക്കുണ്ടെന്ന് അവയുടെ ഉപജ്ഞാതാക്കൾ അവകാശപ്പെട്ടിരുന്നു. ലിപിയും ഭാഷയും പരിണാമങ്ങൾക്ക് വിധേയമാകുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. പക്ഷെ തികച്ചും കൃത്രിമമായ കാര്യകാരണങ്ങൾ ഉന്നയിച്ച് അവയ്ക്കുള്ള പരിഹാരം തേടാനായി പരിഷ്കരണം നടത്തിയാൽ അത് ഭാഷയിൽ അവ്യവസ്ഥിതത്വം ഉണ്ടാക്കുകയാണ് ചെയ്യുക. ഇംഗ്ലീഷും യൂറോപ്യൻ ഭാഷകളും അടിസ്ഥാനമാക്കിയുള്ള ഭാഷാപ്രയോഗസാദ്ധ്യതയാണ് കമ്പ്യൂട്ടറിനുള്ളത് എന്ന തെറ്റിദ്ധാരണയാണ് ലിപിപരിഷ്കരണവാദത്തിന്റെ അടിസ്ഥാനം. പ്രോഗ്രാം ചെയ്യാവുന്ന ഉപകരണമാണ് കമ്പ്യൂട്ടർ എന്ന് മനസ്സിലാക്കാൻ ഈ വാദം ഉന്നയിച്ചവർക്ക് കഴിയാതെപോയി.
ഇതേ പ്രശ്നത്തിന്റെ തുടർച്ചയാണ് കോഡ്പേജിൽ ചില്ലക്ഷരത്തിന് സ്ഥാനം നല്കണം എന്ന വാദത്തിലും ഉള്ളത്. അടിസ്ഥാനാക്ഷരത്തിൽനിന്ന് നിഷ്പാദിപ്പിക്കപ്പെടുന്ന ചില്ലക്ഷരങ്ങൾ ഫോർമാറ്റിംഗ് ക്യാറക്ടറുകൾ ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നത് എന്ന അറിവ് ഇല്ലാത്തതാണ് രണ്ടാമത്തെ പ്രശ്നത്തിന്റെ അടിസ്ഥാനം. ഭാഷാജ്ഞാനമായാലും ഭാഷാശാസ്ത്ര വിജ്ഞാനമായാലും അതിനെ പ്രായോഗികതലത്തിൽ മറ്റ് വിജ്ഞാനങ്ങളുമായി ചേർത്തുവെച്ച് മനസ്സിലാക്കാൻ സാധിക്കാത്തതാണ് മേല്‍പറഞ്ഞ രണ്ട് അബദ്ധങ്ങളുടെയും കാരണം.

ഭാഷയും ഭാഷാശാസ്ത്രവും സാഹിത്യവും മാത്രമല്ല ജനാധിപത്യസംസ്കാരവും അതിന്റെ ഭാഗമായ സംവാദാത്മകതയുമാണ് വേണുസ്സാറിന്റെ വൈജ്ഞാനികതയെ മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമാക്കുന്നത്. തന്റേതല്ലാത്ത ആശയങ്ങളോടും ചിന്തകളോടും പ്രവർത്തനങ്ങളോടും ഉദാരതപുലർത്തുവാൻ അത് വഴിയൊരുക്കുന്നു. ഭാഷാശാസ്ത്രത്തിന്റെ വർത്തമാനകാലത്തെ പ്രയോഗത്തിന്റെ മേഖല സാങ്കേതികതയുമായി ബന്ധപ്പെട്ടാണെന്ന് തിരിച്ചറിയുകയും ആ മേഖലയിലെ പ്രവർത്തനങ്ങളെ വിലമതിക്കുകയും ചെയ്യാൻ അതിനാൽ സാധിക്കുന്നു. ഇക്കാരണത്താലാണ് രചന അക്ഷരവേദിയും സ്വതന്ത്ര മലയാളംകമ്പ്യൂട്ടിംഗും ഡോ. ടി. ബി. വേണുഗോപാലപ്പണിക്കരെ അവരുടെ കൂട്ടായ്മയുടെ ഭാഗമായി കണ്ടത്.