എസ്. കണ്ണൻ: ‘ജിജി’ എന്ന കവിതയുടെ പാശ്ചാത്തലത്തിൽ കൂടിയാണ് ഈ സംഭാഷണം എന്നുള്ളതുകൊണ്ട്, ആ കവിതയെക്കുറിച്ച് സംസാരിച്ചുകൊണ്ടുതന്നെ തുടങ്ങാം.
കെ.ആർ. ടോണി: പ്രപഞ്ചമാണ് എനിക്കു ചുറ്റുമുള്ളത്. മരങ്ങളും പുഴകളും മൃഗങ്ങളുമൊക്കെയായിട്ടുള്ള പ്രപഞ്ചം. അത് എനിക്കു മുന്നിൽ, മൂർത്ത രൂപത്തിൽ, ‘എന്നെപ്പറ്റി എഴുതാൻ പറ്റുമോ’ എന്ന് ചോദിച്ചുനിൽക്കുന്നതായി ഞാനങ്ങ് സങ്കൽപ്പിച്ചു. അതാണ് ജിജി- പ്രപഞ്ചസത്യത്തിന്റെ മൂർത്ത രൂപം.
മറുപടിയിലെ കവിത നന്നായി ഇഷ്‌പ്പെട്ടു. കാരണം, എഴുത്തിന്റെ സരളത എന്നു പറയുന്നത് ഒരേസമയം ഹ്യൂമറിൽ ചെന്നുചേരുന്നതും കൂടിയാണ്. കവിതയുടെ സാന്ദ്രത, വൈകാരികത എന്നീ മേധാവിത്തം പുലർത്തുന്ന പല വികാരങ്ങളെയും മാറ്റിനിർത്തി, വെറും ഒരു പുഞ്ചിരി എന്ന തലത്തിലെത്തുന്ന തരത്തിലുള്ള വരികൾ ജിജിയിലുണ്ടല്ലോ. ന്യൂജനറേഷൻ മലയാളം സിനിമകൾ കാണുന്നവർക്ക് ഇത് അത്ര വലിയ അൽഭുതമൊന്നുമല്ല. മലയാള കവിതയിലെ അത്തരം സംഗതികൾ ജനം ശ്രദ്ധിച്ചില്ലെങ്കിലും മലയാള സിനിമയിൽ അവ വന്നപ്പോൾ ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, കവിതയിൽ ആളുകൾ ഇത്തരം സംഗതികൾ പ്രതീക്ഷിക്കുന്നില്ല. മലയാള കവിതയിലെ അത്തരം വളരെ സൂക്ഷ്മമായ പണികൾ ആളുകൾ ശ്രദ്ധിക്കാതെ പോകുന്നതിന്റെ രഹസ്യം എന്താണ് എന്നാണ് ടോണി വിചാരിക്കുന്നത്?
മലയാളികൾ വളരെയധികം രാഷ്ട്രീയ പ്രബുദ്ധരാണ് എന്നാണ് അവർ സ്വയം വിചാരിക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും ബാഹ്യമായ രാഷ്ട്രീയവിഷയങ്ങൾ സംഗ്രഹിച്ച് ഏതെങ്കിലും പ്രതീകത്തിന്റെയോ ഇമേജിന്റെയോ രൂപത്തിൽ കൊണ്ടുവന്ന് സങ്കീർണമായ രൂപത്തിൽ അവതരിപ്പിക്കുമ്പോഴാണ് വായനക്കാർക്ക് മനസ്സിലാകുകയുള്ളൂ എന്ന തോന്നൽ പൊതുവെയുണ്ട്.
പക്ഷെ, സംവേദനം എന്ന കാര്യമുണ്ടല്ലോ. ന്യൂനപക്ഷത്തിനേ അതിനുള്ള കഴിവുള്ളൂ. അവർ നിശ്ശബദ്‍രുമാണ്. അതേസമയം, രംഗം കൈയടിക്കിയിരിക്കുന്ന, ഒച്ചവെക്കുന്ന ഭൂരിപക്ഷത്തിന് സംവേദനം എന്ന ശേഷി കുറവാണ് എന്നാണ് എനിക്കു തോന്നുന്നത്. അതാണ് കവിത മനസ്സിലാക്കാൻ പറ്റാത്തത്.
ആശയത്തിൽനിന്ന് കവിതയുണ്ടാകുന്നതിനേക്കാൾ നല്ലത് അനുഭവത്തിൽനിന്ന് കവിതയുണ്ടാകുന്നതാണ്. അത്തരം കവിതയിൽനിന്ന് പലതരത്തിലുള്ള ധ്വനിസാധ്യതകളും ആശയങ്ങളും കണ്ടെടുക്കാൻ കഴിയുക എന്നതാണ് ശരിയായ രീതി.
അങ്ങനെ പറയാൻ പറ്റില്ല എന്നുതോന്നുന്നു. കാരണം, തത്വമസി എന്ന താങ്കളുടെ കവിതയിൽ ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയവുമായി ബന്ധപ്പെട്ട വളരെ ധീരമായ സമീപനങ്ങളുണ്ട്. 'അസി' എന്നാൽ അർഥം വാളാണ്, അതായത്, തത്വം വാളാണ് എന്നു പറഞ്ഞാണ് ഈ കവിത അവസാനിക്കുന്നത്. കേരളത്തിൽ, നവോത്ഥാനത്തെ പിൻപറ്റി ഫാഷിസത്തെ ചെറുക്കുന്ന ഒരു വിഭാഗത്തിനാണ് ഇപ്പോൾ മേൽക്കൈയുള്ളത്. തത്വമസി അല്ലെങ്കിൽ ബ്രഹ്മവാദം പോലെ, ഗുരു അടക്കമുള്ളവർ ഉന്നയിച്ച ബ്രഹ്മവാദത്തെയടക്കം ഉയർത്തിപ്പിടിച്ചാണ് പ്രധാന സാംസ്‌കാരിക നേതാക്കൾ ഈ യുദ്ധം നയിക്കുന്നത്. എന്നാൽ, ‘തത്വം അസി’ എന്നു പറഞ്ഞ്, ‘അസി’ എന്നാൽ വാളാണ് എന്നുതന്നെ അർഥം പറഞ്ഞ്, ഇതിന്റെ വേറൊരു സാധ്യതയെ വളരെ രൂക്ഷമായി ചിത്രീകരിക്കുകയാണ് ഈ കവിത. ഇത്തരം ധീരമായ നിലപാടുകൾ ആളുകൾ കാണുന്നില്ല എന്ന് പറയാൻ പറ്റില്ല. പക്ഷെ, അത്തരം സൂക്ഷ്മകവിതകൾ വേണ്ടത്ര പ്രസക്തി നേടിയെടുക്കുന്നില്ല. കാരണം, അത്തരം കവിതകളുടെ ഘടന രൂപപ്പെട്ടിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അക്കാദമിക വ്യായാമത്താലല്ല, മറിച്ച്, ചില സരളയുക്തികൾ ഉപയോഗിച്ചാണ്. അത്തരം കവിതാരീതികളെ ആളുകൾ നോക്കിക്കാണുന്നില്ല എന്നല്ലാതെ ടോണി ഇത്തരം Intellectual Discourse- കളെയൊന്നും അഡ്രസ് ചെയ്യുന്നില്ല എന്ന് പറയാൻപറ്റില്ലല്ലോ.
Intellectual Discourse- കൾ എന്റെ മനസ്സിലുണ്ട്. അത് എന്റെ ടീച്ചിങ് പ്രൊഫഷനിൽ ധാരാളമായി ഉപയോഗിക്കേണ്ടതുമുണ്ട്. അതുകൊണ്ട് ഞാനത് പഠിച്ചും വച്ചിട്ടുണ്ട്. എന്നാൽ കവിത എഴുതുന്ന സമയത്ത് മുന്നിൽ വരുന്നത് അനുഭവപരമായ തലമാണ്. തത്വമസി എന്ന കവിതയിൽ, തത്വം വാളാണ് എന്ന അർഥം വരുന്നത് ഇങ്ങനെയാണ്. തത്വമസി എന്ന കവിതയിൽ പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ പറയുന്ന ഭൂമിശാസ്ത്രം അറിയാതെ കയറിവരുന്നുണ്ട്. ഈ കവിതയെക്കുറിച്ച് പച്ചമലയാളം എന്ന മാസികയിൽ അതിഗംഭീരമായ വിമർശനം വന്നു. വിമർശിച്ച് എന്റെ കൊന്നു. അതാണ് ആ കവിതയ്ക്ക് ആകെക്കൂടിയുണ്ടായ ഒരു പഠനം.
‘‘ഒരു കാര്യം കൂടി പറയാം, ഞാൻ എന്റെ കവിത മറ്റു കവികളെ കാണിച്ചിട്ട് ചർച്ച ചെയ്യാറില്ല, എനിക്ക് അവരെ വിശ്വാസമില്ലാത്തതുകൊണ്ടാണ്’’- കെ.ആർ. ടോണി.
നല്ല കവിതകൾ എപ്പോഴും അനുഭവതലത്തിൽനിന്നുതന്നെയാണ് വരുന്നത്. ആശയത്തിൽനിന്ന് വരരുത് എന്നല്ല പറയുന്നത്. ആശയപരമായ കവിതകളെഴുതുന്നവർ പോലും അവരുടെ അനുഭവതലങ്ങളിൽ നിന്നാകും കവിതകളിലേക്കു വരുന്നത്. കവിതയുണ്ടാകാനുള്ള കാരണം പലപ്പോഴും അനുഭവങ്ങളായിരിക്കും എന്നർത്ഥം. എന്നാൽ, ആശയപരതയ്ക്ക് പ്രാധാന്യം നൽകുന്ന കവി ആശയപരതയിലേക്കും അനുഭവലോകത്തെ കൂടുതൽ എഴുതുന്ന കവി അതിലേക്കും പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പക്ഷെ, താങ്കളുടെ കവിതയിൽ, താങ്കൾ അനുഭവത്തിൽനിന്നാണ് പോകുന്നത് എങ്കിലും വിപരീതത്വത്തെക്കുറിച്ചുള്ള ഒരു ചെറുപുഞ്ചിരി സൂക്ഷിച്ചുകൊണ്ടാണ് താങ്കൾ എഴുതുന്നത്. അല്ലെങ്കിൽ സരളയുക്തിയിൽ മറയ്ക്കപ്പെടുന്ന വലിയ കൂട്ടക്കുരുതികളെക്കുറിച്ചുള്ള ഓർമ ദീക്ഷിച്ചുകൊണ്ടാണ് പലപ്പോഴും എഴുതുന്നത്. ചില ഒറ്റവാചകങ്ങളിൽ മറച്ചുകളയുന്ന വലിയ സാമൂഹിക ഫലങ്ങളെക്കുറിച്ചുള്ള സൂചനകൾ എമ്പാടും കാണുകയും ചെയ്യും. എന്നാൽ അതിലെ വരികൾ പൂന്താനത്തിന്റേതുപോലെ വളരെ സരളമായ രചനാരീതിയായി നിലനിർത്താൻ ശ്രദ്ധിക്കുകയും ചെയ്യും. പക്ഷെ, അത് ഇന്റലക്ച്വലായ ഒരു ലോകത്താണ് നിലനിൽക്കുന്നത്.
മുമ്പ്, അൻവർ അലിയും ടി.പി. രാജീവനും നിങ്ങളുമൊക്കെ, ആധുനികതയുടെ ചുവന്ന വാലിനെ ആക്രമിക്കാൻ നിന്ന കാലത്ത്, നിങ്ങൾ സംഘടിപ്പിക്കുന്ന ചർച്ചാസന്ദർഭങ്ങളിൽ ഇതേക്കുറിച്ച് വളരെ സൂക്ഷ്മമായി സംസാരിക്കുകയും ആശയപരമായ തർക്കങ്ങളിലേർപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷെ, ഇന്ന് ടോണി സംസാരിക്കുമ്പോൾ അതിലേക്കുപോകാൻ താൽപര്യപ്പെടുന്നില്ല. അത്തരം തർക്കങ്ങളുടെ തുടർച്ച ആരും ഏറ്റെടുക്കാനില്ല എന്ന മനോഭാവമാണോ അല്ലെങ്കിൽ കവിതയെക്കുറിച്ച് മറ്റുള്ളവർ ഓരോന്ന് കണ്ടെത്തുന്നതിൽ ഒരു കാരണവശാലും ഇടപെടാതിരിക്കാനുള്ള വാസനയാണോ ടോണിയിൽ പ്രവർത്തിക്കുന്നത്?
തർക്കിക്കുമ്പോൾ ഞാൻ ആശയങ്ങൾ തന്നെയാണ് ഉപയോഗിക്കുക. വസ്തുനിഷ്ഠമായി തന്നെയാണ് കാര്യങ്ങൾ പറയുക. അവിടെ ഒരുതരത്തിലുമുള്ള കാവ്യരചനാസ്വഭാവവും ഇല്ല. കവിതയെഴുത്തിന്റെ മറ്റൊരു വശമാണ് തർക്കം. നല്ല താർക്കികയുക്തിയില്ലാത്ത ആൾക്ക് നല്ല കവിയാകാൻ പറ്റില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം, യുക്തിയുണ്ടാകണമെങ്കിൽ അനലൈസ് ചെയ്യാൻ പറ്റണം. ജീവിതത്തെ അനലൈസ് ചെയ്യുമ്പോഴാണ് കവിത എഴുതാനും പറ്റുക. കവി ഒരിക്കലും ഒരു Non Recogniser അല്ല, ആകാനും പറ്റില്ല. സാമൂഹിക ചുറ്റുപാടുകളിലെ രാഷ്ട്രീയവും സാംസ്‌കാരികവും ഒക്കെയായ കാര്യങ്ങളെക്കുറിച്ച് കവിയ്ക്ക് നല്ല അവബോധമുണ്ടാകും. അത് തനിയെ ഉണ്ടായിപ്പോകുന്നതാണ്. കവിതയിൽ അത് കണ്ടു എന്നു വരില്ല.
ഒരു ഉദാഹരണം പറയാം. സെൽഫിയെടുക്കുകയാണ് എന്നുവെക്കുക. നമ്മുടെ മാത്രമുള്ള സെൽഫിയാണെങ്കിൽ അതിൽ നമ്മളെ വ്യക്തമായി കാണാൻ പറ്റും. നമ്മുടെ പുറകിൽ ഒരു ബാനറുണ്ടെന്ന് കരുതുക. അതിൽ കുറെ എഴുത്തുമുണ്ട്. സെൽഫിയിൽ ഈ ബാനർ കൂടി ഉൾപ്പെട്ടു എന്നു കരുതുക. തല തിരിഞ്ഞതായതുകൊണ്ട് ആ ബാനറിൽ എഴുതിയത് വായിക്കാൻ പറ്റില്ല. അത് മനസ്സിലാക്കണമെങ്കിൽ തലതിരിച്ച് കാണുന്നത് ഡീ കോഡ് ചെയ്യാൻ കഴിവ് വേണം. ജിജി പുറമേയ്ക്ക് പൊളിറ്റക്കൽ കണ്ടന്റില്ലാത്ത കവിതയാണ് എന്ന് തോന്നുന്നത് അതുകൊണ്ടാണ്. ഈ കവിതയിലെ സൂചകങ്ങളും ധ്വനികളും വാക്കുകളുടെ പ്രയോഗങ്ങളും അതിലുള്ള ഹാസ്യാത്മകതയും വേണ്ടവിധം ഡീ കോഡ് ചെയ്താലേ അതിനകത്തെ രാഷ്ട്രീയം മനസ്സിലാക്കാൻ പറ്റൂ. തലതിരിഞ്ഞ എഴുത്ത് ഡീ കോഡ് ചെയ്യാനുള്ള കഴിവ് സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷം പേർക്കും കുറവാണ്. അതാണ് ജിജി ഇത്രയധികം പരിഹസിക്കപ്പെടാൻ കാരണം.
‘‘തങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്ത, കവിത എഴുതിയാൽ കൃത്യമായി പ്രസിദ്ധീകരിക്കപ്പെടുമെന്ന ഉറപ്പുപോലുമില്ലാത്ത കാലഘട്ടത്തിൽ, ഗംഭീരന്മാരായ സ്വന്തം കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടാൻ വേണ്ടി എഴുതപ്പെടുന്ന കവിതയുടെ ഒരു മെച്ചം ടോണിയുടെ കവിതകൾക്കുണ്ടായിരുന്നു. പിന്നീട് കാലത്തിന്റെ ഒഴുക്കിൽ കവിതകളിൽ പലതരം ലാഘവവൽക്കരണം സംഭവിക്കുന്നുണ്ട്’’- എസ്. കണ്ണൻ.
ഇവിടെ ടോണി സ്വയം വെളിപ്പെടുന്നുണ്ട്. അനുഭവത്തിന്റെ തലത്തിൽ പ്രപഞ്ചം ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായി എഴുതിയതാണ് ജിജി എന്ന കവിത എന്ന് ടോണി പറയുന്നുണ്ടെങ്കിലും അതിനെ ഡീ കോഡ് ചെയ്യേണ്ടതുണ്ട് എന്നും പറയുന്നു. മനഃപൂർവമല്ലാതെ തന്നെ അതിൽ സന്നിവേശിച്ചിരിക്കുന്ന രാഷ്ട്രീയവും തത്വചിന്താപരവുമായ സാന്നിധ്യങ്ങളെക്കുറിച്ച് വായനക്കാർ ചിന്തിക്കേണ്ടതുണ്ട് എന്ന് ടോണി പറയുന്നു. നമ്മൾഇതുവരെ നടത്തിയ ചർച്ചയുടെ വിജയം കൂടിയാണിത്. കാരണം, ടോണിയുടെ ആദ്യത്തെ സ്റ്റാൻഡ്, ജിജി ഒരു സാധാരണ കവിത തന്നെയാണ് എന്നായിരുന്നു. പക്ഷെ, ഇത്രയും റിഫ്ലക്ഷൻസിനെക്കുറിച്ച് സംസാരിച്ചതിനൊടുവിൽ, ഈ കവിത സരളമായി വായിക്കപ്പെടേണ്ടതല്ല, അതിലെ സൂചകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നു പറയുന്നു.
ടോണി എഴുതിക്കൊണ്ടിരുന്നത് യഥാർഥത്തിൽ, ആ കാലഘട്ടത്തിലെ രാഷ്ട്രീയമായ ഉയർന്ന സംവേദനശക്തിയുടെ ഭാഗമായാണ്. കൂട്ടുകാരെന്ന നിലയ്ക്ക് വലിയ ഇന്റലക്ച്വൽസുമായുള്ള സൗഹൃദവും അന്നത്തെ കാലത്തെ മൊത്തത്തിലുള്ള ഒരു സാഹചര്യവും ഇതോടൊപ്പമുണ്ട്.
ഇതിനിടയ്ക്ക്, തങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്ത, കവിത എഴുതിയാൽ കൃത്യമായി പ്രസിദ്ധീകരിക്കപ്പെടുമെന്ന ഉറപ്പുപോലുമില്ലാത്ത കാലഘട്ടത്തിൽ, ഗംഭീരന്മാരായ സ്വന്തം കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടാൻ വേണ്ടി എഴുതപ്പെടുന്ന കവിതയുടെ ഒരു മെച്ചം ടോണിയുടെ കവിതകൾക്കുണ്ടായിരുന്നു. പിന്നീട് കാലത്തിന്റെ ഒഴുക്കിൽ കവിതകളിൽ പലതരം ലാഘവവൽക്കരണം സംഭവിക്കുന്നുണ്ട്. ഇന്റലക്ച്വാലിറ്റി തന്നെ അമിത ഇന്റലക്ച്വാലിറ്റിയാൽ റദ്ദ് ചെയ്യപ്പെടുകയും, അതിവായന കൊണ്ടും excess supply of Intellectual Stock എന്നു പറയാവുന്ന തരത്തിലുള്ള കേരളത്തിലെ നവരാഷ്ട്രീയത്തിന്റെ അടക്കമുള്ള സാന്നിധ്യം കൊണ്ടും ഒരു ഋജുധാര തകർക്കപ്പെടുകയും പലതരം സങ്കീർണതകൾ വന്നുപെടുകയും ചെയ്തപ്പോൾ ടോണി ആ തരത്തിലുള്ള ഒരു സംവേദനലോകത്തുനിന്ന് മാറിയതായി തോന്നിയിട്ടുണ്ടോ?
ഇല്ല, അത്തരത്തിൽ ഞാൻ മാറിയതായി തോന്നുന്നില്ല. എന്റെ എല്ലാ കവിതകളിലും രാഷ്ട്രീയം വളരെ സൂക്ഷ്മാംശത്തിൽ കിടക്കുന്നുണ്ട്. പ്രത്യക്ഷമായി അത് കാണാൻ പറ്റില്ല. 1993-ൽ എഴുതിയ 'ഒരു സൗഹൃദം' എന്ന കവിതയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:
ആട്ടെ നാം പിന്നെക്കാണാം,
എൻ പുതുതിരക്കഥ
ഷൂട്ടിങ് തുടങ്ങുകയാണിന്ന് നഗരത്തിൽ
ബുദ്ധിജീവികളൊക്കെ സിനിമാക്കാരായ് മാറി
സിദ്ധിയുണ്ടെങ്കിൽ വിൽക്കാം,
ആയത് തെറ്റല്ലല്ലോ.
ഇത് വാസ്തവത്തിൽ ഒരു സാംസ്‌കാരിക വിശകലനമാണ്. അക്കാലത്ത് എല്ലാ എഴുത്തുകാരും സിനിമയിൽ പാട്ടെഴുതാനും തിരക്കഥയെഴുതാനും പോകുന്ന സന്ദർഭമാണ്. ആ സാംസ്‌കാരികാവസ്ഥയെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.
‘‘ജിജി എന്ന കവിതയിലെ അവസാന വരിയിൽ, ‘ജിജിയൊഴിവുതല്ലിവിടെ’ എന്നുണ്ട്. 'ഒഴിവുതല്ല’ എന്ന് മലയാളത്തിൽ ഒരു വാക്കുണ്ടോ? ഇത് ആരും ചോദിച്ചില്ല. ‘ഒഴിവുതല്ല’ എന്നത് രാമചരിതത്തിൽ ശ്രീരാമകവി ഉപയോഗിച്ചിട്ടുള്ള വാക്കാണ്’’- കെ.ആർ. ടോണി.
ആധുനികതയുടെ വക്താക്കളായ, സച്ചിദാനന്ദൻ അടക്കമുള്ളവർ, രക്തസാക്ഷികളെക്കുറിച്ച് നിരന്തരമായി കവിത എഴുതുന്നത് കണ്ടിട്ടുണ്ടായ പ്രതിഷേധമാണ് 1994-ൽ എഴുതിയ ശിഷ്ടം എന്ന കവിത. അവിടുന്നുതൊട്ട് ആധുനികതക്കെതിരായ എതിർപ്പ് എന്റെ മനസ്സിൽ അങ്കുരിച്ചിട്ടുണ്ട്. ഈ പ്രതിഷേധം പലപ്പോഴും നിരാശാഭരിതമായ വിപ്ലവാത്മകതയ്ക്ക് എതിരായ, അതായത്, വിപ്ലവാത്മകത എന്ന ഉട്ടോപ്യൻ ഡിസയറിന് എതിരായ ഒരു dystopian reality-യായി മാറുകയാണ്. അതാണ് വാസ്തവത്തിൽ എന്റെ കവിതയിൽ കാണുന്നത് എന്നാണ് തോന്നുന്നത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെയാണ് എന്റെ കവിതയിൽ ശരിക്കും ഒരു മാറ്റം വന്നത്. അത് വ്യക്തമായി കാണിക്കുന്നതാണ് 1994-ൽ എഴുതിയ കൊടിമാറ്റം, ഉറക്കം എന്നീ കവിതകൾ. അവിടന്നുമുതൽ എന്റെ കവിത കുറെക്കൂടി പൊളിറ്റിക്കലാകുകയാണ് ചെയ്യുന്നത്. ആദ്യ കാല കവിതകളിലെ പൊളിറ്റിക്‌സ് മറ്റൊരു തരത്തിലായിരുന്നുവെന്നുമാത്രം. ടേണിങ് പോയന്റ് എന്നു പറയാവുന്നത് ശിഷ്ടം എന്ന കവിതയാണ്. ഒരു കാര്യം കൂടി പറയാം, ഞാൻ എന്റെ കവിത മറ്റു കവികളെ കാണിച്ചിട്ട് ചർച്ച ചെയ്യാറില്ല, എനിക്ക് അവരെ വിശ്വാസമില്ലാത്തതുകൊണ്ടാണ്.
താങ്കൾ പദ്യത്തെയും വൃത്തത്തെയും നല്ല രീതിയിൽ സ്വാംശീകരിച്ച് എഴുതാറുണ്ട്. ഒപ്പം അവയെ പരിഹസിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെറുചിരിയോടെ കാര്യങ്ങളെ കാണുന്ന സംഗതി പാരമ്പര്യത്തിൽനിന്ന് കിട്ടിയതായി തോന്നാം. ശൃംഗാരകാവ്യങ്ങൾ തൊട്ടിങ്ങോട്ട് ചെറുചിരിയുടെ പാരമ്പര്യം നമുക്കുണ്ടല്ലോ. പദ്യത്തിലും വൃത്തത്തിലും വ്യുൽപത്തി പ്രകടിപ്പിക്കുമ്പോഴും ഈ ചെറുചിരി സൂക്ഷിക്കുമ്പോഴും അതിനെ കളിയാക്കുമ്പോഴും ആ പാഠത്തെ തന്നെ ഉപയോഗിക്കുകയും ആ പാഠത്തിൽ തന്നെ രസിക്കുകയും ചെയ്യുന്ന സംഗതി പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഇടതുപക്ഷ വിരോധത്തോടുകൂടി നിൽക്കുന്ന താങ്കൾക്ക്, എന്തൊക്കെ വന്നാലും കാര്യങ്ങൾ കറങ്ങിത്തിരിഞ്ഞ് അതിന്റെ ലാഘവത്തോടെ ജീവിതസന്ദർഭത്തിൽ വന്നുനിൽക്കും എന്നൊരു റിഡക്ഷനിസം ബാധിച്ചിട്ടുണ്ടോ?
ഇല്ല. പഴയ കാലത്തെ കവിത തൊട്ട് പുതിയ കാലത്തെ കവിത വരെ ഞാൻ വായിച്ചിട്ടുണ്ട്. ജിജി എന്ന കവിതയിലെ അവസാന വരിയിൽ, ‘ജിജിയൊഴിവുതല്ലിവിടെ’ എന്നുണ്ട്. 'ഒഴിവുതല്ല’ എന്ന് മലയാളത്തിൽ ഒരു വാക്കുണ്ടോ? ഇത് ആരും ചോദിച്ചില്ല. ‘ഒഴിവുതല്ല’ എന്നത് രാമചരിതത്തിൽ ശ്രീരാമകവി ഉപയോഗിച്ചിട്ടുള്ള വാക്കാണ്. മലയാളത്തിൽ ഇത് ആരും ഉപയോഗിക്കുന്നില്ല. അത് ആ സന്ദർഭത്തിൽ അങ്ങനെ വന്നുവെന്നേയുള്ളൂ.
‘എനിക്ക് ആദർശവാദങ്ങളോട് ഭയങ്കര എതിർപ്പാണ്, അല്ലാതെ ഞാൻ ഇടതുപക്ഷ വിരുദ്ധനല്ല. ആദർശാത്മകത എവിടെയുണ്ടോ, അപ്പോൾ എനിക്കത് പൊളിക്കണം, അത്രേയുള്ളൂ’- കെ.ആർ. ടോണി.
എനിക്ക് ആദർശവാദങ്ങളോട് ഭയങ്കര എതിർപ്പാണ്, അല്ലാതെ ഞാൻ ഇടതുപക്ഷ വിരുദ്ധനല്ല. ആദർശാത്മകത എവിടെയുണ്ടോ, അപ്പോൾ എനിക്കത് പൊളിക്കണം, അത്രേയുള്ളൂ. കവിതയിലാണ് ആദർശാത്മകതയെങ്കിൽ, ഞാനതിന് നേരെ ഓപ്പോസിറ്റ് ചെയ്യും. ഞാൻ ജീവിക്കുന്നത് ഏറ്റവും സമകാലികമായ രാഷ്ട്രീയ- സാമൂഹിക സന്ദർഭത്തിലാണ്. ഏതാണ് കോൺടെക്‌സ്റ്റ് എന്ന് എനിക്കറിയാം. അതുമായി എന്റെ അറിവുകളും ജ്ഞാനവും കൂട്ടിയിരച്ചിട്ടാണ് എന്നിൽ ചിന്തയുണ്ടാകുന്നത്. ചിന്തയില്ലാതെയുള്ള കേവലമായ അറിവിനെ ഞാൻ ബഹുമാനിക്കുന്നില്ല. എന്റെ കവിതയിൽ അറിവിനെയല്ല, ചിന്തയെയാണ് ഉപയോഗിക്കുന്നത്. ചിന്തിക്കുന്നവർക്കേ മറ്റുള്ളവരെ ചിന്തിപ്പിക്കാനും കഴിയുകയുള്ളൂ. അതുകൊണ്ടാണ് എന്റെ കവിതയിലുള്ള ചിന്ത മറ്റുള്ളവരെ കുറച്ചെങ്കിലും ചിന്തിപ്പിക്കുന്നത്. Formal Resolution of Art- ന് എതിരാണ് എപ്പോഴും ഞാൻ.
കണ്ണൂരിൽ കൊലപാതകം നടക്കുമ്പോൾ അതിനെതിരെ കവിതയെഴുതും. കവിതയെഴുതുന്നതിനനുസരിച്ച് അവ വീണ്ടും ഉണ്ടാകും!. വീണ്ടും ഉണ്ടാകുമ്പോൾ വീണ്ടും കവിതയെഴുതും. പരസ്പര സഹവർത്തിത്തത്തോടെ വർത്തിക്കുകയാണോ ഇവ എന്നു തോന്നും. കവികൾ എഴുതിയെഴുതി ലോകം എവിടെയെത്തിനിൽക്കുന്നു? കേരളം എവിടെനിൽക്കുന്നു? സുപ്രീംകോടതിവിധിയുണ്ടായിട്ടുപോലും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്ന അവസ്ഥയല്ലേ?
പലതരം ആദർശാത്മകതകളും ധീരരക്തസാക്ഷികളും ചേർന്നാണ് കേരളത്തെ, അല്ലെങ്കിൽ ഈ ലോകത്തെ തന്നെ ജീവിതോന്മുഖമായി മാറ്റിയിരിക്കുന്നത്. അതിനെ താങ്കൾ കാണുന്നില്ല എന്നു ഞാൻ പറയുന്നില്ല. അവരുടെ രക്തത്തെയും ആദർശത്തെയും പ്രതി കൂടിയാണ് താങ്കൾക്ക് പ്രതിഷേധമുണ്ടാകുന്നത് എന്നും എനിക്കറിയാം. പക്ഷെ, ഞാൻ ഉന്നയിക്കാൻ ശ്രമിച്ച വിഷയം അതല്ല. വൃത്തത്തെയും പദ്യത്തെയും അക്ഷരശ്ലോകത്തിലടക്കം ഉപയോഗിക്കുന്ന ഒരു വരേണ്യസൗഖ്യത്തോടും ഉള്ളിന്റെയുള്ളിൽ താങ്കൾക്ക് സ്‌നേഹമുണ്ട്. അല്ലെങ്കിൽ അത്തരം സൗഖ്യത്തിൽ അവർ നയിക്കുന്ന കാവ്യവ്യാപാരത്തിന്റെ ഭാഷാഭംഗിയിലും ഭാഷാവൈചിത്ര്യത്തിലും ഒക്കെ അഭിരമിക്കാനുള്ള ഒരു മനസ്സുണ്ട്.
എല്ലാ തരം ഭാഷാലീലകളും ഞാൻപരിചയിച്ചിട്ടുണ്ട്. അത് ഒരുകൈ നോക്കാറുമുണ്ട്. വരേണ്യരെ മുഴുവൻ നമുക്ക് കൊല്ലണോ?
അവർ ഉപയോഗിക്കുന്ന ഭാഷ ഞാനിങ്ങെടുക്കും. എന്നിട്ട് ഞാനതിൽ വേറൊന്ന് പണിയും. മറ്റുള്ളവരുടെ ടൂൾ ഞാൻ തട്ടിപ്പറിക്കുന്നു. അതോടുകൂടി അവരുടെ ടൂളിന്റെ പവിത്രത ഇല്ലാതാകുന്നു. അത് എന്റെ പ്രധാനപ്പെട്ട ഒരു ശീലമാണ്. അവർ വെടിവെട്ടം പറയാനുപയോഗിച്ചിരുന്ന സ്രഗ്ധര ഉപയോഗിച്ച് ഞാനത് വേറൊന്ന് ചെയ്യും. സ്രഗ്ധരയുടെ വരേണ്യത വികൃതീകരിക്കപ്പെടും. അത്രേയുള്ളൂ. അത് ജിജിയിലും ഞാൻ ചെയ്തു. ‘തേങ്ങയുടെ മൂട് ജിജി’ എന്നു ഞാൻ കരുതിക്കൂട്ടി എഴുതിയതുതന്നെയാണ്. അതെഴുതിയാൽ കല്ല് കടിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെയാണ് കല്ല് കടിപ്പിച്ചത്.
ധീരന്മാർ സമരം നടത്തിയതിന്റെ ഫലം തന്നെയാണ് ഞാനിപ്പോൾ അനുഭവിക്കുന്ന നല്ല സാമൂഹികാവസ്ഥ. സമ്മതിക്കുന്നു. പക്ഷെ, ഇതൊക്കെ നവോത്ഥാനകാലത്ത് മനുഷ്യർ കഷ്ടപ്പെട്ടതിന്റെ ഫലമാണെന്നോർക്കണം. ജനാധിപത്യം വന്നതിനുശേഷം ഇവിടെ ഒന്നും നടന്നിട്ടില്ല. വോട്ടുബാങ്കിനെ നിലനിർത്താനുള്ള കാര്യങ്ങൾ മാത്രമാണ് സംഭവിക്കുന്നത്. നവോത്ഥാനത്തിനുശേഷം ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയോടാണ് എനിക്ക് എതിർപ്പ്. അല്ലാതെ, സമരം ചെയ്തവർക്കും കഷ്ടപ്പെട്ടവർക്കും മരിച്ചുപോയവർക്കും ഒന്നും എതിരല്ല.
പൊതുബോധം ഒരു കവിതയായി എഴുതുന്നതിൽ വലിയ കാര്യമില്ല. അഥവാ, പൊതുബോധത്തിന്റെ അംശം എന്റെ കവിതയിൽ വരുന്നുണ്ടെങ്കിൽ, അതിൽ ഒരു ഉടക്ക് വച്ചിട്ടുണ്ടാകും. അതിൽ കേറി കളിച്ചാൽ പരിക്കുപറ്റും. ആ മാതിരിയുള്ള എന്തെങ്കിലും പൊതുബോധമേ ഞാൻ കവിതയിലേക്ക് എടുക്കാറുള്ളൂ.
നരേന്ദ്രപ്രസാദ് ഒരു പ്രസംഗത്തിൽ പറഞ്ഞു, ടോണിയോ, ആ പേരിൽ ഒരു കവിയുണ്ടാകാൻ വഴിയില്ലല്ലോ എന്ന്.
പിന്നീടൊരിക്കൽ മാടമ്പ് കുഞ്ഞുകുട്ടനും ബാലചന്ദ്രൻ ചുള്ളിക്കാടും വി.ആർ. സുധീഷും ഞാനുമൊക്കെ തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിൽ ഇരിക്കുന്ന സമയത്ത്, മാടമ്പ് എന്റെ മുഖത്തുനോക്കി പറയുന്നു, താനൊരു കവിയാകാൻ സാധ്യതയില്ലല്ലോ, തന്റെ മുഖം ഒരു കവിയാകാൻ പറ്റിയതല്ല എന്ന്. അടുത്തിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു, ടോണിയ്ക്കുപോലും സാഹിത്യ അക്കാദമി അവാർഡ് കിട്ടി എന്ന്. ഞാൻ കവിത എഴുതുന്നതോ എനിക്ക് എന്തെങ്കിലും അംഗീകാരം കിട്ടുന്നതോ സാഹിത്യലോകത്തിന് ഇഷ്ടപ്പെടാത്തതുപോലെയുണ്ട്.
സവർണ പാരമ്പര്യമുള്ള മലയാള സാഹിത്യരംഗത്ത് ജാതീയത, മതം, ഗ്രൂപ്പിസം അങ്ങനെയൊക്കെ വല്ലതും പ്രവർത്തിക്കുന്നുണ്ടോ? സമകാലിക കവിതാരംഗത്തെ പരിഗണിച്ചാൽ അങ്ങനെ കണ്ണന് തോന്നുന്നുണ്ടോ?
മലയാള കവിതയിലെ സവർണത എന്നു പറയുന്നത്, ജാതിയോ മതമോ എന്നതിനേക്കാൾ ഭാഷാപരമായി ഒരു സംരക്ഷിത മേഖലയുണ്ടാക്കിനിർത്താൻ പാരമ്പര്യവാദികൾക്കുള്ള താൽപര്യമാണ്. പാരമ്പര്യവാദികളായ പലരും അവരുടെ ആയുസ്സ് കാത്തുസൂക്ഷിക്കുന്നതുതന്നെ കവിതയിലെ ഏതെങ്കിലും വിധത്തിലുള്ള പാരമ്പര്യവാദത്തെ ആക്രമിക്കുന്ന എല്ലാ നീക്കങ്ങളെയും കൗശലപൂർവമോ മറ്റേതെങ്കിലും മാർഗമുപയോഗിച്ചോ മറികടക്കുകയും പാരമ്പര്യവാദത്തെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ്.
ഇപ്പോൾ തന്നെ, മാതൃഭൂമി ആഴ്ചപ്പതിപ്പ് നോക്കിയാലറിയാം, വൈലോപ്പിള്ളിക്കാലത്തെ ഒരുതരം ദേഹപഥ്യം അനുസരിച്ച് എഴുതുന്ന കവിതകൾക്കാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിനെ രാഷ്ട്രത്‍യ കാരണങ്ങളാൽ ഇടയ്ക്ക് പലരും തള്ളിപ്പറഞ്ഞിരുന്നുവെങ്കിലും മാതൃഭൂമിയുടെ രാഷ്ട്രീയദിശാബോധമെന്നും അങ്ങനെ മാറിയിട്ടില്ല. ദലിത് പാശ്ചാത്തലത്തിലുള്ളവർ അതിൽ എഴുതുന്നുണ്ട്, ഇസ്‌ലാമിസ്റ്റുകൾ വരെ എഴുതുന്നുണ്ട്. മാതൃഭൂമിക്ക് ആ കാര്യങ്ങളിലൊന്നും അതിന്റെ പുരോഗമനപരമായ മുഖം ഉപേക്ഷിക്കേണ്ടിവന്നിട്ടില്ല. പക്ഷെ, മാതൃഭൂമിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്ന ഒരേയൊരു കാര്യം, കവിത തെരഞ്ഞെടുക്കുന്നതിലുണ്ടായിരുന്ന പുരോഗമനപരമായ നിലപാടാണ്. പാരമ്പര്യവാദപരമായ കവിതയ്ക്ക് പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ഒരു മൂവ്‌മെന്റ് അവരുടെ ഭാഗത്തുനിന്നുണ്ട്. പാരമ്പര്യവാദപരം എന്നു പറഞ്ഞാൽ, പദ്യവും വൃത്തവും പോലുള്ള സംഗതികളെയല്ല ഉദ്ദേശിക്കുന്നത്. പദ്യം അപ്പടി പാരമ്പര്യവാദപരമാകണമെന്നുമില്ല. ടോണി തന്നെ പലപ്പോഴും ഗംഭീരമായി പദ്യം ഉപയോഗിച്ചിട്ടുള്ള കവിയാണ്. ലാഘവബുദ്ധിയോടെ ഒരു സാമൂഹിക സന്ദർഭത്തെ നോക്കുകയും 'ഹാ കഷ്ടം' എന്നൊക്കെ പറയുകയും ചെയ്യുന്ന മട്ടിലുള്ള ചാരുകസേര ആറ്റിറ്റ്യൂഡുള്ള പദ്യങ്ങൾ വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. മലയാളത്തിൽ ദലിത് മേഖലയിൽനിന്ന് വന്ന കവിതകൾ, ആ സാഹചര്യങ്ങളെ അതിതീക്ഷ്ണമായാണ് (ദ്വന്ദ്വവാദം എന്ന മട്ടിലല്ല) ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, അവർ തെരഞ്ഞെടുത്ത പ്രമേയങ്ങളെ ഒരുതരം തേഡ് പാർട്ടി ലെവലിൽ നോക്കിക്കാണുന്ന കവിതകളെ വീണ്ടും പദ്യത്തിലും വൃത്തത്തിലും അവതരിപ്പിച്ചാൽ അവ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
ടോണി എന്നു പറയുന്ന ഒരാൾ കവിത എഴുതാനിടയില്ലെന്നും ടോണിയുടെ മുഖം കവിയ്ക്ക് ചേരില്ല എന്നും പറയുമ്പോൾ, അവർ ഉദ്ദേശിക്കുന്ന ഒരു കാര്യം, പാരമ്പര്യവാദത്തെ ഏതൊക്കെ തരത്തിൽ ടോണി അഗാധമായി ആക്രമിക്കുന്നു എന്ന് ഇവർക്കൊക്കെ അറിയാം. ഇത്തരം കാര്യങ്ങളാകാം ടോണിയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം വരാൻ കാരണമെന്ന് തോന്നുന്നു. പാരമ്പര്യഭാഷയിലും അതിന്റെ വൃത്തപദ്ധതികളിലും സവിശേഷമായ ചില സ്‌ലാങ്ങുകളിലുമൊക്കെ വ്യുൽപ്പത്തിയുള്ള ആളാണ് ടോണി. അതിനെത്തന്നെ അവയെ അപഹസിക്കുന്ന മട്ടിൽ പ്രയോഗിക്കുകയും ചെയ്യുമ്പോൾ അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പ് വളരെ നാളുകൾക്കുമുമ്പ്, പത്തു വർഷത്തോളം എന്റെ കവിത തമസ്‌കരിച്ചിട്ടുണ്ട്. കമൽറാം സജീവ് എഡിറ്ററായിരിക്കുമ്പോൾ എന്റെ ഒരുപാട് കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് ഏതോ ഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന് അനഭിമതനായി. എന്തെങ്കിലും കാരണമുണ്ടാകും. സുഭാഷ് ചന്ദ്രൻ വന്നശേഷം കവിത വീണ്ടും വന്നുതുടങ്ങി, ഇടയ്ക്കൊക്കെ. ‘സംബന്ധക്കാരൻ ആരായാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ല’ എന്നു പറഞ്ഞതുപോലെയാണ് എന്റെ അവസ്ഥ പൊതുവെ എപ്പോഴും!
‘‘അപനിർമാണം, തത്വമസി, ആട്ടം നോട്ടം പോലുള്ള കവിതകളിൽ വളരെ ഇന്റൻസായി വന്നിട്ടുള്ള ഭാവത്തെ വികസിപ്പിക്കുന്ന കാര്യത്തിൽ നിരൂപകർക്ക് സംഭവിച്ച അശ്രദ്ധ പോലെ തന്നെ ടോണിക്കും അശ്രദ്ധ സംഭവിച്ചു എന്നാണ് എന്റെ വിചാരം’’- എസ്. കണ്ണൻ.
കവിതയിൽ നമ്മൾ പല ബൗദ്ധിക ചർച്ചകൾ നടത്തുമെങ്കിലും കവിതയിൽ മൗനം കൊണ്ട് ചില സ്ഥലങ്ങളെ കുഴിച്ചുമൂടുന്ന ഒരേർപ്പാടുണ്ട്. ഇപ്പോൾ തന്നെ ഞാൻ ടോണിക്കുവേണ്ടി ഫേസ്ബുക്കിലടക്കം വ്യാപകമായി ഇടപെട്ടതും അതുമൂലമാണ്.
ആന്റി പോയട്രിയെ (Anti-poetry) എങ്ങനെ അഭിമുഖീകരിക്കണം എന്നത് പലപ്പോഴും പല കവികൾക്കും അറിയില്ല. ചെമ്മനം ചാക്കോയുടെ തുടർച്ചയായി ടോണിയെ കാണാനുള്ള പ്രവണത ചിലരിലുണ്ട്, കവിതയിൽ ഫലിതമുള്ളതിനാൽ. തത്വമസി, അപനിർമാണം പോലുള്ള ഗൗരവകരമായ കവിതകളിൽ ഹ്യൂമർ അംശങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു, എന്നാൽ, ചിരിച്ചുചിരിച്ച് ആളുകൾ അതിനെ ഒരു തമാശക്കവിതയാക്കി മാറ്റുകയാണ്. ആ കവിതകളുടെ ആഴത്തിലുള്ള ഇന്റൻസിറ്റി മനസ്സിലാക്കാതെ, ടോണി ഒരു സരസനാണ് എന്നു പറഞ്ഞ് തള്ളാനുള്ള വാസന അതിനകത്തുണ്ട്. അപനിർമാണം, തത്വമസി, ആട്ടം നോട്ടം പോലുള്ള കവിതകളിൽ വളരെ ഇന്റൻസായി വന്നിട്ടുള്ള ഭാവത്തെ വികസിപ്പിക്കുന്ന കാര്യത്തിൽ നിരൂപകർക്ക് സംഭവിച്ച അശ്രദ്ധ പോലെ തന്നെ ടോണിക്കും അശ്രദ്ധ സംഭവിച്ചു എന്നാണ് എന്റെ വിചാരം. ഉദാഹരത്തിന് പ്ലമേനമ്മായി വന്നപ്പോഴേക്കും ടോണിയുടെ കവിത വേറൊരു ദിശയിലേക്ക് മാറിപ്പോകുന്നുണ്ട്. ദിശാമാറ്റം വരുന്ന കവിതകൾ ഒരു കവി എഴുതാൻ പാടില്ല എന്നല്ല. പക്ഷെ, പ്ലമേനമ്മായി എന്ന കവിത, നേരത്തെ പറഞ്ഞ രണ്ടുമൂന്നു കവിതകളുടെ നെക്‌സ്റ്റ് സ്‌റ്റെപ്പ് അല്ലായിരുന്നു, അത് മറ്റൊരു ഡീവിയേഷനായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. പ്ലമേനമ്മായിയിൽ ടോണിയുടെ തൃശൂർ സ്വത്വപരിസരത്തെ കൂടുതൽ ആവിഷ്‌കരിക്കുന്നതിലാണ് ശ്രദ്ധയൂന്നിയതെന്നു തോന്നുന്നു.
വ്യക്തിയുടെ നിരാശയുടെയും ശൂന്യതയുടേതുമായ നെഗറ്റീവായ കാഴ്ചപ്പാട് മാത്രമുള്ള ഏകമുഖ കവിതയെഴുതുന്ന ഒരാൾ എന്നാണ് ആദ്യകാലത്ത് എന്നെക്കുറിച്ച് പലരും പറഞ്ഞിരുന്നത്. അതിനൊരു മാറ്റമുണ്ടാക്കാനാണ് പ്ലമേനമ്മായി എന്ന രചന നടത്തിയത്. ആദ്യ കവിതകളിലെ ഈ പറഞ്ഞ രീതിയെക്കുറിച്ച് സൂചിപ്പിച്ച്, എന്റെ കവിതകളെക്കുറിച്ച് സച്ചിദാനന്ദൻ ഒരു ഇംഗ്ലീഷ് മാഗസിനിൽ എഴുതിയിരുന്നു.
‘ടോണി ജയിലിൽ പോയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ സമനില എന്ന സമാഹാരത്തിന്റെ ആമുഖത്തിൽ എഴുതിയിട്ടുണ്ട്. അദ്ദേഹം ജയിലിൽ പോകേണ്ടതില്ല. ഒരേ രീതിയിലുള്ള എഴുത്തുതന്നെ ഒരു തടവറയാണ്. ആ തടവറയിലാണ് ടോണി’ എന്നാണ് എന്നെ വിമർശിച്ച് സച്ചിദാനന്ദൻ എഴുതിയത്.
‘‘മാതൃഭൂമി ആഴ്ചപ്പതിപ്പിനെ രാഷ്ട്രീയ കാരണങ്ങളാൽ ഇടയ്ക്ക് പലരും തള്ളിപ്പറഞ്ഞിരുന്നുവെങ്കിലും മാതൃഭൂമിയുടെ രാഷ്ട്രീയദിശാബോധമെന്നും അങ്ങനെ മാറിയിട്ടില്ല’’- എസ്. കണ്ണൻ.
എന്റെ സമനില എന്ന സമാഹാരത്തിൽ ഞാൻ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘‘കഷ്ടം, സ്വാതന്ത്ര്യസമരകാലത്ത് ഞാൻ ജനിച്ചില്ല. ആധുനികതയുടെ ചുവന്ന മുഖമല്ല എന്റേത്. ഇന്ത്യൻ വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് പീലിവിരിച്ചാടിയ മയിലല്ല ഞാൻ. കഷ്ടം, ഞാൻ ജയിലിൽ പോയില്ല. ജനിക്കാൻ വൈകിപ്പോയോ ഞാൻ? എനിക്ക് ബോധം വെക്കുമ്പോൾ ഇവിടെ ആളുകൾ രക്തസാക്ഷികളെക്കുറിച്ച് തകൃതിയായി കവിതകളെഴുതുകയും പലതരം കണക്കെടുപ്പുകൾ നടത്തുകയുമായിരുന്നു. അതിനുശേഷം ഇവിടെ കവിതയും ഉശിരും മറ്റും, അതേ ചാവുകയുണ്ടായി എന്നാണ് പറയുന്നത്. തങ്ങൾക്കുശേഷം പ്രളയമെന്ന്’’ -ഇതാണ് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയത്.
ഞാൻ അശ്രദ്ധ കാണിച്ചിട്ടില്ല. കവിത ആത്മനിഷ്ഠമായി തന്നെ എഴുതണമെന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത വളരെ ആത്മനിഷ്ഠവും തീവ്രവുമാണ്. ‘ഇതെന്റെ രക്തമാണ്, ഇതെന്റെ മാംസമാണ്, എടുത്തുകൊൾക’ എന്നു പറയുന്നതുപോലെ, തന്റെ രക്തവും മാംസവുമായ കവിതയാണത്. അതിന് നല്ല ഇന്റൻസിറ്റിയുണ്ടാകും. പക്ഷെ, അത് തീരും. മനുഷ്യർ അവരെ ആവിഷ്‌കരിച്ച് കഴിയും. പ്ലമേനമ്മായി എഴുതാൻ തുടങ്ങുന്നതുവരെയുള്ള കാലഘട്ടത്തിൽ ഞാൻ എഴുതിയിരുന്നത്, ആത്മനിഷ്ഠമായ, എന്റെ രക്തവും മാംസവുമായ രചനകൾ തന്നെയാണ്. അത് ഒരു ഘട്ടം കഴിയുമ്പോൾ കഴിയും. കഴിഞ്ഞില്ലെങ്കിൽ നമ്മുടെ കവിത ആവർത്തനമാകും. ഉള്ളിലെ ഖനി തീരുമ്പോൾ എഴുത്ത് നിർത്തേണ്ടിവരും. തുടരണമെന്നുണ്ടെങ്കിൽ ആത്മനിഷ്ഠമായ രചനാരീതി വസ്തുനിഷ്ഠമായി മാറ്റണം. മറ്റുള്ളവരെയും മറ്റു ലോകങ്ങളെയും കൂടി കാണണം. അത് സാധിക്കാത്തതുകൊണ്ടാണ് ചുള്ളിക്കാടിന് ഇപ്പോൾ എഴുതാൻ പറ്റാത്തത്.
എഴുത്തുരീതികളിൽ വൈവിധ്യം വേണ്ടേ? അതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പ്ലമേനമ്മായി എഴുതിയത്. ആത്മനിഷ്ഠസ്വഭാവത്തിൽനിന്ന് ഒന്നു മാറിയെന്നു മാത്രമേയുള്ളൂ. അത് മാറ്റിയില്ലെങ്കിൽ എനിക്ക് എഴുതാൻ പറ്റില്ല. അത് കവി എന്ന നിലയിലുള്ള എന്റെ വളർച്ചയുടെ ഭാഗമാണ്. ശ്രദ്ധക്കുറവല്ല, കവിതയുടെ വൈവിധ്യവൽക്കരണത്തിന്റെയും വികാസത്തിന്റെയും ഭാഗമാണത്.
ഇടയ്ക്ക് ദലിത് കവിതകളും ആദിവാസി കവിതകളും കേന്ദ്രീകരിച്ച് അക്കാദമിക ലോകത്ത് ചർച്ചകൾ പോകുന്നുവെന്നും പൊതുകവിതയുടെ ഇടം തന്നെ ഇല്ലാതാകുന്നു എന്നും വിമർശനം ഉന്നയിക്കപ്പെട്ടിരുന്നു. എസ്. ജോസഫിന്റെ കവിതകൾ ചൂണ്ടിക്കാട്ടിയായിരുന്നു താങ്കൾ അത്തരമൊരു വിമർശനം ഉന്നയിച്ചത്. ഞാനും താങ്കളുമായി ഫേസ്ബുക്കിൽ ഏറ്റുമുട്ടിയ സന്ദർഭവും ഇപ്പോൾ ഓർക്കുന്നു. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എസ്. ജോസഫ് എമർജിങ് പോയട്രി എന്ന പ്രസ്ഥാനവുമായി വരികയും അവസരം കിട്ടാതെ നിന്നിരുന്ന ജൂനിയേഴ്‌സായ കവികളെയൊക്കെ അടിച്ചുവാരിക്കൂട്ടി തന്റെ പ്രസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരികയും പുസ്തകമെഴുതുകയും അവരുടെ പേര് അതിൽ പരാമർശിക്കുകയുമൊക്കെ ചെയ്തു. അപ്പോൾ അവർക്ക് വലിയ സന്തോഷമായി. അദ്ദേഹത്തിന്റെ പുതുകവിതയുടെ സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ യാഥാർഥ്യങ്ങൾ അപ്പടി തമസ്‌കരിച്ചിരിക്കുകയാണ്. ചരിത്രത്തെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മാത്രമായി അവതരിപ്പിക്കുകയാണ്. അദ്ദേഹം അതിൽ പറയുന്നത്, അദ്ദേഹവും അനിതാതമ്പിയും അൻവർ അലിയും പിന്നെ കുറച്ചാളുകളും ചേർന്ന് തിരുവന്തപുരത്തുവച്ചിട്ടാണത്രേ പോസ്റ്റുമോഡേണിസം ഉണ്ടാക്കിയത്. ഞാൻ അതിൽ ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ, ഞാൻ അതിലുണ്ട്. ജോസഫ് വരുന്നതിനുമുമ്പ് ഞങ്ങൾ തിരുവനന്തപുരത്തുവച്ച് ചർച്ച ചെയ്യുകയും ഞാനതിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പേര് തന്മയത്വത്തോടെ ഒഴിവാക്കി. ഞാനത് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം വാട്‌സ്ആപ്പ് സന്ദേശമയച്ചു, ‘ശരിയാണ്, ഞാനത് തിരുത്താം’ എന്നു പറഞ്ഞ്. എന്നാൽ, ചരിത്രത്തെ വളച്ചൊടിച്ചത് അദ്ദേഹം തിരുത്തിയില്ല.
അനിത തമ്പി അടുത്തിടെ ദേശാഭിമാനി വാരികയിൽ, വർക്കല കടപ്പുറത്ത് ഒരു സാഹിത്യചർച്ചയിൽ ഞങ്ങൾ കൂടിച്ചേരുകയും എല്ലാവരും കൂടി ഒരു കവിത എഴുതി എന്നും എഴുതിയിരുന്നു. അതിൽ ഇങ്ങനെയും എഴുതിയിരുന്നു: ടോണി പൊതുവെ മൗനം പാലിക്കുന്നതുകൊണ്ട് ടോണി ആ കവിതാരചനയിൽ പങ്കെടുത്തില്ല. എന്നിട്ട്, എല്ലാവരും കൂടി ചേർന്ന് എഴുതിയ കവിതയും കൊടുത്തിട്ടുണ്ട്. അതിൽ രണ്ടു വരി എന്റേതാണ്. ഞാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താൻ അത് മറന്നുപോയി എന്നാണ് അനിത തമ്പി പറഞ്ഞത്.
സാഹിത്യചരിത്രത്തിൽ ചിലരെ തമസ്‌കരിക്കുകയും തങ്ങളുടെ ആളുകളെ ഉയർത്തുകയും ചെയ്യുന്ന പരിപാടി എസ്. ജോസഫിനുണ്ട്. അദ്ദേഹം എഴുതുമ്പോൾ എന്റെ പേര് പറയില്ല, പകരം പി. രാമന്റെ പേര് പറയും. രാമൻ ഒരുവശത്തുണ്ടെങ്കിലേ ജോസഫിന് ഇപ്പുറത്തുനിന്ന് ബാലൻസ് ചെയ്യാൻ പറ്റുകയുള്ളൂ. എന്നെയാകട്ടെ, വെറുമൊരു പാരടിക്കാരൻ എന്ന മട്ടിൽ ഒതുക്കി. മനോജ് കുറൂർ എന്താണ് മലയാള സാഹിത്യത്തിന് ചെയ്തിട്ടുള്ളത് എന്ന് ജോസഫ് ചോദിച്ചു. അങ്ങനെ മറ്റെല്ലാവരും റദ്ദാക്കപ്പെട്ടു, താൻ മാത്രം ജൈത്രയാത്ര തുടരുന്നു. 'ദലിത് കവിതയിൽ ഞാനാണ് ഏറ്റവും മികച്ചത്, പിന്നീടേ രേണുകുമാറും എം.ബി. മനോജും വരുന്നുള്ളൂ'- അങ്ങനെയൊരു ലീഡർഷിപ്പിനുവേണ്ടി മത്സരിക്കുകയാണ് അദ്ദേഹം.
എസ്. ജോസഫ് എമർജിങ് പോയട്രി എന്ന പ്രസ്ഥാനവുമായി വരികയും അവസരം കിട്ടാതെ നിന്നിരുന്ന ജൂനിയേഴ്‌സായ കവികളെയൊക്കെ അടിച്ചുവാരിക്കൂട്ടി തന്റെ പ്രസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരികയും പുസ്തകമെഴുതുകയും അവരുടെ പേര് അതിൽ പരാമർശിക്കുകയുമൊക്കെ ചെയ്തു. അപ്പോൾ അവർക്ക് വലിയ സന്തോഷമായി.
ആറ്റൂർ രവിവർമയെപ്പോലെ ഒരാളെ സവർണ കവിയാണ് എന്നു പറഞ്ഞയാളാണ് എസ്. ജോസഫ്. എന്തു ന്യായമാണ് അതിനുപുറകിലുള്ളത്? ഉത്തരാധുനിക സാഹിത്യത്തിലേക്ക് വഴിതുറന്ന ആളാണ് ആറ്റൂർ. ‘രണ്ടു വായനകൾ’ എന്ന കവിത ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ‘ഉദാത്തം’ പോലെ സവർണ വിരുദ്ധമായ ഒരു കവിത ഇന്നും ഉണ്ടായിട്ടില്ല. ‘രണ്ടു വായനകളി’ൽ സവർണ പാരമ്പര്യത്തിൽ പെട്ട വായനയെ അരയന്നമായും വായ തന്നെ മലദ്വാരമാക്കി നടക്കുന്ന ചൊറി എന്ന ചെറിയ ജീവിയെ ബഹുസ്വരതയുടെ പ്രതീകമായും കൊണ്ടുവരുകയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വഴി അവിടെ വെട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ആ ആളെയാണ് സവർണ കവിയാക്കുന്നത്!
എസ്. ജോസഫ് യഥാർഥത്തിൽ കാൽപ്പനിക കവിയാണ്. അദ്ദേഹത്തിന്റെ കാൽപ്പനികതയുടെ പ്രമേയം ദലിത് ജീവിതപാശ്ചാത്തലമാണ്. ദലിത് ജീവിത്തെ കാൽപ്പനികവൽക്കരിക്കുകയാണദ്ദേഹം. ജോസഫിന്റെ ദലിത് കവിതകൾ വായിച്ചിട്ട് ഒരാൾക്കും ദലിത് ജീവിതാവസ്ഥയെക്കുറിച്ചോർത്ത് പ്രതിഷേധമോ അമർഷമോ തോന്നില്ല. മറിച്ച്, എന്തു മനോഹരമായ ജീവിതം എന്ന തോന്നലാണുണ്ടാകുക. നേരെ മറിച്ച്, പെരുമാൾ മുരുകന്റെ നോവൽ വായിച്ചാൽ, അതിലെ ദലിത് ജീവിതത്തെ അങ്ങനെയാക്കിയവരോട് നമുക്ക് രോഷമുണ്ടാകും.
കാട്ടിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ പോയാൽ അവിടെ കെട്ടിയുണ്ടാക്കിയ കുടിലിലും ടെന്റിലുമെല്ലാം താമസിക്കാൻ സൗകര്യമുണ്ട്. ദലിത് ജീവിതപരിസരങ്ങളെ ജോസഫ് ഇത്തരമൊരു ടൂറിസ്റ്റ് കേന്ദ്രമാക്കിയിരിക്കുകയാണ്. ഏഴാം മാളിക മുകളിൽനിന്ന് താഴേക്ക് നോക്കുകയാണ് അദ്ദേഹത്തിന്റെ കവിത ചെയ്യുന്നത്. ബഹുസ്വരത എന്നു പറഞ്ഞ് ജോസഫ് ചെയ്യുന്നത് ഇതാണ്.
‘‘വ്യവസായികാടിസ്ഥാനത്തിലുണ്ടാകുന്ന ആയിരക്കണക്കിന് കവിതകളും നിരൂപണങ്ങളും ആസ്വാദനങ്ങളുമെല്ലാം ഒരുതരം വിപണനപ്രക്രിയയുടെ ഭാഗമായിത്തീരുമ്പോൾ വിജയിക്കുന്നത് സ്വത്വസംസ്‌കാരമല്ല, സംസ്‌കാരവ്യവസായമാണെന്നേ പറയാനാകൂ’’- കെ.ആർ. ടോണി.
യഥാർഥത്തിൽ എന്താണ് ബഹുസ്വരത? ആഗോള വിപണിക്കും ഏകലോകത്തിനും എതിരായ സമരമാണത്. ഏകശിലാരൂപമായ ദേശീയതയ്ക്ക് എതിരായ സമരമാണത്. അതിനാൽ, ബഹുസ്വരതയ്ക്കുവേണ്ടിയുള്ള സമരത്തെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, ബഹുസ്വരതയ്ക്കുവേണ്ടിയുള്ള സമരം, സ്വയം തോൽപ്പിക്കുകയാണ്. ആ സമരത്തെ ആസ്പദിച്ചുണ്ടാകുന്ന പൊട്ടക്കവിതകൾ ആഗോളവിപണിയ്ക്ക് പ്രിയങ്കരമായ ഉൽപ്പന്നങ്ങളാണിപ്പോൾ. എന്തിനുവേണ്ടി ബഹുസ്വരത ഉണ്ടായി ആ ലക്ഷ്യത്തെ തന്നെ അത് തോൽപ്പിക്കുന്നു. ബഹുസ്വരത എഴുതുന്നതിനുപകരം അത് കച്ചവടം ചെയ്തിട്ടാണ് ഇവർ മുന്നോട്ടുപോകുന്നത്. അഡോർണോ പറയുന്ന, അധീശപ്രത്യയശാസ്ത്രത്തെ എതിർക്കാൻ കഴിയുന്ന തരത്തിലുള്ള നിഷേധാത്മകത ഇത്തരം കവിതകളിലൊന്നും കാണുന്നില്ല. കണ്ടിരുന്നുവെങ്കിൽ അത് സമൂഹത്തിൽ വലിയ തിരുത്തൽ ശക്തിയാകുമായിരുന്നു. അങ്ങനെ ആകാത്തതുകൊണ്ടാണ് ആ വചനങ്ങൾ കൊണ്ട് ഒരാഘാതവുമുണ്ടാക്കാനാവാത്തത്.
വ്യവസായികാടിസ്ഥാനത്തിലുണ്ടാകുന്ന ആയിരക്കണക്കിന് കവിതകളും നിരൂപണങ്ങളും ആസ്വാദനങ്ങളുമെല്ലാം ഒരുതരം വിപണനപ്രക്രിയയുടെ ഭാഗമായിത്തീരുമ്പോൾ വിജയിക്കുന്നത് സ്വത്വസംസ്‌കാരമല്ല, സംസ്‌കാരവ്യവസായമാണെന്നേ പറയാനാകൂ. സ്വത്വസമര- പ്രതിരോധ കവിതയെ സംസ്‌കാര വ്യവസായം ഹൈജാക്ക് ചെയ്തിരിക്കുന്നു. ഇതാണ് സമകാല കവിത നേരിടുന്ന ഒരു പ്രശ്‌നം.
ഫെമിനിസം, ദലിത് ആക്റ്റിവിസം എന്നിവ നവരാഷ്ട്രീയവുമായി കൂടിക്കുഴഞ്ഞുകിടക്കുന്നതിനാൽ അതിനെ കൊണ്ടാടുകയും അതിനെ അത്യധികമായി നിലനിർത്തുകയും ചെയ്യുക എന്നത് രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. മാധ്യമങ്ങളുടെ അടക്കം ആവശ്യമാണ്. ബൈനറി സൃഷ്ടിച്ച് സമൂഹത്തെ ചിന്നഭിന്നമാക്കുക എന്നത് ഈ തരത്തിലേ കേരളത്തിൽ നടക്കുകയുള്ളൂ. ഒരു സൈഡിൽ സവർണ ഭാവുകത്വത്തെ സൃഷ്ടിച്ച്, മറു സൈഡിൽ, അതിന് വിപരീതമായ ഒരു ഭാവുതക്വത്തെ പ്രതിഷ്ഠിക്കും. എന്നിട്ട് പഴയ ദ്വന്ദ്വവാദത്തെ പുതുതെന്ന് ധരിപ്പിച്ച്, ആ തർക്കത്തിനിടയിലൂടെ വിപണി അതിന്റേതായ ഉദ്ദേശ്യങ്ങളെല്ലാം നടപ്പാക്കും. സമൂഹം എന്ന നിലയെ തകർത്തുകളയുക എന്ന പരിപാടിയാണ് നടക്കുന്നത്.
J. M. Coetzee-യുടെ Disgrace പോലുള്ള പുസ്തകങ്ങൾ പോസ്റ്റ് ബ്ലാക്ക് റൈറ്റിംഗ് ആണ് കൈകാര്യം ചെയ്യുന്നത്. പോസ്റ്റ് ദലിത് റൈറ്റിങ്ങിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് എഴുതിയ ഒരു പുസ്തകം നമുക്കുണ്ട്, വൈറ്റ് ടൈഗർ (The White Tiger, Aravind Adiga). സച്ചിദാനന്ദൻ അടക്കമുള്ളവർ വൈറ്റ് ടൈഗറിനെ അമ്പരപ്പോടെ അന്ന് വിശേഷിപ്പിച്ചത് ഞാൻ ഓർക്കുന്നുണ്ട്. എന്നാൽ, വൈറ്റ് ടൈഗറിനെ ശരിക്ക് അഡ്രസ് ചെയ്യാൻ നമുക്കിതേവരെ കഴിഞ്ഞിട്ടില്ല.
ഒരു പഴയ കൃതിയെക്കുറിച്ചാണ് ഞാനിതു പറയുന്നത് എന്ന് ചിലർ പറയാൻ സാധ്യതയുണ്ട്. My Stgruggle എഴുതിയ നോസ് ഗാർഡ് (My Struggle, Karl Ove Knausgård), ബൊലാനോ (Roberto Bolaño Ávalos), നോവൽ ലോകത്തെ ചില നവ എഴുത്തുകാർ തുടങ്ങിയവരെ എടുക്കുക. എഴുത്തിന്റെ ചരിത്രത്തെ തന്നെ വിഗ്രഹവൽക്കരിച്ച്, അതിന് വേറൊരു രീതിയിൽ വിപണിമൂല്യമുണ്ടാക്കിക്കൊടുത്ത്, അക്കാദമിക് ലോകവുമായി അവിഹിതബന്ധം സ്ഥാപിച്ചുകൊണ്ടാണ് ഇത്തരം റൈറ്റിങുകൾ നിലനിൽക്കുന്നത്. രാഷ്ട്രീയത്തെ നേരിട്ട് സമീപിക്കുന്ന റൈറ്റിംഗുകളെ ആ നിലയ്ക്ക് കണ്ടെന്നു നടിക്കാൻ പോലും തയ്യാറല്ല.
പണ്ടത്തേക്കാൾ കൂടുതൽ സാംസ്‌കാരിക വ്യവസായത്തിൽ വിപണിയ്ക്ക് സൂക്ഷ്മ ശ്രദ്ധയുണ്ട്. അതുകൊണ്ട് സംഗതികളെ ബൈനറികളിലെത്തിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ആ ബൈനറികളെ അതിജീവിക്കുന്ന വിരലിലെണ്ണാവുന്ന കവിതകളേ മലയാളത്തിൽ ഇപ്പോൾ എഴുതപ്പെടുന്നുള്ളൂ. ഈയിടെ ഉണ്ണി ശ്രീദളത്തിന്റെ ഒരു കവിത ശ്രദ്ധിച്ചു. ബിജു റോക്കിയുടെ ‘ബൈപോളാർ കരടി’ പോലുള്ള സമാഹാരം ശ്രദ്ധിച്ചിട്ടുണ്ട്. കളത്തറ ഗോപന്റെ കോവിഡ് കാല കവിതകൾ- ഇത്തരം കവിതകൾക്ക് പുതിയ കാലത്തെ അഡ്രസ് ചെയ്യാൻ കഴിയുന്നുണ്ട്. സമകാലിക കവിതയിൽ പോസിറ്റീവായ ഏതൊക്കെ പ്രവണതകളാണ് ടോണി കാണുന്നത്?
ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ലിംഗത്തിലോ പെടുന്ന ആളുടെ കവിത ചീത്തയാണോ നല്ലതാണോ എന്നു പറയാൻ മറ്റൊരു ജാതിയിലോ ലിംഗത്തിലോ പെടുന്ന കവിക്കോ വായനക്കാർക്കോ എന്താണ് അധികാരം എന്നാണ് ഇപ്പോൾ ചോദിക്കുന്നത്. നല്ലത് - ചീത്ത എന്ന തോന്നലുകൾക്കു പുറകിൽ ഈ വിഭിന്ന സ്വത്വങ്ങൾക്കിടയിലെ അധികാരബന്ധങ്ങളില്ലേ എന്നാണ് ചോദിക്കുന്നത്. നല്ലത്- ചീത്ത എന്നു തീരുമാനിക്കാൻ എല്ലാ സ്വത്വങ്ങൾക്കും അവരുടേതായ സർവസ്വീകാര്യമായ അളവുകോൽ ഇല്ല എന്നാണ് പറയുന്നത്.
‘‘പണ്ടത്തേക്കാൾ കൂടുതൽ സാംസ്‌കാരിക വ്യവസായത്തിൽ വിപണിയ്ക്ക് സൂക്ഷ്മ ശ്രദ്ധയുണ്ട്. അതുകൊണ്ട് സംഗതികളെ ബൈനറികളിലെത്തിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്’’- എസ്. കണ്ണൻ.
ഉൽകൃഷ്ട സാഹിത്യത്തിന്റെ ലക്ഷണമായി കരുതിയിരുന്ന സാർവലൗകിക മാനവസത്ത എന്ന മൂല്യം സാഹിത്യരംഗത്ത് റദ്ദായില്ലേ? കവിതാരംഗത്ത് ഒരു നീതിമത്കരണ പ്രതിസന്ധി (Legitimation crisis) വന്നിരിക്കുകയാണ്. ഒരു കവിത നല്ലതാണെന്ന് പറയാൻ പറ്റാത്ത നീതിമത്കരണ പ്രതിസന്ധിയുള്ള സന്ദർഭത്തിൽ നമുക്ക് അവലംബിക്കാവുന്നത് എന്താണ്? ഈ സ്ഥിതവ്യവസ്ഥയെ, അതിനോട് ഒത്തുപോകുകയോ യോജിച്ചുപോകുകയോ ചെയ്യുന്ന കവിതകളെ തള്ളിക്കളയുക. വ്യവസ്ഥാപിതവും കാൽപ്പനികവുമായ സ്വപ്‌നങ്ങളെ താലോലിച്ചുകൊണ്ടുള്ള സുഖാന്വേഷണ കവിതാരചനയെ പൊളിക്കുക. അങ്ങനെ പൊളിക്കാൻ പറ്റുന്ന രോഷത്തിന്റെ, പുതിയ നിഷേധാത്മകതയുടെ കവിതകൾ ഇവിടെ ഉണ്ടാകുന്നുണ്ട്. അവ ഏതെങ്കിലും ഗ്രൂപ്പിന്റെയോ ലേബലിന്റെയോ കീഴിൽ വരാത്തതുകൊണ്ട് അവയെ തമസ്‌കരിക്കുകയാണ്. അത്തരം കവിതകളുണ്ടാകുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. നമ്മെ പ്രകോപിപ്പിക്കുന്ന കവിത, അത് രൂപത്തിലായാലും ഭാവത്തിലായാലും ഭാഷയിലായാലും ശരി, അങ്ങനെയുള്ള കവിതയ്ക്കുവേണ്ടിയാണ് ഞാൻ കാതോർക്കുന്നത്. അത് ഉണ്ടാകുന്നുണ്ട്, തമസ്‌കരിക്കപ്പെടുയാണെങ്കിലും. വ്യവസ്ഥാപിതമായ അംഗീകൃത ദർശനങ്ങളെ പൊളിച്ചടുക്കുക തന്നെ വേണം.
ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന പുനുരത്ഥാനവാദപരമായ കവിതകളുടെ വരവിനെ ആരും എതിർക്കുന്നതായി കാണുന്നില്ല. ഇതിനു കാരണം, വിപണി തന്നെയാണ് ഇത്തരം ബൈനറി സൃഷ്ടിക്കുന്നത് എന്നതാണ്. പാരമ്പര്യവാദപരമായ ഏതെങ്കിലും സംഘങ്ങളോ ഗൂഢാലോചനയോ എന്നതിനേക്കാൾ ഇത്തരമൊരു വിപണിയുടെ തന്ത്രമല്ലേ ഇത്തരം കവിതകൾക്കു പുറകിലുള്ളത്?
വിപണിക്ക് പാരമ്പര്യമോ പാരമ്പര്യരാഹിത്യമോ എതിർപ്പോ വിപ്ലവബോധമോ പ്രതിരോധമോ ഒന്നും വിഷയമല്ല. മീഡിയ ഇംപീരിയലിസം എന്നത് മാതൃഭൂമിയിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലല്ലോ. അന്താരാഷ്ട്രതലത്തിലുള്ള സംഗതിയല്ലേ?
മാതൃഭൂമി ആഴ്ചപ്പതിപ്പിന് നേതൃപരമായ പങ്കുള്ളതുകൊണ്ടാണ്, ആ പ്രസിദ്ധീകരണത്തിന്റെ പേരെടുത്തു പറഞ്ഞത്. ശ്രദ്ധേയമായ ജേണൽ എന്ന നിലയ്ക്കാണ് മാതൃഭൂമിയെ ഞാൻ പരാമർശിച്ചത്. ശരിയാണ്, മാതൃഭൂമി മാത്രമല്ല അതിലുള്ളത്. വ്യാപകമായ പല സ്ഥലങ്ങളിലേക്കും അത് വ്യാപിക്കുന്നുണ്ട്. സുഗതകുമാരിക്കാലത്തുനിന്ന് ഒരു തുടർച്ച കണ്ടെത്താൻ പാരമ്പര്യവാദത്തെ ഒരുക്കിനിർത്തുന്നതിൽ വിപണി വിജയിക്കുന്നു എന്നിടത്താണ് ഞാൻ അതിന്റെ അപകടം കാണുന്നത്. ജിജി എന്ന കവിതയെ ആക്രമിക്കുന്നതിൽ അത്തരമൊരു വാസനയാണ് കാണുന്നത്. ആന്റി പോയട്രി പോലുള്ള കാര്യങ്ങളുടെ വലിയ ധാരകളെയെല്ലാം മുക്കിക്കളഞ്ഞ്, ആധുനികതയില്ലായിരുന്നു, പുതുകവിത ഇല്ലായിരുന്നു, നവകവിതയില്ലായിരുന്നു എന്നിങ്ങനെ, ഇതിനെയെല്ലാം ബൈപാസ് ചെയ്ത്, സുഗതകുമാരിക്കാലത്തുനിന്ന് നേരെ ഒരു കണക്ഷനുണ്ടാക്കിയെടുക്കാനുള്ള പരിശ്രമം ഇവിടെ വ്യാപകമായി നടക്കുന്നുണ്ട്. പദ്യകവിതയുടെ ഈയൊരു അധികാരത്തെ, ഇത്രയും കാലത്തെ കാവ്യാനുശീലനം കൊണ്ടുപോലും നമുക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അത് കൗശലപൂർവം സ്ഥാപിച്ചെടുക്കാൻ ആളുകളെ നിർബന്ധിക്കുന്ന തരത്തിലുള്ള പരിപാടിയാണ് നടക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പ് തിരസ്‌കരിച്ചതാണ് ജിജി എന്ന കവിത, അങ്ങനെയാണ് ഞാനത് ഭാഷാപോഷിണിക്ക് അയച്ചത്, അത് നിങ്ങളെന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ...