ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്​

ഞാൻ എനിക്കുവേണ്ടിത്തന്നെ തുറന്ന
​ഭ്രാന്താശുപത്രിയാണ് എന്റെ എഴുത്ത്

എഴുത്തിന്റെ നാലുപതിറ്റാണ്ട് കഴിഞ്ഞു. വളരെ പ്രതികൂല സാഹചര്യങ്ങളായിരുന്നു. വേറെ ഗതിയില്ലാത്തതിനാൽ എഴുതിയ ആളാണ് ഞാൻ. സ്വയംചികിത്സ തന്നെയായിരുന്നു അത്.

ജീവിതവും ഫിക്ഷനും തമ്മിലുള്ള അടുപ്പം- അകൽച്ചയെ ഏറ്റവും ജൈവികമായി നോക്കിക്കാണുന്ന ശിഹാബുദ്ദീൻ പൊയ്​ത്തുംകടവിന്റെ എഴുത്തുജീവിതം 40 വർഷം പിന്നിടുകയാണ്. ഈ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം സാഹിത്യം, ഗൾഫ് പ്രവാസം, വൈക്കം മുഹമ്മദ് ബഷീർ അനുഭവം, തുടങ്ങാനാഗ്രഹിക്കുന്ന കഥയെഴുത്ത് കോഴ്‌സ് തുടങ്ങി വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. സംഭാഷണവേളയിൽ ശിഹാബുദ്ദീൻ സൗദിയിലായിരുന്നതിനാൽ ഓൺലൈനിലായിരുന്നു അഭിമുഖം.

വി. മുസഫർ അഹമ്മദ്​: ശിഹാബ് ഇപ്പോൾ സൗദിയിലാണ്. മറ്റ് എഴുത്തുകാരിൽ നിന്ന്​ വിഭിന്നമായി ബാച്ചിലർ മുറികളിൽ തൊഴിലാളികൾക്കൊപ്പമായിരിക്കും ഈ ദിവസങ്ങൾ ശിഹാബ് ചെലവിടുന്നത്. ഒരു നിലക്കുപറഞ്ഞാൽ ‘ഈസ'മാർക്കൊപ്പം. കോവിഡാനന്തര ഗൾഫിലാണ് (അങ്ങനെ സമ്പൂർണമായും പറയാമോ എന്നറിയില്ല) താങ്കൾ ഇപ്പോഴുള്ളത്. ഇപ്പോഴത്തെ സൗദി മലയാളി ജീവിതത്തെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ട് നമുക്ക് ഈ സംഭാഷണം ആരംഭിക്കാം. റിയാദ് പുസ്​തകമേളയിൽ പങ്കെടുക്കാനായിരുന്നല്ലോ താങ്കളുടെ യാത്ര?.

ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്​: ഏഴരവർഷത്തിനുശേഷമാണ് ഞാൻ സൗദിയിൽ വരുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നിവടങ്ങളിൽ ഓരോ ആഴ്ച വീതം ചെലവഴിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയും സാംസ്കാരിക പ്രവർത്തകരെയും സുഹൃത്തുക്കളെയും കണ്ടു, ദീർഘമായി സംസാരിച്ചു. സൗദിയിൽ പ്രവേശിച്ചപ്പോൾത്തന്നെ വലിയ അളവിലുള്ള സാംസ്​കാരിക മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തെയാണ് കണ്ടത്. വിവിധ തൊഴിലിടങ്ങളിലെ സൗദി സ്ത്രീകളുടെ സജീവ സാന്നിധ്യവും വസ്ത്രധാരണങ്ങളിൽ വന്ന മാറ്റവും അത്ഭുതകരമായിരുന്നു. ഏഴര വർഷം മുമ്പുള്ള സൗദിയിൽ നിന്ന്​ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സംഭവിച്ച അമ്പരപ്പിക്കുന്ന വേഗം നമുക്ക് കാണാം. കാറോടിക്കുന്ന സ്ത്രീ, പതിയെ ശിരോവസ്ത്രം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന യുവതികൾ. അവർ പൊട്ടിച്ചിരിച്ചുകൊണ്ട് തെരുവോരങ്ങളിൽ പ്രസന്നതയോടെ നടക്കുന്നു. നഗരവീഥികളിലൂടെ അനായാസം നടന്നുപോകുന്ന അവർ നവ സ്വാതന്ത്ര്യത്തിന്റെ പൂപുഞ്ചിരികൾ പൊഴിക്കുന്നു. സിനിമ സംവിധാനം ചെയ്യുന്ന സ്ത്രീയെ നമുക്കിപ്പോൾ അവിടെ കാണാം. എന്നാൽ പർദ ഉപയോഗിക്കുന്ന സ്ത്രീകൾ ഇപ്പോഴും പൊതുഇടങ്ങളിൽ സുലഭവുമാണ്. വിശ്വാസം വ്യക്തിനിഷ്ഠതയിലേക്കും വ്യക്തിയുടെ ചോയ്‌സിലേക്കും പതിയെ മാറിയിരിക്കുന്നു. താരതമ്യങ്ങൾക്കും ഉപമകൾക്കും വലിയ സാംഗത്യമില്ലെങ്കിലും, ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് മതഫാഷിസം അതിന്റെ പ്രാകൃതമുഷ്ടി മുറുക്കിക്കൊണ്ടിരിക്കുമ്പോഴാണിതെന്നോർക്കുന്നതിൽ ചെറുതല്ലാത്ത കൗതുകത്തിന്റെ അംശമുണ്ടെന്ന് തോന്നുന്നു. തെരുവിൽ മതപൊലീസുകാർ വടിയും ചുഴറ്റി നടക്കുന്ന സൗദി തെരുവിലെ ദൃശ്യം ഇന്ന് പഴയ കഥ മാത്രമായിരിക്കുന്നു.

ഇപ്പോൾ സൗദിയിൽ ആധുനികതയുടെ 10 AM ആണ്​. കാഴ്ചയുടെ തലങ്ങും വിലങ്ങും മനുഷ്യരെക്കാൾ കൂടുതൽ ജെ.സി.ബിയാണെന്ന് തോന്നുംവിധം കെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെടുകയും പത്തും പതിനഞ്ചും നിലകൾ കമ്പി മണൽ സിമന്റുകളുടെ കൂനകളായി ഇരുവശത്തും കിടക്കുന്നത് ജിദ്ദയിലെ റോഡുയാത്രക്കാരുടെ പതിവുകാഴ്ചയാണ്. ജിദ്ദയിൽ മാത്രം 50,000 ബഹുനില കെട്ടിടങ്ങൾ ഇങ്ങനെ തകർപ്പെട്ടിട്ടുണ്ട്. പുതിയ നഗരം, കുറെക്കൂടി ആസൂത്രണപരമായി നിർമിക്കപ്പെടുകയാണ് ജിദ്ദ എന്ന കടൽത്തീര നഗരത്ത്​.

ഏഴര വർഷം മുമ്പുള്ള സൗദിയിൽ നിന്ന്​ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സംഭവിച്ച അമ്പരപ്പിക്കുന്ന വേഗം നമുക്ക് കാണാം. / Photo : harvard.edu

എന്നാൽ അപ്രതീക്ഷിതമായി കെട്ടിടം ഒഴിയേണ്ടിവരുന്നതിന്റെ വലിയ ഉത്ക്കണ്ഠ കേരളത്തിൽ നിന്നുള്ള തൊഴിൽ സമൂഹത്തിനുണ്ട്. ചെറുകിട കച്ചവടക്കാർ കൊടിയ ഉത്ക്കണ്ഠയിലാണ്. പക്ഷേ, ഒന്നുറപ്പാണ്, കേരളത്തിന്റെ അതിജീവന സമൂഹമാണ് ഗൾഫ് മലയാളികൾ. അതിജീവനം എന്നതിന്റെ പര്യായപദമാണ് മലയാളിയുടെ ഗൾഫ് കുടിയേറ്റം. ഒരുപക്ഷേ, ലോക ചരിത്രത്തിൽ അതിജീവനത്തിന്റെ മഹാത്ഭുതങ്ങൾ സൃഷ്ടിച്ച ജൂതസമൂഹം കഴിഞ്ഞാൽ തൊട്ടു പിന്നിൽ ഗൾഫ് മലയാളികൾ തന്നെയാവും. പ്രത്യേകിച്ച് താഴെക്കിടയിലുള്ള തൊഴിലാളികൾ. അവരാണ് 90 ശതമാനവും. ഗൾഫ് പണം ഇല്ലെങ്കിൽ കേരളം ബീഹാർ, യു.പി പോലുള്ള ഒരു സ്ഥലമായേനെ. സൂക്ഷിച്ചുനോക്കിയാൽ നമ്മുടെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിച്ചത് ഗൾഫ് പണമാണ് എന്നുകാണാം. അതിന്റെ നിസ്സാരദോഷങ്ങളെ പെരുപ്പിക്കുന്നവർ അത് നൽകിയ മഹാനുഗ്രഹങ്ങളെപ്പറ്റി മൗനം എന്ന സൂത്രമെടുത്ത് അണിയുകയാണ് ചെയ്യാറ്.

ഒന്നും മിണ്ടാതെയിരിക്കാനുളള പരിശീലനത്തിൽ പരാജയപ്പെട്ട ഒരാളാണ് ഞാൻ. അതിന്റെ വിരോധങ്ങളുടെ കാമ്പയിനുകൾ പല വഴിക്ക് വരുന്നതുകാണുമ്പോൾ, അതറിയുന്നില്ല എന്നുനടിച്ച് ഞാൻ മിണ്ടാതിരിക്കും.

ശിഹാബ് പലപ്പോഴും നിർഭയമായി അഭിപ്രായങ്ങൾ പറയുന്ന ഒരു മലയാളി എഴുത്തുകാരനാണ്. ഉദാഹരണത്തിന് കേരളത്തിലെ ലൈബ്രറികൾ പുസ്തകങ്ങളുടെ മോർച്ചറികളാണ് എന്നു തുടങ്ങി മലയാളികൾ ഇനി പഠിക്കേണ്ടത് തമിഴാണ് എന്ന ട്രൂകോപ്പിയിൽ വന്ന അഭിപ്രായം ഉൾപ്പെടെ. (തമിഴ് മുഖ്യമന്ത്രി സ്റ്റാലിൻ ആ ലേഖനത്തോട് പ്രതികരിക്കുകയും ചെയ്​തു) പഴയതിൽനിന്ന്​വ്യത്യസ്തമായി പല വിഷയങ്ങളിലും, ഉദാഹരണത്തിന് രവിചന്ദ്രൻ പ്രശ്‌നമടക്കം ഇപ്പോൾ ശിഹാബ് പ്രതികരിക്കുന്നു, ലേഖനങ്ങൾ എഴുതുന്നു. ഈ മാറ്റം ഫിക്ഷൻ എഴുത്തിനെ കൂടുതൽ ശകതിപ്പെടുത്തുന്നുണ്ടോ?

ഒന്നും മിണ്ടാതെയിരിക്കാനുളള പരിശീലനത്തിൽ പരാജയപ്പെട്ട ഒരാളാണ് ഞാൻ. അതിന്റെ വിരോധങ്ങളുടെ കാമ്പയിനുകൾ പല വഴിക്ക് വരുന്നതുകാണുമ്പോൾ, അതറിയുന്നില്ല എന്നുനടിച്ച് ഞാൻ മിണ്ടാതിരിക്കും. അതിനുള്ള പരിശീലനമൊക്കെ നേടാൻ കഴിഞ്ഞു. അത്രയും ഭാഗ്യം!

നോക്കൂ, വളരെ കുറച്ച് വർഷങ്ങളേ ഇനി ഞാൻ ജീവിച്ചിരിക്കൂ. ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഖബറിനുള്ളിൽ എനിക്ക് ശ്വാസം മുട്ടും എന്നുകരുതി എല്ലാ കാര്യത്തിനും പ്രതികരിക്കാനുള്ള ശേഷിയൊന്നും ഇല്ല. ഏതെങ്കിലും ഒരു അധികാരസ്ഥലത്ത് ഞാൻ പോയിരിക്കാറില്ല. മത- പാർട്ടികളുമായി ബന്ധമില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആർഭാടമായി ഞാനിത് നിഗൂഢമായി ആസ്വദിക്കുന്നു. എന്നു കരുതി ഞാൻ വലിയ മഹാത്മാവോ ബുദ്ധിമാനോ പണ്ഡിതനോ അല്ല. ഞാൻ സാധാരണക്കാരുടെ എഴുത്തുകാരൻ മാത്രമാണ്. ആൾക്കൂട്ടത്തിലെ ഉപരിതല സത്യത്തിനകത്ത് വസിക്കുന്ന ആന്തരിക സത്യത്തെയാണ് ഫിക്ഷനിലൂടെ ഞാൻ അന്വേഷിക്കുന്നത് എന്നുതോന്നാറുണ്ട്. ശരിയോ തെറ്റോ എന്നറിയില്ല, Information Cocktail അല്ല, intutery Sense ആണ്​എഴുത്തിൽ ഞാൻ വഴിയായിട്ടെടുക്കുന്നത്. വായനക്കാരനെ രണ്ടാം സ്ഥാനത്ത് നിർത്തി പരമാവധി ഒന്നും എഴുതാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

​ശിഹാബിന്റെ കഥകൾ ജെ. ദേവകിയുടെ ഇംഗ്ലീഷ് മൊഴിമാറ്റത്തിലൂടെ പുറത്തു വന്നതിനോട് ഇംഗ്ലീഷ് വായനാലോകത്തുനിന്നുള്ള പ്രതികരണങ്ങൾ എങ്ങനെയുണ്ട്. പൊതുവിൽ മലയാള നോവലുകൾക്കാണ് ഇംഗ്ലീഷ് പരിഭാഷകർ പ്രാമുഖ്യം കൊടുക്കുന്നത്. കഥകൾ വളരെക്കുറവാണ് (നമ്മുടെ എഴുത്തിൽ ലോക നിലവാരം നേടിയത് ചെറുകഥയാണെന്ന വിശ്വാസമുള്ള ഒരു വായനക്കാരനാണ് ഞാൻ). അതുകൊണ്ടാണ് കഥാപരിഭാഷ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നറിയാൻ താൽപര്യം.

ഒരു സംശയവും വേണ്ട, കഥ തന്നെയാണ് ഇപ്പോൾ മലയാളത്തിൽ ഏറ്റവും വളർച്ച മുറ്റി നില്ക്കുന്ന സാഹിത്യരൂപം. മലയാളത്തിൽ ഒരാൾക്ക് ചെറുകഥയെഴുതി ഈസിയായി കടന്നുപോകാനാവില്ല. ഒരു എഴുത്തുകാരന്റെ / എഴുത്തുകാരിയുടെ പ്രതിഭ ഏറ്റവും പരീക്ഷിക്കപ്പെടുന്ന മൂർത്തമായ സാഹിത്യശാഖയാണ് മലയാള ചെറുകഥ. ലോകത്തിലെ ഏതുഭാഷയോടും കിടപിടിക്കുന്ന നൂറ് കഥകളെങ്കിലും നമ്മുടെ ഭാഷയിലുണ്ട്. വെസ്​റ്റ്​ ലാൻറ്​ പ്രസിദ്ധീകരിച്ച Do not go to the Jungle എന്ന പേരിൽ ജെ.ദേവിക പരിഭാഷപ്പെടുത്തിയ എന്റെ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ കരാറിൽ ഒപ്പിട്ടുകഴിഞ്ഞു. ജെ. ദേവികയുടെ പരിഭാഷ അസ്സലായിട്ടുണ്ടെന്ന പ്രതികരണമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

‘ആർക്കും വേണ്ടാത്ത കണ്ണു' മുതൽ ‘കെ.പി. ഉമ്മർ' വരെയുള്ള കഥകൾ- ഈ കഥകളിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ താങ്കളുടെ സാഹിത്യ സങ്കൽപ്പങ്ങൾ എങ്ങനെയെല്ലാം മാറിമറിഞ്ഞു? എഴുത്തിന്റെ സങ്കൽപ്പങ്ങൾ എങ്ങനെ പരിവർത്തിപ്പിക്കപ്പെട്ടു? പ്രമേയം മുതൽ ക്രാഫ്റ്റ് വരെയുള്ള കാര്യങ്ങൾ?

ഒരാൾ ജീവിതത്തിൽ ഒരു കഥ മാത്രമേ എഴുതുന്നുള്ളൂ എന്ന് ഒരിടത്ത് മാർക്കേസ് പറയുന്നു. വലിയ ശരിയുണ്ട് അതിൽ. എന്നാൽ, ആ ഒരു കഥയെഴുത്തുകാരന്റെ ജീവിതത്തിന് വിധേയമാകുന്ന സങ്കീർണതകൾക്ക് തീർച്ചയായും വിഭിന്നതകളുണ്ട്. അതുകൊണ്ട് വ്യത്യസ്തമായി എഴുതാൻ കഥ നമ്മളെ വെല്ലുവിളിക്കുന്നുണ്ട്. ക്ഷണികമായ കാലവിസ്തൃതിയുള്ള കഥകൾക്ക് വലിയ കൈയടി കിട്ടും. പക്ഷേ, വലിയ കാലവിസ്തൃതിയെ എഴുത്തുകാരൻ സ്വപ്നം കാണേണ്ടതുണ്ട്. വേളൂർ കൃഷ്ണൻകുട്ടി ഫലിതമെഴുതുമ്പോഴും ബഷീറെഴുതുമ്പോഴും എങ്ങനെ വ്യത്യസ്തപ്പെട്ടുകിടക്കുന്നു എന്നുപരിശോധിച്ചാൽ നമുക്കിത് മനസ്സിലാവും. വേളൂർ കൃഷ്ണൻകുട്ടി ഒരുപാട് പേരെ രസിപ്പിക്കുകയും വായനാശീലത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനാണ് എന്ന ബഹുമാനത്തോടെയാണ് ഇതുപറയുന്നത്.

വ്യത്യസ്തമായിരിക്കാനും നവീനമായിരിക്കാനും ഞാൻ എന്നെത്തന്നെ പൊളിച്ചു കൊണ്ടേയിരിക്കാൻ എന്നാലാവത് ശ്രമിക്കുന്നുണ്ട് എന്നാണെന്റെ തോന്നൽ. ശരിയോ തെറ്റോ എന്നറിയില്ല.

ഓരോ കഥയും എഴുത്തുകാരെ വെല്ലുവിളിക്കുന്നത് അവരുടെ മുന്നിലുള്ള പ്രമേയത്തെ ഏതുവിധം അവതരിപ്പിക്കും എന്നതിലാണ്. സമീപകാലത്ത് അത്യാവശ്യം ആളുകൾ ശ്രദ്ധിച്ച കഥയാണ് കെ.പി.ഉമ്മറും ഈസയും. ഏറെക്കുറെ അടുപ്പിച്ചെഴുതിയ കഥയാണ് രണ്ടും. പക്ഷേ, രണ്ടും ട്രീറ്റ്‌മെൻറുകൊണ്ട്​പുലബന്ധമില്ലാത്തതാണ്. സംഗീതത്തിനെന്ന പോലെ കഥയ്ക്കും രാഗങ്ങളുണ്ട്.
പെട്ടെന്ന് വലിയ സ്വീകാര്യത കിട്ടുന്ന കഥകൾ എഴുത്തുകാരെ അപകടത്തിലേക്ക് നയിക്കും. ആ വിധമുള്ള കഥകൾതന്നെ പ്രതീക്ഷിക്കുന്ന വായനക്കാരുടെ ലാളനയാണ് അപകടം. എന്തേ, ആർക്കും വേണ്ടാത്ത ഒരു കണ്ണ് പോലുള്ള കഥകൾ എഴുതാത്തതെന്ന് സ്നേഹം കൊണ്ട് ഇപ്പോഴും ചിലർ ചോദിക്കാറുണ്ട്. ഞാൻ വെറുതെ ചിരിക്കും, അല്ലെങ്കിൽ പറയും: 1987ലാണ് ആ കഥ എഴുതുന്നത്. അന്ന് മൊബൈൽ ഫോണില്ല, ആൻഡ്രോയ്​ഡ്​ ഫോണുമില്ല. ഇന്നാണെങ്കിൽ ആ കഥ അങ്ങനെയല്ല എഴുതുക.

വ്യത്യസ്തമായിരിക്കാനും നവീനമായിരിക്കാനും ഞാൻ എന്നെത്തന്നെ പൊളിച്ചു കൊണ്ടേയിരിക്കാൻ എന്നാലാവത് ശ്രമിക്കുന്നുണ്ട് എന്നാണെന്റെ തോന്നൽ. ശരിയോ തെറ്റോ എന്നറിയില്ല. വാക്കുകളുടെ ഈടുവെപ്പുപോലും 1987ലേതുപോലെയല്ല ഇന്ന്. യഥാർത്ഥ്യങ്ങളുടെ രൂപവും മറ്റൊന്നാണ്​. വീടിനകത്തായാലും രാജ്യത്തിനകത്തായാലും രാഷ്ട്രീയത്തിലായാലും മത വിശ്വാസത്തിലായാലും പത്രപ്രവർത്തനത്തിലായാലും കലാസ്വാദനത്തിലായാലും ഫാഷിസത്തിലായാലും.

ഇടക്കൊരിക്കൽ എഴുത്തെല്ലാം മടുത്തു, വലിയ തോതിൽ വ്യർഥത തോന്നുന്നു എന്ന് ശിഹാബ് പറഞ്ഞിരുന്നു. ആ തോന്നലിന്റെ കാരണം എന്തായിരുന്നു? അതിൽ നിന്ന്​ പുറത്തു കടന്നയാളോടാണ് ഞാനിപ്പോൾ സംസാരിക്കുന്നതെന്നാണ് എന്റെ​ തോന്നൽ.

ഉപരിപ്ലവവായനകൾ എന്നെ എപ്പോഴും മടുപ്പിക്കുന്ന ഒന്നാണ്.

ബഷീറുമായി ഒരുപാട് സംസാരിച്ചിരിക്കണമെന്ന് അതിയായി ഞാൻ ആഗ്രഹിച്ചിരുന്നു. അന്നെനിക്കുണ്ടായിരുന്ന കൂടിയ അളവിലുള്ള അന്തർമുഖത്വവും സാഹചര്യക്കുറവും കാരണം അത് നടന്നില്ല. ഇപ്പോഴും അതേച്ചൊല്ലി നഷ്ടബോധം തോന്നാറുണ്ട്​.

പണ്ടൊരിക്കൽ, 25 കൊല്ലം മുമ്പായിരിക്കും, നമ്മൾ കോഴിക്കോട്ടുള്ള കാലത്ത് ഒരിക്കൽ ബഷീറിനെക്കണ്ടതിനെക്കുറിച്ച് ശിഹാബ് പറഞ്ഞത് ഞാനിന്നും ഓർക്കുന്നു. ബഷീർ പുതിയ എഴുത്തുകാരിൽ പ്രതീക്ഷയുള്ള ഒരാളുടെ പേരായി മുന്നിലിരിക്കുന്നയാളെക്കുറിച്ചു തന്നെയാണ് പറയുന്നത് എന്നറിയാതെ, ശിഹാബിന്റെ പേര് പറഞ്ഞതിനെക്കുറിച്ച്- അതുകേട്ടപ്പോൾ എനിക്കന്ന് തോന്നിയത്, നൊബേൽ സമ്മാനം ശിഹാബിന് കിട്ടി എന്നാണ്. നൊബേൽ സമ്മാനം ഒരിക്കലേ ഒരാൾക്ക് കിട്ടൂ.

അത് ഞാനാണെന്ന് പറയാൻ എനിക്കന്ന് പറ്റിയില്ല. വല്ലാത്ത മരവിലായിപ്പോയതിനാലാണ്. എന്റെ ഒരു ഫോട്ടോ പോലും പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നില്ല. അന്നൊന്നും ഫോട്ടോ അത്ര സാർവത്രികവുമല്ല. വന്നാലും ഞാനാണെന്ന് തോന്നിക്കുന്ന ഫോട്ടോകൾ വരാൻ പിന്നെയും കുറേ കാലമെടുത്തു. അന്ന്​ എഴുത്തുകാർ അത്ര വിസിബിൾ ആയിരുന്നില്ല. ബഷീറും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.ടി.അബ്​ദുറഹ്​മാനും കോഴിക്കോട്ടെവിടെയോ പൊതുപരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കേ ബഷീർ പി.ടി യോട് സന്ദർഭവുമായി യാതൊരു ബന്ധവുമില്ലാത്ത വിധം പെട്ടെന്ന് ചോദിച്ചു: ഈ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇപ്പോൾ എവിടെയാണ്? പി.ടി. അത്ഭുതത്തോടെ പറഞ്ഞതാണിത്. ബഷീറുമായി ഒരുപാട് സംസാരിച്ചിരിക്കണമെന്ന് അതിയായി ഞാൻ ആഗ്രഹിച്ചിരുന്നു. അന്നെനിക്കുണ്ടായിരുന്ന കൂടിയ അളവിലുള്ള അന്തർമുഖത്വവും സാഹചര്യക്കുറവും കാരണം അത് നടന്നില്ല. ഇപ്പോഴും അതേച്ചൊല്ലി നഷ്ടബോധം തോന്നാറുണ്ട്​.

ചെറുപ്പക്കാലത്തെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌

​മലയാളത്തിലെ അപൂർവ സ്വഭാവമുള്ള ആത്മകഥയാണ് ശിഹാബിന്റെ ‘ജീവപര്യന്തം'. അതിനി പിന്നീടുണ്ടായ ജീവിതസന്ദർഭങ്ങളും അനുഭവങ്ങളും കൂട്ടിച്ചേർത്ത് പരിഷ്‌ക്കരിക്കുന്നുണ്ടോ?

ആത്മകഥാസ്പർശമുള്ള ഒരു നോവലിനുള്ള തയ്യാറെടുപ്പിലാണ്. അത്തരമൊരു എഴുത്ത് നോവലിനെ ബാധിക്കുമെന്ന് തോന്നുന്നതിനാൽ ഉടനെ അതുണ്ടാവില്ല.

ശിഹാബ് നോവലുകൾ എഴുതിയിട്ടുണ്ട്. ചെറുകഥയുടെ തൃപ്തി ആ നോവലുകളിൽ നിന്ന്​ ലഭിച്ചിട്ടുണ്ടോ?

രണ്ട് മാധ്യമമാണത്. താരതമ്യമില്ല എന്നാണ് തോന്നിയിട്ടുള്ളത്. നോവലിൽ ആൾക്കൂട്ടമില്ലാതെ പറ്റില്ല. ഹെമിങ്ങ് വേയുടെ The Old Man and the Sea യിൽ പോലും അതുണ്ട്.

ശിഹാബ് പത്രാധിപരായിരുന്നിട്ടുണ്ട്, ഗൾഫിലുൾപ്പെടെ. അപ്പോൾ നിരവധി സാഹിത്യകൃതികൾ പ്രസിദ്ധീകരണത്തിനായി കിട്ടിയിട്ടുണ്ടാകും, അവ വായിച്ചു നോക്കിയിട്ടുമുണ്ടാകും. അത്തരമൊരു തൊഴിൽജീവിതത്തെ, ഇന്ന് അതിൽ നിന്നെല്ലാം അകന്നുനിന്ന് എങ്ങനെ നോക്കിക്കാണുന്നു?

ഹോ, എന്തൊരല്പസ്വഭാവികളാണ് നമ്മുടെ എഴുത്തുകാർ! ‘എന്റെ കഥ, എന്റെ നോവൽ, എന്റെ പുസ്തകം’ എന്ന് ഇരുട്ടറയിൽനിന്ന് ആരോ ഇങ്ക്വിലാബ് വിളിക്കുന്നതുപോലെയാണത്. നന്നായി എഴുതുന്ന പുതിയ എഴുത്തുകാരുടെ കാര്യം വളരെ കഷ്ടമാണ്. വായനക്കാരും പത്രാധിപന്മാരും പ്രസാധകരും ലൈബ്രറി പ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വായനയെ ബാധിക്കുന്ന ഒരു സാംസ്കാരിക അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി ഇതിനെ കണക്കാക്കണം.

‘യക്ഷിപ്പാണ്ട്' പോലൊരു കഥ കോവിഡ് കാലത്ത് രോഗാതുരതയുടെ പശ്ചാത്തലത്തിൽ വായിച്ച ഒരു വായനക്കാരനെ ശിഹാബ് കണ്ടുമുട്ടിയോ? പല തരം രോഗാവസ്ഥകളുടെ ചിത്രീകരണം, ഉദാഹരണത്തിന് ‘ഇരുമ്പുമുള്ളാണിയുടെ ഹൃദയ'ത്തിലെ ഭ്രാന്ത്, ശിഹാബിന്റെ കഥകളിലുണ്ട്. ടെക്‌നോളജി തന്നെ ഒരു രോഗമായി മാറിയിരിക്കുന്നു എന്നു പറയുന്ന ശിഹാബിന്റെ കഥകളുണ്ട്. മനുഷ്യസംസ്​കാരത്തിന്റെ രോഗാതുരതകളെ സമീപിക്കുന്ന ഒരാളെന്ന നിലയിൽ അതിനെക്കുറിച്ച്​ സംസാരിക്കുമോ?

വ്യക്തിയുടെയും സമൂഹത്തിന്റെയും രോഗത്തെ തിരയുന്നതുകൂടിയാണ് സാഹിത്യം.

ഓർമകളിലെ കാളവണ്ടികൾ, കുതിരവണ്ടി, ഇവയിൽ നിന്നൊക്കെ തപ്പിയെടുത്ത് ഞാൻ ഒരു നോവൽ പ്ലാൻ ചെയ്യുന്നുണ്ട്. എളുപ്പമല്ല. ഒരുപാട് പഠനങ്ങൾ വേണം.

ശിഹാബിന്റെ നാട് പൊയ്ത്തുംകടവും വളപട്ടണവും കേരള ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്ന്​ യുവ ചരിത്രകാരൻ മഹ്​മൂദ്​ കൂരിയ ഒരു സംഭാഷണവേളയിൽ പറഞ്ഞത് ഓർക്കുന്നു. ആ ചരിത്രം കൂടി വരുന്ന വലിയൊരു രചനയുടെ സാധ്യതകളെക്കുറിച്ച് ശിഹാബും പറഞ്ഞതോർക്കുന്നു. ആ പദ്ധതിയിൽ ഇപ്പോൾ വർക്കു ചെയ്യുന്നുണ്ടാകുമെന്ന് കരുതുന്നു. പിതാമഹൻമാരിൽ ഒരാൾ ചരിത്രപുരുഷനായിരുന്നുവെന്ന് ശിഹാബ് ഒരിക്കൽ പറഞ്ഞിരുന്നു.

എന്റെ നാടായ വളപട്ടണം ഒട്ടും എക്​സ്​പ്ലോർ ചെയ്യപ്പെടാതെ കിടക്കുന്ന പ്രാചീന നഗരമാണ്. ഇന്നത് പക്ഷേ, ഒരു ഗ്രാമം പോലെയായിപ്പോയിട്ടുണ്ട്. നാഷണൽ ഹൈവേയിലൂടെയോ റെയിൽപ്പാതയിലൂടെയോ പോകുമ്പോൾ കാണാത്ത ഒരു വളപട്ടണമുണ്ട്. അനേകം അറകളുള്ള മടക്കിവെച്ച പഴ്‌സ് പോലെയാണത്. വലിയ ചരിത്രഖണ്ഡങ്ങളുടെ കുതിരക്കുളമ്പടികൾ അതിനകത്തുണ്ട്. പല രാജ്യങ്ങളുടെ സംക്രമണം അതിനകത്തുണ്ട്. വലിയ സൂഫി പാരമ്പര്യങ്ങൾ, കച്ചവടചരിത്രം, പുഴയും അഴിമുഖവും ചേരുന്ന ഇടം, 106 കി.മീറ്റർ നീളവും കേരളത്തിലെ ഏറ്റവും ജലതള്ളിച്ചയുമുള്ള പുഴ ഞങ്ങളുടെതാണ്. കേരളത്തിലെ ഏക ഇൻലാൻറ്​ തുറമുഖമുള്ള സ്ഥലം, മതസൗഹാർദ്ദ ഭൂമി. രണ്ടടി നടന്നാൽ ചെറുശ്ശേരി കൃഷ്ണഗാഥ പാടുന്നത് കേൾക്കാം. എം.ആർ.കെ.സി ഇവിടെയാണ്, സയ്യിദ് വംശാവലികളിലും പലതും ആദ്യമായി ചേക്കേറിയ നാട്, എന്റെ ഉപ്പയുടെ ഉമ്മ സയ്യിദ് വംശത്തിലെ കുടുംബത്തിൽ ദത്തെടുക്കപ്പെട്ട ഒരാളാണ്. പിതാമഹൻ വടക്കേ ഇന്ത്യയിൽ നിന്ന് വന്ന ആളാണ്. പേര് തർവി ഹസൻ. എന്റെ കൈപ്പത്തിയിലും കൃഷ്ണമണിയിലുമൊക്കെ അതിന്റെ അടയാളങ്ങൾ കാണാം. ഒരു അനുജനും സഹോദരിയ്ക്കും പൂർണമായും പൂച്ചക്കണ്ണാണ്. പൂച്ചക്കണ്ണുള്ള പെങ്ങൾ മരിച്ചു പോയി. കളരിപ്പയറ്റിന്റെ, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ, ഫുട്‌ബോളിന്റെ നാട്.​ സുന്ദരമാരും സുന്ദരികളും കൂടുതലുള്ള നാട്. നൂറ്റാണ്ടുകളുടെ അടയാളങ്ങൾ അവശേഷിക്കുന്ന നാട്, അനേകം ഹിന്ദു- മുസ്​ലിം മിത്തുകളുടെ നാട്, തെയ്യം, ഫോക് ലോർ മിത്തുകൾ, മാപ്പിള ഖലാസിയുടെ നാട്.... തീരുന്നില്ല, വിശേഷങ്ങൾ. കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്ത് കൂടിയാണ്. പക്ഷേ, ഇവിടെ ചരിത്ര പുസ്തകങ്ങൾ കാര്യമായി ഇല്ല. പ്രാചീനമായ ശിലാലിഖിതം അന്വേഷിച്ചുവന്ന ഒരാൾക്ക് അത് അലക്കുകല്ലായി ഉപയോഗിക്കുന്നതായി കാണേണ്ടിവന്നു എന്നറിയാൻ കഴിഞ്ഞിട്ടുണ്ട്. വളപട്ടണം ചരിത്രം ഡച്ച് ഭാഷയിലുണ്ടെന്ന് ഡോ. മഹ്മൂദ് കൂരിയ എന്നോടുപറഞ്ഞിട്ടുണ്ട്. ഓർമകളിലെ കാളവണ്ടികൾ, കുതിരവണ്ടി, ഇവയിൽ നിന്നൊക്കെ തപ്പിയെടുത്ത് ഞാൻ ഒരു നോവൽ പ്ലാൻ ചെയ്യുന്നുണ്ട്. എളുപ്പമല്ല. ഒരുപാട് പഠനങ്ങൾ വേണം.

എഴുത്തിന്റെ നാലു പതിറ്റാണ്ടുകൾ പിന്നിട്ടു. ഇപ്പോൾ അങ്ങനെയൊരു ലോകത്ത്, എഴുത്തിന്റെ ലോകത്ത് എത്തിപ്പെട്ടതിൽ സ്വയംചികിൽസ എന്ന നിലക്കുകൂടി ആശ്വാസവും ആഹ്ലാദവും അനുഭവപ്പെടുന്നുണ്ടോ?

അതെ, എഴുത്തിന്റെ നാലുപതിറ്റാണ്ട് കഴിഞ്ഞു. വളരെ പ്രതികൂല സാഹചര്യങ്ങളായിരുന്നു. വേറെ ഗതിയില്ലാത്തതിനാൽ എഴുതിയ ആളാണ് ഞാൻ. മുസഫറിന്റെ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു, സ്വയംചികിത്സ തന്നെയായിരുന്നു അത്. ഞാൻ എനിക്ക് വേണ്ടിത്തന്നെ തുറന്ന ഭ്രാന്താശുപത്രിയാണ് എന്റെ എഴുത്ത്. അതിൽ ഞാൻ ഒറ്റയ്ക്ക് കരയുന്നതും ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും ആശ്വസിക്കുന്നതും സ്വപ്നം കാണുന്നതും വഴിപോക്കർ മാത്രമേ അധികം കണ്ടിട്ടുള്ളൂ.

കുഴിമന്തിയാണ് മലയാളത്തിലെ പുതിയ പദങ്ങളിലൊന്ന് എന്ന് ഒരിക്കൽ ശിഹാബ് എഴുതി. അടുത്ത കാലത്ത് കുഴിമന്തി വിവാദമായതും കണ്ടു. ഇതിനോടെങ്ങനെ പ്രതികരിക്കുന്നു?

വി.കെ.ശ്രീരാമേട്ടെന്റ കുഴിമന്തി പദവിമർശനം സന്ദർഭത്തിൽ നിന്നടർത്തി മാറ്റിയുള്ള ആളുകളുടെ ദുർവ്യാഖ്യാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീരാമേട്ടനെ മൂന്നുപതിറ്റാണ്ടുകാലമായി അടുത്തറിയാവുന്ന ആളാണ് ഞാൻ. അദ്ദേഹത്തിൽ ഒന്നാന്തരം കാർട്ടൂണിസ്റ്റുണ്ട്. അത് ഒരു കാർട്ടൂണിസ്റ്റിന്റെ കാഴ്ച മാത്രമാണ്. എങ്കിലും ഭക്ഷണരാഷ്ട്രീയം ചർച്ച ചെയ്യാൻ അത് ഉപകരിക്കപ്പെട്ടു.

ഞാൻ ഞാൻ മാത്രം എന്ന് പറയാൻ മാത്രം അത്ര സംഭവമൊന്നുമില്ല ഞാൻ. എനിക്ക് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് നാല്പതും അമ്പതും വർഷം ഒരേ കഥയും കവിതയും തന്നെ എഴുതിക്കൊണ്ടിരിക്കുന്നവരോടാണ്. തന്നോട് എത്രമാത്രം അവർ ക്ഷമിക്കുന്നവരാണെന്ന് ആലോചിച്ചുനോക്കൂ.

കഥയും കവിതയും എഴുതുന്ന ശിഹാബ് ഇപ്പോൾ കവിത വേണ്ടെന്ന് വെച്ചിട്ടുണ്ടോ?

ഒരേകാര്യം തന്നെ ചെയ്യുമ്പോൾ എനിക്ക് ബോറടിക്കും. അതുകൊണ്ട് വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യും. മനസ്സ് വളരെ അമൂർത്തമായി നിലകൊള്ളുമ്പോൾ ഞാൻ കവിതകളിലേക്കുപോകും. പാട്ടെഴുതും, ചിത്രം വരയ്ക്കും. ഇവയിൽ പത്ത് ശതമാനം പോലും പ്രസിദ്ധീകരിക്കാൻ ശ്രമിക്കാറില്ല. 1984 കാലത്ത് ഞാനൊരു മിമിക്രി സംഘത്തിലുണ്ടായിരുന്നു. സീരിയലുകൾക്ക് സ്​ക്രിപ്​റ്റ്​ചെയ്തിട്ടുണ്ട്. ആദ്യ സ്​ക്രിപ്​റ്റ്​ പി.എൻ. മേനോനുവേണ്ടിയായിരുന്നു. ചെറിയൊരു വേഷവും ചെയ്തു. ഇപ്പോൾ സിദ്ദീഖ് പറവൂരിന്റെ സിനിമയിൽ പ്രധാന വേഷമാണ് ചെയ്തത്. ഇങ്ങനെ പല കലാരൂപങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഏകതാനമായ ഏതുപ്രവർത്തിയും എനിക്ക് ബോറടിക്കും. എഴുത്തിന് ഞാൻ നല്കുന്ന വിശ്രമമാണ് മറ്റെല്ലാ പ്രവർത്തികളും. യാന്ത്രികമായ എല്ലാറ്റിനെയും ഞാൻ ആഴത്തിൽ വെറുക്കുന്നു. രാഷ്ട്രീയമായാലും ആക്ടിവിസമായാലും മതമായാലും പത്രപ്രവർത്തനമായാലും കഥയെഴുത്തായാലും സ്നേഹമായാലും എല്ലാം. ഇപ്പോൾത്തന്നെ ഈ ചോദ്യങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ഞാൻ എന്നുപറഞ്ഞ് എനിക്ക് മടുപ്പ് തുടങ്ങിയിരിക്കുന്നു! ഞാൻ ഞാൻ മാത്രം എന്ന് പറയാൻ മാത്രം അത്ര സംഭവമൊന്നുമില്ല ഞാൻ. എനിക്ക് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് നാല്പതും അമ്പതും വർഷം ഒരേ കഥയും കവിതയും തന്നെ എഴുതിക്കൊണ്ടിരിക്കുന്നവരോടാണ്. തന്നോട് എത്രമാത്രം അവർ ക്ഷമിക്കുന്നവരാണെന്ന് ആലോചിച്ചുനോക്കൂ. സത്യത്തിൽ ഞാൻ എന്നത് തന്നിലേക്ക് തന്നെ തിരിച്ചുപിടിച്ച പീരങ്കിയാണ്. ഓടി രക്ഷപ്പെടേണ്ടതാണ്. അതിനു പകരം അതിനെ ലാളിച്ചുകൊണ്ടിരിക്കുന്നവർ സത്യത്തിൽ എത്രമാത്രം ധീരാത്മാക്കളാണ്! ഒരു തമാശയ്ക്ക് വേണ്ടി അഞ്ചെട്ട് വർഷം മുമ്പെഴുതിയ ഒരു കുറുങ്കഥ വായിക്കാൻ തരാം. ഞാൻ എന്നാണ് ആ കഥ. (ഇങ്ങനെ പറഞ്ഞ് കഥയുടെ പേജ് പങ്കുവെക്കുന്നു).

കുഴിമന്തി / Photo: Foodie's Paradise, Fb group

നരബലി അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന കേരളത്തെക്കുറിച്ച് ശിഹാബിന് തീർച്ചയായും പറയാനുണ്ടാകും.

നരബലി പോലെത്തന്നെ നരബലിയുടെ വാർത്തയ്ക്കും വന്യമായ ഒരു യുക്തിഭംഗമുണ്ട്. ഏതായാലും മാർക്കറ്റിൽ ഇത്രയും വില കൂടിയ കിഡ്‌നിയൊക്കെ വേവിച്ച് തിന്നുകയെന്നത് അസാമാന്യമായ കുറ്റകൃത്യം തന്നെ!.

സിനിമകൾ, സീരിയലുകൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥ, ഗാനരചന തുടങ്ങിയ കാര്യങ്ങളിൽ. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്നു. മലയാള സിനിമയിൽ എഴുത്തുകാരുടെ സ്​പെയ്​സ്​എന്തു മാത്രമാണ്.

മലയാള ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർ സിനിമയിൽ ഇപ്പോഴുമുണ്ട് എന്നത് ആശ്വാസകരം തന്നെ!

പുതുതായി ചെയ്യുന്ന, ചെയ്തുകൊണ്ടിരിക്കുന്ന, ചെയ്യാനുദ്ദേശിക്കുന്ന ഒരു പ്രൊജക്ടിനെക്കുറിച്ച് കൂടി പറയുമോ?

കഥയെഴുത്തിനെപ്പറ്റി ഒരു കോഴ്‌സ് തുടങ്ങണമെന്നുണ്ട്, നല്ല രീതിയിൽ. മുടക്ക് മുതൽ ഇറക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ റെഡി. സിലബസ് ചുരുക്കിപ്പറയാം. ആദ്യത്തെ ആറുമാസം നമ്മുടെ ക്ലാസിക്​ കഥകളെപ്പറ്റി പഠിപ്പിക്കും. നല്ല കഥകളെ ഒരു വായനക്കാരൻ എന്ന നിലയിൽ വിശകലനം ചെയ്യാനുള്ള പ്രാപ്തിയുണ്ടാക്കും. എങ്ങനെ ദുർബ്ബലമായി എഴുതാതിരിക്കാനാവും എന്നതിന് ദിശാബോധം നല്കും. നല്ല കഥയെഴുത്തുകാരുടെയും വ്യാജരല്ലാത്ത അക്കാദമിക്കൽ പണ്ഡിതരുടെയും സഹായം തേടും. തല്ക്കാലം ഒരു വർഷത്തെ കോഴ്‌സായിരിക്കും അത്. ▮


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്​

കഥാകൃത്ത്, നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത്. ആർക്കും വേണ്ടാത്ത ഒരു കണ്ണ്, ഈർച്ച, കടൽമരുഭൂമിയിലെ വീട്, ആലി വൈദ്യൻ, ഈ സ്‌റ്റേഷനിൽ ഒറ്റക്ക്, ശിഹാബുദ്ദീന്റെ കഥകൾ, നിലാവിനറിയാം എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments