ഭാഷാപഠനരംഗത്ത് ശ്രദ്ധേയമായ ചുവടുവെയ്പ്പുകൾ നടത്തിയ ആളാണ് ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പ്രൊഫ. ടി. ബി. വേണുഗോപാലപ്പണിക്കർ. ഭാഷാപഠനത്തിന്റെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യാപരിച്ചിരുന്നു. പ്രാതിശാഖ്യങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും പഠിക്കുന്ന അതേ ഗൗരവത്തോടെ ആദിവാസി ഭാഷകളെക്കുറിച്ചും മായാപദങ്ങളെ (Ghost words) കുറിച്ചും മലയാള സംസാരഭാഷയെക്കുറിച്ചുമൊക്കെ അദ്ദേഹം പഠിച്ചെഴുതി.
‘കേരളത്തിലെ ആദിവാസി ഭാഷാപഠനങ്ങൾ’ എന്ന ലേഖനം തയ്യാറാക്കാൻ നേരിട്ടുള്ള വസ്തുതാശേഖരണം നടത്തിയതിനു പുറമെ 15 മലയാള പുസ്തകങ്ങളെയും ഒരു തമിഴ് കൃതിയെയും അമ്പത് ഇംഗ്ലീഷ് ഗ്രന്ഥങ്ങളെയുമാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. അതിൽ ഭൂരിഭാഗവും പഠനഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. പാൽക്കടൽ കടഞ്ഞ് അമൃതെടുത്തു എന്നൊക്കെയുള്ള പറച്ചിലുകളെ സാധൂകരിക്കുന്ന തരത്തിലുള്ള ഉദ്യമമായിരുന്നു അദ്ദേഹം നടത്തിയത്. കാച്ചിക്കുറുക്കിയ അമൃതസമാനമായ ആകണ്ടെത്തലുകളുടെ അവതരണം അനിതരസാധാരണമാണ്. ഒരു ഗവേഷകനും ഭാഷാശാസ്ത്രജ്ഞനും വിമർശകനും സന്ധിക്കുന്ന ഇടം എന്ന് ആ ലേഖനത്തെ വിശേഷിപ്പിക്കാം. ഗോത്രഭാഷാപഠനങ്ങളുടെ മികച്ച മാതൃകകളായി ചൂണ്ടിക്കാണിക്കാവുന്ന ഏതാനും ലേഖനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള ആദിവാസിബെൽറ്റിലെ മിക്ക സമുദായങ്ങളുടെയും വാമൊഴി വഴക്കങ്ങൾ ടി.ബി. വേണുഗോപാലപ്പണിക്കർ പഠിക്കുന്നു, വിവരിക്കുന്നു, പഠിപ്പിക്കുന്നു.
‘കേരളത്തിലെ ആദിവാസി ഭാഷാപഠനങ്ങൾ’ എന്ന ലേഖനത്തിൽ ഇവിടത്തെ ഗോത്രവിഭാഗങ്ങളുടെ ഭാഷകളെയാണ് വിശകലനവിധേയമാക്കിയിരിക്കുന്നത്. പി. സോമശേഖരൻ നായർ എഴുതിയ പല പഠനങ്ങളുമാണ് പണിക്കർ ഇവിടെ ആധാരമായെടുക്കുന്നത്. ആദിവാസികൾ ആരെല്ലാം, ആദിവാസികൾ എവിടെയെല്ലാം, വർഗ്ഗീകരണവും പിഴവുകളും, എന്തെല്ലാം പഠിക്കാനുണ്ട് എന്നിങ്ങനെയുള്ള വിശകലനങ്ങളിലൂടെ അദ്ദേഹം പ്രശ്നങ്ങളുടെ പശ്ചാത്തലവും ഭൂമികയും അവതരിപ്പിക്കുന്നു. തുടർന്നു് കൊറഗർ, പണിയർ, അടിയർ എന്നിവരുടെ വാമൊഴികളുടെ സവിശേഷതകൾ വിവരിക്കുന്നു. പലതരം കുറുമർ, കുറുമ്പർ, തച്ചനാടൻ മൂപ്പൻ, ഇരുളർ, മുഡുഗർ, കാടർ എന്നിങ്ങനെ വിവരിച്ച് മുന്നേറി ഇടുക്കിയിലെ ആദിവാസിഭാഷകളുടെ സവിശേഷ വിശകലനത്തിലെത്തുന്നു.

വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള ആദിവാസിബെൽറ്റിലെ മിക്ക സമുദായങ്ങളുടെയും വാമൊഴി വഴക്കങ്ങൾ അദ്ദേഹം പഠിക്കുന്നു, വിവരിക്കുന്നു, പഠിപ്പിക്കുന്നു. വിവരണപഠനങ്ങൾക്കു പുറമെ സമ്പർക്ക മേഖലകളെക്കുറിച്ചും ചരിത്രാത്മക പഠനത്തിനും അദ്ദേഹം മുതിരുന്നു. ഇത്തരം പഠനങ്ങൾ എന്തിനുവേണ്ടിയാണ് നടത്തേണ്ടത് എന്നു പറയുന്നിടത്താണ് ടി. ബി. വേണുഗോപാലപണിക്കരെന്ന ഗവേഷകനിലെ നിലപാട് കുടികൊള്ളുന്നത്. അദ്ദേഹം പറയുന്നു: "ലഭ്യമായ വസ്തുതകൾ ദ്രാവിഡ താരതമ്യപഠനത്തിലേക്ക് സമന്വയിപ്പിക്കേണ്ടതുണ്ട്. അതിനേക്കാൾ പ്രധാനം ആദിവാസികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും സഹായകമാകുമാറ് അവരുടെ വാമൊഴികളെപ്പറ്റിയുള്ള അറിവ് പ്രയോജനപ്പെടുത്തുകയാണ്".
ഗവേഷണം ഗവേഷണത്തിനു വേണ്ടിയല്ല. ആദിവാസികളുടെ ഭാഷ പഠിക്കുന്നത് ആത്യന്തികമായി ആദിവാസികളുടെ സാമൂഹ്യപുരോഗതിക്ക് ഉതകേണ്ടതുണ്ടെന്ന് അദ്ദേഹം കരുതി. മറ്റെന്തിനെക്കാളും മാനിക്കേണ്ട ഈ പ്രതിബദ്ധതക്ക് മുന്നിൽ നമസ്കരിക്കണം.
‘കാടൻ ഭാഷയിലെ പ്രാചീനാവശിഷ്ടങ്ങൾ’, എന്ന ലേഖനത്തിൽ ചാലക്കുടി വാഴച്ചാലിലെ കാടർ എന്ന ആദിവാസി വിഭാഗത്തെയാണ് അദ്ദേഹം പഠനവിധേയമാക്കുന്നത്. അവരുടെ ഭാഷയുടെ ചരിത്രവും സവിശേഷതകളും സമഗ്രമായിത്തന്നെ അദ്ദേഹം വിശകലനവിധേയമാക്കുന്നുണ്ട്. സാമൂഹ്യജീവിതവും ഇതര നിത്യവൃത്തികളും സൂക്ഷ്മമായിത്തന്നെ പഠനവിധേയമാക്കി ഭാഷാസവിശേഷതകൾ പ്രത്യേകമായി വിവരിക്കുന്നു. സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ സവിശേഷമായ രീതിശാസ്ത്രമാണ് അദ്ദേഹം ഇവിടെ പ്രയോഗിക്കുന്നത്. കാടരുടെ ഭാഷയിലെ പ്രാചീനാവശിഷ്ടങ്ങൾ എന്ന ലേഖനം കാടരുടെ ഭാഷയുടെ സാമൂഹ്യ ഭൂമികയെയും ദശാപരിണാമങ്ങളേയും വിവരിക്കുന്നു. 1971 കാലത്ത് കാടരുമായി നേരിട്ട് ഇടപഴകി ശേഖരിച്ച വസ്തുതകളുപയോഗിച്ചാണ് ഈ ലേഖനം തയ്യാറാക്കിയത്.
പേരുകേട്ട ഗ്രന്ഥങ്ങളെയെന്ന പോലെ വാമൊഴികളെയും ഗൗരവത്തോടെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുകയെന്നത് വേണുഗോപാലപ്പണിക്കരുടെ പ്രത്യേകതയാണ്. ‘ന്റ’ എന്ന ഒരു ലേഖനമുണ്ട്. അതിൽ കാടൻ ഭാഷയിലെ ന്റ വരുന്ന പ്രയോഗങ്ങളെക്കുറിച്ച് പറയുന്നു.
കാടൻ ഭാഷ തമിഴ് - മലയാളങ്ങളോട് വളരെ അടുപ്പമുള്ള ഭാഷയാണെന്ന് കണ്ടെത്തി, അതിലെ സ്വനവിന്യാസം മേൽപ്പറഞ്ഞ ഭാഷകളിൽനിന്നും അത്യന്തഭിന്നമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാടൻ ഭാഷയുടെ വ്യാകരണപരമായ സവിശേഷതകൾ കൂലങ്കഷമായി അദ്ദേഹം പഠന-മനനങ്ങൾക്ക് വിധേയമാക്കുന്നു. പദാവലിയും പദനിഷ്പത്തിയും ഉദാഹരണസഹിതം വിവരിക്കുന്നു. ഒരു ഭാഷയുടെ സവിശേഷതകൾ അതിന്റെ ചരിത്രത്തിലും സാമൂഹിക ഭൂമികയിലും വെച്ച് വിവരണാത്മകവിശകലനം എങ്ങനെ നടത്താമെന്ന് ഈ ലേഖനം നമ്മെ പഠിപ്പിക്കുന്നു.
‘ആദിവാസികളുടെ ദ്രാവിഡവത്കരണം’ എന്ന ലേഖനം ആര്യവത്കരണം പോലെ ദ്രാവിഡവത്കരണവും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് സ്ഥാപിക്കുന്ന ഒന്നാണ്. നീലഗിരി മലകളിൽ അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാരെക്കുറിച്ച് നടത്തിയ പഠനത്തിന്റെ ഫലമാണിത്. ആദാനവും സമാവേശവും വൻതോതിൽ നടന്നതിനാൽ നീലഗിരി ഭാഷകളിൽ തമിഴ്, കന്നഡം, മലയാളം ഇവയുടെ ക്രമരഹിതമായ മിശ്രണം കാണാമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മൂലകന്ദത്തിൽ നിന്നുത്ഭവിച്ച ഭാഷകൾ ഓരോരോ ഘട്ടങ്ങളിൽ കവരം തിരിഞ്ഞ് ഭിന്നിക്കുന്നു. എന്നാൽ ദ്രാവിഡത്തിൽനിന്ന് ഭിന്നിച്ചുണ്ടായവയല്ല നീലഗിരിയിലെ ആദിവാസിഭാഷകൾ. അവ ദ്രാവിഡേതര വംശ്യർ പ്രാക് തമിഴ്, പ്രാക് കന്നഡം ഇവ കൈകാര്യം ചെയ്തുചെയ്ത് ക്രമേണ ഉരുത്തിരിഞ്ഞ് വന്നതാകാനാണിട. ഇവരുടെ വാമൊഴിയിൽ നുഴഞ്ഞുകയറി തമിഴത്തവും കന്നഡത്തവും മലയാളത്തവും ഏറി നിൽക്കുമ്പോഴും നഷ്ടപ്പെട്ട തൻഭാഷയുടെ ലക്ഷണങ്ങൾ പിന്നെയും അവരുടെ ഭാഷയിൽ പിടിച്ചു നിന്ന് ദ്രാവിഡവൽക്കരണത്തെ ചെറുക്കുന്നതായി അദ്ദേഹം കണ്ടെത്തുന്നു.

പേരുകേട്ട ഗ്രന്ഥങ്ങളെയെന്ന പോലെ വാമൊഴികളെയും ഗൗരവത്തോടെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുകയെന്നത് വേണുഗോപാലപ്പണിക്കരുടെ പ്രത്യേകതയാണ്. ‘ന്റ’ എന്ന ഒരു ലേഖനമുണ്ട്. അതിൽ കാടൻ ഭാഷയിലെ ന്റ വരുന്ന പ്രയോഗങ്ങളെക്കുറിച്ച് പറയുന്നു. പണിയ ഭാഷയിലെ ന്റ ഉപയോഗം സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും സൂചിപ്പിക്കുന്നു. ഒൻറു, ഇന്റു എന്ന് ബത്തേരിയിൽ പറയുമ്പോൾ മാനന്തവാടിയിൽ ഒഞ്ചു ഇഞ്ചു എന്നാണ് പറയുന്നത്. ആദ്യത്തേത് തമിഴ് ദേശത്തോട് ചേർന്ന് കിടക്കുമ്പോൾ രണ്ടാമത്തേത് തുളുവിന്റെ സ്വാധീനമാണെന്നും പറയുന്നു.
കേവലമായ അക്കാദമിക താത്പര്യത്തിനു വേണ്ടിയല്ലാതെ ആദിവാസികളുടെ വാമൊഴികളെ വിശകലനം ചെയ്തുകൊണ്ട് വേണുഗോപാലപ്പണിക്കർ നടത്തിയ നിരീക്ഷണങ്ങളും വിവരണങ്ങളും ഭാഷാചരിത്രത്തിലേക്കുള്ള വെളിച്ചങ്ങൾ കൂടിയാണ്. അതിന്റെ തെളിച്ചത്തിലൂടെ സഞ്ചരിച്ചാൽ ഒരു ജനതതിയുടെ വാമൊഴി പാരമ്പര്യവും വർത്തമാന രഥ്യകളും നമുക്ക് ദർശിക്കാം. കൂടുതൽ പഠന-വിശകലനങ്ങളിലേക്ക് നയിക്കാനുതകുന്ന ഭാവങ്ങളെ അന്തർവഹിക്കുന്ന ഈ ലേഖനങ്ങൾ ആദിവാസി ഭാഷകളിലേക്കുള്ള പ്രവേശകമെന്നതിലുപരി ദിശാസൂചകം കൂടിയാണ്. ഇത്തരം വസ്തുതാനിഷ്ഠമായ വംശീയഭാഷാപഠനങ്ങൾ ഭാഷയെ സംബന്ധിച്ച് സന്തുലിതമായ കാഴ്ചപ്പാടുളവാക്കാനും സഹായിക്കുമെന്ന് വേണുഗോപാലപ്പണിക്കരുടെ ഭാഷാസമീപനങ്ങളെയും കാഴ്ചപ്പാടുകളെയും മുൻനിർത്തി പറയാം. പാണ്ഡിത്യവും മനുഷ്യപ്പറ്റും സ്വതന്ത്രമായ കാഴ്ചപ്പാടും ഒത്തുചേർന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.