ഉച്ചാരണവും പാരമ്പര്യങ്ങളും

ഭാഷയിലെ നിയമാനുസാരിയും അല്ലാത്തതുമായ ഉച്ചാരണങ്ങളെക്കുറിച്ച്​ ഒരു ആലോചന

""തിരിഞ്ഞുനോക്ക്യാൽ ന്താ പറ്റ്ന്ന് നിശ്ചണ്ടോ ഉണ്ണിക്ക്? അച്ഛൻ ചോദിച്ചു. തടഞ്ഞുവീഴും, കുഞ്ഞുണ്ണി പറഞ്ഞു. വീണാൽ ന്താ ണ്ടാവ്വാ? ബന്ധുക്കൾ ചിരിക്കുംന്നല്ലേ അച്ഛൻ പറഞ്ഞുതന്ന പഴഞ്ചൊല്ല്? കുട്ടി മറന്നില്ല്യാ, വ്വോ ?''
(ഗുരുസാഗരം, ഒ.വി. വിജയൻ)

""തെറ്റിയും വികലമായും സംസ്‌കൃതം ഉച്ചരിക്കുന്നതുകേട്ട് ചിലർ ചിരിച്ചു. അംഗഭംഗം വന്ന പദം നേരെ ചൊവ്വേ തിരുത്തിപ്പറയാൻ പലരും മുതിർന്നു. അന്ധമായി വിശ്വസിക്കാനും സംസ്‌കൃതം അർത്ഥമറിയാതെ ഉച്ചരിക്കുന്നവരുടെ മേൽക്കോയ്മ ചോദ്യം കൂടാതെ അംഗീകരിക്കാനും കളരിയിൽ പഠിക്കുന്നവരോ പഠിച്ചവരോ തയ്യാറില്ലായിരുന്നു.''
(തീക്കടൽ കടഞ്ഞ് തിരുമധുരം, സി. രാധാകൃഷ്ണൻ)

""ദേ ആനേനെ കണ്ടോ?'' പവിത്ര തുള്ളിച്ചാടി. ""ആനേനെ അല്ല, ആനയെ എന്നു പറയെടീ.'' കളിയായി അവനവളുടെ ചെവിക്കു നുള്ളി.
(മോദസ്ഥിതനായങ്ങു വസിപ്പൂ മലമേലെ, എസ്. ഹരീഷ്)

കോട്ടയത്തെ ചില അച്ചായന്മാരുടെ വർത്തമാനത്തിൽ മാത്രമല്ല, കൊല്ലത്തുനിന്നുള്ള മഹാകവി ഒ.എൻ.വി. കുറുപ്പിന്റെ കാവ്യാലാപനത്തിൽപ്പോലും ചില ഉച്ചാരണ സ്ഖലിതങ്ങൾ കേട്ട് പരിഹാസമടക്കാൻ പാടുപെടുന്നവരെ നിങ്ങൾ കണ്ടിട്ടില്ലേ? യെയും യെയും ഫാനിലെ പോലെയോ, അത്തരമൊരു ചുവയോടെയോ ഉച്ചരിക്കുന്നത് കേട്ട് ചെവിയിൽ വിരൽ തള്ളിക്കേറ്റാനിടവന്നതും ചെന്നിക്കുത്തുണ്ടായതും കഷ്ടം തോന്നിയതും കരച്ചിൽവന്നതുമൊക്കെ പറഞ്ഞുകേൾക്കാൻ ഇടവന്നിട്ടില്ലേ? മലയാളോച്ചാരണകാര്യങ്ങളിൽ മലയാളം അധ്യാപകർക്ക്​ ഒരു "നിശ്ച്യോല്ല' എന്നതാണ് അത്തരത്തിൽ പ്രതികരിക്കുന്ന പലർക്കും ഏറെ വേദനാജനകമായിരിക്കുന്നത്. ശിക്ഷിക്കേണ്ട കുറ്റമായിരിക്കുന്നത്. അതിഖരം, മൃദു, ഘോഷം എന്നിവ സംസ്‌കൃതോച്ചാരണശിക്ഷപ്രകാരം ഉച്ചരിക്കാത്തതാണ് പ്രശ്‌നം. സംസ്‌കൃതസംഭാഷണചതുരരെല്ലാവരും ഇതൊക്കെ ഒരേ മട്ടിൽ സ്ഥാനനിർണയം ചെയ്തു "വേണ്ട'പോലെ നാവു തൊട്ടും തൊടാതെയും ശ്വാസിനാദിഭേദങ്ങളോടുകൂടിയും പ്രാണഭേദങ്ങളോടെയും ആണോ ഉച്ചരിച്ചുപോന്നിരുന്നത്? അങ്ങനെ നിയമാനുസാരിയായി ഉച്ചരിച്ചിട്ടാണോ ആ ഭാഷതന്നെയും ഉച്ചാരണരൂപത്തിൽനിന്ന് മിക്കവാറും നിഷ്‌കാസിതമായത് എന്നും ആലോചിക്കാം നിയമാനുസാരികൾ മാത്രമുള്ള നാടും ഭാഷയും മരവിച്ച് നിശ്ചലമാകാനാണ് ഇട എന്നുണ്ടോ?

ഒ. വി. വിജയൻ, സി. രാധാകൃഷ്ണൻ, എസ്. ഹരീഷ്

നമ്മുടെ ഭാഷയെ നമ്മൾ മലയാളമെന്നു വിളിക്കുന്നു. മലയാളം എന്ന ഈ ഒരൊറ്റപ്പേരുകൊണ്ടു കുറിക്കുന്നു എന്നതിനർത്ഥം കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒരേ പദാവലിയും ഒരേ ഉച്ചാരണവിശേഷങ്ങളും കടുകിടതെറ്റാതെ ഉപയോഗിച്ചുപോരുന്നു എന്നല്ലെന്നു നമുക്കറിയാം. എഴുത്തിൽപ്പോലും വ്യത്യസ്തതകളുണ്ട്. പക്ഷേ, പരസ്പരവിനിമയം സാധ്യമാക്കുന്ന തരത്തിൽ പരിചിതമായ പദങ്ങളുടെയും ഉച്ചാരണങ്ങളുടെയും വാക്യക്രമങ്ങളുടെയും കൂട്ടമെന്ന നിലയിൽ നമുക്ക് മലയാളത്തിന്റെ വകഭേദങ്ങളാണ് അതെല്ലാമെന്നു മനസ്സിലാക്കാനാകുന്നുണ്ട്. ഇങ്ങനെ ഭേദങ്ങളോടെ നാം വ്യക്തിപരമായി പ്രയോഗിക്കുന്നതും, മനസ്സിലാക്കാൻ പ്രയോജനപ്പെടുത്തുന്നതുമായ ഒരു പ്രതീകവ്യവസ്ഥയെയാണ് മലയാളം എന്നു വിശേഷിപ്പിക്കുന്നത്. ആ മാനസിക മലയാളവ്യവസ്ഥയുടെ പ്രത്യക്ഷീകരണങ്ങളായ ചീന്തുകളായി നമ്മളുടെ സംസാരത്തെയും എഴുത്തിനെയും മനസ്സിലാക്കാം. പ്രത്യക്ഷമായ ഭാഷണങ്ങൾതമ്മിൽ ഭൗതികമായി അന്തരമുണ്ടാകുമ്പോഴും അവ മനസ്സിൽ ഉണർത്തുന്ന ആശയബിംബങ്ങളെ തിരിച്ചറിയാൻ നമുക്കു സാധിക്കുന്നു.

പ്രത്യക്ഷബിംബങ്ങൾക്ക് ഈ മാനസികബിംബങ്ങളെ ഉണർത്താൻ പര്യാപ്തമായ വ്യത്യാസം, ഭാഷാശാസ്ത്രക്കാർ പറയുന്ന വ്യാവർത്തകത്വം, ഉണ്ടായിരിക്കുക പ്രധാനമാണ്. അതില്ലെങ്കിൽ ആശയവിനിമയം തടസ്സപ്പെടും. എല്ലാവരും എന്ന അക്ഷരം സമാനസന്ദർഭങ്ങളിൽപ്പോലും ഉച്ചരിക്കുന്നത് ഭൗതികമായ അവയുടെ ഗുണത്തെ സംബന്ധിച്ച പരിഗണനകളോടെ നോക്കിയാൽ വ്യത്യസ്തമായിട്ടാണ് എന്നു മനസ്സിലാകും. പ, ഭ, ബ്ദ, ക്ര, ജ്ര, ർ, ർത്ഥ, ന്ദ്ര, ശ്ര, . . . . . . തുടങ്ങിയവയുടെ ഉച്ചാരണത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കിൽ ചെകിടോർത്തുനോക്കൂ. എത്ര വ്യത്യസ്തമായാണ് അവയൊക്കെ ഉച്ചരിക്കപ്പെടുന്നതെന്ന് കേൾക്കൂ. നോക്കിയാൽ എഴുത്തിലുമുണ്ട് വ്യത്യാസം എന്നു കാണാം. അച്ചടിയിൽപ്പോലും ഭേദങ്ങളുണ്ട്. എത്രയോ തരം ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വ്യത്യാസങ്ങളിരിക്കുമ്പോഴും അവയ്ക്ക് ഒരു ആദർശമാതൃകയിലേക്ക് നമ്മെ നയിക്കാൻ കഴിയുന്നു. മാനസികമായ ആ ആദർശമാതൃകയുടെ തലത്തിൽവെച്ചാണ് നാം ശബ്ദത്തെയായാലും ലേഖനരൂപത്തെയായാലും മനസ്സിലാക്കുന്നത്.

ഉദാരമായ ഒരു സമീപനത്തോടെ കണ്ടാൽ ഉച്ചാരണങ്ങളുടെ വൈവിദ്ധ്യങ്ങളും രൂപഭേദങ്ങളും ഒക്കെ നിലനിൽക്കുകയും വിനിമയസാധ്യത നിലനിർത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഭാഷ എന്നു കാണേണ്ടിവരും

ഒരു തരത്തിൽ, മാനസികതലതത്തിലാണ് ഭാഷ നിലകൊള്ളുന്നതു തന്നെയെന്നു പറയേണ്ടിവരും. മനസ്സിലാക്കലിന്റെ ഉപാധിയായ ഭാഷ മനസ്സിലാണ് നിലകൊള്ളുന്നതെന്ന്. ഭാഷയ്ക്ക് ലാങ് എന്നൊരു അടിത്തലമുണ്ടെന്നു സങ്കല്പിച്ച സൊസ്യൂറിന്റെ ഏറ്റവും വലിയ സംഭാവന ഇക്കാര്യം ഒരു സങ്കല്പനമെന്ന നിലയിൽ അവതരിപ്പിച്ചു എന്നതാണ്. പ്രത്യക്ഷഭാഷയായ പരോളിൽനിന്ന്​ ഭിന്നമായി ഭാഷയ്ക്ക് ഒരു അമൂർത്തതലമുണ്ടെന്നും അതാണ് ഭാഷ (ലാങ് അഥവാ ലാംഗ്വേജ്) എന്നും, അതിനെ ഓർമ്മിപ്പിക്കുന്ന ഒരു നിലയാണ് മൂർത്തമായ പ്രത്യക്ഷ ഭാഷണ (പരോൾ) ത്തിനും അതിനെ ഓർമ്മിപ്പിക്കുന്ന എഴുത്തിനുമൊക്കെ ഉള്ളതെന്നും മനസ്സിലാക്കുകയായിരുന്നു സൊസ്യൂർ. ആ വീക്ഷണകോണിൽ നോക്കിയാൽ ഭാഷ ഒരു മാനസികപ്രതിഭാസമാണ്. അതിന്റെ പ്രത്യക്ഷരൂപം ആദർശമല്ല, അഥവാ തനിസ്വരൂപത്തിലുള്ളതല്ല, നാം കേൾക്കുകയും പറയുകയും ചെയ്യുന്ന ഭാഷണമെന്ന പരോൾ ഏതാണ്ട് അഥവാ ഏറെക്കുറെ ആണ്. അതുവെച്ച് നമുക്ക് "ആദർശത്തെ' (ഐഡിയൽ സ്വരൂപത്തെ) അറിയാം. അത് വേർതിരിച്ച് അറിയാനാവുന്നിടത്തോളമേ ആദർശം വിട്ടുള്ള കളി പാടുള്ളൂ.

വേർതിരിവ് -സാങ്കേതികമായി വ്യത്യാസമെന്നോ വ്യാവർത്തകത്വമെന്നോ വിവരിക്കുന്ന സംഗതി വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, എന്ന ഉച്ചാരണത്തിന് /എഴുത്തിന്, മറ്റ് ഉച്ചാരണങ്ങളിൽനിന്നും/ എഴുത്തുകളിൽനിന്നു വ്യത്യാസം ഉണ്ടായാൽ മാത്രമേ അതിനെ തിരിച്ചറിയാനാകൂ എന്നതു വാസ്തവമാണല്ലോ. അങ്ങനെ വ്യവച്ഛേദിക്കാൻ കഴിയുന്നതിനുപകരിക്കുന്നത്ര വ്യത്യസ്തത സൂക്ഷിക്കണം, ഒപ്പം ആദർശരൂപത്തോട് ആവതും അടുപ്പവും സൂക്ഷിക്കണം എന്നതിനപ്പുറത്ത് ഭാഷ കൃത്യമായ, നിയതമായ രൂപമനുശാസിക്കുന്നില്ല അഥവാ ആവശ്യപ്പെടുന്നില്ല. ആ നിലയിൽ അയഞ്ഞ രൂപബോധ്യമേ ഭാഷയ്ക്കുള്ളു. മലയാളഭാഷയിൽ ഇത് വളരെ പ്രകടമാണ്. ഒരു ലേഖനചിഹ്നം കൊണ്ട് വളരെ വ്യത്യസ്തമായ ഉച്ചാരണങ്ങളെ കുറിക്കാറുണ്ട്. എന്ന ചിഹ്നം നോക്കുക. ഇതിന് വ്യത്യസ്തമായ എഴുത്തുരീതികളുണ്ട്. ദന്ത്യവും വർത്സ്യവുമായി വ്യത്യസ്തമായ ഉച്ചാരണങ്ങളുണ്ട്. ക്ഷ എന്ന എഴുത്തുകൊണ്ട് പക്ഷിയിലേതുപോലെ ക്ഷ എന്നും ആക്ഷനിലേതുപോലെ ക്​ഷ എന്നും ഉള്ള ഉച്ചാരണങ്ങൾ നമുക്ക് സാധ്യമാക്കാനാവുന്നുണ്ട്. കൊണ്ട് സാധ്യമാകുന്ന ഉച്ചാരണഭേദങ്ങളെക്കുറിച്ച് തുടക്കത്തിൽ പറഞ്ഞു. ഉച്ചാരണസവിശേഷതകളായി പറയുന്ന പലതും രൂപഭേദങ്ങൾ തന്നെയാവുകയും ചെയ്യും. ആനേനെ എന്നല്ല ആനയെ എന്നാണ് പറയേണ്ടതെന്നു പഠിപ്പിക്കുമ്പോൾ ഉച്ചാരണപ്രശ്‌നം രൂപപരമായ തലത്തിലേക്ക് കടക്കുന്നുണ്ട്. ഉസ്‌കൂള്, ഇസ്‌കൂള്, ഇഷ്‌കോള്, ഇണ്ട്, ഒണ്ട്, ഇണ്ടായിറ്റിണ്ട്, പോയിനു, പോയിക്കി തുടങ്ങിയ രൂപങ്ങൾ നോക്കുക. ആദ്യത്തെ അഞ്ചെണ്ണം മാനകമെന്നു വെച്ചിട്ടുള്ള (ശരിരൂപം എന്നും കരുതിപ്പോരുന്ന) ഉച്ചാരണങ്ങളിൽനിന്നുള്ള വ്യതിയാനമെന്ന നിലയിലാണ് തെറ്റായ ഉച്ചാരണമെന്നു വിധിക്കപ്പെടുന്നത്. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ ധാരാളമായി കേൾക്കാനിടയാകുന്ന ഇനു, ഇക്കി ചേർന്ന രൂപങ്ങളെ വെറും ഉച്ചാരണഭേദമായി കണ്ടുകൂടാത്ത ഒരു നിലയിലുള്ളതാണ്. യഥാക്രമം ഇരിക്കുന്നു, ഇരുന്നു എന്നീ രൂപങ്ങളുടെ ഉച്ചാരണഭേദങ്ങൾ എന്നു പറഞ്ഞാൽ വിശാലമായൊരു അർത്ഥത്തിൽ തെറ്റാണെന്നു പറഞ്ഞുകൂടെങ്കിലും അവ പ്രാദേശികമോ സാമൂഹികമോ ആയി നിജപ്പെടുത്താവുന്ന വാമൊഴിഭേദരൂപങ്ങളാണ്. ഇങ്ങനെ ഉദാരമായ ഒരു സമീപനത്തോടെ കണ്ടാൽ ഉച്ചാരണങ്ങളുടെ വൈവിദ്ധ്യങ്ങളും രൂപഭേദങ്ങളും ഒക്കെ നിലനിൽക്കുകയും വിനിമയസാധ്യത നിലനിർത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഭാഷ എന്നു കാണേണ്ടിവരും. അതിൽ ചില ആദർശബിന്ദുക്കളെ സങ്കല്പിച്ചുകൊണ്ടാണ് വർണ്ണ (സ്വനിമ) വ്യവസ്ഥയൊക്കെ സങ്കല്പിച്ച് നിയമവത്കരണം നടത്തുന്നത്. എഴുത്തിന് അനുഗുണമായ ഒരു ആസൂത്രണത്തോടെയാണ് സംഭവിക്കുന്നതെന്നു വിലയിരുത്തുന്നതിൽ യുക്തിയുണ്ട്. സ്വനിമവിജ്ഞാനമെന്നത് ഭാഷയെ എഴുത്തിനു പര്യാപ്തമാക്കുന്ന ഏർപ്പാടുകൂടിയാണ് എന്നതു പ്രസിദ്ധമായ ഒരു പ്രമാണമാണ്1.

ഫെർഡിനാൻഡ് ഡി സൊസ്യൂർ / photo: wikimedia commons

ഈ പ്രക്രിയയിൽ മാനകീകരണത്തിന്റേതായ ഒരു തലമുണ്ട്. ഒരു ആദർശ ഭാഷാവ്യവസ്ഥയാണ് ഉണ്ടായിവരുന്നത്. അത് ലാങ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആദർശ വ്യവസ്ഥയല്ല. വൈവിദ്ധ്യാത്മകമായ സംസാരഭേദങ്ങളെ അനുവദിക്കുന്ന ഭാഷാവ്യവസ്ഥയെയാണ് ലാങ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വൈവിദ്ധ്യങ്ങളെ തിരസ്‌കരിച്ച് ആദർശബിന്ദുക്കളിലേക്ക് ഏകീകരിക്കുന്നതിലുത്സുകമായ വ്യവസ്ഥയെയാണ് മാനകഭാഷാപരിഗണനയിൽ കണക്കിലെടുക്കുന്നത്. ആദർശവ്യവസ്ഥയായതുകൊണ്ടുതന്നെ അതിന് ഒരു വിശേഷ മൂല്യവും അധികൃതത്വവും കൈവരുന്നു. സംസ്‌കരിക്കപ്പെടുന്നതിന് ലഭിക്കുന്ന വിശേഷാധികാരമാണ് അത്. അതിന് ഒരു മാനകമഹിമ കൈവരുന്നു എന്നുതന്നെ പറയാം. അത് ശരിയും കൃത്യവും സ്പഷ്ടവും ആയി ആദരവ്​കൈവരിക്കുന്നു. എഴുത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന കൃതികൾ അവയ്ക്ക് ആധികാരികതയും മാന്യതയും പ്രദാനം ചെയ്യുന്നു. അത് ആചരിക്കുന്നവക്കും ലഭിക്കുന്നു മഹത്വം. ഇങ്ങനെ വിശേഷപദവി ലഭിക്കുന്ന ഈ വ്യവസ്ഥ അനുസരിക്കുന്നവ ശരിയും മറ്റുള്ളവ തെറ്റും (അപഭ്രംശവും) എന്ന് കല്പിക്കപ്പെടുന്നു. പണ്ഡിതപ്രസിദ്ധമായത് ശരി, പാമരജനപ്രസിദ്ധമായവ തെറ്റ്. പണ്ഡിതർ രചിക്കുന്നവരും രചനകളെ അനുസരിക്കുന്നവരും, രചന പരിശീലിക്കുന്നതിന് അവസരം ലഭിച്ചവരുമാണ്. പ്രിവിലെജ്ഡ് സമുദായം എന്നു വേറൊരു തരത്തിൽ പറയാം. അവരുടെ പ്രമാണത്തിൽ, പാമരജനങ്ങൾ ഭാഷാപരമായി ശരികേടായി വിലയിരുത്തപ്പെടുന്നു.

ഭാഷാചരിത്രത്തിലെ ഒരു അവ്യക്തദുരന്തമാണിത്. നമ്മുടെ നിരൂപകരും എഴുത്തുകാരും ഒക്കെ പറയാറുള്ള മാർജിനലൈസേഷനിലെ ഒരു പ്രക്രിയ ഇതാണ്. എഴുത്തുള്ളവരും എഴുത്തില്ലാത്തവരും എന്നു രണ്ടു വർഗ്ഗം. ഈ രണ്ടു പാരമ്പര്യങ്ങളുമായുള്ള സംഘർഷമുണ്ട്, അല്ലെങ്കിൽ ഇതിലാദ്യത്തേതിന്റെ ഉൽക്കർഷവും രണ്ടാമത്തേതിന്റെ അപകർഷവുമുണ്ട്. അതുളവാക്കുന്ന കോംപ്ലക്‌സുകളും പീഡകളുമുണ്ട്. മിക്കവാറും അത് നിശ്ശബ്ദനിയമമായി ആചരിക്കപ്പെട്ടുപോരുന്നു. എഴുത്ത്​ കൈവശമെത്തിയാലും എഴുത്തുപാരമ്പര്യം ശക്തമല്ലാത്ത ജനതകൾ ശക്തി കുറഞ്ഞവരായും ഇരട്ടജീവിതക്കാരായും തുടരേണ്ടിവരുന്നു. അവർ എഴുത്തിന്റേതായ വിശേഷസന്ദർഭങ്ങളിൽ മാനകഭാഷാരീതികളിൽ ജീവിക്കും. മറിച്ചുള്ള സംസാരസന്ദർഭങ്ങളിൽ ആ ആദർശഭാഷണത്തെ മിക്കവാറും കൈവിടും. എഴുത്തുപാരമ്പര്യം ശക്തിപ്പെട്ട സമൂഹങ്ങൾക്ക് ആദർശ- മുഖ്യധാരാ പരിവേഷവും വിധിക്കാനുള്ള വിശേഷാധികാരം കിട്ടുകയും ചെയ്യും. മാനകീകരണത്തിന്റെ ഭാഗമാണ് ഈ പ്രക്രിയ. തുടക്കത്തിൽ ഉദ്ധരിച്ച സംഭാഷണങ്ങളിൽ ഇതിന്റെ പ്രകടനങ്ങളാണുള്ളത്.

ശരിയുടെ വിധാതാക്കളാൽ അപഹസിക്കപ്പെടുന്ന ഭാഷാഭേദങ്ങളുമായി ജീവിക്കുന്ന സമൂഹവിഭാഗങ്ങളുളവാക്കുന്ന ഈ മാനകീകരണപ്രക്രിയയുടെ ഇരകളെയാണ് പാമരന്മാരെന്ന നിലയിൽ ലീലാതിലകത്തിൽ പരാമർശിക്കുന്നത്, നേരിട്ടല്ല, അപാമര- ജനപരാമർശത്തിലെ അപരമായി, ദമിതജനമായിട്ട്. അപാമരർ എന്ന് ലീലാതിലകത്തിൽ പരാമർശിതരായ വിശേഷാധികാരമുള്ള ജനതയുടെ സാംസ്‌കാരികമൂലധനമായിരുന്നു അന്തസ്സും ആഭിജാത്യവും സാഹിത്യമൂല്യവുമൊക്കെ, കല്പിക്കപ്പെട്ട ഭാഷാഭേദം. അത് മണിപ്രവാളത്തിൽ കടന്നിരിക്കാൻ യോഗ്യതയുള്ള ഭേദമായിരുന്നുവെന്ന് മനസ്സിലാക്കാം. അതിന്റെ അപരമായി ജീവിക്കുന്ന ഭാഷകളാകട്ടെ കാരുണ്യത്തിന്റെയും അവഹേളനത്തിന്റെയുമൊക്കെ ഇരയാണ്. പാടും കേടുമായ ആളുകളെയെന്ന പോലെ ഭാഷാരീതികളെയും നോക്കിയുള്ള ചിരിയും പരിഹാസവും ചിലപ്പോൾ കരച്ചിലുമാണ് ശ്രേഷ്ഠതയുടെയും അറിവിന്റെയും നിറവിന്റെയും ആളായി സ്വയം അവരോധിക്കാൻ പര്യാപ്തമാവുക. കാരണം ഭാഷയുടെ നിഴലായി, പ്രത്യക്ഷബോധ്യങ്ങളുടെ വിപരീതവിപരീതദ്രവ്യമായി ഇത്തരം ധാരണകൾ നമ്മെ ഭരിക്കുകയാണ്. (പ്രത്യയശാസ്ത്രപരമായ ധാരണകൾ എന്നു പറഞ്ഞാൽ സകലർക്കും മനസ്സിലാകും!) ഭാഷയിലെ ശരി നിർണ്ണയിക്കുന്ന ധാരണകളാണിവ. മാനകഭാഷയെ ആദരിക്കുന്ന ധാരണകൾ കൂടിയാണ് അവ.

മലയാളത്തിന്റെ കാര്യത്തിൽ ഈ മാനകീകരണപ്രക്രിയ ഉളവാക്കിയിട്ടുള്ള ഭാഷാധാരണകളും ഭാഷാമനോഭാവങ്ങളും വളരെ സങ്കീർണമാണ്. അത്, മുകളിൽ സൂചിപ്പിച്ച ആദർശവർണ- ലിപിവ്യവസ്ഥ ചിട്ടപ്പെടുന്നതോടെ പ്രബലപ്പെട്ടതാണ്. ഇത് പല പാരമ്പര്യങ്ങളുടെ സമ്മേളനവുമായി ബന്ധപ്പെട്ടതുമാണ്. ഇതാണ് മേൽ സൂചിപ്പിച്ച സങ്കീർണതകൾക്ക് ഹേതുവായിത്തീരുന്നത്. മലയാളത്തിന്റെ ലിപിവ്യവസ്ഥ പരിണമിച്ചതുമായി ബന്ധപ്പെടുത്തി ചിന്തിച്ചാൽത്തന്നെ ഈ വഴിയിൽ കുറേ വെളിച്ചം ലഭിച്ചേക്കും.

മനസ്സിലാക്കിയിടത്തോളം ഇന്ത്യയിലെ മിക്ക ഭാഷകളുടെയും ലിപികളെന്നപോലെ മലയാളത്തിന്റെ ലിപികളും ബ്രാഹ്മിയിൽനിന്ന്​ പരിണമിച്ചുണ്ടായതുതന്നെയാണ്. ഏണും കോണും മാറി വട്ടെഴുത്തായും കോലെഴുത്തായും പരിണമിച്ചുവന്ന ഈ എഴുത്തുസമ്പ്രദായത്തിന് തമിഴ്‌നാട്ടിനും കൂടി പൊതുമ പറയാവുന്ന ഒരു പൂർവ്വഘട്ടമുണ്ടായിരുന്നതായി ഈ മേഖലയിൽ വിവരമുള്ള ആളുകൾ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്തായാലും നമ്മുടെ വട്ടെഴുത്തിനും കോലെഴുത്തിനും പ്രാഥമികദശയിൽ തമിഴ്‌സംഘാതാക്ഷരത്വമേ ഉണ്ടായിരുന്നുള്ളു. എന്നുവെച്ചാൽ സംസ്‌കൃതതിലെ വിശേഷോച്ചാരണങ്ങളെ കണക്കിലെടുത്തുള്ള വ്യവസ്ഥപ്പെടുത്തലായിരുന്നില്ല അവയിൽ ഉണ്ടായിരുന്നത്. അന്നത്തെ ആദർശഭാഷയ്ക്ക് അത്രയ്ക്ക് ആദർശബിന്ദുക്കൾ, അഥവാ വർണങ്ങളേ ആവശ്യമായിരുന്നുള്ളൂ. അതിന് ഒമ്പതു സ്വരവർണങ്ങളും പത്തൊമ്പതു വ്യഞ്ജനങ്ങളും മാത്രമേ വേണ്ടിയിരുന്നുള്ളൂ. തെക്കൻ (ദ്രാവിഡ, തമിഴ്) ബ്രാഹ്മിലിപിയുടെ പരിണാമം ഈ വർണവ്യവസ്ഥയ്ക്ക് അനുരോധമായിട്ടായിരുന്നു. അതായിരുന്നു നമ്മുടെ ആദർശവ്യവസ്ഥ, അഥവാ മാനകഭാഷാരീതി. അതിനോട് പൊരുത്തപ്പെടുന്നതാണ് നമ്മുടെ പാട്ടുസാഹിത്യപ്രസ്ഥാനത്തിന്റെ ഉച്ചാരണവ്യവസ്ഥ. ഇവിടെ പാട്ടുസാഹിത്യം പ്രതിനിധാനം ചെയ്യുന്നത് ഒരു മാനക ഉച്ചാരണരീതിയാണെന്നും അതാണ് അക്കാലത്തെ ശരി ഉച്ചാരണത്തിന് പ്രമാണമായിരുന്നതെന്നും കൂടി സങ്കല്പിക്കാം. തീർച്ചയായും പ്രാദേശികവടിവുകളും സാമൂഹികവടിവുകളും ഉണ്ടായിരുന്നിരിക്കണം. സംസ്‌കൃതോച്ചാരാണങ്ങളായ അതിഖരവും ഘോഷവുമൊക്കെ ഉള്ള ശബ്ദങ്ങളെ പാട്ടിൽ സ്വീകരിക്കുമ്പോൾ തത്ഭവമായി മാറ്റുന്നതിൽ ഇപ്പറഞ്ഞ പഴയ മാനകഭാഷാബോധം പ്രവർത്തിക്കുന്നുണ്ടാകണം.

കേരളഭാഷയുടെ ഗുരുത്വകേന്ദ്രം തമിഴ് (ദ്രാവിഡ) പാരമ്പര്യത്തിൽനിന്നു വഴിമാറിയെന്നു വേറൊരുതരത്തിൽ പറയാം. ഈ പരിണാമത്തെയാണ് സ്വത്വാർജ്ജനമായി നാം പലപ്പോഴും വിവരിച്ചുപോരുന്നത്. വാസ്തവമാലോചിച്ചാൽ സ്വത്വനഷ്ടമായിരുന്നില്ലേ ഇവിടെ സംഭവിച്ചത്?

പറഞ്ഞുവരുന്നത് ദ്രവിഡസംഘാതാക്ഷരനിബദ്ധത്വം അഥവാ തമിഴ് എഴുത്തുവ്യവസ്ഥ ആചരിച്ചിരുന്ന ഒരു മാനകഭാഷാരീതിയും ഉച്ചാരണരീതിയും നിലനിന്നിരുന്നു എന്നാണ്. അവിടെനിന്നുണ്ടായ ഒരു പരിണാമമാണ് ലിഖിതതലത്തിൽ ഗ്രന്ഥലിപിയിലേക്കും ഉച്ചാരണതലത്തിൽ സംസ്‌കൃതവർണ്ണങ്ങളെയാകെ സ്വീകരിക്കുന്നതിലേക്കും നയിച്ചത്. ആരിയച്ചിതൈവ് രൂപമായാലേ ശരിയായ, അഥവാ മാനകമായ രൂപമാകൂ എന്ന നില വിട്ട് പുതിയ ഭാഷാബോധത്തിലേക്ക് കേരളീയസമൂഹം പതുക്കെപ്പതുക്കെ പരിണമിച്ചു. സമൂഹത്തിൽ കോയ്മ കൈവന്ന ആര്യപാരമ്പര്യക്കാരുടെ സംസ്‌കൃതോച്ചാരണബഹളവും അവരിലൂടെ ബീജാവാപം നടന്ന മണിപ്രവാളസാഹിത്യവുമൊക്കെ ചേർന്നാണ് ഈ പുതിയ ഭാഷാകാലാവസ്ഥയ്ക്ക് കാരണമായതെന്നു വിചാരിക്കാം. ശബ്ദങ്ങളിലും ഉച്ചാരണത്തിലും തമിഴ് മാനകതയെ തുടരാൻ അനുവദിക്കാത്ത മട്ടിൽ പുതിയ ഭാഷാകോയ്മ പതുക്കപ്പതുക്കെ രൂപപ്പെടുകയും അതിന് സർവ്വാദരണീയത കൈവരികയും ചെയ്തിരിക്കണം. ഈ മാറ്റത്തോടൊപ്പം പാട്ടുകവിതാപ്രസ്ഥാനത്തിനും പരിണമിക്കേണ്ടിവന്നു. രാമചരിതത്തിൽനിന്ന് കണ്ണശ്ശകൃതികളിലേക്കും ചെറുശ്ശേരിയിലേക്കും എഴുത്തച്ഛനിലേക്കും വരുമ്പോൾ ഈ സ്വത്വപരിണാമം പൂർത്തിയാകുന്നു.

കൊല്ലം ചവറ സ്വദേശിയായ കവി ഒ.എൻ.വി. കുറുപ്പ് 'ഫ' ഉച്ചരിക്കുന്നതുകേട്ട് അലോസരപ്പെട്ട ഒരു ശിഷ്യൻ വളരെ ആത്മാർത്ഥമായും നിഷ്‌കളങ്കമായും ഇക്കാര്യം ഏറ്റുപറയുന്നുണ്ട്

എന്തായാലും പുതിയ ആദർശഭാഷ കേരളീയരുടെ ഭാഷാബോധത്തിൽ ഉരുത്തിരിഞ്ഞുവന്നു. അതിന്റെ നിയമങ്ങൾ മിക്കവാറും സംസ്‌കൃതനിയമങ്ങളായി. കേരളഭാഷയുടെ ഗുരുത്വകേന്ദ്രം തമിഴ് (ദ്രാവിഡ) പാരമ്പര്യത്തിൽനിന്നു വഴിമാറിയെന്നു വേറൊരുതരത്തിൽ പറയാം. ഈ പരിണാമത്തെയാണ് സ്വത്വാർജ്ജനമായി നാം പലപ്പോഴും വിവരിച്ചുപോരുന്നത്. വാസ്തവമാലോചിച്ചാൽ സ്വത്വനഷ്ടമായിരുന്നില്ലേ ഇവിടെ സംഭവിച്ചത്? പാരമ്പര്യമാണ് തനിമയെങ്കിൽ ദ്രവിഡസംഘാതാക്ഷരത്വത്തെ പിന്തുടരുന്ന ആദർശഭാഷയെയാണ് തനതെന്നും സ്വത്വമെന്നും വിവരിക്കേണ്ടത്. ഇവിടെയുണ്ടായ പരിവർത്തനത്തിൽ കേരളഭാഷയുടെ തനിമാനഷ്ടമായിരുന്നു, അഥവാ സ്വത്വനഷ്ടമായിരുന്നു സംഭവിച്ചതെന്നു പറയാം. പക്ഷേ, നമുക്കങ്ങനെ തോന്നാറില്ല. നമ്മുടെ ഭാഷാബോധത്തിനു സംഭവിച്ച പരിണാമമാണിതിനു കാരണം. ഭാഷയിലുണ്ടായ സംസ്‌കൃതസാന്നിധ്യത്തെ മേന്മയും കേമത്തവും ശ്രേഷ്ഠതയുമായി കേരളീയസമൂഹത്തിലെ മുഖ്യധാര കൊണ്ടാടി. സംസ്‌കൃതത്തിനുണ്ടായിരുന്ന പദസമ്പത്തും സാഹിത്യസമ്പത്തും അതിന്റെ വക്താക്കൾക്കുണ്ടായിരുന്ന പദവിയുമൊക്കെച്ചേർന്ന് ഉളവാക്കിയ ആധികാരികത, ഇവിടെയുണ്ടായ പരിണാമത്തെ സ്വത്വനഷ്ടമായി കാണുന്നതിനു പകരം സ്വത്വാർജ്ജനമായി മനസ്സിലാക്കുവാൻ ഇടയാക്കി. വലിയൊരു തലകീഴ്ക്കാഴ്ച ഇവിടെയുണ്ട് എന്നത് നമുക്ക് പിടികിട്ടുന്നേയില്ല. സകലതും കീഴ്‌മേൽ മറിക്കുന്ന പ്രത്യശാസ്ത്രത്തിന്റെ കളി എന്നേ പറയാൻ കഴിയൂ.

പുതിയതായി ഉരുത്തിരിഞ്ഞത് അവികലമായ തനിസ്വരൂപവും, പഴയതും പാരമ്പര്യബലമുള്ളതുമായ സമ്പ്രദായങ്ങൾ പോരിമയില്ലാത്ത അയിത്തഭാഷകളായി. വിരുന്നുകാർ വീട്ടുകാരായി എന്നു പറയുന്നതുപോലുള്ളൊരു അട്ടിമറി ഇതിൽ അന്തർഭവിച്ചിട്ടുണ്ട്

പഴയ സ്വത്വവും സ്വത്വബോധവും ആവിയായിപ്പോയി. പുതിയ സ്വത്വബോധമുറച്ചു. ദ്രാവിഡപാരമ്പര്യത്തിലെ തനിമാബോധം അഴിഞ്ഞുപോയി. സംസ്‌കൃതോച്ചാരണത്തെയും പദസമൃദ്ധിയെയും ജനത ആദരണീയമായി കണ്ടു. ഉച്ചാരണത്തിലെയും വ്യാകരണത്തിലെയും സംസ്‌കൃതനിയമങ്ങളെ ലംഘിക്കില്ല എന്ന പ്രതിജ്ഞ, അഥവാ കരാർ രൂപപ്പെട്ടു. മാനകഭാഷയെന്നത് സംസ്‌കൃതത്തെ പരിപാലിക്കുന്ന, ശുശ്രൂഷിക്കുന്ന ഒന്നായി പുനർനിർവ്വചിക്കപ്പെടുകയായിരുന്നു. ഇതോടെ ആരിയച്ചിതൈവു (സംസ്‌കൃതരൂപത്തെ ദ്രാവിഡരൂപമാക്കി പരിഷ്‌കരിക്കുന്നത്) കുറവായി, കുറ്റമായി. അപ്ഫനും ബിംബിഷ്ഠവും പോലുള്ള അതിപരിഷ്‌കരണം മികവായും മാറി.

ആര്യഭാഷയെയും ആര്യവംശീയനെയും അകത്തേക്കിരുത്തി മാനിച്ചുകൊണ്ടുള്ള മാനകഭാഷ കേരളഭാഷയുടെ മാന്യമായ മാനകസ്വരൂപമായി പ്രതിഷ്ഠ നേടി. അതിന്റെ വിധാതാക്കളായ ഒരു പുത്തൻ വർഗ്ഗം കടന്നുവന്നു. അവർ ആദർശമെന്നു നിനയ്ക്കുന്ന സംസ്‌കൃതീകരിച്ച കേരളഭാഷ നമ്മുടെ ഭാഷാക്രമക്കണക്കിന് ആധാരമായി. മാതൃഭാഷ എന്നൊക്കെ പറയുമ്പോൾ ഈ പുതിയ മാനകഭാഷയെയാണ് വാസ്തവത്തിൽ നാമറിയാതെ പരാമർശിക്കാനിടയാകുന്നത്. അതിൽനിന്നുള്ള വ്യതിയാനമായി, വൈകല്യമായി പ്രാദേശികഭാഷകളും പഴയ സമ്പ്രദായങ്ങളിൽ നിന്ന ഭാഷകളും തിരിച്ചറിയപ്പെട്ടു. പുതിയതായി ഉരുത്തിരിഞ്ഞത് അവികലമായ തനിസ്വരൂപവും, പഴയതും പാരമ്പര്യബലമുള്ളതുമായ സമ്പ്രദായങ്ങൾ പോരിമയില്ലാത്ത അയിത്തഭാഷകളുമായി. വിരുന്നുകാർ വീട്ടുകാരായി എന്നു പറയുന്നതുപോലുള്ളൊരു അട്ടിമറി ഇതിൽ അന്തർഭവിച്ചിട്ടുണ്ട്. ഈ വഴിയിൽ കേരളഭാഷയിലുണ്ടായ നവോദയത്തെ അംഗീകരിക്കുമ്പോൾത്തന്നെ ഈ ചരിത്രപരമായ അട്ടിമറിപ്രക്രിയയെ ഭാഷാപഠിതാക്കൾ കാണാതെ, മനസ്സിലാക്കാതെ പോകരുത്.

ഇങ്ങനെയുണ്ടായ ഭാഷാവബോധക്രമീകരണത്തിനും ഭാഷാനുഭവങ്ങൾക്കും അകത്താണ് നാം ഇന്ന് ജീവിക്കുന്നത്. നമ്മുടെ ഭാഷ എന്നു വിളിക്കപ്പെടുന്നത് ഈ പുതിയ ക്രമീകരണങ്ങളും ക്രമക്കണക്കുകളും ഒക്കെക്കൂടിയാണ്. വർത്തമാനത്തിൽ ജീവിക്കുന്ന ഭാഷാചരിത്രമാണത്. അതിനു താങ്ങായി ദ്രവിഡസംഘാതാക്ഷരത്വത്തെ ഉല്ലംഘിക്കുന്ന സംസ്‌കൃതവർണ്ണക്കണക്കും ഉച്ചാരണക്രമങ്ങളും ലിപിസമ്പ്രദായവും ഉരുത്തിരിയുകയും ചെയ്തു. തമിഴുപാരമ്പര്യത്തിനു മതിയായിരുന്ന വട്ടെഴുത്ത്- കോലെഴുത്ത് ലിപിവ്യവസ്ഥയിലേക്ക് അതിഖരഘോഷങ്ങൾക്കും ശഷസഹകൾക്കും വിസർഗ്ഗത്തിനും വരെ പ്രവേശം കൊടുത്ത് നാം ആദരിച്ചു. (ഭാഷയുടെ സൗന്ദര്യത്തെ പ്രകാശിപ്പിക്കുന്ന ഘടകങ്ങൾ അവയായിത്തീർന്നു!) ഗ്രന്ഥലിപിയുടെ ആരോഹണമുണ്ടാകുന്നത് ഈ പരിവർത്തനവുമായി കണ്ണിചേർന്നാണ്.

എന്താണ് ഗ്രന്ഥലിപിയെന്നു വിസ്തരിക്കേണ്ട സന്ദർഭമല്ല ഇത്. എങ്കിലും ചെറിയ വിശദീകരണം അനിവാര്യമാണെന്നും തോന്നുന്നു. വട്ടെഴുത്ത്, കോലെഴുത്ത് എന്നിങ്ങനെ രണ്ടു ലേഖനരീതികളാണ് കേരളത്തിൽ പ്രചുരപ്രചാരത്തിലുണ്ടായിരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ തമിഴെഴുത്തിന് പര്യാപ്തമായ ഈ സമ്പ്രദായത്തിന് ചേര- പാണ്ഡ്യ- ചോള നാടുകളായി പിരിഞ്ഞിരുന്ന തമിഴകത്താകെ പ്രചാരമുണ്ടായിരുന്നു. തെക്കൻ ബ്രാഹ്‌മിയുടെ സവിശേഷതകളായ വലത്തോട്ട് കൂട്ടി കൂട്ടക്ഷരങ്ങളും ഇരട്ടിപ്പുകളുമെഴുതുന്ന രീതിയുൾപ്പെടെയുള്ള സവിശേഷതകളാണ് അതിനുണ്ടായിരുന്നത്. അതിൽ വടക്കൻ ബ്രാഹ്‌മിയിലേതുപോലെ സംസ്‌കൃതത്തിലെ അധികാക്ഷരങ്ങളെ രേഖപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഈ പ്രതിസന്ധിയെ മറികടക്കേണ്ട സന്ദർഭമാണ് മണിപ്രവാളസാഹിത്യവും പിൽക്കാല വൈഷ്ണവപ്പാട്ടുകൃതികളും ഉണ്ടാക്കിയെടുത്തത്. പുതുമലയാണ്മയുടെ ആളുകൾ ഇങ്ങനെ രണ്ടു ധാരക്കാരായിരുന്നു. മണിപ്രവാളക്കാരും ഇതിഹാസപ്പാട്ടുകാരും. അതിലാദ്യത്തേതായ മണിപ്രവാളസാഹിത്യമാണ് കേരളഭാഷയെ സംബന്ധിച്ച ഒരു ചരിത്രപ്രധാനമായ ചർച്ചയ്ക്ക് ഹേതുവായത്. ആ ഭാഷാസംവാദത്തിന്റെ അനന്തരഫലമാണ് ലീലാതിലകമെന്ന കൃതി.

ശരിയായ ഉച്ചാരണത്തിനുവേണ്ടി വാദിക്കുമ്പോൾ മിക്കവാറും സംസ്‌കൃതോച്ചാരണം തെറ്റിക്കുന്നതിനെക്കുറിച്ചാണ് നാം വേവലാതിപ്പെടുന്നത്. സംസ്‌കൃതത്തിലെ ഉച്ചാരണക്രമങ്ങളിൽനിന്നുള്ള വ്യതിയാനം ആചാരലംഘനം പോലെ കുറ്റകരമായി മുഖ്യധാരയിലേക്കു വന്ന ധാരകളുടെ വക്താക്കൾക്ക് അനുഭവപ്പെടുന്നു

ഇതിഹാസപ്പാട്ടുപ്രസ്ഥാനത്തിന്റെ അഥവാ വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റ രാമചരിതാനന്തരവികാസം കേരളഭാഷയുടെ സംസ്‌കൃതീകരണപ്രക്രിയയെ അതിവേഗം മുന്നോട്ടുകൊണ്ടുപോയി. ആര്യാവർത്തത്തിൽ പ്രചുരപ്രചാരം നേടിയിരുന്ന രാമകഥയും ഭാരതകഥയുമൊക്കെ സംസ്‌കൃതത്തിൽനിന്നു സ്വീകരിച്ചവയായതിനാൽ എഴുത്തച്ഛനിലും മറ്റും സംസ്‌കൃതപദാവലി ധാരാളമായി കൂടെപ്പോന്നു. ഭാഗവതത്തെ അവലംബിച്ച് രചന നിർവ്വഹിച്ച ചെറുശ്ശേരി നമ്പൂതിരിയിലും പൂന്താനത്തിലും കാണുന്ന സംസ്‌കൃതം കുറഞ്ഞ ഭാഷാരീതിയും ഉണ്ട്. എന്നാൽ അവിടെയും സംസ്‌കൃതസ്വീകാരം തന്നെയായിരുന്നു നയം. ഫലത്തിൽ, എഴുതാനും പറയാനുമുള്ള കഥയും വസ്തുതയുമൊക്കെ അതിഖരഘോഷസമ്മേളിതമായി. അതിന് വടക്കൻ ബ്രാഹ്‌മിപാരമ്പര്യത്തിന്റെ സഹായമാണ് സ്വീകരിച്ചത്. ഗ്രന്ഥലിപി അങ്ങനെയാണ് ഉരുവം തിരിയുന്നത്. നമ്മുടെ ലേഖനവ്യവസ്ഥയിൽ വടക്കൻ ബ്രാഹ്മിയുടെയും തെക്കൻ ബ്രാഹ്മിയുടെയും രീതികൾ അതോടെ ഇടകലർന്നു. കൂട്ടക്ഷരരചനയിൽ ചേർത്തെഴുതുന്നതിനെക്കുറിച്ചു പറഞ്ഞല്ലോ. അത് തെക്കൻ ബ്രാഹ്മിരീതിയാണ്. വടക്കൻ രീതിയിൽ ചുവട്ടിലായിട്ടാണ് കൂട്ടക്ഷരവും ഇരട്ടിപ്പും കാണിക്കുവാനുള്ള ചേർത്തെഴുത്ത്. രണ്ടു വഴിക്കുവന്ന ഈ പാരമ്പര്യങ്ങൾ നമ്മുടെ ലേഖനസമ്പ്രദായത്തിൽ ഇടകലർന്നിട്ടുണ്ട്. ലേഖനസമ്പ്രദായത്തിലെന്നപോലെ സകല തലങ്ങളിലും സംസ്‌കൃതത്തിനുവേണ്ടി പരിഷ്‌കാരങ്ങളേർപ്പെടുത്തിയതിന്റെ ഫലമായുണ്ടായതാണ് മാനകമലയാളം. അതിനകത്തിരുന്നാണ് നാം ഉച്ചാരണസംബന്ധിയായ/എഴുത്തുസംബന്ധിയായ തീർപ്പുകളും തീരുമാനങ്ങളും എടുക്കേണ്ടിവരുന്നത്2.

'22 ഫീമെയിൽ കോട്ടയം' സിനിമയിലെ ഒരു രംഗം. മധ്യതിരുവിതാംകൂറിലെ ദേശ്യഭേദങ്ങളിൽ കേൾക്കാറുള്ള ഫകാരോച്ചാരണത്തെ കളിയാക്കി തിരുത്താൻ ശ്രമിക്കുന്നതാണ്​ രംഗം.

ശരിയായ ഉച്ചാരണത്തിനുവേണ്ടി വാദിക്കുമ്പോൾ മിക്കവാറും സംസ്‌കൃതോച്ചാരണം തെറ്റിക്കുന്നതിനെക്കുറിച്ചാണ് നാം വേവലാതിപ്പെടുന്നതെന്നു സൂചിപ്പിച്ചു. സംസ്‌കൃതത്തിലെ ഉച്ചാരണക്രമങ്ങളിൽനിന്നുള്ള വ്യതിയാനം ആചാരലംഘനം പോലെ കുറ്റകരമായി മുഖ്യധാരയിലേക്കു വന്ന ധാരകളുടെ വക്താക്കൾക്ക് അനുഭവപ്പെടുന്നു. ഇതിന്റെ വ്യസനത്തോടെയുള്ള പ്രകാശനങ്ങൾ നമ്മുടെ ഭാഷാചർച്ചകളുടെ ഒരു പ്രധാന ഭാഗമാണ്. വാമൊഴിഭേദങ്ങളിലെ വൈവിദ്ധ്യങ്ങളെയാണ് ഇങ്ങനെ മിടുക്കും മോടിയുമില്ലാത്ത രൂപങ്ങളായി കണ്ട് കളിയാക്കുന്നതും മൃദുവായി വിലക്കുന്നതും. സാമൂഹികവും പ്രാദേശികവുമായ ഭേദങ്ങളിൽ സംസ്‌കൃതാവിഷ്ടമായി ഗ്രന്ഥലിപികളുടെ ലോകത്തേക്കു വിടർന്ന ഭേദങ്ങളെ മാനകമായെടുത്തു മുഖ്യധാര പ്രതിഷ്ഠിക്കുകയും ഇതരങ്ങളെ തരംതാണതായി കണ്ട് ആട്ടുകയും ചെയ്യുന്നു.

വട്ടെഴുത്തു- കോലെഴുത്തുകാലത്തെ ഉച്ചാരണരീതികളെയൊക്കെയാണ് പലപ്പോഴും അറച്ചും പലപ്പോഴും വെറുത്തും കാണുന്നത്. അതിനു പുറത്ത്, ഇംഗ്ലീഷ് സ്വാധീനത്തിലും അറബിക് സ്വാധീനത്തിലും ഉണ്ടായ ചില ഉച്ചാരണപരിഷ്‌കൃതികളെയും പരിഹാസ്യമായി കാണുന്നത് ന്യായവും യുക്തവുമായി സംസ്‌കൃതാവിഷ്ടമാനകമലയാളത്തെ കരണീയമായി കരുതുന്ന മനസ്സുകൾ സ്വാഭാവികമെന്നപോലെ വിലയിരുത്താറുണ്ട്. തുടക്കത്തിൽ പരാമർശിച്ച ഉച്ചാരണം അക്കൂട്ടത്തിൽ പെട്ട ഒന്നാണ്. ഫഹദ് ഫാസിൽ റീമാ കല്ലിങ്കലുമൊത്ത് നടിച്ച 22 ഫീമെയ്ൽ കോട്ടയം സിനിമയിൽ മധ്യതിരുവിതാംകൂറിലെ(കൊല്ലം, കോട്ടയം) ദേശ്യഭേദങ്ങളിൽ കേൾക്കാറുള്ള ഫകാരോച്ചാരണത്തെ കളിയാക്കി തിരുത്താൻ ശ്രമിക്കുന്നത് ഇവിടെ ഓർക്കാം. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, കൊല്ലം ചവറ സ്വദേശിയായ മലയാളത്തിന്റെ പ്രിയ കവി പ്രൊഫസർ ഒ.എൻ.വി. കുറുപ്പ് ഉച്ചരിക്കുന്നതുകേട്ട് അലോസരപ്പെട്ട ഒരു ശിഷ്യൻ വളരെ ആത്മാർത്ഥമായും നിഷ്‌കളങ്കമായും ഇക്കാര്യം (അലോസരം) ഏറ്റുപറയുന്നത് (എഴുതിയത്) എനിക്ക് കാണേണ്ടിവന്നിട്ടുണ്ട്. എന്താണിവിടെ വികലവും പരിഹാസ്യവും ശരിപ്പെടുത്തേണ്ടതും എന്ന് ചിന്തിക്കാവുന്നതാണ്.

ഇവ എങ്ങനെ വന്നുപെട്ട ഉച്ചാരണങ്ങളാണ്? ഇവിടെ ഒരു ആലോചന മാത്രം നടത്തുകയാണ്. (എന്നുവെച്ചാൽ, ഉറപ്പിക്കാവുന്ന നിരീക്ഷണങ്ങളെന്നു കരുതുന്നില്ല) ഇവ ദ്രാവിഡമായ ഒരു ഉച്ചാരണപാരമ്പര്യത്തിൽ വരുന്നതല്ല എന്നു വേണം കരുതാൻ. സംസ്‌കൃതപാരമ്പര്യത്തിൽ വരുന്നതുമല്ല. അതിനാൽ യൂറോപ്യൻ ഉച്ചാരണങ്ങൾ വഴിക്ക്, മിക്കവാറും ഇംഗ്ലീഷ് വഴിക്ക് വന്നു കയറിക്കൂടിയതാകാനാണ് ഇട. ഫാൻ, ഫാൻസി, ഫാന്റസി, ഫിലിം, ഫീൽ, ഫ്രന്റ്, ഫ്രണ്ട്, ഫ്രെഷ്, ഫെയ്‌സ്, ഫെസ്റ്റിവൽ, ഫിസിക്‌സ്, ഫീമെയ്ൽ എന്നിങ്ങനെയുള്ള വാക്കുകളിലൂടെ ഇംഗ്ലീഷിൽനിന്നു വന്ന് നമ്മുടെ ഉച്ചാരണവ്യവസ്ഥയുടെ ഭാഗമായിട്ടുണ്ട്. അതാകണം ഫയുടെ ഉറവിടം. ഇംഗ്ലീഷ് തദ്ഭവങ്ങളിൽ നമുക്കത് പ്രയാസമുളവാക്കുന്നില്ല. പക്ഷെ, സംസ്‌കൃതത്തിൽനിന്നു സ്വീകരിച്ച ഫലം പോലുള്ള പദങ്ങളിലെ യുടെ സംസ്‌കൃത-അതിഖരോച്ചാരണത്തെ അത് ആദേശം ചെയ്യുന്നിടത്താണ് നമുക്ക് പ്രയാസം തുടങ്ങുന്നത്. വിമ്മിട്ടത്തെ വിമ്മിഷ്ടമാക്കുന്നതോ അച്ചനെ അച്ഛനാക്കുന്നതോ അപ്പനെ അപ്ഫനാക്കുന്നതോ ഒക്കെ മോടിയായല്ലാതെ വികലീകരണമായി നമുക്ക് തോന്നാറുമില്ല. സംസ്‌കൃതോച്ചാരണത്തെ വികലമാക്കുന്നിടത്താണ് നമ്മുടെ ബുദ്ധിമുട്ട് എന്നു സാരം. ഇംഗ്ലീഷ് ജന്യപദങ്ങളിലെ യെ കുറിക്കാൻ എന്ന ലിപി ഉപയോഗിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം എന്നു വിചാരിക്കാം. അതോടെ ലിപിയിൽ ഒട്ടിപ്പിടിച്ച ഈ ഇംഗ്ലീഷ് ഉച്ചാരണം സംസ്‌കൃതജന്യപദങ്ങളിലേക്കും പകർന്നുപടർന്നതാകണം. എന്തായാലും ഇത് വ്യാപകമായി പ്രചരിച്ച് യുടെ ഉച്ചാരണത്തെ ഇംഗ്ലീഷ് മട്ടിലാക്കിമാറ്റി. ഇംഗ്ലീഷ് സംസ്‌കൃതപദങ്ങളിലെ ഉച്ചാരണത്തെ വശീകരിച്ചു ""പിഴപ്പിച്ചു''. ഫലം, ഫലിതം, ഫൽഗുനൻ എല്ലാം ഫാഷനിലേതുപോലായി. ശരിയായ ഭാഷയെക്കുറിച്ചു നിരൂപിക്കുമ്പോഴൊക്കെ നാം വിഷമിക്കാനും തുടങ്ങി.

തമിളത്തം നമുക്ക് സ്വീകാര്യമല്ല, അത് മാനകമല്ല, മാന്യമല്ല എന്നു നമുക്കു തോന്നുന്നു. ഇതെല്ലാം വെച്ച് ആലോചിച്ചാൽ, സംസ്‌കൃതരീതികൾക്ക് മാന്യത കല്പിക്കുന്ന ഒരു മനോഭാഷയുടെ പ്രകാശനമാണ് നമ്മുടെ മാനകഭാഷയെന്ന് ആവർത്തിച്ചുറപ്പിക്കുകതന്നെ ചെയ്യാം

മലയാളത്തിലേക്ക് ഇംഗ്ലീഷ് വഴിക്കു മാത്രമല്ല യുടെ വരവ് എന്നു നാം കണ്ടു. ഫഹദും, ഫാസിലും, ഫാത്തിമയും ഫസലുർറഹ്‌മാനും മറ്റുമായി അറബിവഴിക്കു വന്ന കളുമുണ്ട്. അവ അതായിത്തന്നെ ഇരിക്കുമ്പോൾ കുഴപ്പമുള്ളതായി പൊതുവെ കാണുന്നില്ല. സംസ്‌കൃതശബ്ദങ്ങളിൽ അവയൊക്കെ കടന്നുകയറുന്നതിലേ നമുക്കു വിഷമമുള്ളൂ. അറബി ഉച്ചാരണങ്ങൾക്കൊപ്പം (ഷ)യും, (ഴ)യും ഒക്കെയായി പല ഭിന്നതകളും ചേർന്നുണ്ടാകുന്ന മാപ്പിളമലയാളത്തെ ഭാഷാഭേദമായല്ലാതെ മാനകമലയാളമായി കാണുവാൻ മാനകഭാഷാവബോധം അനുവദിക്കാറില്ല.

ദ്രാവിഡപാരമ്പര്യത്തിലുള്ള, എന്നാൽ തനിമലയാളിത്തമുള്ള ഒരു ഉച്ചാരണമാണ് യുടേത്. അത് യകാരമാക്കുന്നതിലും (ഉദാ: മഴ-മയ, കുഴപ്പം-കൊയപ്പം, വഴി-വയി) മാനകമലയാളഭാഷാബോധം വൈകല്യം ദർശിക്കുന്നുണ്ട്. അതിനർത്ഥം ഴകാരത്തെ മാനകഭാഷാംശമായി ആദരിക്കുന്നു എന്നാണ്. സംസ്‌കൃതരൂപത്തിന് ദ്രാവിഡത്വം അഥവാ തമിഴത്തം നൽകുന്ന ആരിയച്ചിതൈവിന് പാട്ടുപ്രസ്ഥാനകാലത്ത് കവിതയിൽ വരെ പ്രവേശമുണ്ടായിരുന്നു. അത് ച്യുതിയായി, വൈകല്യമായി അറിയുന്നിടത്ത് തുടങ്ങുന്നു നമ്മുടെ സംസ്‌കൃതകേന്ദ്രിതമാനകഭാഷാബോധം. ബുദ്ധിമാൻ പുത്തിമാനായി ഉച്ചരിക്കപ്പെടുന്നതോടെ ബുദ്ധിയൊക്കെയും ചോർന്നുപോകുന്നു എന്നാണ് നമ്മുടെ ഈ പുതിയ ഭാഷാവബോധത്തിലെ അനുഭവം. വിരിത്തലും മാനകമല്ല. സത്യം സത്തിയമാക്കിയാൽ മലയാളത്തിൽ സ്ലാങ്ങായി മാറുന്നു. ചുരുക്കത്തിൽ, തമിഴു(പ്രാചീന)പാരമ്പര്യം നമ്മൾ കുടഞ്ഞുകളയാനിച്ഛിക്കുന്നു എന്നു പറയാം. മാനകീകരണമെന്നത് തമിഴിൽനിന്നുള്ള അകല്ചയും സംസ്‌കൃതത്തോടുള്ള അടുക്കലും ചേർന്ന ഒരു പ്രക്രിയയും കൂടിയാണ് എന്നർത്ഥം.

എ.ആർ. രാജരാജവർമ്മ / photo: wikimedia commons

പൊതുവെ പറഞ്ഞാൽ സംസ്‌കൃതോച്ചാരണങ്ങളെ അവലംബിച്ചുള്ള ഒരു ശുദ്ധിവിചാരത്തിലാണ് ഉച്ചാരണപ്പിശകുകളെ സംബന്ധിച്ച നമ്മുടെ ധാരണകൾ പ്രവർത്തനക്ഷമമാകുന്നത്. എങ്കിൽ, അതിൽ വരില്ലല്ലോ എന്നു ചോദിക്കാം. അധികാക്ഷരങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭാഷാബോധം തനതായ ഒരു പാരമ്പര്യത്തെയാണ് അനുസരിക്കുന്നത് എന്നു കാണാനേ നിർവ്വാഹമുള്ളൂ. അത്തരം ഘടകങ്ങളെക്കൂടി കണക്കിലെടുത്ത് ""അമ്പത്തൊന്നക്ഷര''വ്യവസ്ഥയിൽ വ്യവസ്ഥാപനം ചെയ്തിട്ടുള്ള ഉച്ചാരണങ്ങളാണ് മാനകോച്ചാരണങ്ങൾ എന്നു പറയാം. അതിൽ ഖരാക്ഷരങ്ങൾക്ക് (അനുനാസികങ്ങൾക്കും) ദ്രാവിഡപാരമ്പര്യത്തിലും വേരുകളുണ്ട്. എന്നാൽ, അവയുടെ കാര്യത്തിലും ഉച്ചാരണവിഷയത്തിൽ സംസ്‌കൃതമാണ് പ്രമാണമാകുന്നത്. ചകാരോച്ചാരണം ശകാരച്ഛായയിലാകുന്നതിനെ നമുക്ക് മാനകരീതിയായി കാണാനാവുന്നില്ലെന്ന് കാണുക. തമിളത്തം നമുക്ക് സ്വീകാര്യമല്ല, അത് മാനകമല്ല, മാന്യമല്ല എന്നു നമുക്കു തോന്നുന്നു. ഇതെല്ലാം വെച്ച് ആലോചിച്ചാൽ, സംസ്‌കൃതരീതികൾക്ക് മാന്യത കല്പിക്കുന്ന ഒരു മനോഭാഷയുടെ പ്രകാശനമാണ് നമ്മുടെ മാനകഭാഷയെന്ന് ആവർത്തിച്ചുറപ്പിക്കുകതന്നെ ചെയ്യാം.

തമിഴ് തള്ളയാണെന്നൊക്കെ പറഞ്ഞാലും അതിന്റെ രീതികൾ കൊള്ളാൻ നമുക്ക് സമ്മതമല്ല. സംസ്‌കൃതം പറയുന്ന പ്രമാണമേ അനുസരിക്കൂ. ഭരിക്കുന്നത് ഭർത്താവായ സംസ്‌കൃതമാണ്

തമിഴും മലയാളവും തമ്മിലുള്ള ബന്ധത്തെ കൂലംകഷമായ ചർച്ചയ്ക്ക് വിധേയമാക്കുന്ന കേരളപാണിനീയപീഠികയിൽ, മലയാളഭാഷാമാനകീകരണത്തിൽ എഴുത്തച്ഛൻ ചെയ്ത സേവനങ്ങളെ മുൻനിറുത്തി സംസാരിക്കുന്നതിനിടയിൽ രാജരാജവർമ്മ ആര്യ എഴുത്ത് സ്വീകരിക്കേണ്ടതിനെക്കുറിച്ച് പറയുന്ന നിർദ്ദേശമട്ടിലുള്ള ഒരു നിരീക്ഷണം അദ്ദേഹത്തിന്റെയെന്നല്ല, നമ്മുടെ മാനകഭാഷാബോധത്തിന്റെ അടരുകളെയാകെ വെളിപ്പെടുത്തുന്നുണ്ട്. അതിതാണ്: ""വിഭക്ത്യന്തങ്ങളായാലും പ്രകൃതികൾ മാത്രമായാലും സംസ്‌കൃതശബ്ദങ്ങളെ സ്വെെര്യമായി ഉപയോഗിക്കുന്ന സ്ഥിതിക്ക് അതുകളിൽ അക്ഷരസ്ഫുടതയ്ക്കുവേണ്ടി സാഹിത്യമെല്ലാംതന്നെ ആര്യ എഴുത്തിൽ എഴുതണം''(പുറം 49). ഈ മട്ടിലുള്ള സംസ്‌കൃതാനുരോധനിശ്ചയത്താലാണ് നാം തമിഴിലെ ര-റ കൾ ഒരു പോലെ ഉച്ചരിക്കുന്ന രീതിയൊക്കെ തള്ളിക്കളയുന്നത്. തമിഴല്ല പ്രമാണഭാഷ. സംസ്‌കൃതമാണ്. തമിഴ് തള്ളയാണെന്നൊക്കെ പറഞ്ഞാലും അതിന്റെ രീതികൾ കൊള്ളാൻ നമുക്ക് സമ്മതമല്ല. സംസ്‌കൃതം പറയുന്ന പ്രമാണമേ അനുസരിക്കൂ. ഭരിക്കുന്നത് ഭർത്താവായ സംസ്‌കൃതമാണ്. കേരളപാണിനി രാജരാജവർമ്മ നടത്തുന്ന ഭർതൃകല്പന ഓർത്തുകൊണ്ടാണ് ഇതു പറയുന്നത്. ""ചിരഞ്ജീവി സംസ്‌കൃതവരന്റെ''എന്നാണ് അദ്ദേഹത്തിന്റെ പ്രയോഗം4. വരനെ സ്വീകരിക്കുമ്പോൾ അയാൾക്കൊത്ത ജാതിരീതികളെന്നപോലെ ഭാഷാരീതികളും സ്വീകരിക്കേണ്ടിവരുന്നു. എസ്. ഹരീഷിന്റെ, "മോദസ്ഥിതനായങ്ങു വസിപ്പൂ മലമേലെ' എന്ന കഥയിൽ കാണുന്നതുപോലെ. ഇത്തരമൊരു വിധേയനത്തിലാണ് നമ്മുടെ ഭാഷ അതിന്റെ മാനകസാക്ഷാത്കാരവും സംതൃപ്തയും നേടുന്നത്.

സംസ്‌കൃതമാണ് നമ്മുടെ ഭാഷയെ ഭരിക്കുന്ന ഭർത്താവ്. ഇംഗ്ലീഷോ അറബിയോ അല്ല. ഇംഗ്ലീഷിൽനിന്നും അറബിയിൽനിന്നും സ്വീകരിച്ചിട്ടുള്ള ഉച്ചാരണസവിശേഷതകൾ മൂലം ചുരുക്കമായി കാണാവുന്ന ഉച്ചാരണഭേദങ്ങളെയും സാമാന്യമായി ദ്രാവിഡപാരമ്പര്യം കല്പിക്കപ്പെടാറുള്ള വാമൊഴിഭേദങ്ങളെയും ദൂഷ്യമായും വൈകല്യമായും കാണും. ദൂഷ്യമില്ലാത്തത് സംസ്‌കൃതത്തെ മാനിക്കുന്ന ധാരയാണ്. അതാണ് അപാമരജനപ്രസിദ്ധമായ, ഉത്കൃഷ്ടമായ ഭാഷാധാര! അതാകുന്നു മാനകഭാഷ. മാതൃഭാഷ എന്നു വിളികൊള്ളുന്ന ഭാഷാരീതിയുടെ ഉള്ളടക്കം ""സംസ്‌കൃതസമ്പന്നവത്കരിക്കപ്പെട്ട'' ഈ ഭാഷയാണ്. അത് പ്രയോഗരൂപത്തിലുള്ള ഭാഷണത്തോടല്ല നിരക്കുന്നതും നീതി പുലർത്തുന്നതും. പാമരജനപ്രസിദ്ധഭാഷണങ്ങളെ തെറ്റെന്നു വിധിക്കുന്ന ആദർശഭാഷയാണത്. ഫ്യൂഡൽ പ്രതാപത്തോടെ ആ ആദർശഭാഷ ഭാഷണങ്ങളെ നിയന്ത്രിക്കാൻ ഒരുമ്പെടുന്നുണ്ടോ എന്നു ശ്രദ്ധിച്ചുനോക്കുക. നിയന്ത്രിക്കാൻ മാത്രമല്ല, പലതിനെയുംഅന്യവത്കരിക്കാനും വികലമെന്നും പിഴവെന്നുമൊക്കെ സ്ഥാപിക്കാനും ഇടയാക്കുന്ന അധികാരശക്തി വഹിക്കുന്നുണ്ടോ അത് എന്നും ശ്രദ്ധിച്ചു കേൾക്കുക. ഇങ്ങനെയൊക്കെ സ്പഷ്ടത വരുത്തുന്നത് വസ്തുതകളെ വസ്തുതകളായി തിരിച്ചറിയാനും ഭാഷയെന്ന സങ്കീർണ്ണമായ പ്രതിഭാസത്തെ കൂടുതലാഴത്തിലും അടുപ്പത്തിലും അറിയാനും സഹായിച്ചേക്കും. ഭാഷയ്ക്കകത്ത് മോദസ്ഥിതരായി വസിക്കുമ്പോൾ നാമിതൊന്നും അറിയാറേയില്ല. പലതും അറിയാതെയും ജീവിക്കാം. ഒരു പക്ഷേ അതായിരിക്കാം നല്ലതും.

തുടങ്ങിയത് കഥാസന്ദർഭങ്ങളിൽനിന്നായിരുന്നു. അവിടെ ഉദ്ധരിച്ചുചേർത്ത, ഗദ്യസാഹിത്യകൃതികളിൽനിന്നുള്ള വാക്കുകൾ സാമാന്യജീവിതത്തിൽത്തന്നെ ഭാഷാശുദ്ധിവിചാരം നമ്മുടെ മഹത്തായ ജാതിബോധംപോലെയും (ജാതിബോധത്തോടൊപ്പവും) വംശബോധം പോലെയും സജീവമായി വർത്തിക്കുന്നതിന്റെ പ്രത്യക്ഷങ്ങളാകുന്നു. അതിനെ കളിയാക്കി തൂത്തെറിയുന്ന നീക്കങ്ങൾ നടക്കുന്നുണ്ട്. നടന്നിട്ടുണ്ട്. അത്തരമൊരു ഒരു ഭാവനാസന്ദർഭത്തിലേക്ക് പകർന്നുകൊണ്ട് ഈ വിചാരവിചാരണകളിൽനിന്ന് പിന്മാറാം.

""ഒരിടത്ത് ഭാസി എന്ന പേരോടുകൂടിയ ഒരു മന്ത്രിയുണ്ടായിരുന്നു ........................ "ഭ'എന്ന അക്ഷരത്തെചൂണ്ടി മന്ത്രി എല്ലാവരോടുമായി തന്റെ പേരിന്റെ ശരിയായ ഉച്ചാരണമെന്ത് എന്നു ചോദിച്ചു.
സെൻട്രി പറഞ്ഞു : ഉച്ചാരണം മലയാളരീതിയിൽ പറയുക പ്രയാസമായതിനാൽ ബാസി എന്ന് ഇംഗ്ലീഷ് രീതിയിൽ പറഞ്ഞാൽ മതി.
വേലക്കാരൻ : ഏമാനേ, പാസി, അടൂർ പാസി! പാസിയണ്ണന്റെ തമാശേയ്.....
ഭാര്യ, വേലക്കാരനെ തടഞ്ഞുകൊണ്ട്: അങ്ങനെയല്ലെടാ ഫാസി, അടൂർ ഫാസി. വേറെ പറഞ്ഞാൽ ഫാസ്‌കരച്ചേട്ടൻ, ഫാര്യ, ഫംഗി.....
അളിയൻ ഏതാനും ഉദാഹരണങ്ങൾ കൂടി നിരത്തി അതെയതെ, രണകക്ഷി, സ്മാസുരൻ, ഫാഗീരൻ, ഗീരഥി...
ഇതോടുകൂടി മന്ത്രിയുടെ സംശയം മാറി .........''
(മലയാളഭാഷാപരിണാമം: സിദ്ധാന്തങ്ങളും വസ്തുതകളും, വി. പി ശിവകുമാർ) ▮

കുറിപ്പുകൾ
1. സ്വന-സ്വനിമവിജ്ഞാനിയായ കെന്നത്ത് ലീ പൈക്ക് സ്വനിമപഠനത്തെ പ്രായോഗികമായി ഭാഷയെ ലേഖനത്തിനു വിധേയമാക്കാനുള്ള അന്വേഷണമായിട്ടാണ് കണ്ടത് എന്ന വസ്തുത ഇവിടെ ഓർക്കാവുന്നതാണ്. ഫൊണീമിക്‌സ്, എ ടെക്‌നിക് ഫോർ രെഡ്യൂസിങ് ലാംഗ്വെജസ് റ്റു റൈറ്റിങ് എന്ന പുസ്തകനാമം തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നതാണ്.
2.""സംസ്‌കൃതവല്ലഭയായിച്ചമഞ്ഞ മലയാളഭാഷയ്ക്ക് തമിഴിന്റെ ജീർണ്ണവും വർണ്ണകലുഷവുമായ അക്ഷരമാലാകഞ്ചുകം ഒട്ടും പര്യാപ്തമല്ലാതായി. കേരളീയവിവാഹസമ്പ്രദായത്തിൽ "മുണ്ടുകൊടുക്കുക'യാണല്ലോ ഒരു പ്രധാന ക്രിയ. ഭാഷകൾക്ക് വസ്ത്രസ്ഥാനം വഹിക്കുന്നത് അക്ഷരമാലയാണ്; അതിനാൽ മലയാളഭാഷ സംസ്‌കൃതദത്തമായ ആര്യ എഴുത്ത് ഇക്കാലത്ത് സ്വീകരിച്ചു'' (കേരളപാണിനീയം, പുറം 45). ജീർണ്ണം, വർണ്ണകലുഷം എന്നീ പ്രയോഗങ്ങൾ ഊന്നലോടെ ശ്രദ്ധിക്കാവുന്നതാണ്.
3. അദ്ദേഹം വളരെ മികച്ച പണ്ഡിതനും ആദരണീയനായ അധ്യാപകനും എഴുത്തുകാരനും ഒക്കെയാണ്. ഈ ലേഖകന് അദ്ദേഹത്തോട് തികഞ്ഞ ആദരവുമാണുള്ളത്. ഒരു സ്വകാര്യവിനിമയത്തിലെ ആശയപ്രകാശനമായതിനാലാണ് പേരൊന്നും പറയാത്തത്. അദ്ദേഹം ഒരു കൊള്ളരുതാത്ത കാര്യം പറഞ്ഞു എന്ന വിവക്ഷയും ഇവിടെ ഇല്ല. നമ്മുടെ പൊതുബോധ്യങ്ങളുടെ പ്രഭാവം തെളിഞ്ഞ ഒരു ഉദാഹരണമെന്ന നിലയിലാണ് പരാമർശിക്കുന്നത്.
4. കുറിപ്പ് 2 കാണുക. കൂടെ, ""ദ്രാവിഡഗോത്രജാതയായ'' സൗഭാഗ്യവതി കേരളഭാഷ'' ആര്യവംശാലങ്കാരഭൂതനായ ""ചിരഞ്ജീവി സംസ്‌കൃതവരന്റെ'' സ്വയംവരവധുവായ്ച്ചമഞ്ഞ് മേല്ക്കുമേൽ ഉല്ലസിക്കുന്നു'' എന്ന രാജരാജവർമ്മയുടെ കല്പനയും ശ്രദ്ധിക്കുക (കേരളപാണിനീയം, പുറം 45).

പ്ര. ശ്ര.: ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള കേരളപാണിനീയം 2017 ലെ സായാഹ്ന പതിപ്പാണ്.

​​​​​​​(ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന ജീവൽഭാഷയുടെ പുസ്തകം എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം)


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments