ഫെയ്‌ദോർ ഡോസ്‌റ്റോയെവ്‌സ്‌കി

ആത്മഹത്യ ചെയ്യാൻ തോക്ക് അടുത്തുവെച്ചിരിക്കുന്ന
മനുഷ്യൻ കാണുന്ന സ്വപ്‌നം

വിശ്വാസിയല്ലാത്ത ഒരാളെന്ന നിലയ്ക്ക് എനിക്ക് തോന്നിയിട്ടുള്ളത്​, മനുഷ്യന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് പോകാൻ കഴിഞ്ഞ ഒരു എഴുത്തുകാരനാണ് ഡോസ്‌റ്റോയെവ്‌സ്‌കി എന്നാണ്.

ഴുത്തുകാരനായതുകൊണ്ട്, അധ്യാപകനായതുകൊണ്ട് വായന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട അനുഭവമാണ്. വായന ഉള്ളതുകൊണ്ടാണ് ഒരാൾ എഴുത്തുകാരനാകുന്നത്. കോളേജിൽ പഠിച്ചുതുടങ്ങുന്ന കാലത്തായിരിക്കണം ഡോസ്‌റ്റോയെവ്‌സ്‌കിയെയും വായിച്ചുതുടങ്ങുന്നത്. ഡോസ്‌റ്റോയെവ്‌സ്‌കിയുടേതടക്കമുള്ള കുറച്ച് പുസ്തകങ്ങൾ ജീവിതത്തിൽ അടിസ്ഥാനപരമായ അനുഭവങ്ങളായി മാറിയിട്ടുണ്ട്. ജീവിതത്തെ ഒരുപക്ഷെ സൂക്ഷ്മമായ രീതിയിൽ മാറ്റിയിട്ടുള്ള പുസ്തകങ്ങൾ കുറച്ചുണ്ട്. കസാൻദ്‌സാകിസിന്റെ ദൈവത്തിന്റെ ദരിദ്രവാസി (ഗോഡ്‌സ് പോപ്പർ) എന്ന വിശുദ്ധ ഫ്രാൻസിനെക്കുറിച്ചുള്ള നോവൽ, ടോൾസ്‌റ്റോയിയുടെ അന്ന കരിനീന തുടങ്ങിയവ സ്വാധീനം ചെലുത്തിയിട്ടുള്ളവയാണ്. അതുപോലെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനമുണ്ടാക്കിയ ഒരു കൃതി ഡോസ്‌റ്റോയെവ്‌സ്‌കിയുടെ ദി ഇഡിയറ്റ് ആണ്. ഇഡിയറ്റ് ഒന്നിൽക്കൂടുതൽ തവണ വായിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട പുസ്തകമായതുകൊണ്ട് ചിലർക്കൊക്കെ സമ്മാനമായി ആ പുസ്‌കം കൊടുത്തിട്ടുമുണ്ട്.

ടോൾസ്‌റ്റോയിയോ ഡോസ്‌റ്റോയെവ്‌സ്‌കിയോ എന്ന ചോദ്യത്തിന് വലിയ പ്രസക്തി എന്റെ മനസ്സിലില്ല. കലാമേൻമയിലും രചനാവൈദഗ്ധ്യത്തിലും ഒരുപക്ഷേ ടോൾസ്‌റ്റോയ് ഡോസ്‌റ്റോയെവ്‌സ്‌കിയേക്കാൾ മീതെയാണെന്ന് പറയേണ്ടിവരും.

ഇഡിയറ്റിലുള്ള ഒരു പ്രധാന പ്രയോഗം എപ്പോഴും മനസ്സിലുണരാറുണ്ട്. The biological urge to speak. ജൈവശാസ്ത്രപരമായിട്ട് സംസാരിക്കുക എന്ന ഒരു ചോദന മനുഷ്യനുണ്ട് എന്ന പ്രയോഗം ഇഡിയറ്റിലുണ്ട്. ഇഡിയറ്റിലെ മിഷ്‌കിനെ വായിച്ചിട്ടുള്ളവർക്കൊക്കെ അതറിയാം. മിഷ്‌കിൻ ആ നോവലിന്റെ തുടക്കത്തിൽ തന്നെ തീവണ്ടിയിൽ യാത്രചെയ്യുമ്പോൾ സഹയാത്രികരോട് പെട്ടെന്ന് സംസാരിച്ചുതുടങ്ങുന്നു, അതുപോലെ ഒരു വീട്ടിൽ വിരുന്നിന് ചെല്ലുന്ന നേരത്ത് കാമുകിയുടെ മുൻകൂട്ടിയുള്ള നിർദേശങ്ങളെല്ലാം മറന്ന്​ ചാടിയെണീറ്റ് വർത്തമാനം പറയുകയുന്നുണ്ട്. കാമുകി മുൻകൂട്ടി തന്നെ പറയുന്നുണ്ട്, പെട്ടെന്ന് കയറി സംസാരിക്കുകയും ഫ്‌ളവർവേസ് തട്ടിയിടുകയുമൊന്നും ചെയ്യരുതെന്ന്​. ഇഡിയറ്റിൽ നമ്മൾ കാണുന്നത് മിഷ്‌കിൻ ഇതുതന്നെ ചെയ്യുന്നതാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ ഡോസ്‌റ്റോയെവ്‌സ്‌കിയുടെ കൃതികളിൽ ധാരാളമുണ്ട്. ഒരുപക്ഷെ വായാടികളായിട്ടുള്ള കഥാപാത്രങ്ങൾ, വായാടിയെന്ന് മറ്റുള്ളവർ വിശേഷിപ്പിക്കാൻ സാധ്യതയുള്ള കഥാപാത്രങ്ങൾ.

ഇഡിയറ്റ് പോലെതന്നെ പത്തുമുപ്പത്തിയാറ് കൊല്ലം മുമ്പ് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഡോസ്‌റ്റോയെവ്‌സ്‌കിയുടെ മറ്റൊരു കഥയുണ്ട്, വൈറ്റ് നൈറ്റ്‌സ് (വെളുത്ത രാത്രികൾ). ഈ കഥയെ ആധാരമാക്കി ബ്രസ്‌നന്റെതുൾപ്പെടെ കുറച്ച് സിനിമകളും വന്നിട്ടുണ്ട്. വൈറ്റ് നൈറ്റ്‌സ്, ഇഡിയറ്റ് തുടങ്ങിയവ സ്വാധീനം ചെലുത്തിയതുപോലെ കാരമസോവ് സഹോദരൻമാർ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാൻ പറ്റില്ല. 1985-ൽ എട്ടുരൂപയ്ക്ക് വാങ്ങിയ ഡോസ്‌റ്റോയെവ്‌സ്‌കിയുടെ ഒരു കഥാസമാഹാരമുണ്ട്, പ്രോഗ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ചതാണിത്. ആ സമാഹാരത്തിലെ ഒരു കഥ ഞാൻ വായിക്കുന്നത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. ആ സമാഹാരത്തിലെ അവസാനത്തെ കഥ, The Dream of a Ridiculous Man (അപഹാസ്യനായ ഒരു മനുഷ്യന്റെ സ്വപ്‌നം). ഡോസ്‌റ്റോയെവ്‌സ്‌കിയുടെ ഏറ്റവും പ്രധാന കഥകളിലൊന്നാണ് എന്ന് വായിച്ചപ്പോൾ തോന്നി. അത് സ്വപ്‌നത്തെക്കുറിച്ചുള്ള ഒരു അപഗ്രഥനം കൂടിയാണ്. ഫ്രോയിഡിന്റെ ലോകപ്രശസ്തമായ സ്വപ്‌നവ്യാഖ്യാനം എന്ന പുസ്തകം ഇറങ്ങുന്നതിനുമുമ്പുതന്നെ ഇങ്ങനെയൊരു കഥ ഇറങ്ങിയെന്നത് പ്രധാനമാണ്. ഫ്രോയിഡ് ഇതേക്കുറിച്ച് പറഞ്ഞത് ഇതാണ്: അബോധത്തെ കണ്ടുപിടിച്ചത് ഞാനല്ല, എനിക്കുമുമ്പ് എഴുത്തുകാർ അത് കണ്ടുപിടിച്ചിട്ടുണ്ട്. ഷേക്‌സ്പിയർ, ഡോസ്‌റ്റോയെവ്‌സ്‌കി തുടങ്ങിയ എഴുത്തുകാരാണ് അബോധത്തെ കണ്ടുപിടിച്ചത്. ഞാനിത് പറയുന്നത് കപടമായ വിനയമുള്ളതുകൊണ്ടല്ല, സത്യത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ്.

​​​​​​​ ഭൗതികവാദികളായ ഫ്രോയ്​ഡിനെപ്പോലെയുള്ള ഒരുപാടു പേർ ഡോസ്‌റ്റോയെവ്‌സ്‌കിയെ ബഹുമാനിച്ചിരുന്നു. അതിന്റെ പല കാരണങ്ങളിലൊന്ന് ഒരു പക്ഷെ മനുഷ്യന്റെ വേദന മനസ്സിലാക്കാനുള്ള ഡോസ്‌റ്റോയെവ്‌സ്‌കിയുടെ അന്വേഷണങ്ങളായിരിക്കണം

ഫ്രോയ്​ഡിന്റെ പ്രധാനപ്പെട്ട ഒരു പഠനം ഡോസ്‌റ്റോയെവ്‌സ്‌കിയെക്കുറിച്ചുണ്ട്, ഡോസ്‌റ്റോയെവ്‌സ്‌കിയും പ്രതിപത്തിയും. ആ പഠനത്തെ അപഗ്രഥിച്ചും തള്ളിക്കളഞ്ഞും പിൽക്കാലത്ത് ലേഖനങ്ങൾ വന്നിട്ടുണ്ട്. മനുഷ്യന്റെ മനസ്, മനുഷ്യന്റെ അബോധം എന്നിവ അപഗ്രഥിക്കുന്നതിനുള്ള എഴുത്തുകാരന്റെ കഴിവിനെ അദ്ദേഹം അതിൽ അംഗീകരിച്ചു എന്നതാണ് പ്രസക്തം. ഫ്രോയ്ഡ്​ ഇത്രയും ആദരവോടെ, മനുഷ്യമനസ്സിനെ അറിഞ്ഞ എഴുത്തുകാരനെന്ന് ഡോസ്‌റ്റോയെവ്‌സ്‌കിയെ വിശേഷിപ്പിച്ചപ്പോൾ, അതിന് എത്രയോ വർഷങ്ങൾക്കുമുമ്പ് എന്താണ് മനഃശാസ്ത്രത്തിലുള്ള തന്റെ പാണ്ഡിത്യത്തെക്കുറിച്ച് ഡോസ്‌റ്റോയെവ്‌സ്‌കി പറയുന്നതെന്ന് നോക്കാം: ""ഒരു മനഃശാസ്ത്രജ്ഞനെന്ന് എന്നെ വിളിക്കാറുണ്ട്, പക്ഷെ അത് സത്യമല്ല.'' I am merely a realist in the highest sense എന്നാണ് ഡോസ്‌റ്റോയെവ്‌സ്‌കി തന്നെക്കുറിച്ച് പറയുന്നത്. I depict all the depths of the human soul എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷെ ഡോസ്റ്റോയെവ്‌സ്‌കിയെക്കുറിച്ച് പറയുമ്പോൾ ഏതുകാലത്തും ഉപയോഗിക്കാവുന്ന പ്രയോഗമാണിത്.

സിഗ്മണ്ട് ഫ്രോയ്ഡ്‌ / Photo: Wikimedia Commons

നമുക്കറിയാം, ഡോസ്‌റ്റോയെവ്‌സ്‌കി ആത്മാവുകളിലും ദൈവങ്ങളിലും വിശ്വസിച്ചിരുന്നു. ദൈവത്തിൽ വിശ്വാസമില്ലാത്തവർക്കെതിരെ അദ്ദേഹം പലപ്പോഴും എഴുതിയിട്ടുണ്ട്. കാരമസോവ് സഹോദരൻമാരിലെ ഇവാൻ, ആ കാലത്ത് റഷ്യയിലുണ്ടായിട്ടുള്ള പടിഞ്ഞാറൻ സ്വാധീനത്തിന്റെ ഫലമായി ദൈവനിഷേധത്തിന്റെ ആശയങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കഥാപാത്രമാണ്. ഇവാൻ the grand inquisitor ടെ കഥ പറയുന്നത് വിശ്വാസിയായ അലോഷിയോടാണ്. ഒരുപക്ഷേ, നോവലിൽ മുഴുവനായി അലോഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരിക്കാം ഡോസ്‌റ്റോയെവ്‌സ്‌കി ആഗ്രഹിച്ചിട്ടുണ്ടാവുക. ഇവാനും ദിമിത്രിയുമൊക്കെ ആ നോവലിൽ കടന്നുവരുകയാണ്. അലോഷിയെ ദൈവത്തിന്റെ പ്രതിരൂപമായും വിമോചകനായുമൊക്കെയാണ് അവതരിപ്പിക്കുന്നത്.

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചയാൾ സ്വന്തം മുറിയിലേക്ക് വരുമ്പോൾ, ഒരു പെൺകുട്ടി അദ്ദേഹത്തെ കടുന്നുപിടിച്ച്, വീട്ടിൽ അമ്മ വയ്യാതെ കിടക്കുകയാണ് സഹായിക്കണമെന്ന് പറയുന്നു.

ബൈബിൾ പുതിയ നിയമത്തിൽ പറയുന്നതുപോലെ കുട്ടികളെപ്പോലെയായാൽ മാത്രമേ സ്വർഗം ലഭിക്കൂ എന്ന സങ്കൽപം ഡോസ്‌റ്റോയെവ്‌സ്‌കിയുടെ കഥകളിലുണ്ട്. കുട്ടികളുമായിട്ടുള്ള അടുപ്പം നേരത്തെ പറഞ്ഞ, അപഹാസ്യനായ മനുഷ്യന്റെ സ്വപ്‌നം എന്ന കഥയിലുമുണ്ട്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചയാൾ സ്വന്തം മുറിയിലേക്ക് വരുമ്പോൾ, ഒരു പെൺകുട്ടി അദ്ദേഹത്തെ കടുന്നുപിടിച്ച്, വീട്ടിൽ അമ്മ വയ്യാതെ കിടക്കുകയാണ് സഹായിക്കണമെന്ന് പറയുന്നു. ഈ കഥാപാത്രം ആ കുട്ടിയെ തള്ളിയിട്ട് സ്വന്തം മുറിയിലേക്ക് പോകുകയാണ് ചെയ്യുന്നത്. ആ കൊച്ചുപെൺകുട്ടിയെ പോലെയുള്ള കുട്ടികളെ ഡോസ്‌റ്റോയെവ്‌സ്‌കിയുടെ പല കൃതികളിലും കാണാൻ കഴിയും, യേശുവിന്റെ പോലെ നിഷ്‌കളങ്കതയുള്ള കുട്ടികൾ. ലോകത്തെ രക്ഷിക്കാനുള്ളയാൾ യേശുവാണ് എന്നതാണ് ഇദ്ദേഹത്തിന്റെ വിശ്വാസമെന്നത് വ്യക്തമാണ്.

ഇഡിയറ്റിന്റെ അവസാനത്തെ അധ്യായത്തെ ആധാരമാക്കി ആന്ദ്രെ വലിദ എടുത്ത നൊസ്‌റ്റാസിയ എന്ന സിനിമയിലെ തിന്മയുടെ പ്രതീകമായ റോഹോഷിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ തന്നെയാണ് മിഷ്‌കിനെയും അവതരിപ്പിക്കുന്നത്. കുരിശിൽ നിന്നിറക്കിയ യേശുവിനെ ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന പോർട്രെയ്റ്റുണ്ട് ആ സിനിമയിൽ. ഹാൻ ഹാൾബെയ്റ്റിന്റെ ഈ പെയിന്റിങ് യൂറോപ്പിലേക്ക് യാത്ര പോയ സമയത്താണ് ഡോസ്റ്റോയെവ്സ്കിയും അന്നയും കാണുന്നത്. ചിത്രം കണ്ടപ്പോൾ അന്നയ്ക്ക് ഒട്ടും ഇഷ്ടമായില്ല. എന്നാൽ ഡോസ്റ്റോയെവ്സ്കി അതിനെ കണ്ടത് മറ്റൊരു രീതിയിലാണ്. ഡോസ്റ്റോയെവ്സ്കി പറയുന്നത് യേശു ഭൂമിയിൽ വന്ന് മനുഷ്യനായി അവതരിച്ചു എന്നതിന്റെ ഒരു തെളിവാണ് ഈ ചിത്രം എന്നാണ്. സുന്ദരനായ യേശുവല്ല ചിത്രത്തിലുള്ളത്, മുറിവുകളുടെ പാടുകളുണ്ട്. യാതനയുടെ, വേദനയുടെ ദുഃഖത്തിന്റെ ആ ചിത്രം ഡോസ്‌റ്റോയെവ്‌സ്‌കിക്ക് പ്രിയപ്പെട്ടതായി.

സാമൂഹികമായ പരപ്പ്, വിശാലമായ യാഥാർഥ്യത്തിന്റെ അവതരണം ഡോസ്‌റ്റോയെവ്‌സ്‌കിയിൽ ചിലപ്പോൾ കുറവായിരിക്കാം. എന്നാൽ അതിന് പകരംവെക്കാവുന്ന തരത്തിലുള്ള ആഴം മനുഷ്യമനസ്സിന്റെ ചിത്രീകരണത്തിലുണ്ട്.

ഭൗതികവാദികളായ ഫ്രോയ്​ഡിനെപ്പോലെയുള്ള ഒരുപാടു പേർ ഡോസ്‌റ്റോയെവ്‌സ്‌കിയെ ബഹുമാനിച്ചിരുന്നു. അതിന്റെ പല കാരണങ്ങളിലൊന്ന് ഒരു പക്ഷെ മനുഷ്യന്റെ വേദന മനസ്സിലാക്കാനുള്ള ഡോസ്‌റ്റോയെവ്‌സ്‌കിയുടെ അന്വേഷണങ്ങളായിരിക്കണം. ആ നിലയ്ക്കാണ് നൊസ്റ്റാസിയ എന്ന സിനിമയിലെ ആ പെയിന്റിങ് ഉൾപ്പെടുത്തിയ രംഗത്തിന്റെ പ്രസക്തി.

സഹനം എന്നതിന് ഡോസ്‌റ്റോയെവ്‌സ്‌കി നൽകുന്ന ഒരു പ്രാധാന്യമുണ്ട്. വിശ്വാസിയല്ലാത്ത ഒരാളെന്ന നിലയ്ക്ക് എനിക്ക് തോന്നിയിട്ടുള്ളത്​, മനുഷ്യന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് പോകാൻ കഴിഞ്ഞ ഒരു എഴുത്തുകാരനാണ് ഡോസ്‌റ്റോയെവ്‌സ്‌കി എന്നാണ്. ഹംഗേറിയൻ മാർക്‌സിസ്റ്റ് നിരൂപകനായ ലൂകാക്സ് ഡോസ്‌റ്റോവ്‌സ്‌കിയുടെ രചനകളെക്കുറിച്ച് ഒരു ദീർഘലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്ന ഒരു കാര്യം, ഡോസ്‌റ്റോയെവ്‌സ്‌കിയുടെ പ്രസക്തി എന്ന് പറയുന്നത് അദ്ദേഹം ചോദ്യങ്ങൾ ശരിയായ രീതിയിൽ ചോദിച്ചു എന്നതാണ്.

ലിയോ ടോൾസ്‌റ്റോയ് / Photo: Wikimedia Commons

ജോർജ് സ്‌റ്റെയ്‌നറുടെ ടോൾസ്‌റ്റോയ് ഓർ ഡോസ്‌റ്റോയെവ്‌സ്‌കി എന്ന പുസ്തകം 1985-നുമുമ്പ് വായിച്ചതാണ്. ടോൾസ്‌റ്റോയിയോ ഡോസ്‌റ്റോയെവ്‌സ്‌കിയോ എന്ന ചോദ്യത്തിന് വലിയ പ്രസക്തി എന്റെ മനസ്സിലില്ല. ഞാൻ അതിന് മറുപടിയായി കാണുന്നത് ചിലരൊക്കെ ഉപയോഗിക്കുന്ന ‘ടോൾസ്‌റ്റോവ്‌സ്‌കി’ എന്ന പ്രയോഗമാണ്. ഡോസ്‌റ്റോയെവ്‌സ്‌കി പ്രസക്തനാകുന്നത് അദ്ദേഹം അവതരിപ്പിക്കുന്ന യാഥാർഥ്യത്തിന്റെ തീക്ഷ്ണതയിലും സങ്കീർണതയിലുമാണ്. ടോൾസ്‌റ്റോയ് പ്രസക്തനാകുന്നത് സാമൂഹികമായ പശ്ചാത്തലം കൊണ്ടാണ്. കലാമേൻമയിലും രചനാവൈദഗ്ധ്യത്തിലും ഒരുപക്ഷേ ടോൾസ്‌റ്റോയ് ഡോസ്‌റ്റോയെവ്‌സ്‌കിയേക്കാൾ മീതെയാണെന്ന് പറയേണ്ടിവരും. മറ്റൊരു കാര്യം ടോൾസ്‌റ്റോയിയുടെ നോവലുകളിലുള്ള വിശദാംശങ്ങൾക്കുള്ള സ്ഥാനം ഡോസ്‌റ്റോയെവ്‌സ്‌കിയുടെ രചനകളിലുണ്ടോയെന്ന് സംശയമാണ്.
ടോൾസ്‌റ്റോയിയുടെ അന്ന കരിനീന ഉപമകളാൽ സമൃദ്ധമാണ്. എന്ത് കാര്യം പറയുമ്പോഴും അതിന് കാവ്യാത്മകമായ ഉപമകൾ ടോസ്‌റ്റോയിയുടെ കൃതികളിലുണ്ട്. അത്തരത്തിൽ ഡോസ്‌റ്റോയെവ്‌സ്‌കിയുടെ രചനകളിലുണ്ടോയെന്ന് എനിക്ക് ഉറപ്പില്ല. സാമൂഹികമായ പരപ്പ്, വിശാലമായ യാഥാർഥ്യത്തിന്റെ അവതരണം ഡോസ്‌റ്റോയെവ്‌സ്‌കിയിൽ ചിലപ്പോൾ കുറവായിരിക്കാം. എന്നാൽ അതിന് പകരംവെക്കാവുന്ന തരത്തിലുള്ള ആഴം മനുഷ്യമനസ്സിന്റെ ചിത്രീകരണത്തിലുണ്ട്. നന്മയുടെ, നിഷ്‌കളങ്കതയുടെ സ്വർഗമൊക്കെ അദ്ദേഹത്തിന്റെ കൃതികളിലുണ്ടെങ്കിലും അദ്ദേഹം പ്രസക്തനാകുന്നത് തിൻമയുടെ അല്ലെങ്കിൽ മനുഷ്യ മനസ്സിന്റെയൊക്കെ ചിത്രീകരണത്തിലൂടെയായിരിക്കണം. അലോഷിയെക്കാളും മിഷ്‌കിനെക്കാളുമൊക്കെ ഒരുപക്ഷെ കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് റവോഷിനും ഇവാനും ദിമിത്രിയുമൊക്കെയായിരിക്കും.

ആത്മഹത്യ ചെയ്യാൻ തോക്ക് അടുത്തുവെച്ചിരിക്കുന്ന മനുഷ്യൻ കാണുന്ന സ്വപ്‌നം അദ്ദേഹം സ്വർഗത്തിലേക്ക് പോകുന്നതായാണ്. സ്വർഗം എന്ന് പറയുന്നത് തീർച്ചയായും ഈ ഭൂമി തന്നെയാണ്.

ഫ്രോയിഡിന്റെ ഡോസ്‌റ്റോയെവ്‌സ്‌കി ആൻഡ് പാരിസൈഡ് എന്ന ലേഖനത്തിൽ പിതൃഹത്യ എന്നത് അക്ഷരാർഥത്തിൽ എടുക്കണമെന്നില്ല. വസ്തുതാപരമായി അത് തെറ്റാണെന്നും പിന്നീട് ആളുകൾ പറയുന്നുണ്ട്. മനുഷ്യ മനസ്സിനെ അന്വേഷിക്കാനുള്ള ത്വരയായിരിക്കും മനുഷ്യരുള്ള കാലത്തോളം ഡോസ്‌റ്റോയെവ്‌സ്‌കിയെ പ്രസക്തനാക്കുന്നത്. ഡോസ്‌റ്റോയെവ്‌സ്‌കിയുടെ പിന്നീട് വന്ന എല്ലാ കഥകളിലുമുള്ള ആശയം The dream of a ridiculous man എന്ന കഥയിലുണ്ട്. ആത്മഹത്യ ചെയ്യാൻ തോക്ക് അടുത്തുവെച്ചിരിക്കുന്ന മനുഷ്യൻ കാണുന്ന സ്വപ്‌നം അദ്ദേഹം സ്വർഗത്തിലേക്ക് പോകുന്നതായാണ്. സ്വർഗം എന്ന് പറയുന്നത് തീർച്ചയായും ഈ ഭൂമി തന്നെയാണ്. റഷ്യക്കാരനായ അലക്‌സാണ്ടർ പെട്രോവിന്റെ The dream of a ridiculous man എന്ന പേരിലുള്ള ഒരു സിനിമയുണ്ട്. കഥയുടെ ഏറ്റവും കൃത്യമായ രീതിയിലുള്ള ആവിഷ്‌കാരമാണ് ഈ സിനിമ.

ആൽബർട്ട് ഐൻസ്​റ്റൈൻ ടോൾസ്‌റ്റോയിയെയും ഡോസ്‌റ്റോയെവ്‌സ്‌കിയെയും താരതമ്യം ചെയ്​ത്​ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് ടോൾസ്‌റ്റോയ് ഒരു ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമാണെങ്കിൽ, ഡോസ്‌റ്റോയെവ്‌സ്‌കി ഒരു മനഃശാസ്ത്രജ്ഞനോ മനുഷ്യ മനസ്സിന്റെ പുരാവസ്തു ഗവേഷകനോ ആണെന്നാണ്. Dostoevsky gives me more than any scientist എന്നും ശാസ്ത്രജ്ഞനായ ഐൻസ്​റ്റൈൻ പറയുന്നു.
ഡോസ്‌റ്റോയെവ്‌സ്‌കിയുടെ ഇഡിയറ്റിൽ നിന്നുള്ള ഒരു വാക്യം ഏറെ പ്രശസ്തമാണ്: Beauty will save the world (ലോകത്തെ സൗന്ദര്യം രക്ഷിക്കും) എന്നാണ് ഡോസ്‌റ്റോയെവ്‌സ്‌കി എഴുതിയിട്ടുള്ളത്. ഒരുപക്ഷെ അത് കലയിലുള്ള വിശ്വാസം കൂടിയായിരിക്കാം.

ജെ.എം. കൂട്‌സി / Photo: IMdb

നൊബേൽ സമ്മാനം നേടിയ ജെ.എം. കൂട്‌സി എഴുതിയ ദി മാസ്റ്റർ ഓഫ് സെൻറ്​ പീറ്റേഴ്‌സ്ബർഗ് എന്ന പുസ്തകം വായിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. കാരമസോവ് സഹോദരൻമാരിൽ പണം കടംകൊടുക്കുന്ന ജൂതസ്ത്രീയെ തലയ്ക്ക് അടിച്ച് കൊല്ലുന്ന രംഗമുണ്ട്. അതെഴുതുന്ന സമയത്ത്, ജൂതസ്ത്രീയുടെ തലയ്ക്ക് മഴുകൊണ്ട് അടിക്കുന്നയാളായി ഡോസ്‌റ്റോയെവ്‌സ്‌കി മാറിയെന്നാണ് കൂട്‌സി എഴുതുന്നത്. കൊല്ലുന്ന യുവാവ് മാത്രമല്ല, കൊല്ലപ്പെടുന്ന ജൂതസ്ത്രീയായും ഡോസ്‌റ്റോയെവ്‌സ്‌കി മാറുന്നുവെന്ന് കൂട്‌സി നിരീക്ഷിക്കുന്നു. കൊല്ലപ്പെടുന്നയാളും കൊല്ലുന്നയാളും മാത്രമല്ല, ആ മഴുവായും എഴുത്തുകാരൻ മാറുന്നതായി കൂട്‌സി പറഞ്ഞുവെക്കുന്നു.

ചെറുപ്പകാലത്ത് വിപ്ലവ സംഘങ്ങളുമായിട്ടുള്ള ബന്ധം മാറ്റിനിർത്തിയാൽ ഡോസ്‌റ്റോയെവ്‌സ്‌കി ദൈവവിശ്വാസിയായിരുന്നു. വിപ്ലവബന്ധമുണ്ടായതിൽ അദ്ദേഹം പിന്നീട് ഖേദിച്ചിട്ടുമുണ്ട്.

ഡോസ്‌റ്റോയെവ്‌സ്‌കിക്ക് യഥാർഥത്തിൽ ഉണ്ടായിരുന്ന അപസ്മാര രോഗം ഇഡിയറ്റിലെ മിഷ്‌കിനുമുണ്ട്. കാരമസോവ് സഹോദരൻമാരിൽ നാലാമത്തെയാൾക്കാണ് ഡോസ്‌റ്റോയെവ്‌സ്‌കി തന്റെ രോഗം കൊടുത്തിരിക്കുന്നത്. ഡോസ്‌റ്റോയെവ്‌സ്‌കിയുടെ ആത്മാവ് അല്ലെങ്കിൽ മനസ് ഒരേപോലെ എല്ലാതരം കഥാപാത്രങ്ങളിലും താദാത്മ്യം പ്രാപിക്കുന്നു. ഒരുപക്ഷെ ഡോസ്‌റ്റോയെവ്‌സ്‌കിയെ പോലെ അനുഭവങ്ങളുള്ള എഴുത്തുകാർ ലോകത്ത് വളരെ കുറവായിരിക്കും. അച്ഛൻ കൊല്ലപ്പെട്ടതായിട്ടാണല്ലോ പറയുന്നത്. പത്തുകൊല്ലത്തോളം അദ്ദേഹം തടവറയിൽ കഴിയുകയുണ്ടായി. പിന്നെ രോഗം. ഫ്രോയ്ഡ് പറയുന്നത് അച്ഛന്റെ മരണശേഷമാണ് ഡോസ്‌റ്റോയെവ്‌സ്‌കിക്ക് രോഗം വന്നതെന്നാണ്. അത് ശരിയല്ലെന്നാണ് പിന്നീട് പലരും പറഞ്ഞത്. ഇത്രയും അനുഭവങ്ങളിലൂടെ കടന്നുപോയ ഡോസ്‌റ്റോയെവ്‌സ്‌കിയാവണം ഇതൊക്കെ എഴുതിയിട്ടുള്ളത്.

ചെറുപ്പകാലത്ത് വിപ്ലവ സംഘങ്ങളുമായിട്ടുള്ള ബന്ധം മാറ്റിനിർത്തിയാൽ ഡോസ്‌റ്റോയെവ്‌സ്‌കി ദൈവവിശ്വാസിയായിരുന്നു. വിപ്ലവബന്ധമുണ്ടായതിൽ അദ്ദേഹം പിന്നീട് ഖേദിച്ചിട്ടുമുണ്ട്. അതാണ് ഭൂതാവിഷ്ടർ എന്ന നോവലിലുള്ളത്. കവി വില്യം ബ്ലേക്കും ഇതുപോലെ ചെയ്തതായി പറയുന്നുണ്ട്. തന്റെ കാലിലെ ചെളി കഴുകിക്കളഞ്ഞതായാണ് ബ്ലേക്ക് ഇതേക്കുറിച്ച് പറഞ്ഞത്. ഡോസ്‌റ്റോയെവ്‌സ്‌കിയും ഏകദേശം ഇതുപോലെ തന്നെയാണ് പിന്നീട് പറഞ്ഞത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്ന് ഇങ്ങനെയാണ്: കാലത്ത് ഏഴുമണിക്ക് ആളുകളെ വെടിവെച്ച് കൊല്ലാൻ പട്ടാളക്കാർ വന്നുനിൽക്കുകയാണ്. തടവുകാരെ രണ്ട് സംഘങ്ങളാക്കിയിരിക്കുന്നു. ഇതിൽ രണ്ടാമത്തെ സംഘത്തെ കൊല്ലാതിരിക്കുകയാണ്. എപ്പോഴും മരണഭയം ഉണ്ടാകാനും ജീവൻ തിരിച്ചുകൊടുത്തതിന് രാജാവിനോടുള്ള നന്ദി ഉണ്ടാകാനുമാണ് ഇങ്ങനെ ചെയ്തത്. ഇഡിയറ്റിൽ മിഷ്‌കിൻ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഇത്തരമൊരു സംഭവം സഹയാത്രികരോട് വിവരിക്കുന്നുണ്ട്.

ലോകത്തോട് മുഴുവൻ നമുക്ക് സ്‌നേഹമുണ്ടായിരിക്കുകയും എന്നാൽ അടുത്തിരിക്കുന്നയാൾ മൂക്ക് ചീറ്റുന്നതുപോലും സഹിക്കാൻ പറ്റാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അപഹാസ്യനായ ഒരു മനുഷ്യന്റെ സ്വപ്‌നത്തിൽ ഡോസ്‌റ്റോയെവ്‌സ്‌കി പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വെറുപ്പുണ്ടാകുന്നതെന്ന് സ്വപ്‌നം കാണുന്നയാൾ ആലോചിക്കുന്നുണ്ട്. മനുഷ്യ മനസ്സിന്റെ ഈയൊരു സങ്കീർണത ആവിഷ്‌കരിക്കുന്ന ഈ എഴുത്തുകാരനെക്കുറിച്ച് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ, ആശാന്റെ വരികൾ ഓർമിക്കുകയാണ്...കനിവാർന്നനുജാ പൊറുക്കണേ നിനയാതോതിയ കൊള്ളിവാക്കുകൾ അനിയന്ത്രിതമായി ചിലപ്പോഴുഴലും മനമോടാത്ത കുമാർഗമില്ലെടോ
ആശാന്റെ മനമോടിപോയ കുമാർഗമേതാണെന്ന് നമുക്കറിയില്ല.

സ്ത്രീയും പണവും തന്നെയാണ് ഡോസ്‌റ്റോയെവ്ക്‌സിയുടെ കൃതികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന പ്രമേയങ്ങൾ. ഇഡിയറ്റിൽ കുറച്ച് പണമെടുത്ത് തീയിലേക്ക് വലിച്ചെറിഞ്ഞ് മറ്റൊരു കഥാപാത്രത്തോട് അതെടുക്കാൻ പറയുന്ന ഒരു രംഗമുണ്ട്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും പണവുമാണ് അതിലുള്ളത്. ഡോസ്‌റ്റോയെവ്‌സ്‌കിയുടെ ഗാംബ്ലർ ജീവിതമൊക്കെയാണ് ഈ രംഗം വായിക്കുമ്പോൾ ഓർമ വരുന്നത്. ഡോസ്‌റ്റോയെവ്‌സ്‌കി ഇന്ന് എഴുതുകയാണെങ്കിൽ തീർച്ചയായും അന്നെഴുതിയതുപോലെ ആയിരിക്കില്ല. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഐ. ഷണ്മുഖ ദാസ്

ചലച്ചിത്ര നിരൂപകൻ, എഴുത്തുകാരൻ. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും ദൃശ്യകലാ പഠനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു. തൃശൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽനിന്ന് അധ്യാപകനായി വിരമിച്ചു. മലകളിൽ മഞ്ഞ് പെയ്യുന്നു, സഞ്ചാരിയുടെ വീട്, ഗൊദാർദ്: കോളയ്ക്കും മാർക്‌സിനും നടുവിൽ, ശരീരം നദി നക്ഷത്രം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments