ഒന്ന്
കവിതയിൽ നല്ലതും ചീത്തയും എന്ന ബൈനറി ഓപ്പസിറ്റ് ഉണ്ടോ?
ഇല്ലെന്നാണ് തോന്നുന്നത്. കാരണം കവിത എന്ന വ്യവഹാരം രൂപപ്പെടുന്നതും സ്ഥിരപ്പെടുന്നതും തന്നെ ചീത്തക്കവിതകളെ സ്വയം ഒഴിവാക്കിക്കൊണ്ടാണ്. വെട്ടിത്തിരുത്തിയാണ് കവികൾ എല്ലാവരും കവിത പൂർത്തിയാക്കുന്നത്. അവയാണ് വെളിച്ചം കാണുന്നത്.
സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ച് അവ കവിത എന്ന വ്യവഹാര (Discourse) ത്തിന്റെ, സ്ഥാപനത്തിന്റെ ഭാഗമാകുന്നു. നമ്മുടെ കാവ്യചരിത്രം പരിശോധിച്ചാൽ പാഴായ ഒരു കവിത പോലും കാണുകയില്ല. പാഴായവ അതിജീവിച്ചിട്ടുണ്ടാവില്ല എന്നേ കരുതാനാവൂ. നല്ല കൃതികളിൽ പോലും ചില ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോൾ പിന്നെ മോശം കവിതകളുടെ കാര്യം പറയാനുമില്ല. കവിത എന്ന വ്യവഹാരത്തിൽ ഒരു അരിപ്പ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
പൊളിറ്റിക്കൽ കറക്റ്റ്നെസ് ഇല്ലെങ്കിലും ചില കവിതകൾ കവിത്വശക്തികൊണ്ട് മെച്ചപ്പെടും. പൊളിറ്റിക്കലി കറക്ട് ആണെങ്കിലും തണുത്ത കവിതകളും ഉണ്ട്.
എന്നാൽ വർത്തമാന കാലത്തിലെ കവിതകൾ വെച്ച് നമുക്ക് നല്ലതും ചീത്തയും വേണമെങ്കിൽ പറയാം. പക്ഷേ കുറേനാൾ കഴിയുമ്പോൾ ചീത്തക്കവിതകൾ സ്വയം ഇല്ലാതെയാവുന്നതു കാണാം. അക്ഷരത്തെറ്റും വാക്യത്തെറ്റും തെറ്റായ വാക്കുകളും താളഭംഗവും ഒക്കെയുള്ള ഒരു കവിതയെ ചീത്തക്കവിത എന്നു പറയാം. ‘അവൾ എന്റെ കിനാവള്ളി’ എന്നെഴുതിയ ഒരാളുണ്ട്. അദ്ദേഹം ഉദ്ദേശിച്ചത് കിനാവാകുന്ന വള്ളി എന്നാണ്. ഏതായാലും കവിത അറം പറ്റി.
പറഞ്ഞുപഴകിയ വിഷയങ്ങൾ ആവർത്തിക്കുന്ന കവിതകളും ഒരു ട്വിസ്റ്റുമില്ലാത്ത പ്ലെയിനായ എഴുത്തും നല്ല കവിതയാകാൻ മടിക്കും. പൊളിറ്റിക്കൽ കറക്റ്റ്നെസ് ഇല്ലെങ്കിലും ചില കവിതകൾ കവിത്വശക്തികൊണ്ട് മെച്ചപ്പെടും. പൊളിറ്റിക്കലി കറക്ട് ആണെങ്കിലും തണുത്ത കവിതകളും ഉണ്ട്.
ചുരുക്കത്തിൽ എല്ലാ ഗുണങ്ങളും തികഞ്ഞ കവിത പോലും, വികാരം സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ നല്ല കവിത ആകണമെന്നില്ല. വികാരം (Emotion) സൃഷ്ടിക്കാൻ കഴിയാത്തതുകൊണ്ടാണ് കാരികകളും മറ്റും കവിതയാകാത്തത്. ഇക്കാലത്ത് ഫേസ്ബുക്കിൽ എഴുതപ്പെടുന്ന കവിതകളിൽ പലതും ചീത്തക്കവിതകളാണെന്ന് തോന്നാറുണ്ട്.
പെറ്റുവീണുടനെ ശിശുക്കൾ എണീറ്റ് നടക്കുകയും വർത്തമാനം പറയുകയും കവിത എഴുതുകയും ചെയ്യുന്ന ദൈവികമായ മായാജാലമാണ് ഫേസ്ബുക്കിലെ കവികളുടെ കാര്യത്തിൽ സംഭവിക്കുന്നത്. കവിതകൾ പലതും പൊതുസമൂഹത്തിന്റെ വെട്ടത്ത് കാണിക്കാൻ പറ്റില്ല. അവയ്ക്ക് തിരുത്തില്ല. ഭാഷയുടെ ആധികാരികത ഇല്ല. തിരുത്തിയെടുത്താൽ ചിലതൊക്കെ നന്നാകുമെന്ന് തോന്നാറുണ്ട്.
കവിതയ്ക്ക് ജീവിതത്തിന്റെ വ്യാകരണവും ഭാഷയുടെ വ്യാകരണവുമുണ്ട്. രണ്ടും പാലിക്കാൻ പറ്റാത്ത കോമാളിരൂപങ്ങളാണ് മേൽപ്പറഞ്ഞതരം കവിതകൾ. എഫ്.ബി ഒരു മാധ്യമമാണ്. കവിത എന്ന പേരിൽ ആ മാധ്യമത്തിൽ എന്തെഴുതിയാലും കവിതയാവില്ല. മാത്രമല്ല എഫ്.ബി കവിത എന്നൊരു കവിതയും ഇല്ല. കാരണം കവിതയും സാഹിത്യവും ഒക്കെ വാമൊഴി രൂപങ്ങളാണ്. വാമൊഴി രൂപമായ സാഹിത്യത്തിന്റെ മാധ്യമമാണ് എഴുത്തുരൂപം. അതിന്റെയും ഒരു മാധ്യമമാണ് എഫ്.ബി എന്നേയുള്ളൂ.
എന്തായാലും ഇക്കാലത്തെ കവിതയിൽ നിന്ന് ഒരു മാറ്റം അനിവാര്യമാണ്. അത് എമർജിങ് പോയട്രി ആയാലും അല്ലെങ്കിലും.
അനേകകാലം കവിതയെഴുത്തിൽ മുഴുകിയതിനാൽ കെ.ആർ. ടോണി നേടിയ നിരപ്പുകേടില്ലാത്ത ഭാഷയും താളവും താളവ്യത്യാസങ്ങളും ഒത്തിണങ്ങിയ ഒരു കവിതയാണ് ജിജി. സംഘകാലത്തിനും മുമ്പുള്ള പ്രിമിറ്റീവ് ജീവിതം മുതൽ ഇന്നത്തെ ജീവിതം വരെ സൂചിപ്പിച്ചിട്ടുണ്ട്. ചോദ്യോത്തരരീതിയാണ് കവിതയ്ക്കുള്ളത്. ആരാണ് ചോദിക്കുന്നതെന്നോ ആരാണ് ഉത്തരം പറയുന്നതെന്നോ കവിതയിൽ ഇല്ലാത്തതിനാൽ കവി തന്നെയാണ് രണ്ടും നിർവഹിക്കുന്നത് എന്ന് കരുതാം. ജിജിയെവിടെ എന്ന ചോദ്യത്തിന് ആദ്യ ഖണ്ഡത്തിൽ കാടിന്റെ, കടലിന്റെയൊക്കെ വ്യത്യസ്ത നിറങ്ങളാണ് ജിജി എന്ന് ഉത്തരം പറയുന്നു.
രണ്ടാം ഖണ്ഡത്തിൽ കാട്ടുമൃഗങ്ങളുടെ ഭാഗമാണ് ജിജി എന്ന് പറയുന്നു. ഈ രണ്ട് ഖണ്ഡത്തിലും കാടാണ് പശ്ചാത്തലം. മൂന്നാം ഖണ്ഡത്തിലും പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ ഭാഗമായി ജിജിയുണ്ട് എന്ന് പറയുന്നു. നാലാം ഖണ്ഡത്തിൽ സംഘകാലത്തെ ജനസമൂഹങ്ങളെയാണ് പരാമർശിക്കുന്നത്. കേരളത്തിലെ അടിസ്ഥാന ജാതിസമൂഹങ്ങളിൽ ജിജിയുണ്ട് എന്ന ഉത്തരമാണ് പറയുന്നത്. അഞ്ചാം ഖണ്ഡത്തിൽ പ്രകൃതിയിലെ കല്ല്, ശരീരഭാഷ എന്നിവ പ്രകൃതിയിലെ ഘടകങ്ങളുടെ കൂടെ കടന്നുവരുന്നുണ്ട്. യുദ്ധവും (വാളിന്റെ മൂർച്ച) ചതിയും (തേളിന്റെ കുത്ത്) മാങ്ങയും തേങ്ങയും ഒക്കെ കടന്നുവരുന്നു. ആറാം ഭാഗത്ത് വർത്തമാനകാലത്ത് കവിത എത്തുന്നുണ്ട്. ഭക്തി ഭ്രാന്തും ആത്മഹത്യയും തെളിയുന്നു. ഏഴാം ഖണ്ഡം സർവ്വവ്യാപിയായ ജിജിയാണ്. അവിടെയും ഇവിടെയും എവിടെയും ജിജിമയം. ജിജി ഒരു കേവലസത്ത ആണ്.
ഒരു അസംബന്ധ കവിത (Absurd Poem) ആണിത്. എന്നാൽ അസംബന്ധ കവിത എന്ന നിലയിൽ വിജയിച്ചതായി തോന്നുന്നുമില്ല. വാസന്തി, ശിഷ്ടം, ആട്ടം, നോട്ടം, വാക്കിന്റെ ശക്തി, അപനിർമ്മാണം എന്നിങ്ങനെ ഗംഭീരകവിതകൾ എഴുതിയ കവിയാണ് ടോണി. ഈ കവിത വായിച്ച് ഒരു ധാരണയിലെത്തുക പ്രയാസമാണ്. പക്ഷേ പലരും ഈ കവിതയെപ്പറ്റി നല്ല അഭിപ്രായം പറയുന്നുണ്ട്. ജിജി എന്ന പേരാണ് ചിലർ ആഘോഷിക്കുന്നത്.
രണ്ട്
‘ജിജി’ എന്ന കവിത എമർജിങ് പോയട്രിയാണെന്ന് ചിലർ പറയുന്നുണ്ട്. അവർ എമർജിങ് പോയട്രിയെ മനസിലാക്കിയത് അങ്ങനെയാവാം. കേരളത്തിൽ രൂപപ്പെട്ട എമർജിങ് പോയട്രി സാഹിത്യ പ്രവണതകളുമായി മാത്രമല്ല ചിത്രകലയിലെയും ശില്പകലയിലേയും മിനിമലിസം, കൺസപ്ച്വലിസം, അമേരിക്കൻ അബ്സ്ട്രാക്ട് ആർട്ട് (AAA) ഇൻസ്റ്റലേഷൻ, പോപ്പ് ആർട്ട്, ഓപ് ആർട്ട് എന്നിവയുമായും ബന്ധപ്പെട്ടുനില്ക്കുന്ന ഒരു കാവ്യരീതിയാകയാൽ ഇന്നുള്ള രചനാ രീതികളെയെല്ലാം അത് തള്ളിക്കളയുന്നു. അത് ഭാഷ - അർത്ഥം - ധ്വനി - അനുഭൂതി എന്ന സാമ്പ്രദായിക രീതിയിലല്ല പ്രവർത്തിക്കുന്നത്. വാക്കുകൾ മാത്രമല്ല കവിതയ്ക്കു ചുറ്റുമുള്ള ഡിസൈൻ, ഫോട്ടോ, ചിത്രം, ഒബ്ജക്ട് എന്നിവയും പ്രധാനമാണ്. മേൽപറഞ്ഞത് പ്രാഥമികമായ ഒരു തലം മാത്രമാണ്. രണ്ടാം തലം കവിതയിൽ തന്നെയാണ് കൊണ്ടുവരേണ്ടത്. അതായത് കവിതയിലെ വരികൾ സാമ്പ്രദായികരീതിയിൽ അർത്ഥം ഉല്പാദിപ്പിക്കാതെ ഘടനകൾ ആയി നിന്നുകൊണ്ട് അർത്ഥസാധ്യതകളിലേക്ക് പോകുന്നു. അതിനുദാഹരണമായ ഒരു കവിത താഴെ കൊടുക്കാം:
വരികൾ വിട്ടുപോയ കവിത
‘‘കുതിരപ്പുറത്തുള്ള അയാളുടെ
ആദ്യ യാത്രയായിരുന്നു.
തെളിഞ്ഞ ആകാശം.
വെളുത്ത കുതിരപ്പുറത്ത്
പുൽമേടുകളിലൂടെ അയാൾ സഞ്ചരിച്ചു.
കുടിക്കാനല്പം വെള്ളത്തിനുവേണ്ടി
ഒരു കുടിലിന്റെ മുമ്പിൽ നിന്നു.
തൊട്ടിയെടുത്ത് വെള്ളം കോരിക്കുടിച്ചു.
കുതിരയ്ക്കും കൊടുത്തു
(ഇവിടെ കുറേ വരികൾ കാണുന്നില്ല)
ഇപ്പോൾ അയാൾ മടങ്ങുകയാണ്
മേലേ മഴ ഇരുണ്ടുകൂടുന്നു.
അയാൾ പായുകയാണ്
കൂടെ ഒരു യുവതിയുണ്ട്.
അവർക്കുപിന്നാലെ മഴ വരുന്നു.
മഴയ്ക്ക് മുന്നാലേ അവർ പായുന്നു’’.
മറ്റൊരു കവിത കൂടി:
(സവിശേഷങ്ങളിലും സമാനത കണ്ടെത്തുന്ന ഒരു രീതി ഈ കവിതയിൽ വ്യക്തം.)
പ്രണയം, സെക്സ്, ഭാഷ, യുദ്ധം
പ്രണയം: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞു പോകാം.
സെക്സ്: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞു പോകാം
ഭാഷ: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞുപോകാം.
യുദ്ധം: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞുപോകാം.
മൂന്ന്
ചിലർ പറയുന്നു, ജിജി പാരഡിയാണെന്ന്, അഥവാ പാസ്റ്റീഷാണെന്ന്. ഇതിൽ എന്താണ് പാരഡി, എന്താണ് ഇതിൽ പാസ്റ്റീഷ്? ഇന്നത്തെ കാലത്തിന് ചേർന്ന ഒരു അർത്ഥനിർമിതിക്ക് പൂർവകൃതികളെ അനുകരിക്കുന്നതാണ് പാരഡി. പാരഡിയുടെ ഭാഗമായ പാസ്റ്റീഷിൽ പലതരം ശൈലികൾ ചേർത്തുവയ്ക്കുന്നു, കൊളാഷ് പോലെ. ഇതെല്ലാം ടോണിയുടെ മറ്റു കവിതകളിലുണ്ട്. ചിലർ ജിജി എന്ന കവിതയെ ദാദായിസവുമായും കൺസപ്ച്വൽ ആർട്ടുമായിട്ടും പോപ്പ് ആർട്ടുമായും ബന്ധിപ്പിക്കുന്നു. ഇൻസ്റ്റലേഷൻ സ്വാധീനമുള്ള കവിതയാണെന്ന് പറയുന്നവരും ഉണ്ട്.
‘Installation art is a type of art in which artists create one large work of art meant to be exhibited in one room or space’ - ഈ നിർവചനം വച്ചു നോക്കുമ്പോൾ സ്പെയിസിന്റെ കാര്യത്തിൽ ഏതാണ്ട് ശരിയാകുന്നുണ്ട്.
ഈ കവിതയ്ക്ക് പ്രിമിറ്റീവ് കാലം മുതൽ ഉത്തരാധുനിക കാലം വരെ വിശാലമായ ഒരു സ്പേസുണ്ട്. എന്നാൽ വിശാലമായ സ്പേസുകൾ മിക്കവാറും എല്ലാ കവിതകൾക്കുമുണ്ട്. ഈ കവിതയ്ക്ക് കാവ്യപരമായ ഒരു ലക്ഷ്യം ഇല്ലാത്തതുകൊണ്ടാണോ അങ്ങനെ പറയുന്നത്? എന്നാൽ ഇൻസ്റ്റലേഷൻ ആർട്ടിന് ഒരു ലക്ഷ്യമുണ്ട്. ഏതെങ്കിലും തരത്തിൽ പുതിയ ഒരു സാധ്യതയിലേക്ക് വെളിച്ചം വീശുന്നതായിരിക്കും എല്ലാ ആർട്ടുവർക്കും. ഈ കവിത ഒരു കൺസപ്ച്വൽ കവിതയാണെന്ന് പറയാനുമാവില്ല. ഡുഷാംപിന്റെ ‘ഫൗണ്ടൻ’ എന്ന റെഡിമെയ്ഡ് ശില്പം ശരിക്കും ഒരു കടയിൽ നിന്ന് വാങ്ങിയ യൂറിനെൽ ആണ്. പക്ഷേ അത് ശില്പമായി മാറുമ്പോൾ അതിൽ സ്ത്രീസംബന്ധിയായ ചില ആശയങ്ങൾ ചാഞ്ചാടുന്നതായി കാണാം. കൃത്യതയില്ലാത്ത പലതരം വായനകളാണ് കൺസപ്ച്വൽ ആർട്ട് നൽകുന്നത്. ആൻഡി വാർഹോളിന്റെ ചിത്രങ്ങൾക്കും നാളതുവരെയില്ലാതിരുന്ന സാധ്യതകളുണ്ട്. കലയെ പബ്ലിക് ആർട്ടാക്കുകയാണ് അവർ ചെയ്യുന്നത്. ബുദ്ധിപരമായതിനാൽ പബ്ലിക്കിന് മനസിലാകാനും പ്രയാസം.
ടോണിയുടെ കവിതയ്ക്ക് സന്ദിഗ്ധതയുണ്ട്. എന്നാൽ അതിന്റെ ഫോർമാറ്റ് പദ്യമാണ്. അതിനാൽ മലയാള കവിതയിലെ ഏറ്റവും പുതിയ ഒരു സാധ്യതയാണ് ജിജി എന്ന് ഒരു തരത്തിലും പറയാവാത്ത പരിമിതി ഈ പദ്യഫോർമാറ്റും സൃഷ്ടിക്കുന്നുണ്ട്.
പക്ഷേ, ഈ കവിത വെച്ചുകൊണ്ട് ഒരു കാര്യം പറയാം. കവിതയിലെ അർത്ഥഭാരം താങ്ങാവാത്ത ഒരു പുതിയ വായനാസമൂഹം ഉണ്ടായിക്കഴിഞ്ഞു. ഇന്നത്തെ കവികളെ സംബന്ധിച്ച് അവർ എന്തെഴുതുന്നുവോ അതാണ് കവിത. ഇൻസ്റ്റഗ്രാമിൽ കവിതകൾ പ്രചരിക്കുന്നതിനെപ്പറ്റി ഡോണ മയൂര പറഞ്ഞത് ഞാൻ ഓർക്കുകയാണ്. എന്തായാലും ഇക്കാലത്തെ കവിതയിൽ നിന്ന് ഒരു മാറ്റം അനിവാര്യമാണ്. അത് എമർജിങ് പോയട്രി ആയാലും അല്ലെങ്കിലും.