ജി. ആർ. ഇന്ദുഗോപൻ

സാഹിത്യം കരിയറാക്കുമ്പോൾ സംഭവിക്കുന്ന
​അപകടത്തെക്കുറിച്ച് ബോധ്യം വേണം

തിരുവനന്തപുരത്ത് കവടിയാറിൽ ഒരു വർക്ക് ഷെയറിങ് പ്ലെയ്സിൽ ഒരു കസേരയും ലാപ് ടോപ്പും വച്ച്, റിയൽഎസ്റ്റേറ്റ് ഏജന്റുമാർക്കും, ജാവ പഠിപ്പിക്കുന്നവർക്കും, ചെറിയ സംരംഭകർക്കുമിടയിൽ... ആ ബഹളത്തിനിടയിലാണ് ഞാൻ ഇരിക്കുന്നത്. വല്ലതും കുത്തിക്കുറിക്കുന്നത്. നമ്മളെന്താണെന്ന് മനസ്സിലാക്കിയാൽ, വലിയ വേദനകൾ ഒഴിവായി കിട്ടും.

തൊണ്ണൂറുകളിൽ മലയാളത്തിൽ എഴുത്തു തുടങ്ങിയ തലമുറയുടെ ശക്തനായ പ്രതിനിധി. കൊല്ലം നഗരത്തിലെ ഇരവിപുരം തീരദേശത്തിനടുത്തുള്ള വാളത്തുംഗൽ എന്ന ഗ്രാമത്തിൽ ജനനം. ഗദ്യത്തിന്റെ വിവിധശാഖകളിൽ മുപ്പത്തഞ്ചോളം പുസ്തകം. പത്രപ്രവർത്തനം ഉപേക്ഷിച്ച് പൂർണമായി എഴുത്തിലേയ്ക്ക്. ജി.ആർ. ഇന്ദുഗോപൻ സംസാരിക്കുന്നു.

അഞ്ജലി അനിൽകുമാർ: കഴിഞ്ഞ അഞ്ചാറുകൊല്ലത്തിനിടയിൽ വല്ലാത്തൊരു ട്വിസ്റ്റ് ഉണ്ടായി, താങ്കളുടെ എഴുത്തുജീവിതം മാറി. കുറേ എഴുത്തുകാർക്കിടയിൽ ഒരാളായി കൂട്ടുചർന്നുനിന്ന താങ്കൾ, അതിൽനിന്ന്​ സവിശേഷമായി മാറിനിൽക്കാൻ തുടങ്ങി. പുതിയ പുസ്തകത്തെ കാത്തിരിക്കുന്ന കൂടുതൽ വായനക്കാരുള്ള, മറ്റൊരു ഇന്ദുഗോപൻ പിറന്നു എന്നുപറയാം. എഴുത്തിന്റെ ശൈലി മാറി. ആ ശൈലിയെ പിൻപറ്റാൻ വായനക്കാരും. എഴുത്തിന്റെ ചലച്ചിത്രസാധ്യത തേടി സിനിമയും വന്നു. ഈ മാറ്റങ്ങളെ എങ്ങനെ വിശദീകരിക്കാം?

ജി.ആർ. ഇന്ദുഗോപൻ: ഞാൻ പത്തുമുപ്പതു കൊല്ലമായി എഴുതുന്നുണ്ട്. കരിമണൽഖനനവുമായി ബന്ധപ്പെട്ട്​ തീരത്തിന്റെ കഥ പറഞ്ഞ മണൽജീവികൾ എഴുതിയപ്പോഴും, നെയ്യാറിലെ മുതലകൾ ആക്രമിക്കുന്ന ഗ്രാമത്തിന്റെ കഥപറയുന്ന മുതലലായനി വന്നപ്പോഴും, നാനോ ടെക്​നോളജിയെ അവലംബിച്ച് ഐസ് എന്ന നോവൽ എഴുതാൻ ശ്രമിച്ചപ്പോഴും ഞാൻ പുതിയതായി എന്തെങ്കിലും പറയണമെന്ന് കരുതി. കുറച്ചു വായനക്കാരും അപ്പോഴുമുണ്ടായിരുന്നു. വളരെ ജനുവിൻ റീഡേഴ്സ്. അവരിപ്പോഴും ഒപ്പമുണ്ടോയെന്ന് എനിക്കറിയില്ല. അവരെക്കുറിച്ച് ഒന്നുമറിയില്ല.

ശേഷം എന്തു സംഭവിച്ചു?

മാറ്റമുണ്ട്, പക്ഷേ എന്റെ നിലയ്ക്ക് മാത്രമുണ്ടായ ഒന്നല്ല അത്. കണ്ടന്റിനെ കാണുന്നതിൽ മാറ്റം വന്നു. ഞാനൊരു കള്ളന്റെ ജീവചരിത്രമെഴുതി, പത്തുപന്ത്രണ്ടു കൊല്ലമായി. അത് സാഹിത്യം വായിക്കാത്ത, ജീവിതത്തിൽ സാഹിത്യമില്ലാത്ത, ഒരാളുടെ കഥയാണ്. ആ അനുഭവം സ്വാംശീകരിച്ചപ്പോൾ ഞാൻ കുറേ മാറി. ഇവരൊന്നുമില്ലാത്ത എന്തു സാഹിത്യമെന്നുവന്നു. ഒരു എലീറ്റ് ന്യൂനപക്ഷത്തിനുവേണ്ടി എഴുതുന്ന, വായിക്കുന്ന ലിറ്ററേച്ചറിന് എന്താണ് പ്രസക്തിയെന്നത് വലിയ ചോദ്യമായിരുന്നു. എഡിറ്റിങ്ങിൽ ശ്രദ്ധിച്ചു. എന്റെ വിദ്യാഭ്യാസം, അറിവ്, വിജ്ഞാനം, അഭ്യാസം എന്നിവയെ വെട്ടിക്കണ്ടിച്ചുകളഞ്ഞു. പഴയ നോവലിൽ അതുണ്ട്. എന്നെത്തന്നെ എഡിറ്റ് ചെയ്യുകയായിരുന്നു. ഈ തിരിച്ചറിവുണ്ടായി. ഏഴെട്ടുകൊല്ലമായി ആ മാറ്റമുണ്ട്. അത് മറ്റു സാധാരണക്കാർ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേയ്ക്ക് ഉരുത്തിരിഞ്ഞുവെന്നേയുള്ളൂ.

പണ്ടും താങ്കളുടെ എഴുത്തിൽ അതുണ്ടല്ലോ. ആദ്യ കഥ ഒരു ശവവണ്ടിക്കാരനെ കുറിച്ചാണ്. പിന്നെ മരണം മുഖ്യകഥാപാത്രമായി വരുന്ന ഭൂമിശ്മശാനം എന്ന കഥ. തുടക്കത്തിലേ ഡാർക്കായിരുന്നു. പക്ഷേ, ജനുവിൻ മനുഷ്യരുടെ, ഏറ്റവും സാധാരണക്കാരുടെ ജീവിതം.

അതേ, നമുക്ക് കഥ പറയാനുള്ള ജീവിതമുണ്ടായിരുന്നു. അതുപറയാൻ, ചിലപ്പോൾ പഠിപ്പിച്ചു വച്ച ഭാഷ ഉപയോഗിച്ചതാണ് തെറ്റ്. സാഹിത്യമെന്നത്​ ചില നൊട്ടേഷനാണ്. അതിനെ പിന്തുടരണമെന്നത് തെറ്റായ ശിക്ഷണമായിരുന്നു. ആ ഉടയാട ഊരിവീണതാണ്.

ആ മാറ്റത്തിന്റെയാകാം. ഇപ്പോൾ ഒരു വരി പോലും വായിപ്പിക്കാതെ വിടില്ലെന്ന വാശിയാണല്ലോ. ഒരു കഥ പറഞ്ഞു തുടങ്ങിയാൽ പിന്നതങ്ങോട്ട്...?

വാശിയല്ല. ആഗ്രഹമാണ്. നേരത്തേ പറഞ്ഞ, സാഹിത്യത്തിന്റെ പുറത്താണ് 99% ജനതയും. പിന്നെ നമ്മൾ ആരെ അഭിസംബോധന ചെയ്യുന്നുവെന്ന തോന്നലാണ്. അതിൽനിന്ന് കടന്നുവരുന്ന, ഏത് അടിസ്ഥാനവർഗത്തിലെയും അക്ഷരം അറിയാവുന്ന (പോഡ്കാസ്റ്റ് വന്നതോടെ, അതും നിർബന്ധമില്ല) ഏത് മനുഷ്യർക്കും, ഒരു കഥ കേൾക്കാൻ ആശയുളള ആർക്കും, കടന്നു വരാവുന്ന ഒരു വിരിവയ്പ്. ഒരു തണൽ. കേൾക്കാൻ ഇഷ്ടപ്പെടുന്നതിനെയാണല്ലോ കഥയെന്ന് പറയുന്നത്.

അപ്പോൾ നമ്മുടെ നിലപാട്, ആന്തരികമായ രാഷ്ട്രീയം ഒക്കെ ഉൾപ്പെടുത്താനാകുമോ?

കൂടുതൽ ശക്തമായി.

അങ്ങനെയെങ്കിൽ എന്താണ് ഇന്ദുഗോപന്റെ രാഷ്ട്രീയം? നിലപാട്?

മനുഷ്യനെന്ന നിലയിൽ പലതും കാണും. എഴുത്തുകാരെന്ന നിലയിൽ നമ്മൾ രാഷ്ട്രീയത്തെ നേരിടും. മനുഷ്യനെ നശിപ്പിക്കുന്ന ഒരുപാട് സംഗതികൾ അതിലുണ്ട്. സമകാലിക രാഷ്ട്രീയത്തിൽ പെട്ട്​ വഷളാകേണ്ട ഒന്നല്ല, എഴുത്തുകാരന്റെ നിലപാട്. രാഷ്ട്രീയം മനുഷ്യനെ ജാതി, മതം, വർഗം എന്നീ നിലകളിൽ മാത്രമല്ല ഭിന്നിപ്പിക്കുന്നത്. പ്രസ്ഥാനങ്ങൾ കോർപറേറ്റുകളായി മാറുകയാണ്, അതിവേഗം. അല്ലാത്തവ തകർന്നില്ലാതാകുന്നു. കേഡർ സംവിധാനമുള്ളവ മാത്രം നിലനിൽക്കുന്നു. തങ്ങളുടെ നിലപാടിനെ അന്ധമായി അനുകൂലിക്കുകയും, എതിരാളികളെ തകർക്കാൻ നിരന്തര ആസൂത്രണം നടത്തുകയും ചെയ്യുന്ന കോർപറേറ്റ് കമ്പനിത്തൊഴിലാളികളാണ് ഓരോ ശ്രേണിയിലുമുള്ള നേതാക്കൾ. തലപ്പത്തെ മാനേജ്മെൻറിന്റെ തീരുമാനങ്ങൾ എത്ര മനുഷ്യവിരുദ്ധമായാലും അതിനെ പിൻതാങ്ങേണ്ടതാണ് എന്നാണ് അവരെ പഠിപ്പിക്കുന്നത്. അതവരുടെ കരിയറാണ്. അതിന്റെ സ്വഭാവമനുസരിച്ച് മനുഷ്യവിരുദ്ധമായി പരിണമിക്കാൻ ഏറെ സാധ്യതയുള്ളത്. ഈ ശൂന്യത മനസിലാക്കുന്നവരും ജനാധിപത്യത്തെ കരുതി, ഏതെങ്കിലും താരതമ്യേന കുറഞ്ഞ ക്രൂരതയെ പിൻപറ്റാൻ വിധിക്കപ്പെടുകയാണ്. ഏതു പ്രത്യയശാസ്ത്രവും അതിനെ പിന്തുടരാത്തവരെ ശത്രുപ്പട്ടികയിൽ കാണുന്നു. സർക്കാരുകൾ, കരയ്ക്കും കടലിനും ബോർഡർ വരച്ച് ശേഷം അതിനെ സംരക്ഷിക്കാൻ ആയുധവുമായി കാത്തിരിക്കുന്നതും അങ്ങനെ തന്നെ. അതിനുമീതെ കാണാനാകണം, എഴുത്തുകാർക്ക്​. മനുഷ്യനെ മാത്രമല്ല. സർവ ചരാചരങ്ങളെയും സമഗ്രമായി ഉൾക്കൊള്ളാൻ കഴിയണം. സമകാലികതയിലെ അസ്വാരസ്യങ്ങൾക്കെതിരെ നമ്മൾ ഉള്ളാലെ പൊരുതുന്നു. പക്ഷേ സമകാലികതയെ പുണർന്ന്, അതിന്റെ ദിനേനയുള്ള തോന്ന്യാസങ്ങളെ, എന്നോ കാലം തന്നെ കറക്ടു ചെയ്യാനിരിക്കുന്ന തെറ്റുകളെ ഇന്നേ മനസ്സിലിട്ടു കൊണ്ടു നടക്കാതിരിക്കുന്നതാണ് ഭേദമെന്ന് കരുതുന്ന എഴുത്തുകാരനാണ് ഞാൻ. അഥവാ ആ വകഭേദത്തിൽ പെട്ടയാൾ. അതു വിട്ട്, വിശാലമായ ലോകത്തെ ഒന്നായി കണ്ട് എന്തെങ്കിലും എഴുതുക എന്നതാണ് ലക്ഷ്യം. എത്ര കണ്ട് നടക്കുന്നുവെന്നറിയില്ല. പക്ഷേ അതിൽ കൃത്യതയുണ്ട്.

താങ്കളുടെ ‘എലിവാണം’ എന്ന കഥയിൽ മുനിയാണ്ടി പറയുന്നതു പോലെ... ദാരിദ്ര്യത്തിന് രാജ്യവും അതിർത്തിയുമൊന്നുമില്ല സാറേ എന്നാണോ?

ശരിയാണ്. അതിനപ്പുറം സമഗ്രമായി ഇക്കാര്യം വിലയിരുത്താനാവില്ല. പക്ഷേ അതിനെ കുറിച്ച് ആർക്കും വിശദമായി മിണ്ടാനാവില്ല. രാജ്യങ്ങൾ, അതിന്റെ രഹസ്യാന്വേഷണ സംവിധാനങ്ങൾ അവയുടെ വ്യാപ്തി അത്ര വിപുലമാണ്. എന്നോ മാറിമറിയാനിരിക്കുന്ന, അപ്രസക്തമായി കൊണ്ടിരിക്കുന്ന അതിർത്തികളെ സംരക്ഷിക്കാനും, തുണ്ടു ഭൂമിക്കായി യുദ്ധം നടത്തി നാശം വിതയ്ക്കാനും കാത്തിരിക്കുകയാണ്. രാജ്യഭരണാധികാരികളാണ് ഏറ്റവും വിവേകരഹിതർ. ഖജാന സൂക്ഷിക്കുന്ന ഗുണ്ടകളെ പോലെയാണ് ലോകമെങ്ങും ഇവർ. ചെറുരാജ്യത്തെ ദ്രോഹിക്കും. വൻരാജ്യങ്ങളുടെ കാൽക്കൽ ശയിക്കും.എലിവാണം എന്ന കഥ ഓർമപ്പെടുത്തിയതു കൊണ്ടു പറയാം. തിരുവനന്തപുരം വിമാനത്താവളത്തിലെ, വിമാനങ്ങൾക്ക് വിഘാതമാകുന്ന കിളികളെ വിരട്ടി ഓടിക്കുന്ന ബേർഡ് സ്‌കെയറർ എന്ന ജോലിയെടുക്കുന്ന ആളാണ് മുനിയാണ്ടി. അയാൾ നായകൻ. എലിവാണം ഉപയോഗിച്ചാണ് അയാൾ പക്ഷികളെ ഓടിക്കുന്നത്. ഒരു എലിവാണം ദിശ തെറ്റി മാനേജരുടെ നേർക്കുപായുമ്പോൾ, അയാൾ മുനിയാണ്ടിക്കെതിരെ പരാതി കൊടുക്കുന്നു. എസ്.ഐ വന്നുചോദിക്കുന്നുണ്ട്, വേണമെങ്കിൽ നിനക്ക് ആ പക്ഷികളെ അടിച്ചിടാം, അത്ര ഉന്നമുണ്ട്, അല്ലേ എന്ന്. മുനിയാണ്ടി മറുപടി പറയുന്നുണ്ട്, അതേ. പക്ഷേ അതിന്റെ ഒരു തൂവലിനു പോലും തീ പിടിക്കരുതെന്ന് കരുതി, ദിശ മാറ്റിയാണ് ഞങ്ങൾ എലിവാണം അയയ്ക്കുന്നത് എന്ന്.

അതിന്റെ വിരോധാഭാസം എന്തെന്നു വച്ചാൽ, അതേ വിമാനത്താവളത്തിൽ നിന്ന് നോക്കുമ്പോൾ, പ്രിസിഷൻ അഥവാ സൂക്ഷ്മതയ്ക്കു വേണ്ടിയുള്ള റോക്കറ്റ് വിക്ഷേപണകേന്ദ്രമാണ് കാണാനാകുന്നത്. ആകാശത്തേയ്ക്ക് വിടുമ്പോൾ കൃത്രിമ ഉപഗ്രഹം. പ്രൊജക്ടൈൽ ആയി വിടുമ്പോൾ അത് മിസൈൽ. ചെല്ലുന്നിടത്ത് സർവനാശം. ഇതിന് ശാസ്ത്രജ്ഞന്മാർക്ക് ലക്ഷങ്ങൾ ശമ്പളം. മുനിയാണ്ടിക്ക് പട്ടിണി മാറ്റാൻ തികയാത്ത ദിവസക്കൂലി. ഇതാണ് ലോകക്രമം തന്നെ. ലോകമെങ്ങുമുള്ള രാജ്യങ്ങൾ ഇതു തന്നെ ചെയ്യുന്നു. ഇത് വികസിച്ച ഒരു ലോകമാണ്, പുറമേ. ഉള്ളിൽ എവിടെയും മധ്യകാലത്തുള്ള ക്രൂരതയുടെയുടെയും കാട്ടുനീതിയുടെയും അവശിഷ്ടം മാത്രമാണ്. 500 കൊല്ലം കൊണ്ട് പുറംതോട് ഒന്ന് മിനുസപ്പെട്ടുവെന്ന് മാത്രം. അതു കൊണ്ടാണ് പറയുന്നത്; ഞാൻ കഥ പറഞ്ഞു പോകുന്ന ഒരാൾ മാത്രമാണ്. എന്റെ രാഷ്ട്രീയം രാഷ്ട്രീയമല്ല. എന്റെ നിലപാടുകൾക്ക് രാഷ്ട്രമില്ല. അവ ഒന്നിനെയും ഉൾക്കൊള്ളുന്നില്ല. നിവൃത്തികേടുകൊണ്ട് നമ്മൾ ഏതൊക്കെയോ മതങ്ങളിൽ പിറക്കുന്നതു പോലെ, ഏതൊക്കെയോ രാജ്യങ്ങളുടെ പ്രജകളാകുന്നു. സമ്പന്നരാകുന്നു. ദരിദ്രരാകുന്നു. ജനിക്കുന്നു. മരിക്കുന്നു.

അപ്പോൾ മതപരമായ കാഴ്ചപ്പാടോ?

ഒരു കാഴ്ചപ്പാടുമില്ല. നമ്മളെ ബാധിക്കുന്നില്ല. ബാധിച്ചിട്ടില്ല. എനിക്ക് ജീവിതത്തിൽ ഒരു കാലത്തും കറക്ടു ചെയ്യേണ്ടതായി വന്ന ഒന്നല്ല മതം. അത് മനസ്സിൽ കയറിയിട്ടേയില്ല.

ഇപ്പോൾ എന്തും മതാധിഷ്ഠിതമല്ലേ? അപ്പോൾ സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടി വരില്ലേ?

ഏയ്, കടുംപിടിത്ത യുക്തിവാദമൊന്നുമല്ല, പ്രചാരണം ചെയ്തു നടക്കാൻ. മൂന്നു ഏക്കറിലുള്ള ഒരു കൊടുംകാവിലായിരുന്നു എന്റെ ബാല്യത്തിലേറെ. വീടിന്റെ തൊട്ടപ്പുറം. സമസ്തപ്രപഞ്ചവും ജീവികളുമുണ്ട്. മൂർഖൻ, കാട്ടുപൂച്ച, വള്ളിപ്പൂച്ച, ചൂരൽക്കാട്, പ്രതിഷ്ഠകൾ. നമ്മുടെ ഓർമകൾ, ബാല്യം അവിടെയുണ്ട്. നമ്മൾ ഓടിപ്പോകേണ്ട കാര്യമില്ല. അതൊക്കെ അതതിന്റെ സ്ഥാനത്തിരുന്നു കൊള്ളും. ഞാൻ 2005ൽ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതി. ഒരു അവർണ ജാതിക്കാരനായ മനുഷ്യനാണ് നായകൻ. കുടുംബക്കാവിലെ അടുത്ത കാർമികൻ ഇയാളാണ്. അഭ്യസ്തവിദ്യനായ ഇയാൾ പൂജാരിയായ അച്ഛനെ എതിർക്കുന്നു. ഒടുവിൽ പൊതുമതം ആ കാവ് ഏറ്റെടുക്കുകയാണ്. ആ നേരം അയാൾ തന്റെ പിടിവാശി ഉപേക്ഷിച്ച് കാവ് ഏറ്റെടുക്കുന്നു. അയാളുടെ സ്വത്വം അതാണ്. അതിനായി അത്തരം ദേഹങ്ങളിൽ പേരിന് കേറുന്നതിലും തെറ്റില്ല. നമ്മുടെ ഉള്ള് നമ്മുടെ കയ്യിലിരുന്നാൽ മതി. ഇതൊക്കെ എന്താന്ന് ധരിച്ചാൽ മതി.

‘വെള്ളിമൂങ്ങ’ എന്ന നോവൽ വ്യത്യസ്ത സ്വാഭാവമുള്ള ഒരു ചെറുപ്പക്കാരനെ സമൂഹം മനുഷ്യദൈവമാക്കി സ്ഥാപനവൽക്കരിക്കുന്നതിനെ കുറിച്ചല്ലേ?

അത്​ പതിനെട്ടാമത്തെ വയസ്സിൽ എഴുതിയതാണ്. ആദ്യ നോവലെന്നു പറയാം. സമൂഹത്തിലെ കൃത്രിമങ്ങളെ കുറിച്ച് നമുക്ക് അന്നു തന്നെ ധാരണയുണ്ടായി എന്നതിൽ സന്തോഷം.

മതരഹിതമായ ആധ്യാത്മികത എന്നൊന്നില്ലേ?

അതിന് ഇടമുണ്ട്. ചട്ടമ്പിസ്വാമികളെ കുറിച്ച് മൂന്നു വാല്യമായി ഡി.സി ബുക്സ് പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും പാരസ്പര്യത്തെ കുറിച്ചാണ് ഞാൻ എഴുതിയത്. അത് ചരിത്രമാണ്. ആധ്യാത്മികത വലിയ കാര്യമാണ്, വേഷമില്ലെങ്കിൽ. തെക്കൻ തിരുവിതാംകൂറിലെ മരുത്വാൻ മലയിൽ പല സ്വാമിമാരുണ്ട്. ഈ പ്രദേശത്ത് ഒരുപാട് യോഗിമാരും യോഗിനിമാരുമുണ്ട്. കടൽ കടന്ന്​ പലരുടെയും സമാധിദിനങ്ങളിൽ വന്നു ചേരുന്ന സ്വാമിമാരുടെ സംഘമുണ്ട്. നോട്ടീസൊന്നുമില്ല. കൃത്യമായി അവർ വരും. സ്വാമിയെന്നു വച്ചാൽ അങ്ങനെ കാഷായധാരികളൊന്നുമില്ല. ഗുണ്ടയിൽ നിന്ന് പരിവർത്തനം ചെയ്തവരുണ്ട്. തയ്യൽക്കാർ, ദീക്ഷ വളർത്തിയവർ, അല്ലാത്തവർ, തെണ്ടുന്നവർ, തെണ്ടാതെ ആരെങ്കിലും കൊടുത്താൽ മാത്രം കഴിക്കുന്നവർ. ഒരു രാഷ്ട്രീയവും അവർക്കില്ല. ഒരു മതത്തിന്റെ നാട്യമോ കച്ചവടമോ വേഷമോ ഇല്ല. അവരിൽ അപാര പ്രകൃതിബോധമുള്ളവരുണ്ട്. അഗാധമായ ഹ്യൂമർസെൻസുള്ളവർ. ഞാൻ പോയിട്ടുണ്ട്. ചില തവണ. ഇനിയും പോകണമെന്നു കരുതുന്നതാണ്. അവർക്കിടയിൽ നിന്നാൽ ജീവിതം കറക്ട് ചെയ്യപ്പെട്ടു കിട്ടും.

അരുവാൾമൊഴിയിലെ പാതിവെന്ത മനുഷ്യർ, ഉള്ളിക്കുപ്പം, കാളിഗന്ധകി, ഒരു പ്രേതബാധിതന്റെ ആത്മകഥ, അവസാനമിറങ്ങിയ നോവൽ സ്‌കാവഞ്ചർ...ഇവയിലെല്ലാം തെക്കൻ തമിഴ്നാടാണ് പ്രധാനമായി വരുന്നത്. ആ ദേശം വളരെയാഴത്തിൽ എങ്ങനെ ഉള്ളിലിറങ്ങി?

ഭാഷ മാറുന്നുവെന്നേയുള്ളൂ. വല്ലാത്ത പ്രദേശമാണ്. സഹ്യൻ അവസാനിക്കുന്ന ഇടം. മൂന്നു വശവും കടലിലേയ്ക്ക് കടക്കുന്നു. അത്ര കണ്ട് സ്നേഹം തോന്നും. ഏതു മനുഷ്യനും പ്രകൃതിയുടെ ചില സ്വഭാവം ഉള്ളാലെ വഹിക്കുന്നവരാണ്. ആ വ്യത്യാസമുണ്ട്. വള്ളിയൂരു വരെ ഞാൻ നിരന്തരമായി പോകുമായിരുന്നു. ആഴ്ചയിൽ ഒരു തവണ. പഴയ കഥകളാണ്.

അതുപോലെ ഇടുക്കി. കരിമ്പുലി പോലുള്ള കഥകൾ അവിടെയാണല്ലോ. ആ ഭൂമികയിൽ വിടരുന്ന വിപുലമായ ഒരു നോവലിന്റെ കാര്യം പറഞ്ഞിരുന്നു?

അത്രയ്ക്കില്ല. അങ്ങനെ വിപുലമായ കാടുകയറ്റമൊന്നുമില്ല. പോകാറുണ്ട്. ആവശ്യം വരുമ്പോൾ. രണ്ടുപടം കാട്ടിലാണ് വരാനിരിക്കുന്നത്. ഇത്തരം പ്രദേശങ്ങൾ വരുന്നതിന് കാരണമുണ്ട്. കഥ പറയുന്ന തറയ്ക്ക് ഒരു വൈബ്രേഷൻ വേണം. കാട് ആ നിലയ്ക്ക് വരുന്നതാണ്. മനഃപൂർവം. തെക്കൻ തിരുവിതാംകൂർ പോലെ വിചിത്രമായ ഭാഷാസങ്കരവും ചരിത്രവുമുള്ള പ്രദേശങ്ങളും ആ മട്ടിൽ തന്നെ. കഥ എവിടെ നിന്നു പറയുന്നു എന്നത് പരമപ്രധാനമാണ്.

എങ്കിലും താങ്കളുടെ യഥാർഥ തറ തീരപ്രദേശമാണല്ലോ?

അതിപ്പോൾ, ബാല്യത്തിൽ ഉറങ്ങാൻ കിടക്കുമ്പോ, കടലിരമ്പം കേൾക്കാവുന്ന ഒരിടത്ത് ജനിക്കുമ്പോ, അത് സ്വാഭാവികമാണ്.

ആ പശ്ചാത്തലത്തിൽ കുറേ കഥകൾ വന്നു. തീരം ഒരു ബാധ പോലെ. കായൽ, കടൽ?

അത് പിൽക്കാലത്താണ്. കന്യാകുമാരി മുതൽ കൊല്ലം കരുനാഗപ്പള്ളി വരെയുള്ള തീരം എനിക്ക് ഏറ്റവും തിട്ടമാണ്. ശരിയാണ്. അമ്മിണിപ്പിള്ള വന്ന ശേഷം കൊല്ലവും പരിസരത്തെയും തീരദേശങ്ങൾ വലിയരീതിയിൽ എക്​സ്​പ്ലോർ ചെയ്തു. ഞാൻ പ്രദേശങ്ങളെ അതതു പേരു പറഞ്ഞ് ഐഡന്റിഫൈ ചെയ്താണ് കുറേകാലമായി എഴുതിപ്പോരുന്നത്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥ അഞ്ചുതെങ്ങു തീരമാണ്. ട്വിങ്കിൾ റോസയും 12 കാമുകിമാരും എന്ന കഥ അഷ്ടമുടിക്കായലിനെയും അവിടത്തെ തനത് കക്ക പറക്കുന്ന മനുഷ്യനെയും പറിച്ചു വച്ചിരിക്കുകയാണ്. പിന്നെ മണൽജീവികൾ. പരിസ്ഥിതി രചന ഫാഷനല്ലാത്ത കാലത്ത് ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പാണ് കലാകൗമുദിയിൽ അത് സീരിയലൈസ് ചെയ്യുന്നത്.

ഞാനാ നോവൽ പരിസ്ഥിതിയുടെ രക്ഷയ്ക്കോ, അവിടത്തെ മനുഷ്യരുടെ രക്ഷയെ കരുതിയോ എഴുതിയതല്ല സത്യത്തിൽ. ഞാൻ ചിന്തിച്ചത് ലോകത്ത് അത്യപൂർവമായ ലോഹമണൽക്കുന്നുകൾ എന്റെ അയൽപക്കത്തുള്ള തീരക്കരയിൽ കിടക്കുന്നു. അവിടത്തെ മനുഷ്യരുടെ കഥ പറയപ്പെടേണ്ടതല്ലേ? ബായ്ക്ക് ഗ്രൗണ്ട് റേഡിയേഷൻ, അണുവികിരണമുള്ള മണ്ണ്... ഇച്ചിരി ശാസ്ത്രധാരണകളൊക്കെ ഉണ്ടായിരുന്നു. കുറച്ച് പഠിച്ചു. കരിമണൽ നിലത്തു ജീവിക്കുന്ന, കടലിനെ ഉപജീവനമായി കരുതുന്ന മനുഷ്യരുടെ കഥ. അവരുടെ മണ്ണ് സർക്കാർ എടുത്തു കൊണ്ടു പോകുന്നു. പ്രേതഭൂമിയാകുന്നു, ജനിച്ച മണ്ണ്. അത് ഇന്നൊക്കെയാണെങ്കിൽ കുറേ കൂടി നന്നാക്കാമായിരുന്നു. അന്ന് താങ്ങാവുന്നതിലും ചെറുപ്പമായിരുന്നു ഞാൻ.

മണൽജീവികൾ എന്ന നോവൽ പ്രവചനപരമായ അവസാനിക്കുന്നു. മണലെടുത്ത് കര മെലിഞ്ഞ്, കായംകുളം കായലും അറബിക്കടലും ഒന്നായി, നായകൻ അതിൽ മുങ്ങിപ്പോകുന്നതാണ് ഒടുവിൽ. അതു പോലെ പിന്നീട് സൂനാമി വന്നപ്പോൾ, ഇതേ കരയെ തന്നെയാണ് വിഴുങ്ങിയത്. പത്തുനൂറു മരണം.. നോവലെഴുതി ഒന്നുരണ്ടു വർഷത്തിനകം. സൂനാമിയൊന്നും ആർക്കും അറിയാവുന്ന, പ്രവചിക്കാനുന്ന ഒന്നല്ലല്ലോ. ഒരു സാമാന്യബുദ്ധി വച്ച് എഴുതിയതാണ്. ഇതൊക്കെ എഴുത്തിന്റെ പ്രോസസിൽ സംഭവിക്കുന്നതാണ്. അതിലെ നമ്മൾ ശേഖരിച്ച വിവരങ്ങൾ, നമ്മൾ സംഘടിപ്പിച്ചത് ഒക്കെ നന്നായി അലിഞ്ഞുചേർത്തിട്ടില്ല നോവലിൽ എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷേ ആ നോവൽ വലിയ അനുഭവം എനിക്ക് കൊണ്ടു തന്നിട്ടുണ്ട്. അതിന് എന്നെ സഹായിച്ച, അതിന് അവതാരികയെഴുതിയ മൽസ്യത്തൊഴിലാളി, എന്റെ ആത്മസുഹൃത്ത് ശ്രീകുമാർ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്നയറിയാൻ ഞാൻ സൂനാമി ക്യാംപുകളിൽ നടന്നത്, ഈ നോവലിന്റെ ആവശ്യത്തിന് എനിക്ക് വിവരം തന്ന സ്ഥലത്തു തന്നെ ചിലർ മരിച്ചു കിടന്നുവെന്ന് പറഞ്ഞപ്പോഴുള്ള ശൂന്യത, അവിടെ മരിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നിരത്തിവച്ച സ്‌കൂളിൽ പോയത്, കുളച്ചലിൽ കുഞ്ഞുങ്ങളില്ലാത്ത വീട്ടിൽപോകാനാകാതെ പള്ളിയിൽ തന്നെ കഴിയുന്ന മനുഷ്യരെ കണ്ടത്, ഇഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തറിപ്പോർട്ടിങ്ങിന് ഞാൻ വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട് പലപ്പോഴും.

അതു പോലെ ചന്ദനക്കൊള്ളക്കാരോടൊപ്പം ജീവിച്ച്​ എഴുതിയ ഒരു നോവൽ ഇറങ്ങാനുണ്ടെന്ന് കേൾക്കുന്നു?

ജീവിച്ചതൊന്നുമില്ല. അവർക്കൊപ്പം പോയിട്ടുണ്ട്. രാത്രിയിലൊക്കെ. വലിയ സാഹസികതയൊന്നുമല്ല. വലിയൊരു പത്രത്തിന്റെ ജേർണലിസ്റ്റ് എന്നൊരു ധൈര്യമുണ്ടായിരുന്നു. നോവൽ പൂർത്തിയാക്കാനായില്ല. പക്ഷേ വിലായത്ത് ബുദ്ധ എന്ന നോവൽ എഴുതിയപ്പോൾ, ആ പരിസരം പ്രയോജനപ്പെട്ടു.

ഭൂമിക ഇങ്ങനൊക്കെയായതു കൊണ്ടാണ് വളരെ സാധാരണക്കാരാണ് കഥാപാത്രങ്ങൾ. കഥകളെടുത്താലും നോവലായാലും. പാർശ്വവൽക്കരിക്കപ്പെട്ടവരെന്നൊക്കെ സാഹിത്യത്തിൽ പറയാം. താങ്കളുടെ ഡിറ്റക്ടീവ് പ്രഭാകരൻ പോലും കൂലിപ്പണിക്കാരനായ ഒരു നാട്ടിൻപുറത്തുകാരനാണ്?

ഞാനങ്ങനെയുള്ള മനുഷ്യരുമായിട്ടാണ് സഹകരിച്ചത്. അല്ലാത്തവരോട് അഞ്ചു മിനിട്ട് ഇരിക്കാനാവില്ല. എനിക്ക് സന്തോഷം തോന്നുന്നത്, വലിയ ചിന്താപദ്ധതികളും ആസൂത്രണവുമുള്ള മനുഷ്യരുമായി സഹകരിക്കുമ്പോഴല്ല. എഴുതുമ്പോഴും അങ്ങനെ തന്നെയാകും. ഇടത്തരക്കാരുടെ കണക്കുകൂട്ടലുകളുള്ള ജീവിതം വച്ചെഴുതിയാൽ അക്ഷരം ഉരുളത്തില്ല. മഷി ഒട്ടും ഉണങ്ങത്തില്ല.

ക്രൈം വലിയ ഴോണറാക്കി മലയാളത്തിൽ തിരിച്ചുവന്നപ്പോൾ, മുഖ്യധാരയിലും, അല്ലാതെ ക്രൈം മാത്രമെഴുതുന്ന തരം എഴുത്തുകാർക്കിടയിലും താങ്കൾ ഒരു പാലമായി നിൽപ്പുണ്ട്?

പത്തുപന്ത്രണ്ടു കൊല്ലം മുൻപ് ഡിറ്റക്ടീവ് പ്രഭാകരൻ, മൂന്നു പുസ്തകങ്ങൾ ഒരുമിച്ച് സീരീസായി വന്നതാണ്. ആദ്യപതിപ്പ് പോയിട്ടും പ്രസാധകർക്ക് താൽപര്യമുണ്ടായില്ല. അങ്ങനെ കിടന്നു. പിന്നെ ഏഴെട്ടു കൊല്ലം കഴിഞ്ഞ് കാലാവസ്ഥ മാറിയപ്പോ ഒറ്റ പുസ്തകമായി വന്നതാണ്.

വായനക്കാർ നിർബന്ധിച്ച് പുതിയ പതിപ്പിറക്കി എന്നു പറയാം അല്ലേ? സോഷ്യൽ മീഡിയയിലും മറ്റും വായനക്കാർ ഒരുമ്പെട്ടിറങ്ങിയതുകൊണ്ട് സംഭവിച്ചു?

അത് എന്റെ കുഴപ്പമാണ്. പ്രസാധകരുടേതല്ല. സിനിമയ്ക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് ചില തടസ്സമുണ്ടായി. നീങ്ങിയപ്പോൾ ഇറങ്ങി.

സോഷ്യൽ മീഡിയയിൽ ഇല്ലല്ലോ?

ഒരു സങ്കോചം. നേരിട്ട് ഇടപെടാൻ വയ്യ. ഇൻഫർമേഷൻ എന്ന നിലയ്ക്ക് സാമൂഹിക മാധ്യമങ്ങൾ പ്രശസ്തമാണ്. തൽക്കാലം ഇങ്ങനങ്ങ് പോകട്ടെ.

സിനിമകളിലേയ്ക്ക് വരാം. ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന പേരിൽ സിനിമയാകുന്നു. ചിത്രീകരണം കഴിഞ്ഞു. ഇനി?

ശംഖുമുഖി മനോരമ ആഴ്​ചപ്പതിപ്പിലെഴുതിയ ചെറുനോവലാണ്. ക്യാമറാമാൻ വേണു ചലച്ചിത്രമാക്കുന്നു, കാപ്പ എന്ന പേരിൽ. തിരക്കഥയും എഴുതുന്നു. പിന്നെ വിലായത്ത് ബുദ്ധ...

മനോരമ ആഴ്​ചപ്പതിപ്പിലും​ മാതൃഭൂമി ആഴ്​ചപ്പതിപ്പിലും ഒരേ പോലെ എഴുതുന്നത് ധൈര്യമാണോ?

ഒന്നുമല്ല. അങ്ങനൊക്കെ നമ്മളെ പേടിപ്പിച്ചു വച്ചിരിക്കുന്നതാണ്. കഥ പറഞ്ഞ്​, ജനത്തിലേയ്ക്കെത്താനുള്ള ഏതു മീഡിയവും ഉപയോഗിക്കുന്നതിൽ തെറ്റില്ല. വാരികയുടെ സ്വഭാവമനുസരിച്ച് എഴുതുന്ന ആളല്ലെങ്കിൽ അതൊന്നും പ്രശ്നമല്ല.

അതുകൊണ്ടാണോ, പ്രേതകഥകളും മറ്റും എഴുതാൻ ധൈര്യം കാണിക്കുന്നത്. മിസ്റ്റിക് അനുഭവങ്ങളും, യാത്രകളും അത്തരം കഥകളുമായി പ്രേതവേട്ടക്കാരൻ എന്നൊരു പുസ്തകം തന്നെയിറങ്ങി?

ഭയത്തിന്റെ സൗന്ദര്യം എനിക്കിഷ്ടമാണ്; എനിക്കല്ല ലോകത്തിൽ പലർക്കും. എനിക്ക് വായിക്കാൻ ഇഷ്ടമുള്ളതാണ് ഞാനെഴുതുന്നത്. നമ്മുടെ സാമാന്യബുദ്ധിക്കനുസരിച്ച് നിലവാരം വേണമെന്നേയുള്ളൂ. ഒരിടത്തും അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിച്ചിട്ടില്ല. പ്രേതവീടുകളിൽ ഒറ്റയ്ക്ക് ഉറങ്ങാൻ പോയതൊക്കെ ഔദ്യോഗികമായി ഫീച്ചറെഴുത്തിന്റെ ഭാഗമാണ്. പ്രേതമൊന്നും ഇല്ലെന്നേ പറഞ്ഞിട്ടുള്ളൂ. ഒറ്റക്കാലുള്ള പ്രേതം - അങ്ങനൊരു നോവലറ്റുണ്ട്. കന്യകയിൽ വന്നതാണ്. ആർത്തവം കാരണം ക്ഷേത്രപരിസരത്തേയ്ക്ക് കയറാനാകാത്ത വികലാംഗയായ ഒരു സ്ത്രീപ്രേതമുണ്ട്. പാവം കാവിന്റെ പുറത്ത് നിൽക്കുകയാണ്. അന്നേരം കാവിലെ ദേവി വന്ന് അകത്തേയ്ക്ക് ക്ഷണിക്കുകയാണ്. ‘സദാ ഇതിനകത്തിരിക്കുന്ന എനിക്കില്ലാത്ത എന്തു അശുദ്ധിയാടീ നിനക്കുള്ള'തെന്നു പറഞ്ഞ്. കാലം മാറി വന്നപ്പോഴുള്ള പൊളിറ്റിക്കൽ കറക്ട്നെസ് കാരണം എന്റെ പഴയ കൃതികൾ ചവറ്റുകുട്ടയിടേണ്ട ഗതികേടു വന്നിട്ടില്ല. അതിലെ പ്രതിഭാരാഹിത്യം കൊണ്ട് ഉണ്ടായിട്ടുണ്ടാകാം.

നിരൂപകർ പണ്ട് പേടിപ്പിച്ചതിൽ പെട്ടുപോയിട്ടുണ്ടോ? അവയിൽ നിന്നാണോ ഒന്നൊന്നായി പുറത്തു കടക്കാൻ നോക്കുന്നത്?

സ്വാഭാവികമായും. സ്വതന്ത്രമായി എഴുതുന്നതിന്റെ ഫ്ലോയെ തടസ്സപ്പെടുത്തുന്ന തരത്തിലേയ്ക്ക് പ്രചാരണമുണ്ടായി. ആശയവിനിമിയം സാധ്യമാകുന്ന തരം ലിറ്ററേച്ചർ പഴഞ്ചനാണെന്ന മുദ്രാവാക്യം വായനക്കാരിലേയ്ക്കും എഴുത്തുകാരിലേയ്ക്കും പടർന്നു. അത് കുടഞ്ഞെറിയാൻ അര നൂറ്റാണ്ടോളമെടുത്തു. ഇപ്പോൾ മാറിയതും മാറ്റിയതും വായനക്കാരാണ്. പുതിയ വായനക്കാർ. ഇൻഫോർമേഷൻ വന്നു കുമിഞ്ഞപ്പോ, റീഡിങ് സെലക്ടീവായി.
ഇൻഫോർമേഷനെ എങ്ങനെ സെലക്ടു ചെയ്യണം, എങ്ങനെ അരിച്ചുപയോഗിക്കണം, ഏതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം എന്നതിൽ വിദഗ്ധരാണ് പുതിയ വായനക്കാർ. ഒരു വേഷം കെട്ടും ചെലവാകില്ല. അവർക്ക് തക്ക ധാരണയുണ്ട്. ഉദാഹരണത്തിന്, പണ്ട് നിറം ഉപയോഗിക്കില്ല മലയാളി. വീടുകൾക്ക് കടുത്ത നിറം ഇടില്ല. കള്ളിലുങ്കി മാത്രം. പുള്ളിയുടുപ്പ് ഇല്ല. പുലികളിക്ക് ഇറങ്ങുന്നോടാ എന്നാണ് ചോദ്യം. ഇപ്പോഴോ. വീടുകളുടെ നിറം നോക്ക്. പല ചുമരിന് പല കടുംനിറം. ‘പാണ്ടി നിറം’ എന്നായിരുന്നു അന്ന് ആക്ഷേപം. ഇപ്പോഴോ. എന്റെ ഇഷ്ടം എന്നത് തിരിച്ചുവന്നു. വരട്ടുവാദങ്ങൾ ഇല്ലാതാവുകയാണ്. അവരവർ അവരവരുടെ ആനന്ദങ്ങളിൽ ശ്രദ്ധിക്കുന്നു. മറ്റുള്ളവർ പറയുന്നതിലല്ല. നല്ലതോ ചീത്തയോ എന്ന അവരുടെ ബോധ്യത്തിലാണ് കാര്യം. ഈ പുതിയ വായനക്കാർ ഇതിൽ പെടുന്നവരാണ്.

അതിനനുസരിച്ച് സാഹിത്യം മാറുന്നുണ്ടോ?

ഉണ്ട്. എഴുതുന്ന ചെറുപ്പക്കാരും ഇതിൽ പെടുന്നവരല്ലേ.

ഇതിന് മുൻപുള്ള തലമുറയിൽ പെട്ട നിങ്ങൾ എങ്ങനെയാണ് ഇതിനെ മറികടക്കുന്നത്?

ചെറുപ്പം കൂട്ടിനില്ലാതെ ഒന്നും നടക്കില്ല. ഒന്നുകിൽ ഉള്ളിൽ നന്നായി വേണം. ചീര പോലെ മുറ്റി പൂത്തു പോകരുത്, നമ്മളിലെ നിഷ്‌കളങ്കത. അതിൽ ഉറപ്പില്ലാത്തതു കൊണ്ട് ഞാനൊക്കെ അല്ലാതെയും ശ്രമിക്കുന്നു.
എന്റെ പ്രധാനപ്പെട്ട രണ്ടു കഥകൾ, വിലായത്ത് ബുദ്ധയും കരിമ്പുലിയും- അതിന്റെ സ്പാർക്ക് എന്റേതല്ല. മറ്റ് രണ്ടു ചെറുപ്പക്കാരുടേതാണ്. അത് തന്നവരെ ഞാനെന്റെ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. അവരെ മുറുകെപ്പിടിക്കുന്നു. മധ്യകാലവുമായി ബന്ധപ്പെട്ട് ഞാനൊരു സാധനം എഴുതുകയാണ്. അതിന്റെ ഗവേഷണത്തിന് എന്നെ സഹായിക്കുന്നത് മറ്റൊരാളാണ്. തക്ക പ്രതിഫലം കൊടുക്കുന്നുണ്ട്. അതിനുള്ള സംവിധാനം ജോലി രാജിവച്ചു നിൽക്കുന്ന നമുക്ക് ഉണ്ടായിട്ടല്ല. പക്ഷേ നമുക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതിന് പരിധിയുണ്ട്. നമ്മളത്ര വലിയ ബുദ്ധിമൃഗമല്ല. ഒരുപാട് പാളിച്ചകൾ വരാം. ചെറിയ ചില നിർദേശങ്ങൾ കൊണ്ട് നമ്മുടെ ഐഡിയ, സെൻട്രൽ ഐഡിയ മെച്ചപ്പെടാം, വലിയ നിലയിലെത്താം. ആ ഐഡിയയെ പ്രസരണത്തെ പരമാവധിയിലെത്തിക്കുക എന്നതാണ് മാർഗം. തനിപിടി കൊണ്ട് നമ്മൾ വളരുകയില്ല. അഥവാ അത്ര കണ്ട് പ്രതിഭാശാലിയാകണം.

താങ്കളുടെ കഥകൾ പലതും സിനിമയാകുന്നു. സിനിമയാക്കാൻ വേണ്ടി രചിക്കപ്പെടുന്ന കഥകളാണ് എന്ന് ആക്ഷേപമില്ലേ?

ആക്ഷേപിക്കാം. അതുകൊണ്ട് ആക്ഷേപിക്കുന്നവർക്ക് ഗുണമില്ല. അതിൽ തൽപരകക്ഷികളുണ്ടെങ്കിൽ അവർക്ക് ഗുണപരമായ ചിലത് പറയാം. എനിക്ക് എഴുത്തിൽ രഹസ്യം സൂക്ഷിക്കുന്ന പരിപാടിയൊന്നുമില്ല. വ്യക്തമാക്കാം. നിങ്ങളൊരു ആശയത്തെ ആവാഹിക്കുന്നു. ഉറപ്പിക്കുന്നു. കാരണം കഥാപരിസരം, അതിൽ വ്യക്തതയുണ്ട്. കഥാതന്തുവിൽ വ്യക്തതയുണ്ട്. പരിണാമഗുപ്തി കാണില്ല. പക്ഷേ അതിനോ, അതിലെ കഥാപാത്രങ്ങൾക്കോ പിന്നെയും യാത്രയുണ്ടെന്ന് നമുക്ക് മനസ്സിലാകണം. ആ യാത്ര ദീർഘമാകുന്നത് ഏതു കഥാപാത്രത്തിലൂടെയാണ് എന്നറിയാൻ, അഞ്ചും ആറും തവണ ഓരോ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ എഴുതി നോക്കണം. തിരുത്തല്ല. ഒന്നേയൊന്ന്. അഞ്ചോ ആറോ തവണ. നല്ല യാതനയാണ്.
മറ്റൊന്ന്, കഥകൾ ഒരു സിനിമാക്കാരോടും ചെന്ന് പറയരുത്. ത്രെഡ് അവർക്ക് സ്വയം ഇഷ്ടപ്പെടേണ്ടതാണ്. മുതൽമുടക്ക് കാര്യമായി വേണ്ട പരിപാടിയാണ്. ഒരു പ്രോജക്ടാവാനുള്ള ഇന്ധനം അതിലുണ്ടെങ്കിൽ അവർ ഇങ്ങോട്ടു വന്നോളും. നമ്മളെയല്ല. നമ്മളുടെ ഉൽപന്നത്തെയാണ് അവർക്കുവേണ്ടത്. ഉൽപന്നം മോശമായാൽ, ആരും വരില്ല. ആവശ്യമുള്ളവർക്ക് സ്വന്തമായി നിലപാടുണ്ടെന്നത്​നല്ലതാണ്​.

എന്റെ കാര്യം: ഞാൻ മധ്യവയസിലെത്തിക്കഴിഞ്ഞ ഒരാളാണ്. തൊഴിൽ കൊണ്ട് കാൽനൂറ്റാണ്ട് പത്രപ്രവർത്തനം ചെയ്തു. വാർത്തകളുടെ യുദ്ധക്കളത്തിന്റെ നടുവിൽ. സ്ഥാപനത്തിലെ സാങ്കേതിക മാറ്റത്തിനൊപ്പം നിൽക്കണം. പേജും പ്രൂഫും നോക്കണം. വലിയ ടീമിനൊപ്പം സർവശക്തിയും ഉപയോഗിച്ചു നിൽക്കണം. അങ്ങനെ വല്ലാതെ അധ്വാനിച്ചുതളർന്ന ഒരാളാണ്. ഇനിയുള്ള മരുന്ന്, പൊടിക്ക് കരുതി ഉപയോഗിച്ചേ പറ്റൂ. അതുകൊണ്ട് ഞാൻ ചെയ്യുന്നത്: ഞാനെന്റെ കഥയോ പുസ്തകമോ പ്രസിദ്ധപ്പെടുത്തുന്നു. അതിൽ ഒരുപാട് അടരുകൾ വികസിക്കാതെ കിടക്കുന്നുണ്ടാവാം. എനിക്കറിയാം. എന്റെ പരിധിയിൽ നിന്ന് വികസിപ്പിച്ചവയാണ്. നമ്മുടെ ശേഷിക്കുറവുകൊണ്ട് ബാക്കി ഉപേക്ഷിച്ചതാണ്. സിനിമയിലേയ്ക്ക് വരികയാണെങ്കിൽ, അതിന് കുറേ കൂടി സഹായം, കൂടിയാലോചന, തിരുത്ത് എന്നിവ കിട്ടും. കുറേ കൂടി ആ ഐഡിയയുടെ തലം വർധിക്കും. ഞാൻ നേരത്തെ ആലോചിക്കാത്ത തലത്തിൽ ചൂണ്ടിക്കാണിക്കപ്പെടും. ചെയ്ത തെറ്റുകൾ തിരുത്തപ്പെടും. ആ ഐഡിയയുടെ വേലക്കാരനോ ആരാധകനോ ആണ് നമ്മൾ. അതാണ് നമ്മുടെ പാഷൻ. ആ ഐഡിയ. അതിലെ ഉൾപ്പിരിവുകൾ. സ്വാഭാവികമായി നമുക്ക് ഒരു ഉപജീവനം സിനിമ തരും. അതല്ലാതെ അതിന്റെ സൗകര്യങ്ങളുടെ പുറമേ, അത്യാവശ്യമുണ്ടെങ്കിലല്ലാതെ നടക്കരുത്. തിരുവനന്തപുരത്ത് കവടിയാറിൽ ഒരു വർക്ക് ഷെയറിങ് പ്ലെയ്സിൽ ഒരു കസേരയും ലാപ് ടോപ്പും വച്ച്, റിയൽഎസ്റ്റേറ്റ് ഏജന്റുമാർക്കും, ജാവ പഠിപ്പിക്കുന്നവർക്കും, ചെറിയ സംരംഭകർക്കുമിടയിൽ... ആ ബഹളത്തിനിടയിലാണ് ഞാൻ ഇരിക്കുന്നത്. വല്ലതും കുത്തിക്കുറിക്കുന്നത്. നമ്മളെന്താണെന്ന് മനസ്സിലാക്കിയാൽ, വലിയ വേദനകൾ ഒഴിവായി കിട്ടും.

കഥ പുറത്തു പോകും എന്ന് വലിയ ആശങ്കയുള്ളവരാണല്ലോ സിനിമക്കാർ. അതീവ ജാഗ്രത. നടന്റെ ഒരു ലുക് പോസ്റ്റർ പോലും പുറത്തുപോകാതിരിക്കുക. സെറ്റിൽ അതീവ രഹസ്യങ്ങൾ. അങ്ങനെയിരിക്കുമ്പോൾ, പ്രസിദ്ധപ്പെടുത്തി, കുറച്ചു പേർ വായിച്ച ഒരു ആശയത്തെ ഏറ്റെടുക്കാൻ അവർക്ക് ആശങ്കയില്ലേ?

സിനിമയിലും പല വിധത്തിലുള്ളവരുണ്ട്. ഇത്തരത്തിൽ ഒരു സാഹിത്യകൃതിയെ അവലംബിച്ച് സിനിമ ചെയ്യാൻ താൽപര്യമുള്ളവരാണ് നമ്മളെ സമീപിക്കുന്നത്. അതവരുടെ സ്വാതന്ത്ര്യവും ധൈര്യവുമൊക്കെയാണ്. ഏതാണ്ട് ഉരുത്തിരിഞ്ഞ, പലവട്ടം എഴുതി പരിശീലിച്ച ഒരു ത്രെഡ്​ കിട്ടുന്നതിനെ ഗുണമായി കരുതുന്നവരുമുണ്ട്. അതേകുറിച്ച് ചിന്തിക്കുന്നില്ല. നമ്മൾ സിനിമക്കകത്തേയ്ക്ക് കയറി, അതിലെ മൽസരങ്ങളിലേയ്ക്ക് കുരുങ്ങാൻ താൽപര്യപ്പെടുന്നില്ല. എഴുത്തുകാരന്റെ സൈക്കിൾ സ്റ്റാൻഡു പോലുമിടാതെ ഞാൻ സിനിമയുടെ മതിലിൽ ചാരിവച്ചിട്ടുണ്ട്. എടുത്തിങ്ങു പോരും. ഒരു ലാപ്ടോപ് വയ്ക്കാനുള്ള ഇടം നമുക്ക് സാഹിത്യത്തിലുമുണ്ട്. ഇല്ലെങ്കിലും കുഴപ്പമില്ല. ഇതൊന്നും മാത്രമല്ലല്ലോ ജീവിതം.

ഇങ്ങനൊക്കെ ഉള്ളതുകൊണ്ടാണോ, സാഹിത്യം ഉപേക്ഷിച്ചു, ഇനി കഥപറച്ചിലേ ഉള്ളൂ എന്നുപറഞ്ഞത്?

കഥയാണ് ജീവിതം. അതിലെ സാഹിത്യമല്ല. കഥയെ കൂച്ചുവിലങ്ങിട്ട്, സാഹിത്യത്തിന്റെ നാലതിരിൽ, നാൽപതുപേർ മാത്രം വായിച്ച് കൊലപ്പെടുത്തുന്നതുമാത്രമല്ല. അഥവാ അതിനറിയാം മരിക്കാൻ.
പല തരത്തിൽ എഴുത്തുകാരുണ്ട്. ഗാഢമായി ആഴത്തിൽ സാഹിത്യത്തെ കണ്ട് പരിചരിച്ച്, അധ്വാനിച്ച് എഴുതുന്ന ഗൗരവക്കാരായ ഗഹനസാഹിത്യകാരന്മാർ. ഞാൻ അവരുടെ ആരാധകനാണ്. പക്ഷേ എന്റെ ക്രമം അതല്ല. എന്റെ ഉള്ള് സത്രം പോലെയാണ്. പല കഥാപാത്രങ്ങൾ കേറിയിറങ്ങി പോകുന്നു. പല ആശയം വരുന്നു. എന്റെ ക്രമവും സൗകര്യവും പ്രകൃതവും അനുസരിച്ച് എഴുതുന്നു. ഞാനെന്നു വച്ചാൽ, ലോകമെങ്ങും എന്റെ മട്ടിലുള്ള എഴുത്തുകാരുണ്ട്.

വായനക്കാർ അതിനെ ഏറ്റെടുക്കുന്നു?

വായനക്കാരുടെ വിശകലനം, മനസ്സിന്റെ വേഗം എന്നിവ കൂടിവരികയാണ്. കഥാസന്ദർഭത്തിന്റെയും കഥാപാത്രത്തിന്റെയും ദിശകളുടെ സൂചന മതി, ബാക്കി അവരത് മനസിൽ എഴുതുന്നുണ്ട്. അത് മനസ്സിലാക്കാനാകണം. നമുക്ക് പറയാനുള്ളത് ഇതാണെന്ന് പറഞ്ഞു പിൻവാങ്ങുന്നു. അതിൽ ധീരതയുടെ പ്രശ്നമില്ല. അത്തരം സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർ കുറച്ചുപേർ വരും.

കൃതികൾക്ക് ക്ലാരിറ്റി വരുമ്പോഴാകാം ദൃശ്യപരത കൂടുന്നത്?

ആകാം. ദൃശ്യമെന്നാൽ സിനിമ മാത്രമല്ല. ചെന്നായ എന്ന കഥ പലയിടത്ത് അമച്വർ നാടകക്കാർ ഉപയോഗിച്ചു, സിനിമയാക്കിയ ശേഷവും. അമ്മിണിപ്പിള്ള സിനിമയ്ക്കു മുൻപ് നാടകവ്യാഖ്യാനമുണ്ടായി. നമുക്കതിൽ പങ്കില്ല. ഐഡിയ എടുത്ത് കലാകാരന്മാർ വ്യാഖ്യാനം ചെയ്യുന്നു. അവരാണ് ക്രിയേറ്റേഴ്സ്. ഐഡിയ ഒരു വിത്താണ്. നമ്മൾ വളരെ ചെറിയൊരു വിത്തുസംഭരണശാല നടത്താൻ ശ്രമിക്കുന്നു എന്നതേയുള്ളൂ. അതും എല്ലാം നേരത്തേ പറഞ്ഞതു പോലെ നമ്മുടേതല്ല. പലരിൽ കേട്ടതും എന്നോ പറഞ്ഞതും, അതിൽ നിന്ന് ഉരുത്തിരിഞ്ഞതുമൊക്കെയാണ്. നമ്മളതിന്റെ പ്രജാപതിയാണെന്നും തോന്നിയിട്ടില്ല. തോന്നിയാൽ ചുമ്മാ സ്വന്തമായിരുന്ന് തോന്നുകയേയുള്ളൂ. അതങ്ങനല്ല. അതാണ് വാസ്തവം.

സാഹിത്യത്തെ ഒരു കരിയറാക്കി മാറ്റാം, ജോലി ഉപേക്ഷിച്ചല്ലോ?

സാഹിത്യം കലയാണ്. അത് കരിയറാക്കുമ്പോ സംഭവിക്കുന്ന അപകടത്തെ കുറിച്ച് ബോധ്യം വേണം. കല എന്ന മട്ടിൽ അതിന് നിലനിൽപ്പുണ്ട്. ലിറ്ററേച്ചർ കഴിഞ്ഞാൽ മറ്റെന്തുമുണ്ട്. അതിൽ നിന്ന് ഉരുത്തിരിയുന്നതിന് കച്ചവടമാണ്. അതിൽ നിന്ന് ഉപജീവനമാകാം. എഴുത്തിൽ വെള്ളം ചേർക്കരുത്. അത് സാഹിത്യകൃതിയായിരിക്കണം. എക്കാലവും. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

അഞ്ജലി അനിൽകുമാർ

ഫ്രീലാൻസ്​ ജേണലിസ്​റ്റ്​.

Comments