കെ. കണ്ണൻ: കോവിഡുകാലം പുസ്തക പ്രസാധനത്തിലും വിൽപനയിലും വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഒരുപക്ഷെ, കോവിഡിന് വലിയ ആഘാതമുണ്ടാക്കാൻ കഴിയാതിരുന്ന ഒരു മേഖല കൂടിയാണിതെന്ന് പറയാം. കാരണം, ലോക്ക്ഡൗൺ, വിപുലമായൊരു വായനയുടെ ഒരു മൾട്ടി മീഡിയ പ്ലാറ്റ്‌ഫോം സാധ്യമാക്കി. വർഷങ്ങളെടുക്കുന്ന ഒരു മാറ്റമാണ് ഒരു വർഷം കൊണ്ടുണ്ടായത്. 2021ൽ ഇന്ത്യയിൽ 62.4 കോടി ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 4.7 കോടിയും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്റർനെറ്റിലേക്ക് വന്നവരാണ്. (https://datareportal.com/reports/digital-2021-india). ഈ സംഖ്യ യു.എസിന്റെയും യൂറോപ്യൻ യൂണിയന്റെയും ജനസംഖ്യയേക്കാൾ വലുതാണ് എന്നും ഓർക്കണം. അച്ചടിച്ച പുസ്തകം എന്ന യാഥാസ്ഥിതികവും ഒട്ടൊക്കെ വൈകാരികവുമായ ഒരഭിനിവേശത്തെ തകർത്തുകളഞ്ഞ് വായന ഓഡിയോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണ്. എഴുതുന്ന കഥയോ കവിതയോ വായിച്ചും ചൊല്ലിയും ഓഡിയോ സ്റ്റോറികളും പോഡ്കാസ്റ്റുകളുമായി അപ്‌ലോഡ് ചെയ്യാം, അവയെ "വെളിച്ചം' കാണിക്കാം. ഈ കാലത്ത് കേരളത്തിലടക്കം പ്രമുഖ പ്രസാധകരെല്ലാം ഓൺലൈൻ വിൽപനയിലും ഇ- ബുക്ക് പബ്ലിഷിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പുതിയ പ്രസാധകർ കടന്നുവന്നു. പുസ്തക വിൽപ്പനയുടെ വലിയൊരു ശതമാനം ഓൺലൈൻ വഴിയായി. വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിക്കുള്ള വിൽപന പോലും സജീവമാണിന്ന്. ഈ പുതിയ മീഡിയ റവല്യൂഷൻ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിനെയും വായനയെയും പബ്ലിഷിങ്ങിനെയും എങ്ങനെയാണ് സ്വാധീനിക്കുക? വായനയുടെയും പ്രസാധനത്തിന്റെയും അഭിരുചി നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയ എങ്ങനെയാണ് ഇടപെടുന്നത്?
വി.സി. തോമസ്: മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ ഒരു സുപ്രധാന വർഷമായി 2020 രേഖപ്പെടുത്തപ്പെടും. പുസ്തക പ്രസാധനത്തിലും വിതരണത്തിലും വിൽപ്പനയിലുമുളള ഒരു കുത്തക വ്യവസ്ഥിതി അവസാനിച്ചു. മറ്റൊരു കുത്തക അതേറ്റെടുക്കുന്നു. കേരളത്തിൽ പ്രസാധകരുടെ ഉടമസ്ഥതയിലുള്ള പുസ്തക വിതരണത്തിലേക്കും ചില്ലറ വിൽപനയിലേക്കും ആഗോള ഭീമൻ ആമസോൺ വൻതോതിൽ കടന്നുവന്ന വർഷമാണ് 2020. എന്തൊക്കെയായാലും, 2021 മലയാള പുസ്തക പ്രസാധന മേഖലയിലെ പുതിയ സൂര്യോദയം തന്നെയാണ്.
ഇന്ന് മലയാള പുസ്തക വിൽപന 70 ശതമാനത്തിലധികം ഓൺലൈൻ ആയാണ് സംഭവിക്കുന്നത്. അതിലെ ഭൂരിഭാഗവും ആമസോൺ ആണ് ‘കേറ്റർ' ചെയ്യുന്നത്.
പുസ്തക വൈവിധ്യത്തിന് മുമ്പില്ലാത്തവിധം ഊർജ്ജം പകരുന്ന ഒരു സാഹചര്യം ഇന്ന് നിലവിൽ വന്നിട്ടുണ്ട്. പുസ്തകവിൽപനയുടെ മുകളിലുളള സ്ഥാപനവൽകൃതമായ കുത്തകസ്വഭാവവും ഷോപ്പുകൾ അടക്കമുളള വിപണനപ്രക്രിയയും അതിന്റെ അമിതമായ പ്രദർശനാത്മകതയുമൊക്കെയാണ് ഇവിടെ പ്രസാധന മേൽക്കോയ്മ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് കാര്യങ്ങൾ കൂടുതൽ യഥാതഥമായി. ഇന്ന് മലയാള പുസ്തക വിൽപന 70 ശതമാനത്തിലധികം ഓൺലൈൻ ആയാണ് സംഭവിക്കുന്നത്. അതിലെ ഭൂരിഭാഗവും ആമസോൺ ആണ് ‘കേറ്റർ' ചെയ്യുന്നത്.
മുമ്പ് പുസ്തകം നേരിട്ട് വീടുകളിലും ഓഫീസുകളിലും മറ്റും എത്തിച്ചിരുന്നവർ വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ഉപാധികളിലൂടെ പുസ്തകം വിൽക്കുന്നു. കൂടാതെ നിരവധി ഓൺലൈൻ സ്റ്റോറുകൾ നിലവിൽ വന്നു. അങ്ങനെ ഇന്ന്, പ്രസാധകൻ എത്ര ചെറുതായിക്കോട്ടെ ആർക്കും പുസ്തകം വിൽക്കാമെന്ന നില വന്നിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ, ഇത് പ്രസാധന- വിപണന രംഗത്ത് ഒരു തരത്തിലുളള സമത്വം കൊണ്ടുവന്നുവെന്ന് പറയാം. പുസ്തകം അച്ചടിക്കുന്ന കാര്യത്തിലും കുറെക്കൂടി യാഥാർത്ഥ്യബോധം കൈവന്നു.
പ്രധാനപ്പെട്ട ഒരു വസ്തുത, പുസ്തകത്തിന്റെ അച്ചടി മിക്കവാറും പ്രിൻറ് ഓൺ ഡിമാൻഡ് ആയി എന്നതാണ്. അതിനാൽ, വ്യവസ്ഥാപിത പ്രസാധകരുടെ റോൾ ചുരുങ്ങി. 200 അല്ലെങ്കിൽ 300 കോപ്പി അടിക്കുന്ന പുസ്തകത്തിൽ നിന്ന് എഴുത്തുകാർക്ക് പ്രതിഫലം നക്കാപ്പിച്ചയായി, (അത്യുന്നതമെന്ന് കരുതപ്പെടുന്ന പ്രസാധക സ്ഥാപനങ്ങൾ വരെ പൈസ അങ്ങോട്ടുകൊടുത്ത് പുസ്തകമിറക്കുന്ന രീതിയെയാണ് അധികം പ്രോത്സാഹിപ്പിക്കുന്നത്). ഇവിടെയാണ് ഞാൻ ഒരു വലിയ അവസരം കാണുന്നത്. എഴുത്തുകാരെ കബളിപ്പിക്കാതെ അവർക്ക് പൂർണ തൃപ്തികരമായ സാമ്പത്തിക വരുമാനം ഉണ്ടാക്കിക്കൊടുക്കാനുളള ഒരവസരം എന്നിതിനെ വിശേഷിപ്പിക്കാം.
കൃതിയുടെ ഉടമസ്ഥാവകാശ കാലാവധി കഴിഞ്ഞാലും എഴുത്തുകാർക്ക്, അവരുടെ അവകാശികൾക്ക്, ആ കൃതിയുടെ മേൽ ‘മോറൽ റൈറ്റ് ' ഉണ്ടായിരിക്കും. കോപ്പിറെറ്റ് നിയമങ്ങളുടെ അജ്ഞത കാരണം പലപ്പോഴും എഴുത്തുകാരെ ‘പ്രസാധക ദാസർ' ആയാണ് കാണാൻ കഴിയുക.
പുതിയ സാഹചര്യത്തിൽ, 150 കോപ്പി വിറ്റാൽ ഒരു പുസ്തകം ബ്രേക്ക് ഈവൻ ആയി എന്നതാണ് വാസ്തവം. 500 കോപ്പികൾ ഓൺലൈൻ ആയി വിൽക്കാൻ കഴിഞ്ഞാൽ പരമ്പരാഗത പ്രസാധകർ 2000 കോപ്പി വിറ്റാൽ നൽകുന്ന റോയൽറ്റി (കൃത്യമായി റോയൽറ്റി നൽകുന്നില്ലെന്ന വലിയ പരാതികൾ ഒന്നാം കിട എഴുത്തുകാരുടെ ഇടയിൽ നിന്നുപോലും ഉയരുന്നുണ്ടെന്നതാണ് സത്യം) പുസ്തകം ഇറങ്ങുന്നതോടെ നൽകാൻ കഴിയുന്ന ഒരു പദ്ധതിയാണ് ഞാൻ വികസിപ്പിച്ചിട്ടുള്ളത്. എഴുത്തുകാർക്കായി പുസ്തക വിൽപനയുടെ ലാഭം പങ്കിടുന്ന പദ്ധതി. എഴുത്തുകാരും പ്രസാധകരും തമ്മിലുളള അകലം കുറയ്ക്കുക, നൂറുശതമാനം സത്യസന്ധതയിലും ധാർമികതയിലും സുതാര്യതയിലും ഊന്നി പ്രവർത്തിക്കുക തുടങ്ങിയ കാഴ്ചപ്പാടുകളാണ് ഈ സംരംഭത്തിനുപിന്നിൽ.
എഴുത്തുകാരുടെ ബൗദ്ധിക സ്വത്താവകാശത്തെയും അവരുടെ പുസ്തകങ്ങളുടെ വിപണിമൂല്യത്തെയും സംരക്ഷിക്കുന്ന, സുസ്ഥാപിതമായ ഒരു പ്രക്രിയയാണ് ആഗോളതലത്തിൽ തന്നെ ഇന്ന് പകർപ്പാവകാശം എന്നത്. എന്നാൽ, പ്രസാധനത്തിന്റെയും പുസ്തകഘടനയുടെയും മേഖലയിൽ കഴിഞ്ഞ ദശകങ്ങളിലുണ്ടായ സാങ്കേതികതയുടെ കൊടും ആവേശം, അതായത് അച്ചടിരൂപത്തിൽ നിന്ന് ഇ- ബുക്കിലേക്കും ഓഡിയോ ബുക്കിലേക്കും സ്റ്റോറി ടെല്ലിലേക്കും ലൈവ് സ്ട്രീമിങ്ങിലേക്കും ഫിലിം അഡാപ്‌റ്റേഷനുകളിലേക്കുമുള്ള മാറ്റം, മൾട്ടി മീഡിയ പബ്ലിഷർമാരുടെ വൻതോതിലുള്ള കടന്നുവരവ് തുടങ്ങിയവ, പകർപ്പാവകാശത്തെ പുതിയ മീഡിയാരൂപത്തിനനുസരിച്ച് പുനർ നിർവചിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. വിവർത്തനങ്ങളുടെ കാര്യമെടുത്താൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭാഷാ വിപണിയാണ് ഇന്ത്യ. ഇംഗ്ലീഷിൽ നിന്നുമാത്രമല്ല, മറ്റു ലോകഭാഷകളിൽ നിന്നും മലയാളം, ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിലേക്ക് നേരിട്ട് വിവർത്തനങ്ങളുണ്ടാകുന്നുണ്ട്. മലയാള പുസ്തകപ്രസാധന രംഗമാകട്ടെ, പകർപ്പാവകാശ ലംഘനമില്ലാത്ത ഒരു ‘വിശുദ്ധ' ലോകവുമല്ലെന്ന് ഇടക്കിടെ ഉയരുന്ന പരാതികൾ തെളിയിക്കുന്നു. കണ്ടന്റിന്റെ കാര്യത്തിൽ മാത്രമല്ല, കവർ ഡിസൈന്റെയും ലേ- ഔട്ടിന്റെയും ടൈറ്റിലുകളുടെയുമൊക്കെ പേരിൽ പകർപ്പാവകാശലംഘനം നടക്കുന്നുണ്ട്, മലയാളത്തിൽ. വിവിധ ഭാഷകളിലെ 300ലേറെ ടൈറ്റിലുകൾക്ക് മലയാളത്തിലേക്ക് പകർപ്പാവകാശം നേടിയ താങ്കൾക്ക് സ്വന്തം അനുഭവങ്ങൾ വെച്ച്, മലയാളത്തിലെ പകർപ്പാവകാശ ലംഘനങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്ന് വിശദീകരിക്കാമോ?
കോപ്പിറൈറ്റ് എന്നത് എഴുത്തുകാരിക്ക് (എഴുത്തുകാരന്) അവളുടെ (അവന്റെ) ജീവിതകാലവും, അതിനുശേഷം 60 വർഷവും അവളുടെ മൂന്നു തലമുറകൾക്കു സർവസ്വതന്ത്രമായി അനുഭവിക്കാനുള്ള മുതലാണ്, അല്ലെങ്കിൽ സമ്പത്താണ്. ഉടമയ്ക്ക് ഇത്ര അവകാശവും അധികാരവും നൽകുന്ന ഒരു സ്വത്ത് ഇല്ല തന്നെ. കൃതിയുടെ ഉടമസ്ഥാവകാശ കാലാവധി കഴിഞ്ഞാലും എഴുത്തുകാർക്ക്, അവരുടെ അവകാശികൾക്ക്, ആ കൃതിയുടെ മേൽ ‘മോറൽ റൈറ്റ് ' ഉണ്ടായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും കോപ്പിറെറ്റ് നിയമങ്ങളുടെ അജ്ഞത കാരണം പലപ്പോഴും എഴുത്തുകാരെ ‘പ്രസാധക ദാസർ' ആയാണ് കാണാൻ കഴിയുക. അത് നമ്മൾ ഉണ്ടാക്കിയെടുത്ത ഒരു ശീലമാണ്.
എഴുത്തുകാരുടെ ‘കൂലി' എന്ത് എന്ന് പ്രസാധകർ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് മലയാള പുസ്തക പ്രസാധന രംഗം
മലയാളത്തിൽ വളരെ കുറച്ചു എഴുത്തുകാരേ എഴുത്തിൽ നിന്ന് കാര്യമായ വരുമാനം നേടുന്നുള്ളു. അതിനാൽ, എഴുത്ത് ജീവനോപാധി അല്ലാതെയായിത്തീരുന്നു, രണ്ടാമത്തെയോ മൂന്നാമത്തെയോ പണിയായി മാറുന്നു. സമൂഹം എഴുതുന്നവരെ "ഒന്നിനും കൊളളാത്തവരായി' കാണുന്നതുതന്നെ എഴുത്തിന്റെ സാമ്പത്തിക ക്ഷമതയെ സംബന്ധിച്ച അനിശ്ചിതത്വം കൊണ്ടാണ്. ആയിരക്കണക്കിന് എഴുത്തുകാരുണ്ടായിട്ടും, വിരലിലെണ്ണാവർക്കുമാത്രമേ വരുമാനം ഉറപ്പാകുന്നുളളൂ. വിവർത്തകരുടെ അവസ്ഥയും മറിച്ചല്ല. വിവർത്തകർക്ക്ഇന്നും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത്. ഈ അടുത്ത് മലയാളത്തിലേക്കുള്ള ഒരു പ്രധാന പരിഭാഷാ പദ്ധതിയിൽ വിവർത്തകർക്ക് ഉയർന്ന പ്രതിഫലം നൽകാൻ പദ്ധതി നടത്തിപ്പുകാർ തയ്യാറായിരുന്നുവെങ്കിലും മലയാളത്തിൽ പ്രസാധകർ നിശ്ചയിച്ച തുച്ഛമായ പ്രതിഫലം നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
എഴുത്തുകാരുടെ ‘കൂലി' എന്ത് എന്ന് പ്രസാധകർ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് മലയാള പുസ്തക പ്രസാധന രംഗം. ഇതിനു മാറ്റം വരണം എന്നാണ് എന്റെ സുനിശ്ചിതമായ അഭിപ്രായം. എഴുത്തുകാർ ഒരിക്കലും ചൂഷണം ചെയ്യപ്പെടരുത്. അവരുടെ ആത്മാഭിമാനത്തിന് മങ്ങലേൽക്കരുത്. ഒരനുഭവം പങ്കുവെക്കട്ടെ. ഈ അടുത്ത് ഞാൻ ആരംഭിച്ച പ്രസാധന കമ്പനിയുമായി (വി.സി. തോമസ് എഡിഷൻസ് ) സഹകരിക്കാൻ ഒരു എഴുത്തുകാരൻ സമ്മതിച്ചു. അദ്ദേഹത്തിന്റെ നോവൽ പ്രസിദ്ധീകരിക്കാനുള്ള ഉടമ്പടിയുടെ ഭാഗമായി ഞാൻ കരാർ വയ്ക്കുകയും അതിന്റെ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെറിയൊരു തുക മുൻകൂറായി നൽകുകയും ചെയ്തു. അഡ്വാൻസ് തുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയുന്നത്തിനും അപ്പുറമായിരുന്നു. അദ്ദേഹം പറഞ്ഞു; ""ഇത് ഞാൻ എല്ലാവരോടും പറയും. ഇത് മലയാളത്തിൽ ആദ്യത്തെ സംഗതിയാണ്. എഴുത്തിന് മുൻകൂർ തുക നൽകുന്ന ആദ്യ പ്രസാധകനാണ് നിങ്ങൾ. ഇത് ലോകം അറിയണം.''
ഞാൻ പറഞ്ഞു; ""സുഹൃത്തേ, ലോകത്ത് ഇത് ഏറെ പരിചിതവും പതിവുളളതുമായ ഒരു സമ്പ്രദായമാണ്.'' എന്നാൽ, മലയാളത്തിൽ മാത്രം എഴുത്തുകാർക്ക്അഡ്വാൻസായി ഒന്നും ലഭിക്കുന്നില്ല. പുസ്തകം നിർമിക്കാൻ ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കൾക്കളുടെയും സേവനങ്ങളുടെയും ദാതാക്കൾക്ക് അപ്പപ്പോൾ വില / പ്രതിഫലം നൽകുന്നുണ്ട്. എന്നാൽ, കൃതിയുടെ കർത്താവിനു മാത്രം, ‘വിറ്റാൽ', ‘ആറു മാസമോ ഒരു വർഷമോ കഴിഞ്ഞ്', ‘കണക്കുനോക്കി എല്ലാ നികുതികളും കുറവുചെയ്തതിനുശേഷം മാത്രം', "ബാക്കി വല്ലതും ഉണ്ടേൽ തരാം' എന്നതാണ് വ്യവസ്ഥ. ഒന്നിനും ഒരു നിശ്ചയമില്ല എന്നതാണ് ഈ "വ്യവസ്ഥയുടെ' പ്രത്യേകത. എഴുത്തുകാർ വഞ്ചിക്കപ്പെടുന്ന ഈ അവസ്ഥ മാറണം. "പ്രിൻറ് ഓൺ ഡിമാൻഡ് വ്യവസ്ഥ'യിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് മുഖവില അടിസ്ഥാനമാക്കിയല്ല, മറിച്ച് "നെറ്റ് റിസീപ്റ്റ്‌സിനെ' അടിസ്ഥാനമാക്കി മാത്രമാണ് പ്രതിഫലം നൽകുക. അപ്പോൾ തുക വീണ്ടും കുറയും. എന്നാൽ മലയാളത്തിലെ മൂലകൃതികളെക്കാൾ പ്രാധാന്യത്തോടെ, എല്ലാ പ്രമുഖ പ്രസാധകരും പ്രസിദ്ധീകരിക്കുന്ന വിദേശ വിവർത്തന പുസ്തകങ്ങളെല്ലാം നല്ല രീതിയിൽ അഡ്വാൻസ് നൽകി അവകാശം വാങ്ങിയിട്ടുള്ളതാണ്.
"ഇന്ത്യൻ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറു'കളുടേതു പോലെ ഇവിടെ പ്രമുഖ മലയാള പുസ്തകങ്ങളുടെ പൈറേറ്റഡ് പതിപ്പുകൾ വിപണിയിൽ ഇല്ല. ഇവിടെ നടക്കുന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള കോപ്പിറൈറ്റ് ലംഘനങ്ങളാണ്
ഇതിനിടയിലും വളരെ വിചിത്രമായ സംഭവങ്ങൾ മലയാള പ്രസാധന രംഗത്ത് നടക്കുന്നുണ്ട്. 2020 ൽ മലയാള പ്രസാധന രംഗത്ത് നടന്ന ഒരു പ്രധാന സംഭവം ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 11 കൃതികളുടെ മലയാള വിവർത്തനങ്ങളുടെ ലേലം ആയിരുന്നു. പകർപ്പവകാശ ലംഘനങ്ങളെ തുടർന്ന് 2016 ൽ മാർകേസിന്റെ കൃതികളുടെ മലയാള പ്രസാധനം നിർത്തലാക്കിയിരുന്നു. 2019 ലെ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിൽ മാർകേസിന്റെ ലിറ്റററി ഏജന്റായ കാർമെൻ ബൽസിൽസ്, ബാർസിലോണ ഔദ്യോഗികമായി ഓഫറുകൾ ക്ഷണിച്ചു. 2019 ലെ ഷാർജ ബുക്ക് ഫെയറിൽ അവർ കൂടുതൽ മലയാള പ്രസാധകരെ ടെൻഡറിലേക്ക് ക്ഷണിച്ചു. 25,000 യു.എസ് ഡോളറിനു മുകളിൽ അഡ്വാൻസ് നൽകിയാണ് 11 പുസ്തകങ്ങളുടെ മലയാള വിവർത്തന കരാർ ഉറപ്പിക്കുന്നത്. ഇത് വലിയ വാർത്തയാകേണ്ട സംഗതിയാണ്. മലയാളത്തിൽ പകർപ്പവകാശമില്ലാത്ത മാർകേസ് കൃതികൾ പ്രചാരത്തിലുണ്ടായിരുന്നു എന്നതാണ് സത്യം. അതുപോലെ പല വിവർത്തന കൃതികളുടെയും ഇ- ബുക്കുകൾ അനുവാദമില്ലാതെ പ്രസാധകർ പ്രചരിപ്പിക്കുന്നവയാണ് എന്നതിന് ധാരാളം തെളിവുണ്ട്.
എഴുത്തുകാർക്ക് നിലവിലുളള പ്രസാധന മേഖലയുടെ ഉളളുകള്ളികളെപ്പറ്റിയും, കുത്തകവൽക്കരണത്തിന്റെ അപകടങ്ങളെപ്പറ്റിയും വ്യക്തമായുളള ധാരണയില്ല എന്നതും പല ചൂഷണങ്ങളുടേയും കാരണമായി വരുന്നു. എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കിയ എഴുത്തുകാരുമുണ്ട്. കയ്‌പ്പേറിയ അനുഭവങ്ങളാണ് അവരെ വാസ്തവങ്ങളിലേക്ക് നയിച്ചത്. അതിലൊരാളാണ് നാരായൻ. താൻ പ്രതിനിധാനം ചെയ്ത ജനതയുടെ സ്വത്വാഭിമാനം എഴുത്തിലൂടെ ആവിഷ്‌കരിച്ച അദ്ദേഹം, പ്രസാധന രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന വഞ്ചനയുടെ തിക്തമായ യാഥാർത്ഥ്യങ്ങൾ തുടക്കങ്ങൾ ഒടുക്കങ്ങളും- ഒരു പ്രാന്തവൽകൃതന്റെ സാഹിത്യാനുഭവങ്ങൾ (2020, ഏക, വെസ്റ്റ്‌ലാൻഡ്) എന്ന ഓർമപ്പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത് ഒരു സത്യത്തിലേക്ക് വിരൽചൂണ്ടുന്നു. മലയാള പുസ്തക പ്രസാധന മേഖലയുടെ പശ്ചാത്തലത്തിൽ നോക്കിയാൽ എല്ലാ എഴുത്തുകാരും അരികുജീവിതം നയിക്കുന്നവരാണ്. മലയാളത്തിൽ പൈറസി കുറവാണെന്ന് നമ്മൾ കരുതുന്നു. ‘ഇന്ത്യൻ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറു'കളുടേതു പോലെ ഇവിടെ പ്രമുഖ മലയാള പുസ്തകങ്ങളുടെ പൈറേറ്റഡ് പതിപ്പുകൾ വിപണിയിൽ ഇല്ല. ഇവിടെ നടക്കുന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള കോപ്പിറൈറ്റ് ലംഘനങ്ങളാണ്. ഏക പക്ഷീയമായ പ്രസാധന ഉടമ്പടികൾ (അവ ഒരു കോടതിയിലും നിലനിൽക്കില്ല എന്ന സത്യം മനസ്സിലാക്കുന്ന എഴുത്തുകാർ കുറവാണ്) ആണ് നിലവിലുള്ളത്.
മലയാളത്തിൽ പകർപ്പവകാശമില്ലാത്ത മാർകേസ് കൃതികൾ പ്രചാരത്തിലുണ്ടായിരുന്നു. അതുപോലെ പല വിവർത്തന കൃതികളുടെയും ഇ- ബുക്കുകൾ അനുവാദമില്ലാതെ പ്രസാധകർ പ്രചരിപ്പിക്കുന്നുണ്ട്
പുതിയ ടെക്‌നോളജി അനുസരിച്ച് കൃതികൾ പ്രസിദ്ധീകരിക്കുമ്പോൾ / പകർത്തുമ്പോൾ എഴുത്തുകാർക്ക് എന്തു ലഭിക്കും എന്നത് പ്രസാധന ഉടമ്പടികളിൽ വ്യക്തത ഇല്ല. എന്നാൽ അത്തരം ‘evolving technology' ഉപയോഗിച്ച് പകർപ്പെടുക്കാനുള്ള അവകാശം ഉടമ്പടിയിൽ എഴുതിച്ചേർക്കാൻ പ്രസാധകർ ഉൽസുകരുമാണ് എന്നത് ഇരട്ടത്താപ്പ് വെളിവാക്കുന്നു. നിലവിലുള്ള പല പ്രസാധന ഉടമ്പടികളും വ്യക്തതയില്ലാത്തതുകൊണ്ട്, എഴുത്തുകാരെ സംബന്ധിച്ച് തന്റെ പുസ്തകത്തിന്റെ പ്രസാധനം ഒരു സങ്കീർണ വ്യവഹാരമായി അനുഭവപ്പെടുന്നു. ഒട്ടുമിക്ക എഴുത്തുകാരും തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിളിച്ചുപറയുന്നു.
ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും, വളരെ വൈബ്രന്റാണ് മലയാള പുസ്തകവിപണി. 200 കോടിയോളം വാർഷിക ടേണോവർ വരുന്നതാണ് കേരളത്തിന്റെ പുസ്തക വിപണന മേഖല. ഓഡിയോ ബുക്കുകൾക്ക് വലിയ സ്വീകരണമാണ് മലയാളത്തിൽ ലഭിച്ചുവരുന്നത്. എന്നാൽ ഓഡിയോ ബുക്കിൽനിന്ന് എഴുത്തുകാർക്ക് ലഭിക്കുന്ന പ്രതിഫലം തുച്ഛമാണ്. അച്ചടിച്ച പുസ്തകത്തിന്റെ പ്രചാരണാർഥമാണ് ഇ- ബുക്കുകളും ഓഡിയോ ബുക്കുകളും എന്നതാണ് ചില പ്രസാധകരുടെയെങ്കിലും നിലപാട്. നമ്മുടെ പ്രസാധനരംഗം ഇന്ന് സ്റ്റാറ്റിക്ക് അല്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ആഗോള വ്യതിയാനങ്ങൾക്കനുസരിച്ച് പുതുപ്രവണതകൾ മലയാളത്തിലും ഉണ്ടാകുന്നു. മലയാളത്തിൽ ഇനി വരാനിരിക്കുന്നത് Biblio Diversity യുടെ കാലമാണ്. കൂടുതൽ പുസ്തകങ്ങൾ, മികച്ച പുസ്തകങ്ങൾ, നന്നായി എഡിറ്റ് ചെയ്ത പുസ്തകങ്ങൾ, മികച്ച രീതിയിൽ നിർമിച്ച പുസ്തകങ്ങൾ.
മലയാള പ്രസാധന രംഗത്ത് ഇനി ഉണ്ടാവേണ്ട ഒരു മാറ്റം ലിറ്റററി ഏജൻറ് എന്ന കോൺസെപ്റ്റിന്റെ ഉചിതമായ ഉപയോഗമാണ്
ആമസോണിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്‌ലാൻഡ് മലയാളത്തിൽ പ്രസാധനം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ സാന്നിധ്യമുള്ള മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് നിലവാരമുള്ള വിവർത്തന കൃതികളുമായി മലയാളത്തിൽ അക്കൗണ്ട് തുടങ്ങി. മലയാള മനോരമ, മാതൃഭൂമി പോലുള്ള മീഡിയ സ്ഥാപനങ്ങൾ പുസ്തക പ്രസാധനം ഊർജ്ജിതമാക്കി. കുട്ടികളുടെ പ്രസാധകരായ പ്രഥം ബുക്‌സ് ഒറ്റയടിക്ക് ഇരുപതു പുസ്തകങ്ങളാണ് മലയാളത്തിൽ ഉടനെ പ്രസിദ്ധീകരിക്കുന്നത്. ബാലസാഹിത്യ- ഭാഷാവിദ്യാഭ്യാസമേഖലകളിൽ വലിയൊരു മാറ്റത്തിനിത് തുടക്കം കുറിക്കും.
പഴയ രീതികൾ മാറി, പുതിയ പ്രവണതകൾ ഏറ്റെടുക്കാൻ നമ്മുടെ പ്രസാധനരംഗം തയ്യാറാകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. മലയാള പ്രസാധന രംഗത്ത് ഇനി ഉണ്ടാവേണ്ട ഒരു മാറ്റം ലിറ്റററി ഏജൻറ് എന്ന കോൺസെപ്റ്റിന്റെ ഉചിതമായ ഉപയോഗമാണ്- എഴുത്തുകാർക്കുവേണ്ടി അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന, നിയമം അറിയാവുന്ന, എഴുത്തുകാരന് മികച്ച പ്രതിഫലം വാങ്ങിക്കൊടുക്കുന്ന, പ്രസാധകർ വച്ചുനീട്ടുന്ന ഉടമ്പടിയിൽ ഒപ്പുവയ്ക്കാതെ അവർക്കുവേണ്ടി ഉടമ്പടി ഡ്രാഫ്റ്റ് ചെയ്യുന്ന, തികഞ്ഞ പ്രൊഫഷണൽ ജാഗ്രതയുളള ഒരാൾ. ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ മലയാളത്തിലെ പുസ്തകപ്രസാധന മേഖലക്ക് സമഗ്രമായ കുതിപ്പുണ്ടാകൂ. ▮