മംഗളം, മനോരമ, മാറ്റാത്തി, ഒ.വി. വിജയൻ..
വായനയിലെ ചില കൊസ്രാക്കൊള്ളികൾ

സാഹിത്യവായനയെക്കുറിച്ചുള്ള തീർത്തും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചാണ് ഡോ. ലക്ഷ്മി മധുകുമാർ എഴുതുന്നത്. മംഗളവും മനോരമയും അതിലെ നോവലുകളും വായിച്ച ഒരു കാലത്തുനിന്നുതുടങ്ങി ഒ.വി. വിജയൻ ഗവഷേണ വിഷയമായി മാറിയതും, സാഹിത്യവും സാഹിത്യകാരരും രണ്ടാണ് എന്ന തിരിച്ചറിവിലേക്കു നയിച്ച അനുഭവങ്ങളുമെല്ലാം ഡോ. ലക്ഷ്മി എഴുതുന്നു.

ലോകത്തെയും ചുറ്റുമുള്ള മനുഷ്യരെയും നോക്കിക്കാണാനും ഒരു പരിധി വരെ മനസ്സിലാക്കാനും വായനയാണ് എന്നെ ഏറെ സഹായിച്ചിട്ടുള്ളത്, എക്കാലവും. ‘ഞാൻ വായിക്കാറില്ല’ എന്ന് വളരെ കാഷ്വലായി പറയുന്നവരെ മുൻവിധിയോടെ മാത്രമാണ് ഞാൻ എന്നും സമീപിക്കാറ്. എങ്ങനെയാണ് ഇവർക്ക് കാഴ്ചപ്പാടുകളുണ്ടാവുക എന്നതും എന്തായിരിക്കാം പല കാര്യങ്ങളിലും ഇവർ ബെഞ്ച് മാർക്ക് ആയി സ്വീകരിക്കാറുള്ളത് എന്നും ഒരത്ഭുതത്തോടെയും ഒട്ടൊരു കൗതുകത്തോടെയും ആലോചിച്ചു നോക്കാറുണ്ട്.

കൃത്യമായ ഗ്രാഫ് എന്റെ വായനാരീതിക്കോ വായനാനുഭവത്തിനോ ഉണ്ടെന്നു പറയാനാവില്ല. എവിടെയോ എപ്പോഴോ തുടങ്ങി എപ്പോഴൊക്കെയോ ബ്രേക്ക് ഡൗൺ ഉണ്ടായിട്ടുള്ള ഒരു വണ്ടിയുടെ ഗതി പോലെയാണത്. പലപ്പോഴും ഇറങ്ങി തള്ളേണ്ടിവന്നിട്ടുണ്ട്, ഒരു ചുവടെങ്കിലും ഒന്ന് മുന്നോട്ട് നീങ്ങിക്കിട്ടാൻ. പക്ഷേ ഒരുകാലത്തും ഉപേക്ഷിച്ചുകളയാൻ വയ്യാത്ത ശീലമാണ് വായന.

ഒരുപാട് പുസ്തകങ്ങൾക്കിടയിൽ ചെലവിട്ട ബാല്യകാലം എല്ലാവർക്കും അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ല. സിപ്പി പള്ളിപ്പുറവും സി.വി. നിർമ്മലയും കോട്ടയം പുഷ്പനാഥും സുമംഗലയും തൊട്ട് എം.ടിയും സാറാ ജോസഫും അക്ബർ കക്കട്ടിലും മാധവിക്കുട്ടിയും കേശവദേവും ടോൾസ്റ്റോയും ചാൾസ് ഡിക്കൻസും വരെ വിഹരിച്ച ഒരു വിശാലമായ ലൈബ്രറി വീട്ടിലുണ്ടായിരുന്നു. പൂർണ്ണമായും തുറന്നു മലർത്തിയിട്ടിരിക്കുന്ന ഗംഭീര കളക്ഷൻ. അച്ഛനും അമ്മയും ഒരിക്കലും വായന അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ടോട്ടൽ ഫ്രീഡമാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്. ഒരു പുസ്തകവും വായിക്കരുത് എന്ന് പറഞ്ഞിട്ടില്ല. ഇന്ന പുസ്തകം നിർബന്ധമായും വായിക്കണം എന്നും ശഠിച്ചിട്ടില്ല. വേണ്ടത് തിരഞ്ഞെടുത്തു വായിക്കാനുള്ള സ്വാതന്ത്ര്യം. തിരഞ്ഞെടുപ്പിലെ ആ വലുതായ സ്വാതന്ത്ര്യം തന്നെയല്ലേ ഒരുതരത്തിൽ എൻ്റെ ശരി - തെറ്റ് തിരഞ്ഞെടുപ്പുകളുടെയും, ഭംഗി- അഭംഗി തിരഞ്ഞെടുപ്പുകളുടെയും തുടക്കവും അടിസ്ഥാനവും?

സിപ്പി പള്ളിപ്പുറം, കോട്ടയം പുഷ്പനാഥ്, സുമംഗല

ഈസോപ്പ് കഥകളെയും ജാതക കഥകളെയും തെന്നാലിരാമൻ കഥകളെയും ഒക്കെ ഉൾക്കൊണ്ട അതേ പ്രായത്തിൽത്തന്നെ, അത്രയ്ക്കൊന്നും പാകത വന്നിട്ടില്ലെങ്കിൽ കൂടി, മനോരമ മംഗളം ആഴ്ചപ്പതിപ്പുകളെയും അവയിൽ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളെയും ഫലിതബിന്ദുക്കളെയും കിനാവും കണ്ണീരും കഥകളെയും ഒക്കെ ഏറിയ കൗതുകത്തോടെ ആസ്വദിച്ചിരുന്നു; ഉൾക്കൊണ്ടിരുന്നു. ഉള്ളിലെ ഇൻക്ലൂസീവിറ്റിയുടെയും തുടക്കം ചെറുപ്പകാലത്തെ ഈ തടസ്സങ്ങളില്ലാത്ത വായനശീലമായിരുന്നിരിക്കണം.

വായന എനിക്ക് ഒരിക്കലും കൺസിസ്റ്റന്റ് സ്വഭാവമുള്ളതായിരുന്നില്ല. കയ്യിൽ കിട്ടുന്നതൊക്കെ വായിക്കുക എന്നത് ഹരമായിരുന്നു. വായിക്കാൻ വേണ്ടി മാത്രമായി ഒന്നും വായിച്ചിരുന്നില്ല എന്നർഥം. ഈസോപ്പ് കഥകളിൽ നിന്നും സ്റ്റോറിസ് ഫ്രം ഈസ്റ്റ് ആൻഡ് വെസ്റ്റിൽ നിന്നും മനോരമ ആഴ്ചപ്പതിപ്പിലെ നീണ്ടകര, സ്ത്രീ ജന്മം എന്നീ നോവലുകളിലേക്കുള്ള ജമ്പ് സംഭവിച്ചത് ഒമ്പതാം വയസ്സിലാണെന്നാണ് ഓർമ.

ഒമ്പതു മാസം പ്രായമുള്ള കസിന് സ്ഥിരമായി ബേബി സിറ്റിംഗ് നടത്തേണ്ടിവന്നപ്പോൾ, മനോരമയും മംഗളവും അല്ലാതെ മറ്റൊന്നും ആ മുറിയിൽ കണ്ടുകിട്ടാനുണ്ടായിരുന്നില്ല. പുതിയൊരു അനുഭവമായിരുന്നു ആ നോവലുകളിലെ നായികാവിവരണങ്ങൾ. അതിലും മനസ്സിൽ പതിഞ്ഞവയാണ് അവയിലെ നായികമാരുടെ ചിത്രങ്ങൾ.

ഇപ്പോഴും മഴയത്ത് കുട ചൂടി നടക്കുമ്പോൾ സ്ത്രീജന്മത്തിലെ മായമ്മ കുടയുടെ സ്റ്റീൽതണ്ട് കവിളിലുരസി റോഡിൻ്റെ ഓരം ചേർന്ന് നടന്നത് ഓർമയിൽ വരും. കട്ടൻചായ ചില്ല് ഗ്ലാസിൽ കുടിക്കുമ്പോഴൊക്കെ 'നീണ്ടകര'യിലെ കത്രീനയുടെ വീട്ടിൽ പാലും പഞ്ചസാരയും ഇല്ലാത്ത കട്ടൻ ചായ ആണല്ലോ എന്നും ഓർക്കും.

മനോരമ, മംഗളം നോവലുകളിലെ നായികാവിവരണങ്ങൾ പുതിയൊരു അനുഭവമായിരുന്നു. അതിലെ നായികമാരുടെ ചിത്രങ്ങളും. / Illustrations: Manorama

ഓരോ കഥാസന്ദർഭവും വിവരണവും എത്ര ആഴത്തിലാണ് മനസ്സിൽ പതിഞ്ഞിരുന്നത്, അത്ഭുതം തന്നെ. അതാണല്ലോ പോപ്പുലർ ലിറ്ററേച്ചറിന്റെ ഒരു ബേസിക് ഐഡിയ തന്നെ. സാധാരണക്കാരുടെ മനസ്സിൽ ഒരു തോന്നൽ, ഒരു ഐഡിയ ഒക്കെ എത്ര ആഴത്തിൽ ഇംപ്രിന്റ് ചെയ്യാൻ സാധിക്കുമോ അത്ര ആഴത്തിൽ പോപ്പുലർ ലിറ്ററേച്ചർ അത് ചെയ്യാറുണ്ട്.

പോപ്പുലർ ലിറ്ററേച്ചർ വളരെ ആസ്വദിച്ചും ശ്രദ്ധിച്ചും വായിച്ചിരുന്ന ആളാണ് ഞാൻ. ഇന്നും സമയം കിട്ടിയാൽ എനിക്ക് അത് വളരെ ഇഷ്ടമാണ്. എന്നാൽ അതേ താൽപര്യത്തോടെയും ഇഷ്ടത്തോടെയും തന്നെയാണ് മറ്റു സാഹിത്യരചനകളും വായിക്കുന്നത്.

കുട്ടിക്കാലത്തെ വലിയ അവധിക്കും ഇടയ്ക്ക് കിട്ടുന്ന ചെറിയ അവധി ദിവസങ്ങളിലും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാകും താമസിക്കുക. ആ ദിവസങ്ങളിൽ മാത്രമാണ് എനിക്ക് മംഗളം, മനോരമ തുടങ്ങിയ വാരികകൾ വായിക്കാൻ ലഭിക്കുക.

എന്നാൽ ചങ്ങനാശ്ശേരിയിലെ എൻ്റെ സ്വന്തം വീട്ടിലേക്ക് വരുമ്പോൾ മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി തുടങ്ങിയ ഗൗരവ സാഹിത്യത്തിൻ്റെ വായനയാണ് സാധ്യമാവുക. ആദ്യമായി സാറാ ജോസഫിനെ വായിക്കുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിലാണ്.

സാറ ജോസഫ്

സാറ ടീച്ചർ എഴുതിയ മാറ്റാത്തി എന്റെ കൗമാര ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു. ബ്രിജിത്തെളേമയും ലൂസിയും ആയിരുന്നു ടീനേജിലെ പ്രധാന കഥാപാത്രങ്ങൾ. ലൂസിയുടെ ചിന്തകൾ എന്റേതും എന്റെ ചിന്തകൾ ലൂസിയുടേതുമായിരുന്നു. ലൂസിയുടെ കൂട്ടുകാരി സുന്ദരി എന്റെയും കൂട്ടുകാരിയായിരുന്നു. ലൂസിയെ കോളേജുകുമാരിമാർ ഒറ്റപ്പെടുത്തിയപ്പോൾ സുന്ദരി അനുഭവിച്ച അതേ അസ്വസ്ഥത ഞാനും അനുഭവിച്ചു. ലൂസിയുടെ ഉണക്കച്ചെമ്മീൻ ചമ്മന്തി നോക്കി മുഖം ചുളിച്ച പരിഷ്കാരികളായ കോളേജ്കുമാരികളെ പുച്ഛിച്ചുകൊണ്ട് സുന്ദരി ആ ചമ്മന്തി ഞൊട്ടി നുണഞ്ഞപ്പോൾ ലൂസിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാനും അമ്മയെക്കൊണ്ട് ഉണ്ടാക്കിക്കഴിച്ചു, ഉണക്കച്ചെമ്മീൻ ചമ്മന്തി. വെള്ളുള്ളി ചേർക്കാത്ത അതേ ഉണക്കച്ചെമ്മീൻ ചമ്മന്തി. ഇങ്ങനെ പുസ്തകങ്ങളിൽ നിന്നു പരിചയപ്പെട്ട രുചികൾ അനവധിയാണ്. ലൂസിയുടെ ഉണക്കച്ചെമ്മീൻ ചമ്മന്തി പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടതാണ് എം.ടിയുടെ നാലുകെട്ടിൽ അപ്പുണ്ണിയുടെ അമ്മ ഉണ്ടാക്കുന്ന ഉള്ളി മൂപ്പിച്ച എണ്ണ പാർന്ന ചോറ്.

ഏതൊക്കെ ഇന്ദ്രിയങ്ങളെയാണല്ലേ വായന സ്വാധീനിക്കുന്നത്. രസകരമായൊരു മാജിക്കാണത്. പാലു കുടിക്കാൻ തീരെ ഇഷ്ടമല്ലാത്ത, പാലിന്റെ മണം വന്നാൽ തികട്ടി വരുന്ന എനിക്ക്, ചന്ദ്രമതിയുടെ ദേവിഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലിരുന്ന് കാച്ചിത്തണുപ്പിച്ച പാല് കിണ്ടിയുടെ വാലിലൂടെ കുടിക്കാൻ ആഗ്രഹമുണ്ടാക്കാൻ തക്കവണ്ണമുള്ള ഒരു മാജിക്ക്.

​പ്രൊഫ. എസ്. ശിവദാസിന്റെ കുട്ടിപ്പട്ടാളം സർപ്പക്കാവിന്റെ തണലിലിരുന്നു ആഞ്ഞിലിക്കുരു വറുത്തു തേങ്ങാക്കൊത്തു കൂട്ടിക്കഴിക്കുമ്പോൾ വായനക്കാരുടെ ഓർമയിലും നാവിലും ആ രുചി വരുത്താൻ കഴിവുള്ളൊരു മാജിക്ക്. ഇന്നേവരെ കൈതപ്പൂ കണ്ടിണ്ടില്ലാത്ത വായനക്കാർക്ക് ‘കൈതപ്പൂവിന്റെ വാസന’ മനസ്സിലാക്കി കൊടുക്കുന്ന ഒരു മാജിക്ക്.

ചന്ദ്രമതി, പ്രൊഫ. എസ്. ശിവദാസ്

പുസ്തകങ്ങളിലൂടെ ഇങ്ങനെ അറിയാത്ത എത്രയെത്ര മണങ്ങളും രൂചികളുമാണ് നമ്മളൊക്കെ അറിഞ്ഞത്, കണ്ടിട്ടില്ലാത്ത എത്രയെത്ര തെരുവുകളിലൂടെയാണ് നടന്നത്. അങ്ങനെയല്ലേ റഷ്യക്കാരി അന്നാകരിനീനയും അമേരിക്കക്കാരൻ ഗാറ്റ്സ്ബിയും ജർമ്മൻകാരി ആൻ ഫ്രാങ്കും തസ്രാക്കിലെ രവിയും കൽക്കട്ടക്കാരി ശിവാനിയും കല്ലാണിയും ഒക്കെ എൻ്റെ ചിരപരിചയക്കാരായത്. മാജിക്ക് തന്നെ.

ഒരു സിനിമ കാണുന്നതിനേക്കാൾ എനിക്കേറെ പ്രിയം തിരക്കഥയും നാടകവും വായിക്കാനാണ്. ഓരോ കഥാപാത്രത്തിനും ഇഷ്ടപ്പെട്ട മുഖം നൽകി, ഇഷ്ടഭാവങ്ങൾ അവരഭിനയിക്കുന്നത് മനസ്സിൽ കാണുമ്പോഴുള്ള സുഖം സിനിമ കാണുമ്പോൾ കിട്ടാറില്ല.

ഭാവനയിൽ ചിന്തിച്ച മുഖങ്ങൾക്കും ആലോചിച്ച കാഴ്ചകൾക്കും ഉള്ള ഭംഗി സ്ക്രീനിൽ ഉണ്ടാവില്ല പലപ്പോഴും. ഒരു തിരക്കഥ വായിച്ച് ആവേശം തോന്നി ഡൗൺലോഡ് ചെയ്തു കണ്ട ഒരു പഴയ പത്മരാജൻ ചിത്രമുണ്ട്. പേര്, 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'. സങ്കല്പങ്ങളുടെ ഭംഗിയുണ്ടായിരുന്നില്ല ആ ചലച്ചിത്രത്തിൻ്റെ കാഴ്ചക്ക്.

‘അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍’ സിനിമയില്‍ നിന്ന്

ആ ഒരു അനുഭവം കൊണ്ട് തിരക്കഥ വായിച്ചു സിനിമ കാണണം എന്ന് അതിയായ ആഗ്രഹം തോന്നിയിട്ടും കാണേണ്ട എന്നു മനഃപ്പൂർവ്വം തീരുമാനിച്ചു, ചില സിനിമകൾ. വായന സമ്മാനിച്ച ആ ഒരിഷ്ടം പോയാലോ എന്ന ഭയമായിരുന്നു.

ആദ്യം വായിച്ചപ്പോൾ തോന്നിയ ഇഷ്ടം പോയാലോ എന്നു പേടിച്ച് വീണ്ടും വായിക്കാതിരുന്ന പുസ്തകങ്ങളുമുണ്ട്. അതിലേറെ പ്രിയപ്പെട്ടത് രാജലക്ഷ്മിയുടെ “ഞാനെന്ന ഭാവം” ആണ്. ചെറുപ്പത്തിൽ എപ്പോഴോ അമ്മയുടെ പുസ്തകങ്ങൾക്കിടയിൽ നിന്ന് കിട്ടിയ കറുത്ത പുറംചട്ടയുള്ള ഒരു ചെറിയ പുസ്തകം. കഥയൊന്നും കാര്യമായ ഓർമയില്ലെങ്കിലും എനിക്കേറെ പ്രിയപ്പെട്ട ഒന്നായിരുന്നു ആ പുസ്തകം.

പിന്നീടെങ്ങനെയോ നഷ്ടപ്പെട്ടുപോയ ആ പുസ്തകം അന്വേഷിച്ച് കുറെ നടന്നിട്ടുണ്ട് ഞാൻ. എനിക്ക് അതിൻ്റെ ഒരു പുതിയ കോപ്പി സംഘടിപ്പിച്ചു ട്രെയിനിൽ കൊണ്ടുതന്നത് ട്രെയിനിലെ പുസ്തകവിൽപ്പനക്കാരനായ കെ. ജെ. റഫീക്കാണ്. റഫീക്ക് ചേട്ടനോട് ഒരുപാട് സ്നേഹവും ബഹുമാനവും. പക്ഷേ ഇന്നോളം അത് തുറന്നു വായിച്ചിട്ടില്ല.

പഴയ വായനാനുഭവം കിട്ടാതെ വന്നാലോ, പഴയ ആ സ്നേഹം പോയാലോ എന്ന പേടിയിൽ. എത്രയൊക്കെ വിചിത്രമായ രീതികളിലാണല്ലേ നമ്മളൊക്കെ പുസ്തകങ്ങളെ സ്നേഹിക്കുന്നത്!

മുൻപു പറഞ്ഞതുപോലെ വികാരങ്ങളേയും വിചാരങ്ങളേയും സ്വഭാവങ്ങളേയും വാർത്തെടുക്കുന്നതിൽ എന്നെ സംബന്ധിച്ച് ഒരു പ്രധാന പങ്ക് ഞാൻ വായിക്കുന്ന പുസ്തകങ്ങൾക്കും അതിലൂടെ പരിചയപ്പെടുന്ന മനുഷ്യർക്കുമാണ്. എപ്പോഴെങ്കിലും ഒന്ന് അല്പം കൂനി, അലസമായി ഇരുന്നുപോയാൽ അപ്പോൾ, അന്നാകരീനയിൽ അന്ന നിവർന്നു തലയുയർത്തിപ്പിടിച്ചിരുന്നതാലോചിച്ച് പെട്ടെന്ന് ഞാൻ നിവർന്നിരിക്കും.

സ്വതേ വാശിയുള്ള സ്വഭാവം എവിടെയെങ്കിലും ഒരിത്തിരി കോംപ്രമൈസ് ചെയ്താലോ, ഒന്ന് ഒരല്പം ഒതുങ്ങിയാലോ എന്ന് അറിയാതെയെങ്കിലും ചിന്തിച്ചുപോയാൽ അപ്പോൾ 'അയൽക്കാരിലെ' സുമതി മുൻപിൽ വന്ന് 'ആന മെലിഞ്ഞെന്നു കരുതി തൊഴുത്തിൽ കെട്ടേണ്ട ആവശ്യമില്ല' എന്നോർമിപ്പിക്കും; അപ്പോൾ പഴയപടി തല ഇത്തിരികൂടി ഉയർത്തിപ്പിടിച്ച് ഒന്ന് കൂടി നിവർന്നിരിക്കും.

ചായ കുടിക്കുമ്പോൾ കപ്പിലൂടെ ചായ ഊർന്നിറങ്ങിയാൽ എസ്പേരാൻസാസ് ബോക്സ്‌ ഓഫ് സെയ്ന്റ്സിലെ കഥാപാത്രം അത് ചായക്കപ്പിൽ നിന്ന് നക്കിയെടുക്കുന്നത് ആലോചിച്ചിട്ട്, അത് ഞാൻ ചെയ്യുന്നില്ലല്ലോയെന്ന് ശ്രദ്ധിച്ച് ഉറപ്പു വരുത്തും.

17 വയസ്സ് വരെ വായിച്ചിരുന്ന ഒരു വേഗത്തിലും ആവേശത്തിലും പിന്നീടങ്ങോട്ട് വായന സാധിച്ചിട്ടില്ല. അതുവരെ കൈയിൽ കിട്ടുന്നതൊക്കെ ആവേശത്തിൽ, ആസ്വദിച്ച് തലങ്ങും വിലങ്ങും വായിക്കുകയായിരുന്നു.

എന്നാൽ അതിനുശേഷം ബിരുദത്തിന് ഇംഗ്ലീഷ് സാഹിത്യം തിരഞ്ഞെടുത്തപ്പോൾ, നാളിതുവരെ വായിച്ചതിനൊന്നും ഒരു ഗമ പോരാ, സഹപാഠികൾ വായിക്കുന്നതൊക്കെ വേണം ഞാനും വായിക്കാൻ എന്ന് തോന്നലുണ്ടായി. ആ തോന്നലാണ് ഈ മുപ്പത് വയസ്സിനുള്ളിൽ എനിക്കുണ്ടായ ഏറ്റവും മണ്ടൻ തോന്നലെന്ന് കരുതുന്നത്.

അന്ന്, ആ തോന്നലിന്റെ ഭാഗമായി ആദ്യം തന്നെ പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് വാങ്ങി വായന തുടങ്ങി. ഒട്ടും എളുപ്പമായിരുന്നില്ല അത്. കഷ്ടപ്പെട്ട് ഉന്തിത്തള്ളി വായിച്ചുതീർത്തു. അതിലെ ഒരു വരി പോലും ഉള്ളിൽ പതിഞ്ഞില്ല. ഒരു വരി പോലും ഇന്നും ഓർമിയിലല്ല. ഒരു തരിമ്പും ആ നോവൽ ഞാൻ ആസ്വദിച്ചില്ല. ഒട്ടും തന്നെ ആ നോവലിനെയോ ആ എഴുത്തുകാരനെയോ ഞാൻ സ്നേഹിച്ചില്ല.

അങ്ങനെ ഉള്ളിൽ തട്ടാതെ, സ്നേഹം തോന്നാതെ പുസ്തകങ്ങൾ വായിച്ചു കൂട്ടിയപ്പോൾ എവിടെയോ വെച്ച് വായന വിരസമായിത്തുടങ്ങി. വായന ഒരു ബുദ്ധിമുട്ടായിത്തുടങ്ങി. അതിനുശേഷം പലതവണ ശ്രമിച്ചെങ്കിലും, മറ്റുള്ളവരുടെ ആസ്വാദനരീതിയും രുചിയുമനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊണ്ടിരുന്നതുകൊണ്ടാകാം, ഒക്കെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കുറേയേറെ നാളുകൾക്കുശേഷം കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ സാഹിത്യഗവേഷണം തുടങ്ങിയപ്പോഴാണ് വീണ്ടും വായനയിലേക്ക് വരുന്നത്.

പൗലോ കൊയ്ലോ

ഗവേഷണത്തിന് ഒരു വിഷയം തിരഞ്ഞെടുത്തോളൂ എന്ന് ഗൈഡായ സലിൽ വർമ സാർ പറഞ്ഞപ്പോൾ ഏറെ പണിപ്പെട്ട്, കേട്ടാൽ കുറച്ച് ഗമ തോന്നാൻ സാധ്യതയുള്ള കുറച്ചു വിഷയങ്ങളുമായി സലിൽ സാറിനെ കണ്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ കാന്റീനിലിരുന്ന് ചായ കുടിച്ചുകൊണ്ട് എന്റെ സിനോപ്സിസ് ഒക്കെ ഒന്ന് ഓടിച്ചു നോക്കി, ‘ഇതിലൊന്നും ഒരു കഥയുമില്ലെടോ, ഇതൊന്നും വേണ്ട’ എന്ന് സാർ പറഞ്ഞപ്പോൾ ഇനിയെന്ത് എന്നറിയാതെ ഞാൻ മിഴിച്ചിരുന്നു.

‘തനിക്ക് മലയാളം ലിറ്ററേച്ചർ വായിക്കാൻ ഇഷ്ടമാണെങ്കിൽ നമുക്ക് ഒ.വി.വിജയൻ ചെയ്താലോ’ എന്ന് സാർ ചോദിച്ചപ്പോൾ ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല, ഓക്കെ സാർ എന്നു പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ 'കടൽതീരത്ത്' വായിച്ചിട്ടുണ്ട് എന്ന ഒറ്റ ധൈര്യം മാത്രം കൈമുതലായി വെച്ച് ഒ. വി. വിജയൻ എന്റെ ഗവേഷണ വിഷയമായി.

അതൊരു എടുത്തുചാട്ടമായി എന്ന് തോന്നിപ്പിച്ച ആദ്യത്തെ വർഷം. ‘ഇഷ്ടമുണ്ടെങ്കിൽ മാത്രമേ വിഷയം തിരഞ്ഞെടുക്കാവൂ, ഇഷ്ടമില്ലാത്ത വിഷയത്തിൽ ഗവേഷണം പാടാണെടോ’ എന്ന് സലിൽ സാർ പറഞ്ഞപ്പോൾ ഒ.വി. വിജയനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്.

ഒ.വി. വിജയന്‍

‘മധുരം ഗായതി’യുടെ ആദ്യവായന അമ്പേ പരാജയമായിരുന്നു. ഒരു വക മനസ്സിലായില്ല. കുറേ കാലമായി വായനയില്ലാതിരുന്നതിന്റെ ബുദ്ധിമുട്ടും, ഒ.വി. വിജയനെ വായിച്ചിട്ടില്ലാത്തതിന്റെ ബുദ്ധിമുട്ടും ഒക്കെക്കൂടി വല്ലാതെ കഷ്ടപ്പെടുത്തി.

പിന്നീടങ്ങോട്ട് കുറച്ചധികം കഷ്ടപ്പെട്ടെങ്കിലും പതിയെ ഒ.വി.വിജയന്റെ കഥകൾ രസകരമായി തോന്നിത്തുടങ്ങി. പലയാവർത്തി വായിക്കാൻ തുടങ്ങി ഓരോ കഥയും. അങ്ങനെ കല്ല്യാണിയും കണ്ടുണ്ണിയമ്മാവനും നങ്ങാണ്ടിയപ്പനും കോമ്പിപ്പൂശാരിയും ശിവരാമപ്പട്ടരും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായി.

കഥകളിലെ ഓരോ വാക്കും ഏറെ ഭംഗിയോടെ തെളിയാൻ തുടങ്ങി. എന്തൊരു തെളിമയാണ് ഓരോ വാക്കിനും. മയിൽപ്പീലിയുടെ ഭംഗിയെപ്പറ്റി ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും മയിൽപ്പീലി ആകാശത്തിന്റെയും ഭൂമിയുടേയും ഒന്നുചേരലാണ് എന്ന് ഒ.വി. വിജയൻ പറഞ്ഞത് വായിച്ചപ്പോൾ അന്നോളം തോന്നിയിട്ടില്ലാത്ത ഒരു ഭംഗിയും അർത്ഥവും മയിൽപ്പീലിക്കുണ്ടെന്നു തോന്നി.

ഒരുപാട് നിറങ്ങൾ വാരിവിതറിയ കഥകളാണ് ഒ.വി. വിജയന്റേത്. വളരെ കളർഫുൾ ആണ് അവയൊക്കെ. മരങ്ങളുടെ പച്ചയും, പാലിന്റെ വെണ്മയും നിർമ്മലാനന്ദന്റെ കാവിയുടെ നിറവും എരിയുന്ന തീക്കനലിന്റെ നിറങ്ങളും ഒക്കെ നിറഞ്ഞ കഥകൾ. ഭരതന്റെ സിനിമ കാണുന്നതുപോലെയുള്ളൊരു അനുഭവമായിരുന്നു ഒ.വി. വിജയന്റെ കഥകൾ വായിക്കുമ്പോൾ.

മയിൽപ്പീലി ആകാശത്തിന്റെയും ഭൂമിയുടേയും ഒന്നുചേരലാണ് എന്ന് ഒ.വി. വിജയൻ പറഞ്ഞത് വായിച്ചപ്പോൾ അന്നോളം തോന്നിയിട്ടില്ലാത്ത ഒരു ഭംഗിയും അർത്ഥവും മയിൽപ്പീലിക്കുണ്ടെന്നു തോന്നി. / Photo: Pushprajverma

ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആൽമരവും വെള്ളത്തിലൊഴുകുന്ന കാവിമുണ്ടും ചെറുപ്രാണികളും സ്ഫടികത്താമരകളും ഒക്കെ നിറഞ്ഞ ഒരു വിഷ്വൽ ട്രീറ്റ്. വിജയനെ വായിച്ച് ecstasy ഉണ്ടായി എന്നു പറയുമ്പോൾ ഒട്ടും അതിശയോക്തിയില്ല അതിൽ.

‘താല്പര്യമുള്ള വിഷയത്തിൽ മാത്രമേ റിസർച്ച് ചെയ്യാവൂ’ എന്ന് സലിൽ സർ പറഞ്ഞത് എനിക്കൊരു പാഠമായിരുന്നു. വായനയിൽ ഞാൻ സ്വീകരിക്കേണ്ടത് എന്റെ താല്പര്യങ്ങളെയും ഇഷ്ടങ്ങളെയുമാണെന്നും അതിൽ മറ്റൊന്നും ഞാൻ ചിന്തിക്കേണ്ടതില്ലെന്നുമുള്ള പാഠം.

ഇന്നിപ്പോൾ എന്റെ പ്രിയപ്പെട്ട പുസ്തകം ഏതെന്നു ചോദിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടും, ഒരുത്തരം പറയാൻ. തിരഞ്ഞെടുത്തു പറയുന്ന പേരുകളൊന്നും ഒരേതരത്തിൽ പെട്ടവയോ ഒരേ എഴുത്തുകാരുടെയോ ഒരേ genre-ൽ പെട്ടവയോ ആയിരിക്കില്ല. ചില കഥകൾ വല്ലാതെ ഉള്ളിൽ തട്ടുന്നതുകൊണ്ടാണ് ഇഷ്ടപ്പെട്ടതെങ്കിൽ മറ്റു ചിലത് പ്രിയപ്പെട്ട ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഓർമിപ്പിക്കുന്നതു കൊണ്ടാണ്. മറ്റു ചിലത് പ്രതീക്ഷിക്കാത്ത വിഷയങ്ങളെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട്.

രാജലക്ഷ്മിയുടെ 'ഞാനെന്ന ഭാവം' ആണ് ആദ്യമായി വായിച്ച നോവൽ. വൈകാരികമായി വളരെ അടുപ്പമുള്ള നോവൽ. അർത്ഥം ഒന്നും ശരിയായി മനസ്സിലാക്കിയിട്ടാണ് അന്ന് ആ നോവലിനെ ഇഷ്ടപ്പെട്ടതെന്ന് ഇപ്പോൾ ഞാൻ കരുതുന്നില്ല. എന്തുകൊണ്ടാണെണെറിയില്ല ഇന്നും അതിലെ ആ ഓപ്പോളും അനിയനും എനിക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്.

എന്‍.എന്‍. പിള്ള

കേശവദേവിന്റെ ‘അയൽക്കാർ’ ആണ് വളരെയേറെ ഇഷ്ടപ്പെട്ടു വായിച്ച മറ്റൊരു നോവൽ. വായിക്കുമ്പോൾ നോവലിലെ ദൃശ്യങ്ങൾ തിരശ്ശീലയിലെന്നപോലെ മനസ്സിൽ കാണാൻ കഴിയണം എന്നതാണ് വായനയിലെ എന്റെ ഏറ്റവും പ്രധാന ക്രൈറ്റീരിയ. അങ്ങനെ നോക്കുമ്പോൾ ഓരോ കഥാപാത്രത്തെയും എന്നോ നേരിട്ട് പരിചയപ്പെട്ടത് പോലെ തോന്നിപ്പിക്കുന്നു എന്നതാണ് അയൽക്കാർ നൽകിയ പ്രത്യേക വായനാനുഭവം. അതിലെ ഓരോ കഥാപാത്രത്തിനും ചെറുപ്പത്തിൽ എപ്പോഴൊക്കെയോ ഞാൻ കണ്ട കഥാപാത്രങ്ങളുടെ മുഖച്ഛായയായിരുന്നു.

അതിലെ ഓരോ കഥാപാത്രത്തെയും നേരിട്ട് പരിചയമുണ്ടായിരുന്നു. കുഞ്ഞനെ ഞാൻ കണ്ടിട്ടുണ്ടല്ലോ. കുഞ്ഞുവറീതിനേയും പത്മനാഭപിള്ളയെയും അയാമല്ലോ. ആ തറവാടും കുഞ്ഞന്റെ കുടിലും നല്ല പരിചയമാണല്ലോ.. ഇങ്ങനെ വായിക്കുന്തോറും മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു വന്നില്ലെങ്കിൽ വിരസത അനുഭവപ്പെടും. അതുകൊണ്ടുതന്നെയാണ് വളരെ മികച്ച നോവൽ എന്ന പേര് കേട്ടിരുന്നിട്ടും ആൽക്കമിസ്റ്റ് ഇഷ്ടമാകാതെ പോയത്.

എൻ. എൻ. പിള്ളയുടെ നാടകങ്ങൾ വായിക്കുമ്പോൾ ഇതുപോലെ കഥാപാത്രങ്ങൾ മനസ്സിൽ തെളിഞ്ഞു വരും. ക്രോസ്സ്ബെൽറ്റിലെ പട്ടാളം ഭവാനിയുടെ “അന്നനടയും അരയന്നനടയും” വായിച്ചു ഒരുപാട് ചിരിച്ചിട്ടുണ്ട്. എന്നാൽ യാദൃച്ഛികമായി ഒരുദിവസം ടി.വിയിൽ ക്രോസ്സ്ബെൽറ്റ് സിനിമ കണ്ടപ്പോൾ പട്ടാളം ഭവാനിയായി കവിയൂർ പൊന്നമ്മയെ കണ്ടപ്പോൾ വല്ലാത്ത നിരാശയാണ് തോന്നിയത്. നാടകം വായിച്ചപ്പോൾ ഭവാനിയിൽ കണ്ട പട്ടാളം ഭവാനിയുടെ ഒരു ഉശിരും മിടുക്കും കവിയൂർ പൊന്നമ്മയുടെ ഭവാനിക്ക് ഉള്ളതായി തോന്നിയില്ല.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു

മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കിയ ഒരു നോവലാണ് ജയമോഹന്റെ ‘നൂറു സിംഹസനങ്ങൾ’. സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവരുടെ ദൈന്യത വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട് പലപ്പോഴും. അട്ടപ്പാടിയിൽ മധുവിനെ മോഷ്ടാവെന്നു ആരോപിച്ച് പൊതുവിചാരണ ചെയ്യുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടപ്പോൾ വല്ലാത്തൊരു നിസ്സഹായതയും കുറ്റബോധവും തോന്നിയിരുന്നു. അതേ കുറ്റബോധവും നിസ്സഹായതയുമാണ് നൂറു സിംഹസനങ്ങൾ വായിച്ചപ്പോഴും ഉണ്ടായത്.

ഒരു പൗരൻ തന്റെ സാധാരണ അവകാശങ്ങൾ അനുഭവിക്കുന്നതു പോലും ഭയപ്പെടുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ ചുറ്റുമുണ്ടെന്നും അവർ ഭയപ്പെടുന്നത് എന്നെയും കൂടെയാണെന്നുള്ളതും വല്ലാതെ വിഷമിപ്പിച്ചു. നായാടിയായ തൻ്റെ മകൻ പഠിച്ച്, ഏറ്റവും ഉന്നതപദവിയിലെത്തി ഉന്നതാധികാരത്തിലിരിക്കുമ്പോഴും അവൻ കസേരയിലിരിക്കുന്നതും കുപ്പായമിട്ടിരിക്കുന്നതുമൊക്കെ അവന്റെ അമ്മയെ ഭയപ്പെടുത്തുന്നു എങ്കിൽ അതിൽ ഞാനും ഞാനുൾപ്പെടുന്ന സമൂഹവും തെറ്റുകാരാണ്.

നൂറുസിംഹസനങ്ങൾ വെറുമൊരു കഥയല്ല. ഒരു റിയാലിറ്റിയുണ്ട് അതിൽ. പണ്ടൊരിക്കൽ ജാതി- വർണ വിവേചനങ്ങൾക്കെതിരെ വാതോരാതെ സംസാരിച്ച സഹപാഠിയോട്, “നിങ്ങൾ ജനറൽ കാറ്റഗറിയിൽ അല്ലായിരുന്നു ജനിച്ചിരുന്നതെങ്കിൽ ജീവിതത്തിൽ കംഫർട്ടബിൾ ആയിരുന്നിരിക്കുമോ” എന്ന് മറ്റൊരു സുഹൃത്ത് ചോദിച്ചപ്പോൾ, അയാൾ ഉത്തരം മുട്ടി നിന്നത് നേരിൽ കണ്ടിട്ടുണ്ട്. വളരെയധികം ആഴമുള്ളൊരു ചോദ്യമായിരുന്നു അത്. 'വിവേചനങ്ങ​ളില്ല, ഒക്കെ തുല്യമാണ് ' എന്ന് പറയുമ്പോഴും വിവേചനം അനുഭവിക്കുന്നവർ നമ്മുടെ ചുറ്റിലുമുണ്ടെന്നും അവരുടെ ദൈന്യതക്കു കാരണം നമ്മളെല്ലാവരുമാണെന്നും മനസിലാക്കിത്തന്ന ഒരു ചോദ്യമായിരുന്നു അത്. ഒരു സമൂഹത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് ജയമോഹൻ, ആ നോവലിൽ.

അതുപോലെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയ മറ്റൊരു കഥയാണ് ഒ.വി. വിജയന്റെ അരിമ്പാറ. വളരെ grotesque ആയ ചിത്രങ്ങളിലൂടെ വായനക്കാരെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി, വിജയൻ വലിയ രാഷ്ട്രീയചിന്തകൾ അതിൽ പങ്കു വെക്കുന്നു. അറപ്പുളവാക്കുന്ന രംഗങ്ങൾ കാരണം വളരെ ബുദ്ധിമുട്ടിയാണ് വായിച്ചതെങ്കിലും പ്രിയപ്പെട്ടവയുടെ കൂട്ടത്തിൽ അരിമ്പാറക്കും ഒരു വലിയ സ്ഥാനമുണ്ട്.

ഗവേഷണവിഷയമായതുകൊണ്ടുമാത്രമാണ് ഒ.വി. വിജയനെ വായിച്ചു തുടങ്ങിയത്. എത്ര ഇഷ്ടമുള്ള വിഷയവും ഗവേഷണം കഴിയുമ്പോഴേക്കു മടുത്തുപോകും എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് നേരെ തിരിച്ചാണനുഭവം. വായിച്ചു മനസിലാക്കുന്തോറും അദ്ദേഹത്തിന്റെ കഥകളെയും കഥാപാത്രങ്ങളെയും കൂടുതൽ ഇഷ്ടപ്പെട്ടുകൊണ്ടിരുന്നു.

അങ്ങനെ ഗുരുസാഗരം ഏറ്റവും പ്രിയപ്പെട്ട നോവലുകളിൽ ഒന്നായി; കല്യാണിയും ശിവാനിയും ലളിതയും കുഞ്ഞുണ്ണിയുമൊക്കെ പ്രിയപ്പെട്ടവരായി. ഗവേഷണത്തിന്റെ അവസാന കാലഘട്ടത്തിലാണ് എന്റെ ചേട്ടന് ഒരു കുഞ്ഞു ജനിക്കുന്നത്. ആൺകുട്ടിയാണെങ്കിൽ അവന് കുഞ്ഞുണ്ണി എന്ന് പേരിടണേ എന്നു ചേച്ചിയോട് പറഞ്ഞ് മുൻകൂട്ടി സമ്മതം വാങ്ങി. അങ്ങനെ റിസർച്ച് അവസാനിച്ചു ഒരാഴ്ചക്കുശേഷം ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുണ്ണി വന്നു; ഞങ്ങളുടെ കുഞ്ഞുണ്ണിവാവ. ജീവിതത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടവൻ കുഞ്ഞുണ്ണിവാവ ആണെങ്കിൽ നോവലിൽ അത് കല്യാണിയാണ്. ഒരു അച്ഛന് വെളിച്ചവും ഗുരുവുമായ മകൾ കല്യാണി.

പ്രിയപ്പെട്ട എഴുത്തുകാരൻ / എഴുത്തുകാരി ആരെന്നു ചോദിച്ചാൽ ഉത്തരമില്ല. എഴുത്തുകളോടല്ലാതെ, എഴുത്തുകാരോട് ഒരു ആരാധനയും തോന്നിയിട്ടില്ല. കഥയും കഥാകൃത്തും തമ്മിൽ വലിയ അന്തരമുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറു സിംഹാസനങ്ങളിൽ മനുഷ്യരുടെയും അവരുടെ ദൈന്യതയുടെയും കഥ പറഞ്ഞ എഴുത്തുകാരൻ ഒരു സിനിമയെ കുറിച്ചുള്ള അഭിപ്രായപ്രകടനത്തിനിടയിൽ മലയാളികളെ ഒന്നടങ്കം ‘പൊറുക്കികൾ’ എന്ന് വിളിച്ചപ്പോൾ വല്ലാതെ വിഷമം തോന്നി.

നൂറു സിംഹാസനങ്ങൾ എഴുതിയ ജയമോഹൻ തന്നെയോ ഇത് എന്നമ്പരന്നു. വളരെയധികം പോപ്പുലറായ ചില സെലിബ്രിറ്റി എഴുത്തുകാർ, മനുഷ്യബന്ധങ്ങളുടേയും സൗഹൃദങ്ങളുടെയും കഥകൾ പറയാറുള്ള മികച്ച എഴുത്തുകാർ, പലപ്പോഴും പൊതുവേദികളിൽ മറ്റൊരു മുഖത്തോടെ നിൽക്കുന്നതാണ് കണ്ടിട്ടുള്ളത്. അവർ അവരെ തന്നെ ഒരു ദന്തഗോപുരത്തിൽ പ്രതിഷ്ഠിച്ചത് പോലെയാണ് തോന്നിയിട്ടുള്ളത്. ഒന്നുരണ്ട് പുസ്തകോത്സവ - സാഹിത്യമേളകളിൽ ഇവരിൽ പലരും വളരെ ധാർഷ്ട്യത്തോടെ പെരുമാറുന്നത് മാറി നിന്ന് കണ്ടിട്ടുണ്ട്, അതിൽ അമർഷം കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകാരോട് ആരാധനയില്ല. എഴുത്തുകാരെ അവരുടെ സാഹിത്യപരിസരത്തുനിന്ന് മാറ്റി പ്ലെയ്സ് ചെയ്തിട്ട് മാത്രമേ ഇപ്പോൾ കാണാറുള്ളു. സാഹിത്യവും സാഹിത്യകാരരും രണ്ടാണെന്ന തിരിച്ചറിവ്.

ജയമോഹന്‍

ഇനിയും വായിക്കാനായി വാങ്ങിവെച്ച പുസ്തകങ്ങൾ അനവധിയാണ്. കുറച്ചു കാലം മുൻപ് വായിച്ചു പകുതിയിൽ നിർത്തിയ ഒരു പുസ്തകം അന്ന് വെച്ചിടത്ത് അതുപോലെത്തന്നെ, അതേ കട്ടിലിന്റെ തലക്കൽ ഇപ്പോഴുമുണ്ട്. പുതിയൊരു നോവൽ കഴിഞ്ഞ ആഴ്ച വായിച്ചു തുടങ്ങിയിട്ടുമുണ്ട്. വായിക്കാനായി ഒരു സുഹൃത്ത്‌ സജസ്റ്റ് ചെയ്തതിൻ പ്രകാരം വാങ്ങിയ മറ്റൊരു നോവൽ ഒരു പേജ് പോലും വായിച്ചു തീർക്കാൻ കഴിയാതെ മാസങ്ങൾക്കു ശേഷം ലൈബ്രറിക്കു കൊടുത്തു ഒഴിവാക്കിയിട്ടുമുണ്ട്.

എന്റെ വായന ഇങ്ങനെയൊക്കെയാണ്. ഒരുപാടു തട്ടും തടവും ഒക്കെ ആയിട്ടാണ് അത് എന്നും മുന്നോട്ടുപോയിട്ടുള്ളത്. പക്ഷെ തടസ്സങ്ങൾ ഒഴിവാക്കി, ആ റീഡേഴ്‌സ് ബ്ലോക്കിനെ മറികടക്കേണ്ടത് എന്റെ ആവശ്യമാണ്. കാരണം ഇനിയും ജീവിതത്തിലുടനീളം എന്റെ ശരി- തെറ്റ് തിരഞ്ഞെടുപ്പുകൾക്ക് പുസ്തകങ്ങൾ കൂടിയേ തീരൂ. റിയാലിറ്റിയിൽ നിന്ന് മാറി ചിന്തിക്കുവാനോ വെറും നേരമ്പോക്കിനോ അല്ല എനിക്ക് പുസ്തകങ്ങൾ; ഓരോ തീരുമാനങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും അവ കൂടിയേ തീരൂ എന്നതുകൊണ്ടാണ്.

നാളെ എന്റെയിന്നത്തെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും മാറ്റം വന്നേക്കാം. കാരണം, ഞാൻ എന്നെ തന്നെ നവീകരിക്കുവാനുള്ള ഒരു ശ്രമത്തിലാണ്, ഓരോ ദിവസവും. ലോകത്തിലെ വലിയ മനുഷ്യർക്കൊപ്പമാണ് ഞാൻ എന്ന് ‘വയം ബോധ്യപ്പെടുത്താൻ വായന ആവശ്യമാണ്‌. വായന തരുന്ന ചില വലിയ പ്രത്യാശകളാണ് മുന്നോട്ട് നയിക്കുന്നത്. അതങ്ങനെ തന്നെ തുടരട്ടെ.

Comments