‘‘നരേന്ദ്രപ്രസാദ് ഒരു പ്രസംഗത്തിൽ പറഞ്ഞു, ടോണിയോ, ആ പേരിൽ ഒരു കവിയുണ്ടാകാൻ വഴിയില്ലല്ലോ എന്ന്. പിന്നീടൊരിക്കൽ മാടമ്പ് കുഞ്ഞുകുട്ടനും ബാലചന്ദ്രൻ ചുള്ളിക്കാടും വി.ആർ. സുധീഷും ഞാനുമൊക്കെ തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിൽ ഇരിക്കുന്ന സമയത്ത്, മാടമ്പ് എന്റെ മുഖത്തുനോക്കി പറയുന്നു, താനൊരു കവിയാകാൻ സാധ്യതയില്ലല്ലോ, തന്റെ മുഖം ഒരു കവിയാകാൻ പറ്റിയതല്ല എന്ന്. അടുത്തിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു, ടോണിയ്ക്കുപോലും സാഹിത്യ അക്കാദമി അവാർഡ് കിട്ടി എന്ന്. ഞാൻ കവിത എഴുതുന്നതോ എനിക്ക് എന്തെങ്കിലും അംഗീകാരം കിട്ടുന്നതോ സാഹിത്യലോകത്തിന് ഇഷ്ടപ്പെടാത്തതുപോലെയുണ്ട്’’- കെ.ആർ. ടോണി പറയുന്നു.
‘‘വ്യക്തിയുടെ നിരാശയുടെയും ശൂന്യതയുടേതുമായ നെഗറ്റീവായ കാഴ്ചപ്പാട് മാത്രമുള്ള ഏകമുഖ കവിതയെഴുതുന്ന ഒരാൾ എന്നാണ് ആദ്യകാലത്ത് എന്നെക്കുറിച്ച് പലരും പറഞ്ഞിരുന്നത്. അതിനൊരു മാറ്റമുണ്ടാക്കാനാണ് പ്ലമേനമ്മായി എന്ന രചന നടത്തിയത്. ആദ്യ കവിതകളിലെ ഈ പറഞ്ഞ രീതിയെക്കുറിച്ച് സൂചിപ്പിച്ച്, എന്റെ കവിതകളെക്കുറിച്ച് സച്ചിദാനന്ദൻ ഒരു ഇംഗ്ലീഷ് മാഗസിനിൽ എഴുതിയിരുന്നു. ‘ടോണി ജയിലിൽ പോയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ സമനില എന്ന സമാഹാരത്തിന്റെ ആമുഖത്തിൽ എഴുതിയിട്ടുണ്ട്. അദ്ദേഹം ജയിലിൽ പോകേണ്ടതില്ല. ഒരേ രീതിയിലുള്ള എഴുത്തുതന്നെ ഒരു തടവറയാണ്. ആ തടവറയിലാണ് ടോണി’ എന്നാണ് എന്നെ വിമർശിച്ച് സച്ചിദാനന്ദൻ എഴുതിയത്’’.
‘‘എന്റെ സമനില എന്ന സമാഹാരത്തിൽ ഞാൻ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘കഷ്ടം, സ്വാതന്ത്ര്യസമരകാലത്ത് ഞാൻ ജനിച്ചില്ല. ആധുനികതയുടെ ചുവന്ന മുഖമല്ല എന്റേത്. ഇന്ത്യൻ വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് പീലിവിരിച്ചാടിയ മയിലല്ല ഞാൻ. കഷ്ടം, ഞാൻ ജയിലിൽ പോയില്ല. ജനിക്കാൻ വൈകിപ്പോയോ ഞാൻ? എനിക്ക് ബോധം വെക്കുമ്പോൾ ഇവിടെ ആളുകൾ രക്തസാക്ഷികളെക്കുറിച്ച് തകൃതിയായി കവിതകളെഴുതുകയും പലതരം കണക്കെടുപ്പുകൾ നടത്തുകയുമായിരുന്നു. അതിനുശേഷം ഇവിടെ കവിതയും ഉശിരും മറ്റും, അതേ ചാവുകയുണ്ടായി എന്നാണ് പറയുന്നത്. തങ്ങൾക്കുശേഷം പ്രളയമെന്ന്’ -ഇതാണ് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയത്’’.