സെക്‌സ്, പാപം, യേശു, മീഡിയ

എതിരൻ കതിരവൻ: ആദ്യകഥകളിൽ നിന്നും വ്യത്യസ്തമായ ഒരു പരിണാമം പിൽക്കാലത്തെ കഥകളിലെ ആഖ്യാനരീതിയ്ക്ക് വന്നു ഭവിച്ചിട്ടുണ്ട്. മോണൊലൊഗ് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട് പിന്നീട്. പലതും ആത്മഭാഷണങ്ങൾ പോലെയാണ്. ""കഥ പറയുക'' തന്നെയാണോ എളുപ്പം?

സക്കറിയ: കഥയിൽ നിന്നും കഥയിലേക്ക് ആഖ്യാനരീതിയ്ക്കു മാറ്റം വരും. ഒരു വിഷയം കയ്യിൽ കിട്ടുമ്പോൾ അതനുസരിച്ച് നമ്മുടെ ഭാഷണം രൂപീകരിയ്ക്കുന്നു എന്നേ ഉള്ളു. അതല്ലാതെ പ്രത്യേകിച്ച് നേരത്തെ ആസൂത്രണം ചെയ്ത് ഇതിനകത്തേയ്ക്കു വരുന്നില്ല. കഥ പറയുക- "പറയുക' എന്നർത്ഥർത്തിൽ കഥ പറയുക തന്നെ. ഏതായാലും ഒരു പറച്ചിലുകാരൻ ഇതിനകത്തുണ്ട്. എഴുത്തുകാരൻ ഞാനെന്ന സ്ഥാനത്തു നിന്നുകൊണ്ട് പറഞ്ഞേക്കാം. അയാൾ അല്ലെങ്കിൽ അവൾ/അവൻ എന്ന സ്ഥാനത്തു നിന്നുകൊണ്ടും പറഞ്ഞേക്കാം. ആ പറച്ചിലേ ഉള്ളു. പിന്നെ ഒരോ കഥയുടേയും "വോയ്‌സ്' എന്നുപറയുന്ന ആ സംഭവം. കൃത്യമായി പറഞ്ഞാൽ "സ്പീകിങ് വോയ്‌സ്'. ആരാണു പറയുന്നത്, ഏതു വീക്ഷണകോണിൽ നിന്നാണു പറയുന്നത്, ഇതൊക്കെ ആ കഥയുടെ വിഷയം ആണു തീരുമാനിയ്ക്കുന്നത്. എഴുതാനിരുന്നു കഴിയുമ്പോൾ അതു കൈവന്നു ചേരുന്നതാണ്. ചിലപ്പോൾ ഒരു വീക്ഷണകോണിൽ നിന്നു തുടങ്ങി വേറൊന്നിലേക്ക് പോകേണ്ടി വന്നേക്കാം. പലപ്പൊഴും അങ്ങനെ വന്നിട്ടുണ്ട്. തുടങ്ങിയിട്ട് വേറൊന്നിലേക്ക് മാറിയിട്ടുണ്ട്. "അയാൾ' എന്നു തുടങ്ങിയിട്ട് "ഞാൻ' എന്നായിട്ടുണ്ട്. മറിച്ചും.

""കഥ പറയുന്നതേ ഒരു വിധിയ്ക്കലാണ്. പേനയെടുക്കുമ്പോഴേ ഒരു ഭാഗം ചേർന്നു കഴിഞ്ഞു. മറുഭാഗത്തെ സത്യത്തോടുള്ള പോര് തുടങ്ങിക്കഴിഞ്ഞു'' ഇങ്ങനെ എഴുതിയിട്ടുണ്ട്. എന്തൊക്കെയാണ് ഈ പോരാട്ടങ്ങൾ?

ആത്യന്തികമായി അവനവനോടു തന്നെയുള്ള പോരാട്ടമാണ്. പിന്നെ നമുക്കു ചുറ്റുമുള്ള സമൂഹത്തോടും എഴുതപ്പെട്ടു വരുന്നതിനോടുമുള്ളത്. രണ്ടുമൂന്നാലു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഭാഷ. അത് പുതുമയോടെ വച്ചുകൊണ്ടിരിയ്ക്കുക എന്നതാണ്. ഒരുതവണ എഴുതിയ പോലെ രണ്ടാമതു വരാതിരിയ്ക്കാനുള്ള കഠിനമായ ശ്രമങ്ങൾ നടത്തിയേ തീരൂ. എന്നാൽ അത് സ്വാഭാവികവും നൈസർഗ്ഗികവും ആയിരിക്കുകയും വേണം. ഒരു കഥ അടുത്ത പോലെ ഇരിയ്ക്കരുത് എന്ന നിർബ്ബന്ധം നമ്മുടെ തലയ്ക്കു പുറകിൽ ഉണ്ടായിരിക്കണം. ഭാഷയുടെ കാര്യത്തിൽ പ്രത്യേകിച്ചും. ആത്മാനുകരണം ആണ് ഏറ്റവും അപകടകരം. ഇങ്ങനെ എഴുതിയ കഥ വിജയിച്ചു, ധാരാളം പ്രശംസ നേടി എന്നു വന്നുകഴിഞ്ഞാൽ, എന്നാൽ ശരി, അടുത്ത കഥയും ഇതുപോലെ എഴുതാം എന്നു തീരുമാനിച്ചാൽ നമ്മൾ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോകും. അതുകൊണ്ട് ആ നവീകരണം അത്യാവശ്യമാണ്. ആ അബദ്ധത്തിൽ ചെന്നു ചാടാതെ നേരത്തെ ഞാൻ എങ്ങനയോ അതിൽ നിന്നും വിമോചനം നേടി എന്നാണെന്റെ വിശ്വാസം. I believe I did not imitate myself too much. പിന്നെയുള്ള പോരാട്ടം കഥാപാത്രവുമായിട്ടെന്നതിനേക്കാൾ കഥയുമായിട്ടാണ്. കഥാപാത്രത്തെ എങ്ങനെ പറഞ്ഞു ഫലിപ്പിയ്ക്കുമെന്നതാണ്. അതിന്റെ യുക്തി, സ്ഥല-കാലങ്ങളിലെ അവന്റെ അല്ലെങ്കിൽ അവളുടെ പെരുമാറ്റങ്ങളും ചലനങ്ങളും, അവരുടെ ബന്ധങ്ങൾ, അവയ്ക്കുള്ളിലെ യുക്തി. ഇതൊക്കെ യുക്തിസഹമാക്കുന്നതിൽ വലിയ പ്രശ്‌നമുണ്ട്. അസാദ്ധ്യമായ കാര്യങ്ങൾ പോലും യുക്തിസഹമായിട്ട് പറഞ്ഞുവെയ്ക്കണം. കഥാപാത്രത്തെ അങ്ങനെ നമ്മൾ കരുപ്പിടിപ്പിച്ചുകൊണ്ടേ ഇരിയ്ക്കും. എന്നാൽ അതിൽ
വലിയ പരിശ്രമം ഇല്ല. കഥാപാത്രം നമ്മുടെ കയ്യിൽ വന്നാൽ അയാളെ ഉരുട്ടിക്കൊണ്ടു പോകുക എന്നേ ഉള്ളു. കഥാപാത്രത്തെക്കൊണ്ട് പുത്തനായിട്ട് ചിന്തിപ്പിയ്ക്കണം. ഞാൻ പുതുതായി ചിന്തിയ്ക്കണം.

ഫോട്ടോ: എ.ജെ. ജോജി
ഫോട്ടോ: എ.ജെ. ജോജി

പിന്നെ ആവശ്യം പരിസരശ്രദ്ധയാണ്. നമുക്കു ചുറ്റുമുള്ള എഴുത്തൊക്കെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടേ ഇരിയ്ക്കണം. എന്റെ peer group ന്റെ പ്രായക്കാരുടെയും ചെറുപ്പക്കാരുടെയുമായിട്ടുള്ള എഴുത്തുകളെല്ലാത്തിനേയും പറ്റിയുള്ള awareness. ഇതെല്ലാം വായിയ്ക്കാൻ പറ്റിയെന്നിരിക്കില്ല. പക്ഷെ നമുക്ക് ഏതാണ്ടറിയാം, വാരികകൾ മറിച്ചു നോക്കുന്നതിലൂടെ. അവരുണ്ടാക്കി വയ്ക്കുന്ന ചതിക്കുഴി -ചതിക്കുഴി എന്നത് അതിശയോക്തിയായിട്ട് പറഞ്ഞതാണ്-യിൽ വീഴാതെ നോക്കുക. ആ കെണിയിൽ പെടാതെ നോക്കുക. ഞാൻ അതുപോലെ എഴുതാൻ ഇടയുണ്ടെന്നുള്ളത് ഒരു കെണി തന്നെ. ആ ചതിക്കുഴിയിൽ നിന്നും ചാടിക്കയറുക എന്നതാണ് അടുത്ത പോരാട്ടം. ഞാൻ സേതുവിനെപ്പോലയോ മുകുന്ദനേപ്പോലെയോ കുഞ്ഞബ്ദുള്ളയെപ്പോലെയോ ആനന്ദിനേപ്പോലെയോ ആണ് എഴുതുന്നതെങ്കിൽ പിന്നെ കഷ്ടപ്പെട്ടിട്ട് കാര്യമില്ല. അല്ലെങ്കിൽ പുതിയ തലമുറയിൽ നിന്നുള്ള കെ. ആർ. മീരയെപ്പോലെയോ ബെന്യാമിനെപ്പോലെയോ ആണ് ഞാൻ എഴുതുന്നതെങ്കിൽ തീർന്നു, ഫിനിഷ്ഡ്. പിന്നെ ഒന്നു കൂടെയുള്ളത്, താങ്കൾ ചോദിച്ചതു കൊണ്ട്, എന്റെ കഥാപാത്രങ്ങൾ ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾ - അതായത് പോസിറ്റീവ് ആയ കഥാപാത്രങ്ങളാണെങ്കിൽ - അവർ ഉൽപ്പാദിപ്പിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. സമത്വം, ലൈംഗിക സമത്വം, മതേതരത്വം, ജനാധിപത്യം ഇവയൊക്കെ എന്റെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമാണെന്ന്. അവയെ പരാമർശിക്കേണ്ട ആവശ്യം വന്നാൽ അവയൊക്കെ ഞാൻ സമർത്ഥിച്ചിരിക്കും., സത്യസന്ധമായിട്ട് അതു ഉറപ്പു വരുത്തണം എനിയ്ക്ക്. ഒരു സ്ത്രീയേപ്പറ്റി പരാമർശിക്കുമ്പോൾ കേരളത്തിലെ ശരാശരി പുരുഷമേധാവിത്വ പിഗ്ഗിനെപ്പോലെ ഞാനും എന്റെ കഥാപാത്രങ്ങളും സംസാരിച്ചാൽ -ഫിനിഷ്ഡ്.

കഥയെഴുതിത്തുടങ്ങുമ്പോൾ ഒരു മുൻ വിധിയ്ക്കു സാധ്യതയുണ്ടെന്നും അത് ഒഴിവാക്കുക അത്യാവശ്യമാണെന്നും പറഞ്ഞിട്ടുണ്ട്. എന്തൊക്കെയാണ് ഈ മുൻ വിധി പ്രശ്‌നങ്ങൾ? ഉദാഹരണത്തിന് അൽഫോൻസാമ്മയുടെ കഥയിൽ മുൻ വിധികളെ നേരിടേണ്ടി വന്നോ?

കഴിയുന്നതും മുൻ വിധികളില്ലാതെ ഞാനെഴുതും. കഥ എങ്ങനെ വരണം എന്നതേ ഉള്ളു. അൽ‌ഫോൻസാമ്മയുടെ കഥ എടുത്താൽ ഏക മുൻവിധി അവർക്കു ചുറ്റും ഉണ്ടാക്കിവച്ച ആരാധനയുടേയും ഭംഗിവാക്കുകളുടേയും അതിമാനുഷികതയുടേയും പരിവേഷം ഇല്ലാതെ വേണം ആ സ്ത്രീയെ കൈകാര്യം ചെയ്യാൻ എന്നതായിരുന്നു. അതൊക്കെ വച്ച് ഞാൻ അൽഫോൻസാമ്മയെക്കുറിച്ച് കഥയെഴുതിയാൽ - പോയി. തീർച്ചയായിട്ടും അതൊക്കെ മുൻവിധിയാണ്. അക്കാര്യങ്ങളിൽ I am absolutely sure what I am going to do. കഥയുടെ അന്ത്യം എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു, അത് ഞാൻ എഴുതാൻ തുടങ്ങുമ്പോൾ ഇന്ന രീതിയിൽ അവസാനിക്കണം എന്ന്. അതാണു മുൻവിധി.

കേരളത്തിലെ പുരുഷന്മാർ എറ്റവും വലിയ പൊങ്ങച്ചക്കാരാണ്.

പ്രകൃതി-സ്ത്രീ-പുരുഷവിലയനം പല കഥകളിലും പ്രത്യക്ഷമായോ അപ്രത്യക്ഷമായോ കടന്നു വരുന്നുണ്ട്. "മഴ', "കുഴിയാനകളുടെ ഉദ്യാനം' ഒക്കെ. ഇതൊരു ആസക്തി ആണോ?

അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല, ഒരു തരത്തിലും ചിന്തിച്ചിട്ടേ ഇല്ല. കഥയക്കനുസൃതമായി സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നു, പോകുന്നു. പ്രകൃതിയിൽ നടക്കുന്ന കഥയാണെങ്കിൽ പ്രകൃതി വരും. എന്നല്ലാതെ യാതൊരു ആസൂത്രണവും ഇതിലെങ്ങുമില്ല.

പക്ഷേ "മഴ' യിൽ തോമാ, പ്രകൃതിയും സ്ത്രീയുമായി വിലയിക്കുക ആണല്ലൊ?

എന്റെ ആദ്യകാല കഥകളിലൊന്നാണത്. അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് അന്ന് അറിയില്ലായിരുന്നു. തോമയെ അങ്ങനെ വെള്ളത്തിൽ എടുത്തിട്ടതാണ്. (ചിരിയ്ക്കുന്നു)

പെൺകഥകൾ എന്നു തരം തിരിയ്ക്കപ്പെട്ടവയിലും മറ്റു കഥകളിലും പെണ്ണ് ശക്തിസ്വരൂപിണിയും പ്രായോഗിക ബുദ്ധിക്കാരിയുമാണ്. ചോദനകൾ വരെ മറച്ചുവച്ച് ആണിനെ നിയന്ത്രിയ്ക്കുന്ന പെണ്ണിനെ സലാം അമേരിക്കയിലും പ്രെയിസ് ദ ലോർഡിലും കന്യാകുമാരി യിലും ഒക്കെ കാണാം. "ക്രിസ്തുമസ് കഥ' യിലെ വേശ്യയിലും. മന്ത്രവാദത്തിലെ രാമാനുജം തികച്ചും ബലഹീനൻ. മുൻപു പറഞ്ഞ ചില സത്യങ്ങളുടെ ആവർത്തനമാണോ ഇത്?

നേരത്തെ പറഞ്ഞ മാനസികപരിശീലനത്തിന്റെ ഭാഗം തന്നെ ഇതും. കേരളത്തിലെ പുരുഷമേധാവിത്തത്തിന് എതിരേയുള്ള എന്റെ മാനസിക നില, നിലപാട് ഇങ്ങനെയൊക്കെയായിരിക്കും പ്രതിഫലിച്ചു വരുന്നത്. കേരളത്തിലെ പുരുഷന്മാർ എറ്റവും വലിയ പൊങ്ങച്ചക്കാരാണ്. സ്ത്രീകൾ അതിനു വഴങ്ങിക്കൊടുക്കുന്നുമുണ്ട്. അങ്ങനെയുള്ളൊരു സമൂഹത്തിൽ ഞാനെടുത്തിരിക്കുന്ന നിലപാടിനനുസൃതമായി, മനഃപൂർവ്വമല്ലാതെ മലയാളി പുരുഷനോട് എന്റെ പ്രതികരണത്തിന്റെ ഭാഗമാണത്, അടിസ്ഥാനപരമായി.

"എനിയ്ക്കു പേടിയാകുന്നു' എന്ന് ആവർത്തിച്ചു പറയുന്നുണ്ട് "കന്യാകുമാരി' യിലെ ചെറിയാൻ തോമസ്. സെക്‌സ് പാപമാണെന്ന ഒരു സാദാ ക്രിസ്ത്യാനിയുടെ ഭീതി?

സെക്‌സ് പാപമാണെന്നാണല്ലൊ ക്രിസ്ത്യാനികളെ പഠിപ്പിച്ചിട്ടുള്ളത്. പൊതുവിൽ പുതിയ പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ടെങ്കിലും. ഏദൻ മിത്ത് എന്നതിനെ വച്ചാണ് "ആദിമ പാപം' എന്നു വന്നത്. അത് ക്രിസ്ത്യാനികൾക്കു കിട്ടുന്ന മതപരിശീലനത്തിന്റെ ഭാഗമാണ്. ലൈംഗിതയെക്കുറിച്ചുള്ള വിഹ്വലതകൾ. ചെറിയാൻ തോമസും ഇങ്ങനെ പല അരക്ഷിതബോധങ്ങളുള്ള ആളാണ്. തീർച്ചയായിട്ടും.

സ്‌നേഹം, പ്രേമം, കാമം, ശരീരം വിവാഹം ഇവയിലെയൊക്കെ പാരസ്പര്യങ്ങളോ കുഴമറിച്ചിലുകളൊ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളല്ലെ പല കഥകളിലും?

സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ച് എന്റെ മനസ്സിലുള്ളത് പ്രതിഫലിച്ചിട്ടുണ്ടാവും. പക്ഷെ അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശിച്ചു എന്ന് പറയാനാവില്ല. ഒരു കഥ കിട്ടിക്കഴിഞ്ഞാൽ അതിനെ എങ്ങനെ ഫലിപ്പിക്കുക, അതു മാത്രമേ ഉള്ളു. ബാക്കിയുള്ളതൊക്കെ, എഴുതാനിരിയ്ക്കുമ്പോൾ താനേ വന്നു കയറിക്കോളും. പണ്ടു വായിച്ചതുകളുടെ ഓർമ്മയും ഭാഷകളും പല കഥാപാത്രങ്ങളും ഒക്കെച്ചേർന്ന് കഥാപാത്രത്തിനെ കൊണ്ടുപോകുകയാണു ചെയ്യുന്നത്. അങ്ങനെയാണ് കഥയുടെ narrative നിർമ്മിക്കപ്പെടുന്നത്- creativity, finally. ഈ കഥ തന്നെ വേറേ തരത്തിലും എഴുതാം. ഈ തരത്തിൽ ഞാൻ എഴുതി എന്നത് എന്റെ മാനസികപരിശീലനത്തിന്റെ ഫലമായിട്ട്, എന്റെ creativity നിർമ്മിച്ചെടുത്തു എന്നേ ഉള്ളു. അതിനപ്പുറത്തേയ്ക്ക്, അതിനുള്ളിലുണ്ടായിരിക്കുന്ന structureന് വേറേ ഒരു അർത്ഥവുമില്ല. ഇപ്പറഞ്ഞ ഒന്നിനും കഥയെ പറഞ്ഞു ഫലിപ്പിയ്ക്കുക എന്നതിൽ കൂടുതൽ വേറേ ഒരു ഊന്നലും ഞാൻ കൊടുത്തിട്ടില്ല. അതേ സമയം, മുൻപേ പറഞ്ഞപോലെ ഈ ബന്ധങ്ങളെപ്പറ്റിയൊക്കെ എന്റെ ചില നിലപാടുകൾ നറേറ്റീവ് നിർമ്മിയ്ക്കുമ്പോൾ യഥാസ്ഥാനത്തു വന്നു വീഴുന്നതാണ്..

പക്ഷേ വായനക്കാരന് അതിനപ്പുറത്തുള്ള ചില ഫിലോസഫികൾ വായിച്ചെടുക്കാൻ പറ്റുന്നുണ്ടല്ലോ........

അതാണ് സാഹിത്യത്തിന്റെ, പൊതുവേ കലയുടെയും വിശേഷവും ഗുണവും. കഥയായാലും കവിതയായാലും ചിത്രമായാലും സംഗീതമായാലും കലാകാരൻ സൃഷ്ടിയ്ക്കുന്നതിനപ്പുറം അനുവാചകനു ലഭിയ്ക്കുക എന്നത് കലയുടെ ഉദ്ദേശവുമാണ്. അതുകൊണ്ടാണ് art is larger than life എന്നു പറയുന്നത്. Each person reads his meaning. അങ്ങനെ കിട്ടുന്നെങ്കിൽ എഴുത്തുകാർ ഒരു പരിധി വരെ വിജയിച്ചു എന്നു വേണം കരുതാൻ.

ഉദ്ധരണികൾ പലേ കഥകളുടെയും തുടക്കത്തിലുണ്ട്. ചിലത് അനുബന്ധമായും. ആത്മീയ-വേദാന്ത പ്രഹേളികകൾ കഥകളായി പൊട്ടിപ്പുറപ്പെട്ടതാണെന്ന മുന്നറിയിപ്പാണോ ഇത്? അതോ ചില മുൻ കൂർ ജാമ്യങ്ങളോ?

ഞാനെടുത്തിരിയ്ക്കുന്ന ഉദ്ധരണികൾ എല്ലാം തന്നെ alternative spirituality യുടെ ആളുകളിൽ നിന്നാണ്. സൂഫിവര്യൻമാർ മുതൽ ചട്ടമ്പി സ്വാമികൾ വരെ. നാരായണഗുരുവിന്റേയും സെൻ ബുദ്ധിസത്തിന്റേയും സൂക്തങ്ങളുമുണ്ട്. It is a declaration of my intend. ഞാനെവിടെ നിൽക്കുന്നു എന്നത് തെളിയിക്കാനാണ്. എന്റെ ചില പ്രീതികൾ. സമർപ്പണം നടത്തുന്നതു പോലെ. എന്റേതല്ലാതെ മറ്റു ചിലത്. എന്നാൽ എനിയ്ക്കു സാംഗത്യമുള്ളവ തന്നെ.

ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിൽ നിന്നും എടുത്തിട്ടുണ്ട്.......

ഏറ്റവും നല്ല മലയാളം എഴുതപ്പെട്ടിട്ടുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളിലൊന്നാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. അതുപോലെ തന്നെ മാർത്താണ്ഡവർമ്മയിൽ നിന്നുള്ള കള്ളിയങ്കാട്ട് നീലിയുടേതും ചേർത്തിട്ടുണ്ട്. എന്റെ favorite narrative എന്റെ പുസ്തകത്തിന്റെ ആദ്യം ഒരു മുദ്ര പോലെ വെച്ചെന്നേ ഉള്ളു.

സക്കറിയായുടെ യേശു

സൈക്കിളിൽ ഡബിൾ എടുക്കുന്ന, ഓലത്തുമ്പത്തിരുന്നൂയലാടും പാടുന്ന ആളാണു ദൈവം. പരിമിതികളില്ലാത്ത അധോവായുവിനാണ് മതപ്രഭാഷണങ്ങളെക്കാൾ ആർജ്ജവം. ദൈവസങ്കൽപ്പം ഇങ്ങനെ അതിലളിതമാക്കിയത് മൗലികവാദം കേട്ടു മടുത്തിട്ടാണോ?

മൗലികവാദം ഒക്കെ പിന്നീടാണു വന്നത്. ഞാൻ ക്രിസ്തുമതത്തിൽ നിന്നും പുറത്തുവന്നപ്പോൾ ദൈവസങ്കൽപ്പം എനിയ്‌ക്കേതു തരത്തിലും ആക്കാവുന്നതായി. മതത്തിന്റെ പിടി ഇല്ലാതാവുമ്പോൾ ദൈവം പെട്ടെന്ന് ഒരു സ്വതന്ത്ര ഓപറേറ്റർ ആകുന്നു. അപ്പോൾ എങ്ങനെ വേണമെങ്കിലും എനിയ്ക്ക് അതു വച്ചു കളിയ്ക്കാം. ഇങ്ങനെയൊക്കെ പാട്ടും പാടി സൈക്കിളിൽ കയറിപ്പോകുന്ന ദൈവമാണ് എന്റെ കയ്യിൽ കിട്ടിയത്. ഈ കഥ ഞാൻ എഴുതിവന്നപ്പോൾ-ബാബുരാജിന്റെ "ഞാനുറങ്ങാൻ പോകും മുൻപായ്' പഠിച്ചെടുക്കുന്നുണ്ട് ഈ ദൈവം പിന്നീട്. ഇങ്ങനെ ഒരു ദൈവത്തേയും സങ്കൽപ്പിച്ചെടുക്കാമല്ലൊ എന്ന തോന്നലിൽ നിന്നും വന്നതാണത്. അത്രമാത്രം.

ഉല്ലാസവാനായി ചിരിയ്ക്കുന്ന യേശുവിനെ അവതരിപ്പിച്ചിട്ടുണ്ട്. യേശു വാഗ്ദാനം ചെയ്ത ദൈവരാജ്യത്തിലെത്താൻ കൊതിയ്ക്കുന്ന പിലാത്തോസുമുണ്ട്. എന്നാലും "എന്തു ദാനമാണ് നീ കൊടുത്തത്? കുറച്ച് സ്‌നേഹവും അരിശവും മാത്രമേ നീ തന്നുള്ളല്ലൊ. നിന്റേത് വാക്കുകൾ കൊണ്ടുള്ള കസർത്തല്ലായിരുന്നൊ?' എന്ന് "അന്നമ്മ ടീച്ചർ-ഒരോർമ്മക്കുറിപ്പ്' ഇൽ ചോദിച്ചു പോകുന്നുണ്ടല്ലോ?

യേശു ആവശ്യകമായി ഒരു ഞാണിൻ മേൽക്കളി നടത്തുകയായിരുന്നു. പഴയനിയമത്തിൽ ഹീബ്രായിക്-ജ്യൂയിഷ് പാരമ്പര്യത്തിൽ നിന്നും ഭയങ്കര ഭീകരനും നാശകാരിയുമായ ദൈവത്തിൽ നിന്നും സ്‌നേഹവും സാഹോദര്യവും സൃഷ്ടിച്ച ആളായിട്ടാണല്ലൊ മതങ്ങളുടെ ചരിത്രത്തിൽ യേശുവിന്റെ സംഭാവന. ഒരു കവിളത്തടിച്ചാൽ മറ്റെ കവിൾ കാണിച്ചു കൊടുക്കണമെന്നു പറയുന്ന ആൾ. പല്ലിനു പല്ല് നഖത്തിനു നഖം എന്നു പറയുന്നതിനു പകരം. യഹൂദന്മാരുടെ കയ്യിലുണ്ടായിരുന്ന യഹോവയിൽ നിന്നും ചാടിപ്പോകുകയായിരുന്നു യേശുവിന്റെ ദൈവം. A landmark contribution to the history of religion. ഇതു മുഴുവൻ യേശുവിന്റെ ഒരു വാചകക്കസർത്തു പോലെ നമുക്ക് കാണാവുന്നതണ്.

എല്ലാം പറഞ്ഞു ഫലിപ്പിയ്ക്കുകയായിരുന്നു. സുകുമാർ അഴിക്കോടിനെപ്പോലെ ഒക്കെ ഉള്ള ആളായിരുന്നു. പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ കല. പ്രസംഗിച്ച് പ്രസംഗിച്ച് പോയി സ്വന്തം പ്രസംഗം ഗൗരവമായി എടുത്തു. കുരിശുമരണം കിട്ടി എന്നത് സത്യമാണെങ്കിൽ, then he got into trouble. അവനവനെത്തന്നെ വളരെ സീരിയസ് ആയിട്ട് എടുത്തതിനാലാണിത്. പിലാത്തോസ് ഇദ്ദേഹത്തെ രക്ഷിയ്ക്കാനായി പതിനെട്ട് അടവുകളും പ്രയോഗിയ്ക്കുന്നുണ്ട്. ലീഡിങ് ചോദ്യങ്ങൾ ഒക്കെ ഇട്ടുകൊടുത്ത്. ബൈബിൾ നല്ല വ്യക്തമായി പറയുന്നുണ്ട് ഇത്. ജഡ്ജി തടവുകാരനെ രക്ഷിയ്ക്കാനായി സൂചനകൾ കൊടുക്കുകയാണ്. എളുപ്പസൂചനകൾ കൊടുത്തുകൊണ്ടുള്ള ചോദ്യങ്ങൾ. ഇങ്ങനെയൊക്കെ പറഞ്ഞാൽ നീ രക്ഷപ്പെടും എന്ന മട്ടിലുള്ളവ. പക്ഷേ ഈ വിദ്വാൻ അതുപോലും സമ്മതിയ്ക്കുന്നില്ല. He got trapped in his own verbal mechanism. അല്ലെങ്കിൽ അവിടുന്ന് രക്ഷപെടണമെന്നില്ലായിരിക്കും. ഒരുപക്ഷേ he did not want to live any more. ജീവിയ്ക്കാൻ ആഗ്രഹിച്ചിരുന്നിരിക്കയില്ല. അതുകൊണ്ട് മനഃപൂർവ്വം ശിക്ഷ വാങ്ങിയ്ക്കുക ആയിരുന്നു. പിലാത്തോസ് ഇട്ടുകൊടുക്കുന്ന സൂചനകളൊന്നും മനസ്സിലാകാതെ പോകുന്നവനല്ല യേശു. റോമാ സാമ്രാജ്യത്തെപ്പറ്റിയും മറ്റും ചോദിയ്ക്കുമ്പോൾ തർക്കുത്തരം പറയാൻ തുടങ്ങി. ഇങ്ങനെ സ്വന്തം വാചകങ്ങൾ തന്നെ കൊണ്ടുപോയി അന്ത്യത്തിലെത്തിച്ച ആളാണ് യേശു. ഒരുപക്ഷേ അദ്ദേഹത്തിനു അതായിരുന്നിരിയ്ക്കാം ഇഷ്ടം.

പക്ഷേ അന്നമ്മ ടീച്ചർ വീഴുമ്പോൾ സ്‌നേഹപൂർവ്വം താങ്ങുന്നത് യേശു തന്നെയാണ്. യേശുവിലുള്ള വിശ്വാസം അല്ലേ ഇതെഴുതിച്ചത്? സ്‌നേഹവും അരിശവും മാത്രമല്ലെ തന്നുള്ളു എന്നതും നിരാശയുടെ ആവലാതി അല്ലെ?

അത് അന്നമ്മ ടീച്ചറാണ്. ഞാനല്ല.

പക്ഷേ മനസ്സിൽ തട്ടി അല്ലേ ആ വാചകങ്ങൾ എഴുതിയത്?

അത് യേശുവിനെപ്പറ്റിയുള്ള ചരിത്രപരമായ വായനയുടെ പരിണിതഫലമാണ്.

ഹിന്ദു മതമൗലികവാദിവാദത്തിലേക്ക് ചാഞ്ഞ ബുദ്ധിജീവികൾ

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം? പണ്ട് ചോദിച്ച പ്രസിദ്ധ ചോദ്യം. ബുദ്ധിജീവികൾ എല്ലാ തുറകളിലും രംഗംങ്ങളിലും ദൃശ്യരായോ അദൃശ്യരായോ വ്യാപരിക്കുകയാണെന്നും പറഞ്ഞിട്ടുണ്ട്. ഈ ബുദ്ധിജീവികളുടെ പ്രയത്‌നമാണോ പുരോഗതിയ്ക്കു പിന്നിൽ?

അങ്ങനെ തന്നെ. ഈ ബുദ്ധിജീവികളെക്കൊണ്ടാണു പ്രയോജനം വന്നിട്ടുള്ളതാണെന്നാണു ഞാൻ പറഞ്ഞിരിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാരന്റേയും മതമൗലികവാദിയുടേയും പിന്നാലെ പോകുന്ന ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നാണു ഞാൻ ചോദിച്ചത്. ഇതൊന്നുമില്ലാാതെ ബാങ്കിലിരുന്നു പണിയെടുക്കുന്നവരും പോലീസുകാരും അദ്ധ്യാപകരും കച്ചവടക്കാരും വ്യവസായിയും മീൻപിടുത്തക്കാരും കൃഷിക്കാരും ഒക്കെയായ എത്രയോ ബുദ്ധിജീവികൾ ഉണ്ട്. അവരൊക്കെ പണിയെടുക്കുന്നതു കൊണ്ടാണ് കേരളത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത്.

ബുദ്ധിജീവികൾക്ക് നിർവ്വചനം കൊടുത്ത് വേർതിരിച്ച് നിറുത്തുകയായിരുന്നൊ?

അതിൽക്കൊടുത്ത ലിസ്റ്റിലെ ബുദ്ധിജീവികൾ എല്ലാം തന്നെ ഹിന്ദു മതമൗലികവാദിവാദത്തിലേക്ക് ചാഞ്ഞവരാണ്. മുൻപ് ഇടതുപക്ഷത്തിനെ പിൻപറ്റുകയും പിന്നീട് മതമൗലികവാദത്തിലേക്ക് കടക്കുകയും ചെയ്ത ബുദ്ധിജീവികളാണ് നരേന്ദ്രപ്രസാദ്, വിഷ്ണു നാരായണൻ നമ്പൂതിരി, സുഗതകുമാരി ഇങ്ങനെയൊക്കെ ഉള്ള ആളുകൾ- തകിടം മറിഞ്ഞവർ. ഒരുകാൽ ഇടതുപക്ഷത്തിന്റെ വള്ളത്തിലും മറുകാൽ ഹിന്ദു മതമൗലികവാദത്തിന്റെ വള്ളത്തിലുമുറപ്പിച്ചവർ. ഇങ്ങനെ കളിച്ചവരെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. ചിലർ ഇപ്പോഴും കളിയ്ക്കുന്നുണ്ട്. ചിലർ മരിച്ചു പോയി, പാവങ്ങൾ.

കേരളത്തിൽ ഇന്നത്തെ ഭീഷണി രാഷ്ട്രീയത്തേക്കാൾ മാധ്യമങ്ങളാണ്.

കേരളത്തിന്റെ പുരോഗതിയ്ക്കുള്ള പ്രേരണാഘടകങ്ങൾ പതിനേഴാം നൂറ്റാണ്ടു മുതലുള്ളവ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഒരു ലേഖനത്തിൽ. ഇതിൽ പലതും നിരന്തരമായ പ്രക്രിയ അല്ലെ? സാമ്പത്തികപുരോഗതിയും സാംസ്‌കാരികപുരോഗതിയും തമ്മിലുള്ള ഇടച്ചിലിൽ സാംസ്‌കാരികം തറപറ്റിയോ?

ഇല്ല. സാമ്പത്തികപുരോഗതി ഉണ്ടായില്ല എന്നതാണ്. അതാണ് വലിയ പ്രശ്‌നം. തൊഴിലില്ലായ്മവേതനം വാങ്ങുന്ന ചെറുപ്പക്കാരുടെ എണ്ണം ലക്ഷക്കണക്കിനാണ്. മറ്റുസംസ്ഥാനക്കാരെ ഇവിടെ തൊഴിലെടുക്കാൻ നിയമിക്കുന്നത് സാമ്പത്തികപുരോഗതിയുടെ ലക്ഷണമല്ല. സർക്കാർ ജോലിയല്ലാതെ മറ്റുജോലികൾ വളരെക്കുറവായ നാട്. മറ്റുസംസ്ഥാനക്കരെ ഇവിടെ നിയമിച്ചു മാടമ്പി കളിയ്ക്കുന്നതിന്റെ കാരണം തൊഴിലെടുക്കാൻ മടിയാണ് എന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും ക്ലാസ് വ്യവസ്ഥയ്ക്കും അകത്തു നിന്നു നോക്കുമ്പോൾ ശരീരം കൊണ്ട് അദ്ധ്വാനിക്കുന്നത് നാണക്കേടാണെന്ന ഉറച്ച വിശ്വാസം കേരളത്തിലെ സവർണ്ണരായ മൂന്നു മതക്കാർക്കും ഉണ്ട്. ഹിന്ദുവിലെ ഉപവിഭാഗങ്ങളായ നായർക്കും ഈഴവർക്കും, ക്രിസ്ത്യാനികളിലെ മറ്റു വിഭാഗക്കാർക്കുമെല്ലാം. അരിച്ചരിച്ച് ഷെഡ്യൂൽഡ് കാസ്റ്റ് ഷെഡ്യൂൽഡ് ട്രൈബ് വിഭാഗങ്ങൾക്കു കൂടി ഈ സവർണ്ണമനോഭാവം വന്നു കൂടി. ശരീരം കൊണ്ട് അദ്ധ്വാനിക്കുന്നത് നാണക്കേടാണ്. It is against the dignity. ഇത് അമേരിക്കയിലായിരുന്നെങ്കിൽ എവിടെ ചെന്നേനേ?

തൊഴിലവസരങ്ങൾ ഉൽപ്പാദിക്കപ്പെടണമെങ്കിൽ തൊഴിൽ ചെയ്യാൻ ആളു വേണം. പാടത്തിറങ്ങി പണിയെടുക്കുന്നത് സവർണ്ണരാകാൻ പാടില്ല, സവർണ്ണന് അതു ചെയ്യാൻ വയ്യ എന്ന നിലപാടിൽ എത്തി. ഇതൊന്നുമല്ലാതെ മറ്റൊരു ജോലി ടെക്‌നോപാർക്കിലെയൊക്കെപ്പോലെ കിട്ടാനില്ലാത്ത അവസരത്തിൽ എറ്റവും നല്ല ടാലന്റ്, എല്ലാ പരിശീലനങ്ങളും കിട്ടിയവർ ലോ ഡിഗ്രി, എം. ബി. എ ഒക്കെ എടുത്തവർ അടക്കം കേരളം വിട്ടു പോകുകയാണ്. അപ്പോൾ ഇങ്ങനെയൊരു സ്ഥലത്ത് അവശേഷിയ്ക്കുന്നത് മീഡിയോക്കർ ആൾക്കാരാകും. വെറും ഒരു ഇടത്തട്ടിനും താഴെ നിന്നുകൊണ്ട് എന്തൊക്കെയോ ചെയ്തു ജീവിയ്ക്കുന്നവർ. അവരുടെ കയ്യിലാണ് ഭരണം. ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ കയ്യിലാണ് മാദ്ധ്യമരംഗം. ഭരണത്തിലിരിയ്ക്കുന്നവർ മീഡിയോക്കർ ആണെന്ന് നമുക്ക് നേരത്തെ അറിയാം. അതേ സമയം പത്രപ്രവർത്തനം, അതോടനുബന്ധിച്ച ടെലിവിഷൻ വാർത്താപ്രവർത്തനം, പ്രോഗ്രാം നിർമ്മാണം, സിനിമ-സിനിമയ്ക്കും സമൂഹത്തിൽ വളരെ പ്രധാനപ്പെട്ട സ്വാധീനം ഉണ്ട്- ഇതിലൊക്കെ പ്രവർത്തിയ്ക്കുന്ന ഭൂരിപക്ഷം ആൾക്കാരും കനത്ത മീഡിയോക്രിറ്റികളാണ്. വളരെ അപകടകരമായ അവസ്ഥയാണിത്. കേരളത്തിൽ ഇന്നത്തെ ഭീഷണി രാഷ്ട്രീയത്തേക്കാൾ മാധ്യമങ്ങളാണ്.

പുരോഗതി ഒരു നേർ രേഖയിൽ സഞ്ചരിയ്ക്കുന്നില്ലേ എന്നും ചോദിച്ചിരുന്നു മുൻപത്തെ ചോദ്യത്തിൽ........

Politics has destroyed the society. സാമ്പത്തികാടിത്തറ ഭദ്രമായാലേ സമൂഹത്തിനു കലകളിലേയ്ക്കും മറ്റു കാര്യങ്ങളിലേക്കും അർത്ഥവത്തായി വ്യാപരിക്കാൻ പറ്റുകയുള്ളു. യൂറോപ്യൻ സമൂഹവും അമേരിക്കൻ സമൂഹവും വളരെക്കാലം മുൻപു തന്നെ ഇതുപോലെ ശക്തി പ്രാപിച്ചത് 17 ഉം 18 ഉം നൂറ്റാണ്ടുകളിൽ അവർക്കുണ്ടായ സാമ്പത്തിക പുരോഗതി-കൊളോണിയലിസത്തിൽക്കൂടെ കട്ടുകൊണ്ടുവന്നപണം കൊണ്ടൊക്കെയാണ്- സാംസ്‌കാരികപുരോഗതിയ്ക്ക് വഴി വച്ചതുകൊണ്ടാണ്. They created a society which would protect and perpetuate culture-a system which would protect thinkers and philosophers. അവർക്കു വെറുതെ ഇരുന്നു ചിന്തിയ്ക്കാനുള്ള സൗകര്യം വലിയ യൂണിവേഴ്‌സിറ്റികൾ ചെയ്തു കൊടുത്തു. If you are a thinker you are encouraged, saved. ഇങ്ങനെയൊരു സംവിധാനം നമുക്കില്ല. Until and unless the society becomes strong സാംസ്‌കാരിക പുരോഗതി എന്നു താങ്കൾ പറഞ്ഞത് മുന്നോട്ടു കൊണ്ടുപോകാൻ ആയെന്നിരിക്കില്ല. അതിനകത്ത് പുളവും വളവും ഉണ്ടായിക്കൊണ്ടേ ഇരിയ്ക്കും. സാംസ്‌കാരികചിന്തകരെ രാഷ്ട്രീയം പിടികൂടും. ഓരോ എഴുത്തുകാരും വിധേയരാകുന്നു. നിലനിൽക്കാനുള്ള പണം അല്ലെങ്കിൽ കൂടുതൽ സുഖങ്ങൾ അനുഭവിയ്ക്കാനുള്ള പണം ഇല്ലാതെ വരുന്നതു കൊണ്ട് കലാകാരൻമാരും ചിന്തകരും രാഷ്ട്രീയഭരണാധികാരികൾക്കോ മതനേതൃത്വത്തിനോ വിധേയരായിത്തീരുകയാണ്. ഇങ്ങനെ വന്നു കഴിയുമ്പോൾ ഈ വിധേയരുടെ ശൃംഖലയ്ക്ക് ഒരിയ്ക്കലും സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കുകയില്ല. ഈ വിധേയരുടെ ശൃംഖലയാണ് ഇന്ന് മാദ്ധ്യമങ്ങളിലും കലാസാംസ്‌കാരികരംഗത്തും എല്ലാം പ്രാഗൽഭ്യം നേടുന്നത്, പ്രാമുഖ്യം നേടുന്നത്. അവർക്കാണ് മുൻ തൂക്കം. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല. അതുകൊണ്ടാണ് നമുക്ക് ഒരു സാംസ്‌കാരിക പുരോഗതി വരാത്തത്. ഒരു പുതിയ നാടകം കാണാനില്ല. അർത്ഥവത്തായ ഒരു സിനിമ കാണുന്നില്ല. ലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുള്ള പുസ്തകങ്ങൾ -ചരിത്ര പുസ്തകങ്ങൾ ഇല്ല. കേരള ചരിത്രം-ഇൻഡ്യാ ചരിത്രം പോട്ടെ - സംബന്ധിച്ച് ഒരു പുതിയ വീക്ഷണം വരുന്നില്ല. ഇതാണു ഗതി.

അനുബന്ധമായ ചോദ്യം. മലയാളിയുടെ അവസാനത്തെ അത്താഴം ഫ്യൂറിഡാൻ കലർന്ന ഐസ്‌ക്രീം ആണ് എന്ന് എഴുതിയിരുന്നു. ഇത് ഒരു മുന്നറിയിപ്പോ വിലാപമോ ആവലാതിയോ?

അല്ല. ഒന്നുമല്ല. ഒരു പ്രസ്താവന മാത്രം. വിലാപമോ വാണിങ്ങൊ അല്ല. ഒരു സത്യപ്രസ്താവനയാണ് എന്നെ സംബന്ധിച്ചിടത്തോളം. മലയാളികൾ ഇന്നു വന്നു നിൽക്കുന്ന ഘട്ടത്തെപ്പറ്റി. സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായി എവിടെ വന്നു നിൽക്കുന്നു എന്നതിനെപ്പറ്റിയുള്ള ഒരു പ്രസ്താവന. അതിശയോക്തി അൽപ്പം ഉണ്ടാകും. കാരണം ഈ ഫ്യൂരിഡാൻ കഴിയ്ക്കാതെ രക്ഷപെട്ടവരാണ് ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ഒക്കെയുള്ള മലയാളിനിവാസികൾ. അല്ലെങ്കിൽ ഫ്യൂരിഡാനിൽ നിന്നും രക്ഷപ്പെട്ടവർ മതത്തിന്റെ ഉള്ളിലും രാഷ്ട്രീയത്തിനുള്ളിലും മാധ്യമങ്ങൾക്കുള്ളിലും ഒക്കെ ഉറച്ചു നിന്ന് മിടുക്കൻമാരാകുന്നവരാണ്. ട്രേഡ് യൂണിയനുകൾക്കുള്ളിൽ നിന്നുമൊക്കെ. തൽക്കാലവ്യവസ്ഥിതിയെ ചൂഷണം ചെയ്യാൻ പഠിച്ചവർക്ക് മാത്രമേ ഫ്യൂരിഡാൻ കഴിയ്ക്കാതെ ജീവിയ്ക്കാൻ പറ്റുകയുള്ളു.

മതം, പൗരോഹിത്യം, നക്‌സലിസം

രണ്ടു മുന്നണികൾ ചേർന്ന് അരനൂറ്റാണ്ടു തച്ചുടച്ച സമൂഹമാണ്, ആശയറ്റത് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിഹ്വലതയാണോ മലയാളിയെ മതതീവ്രതയിൽ എത്തിച്ചത്? സാമ്പത്തികവും ഭൗതികവുമായ
സുരക്ഷാബോധം നഷ്ടപ്പെട്ടു എന്നതിലുപരി വിശ്വാസപ്രമാണങ്ങൾ വഞ്ചിച്ചതിന്റെ പരിണതി അല്ലെ ഇത്?

അടിസ്ഥാനപരമായി ഭരണകർത്താക്കൾ/രാഷ്ട്രീയക്കാർ തകർത്ത ഒരു സമൂഹത്തിൽ- ആശ കൊടുക്കുകയും അത് പിൻ വലിയ്ക്കുകയും ചെയ്ത്, അല്ലെങ്കിൽ ഭരണകൂടം പൗരനുവേണ്ടി വല്ലപ്പോഴും ചെയ്തുകൊടുക്കുന്ന ഓരോ സേവനങ്ങൾ ഒരു സൗജന്യ സഹായം, ഫേവർ ആണെന്നു വരുത്തി വയ്ക്കുന്ന ഒരു സമൂഹത്തിൽ- മറുവശത്ത് ഭരണകൂടത്തെ എൽപ്പിച്ച യാതൊരു കർത്തവ്യവും അത് നിർവ്വഹിയ്ക്കാതിരിയ്ക്കുകയും നാക്കുകൊണ്ട് പ്രസംഗിയ്ക്കുക മാത്രം ചെയ്ത് പൗരന്റെ മേലാളനായി ചമഞ്ഞ് നടക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ- പൗരന് ആശയറ്റതു കൊണ്ടാണ്, അവരുടെ പ്രശ്‌നങ്ങളും അവരുടെ മേലുള്ള സമ്മർദ്ദങ്ങളും അവരുടെ നിരാശകളും എല്ലാം കൂടി എത്തും പിടിയും ഇല്ലാതെ വർത്തിച്ച ഒരു രംഗത്തേയ്ക്കാണ് മതങ്ങളും ആൾദൈവങ്ങളും സമർത്ഥമായി കയറിച്ചെന്ന്, കൈകാട്ടിവിളിച്ച് മുട്ടുകുത്താൻ പറഞ്ഞത്. അവർ മുട്ടുകുത്തി, ഭംഗിയായിട്ട് മുട്ടുകുത്തി. അവരെ സംബന്ധിച്ചിടത്തോളം ഈ വീഴ്ച ആശ്വാസം. ഈയിടെ പത്രത്തിൽ വായിച്ചു ഒരു പോലീസ് സ്റ്റേഷനിൽ ദുർലക്ഷണങ്ങൾ മാറ്റാൻ കണിയാനെ കൊണ്ടുവന്ന് കവടി നിരത്തിയതായി. ആ നിലയിലേക്ക് അതായത് ഒരു പോലീസ് സ്റ്റേഷന്റെ പ്രശ്‌നം പരിഹരിയ്ക്കാൻ ഡി. ഐ. ജിയ്‌ക്കോ ഡി. വൈ. എസ്. പി യ്‌ക്കോ പറ്റുകയില്ലെന്നും ഒരു ജോത്സ്യനു മാത്രമേ പറ്റുകയുള്ളു എന്ന് അവിടത്തെ പോലീസുകാർക്ക് ഉറപ്പായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഈ തരത്തിലുള്ള ഒരു ഷിഫ്റ്റ് nobody can save you എന്നുള്ള ആ ഷിഫ്റ്റിനിടയിലേക്കാണ് ജോത്സ്യരും മറ്റും കടന്നു വരുന്നത്. മതാധികാരവർഗ്ഗവും ഇങ്ങനെയാണ് കയറി വന്ന് ആധിപത്യമുറപ്പിയ്ക്കുന്നത്. ക്ഷേത്രങ്ങളുടെ കാര്യമാണെങ്കിൽ ക്ഷേത്രസംരക്ഷണസമിതി എന്നൊക്കെപ്പറഞ്ഞ് മതമൗലികവാദികളുടെ കയ്യിലായി പൊയ്‌പ്പോയി. അതിനെ ചെറുക്കാനായി സി. പി. എം കാർ വന്നു, തള്ളും ഉന്തും നടക്കുന്നു. ക്രിസ്ത്യാനികളുടെ കാര്യമാണെങ്കിൽ സഭകൾ തമ്മിലുള്ള പോരാട്ടം ഒരു വശത്ത്. മറുവശത്ത് ഈ സഭകളുടെ എല്ലാം കീഴിലുള്ള ക്രിസ്ത്യാനികളെ പിടിച്ചെടുക്കാൻ പെന്തക്കോസ്തുകാർ-alternative Christianity ക്കാർ വന്നു ചേരുന്നു. മുസ്ലീംകളുടെ കാര്യത്തിൽ ഷിയ-സുന്നി തർക്കം. അതിന്റെ ഇടയ്ക്ക് fundamentalism- ഒരു വിചിത്രമായ തരത്തിലുള്ള, സൗദി അറേബ്യയിൽ പോലും കാണാനില്ലാത്തിടത്തോളം വിചിത്രമായ തരത്തിലുള്ളത്- ഇറക്കുമതി ചെയ്യുന്നു. ഇതിനെല്ലാം വശംവദരാകാനുള്ള മലയാളികൾ ധാരാളമുണ്ട്.

സക്കരിയ
സക്കരിയ

അവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. അതുകൊണ്ടാണ് നമ്മുടെ സമൂഹത്തിന്റെ ഭാവി ഇപ്പറഞ്ഞ അവസാനത്തെ അത്താഴം പോലെ ഇരുളടഞ്ഞതാകുന്നത്. മതത്തിന്റെ പിടിയിലേക്കു തിരിച്ചുപോകുന്ന ഒരു സമൂഹത്തിനും ഭാവി ഇല്ല.

ജീർണ്ണതാവാദികൾ വിജയിക്കുകയാണോ? വർഗീസുമാരെ വെടിവച്ചുകൊന്ന് നക്‌സലിസം അമർച്ച ചെയ്യാം. ഈ മറുനക്‌സലിസത്തിന്റെ പൂച്ചയ്ക്ക് ആരു മണി കെട്ടും?

ഇല്ല. ഇതിനു ഒരു പോംവഴിയും ഇല്ല. മണികെട്ടാൻ പറ്റുകയില്ല. ഇത് ഒരു മതേതര സമൂഹമാണെന്ന് മറന്നു പോയിട്ടാണ് കേരളത്തിലെ ഭരണകൂടം- യു. ഡി. എഫ് ആയാലും എൽ. ഡി. എഫ് ആയാലും- പ്രവർത്തിയ്ക്കുന്നത്. യു. ഡി. എഫ് ന്റെ ഒരു മുഖ്യമന്ത്രി എ. കെ. ആന്റണി പോയി ആൾദൈവത്തിന്റെ കാൽക്കൽ വീണ് കമഴ്ന്നു കിടന്നു. അദ്ദേഹം തന്നെ പോയി കൊലക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു സന്യാസിയുടെ കാൽക്കൽ കമഴ്ന്നു കിടന്നു. സി. പി. എം കാർ പോലും പോയി തിരുമേനിമാരുടെ മോതിരം മുത്തുന്നു. ഇങ്ങനെ ഒരു സമൂഹത്തിൽ ഒരു നക്‌സൽ തരത്തിലേയ്ക്ക് ഇതൊന്നും പോകുന്നതേ ഇല്ല. നക്‌സലിസത്തിൽ ഒരു രാഷ്ട്രീയ ചായ്വും ഒരു ആക്റ്റിവിറ്റിയും ഉണ്ട്. ഇതിൽ ഇങ്ങനെ ഒന്നുമില്ല. No follower/believer here is concerned with anything other than himself, his immediate wishes and demands. കാര്യങ്ങൾ ഈ ആൾദൈവങ്ങൾ നടത്തിക്കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രമാണ് അവരുടെ നോട്ടം. He has no social concerns. Naxalites were valid because they had a social point of view, a political point of view. But must have been very foolish. വളരെ സില്ലി ആയിട്ടുള്ള ഒരു പൊളിറ്റിക്കൽ റെവൊലൂഷൻ ആണ് അവർ പ്ലാനിട്ടത്. ആ ലളിതമൂഢത്തം നമ്മൾ അംഗീകരിയ്ക്കുമ്പോഴും they wanted the society to change. ഇപ്പോഴത്തെ മതജീർണ്ണതയിൽ പെട്ടുപോയ വിശ്വാസിക്കൊന്നും സമൂഹത്തെക്കുറിച്ച് കാഴച്ചപ്പാടുകൾ ഒന്നുമില്ല. അവന് അവനെക്കുറിച്ചു മാത്രം വേവലാതി. ഇതിൽ നിന്നും രക്ഷപെടുത്താൻ യാതൊരു വഴിയുമില്ല. Because faith is personal and it is your fundamental right.

മതവിശ്വാസതീവ്രത ഉൽപ്പാദിക്കപ്പെടുന്നത് പൗരോഹിത്യ നേതൃത്വങ്ങളുടേയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ശക്തികളുടേയും അധികാരപദ്ധതികളാണ് എന്ന് എഴുതിയിട്ടുണ്ട്. പക്ഷേ ഏതു മാനസികനിലകളാണ് ഈ ചൂഷണത്തിനു പശ്ചാത്തലം ഒരുക്കുന്നത്? 1, 2, 3 എന്നിങ്ങനെ ലിസ്റ്റ് ചെയ്യാൻ പറ്റുമോ?

അങ്ങനെ ലിസ്റ്റ് ചെയ്യാൻ പ്രയാസമാണ്. ജീവിതപരമായി മലയാളിയുടെ മാനസിക നില രണ്ടുമൂന്നു തരത്തിലുണ്ട്. ക്രിസ്ത്യാനികളുടെ ഇടയ്ക്ക്, അവരെ സംബന്ധിച്ചിടത്തോളം ഈ എസ്റ്റാബ്ലിഷ്ഡ് ക്രിസ്തുമത മുഖ്യധാരയ്ക്കുള്ളിൽ നിൽക്കുന്നവന് അവന്റെ സോഷ്യൽ സ്റ്റാൻഡിങിന്റെ ഒരു ഭാഗമാണ് മതവുമായുള്ള അവന്റെ ഇഴചേരൽ. അതു മൗലികവാദം അല്ല. ശരാശരി ക്രിസ്ത്യാനി ഞായറാഴ്ച പള്ളിയിൽ പോകുന്നതോ ഹിന്ദു അമ്പലത്തിൽ പോകുന്നതോ മുസ്ലീം നിസ്‌കരിയ്ക്കുന്നതോ മൗലികവാദം അല്ല. അതിനപ്പുറത്തേയ്ക്കു കടന്നിട്ടുള്ള വിവശമായ ആരാധനയിലേക്കും വിധേയത്വത്തിലേക്കും പോകുമ്പോഴാണ് ഇത് അപകടകരം ആകുന്നത്. പിന്നെ ഇവർ മതസംഘടനകളും മേധാവിത്തങ്ങളും ഉൽപ്പാദിപ്പിയ്ക്കുന്ന പുതിയതും രണ്ടാമതു പൊക്കിക്കൊണ്ടു വരുന്നതുമായ ആചാരങ്ങൾക്കും പുതിയ വഴിപാടുകൾക്കും ആഘോഷങ്ങൾക്കും കൊടുക്കുന്ന സാമ്പത്തികവും ശാരീരികവും ആയിട്ടുള്ള പിന്തുണയാണ് ഏറ്റവും അപകടകരമായിട്ടുള്ളത്. പിന്നീട് ഓരോ അനുബന്ധിച്ച സംഭവങ്ങൾ -ഭാഗവത യജ്ഞങ്ങൾ, വചനപ്രഘോഷണങ്ങൾ നടക്കുമ്പോഴുള്ള ശക്തമായ പിന്തുണയാണ് വീണ്ടും ഇതിലേയ്ക്കു പകർത്തുന്നത്. അതിലേയ്ക്ക് മേൽപ്പറഞ്ഞ ഫണ്ടമെന്റലിസ്റ്റ് അല്ലാത്ത വിശ്വാസിയും കാലക്രമേണ സംഭാവന നൽകിയേക്കും. ഇതിന് പ്രേരിപ്പിയ്ക്കുന്നത് ഇവന്റെ അരക്ഷിതാവസ്ഥയാണ്. മുഖ്യധാരയിൽ നിൽക്കുന്ന ക്രിസ്ത്യാനി അവന്റെ പൊങ്ങച്ചം കൊണ്ടാണ് വിശ്വാസിയെന്നു നടിയ്ക്കുന്നത്. ഗുരുവായൂർ പോയി ഒരു ഹിന്ദു കല്യാണം കഴിയ്ക്കുന്നത് സോഷ്യൽ സ്റ്റാൻഡിങിന്റെ ഭാഗമായാണ്. ഗുരുവായൂരപ്പനെപ്പറ്റി അവൻ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. അങ്ങനെ നിൽക്കുന്നവരുമുണ്ട്. മറുവശത്ത് ഇതിൽ ചെന്നു വീണുപോകുന്ന എറ്റവും അധികം ആൾക്കാർ ആത്മീയതയുടെ അർത്ഥം മനസ്സിലാക്കാത്തവരാണ്. സ്പിരിച്വാലിറ്റി ഒരു ആന്തരിക ഭാവമാണെന്ന് ഇടതുപക്ഷത്തിനും അറിഞ്ഞുകൂടാ. അവർ ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ളതിൽ പോലും ഇക്കാര്യമൊന്നും ആരോടും പറഞ്ഞിട്ടില്ല, അറിയാമെങ്കിൽ പോലും. ഈ ആത്മീയതയിൽ സംഭവങ്ങളോ ബിംബങ്ങളോ വേദപുസ്തകങ്ങളോ ഒന്നുമില്ല എന്നുള്ളത്-ഓരോ മനുഷ്യനും നേടിയെടുക്കേണ്ടത്, പ്രാപ്തമാക്കേണ്ടത് ആണിത് എന്നുള്ള തിരിച്ചറിവ് ഇല്ലാതെ പോയി. ഇങ്ങനെ നിസ്സഹായത, മലയാളി എന്ന നിലയ്ക്കുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും ആയുള്ള നിസ്സഹായത ഒരു വശത്ത്. മറുവശത്ത് മനുഷ്യൻ എന്നുള്ള നിലയ്ക്ക് എല്ലാ മനുഷ്യനും അനുഭവിയ്ക്കുന്ന നിസ്സഹായത. അതാണല്ലൊ മതത്തെ ഉണ്ടാക്കിയത്. അടിസ്ഥാനപരമായ, എല്ലാ മനുഷ്യർക്കുമുള്ള ആകുലതകൾ തന്നെ. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകുമോ, ഇപ്പോൾ പാപം ചെയ്താൽ ഇന്നു ശിക്ഷ കിട്ടുമോ അതൊ നാളെ കിട്ടുമോ, ചെയ്ത പാപത്തിന്റെ പരിഹാരത്തിന് എത്ര പൂജ ചെയ്താൽ ശരിയാകും ഇങ്ങനെ സാർവ്വലൗകികമായ ആകുലതകൾ. മലയാളി എന്ന നിസ്സഹായത അവനെ വലയ്ക്കുന്നുണ്ട് കൂടുതൽ. സമയത്തിനോടുന്ന ബസ്സുകളില്ല, പാതകളില്ല, കുട്ടികൾ പഠിച്ചാൽ ജോലിയില്ല, ഇവരെ പുറത്തേയ്ക്കു വിടണം, പഠിപ്പിയ്ക്കാനുള്ള വമ്പിച്ച പണബാദ്ധ്യത, ഇത്തരത്തിലുള്ള ഞെരുക്കങ്ങൾ ഒന്നിനൊന്നു വലയ്ക്കുന്നു. എനിയ്ക്ക് എങ്ങനെയാണ് ഇതിൽ നിന്നും മോചനം ലഭിയ്ക്കുന്നത് എന്നറിയാനായിട്ടാണ്- I think that is the single most important reason why a Malayali is running after a godman or similar personalities. ഈ മാനസികനിലയാണ് ചൂഷണം ചെയ്യപ്പെടുന്നത്.

സാംസ്‌കാരിക ഭീതി ഇല്ലാത്ത മനുഷ്യർ

പണം കൊടുത്ത് വിദ്യാഭ്യാസത്തെ പിടിച്ചെടുക്കുക, പണം അങ്ങോട്ടു കൊടുത്തു ജോലി വാങ്ങുക.....ലോകത്ത് നടപ്പില്ലാത്ത പദ്ധതികളാണ് മലയാളിയ്ക്കുള്ളത്. മക്കളാണ് പ്രധാന കയറ്റുമതി വിഭവം. എന്തുതരം തലമുറയെയാണ് വാർത്തെടുക്കുന്നത് നമ്മൾ എന്നതിലല്ലെ ഭീതി വേണ്ടത്?

ഈ തലമുറ സാംസ്‌കാരികമായി ചിന്തിയ്ക്കുന്നില്ല. മക്കൾ സാംസ്‌കാരികമായിട്ടു മുന്നേറണമെന്ന് ഒരു അച്ഛനും അമ്മയും പ്രത്യേകമായിട്ടു ചിന്തിയ്ക്കുന്നില്ല. ഒരു സാംസ്‌കാരിക ഭീതി ഇല്ല, അവരെ സംബന്ധിച്ചിടത്തോളം. മക്കൾ മെച്ചപ്പെട്ട മനുഷ്യരാകണം സിവിലൈസേഷണലി അവർ മെച്ചപ്പെട്ടവർ ആകണമെന്ന ചിന്തയില്ല. പക്ഷെ അവർ നിസ്സഹായരാണ്. കേരളം എന്ന സാമ്പത്തികശവപ്പറമ്പിൽ നിന്നും മക്കളെ എങ്ങനെയെങ്കിലും പുറത്തേയ്ക്ക് തൂത്തെറിയുക എന്നതാണ് കഠിനപ്രയത്‌നം. എങ്ങനെ ഏതു പ്രൊഫഷണൽ കോളേജിൽ കൊണ്ടുപോയി എത്ര രൂപാ കൊടുത്താൽ അവർ കാര്യം നേടും എന്നതാണ്. അതു കേരളത്തിൽ അല്ലെങ്കിൽ തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കർണ്ണാടകത്തിലോ ബീഹാറിലോ കൊണ്ടു പോയി മക്കളെ ഇങ്ങനെ തൂത്തെറിയുകയാണ് ഇവിടന്ന്.

അതൊരു പാതകമല്ലെ?

കഞ്ഞികുടിയ്ക്കാതെ കിടക്കുന്നതിനേക്കാൽ വലിയ പാതകമല്ലല്ലൊ. പിന്നെ ഭീതിയ്ക്ക് വകുപ്പില്ല. അടുത്ത തലമുറ ഇല്ലല്ലൊ. അവർ പോയിരിക്കുകയല്ലെ. ഈ തലമുറ ഒന്നോടെ കേരളത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. വിമാനത്തിലും ട്രെയിനിലും കാറിലും ബസ്സിലുമൊക്കെ കയറി they are vanishing. എന്റെ പരിചയത്തിൽപ്പെട്ട ആരുടേയും മക്കൾ കേരളത്തിൽ ഇല്ല. They are gone.

പിന്നെ വരുംകാലത്തേയ്ക്ക് എന്താണു ബാക്കി?

ഇവിടെ അതിജീവിയ്ക്കാൻ പഠിച്ച സമർത്ഥർ. ട്രേഡ് യൂണിയനുകൾക്കുള്ളിലും രാഷ്ട്രീയത്തിനുള്ളിലും മതത്തിനുള്ളിലും ഇവിടത്തെ മാധ്യമത്തിന്റെ താൽപ്പര്യങ്ങൾക്കുള്ളിലും നിന്നുപിഴയ്ക്കാൻ പഠിച്ചവർ. അല്ലെങ്കിൽ ഒരു ചെറിയ കച്ചവടക്കാരായിട്ട്, ഒരു ഹോട്ടലുകാരനായിട്ട് പരിമിതമായ ആവശ്യങ്ങൾക്കുള്ളിൽ നിന്ന് അതിൽ നിന്നും ഒരു ജീവിതമാർഗ്ഗം ഉണ്ടാക്കാൻ ശേഷിയുള്ളവർ-ഇല്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാക്കി എടുക്കാൻ കെൽപ്പുള്ളവർ. Real estate speculation പോലെയുള്ള സംഗതികളിൽ നിന്നും ചിലതൊക്കെ നേടിയെടുക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി എല്ലാവരും ചുറ്റിപ്പറ്റി നിൽക്കുന്നത് രാഷ്ട്രീയത്തിലാണ്. ഏറ്റവും കൂടുതൽ അതിജീവനം അവിടെയാണ് നടക്കുന്നത്. അതിനെ ചുറ്റിയുള്ള ശമ്പള കിമ്പള അഴിമതി... ഇതിലൊക്കെ കളിയ്ക്കുന്ന ഒത്തിരി പേരുണ്ട്. അവരൊക്കെയേ ഉണ്ടാകുകയുള്ളു അവസാനം, സംശയിക്കാനൊന്നുമില്ല.

നേരത്തെ പറഞ്ഞ പാവം ബുദ്ധിജീവികൾ കൂടുതൽ അദ്ധ്വാനിക്കണോ ഇവരെ നില നിർത്താൻ?

വേണ്ട. അവരുടെ പ്രയത്‌നം കൂടി വരികയില്ല. അവർ ചെയ്തുകൊണ്ടിരിയ്ക്കുന്നതു തന്നെ ചെയ്താൽ മതി. ഇവർക്കുവേണ്ടി അവർ പ്രത്യേകമായി ഒന്നും ചെയ്യാനില്ല. ബാങ്കിലുള്ളവർക്കോ പോലീസുകാർക്കോ ഒന്നും ചെയ്യാനില്ല. It is a lost cause.

അടുത്തകാലത്ത് പൊട്ടിപ്പുറപ്പെട്ട വിവാദമാണ് ലൗ ജിഹാദ്.......

പച്ചക്കള്ളം. അത് Anti-Islamic tirades ഇങ്ങനെ പല ഉറവിടങ്ങളിൽനിന്നും ഉണ്ടായി വരുന്നതിന്റെ ഭാഗമായി, മാദ്ധ്യമങ്ങളും കൂടെ അന്ധമായിട്ട് തെളിവുകൾ ഒന്നുമില്ലാതെ നടത്തുന്ന ഒരു ജൽപ്പനം-എന്താ പറയേണ്ടത് വായ് കൊണ്ടു പറയാൻ പോലും കൊള്ളാത്ത വൃത്തികെട്ട സംഭവം.

പക്ഷേ അത് സ്‌നേഹിയ്ക്കുന്നവരെ ഭയങ്കരമായിട്ട് അന്ധാളിപ്പിയ്ക്കുന്നു....

അന്ധാളിപ്പിയ്ക്കും. തീർച്ചയായും. അതാണല്ലൊ അതിന്റെ ഉദ്ദേശം. യാതൊരു കാരണവശാലും ഒരു മുസ്ലീം ഒരു അമുസ്ലീമിനെ സ്‌നേഹിച്ചു കൂടാ എന്നുള്ളത് ഉറപ്പു വരുത്താനായിട്ടാണ് ഇതാരോ കടത്തിവിട്ടത്. ഒരു പക്ഷേ മുസ്ലീം ഫണ്ടമെന്റലിസ്റ്റുകൾ തന്നെയാണോ ഇത് ഇറക്കിയതെന്ന് സംശയിക്കണം. കാരണം മുസ്ലീമുകൾക്ക് ഇഷ്ടമില്ല ഒരു അമുസ്ലീമിനെ സ്‌നേഹിയ്ക്കുന്നത്. ആർ. എസ്.എസ്സിനും ഇഷ്ടമില്ല. ക്രിസ്ത്യാനിയ്ക്കും ഇഷ്ടമില്ല. ആർക്കും ഇഷ്ടമില്ല. കണ്ടുപിടിയ്ക്കപ്പെട്ടാൽ കൊന്നു കളയാൻ സാദ്ധ്യത ഉണ്ട്. അത് നടക്കുന്നുമുണ്ടല്ലൊ. ഇവിടെ കൊന്നുകളയുമോ എന്നെനിയ്ക്കറിഞ്ഞു കൂടാ. ഒരു മുസ്ലീമും അമുസ്ലീമും സ്‌നേഹിച്ച് നാളെ ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ ഒരു കാര്യം എനിയ്ക്കുറപ്പുണ്ട്-പോലീസ് അവരെ കല്യാണം കഴിപ്പിച്ചു വിടും അവർ പ്രായപൂർത്തിയായവരാണെങ്കിൽ. ഗുജറാത്തിലാണെങ്കിൽ അവിടെ വച്ച് ഒരു എൻകൗണ്ടറിൽ
വെടിവച്ച് കൊന്നിരിക്കും.

പക്ഷേ ലൗ ജിഹാദ് എന്ന വാക്കിന് വളരെ പ്രചാരം കിട്ടിയിരിക്കയാണ്........

It is created by media. ഇത് തീർച്ചയായും മാദ്ധ്യമങ്ങൾ സൃഷ്ടിച്ചെടുത്തതാണ്.
Media at the behest of somebody has created it. അതു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമില്ല. എവിടുന്നു വന്നു, എങ്ങനെ വന്നു എന്നൊക്കെ. ആദ്യത്തെ ജിഹാദ് കഥ ആരാണ് ഉണ്ടാക്കിയത് ഏതു സ്രോതസ്സിൽ നിന്നാണ് വന്നത് -എളുപ്പമാണ് കണ്ടു പിടിയ്ക്കൽ. പക്ഷെ ഇതുകൊണ്ട് പ്രശ്‌നത്തിലായ ചെറുപ്പക്കാർ ഉണ്ട്. ഒന്നും ചെയ്യാൻ പറ്റുകയില്ല. പക്ഷെ അവർക്കൊന്നും പേടിയ്ക്കാനില്ല. മീഡിയ അതത് സമയത്ത് അതിന്റെ കളി കളിച്ചിരിക്കും. അതിന്റെ ഉള്ളിലെ ഫണ്ടമെന്റലിസ്റ്റുകളും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിയ്ക്കുന്നവരും ഒക്കെക്കൂടി. ഏത് ഫണ്ടമെന്റലിസ്റ്റ് ഗ്രൂപ് ആണെങ്കിലും മാദ്ധ്യമത്തിലെ അവരുടെ പിണിയാളുകൾ അവരുടെ ജോലി നിർവ്വഹിച്ചിരിക്കും. അതു കണ്ട് നമ്മൾ പേടിച്ചാൽ പറ്റുകയില്ല. കേരളം പോലെ ഒരു സമൂഹത്തിൽ അതൊക്കെക്കണ്ട് പേടിച്ചു ജീവിയ്ക്കാൻ തുടങ്ങിയാൽ അതിനൊരവസാനമില്ല. അതേ സമയം കേരളം പോലെ ഒരു സെക്യുലർ പാരമ്പര്യം ഇല്ലാത്ത നാരായണഗുരുവിനെപ്പോലെ ഒരു മനുഷ്യൻ ജനിയ്ക്കാത്ത ഒരു സ്ഥലത്ത് പേടിയ്‌ക്കേണ്ടതുണ്ട്. കർണ്ണാടകത്തിൽ പോലും സൂക്ഷിയ്ക്കണം. തമിഴ്നാട്ടിൽ- വേണ്ട. അവിടെ ഇക്കാര്യത്തിൽ വളരെ ശക്തിയായ ഒരു സെക്യുലർ പാരമ്പര്യമുണ്ട്. ഇങ്ങനെ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ട്. അവരവരുടെ ചരിത്രം ആണ് ഇതൊക്കെ നിർമ്മിച്ചിരിയ്ക്കുന്നത്. ഇത്തരത്തിലുള്ള വ്യത്യാസങ്ങൾക്ക് ഏറ്റവും കുറവ് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹമാണ് അവർ നിർമ്മിച്ചെടുത്തത്. കേരളത്തിൽ ഉള്ളിടത്തോളം മുസ്ലീം-അമുസ്ലീം വ്യത്യാസപരിഗണന തമിഴ്‌നാട്ടിലില്ല.

മലയാളി ക്രിസ്ത്യാനിയുടെ സർഗ്ഗശേഷി സംബന്ധിച്ച ആകുലതകൾ ഇപ്പോഴും നിലനിൽക്കുന്നോ?

മലയാളി ക്രിസ്ത്യാനിയുടെ സർഗ്ഗശേഷി അവർ പ്രകടിപ്പിച്ചത് കൃഷിയിലും production of wealth ലുമാണ്. അത് കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വ്യവസായ സ്വർണ്ണക്കട ജൗളിക്കട. എന്തായാലും അതിലൂടെ പടർന്നു പന്തലിച്ചു. സാമ്പത്തികോൽപ്പാദനം തന്നെ സർഗ്ഗശേഷി. പിന്നെ, സാഹിത്യം, കല തുടങ്ങിയ കാര്യങ്ങളിൽ സർഗ്ഗശേഷി പ്രകടിപ്പിച്ചവരുടെ എണ്ണം ന്യൂനപക്ഷം പോലും അല്ല സൂക്ഷ്മന്യൂനപക്ഷം ആണ്. അതിന്റെ കാരണം ഈ ക്രിസ്ത്യാനിയുടെ അടിസ്ഥാന ഉദ്വേഗം ചരിത്രപരമായി സാമ്പത്തികോൽപ്പാദനത്തിലായിരുന്നു എന്നതാണ്. അതേസമയം കേരളത്തിലെ ക്രിസ്തുമതം അവരെ വായനയിൽ നിന്നും പിന്തിരിപ്പിച്ചു. മറ്റു രാജ്യങ്ങളിലെ ക്രിസ്തുമതം സ്വതന്ത്രമായി ചിന്തിയ്ക്കുന്നതിലോ മറ്റു മേഖലകളിൽ വ്യാപരിയ്ക്കുന്നതിനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. വായന അന്യമായിത്തീർന്ന ക്രിസ്ത്യാനിയ്ക്ക് കലാസാംസ്‌കാരിക രംഗത്ത് എത്താൻ ഇട വരാതായി. അതെ സമയം സിനിമയിലേക്ക് അവർ കയറി വന്നു. കാരണം സിനിമയ്ക്കകത്ത് സാമ്പത്തികോൽപ്പാദനമുണ്ട്. സിനിമയുടെ ചരിത്രത്തിൽ ആദ്യം മുതൽ ക്രിസ്ത്യാനികൾ ഉണ്ട്. ഇങ്ങനെ പോയി അവരുടെ ചിന്ത. സ്വതന്ത്രമായി ചിന്തിയ്‌ക്കേണ്ട മേഖലകളിൽ അവർ ഒന്നും നേടിയില്ല. ബാക്കി സാധാരണ രീതിയിലുള്ള കോമൺസെൻസ് പ്രയോഗിച്ച് പ്രവർത്തിയ്ക്കാവുന്നിടത്തൊക്കെ അവരുടെ സർഗ്ഗശേഷി വളരെ അധികം ഉയർന്നതാണ്. ഇതാണ് ക്രിസ്ത്യാനിയുടെ സർഗ്ഗശേഷി ചരിത്രം.

എന്നാൽ എങ്ങനെ ഒരു സക്കറിയ ഉണ്ടായി?

ഞാൻ ഒരെഴുത്തുകാരൻ ആയെങ്കിൽ എന്റെ കുടുംബത്തിന്റെ പ്രത്യേക പശ്ചാത്തലം ഒന്നു കൊണ്ടു മാത്രമാണ്. എന്റെ അപ്പൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. വായനക്കാരനും. അമ്മ പ്രത്യേക വലിയ വിശ്വാസപ്രമാണങ്ങൾ belief systems ഒന്നുമില്ലാത്ത സാധാരണ ക്രിസ്ത്യാനി ആയിരുന്നു. വീട്ടിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഒരു സവിശേഷ ചുറ്റുപാട്. അതുകൊണ്ടാണ് ഞാൻ എഴുത്തുകാരനായത്. അവിടുന്ന് തുടങ്ങിയതാണ് എന്റെ എഴുത്തിലേയ്ക്കുള്ള യാത്ര.

എഴുത്തുകാരൻ സക്കറിയയും ഉരുളികുന്നത്തുകാരൻ സാദാ ക്രിസ്ത്യാനി സക്കറിയയും തമ്മിലുള്ള അകലം? അടുപ്പം? വിട്ടു പിരിഞ്ഞവർ?

പണ്ടേ വിട്ടുപിരിഞ്ഞവരാണ്. ആ വിട്ടുപിരിവ് ഉണ്ടായതുകൊണ്ടാണ് എഴുത്തുകാരൻ സക്കറിയ ഉണ്ടായത്. ക്രിസ്ത്യാനി സക്കറിയയിൽ നിന്നും വിട്ടു പിരിഞ്ഞ് സ്വതന്ത്രമായി ചിന്തിയ്ക്കുന്ന ഒരു സക്കറിയ ആയത്. ക്രിസ്ത്യാനി സക്കറിയ ആയിട്ടിരുന്ന് എനിയ്ക്ക് ഒരെഴുത്തുകാരൻ ആകാൻ സാദ്ധ്യമല്ലായിരുന്നു.

ഇപ്പോഴും ആ ദ്വന്ദങ്ങളുണ്ടോ?

ഇല്ലല്ലൊ. ഞാൻ പരിപൂർണ്ണമായി പുറത്തിറങ്ങി എന്നാണെന്റെ വിശ്വാസം. നൂറു ശതമാനം. Except in terms of nostalgia. എനിയ്ക്ക് ഒരു പള്ളിയെ വിവരിക്കണമെങ്കിൽ എന്റെ ഇടതു കൈ കൊണ്ട് ചെയ്യാൻ പറ്റും. ഒരു കത്തോലിക്കാ പുരോഹിതനെപ്പറ്റി അല്ലെങ്കിൽ യേശുക്രിസ്തുവിനെപ്പറ്റി എഴുതണമെങ്കിൽ I can do it without a second thought. അത് എന്റെ കയ്യിലിരിയ്ക്കുന്ന ഒരു സമ്പാദ്യമാണ്. ഇഷ്ടം പോലെ ഉപയോഗിയ്ക്കാം അത്.

Comments