ഞാനയാളെ വായനയുടെ സ്മാരകമെന്നു വിളിച്ചു

നിസാം എന്ന് എന്റെ വായനായോർമ്മയെ സ്നേഹത്തോടെ ഞാൻ അടുത്തുവിളിക്കുന്നു. ഇപ്പോഴും അനേകം കാതങ്ങൾക്കപ്പുറത്തിരുന്ന് അയാൾ പുസ്തകം വായിക്കുകയാവും. ഞാൻ ശല്യം ചെയ്യുന്നില്ല. സ്വന്തം വായനാനുഭവത്തിലെ ഹൃദയസ്പർശിയായ ഒരു അധ്യായത്തെക്കുറിച്ചെഴുതുന്നു, കെ.ടി. അനസ് മൊയ്തീൻ. ഇന്ന് ദേശീയ വായനാദിനം.

തിനിടയിലെവിടെയാണ് ഞാനെന്ന് ചോദിച്ച് പലതവണ ചൊടിച്ചിറങ്ങിപ്പോയ ഒരാൾ.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന് താഴെക്കൂടി കടപ്പുറത്തേക്ക് കടല് കാണാൻ നടക്കുമ്പോൾ മാത്രം പുസ്തകങ്ങളെക്കണ്ട് ഞെട്ടിത്തരിച്ചിരുന്ന ഒരു മധ്യവയസ്കൻ. അങ്ങേരുടെ മകൻ തന്റെ ജീവിതത്തിന്റെ ഏതോ അറ്റത്തുവെച്ചു കണ്ടുമുട്ടിയ ഒരു കുട്ടി. എനിക്ക് വായനയുമായി പണ്ടേ ബന്ധമുണ്ടെന്ന് പറയാൻ ഇതേയുള്ളൂ. പുസ്തകങ്ങൾ വാങ്ങിക്കൊടുക്കേണ്ട, കടല് കാണാൻ കോർപറേഷൻ സ്റ്റേഡിയത്തിന് വശം ചാരി നടത്താൻ പോലും അന്നാരുമുണ്ടായില്ല.

ഒരു പുസ്തകത്തെ കുറിച്ചെഴുതാനിരിക്കുമ്പോൾ ബാലരമ മുതൽ ഖുർആൻ വരെ തട്ടിൽ എഴുന്നേറ്റു നിൽക്കുന്നു. ബാലരമ, നിഷിദ്ധമായ ആദ്യ വായനോന്മാദങ്ങൾ. പിൽക്കാലത്ത് അവിശുദ്ധമായ ആയിരത്തൊന്നു രാവുകളെടുത്ത് ലൈബ്രറിയുടെ ഒരു മൂല സജ്ജീകരിക്കുമ്പോഴും എനിക്ക് ആ പഴയ രണ്ടാം ക്ലാസുകാരന്റെ തത്രപ്പാടുകളിൽ നിന്ന് രക്ഷപ്പെടാനായിട്ടില്ല. എത്രയും പെട്ടെന്ന് മറ്റൊരു പുസ്തകത്തിലേക്ക് നീങ്ങണമെന്നോ അപ്പുറത്തിരിക്കുന്നവൻ എന്നേക്കാൾ വായിക്കുമെന്ന പേടിയോ മാത്രമായിരുന്നു അക്കാലത്തെ വായനാഹേതുകൾ. തികച്ചും അനർത്ഥമായ വായനാരസങ്ങൾ.

വായിക്കുന്ന ഒരമ്മായിയോ എളേമ്മയോ മൂത്താപ്പയോ കുടുംബത്തിലില്ലാതെ പോയത് ഒരു നല്ല വായനാനുഭവമെഴുതാൻ പോലുമെന്നെ നിരുത്സാഹപ്പെടുത്തി. എനിക്കുശേഷം, എളേപ്പയായോ അമ്മാവനായോ ബാപ്പയായോ എന്നെ സ്വീകരിക്കുന്നവർ ഈ കെടുതിയിൽ വീഴാതെ പോവട്ടെയെന്ന പ്രാർത്ഥനയുടെ ഒഴുക്കിൽ ഞാൻ വായിച്ചു, ചിലപ്പോൾ പുസ്തകങ്ങളിൽ ഉറക്കം തുടച്ചു. ഒരു ഗതിയുമില്ലാതായപ്പോൾ പുസ്തകം മോഷ്ടിച്ചു. മോഷണമെന്നു പറഞ്ഞൂടാ. പത്തിൽ പഠിക്കുമ്പോഴാണ് അങ്ങനെയൊന്നുണ്ടായത്. ലൈബ്രറിയിൽ നിന്ന് അനാവശ്യ കടലാസുകൾ കൊണ്ടിട്ട ഒരു മൂലയിൽ നിന്ന് നാലോ അഞ്ചോ കഷ്ണങ്ങളിലേക്ക് പിരിഞ്ഞ, അവസാനത്തേക്ക് അനവധി പേജുകൾ നഷ്ടപ്പെട്ട ഒരു പുസ്തകം എടുത്തുകൊണ്ട് വന്ന് ബഞ്ചിൽ വെച്ചു. പിടികൂടുമ്പോഴും തല്ലിയാട്ടുമ്പോഴും കള്ളനല്ലെന്ന എന്റെ മൗനജാഥയെ പിന്തുടരാൻ ഒരൊറ്റ വായനക്കാരുമുണ്ടായില്ല. ജയിംസ് ഹാർഡ്ലി ചേസിന്റെ റഫ്രിജറേറ്ററിലെ പ്രേതം എന്ന ആ തൊണ്ടിമുതലിന്റെ വിലാസം എനിക്കിപ്പോഴും അറപ്പാണ്. എന്നെ കള്ളനാക്കിയ വായനയെ ഞാൻ പിന്നെപ്പോഴാണ് ഇഷ്ടപ്പെട്ടതെന്നൊന്നും കൃത്യമായി ധാരണയില്ല.

വീട്ടിൽ ബാപ്പയായിരുന്നു വായിച്ചിരുന്നത്. ഏഴു മുപ്പതു മുതൽ ഒമ്പതു മണി വരെ തപ്പിയും തടഞ്ഞുമുള്ള ഒരു നാലാം ക്ലാസുകാരന്റെ പത്രവായന. എനിക്ക് പടരാവുന്ന ചില്ലകളൊന്നുമില്ലായിരുന്നു അയാളിൽ. ദിനേനയുള്ള തന്റെ സഞ്ചാരങ്ങൾക്ക് തടസ്സമെന്താണെന്ന് കണ്ടെത്തുക മാത്രമാണയാൾ ചെയ്തിരുന്നത്. എങ്കിലും, പുലർത്തിപ്പോന്ന ആചാരങ്ങൾ എവിടെവെച്ചെങ്കിലും തകർന്നുപോവുമെന്ന് ഞാനിപ്പോൾ പേടിച്ചുണരും പോലെ അയാളും പേടിച്ചിരുന്നു. അതിന്റെ അടയാളങ്ങൾ പോലെ, അനേകം വർഷങ്ങളായി വിൽക്കപ്പെടാതെ കെട്ടിക്കിടക്കുന്ന പത്രക്കടലാസുകൾ തട്ടിൻപുറത്തെ അവിശാലതയിൽ ഞെരുങ്ങിക്കിടക്കുന്നു. അതിൽ കളങ്കപ്പെടാതെ പോയ അക്ഷരങ്ങളുടെ അനുഗ്രഹത്തിൽ ഞാൻ വായിക്കുകയും തുച്ഛമായ് എഴുതുകയും ചെയ്യുന്നു.

അനേകം വർഷങ്ങളായി വിൽക്കപ്പെടാതെ കെട്ടിക്കിടക്കുന്ന പത്രക്കടലാസുകൾ തട്ടിൻപുറത്തെ അവിശാലതയിൽ ഞെരുങ്ങിക്കിടക്കുന്നു. അതിൽ കളങ്കപ്പെടാതെ പോയ അക്ഷരങ്ങളുടെ അനുഗ്രഹത്തിൽ ഞാൻ വായിക്കുകയും തുച്ഛമായ് എഴുതുകയും ചെയ്യുന്നു.
അനേകം വർഷങ്ങളായി വിൽക്കപ്പെടാതെ കെട്ടിക്കിടക്കുന്ന പത്രക്കടലാസുകൾ തട്ടിൻപുറത്തെ അവിശാലതയിൽ ഞെരുങ്ങിക്കിടക്കുന്നു. അതിൽ കളങ്കപ്പെടാതെ പോയ അക്ഷരങ്ങളുടെ അനുഗ്രഹത്തിൽ ഞാൻ വായിക്കുകയും തുച്ഛമായ് എഴുതുകയും ചെയ്യുന്നു.

എവിടെയും വായനയുടെ അശുഭ സാധ്യതകൾ നിലനിന്നിരുന്ന ഒരു കാലത്ത് നിസാം എന്നുപേരുള്ള ഒരു മനുഷ്യനെ ഞാൻ പരിചയപ്പെട്ടു. പുരികങ്ങൾ പൊന്തുമ്പോഴെല്ലാം അയാൾ ഓരോ പുസ്തകത്തിന്റെ പേര് പറഞ്ഞുകൊണ്ടിരുന്നു. എത്ര വായിച്ചിട്ടും ഖുർആൻ മടുത്തില്ലെന്ന് അയാളെന്നെ വിളിച്ച് അത്ഭുതപ്പെട്ടു. മസ്നവിയിൽ അക്ഷരങ്ങളിലേറെ അർത്ഥമുണ്ടെന്ന് ആഴം ചൂണ്ടിത്തന്നു. അപ്പോൾ, വായനയുടെ സ്മാരകങ്ങൾ പോലെ അയാളുടെ ഹൃദയം സ്വസ്ഥത കൈവരിച്ചു. നിശ്ശബ്ദരാഗങ്ങൾക്കിടയിൽ കേടറ്റു കിടക്കുന്ന ഒരുണർത്തുപാട്ടായ് അയാൾ ഓർമിക്കപ്പെടുന്നു. വായിക്കുമ്പോഴെല്ലാം ഓർമിക്കപ്പെടുന്നുണ്ടെന്ന മഹാസത്യം പറയാൻ പലതവണ മറന്ന ഒരു വായനക്കാരനാണു ഞാൻ. നിസാം എന്ന് എന്റെ വായനായോർമയെ സ്നേഹത്തോടെ ഞാൻ അടുത്തുവിളിക്കുന്നു. ഇപ്പോഴും അനേകം കാതങ്ങൾക്കപ്പുറത്തിരുന്ന് അയാൾ പുസ്തകം വായിക്കുകയാവും. ഞാൻ ശല്യം ചെയ്യുന്നില്ല.

Comments