എസ്​.കെ. പൊറ്റെക്കാട്ട്​, സക്കറിയ

പൊറ്റെക്കാട്ട്​, സക്കറിയ:
ആഫ്രിക്കൻ സഞ്ചാരദൂരങ്ങൾ

സക്കറിയ കണ്ട ആഫ്രിക്ക ഏറെ വ്യത്യസ്തതയുള്ള ഒരു വൻകരയാണെന്ന് അദ്ദേഹത്തിന്റെ വിവരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഭിന്ന ചരിത്രസന്ദർഭങ്ങളിലെ സാംസ്​കാരിക കർതൃത്വം ആഫ്രിക്കയെ ഭിന്നമായി കാണാൻ എത്രത്തോളം സക്കറിയയെ പ്രാപ്തനാക്കുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

ഞ്ചാരികൾ അന്യദേശങ്ങളിൽനിന്ന് മടങ്ങിവരുന്നത് കഥകളോടൊപ്പം മറ്റ് പല വിഭവങ്ങളുമായിട്ടാണ് - അന്യദേശങ്ങളെക്കുറിച്ചും അവിടെ ജീവിക്കുന്നവരെപ്പറ്റിയുമുള്ള വാർത്തകൾ, അവരുടെ വ്യത്യസ്തമായ വേഷഭൂഷാദികൾ, ആചാരവിശേഷങ്ങൾ, പെരുമാറ്റരീതികൾ, പുറംകാഴ്ചകൾ, കുടുംബജീവിതചിത്രങ്ങൾ.

ഒരു നല്ല യാത്രാവിവരണം പലപ്പോഴും നോവൽ പോലെ ആയാസരഹിതമായ വായനയ്ക്ക് വഴങ്ങുന്നതാണ്. എന്നാൽ, ഇതൊരു സവിശേഷമായ, സ്വന്തം രീതികളും സമ്പ്രദായങ്ങളുമുള്ള വ്യവസ്ഥാപിത നിയമങ്ങളുള്ള, സാഹിത്യ രൂപമാണെന്ന് നാം മനസ്സിലാക്കാറില്ല. മുഖ്യധാരാ സാഹിത്യരൂപങ്ങൾ എന്നുനാം കരുതുന്ന കവിത, നാടകം, നോവൽ, ചെറുകഥ മുതലായവക്ക് പുറത്തുനിൽക്കുന്ന ആത്മകഥ, ജീവചരിത്രം, പരിഭാഷ, യാത്രാവിവരണം എന്നീ രചനാരൂപങ്ങളും, സാഹിത്യ രൂപങ്ങളാണെന്ന് ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. പരിഭാഷയെന്നത് സവിശേഷ സാഹിത്യ രൂപമാണെന്ന് വാൽട്ടർ ബെഞ്ചമിൻ പറയുന്നുണ്ട്. സംസ്കാര പഠനമേഖലയുടെ വളർച്ചയോടെ ആത്മകഥാപഠനങ്ങൾ വിപുലമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. യാത്രാവിവരണമെന്ന ആഖ്യാനരൂപവും ഇന്ന് സാംസ്​കാരിക പഠനമേഖലയുടെ പ്രത്യേക ശ്രദ്ധക്ക് പാത്രീഭവിച്ചിട്ടുണ്ട്. പല അടരുകളുള്ള പാഠങ്ങളാണ് സഞ്ചാരസാഹിത്യകൃതികളെ വ്യത്യസ്തമാക്കുന്നതെന്ന് ഡോ.എ.കെ. അബ്ദുൾ ഹക്കീം എഴുതിയ ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ എന്ന കൃതി, എസ്.കെ. പൊറ്റെക്കാട്ടിന്റെയും സക്കറിയയുടെയും ആഫ്രിക്കൻ യാത്രകളുടെ ആഖ്യാനങ്ങളുടെ സൂക്ഷ്മമായ ഉപഗ്രഥനങ്ങളിലൂടെ സമർത്ഥിക്കുന്നു.

യാത്രാവിവരണമെന്നത് ആധുനികതയുടെ കയ്യൊപ്പ് പതിഞ്ഞ സാഹിത്യരൂപമാണ്. ആധുനികതാ പൂർവ്വകാലഘട്ടത്തിലെഴുതപ്പെട്ട യാത്രാവിവരണങ്ങളുമായി 18ാം നൂറ്റാണ്ടിനുശേഷം വരുന്ന യാത്രാവിവരണങ്ങൾക്ക് അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. 14ാം നൂറ്റാണ്ടിൽ ഇബ്‌നുബത്തൂത്ത കണ്ട ലോകം വളരെ വ്യത്യസ്തമായിരുന്നു. ഡൽഹിയിൽ ഇബ്‌നുബത്തൂത്ത, മറ്റ് പല ദേശങ്ങളിലെ പണ്ഡിതൻമാർ ഭരണാധികാരികളുടെ അടുത്ത ഉപദേശകരായി ഉയർന്ന പദവികളിലിരിക്കുന്നതായി കാണുന്നുണ്ട്. റോസ്.ഇ. ഡൺ എന്ന ചരിത്രകാരൻ പറയുന്നതുപോലെ, ഇബ്‌നുബത്തൂത്തയുടെ ചിത്രങ്ങളിലൂടെ വെളിപ്പെടുന്ന ഇന്ത്യ ‘കോസ്​മൊപൊളിറ്റൻ' / സാർവലൗകികം എന്ന വിശേഷണമർഹിക്കുന്നുണ്ട്. ഉത്തരകേരളത്തിൽ ആഫ്രിക്കൻ വംശജനായ നിയമജ്ഞന് ഉയർന്ന പദവി വഹിക്കാൻ അക്കാലത്ത് സാദ്ധ്യമായിരുന്നു. ‘തുഹ്ഫത് അൽ മുജാഹിദിൻ' എന്ന ചരിത്രഗ്രന്ഥമെഴുതിയ (എം.ജി.എസ് പറയുന്നപോലെ, കേരളത്തെപ്പറ്റിയുള്ള ആദ്യ ചരിത്രഗ്രന്ഥം) സൈനുദ്ദീൻ മഖ്ദും (1517-1583), പശ്ചിമേഷ്യയിലും ദക്ഷിണേന്ത്യയിലും ഒരേപോലെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും കോളനിവൽക്കരണം തുടങ്ങുന്നതോടെ ആഫ്രിക്കൻ- പശ്ചിമേഷ്യൻ- ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ ജനങ്ങൾ ലോകം കാണുന്ന രീതിയിൽ, തങ്ങളെത്തന്നെ കാണുന്നരീതിയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാവുന്നു. കൊളോണിയൽ ദൃഷ്​ടി ഉൽപ്പാദിപ്പിക്കുന്ന സാംസ്​കാരിക ദൂരങ്ങൾ സഞ്ചാരസാഹിത്യത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നാണ് ഹക്കിം അന്വേഷിക്കുന്നത്.

ഇബ്‌നുബത്തൂത്തയുടെ രേഖാചിത്രം / Illustration: Yahya ibn Mahmud al-Wasiti

പൊറ്റെക്കാട്ടിന്റെയും സക്കറിയയുടെയും സഞ്ചാരങ്ങൾ തമ്മിൽ അരനൂറ്റാണ്ടിന്റെ അകലമുണ്ട്. 1948-49 കാലത്താണ് പൊറ്റെക്കാട്ട് ആഫ്രിക്കയിൽ യാത്ര ചെയ്യുന്നത്. കേരള നവോത്ഥാനത്തിന്റെ ഫലമായി മലയാളി സ്വാംശീകരിക്കുന്ന പ്രബുദ്ധത അവർക്ക്​ സാർവലൗകിക വീക്ഷണവും മാനവീയതയിലുള്ള ഉറച്ച വിശ്വാസവും ഉണർന്നെണീക്കുന്ന ഒരു രാജ്യത്തിലെ ഭാവിപൗരരെന്ന നിലക്കുള്ള ആത്മവിശ്വാസവും നൽകുന്നുണ്ട്. പൊറ്റക്കാട്ടിന്റെ യാത്രകൾക്ക്‌ പ്രേരകമായി വർത്തിക്കുന്നത് ഈ സാമൂഹിക മൂലധനമാണ്. അതേസമയം കോളനിവൽക്കരണത്തിന്റെ ദൂരവ്യാപകഫലം ഏറ്റുവാങ്ങിയ സമൂഹത്തിന്റെ പ്രതിനിധിയാണ് പൊറ്റക്കാട്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ കീഴ്‌പ്പെടുത്തിയത് ഭൗതികശക്തികൾ കൊണ്ടുമാത്രമല്ല. ഇന്ത്യയെ പുതിയൊരു ജ്ഞാനവിഷയമായി കൊളോണിയൽ അധികാരവ്യവസ്ഥ പുനർനിർമിച്ചു.

വിദേശയാത്രക്ക് പുറപ്പെടുന്ന പൊറ്റെക്കാട്ട് താൻ ആഫ്രിക്കയിലേക്ക് പോകുന്നത് പച്ചമനുഷ്യനെ അന്വേഷിച്ചാണ് എന്ന് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ കാപ്പിരി എന്ന വാക്കിൽത്തന്നെ അധിനിവേശത്തിന്റെ ജ്ഞാനഭാരം പതിഞ്ഞുകിടക്കുന്നു.

പൗരസ്ത്യവാദം, വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെ മാറ്റം, ഭാഷാനയങ്ങൾ മുതലായവയിലൂടെ പുതിയൊരു ഇന്ത്യൻ വിഷയിയെ നിർമിച്ചെടുക്കുന്ന പ്രക്രിയ രാഷ്ട്രീയാധികാരം നിലനിർത്തുന്നതിന് സമാന്തരമായി നടപ്പാക്കാൻ കഴിഞ്ഞതാണ് കൊളോണിയലിസത്തിന്റെ വലിയ വിജയം. ആത്മീയവും മാനസികവുമായി ഇന്ത്യക്കാർ അധിനിവേശത്തിനടിമപ്പെട്ടു എന്നത് മഹാത്മാഗാന്ധിയെപ്പോലുള്ളവർ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ ഡി കൊളണൈസേഷൻ (അപകോളനീകരണം) ഇന്നും പൂർത്തീകരിക്കപ്പെടാത്ത ഒരു ആദർശമായി തുടരുന്നു. 2005 ലാണ് സക്കറിയയുടെ ഒരു ആഫ്രിക്കൻ യാത്ര പുറത്തുവരുന്നത്. സക്കറിയ കണ്ട ആഫ്രിക്ക ഏറെ വ്യത്യസ്തതയുള്ള ഒരു വൻകരയാണെന്ന് അദ്ദേഹത്തിന്റെ വിവരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഭിന്നചരിത്രസന്ദർഭങ്ങളിലെ സാംസ്​കാരിക കർതൃത്വം ആഫ്രിക്കയെ ഭിന്നമായി കാണാൻ എത്രത്തോളം സക്കറിയയെ പ്രാപ്തനാക്കുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ നോട്ടത്തിൽ പൊറ്റക്കാട്ടിന്റെ ദൃഷ്ടിയുടെ നിഴലാട്ടങ്ങളുണ്ടെന്ന് പല സന്ദർഭങ്ങളും തെളിയിക്കുന്നതായി ഹക്കിം കണ്ടെത്തുന്നു.

എസ്.കെ. പൊറ്റെക്കാട്ട്‌

കോളണിവൽക്കരണത്തിന്റെ വ്യവഹാരങ്ങൾ കയ്യേറുന്നത് നമ്മുടെ അബോധത്തെയും ഭാഷയെ തന്നെയുമാണ്. ഉദാഹരണത്തിന് കറുപ്പ്, വെളുപ്പ് എന്നീ വാക്കുകൾ നാം സ്വാംശീകരിക്കുന്നത് ചില മൂല്യങ്ങളുടെ പര്യായങ്ങളായിട്ടാണ്. വിദേശയാത്രക്ക് പുറപ്പെടുന്ന പൊറ്റെക്കാട്ട്, താൻ ആഫ്രിക്കയിലേക്ക് പോകുന്നത് പച്ചമനുഷ്യനെ അന്വേഷിച്ചാണ് എന്ന് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, ‘കാപ്പിരി’ എന്ന വാക്കിൽ തന്നെ അധിനിവേശത്തിന്റെ ജ്ഞാനഭാരം പതിഞ്ഞുകിടക്കുന്നു. ആഫ്രിക്ക എന്ന വൻകര വൈവിദ്ധ്യമേറിയ സംസ്കാരങ്ങളുടേയും ജനവിഭാഗങ്ങളുടേയും സരളമായ നിർവ്വചനങ്ങൾക്കു വഴങ്ങാത്തവണ്ണം സങ്കീർണമായ വൈവിദ്ധ്യങ്ങളുടെ വിളഭൂമിയാണ്, പ്രദർശനശാലയാണ്. അതിനെ ഏകശിലാരൂപമായി, ‘ഇരുട്ടിന്റെ വൻകര'യായി നിർവ്വചിച്ചത് സാമ്രാജ്യത്വമേൽക്കോയ്മയുടെ ധാർഷ്ട്യമാണ്. അധിനിവേശം നിർമിച്ചെടുത്ത ശ്രേണീകരണങ്ങൾ യൂറോപ്യൻ സമൂഹത്തെയാണ് മാനദണ്ഡമായി സ്വീകരിക്കുന്നത് എന്ന് നമുക്കറിയാം. നരവംശശാസ്ത്രം അതിന്റെ പഠനവിഷയമായി കണ്ടെടുക്കുന്നത് കിരാതനായ (savage) മനുഷ്യനെയാണ്. ഇതിലൂടെ വൻകരകൾ തന്നെ അപരങ്ങളായി മാറുന്നു. ‘ആന്ത്രപ്പോളജി'യെ ‘എൻട്രോപോളജി' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ലെവിസ്​ട്രോസ്​ തന്നെ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി.

പൊറ്റക്കാട്ടിന്റെയും സക്കറിയയുടെയും യാത്രാവിവരണങ്ങൾ ആഫ്രിക്കയെക്കുറിച്ചെന്നപോലെ, നമ്മുടെ സംസ്കാരവും ഭാഷയും സ്വാംശീകരിച്ച പ്രത്യയശാസ്ത്രപരമായ അവബോധങ്ങളെക്കുറിച്ചുമാണ്.

സാംസ്​കാരിക നരവംശ ശാസ്ത്രത്തിന്റെ വക്താക്കൾ മനുഷ്യസ്വഭാവം, മാനവീയ സംസ്​ക്കാരം എന്നിവയ്ക്ക് സാർവലൗകികവും ശാശ്വതവുമായ ഒരളവുകോലുണ്ടെന്ന് വിശ്വസിക്കുന്നു. അത്തരമൊരു മനുഷ്യവർഗസത്ത (Species essence) യോട് എത്രത്തോളം വിശ്വസ്തത പുലർത്തുന്നുവോ അത്രമാത്രമാണ് ഒരു മാനവീയ സംസ്കാരത്തിന്റെ ഗുണമേന്മ. ആഫ്രിക്ക ഇത്തരം സാർവലൗകിക മാനദണ്ഡങ്ങളെ അപ്രസക്തമാക്കുംവിധം വൈവിധ്യമേറിയതാണ്. പുരോഗതി, ആധുനികത, അറിവ്, സാമൂഹ്യജീവിതം, വ്യക്തി എന്നിങ്ങനെ യൂറോപ്യൻ ജ്ഞാനോദയ കാലഘട്ടം ഉണ്ടാക്കിയെടുത്ത വാർപ്പുരൂപങ്ങളെല്ലാംതന്നെ സാമ്രാജ്യത്വ മേധാവിത്തത്തിന്റെ പിൻബലത്തോടെയാണ് അവയുടെ പ്രാമാണികത ഉറപ്പിച്ചെടുത്തത്. ഇന്ത്യൻ ഭാഷകൾ ഇത്തരം ഒരു വിശ്വവീക്ഷണം (Cosmology) സ്വാംശീകരിച്ചതിനാൽ അവയിൽ നിങ്ങൾക്ക് ആഫ്രിക്കയെ എഴുതാൻ നിരവധി മാനസികതടസങ്ങളേയും ജ്ഞാനശാസ്ത്രപരമായ ആന്ധ്യങ്ങളേയും മറികടക്കേണ്ടതായിട്ടുണ്ട്.

സക്കറിയ / Photo: A.J. Jojy

പൊറ്റെക്കാട്ടിന്റെയും സക്കറിയയുടെയും യാത്രാവിവരണങ്ങൾ ആഫ്രിക്കയെക്കുറിച്ചെന്നപോലെ, നമ്മുടെ സംസ്കാരവും ഭാഷയും സ്വാംശീകരിച്ച പ്രത്യയശാസ്ത്രപരമായ അവബോധങ്ങളെക്കുറിച്ചുമാണ്.
കൊളോണിയൽ വ്യവഹാരങ്ങൾ വംശീയമായ അപരങ്ങളെ ന്യായീകരിക്കുന്ന സമീപനങ്ങൾക്ക് ജന്മം നൽകി, ശാസ്​ത്രപരവും ചരിത്രപരവുമായ ന്യായീകരണങ്ങളിലൂടെയാണ് അവ പലതരം ജ്ഞാനപദ്ധതികളുടെ ഭാഗമാവുന്നത്. മൊമ്പാസയിലെ കാപ്പിരി അഞ്ചുവയസ്സായ കുട്ടിയെ കൊല്ലുന്നതിനെപ്പറ്റി പൊറ്റെക്കാട്ട്​ പറയുമ്പോൾ ആഫ്രിക്കക്കാരൻ വീണ്ടുവിചാരമില്ലാതെ പെട്ടെന്ന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കുന്ന ബുദ്ധിശൂന്യനാണെന്ന പൊതുധാരണ പ്രചരിപ്പിക്കുകയാണ്. ഹക്കിം, ലോഗന്റെ മലബാർ മാന്വലിൽ എങ്ങനെ മലയാളി എന്ന വാർപ്പുരൂപം സമാനരീതികളിൽ നിർമിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. യൂറോ കേന്ദ്രിത ലോകബോധത്തിലേക്ക് സംക്രമിച്ച പൊറ്റക്കാട്ടിലെ വിഷയിയെയാണ് ആഫ്രിക്കൻ നോട്ടത്തിൽ കാണാൻ കഴിയുന്നത് എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ഹക്കിം തെളിയിക്കുന്നു. വർണവൽക്കരിക്കപ്പെട്ട ശരീരങ്ങൾ പ്രകൃതിയിൽ ഒരിടത്തുമില്ല. അവയുടെ ആവിർഭാവം വർണ, വംശ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യസമൂഹങ്ങളെ വിഭജിക്കുന്ന അധികാരവ്യവസ്ഥയിലാണ് സംഭവിക്കുന്നത്.

സക്കറിയ സാധുവും സമർത്ഥനുമായ ആഫ്രിക്കക്കാരന്റെ വിധിയെപ്പറ്റി പരിതപിക്കുമ്പോൾ വൈവിധ്യമാർന്ന നിരവധി പ്രതിരോധങ്ങളുടേയും പ്രതിഷേധങ്ങളുടേയും ചരിത്രമുള്ള ആഫ്രിക്കക്കാരുടെ വലിയ പാരമ്പര്യങ്ങൾ തമസ്കരിക്കപ്പെടുകയാണ്.

1949-50 കാലത്ത് പൊറ്റെക്കാട്ട് ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ, ആഫ്രിക്കയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ബ്രിട്ടൻ, ബൽജിയം, പോർച്ചുഗൽ മുതലായ യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളായിരുന്നു. എന്നാൽ സക്കറിയ സഞ്ചരിക്കുന്നത് അധിനിവേശാനന്തര ആഫ്രിക്കയിലൂടെയാണ്. അപകോളനീകരണത്തിന്റെ ലോകബോധം സ്വാംശീകരിച്ച എഴുത്തുകാരൻ എന്ന നിലയിൽ പൊറ്റെക്കാട്ടിന്റെ വിവരണങ്ങളിലുള്ള ചതിക്കുഴികളെക്കുറിച്ച് സക്കറിയ ബോധവാനാണ്. ആഫ്രിക്കയെക്കുറിച്ചുള്ള ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം, പാശ്ചാത്യ കൊളോണിയൽ മനസ്​ നിർമിച്ച് ലോകവ്യാപകമായി വിതരണം ചെയ്യുകയും നമ്മെപോലുള്ളവർ വിശ്വാസപൂർവ്വം സ്വീകരിക്കുകയും ചെയ്ത ഒരു കളവാണ് എന്ന് സക്കറിയ എഴുതുന്നു. ഇത്തരം ഉണർവ്വ് പ്രകടിപ്പിക്കുന്ന സക്കറിയയുടെ ആഖ്യാനത്തിലും ആഭ്യന്തര കോളനീകരണത്തിന്റെ ശ്രേണീകരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഹക്കിം ചൂണ്ടിക്കാണിക്കുന്നു.

ആഫ്രിക്കയിൽ മദ്ധ്യവർഗ്ഗമായി ഉയർന്നുവന്ന ഇന്ത്യൻ സമൂഹം അവിടത്തെ ആഫ്രിക്കക്കാരെ കാണുന്നത് രക്ഷാകർത്താക്കളുടെ സ്ഥാനത്തുനിന്നാണ്. ആഫ്രിക്കക്കാർ നല്ലവരായ ഭൃത്യരാവുന്നു. അവർ ശിശുക്കളായി വിഭാവനം ചെയ്യപ്പെടുന്ന അധികാരവ്യവസ്ഥ ഇവിടെ മാറ്റമില്ലാതെ തുടരുന്നു. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണത്തിൽ മസായി വർഗക്കാർ നൂറ്റാണ്ടുകളിലൂടെ നടത്തിയ ചെറുത്തുനിൽപ്പിനെ പരാമർശിക്കുന്നുണ്ട്. എന്നാൽ അതിലെ രാഷ്ട്രീയ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുന്നില്ല. സക്കറിയ സാധുവും സമർത്ഥനുമായ ആഫ്രിക്കക്കാരന്റെ വിധിയെപ്പറ്റി പരിതപിക്കുമ്പോൾ വൈവിധ്യമാർന്ന നിരവധി പ്രതിരോധങ്ങളുടേയും പ്രതിഷേധങ്ങളുടേയും ചരിത്രമുള്ള ആഫ്രിക്കക്കാരുടെ വലിയ പാരമ്പര്യങ്ങൾ തമസ്കരിക്കപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ബൃഹത്തായതും ഉണ്ടായിരുന്നത് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ ബി.സി.മൂന്നാം ശതകം മുതൽ ആണെന്നും അത് ആഫ്രിക്കയിലാണെന്നും യൂറോപ്യൻ ജ്ഞാനോദയത്തിന്റെ വക്താക്കൾ മറക്കുന്നു.

ഡോ. എ.കെ. അബ്ദുൽ ഹക്കീം / Photo: Sathi R.V.

ആധുനിക നോവലും ചെറുകഥയും ഉണ്ടാകുന്നതിനുമുമ്പുതന്നെ നിലവിലുണ്ടായിരുന്ന ആഖ്യാനരൂപമാണ് യാത്രാവിവരണം. ‘ഡോൺക്വയോട്ടെ' എന്ന സർവാന്റിസിന്റെ നോവൽ ആദ്യകാല യൂറോപ്യൻ നോവലിൽ ഏറ്റവും പ്രാമുഖ്യം നേടിയതാണ്. അതിന്റെ ഘടന യാത്രാവിവരണത്തിന്റെതാണെന്നു കാണാൻ കഴിയും. സാഹസികയാത്രകളാണ് പികാരെസ്ക് എന്നറിയപ്പെടുന്ന തസ്ക്കരകേന്ദ്രിത കഥാപാത്രങ്ങളുള്ള നോവലുകളിലെ പ്രമേയം. മലയാള നോവലിലെ ചരിത്രം മലയാളികളുടെ യാത്രകളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമ്മുടെ ഡൽഹി നോവലുകളും, യുദ്ധനോവലുകളും, ഗൾഫ് നോവലുകളും പരിശോധിച്ചാൽ മനസ്സിലാവും. നോവലുകളിൽ പ്രായേണ കാണപ്പെടുന്ന പല ക്രോണോടോപ്പുകളും യാത്രാവിവരണങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തെരുവുകളിലൂടെയുള്ള അലഞ്ഞുനടക്കൽ, അപരിചിതരുമായിട്ടുള്ള ആകസ്മിക സമാഗമങ്ങൾ, കണ്ടെത്തലിന്റെ, തിരിച്ചറിയലിന്റെ, ഉദ്വേഗനിമിഷങ്ങൾ. നീണ്ടയാത്രകൾക്കുശേഷം, നാട്ടിൽ തിരിച്ചുവരുന്നവരുടെ വ്യത്യസ്തമായ
യാത്രാവിവരണങ്ങളിൽ പ്രവർത്തിക്കുന്ന ജ്ഞാനദൃഷ്ടിയുടെ പ്രത്യയശാസ്ത്രത്തെപ്പറ്റി ഹക്കിം ദീർഘമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇതോടൊപ്പം ചേർത്തുപിടിക്കേണ്ട ഒരു വിഷയമാണ് യാത്രാവിവരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾ. ദൂരദേശങ്ങളിലെ ജീവിതങ്ങളെ പ്രതിനിധാനം ചെയ്യാൻ വാക്കുകളേക്കാൾ കെൽപുള്ളതാണ് ദൃശ്യബിംബങ്ങൾ. ഒരു കാലത്ത് ‘ലൈഫ്' മാതിരിയുള്ള മാസികകളുടെ പ്രചാരം അവ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളെ ആശ്രയിച്ചായിരുന്നു. സിനിമാ ഡോക്യുമെന്ററി ഇപ്പോൾ അത്തരം മാസികകളെ (ടെലിവിഷന്റെ ആവിർഭാവത്തോടെ പ്രത്യേകിച്ചും) അപ്രസക്തമാക്കിയിരിക്കുന്നു. അനിമൽ പ്ലാനറ്റ്, ഡിസ്കവറി മുതലായ ചാനലുകൾ ഫലത്തിൽ യാത്രകളെയാണ് ആവിഷ്‌ക്കരിക്കുന്നത്. പൊറ്റെക്കാട്ടും സക്കറിയയും നോവലിസ്റ്റുകളും കഥാകൃത്തുക്കളുമാണെന്നത് യാദൃശ്ചികമല്ല. ‘ഹ്യൂമനിസ്റ്റ് ഫോട്ടോഗ്രഫി' എന്നു വിളിക്കാവുന്ന തരത്തിലുള്ള പ്രതിനിധാനരീതി അവരുടെ വാക്കുകളിലും അവയ്ക്ക് സമാന്തരമായി കൊടുക്കുന്ന ചിത്രങ്ങളിലും കാണാൻ കഴിയും.

മലയാളത്തിൽ സാംസ്കാരിക പഠനശാഖ ഇപ്പോഴും ശൈശവദശയിലാണ്. യാത്രാവിവരണങ്ങളിൽ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ജ്ഞാനരൂപങ്ങളും കോളണിവൽക്കരിക്കപ്പെട്ട സാംസ്കാരിക ഭാവനകളും വിമർശനാത്മകമായി വിലയിരുത്തുന്ന പഠനങ്ങൾ ഇനിയും മലയാളത്തിൽ ഉണ്ടാവേണ്ടതുണ്ട്. ▮

(ഡോ. എ.കെ. അബ്​ദുൽ ഹക്കീം എഴുതിയ ‘ആഫ്രിക്കൻ യാത്രകളുടെ സംസ്​കാരിക ദൂരങ്ങൾ' എന്ന കൃതിക്കെഴുതിയ ആമുഖപഠനം)


ഇ.വി. രാമകൃഷ്​ണൻ

സാഹിത്യ നിരൂപകൻ. അക്ഷരവും ആധുനികതയും, വാക്കിലെ സമൂഹം, ദേശീയതകളും സാഹിത്യവും, അനുഭവങ്ങളെ ആർക്കാണു പേടി തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments