മാണിക്കമ്മ / ഫോട്ടോ: ഇ. ഉണ്ണിക്കൃഷ്ണൻ

മുത്തുപിള്ള-2

​ഒരു പക്ഷി, പക്ഷിശാസ്ത്ര പുസ്തകം തന്നെ തിരുത്തിയെഴുതുകയാണല്ലോ എന്ന് ഞാനോർത്തു

ഒമ്പത്​

‘തെയ്യപ്പറമ്പുകളിലെ ആരവങ്ങൾ ഇല മറവിലൂടെ കൗതുകപൂർവ്വം ഞങ്ങൾ ഉറ്റുനോക്കാറുണ്ട്. തീവെട്ടികൾക്കും കോൽത്തിരികൾക്കും കാക്ക വിളക്കുകൾക്കും നേരെ പ്രാണി ക്കൂട്ടങ്ങളും മനുഷ്യർക്കൊപ്പം ഉത്സാഹപൂർവം നീങ്ങുമ്പോൾ കാവു പൊന്തകളിൽ ഞങ്ങൾക്ക് തീൻ പണ്ടങ്ങൾ കുറയും. അടയ്ക്ക വാവലിനെപ്പോലെ ആൾക്കൂട്ടത്തിനു മുകളിൽ നിന്ന് ശരവേഗത്തിൽ ഇരപിടിക്കാൻ ഞങ്ങൾ തീരെ സമർത്ഥരല്ല. നിങ്ങളുടെ ഉത്സവഘോഷങ്ങളിൽ വെടിക്കെട്ടുകളെ മാത്രമാണ് ഞങ്ങൾക്ക് ഭയം.. എത്രമാത്രം ചെറുകിളികളാണന്നോ ആ പ്രകമ്പനം സഹിക്കാതെ നെഞ്ചു പൊട്ടി മരിക്കുന്നത്'.

ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള നിതാന്തമായ പോരാട്ടങ്ങൾക്കിടയിൽ മരിച്ചുവീണ സർവ ജീവകുലത്തിലെയും സഹജീവികൾക്കായി ശ്രദ്ധാഞ്ജലിയർപ്പിച്ചു കൊണ്ട് കാറ്റ് ഒരു നിമിഷം ഒതുങ്ങി നിന്നു. ചന്ദ്രമാസപരിവൃത്തത്തിൽ ഒരില മാത്രം കൊഴിയുന്ന സോമരാജിച്ചെടിയുമായി ദൃഢാനുരാഗത്തിലായിരുന്ന ഒരു തുന്നാരൻപക്ഷി പുതിയ വീടിന് കുറ്റിയടിക്കാൻ ഇലകളിൽ കൊക്കുകൾ കൊണ്ട് മുട്ടിയുരുമ്മി എന്തോ കൂട്ടുകയും കിഴിക്കുകയും ചെയ്തു. ഞങ്ങളെ സംശയപൂർവം നോക്കിയ ശേഷം അത് പതിവുപോലെ മാറാല തൂത്തെടുക്കാൻ പോയി.

ബാബു ഭരദ്വാജ്

ഖാസിക്കുന്നുകളിലെ വസന്തോത്സവത്തെക്കുറിച്ചാണെന്നു തോന്നുന്നു ഞാൻ പറഞ്ഞു കൊണ്ടിരുന്നത്. ഞങ്ങളുടെ പ്രജനനകാലം കൂടിയാണത്. ഒരു സപ്പോട്ട ക്കുരുവിന്റെ നിറവും വലുപ്പവുമുള്ള നാലഞ്ച് മുട്ടകൾ ഞങ്ങളിടും. ആഴ്ചകളുടെ അടയിരിപ്പ് ആണും പെണ്ണും മാറി മാറിയാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ മാറത്തും ചിറകിൻ മേലെയും ഉള്ള നനുലോമങ്ങളിലെ പുള്ളികുത്തുകൾക്ക് എന്തൊരോമനത്തമാണെന്നോ ..

അഞ്ചാറ് മാസത്തെ വളർച്ചകൊണ്ട് മിക്ക കുട്ടികളും ദീർഘദൂരം പറക്കാനുള്ള ശേഷി കൈവരിക്കും. മഞ്ഞുവീഴുന്ന കാലം എത്തുംമുമ്പെ ആ വർഷം തന്നെ അവർ നാടുവിട്ട് പോകും. എന്നാൽ ബാലാരിഷ്ടത ബാധിച്ചവർ കഴുത്തുറക്കും വരെയും ചിറകിന് ഉറപ്പു കൈവരും വരെയും നാട്ടിൽ തന്നെ കഴിയും. പിറവിയുടെ ആദ്യവർഷം മഴക്കാലശേഷം ശേഷിയുള്ളവർ ദേശാടനത്തിന് കച്ചമുറുക്കും . അല്ലാത്തവർ തണുത്തുറഞ്ഞ ആ മഞ്ഞുകാലവും നാട്ടിൽ തന്നെ കഴിച്ചുകൂട്ടും. ഓവർ വിന്ററിംഗ് എന്നാണ് ഇതിന് പറയുക.

കടം കേറി പാപ്പരനായി. ബാറ് തുടങ്ങി. ബാബു ഭരദ്വാജ് കള്ളുകട തുടങ്ങിയാൽ നമ്മൾ കുടിക്കാൻ പോയില്ലെങ്കിൽ മോശമല്ലേ എന്ന് കേരളത്തിലെ ബുദ്ധിജീവികൾ ഒന്നടക്കം തീരുമാനിച്ച് അതും പൂട്ടിച്ചു കൊടുത്തു.

"അതിദേശാടനം' അല്ലേ .. എന്റെ പക്ഷിനിരീക്ഷകനായ ഒരു ചങ്ങാതി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ടേ മാടായിപ്പാറയിലെ ദേശാടകപ്പക്ഷികളെ നിരീക്ഷിച്ച് ദേശാടനകാലം കഴിഞ്ഞും ചിലത് അവിടെത്തന്നെ തങ്ങുന്ന അതിദേശാടനം എന്ന പ്രവണത റിപ്പോർട്ട് ചെയ്തിരുന്നു. ഓവർ വിന്ററിങ്ങ് എന്നാണ് പക്ഷിശാസ്ത്ര പുസ്തകങ്ങളിൽ അതിന് പറയുക.’’

ആ കുഞ്ഞു പക്ഷിനിരീക്ഷകൻ ഇന്ന് നാടറിയുന്ന ജന്തുശാസ്ത്രജ്ഞനാണ്. ഡോ.മുഹമ്മദ് ജാഫർപാലോട്ട്.

മുത്തുപിള്ള

‘‘ ഓവർ സമ്മറിങ്ങ് എന്നല്ലേ ഇവിടത്തെ നില്പിനെ യഥാർത്ഥത്തിൽ പറയേണ്ടത്. മഞ്ഞുകാലത്ത് ജന്മദേശത്ത് തങ്ങുന്നത് ഓവർ വിന്ററിംങ്ങും. ഏതായാലും "അതിദേശാടനം 'എന്ന് നിങ്ങൾ മലയാളത്തിൽ പറഞ്ഞാൽ മതി. ദേശകാലാതിവർത്തിയാണ് ആ വാക്ക് നല്കുന്ന ആശയം ''

ഒരു പക്ഷി, പക്ഷിശാസ്ത്ര പുസ്തകം തന്നെ തിരുത്തിയെഴുതുകയാണല്ലോ എന്ന് ഞാനോർത്തു. അതിദേശാടനമെന്ന വാക്ക് മറ്റൊരോർമയിലേക്ക് കൂടി എന്നെയെത്തിച്ചു.
ബാബു ഭരദ്വാജിന്റെ.
തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ ജ്യോതിഷിയായി പ്രാക്ടീസ് ചെയ്യുന്ന സംസ്കൃതത്തിൽ ഒരു പാട് അക്കാദമിക് യോഗ്യതയുണ്ടായിരുന്ന ഒരു ചങ്ങാതിയുടെ വീട്ടിൽ അഭയാർത്ഥിയും ഏറെക്കുറെ വീട്ടുകാരനുമായി കഴിയുകയായിരുന്നു ബാബുവേട്ടൻ. സീ ഡിറ്റിനു വേണ്ടി ഞങ്ങൾ അന്ന് ഒന്നിച്ചൊരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടായിരുന്നു. പാളയത്തെ യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലെ ആൾത്താമസമില്ലാത്ത കാക്കക്കൂട്ടിലായിരുന്നു അക്കാലത്ത് വിദ്യാർത്ഥികളേ അല്ലാതിരുന്നിട്ടും ഞങ്ങൾ പലരും കാക്കക്കുയിലുകളായി താമസിച്ചിരുന്നത്. പുതുതായി ചാർജെടുത്ത ക്രൂരനായ ഒരു വാർഡൻകാക്ക ഞങ്ങളെയൊക്കെ നിഷ്‌ക്കരുണം കൊത്തിയോടിച്ചു. അങ്ങനെ എത്തിപ്പെട്ടതാണ് ബാബുവേട്ടന്റെ കൂട്ടിൽ. എസ്.എഫ്.ഐ യുടെ അഖിലേന്ത്യാ ജോ.സെക്രട്ടറിയൊക്കെയായിരുന്നു. മണിക് സർക്കാരൊക്കെ അന്ന് ഒപ്പം കമ്മറ്റിയിലുണ്ടായിരുന്നു. സർക്കാർ സർവീസിൽ പാലവും പുലിമുട്ടും പണിയുന്ന എഞ്ചിനീയറായിരുന്നു കുറച്ചു കാലം. അവിടന്ന് പിരിച്ചുവിടും മുമ്പ് പ്രവാസ ജീവിതത്തിലേക്ക്. അവിടെ ബിസിനസ് പങ്കാളിയായ അറബിയുടെ ചതിയിൽ മതനിന്ദ ആരോപിക്കപ്പെട്ട് തടങ്കൽ പാളയത്തിൽ നരക ജീവിതം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം രവീന്ദ്രന്റെ "ഇനിയും മരിക്കാത്ത നമ്മളുടെ' നിർമാതാവായി മറ്റൊരവതാരം. കേരളത്തിലെ ആദ്യത്തെ ഓഫ്‌സെറ്റ് പ്രസ് തുടങ്ങി. കടം കേറി പാപ്പരനായി. ബാറ് തുടങ്ങി. ബാബു ഭരദ്വാജ് കള്ളുകട തുടങ്ങിയാൽ നമ്മൾ കുടിക്കാൻ പോയില്ലെങ്കിൽ മോശമല്ലേ എന്ന് കേരളത്തിലെ ബുദ്ധിജീവികൾ ഒന്നടക്കം തീരുമാനിച്ച് അതും പൂട്ടിച്ചു കൊടുത്തു. കുറേക്കാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ "പ്രബലിത കോൺക്രീറ്റിന്റെ സംവേദനക്ഷമത' പോലുള്ള പുസ്തകമെഴുതി ജന്മം കളഞ്ഞു. പിന്നെ കവിതയും കഥയും നോവലും ആയി കതിർക്കനമുള്ള പലതും എഴുതി. കലാപങ്ങൾക്കൊരു ഗൃഹപാഠത്തിന് കേരളസാഹിത്യ അക്കാദമി നോവൽ പുരസ്‌കാരം നല്കി.

മാധ്യമം ആഴ്ചപ്പതിപ്പിൽ ബാബുവേട്ടൻ പ്രവാസിയുടെ കുറിപ്പുകൾ എഴുതുന്ന കാലമായിരുന്നു അത്. ജിദ്ദയിലെ ഇടുങ്ങിയ തെരുവിൽ അതിനെക്കാൾ ഇടുങ്ങിയ ഫ്ളാറ്റിൽ അഭയാർത്ഥികളെ തീറ്റിപ്പോറ്റിയ കുശിനിക്കാരനെപ്പറ്റിപ്പറയുമ്പോൾ സൈബീരിയയിലേക്ക് തിരിച്ചു പറക്കാത്ത ദേശാടനക്കിളികളെക്കുറിച്ചും ജന്മനാട്ടിലേക്ക് തിരിച്ചു പറക്കാത്ത മനുഷ്യരെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. കഴുകാതെ ഉണങ്ങിപ്പോയ പിഞ്ഞാണപ്പാത്രങ്ങൾക്കിടയിൽ അയാൾ ഒരു പത്രക്കടലാസു പോലും വിരിക്കാതെ കൂർക്കം വലിച്ചു കിടന്നു. പിറ്റേന്ന് രാവിലെ ഞാൻ പതിവുപോലെ അഞ്ചു മണിക്ക് മൂത്രമൊഴിച്ച് കിടക്കാനായെഴുന്നേറ്റപ്പോൾ കുളിച്ച് പ്രസാദവാനായി മുറ്റത്തുലാത്തുന്നുണ്ട് എഴുത്തുകാരൻ. എഴുതി പൂർത്തിയാക്കിയ അതിദേശാടനമെന്ന കുറിപ്പ് മേശപ്പുറത്ത്.

അധികാരത്തിന്റെ പുതിയ പുതിയ വാഹനങ്ങളിൽ കയറിപ്പോകുന്നവർക്ക് മുമ്പിലൂടെ മീൻ തീറ്റയുടെ പ്രത്യയശാസ്ത്രവിവക്ഷകൾ ചർച്ച ചെയ്തു കൊണ്ട് നർക്കിലക്കാട്ടിലെയോ മലാപ്പറമ്പിലെയോ ചിന്താവളപ്പിന്റെയോ വളവ് തിരിഞ്ഞ് അയാൾ ഇപ്പോൾ നടന്ന് പോയതേ ഉള്ളു. "എവിടെ എത്തേണ്ട ആളായിരുന്നു' എന്ന് സീറ്റിൽ ചാരിയിരുന്ന് സഹതപിക്കുക മാത്രം ചെയ്യരുത്.
"എന്താണ് വിഷമം പിടിച്ച ആലോചന' മുത്തു പിള്ള ചോദിച്ചു.
‘‘കുറുക്കന്റെ വായിലെ മീൻ മുള്ളെടുക്കാൻ തൊണ്ടക്കുഴിയിലേക്ക് കഴുത്തു നീട്ടവേ അടച്ച വായിൽ പെട്ട് ചത്തുപോയ വെള്ള കൊക്കിന്റെ ഗുണപാഠ കഥ ഓർക്കുകയായിരുന്നു.’’ ഞാൻ പറഞ്ഞു.
"മീനിനെയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ചു മരിച്ചുപോയ അതിദേശാടകനായ ഒരു ഏട്ടൻ കിളിയെ വെറുതെ ഓർത്തു പോയതാണ്.’ ഞാൻ തിരുത്തി.

പത്ത്​

ലയാളത്തിലെ പക്ഷികളെയൊക്കെ മലയാളം പാഠശാലയിൽ തന്നെ ചേർത്തത് കെ.കെ. നീലകണ്ഠൻ മാഷായിരുന്നു. പേരില്ലാത്ത പല പക്ഷികൾക്കും സ്വന്തമായി പേര് നല്കിയിട്ടുമുണ്ട് അദ്ദേഹം. ഈയൊരു പക്ഷിയിനത്തിനു മാത്രം ഇങ്ങനെയൊരു പേരു നല്കിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രേരണ എന്താകും?
പക്ഷികളുടെ സ്‌ക്കൂളിൽ അഡ്മിഷൻ തുടങ്ങിയ ദിനത്തിന്റെ ശബ്ദകലവികൾ നിറഞ്ഞ ഒരു വിചിത്രസ്വപ്നം ആയിടെ ഞാൻ കാണുകയുണ്ടായി. നീലകണ്ഠൻ മാഷാണ് ഹെഡ് മാഷ്. തടിച്ച അഡ്മിഷൻ രജിസ്ട്രർ തുറന്നു വെച്ചിട്ടുണ്ട് അരികിൽ തന്നെ .. രൂപത്തിൽ അയാളെപ്പോലെ തന്നെയുള്ള മറ്റൊരാൾ ഫോം പൂരിപ്പിക്കാൻ സഹായിക്കുന്നു. നീണ്ട ജുബ്ബയുടെ കീശയിൽ നിന്നും കടലമണികൾ എടുത്ത് അമ്മമാർക്കൊപ്പം വന്ന ചെറു പൈതലുകൾക്ക് നല്കിക്കൊണ്ടിരിക്കയാണ് കാഴ്ചയിൽ മലയാളം മാഷെന്നു തോന്നുന്ന ആജാനുബാഹുവായ ഒരാൾ. നന്നേ കാറ്റു കുറഞ്ഞ ഒരു സൈക്കിൾ കഷ്ടപ്പെട്ട് ചവിട്ടിതള്ളിക്കൊണ്ട് ആ വർഷം പുതുതായി ചേർന്ന യുവാവായ ഒരു അധ്യാപകൻ പക്ഷി രക്ഷകർത്താക്കൾക്കിടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് കടന്നു വരുന്നുമുണ്ട് ഇതിനിടയിൽ. കവി വി.ടി.ജയദേവന്റെ ഛായയായിരുന്നു അയാൾക്ക്. അതിനിടയിൽ സ്വപ്നമങ്ങു മുറിഞ്ഞ് പോയി. നന്നേ പുലർച്ചയിൽ കണ്ട ആ സ്വപ്ന ദൃശ്യത്തെ പിന്തുടർന്ന നിദ്രയുടെയും ജാഗ്രതയുടെയും ഇടയിൽ ഉണ്ടായ പലവിധ ആലോചനക്കിടയിൽ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുള്ള യഥാർത്ഥ അധ്യാപകരിൽ ചിലർ മനസിലെത്തി.

നാരായണ ഗുരുകുലത്തിൽ ഗാന്ധി നട്ട മാവ്

മാങ്ങാച്ചെന പൊള്ളി മൂക്കും മേൽച്ചുണ്ടും ഒന്നായിത്തീർന്ന, തവള മൂക്കൻ പക്ഷികളെപ്പോലുള്ള കുട്ടികളെ മട്ടക്കണ കൊണ്ടടിച്ച് സ്‌കുളിലെത്തിച്ച് സർവാധികാര്യക്കാരനായ ഹെഡ്മാസ്റ്ററുടെ മുമ്പിൽ കൊട്ടമ്പാള ഊരി കയ്യിൽ പിടിച്ചു നില്ക്കുന്ന തെരുവൻ മുണ്ടുടുത്ത രക്ഷിതാക്കൾ. അണ്ടിക്കറ പുരണ്ടും കുണ്ടി കീറിയും ധരിക്കുന്ന ""ശരീരത്തോട് ആവുംവിധം ഐക്യദാർഢ്യം പ്രകടിപ്പിച്ചു വന്ന ട്രൗസറുകൾ മറ്റുള്ളവർ കാണാതിരിക്കാൻ ചുമരോട് ചേർന്ന് പതുങ്ങി നില്ക്കുന്ന കുഞ്ഞുങ്ങൾ. തടിയൻ രജിസ്ട്രറിൽ അച്ഛനമ്മമാരുടെ പേരൊഴികെ മറ്റെല്ലാം നിരൂപിച്ചെഴുതുന്ന ഭാസുരപ്പൊതുവാൾ മാഷ്. മാഷ് കനിഞ്ഞു നല്കിയ ജന്മദിനത്തിന്റെ ഫലത്തിലാണ് ഞങ്ങളിൽ പലരും നേരത്തെ അടുത്തൂൺ പറ്റുകയും FB ഓർമിപ്പിച്ചു കൊണ്ടിരുന്ന സമാനരായ നൂറുകണക്കിന് ജന്മദിനക്കാർക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടും സ്വയം ആശംസിതനായും അരനൂറ്റാണ്ടു മുമ്പുള്ള വർഷങ്ങളിൽ മെയ് 31 എന്ന അത്ഭുത ദിനത്തിൽ മാത്രം ആകാശത്തുയർന്നിരിക്കാവുന്ന ദിവ്യതാരകങ്ങളുടെ എണ്ണപ്പെരുപ്പം മനസിൽകണ്ട് മിഴിച്ചു നില്ക്കുകയും ആലിലമേൽ ശയിക്കുന്ന ഉണ്ണിയേശുവായി വീണ്ടും പുനർജന്മം നേടുമെന്ന് സ്വപ്നം കാണുകയും ചെയ്തു കൊണ്ട് കാലയാപനം ചെയ്യുന്നത്.

ആനന്ദതീർത്ഥൻ പുലയക്കുട്ടികളെ ശർമയെന്നും ഷേണായിയെന്നും ജാതിപ്പേര് ചേർത്ത് വിളിച്ചു ജാതിയെ കലക്കി കളയാൻ നോക്കി. അയ്യങ്കാളിയാൽ പഞ്ചമിയെയെന്നപോലെ അവർ സ്വാമിയുടെ കൈ പിടിച്ച് നടന്ന് മിഷ്യനുസ്‌കൂളിലും പയ്യന്നൂർ ഹൈസ്‌കൂളിലും പഠിച്ചു.

പൊതുവാൾ മാഷ് നിരൂപിച്ച് നല്കിയ വി.വി, സി.പി, സി തുടങ്ങിയ ഇനീഷ്യലുകൾ വണ്ണാൻ വളപ്പ്, ചക്കിട്ട പറമ്പ്, ചെരുപ്പുകുത്തി എന്നൊക്കെയാണ് അബ്രിവേറ്റ് ചെയ്യേണ്ടത് എന്നും, മണലുകൂട്ടി നുളളിയുണ്ടാക്കിയ നഖപ്പാടിനൊപ്പം തങ്ങളിൽ ചാപ്പ കുത്തിയത് മറ്റൊരു ചൂരൽപ്പാടായിരുന്നുവെന്നും പിൽക്കാലത്ത് ആ കുട്ടികൾക്ക് തിരിച്ചറിയാറായപ്പോഴേക്കും ഭാസുരൻ മാഷെ പുനർജന്മദിനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാവുകയും മറ്റൊരു കാലത്ത് മറ്റൊരു ദേശത്ത് മറ്റൊരു പേരിൽ അദ്ദേഹം ഭൂജാതനായി മാറുകയും ചെയ്തു കഴിഞ്ഞിരുന്നു.

മുത്തു എന്ന പേരുമായി നില്ക്കുന്ന ഒരു കുട്ടിയെ ഭാസുരപ്പൊതുവാൾ മാഷ് ഒരിക്കലും മുത്തുപ്പിള്ളയായി രജിസ്ട്രറ്റിൽ ചേർക്കില്ല. ചിറക്കലെ സീതാദേവിത്തമ്പുരാട്ടിക്ക് പാട്ടം കൊടുക്കുന്ന ഏതെങ്കിലും കാരാളന്റെ മകനായിരുന്നെങ്കിൽ മുക്തേശ്വരൻ പിള്ളയെന്നു പരിഷ്‌ക്കരിക്കുകയും ചെയ്യുമായിരുന്നു.
കൊറഗൻ മുത്തുവിനെയും മുക്തേശ്വരൻ പിള്ളയാക്കിയിരുന്ന ഒരു വലിയ മാഷുണ്ടായിരുന്നു ഭാസുരപ്പൊതുവാൾ മാഷുടെ അയൽവക്കത്ത്.
അനന്ത ഷേണായി .
ആനന്ദ തീർത്ഥൻ.
നാരായണ ഗുരുവിന്റെ അവസാന നേർശിഷ്യൻ .

ആനന്ദ തീർത്ഥൻ

വേങ്ങയിൽ നായനാരുടെ ഗുണ്ടകൾക്കൊപ്പം കാവുപരിസരത്തെ പെണ്ണുങ്ങളും ആബാലവൃദ്ധം ആണുങ്ങളും ചേർന്ന് കണ്ടോത്ത് ക്ഷേത്രപരിസരത്ത് എ.കെ. ഗോപാലനെ ഉലക്ക കൊണ്ടടിച്ച് മരണപ്രായനാക്കിയപ്പോഴാണ് അനന്ത ഷേണായി ആദ്യമായി പയ്യന്നൂരിലെത്തുന്നത്. പിൽക്കാലത്ത് വടക്കൻ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായറിയപ്പെട്ടുവെങ്കിലും യാഥാസ്ഥിതിക കേരളത്തിന്റെ നടുമുറിയായിരുന്നു അന്നത്തെ പയ്യന്നൂർ. 1930ൽ ഉപ്പുസത്യഗ്രഹകാലത്ത് സവർണ ഹിന്ദുക്കളുടെ വാസസ്ഥലത്തു കൂടി പോകേണ്ടിയിരുന്ന ഒരു കോൺഗ്രസ് ജാഥയിൽ ഹരിജനങ്ങൾ ഉണ്ടാകമെന്നതിനാൽ ജാഥ തന്നെ അപ്പാടെ ഉപേക്ഷിച്ച സാംസ്‌കാരിക പ്രതിബദ്ധതയേ അന്നത്തെ പയ്യന്നൂരിനുണ്ടായിരുന്നുള്ളൂ. ആ പാരമ്പര്യമായിരുന്നു ഭാസുരപ്പൊതുവാൾ മാഷിൽ നാം ദർശിച്ചത്. തന്റെ കർമഭൂമി ഇത് തന്നെയായിരിക്കണമെന്ന് ആനന്ദ തീർത്ഥൻ തീരുമാനിക്കുകയും പയ്യന്നൂർ അമ്പലത്തിന്റെ സമീപത്ത് ശ്രീനാരായണ വിദ്യാലയമെന്ന ഗുരുകുലം സ്ഥാപിക്കയും ചെയ്തു1931ൽ.

പയ്യന്നൂർ മൂരിക്കൊവ്വലിലേക്ക് ആശ്രമം പറിച്ചു നട്ടപ്പോൾ അന്തേവാസികളുടെ എണ്ണം കൂടി.
ആനന്ദതീർത്ഥൻ പുലയക്കുട്ടികളെ ശർമയെന്നും ഷേണായിയെന്നും ജാതിപ്പേര് ചേർത്ത് വിളിച്ചു ജാതിയെ കലക്കി കളയാൻ നോക്കി. അയ്യങ്കാളിയാൽ പഞ്ചമിയെയെന്നപോലെ അവർ സ്വാമിയുടെ കൈ പിടിച്ച് നടന്ന് മിഷ്യനുസ്‌കൂളിലും പയ്യന്നൂർ ഹൈസ്‌കൂളിലും പഠിച്ചു. ചിലരൊക്കെ ഉന്നതോദ്യോഗസ്ഥരായി. ആശ്രമത്തിൽ വേലായുധശർമയായി വളർന്ന് മാഷായ മാട്ടൂലിലെ വേലുവിന്റെ മകൾ മാധവിശർമ റെയിൽവേയിലെ വലിയ ഉദ്യോഗസ്ഥയായി. മകൻ രാജേന്ദ്ര ശർമ ശബരിമലയിലെ മേൽശാന്തിയായില്ല. എരിപുരം ജങ്ഷനിൽ ചുമട്ടുകാരുടെ യൂനിഫോമിൽ ഇടയ്ക്ക് കണ്ടിട്ടുണ്ട് അയാളെ.

കൗമാരത്തിന്റെയും യൗവനത്തിന്റെയും പാലത്തിനടിയിൽ ജൈവികമായ സഹജവാസനയാൽ അവൻ ചെയ്ത, ചെറു പിഴവ് ഗുരുതരമായ മാർഗഭ്രംശമായിക്കണ്ട് ജോലി ചെയ്തിരുന്ന സഹകരണ സ്ഥാപനത്തിൽ നിന്നും അവനെ പിരിച്ചുവിട്ടു. അന്ന് കുനിഞ്ഞു പോയ അവന്റെ ശിരസ് പിന്നീട് നിവർന്നില്ല

ചത്ത പശുക്കളെ കൊണ്ടുപോയി തോലുരിഞ്ഞെടുക്കുകയും അവ സംസ്‌ക്കരിച്ച് തോൽച്ചെരുപ്പാക്കുകയും കുമ്മായം നീറ്റിയെടുത്ത് വില്ക്കുകയും ചെയ്യുന്ന ഒരു ഗോത്ര വിഭാഗം താമസിക്കുന്നുണ്ടായിരുന്നു തീയത്തിമാളികക്കുന്നിലെ പുറമ്പോക്ക് ഭൂമിയിൽ എന്റെ കുട്ടിക്കാലത്ത്. കുന്നിറങ്ങി വരുന്ന ദാമോദരൻ ചെറിയ ക്ലാസിൽ എന്റെ സീനിയറായിരുന്നു. മൂന്നാം ക്ലാസിൽ അവൻ തോറ്റും ഞാൻ ജയിച്ചും ഒപ്പമൊപ്പമായി. പിണ്ടയടിയന്തിരമോ വെറ്റിലക്കെട്ടോ നടക്കുന്ന വീടുകളുടെ വേലിയിറമ്പിൽ ആളൊഴിയുന്നതും നോക്കി അവൻ അമ്മയ്‌ക്കൊപ്പം വന്നു നില്കുന്നതു കണ്ടിട്ടുണ്ട്.

മൂന്നാം ക്ലാസിനു ശേഷം അവൻ പഠിച്ചത് ശ്രീനാരായണഗുരുകുലത്തിൽ താമസിച്ചാണ്. പ്രീ ഡിഗ്രിക്കാലത്ത് ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. കഥകളെഴുതുകയും പ്രസംഗം പറയുകയും നാടകം കളിക്കുകയും ചെയ്തു കൊണ്ട് അവൻ നാടിന്റെ ഭാഗമായി. ഗ്രാമീണവായനശാലയുടെ സെക്രട്ടറിയായി. മനോഹരമായ കയ്പടയുടെയും ചിത്രം വരക്കാനുള്ള ശേഷിയുടെയും കാര്യത്തിൽ ദേശത്തെ ആസ്ഥാനചിത്രകാരനായ ബാലചന്ദ്രന് ഒത്ത എതിരാളിയായി.

കയ്യെഴുത്തു മാസികയുടെ എഴുത്ത് വെച്ചു താമസിപ്പിച്ച ബാന്ദ്രനോട് "ആ മാറ്ററിങ്ങ് താ, ദാമോരനോട് പറയാം' എന്ന് പറഞ്ഞാൽ പിന്നെ അവന്റെ ഹനുമദ് വീര്യമുണരും. ബാന്ദ്രനോ സി ഡി ചെറുവയൽ എന്ന ദാമോദരനോ മാറി മാറി വരച്ച കവർച്ചിത്രങ്ങൾ കൊണ്ട് ഞങ്ങളുടെ സാംസ്‌ക്കാരിക വേദി പതിനാല് കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ചു.

"നിലാവ് പെയ്യുന്ന മഞ്ഞുകാലങ്ങളിൽ പയ്യാനമണ്ഡലികൾ മണ്ണുതിന്ന് മയങ്ങുന്ന ചെറുവയലിലെ പൂട്ടിയിട്ട കണ്ടത്തിൽ കവിതയും നാടകവും ചർച്ച ചെയ്ത് ഞങ്ങൾ പാതിരാപ്പാലകളായി. കൗമാരത്തിന്റെയും യൗവനത്തിന്റെയും പാലത്തിനടിയിൽ ജൈവികമായ സഹജവാസനയാൽ അവൻ ചെയ്ത, ചെറു പിഴവ് ഗുരുതരമായ മാർഗഭ്രംശമായിക്കണ്ട് ജോലി ചെയ്തിരുന്ന സഹകരണ സ്ഥാപനത്തിൽ നിന്നും അവനെ പിരിച്ചുവിട്ടു. അന്ന് കുനിഞ്ഞു പോയ അവന്റെ ശിരസ് പിന്നീട് നിവർന്നില്ല'
വർഷങ്ങൾക്ക് ശേഷം പൊട്ടിയ ബാഗിന്റെ സിബ് നന്നാക്കാൻ തെക്കെ ബസാറിലെ പ്രസിദ്ധമായ ലെതർക്കടയിൽ ചെന്നപ്പോൾ സി ഡിയെ കണ്ടു. കുനിഞ്ഞിരുന്ന് സൂചിയിലേക്ക് കറുത്ത ചരട് കോർക്കാൻ പണിപ്പെടുന്ന വിറക്കുന്ന കൈകളുമായി ഒരു അകാലവൃദ്ധനായി.

സ്വാമി ആനന്ദ തീർത്ഥൻ ഉപയോഗിച്ച മുറി

സന്മാർഗവും കുമാർഗവും ഹിതവും അവിഹിതവും നിറഞ്ഞ ഗ്രാമീണ സാംസ്‌കാരിക നാടക വേദിയിൽ പിന്നീട് പല കത്തിവേഷങ്ങളും കൊടി കൊണ്ടും പണം കൊണ്ടും നാണം മറച്ച് കടന്നു പോയി.
സി.ഡി. ചെറുവയൽ മാത്രം മുഖമുയർത്തിയില്ല
ഉയരാത്ത ആ ശിരസിന്റെ പേരാണ് ജാതി!

പതിനൊന്ന്​

കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ
ചരിത്രങ്ങൾ എന്ന് പാടിയ ഒരു കവിയില്ലേ നിങ്ങൾക്ക്.?
പൊയ്കയിൽ യോഹന്നാൻ.. വായനശാലയിലെ ക്വിസ് മത്സരത്തിന് ഉത്തരം പറഞ്ഞ പഴയ ഉത്സാഹിയായ സ്‌കൂൾ കുട്ടിയായി ഞാൻ. “ ഇതാണ് യഥാർത്ഥ സാർവദേശീയ തൊഴിലാളി ഗാനം..''

ഏത് ചരിത്രഗാഥയുടെയും അടിയടരിൽ ഉണ്ടാകും അതിലൊന്നും പേരില്ലാത്ത ഇത്തരം ആളുകൾ. അതെന്റെയും ജീവിത ഗാഥയാണ്. ഞങ്ങളിന്ന് പേറുന്ന മുത്തു പിള്ള എന്ന ഈ നാമഭാരത്തിൽ മുത്തുവും പിള്ളയുമല്ലാതെ എവിടെയാണ് ഞങ്ങളുടെ പക്ഷിസ്വത്വം.

‘മുത്തു പിള്ള’ - എങ്ങനെയാണീ അസാധാരണമായ നാമം കൈവന്നത്? രണ്ടു മൂന്ന് ദിവസമായി ചോദിക്കാൻ വിചാരിക്കുകയായിരുന്നു.'
"നല്ല പ്രിവിലേജ് ഉള്ള പേര്. അല്ലേ, നിങ്ങൾക്കാണെങ്കിൽ.'
നിങ്ങളുടെ സൗകര്യത്തിനായി നിങ്ങൾ വിളിക്കുന്ന പേരുകളോട് ഞങ്ങൾക്ക് പ്രത്യേക മമതയൊന്നുമില്ല. മുത്തുപിള്ളയെന്ന പേര് ഞാനംഗീകരിക്കുന്നതു തന്നെ ഒരു സംസാരത്തിൽ ചൂണ്ടിപ്പറയാൻ ഒരു സംജ്ഞാനാമം ആവശ്യമാണ് എന്നതുകൊണ്ട് മാത്രമാണ്. നിങ്ങളുടെയീ കുഴപ്പം പിടിച്ച നാമപദ്ധതിക്ക് തന്നെ ഒരു സ്ഥിരതയുമില്ലല്ലോ. ജന്തുശാസ്ത്രജ്ഞന്മാരാൽ അവരുടെ മേലധികാരിയുടെയോ ഭരണാധികാരിയുടെയോ മക്കളുടെയോ കാമുകിയുടെയോ വളർത്തു പട്ടിയുടെയോ പേരുകൾ ഞങ്ങളിൽ പലർക്കും ചാർത്തിക്കിട്ടിയിട്ടുണ്ട്. "മസ്‌കിക്കാപ്പ മുത്തൂയ് 'എന്ന ജന്തുശാസ്ത്രനാമത്തിലും മുത്തു പിള്ള എന്ന നാട്ടു പേരിലും തീർച്ചയായും കൗതുകകരമായ കാര്യങ്ങളുണ്ട്.

മുടിയഴിച്ച തെയ്യത്തിൽ നിന്നും മുക്തനായി അണിയറയിലേക്കു തിരിച്ചു പോകുന്ന കോലക്കാരനെപ്പോലെ മനുഷ്യൻ നല്കിയ വിവിധങ്ങളായ നാമപഞ്ജരങ്ങളിൽ നിന്നും വിടുതൽ നേടിയ ഉള്ളിലെ പച്ചയായ പക്ഷിജന്മത്തെ നഗ്‌നമായി നിർത്തുന്ന മറ്റൊരു പേര് ഒരു പാടാഗ്രഹിക്കുന്നുണ്ട് ഞങ്ങൾ.

എന്റെ നാമരഹസ്യമറിയുക കൂടിയാണ് നിങ്ങളുടെ ഈ ചുറ്റിക്കളിയുടെ പിന്നിലെന്ന് അറിയാതെയല്ല. അത് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്കും നിങ്ങളെ പിന്തുടരുന്ന ചങ്ങാതിമാർക്കും അവരവരുടെ ഇതര പരിപാടികളിലേക്ക് മടങ്ങാം. അപരിചിതമായ ഒരു നാട്ടിൽ കൂട്ടിന് വിശ്വസ്തനായ ഒരാളുണ്ടാകുന്നത് ഒരു സന്തോഷമല്ലേ. അത് ഒരു പ്രകൃതി സ്‌നേഹിയായാൽ പ്രത്യേകിച്ച്. അതുകൊണ്ട് കഥ ഞാൻ പെട്ടെന്ന് പറഞ്ഞ് തീർക്കുന്നില്ല. ക്ഷമയോടെ എന്നെ പിന്തുടരുക. “നാളെ ഒരാളെ കാണാൻ പോകുന്നു. എന്റൊപ്പം വരുന്നോ”. മുത്തു പിള്ള ചോദിച്ചു.
മരണം തന്നെ വിളിച്ചാലും കുടെയിറങ്ങി പോകുന്നത്ര മുഷിഞ്ഞിരിക്കുന്നവന് ഒരു യാത്രാക്ഷണം വലിയ സന്തോഷമാണ് നല്കുക. ""തീർച്ചയായും ''
"എങ്കിൽ നമ്മൾ നാളെ മാണിക്കമ്മയെ കാണാൻ പോകുന്നു. ഇടയിലക്കാട്ടിലേക്ക്.'
മുപ്പത് വർഷമായി ഞാൻ ഇടയ്‌ക്കൊക്കെ ഇടയിലക്കാട് പോകാറുണ്ട്.

ഒന്നുരണ്ട് പതിറ്റാണ്ട് മുമ്പ് ഒരിക്കൽ ഒരു സായാഹ്നത്തിൽ കാവിലെത്തിയപ്പോൾ മാണിക്കമ്മ വലിയൊരു അലുമിനിയം ഉരുളിയിൽ ചോറുമായി കാവിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വന്ന് പപ്പീ എന്ന് നീട്ടി വിളിക്കുകയായിരുന്നു. അന്നാണ് മാണിക്കമ്മയെ ആദ്യം കണ്ടത്.

മാണിക്കമ്മയെയും അവരുടെ അമ്മ ചിരിയമ്മയെയും എനിക്ക് നല്ല പരിചയവുമുണ്ട്. അരനൂറ്റാണ്ടു മുമ്പ് തൊട്ടെ ചിരിയമ്മ ഇടയിലക്കാട്ടിലെ കുരങ്ങുകൾക്ക് ഉപ്പിടാത്ത ഉണക്കലരിച്ചോറും പഴങ്ങളും നല്കി വരുന്നുണ്ട്. നാട്ടുകാർ ആവും വിധം അവരെ സഹായിക്കുന്നുമുണ്ട്. അവർക്ക് വയ്യാതായപ്പോൾ മകൾ മാണിക്കം ദൗത്യമേറ്റെടുത്തു. ഹിമാലയപ്രാന്തത്തിൽ നിന്നും വരുന്ന ഈ കുഞ്ഞു പക്ഷിയും മാണിക്കമ്മയും തമ്മിലെന്ത്? കാരുണ്യത്തിന്റെ എന്തോ ഒരു നൂൽ ബന്ധം ഉണ്ടായിരിക്കണം ഇവർ തമ്മിൽ.

ഹിമാലയപ്രാന്തത്തിൽ നിന്നും വരുന്ന ഈ കുഞ്ഞു പക്ഷിയും മാണിക്കമ്മയും തമ്മിലെന്ത്? കാരുണ്യത്തിന്റെ എന്തോ ഒരു നൂൽ ബന്ധം ഉണ്ടായിരിക്കണം ഇവർ തമ്മിൽ.

കവ്വായിക്കായലിലെ മുന്നൂറേക്കറോളം വരുന്ന ഒരു തുരുത്താണ് ഇടയിലക്കാട്. മുഴുവൻ കാടായ അവിടെ ഒരു നൂറ്റാണ്ടു മുമ്പ് മാത്രമാണ് ജനവാസമാരംഭിച്ചത്. ആരിയർ നാട്ടിൽ നിന്നും മരക്കലമേറി വന്ന അസറാളെന്റയും ആയറ്റി ഭഗവതിയുടെയും ആരൂഢമായ ഒരു വലിയ കാവുണ്ട് ഇപ്പോഴും അവിടെ. കാവിൽ ഒരു പറ്റം കുരങ്ങുകൾ ജീവിക്കുന്നുണ്ട്. ഏതോ കാലത്ത് കവ്വായിപ്പുഴയിലുണ്ടായ പ്രളയം ഒഴുക്കി അടുപ്പിച്ചതാകാം അവയെ. വേനലിൽ ഇലിപ്പയും പനച്ചിക്കായയും കൊരണ്ടിപ്പഴവും അവയുടെ വയറ് നിറച്ചു. മഴക്കാലത്ത് ഞാവലും കുറുംകനിയും. കാടില്ലാതായതോടെ ഭക്ഷണം കിട്ടാതെ അവ നാട്ടിലിറങ്ങി കുറേശ്ശ ശല്യമായിത്തുടങ്ങിയപ്പോഴാണ് ചിരിയമ്മയും മകളും അവയ്ക്ക് ചോറു നല്കിത്തുടങ്ങിയത്. ഇടയിലക്കാട്ടിലെ കുരങ്ങുകളും കുരങ്ങൂട്ടും വാർത്തയായി. കാസർഗോട്ടെ പ്രധാന ടൂറിസം ആകർഷണമായി ഇടയിലക്കാട് തുരുത്തും കാവും മാറി. തോണിയിൽ മാത്രം എത്താവുന്ന ഇടത്തേക്ക് പാലവും ബണ്ടും റോഡും വന്നു. പുറത്തു നിന്നും ആളുകൾ കാവരികിൽ സ്ഥലമെടുത്ത് വീട് പണിതു. ചിലപ്പോഴെങ്കിലും കാവിറങ്ങുന്ന കുരങ്ങുകൾ വന്തവാസികൾക്ക് ശല്യമായി തോന്നി. തദ്ദേശവാസികളറിയാതെ അവർ ഇളനീരിൽ വിഷം വെച്ച് കുറേ എണ്ണത്തെ കൊന്നൊടുക്കി.

വറുത്തതും പൊരിച്ചതുമൊക്കെ ടൂറിസ്റ്റുകളാരെങ്കിലും കുരങ്ങിന് നല്കിയാൽ മാണിക്കമ്മയുടെ തനി സ്വരൂപം അവർ കാണും. പഴമോ കൈതച്ചക്കയോ കൊണ്ടുവരുന്നവരോട് കുരങ്ങനുഭവങ്ങൾ പങ്കിടും. വനംവകുപ്പിൽ പരാതി കൊടുത്ത് കുരങ്ങിന് ആഹാരം കൊടുക്കുന്നത് പുതിയ അയൽക്കാർ നിർത്തിക്കുകയും ചെയ്തു. മാണിക്കമ്മയോട് ചോറ് കൊടുക്കരുത് എന്നു പറയാനുള്ള ഉശിര് വനം വകുപ്പുദ്യോഗസ്ഥർക്കുമുണ്ടായില്ല.

ഒന്നുരണ്ട് പതിറ്റാണ്ട് മുമ്പ് ഒരിക്കൽ ഒരു സായാഹ്നത്തിൽ കാവിലെത്തിയപ്പോൾ മാണിക്കമ്മ വലിയൊരു അലുമിനിയം ഉരുളിയിൽ ചോറുമായി കാവിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വന്ന് പപ്പീ എന്ന് നീട്ടി വിളിക്കുകയായിരുന്നു. അന്നാണ് മാണിക്കമ്മയെ ആദ്യം കണ്ടത്. കുരങ്ങുകളുടെ തലപ്പെണ്ണ് ആദ്യം രുചിനോക്കി. പിന്നെ മറ്റുള്ളവക്ക് അനുവാദം കൊടുത്തു. കൂട്ടത്തിൽ നിന്ന് മാറി നടന്ന് കുഞ്ഞ് നമ്പോലമ്മാർക്ക് കിട്ടുന്ന ആഹാരം തട്ടിയെടുക്കുന്ന വിരുതനെ വഴക്ക് പറഞ്ഞോടിച്ച ശേഷം പേടിച്ച് ഒതുങ്ങിനില്ക്കുന്ന കുട്ടിക്കുരങ്ങനെ അടുത്ത് വിളിച്ച് സ്വന്തം കുഞ്ഞിനെന്ന പോലെ അവർ ചോറ് വാരിക്കൊടുത്ത കാഴ്ച ഇപ്പോഴും ഓർമയിലുണ്ട്.

"ഈട കൊട്ടനിണ്ടായിറ്റേ ഇല്ല, ഇത്രം വരേം. ഏട്‌ന്നോ വന്നതാ ഇവൻ. കമലയാറ്റം കൊണ്ടന്ന് ഇട്ടതാകും. കുരങ്ങൂട്ടിനിടയിൽ ഒരുരുള ചോറ് ഒരു അണ്ണാൻ കുഞ്ഞിന് മാറ്റി വെച്ച് കൊടുത്ത് മാണിക്കേട്ടി പറഞ്ഞു.

കമല ഏതെങ്കിലും കുസൃതി പെണ്ണാകുമെന്നാണ് ഞാൻ കരുതിയത്. അപ്പോൾ പടിഞ്ഞാറെ ആകാശത്ത് നിന്ന് "ങ്വാക്, ങ്വാക് ' എന്ന് അനുനാസികം മുഴങ്ങി. വെളുത്ത അടിവയറും കറുത്ത കരയിട്ട ചിറകുമായി വായുവിൽ നിന്തി ഒരു കൂറ്റൻപരുന്ത് ഉയരമുള്ള നായുരിപ്പ് മരത്തിൽ ചെന്നിരുന്നു. അതിന്റെ കാൽ നഖത്തിൽ ഒരു കടൽപ്പാമ്പ് കോർന്ന് ചുറ്റിയിരുന്നു.

വെള്ള വയറൻ കടൽപ്പരുന്ത് എന്ന് ഞങ്ങൾ വിളിക്കുന്ന കടൽപ്പക്ഷിയാണ് മാണിക്കേട്ടിയുടെ കമല. കയറ്റം / ഉയരം എന്നൊക്കെയാണ് ഈ വടക്കൻ വാക്കിന് അർത്ഥമെന്ന് ഗുണ്ടർട്ട് നിഘണ്ടു നോക്കി പിന്നീട് ഞാൻ കണ്ടെത്തിയിരുന്നു. അമ്പതടിയെങ്കിലും ഉയരത്തിലേ കമലപ്പരുന്ത് കൂടുകെട്ടൂ. അതും തീരത്തോടടുത്ത്. ഇക്കാലത്ത് കാവിലല്ലാതെ എവിടെയാണ് അത്തരം മരങ്ങളുണ്ടാവുക. ജാഫർ പാലോട്ടിന്റെ ഗവേഷണ വിഷയം വെള്ളവയറന്റെ ആവാസത്തെപ്പറ്റിയായിരുന്നു. 1995 കാലത്ത് വെള്ളവയറന്റെ പതിനഞ്ചോളം കൂടുമരങ്ങൾ ഞങ്ങൾ നടന്ന് കണ്ടെത്തി. അതിൽ പതിനൊന്ന് എണ്ണവും കാവുകളിലായിരുന്നു.

ഇടയിലക്കാട് കാവ്. കവ്വായിക്കായലിലെ മുന്നൂറേക്കറോളം വരുന്ന ഒരു തുരുത്താണ് ഇടയിലക്കാട്. മുഴുവൻ കാടായ അവിടെ ഒരു നൂറ്റാണ്ടു മുമ്പ് മാത്രമാണ് ജനവാസമാരംഭിച്ചത്.

‘‘ഇന്നോള് നേരത്തെ വന്നിനി... കുഞ്ഞൻ ഉള്ളതുകൊണ്ടാകും ’’
വളക്കൂട്ടയുടെ വീതിയുള്ളതും കൂറ്റൻ മരച്ചുള്ളികൾ കൊണ്ട് പണിതതുമായ കമലക്കൂട്ടിൽ ഒരു മടലോല അതുപോലെ മടക്കിച്ചുരുട്ടി വെച്ചിരുന്നു. ഏതോ കാവുപറമ്പിലെ ഉത്സവപന്തലിൽ നിന്നും തെറ്റിയെടുത്തതാവണം. ചുവന്ന വിതാനക്കടലാസിന്റെ ഒരു ചെറുകഷണം അതിൽ ഒട്ടിപ്പിടിച്ചിരുന്നു. ഒരു മീൻവലക്കഷണവും കാണാനായി. കൂടു മരത്തിനു കീഴിൽ മീനുകളുടെ ചെതുമ്പലുകളും കടൽപാമ്പിന്റെ അരഞ്ഞാണം പോലുള്ള അസ്ഥികളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കാൽ നഖത്തിലിറുക്കിയ പാമ്പിന് അപ്പോഴും ജീവനുണ്ടായിരുന്നു. പരുന്തിന്റെ കൂർത്ത നഖങ്ങൾ ഒന്നുകൂടി മുറുകി. നോക്കി നിൽക്കെ അത് പിടച്ചിൽ നിർത്തി. ഒരു അമൃത വള്ളി പോലെ അതിന്റെ വാലറ്റം മരത്തിൽ ഞാന്നു കിടന്നു. കുടൽ ഭാഗത്തു നിന്നും ഏതോ ആന്തരഭാഗം ശ്രദ്ധയോടെ കൊത്തിപ്പിളർന്നെടുത്ത് കമലപ്പരുന്ത് കൂട്ടിലേക്ക് തലനീട്ടി. താഴെ നിന്ന് കൂടിനുള്ള് കാണാനാവുന്നില്ല.

എല്ലാ വർഷവും ഒരു കുഞ്ഞെങ്കിലും അതിജീവിച്ചിരുന്നുവെങ്കിൽ ഇടയിലക്കാട്ടിൽ നിന്നു മാത്രം പത്ത് കൊല്ലം കൊണ്ട് പത്ത് പക്ഷികൾ വിരിഞ്ഞിറങ്ങി മറ്റേതെങ്കിലും തീരദേശപ്പച്ചയിൽ പുതു ജീവിതം തുടങ്ങുമായിരുന്നു

"രണ്ട് കുഞ്ഞള് ഇണ്ടായ്ര്ന്നു. ഒന്ന് താഴെ വീണു കയിഞ്ഞായ്ച ചത്തു.
കൂടിനുള്ളം ഹൃദിസ്ഥമാക്കിയ മാണിക്കേട്ടി പറഞ്ഞു. പക്ഷിക്കൂടിന്റെയും അക്ഷഹൃദയമറിയുന്ന നാട്ടു മനുഷ്യത്തി! കഴിഞ്ഞ മൂന്നു കൊല്ലമായി കമലപ്പരുന്ത് ഇട്ടു വരുന്ന മുട്ടകൾ വിരിയാറില്ലെന്നും ആഹാരത്തിലൂടെ മുട്ടയിൽ സാന്ദ്രീകരിച്ച

വേണുമാഷ്

കീടനാശിനികളാകാം കാരണമെന്നും ജാഫർ പറഞ്ഞതോർത്തു. എല്ലാ വർഷവും ഒരു കുഞ്ഞെങ്കിലും അതിജീവിച്ചിരുന്നുവെങ്കിൽ ഇടയിലക്കാട്ടിൽ നിന്നു മാത്രം പത്ത് കൊല്ലം കൊണ്ട് പത്ത് പക്ഷികൾ വിരിഞ്ഞിറങ്ങി മറ്റേതെങ്കിലും തീരദേശപ്പച്ചയിൽ പുതു ജീവിതം തുടങ്ങുമായിരുന്നു. എന്നാൽ ആറേഴു കൊല്ലം മുമ്പ് വനപാലകനായി വന്ന ജോജു സാർ പ്രത്യേക താത്പര്യത്തിൽ നടത്തിയ സർവെയനുസരിച്ച് കേരളത്തിൽ ഇരുപത്തി മൂന്ന് ജോഡി കമലപ്പക്ഷികൾ മാത്രമാണുള്ളത്. അതും മാഹിയ്ക്ക് വടക്കുമാത്രം! ആൾപ്പെരുമാറ്റം വല്ലാതെ കൂടിയപ്പോൾ കമലപ്പരുന്ത് ഇടയിലക്കാട് വിട്ടു. രണ്ട് കിലോമീറ്റർ കിഴക്ക് ഉദിനൂർ കൂലോത്തെ ഒരു ചവോക്ക് മരത്തിൽ വേറെ വഴിയില്ലാത്തതിനാൽ കൂടു വെച്ചു തുടങ്ങിയ കാര്യം കാട്ടിലെ ചങ്ങാതി വേണു മാഷ് ഈയിടെ അറിയിച്ചിരുന്നു.

രണ്ട് മൂന്നു കൊല്ലം മുമ്പ് വാങ്ങിയ ഒരു ഇലക്ടിക് ബൈക്കാണ് അത്യാവശ്യം യാത്രക്ക് ഞാനുപയോഗിക്കുന്നത്. നന്നായി ചാർജ് ചെയ്താൽ ഒരമ്പത് കിലോമീറ്റർ വരെ ഓടും. ചില കുറുക്കുവഴിയിലൂടെ പോയാൽ പത്ത് കിലോമീറ്ററേ കാട്ടിലേക്ക് ദുരമുള്ളൂ. മുത്തുപിള്ളക്ക് ഒരഞ്ചു മിനുട്ട് പറക്കാനുള്ള ദൂരമേ ഉള്ളൂ. പക്ഷിയും മനുഷ്യനും ഒന്നിച്ചു സഞ്ചരിക്കുന്നതിലേ ഔചിത്യക്കുറവോർത്ത് ഞാൻ നേരത്തെ പുറപ്പെട്ടു. കാവിനു മുന്നിലെ അനന്തശായിയായ മധൂകമരത്തിനടുത്തായി കണ്ടു മുട്ടാം എന്നായിരുന്നു ഞങ്ങളുണ്ടാക്കിയ ധാരണ. എടാം മുടുക്കുകളിലൂടെ എന്റെ വണ്ടി ഓടിയെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു.

ഇടയിലക്കാട് കാവിലെ ഇലിപ്പമരം

ഇടയിലക്കാട്ടിലേക്കുള്ള പ്രവേശനകവാടമായ വെള്ളാപ്പ് കടവിലെ ബണ്ടിനടുത്ത് എത്തിയപ്പോൾ പൊലീസ് വാഹനവും ആംബുലൻസും കുറേ ആളുകളും കൂടി നില്ക്കുന്നുണ്ട്. ജില്ലാ അതിർത്തിയിലെ പാലങ്ങളിൽ കോവിഡ് തുടക്കത്തിൽ ഇത്തരത്തിലുള്ള പരിശോധനകൾ നടക്കുന്നതു കണ്ടിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ വന്ന വലിയൊരു ഓഫീസർ കവ്വായിക്കായലിലൂടെ ഹൗസ്‌ബോട്ട് യാത്ര ചെയ്യുന്നതിന്റെ പുകിലാണ്. ഏതായാലും ആ പേരിൽ റോഡിൽ പൊലീസുകാർ തടസമൊന്നും ഉണ്ടാക്കിയില്ല. വണ്ടി കാവിൽ നിന്നും കുറച്ച് മാറി ഒരു വീടിനു പിറകിൽ കൊണ്ടു വെച്ചു ഇലിപ്പ മരത്തിനടുത്തേക്ക് പതുക്കെ നടന്നു. റോഡരികിൽ പാർക്കു ചെയ്താൽ കുരങ്ങുകൾ കണ്ണാടി നോക്കും... സീറ്റു പൊക്കി അതിനകത്തെ സാനിറ്റൈസർ കൊണ്ട് ആറാട്ടുത്സവം നടത്തും.

വൈകിപ്പുറപ്പെട്ടിട്ടും നേരത്തെ എത്തി എന്നെ തോല്പിച്ച സന്തോഷത്തിൽ മുത്തുപിള്ള ഇലിപ്പ മരക്കൊമ്പിൽ നിന്നും ഒന്ന് ഉയർന്നു പൊങ്ങി പൂർവ്വസ്ഥിതിയിലായി. നൂറ്റമ്പത് വർഷത്തിനു ശേഷം സസ്യ ശാസ്ത്രജ്ഞന്മാർ വീണ്ടും മംഗലാപുരത്തിനടുത്ത് കണ്ടെത്തിയ മധുക ഇൻസിഗ്‌നൈ എന്ന പ്രത്യേക മഹ്വായിനത്തിൽ പെട്ട മരമായിരുന്നു അത്. പിഴുതു വീണിട്ടും നിലം പറ്റിക്കിടന്ന് അതിജീവനം നേടിയ ആ മരം കാൽ നൂറ്റാണ്ടെങ്കിലുമായിക്കാണും ഇതേ അവസ്ഥയിൽ.

ചത്ത കുരങ്ങുകൾക്കിടയിൽ നിന്ന് മരണത്തെപ്പറ്റിയല്ലാതെ പല നാട്ടുകാര്യങ്ങളും പലരും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവയ്ക്കിടയിലാണ് അലമുറയിട്ട് കരയുന്ന ഒരു മനുഷ്യ സ്ത്രീയെ കാണുന്നത്.

തീരെ അപരിചിതത്വമില്ലാതെയാണ് കാവിൽ മുത്തുപിള്ള പെരുമാറിയിരുന്നത് എന്നതിൽ എനിക്ക് അത്ഭുതം തോന്നി. ഞാനത് അവളോട് പറയുകയും ചെയ്തു.
"ദേശാടനത്തിന്റെ ആദ്യ വർഷം ഞാൻ എത്തിച്ചേർന്നത് ഇവിടെയാണെന്ന് പറഞ്ഞിരുന്നല്ലോ. വന്നു ചേർന്ന ദിവസം തന്നെ ദയനീയമായ ഒരു കാഴ്ചയാണ് കാണാനിടയായത്. കാവിലെ കുളത്തിനരികിൽ ചത്തുമലർന്ന് കിടക്കുന്ന കുറേ കുരങ്ങുകൾ. ആണ്ടാണ്ടു പോകുന്ന ജീവനെ തിരിച്ചുപിടിക്കാൻ ജലം കൊണ്ടൊരു വൃഥാ ശ്രമം നടത്തിയതിന്റെ ലക്ഷണമുണ്ടായിരുന്നു ചൂരൽപ്പൊന്തകൾക്കുള്ളിൽ മറഞ്ഞു കിടന്ന ആ കുണ്ടുകുളത്തിന്റെ ചെളിയടിഞ്ഞ തീരത്ത്. മുങ്ങി മരിച്ചത് പോലെ വീർത്ത് കിടക്കുന്ന ഒരു പെൺകുരങ്ങിന്റെ നെഞ്ചിൽ അപ്പോഴും പറ്റിക്കിടക്കുന്ന പിറന്ന് ഒരാഴ്ച പിന്നിട്ടിട്ടില്ലാത്ത അല്പജീവനായ ഒരു കുഞ്ഞ്... ചത്ത കുരങ്ങുകൾക്കിടയിൽ നിന്ന് മരണത്തെപ്പറ്റിയല്ലാതെ പല നാട്ടുകാര്യങ്ങളും പലരും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവയ്ക്കിടയിലാണ് അലമുറയിട്ട് കരയുന്ന ഒരു മനുഷ്യ സ്ത്രീയെ കാണുന്നത്. അവർ മാണിക്കമാണെന്നും കുരങ്ങുകൾ അവർക്ക് മക്കളെപ്പോലെയാണെന്നും അക്കര നിന്നു വന്നവരോട് നാട്ടുകാരിലൊരാൾ പറയുന്നത് വ്യക്തമായി കേട്ടു. തുരുത്തിൽ വരാൻ പോകുന്ന ആയിരം കോടിയുടെ പുതിയ ടൂറിസം പ്രൊജക്ടിനെക്കുറിച്ചും അയാൾ ഉത്സാഹത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് വൈകിട്ട് പതിവുപോലെ മാണിക്കമ്മ ചോറുമായെത്തി. കുരങ്ങുകളുടെ ഡൈനിങ്ങ് ഹാളായ ഇലിപ്പ മരത്തിനു മുകളിലായി ചോറ്റുപാത്രം വെച്ചു.

അലുമിനിയം ഉരുളിയിൽ ചോറുമായി കാവിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വന്ന് പപ്പീ എന്ന് നീട്ടി വിളിക്കുകയായിരുന്നു. അന്നാണ് മാണിക്കമ്മയെ ആദ്യം കണ്ടത്. കുരങ്ങുകളുടെ തലപ്പെണ്ണ് ആദ്യം രുചിനോക്കി. പിന്നെ മറ്റുള്ളവക്ക് അനുവാദം കൊടുത്തു.

തലയന്നാളത്തെ അനുഭവം എന്നിൽ അജ്ഞാതനായ ആ വിഷം വെപ്പുകാരനോട് വെറുപ്പും മറ്റുള്ളവർക്കായി സങ്കടപ്പെടുന്ന ഇവരോട് പക്ഷി സഹജമല്ലാത്ത ഒരു അടുപ്പവും അങ്കുരിപ്പിച്ചിരുന്നു. തളിർത്തു തുടങ്ങിയ ഒരു ഇലിപ്പക്കൊമ്പിൽ മറഞ്ഞിരിക്കുകയായിരുന്നു ഞാൻ. എന്റെ ചെമ്പൻ ഉദരത്തിനു ചേർന്ന ഇലച്ചാർത്തായിരുന്നതിനാൽ പെട്ടെന്നാരും കണ്ടുപിടിക്കില്ല എന്നു കരുതിയതായിരുന്നു. എന്നാൽ ഇലകൾക്കിടയിലെ എന്റെ ഒളിച്ചിരിപ്പ് മാണിക്കമ്മയുടെ കണ്ണുകൾക്കു മുന്നിൽ വെറുതെയായി.
ചിരപരിചിതയായ ഒരാളോടെന്നവണ്ണം അവർ സംസാരിച്ചു തുടങ്ങി."നീ എപ്പം വന്നിനി കുഞ്ഞീ... കയ്ഞ്ഞ കൊല്ലം നിന്നെ കണ്ടതേ ഇല്ലല്ലോ. ഞാൻ വിചാരിച്ചു നീയെനി വര്‌വേ ഇല്ലെന്ന് .'
പിന്നെ കണ്ണിനു മേലെ കൈപ്പത്തി പിടിച്ച് ഒന്നുകൂടി സൂക്ഷിച്ചു നോക്കി."ഓ ഇത് വേറെ കുഞ്ഞിപ്പക്ഷിയാന്നല്ലോ.. ' ഞാൻ വിചാരിച്ചു.....' മാണിക്കമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
എനിക്കും മുമ്പെ ജന്മനിയോഗവുമായി എന്നെപ്പോലൊരു പക്ഷിജന്മം ഈ പച്ചത്തുരുത്തിൽ മറ്റൊരു കാലത്ത് മറ്റേതോ ദേശത്തു നിന്ന് പതിവായി എത്തിച്ചേർന്നിരുന്നു. പിന്നെപ്പോഴോ എന്തുകൊണ്ടൊ ആ വരവ് നിലച്ചിരിക്കണം. ഒരു മലമ്പുള്ളിന്റെ കൊക്കിലോ വിനോദ വേട്ടക്കാരന്റെ വെടിച്ചില്ലിലോ ചുഴലിക്കാറ്റിലോ പെട്ട് ഒടുങ്ങിയതാവാം ആ വരവ്. ആ കിളിയുടെ നിയോഗം കൂടു വിട്ട് കൂടുമാറിയ ശരീരമാകുമോ ഈ ഞാൻ? അരുത്. മുത്തുപ്പിള്ളമാർ പുനർജന്മത്തിൽ വിശ്വസിക്കരുത്.
ഈയൊരനുഭവത്തിലൂടെയാണ് അവിടത്തെ എന്റെ ഏകാന്ത ജീവിതം ആരംഭിച്ചത്.

മേലോട്ട് നോക്കിയപ്പോൾ എന്റെ ചോരയുറഞ്ഞുപോയി. മരത്തിൽ കോർത്തു പിടിച്ച നഖങ്ങൾ മാത്രമാണ് ആദ്യം കണ്ടത്. അതിൽ ചോര നനവുണ്ടായിരുന്നു. പിന്നെ ബൃഹദാകാരിയായ ഒരു പക്ഷി രൂപം കറുപ്പിലും വെളുപ്പിലുമായി തെളിഞ്ഞു വന്നു.

പൊതുവെ അധികം ഉയരമില്ലാത്തിടത്താണ് ഞങ്ങൾ ഇര തേടുക എന്നു പറഞ്ഞുവല്ലോ. എന്നാൽ തലയന്നാൾ പെയ്ത പതിവില്ലാത്ത മഴയിൽ അപ്രതീക്ഷിതമായി ഈയൽ ചിതലുകൾ പറന്നു പൊങ്ങിയപ്പോൾ കാടിന്റെ ഉന്നത വിതാനത്തിനും മേലെ പറന്ന് ഞാൻ അവയെ കൊത്തിയെടുത്ത് തുടങ്ങി. തിരിച്ചു പറക്കാൻ വേണ്ട കരുത്ത് നേടാനുള്ള ഞങ്ങളുടെ പരമ്പരാഗത ഭക്ഷണത്തിലൊന്നാണ് ചിറകോടെ കൊത്തി വിഴുങ്ങുന്ന ഈയൽച്ചിതലുകൾ.. ഒരു പാട് കൊത്തിപ്പറന്നപ്പോൾ ഒന്നിരിക്കണമെന്നു തോന്നി. കാവിൽ ഏറ്റവും ഉയർന്നു നിന്ന നായുരിപ്പ് മരത്തിന്റെ നടുനിലയുള്ള ഒരു കമ്പിൽ ഞാൻ പറന്നിരുന്നു.
"ഈയൽ സദ്യ എങ്ങനെയുണ്ടായിരുന്നു.'
അനുനാസികമെങ്കിലും മുഴക്കമുള്ള ശബ്ദത്തിൽ മുകളിലെ കൊമ്പിൽ നിന്നൊരു ചോദ്യം.

കോൺക്രീറ്റ് വീടിനടുത്ത് വയലിന് അരികിൽ ഉള്ളത് 'മുത്തു പിള്ള എത്തിച്ചേർന്ന, എഴുത്തുകാരന്റെ ' ശതാവരി '' എന്ന വീട്ടിലെ പച്ച.

മേലോട്ട് നോക്കിയപ്പോൾ എന്റെ ചോരയുറഞ്ഞുപോയി. മരത്തിൽ കോർത്തു പിടിച്ച നഖങ്ങൾ മാത്രമാണ് ആദ്യം കണ്ടത്. അതിൽ ചോര നനവുണ്ടായിരുന്നു. പിന്നെ ബൃഹദാകാരിയായ ഒരു പക്ഷി രൂപം കറുപ്പിലും വെളുപ്പിലുമായി തെളിഞ്ഞു വന്നു.
"പേടി വേണ്ട.. ഞങ്ങൾ നിന്നെപ്പോലുള്ള ചെറുപ്പക്ഷികളെ തിന്നാറില്ല. അതിഥികളെ പ്രത്യേകിച്ച്. അമ്പതുകാതം ദുരെ പുറംകടലിനു മേലെ പറന്ന് തിരകളിൽ പുളയുന്ന വലകടിയന്മാരെയും മഞ്ഞക്കുറിശ്ശികളെയും റാഞ്ചി എടുക്കുന്ന കടൽ വേട്ടക്കാരാണു ഞങ്ങൾ. കിഴക്ക് ആഴം കുറഞ്ഞ പാറപ്പള്ളങ്ങളിൽ വെള്ളം കുടിക്കാൻ പോകുമ്പോൾ വറ്റിയ കുളങ്ങളിൽ ആരലുകൾ പുളയുന്നതും കാട്ടു വാഴകളിൽ നരിച്ചീറുകൾ തേൻ കുടിക്കുന്നതും കാണുമ്പോൾ ഇടയ്ക്ക് മെനു മാറ്റുമെങ്കിലും പതിനായിരം കാതങ്ങൾ പറന്നെത്തുന്ന നിങ്ങളുടെ അത്യധ്വാനത്തെ നിഷ്ഫലമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. '

കമലയെന്നാണ് പേരെന്നും കാനാക്കൻ, വെള്ളവയറൻ, മരീത്തലച്ചി എന്നൊക്കെ വിളിക്കാറുണ്ടെന്നും അവൾ പറഞ്ഞു. പക്ഷിമൃഗാദികളെ മനുഷ്യരിൽ നിന്നും സംരക്ഷിക്കാൻ മനുഷ്യർ തന്നെയുണ്ടാക്കിയ നിയമത്തിന്റെ ഒന്നാം പട്ടികയിലാണെന്നും വലിയ താത്പര്യമാണ് തന്റെ കാര്യത്തിൽ പലരും കാട്ടുന്നതെന്നും അമ്പത് വർഷത്തോളമായി ഇതേ മരത്തിൽ തന്നെ താൻ കൂട് വെക്കാൻ തുടങ്ങിയിട്ടെന്നും അവൾ പറഞ്ഞു. സഞ്ചാരികൾ കൂടുന്നതും വലിയ മരങ്ങൾ പട്ടു പോയതും കാരണം പുതിയൊരു താവളമന്വേഷിക്കുകയാണെയാണെന്നും അവൾ അറിയിച്ചു.

മീനമാസത്തിലെ പുരോത്സവം വടക്കൻ കേരളത്തിലെ ഭഗവതിക്കാവുകളിലെ പ്രധാന ഉത്സവമാണ്. പ്രത്യേകിച്ച് മരക്കലത്തിൽ കയറി സമുദ്രം താണ്ടിയെത്തിയ പൂമാല, ആയറ്റി ഭഗവതി, ആര്യക്കര ഭഗവതി തുടങ്ങിയ ദേവതമാരുടെ കാവുകളിൽ. മീനക്കാർത്തിക തൊട്ട് പൂരം വരെ വീടുകളിൽ കന്യാകാവുകൾ കാമദേവപൂജ നടത്തുകയും കാവുകളിൽ വിവിധ നിറങ്ങളിൽ പൂരക്കളിപ്പാട്ടുകൾ പാടിക്കൊണ്ട് തണ്ടുറച്ച പുരുഷന്മാർ ചുവടു വെക്കുകയും ചെയ്യും.
“നാട്ടിലെ വസന്തോത്സവ സ്മൃതികളുടെ പോഞ്ഞാറുണ്ടാക്കുന്ന ഓർമകളാണ് എനിക്ക് പൂരക്കാലം നല്കിയിരുന്നത്. തിരിച്ചു പോകാനുള്ള ജൈവികമായ ഉൾവിളികൾ എന്നിൽ കലശലായി കൊണ്ടിരിക്കെ മാണിക്കമ്മ പറഞ്ഞു.
"എല്ലാരും കാവ് വിടുകയാണ് .. കമല ഇനി ഇങ്ങോട്ടില്ലെന്നു പറഞ്ഞ് ഉദിനൂർ ഭാഗത്തേക്ക് പറന്നു പോയി. പക്ഷികൾക്കും കുരങ്ങിനും മനുഷ്യനു തന്നെയും താമസിക്കാൻ കൊള്ളാതായിത്തുടങ്ങി ഈ നാട് .
കുഞ്ഞീ... അടുത്ത കൊല്ലം നീയിങ്ങോട്ട് വരണ്ട.
നേരെ കിഴക്ക് പോയാൽ പച്ചപ്പുകളുള്ള ഏതെങ്കിലും വീട്ടുവളപ്പുകളുണ്ടാവും. ചെറുപാത്രങ്ങളിൽ കുടിവെള്ളം വെച്ച് പക്ഷികളെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുള്ള ഏതെങ്കിലും വീട്ടുവളപ്പിലേക്ക് പോയ്‌ക്കൊള്ളുക '
നിന്നെപ്പോലൊരു കുഞ്ഞു പക്ഷി കയ്ഞ്ഞ കൊല്ലം ഈട വന്നിനി. അക്കൊല്ലം കോയമ്പത്തൂരിന്നോ മറ്റോ കുറേ വല്യ പഠിപ്പുള്ളവര് വണ്ടീം വലയുമായി വന്നിരുന്നു. ഒരു പ്രഫസറും കുറേ പിള്ളരും. കടപ്പുറത്തുന്നും കാട്ടിനുള്ളിൽ നിന്നും

നിള

അവർ ഓരോ പക്ഷിയെയും ഒരു പ്രത്യേകം കെണി കൊണ്ട് പിടിക്കും' . കൂട്ടത്തിലൊരു പെണ്ണ് അയ്റ്റിങ്ങളെ കാലില് മോതിരം പോലത്തെ ഒരു സാധനം ഇട്ടു കൊടുക്കും. മൊബൈല് പോലത്തെ പെട്ടീല് എന്തെല്ലോ ഞെക്കൂം പിടിക്കും ചെയ്ത് അയ്‌ന പിന്നെ ആ കണ്ടമാലെരെ മോതിരോം കൊണ്ടന്നെ പറത്തി വിടും. ആ കുഞ്ഞിവാല്യക്കാരന്റെ കാലില് കുണുക്കിട്ടപ്പോ അയ്‌നി പറക്കാൻ തന്നെ പറ്റാണ്ടായി ..... അത് തിരിച്ചയിന്റെ നാട്ടിലെത്യോമ്മാപ്പ '

ഞാൻ ആദ്യമായി കാവിലെത്തിയപ്പോൾ എന്നോട് മാണിക്കമ്മ പ്രത്യേകം സ്‌നേഹവും പരിഗണനയും കാട്ടിയത് ആ മുൻഗാമിയെ കരുതിയുണ്ടായ സ്‌നേഹവും ആകാംക്ഷയും കൊണ്ടു കൂടിയാണ് എന്ന് എനിക്ക് മനസിലായതപ്പോഴാണ്. മുത്തു പിള്ള സംസാരം നിർത്തി.

ഇടയിലക്കാട്ടെ വീടുകൾക്കൊന്നും മതിലോ വേലിയോ കയ്യാലയോ ഇല്ല. നടന്നേടമെല്ലാം വഴി തന്നെ. പൂത്തു കൊഴിഞ്ഞിരുന്ന കാട്ടുളളികളുടെ പതുപതുത്ത ഇലകൾക്കിടയിലൂടെ ഞാൻ നടന്നു. ഞാൻ കാട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വേണു മാഷ് ബൈക്കിലെത്തി. മാണിക്കമ്മയുടെ വീട്ടിലേക്കുള്ള വളവിൽ വെള്ളെരിക്കുകൾ കൂട്ടമായി വളർന്നു നിന്ന ഒരു മൺ തിണ്ടിനടുത്തെത്തിയപ്പോൾ ഒരു ബൈക്ക് പിറകിൽ വന്നു നിന്നു. ഞാൻ വരുമ്പോൾ ബണ്ടിനരികിൽ കുറേ കുട്ടികൾ ഹൗസ് ബോട്ടിൽ വരുന്ന നാവികസേനക്കാരനെ കാത്ത് മൊബൈൽ ഫോണുമായി നില്ക്കുന്നുണ്ടായിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളവരാണ് ദ്വീപിലെ കുട്ടികളിൽ പലരും. അക്കൂട്ടത്തിൽ മാഷുടെ മോൾ നിളയുമുണ്ടായിരിക്കണം. അവൾ വിളിച്ചറിയിച്ചാകണം മാഷ് വിവരമറിഞ്ഞത്. സാധാരണ കാവിൽ എത്തുമ്പോൾ കാട്ടിലെ ചങ്ങാതിമാരെ ആരെയെങ്കിലും അറിയിക്കാറുണ്ട്. അപ്രതീക്ഷിതമായ ഈ വരവ് ഒരു പക്ഷിക്ക് ചങ്ങാത്തമായാണ് എന്നതിനാൽ ആരോടും പറഞ്ഞില്ല.

“മാണിക്കമ്മ വല്ലാതെ അവശയായിട്ടുണ്ട്. ഒരു സ്‌ട്രോക്ക് വന്ന് വലതു കൈ തളർന്നു .. കുരങ്ങുകൾക്ക് ചോറ് കൊടുക്കലൊക്കെ നിന്നു പോയി. ഒന്നു പോയി കാണണ്ടെ''
ഞാനിറങ്ങിയത് അങ്ങോട്ടാണെന്നും എന്റെ കൂടെ മറ്റൊരാൾ കൂടിയുണ്ടെന്നും ഞാൻ പറഞ്ഞില്ല.
വേണു മാഷ് വണ്ടിയിൽ നിന്നിറങ്ങി കൂടെ വന്നു.

നിളയും കൂട്ടുകാരും

ഇറയത്ത് തന്നെ ഒരു കസേരയിലിരിക്കുകയാണ് മാണിക്കമ്മ. കാവിൽ പണ്ടേ വരുന്ന ആളാണ് എന്ന് മാഷ് പരിചയപ്പെടുത്തി. പക്ഷെ എന്നെ വലിയ ഓർമയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അടുത്ത പരിചയക്കാരനോടെന്ന പോലെ അവർ പറഞ്ഞു. "കണ്ടില്ലേ എന്റെ സ്ഥിതി.. ഈ കൈ കൊണ്ട് മിണ്ടാപ്രാണികൾക്ക് ഞാനെത്ര ചോറ് വാരിക്കൊടുത്തതാണ്... വാക്കുകൾ അവർക്ക് തൊണ്ടയിൽ കുരുങ്ങി. മാണിക്കമ്മയുടെ ഒരു ചിത്രം എടുത്തു വെക്കാമെന്നു കരുതി ഞാൻ ക്യാമറ പുറത്തെടുത്തു. ആ കണ്ണുകളിൽ നിന്ന് നനവ് ഊറി വരുന്നത് ഞാൻ വ്യൂ ഫൈൻഡറിലൂടെ കണ്ടു.

പെട്ടെന്ന് ആ കണ്ണുകളിൽ വാത്സല്യവും അത്ഭുതവും പിടയുന്നതും നോട്ടം എന്റെ തലയ്ക്കു മേലെക്കുടെ ആലയരികിലെ മുരിങ്ങാക്കൊമ്പിലേക്ക് നീളുന്നതായും എനിക്ക് മനസിലായി. പുറം തിരിഞ്ഞ് മുത്തുപിള്ളയോട് കണ്ണു കാണിച്ച് ഞാൻ തിരിഞ്ഞു നടന്നു. രണ്ടു പക്ഷികൾ സംസാരിക്കേണ്ടിടത്ത് മനുഷ്യനെന്തു കാര്യം...
യാത്ര പോലും പറയാതെ ഞാനിറങ്ങിയതിൽ വേണു മാഷ്‌ക്ക് എന്തോ പന്തികേട് തോന്നിയിരിക്കണം.

പന്ത്രണ്ട്​

ല്ലത് ചെയ്യുന്നവർക്ക് നല്ലത് തന്നെ തിരിച്ചുകിട്ടുമെന്നത് ഒരു വിശ്വാസം മാത്രമാണ്. മാണിക്കമ്മയുടെ അവസ്ഥ മനസിൽ വെച്ച് ഞാൻ പറഞ്ഞു.
""താൻ ചെയ്യുന്ന പ്രവൃത്തിക്ക് ഉചിതമായ പ്രതിഫലം നല്കാൻ വിധിയെ മുൻകൂട്ടി ചുമതലപ്പെടുത്തിയൊന്നുമല്ല ആരും നന്മ ചെയ്യാനിറങ്ങുന്നത്. മുത്തുപിള്ള വിയോജിച്ചു.

മാണിക്കമ്മ

"നല്ല പ്രവൃത്തികൾക്ക് നല്ലതുമാത്രം ഭവിക്കും എന്ന വിശ്വാസമാണ് സൽവൃത്തികളുടെ പ്രചോദനം. ഇഹത്തിലോ പരത്തിലോ കിട്ടുന്ന ഗുണമുള്ള പ്രതിഫലത്തിനാണ് മനുഷ്യൻ സൽപ്രവൃത്തി ചെയ്യുന്നത്. നല്ലത് ചെയ്താൽ നല്ലത് തിരികെ കിട്ടും എന്ന വിശ്വാസമില്ലെങ്കിൽ ലോകഗതി എത്രമാത്രം കുത്തഴിഞ്ഞു പോകുമായിരുന്നു.' ഞാൻ പ്രതിരോധിച്ചു.

"വെള്ളത്തിൽ വീണ ആളുകളെ രക്ഷിക്കാൻ കുത്തൊഴുക്കിലേക്കു ചാടി ജീവൻ നഷ്ടപ്പെടുത്തുന്ന പലരെയും ഞാനെന്റെ യാത്രക്കിടയിൽ കണ്ടിട്ടുണ്ട്. തന്റെ പ്രവൃത്തിയിലെ നന്മയുടെ അംശവും അതിന് കിട്ടുന്ന പലിശയും കൂട്ടിക്കിഴിക്കാനുള്ള സാവകാശമൊന്നും എടുത്തുചാട്ടക്കാരനില്ല. തന്നിലും ശക്തമായ ഒന്നിന് വഴിയൊരുക്കാൻ വേണ്ടി താൻ ബലിയായേക്കാം എന്ന വിചാരം പോലും അന്നേരം അവനിലില്ല. തികച്ചും ജന്തുസഹജമായ ഒരു വികാരമാണത്. അതു മനുഷ്യസഹജമാകുമ്പോഴാണ് എടുത്തു ചാട്ടങ്ങൾ മോശമായി മാറുന്നത്. എടുത്തു ചാടാൻ ആളുണ്ടായതു കൊണ്ടും കൂടിയല്ലേ നിങ്ങളുടെ ചരിത്രത്തിന് കുതിച്ചു ചാടാനായത്?'

പക്ഷികളെ ശാസ്ത്രീയമായി വിവരിക്കാൻ അന്നും ഇന്നും ചെയ്യുന്നത് വെടിവെച്ചിട്ട് മാംസവും പണ്ടവും നീക്കി കഴുകി ഉണക്കിയ തൊലിക്കുള്ളിൽ പഞ്ഞി വെച്ചു തുന്നിക്കുട്ടിയ ഒരു സ്‌പെസിമനെ മാതൃകയാക്കലാണ്.

"നന്മമരങ്ങൾ വളർന്നു പൊങ്ങി സ്വയം കെട്ടുകാഴ്ചയാവുന്ന കാലത്ത് വിത്തുകളായിത്തന്നെ ചില നാട്ടുനന്മകൾ മണ്ണിൻ കിടക്കണം എന്നത് പ്രതീക്ഷാനിർഭരമായ ആഗ്രഹമല്ലേ. സ്വയം എഴുന്നേറ്റ് നിന്ന് എന്റെ ഒച്ച വേറിട്ടു കേൾക്കൂ എന്നു പറയാത്ത മാണിക്കമ്മയെപ്പോലുള്ള ചില ചെറുജീവിതങ്ങളല്ലേ ഭൂമിയെ ഇപ്പോഴും വാസയോഗ്യമാക്കി നിർത്തുന്നത് ? '
എന്റെ നിരീക്ഷണം അംഗീകരിച്ച് മുത്തുപിള്ള പറഞ്ഞു തുടങ്ങി:
"ചരിത്രത്തിലൊന്നും പേരില്ലാത്തവരുടെ ത്യാഗങ്ങൾ കൊണ്ടല്ലേ നിങ്ങളുടെ ശാസ്ത്രവും ചരിത്രവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ എന്റെ പേരിന്റെ ചരിത്രം ഞാൻ പറയാം. ത്യാഗനിർഭരമായ രണ്ടു ജീവിതങ്ങളുടെ കഥ കൂടിയാണത്. ഒന്നൊരു അടിമപ്പെൺകുട്ടിയുടെ. മറ്റേത് ശാസ്ത്രരേഖയിലേക്ക് മസ്‌കികാപ്പ മുത്തൂയ് മുത്തൂയ് എന്ന നാമത്തെ അടയാളപ്പെടുത്താനായി സ്വന്തം ശരീരം വിട്ടു നല്കിയ എന്റെ പ്രപിത പൂർവ്വികനായ ഒരു പക്ഷിയുടെ.'

പക്ഷികളെ ശാസ്ത്രീയമായി വിവരിക്കാൻ അന്നും ഇന്നും ചെയ്യുന്നത് വെടിവെച്ചിട്ട് മാംസവും പണ്ടവും നീക്കി കഴുകി ഉണക്കിയ തൊലിക്കുള്ളിൽ പഞ്ഞി വെച്ചു തുന്നിക്കുട്ടിയ ഒരു സ്‌പെസിമനെ മാതൃകയാക്കലാണ്. ടാക്സിഡേർമിയെന്നത് കൊളോനിയൽ കാലത്ത് വലിയൊരു കലയായി കരുതിയിരുന്നു. മനുഷ്യന്റെ ജീവരേഖയിൽ തന്റെ വംശപരമ്പരയെക്കൂടി ചേർത്ത് വെക്കാനായി പക്ഷികളും ഉരഗങ്ങളും പൂമ്പാറ്റകളും ഉൾപ്പെടുന്ന ജീവകുലങ്ങളിൽ നിന്ന് ഒരായിരം ജീവിതങ്ങൾക്ക് രക്തസാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മുത്തുപിള്ളയ്ക്ക് ശാസ്ത്രീയ നാമം നല്കിയത് ഒന്നോ രണ്ടോ നൂറ്റാണ്ട് മുമ്പ് ഏതോ വെള്ളക്കാരൻ സായ്പ് ആകാനാണ് സാധ്യത. അയാളെക്കുറിച്ചും "ഈശ്വരപൂർണവും മഹത്തരവുമായ ദാനം കൊണ്ട് സർവാശ്ലേഷിയായിത്തീർന്ന’ ആ പൂർവികനെക്കുറിച്ചും എന്തായിരിക്കും മുത്തുപിള്ളക്ക് പറയാനുണ്ടാവുക?

ഞാൻ എന്നത് ഞാൻ മാത്രമല്ല എന്ന് മുത്തുപിള്ള മുമ്പൊരു ദിവസം പറഞ്ഞത് ഒരു മിന്നൽ പോലെ എന്റെ മനസിലേക്കെത്തി. മലയാളത്തിലും ലാറ്റിനിലും ഉള്ള തന്റെ പേരുകളിൽ സന്നിഹിതനായിരിക്കുന്ന മുത്തുവാരാണെന്ന് ത്രികാലജ്ഞാനം നൈസർഗികമായി തന്നെ കൈവന്നിട്ടുള്ള ഈ പക്ഷിക്ക് അറിയാതെ വരില്ല എന്ന് എനിക്ക് തോന്നിയ നിമിഷത്തിൽ തന്നെയാണ് ഞാൻ കാത്തിരുന്ന നാമരഹസ്യം അവൾ വെളിവാക്കിത്തുടങ്ങിയത്.

എഡ്ഗാർ ലിയോ പോൾഡ് ലയാർഡ്

"നൂറ്ററുപത്തഞ്ച് വർഷം മുമ്പ് ശ്രീലങ്കയിൽ വെച്ച് വെടിവെച്ചു കൊല്ലപ്പെട്ട് ശുഷ്‌ക്കരൂപത്തിൽ സൂക്ഷിക്കപ്പെട്ട ഒരു പക്ഷിയുടെ അനുഭവം കൂടി എന്റേതാക്കിയാണ് ഇനി ഞാൻ സംസാരിക്കുക. മനുഷ്യ വ്യവഹാരങ്ങളിൽ ഓരോരോ പേരുകളിൽ, മിക്കവാറും കണ്ടെത്തി പേരു നല്കിയവന്റെ പേരിൽ തന്നെ അറിയപ്പെടാനാണ് ഞങ്ങളുടെ നിയോഗം.

പക്ഷി പുസ്തകങ്ങളിൽ ലയാർഡിന്റെ പാറ്റാപിടിയൻ എന്നാണ് ഞങ്ങൾക്ക് പേര്. 1854ൽ ശ്രീലങ്കയിൽ വെച്ച് എഡ്ഗാർ ലിയോ പോൾഡ് ലയാർഡ് എന്ന ബ്രിട്ടീഷ് പ്രകൃതി സ്‌നേഹിയാണ് ഞങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്. സാലിം അലി ഇന്ത്യയുടെ പക്ഷിപുസ്തകം എഴുതുന്നതിനും ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ആഫ്രിക്കയിലെ പക്ഷികളെക്കുറിച്ച് പുസ്തകമെഴുതിയ ആളാണ് ലയാർഡ്. ലയാർഡിന്റെ ജീവിതം പറയുന്നത് ഞാനല്ല.. ഒന്നര നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന മറ്റൊരു പക്ഷിയുടെ ശബ്ദമാണ് ഇനി നിങ്ങൾ കേൾക്കുക. അതോടൊപ്പം ആഖ്യാനത്തിന്റെ പൂരണത്തിനായി പ്രകൃതി ചരിത്രത്തെ അനാവരണം ചെയ്യുന്ന ഒരു ആഖ്യാതാവിന്റെ വേഷത്തിൽ ചില ചരിത്ര വസ്തുതകളും എനിക്ക് പറയേണ്ടി വരും.

ഇംഗ്ലീഷുകാരനായ ഹെന്റി പീറ്റർ ജോൺ ലയാർഡിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു എഡ്ഗാർ. ഇറ്റലിയിലെ ഫ്‌ലോറൻസിൽ ബർതി കൊട്ടാരത്തിലായിരുന്നു ജനനം. എഡ്ഗാറിന്റെ മൂത്ത ജ്യേഷ്ഠൻ ഓസ്റ്റിൻ തുർക്കിയിലെ അംബാസിഡറായിരുന്നു. എഡ്ഗാറിന്റെ തൊട്ടു മൂത്ത രണ്ടു സഹോദരന്മാർ ചെറുപ്പത്തിലേ മരിച്ചു പോയി. അതുകൊണ്ട് തികച്ചും ഏകാന്തമായ ഒരു ബാല്യമായിരുന്നു അവന്റേത്. ചിപ്പികൾ ശേഖരിച്ചും പൂമ്പാറ്റകളെ പിടിച്ച് മൊട്ടുസൂചി കുത്തി പ്രദർശിപ്പിച്ചും അവൻ തന്റെ ഒറ്റപ്പെടലിനെ മറികടക്കാൻ ശ്രമിച്ചു. പാരമ്പര്യാഭിമാനിയും സാഹിത്യ തത്പരനും ആയ ഒരാളായിരുന്നു അച്ഛൻ ലയാർഡ്. പാറ്റ പിടിച്ചും കക്ക പെറുക്കിയും പക്ഷി മുട്ടകൾ തേടിയും തന്റെ മകൻ അലഞ്ഞു നടക്കുന്നത് പാരമ്പര്യവാദിയായ ആ മനുഷ്യന് തീരെ ഇഷ്ടമായിരുന്നില്ല. എങ്കിലും ആ തന്നിഷ്ടക്കാരൻ കുട്ടി വല്ല അപായത്തിലും ചെന്നു ചാടാതിരിക്കാൻ ഒരു പരിചാരികയെ അയാൾ സദാ ചുമതലപ്പെടുത്തി നിർത്തിയിരുന്നു. വെനീഷ്യൻ വ്യാപാരികളിൽ നിന്നും വാങ്ങിയ മധ്യേഷ്യക്കാരിയായ ഒരു മുസ്‌ലിം
അടിമ യുവതിയായിരുന്നു അവൾ. ഒരു ദിവസം വേലിക്കുരുവിയായ ഡണ്ണോക്കുകളുടെ മുട്ട തേടി നടക്കുകയായിരുന്നു എഡ്ഗാർ ലയാർഡ്. നാട്ടുവേലികളിലാണ് ഇവ കോപ്പക്കൂടുകൾ പണിത് മുട്ടയിടുക. ആകാശനിറമുള്ള മുന്നോ നാലോ പളുങ്കുമണികൾ. ഒരു പുരാതനമായ പുരയിടത്തിന്റെ വെട്ടിയൊതുക്കാത്ത വേലിപ്പത്തലുകളിലായിരുന്നു അന്ന് കുഞ്ഞുലയാർഡിന്റെ കൂടുതപ്പൽ .

ഇത്രയേ ഉള്ളൂ ഒരടിമപ്പെണ്ണിന്റെ ജീവിതം. തന്റെ യജമാനന് വല്ലതും സംഭവിച്ചാൽ പിന്നെ താൻ ഈ ഭൂമിയിലുണ്ടാകില്ല എന്ന തിരിച്ചറിവ് നല്കിയ വിപദി ധൈര്യമായിരിക്കുമോ അടിമപ്പെണ്ണിന്റെ പ്രവൃത്തിയുടെ പിന്നിൽ?

തന്റെ തലയ്ക്കുമുയരത്തിൽ ലോറലുകൾക്കും പോർട്ടിനിയകൾക്കും ഇടയിൽ കഷ്ടിച്ച് എത്തിപ്പിടിക്കാവുന്ന ഒരു കൂട് ലയാർഡ് കണ്ടെത്തി. ഏന്തി വലിഞ്ഞ് കൂട്ടിൽ കയ്യിട്ടതേ ഉള്ളൂ. അലറി വിളിച്ച് അവൻ കൈ പിൻവലിച്ചു. പരിചാരിക ഓടിയെത്തുമ്പോഴേക്കും കൂറ്റനൊരു ആസ്പിക് അണലി തന്റെ കൊച്ചെജമാനന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു. പാതി വിഴുങ്ങിയ മുട്ട ഛർദിച്ച് ഒരാക്രമണത്തിന് തയ്യാറെടുക്കുന്ന പാമ്പിന്റെ കഴുത്തിൽ തന്നെ പിടികൂടി ആ സ്ത്രീ. അവരുടെ ബലിഷ്ഠമായ കൈകളിൽപ്പെട്ട് ശ്വാസം മുട്ടിയ പാമ്പ് കയ്യിലെ ചുറ്റഴിച്ച് കുതറി രക്ഷപ്പെടാൻ നോക്കി. കൈയ്യല്പമയഞ്ഞപ്പോൾ പിടിച്ച കൈയ്യിൽ ആഴത്തിലൊരു കടിയേല്പിച്ച് അത് പൊന്തയിൽ മറഞ്ഞു. അല്പനേരത്തിനുള്ളിൽ രോമകൂപങ്ങളിൽ നിന്നും ചോര കിനിഞ്ഞ് നീലിച്ച ആ ശരീരം നിശ്ചലമായി.

ഇത്രയേ ഉള്ളൂ ഒരടിമപ്പെണ്ണിന്റെ ജീവിതം. തന്റെ യജമാനന് വല്ലതും സംഭവിച്ചാൽ പിന്നെ താൻ ഈ ഭൂമിയിലുണ്ടാകില്ല എന്ന തിരിച്ചറിവ് നല്കിയ വിപദി ധൈര്യമായിരിക്കുമോ അടിമപ്പെണ്ണിന്റെ പ്രവൃത്തിയുടെ പിന്നിൽ? അങ്ങനെ ആകണമെന്നില്ല. കാരണം ആപത്തിൽ പെട്ട സഹജീവിയെ രക്ഷിക്കാൻ തുനിയുമ്പോൾ താൻ ആരെന്നു സ്വയം ഓർമിക്കുകയും തനിക്കതിന് കഴിയുമോ എന്ന് വിലയിരുത്തുകയും ചെയ്യുന്ന പതിവ് മനുഷ്യനിൽ പിന്നീട് വന്നു ചേർന്നതാണ്. പഠിപ്പു കൂടുകയും സ്ഥാനബോധം ബുദ്ധിയെ നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ .

തന്റെ കൺമുന്നിൽ തനിക്കു വേണ്ടി ഒരാൾ പിടഞ്ഞു ചാവുന്ന കാഴ്ച ലയാർഡിന്റെ മനസിൽ എന്തെങ്കിലും ചലനമുണ്ടാക്കിയിരിക്കും എന്ന് തോന്നുന്നുണ്ടോ' മുത്തുപിള്ള ചോദിച്ചു. ജ്ഞാനിയായ ഈ കുഞ്ഞു പക്ഷി ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുമുന്നിൽ വേതാളകഥയിലെ വിക്രമാദിത്യനെപ്പോലെ സദാ യുക്തിഭദ്രമായ മറുപടി പറയേണ്ടതുണ്ട്. അതുകൊണ്ട് ശ്രദ്ധാലുവായ ഒരു മുൻ ബെഞ്ച് വിദ്യാർത്ഥിയെപ്പോലെ ഞാൻ കാതുകുർപ്പിച്ച് നില്ക്കലാണ് പതിവ്. പിൽക്കാലത്ത് ലോകമറിയുന്ന ഒരു പ്രകൃതി ശാസ്ത്രജ്ഞനായി മാറേണ്ട കൊച്ചു ലിയാഡിന് തന്റെ ആയയുടെ മരണത്തിൽ എത്രമാത്രം സങ്കടം തോന്നിയിരിക്കണം എന്ന് പ്രകൃതിവാദികൾ ലോലഹൃദയരാണെന്ന മുൻധാരണയുടെ വെളിച്ചത്തിൽ ഞാൻ നിരൂപിച്ചു. അപ്പോൾ മുത്തുപിള്ള തന്നെ പറഞ്ഞു തുടങ്ങി.
"അത് അങ്ങനെയാകണമെന്നില്ല. കീറിയും മുറിച്ചും പഠിക്കുന്ന യാന്ത്രികവും ഹിംസാഭരിതവുമായ ഒരു പഠന രീതി പലപ്പോഴും കാരുണ്യത്തെ ചോർത്തിക്കളയുന്നു.'

മുത്തുപിള്ള

കരുണയില്ലാത്ത ചികിത്സകരും ഗ്രഹണശേഷിയില്ലാത്ത അധ്യാപകരും കണ്ണിൽച്ചോരയില്ലാത്ത കച്ചവടക്കാരും ഉണ്ടാകുന്നത് കാടുകാണാതെ മരങ്ങൾ മാത്രം കാണുന്ന, സുക്ഷ്മത്തിനപ്പുറം പോകാത്ത ജീവിതപരിശീലനങ്ങൾ കൊണ്ടാണ്.'

"മൃഗങ്ങളെ വേട്ടയാടാൻ സ്ഥാപിച്ച നായാട്ടുവനങ്ങളുടെ സംരക്ഷണത്തിൽ നിന്നാണ് വന സംരക്ഷണം എന്ന ആശയം തന്നെ ഉണ്ടായത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പ്രകൃതി കാരുണ്യവും പരിസ്ഥിതിബോധവുമൊക്കെ അടുത്ത കാലത്ത് മാത്രം രൂപപ്പെട്ടതല്ലേ'. ഞാൻ പറഞ്ഞു.

"പച്ച ജീവനിൽ കത്തിയാഴ്ത്തി എന്താണ് നിങ്ങൾക്ക് പഠിക്കാനുള്ളത്? '
വി.ആർ.സുധീഷിന്റെ വംശാനന്തരതലമുറയിലെ അച്ഛൻ തവളയെ ഞാനോർത്തു. പയ്യന്നൂർ കോളേജിലെ സുവോളജി ലാബിൽ ക്ലോറോഫോം കൊടുത്ത് മയക്കി നെഞ്ചു കുത്തിക്കീറിക്കിടത്തിയ പത്തമ്പതോളം തവളകളുടെ മിടിക്കുന്ന ഹൃദയതാളങ്ങൾ നല്കിയ പാഠത്തിനും കനിവിന്റെ ഉറവ പൊട്ടിയ ഉള്ളിലെ പ്രകൃതി ബോധത്തിനുമിടയിൽ മൗനിയായിപ്പോയ ജോൺസി മാഷെയും എനിക്കോർമ വന്നു. പാറ്റയുടെ ആന്തരാവയവ ദർശന പാഠത്തെ പിൻതുടർന്ന് വരേണ്ട ജന്തുഛേദ പഠനത്തിന്റെ ഭാഗമായി തവളയുടെ കാലുകളിലേക്ക് മൊട്ടുസൂചി തറപ്പിക്കേണ്ടിയിരുന്ന അതേ ദിവസമാണ് എനിക്ക് അധ്യാപക പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട ഉത്തരവ് കിട്ടുകയും തദ്വാരാ പൂവിന്റെ രഹസ്യം പഠിക്കാൻ ആയിരം പൂവിനെ കീറി മുറിക്കുന്ന ഔപചാരികമായ ശാസ്ത്രപഠനം ഞാൻ എന്നന്നേക്കുമായി ഉപേക്ഷിക്കാനിടയാവുകയും ചെയ്തത്.

സംഭവബഹുലമായ ജീവിതത്തിന്റെ ഉത്തരാഖണ്ഡത്തിൽ തെക്കൻ ആഫ്രിക്കയിലെത്തുകയും അവിടത്തെ പക്ഷികളെക്കുറിച്ച് പുസ്തകമെഴുതുകയും ചെയ്ത ലയാർഡ് സങ്കടപ്പെട്ടത് താൻ പണിയെടുക്കുന്നത് ഒരു മ്യൂസിയമില്ലാത്ത നാട്ടിലാണെന്നതിലാണ്. 1855 ൽ ചാൾസ് ഡാർവിന്റെ ആവശ്യപ്രകാരം ശ്രീലങ്കയിൽ നിന്ന് പക്ഷികളുടെയും വീട്ടുമൃഗങ്ങളുടെയുമെല്ലാം സ്‌പെസിമനുകൾ ലയാഡ് അയച്ചു കൊടുത്തിരുന്നു.

"ശാസ്ത്രീയനായ ഒരു പ്രകൃതി ശാസ്ത്രജ്ഞൻ എന്ന് ഞാനവകാശപ്പെടുന്നില്ല. പഠനത്തിനു വേണ്ട പുസ്തകങ്ങൾ വാങ്ങാനുള്ള പണവും എന്റെ കയ്യിലില്ല. മ്യൂസിയമില്ലാത്ത രാജ്യങ്ങളിലായിരുന്നു എന്റെ ജീവിതം' - ജീവിതത്തിന്റെ മങ്ങൂഴനാളുകളിൽ ലയാർഡ് ഇങ്ങനെ കുറിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ട് പുലർന്ന അതേ ദിവസമാണ് ലയാർഡ് അന്തരിച്ചത്.▮

(തുടരും)


ഇ. ഉണ്ണിക്കൃഷ്ണൻ

അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ, കേരളത്തിലെ നാട്ടുവൈദ്യം എന്നിവ കൃതികൾ

Comments