‘‘എസ്. ജോസഫ് യഥാർഥത്തിൽ കാൽപ്പനിക കവിയാണ്. അദ്ദേഹത്തിന്റെ കാൽപ്പനികതയുടെ പ്രമേയം ദലിത് ജീവിതപാശ്ചാത്തലമാണ്. ദലിത് ജീവിത്തെ കാൽപ്പനികവൽക്കരിക്കുകയാണദ്ദേഹം. ജോസഫിന്റെ ദലിത് കവിതകൾ വായിച്ചിട്ട് ഒരാൾക്കും ദലിത് ജീവിതാവസ്ഥയെക്കുറിച്ചോർത്ത് പ്രതിഷേധമോ അമർഷമോ തോന്നില്ല. മറിച്ച്, എന്തു മനോഹരമായ ജീവിതം എന്ന തോന്നലാണുണ്ടാകുക. നേരെ മറിച്ച്, പെരുമാൾ മുരുകന്റെ നോവൽ വായിച്ചാൽ, അതിലെ ദലിത് ജീവിതത്തെ അങ്ങനെയാക്കിയവരോട് നമുക്ക് രോഷമുണ്ടാകും’’- കെ.ആർ. ടോണി പറയുന്നു.
‘‘കാട്ടിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ പോയാൽ അവിടെ കെട്ടിയുണ്ടാക്കിയ കുടിലിലും ടെന്റിലുമെല്ലാം താമസിക്കാൻ സൗകര്യമുണ്ട്. ദലിത് ജീവിതപരിസരങ്ങളെ ജോസഫ് ഇത്തരമൊരു ടൂറിസ്റ്റ് കേന്ദ്രമാക്കിയിരിക്കുകയാണ്. ഏഴാം മാളിക മുകളിൽനിന്ന് താഴേക്ക് നോക്കുകയാണ് അദ്ദേഹത്തിന്റെ കവിത ചെയ്യുന്നത്. ബഹുസ്വരത എന്നു പറഞ്ഞ് ജോസഫ് ചെയ്യുന്നത് ഇതാണ്’’.
‘‘യഥാർഥത്തിൽ എന്താണ് ബഹുസ്വരത? ആഗോള വിപണിക്കും ഏകലോകത്തിനും എതിരായ സമരമാണത്. ഏകശിലാരൂപമായ ദേശീയതയ്ക്ക് എതിരായ സമരമാണത്. അതിനാൽ, ബഹുസ്വരതയ്ക്കുവേണ്ടിയുള്ള സമരത്തെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, ബഹുസ്വരതയ്ക്കുവേണ്ടിയുള്ള സമരം, സ്വയം തോൽപ്പിക്കുകയാണ്. ആ സമരത്തെ ആസ്പദിച്ചുണ്ടാകുന്ന പൊട്ടക്കവിതകൾ ആഗോളവിപണിയ്ക്ക് പ്രിയങ്കരമായ ഉൽപ്പന്നങ്ങളാണിപ്പോൾ. എന്തിനുവേണ്ടി ബഹുസ്വരത ഉണ്ടായി ആ ലക്ഷ്യത്തെ തന്നെ അത് തോൽപ്പിക്കുന്നു. ബഹുസ്വരത എഴുതുന്നതിനുപകരം അത് കച്ചവടം ചെയ്തിട്ടാണ് ഇവർ മുന്നോട്ടുപോകുന്നത്. അഡോർണോ പറയുന്ന, അധീശപ്രത്യയശാസ്ത്രത്തെ എതിർക്കാൻ കഴിയുന്ന തരത്തിലുള്ള നിഷേധാത്മകത ഇത്തരം കവിതകളിലൊന്നും കാണുന്നില്ല. കണ്ടിരുന്നുവെങ്കിൽ അത് സമൂഹത്തിൽ വലിയ തിരുത്തൽ ശക്തിയാകുമായിരുന്നു. അങ്ങനെ ആകാത്തതുകൊണ്ടാണ് ആ വചനങ്ങൾ കൊണ്ട് ഒരാഘാതവുമുണ്ടാക്കാനാവാത്തത്’’.