ഒന്ന്
മുപ്പത്തഞ്ച് വർഷത്തിനു ശേഷം ബാലചന്ദ്രന്റെ ഫോൺ വന്ന ദിവസം തന്നെയാണ് മുത്തുപിള്ളയും വന്നത്. നിരന്തരം ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുമായിരുന്നിട്ടും ഞാൻ നിഷ്‌ക്കരുണം തഴഞ്ഞ ക്യാപ്റ്റൻ ബി.സി.നമ്പ്യാർ പത്തു മുപ്പതു കൊല്ലം മുമ്പ് ഉറ്റ ചങ്ങാതിയായിരുന്ന ഇല്ലപ്പറമ്പിൽ തെക്കെവീട്ടിൽ ബാലചന്ദ്രനാണെന്ന് ഒരു പൊതുസുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. കൗമാര കൗതുകങ്ങളുടെ കാലത്ത് ഞങ്ങൾ ഒന്നിച്ചു നടത്തിയ രസഭരവും സമരഭരിതവുമായ ഗ്രാമീണവാഴ്‌വുകൾ
സ്മരിച്ചു കൊണ്ടും ഞാൻ മൈന്റു ചെയ്യാത്തതിലെ പരിഭവം മേമ്പൊടി ചാലിച്ചും അവൻ എഴുതിയ സുദീർഘമായ മെസേജ് മറ്റേ ചങ്ങാതി എനിക്ക് ഫോർവേഡ് ചെയ്തു തന്നു. ഓക്കത്തൗവൻ കണ്ടത്തിൽ നിന്നും വരിനെല്ല് പിഴുതു കളയുന്ന സൂക്ഷ്മതയോടെ, രക്തബന്ധുക്കളെ ഒഴിവാക്കി വാലുകളുള്ള സൗഹൃദങ്ങൾ തെരഞ്ഞ് പിടിച്ച് പുറത്തു കളഞ്ഞ് കുറേശ്ശ കാലോചിതനായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കുരിപ്പ് നമ്പ്യാർ കടന്ന് വരുന്നത്. ബി.സി. നമ്പ്യാരെ ഒഴിവാക്കാനായാലും "ബാന്ദ്ര'നെന്നു വിളിക്കുന്ന പഴയ കൂട്ടുകാരനെ ഒഴിവാക്കാനാവില്ലല്ലോ. മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുരോഗമനവേദിയുടെ കയ്യെഴുത്ത് മാസിക ഉറക്കമൊഴിഞ്ഞിരുന്ന് വടിവൊത്ത അക്ഷരത്തിൽ എഴുതി തയ്യാറാക്കുകയും ഇന്ത്യനിങ്കിൽ മുളമ്പേന മുക്കി ദേശാഭിമാനിയിലെ ചന്‌സ് വരക്കുന്നതു പോലെ ഇലസ്‌ട്രേഷൻ നടത്തി മനോഹരമാക്കുകയും ചെയ്ത് പ്രകാശനം ചെയ്യിപ്പിച്ച ശേഷം ഒരാഴ്ചത്തെ ഉറക്കം ഒറ്റ രാത്രി കൊണ്ടുറങ്ങിയെണീറ്റവനെ അതേ ഉറക്കച്ചടവോടെ റിക്രൂട്ടിങ് റാലിക്ക് നിർബന്ധിച്ചയച്ചത് പട്ടാളക്കാരനായ അവന്റെ വല്യച്ചനാണ്.
പാപ്പിനിശ്ശേരിക്കടുത്തെവിടെയോ ആയിരുന്നു ബാന്ദ്രൻ ജനിച്ചത്. തീത്ഥാടനയാത്രക്കിടയിലെ ഒരപകടത്തിൽ ചെറുപ്പത്തിലെ അച്ഛനമ്മമാർ നഷ്ടപ്പെട്ട ഒറ്റമകനായ ബാലനെ വെള്ളൂരിലെ ബന്ധത്തിൽ പെട്ട ഒരു വല്യമ്മ സഹായിയായി കൂട്ടിയതാണ്. അവരുടെ മരണത്തോടെ ഈ നാടുമായുള്ള ബന്ധം അറ്റുപോയി. അന്ന് പോയവനാണ് അനേകം വീരശൃംഖലകൾ നേടിയ ശേഷം അടുത്തൂൺ പറ്റിപ്പിരിഞ്ഞ് കേന്ദ്രആരോഗ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായ ഉത്തരേന്ത്യക്കാരിയായ ഭാര്യയ്ക്കാപ്പം ദൽഹിയിൽ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്നത്. കാർക്കശ്യം തീരെയില്ലാത്ത ലോലഹൃദയക്കാരനായ ഒരു പട്ടാളക്കാരൻ റിട്ടയർമെന്റ് ജീവിതത്തിന്റെ കനത്ത ഏകാന്തതയെ ദൽഹിയിലെ പുകമഞ്ഞിനെയെന്ന പോലെ ആട്ടിയോടിക്കാൻ വൃഥാ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പഴയ സൗഹൃദങ്ങൾ പൊടി തട്ടിയെടുക്കാനുള്ള ബാലചന്ദ്രന്റെ ശ്രമം എന്ന് സാമാന്യമായി മനസിലാക്കാം.
നീണ്ട മൂന്നര പതിറ്റാണ്ടുകൾ ഞങ്ങൾ അന്യോന്യം തിരഞ്ഞില്ലല്ലോ എന്ന് ഒട്ടൊരു കുറ്റബോധത്തോടെ ഞാൻ ഓർത്തു. ഫോൺവിളിക്ക് മറുപടി മുറിയാതിരിക്കാൻ റേഞ്ച് നോക്കി മുറ്റത്തിറങ്ങിയതാണ്. ഇലകൾക്കിടയിൽ നിന്ന് പരിചിതമല്ലാത്ത ചിൽക്കാരം. വൃശ്ചികമാസാരംഭമാവുമ്പോഴേക്കും ദേശാടനക്കിളികളൊക്കെ ഹാജരായിട്ടുണ്ടാവും. നാക മോഹനെപ്പോലെ ഇടക്കിടെ മുരടനക്കി തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന സ്വഭാവക്കാരനല്ലാത്തതു കൊണ്ടാകണം ചിൽ ചിൽ എന്ന പതിഞ്ഞ ശബ്ദം ശ്രദ്ധയിൽ പതിഞ്ഞതേ ഇല്ല. വീട്ടുമുറ്റത്തെ വരിക്കപ്ലാവിൽ പടർന്നു കയറിയ വെമ്പാടവളളിയുടെ നാഗക്കെട്ടുകൾക്കിടയിലൂടെ ഊളിയിട്ട്, ഇലപൊഴിക്കാൻ തുടങ്ങിയ കിളിതീനിയുടെ തുറവിലേക്ക് വഴി തെറ്റിയെത്തിയ തുലാത്തുമ്പികളെ കൊത്തിയെടുത്ത്, കൊല്ലി ഞാവലിന്റെ അനാവൃതമായ ചുള്ളിക്കമ്പിലേക്ക് പറന്നിരുന്ന് പറമ്പുപണിക്കാരൻ കണ്ണാട്ടൻ മുറുക്കാൻ പൊതിയഴിച്ചിരുന്ന സൂക്ഷ്മതയോടെ തിന്നാനാരംഭിക്കുകയും പെട്ടെന്ന് എന്തോ ഓർമ കൊക്കിൽ തടഞ്ഞ പോലെ, സ്ഥാനം മാറ്റി വെച്ച മൊബൈൽ തിരയവേ തന്നെ രണ്ടു മൂന്നു ദോശ തൊണ്ട തൊടാതെ വിഴുങ്ങി ഒമ്പത് പത്തിന് സ്റ്റോപ്പിലെത്തുന്ന ബസ് പിടിക്കാൻ ഒമ്പത് ഒമ്പതിനോടുന്ന ഉദ്യോഗസ്ഥ വീട്ടമ്മയുടെ ധൃതിയിലേക്ക് പരിവർത്തിതയാവുകയും ചെയ്യുന്ന പാരഡീസ് ഫ്‌ളൈക്കാച്ചറിന്റെ കൃതകൃത്യതയും ഇരിക്കും മുമ്പെ പറന്നു പൊങ്ങുന്ന അർശോരോഗിയുടെതു പോലുള്ള തുള്ളാട്ടവും ആ കുഞ്ഞു പക്ഷിയിൽ തീരെ കാണാനുണ്ടായിരുന്നില്ല. ഞാനിവിടെയിരുന്നോളാം എന്ന ഭാവത്തിൽ നമ്പ്യാർ മാവിനും നീർമാതളത്തിനും ഇടയിലെ ഭരണിക്കുടം പടർന്ന് മുരടിച്ചു പോയ ഒരു ഒളോർ മാവിന്റെ കൊമ്പിൽ അവൻ ഇരുന്നു.
അത്രയൊന്നും മെച്ചമല്ലാത്ത ക്യാമറയുള്ള ഒരു മൊബൈലാണ് എന്റേത്. സ്‌ക്രീനിൽ വിരൽ വിടർത്തി സൂം ചെയ്തപ്പോൾ അവന്റെ ചെമ്പിച്ച മാറിടവും കണ്ണിനു ചുറ്റുമുള്ള വെളുത്ത വലയവും ഒട്ടൊരു വ്യക്തതയോടെ കാണാനായി. കരിങ്കണ്ണിനു ചുറ്റുമുള്ള ആ പ്രഭാവലയം വേറിട്ട് നിൽക്കാതെ ഒറ്റ അവയവമായി, മനുഷ്യ നേത്രത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ആ കടങ്കഥയിലേതുപോലെ കറുത്ത കരുവിനെ ചൂഴുന്ന വെളുപ്പായി പുറത്തേക്കു തെറിച്ചു വീഴാൻ നില്ക്കുന്ന ഒരു കാളക്കണ്ണു പോലെ അത് നില കൊണ്ടു. മുഖത്തെഴുതുമ്പോൾ തൊണ്ടച്ചൻ തെയ്യത്തിന്റെ പൊയ്ക്കണ്ണിനു മധ്യത്തിൽ കരിമഷി ചാലിച്ച് ഒരു പൊട്ടുവെച്ചു കൊടുത്താൽ ആ കുഞ്ഞു പക്ഷിയുടെ മുഖദേശം മിക്കവാറും അപഹരിച്ചിരിക്കുന്ന കണ്ണിന് കൂട്ടാവും. അലഞ്ഞെത്തിയവന്റെ പാരവശ്യത്തോടെ അവൻ തലയുയർത്തി. വിളറിയ മഞ്ഞക്കാലുകൾ ഉയർത്തി അഭിവാദനം ചെയ്തു . ""എവിടെ നിന്നാണ് ? മുമ്പിവിടെ കണ്ടിട്ടില്ലല്ലോ?'' ""കഴിഞ്ഞ വർഷവും ഞാനിവിടെത്തന്നെ വന്നിരുന്നു. താങ്കളെ ശ്രദ്ധിച്ചിരുന്നു. താങ്കൾ ശ്രദ്ധിച്ചിരിക്കില്ല.''""പേര്?''
""മുത്തുപിള്ള''
വിചിത്രവും മനുഷ്യസഹജവുമായ ആ പേരിനു മുമ്പിൽ ഞാൻ മിഴിച്ചിരുന്നു.
രണ്ട്
ഏത് എൻ.എസ്.എസ് കരയോഗത്തിൽ നിന്നാണ് എന്ന് ചോദിക്കാനാഞ്ഞ നാവിലെ ഗുളികനെ കടിച്ചമർത്തി ഞാൻ അത്ഭുതം കൂറി. "നിങ്ങളെ ഞാനോർക്കുന്നില്ല സുഹൃത്തേ, ക്ഷമിക്കുക. നിങ്ങളുടെ പേരെന്താണ്'? എന്ന മറുപടിയുടെയും ചോദ്യത്തിന്റെയും ഔപചാരികത എന്റെ കണ്ണിൽ വായിച്ചെടുത്താകണം മുത്തുപിള്ളയുടെ വിനീതമായ ഈ സ്വയം പരിചയപ്പെടുത്തൽ. എരുതൊച്ച പഠിക്കാൻ പോയി വാൽ ചിതലിനു കൊടുത്ത കാരോടൻ ചാത്തന്റെ കൂട്ട് കണ്ണുവായിച്ച് വായിച്ച് പൊള്ളക്കണ്ണനായി മാറിയ ഒരു കുഞ്ഞു പക്ഷിയാണ് അതീവ വിനയവാനായി എന്റെ മുന്നിൽ നില്ക്കുന്നത്.
മുത്തുപിള്ള എവിടെ നിന്നാണ് വരുന്നത്? ആതിഥ്യമര്യാദയോടെ ഞാൻ ചോദിച്ചു. "നോർത്ത് ഈസ്റ്റിലാണ്. ഖാസിക്കുന്ന് എന്ന് പറയും. തായ്‌ലന്റിലും ബർമയിലുമൊക്കെ ബന്ധുക്കളുണ്ട്. '
നായന്മാർ നോർത്ത് ഈസ്റ്റിൽ നിന്നും വന്ന നാഗന്മാരുടെ പിൻഗാമികളാണെന്ന് കേസരിയോ മറ്റോ എവിടെയോ എഴുതിയത് വെറുതെ ഓർത്തു. "കഴിഞ്ഞ മാർച്ച് മാസത്തിൽ നിങ്ങളൊക്കെ മുഖം മറച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ കുറച്ചു നേരത്തേ തിരിച്ചു പോയതാണ്. പാരമ്പര്യമായി ഞങ്ങൾ കണ്ണു വായനക്കാരാണെങ്കിലും മൂക്കും ചുണ്ടും കാണാത്ത മനുഷ്യമുഖങ്ങളെ മാത്രം നോക്കിയിരിക്കുക അറുബോറൻ ഏർപ്പാടാണ്.'
എന്റെ കൂട്ടുകാരൻ കുറച്ചു കൂടി തെക്കോട്ട് വരയിൽ കാവ് എന്നയിടത്താണ് പതിവായി പോയിരുന്നത്.
അവനും നേരത്തെ മടങ്ങി.
കൂടാളിക്കടുത്ത വരയിൽകാവിൽ പതിവായി പക്ഷി നിരീക്ഷണം നടത്തിവന്നിരുന്ന ഒരു ചങ്ങാതിയുണ്ടായിരുന്നു എനിക്ക് ഗുരുസ്ഥാനീയനായി. നീലകണ്ഠൻ മാഷുടെയൊക്കെ ശിഷ്യനാണ്. വീണേടം വിഷ്ണുലോകമാക്കിയിരുന്ന കാൽ നൂറ്റാണ്ട് മുമ്പത്തെ സുവർണ കാലത്ത് ചിറയിൽ കാവ്, മട്ടന്നൂരിലെ പൂങ്ങോട്ട് കാവ് തുടങ്ങിയ ഇടങ്ങൾ അദ്ദേഹത്തോടൊപ്പം സന്ദർശിച്ചിരുന്നു. അതുകൊണ്ടു മുത്തുപിള്ളയുടെ വായിൽ നിന്ന് ആ സ്ഥലപ്പേര് കേട്ടപ്പോൾ കൗതുകം തോന്നി.
ചെറുപ്പത്തിലെ പിടിപെട്ട സ്‌പോണ്ടുലോസിന്റെ ഉപദ്രവം മൂലം മേലോട്ട് നോക്കാനാവാത്ത വിധം കഴുത്ത് കുനിഞ്ഞു പോയതു കൊണ്ടും കൂടിയാണ് എന്റെ പിൽക്കാല പരിസ്ഥിതി ജീവിതം കാൽച്ചുവട്ടിലെ പുല്ലും പൂവും മാത്രം നോക്കാൻ മാത്രമായി പരിമിതപ്പെടുത്തിയെടുത്തത്. വിദ്യാർത്ഥിയായി ജീവിക്കാൻ വേണ്ടി മാത്രം ഗവേഷണത്തിന് രജിസ്ട്രർ ചെയ്ത് പത്തും പതിനാലും കൊല്ലമൊക്കെ യൂനിവേഴ്‌സിറ്റിയിൽ സ്വന്തം പ്രബന്ധം സമർപ്പിക്കാതെ ചുറ്റിക്കറങ്ങുന്ന ഗവേഷണ വിദ്യാർത്ഥിയെപ്പോലെയാണ് അദ്ദേഹവുമായുള്ള ഗുരുശിഷ്യബന്ധം.
അച്ചിക്കാക്കയും പേനക്കാക്കയും തമ്മിൽപ്പോലും മാറിപ്പോകുന്ന എന്റെ പക്ഷി നിരീക്ഷണ വൈദഗ്ധ്യത്തിൽ തീരെ വിശ്വാസമില്ലാത്ത ഞാൻ പക്ഷി സംബന്ധമായ ഏതു ബാലിശമായ സംശയം തീർക്കാനും വിളിക്കുന്നത് അദ്ദേഹത്തെയാണ്. ക്ഷമയോടെ അതിന് അദ്ദേഹം മറുപടിയും നല്കിയിരുന്നു. രോഗഭീതിയിൽ ഒരു വേനൽക്കാലവും മഴക്കാലവും യാത്രകളെയും പ്രവൃത്തികളെയും പരിമിതപ്പെടുത്തിയപ്പോൾ അടുത്തിടെ വീട്ടുപറമ്പിലെ പക്ഷികളെ നിരീക്ഷിച്ച് പഴയ നിരീക്ഷണ കൗതുകത്തിലേക്ക് തിരിച്ചു വന്നതാണ് ഞാൻ. പണ്ടൊക്കെ പക്ഷി നിരീക്ഷകർ ബൈനോക്കുലർ എന്ന ഒരു ഉപകരണം കൊണ്ടായിരുന്നു പക്ഷികളെ നോക്കിയിരുന്നത് എന്ന് പറഞ്ഞാൽ അതൊരു ചരിത്രപ്രസ്താവനയാവുന്ന വിധം ഇന്നത്തെ കുട്ടികൾ ക്യാമറയിലെ ടെലി ലെൻസിലൂടെ മാത്രം പക്ഷികളെ തിരിച്ചറിയുന്നവരായിരിക്കുകയാണല്ലോ. കാക്ക, കിടിയൻ, കൊച്ച, മൈന തുടങ്ങിയ സാധാരണ വീട്ടംഗങ്ങളെയല്ലാതെ ഇംഗ്ലീഷിൽ വലിയ പേരുകളുള്ള ചെറു മാതിരിപ്പക്ഷികളെയൊന്നും അറിയാത്ത എൺപതുകളുടെ അവസാനത്തിൽ അന്ന് നല്ല ഒരു പക്ഷി നിരീക്ഷകനായിരുന്ന കുട്ടൻ എന്ന ചങ്ങാതിയാണ് ആയിടെ അവൻ വാങ്ങിയ പെന്റാക്‌സ് K 1000 എന്ന ക്യാമറയിലൂടെ റെഡ് വിസ്‌കേർഡ് ബുൾബുളിന്റെ അടിവയറ് കാട്ടിത്തന്നത്. പണി മതിയാക്കി വന്ന കണ്ടങ്കാളിക്കാരനായ ഒരു റഷ്യൻ എഞ്ചിനീയർ പെരിസ്ട്രോയിക്ക, ഗ്ലാസ് നോസ്ത് എന്നീ വാക്കുകൾ ആശങ്കയോടെ ഉച്ചരിക്കപ്പെട്ടിരുന്ന കൊക്കാനിശ്ശേരി നഗരത്തിൽ അവൻ അര മാനേജരായിരുന്ന സ്റ്റുഡിയോയിൽ വില്ക്കാൻ കൊണ്ടുവന്നതായിരുന്നു ആ ക്യാമറ. പുസ്തകശാലകളിൽ കയറി ഒരിക്കലും വാങ്ങിക്കാൻ സാധ്യത തരാത്ത വിധം ഡോളറുകളിൽ വില രേഖപ്പെടുത്തിയ പുസ്തകങ്ങൾ കൊതിയോടെ മറിച്ചു നോക്കുക, വിദേശത്തു നിന്നും വരുന്നവർ കൊണ്ടുവരുന്ന എസ്.എൽ.ആർ ക്യാമറകൾ വാങ്ങാനെന്നവണ്ണം ചെന്ന് അവയെ തൊട്ടും തലോടിയും സായൂജ്യമടയുക എന്നിവയായിരുന്നു അന്നത്തെ ഞങ്ങളുടെ രണ്ടു വിസർഗ വ്യാപാരങ്ങൾ. ഈയൊരു ക്യാമറ ഒബ്‌സഷനിൽ നിന്ന്, തെയ്യക്കാഴ്ചകളും അതിനെക്കാൾ മനോഹരമായ പുറം കാഴ്ചകളും നഷ്ടപ്പെടുത്തിക്കൊണ്ട് തെയ്യപ്പറമ്പുകളിൽ ഫോട്ടോ എടുക്കുന്ന സായ്പൻമാരുടെ ലെയ്ക്ക, സ്വിറ്റ്‌സ് തുടങ്ങിയ മുമ്പ് കേട്ടിട്ടേ ഇല്ലാത്ത ക്യാമറകളെ തക്കം കിട്ടിയാൽ കട്ടെടുക്കുമോ എന്ന് സ്വയം അവിശ്വസിക്കുന്ന വിധം കൊതിയോടെ നോക്കിയിരുന്ന അന്നത്തെ രോഗാവസ്ഥയിൽ നിന്ന് വളരെ പണിപ്പെട്ടാണ് ഞാൻ എന്നെ പ്രത്യാനയിച്ചത്.
പിന്നീട് കഷ്ടപ്പെട്ട് ഒരു SLR സ്വന്തമാക്കാനായപ്പോഴേക്കും റോൾഫിലിമുകൾ വംശനാശമടഞ്ഞിരുന്നു. ഒരിക്കൽ ചക്കര ബസാറിലൂടെ നടക്കുമ്പോൾ പത്തെഴുപതിനായിരം രൂപ പുതുവിലയുണ്ടായിരുന്ന ഒരു സൂം ലെൻസ് 1000 രൂപക്ക് വില്ക്കാൻ വെച്ചിരുന്നത് കണ്ടു വാങ്ങിച്ചു. കിടക്കട്ടെ. ആരെങ്കിലും കണ്ടാൽ പണ്ട് ഭയങ്കര ഫോട്ടോഗ്രാഫർ ആയിരുന്നുവെന്ന് കരുതുമല്ലോ. പിന്നീട് ഒരു വർഷം മുമ്പാണ് ഒരു ഗവേഷണ പ്രൊജക്ടിനു ആഴ്ചകളിടവിട്ട് ചിത്രങ്ങൾ എടുത്ത് കൊടുത്ത് സഹായിക്കാൻ വേണ്ടി ഒരു ചങ്ങാതി ഒരു മിറർ ലെസ് ക്യാമറ ഏല്പിച്ചു പോയത്. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കിട്ടി നോർവെയിൽ പോയ അവൻ തിരിച്ചുവന്ന് ചോദിച്ചാൽ സാധനം തിരിച്ചു കൊടുക്കണോ എന്ന് അപ്പോൾ തീരുമാനിക്കാം.
ഈ വർഷം വീട്ടുപറമ്പിൽ ധാരാളം പക്ഷികളെയും തുമ്പികളെയും പൂമ്പാറ്റകളെയും കാണാനാവുന്നുണ്ട്. മുത്തുപിള്ളയെപ്പോലെ അവയും പോയ വർഷങ്ങളിൽ അവിടെ ഉണ്ടായിരിക്കാം. കോണകവാലിന് തീപ്പിടിച്ച പോലുള്ള നെട്ടോട്ടങ്ങൾക്കിടയിൽ അതൊന്നും കണ്ടിട്ടില്ല എന്നു മാത്രം. കഴിഞ്ഞ വർഷവും ഞാനിവിടെ വന്നിരുന്നു എന്ന മുത്തുപിള്ളയുടെ സ്വരത്തിലെ പരിഭവം ഞാൻ മനസിലാക്കി. കോവിഡ് കാലം നല്കിയ തിരക്കില്ലാത്ത പ്രഭാതവും കയ്യിലെത്തിയ പുതിയ ക്യാമറയും പ്രകൃതി കാഴ്ചകളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ പ്രേരണയായി.
മൂന്ന്
നമ്മുടെ നാട്ടിൽ സാധാരണമായ കൃഷ്ണപ്പരുന്തിനെ ബ്രാഹ്മിണിക്കൈറ്റ് എന്നും ചക്കിപ്പരുന്തിനെ പറയിക്കൈറ്റ് എന്നും ആണ് സായിപ്പ് പേരിട്ട് വിളിച്ചത്. ഇരുണ്ടതിനെ ചക്കിയെന്നും പറയി എന്നും ചെമ്പൻ നിറവും രണ്ടാം മുണ്ട് ചുറ്റിയതുപോലുള്ള കഴുത്തും ഉള്ളതിനെ ബ്രാഹ്മിണി എന്നും വിഷ്ണുവിന്റെ വാഹനമെന്നും സങ്കല്പിച്ച് പേരിടുന്ന സമ്പ്രദായം ഉണ്ട്. ജാതീയമായി ഉണ്ടെന്നു കരുതുന്ന ഉച്ചനീചത്വങ്ങളുടെ അടയാളമായി ലോകമെമ്പാടും ഉപയോഗിച്ചു വന്നിരുന്ന ഇത്തരം പദങ്ങളുടെ പ്രയോഗം ഇക്കാലത്ത് അക്കാദമിക് തലത്തിൽ പോലും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
ജാതിയുടെ പ്രിവിലേജുള്ള ലോകത്തിലെ അപൂർവ്വം പക്ഷികളിൽ ( മലയാളത്തിൽ തന്നെ ബ്രാഹ്മണിപ്പരുന്ത്, ബ്രാഹ്മണി മൈന, ബ്രാഹ്മണിത്താറാവ് തുടങ്ങിയവ കൂടിയുള്ളതുകൊണ്ട് ഏകപക്ഷി എന്ന് പറയാൻ നിർവാഹമില്ലാതെ പോയി ) ഒന്നായ മുത്തുപിള്ളയുടെ ജാതിരഹസ്യം തേടുന്നത് ഒരാളുടെ ജാതിയറിയാനുള്ള മലയാളി കുല പുരുഷ / കുലസ്ത്രീ പൊതുബോധം കൊണ്ടല്ല എന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്.
മലയാളത്തിൽ അത്രയൊന്നും പരിചയമില്ലാത്ത നാച്ചുറൽ ഹിസ്റ്ററി പഠന സപര്യയിലേക്ക് ഒരു കോവിഡ് കാല വിനോദപര്യടനം എന്ന നിലയിൽ ഇതിനെ കണ്ടാൽ മതി. ജാതി അറിയാൻ വേണ്ടി, എവിടെയാ? അവിടെ എവിടെയാ, മേലെപ്പറമ്പിൽ നാരായണൻ നായരെ അറിയാമോ? എന്ന മാതിരി അശ്വമേധം കളിക്കൽ പുതുതലമുറയോട് ഏശില്ല എന്ന് പലർക്കും ബോധ്യപ്പെട്ടിരിക്കുമല്ലോ. (അത്തരത്തിൽ ഒരു സ്‌കൂൾ ടീച്ചറെ തേച്ചൊട്ടിച്ച അനുഭവം ആരഭി അനിത എന്നFB സുഹൃത്ത് ഈയിടെ എഴുതിയിട്ടുണ്ട്. തീർച്ചയായും എന്നെക്കാൾ ലോക പരിചയവും കാലപരിചയവുമുള്ള മുത്തുപിള്ളയെ അഭിമുഖീകരിക്കുന്നത് അക്കാദമികമായ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ടാകണമെന്ന് ഞാൻ തീർച്ചപ്പെടുത്തി. അതിനായി അല്പം ഗൃഹപാഠം ചെയ്യാൻ തന്നെ തീരുമാനിച്ചു.
നാളെ മുത്തുപിള്ളയോട് ജാതി ചോദിക്കുക തന്നെ എന്ന തീരുമാനത്തിൽ ഞാനെത്തി. പണ്ടൊരു പക്ഷി നിരീക്ഷണ ക്യാമ്പിൽ കോഴി ബിരിയാണി വിളമ്പിയപ്പോൾ ഒരു പക്ഷിയായ കോഴിയെ എങ്ങനെയാണ് പക്ഷി സ്‌നേഹികൾ തിന്നുക എന്ന് ശങ്കിച്ചു നിന്ന പ്രാവിന്റെ മനസുള്ള രന്തിദേവ് എന്ന ബാംഗ്ലൂർകാരനായ ഒരു യുവ പക്ഷി നിരീക്ഷകനോട് a bird is a creature having coverd with wings and feather. So an (un) dressed hen is not a hen.
എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഒരു കൊറുകാൽ കൂടി ഇട്ടു കൊടുത്ത സ്വാഗത സംഘം ചെയർമാനായ റിട്ടയേർഡ് ഹെഡ്മാസ്റ്ററും സിനിമാക്കളികൾക്കിടയിലും ജാതി ചോദിക്കുന്നതിനെപ്പറ്റി പുസ്തകമെഴുതാൻ സമയം കണ്ട നരേന്ദ്രപ്രസാദും ഒന്നിച്ചു മനസിലെത്തി.
ജാതി എന്നാൽ ജീവ ശാസ്ത്രത്തിൽ സ്പിഷീസ് ആണ്. ഒരു ജീവജാതിയെ - അതിന്റെ സ്‌പെസഫിക് നയിമിൽ അറിയലാണ് ടാക്‌സോണമി എന്നത്. അത് എന്റെ ഒരു ഇഷ്ട വിഷയവുമാണ്. തൂവൽ നീക്കിയ കോഴി നിർവചനപരമായി കോഴിയല്ലെന്ന് വിശ്വസിക്കുന്നതു പോലെ മുത്തുപ്പിള്ളയെ ജാതിവാൽ പറിച്ച് നഗ്‌നമാക്കി നിർത്തണമെന്ന അക്കാദമികോദ്ദേശ്യം എന്നിൽ ചുര മാന്തിത്തുടങ്ങി.
ബ്രാഹ്മണേതരഗ്രാമങ്ങളിലെ കാരായ്മക്കാരായ കൃഷിത്തൊഴിൽക്കൂട്ടമാണ് വെള്ളാളർ. പഴന്തമിഴ്കാലത്തെ ഉഴവരെപ്പോലുള്ള കൃഷി കൂട്ടായ്മയാകണം മധ്യകാലത്ത് വെള്ളാളരായി മാറിയത്. വെള്ളം ആളുന്നവരാണ് - കൃഷിയും ജലസേചന സാങ്കേതികതയും കയ്യാളുന്നവരാണ് വെള്ളാളർ. വരണ്ട നിലത്ത് കൃഷി ചെയ്യുന്നവർ കാരാളർ എന്നാണറിയപ്പെട്ടിരുന്നത്. "ലോഡ് ഓഫ് ദി ക്ലൗഡ്‌സ് ' എന്ന പേരിൽ ആരെങ്കിലും നോവലെഴുതിയാൽ മേഘങ്ങളുടെ തമ്പുരാൻ എന്നാകും മലയാള വിവർത്തനത്തിന് പേര്. തമിഴിൽ കാരാളർ എന്ന് കുറുകും. കൃഷി വൈദഗ്ധ്യത്തിന്റെയും ജലസേചന സാങ്കേതികതയുടെയും പൊരുളധികാരമാണ് വെള്ളാളരുടെ ബൗദ്ധിക സ്വത്ത്. അരസർ, ആണ്ടനാർ, വണികർ , വെള്ളാളർ എന്നിവരാണ് തമിഴ് തോൽക്കാപ്പിയത്തിലെ ചാതുർവർണം.
പ്രാചീന തമിഴകത്തിന്റെ ഭാഗമായ കർണാടകം, കേരളം, തമിഴ്‌നാടുകളിൽ ഒരു പ്രബല വിഭാഗമായിരുന്നു വെള്ളാളർ. ശ്രീലങ്കയിലെ തമിഴ് ജനതയിൽ വലിയൊരു പങ്കും വെള്ളാളരാണത്രേ. ഈ വെള്ളാള വിഭാഗമാണ് "പിളള ' എന്ന സർനയിം ഉപയോഗിച്ചു വരുന്നത്. പിള്ള എന്ന സഹനാമം വിശാലമായ ഈ വിഭാഗങ്ങൾ പൊതുവായി ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തിൽ പൂർവാചലത്തിന് വടക്കും കിഴക്കും പ്രദേശങ്ങളിൽ നിന്നും മുത്തുപിള്ളപ്പക്ഷികൾ മഞ്ഞുകാല ദേശാടനത്തിനായി എത്തുന്ന ഇടങ്ങളിലെല്ലാം മനുഷ്യ രൂപത്തിൽ ഇവയുടെ "ജാതിരക്തബന്ധുക്കൾ' അധിവസിക്കുന്നുണ്ട്. എം.പി.നാരായണപ്പിള്ള , സി.വി രാമൻപിള്ള, മന്നത്ത് പത്മനാഭൻ പിള്ള, പി.ഗോവിന്ദപ്പിള്ള ഇത്യാദി ഉഗ്രപഞ്ചാനനന്മാരായ തിരുവിതാംകൂർ പിള്ളമാരാണോ തമിഴ്‌നാട്ടിലെ ഈശൈ വെള്ളാളപ്പിള്ളമാരാണോ പൊന്നമ്പലം കുമാരസ്വാമിയെപ്പോലുള്ള സിലോണിലെ മുന്തിയ മുതലിയാർ പിള്ളയാണോ മുത്തുപിള്ള എന്നറിയാനുള്ളസ്വാഭാവികമായ ഒരാകാംക്ഷ എനിക്കുണ്ടായി. കേരളത്തിന്റെ സവിശേഷമായ സാംസ്‌ക്കാരിക രാഷ്ടീയ സാഹചര്യങ്ങളിൽ നമ്പ്യാർ, പിള്ള, കുറുപ്പ് പണിക്കർ തുടങ്ങിയ പല പല അവാന്തരങ്ങളായി വെള്ളാളർ നിലകൊണ്ടു. ബ്രാഹ്മണബന്ധം ചില സവിശേഷാവസരങ്ങളിൽ ശൂദ്രസ്ഥാനത്തു നിന്നും ക്ഷത്രിയത്വത്തിലേക്ക് ഇവർക്ക് ഡബിൾ പ്രമോഷൻ നല്കി. ഈ അവാന്തരവിഭാഗങ്ങളെ ഒറ്റച്ചരടിൽ കോർത്ത് ഭൂമിയുടെ അച്ചുതണ്ടിനെ നിയന്ത്രിക്കുന്ന സമ്മർദ്ദശക്തിയാക്കി കൃതകൃത്യനായതുകൊണ്ടാണ് മന്നം മലയാളത്തിലെ ലോകനേതാക്കളിലൊരാളായത്. മാവേലിക്കരയിലെ രാഘവക്കുറുപ്പ് നരേന്ദ്രപ്രസാദിന് ജാതി ചോദിച്ചാലെന്താ എന്നൊക്കെപ്പറയാം. പക്ഷെ അതത്ര ചൊവ്വുള്ള ഏർപ്പാടല്ല എന്ന് നമുക്കൊക്കെ അറിയാം. കേരളത്തിലെ ചെറുതും വലുതുമായ ജാതി സമൂഹങ്ങളുടെ ജീവിതവും സംസ്‌ക്കാരവും പഠിച്ച് പി.എച്ച്.ഡി. നേടി കോളേജ് മാഷായിട്ടുള്ള പതിമൂന്ന് സുഹൃത്തുക്കൾ എനിക്കുണ്ട്. എ.എ.ഡി ലൂയിസ് മുതൽ കേരള ഫോക് ലോർ അക്കാദമി വരെ ജാതി ചോദിക്കുകയും പറയുകയും ചെയ്തിട്ടുമുണ്ട്. മനുഷ്യാനാം മനുഷ്യത്വം ജാതിർ ഗോത്വം യവാം ഗതാ: എന്നാണ് എന്റെയും ഫിലോസഫി. ആയതു കൊണ്ടും കൂടിയാണ് "സസ്യജാതികളുടെ ജീവിതവും സംസ്‌കാരവും' എന്ന ഇന്റർഡിസിപ്ലൈനറിയായ വിഷയത്തിൽ ഗവേഷണം നടത്താം എന്ന് ഞാൻ തീരുമാനിച്ചത്. "ജാതിർ ഗോത്വം' എന്നാൽ ഏതെങ്കിലുമൊരു ജാതിയിൽ - മനുഷ്യ ജാതിയോ സസ്യജാതിയോ സാക്ഷാൽ വടക്കൻ ജാതിമരമോ ഏതുമാകട്ടെ അത് ഗവേഷണമെന്ന പശുവിനെ കെട്ടാൻ സർവദാ യോഗ്യമാണ് എന്ന് വ്യാഖ്യാനിക്കാനുള്ള സംസ്‌കൃത ജ്ഞാനമൊക്കെയേ എനിക്കുള്ളൂ. ടെങ്ക്‌ടോണിയ ഗ്രാൻഡിസ് എന്ന ഞങ്ങളുടെ ജാതിമരമാണ് ശരിയായ ജാതി. നിലമ്പൂരിൽ ഈ ജാതി ഗവേഷണത്തിന് ഒരു സ്ഥാപനം തന്നെയുണ്ട്. എങ്കിലും അതിന് തേക്ക് ഗവേഷണ കേന്ദ്രം എന്ന് പേരിട്ടതിൽ നാണുഗുരുവിന്റെ പേരിലുള്ള യൂനിവേഴ്‌സിറ്റിയിലേക്ക് ഫറോക്ക് കോളേജിന്ന് വൈസ് ചാൻസിലറെ തേടുമ്പോൾ വെള്ളാപ്പള്ളിക്ക് തോന്നുന്ന വിമ്മിട്ടം പോലൊന്ന് സത്യത്തിൽ തോന്നുന്നുണ്ട്.
കാലടിക്കടുത്ത് കൊളോനിയൽ കാലത്തുണ്ടാക്കിയ നട്ട് മഗ് തോട്ടത്തിലെ പട്ടുകോണം ചുറ്റിയ കളിയടക്ക പോലുള്ള കായയെ ഗത്യന്തരമില്ലാതെ ജാതിക്കയെന്ന് ഞങ്ങളും വിളിച്ചു പോയതാണ്. ഞങ്ങളുടെ വടക്കൻ ജാതിസ്പിരിട്ടിന് ചേരാത്തതായിപ്പോയി അത്. അജ്ജാതിയെപ്പറ്റി പഠിക്കാനും ഓടക്കാലിയിൽ ഒരു സ്ഥാപനമുണ്ടത്രേ. ഒരു പശുവിനെ കെട്ടാൻ ഉള്ള ഉറപ്പൊന്നും ആ ജാതിക്കില്ല.
താജിന്റെ നാടകത്തിൽ കടത്തിന്റെ ആഗോളപ്രസക്തിയെക്കുറിച്ച് രാധയെ രാവുണ്ണി പഠിപ്പിക്കുന്നതു പോലെ ജാതിയെക്കുറിച്ച് ഇത്രയേറെ ആവർത്തിച്ച് പറയേണ്ടി വന്നത് ലഘു ഉപന്യാസമെന്നോ ഫോട്ടോ ഫിക്ഷൻ എന്നോ കഥയെന്നോ എനിക്ക് തന്നെ തിട്ടമില്ലാത്ത ഈ ആഖ്യാനത്തിൽ തികച്ചും ഒരു അക്കാദമിക വിഷയം എന്ന നിലയിലാണ് മുത്തുപിള്ളയുടെ ജാതി കടന്നു വരുന്നത് എന്നത് കൊണ്ടാണ്. ആഴ്ചകളോ മാസങ്ങളോളമോ നീളുന്ന ദേശാടനയാത്രകളിൽ പക്ഷികൾ നിലത്തിരിക്കലും ആഹാരം തേടലും അപൂർവമാണ്. ദീഘയാത്രയുടെ ക്ഷീണവും ആഴ്ചകളുടെ വിശപ്പും ആ കുഞ്ഞു പക്ഷിയുടെ കണ്ണിലും ചെമ്പൻ കുഞ്ഞുരോമങ്ങൾ പൊതിഞ്ഞ അടിവയറിലും ദർശിക്കാനായി. ഉപചാരപൂർവം ക്ഷണിച്ച് എന്തെങ്കിലും തിന്നാനും കുടിക്കാനും കൊടുക്കുന്ന ശീലമൊക്കെ വായ് പൊതി കെട്ടിവെച്ചിട്ട് എട്ടൊമ്പത് മാസമായി. മുത്തുപിള്ളയെ അതിന്റെ പാട്ടിനു വിട്ട് ഞാൻ അകത്തേക്ക് കയറിപ്പോയി.
നാല്
ഉറക്കം ഞെട്ടിയാലും കുളിരുന്നു എന്ന പേരിൽ ഉടുമുണ്ട് പുതച്ച് ഊരയിൽ കൈ തൂർത്തിയുറങ്ങുകയെന്നത് വൃശ്ചിക - ധനുമാസങ്ങളിലെങ്കിലും നൈസർഗികമായ ഒരു ആന്തരചോദനയായി മലയാളികൾ പരിണമിപ്പിച്ചെടുക്കുന്നതിനു മുമ്പെ കണ്ടത്തിൽ വെള്ളം തുറന്നു വിടാനും വരമ്പ് പിടിക്കാനുമൊക്കെ കർഷക പൂർവികർ ഉള്ളിലെ കോഴിക്കൂറ്റ് കേട്ട് ഏഴര വെളുപ്പിനുണർന്നിരുന്നു.
കോളാമ്പിപ്പാട്ടുകൾ സാധാരണമല്ലാത്ത ഗ്രാമങ്ങളിൽ പൂങ്കോഴിയുടെ പുഷ്‌ക്കല കണ്ഠനാദം മാത്രമല്ല ഒരായിരം നാട്ടുകിളികളുടെ ശബ്ദ കലവികളും അവർക്ക് കേട്ടിട്ടുണരാനായുണ്ടായിരുന്നു. ദൈവഭയത്തിന്റെ സ്ഥാനത്ത് മരണഭയം പ്രതിഷ്ഠിച്ച് ക്ഷേത്രോപജീവികൾ അമ്പലങ്ങൾ പൂട്ടിപ്പോയ ലോക്ഡൗൺ കാലത്ത്, "ആരുമില്ലാത്തവർക്ക് ദൈവം തുണ'യെന്ന ആപ്തവാക്യം തങ്ങൾക്കുനേരെ തന്നെ ഭക്തർപ്രയോഗിക്കുന്നതു കണ്ട് അന്തം വിട്ടു പോയ ദൈവങ്ങൾ രണ്ടു മൂന്നു മാസമെങ്കിലും ശബ്ദ ശല്യമില്ലാതെ ഉറങ്ങിയിരിക്കണം. അക്കാലത്ത് കുയിൽ, ആനറാഞ്ചി, വണ്ണാത്തിപ്പുള്ള് തുടങ്ങിയവയുടെ ഇമ്പമുള്ള പാട്ടുകളും സൂചീമുഖി, തുന്നാരൻ തുടങ്ങിയ പൊടിക്കുരുവികളുടെ ചിലപ്പുകളും രാവിലെ തന്നെ കലഹം തുടങ്ങുന്ന പൂത്താം കീരികളുടെ ശബ്ദത്തിനു മേൽ ഉയർന്നു പൊങ്ങുന്ന ഉപ്പന്റെ ഉഗ്രശാസനവും തെളിമയോടെ ഉയർന്നു കേൾക്കുകയും അലർച്ചപാട്ടുകളുടെ കോളാമ്പിത്തുപ്പൽ വീഴാതെ വഴി നടന്നിരുന്ന തങ്ങളുടെ ബാല്യത്തെ കുറിച്ച് അടിയന്തിരാവസ്ഥയ്ക്ക് മുമ്പെ ജനിച്ചവർ പൊഞ്ഞാറോടെ ഓർമിക്കുകയും ചെയ്തു.
അടുത്തുള്ള അമ്മദൈവക്കാവിൽ നിന്ന് കലാഭവൻ മണി അയ്യപ്പ തിന്തകത്തോം വീണ്ടും പാടിത്തുടങ്ങിയിരിക്കുന്നുവെങ്കിലും പണ്ടത്തെ ഉഷാറില്ല. മൈക്കോട് മത്സരിക്കാനല്ലെങ്കിലും പക്ഷികൾ തങ്ങളുടെ പ്രഭാതകൃത്യങ്ങൾ പതിവുപോലെ നിറവേറ്റിത്തുടങ്ങി. രാവിലെ എഴുന്നേറ്റ് പ്രപഞ്ചത്തെ കൂകിയുണർത്തിക്കഴിഞ്ഞാൽ പിന്നെ ഇര തേടൽ എന്ന പതിവ് പണിയാണ് അവയ്ക്കുള്ളത്. തണുപ്പ് മനുഷ്യനെ മാത്രമല്ല പറവേതരരായ മറ്റു പതംഗങ്ങളെയും ഇതികർത്തവ്യതാ മൂഢരാക്കും.. തിടുക്കത്തിൽ ജൈവ ധർമ കൃതകൃത്യരായി കുടുംബശ്രീക്കാരുടെ കട്ടൻ കാപ്പിയും കുടിച്ച് ഇ.വി.എം സെറ്റ് ചെയ്തു മോക്ക്‌പോളിങ്ങിനായി സ്ഥാനാർത്ഥി പ്രതിനിധികളെ കാത്ത്‌നില്കുന്ന "പോളി'യുടെ ഏകാന്തതയാണ് പാറ്റാപിടിയന്മാരും വേലിത്തത്തകളുമൊക്കെ ഈ സമയം അനുഭവിക്കുക. തുലാമഴയോ വൃശ്ചികമഞ്ഞോ വീണ് നനഞ്ഞ ചിറകുകൾ ഉണക്കി വേണം തുമ്പികൾക്കും ശലഭങ്ങൾക്കും ടെയ്‌ക്കോഫ് ചെയ്യാൻ. തലേന്നാൾ അലക്കാൻ മറന്നു പോയ ഒറ്റക്കുപ്പായം നനച്ച് ഉണക്കിയെടുത്തിട്ട് പള്ളിക്കൂടത്തിൽ പോകേണ്ട കഷ്ടബാലകന്റെ അവസ്ഥയാണ് അവയുടേത്. വൃശ്ചികത്തിന്റെ നീഹാരനീല നിചോളമാകുന്ന നിരപ്പലനീക്കി ഭാസ്‌ക്കരേട്ടൻ പീടിക തുറക്കുമ്പോഴെ പാറ്റകളും തദ്വാരാ പാറ്റാപിടിയന്മാരും സജീവമാകുകയുള്ളൂ. അഞ്ചരയുടെ കുയിൽ കരയുമ്പോൾ എണീറ്റ് വെറുതെ കിടക്കലാണ് എന്റെ പതിവ്. ഇന്ന് ഏതായാലും എഴുന്നേറ്റ് മുഖം കഴുകി പഴയ പുസ്തക ശേഖരത്തിൽ നിന്ന് "കേരളത്തിലെ പക്ഷികൾ' തപ്പിയെടുത്തു. കേരള സാഹിത്യ അക്കാദമി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകമായിരുന്നു ഇന്ദുചൂഡന്റേത്. 1958ൽ. കാൽ നൂറ്റാണ്ടിനു ശേഷം 1986 ലാണ് രണ്ടാം പതിപ്പ്. അതായിരുന്നു എന്റെ കയ്യിൽ. പ്രകൃതി സഹയാത്രയുടെ ആരംഭത്തിൽ ഒരു പാട് പ്രയോജനപ്പെട്ട പുസ്തകമായിരുന്നു മറ്റു പലർക്കുമെന്ന പോലെ എനിക്കും കേരളത്തിലെ പക്ഷികൾ. പിന്നിയ പേജുകൾ ചേർത്ത് വെച്ച് നോക്കിയപ്പോൾ മക്ഷീകാരികൾ എന്ന അധ്യായത്തിൽ നാക മോഹനടക്കമുള്ള കുറേ പാറ്റ പിടിയന്മാരെക്കുറിച്ച് പറയുന്നുണ്ട്. "മസ്‌കിക്കാപ്പ'എന്ന ജനുസിൽ പെട്ട ചെമ്പുവാലൻ, തവിട്ട് പാറ്റ പിടിയൻ എന്നിവയെക്കൂടി മുത്തുപിള്ളയുടെ കൂട്ടക്കാരായി വിവരിക്കുന്നുണ്ട് ഇതിൽ. മസ്‌കിക്കാപ്പ മുത്തു ( Muscicapa muttui) എന്നാണ് മുത്തുപിള്ളയുടെ ശാസ്ത്രനാമം. "സ്പിഷീസ്' നാമം തന്നെ "മുത്തു' വെന്നാണ്.
കിളികളുടെ കേളികൊട്ട് കഴിഞ്ഞ നിശബ്ദതയ്ക്കിടയിൽ ഞാൻ ഇന്ദുചൂഡനെ വായിക്കവേയാണ് പെട്ടെന്ന് പതിവില്ലാത്ത വിധം പൂത്താം കീരിയുടെയും ആനറാഞ്ചിയുടെയും ബുൾബുളിന്റെയും ഉച്ചത്തിൽ ശബ്ദിച്ച് ധൈര്യം കാട്ടാൻ ശ്രമിക്കാറുള്ള ചെമ്പോത്തിന്റെയും പേടിച്ചരണ്ട നിലവിളികൾ കേട്ടത്. പെട്ടെന്ന് കയ്യിൽ തടഞ്ഞതുകൊണ്ട് ക്യാമറയുമായി മുറ്റത്തിറങ്ങി. ബുൾബുളുകൾ കൂടു വെച്ച ദിനേശവള്ളിപ്പടർപ്പുകൾക്കിടയിൽ നിന്ന് ഒരു പ്രാപ്പിടിയൻ പറന്നു പൊന്തി. പരാജയപ്പെട്ട ഒരു നായാട്ടിന്റെ നഷ്ടബോധം കണ്ണിൽ വെറുപ്പാക്കി നിർത്തി നമ്പ്യാർമാവിൻ കൊമ്പിൽ നിന്ന് അതെന്നെ പാളി നോക്കി. നെയ്തലാമ്പലുകൾ വിരിഞ്ഞു തുടങ്ങിയ മുണ്ടകൻ പാടത്ത് പ്രകാശം പരത്തിക്കൊണ്ട് കരിങ്ങാലിയുടെ മുകളിലേക്ക് പതുക്കെ സൂര്യൻ കയറിപ്പോയി. തെളിഞ്ഞ ആകാശത്ത് പഞ്ഞിക്കെട്ടുകൾ ഉരുണ്ടുകൂടിത്തുടങ്ങി. ചിലന്തിവലകളിൽ കുരുങ്ങിയ കരിയിലകളുടെ സുരക്ഷയിൽ വിശ്വസിച്ച് പേടിച്ചു വിറച്ചിരിക്കുന്നു തൂകിപ്പോയ ഒരു മേഘശകലം പോലെ മുത്തുപിള്ള.
സ്ഥിതി അല്പം ശാന്തമായി. ആൾ താമസമില്ലാത്ത അയൽവീട്ടിലേക്ക് മതില് ചാടി മറഞ്ഞ പൂത്താങ്കീരികൾ ഓരോന്നായി തിരിച്ചു ചാടിത്തുടങ്ങി. ചായമാൻസയുടെയും ചെണ്ടമുറിയന്റെയും ഇലകൾക്കിടയിൽ അവ ആപത്തൊഴിഞ്ഞെന്ന് ഉറപ്പു വരുത്താനായി ഒച്ചയനക്കമില്ലാതെ ഒളിഞ്ഞു നിന്നു.
പാടത്തിനു മേലെ കൂടി പോകുന്ന വൈദ്യുതക്കമ്പിക്ക് മേലെ കമ്പിത്തത്തകൾ നിരന്നിരിക്കാൻ തുടങ്ങി. കൊടിയരിഞ്ഞ നെല്ലോലയുടെ തുറവിലൂടെ താണുപറന്ന് ഇരപിടിക്കകയും കണങ്കാൽ നനയാൻ മാത്രുള്ള നീർക്കെട്ടിൽ മുട്ടകൾ നിക്ഷേപിക്കയും ചെയ്ത തുലാത്തുമ്പികൾ അടുത്ത സ്വീകരണ കേന്ദ്രം ലക്ഷ്യമാക്കി പറന്നു പോയിരുന്നു. അവശേഷിച്ചവ വായുവിൽ ഹമ്മിങ് ബേർഡിനെപ്പോലെ നിശ്ചലരായി നിന്ന് സൂചിത്തത്തകൾക്കും ആനറാഞ്ചികൾക്കും മുമ്പിൽ "സാമോദമാത്മാവിനെനാഗയോഗക്ഷേമോദയാർത്ഥം ഗരുഡന്നു നൽകാൻ നിൽക്കുന്ന' ജീമൂതവാഹന ബോധിസത്യന്മാരായി. "പേടിച്ചു പോയി അല്ലേ '
ഇല്ല എന്നു പറഞ്ഞാൽ അത് പൂർണമായും സത്യമാകില്ല. .. പേടി ഞങ്ങൾക്ക് ഒരലങ്കാരമല്ല. ഒരു റിഫ്‌ളക്‌സ് ആക്ഷനാണ്... പല വിധം ഭയങ്ങളുടെ ലോകത്ത് നിർഭയത്വം ശീലിച്ചാണ് ഞങ്ങളുടെ നില്പ്..
പൂർവേഷ്യയിൽ നിന്നും അനേക കാതങ്ങൾ പറന്നാണ് ഞങ്ങൾ കേരളത്തിലും ശ്രീലങ്കയിലുമെത്തുന്നത്. ആണവ പരീക്ഷണങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ, ചുഴലിക്കൊടുങ്കാറ്റുകൾ, കാട്ടുതീകൾ, ... ഇങ്ങനെ പലതും അതിജീവിച്ച് പറക്കുന്നവരാണ് ഞങ്ങൾ. ഉറക്കമേ ഇല്ലാത്തവർക്കെന്തിന് ഭയത്തിന്റെ നിശാവസ്ത്രം?
ഇരമ്പിയെത്തിയ ചിന്തകൾ കൊണ്ടെന്നവണ്ണം മുത്തുപിള്ളയുടെ തല താണു. നിശബ്ദതയുടെ പച്ചവെള്ളം ചവച്ചിറക്കി അത് തൊണ്ട ശരിയാക്കി വീണ്ടും തുടർന്നു.
"ആ തുലാത്തുമ്പികളെ നോക്കൂ.. കാലാവസ്ഥാക്കാറ്റുകളുടെ കാരുണ്യത്തിനനുസരിച്ച് ജലസ്ഥലികൾ തേടി ഇന്ത്യൻ മഹാസമുദ്രം കടന്ന് ആഫ്രിക്കയിലേക്ക് പറക്കേണ്ടവരാണവർ. തിരിച്ച് ഇന്ത്യയിലേക്കും ... ലക്ഷോപലക്ഷം വർഷങ്ങളായി തുടരുന്ന ജീവന്റെ അനുസ്യൂതി... ആഫ്രിക്കയിൽ നിന്നും ഗുജറാത്ത് തീരത്ത് പറന്നെത്തിയ അതേ തുമ്പിയാവില്ല, അതിന്റെ അനന്തരതലമുറയാകും ഇവിടെ എനിക്കോ വേലിത്തത്തയ്‌ക്കോ ആനറാഞ്ചിക്കോ അല്പ സമയത്തിനകം ഇരയാകാനിരിക്കുന്ന ഈ ഗ്ലോബൽ സ്‌കിമ്മർ. പാമ്പുകൾ ഉറയൂരി മാറ്റും പോലെ ലളിതമല്ല, ജീവനിൽ നിന്നും ജീവൻ കൊളുത്തിക്കൊണ്ടുള്ള ഇവയുടെ റിലേ ഓട്ടം'
ആനറാഞ്ചിയും വേലിത്തത്തയും മുത്തുപിള്ളയും ഏഴോളം കരിയിലക്കിളികളും നോക്കി നില്‌ക്കേ എങ്ങുനിന്നോ പാറി വന്ന ഒരു സ്വർഗവാതിൽപ്പക്ഷി പന്റാല ഫ്‌ളാവസൻസ് എന്ന തുലാത്തുമ്പിയെ കൊത്തിയെടുത്ത് വന്ന വഴിയെ പറന്ന് പോയി. നേർത്ത ഒരു സൂചിക്കണിയാനെ അത് വദനഭാഗത്തോട് ചേർത്തു പിടിച്ചിരുന്നു. ഉണക്കാനിട്ട മുഖകവചം പോലെ ചതുരമുല്ലയുടെ വള്ളികൾക്കിടയിൽ ഒരു പാമ്പിൻ പടം ഞാന്നു കിടന്നു കാറ്റിലാടി. ജീവിക്കാൻ വേണ്ടിയുള്ള തുലാത്തുമ്പിയുടെ മരണയാത്രയുടെ അവസാന പിടച്ചിലിന് സാക്ഷിയാകെ എന്നിൽ എഴുത്തച്ഛൻ നിനവിൽ വന്നു.
"ഞാനെന്നാൽ ഞാൻ മാത്രമല്ല. തുലാത്തുമ്പികളെപ്പോലെ ഞങ്ങളും ഓർമകളിലൂടെയും ചരിത്രത്തിലൂടെയുമാണ് ജീവിക്കുന്നത്.' എനിക്ക് മുമ്പെ സഞ്ചരിച്ചവരുടെ വഴിയും അനുഭവവും എന്റേത് കൂടിയായിത്തീരുന്നു. തുലാത്തുമ്പികളുടേതു പോലെ തന്നെ.
"ഒരാൾ അയാളായി മാറുന്നതിന്റെ പിന്നിൽ മുന്നേ കടന്നു പോയ നിരവധി മനുഷ്യരുടെ ജീവിതം കൂടിയുണ്ട്. മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്നവർക്കിടയിലെ ഒരു കണ്ണി മാത്രമാണ് ഞാൻ.' പി.എഫ്. മാത്യുസിന്റെ അടിയാളപ്രേതത്തിന്റെ ആമുഖത്തിൽ മനുഷ്യനെ കുറിച്ച് സമാനമായ ഒരു വാക്യം വായിച്ചത് ഞാനപ്പോൾ ഓർത്തു. ജീർണവസ്ത്രം വെടിഞ്ഞമ്പോടു മാനുഷർ എന്ന് മനസിലെ കാവാലം ശ്രീകുമാർ രാമായണം വായിച്ചു.
"നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ഒരേ ആത്മാവിന്റ മാറി മാറി വരുന്ന ശരീരം ഒന്നുമല്ല ഞാൻ ' എന്റെ മനസ് വായിച്ച വണ്ണം മുത്തുപിള്ള പറഞ്ഞു.
"കണ്ണു മാറ്റിവെക്കപ്പെട്ടവരില്ലേ നിങ്ങൾക്കിടയിൽ. അവരിൽ ജീവിക്കുന്നത് ചത്തവന്റെ കണ്ണുകൾ മാത്രമാണ്; അവന്റെ ഇന്ദ്രിയാനുഭവമല്ല. ... ഫോർമറ്റ് ചെയ്യപ്പെട്ട ഒരു മൊബൈൽ ഫോണിന്റെ ശൂന്യതയിലേക്ക് അല്ല അര ആയുസെങ്കിലും ജീവിച്ച ജീവിതത്തിന്റെ തുറസിലേക്കാണ് ഒരു കണ്ണു രോഗിയുടെ കെട്ടഴിക്കുന്നത്. രണ്ടു മൂന്ന് വയസു മാത്രം പ്രായമുള്ള ഞാൻ നേടിയ ഇന്ദ്രിയാനനുഭവങ്ങൾ മാത്രമല്ല പൂർവികർ നല്കിയ അശരീരികളും രൂപ വിവർജിതങ്ങളുമായ അനുഭവ പാഠങ്ങളും ചേർന്നാണ് എന്നെ ഇതുവരെ ജീവിപ്പിച്ചത്. അനുഭവങ്ങളുടെ സേർവർ ഈ ചെറിയ തലക്കുള്ളിലല്ല തന്നെ.... ഞങ്ങളുടെ ഈ ജന്മവാസനകളെ ദൈവികം എന്നൊന്നും വിളിക്കരുത്. മുത്തുപിള്ളമാർ ഈശ്വരവിശ്വാസികളേ അല്ല.'
അഞ്ച്
നക്ഷത്രങ്ങളെ നോക്കിയാണ് ദേശാടനപ്പക്ഷികൾ വഴി കണ്ടു പിടിക്കുന്നത് എന്ന് നാലാം ക്ലാസിൽ വെച്ച് സയൻസ് മാഷ് പഠിപ്പിച്ചതിൽ അന്നും ഇന്നും എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. എങ്കിലും എന്നിൽ അത് ദഹിക്കാത്ത ഒരു ശാസ്ത്ര യാഥാർത്ഥ്യമായി കല്ലിച്ചു കിടന്നു. ""നിങ്ങൾ എങ്ങനെയാണ് വിദൂരദേശങ്ങളിലേക്ക് ഇത്ര കൃത്യമായി വഴി കണ്ടു പിടിക്കുന്നത്?''
സംശയം തീർക്കാൻ ഇതിലും നല്ല ഒരവസരവും അനുഭവസ്ഥനും ഇനി ഉണ്ടാകണമെന്നില്ല എന്ന ഉൾതോന്നലിൽ അറിയാതെ ഞാൻ ശബ്ദുയർത്തി ചോദിച്ചു പോയി. കീ ചെയിൻ വിരലിലിട്ട് കറക്കും പോലെ കൊക്കുകൊണ്ട് മുത്തുപിള്ള വായുവിൽ ഒരുവട്ടം വരച്ചു. എല്ലാം കണ്ടു പിടിക്കുമെന്നു കരുതുന്ന നിങ്ങളുടെ അഹന്തയ്ക്ക് മുന്നിൽ ഒരു പ്രഹേളികയായി ആ ജൈവ രഹസ്യം കിടക്കട്ടെ എന്നായിരുന്നു ആ ചിരിവട്ടത്തിന്റെ അർത്ഥം. മുത്തുപിള്ളയുടെ ജാതിയെക്കുറിച്ച് ചോദിക്കുവാനുള്ള പൂതി അതിനിടെ ആ പക്ഷിച്ചിരിയുടെ പുത്തങ്കീരിക്കളിക്കൂനയിൽ മറന്നു വെച്ചും പോയി.
കാലാഹി എന്ന സങ്കല്പത്തെ വിഷ്വലൈസ് ചെയ്യുമ്പോൾ എനിക്കോർമ വരിക കത്തുന്ന പാമ്പു ഗുളികയാണ്. പൊട്ടുകയും ചീറ്റുകയും ചെയ്യുന്ന ചീനപ്പടക്കങ്ങൾക്കിടയിൽ ആ ഒരു വെടിക്കോപ്പ് ഇപ്പോൾ പടക്കക്കടയിൽ ഉണ്ടോ എന്നറിയില്ല. തൃക്കരിപ്പൂരിലെ സ്റ്റോൺ ക്രഷറിനെതിരെയുള്ള ബാലസംഘത്തിന്റെ ധർണയ്ക്കു പോകാൻ ആഹ്വാനം ചെയ്ത് കൊണ്ട് തെങ്ങിൻ കൊരച്ചൽ കൊണ്ടെഴുതിയ പോസ്റ്ററാണ് ഞാൻ ആദ്യമായി എഴുതിയിട്ടുണ്ടാവുക.
അബ്ദുള്ളയുടെ പീടികയിൽ അഞ്ചു പൈസക്ക് രണ്ടെണ്ണം വീതം ചോപ്പും പച്ചയും നീലയും മഷിഗുളിക കിട്ടും. കറുത്ത മഷി ഗുളിക ഉണ്ടായിരുന്നോ എന്ന് ഓർമയില്ല . ഉണ്ടായാലും ഇല്ലെങ്കിലും കറുത്ത മഷി ഗുളിക പോലെയാണ് പാമ്പുഗുളിക. വൈദ്യരമ്മാവന്റെ പീടികയിൽ കറുത്ത ഗുളിക എന്ന പേരിൽ കിട്ടുന്ന നെറ്റിക്കരച്ചിടുന്ന മരുന്നിനും ഇതേ ഛായ തന്നെ.
പാമ്പു ഗുളികക്ക് തീ കൊടുത്താൽ കാട്ടുതീയിൽ പെട്ട് കരിഞ്ഞ ഒരു കൃഷ്ണ നാഗം പുറ്റിൽ നിന്നും വാലു നീട്ടുന്നതു പോലെ അഗ്‌നിമുഖത്തു നിന്നും ഗകാരത്തിലുള്ള കരിമ്പാമ്പ് രൂപപ്പെട്ട് വിജ്‌റംഭിച്ച് കുറച്ച് മുന്നോട്ടിഴഞ്ഞ് തളർന്നു വീഴും.
കാലമാകുന്ന പാമ്പിന്റെ മുന്നിലെ വർത്തമാനയാഥാർത്ഥ്യമായ ദർദുരങ്ങൾ ഭൂതകാലത്തിന്റെ ഇരുണ്ട കുഴൽ ശരീരത്തിലേക്ക് തള്ളിമാറ്റപ്പെടുകയാണ്. പുതുതലമുറയുടെയും പുതിയ അനുഭവങ്ങളുടെയും വട്ടിത്തുന്തകൾ വാലുമുറിഞ്ഞ് പുതിയ തവളകൾ ആകുന്നു. അവ പറ്റങ്ങളായി കാല സർപത്തിന്റെ കുടൽ വഴുപ്പിന്റെ പെരിസ്റ്റാൾസിക് ചലനത്തിന്റെ അനുകൂലനത്തിൽ ബീജായനം ചെയ്യുമ്പോൾ ഓർമയുടെ നന്നങ്ങാടികളിലേക്ക് മുതുതവളകൾ മുളങ്കുറ്റിയിലെ പുട്ട് പോലെ തള്ളി നീക്കപ്പെടുന്നു. ത്രികാലങ്ങളെ നിവർത്തിയിട്ട വലിയൊരു ടോപോഗ്രാഫിക് ഷീറ്റ് അറ്റമില്ലാത്ത മുളങ്കുഴലിലൂടെ വലിച്ചു നീക്കുന്നത് ഏത് കാലപുരുഷനാണ്?
നെല്ല് കുത്ത് യന്ത്രത്തിന്റെ നാളീശരീരത്തിൽ നിന്നും ഊർജദായിനിയായ മോട്ടോറിലേക്കു നീങ്ങുന്ന തുണിപ്പട്ടയുടെ ദീർഘായതങ്ങളായ ചലനത്തിന്റെ ആവർത്തനങ്ങൾ പോലെ. ഇരുപതിനായിരത്തിലേറെ കിലോമീറ്ററുകളുടെ യാത്രാദൂരങ്ങളുടെ നിരന്തരാവർത്തനങ്ങളിലൂടെ തുലാത്തുമ്പികൾ രണ്ടു ഭൂഖണ്ഡങ്ങളെ ഏകദൃഷ്ടക്ഷമമായ ഒരറ്റ ടോപോഗ്രാഫിക് ഷീറ്റിൽ വരച്ചുകൊണ്ടേയിരിക്കുന്നു. ഹിമാലയത്തിന്റെ തെക്കു കിഴക്കുനിന്നും യൂറേഷ്യയിൽ നിന്നും കാതങ്ങൾ പിന്നിട്ട് സമൃദ്ധിയുടെ തടങ്ങളിൽ ഇളവേൽക്കാൻ അനന്തകാലങ്ങളായി ദേശാടനക്കിളികൾ മുടക്കമില്ലാതെ പറന്നെത്തുന്നു.
കാണുന്നത് മാത്രമാണ് നിങ്ങൾക്ക് കാഴ്ച... "ഞങ്ങൾക്കതല്ല.' പക്ഷി പറഞ്ഞു. ബർക്ക്‌ലി സിഗരറ്റിന്റെ കൂട് ടി.വി .സ്‌ക്രീൻ പോലെ വെട്ടിയെടുത്തതിന് മേലും കീഴും രണ്ട് ഇർക്കിലുകളിലായി ചുറ്റി ഒളിപ്പിച്ച ഒരു ചിത്രപടച്ചുരുൾ പാനീസ് വിളക്കിന്റെ നാട ഉയർത്തുന്നതു പോലൊരു സാങ്കേതിക വിദ്യയിലൂടെ ഒന്നൊന്നായി കാണിക്കുന്ന ഒരു ബാല്യകാല വിനോദമോർമയിൽ വന്നു. ഇർക്കിൽ തിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഓരോ ചിത്രങ്ങൾ. ബാലയുഗത്തിൽ നിന്നും അമ്പിളിമാമനിന്നും പൂമ്പാറ്റയിൽ നിന്നും വെട്ടിയെടുത്ത ചിത്രങ്ങൾ. ബംഗാളിലെ പട്ടപെയ്ന്റി ഗിലെപ്പോലെ കേരളത്തിലെ ഢാവേലി വായനപോലെ ചിത്രങ്ങളുടെ ആഖ്യാന മിശ്രമായ തുടർക്കണി. സിഗരറ്റ് സ്‌ക്രീനിൽ സിൻഡ്രലമാർ അടുപ്പു വിട്ടുണരുമ്പോഴും അകച്ചുരുളുകളുടെ ശവക്കച്ചയിൽ വേതാളം തൊങ്ങിക്കിടക്കുക തന്നെയാവും ഈ സിഗരറ്റ് സിനിമാപ്രദർശനത്തിൽ. റിവോൾവിങ് സ്റ്റേജിൽ നടക്കുന്ന ഒരു കലാനിലയം ഡ്രാമ പോലെ.
"അതേ ഞങ്ങൾക്ക് കാണുന്നത് മാത്രമാണ് കാഴ്ച.' സ്വപ്നങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പിൻബഞ്ചിലിരുന്ന് ഉറങ്ങിപ്പോയ കുട്ടി ഞെട്ടിയുണർന്ന് ഗുണനപ്പട്ടിക ചൊല്ലുന്നതു പോലെ ഞാനും പറഞ്ഞു.
അപ്പാൾ ഡാനിയൽ ക്വിന്നിന്റെ ഇഷ്മായേലിലെ ഒരു സന്ദർഭം ഓർമ വന്നു.
ഭൂമിയിൽ നട്ടെല്ലുള്ള ജീവികൾ ഉരുവപ്പെടും മുമ്പെ ഒരു നരവംശശാസ്ത്രജ്ഞനുണ്ടായിരുന്നു. കടലിന്റെ നിഗൂഢതയിൽ പെരുംകുമിളയായി പൊങ്ങി നീങ്ങിയ ഒരു കാഞ്ഞാംപോത്തിനെ അയാൾ കണ്ടുമുട്ടി. ലോകാരംഭത്തെക്കുറിച്ച് ജല്ലി ഫിഷുകൾ അവരുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന കഥയെന്തെന്ന് അറിയാനുള്ള ഉത്സുകതയോടെ അയാൾ കാഞ്ഞാൻ പോത്തിനു മുന്നിൽ ചെവി കൂർപ്പിച്ചു. "തീർച്ചയായും അത് കഥയൊന്നുമല്ല. ഞങ്ങൾ ജല്ലി ഫിഷുകൾ യുക്തിവാദികളാണ്. നിരീക്ഷണത്തിലൂടെയല്ലാതെയും കാര്യകാരണചിന്തയില്ലാതെയും സംവാദങ്ങൾ കൂടാതെയും ഞങ്ങൾ ഒന്നും സ്വീകരിക്കാറില്ല. മഹാവിസ്‌ഫോടനം തൊട്ട് ജീവന്റെ മൂലകസത്ത അലിഞ്ഞുണ്ടായ അമിനാമ്ലലായനിയുടെ കാനൽ ജലച്ചൂട് വരെ സുചിപ്പിച്ച ശേഷം വിവരണം പൊടുന്നനെ നിന്നു., അങ്ങനെ ജീവൻ പ്രത്യക്ഷപ്പെട്ടു' എന്ന സംവൃതമായ പ്രസ്താവനയോടെ.എവിടെ? കരയിലോ, ജലത്തിലോ?
ശാസ്ത്രജ്ഞൻ ആകാംക്ഷയോടെയും പരിഭ്രാന്തിയോടെയും ചോദിച്ചു. "കരയോ കരയെന്നാൽ എന്താണ്?'"മണ്ണും പാറയും നിറഞ്ഞ .. ദാ..ആ കാണുന്ന സ്ഥലം ' ശാസ്ത്രജ്ഞൻ വിശദമാക്കി.
നിങ്ങളെന്താണ് പുലമ്പുന്നത്? അത് ഈ കടലിനെ ഉൾക്കൊള്ളുന്ന വലിയ പാത്രത്തിന്റെ വക്കു മാത്രമാണ്. കാഞ്ഞാൻ പോത്തിന് ദേഷ്യം വന്നു.
എങ്കിലും കഥ തുടർന്നു.
പല മില്യൺ നൂറ്റാണ്ടുകൾ... ജലത്തിലെ രാസകഷായത്തിൽ പൊങ്ങിത്താണു സഞ്ചരിച്ച പല കോടി സൂക്ഷ്മജീവികൾക്കൊടുവിൽ ബഹുകോശ ജീവികളുടെ സങ്കീർണ ശരീരങ്ങൾ ഉരുവപ്പെട്ടു. ആൽഗകൾ, പോളിപ്പുകൾ, പവിഴപ്പുറ്റുകൾ.... എന്നിട്ട് അവസാനം... കഥയുടെ അന്ത്യമെത്തിയ അഹങ്കാരംകൊണ്ട് തെല്ല് വിജ്‌റംഭിച്ച് ദേഹം ചുവപ്പിച്ചു കൊണ്ട് ആ ജീവി പറഞ്ഞു.
അവസാനം ... അവസാനം ഞങ്ങൾ കാഞ്ഞാൻപോത്തുകളുണ്ടായി.
കാഞ്ഞാൻപോത്തുകളുടെ വംശചരിതത്തിൽ അവരുടെ പരിണാമചരിത്രവും അവസാനിക്കുന്നു. മനുഷ്യന്റെ ഉത്പത്തിയോടെ മനുഷ്യ കേന്ദ്രീകൃതമല്ലാത്ത ഒരു പ്രാപഞ്ചികാന്വേഷണത്തിന്റെ ഫയൽ അടച്ചു വെച്ചവരാണ് ഞങ്ങൾ. "അതേ ഞങ്ങൾക്ക് കാണുന്നത് മാത്രമാണ് കാഴ്ച... പ്രപഞ്ചത്തോടുള്ള ഒരു ക്ഷമായാചനം പോലെ ആ വാക്കുകൾ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു എന്റെ മനസ്.
ആറ്
"ഞങ്ങൾ പക്ഷികളെപ്പോലെ ലോകാനുഭവങ്ങൾ മറ്റാർക്കുണ്ട്? വിഹഗവീക്ഷണം എന്ന പ്രയോഗമുണ്ടല്ലോ നിങ്ങളുടെ നിഘണ്ടുവിൽ. മുകളിൽ നിന്നും നോക്കുമ്പോൾ കാണുന്ന ആകപ്പാടെയുള്ള ആ നോട്ടം മാത്രമല്ല പക്ഷികളുടേത് .'""നിങ്ങൾ വിമാനത്തിൽ കയറിയിട്ടില്ലേ?''
ആദ്യ വിമാനയാത്രയല്ല. ആദ്യ ബസ് യാത്രയാണ് ഞാനന്നേരമോർത്തത്. എട്ടരയ്ക്കുള്ള എൻ.കെ. ബി.ടി.യിൽ രാമൻകുളം സ്റ്റോപ്പിൽ നിന്നും കരിവെള്ളൂരിലേക്ക് ആദ്യമായി കയറിയപ്പോൾ കുളവും സ്വാമിപിള്ളയുടെ മഠവും ബീഡിക്കമ്പനിയും ഉപ്വാരന്റെ പീടികേം തെക്കോട്ടെടുത്ത മായാനുഭവം . "കൊളോം പോയി, പീട്യേം പോയി' എന്നലറിക്കരഞ്ഞ് ബസിന്ന് ചാടിയിറങ്ങാൻ നോക്കിയ അഞ്ചു വയസുകാരന്റെ വെപ്രാളം.
വണ്ടി തട്ടി മരിച്ചവന്റെ മുഖം വൈകിയെത്തിയ ബന്ധുക്കളെ കാണിക്കുന്നതു പോലെ മേഘങ്ങളെ പിൻവലിച്ച് ചതഞ്ഞ ഭൂമുഖം കാണിക്കുന്ന ആകാശത്തിന്റെ നിമിഷ വേഗങ്ങൾ മാത്രമാണ് അകത്തേക്കു തുറന്ന ആദ്യ വിമാനയാത്രയുടെ ഓർമയുടെ ജനലിൽ തട്ടുന്നത്.
"ഒരിക്കൽ .. ഒരിക്കൽ മാത്രം' ഞാൻ പറഞ്ഞു.
"പൊങ്ങി ഉയരുന്ന വിമാനത്തിൽ നിന്നുള്ള കാഴ്ച പോലെയല്ല യഥാർത്ഥത്തിൽ പക്ഷി നോട്ടം. ഞങ്ങൾ മേഘങ്ങൾക്കു മേലെ സഞ്ചരിക്കുന്നവരല്ല. മേഘങ്ങൾക്കു കീഴിൽ ഭൂമിയിലെ തെളിഞ്ഞ കാഴ്ചകൾ കണ്ടുകൊണ്ട് ജന്മബോധത്തിന്റെ ആയിരം വടക്കുനോക്കികളാൽ നയിക്കപ്പെടുന്ന ഗഗന സഞ്ചാരമാണ് ഞങ്ങളുടേത്.
ഓന്തുകൾക്കും ദിനോസറുകൾക്കും മുകളിലൂടെ തുടങ്ങിയ ടെറോഡെക്ടൈലുകളുടെ പരീക്ഷണ പറക്കൽ. വിമാനങ്ങളെപ്പോലെ മിക്കവാറും ഒറ്റയ്ക്കാണ് പറക്കുകയെങ്കിലും മേഘങ്ങൾക്കിടയിലെ ഓവുചാലുകളിൽ വീണുപോയ വിമാനത്തിന്റെ ഒറ്റയ്ക്കനുഭവിക്കേണ്ടുന്ന ഞെട്ടൽ ഞങ്ങളുടെ യാത്രയിലധികമുണ്ടാകാറില്ല. പാറ്റപിടിയന്മാർക്കൊക്കെ പൊതുവെ ഉയരങ്ങളെ ഭയമാണ്. ലോകമെമ്പാടുമുള്ള പാറ്റ പിടിയന്മാർ മിക്കവരും തറയിൽ നിന്നും മിക്കവാറും ഒരു ഊഞ്ഞാൽ ആഴത്തിൽ മാത്രം കൂടുകെട്ടുന്നവരാണ്. ശീതകാല യാത്രാതാവളങ്ങളിൽ നിന്ന് പലരും ഞങ്ങളുടെ നിരവധി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പക്ഷ. ഞങ്ങളുടെ പ്രണയ ജീവിതവും കൂടൊരുക്കലുമൊന്നും അധികമാരും രേഖപ്പെടുത്തിയിട്ടില്ല.
നെറ്റിൽ മുത്തുപിള്ളയുടെ ബ്രീഡിങ് സൈറ്റിന്റെ ഒരറ്റ ചിത്രവുമില്ലെന്ന കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. പശ്ചിമഘട്ടത്തിൽ നിന്നും കാവുകളിൽ നിന്നും ഒക്കെ എടുത്ത നിരവധി ഫോട്ടോകൾ ഉണ്ടുതാനും. മരക്കമ്പിൽ നിർമമമായിരിക്കുന്ന ഒരേ ദാർശനിക ഭാവമാണെല്ലാറ്റിലും.
തീരെ രേഖപ്പെടുത്താതിരുന്നിട്ടില്ല. 1960 കളിൽ നിങ്ങളുടെ സാലിം അലിയും ഡിലൻ റിപ്ലെയും ചേർന്ന് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പക്ഷികളെക്കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ ഏഴാം വോള്യത്തിൽ പാറ്റ പിടിയന്മാരുടെ പൂർവേഷ്യയിലെ കുടുംബ ജീവിതത്തെപ്പറ്റി ചിലതെല്ലാം പറയുന്നുണ്ട്. സാലിം അലിയെപ്പറ്റി മുത്തശ്ശിമാരിൽ നിന്നും കേട്ട കഥകൾ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. വെടിവെച്ചിട്ട മഞ്ഞത്താലിക്കുരുവിയിൽ നിന്നും തുടങ്ങിയ ഒരു ബാലന്റെ പക്ഷികൗതുകം ഏഷ്യൻ ഭൂഖണ്ഡത്തിലെ പക്ഷികളുടെ ദിനസരികൾ സമഗ്രമായി കുറിച്ചു വെച്ച സമർപ്പിത ജീവിതമായി വളർന്നത്. ആ പക്ഷി മനുഷ്യൻ ഞങ്ങൾക്കും പ്രിയങ്കരനാണ്. സാലിം അലിയെക്കുറിച്ച് ഒന്നിലേറെ നാടൻ പാട്ടുകളുണ്ട് ഞങ്ങളുടെ ഭാഷയിൽ പോലും.
എങ്കിലും എനിക്കിഷ്ടം സാലിം അലിയെക്കാൾ മാധവ് ഗാഡ്ഗിലിനെയാണ്!
റിപ്ലെ സായിപ്പിനെപ്പറ്റി ഞങ്ങൾക്കിടയിൽ അത്ര നല്ല അഭിപ്രായമൊന്നുമല്ല . മുത്തുപിള്ളയുടെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി വിടർന്നു.
നല്ല പക്ഷി നിരീക്ഷകനേ ഒരു നല്ല ചാരനാകാനുമാകു... ഞാൻ പറഞ്ഞു.
ഏഴ്
തീരെ തെളിമയില്ലാത്ത ഒരു പ്രഭാതമായിരുന്നു അന്നത്തേത്.
തുരുമ്പൻ തുമ്പികളെയും വെണ്ണീറാൻ തുമ്പികളെയും നേരവും നെറിയും വിട്ട് നടക്കുന്ന തുലാത്തുമ്പികളെയും പ്രതീക്ഷിച്ച കമ്പിത്തത്തകൾ കാത്തിരിപ്പിന്റെ മുഷിപ്പിൽ എങ്ങോ പറന്നു പോയി. കുറുന്തോട്ടിപ്പടർപ്പിന്റെ ഒളിവിടത്തിൽ ഒരു കടുവാത്തുമ്പി വായിലെ പാതി ചവച്ച ചെറുതുമ്പിയെയും പിന്നാലെ തന്നെത്തന്നെയും ഒളിപ്പിച്ചു വെച്ചു. നെൽച്ചെടികൾ ചവിട്ടി മെതിക്കുന്ന നീലക്കോഴിയുടെ ദാർഷ്ട്യത്തെ ചൂണ്ടി ചൂളനെരണ്ടയും കുളക്കോഴിയും ദുഷിപ്പു പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഒരു ചുഴലിക്കാറ്റിനെപ്പറ്റിയുള്ള കാലാവസ്ഥ മുന്നറിയിപ്പ് ടെലിവിഷനിൽ മുഴങ്ങുന്നുണ്ട്. യാത്രകളിൽ മറഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചാണ് അന്ന് മുത്തുപിള്ള പറഞ്ഞു തുടങ്ങിയത്.
"കടലിലെ ന്യൂനമർദങ്ങൾ സൃഷ്ടിക്കുന്ന അപരിചിതമായ കാറ്റൊഴുക്കുകളാണ് ഞങ്ങളെ വഴിതെറ്റിക്കുന്നത്. പ്രത്യേകിച്ച് ചുഴലിക്കാറ്റുകൾ. കശക്കിയെറിയുന്ന കാറ്റിൽ അപരിചിത ഭൂഖണ്ഡങ്ങളിൽ വരെ ചെന്നെത്തിയ അനുഭവങ്ങളുണ്ട് ഞങ്ങളിൽ ചിലർക്ക്. '
അത്തരമൊരനുഭവത്തിന്റെ സുഖകരമല്ലാത്ത ഓർമകൾ
അയവിറക്കിയിട്ടെന്നവണ്ണം
മുത്തുപിള്ള മൗനിയായി.
"രണ്ടു വർഷം മുമ്പ്, ജന്മദേശത്തു നിന്നും കർമദേശത്തേക്കുള്ള എന്റെ ആദ്യത്തെ യാത്ര ഞാനോർക്കുന്നു. അതിനും മുമ്പ് എന്റെ വംശം ജീവൻ കയ്യിൽ പിടിച്ച് നടത്തിയ നിരവധി പലായനങ്ങളും.
രണ്ടു വർഷമെന്നത് ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു കാലമാണ്. സിദ്ധാർത്ഥമായ ഒരു ഉൾവിളി പോലെയാണ് ദേശാടനക്കിളികളുടെ പുറപ്പെട്ടു പോകൽ.. "ദേവാന്തിരിയായിപ്പോകുക' എന്ന നഷ്ടപ്പെട്ട ഒരു നാട്ടുവാക്കുണ്ടായിരുന്നല്ലോ നിങ്ങളുടെ വടക്കൻ മലയാളത്തിൽ .. എല്ലാം ദൈവത്തിലേല്പിച്ച് ഒരു യാത്ര!
ഒരു ചെറുചെരുപ്പിൽ വലിയ കാലു കയറ്റിവെച്ചതു പോലെ അനന്തമായ ആത്മീയാനുഭവങ്ങളെ ഭൗതിക ചിന്തയുടെ മാത്രം ചിമിഴിലൊളിപ്പിക്കാൻ വിധിക്കപ്പെട്ടവരാണ് എന്റെ ജന്മദേശത്തിന്റെ മധ്യ പൂർവ പ്രദേശത്ത് കൂടു വെച്ചു വരുന്ന ഒട്ടേറെ കിളികൾ. ഭൗതികവും ഇന്ദ്രിയ ഗോചരവുമായതിനെ മാത്രം പ്രതിനിധീകരിക്കുന്ന വാക്കുകൾ കൊണ്ട് ഭാഷയെ നവീകരിച്ച അത്തരം ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് വികാര പൂർണതയ്ക്കു വേണ്ടിയോ അർത്ഥശങ്ക മാറ്റാനോ വേണ്ടിപോലും തികട്ടിവരുന്ന ഇത്തരം നാട്ടു വാക്കുകൾ ഉപയോഗിക്കാനാവില്ല. റെഡ് ബ്രസ്റ്റഡ് ഫ്‌ളൈ കാച്ചർ എന്ന് പക്ഷി പ്രിയർ വിളിക്കുന്ന നെഞ്ചിൽ ജന്മനാ ചുവപ്പ് കുത്തപ്പെട്ട ഒരു കൂട്ടം ചെമ്പൻ പാറ്റപിടിയന്മാർ ഉണ്ട് ; അശാന്തമായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കൂടു വെച്ച് വിരിഞ്ഞ് ഇന്ത്യയിലെ അതിനേക്കാൾ അശാന്തമായ പ്രദേശങ്ങളിൽ ഇരതേടാനെത്തുന്നവ. ആൽമരക്കായ്കളുടെ പത്മവ്യൂഹം തകർത്ത് പുറത്ത് ചാടുന്ന പൂക്കടന്നലുകളെ തിന്നാനാണ് തലസ്ഥാന നഗരിയിലടക്കം അവ എത്തുന്നത്.
അരയാൽ കായ്കളിലെ വിശുദ്ധ കടന്നലുകളെ ആഹരിക്കുന്നതിൽ നിന്നും മാറിൽ
ചുവന്ന പൊട്ടുള്ള പാറ്റപിടിയൻ പക്ഷികളെ വിലക്കി കൊണ്ടുള്ള വിജ്ഞാപനം നിങ്ങളുടെ പര്യാവരണ വകുപ്പ് എപ്പോഴാണ് പുറപ്പെടുവിക്കുക എന്തോ?
അല്ലെങ്കിലും മനുഷ്യൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നയവും നിയമവും അവനുമായി പ്രാദേശികമോ രാഷ്ട്രാന്തരമോ ആയ ഒരു കരാറിലും ഒപ്പുവെക്കാത്ത പക്ഷികളും ഇഴജന്തുക്കളും ശലഭങ്ങളുമെല്ലാം അനുസരിക്കേണ്ടി വരികയെന്നത് എന്തൊരു കഷ്ടമാണ്.
ഒന്നോർത്താൽ ഇതിലും കഷ്ടമല്ലേ നിങ്ങൾ മനുഷ്യരുടെ കാര്യം.
ലഘുസ്ഥായിയിൽ ആവർത്തിക്കുന്ന ഒരുചിൽകാരത്തിന്റെ പരിമിതമായ സ്വന മണ്ഡലത്തിനകത്താണ് ഏത് നാട്ടിലായാലും ഞങ്ങൾ മുത്തുപിള്ളമാരുടെ നിത്യവ്യവഹാരം. ലളിതക്കാക്കയുടെയും ആനറാഞ്ചിയുടെയും ഒക്കെ സംഗീതമായിത്തീർന്ന സ്വരവൈവിധ്യത്തെ എത്ര അസൂയയോടെയാണെന്നോ ഞങ്ങൾ കേട്ടു നില്ക്കുന്നത്. ജനാധിപത്യവും മതഭരണവും സോഷ്യലിസവും പങ്കാളിത്തമുതലാളിത്തവും അതിർ തിരിച്ച പല പല മനുഷ്യ പ്രവിശ്യകളിലായി ഇതൊന്നും കൂട്ടാക്കാതെ പ്രകൃതിയുടെ വാതാനുകൂല്യവും ആഹാരലഭ്യതയും മാത്രം നോക്കിയാണ് ഞങ്ങൾ താമസസ്ഥലം തെരഞ്ഞെടുക്കുന്നത്. മുട്ടയിടാൻ കൂടൊരുക്കുന്നത്. ഞങ്ങൾ ഇപ്പോൾ വീട് വെച്ചിരിക്കുന്ന പൂർവ്വാചലത്തിൽ നിന്നും ആയിരത്തഞ്ഞൂറു കാതം ദൂരെയായി "സമാധാനത്തിനു സമ്മാനം നേടിയ ഏകാധിപതിയുടെ നാട് ' എന്ന് മനുഷ്യ ഭാഷയിൽ അത്ഥം വരുന്ന "ചിലോ ചിത് ചിൽ ചിൽ' എന്ന് പക്ഷിഭാഷയിൽ രഹസ്യമായി വ്യവഹരിച്ചിരുന്ന ഒരു നാട്ടിലായിരുന്നു എന്റെ അമ്മ ആദ്യം താമസിച്ചിരുന്നത്.
അരാകൻ ജനവിഭാഗങ്ങൾ ദുരിതജീവിതം നയിച്ചിരുന്ന ഒരു പ്രദേശത്തായിരുന്നു അത്. ബുദ്ധസന്യാസിമാർ താമസിച്ചിരുന്ന ഒരു മഠത്തിനരികിലെ കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട ഒരു കൃഷിയിടത്തിലായിരുന്നു എന്റെ മാതാവ് പതിവായി കൂടു വെച്ചു പോന്നത്. തിളക്കമറ്റ നീലക്കണ്ണുകളും പുരാതനങ്ങളായ ജപമാലകളുമായി പേരക്കുട്ടികളുടെ കൈ പിടിച്ച് തടാകക്കരയിലെ വിശാലമായ പുൽമൈതാനത്ത് പ്രാർത്ഥിക്കാനെത്തുന്ന നീണ്ട താടിയുള്ള വയസന്മാരെ പേടി കൂടാതെ നോക്കി നിന്നിട്ടുണ്ടത്രേ എന്റെ അമ്മ. തെളിവുള്ള മഴക്കാല സായാഹ്നങ്ങളിൽ തേക്ക് മരങ്ങൾക്കുമേൽ പറന്നിരുന്ന് മുള വീടുകൾക്ക് മേലെ ഉയർന്നു പാറുന്ന മഴക്കാല ഈയലുകളെ ആഹരിക്കവെ വീടുകൾക്കു മുമ്പിൽ നിന്നും അവർ പതിഞ്ഞ സ്വരത്തിൽ മുളങ്കുഴൽ വായിക്കുന്നതും അതിനൊപ്പം വായ്ത്താരിയിട്ട് മുത്തശ്ശിമാർ കുഞ്ഞുക്കൾക്ക് തേൻചോറു വാരിക്കൊടുക്കുന്നതും അമ്മയിലൂടെ എന്റെയും ഓർമയായി തീർന്നു.
ഞാൻ ജനിക്കുന്നതിന് തൊട്ടു മുൻ വർഷമായിരുന്നു അത് സംഭവിച്ചത്.
കൂടുതൽ കൊഴുപ്പാർന്ന കാട്ടുപ്രാണികളെ തിന്ന് ഇങ്ങോട്ടുള്ള യാത്രയ്ക്കായി ഊർജം സംഭരിക്കാൻ അരക്കാതം മാത്രം ദൂരെ കരിമ്പിൻ കാട് പോലെ ചൂരൽപ്പുല്ലുകൾ വളർന്ന് നിന്നിരുന്ന ഒരു വയൽ ചതുപ്പിലേക്ക് ഉത്സാഹപൂർവ്വം പോയതായിരുന്നുവത്രേ അമ്മയും കൂട്ടുകാരും. നാട്ടു വെളിച്ചം പരന്നു തുടങ്ങിയ ഒരു അന്തിനേരമായിരുന്നു അത്. പെട്ടെന്ന് സൂര്യൻ തിരിച്ചുദിച്ച പോലെ മുളവീടുകൾ നിന്നിടത്ത് പ്രകാശം പരന്നു. തീയിലേക്ക് വിഭ്രാന്തിയോടെ പറന്ന് ചെന്ന് മരിച്ചുവീഴാനായി ആയിരക്കണക്കിന് രാപ്രാണികൾ പറന്നു പോകുന്നുണ്ടായിരുന്നു
കത്തിയെരിഞ്ഞ അരാക്കിൻ അഭയാർത്ഥിപ്പാളയത്തിൽ നിന്നും പടർന്ന തീ പുല്ലുണങ്ങിത്തുടങ്ങിയ സമീപസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ബുദ്ധമഠത്തിന്റെ കിടങ്ങുകൾക്കപ്പുറത്ത് അത് കെട്ടൊതുങ്ങുമ്പോഴേക്കും ഞങ്ങളുടെ കൂടുമരങ്ങളത്രയും കത്തിയെരിഞ്ഞിരുന്നു. നേരത്തേ കുടണഞ്ഞവരും അവശരുമായ ഒരുപാട് പക്ഷികൾ ഒപ്പം വെന്തെരിഞ്ഞു.
ആ കൂട്ടക്കൊല നടന്ന രാത്രിയിൽ ബുദ്ധഭിക്ഷുക്കളുടെ മഠത്തിൽ പ്രത്യേക വനഭോജനവും പ്രാർത്ഥനയും നടന്നെന്ന് പറയുമ്പോൾ ദുഃഖവും രോഷവും കലർന്ന ശബ്ദത്താൽ അമ്മയുടെ തൊണ്ട ഇടറിയിരുന്നു. ഉറ്റവർ പലരും നഷ്ടപ്പെട്ട ദു:ഖത്തോടെയുള്ള ദേശാന്തരഗമനമായിരുന്നു അക്കുറി എന്റെ മാതാപിതാക്കൾക്ക്.
തീവെട്ടികളും വെടിക്കോപ്പുകളുമായി വന്നവർ കാടിന് തീയിട്ടതിൽ പിന്നെ അമ്മ ചിലോ ചിത് ചിൽ ചിലിലേക്ക് തിരിച്ചു പോയില്ല. മേഘാലയയിലെ ഖാസിക്കുന്നുകളിലേക്ക് ചില പരിചയക്കാർക്കൊപ്പം ബാക്കി ജീവിതം പറിച്ചു നട്ടു.
ഇൻഡോ ആര്യൻ ഗോത്ര വേരുകൾ പിഴുതെടുക്കാൻ അരാക്കിൻ എന്ന പ്രവിശ്യാനാമം തന്നെ രാക്കിൻ എന്നാക്കി മാറ്റിയ ഒരു പ്രദേശത്ത് സ്വന്തം വംശനാമത്തെപ്പോലും ഉച്ചരിക്കാൻ അനുവദിക്കപ്പെടാതെ "ബംഗാളികൾ' എന്ന് പ്രാദേശിക സേനയാലും അധികൃതരാലും അവഹേളിക്കപ്പെട്ട, രാജ്യവും പൗരത്യവുമില്ലാത്ത ആയിരക്കണക്കിന് രോഹിംഗൻ മുസ്ലീങ്ങൾ വംശഹത്യയിൽ നിന്നും രക്ഷതേടി ഒടിഞ്ഞ ചിറകുകളുമായി കൂടുനഷ്ടപ്പെട്ട പക്ഷികളെപ്പോലെ പറന്നു നീങ്ങുന്നത് ഞാൻ മനസ്സിൽ കണ്ടു.
പ്രജനനത്തിന്റെ ഉൾവിളികളാൽ കൂട് തേടുന്ന കിളികൾ ആ കരിഞ്ഞ മരക്കൊമ്പുകളിൽ നിന്നും നെടുവീർപ്പിന്റെ ഭാണ്ഡക്കെട്ടുകളുമായി അന്യദേശങ്ങളിലേക്ക് അഭയാർത്ഥി മനുഷ്യരെപ്പോലെ വരിവെച്ചു നീങ്ങുന്നതും ഞാൻ സങ്കല്പിച്ചു.
ചിറകറ്റാൽ പക്ഷികളും മനുഷ്യരാണ്.
എട്ട്
പക്ഷികളുടെ രാജ്യത്തിലെ വസന്തോത്സവം പ്രസിദ്ധമാണ്. നാടുചുറ്റാൻ പോയവരൊക്കെ അക്കാലമാവുമ്പോഴേക്കും തിരിച്ചെത്തും. വസന്തഗ്രീഷ്മങ്ങൾ ഞങ്ങൾക്ക് പ്രണയകാലം കൂടിയാണ്. ചിറക് പാതി തുറന്ന് തൂവൽ വീർപ്പിച്ച് നൃത്തം ചെയ്ത് മൃദുസ്ഥായിയിൽ പ്രണയ ഗാനം പാടി ഇണകൾ അന്യോന്യം തേടിവരും . കൂടു നിർമാണവും അടയിരിക്കലും ഞങ്ങൾ കൂട്ടായി തന്നെയാണ് ചെയ്യുക.
ഐസ്‌ക്രീം കപ്പു പോലുള്ള കൂടുകളുടെ ഉൾഭാഗം മൃദുവായ പൂപ്പലുകൾ കൊണ്ട് അലങ്കരിക്കുമായിരുന്നു ഞങ്ങൾ. ഈ പൂപ്പലുകൾക്ക് സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.
എല്ലാ പ്രവാസികളെയും നാട്ടിലേക്കെത്തിക്കുന്ന നാട്ടിലെ
നരവംശോത്സവങ്ങൾ ഓരോന്നായി എന്റെ ഓർമയിലെത്തി. മധ്യവേനലവധിയെന്നത് ഞങ്ങളുടെ ബാല്യകൗമാരങ്ങൾക്ക് ചെണ്ടക്കൂറ്റുകളിൽ നിന്നും ചെണ്ടക്കൂറ്റുകളിലേക്കുള്ള ദ്രുതവിളംബിതങ്ങളായിരുന്നു. കൊട്ടണച്ചേരി വെടിക്കെട്ട്, കുറിഞ്ഞിയിലെ മലയാള കലാഭവൻ ബാലെ, പരവന്തട്ടയിലെ സാംബശിവന്റെ കഥാപ്രസംഗം, ഉത്തോന്തിലറയക്കാലെ ക്ഷേത്രപാലൻ തെയ്യം.
എഴുതി നീട്ടാൻ ഓരോ ദേശക്കാർക്കും ഉണ്ടാവും ഇങ്ങനെ പല പല ദേശോത്സവങ്ങൾ.
ഉത്സവങ്ങളല്ല അതിലെ ആൾക്കൂട്ടവും ആരവവും ആണ് അതിന്റെ ഒരു മജ. കാറോൽ മുച്ചിലോട്ടെ പെരുങ്കളിയാട്ടത്തിന്റെ പൊടിപൂരത്തിനിടയിൽ കനകപ്പൊടിയും കായക്കഞ്ഞിയും ഒപ്പം ശ്വാസവായുവും പങ്കിട്ടനുഭവിച്ച പതിനായിരങ്ങളാണിപ്പോൾ മൂക്കും വായും മൂടി ശ്വാസത്തെ മറച്ചു നടക്കുന്നത്. "ഉത്സവങ്ങൾ ഞങ്ങളുടെയും ശ്വാസമായിരുന്നു.' ഞാൻ പറഞ്ഞു.
എന്റെ വാക്കുകളിലെ വിഷാദവും നഷ്ടബോധവും മുത്തുപിള്ളയ്ക്ക് മനസിലായി എന്നു തോന്നുന്നു. കൺമുന്നിലൂടെ നീങ്ങിയ കുഴിയാനപ്പാറ്റയെ പോകാനനുവദിച്ചു കൊണ്ട് കുറച്ചിട അത് അനുഭാവനിശബ്ദത പാലിച്ചു.
ഇന്നാട്ടിലെ ഉത്സവങ്ങൾക്കൊപ്പമാണ് ഞങ്ങളുടെയും പ്രവാസ ജീവിതം. ഞങ്ങൾ ഇവിടെ എത്തുമ്പോഴേക്കും നിങ്ങളുടെ വ്യാപാരോത്സവമായ ഓണം കഴിഞ്ഞിരിക്കും. വിഷുവിനു മുമ്പേ ഞങ്ങൾ തിരിച്ചു പോകുകയും ചെയ്യും. ഓണവും വിഷുവും പോലുള്ള ദേശീയോത്സവങ്ങളല്ല, കളത്തിലരിയും പാട്ടും തെയ്യവും മീനപ്പൂരമെന്ന ഇവിടത്തെ വസന്തോത്സവവും ഒക്കെയാണ് ഞങ്ങൾക്കും ഇന്നാട്ടുകാർ തന്നെയാണ് എന്ന തോന്നലുണ്ടാക്കിയത്. ഇവിടത്തെ ഉത്സവങ്ങൾ പോലെ തന്നെ പലതും ജന്മനാട്ടിലും യാത്രാവഴിയിലും ഞാൻ കണ്ടിട്ടുണ്ട്. ഐരാവതത്തെയും മൈനാകത്തെയും പോലെ, ഒരു കാലത്ത് മനുഷ്യനും ചിറകുകൾ ഉണ്ടായിരിക്കണം. അനേക ലക്ഷം വർഷം മുമ്പ് പക്ഷികൾ കണ്ടെത്തിയ ദേശാടനപാതയിലൂടെ ആ തൂവൽ മണം പിടിച്ച് അവനും പറന്നിരിക്കണം.
"ആനകളുടെ വഴി പിന്തുടർന്നാണ് ഞങ്ങൾ കാട്ടിലൂടെ റോഡുകൾ ഉണ്ടാക്കിയത് എന്ന് കേട്ടിട്ടുണ്ട്. പക്ഷികൾക്ക് പിറകെ പറന്ന മനുഷ്യൻ രസമുള്ള ഒരു സങ്കല്പം തന്നെ..' ഞാൻ പറഞ്ഞു.
"അതെ ടിയാൻഷാനിലെ സ്വർഗീയ പർവതങ്ങളിൽ നിന്നും നാഗകുന്നുകളുടെ നിത്യഹരിതത്തിൽ നിന്നും ആഫ്രിക്കയിലെ നദീതടങ്ങളിൽ നിന്നും ആസ്‌ത്രേലിയയിൽ നിന്നും ശ്രീലങ്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നും പക്ഷികൾ കാട്ടിയ വഴിയെ പറന്നു വന്നവർ സ്വയംകൃതമായ ഏതോ ശാപം കൊണ്ട് ചിറകറ്റവരായി ഭൂമിയിൽ നടന്നും ഇഴഞ്ഞും ജീവിക്കുന്നവരായി എന്നത് ഒരു നല്ല സങ്കല്പമാണ്.''
""മണ്ണിൽ ജീവിച്ചു തിമർത്ത ഇയൽച്ചിതലുകൾ ചിറക് വെച്ച് ആകാശത്തേക്ക്.... ആകാശത്ത് മദിച്ചു പറന്ന മലകളും വെള്ളാനകളും മനുഷ്യനും ചിറകറ്റ് മണ്ണിലും.""എന്തൊരു നിയോഗവൈചിത്ര്യം.'' ഞാൻ ശരിവെച്ചു.
"നിങ്ങളുടെ ഓണക്കാലം ഞങ്ങൾക്ക് അവിടെ യാത്രയുടെ തയ്യാറെടുപ്പ് കാലമാണ്. അക്കാലത്ത് കഴിച്ച പ്രത്യേകം പ്രാണിക്കൊഴുപ്പുകളുടെ ദക്ഷതയിലാണ് ആയിരക്കണക്കിന് കാതങ്ങൾ ഞാൻ എന്ന ഈ ചെറുവിമാനം വേറെ ഇന്ധനം നിറക്കാതെ പറന്നെത്തിയത്.
തുലാപ്പത്തിന് തെയ്യക്കാവുകൾ ഉണരുമ്പോഴേക്കും സൈബീരിയയിൽ നിന്നും യൂറേഷ്യയിൽ നിന്നും ചീനയിൽ നിന്നുമൊക്കെ ഞങ്ങൾ പല കൂട്ടർ എത്തും.
വരത്തൻ എന്നോ ബംഗാളി എന്നോ ചൈനക്കാരൻ എന്നോ ഉള്ള പരിഹാസം ഞങ്ങൾക്ക് ഒരിക്കലും ഇന്നാട്ടിലെ പക്ഷികളിൽ നിന്നുണ്ടായിട്ടില്ല. മാത്രമല്ല ആകാശത്തേക്ക് പറന്ന് ആത്മഹോമം നടത്തുന്ന ഉറുമ്പുകളുടെ ചിറകുത്സവച്ചടങ്ങു വേളകളിൽ ചവറ്റിലക്കിളിക്കും ഇരട്ടവാലനും വേലിത്തത്തക്കുമൊപ്പം ഞങ്ങൾക്കും ഉചിതമായ പീഠപ്രതിഷ്ഠ ലഭിക്കാറുണ്ട്. ഉറുമ്പുകളുടെയാ ഹരാകിരിയിൽ പ്രസാദഭക്ഷ്യത്തിന്റെ മുഖ്യ പങ്ക് ഞങ്ങൾക്കായി നീക്കിവെക്കപ്പെടാറുമുണ്ട്. ഞങ്ങൾ മുത്തുപിള്ളമാർ പൊതുവെ ആൾക്കൂട്ടങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും ഒഴിഞ്ഞു നടക്കുന്നവരാണ്. പ്രഭാതത്തിലെ ഇര തേടൽ നിർത്തി മറ്റു കിളികൾ ഇല മയക്കം തുടങ്ങുമ്പോഴും വെയിലിന്റെ അന്തിമങ്ങൂഴത്തിലുമാണ് ഞങ്ങൾ ഇര തേടുന്നത്.
തലങ്ങും വിലങ്ങും കൊയ്ത്തു കഴിഞ്ഞ അതിജീവനത്തിന്റെ പാടത്ത് ഉതിർന്നു വീണ കതിരുകൾ കാലിപ്പെറുക്കിയെടുക്കാനും വേണമല്ലോ എന്നെപ്പോലെ ചിലർ.'
ഉത്സാഹക്കാരനായ ഒരു ഇരപിടിയൻ പക്ഷിയെയല്ല യമശീലനായ ഒരു ബുദ്ധഭിക്ഷുവിനെയാണ് മുത്തുപിള്ളയുടെ വാക്കുകളും പ്രവൃത്തിയും ഓർമിപ്പിക്കുന്നത് എന്നതിൽ എനിക്ക് വലിയ ആശ്ചര്യമൊന്നും തോന്നിയില്ല .
അനുഭവങ്ങൾ ഒരാളെ എത്രമാത്രം നിർമ്മമനാക്കില്ല.▮
(തുടരും)