ഹാവിയേർ മറിയാസ്. / Photo: Asteroide097, Fb

ദാർശനികതയുടെ
​ചക്രവ്യൂഹത്തിൽ
ഒരെഴുത്തുകാരൻ

സാർത്ര്, ഷേക്സ്പിയർ എന്നിവരുടെ വായന കൂടി ചേരുമ്പോൾ മറിയാസ് മറ്റൊരനുഭവമായി രൂപഭേദപ്പെടുന്നു. അനേകം ഷേക്സ്പിയർ ഉദ്ധരണികൾ മറിയാസ് കൃതികളിൽ കാണാം. ഇംഗ്ലീഷ് സാഹിത്യം അക്കാദമിക് ആയി പഠിച്ച ഒരാളിൽ ഇതതിശയിപ്പിക്കുന്നില്ല; അദ്ദേഹം സ്പാനിഷ് എഴുത്തുകാരനാണെങ്കിൽ പോലും.

നിസ്സാരമെന്നു തോന്നാവുന്ന ചില അനുഭവങ്ങൾ ചിലപ്പോൾ നമ്മെ ഞെട്ടിച്ചുകളയും. ചിലപ്പോൾ നാമതൊന്നും ശ്രദ്ധിച്ചില്ലെന്നുവരാം. ജീവിതത്തിൽ ആകസ്മികമെന്നോണം നടക്കുന്ന കാര്യങ്ങൾ അതിഗൗരവമുള്ളവയാവാം. ഒരു ചിന്തയുടെ അല്ലെങ്കിൽ അതിഗഹനമെന്ന് കരുതാവുന്ന ആശയത്തിന്റെ ചുരുളഴിയുന്നത് അപ്രകാരമാകാം. അല്ലെങ്കിൽ, ശൈത്യമാരംഭിക്കുന്ന ഒരു പകലിൽ ന്യൂ യോർക്ക് ഫ്രിക്ക് മ്യൂസിയത്തിനുമുന്നിൽ ഹാവിയേർ മറിയാസ് ടാക്‌സിയിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എങ്ങനെ വിവരിക്കാനാകും? മ്യൂസിയത്തിനു മുന്നിൽ കാത്തുനിന്ന സുഹൃത്തിനോട് അദ്ദേഹം അതേക്കുറിച്ചു പറയുകയുണ്ടായി. മ്യൂസിയം സന്ദർശിക്കുന്നത് ഒരു സിഗരറ്റ് വലിച്ചിട്ടായിക്കൂടേ, എന്നുചോദിച്ചിട്ട് അപ്പോൾ നടന്ന അസാധാരണ അനുഭവം പറയാൻ തുടങ്ങി.

അദ്ദേഹത്തെ മ്യൂസിയത്തിലെത്തിച്ച ക്യാബ് ഡ്രൈവർ തികഞ്ഞ സംഭാഷണപ്രിയൻ. അയാൾക്കറിയേണ്ടതോ, മറിയാസ് എന്ത് ജോലി ചെയ്യുന്നുവെന്നും. താൻ ഒരെഴുത്തുകാരനാണെന്നും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയാണ് തൊഴിൽ എന്നും പറഞ്ഞപ്പോൾ അയാൾ ചോദിക്കുകയാണ്, ‘താങ്കൾക്ക് ഒർട്ടേഗയ് ഗാസ്സറ്റ് എന്നയാളെ അറിയാമായിരുന്നോ?'
ഞെട്ടൽ...

ന്യൂ യോർക്ക് ഫ്രിക്ക് മ്യൂസിയം. / Photo: oxfordartonline.com

ഈ അനുഭവം യോനാഥൻ ബ്ലിറ്റ്‌സർ വിവരിക്കുന്നു.
പ്രസിദ്ധ ലിബറൽ (ഉത്പതിഷ്ണുവായ) ദാർശനികൻ ഹോസെ ഒർട്ടേഗയ് ഗാസ്സറ്റാണ് (Jose Ortega y Gasset, 1988 - 1955) ഡ്രൈവർ ചർച്ചയ്ക്കെടുത്ത വിഷയം. സ്‌പെയിൻ അടക്കിഭരിച്ചിരുന്ന സ്വേച്ഛാധിപതി ഫ്രാൻസിസ്‌കോ ഫ്രാൻകോയുടെ കാലത്തെ ലിബറൽ ചിന്തകളെ സ്വാധീനിച്ച ദാർശനികനുമായിരുന്നു അദ്ദേഹം. മാഡ്രിഡ് സ്‌കൂൾ എന്നറിയപ്പെടുന്ന ചിന്താധാര അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. ഹാവിയർ മറിയസിന്റെ പിതാവ് ജൂലിയൻ മറിയാസ് (Julian Marias, 1914 - 2005) മാഡ്രിഡ് സ്‌കൂൾ വലയത്തിലെ അംഗവും ഒർട്ടേഗയ് ഗാസ്സറ്റിന്റെ ശിഷ്യനും ആയിരുന്നു. ശ്രദ്ധേയനായ ദാർശനികനായിരുന്ന ജൂലിയൻ മറിയാസ് സ്വേച്ഛാധിപതി ഫ്രാൻകോയുമായുള്ള എതിർപ്പിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുമുണ്ട്.

മസ്തിഷ്‌കോത്തേജകമായ (cerebral) കൃതികളാണ് മറിയാസ് രചിക്കുന്നതെന്നാണ് പൊതു വിലയിരുത്തൽ. പല കൃതികളിലും മറിയാസ് തന്നെ ഇക്കാര്യം ഭംഗ്യന്തരേണ പറഞ്ഞിട്ടുമുണ്ട്.

അന്തരീക്ഷത്തിൽ ഫിലോസഫി തങ്ങിനിന്ന വീട്ടിൽ വളർന്ന ഹാവിയർ സങ്കീർണമായ വലയിൽപെട്ട അനുഭവം കണ്ടെത്തിയെന്ന് പറഞ്ഞാൽ മതിയെല്ലോ. രണ്ടു ഭൂഖണ്ഡത്തിൽപെട്ടവർ ആദ്യ കൂടിക്കാഴ്ചയിൽ നടത്തുന്ന ഇത്തരം സംഭാഷണം ചെറുതെങ്കിലും ഗാഢമായി അനുഭവപ്പെടും. തന്നിൽ നിന്ന്​ പിതാവിലേയ്ക്കും, അവിടുന്ന് ഗുരുവിലേയ്ക്കും പടർന്നുകയറുന്ന സൂക്ഷ്മവല നെയ്ത ന്യൂയോർക്കിലെ ഡ്രൈവർ വല്ലാത്ത പ്രഹേളികയൊരുക്കിയതായി തിരിച്ചറിഞ്ഞ ഹാവിയർ ‘അസാധാരണം' എന്ന ഒറ്റവാക്കിൽ അനുഭവത്തിന് അനന്തസാധ്യത നൽകി. ‘എക്‌സ്ട്രാ ഓർഡിനറി'- ഒരേസമയം വിശേഷപ്പെട്ടതെന്നും, വെറും അസാധാരണത്വത്തിനപ്പുറം എക്‌സ്ട്രാ ടെറസ്റ്റിയൽ (extra terrestrial) പോലെ ഭൗമേതരമെന്ന രീതിയിലും വിവക്ഷ കല്പിക്കാം.

ഹോസെ ഒർട്ടേഗയ് ഗാസ്സറ്റ്. / Photo: Wikimedia Commons

ഒരുപക്ഷെ ആശയങ്ങൾ വികസിക്കുന്നതും, അവ ദാർശനികമൂല്യമുള്ള ചിന്താപദ്ധതികളാകുന്നതും നാം കണ്ടെത്തുന്ന ഇമേജുകളുടെ ശകലങ്ങളിൽ നിന്നാണ്. മസ്തിഷ്‌കോത്തേജകമായ (cerebral) കൃതികളാണ് മറിയാസ് രചിക്കുന്നതെന്നാണ് പൊതുവിലയിരുത്തൽ. പല കൃതികളിലും മറിയാസ് തന്നെ ഇക്കാര്യം ഭംഗ്യന്തരേണ പറഞ്ഞിട്ടുമുണ്ട്. ഇമേജുകളുടെ നുറുങ്ങുകൾ അദ്ദേഹത്തെ സാഹിത്യത്തിലേയ്ക്ക് നയിക്കുന്നുവെന്നതിൽ സംശയമില്ല. ഉദാഹരണത്തിന്, ‘ആർദ്രതയുള്ള ഒരുവൻ' (The Man of Feeling, 1986, Penguin) എന്ന കൃതിയുടെ ഉപസംഹാരത്തിൽ അദ്ദേഹത്തിന്റെ രചനാസങ്കേതം വായിച്ചെടുക്കാം. പ്രധാനമായും രണ്ട് ഇമേജുകളാണ് എഴുത്തുകാരന് നോവലിലേക്ക് ​വഴിയൊരുക്കിയത്. ഒന്ന്, എമിലി ബ്രോൺടെയുടെ ‘വുഥറിങ് ഹൈറ്റ്‌സ്' എന്ന കൃതിയിലെ ചിത്രങ്ങൾ അല്ലെങ്കിൽ അതിന്റെ സിനിമാവിഷ്‌കാരത്തിലെ ഒരു രംഗം.

കഥ തുടങ്ങുന്നത് എപ്പോഴുമൊരു ദാർശനിക പ്രശ്‌നത്തിലായിരിക്കണെമെന്ന് മറിയാസ് കരുതിക്കാണണം; അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ദാർശനികവ്യഥ അനുഭവിക്കുന്നവരായത് അതിനാലാണ്.

ദൂരെയൊരു ഗ്രാമത്തിൽ വേലിക്കപ്പുറവും ഇപ്പുറവുമായി ഒരു യുവതിയും യുവാവും നില്കുന്നു. അവരുടെ ആദ്യ കൂടിക്കാഴ്ചയാവാമത്; അല്ലെങ്കിൽ വിടപറയൽ മുഹൂർത്തം. എവിടെയും കാണാവുന്നതും തീർത്തും ക്ഷണികവുമായ ഇമേജ്. കണ്ടുമറക്കാൻ മാത്രം പാകത്തിലുള്ള ഈ നുറുങ്ങാണ് ഒരു നോബക്കോവ് നിമിഷം (the initial shiver) സമ്മാനിച്ചത്. ഇത്തരം ഇമേജുകൾ, എന്നാൽ നോവലിൽ ഇടംപിടിച്ചിട്ടില്ല. രണ്ട്, മറിയാസിന്റെ ട്രെയിൻ യാത്രയാണ്. മിലാനിൽ നിന്ന് വെനിസിലേയ്ക്ക് പോകുന്ന യാത്രയിൽ തനിക്കെതിരെയിരുന്ന സ്ത്രീ, മൂന്നു മണിക്കൂർ അവർക്കെതിരെ യാത്രചെയ്തപ്പോൾ അവരുടെ ഇമേജ് ഒഴുകിവരികയായിരുന്നു. അവരുടെ ശരീരഘടന, ചിന്ത, നിഷ്ഠ എല്ലാം നോവലിൽ ചിലേടത്ത്​ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ രണ്ട് ഇമേജുകളും നോവലിലെ ആദ്യവരികളും മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ എന്ന് മറിയാസ് പറയുന്നുണ്ട്.

നോവൽ പൂർത്തിയാകുമ്പോൾ നാം സ്വപ്നത്തിലും യാഥാർഥ്യത്തിലും സഞ്ചരിക്കുന്ന ലിയോൺ എന്ന ഗായകനെക്കാണുന്നു. കാലം (സമയം) അവ്യക്തമാക്കാനുതകുന്ന ഉപാധിയായി നമുക്കിതനുഭവപ്പെടും. ഭർത്താവിനോടൊപ്പം യാത്രചെയ്യുന്ന സ്ത്രീയോടുണ്ടാകുന്ന ലൈംഗികാസക്തി ധ്യാനോദ്ദീപക ഭാഷയിൽ പറഞ്ഞുപോകുന്നതാണ് കഥ; കഥയ്ക്കപ്പുറം വായനയിലും വേറിട്ടൊരനുഭവം ആവിഷ്‌കരിക്കപ്പെടുന്നു. എന്തെന്നാൽ മറിയാസ് പറയുന്നത്, ‘... is a love story in which love is neither seen nor experienced, but announced and remembered.' രണ്ടു പുരുഷന്മാരിൽ പ്രണയം സൃഷ്ടിക്കുന്ന സംഘർഷങ്ങൾ നോവൽ അന്വേഷണാത്മകമായി പരിശോധിക്കുന്നു.

മറിയാസ് വായന പൂർത്തിയാകുന്നത് ഇൻറർടെക്‌സ്ചൽ അനുഭവത്തിലൂടെയാണ്. മനുഷ്യജീവിതത്തിലെ ദാർശനിക പരിസരവും നാടകീയതയും ഒരു ഫോർമുല എന്ന രീതിയിൽ അവതരിപ്പിച്ചത് നോ എക്‌സിറ്റ് ആണെന്ന് പറയാം.

ലോകം പകൽ പോലെ സുതാര്യമൊന്നുമല്ല; വ്യക്തിബന്ധങ്ങളിലെ സങ്കീർണതകൾ ഏറ്റവും അടുത്തുനിൽക്കുന്നവർക്കുപോലും വ്യക്തമായിക്കൊള്ളണമെന്നില്ല. പലപ്പോഴും, പലരുടേയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ ചുരുളഴിയാൻ വർഷങ്ങൾ വേണ്ടിവരും. ഭൂതകാലത്തിന്റെ ഭാരം പേറേണ്ടിവരുന്നവരുടെ മാനസിക സംഘർഷങ്ങൾ വ്യക്തിഗതം മാത്രമല്ല, ബന്ധങ്ങളിൽ ഒളിച്ചുവെക്കുന്ന കയങ്ങളിൽ നൽകുന്ന അനുഭവങ്ങൾ കൂടിയാണ്. പരിഭാഷകനും ദ്വിഭാഷിയുമായ ഹുവാൻ തന്റെ സഹപ്രവർത്തകയെ വിവാഹം കഴിക്കുന്നു. അവർ നടത്തുന്ന അന്വേഷണമാണ് ‘വിളറിവെളുത്ത മനസ്സ്' (A Heart So White) എന്ന മറിയാസ് കൃതി. തന്റെ പിതാവിനെക്കുറിച്ച് ​തനിക്കൊന്നുമറിയില്ലെന്ന തിരിച്ചറിവ്, നിഴൽകൊണ്ട് മൂടപ്പെട്ട അദ്ദേഹത്തിന്റെ ജീവിതവിശേഷങ്ങൾ കണ്ടെത്താനുള്ള ശ്രമമായി പരിണമിക്കുന്നു. നോവൽ ആരംഭിക്കുന്നത് എത്ര സംഘർഷഭരിതമായാണ് എന്ന് ശ്രദ്ധിക്കൂ: ‘I did not want to know but I have since come to know that one of the girls, when she wasn’t a girl anymore and hadn't long been back from her honeymoon, went into the bathroom, stood in front of the mirror, unbuttoned her blouse, took off her bra and aimed her own father's gun at her heart, her father at the time was in the dining room with other members of the family and three guests.'

സന്ദിഗ്ദ്ധാർഥത, ശ്ലേഷം (ambiguity) എന്നൊക്കെ പറയാവുന്ന ശക്തമായ നറേറ്റീവ് ട്രാക്ക് ആണ് നോവൽ സ്വീകരിക്കുന്നത്. ഭൂതവും ഭാവിയും ഇടതൂർന്നുകിടക്കുന്ന അസ്പഷ്ടതകൾ മാത്രമല്ല, ഭാഷയും അതിൽ പങ്കാളിയാകുന്നു: ‘...the only truth is that which is known to no one and which remains un-transmitted, that which is not translated into words or images, that which remains concealed and unverified, which is perhaps why we do recount so much or even everything, to make sure that nothing has ever really happened, not once it's been told.'
സത്യത്തിൽ അസ്പഷ്ടവും ശിഥിലവുമായ ഓർമകൾ മാത്രം സൂക്ഷിക്കാനേ നമുക്ക് കഴിയൂ എന്നതിനാൽ എല്ലാ അന്വേഷണങ്ങളും ചക്രവ്യൂഹത്തിൽപെട്ടതുപോലെ വന്നും പോയുമിരിക്കും.

സാർത്ര്, ഷേക്സ്പിയർ

മറിയാസ് തന്റെ കഥകൾ നിർമിക്കുന്നത്, നേർരേഖാചിത്രങ്ങളായല്ല; ഇതരപാഠങ്ങളും ഉപപാഠങ്ങളും അവയിൽ സമൃദ്ധമായി കാണാം. ഷേക്സ്പീരിയൻ സ്പർശമുള്ള നോവലാണ് ‘വിളറിവെളുത്ത മനസ്സ്'. രാജാവായ ഡങ്കനെ വധിച്ചശേഷം എത്തുന്ന മാക്‌ബെത്തിനോട് ലേഡി മാക്‌ബെത് ഇങ്ങനെയാണ് പറയുന്നത്, ‘My hands are of your colour; but I shame/ To wear a heart so white.' കഥ പുരോഗമിക്കുമ്പോൾ മാക്‌ബെത് സംഭവത്തിന്റെ പ്രാധാന്യം നമുക്ക് ഗ്രഹിക്കാനാകും. ഇതുപോലെ യൂറോപ്പിൽ നിർണായക സ്വാധീനം ചെലുത്തിയ അസ്തിത്വവാദ, അബ്സേർഡ് ധാരകൾ മറിയാസ് ഉപയോഗിക്കുന്നതുകാണാം. സാർത്ര് രചിച്ച നോ എക്‌സിറ്റ് (No Exit) എന്ന നാടകം ഉയർത്തുന്ന ദാർശനികമാനങ്ങൾ ഇതിൽ സമ്മേളിക്കുന്നതും കാണാം. നാം പെട്ടുപോയ അനുഭവങ്ങളിൽനിന്ന് മുക്തമാകാൻ നമ്മുടെ പ്രയത്‌നം കൊണ്ടുമാത്രമേ സാധിക്കൂ. ഏതു നരകത്തിൽ നിന്നായാലും ചിലപ്പോൾ രക്ഷപ്പെടാനാകും; അങ്ങനെ ചെയ്യുന്നതും ചെയ്യാത്തതും വ്യക്തികളുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് അനുസൃതമായി മാത്രം. എത്ര അബ്സേർഡ് ആയിക്കോട്ടെ, അതവരുടെ തിരഞ്ഞെടുപ്പായി നിലനിൽക്കും. അതായത്, മറിയാസ് വായന പൂർത്തിയാകുന്നത് ഇൻറർടെക്‌സ്ചൽ അനുഭവത്തിലൂടെയാണ്. മനുഷ്യജീവിതത്തിലെ ദാർശനികപരിസരവും നാടകീയതയും ഒരു ഫോർമുല എന്ന രീതിയിൽ അവതരിപ്പിച്ചത് നോ എക്‌സിറ്റ് ആണെന്ന് പറയാം. സാർത്ര്, ഷേക്സ്പിയർ എന്നിവരുടെ വായന കൂടി ചേരുമ്പോൾ മറിയാസ് മറ്റൊരനുഭവമായി രൂപഭേദപ്പെടുന്നു. അനേകം ഷേക്സ്പിയർ ഉദ്ധരണികൾ മറിയാസ് കൃതികളിൽ കാണാം. ഇംഗ്ലീഷ് സാഹിത്യം അക്കാദമിക് ആയി പഠിച്ച ഒരാളിൽ ഇതതിശയിപ്പിക്കുന്നില്ല; അദ്ദേഹം സ്പാനിഷ് എഴുത്തുകാരനാണെങ്കിൽ പോലും.

റീഡോണ്ട ദ്വീപ്. / Photo: Ministry of Health & The Environment, Antigua and Barbuda, Fb

ഹാവിയർ മറിയാസ് മരിക്കുമ്പോൾ റീഡോണ്ട എന്ന ദ്വീപിന്റെ രാജാവായിരുന്നു. കരീബിയൻ ദ്വീപസമൂഹത്തിന്നടുത്ത് സ്ഥിതിചെയ്യുന്ന ഒരു കിലോമീറ്റർ നീളവും ഉദ്ദേശം അര കിലോമീറ്റർ വീതിയുമുള്ള ഉയർന്ന പാറക്കൂട്ടമാണ് റീഡോണ്ട. മനുഷ്യവാസമില്ല; ധാരാളം പക്ഷികൾ വരാറുണ്ട്. ഇപ്പോൾ ആന്റിഗ്വ അതിനുമേൽ അവകാശം സ്ഥാപിച്ചതായി പറയപ്പെടുന്നു. യഥാർഥത്തിൽ നിലവിലുള്ളതും എന്നാൽ ഭാവനയിൽ മാത്രം രാജാധികാരവും നിയന്ത്രണവും ഉള്ള ദ്വീപിന്റെ സാരഥിയായത് മറിയാസിന്റെ വ്യക്തിത്വവിശേഷം കൂടി കാണിക്കുന്നതായി പറയപ്പെടുന്നു. കൃത്യമായ ചരിത്രം പോലുമില്ലാതെ ദ്വീപിന്റെ രേഖകൾ അദൃശ്യമാണ്; അവകാശം സ്ഥാപിച്ചിരുന്നവരുടെ ദുരൂഹജീവിതം ദ്വീപധികാരത്തെ തമാശയായി ചുരുക്കുകയും ചെയ്തു. എന്നാൽ ഗൗസ്വേർത് എന്നയാൾ രാജാവകാശം കൊണ്ടുനടന്നപ്പോൾ അക്കാലത്തെ പ്രസിദ്ധ സാഹിത്യകാർക്കെല്ലാം സ്ഥാനമാനങ്ങൾ നൽകി. കടലാസു പദവി ലഭിച്ച ഡിലൻ തോമസ് അതേക്കുറിച്ചു കവിതപോലും രചിച്ചുവെന്നറിയുന്നു. ഗൗസ്വേർത്തും മറിയാസും സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹത്തിന്റെ കഥ മറിയാസിന്റെ ‘സർവ ആത്മാക്കളും' (All Souls) എന്ന പുസ്തകത്തിൽ ചേർക്കുകയും ചെയ്തു. ഒരുപക്ഷെ, അതിനാലാവണം വൈൻ- ടൈസൺ എന്നയാൾക്കുശേഷം മറിയാസ് രാജാവായത്.

ഒരു തൊഴിൽ കണ്ടെത്തുന്നതിലും, സ്ഥിരതയുള്ള പ്രണയം സ്ഥാപിക്കുന്നതിലും, വിവാഹം കഴിക്കുന്നതിലും മറിയാസ് പ്രയാസപ്പെട്ടുവെന്നു കരുതാം. മാനസികമായി പ്രയാസമുള്ള നാളുകൾ കടന്നാണ് ഇവിടെത്തിയതെന്നും മറിയാസ് കരുതുന്നു.

പാരീസ് റിവ്യൂവിനുവേണ്ടി 2006-ൽ സാറ ഫെയ് (Sarah Fay; Paris Review) നടത്തിയ അഭിമുഖത്തിൽ രാജാവാകാനുണ്ടായ സാഹചര്യം മറിയാസ് ഇങ്ങനെ വിവരിക്കുന്നു: I said that if something this novelistic intrudes in my life and I don't accept it, I should not be considered a novelist. So I accepted. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു നോവലിസ്റ്റിന്റെ ഭാവനാലോകത്തിൽ അടങ്ങിയ ഒരു ഘടകം എന്നതിലപ്പുറം ഒന്നും വായിക്കേണ്ടതില്ല എന്നർത്ഥം. രാജാവായശേഷം മറ്റുപല പ്രശസ്തർക്കും ആലങ്കാരികപദവികൾ ദാനം ചെയ്യുകയുമുണ്ടായി. രാജാവിന്റെ ധർമങ്ങളെക്കുറിച്ച് മറിയാസ് പറയുന്നുണ്ട്. അവരിൽ പെഡ്രോ ആൽമദോവർ, ജോൺ ആഷ്ബറി, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവരും ഉൾപ്പെടുന്നു.
മറിയാസിന്റെ ഇതര കൃതികളിൽ ജനശ്രദ്ധ നേടിയ പുസ്തകമായ ‘എഴുത്തുജീവിതങ്ങൾ' (Written Lives) ഗ്രന്ഥകർത്താവിന് ഇഷ്ടപ്പെട്ട 26 എഴുത്തുകാരെ അവതരിപ്പിക്കുന്നു. അവരിൽ മിക്കവാറും പേര് ദുഃഖകരമായ ജീവിതം നയിച്ചവരാണ്; പ്രണയത്തിലും ബന്ധങ്ങളിലും തികഞ്ഞ പരാജയമായി കഴിഞ്ഞവർ. മാറിയസിന്റെ ജീവിതവുമായി ഇത്തരം തിരഞ്ഞെടുപ്പിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സേറാ ഫേയ് അന്വേഷിക്കുന്നു. പുസ്തകങ്ങൾ എഴുതുകയും അതിൽ വിജയിച്ചതും അദ്ദേഹത്തിന്റെ ജീവിതത്തിന് താളം നൽകിയെന്ന് പറയാം. ഒരു തൊഴിൽ കണ്ടെത്തുന്നതിലും, സ്ഥിരതയുള്ള പ്രണയം സ്ഥാപിക്കുന്നതിലും, വിവാഹം കഴിക്കുന്നതിലും മറിയാസ് പ്രയാസപ്പെട്ടുവെന്നു കരുതാം. മാനസികമായി പ്രയാസമുള്ള നാളുകൾ കടന്നാണ് ഇവിടെത്തിയതെന്നും മറിയാസ് കരുതുന്നു. അഞ്ചു മക്കളിൽ തന്നെക്കുറിച്ചായിരുന്നു മാതാവ് ഏറെ ദുഃഖിച്ചതെന്നും.

റ്റെഡ് ജിയോ. / Photo: Wikimedia Commons

എന്നാൽ റ്റെഡ് ജിയോയ (Ted Gioia) മറ്റൊരു വശം കാണാൻ ശ്രമിക്കുന്നു. തന്റെ ജീവിതത്തിലെ സുതാര്യഘടകങ്ങളെന്നപോലെ അനേകം ദുരൂഹതകളും മറിയാസ് സൂക്ഷിച്ചിരുന്നതായി റ്റെഡ് ജിയോയ കരുതുന്നു. അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും പ്രവചനാത്തിനതീതരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരും ആയിരുന്നു. അതിനാലാവും, കഥാപാത്രങ്ങളിൽ ചിലരെങ്കിലും അപസർപ്പക സ്വഭാവമുള്ളവരാകുന്നത്. ജീവൻ സംരക്ഷിക്കുന്നതുപോലെ രഹസ്യങ്ങൾ ഒളിപ്പിക്കാനുള്ള ത്വര പലരിലും കാണാം. പല കഥാസന്ദർഭങ്ങളും മറിയാസിന്റെ ജീവിതത്തിൽനിന്ന് അടർത്തി, കൂട്ടിയോജിപ്പിച്ചതുപോലിരിക്കുന്നു എന്ന സംശയം റ്റെഡ് തള്ളിക്കളയുന്നില്ല. മുൻകാലത്ത് റീഡോണ്ട ദ്വീപ് കൈകാര്യം ചെയ്തിരുന്നവരും ജീവിതത്തിൽ ദുരൂഹത സൂക്ഷിച്ചിരുന്നു; അവരിൽ ചിലർ ചാരപ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നതായും മാറ്റപ്പേരുകളിൽ വ്യത്യസ്ത ഇടങ്ങളിൽ പാർത്തിരുന്നവരും ആണ്. ഇതൊന്നും മറിയാസിന്റെ വ്യക്തിത്വത്തെ ബാധിക്കുന്നു എന്നു പറയാനുമാവില്ല.

സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും സ്വന്തം കൃതികൾ അദ്ദേഹം പരിഭാഷ ചെയ്തിട്ടില്ല.

‘എഴുത്തുജീവിത'ങ്ങളിൽ ഇതേ ദാർശനികത കാണാം. എഴുത്തുകാരെപ്പറ്റി കൗതുകകരമായ നിരീക്ഷണങ്ങൾ മറിയാസ് നടത്തുന്നുണ്ട്; ഷേക്‌സ്പിയർ, സെർവാന്തേ (Cervantes) എന്നിവരുടെ ഛായ എന്താണെന്ന് നമുക്കറിയില്ല; അവരെ വായിക്കുമ്പോൾ അശരീരികൾ വായിക്കപ്പെടുന്ന പ്രതീതിയുണ്ടെന്ന് മറിയാസ് കരുതുന്നു. ചില എഴുത്തുകാരുടെ ചിത്രങ്ങളിൽ മുഖം മാത്രമാണുള്ളത്. അവർ കൈകളോ, വിരലുകളോ ഇല്ലാതെ ചിന്തകൾ പകർത്തിവെച്ചതാകുമോ എന്ന സംശയം പ്രസക്തമാണെന്നദ്ദേഹം കരുതുന്നു. സ്റ്റീഫാൻ മലാമേ (Stephane Mallarme) എഴുത്തുപേപ്പറിൽ തൊടാത്ത രീതിയിൽ പേന പിടിക്കുന്ന ചിത്രമാണുള്ളത്. എഴുതുന്നതായ അഭിനയം മലാമേ നടത്താൻ ശ്രമിക്കുന്നു. എങ്കിലും തിരഞ്ഞെടുത്ത എഴുത്തുകാർ സംഘർഷഭരിതമായ ജീവിതത്തിൽ കഴിഞ്ഞവർ. കുറെ ശ്ലേഷോക്തിയും കുറെ അബ്സർഡിസവും ചേർത്തെഴുതിയ പുസ്തകം സുഖകരമായ വായന നൽകുന്നുണ്ടെന്ന് പറയാതെവയ്യ. പിന്നിലെ മറിയാസ് മുഖം കാണാതാകുന്നുമില്ല.

മാർഗരറ്റ് ജൂൾ കോസ്റ്റ

സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും സ്വന്തം കൃതികൾ അദ്ദേഹം പരിഭാഷ ചെയ്തിട്ടില്ല. ഇംഗ്ലീഷിൽ നിന്ന് ട്രിസ്റ്റാം ഷാൻഡി സ്പാനിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതിന് പുരസ്‌കാരം ലഭിച്ചിട്ടുമുണ്ട്. ഇതുകൂടാതെ, ഇംഗ്ലീഷിൽ നിന്ന് സ്പാനിഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയതിൽ ഹാർഡി, ഫോക്​നർ, നബോക്കോവ്, കോൺറാഡ്, എന്നിവരും ഉൾപ്പെടുന്നു. എങ്കിലും എല്ലാ മറിയാസ് കൃതികളും മാർഗരറ്റ് ജൂൾ കോസ്റ്റ എന്ന പരിഭാഷകയാണ് ഇംഗ്ലീഷിൽ എത്തിച്ചത്. ഇംഗ്ലീഷ് വായനക്കാരിൽ അദ്ദേഹത്തിന്റെ വിജയരഹസ്യം ഇതുകൂടിയാവണം.

കഥ തുടങ്ങുന്നത് എപ്പോഴുമൊരു ദാർശനിക പ്രശ്‌നത്തിലായിരിക്കണെമെന്ന് മറിയാസ് കരുതിക്കാണണം; അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ദാർശനികവ്യഥ അനുഭവിക്കുന്നവരായത് അതിനാലാണ്. പ്രണയം, വിവാഹം, ചതി, ക്രൂരത, രഹസ്യാത്മകത, സ്വത്വം, എന്നിവയിലൂടെ അന്വേഷണം കൊണ്ടുപോകുക അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നോവൽരീതിയാണെന്നു തോന്നുന്നു. രഹസ്യങ്ങളെയും, നിഴലുകളെയും, ഇരുട്ടിനെയും അന്വേഷിക്കുകയും അനുവാചക ദൃഷ്ടി അതിലെത്തിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സംരംഭമായി കാണാം. ഈ അർത്ഥത്തിൽ വേണം റീഡോണ്ട ദ്വീപിന്റെ രാജാധികാരത്തെയും കാണാൻ. ▮

References:1. Blitzer, Jonathan: The Worldly Digressions of Javier Marias - Dec 2016; The New Yorker.2. Marias, Javier: The Man of Feeling - 1986, Penguin Classics3. Marias, Javier: A Heart So White - 2012, Penguin Classics4. Fay, Sarah: Javier Marias; The Art of Fiction - 2006, The Paris Review5. https://tedgioia.substack.com/p/how-nobel-candidate-javier-marias6. Marias, Javier: Written Lives - 2006, Penguin Canada.7. Herzeberger, David: A Companion to Javier Marias - 2011 by Tamesis, Woodbridge


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments