കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമുണ്ടാക്കുന്ന ജീവിയാണ് ആന. കളിപ്പാട്ടങ്ങൾ തൊട്ട് കുടമാറ്റം വരെയുള്ള മാനവകൗതുകങ്ങളിലെല്ലാം ആന തലയെടുത്തു നില്ക്കാൻ കാരണവുമിതുതന്നെ. ഐതിഹ്യത്തിലും സാഹിത്യത്തിലും കലയിലും യുദ്ധത്തിലും ആന വസ്തുവും പ്രതീകവുമായി മാറാൻ ഇതാകാം കാരണം. 2010- ൽ ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ആനയെപ്പോലെ മലയാളത്തിലെ ആഖ്യായികകളിൽ ബൃഹദാകാരമായി നിറഞ്ഞ മറ്റൊരു മൃഗമില്ല. ഇന്ത്യയിലെ ആഖ്യായികാ സാഹിത്യത്തിലും ചെറുതല്ലാത്ത സ്ഥാനം ഈ മൃഗത്തിനുണ്ട്.
ജയമോഹൻ്റെ ആനഡോക്ടർ ഏറെ വായിക്കപ്പെട്ട സംഭവകഥയാണ്. സംഭവം കഥയാക്കാൻ വേണ്ട സ്വാതന്ത്ര്യം വേണ്ടുവോളം ഗ്രന്ഥകാരനെടുത്തിരിക്കണം. ആദർശങ്ങളിലുറച്ചു ജീവിച്ച മനുഷ്യരുടെ കഥകൾ ഉൾക്കൊള്ളുന്ന ‘അറം’ എന്ന കഥാസമാഹാരം 2010- ൽ ജയമോഹൻ തമിഴിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സമാഹാരത്തിലെ കഥയാണിത്. ആനകൾക്കായി ജീവിതം മാറ്റിവെച്ച കൃഷ്ണമൂർത്തി എന്ന മൃഗഡോക്ടറുടെ കഥ.
1929-ൽ ജനിച്ച കൃഷ്ണമൂർത്തി മദ്രാസ് വെറ്ററിനറി കോളേജിൽ നിന്ന് ബിരുദം നേടി. 1952- ൽ ഇന്ത്യൻ വനംവകുപ്പിൽ ഡോക്ടറായി ചേർന്നു. തേക്കടിയിലും ടോപ്സ്ലിപിലുമായി താമസിച്ചു ജോലി ചെയ്തു. കാട്ടിൽ ചത്തുകാണപ്പെടുന്ന വന്യമൃഗങ്ങളെ കുഴിച്ചിടുന്നതിനു മുമ്പേ പോസ്റ്റ് മാർട്ടം ചെയ്യേണ്ടതുണ്ടെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയത് കൃഷ്ണമൂർത്തിയാണ്. 1953 - 56 വർഷങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും ചത്തനിലയിൽ കാണപ്പെട്ട ആനകളിൽ മൂന്നിൽ രണ്ടു ഭാഗവും മനുഷ്യരാൽ കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മാർട്ടത്തിലൂടെ മൂർത്തിതെളിയിച്ചു. 2002-ലാണ് കൃഷ്ണമൂർത്തി അന്തരിക്കുന്നത്. അധികമാരുമറിയാത്ത സാധാരണ മരണം. എന്നാൽ ആനഡോക്ടർ എന്ന കഥയിലൂടെ ഡോ. കെ തമിഴകത്ത് പരിചിതനായി. 2017- ൽ രചയിതാവ് തന്നെ മലയാളരൂപം വരുത്തി പുസ്തക രൂപത്തിലാക്കിയതാണ് നാമറിയുന്ന ആന ഡോക്ടർ എന്ന മലയാളഗ്രന്ഥം. പകർപ്പവകാശമില്ലാതെ ആർക്കും അടിച്ച് പ്രചരിപ്പിക്കാവുന്ന വിധത്തിൽ ‘കോപ്പി ലെഫ്റ്റാ’യാണ് തമിഴിലും മലയാളത്തിലും ആനഡോക്ടർ പ്രസിദ്ധീകരിച്ചത്.
ഒരു ഫോറസ്റ്റ് ഓഫീസറാണ് ആനഡോക്ടറിലെ ആഖ്യാതാവ്. മടുപ്പിക്കുന്ന കടലാസുപണികളെക്കാൾ കാടിന്റെ ഉള്ളു ചുറ്റിക്കാണുന്നതിൽ ആനന്ദം കൊണ്ട ഒരു ഫോറസ്റ്റ് ഓഫീസർ. കാട് തലയ്ക്കടിച്ചവൻ. ആ വനസഞ്ചാരത്തിൽ മാത്രമാണ് ഒരു ഫോറസ്റ്റ് ഓഫീസറായി എനിക്ക് എന്നെ ബോധ്യപ്പെടുന്നത് എന്നാണ് ആഖ്യാതാവ് ആ കൃത്യനിർവഹണത്തെ വിലയിരുത്തുന്നത്. നഗരം അയാൾക്ക് തമ്മിൽതട്ടി നിലവിളി കൂട്ടുന്ന വസ്തുക്കളുടെ കൂമ്പാരമാണ്. സന്തുലിതാവസ്ഥയുടെ നിശ്ശബ്ദതയാണയാൾക്ക് കാട്. ഉണ്ണിമലയുടെ ചെരിവിലെ ആനയുടെ ജഡം കാണാൻ മാരിമുത്തുവിനൊപ്പം പോയപ്പോഴാണ് ആദ്യമായി അയാൾ ആനഡോക്ടറെ കാണുന്നത്. അഴുകി ചാണകക്കുഴി പോലെയായ ആനയുടെ ശരീരത്തിനുള്ളിലേക്കിറങ്ങി കീറിമുറിച്ച് പരിശോധന നടത്തുകയും അപ്പടി പുഴുക്കൂട്ടമായി മാറിക്കഴിഞ്ഞ അളിഞ്ഞ മാംസത്തിനിടയിൽ നിന്ന് എട്ടുകിലോയോളം പോളിത്തീൻ ബാഗുകൾ പെറുക്കിക്കൂട്ടുകയും ചെയ്ത ഒരാൾ. ഓക്കാനം വന്ന് ഓടിമാറുകയും മലർന്നടിച്ച് വീഴുകയും ഉറക്കത്തിൽ തലച്ചോറു തന്നെ ചെറിയൊരു പെട്ടിക്കകത്ത് ചുരുണ്ടുമടങ്ങിയിരിക്കുന്ന വലിയൊരു പുഴുവായി തോന്നുകയും ചെയ്ത ആ ആദ്യാനുഭവത്തിനുശേഷം അല്പനാളുകൾക്കുള്ളിൽ ഡോക്ടറുടെ അടുത്ത കയ്യാളായി മാറുന്നുണ്ട് ഈ ഓഫീസർ.
‘പുഴുക്കളെപ്പോലെ ഉണ്ണുക. ആ രുചിയും വിശപ്പും വേണമെന്ന് പ്രാർത്ഥിക്കുക’ എന്ന ഭ്രാന്തൻ ഫിലോസഫിയാണ് ഡോ.കെ ക്ക് പറയാനുണ്ടായിരുന്നത്. ഒരു വേഴാമ്പലിനു പിന്നാലെ പോയി ചെന്തട്ടിയെന്ന ചൊറിയൻ ചെടിതട്ടി വിങ്ങി വീർത്ത അവസ്ഥയിൽ ഒരു ‘മനുഷ്യ ഡോക്ടറായി’ കൃഷ്ണമൂർത്തി അയാളെ രക്ഷിക്കുന്നുമുണ്ട്, മറ്റൊരിക്കൽ. പുള്ളിപ്പുലിയുടെ അടിയേറ്റ് വ്രണപ്പെട്ടു കിടക്കുന്ന ഒരു ചെന്നായയുടെ മുറിവ് വെച്ചുകെട്ടിക്കൊടുക്കുന്ന കാര്യണ്യത്തിന്റെ ആൾരൂപമായി പ്രത്യക്ഷപ്പെടുന്നുണ്ട് ഡോ. കെ വനവഴിയിലൊരിടത്ത്. മുതുമലക്കാട്ടിനുള്ളിൽ വെച്ച് ഒരു കാട്ടാനയുടെ കാലിൽ തറച്ചു കയറിയ കുപ്പിക്കഷണം നീക്കുന്നുമുണ്ട് മറ്റൊരിക്കൽ. ഡോ.കെയുടെ സേവനങ്ങളെ പത്മശ്രീയിലൂടെ പുരസ്കരിക്കാൻ ഡോക്ടർ അറിയാതെ തന്റെ ദൽഹിയിലെ ബന്ധമുപയോഗിച്ച് ഈ ഫോറസ്റ്റ് ഓഫീസർ ശ്രമിക്കുന്നുണ്ടെങ്കിലും പടിക്കലെത്തുമ്പോൾ കുടമുടഞ്ഞുപോകുകയാണ്. അംഗീകാരങ്ങളെയും സ്ഥാനമാനങ്ങളെയും നിർവികാരമായും നിർമമമായും കാണുന്ന ഡോക്ടർ കൃഷ്ണമൂർത്തിക്ക് ആശകളില്ലാത്തതു കൊണ്ടുതന്നെ നിരാശയുമുണ്ടാകുന്നില്ല. മുതുമലയിലെ ആനയുടെ കാലിലെ ബീറുകുപ്പി പറിച്ചെടുത്ത് മരുന്നുവെച്ച സംഭവം കഴിഞ്ഞ് ഒന്നരവർഷത്തിനു ശേഷം അതേ അവസ്ഥയിൽ മറ്റൊരാന ടോപ്സ്‌ലിപിലേക്ക് ഡോക്ടറെ കാണാൻ റോഡുകളും ഗ്രാമങ്ങളും മുറിച്ചു കടന്ന് വരുന്നുണ്ട്.
ആന നടന്ന വഴിയിലൂടെയാണ് പിന്നീട് മനുഷ്യൻ നടന്നത്. അന്ന് ആ രക്ഷാദൗത്യത്തിന് സാക്ഷിയായ ഒരു കൊച്ചു കുറുമ്പനായിരുന്നു ആ ഓർമയിൽ രക്ഷകനെ തേടി വന്നത്.
ശരീരവലുപ്പത്തിനാനുപാതികമായി നോക്കുമ്പോൾ മനുഷ്യന്റേതിനെക്കാൾ വലുപ്പം കുറവാണ് ആനയുടെ തലച്ചോറിന്. എന്നാൽ ബുദ്ധിയുടെ കാര്യത്തിൽ ആൾക്കുരങ്ങിനു തൊട്ടുപിന്നിലാണ് ആനയുടെ സ്ഥാനം. ഒറ്റയ്ക്കു മേയുന്ന ജന്തുവല്ല ആന. ആഫ്രിക്കൻ വനാന്തരങ്ങളിൽ വരയൻ കുതിരകൾക്കും ഇംപാലകൾക്കുമൊപ്പവും തേക്കടിയിൽ കലമാനിനും കാട്ടുപന്നിക്കുമൊപ്പവും ഭക്ഷണം തേടുന്ന ആനകൾ കാതുകൂർപ്പിക്കുന്നത് തങ്ങളുടെ സ്വന്തം കൂട്ടുകാർക്ക് മാത്രമായി അപകടമുന്നറിയിപ്പ് നൽകാനല്ല. ഒന്നിച്ചുമേയുന്ന ഇതര ജനസുകളെയും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന വനനിയമമാണ് നാട്ടാനയാക്കപ്പെടുമ്പോഴും ആനയിൽ പ്രവർത്തിക്കുന്നത്. വന്യവാസനകളിലെ നന്മകളാണ് ആനയെ നയിക്കുന്നത്. കൂട്ടത്തിലൊന്നിനെ തള്ളിയിട്ട് ശത്രുസാന്നിധ്യം പരീക്ഷിച്ചറിയുന്ന സ്വാർഥത മാത്രമല്ല ജന്തുലോകത്തിൽ കാണാൻ കഴിയുക.
ഇണക്കിവളർത്താവുന്ന ഒരു മൃഗമല്ല ആന. കഠിന പീഡനങ്ങളിലൂടെ മെരുക്കിയെടുത്താണ് ഒരാനയെ ചട്ടം പഠിപ്പിക്കുന്നത്.
വിശേഷബുദ്ധിയെന്നത് തനിക്കുമാത്രമുള്ളതാണെന്ന മനുഷ്യന്റെ അഹങ്കാരത്തെയാണ് ആനഡോക്ടറിൽ കാട് അടിക്കടി ദൃഷ്ടാന്തങ്ങൾ കാട്ടി നേർവഴി നടത്താൻ ശ്രമിക്കുന്നത്. നമ്മുടെ പുരാതനമായ പല കാട്ടുപാതകളും ആനത്താരകളായിരുന്നു. ആന നടന്ന വഴികളിലൂടെയാണ് പിന്നാലെ മനുഷ്യൻ സഞ്ചരിച്ചിരുന്നത്. ഈ ബൃഹദാകാരം കാട്ടുപടർപ്പുകൾ പറിച്ചുമാറ്റി നൂണു നടന്നുണ്ടാക്കിയ വഴികളിലാണ് മനുഷ്യ സംസ്കൃതിയുടെ അനേകമനേകം ജനപഥങ്ങൾ സ്ഥാപിക്കപ്പെട്ടത്. ഇണക്കിവളർത്താവുന്ന ഒരു മൃഗമല്ല ആന. കഠിന പീഡനങ്ങളിലൂടെ മെരുക്കിയെടുത്താണ് ഒരാനയെ ചട്ടം പഠിപ്പിക്കുന്നത്.
പരസ്പരമുള്ള സ്നേഹബഹുമാനങ്ങളുടെ മൗനഭാഷയിലാണ് കൃഷ്ണമൂർത്തിയും ആനകളും തമ്മിലുള്ള സംവാദം. ആഫ്രിക്കൻ കാട്ടാനകളുടെ മനസ്സറിഞ്ഞ് ഒപ്പം ജീവിക്കുകയും എമങ് ദ എലിഫന്റ് എന്ന വിഖ്യാത ഗ്രന്ഥം രചിക്കുകയും ചെയ്ത ഇയാൻ ഡഗ്ലസ് ഹാമിൽട്ടന്റെ ജീവിതസഖിയും സഹഗ്രന്ഥകാരിയുമായ ഒറിയ ഡഗ്ളസ്, മൃഗങ്ങളുടെയെന്നല്ല മനുഷ്യരുടെ പോലും വികാരങ്ങളെ അളക്കാനോ വിവരിക്കാനോ ഉതകുന്ന ഉപകരണങ്ങളൊന്നും ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാനാവാത്തതിൽ ഖേദിക്കുന്നുണ്ട്. മരണമെന്ന പ്രകൃതിനാടകത്തിനു മുന്നിൽ അർത്ഥമറിയാതെ പകച്ചുനിന്ന നിരവധി ആന കുടുംബങ്ങളെക്കുറിച്ച് ഒറിയ വിവരിക്കുന്നുണ്ട്. പന്നിക്കുഴിയിൽ കാലിടറിവീണ് ചത്ത അമ്മയുടെ ചൂടാറാത്ത ശരീരത്തിനു ചുറ്റും സംഭവിച്ചതെന്തെന്നറിയാതെ വിലപിച്ചുനില്ക്കുന്ന വിവിധ പ്രായത്തിലുള്ള മൂന്നു കുഞ്ഞുങ്ങൾ അമ്മയെ എഴുന്നേല്പിക്കാനായി നടത്തുന്ന ശ്രമങ്ങളെ ഒറിയ ഹൃദയസ്പൃക്കായി വിവരിക്കുന്നുണ്ട്.
അഴുകിത്തുടങ്ങിയ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാനാവാതെ കൊമ്പിൽ തൂക്കിയെടുത്ത് നടക്കുന്ന അമ്മയെക്കുറിച്ച് റെന്നിബേർ തന്റെ ആഫ്രിക്കൻ ആനകളെക്കുറിച്ചുള്ള പുസ്തകത്തിൽ പറയുന്നുണ്ട്. പ്രാചീന മനുഷ്യർ കുടക്കല്ലും തൊപ്പിക്കല്ലുമൊക്കെ സ്ഥാപിച്ചത് മരിച്ചവരെ അടക്കിയതിനുമുകളിലായാണ്.
മനുഷ്യരെപ്പോലെ തന്നെ ശവം ഉചിതമായി മറവു ചെയ്യുകയെന്നത് ആനകളുടെയും ജന്മസ്വഭാവമത്രേ. സ്വന്തം കൂട്ടക്കാരുടെ മാത്രമല്ല ഇരകളുടെയും ശരീരം മറവു ചെയ്യുകയെന്നത് ആനകളുടെ ജനിതകശീലമാണ്. കാട്ടിൽ ഉറങ്ങിക്കിടന്ന ഒരു വൃദ്ധയെ ആനക്കൂട്ടം ചപ്പുചവറുകളും മരക്കൊമ്പുകളും കൊണ്ട് മൂടിയ സംഭവം വന്യജീവി ഗവേഷകനായ ജോർജ് ആദംസൻ വിവരിച്ചിട്ടുണ്ട്. മരിച്ച ആനകളിൽ നിന്ന് കൊമ്പുകൾ പിഴുതെടുത്ത് അടിച്ചുതകർക്കുന്നതും അഴുകിയ അവശിഷ്ടങ്ങളിൽനിന്ന് എല്ലുകൾ പറിച്ചെടുത്ത് ദൂരെക്കൊണ്ടിടുന്നതും ആനകൾക്ക് കേവലമൊരു കുസൃതിയല്ല; അനുഷ്ഠാനപരമായ പ്രവൃത്തി തന്നെയാണ്.
ഹിമയുഗങ്ങൾക്കുമുമ്പ് യൂറോപ്പിൽ ആനകളുടെ പൂർവികരായ മഹാദന്തികൾ ജീവിച്ചിരുന്നു. പ്രാചീന റോമാ സാമ്രാജ്യത്തിന്റെ ചതുരംഗപ്പടയിൽ ആനകൾക്ക് സ്ഥാനമുണ്ടായിരുന്നു. ഗ്രീസിലെ അലക്സാണ്ടർ ചക്രവർത്തിക്കുമുണ്ടായിരുന്നു വലിയൊരാനപ്പട. പ്യൂനിക് യുദ്ധത്തിൽ കർത്താർജിയൻന്മാർക്കായി പൊരുതിയ സുരസ് എന്ന ആനയെക്കുറിച്ച് പ്ലിനി വിവരിക്കുന്നുണ്ട്. ഇന്ന് ടുണീഷ്യയായറിയപ്പെടുന്ന കാർത്താർജിയൻ രാജ്യം ആഫ്രിക്ക വൻകരയിലാണെങ്കിലും സുരസ് ഒരു ഇന്ത്യൻ ആനയാണെന്നു കരുതുന്നു. എങ്കിലും മധ്യകാലമാകുമ്പോഴേക്കും ആനകൾ യൂറോപിൽ അപൂർവമായിത്തീർന്നിരിക്കണം.
ബാലസാഹിത്യശാഖയിൽ ശങ്കർ തുടങ്ങിവെച്ച ആനയെഴുത്തിന്റെ തുടർച്ച വിനോയ് തോമസിന്റെ ‘ആനത്തം പിരിയത്ത’ത്തിലുണ്ട്. കാട്ടാനയിൽ ഒരു ഗൗരവക്കാരനുണ്ട്. ഒരു കുസൃതിയും. ആനത്തമെന്നും പിരിയത്തമെന്നും ഈ വൈരുദ്ധ്യങ്ങളെ നോവലിസ്റ്റ് വിനോയ് തോമസ് വിളിക്കുന്നു.
500 വർഷം മുമ്പ് അന്നത്തെ വലിയ ധനിക രാജ്യമായിരുന്ന ലിസ്ബനിലെ രാജാവ് പോപ്പിനു കാഴ്ചവെക്കാനായി കേരളത്തിൽ നിന്ന് ഒരു ആനയെ കൊണ്ടുപോകുന്നു. ഒപ്പം ഒരു പാപ്പാനും പോകുന്നു. ആനയുടെയും കൂടെപ്പോയ പാപ്പാൻ്റെയും കഥയാണ് മധ്യകാല കേരളത്തിന്റെയും യൂറോപ്പിന്റെയും പശ്ചാത്തലത്തിൽ ഇന്ദുഗോപൻ ‘ആനോ’വിലൂടെ പറയുന്നത്. യൂറോപ്പിൽ ആനകളേ ഇല്ലാതിരുന്ന ഒരു കാലത്ത് നടാടെ എത്തിപ്പെട്ട ആ വലിയ മൃഗവും ഒരു വടി കൊണ്ട് അതിനെ നിയന്ത്രിക്കുന്ന ചെറിയ മനുഷ്യനും യൂറോപിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരാധനാപാത്രമായിത്തീർന്ന കഥയാണ് ആനോ. പാപ്പാൻ ആനയെ വിളിക്കുന്നതു കേട്ട് നാട്ടാരും ആനയെ വിളിച്ചു... ആന അങ്ങനെ ആനോ ആയി. ‘ഹാനോയും പാപ്പാനും’ എന്നൊരു ചിത്രം ഇറ്റാലിയൻ ചിത്രകാരനായ റാഫേൽ 1515-ൽ വരച്ചത് ഈ ആനയെ മാതൃകയാക്കിയാണ്. പോർത്തുഗീസ് രാജാവ് സമ്മാനിച്ച ഈ ആന എരണ്ടകെട്ടു ബാധിച്ച് ഏതാനും വർഷങ്ങൾക്കകം മരിച്ചു പോയത്രേ.
1979- ലാണ് മാലി എന്ന വി. മാധവൻ നായർ സർക്കസ് എന്ന ബാലസാഹിത്യകൃതി എഴുതുന്നത്. ഒറ്റയൊറ്റ കഥകളുടെ സമാഹാരമല്ലാത്ത പുസ്തകങ്ങളെയും അക്കാലത്ത് ‘കുട്ടികളുടെ നോവൽ’ എന്നു വിളിക്കാറില്ലായിരുന്നു. ബാലസാഹിത്യം എന്ന പൊതുനാമത്തിലറിയപ്പെട്ട കുട്ടികൾക്കുള്ള കല്പിതകഥാസാഹിത്യം ഇന്ന് ബാലനോവലും കഥയുമായി കൈവഴി പിരിഞ്ഞിരിക്കുന്നു.
ഇന്നാണെങ്കിൽ 'സർക്കസ്' ഒരു ബാലനോവലായി ഇറങ്ങിയേക്കാം. മൃഗങ്ങളിൽ മനുഷ്യന്റെ ചേതന ആരോപിക്കപ്പെട്ട ഈ കൃതി മൃഗങ്ങളുടെ മാത്രം സർക്കസിന്റെ കഥയാണ്. കോമൻ സർക്കസിൽ നിന്ന് കുട്ടികൾക്കുമാത്രം പ്രവേശനമുള്ള മൃഗസർക്കസ്. മനുഷ്യൻ, മൃഗം എന്ന വ്യത്യാസമില്ലാതെ കഥാപാത്രങ്ങൾ അത്രയ്ക്കിടപഴകിയ, സൗഹൃദഭാഷണവും സന്ധി സംഭാഷണവും നടത്തിയ ഒരു ആഖ്യാനാന്തരീക്ഷം മലയാളത്തിൽ ഇതിനുമുമ്പ് പരിചയമില്ലായിരുന്നു. ഒരേയൊരാനയേ കോമൻ സർക്കസിലുണ്ടായിരുന്നുള്ളൂ. ഏറ്റവും വലിയ ആന താനാണെന്നു സ്വയം വിശ്വസിക്കുന്ന ‘ഗജൻ’.
1965- ൽ കെ. ശിവശങ്കരപ്പിള്ളയെന്ന കാർട്ടൂണിസ്റ്റ് ശങ്കർ ചിത്രം വരച്ച് ഇംഗ്ലീഷിൽ എഴുതിയ സുജാതയുടെയും സുധർമ്മനെന്ന കാട്ടാനയുടെയും ഹൃദയബന്ധത്തിന്റെ കഥ പറഞ്ഞ ‘സുജാതയും കാട്ടാനയും’ ഒരു തലമുറയുടെ ബാല്യകാല വായനാവസന്തത്തിന്റെ കാട്ടുമണമാണ്.
ബാലസാഹിത്യശാഖയിൽ ശങ്കർ തുടങ്ങിവെച്ച ആനയെഴുത്തിന്റെ തുടർച്ച വിനോയ് തോമസിന്റെ ‘ആനത്തം പിരിയത്ത’ത്തിലുണ്ട്. കാട്ടാനയിൽ ഒരു ഗൗരവക്കാരനുണ്ട്. ഒരു കുസൃതിയും. ആനത്തമെന്നും പിരിയത്തമെന്നും ഈ വൈരുദ്ധ്യങ്ങളെ നോവലിസ്റ്റ് വിനോയ് തോമസ് വിളിക്കുന്നു.
നാരായണൻ അമ്പലത്തറയുടെ ‘ചിന്നുവിന്റെ കുട്ടിശങ്കരൻ’ എന്ന ബാലനോവലിൽ മലയിടിക്കുന്ന യന്ത്രക്കൈകൾക്കും ടിപ്പർ ലോറികൾക്കും മുമ്പിൽ തുമ്പിക്കൈ ഉയർത്തി പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റായ ഒരാനയാണ് കേന്ദ്രകഥാപാത്രം.
‘നാഗാ സർവത്ര ഗത്യാ’ എന്നാണ് ആനശാസ്ത്രഗ്രന്ഥമായ മാതംഗലീല പറയുന്നത്. ‘നീളെ നടപ്പുള്ളതിനാൽ നാഗമെന്നോതുമാനയെ’ എന്ന് വള്ളത്തോൾ ഇത് വിവർത്തനം ചെയ്യുന്നു. ഒരാനയ്ക്ക് പ്രതിദിനം 200 ലിറ്റർ വെള്ളവും അത്രയും കിലോഗ്രാം ഭക്ഷണവും വേണം. പെരുവയറ് നിറയ്ക്കാനുള്ള തത്രപ്പാടാണ് ആനയെ നീളെ നടപ്പുകാരാക്കിയത്. പ്രസിദ്ധ ആന ഗവേഷകനായ രാമൻ സുകുമാരന്റെ പഠനപ്രകാരം 240 ചതുരശ്ര കിലോമീറ്റർ പരപ്പളവിൽ ഒരാനക്കൂട്ടം ആഹാരം തേടി ചുറ്റിനടക്കുന്നു. ഇവയ്ക്കിടയിൽ തങ്ങളുടെ പുരാതന നടപ്പുവഴികളുടെ ഓർമകളിൽ ആന മനുഷ്യാധിവാസകേന്ദ്രങ്ങളിൽ എത്തപ്പെടുന്നു. ചിലയിടത്തെങ്കിലും ഇത് മനുഷ്യ- മൃഗസംഘർഷത്തിലേക്ക് എത്തപ്പെടുന്നു. എങ്കിലും ആയിരം ആഖ്യായികകളാവേണ്ട അനുഭവകഥകൾ ആനയെക്കുറിച്ച് ഇത്തരം മലയോരഗ്രാമങ്ങൾക്ക് പറയാനുണ്ട്.