എം.ആർ. അനിൽകുമാർ

അവസാനത്തെ
​മനുഷ്യരുടെ ഓർമകൾ

ഫിക്ഷനുപകരം ഓർമകളെ ആശ്രയിക്കുന്ന സാഹിത്യത്തിന് ഒരു സമൂഹം പ്രാധാന്യം കൽപിക്കുന്നത് അവരുടേത് യൗവനം നശിച്ചുവെന്നതിന്റെ സൂചനയാണ്. സയൻസ് ഫിക്ഷനുകൾ തീരെ കുറവുള്ളതും ഓർമയെഴുത്തുകളും ദേശമെഴുത്തുകളും കൂടുതലുള്ളതുമായ ഒരു സമൂഹമെന്ന നിലയിൽ മലയാളികളുടേത് യൗവനത്തിന്റെ സാഹിത്യമല്ല.

ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്ക് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി രേഖപ്പെടുത്തിയത്, ‘for the courage and clinical acuity with which she uncovers the roots, estrangements and collective restraints of personal memory' എന്നാണ്. രൂപമാറ്റം സംഭവിക്കുന്ന വ്യക്തിഗതമായ ഓർമകൾക്ക് സാഹിത്യത്തിൽ ലഭിക്കുന്ന വലിയ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വേരുകളിലേക്കും ചരിത്രത്തിലേക്കും ഇറങ്ങിച്ചെല്ലുന്ന ഓർമകളും സാഹിത്യവും തമ്മിലുള്ള അകലം മറ്റേതൊരു കാലത്തേക്കാളുമധികം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഒരു തരം മെമ്മറി റിയലിസം ഇന്ന് സാഹിത്യത്തിന്റെ സ്വഭാവമായി മാറിയിട്ടുണ്ട്. ഓർത്തെടുക്കപ്പെടുന്നതിൽ ഏതിലും രൂപമാറ്റം വരുത്തപ്പെടുന്നുണ്ട്. അതിനാൽ ഓർമ്മയെഴുത്ത് ഒരിക്കലും റിയലിസമല്ല. അതേസമയം, അത് കാൽപ്പനികമോ ഭ്രമാത്മകമോ ആയ ഭാവനകളുമല്ല. രൂപമാറ്റം വരുത്തപ്പെട്ട യാഥാർത്ഥ്യങ്ങളാണ്. അതുകൊണ്ടാണ് അത്തരം രചനാരീതിയെ മെമ്മറി റിയലിസം (memory realism) എന്നു വിളിക്കേണ്ടി വരുന്നത്.

അടുത്തകാലത്ത് വന്നിട്ടുള്ള ഒട്ടുമിക്ക നോവലുകളും ഓർമകളിലുള്ള ഒരു ഭൂതകാലത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയിലാണ്എഴുതപ്പെട്ടിട്ടുള്ളത്. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' തൊട്ടിങ്ങോട്ട് നൂറുകണക്കിന് നോവലുകളിൽ ഓർമയെഴുത്ത് ഒരു ആഖ്യാനരീതിയായും ഉള്ളടക്കമായും കടന്നുവരുന്നതു കാണാം.

നേരി​ട്ടെഴുതുന്ന ഓർമകളായാലും മറ്റൊരാളുടേത് എന്ന മട്ടിലെഴുതുന്ന സ്വാനുഭവാഖ്യാനമായിരുന്നാലും എഴുത്തുകാരുടെ ഏറ്റവും മുഖ്യമായ ഒരു വിഭവ സ്രോതസ് ഓർമകളാണ്. സ്വന്തം ഓർമകളെന്ന പോലെ തനിക്കു ചുറ്റുമുള്ളവരുടെ ഓർമകൾക്കും ആഖ്യാനപരമായ ഇടം കൊടുക്കുന്നത് ഇന്ന് സാഹിത്യത്തിൽ സർവസാധാരണമാണ്. ഓർമകളും ഓർമനഷ്ടങ്ങളും പ്രമേയമാക്കിയ വലിയ എഴുത്തുകാരൻ എന്ന നിലയിലാണ് ഡബ്ല്യു. ജി. സെബാൾഡ് അറിയപ്പെട്ടിരുന്നത്. മാഴ്‌സൽ പ്രൂസ്റ്റിനെപോലുള്ള വലിയ എഴുത്തുകാരുടെ പാരമ്പര്യമാണത്. ഇത്തരം ഓർമകൾ വ്യക്തിഗതം മാത്രമല്ല, പലപ്പോഴും സാമൂഹികവുമാണ്. ലോകമഹായുദ്ധങ്ങളും മഹാമാരികളും ഏകാധിപത്യ- സർവാധിപത്യ - ഫാഷിസ്റ്റ് ഭരണകൂടങ്ങളും കൂട്ടായ ഓർമകളിലൂടെയാണ് മിക്കപ്പോഴും ശരിയായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. 1940 കൾക്കുശേഷമുള്ള യൂറോപ്പിന്റെ സാഹിത്യവും അക്കാലത്തെ ലാറ്റിനമേരിക്കൻ സാഹിത്യവും ഓർമകൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. വ്യക്തിഗതവും സാമൂഹികവും പുരാതനവുമായ ഓർമകൾക്ക് കഥനസ്വഭാവം കൈവരുമ്പോൾ അത് സാഹിത്യമായി രൂപാന്തരപ്പെടുന്നു.

ആനി എർണോ / Photo: Twitter: TheNobelPrize

എസ്​. ഹരീഷിന്റെ ‘മീശ' എന്ന മലയാള നോവലിൽ, സാമൂഹികമായ ഓർമകളുടെ എഴുത്ത് കാണാൻ കഴിയും. ‘ഇതിലൊരു കഥയും ഞാൻ ഉണ്ടാക്കിയതല്ല. മറ്റുള്ളവർ തന്നതാണ് ... ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാൻ രണ്ട് കൈയ്യും ഉയർത്തി കീഴട​​​​​​​ങ്ങും' എന്ന് ഹരീഷ് ‘മീശ'യുടെ തുടക്കത്തിൽ ‘കഥാപാത്രങ്ങളും ഞാനും' എന്ന കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്, സാമൂഹികമായ ഓർമകളുടെ പുനരാഖ്യാനമാണ് എല്ലാ എഴുത്തുകളും എന്ന വിശാല കാഴ്ചപ്പാടിൽ നിന്നുകൊണ്ടാവണം. ദേശമെഴുത്ത് എന്ന പുതിയകാല നോവൽ സാഹിത്യ പ്രമേയം അപ്പാടെ ഇത്തരം ഓർമകളുടെ എഴുത്തുകൂടിയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ശിവപ്രസാദ് എളമ്പുലാശ്ശേരിയുടെ നോവലിന്റെ പേര് ‘ഓർമ്മച്ചാവ്' എന്നാണ്. അടുത്തകാലത്ത് വന്നിട്ടുള്ള ഒട്ടുമിക്ക നോവലുകളും ഓർമകളിലുള്ള ഒരു ഭൂതകാലത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' തൊട്ടിങ്ങോട്ട് നൂറുകണക്കിന് നോവലുകളിൽ ഓർമയെഴുത്ത് ഒരു ആഖ്യാനരീതിയായും ഉള്ളടക്കമായും കടന്നുവരുന്നതു കാണാം. നേർത്ത ഒരു ചരടുകൊണ്ട്, വർത്തമാനവുമായി ബന്ധപ്പെട്ടുനിന്ന്​, ഭൂതകാലത്തെ ഓർത്തെഴുതുക എന്നതാണ് ‘മനുഷ്യന് ഒരാമുഖ'ത്തിലായാലും ‘വല്ലി' യിലായാലും ‘സമ്പർക്കക്രാന്തി' യിലായാലും ‘വർത്തമാനപുസ്തക'ത്തിലായാലും ‘ദൈവം എന്ന ദുരന്തനായക’നിലും സംഭവിക്കുന്നത്. മുകുന്ദന്റെ സമകാലിക നോവലുകളെല്ലാം ഓർമകളെ മുഖ്യവിഭവങ്ങളാക്കി മാറ്റുന്നു.

എസ്. ഹരീഷ് / Photo: Shafeeq Thamarassery

വ്യക്തിഗതവും സാമൂഹികവും ചരിത്രപരവുമായ ഓർമകളുടെ ഈ ആഖ്യാന ബഹളങ്ങൾക്കിടയിലാണ് ‘ഓർമയെഴുത്ത്' എന്ന പുതിയ ‘അനുഭവമെഴുത്ത്' കൂടി കടന്നുവരുന്നത്. വീട്ടമ്മമാരിൽ നിന്നു തുടങ്ങി മഹാസാഹിത്യകാരന്മാരിൽ വരെ എത്തിനിൽക്കുന്ന ഒരു രചനാവിശേഷമായി ഓർമയെഴുത്തും അനുഭവമെഴുത്തും മാറുന്നുണ്ട്. എഴുത്തിന്റെ ജനാധിപത്യവൽക്കരണവും സാർവത്രികവൽക്കരണവും പുതിയ ഓൺലൈൻ പ്രകാശന സാദ്ധ്യതകളുമെല്ലാം ഈ മാറ്റത്തിന് കാരണമാകുന്നുണ്ടെങ്കിലും അതിന്റെ വേരുകൾക്ക് നാടോടിയും വാമൊഴിയുമായ കഥനപാരമ്പര്യവുമായി ഗാഢബന്ധങ്ങളുണ്ട്. വേട്ടയാടി നടന്നിരുന്ന പ്രാചീന ഗുഹാമനുഷ്യർ പറഞ്ഞിരുന്ന അനുഭവകഥകളിൽ നിന്നാവാം ആദ്യകാലത്ത് കഥാസാഹിത്യം ഉരുത്തിരിഞ്ഞതെന്ന് ഇ.എം. ഫോസ്റ്റർ The Aspects of Novel എന്ന കൃതിയുടെ പ്രരംഭത്തിൽ പറയുന്നുണ്ട്. അനുഭവങ്ങളും അവ പഴകുമ്പോഴുണ്ടാകുന്ന ഓർമകളുമാണ് സാഹിത്യത്തിന്റെ അസംസ്‌കൃതവസ്തുക്കൾ. അതിനാൽ ഫിക്ഷന്റെ ഭാവനയെക്കാൾ വായനക്കാർക്ക് പ്രിയം അനുഭവത്തിന്റെയും അത് പഴകുമ്പോഴുണ്ടാകുന്ന ഓർമ്മകളുടെയും ആവിഷ്‌കാരമാണ്. ‘ആടുജീവിത'ത്തിന് കിട്ടിയ വലിയ ജനപ്രീതിയുടെ ഒരു കാരണം അത് ഫിക്ഷനല്ല, അനുഭവങ്ങളാണ്, അഥവാ അനുഭവിച്ചവയെപ്പറ്റിയുള്ള ഓർമകളാണ് എന്നതാണ്. മലയാളികൾക്ക് റിയലിസത്തോടും ഇപ്പോൾ മെമ്മറി റിയലിസത്തോടുമുണ്ടായിട്ടുള്ള ആഭിമുഖ്യം അനുഭവങ്ങളിലും അതിനെ പറ്റിയുള്ള ഓർമകളിലുമുള്ള ഉറച്ചവിശ്വാസത്തിന്റെ കൂടി അനന്തരഫലമാണ്.

പക്ഷേ, സത്യമെന്ന നിലയിൽ, ഓർമകൾ അത്ര വിശ്വസിക്കാൻ കൊള്ളാവുന്ന ബന്ധുക്കളല്ല. മനുഷ്യർ വളരുന്തോറും അവരുടെ ഓർമകൾക്കും രൂപാന്തരം വരാറുണ്ടെന്ന് തോന്നുന്നു. ചെറുപ്പകാലത്ത് പരിചയിച്ച ഒരു സ്ഥലമോ കെട്ടിടമോ വസ്തുവോ വ്യക്തികളോ സംഭവങ്ങളോ ഒക്കെ ഓർമയിൽ വെച്ചു തന്നെ പലതരത്തിൽ പരിണമിക്കുന്നുണ്ട്. മുപ്പതുവർഷം മുൻപ് നിങ്ങൾ ഓർമിച്ചുവെച്ചതു പോലെയല്ല ഇന്ന് നിങ്ങൾ അതിനെ ഓർമിക്കുന്നത്. വസ്തു എന്തായിരുന്നോ അതായിട്ടല്ല ഇന്നത് ഓർമയിൽ നിലനിൽക്കുന്നത്. അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും അനുഭൂതികളുമായിട്ടാണ് ആ ഓർമകളെല്ലാം ബന്ധപ്പെട്ടുകിടക്കുന്നത്. അതിനാൽ വർഷങ്ങൾക്കുശേഷം എന്തെങ്കിലുമൊക്കെ ഒന്ന് ഓർത്തെടുക്കുമ്പോൾ അതോടൊപ്പം പൊങ്ങിവരുന്ന ഓർമകൾക്ക് യഥാർത്ഥ സംഭവങ്ങളുമായി ഒരുപാട് പൊരുത്തക്കേടുകളുണ്ടാവും. ഓർമയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും എല്ലാം പതിറ്റാണ്ടുകൾക്കു ശേഷമുള്ള സന്ദർശത്തിൽ, ഓർമയിലുള്ളതിൽനിന്ന്​ തികച്ചും വ്യത്യസ്തമായി കാണപ്പെടാം. അതുകൊണ്ട് വളരുന്തോറും നമുക്ക് ഓർമകളെ അവിശ്വസിക്കേണ്ടതായി വരും. എങ്കിലും, മറിച്ചാണ് സംഭവിക്കുന്നത്. നാം ഭൂതകാലത്തെ കൂടുതൽ കൂടുതൽ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. പ്രായം കൂടുന്തോറും നമ്മൾ ഓർമകളിൽ കൂടുതൽ കൂടുതൽ മുഴുകുന്നു. അവയിൽ കൂടുതൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നു.

വിവരിക്കപ്പെടുന്ന ഓർമകളെല്ലാം അതിശയോക്തിപരമായ ഓർമകളാണ്. അതുകൊണ്ടാണ് നോവൽ വായനക്കാരേക്കാളും കഥാവായനക്കാരേക്കാളും കൂടുതലായി അനുഭവക്കുറിപ്പുകൾക്കും ഓർമയെഴുത്തുകൾക്കും ഇന്ന് ധാരാളം വായനക്കാരുള്ളത്.

ഒരാൾ മധ്യവയസ്സ് പിന്നിടുന്നതോടെ, കാലം അയാളെ പിന്നിലേക്ക് പിന്നിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു ജനത കടന്നുപോന്ന സ്ഥലകാലങ്ങളെയും വ്യക്തികളെയും വസ്തുക്കളെയും അനുഭവങ്ങളെയും അനുഭൂതികളെയും സാമൂഹ്യമായി ഓർത്തെടുക്കുന്നതിനാണ് നാം സംസ്‌കാരം എന്ന് പറയുന്നത്. സംസ്‌കരിച്ചെടുക്കുന്ന ഓർമകളാണ് യഥാർത്ഥത്തിൽ സംസ്‌കാരത്തിന്റെ അടിത്തറ. പക്ഷേ, ഓർമകൾ നേരത്തെ പറഞ്ഞതുപോലെ അത്ര വിശ്വസനീയരായ ബന്ധുക്കളല്ല. ഞാനും എന്റെ അമ്മയും ഒരുപോലെ പങ്കാളികളായിരുന്ന 35 വർഷം മാത്രം പഴക്കമുള്ള ഒരു സംഭവത്തെ രണ്ടാളും ഓർത്തെടുത്തത് രണ്ട് വിധത്തിലായിരുന്നു. ആ ഓർമകൾ സ്ഥലത്തിലും കാലത്തിലും സംഭവ വിശദാംശങ്ങളിലുമെല്ലാം വ്യത്യസ്തമായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് അമ്മ എന്നോടു പറഞ്ഞ കാര്യങ്ങൾ എന്റെ ഓർമയിലേ ഉണ്ടായിരുന്നില്ല.

പത്തുമുപ്പതു വർഷങ്ങൾക്കുശേഷം രണ്ടുപേർ ഒരേസംഭവം രണ്ടുവിധത്തിൽ ഓർത്തെടുക്കുകയും രണ്ടുരീതിയിൽ അവതരിപ്പിക്കുകയും പിന്നീട് അതിനെപ്പറ്റി തർക്കത്തിലേർപ്പെടുകയും ചെയ്തപ്പോൾ ഓർമകൾ തികച്ചും ആത്മനിഷ്ഠമാണെന്ന് തോന്നിപ്പോയി. ഓർമകളെ ചിട്ടപ്പെടുത്തുന്നതിൽ, അല്ലെങ്കിൽ പഴയ സംഭവങ്ങളെ ഓർമിച്ചെടുക്കുന്നതിൽ നാം ചിലതരം ആഖ്യാനതന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായി. കാരണം, ഓർമകൾ അയവിറക്കുമ്പോഴെല്ലാം നാം കഥ മെനയുന്നവർ കൂടിയായി മാറുന്നു. ആളുകളിൽ ജിജ്ഞാസയും ‘എന്നിട്ടെന്തുണ്ടായി?' എന്ന ഉദ്വേഗവും ജനിപ്പിക്കാതെ ഒരു ഓർമയും മറ്റൊരാളിലേക്ക് രസകരമായി പകർന്നുകൊടുക്കാനാവില്ല. അതുകൊണ്ട്, ഓർമിക്കുക എന്നത് ഒരാഖ്യാനമാണ്.

ഭൂതകാലത്തെ ഓർമിക്കുക എന്നു പറഞ്ഞാൽ ഭൂതകാലത്തെ ആഖ്യാനം ചെയ്യുക എന്നാണ് അർത്ഥം. എന്തെങ്കിലും സ്മരണകളെ പറ്റി എഴുതൂ എന്ന് ഒരാളോട് ആവശ്യപ്പെട്ടാൽ അയാൾ ഭൂതകാലത്തുനിന്ന് ഒരു ‘കഥ' ആഖ്യാനം ചെയ്യാൻ തുടങ്ങുന്നു. ഓർമകളിൽ നിന്ന് എന്തെങ്കിലും ഒന്ന് വീണ്ടെടുക്കേണ്ടി വരുമ്പോൾ ‘ഒരിക്കൽ, ഒരിടത്ത്, ഒരു രാജാവുണ്ടായിരുന്നു' എന്ന മട്ടിൽ നാം സ്ഥലകാലങ്ങളോടും കഥാപാത്രങ്ങളാടും കൂടി ഒരു കഥ മെനഞ്ഞു തുടങ്ങുകയാണ്. വിവരിക്കപ്പെടുന്ന ഓർമകളെല്ലാം അതിശയോക്തിപരമായ ഓർമകളാണ്. അതുകൊണ്ടാണ് നോവൽ വായനക്കാരേക്കാളും കഥാവായനക്കാരേക്കാളും കൂടുതലായി അനുഭവക്കുറിപ്പുകൾക്കും ഓർമയെഴുത്തുകൾക്കും ഇന്ന് ധാരാളം വായനക്കാരുള്ളത്.

ആനി എർണോയുടെ സാഹിത്യ രചനകൾ ഓർമയുടെ ആഖ്യാനങ്ങളാണെന്ന കാര്യം വീണ്ടും ഓർക്കുക. നോവലുകളിൽ ദേശചരിത്രമെഴുതുന്നവരും ഓർമകളെയും കേട്ടുകേൾവികളെയും ആഖ്യാനം ചെയ്യുകയാണ് ചെയ്യുന്നത്. ഓർഹാൻ പാമുക്കിന്റെ ‘ദ അദർ കളേഴ്‌സ്' എന്ന പുസ്തകമോ ‘ഇസ്താംബൂൾ ' എന്ന പുസ്തകമോ വായിക്കുമ്പോൾ അവയിലെ ഓർമകളുടെ ആഖ്യാനം അദ്ദേഹത്തിന്റെ നോവലുകളിലെ ആഖ്യാനത്തിൽ നിന്ന് വ്യത്യസ്തമല്ല എന്ന് വായനക്കാർക്ക് തോന്നും. മാർക്കേസിന്റെ ‘ലിവിങ്ങ് ടു ടെൽ ദ ടെയ്ൽ' (കഥ പറയാൻ ഒരു ജീവിതം) എന്ന ആത്മകഥ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ നോവൽ ആഖ്യാനങ്ങളിൽ നിന്ന് ഓർമകളുടെ ആഖ്യാനം വ്യത്യസ്തമല്ലെന്ന് ബോധ്യമാകും. കാരണം, ഓർമയെഴുത്ത് എപ്പോഴും ഓർമയെ ഒരു കഥയാക്കി അവതരിപ്പിക്കലാണ്. അവരവരുടെ ജീവിതത്തെ ആധാരമാക്കി കഥ പറയുക എന്നതാണ് അതിന്റെ രീതി. കമല സുരയ്യ എന്റെ ജീവിതം എന്നതിനുപകരം ‘എന്റെ കഥ' എന്ന് പേരിട്ട് ഒരു പുസ്തകം പ്രകാശിപ്പിക്കുകയും പിന്നീട് അത് ഫിക്ഷനായിരുന്നു എന്ന് അവകാശപ്പെടുകയും ചെയ്തത് ഓർക്കുക. നോവലുകൾ പോലെ വായിച്ചുപോകാവുന്ന ധാരാളം ആത്മകഥകൾ ‘ബാല്യകാലസ്മരണകൾ', ‘നീർമാതളം പൂത്തകാലം', ‘ഒറ്റയടിപ്പാത' മുതലായ കൃതികളിൽ ആവിഷ്‌കരിച്ചു. ഇവയിലെല്ലാം ഫിക്ഷനും ഓർമകളും തമ്മിലുള്ള അതിർവരമ്പുകൾ മുറിഞ്ഞുപോകുന്നതായി കാണാം. ഓർമകളെ രസകരമായി അവതരിപ്പിക്കാനായി അവയെ കഥകളാക്കി രൂപാന്തരപ്പെടുത്തുമ്പോൾ ഓർമകളെ ആഖ്യാനതന്ത്രത്തിന്റെ ഭാഗമായി പലവിധത്തിൽ രൂപാന്തരപ്പെടുത്തുകയാണ് ഇവരെല്ലാം ചെയ്യുന്നത്. വിശേഷിച്ചും എഴുത്തുകാരുടെ ഓർമകൾ അവരുടെ ദിവാസ്വപ്നങ്ങളുമായും, ഫാന്റസികളുമായും, ഭാവനകളുമായും കെട്ടുപിണഞ്ഞ് കിടക്കുകയാൽ അവയെ വിശ്വസിക്കാൻ രണ്ടുവട്ടം ആലോചിക്കേണ്ടി വരും. അഥവാ ഭാഷയിലേക്ക് പ്രവേശിക്കുന്നതോടു കൂടി എല്ലാ അനുഭവങ്ങളും അവിശ്വസനീയങ്ങളായി മാറുന്നു. അവയിലെല്ലാം സാഹിത്യാഖ്യാനത്തിന്റെ ഘടകങ്ങൾ കൂടി ഉൾച്ചേർന്നുകിടക്കുന്നു.

കമല സുരയ്യ / Photo: Punalur Rajan

നമ്മുടെ ഓർമകൾ നമ്മുടെ അനുഭവങ്ങളാകയാൽ അവ മൗലികമാണെന്ന ഒരു ധാരണ നമുക്കുണ്ട്. അത് മറ്റാരുടേയും അനുഭവമല്ലാത്തതിനാൽ അത് മറ്റാരും ആവിഷ്‌കരിക്കാനും ഇടയില്ലെന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരെഴുത്തുകാരനെന്ന നിലയിൽ ഞാൻ എന്റെ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കുന്നത്. അത് കഥകളുടെ അസംസ്‌കൃത വസ്തുക്കളായി പെട്ടെന്ന് മാറാൻ തയ്യാറുള്ള കഥകൾ അവിടെ എവിടെയെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടോ എന്നറിയാനാണ്. അതുകൊണ്ട് കഥകളുടെ സാധ്യതകളുള്ള സംഭവങ്ങളെയാണ് നാം ഭൂതകാലമായി എപ്പോഴും ഓർത്തുവെക്കുന്നത്. മറ്റൊരാളോട് പറയുമ്പോൾ അയാളിൽ കൗതുകമുണ്ടാക്കുന്നതും, അയാളെ രസം പിടിപ്പിക്കുന്നതും, ‘എന്നിട്ടെന്തുണ്ടായി?' എന്ന് ഉദ്വേഗപ്പെടുത്തുന്നതുമായ ഒരനുഭവം മാത്രമേ നമുക്ക് ഓർമകൾ എന്ന നിലയിൽ എടുത്തുപറയാൻ കഴിയൂ. അതുമാത്രമേ മറ്റുള്ളവർ കേൾക്കാൻ സന്നദ്ധത കാണിക്കൂ. കാരണം അവ കഥാഖ്യാനങ്ങളാണ്. അതുകൊണ്ടാണ് സ്മരണകളും ആത്മകഥകളും ജീവചരിത്രങ്ങൾ പോലും സാഹിത്യമായി പരിഗണിക്കപ്പെടുന്നത്. അവയിലെല്ലാം കഥ പറച്ചിലിന്റെ ആഖ്യാനതന്ത്രങ്ങൾ ധാരാളമായി പ്രയോഗിക്കപ്പെടുന്നു.

ഓർമകൾ കഴിഞ്ഞുപോയ കാലത്തിന്റേതാകയാൽ, എന്തായാലും അത് കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഒരു വിഷയമല്ല. കുട്ടികൾ വർത്തമാനകാലത്തു ജീവിക്കുകയും ഭാവിയിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നവരാണല്ലോ; ചെറുപ്പക്കാരും.

മറ്റുള്ളവരോട് പറയുന്ന അനുഭവകഥകളിൽ മാത്രമല്ല ഭൂതകാലത്തെ പറ്റി നാം സ്വയം മനസ്സിലാക്കി വെച്ചിരിക്കുന്ന കാര്യങ്ങളിലും അവിശ്വസനീയതയുടെ സാധ്യതകൾ കടന്നു വന്നേക്കാം. വർഷങ്ങൾക്കുശേഷം ഞാൻ എന്റെ കുട്ടിക്കാലത്തെ സ്ഥലങ്ങൾ വീണ്ടും സന്ദർശിച്ചപ്പോൾ എന്റെ ഓർമയിലുള്ള സ്ഥലങ്ങളുമായി അതിന് പൊരുത്തക്കേടുള്ളതായി തോന്നി. ഓർമയിൽ കിടന്നിരുന്ന സ്ഥലങ്ങൾക്ക് അന്നുണ്ടായിരുന്ന ഉയരമോ താഴ്ചയോ കയറ്റിറക്കങ്ങളോ പരപ്പോ ഇന്ന് തോന്നുന്നില്ല. വലിയ കാടുകൾ എന്ന് ഞാൻ ധരിച്ചുവെച്ചിരുന്നവ അത്ര വലിയ കാടുകളായിരുന്നില്ല എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. അന്ന് പ്രവേശിക്കാൻ ധൈര്യപ്പെടാതിരുന്ന ഇടങ്ങൾ ഇന്ന് അങ്ങനെ തോന്നുന്നില്ല. പലയിടങ്ങൾക്കും അതിന്റെ ദുരൂഹത (mystery) നഷ്ടപ്പെട്ടു പോകുന്നു. വ്യക്തികൾ തന്നെയും മറ്റൊരാളായി മാറുന്നു. അപ്പോൾ നമുക്ക് ഓർമകളെ സംശയിക്കേണ്ടതായി വരും. കാരണം, എങ്ങനെ ഓർത്തെടുക്കപ്പെടണമെന്ന് നാം ആഗ്രഹിക്കുന്നുവോ ആ വിധത്തിലാണ് നാം ഓർമ്മകളെ സജ്ജീകരിച്ചു വെച്ചിട്ടുള്ളത്.

ഓർഹൻ പാമുക് / Photo: Wikimedia

വികസനം വന്ന് എല്ലാറ്റിനേയും തുടച്ചുമാറ്റുകയും പുതിയ പുതിയ നിർമിതികളെ എടുത്തണിയുകയും ചെയ്യുമ്പോൾ മനുഷ്യർക്ക് ഒഴുക്കിൽപ്പെട്ടതുപോലെ തോന്നും. വഴുതിപ്പോകുന്ന സ്ഥല-കാലങ്ങളിൽ ഒന്നുറച്ചു നിൽക്കാനുള്ള ശ്രമമെന്ന നിലയിലാണ് വേഗതയുടെ കാലത്ത് മനുഷ്യർ ഓർമകളെ ആശ്രയിക്കുന്നത്. ഓർമയിലുള്ള സ്ഥലം മാറ്റമില്ലാതെയും ഓർമയിലുള്ള കാലം ഒഴുകാതെയും നിൽക്കും. മദ്ധ്യവയസിലേക്ക് പ്രവേശിക്കുമ്പോഴാണ് മിക്കവാറും ഓർമകൾ അവയുടെ സ്വയംഭരണം ഏറ്റെടുക്കുകയെന്ന് മുൻപ് സൂചിപ്പിച്ചല്ലോ. വേഗതയുടെ കാലത്ത് ‘യുവാക്കളും' ഓർമയെഴുത്തിലേക്ക് വഴിമാറുന്നതിന് പുസ്തകവിപണിയിൽനിന്ന് ധാരാളം തെളിവുകൾ കിട്ടുന്നുണ്ട്. എങ്കിലും ഓർമ പ്രായമേറിയവരുടെ ‘പാതിയിലേറെക്കടന്നുവല്ലോ, വഴി.’

​​​​​​​കഴിഞ്ഞുപോയതിൽ നിന്നല്ല, വരാനിരിക്കുന്നതിൽ നിന്നാണ് കുട്ടികൾ പാഠങ്ങൾ പഠിക്കുന്നത്. വരാനിരിക്കുന്നതിൽനിന്ന് പഠിക്കാൻ കഴിയാതെ വരുമ്പോൾ തൊട്ട് നമ്മൾ ഓർമകളെ ആശ്രയിക്കാൻ തുടങ്ങുന്നു. അത് വാർദ്ധക്യത്തിന്റെ ഒരു സൂചനയാണ്.

ഓർമകളുണ്ടായിരിക്കണം, അല്ലെങ്കി- ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?' എന്ന് എൻ.എൻ. കക്കാടിനെ പോലെ നമ്മളും ചിന്തിക്കാൻ തുടങ്ങുന്നു. മനുഷ്യർ ആചാരങ്ങളും ആവർത്തന സ്വഭാവമുള്ള ഉത്സവങ്ങളും പിറന്നാളാഘോഷങ്ങളും നടത്തുന്നത് ഓർമകൾക്ക് ഒരു സൈക്കിളിക് റിഥം ഉണ്ടാക്കുന്നതിനു വേണ്ടിയുമാണ്. ‘കഴിഞ്ഞ ഓണക്കാലത്ത്', ‘കഴിഞ്ഞ പിറന്നാളിന്', ‘കഴിഞ്ഞ ഉത്സവത്തിന്' എന്നെല്ലാം ഓർമകളെ ഇവയുമായി ബന്ധിപ്പിച്ചുനിർത്തുന്നു. അതുകൊണ്ട് ആതിരവരുന്നുവെന്ന് അറിയാൻ കഴിയുന്നതുകൊണ്ടു മാത്രം ഓർമകളുണ്ട് എന്നും തിരിച്ചറിയുന്നു. പാതിയിലേറെ കടന്ന മധ്യവയസ്സിന്റെ വഴി രോഗങ്ങളുടെയും ക്ഷീണങ്ങളുടെയും വഴി കൂടിയാണ്. ശരീരം ക്ഷയിക്കാനും ക്ഷീണിക്കാനും തുടങ്ങുമ്പോഴാണ് നമ്മൾ കൂടുതലായി ഓർമിക്കാൻ ശ്രമിക്കുന്നത്. ഒ.വി. വിജയൻ ‘തലമുറകളും’ കോവിലൻ ‘തട്ടക’വും യു.കെ കുമാരൻ ‘തക്ഷൻകുന്ന് സ്വരൂപ’വും അശോകൻ ചരുവിൽ ‘കാട്ടൂർകടവും’ എഴുതിയപ്പോഴും ഓർമകൾക്ക് അതിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം അത് എഴുതിയവർ മധ്യവയസ് പിന്നിട്ടുകഴിഞ്ഞിരുന്നു.

എൻ.എൻ. കക്കാട്‌ / Photo: Wikimedia

ഓർമകൾ കഴിഞ്ഞുപോയ കാലത്തിന്റേതാകയാൽ, എന്തായാലും അത് കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഒരു വിഷയമല്ല. കുട്ടികൾ വർത്തമാനകാലത്തു ജീവിക്കുകയും ഭാവിയിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നവരാണല്ലോ; ചെറുപ്പക്കാരും. അവരുടെ ഓർമകൾ സാന്ദർഭിക ഓർമകളാണ്. ഓർമിക്കുക എന്നത് അവരുടെ ശീലമല്ല. അപ്പോൾ ഒരു ശീലമെന്ന നിലയിൽ ഓർമകൾ തുടങ്ങുന്നത് മധ്യവയസ്‌കരിൽ നിന്നാണ്. അഥവാ മധ്യവയസ്‌കരുടെയും വൃദ്ധരുടെയും ശീലകങ്ങളിലൊന്നായി ഓർമിച്ചെടുക്കലുകൾ മാറുന്നു. കടന്നുപോയവരുടെ സംസ്‌കാരത്തെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും അടയാളപ്പെടുത്തുകയാണെന്ന മട്ടിലാണ് അവർ ഓർമകളെ അടയാളപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുമ്പോൾ ‘ഓർമകൾ ഉണ്ടായിരിക്കണം' എന്നവർ പുതിയ തലമുറയെ നിരന്തരം താക്കീത് ചെയ്യുന്നു.

ഓർമ നമുക്ക് പഠിക്കാനുള്ള ഒരു പാഠമാണെന്ന മട്ടിലാണ് അവരെല്ലാം അവതരിപ്പിക്കുന്നത്. അതുകൊണ്ടാവണം, കുട്ടികളോട് മുതിർന്നവരുടെ ആത്മകഥകൾ വായിക്കണം എന്ന് നാം പറയുന്നത്. കുട്ടികൾ അവയെ പാഠപുസ്തകങ്ങളായി കാണട്ടെ എന്ന് നാം ആഗ്രഹിക്കുന്നു. പക്ഷേ കുട്ടികൾ അവയെ കഥകളായി കാണാൻ ആഗ്രഹിക്കുന്നു. ജീവിതം അതല്ല. അത് വരാനിരിക്കുന്നതാണ് എന്ന് കുട്ടികൾ മനസ്സിലാക്കുന്നു. അവർ നമ്മുടെ ‘ഗൗരവപ്പെട്ട' ജീവിതത്തെ ‘ബഡായി'കളായി കരുതുന്നു. സത്യത്തിൽ കുട്ടികൾ ഓർമയെഴുത്തുകളെ നിരാകരിക്കുന്നവരാണ്. ഓർമിക്കുക എന്നത് വെറും അതിശയോക്തിപരമായ ആഖ്യാനമാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്.

ദേശീയപ്രസ്ഥാനത്തിന്റെ തകർച്ചയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയവും ഫാഷിസത്തിന്റെ വളർച്ചയും ഇന്ത്യൻ സാഹിത്യത്തിലും ഓർമകളുടെ രാഷ്ട്രീയത്തെ സജീവമാക്കിത്തീർത്തിരിക്കുന്നു.

കഴിഞ്ഞുപോയതിൽ നിന്നല്ല, വരാനിരിക്കുന്നതിൽ നിന്നാണ് കുട്ടികൾ പാഠങ്ങൾ പഠിക്കുന്നത്. വരാനിരിക്കുന്നതിൽ നിന്ന് പഠിക്കാൻ കഴിയാതെ വരുമ്പോൾ തൊട്ട് നമ്മൾ ഓർമകളെ ആശ്രയിക്കാൻ തുടങ്ങുന്നു. അത് വാർദ്ധക്യത്തിന്റെ ഒരു സൂചനയാണ്. ഫിക്ഷനുപകരം ഓർമകളെ ആശ്രയിക്കുന്ന സാഹിത്യത്തിന് ഒരു സമൂഹം പ്രാധാന്യം കൽപിക്കുന്നത് അവരുടേത് യൗവനം നശിച്ചുവെന്നതിന്റെ സൂചനയാണ്. സയൻസ് ഫിക്ഷനുകൾ തീരെ കുറവുള്ളതും ഓർമയെഴുത്തുകളും ദേശമെഴുത്തുകളും കൂടുതലുള്ളതുമായ ഒരു സമൂഹമെന്ന നിലയിൽ മലയാളികളുടേത് യൗവനത്തിന്റെ സാഹിത്യമല്ല. വിദൂരഭൂതകാലത്തെ എഴുതാനാണ് സമകാലിക മലയാള സാഹിത്യകാരന്മാർ ഏറെയും ശ്രമിക്കുന്നത്. വർത്തമാനത്തിന്റെയും ഭാവിയുടെയും സാഹിത്യം അവർ വിഭാവന ചെയ്യുന്നില്ല. ഓർമയുടെ സാഹിത്യമാണ് അവരുടെ സാഹിത്യം. വളരെ പ്രായം കുറഞ്ഞ ആളുകൾ പോലും ഓർമക്കുറിപ്പുകൾ എഴുതി പുസ്തകരൂപത്തിലാക്കുന്നത് കാണുമ്പോഴാണ് ഓർമകൾ എത്ര ആഴത്തിലാണ്, എത്ര അകാലത്തിലാണ് നമ്മെ വാർദ്ധക്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് നമുക്ക് മനസ്സിലാവുക.

ഒരു ജനത എന്ന നിലയിൽ നാം ഓർമകളെ കഥകളായും പാഠങ്ങളായും ഭാവനകളായും പുനഃസൃഷ്ടിക്കുകയാണെന്ന് തോന്നുന്നു. അതിനാൽ മഹാബലിയുടെ മടങ്ങിവരവ് പോലെ നമ്മുടെ ആഹ്ലാദവും ആനന്ദവും സമൃദ്ധിയും എല്ലാം സഫലമാകുന്നത് ഓർമകളുടെ തിരിച്ചുവരവിലാണെന്ന് തോന്നുന്നു. മലയാളത്തിലെ ഏറ്റവും പഴയ ഒരു സാഹിത്യ പ്രസിദ്ധീകരണം അതിന്റെ പല ലക്കങ്ങളിലായി ഓർമകൾ അയവിറക്കുന്നത് കാണുമ്പോൾ, ഓർമകൾ വിലപിടിച്ച ഒരു സാംസ്‌കാരിക മൂലധനമാണെന്ന് നമുക്ക് ബോധ്യമാകും. ഓർമകളെ കഥകളാക്കി മാറ്റാൻ കഴിയുന്ന ആഖ്യാനവിദ്യ കൈവശമുണ്ടെങ്കിൽ ഏതൊരാളും വലിയ സംസ്‌കാരസമ്പന്നനായി മാറും. അതുകൊണ്ടാണ് മാർക്കേസ് പറയുന്നത്, എങ്ങനെ ജീവിച്ചു എന്നതല്ല, എന്ത് ഓർത്തെടുക്കുന്നു എന്നതാണ് കാര്യമെന്ന്. അതുകൊണ്ടു തന്നെയാവണം മിലൻ കുന്ദേര, ‘The struggle of man against power is the struggle of memory against forgetting' എന്നും പറഞ്ഞത്.

മിലൻ കുന്ദേര / Photo: Elisa Cabot

തകർച്ചകൾ എപ്പോഴും ഓർമകളെ ആശ്രയിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു. യുദ്ധത്തിനുശേഷമായാലും പ്രണയത്തിനുശേഷമായാലും, വിപ്ലവങ്ങൾക്കും പലായനങ്ങൾക്കും ശേഷമായാലും, തകർച്ചകൾ നമ്മെ എത്തിക്കുന്നത് ഓർമകളിലേക്കാണ്. ഓർമകൾക്ക് അപ്പോൾ വിചാരണയുടെ ഒരു ഛായ കൈവരുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ഓർമകൾ വഹിച്ച രാഷ്ട്രീയദൗത്യം ഈ വിചാരണകളുടേതായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ തകർച്ചയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയവും ഫാഷിസത്തിന്റെ വളർച്ചയും ഇന്ത്യൻ സാഹിത്യത്തിലും ഓർമകളുടെ രാഷ്ട്രീയത്തെ സജീവമാക്കിത്തീർത്തിരിക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മടങ്ങിവരുന്നത് സാമൂഹ്യസ്മൃതി
തികളെ തിരിച്ചുപിടിക്കാനുള്ള വൃഥാശ്രമത്തിന്റെ ഭാഗമായിട്ടുകൂടിയാണ്. സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് നാം സ്വാതന്ത്ര്യം ആഘോഷിക്കാൻ ഒരുമ്പെടുമ്പോൾ അത് ‘അമൃത' മഹോത്സവമായി മാറുന്നത് അതുകൊണ്ടാണ്. സ്വാതന്ത്ര്യം മരണമില്ലാത്ത ഒരോർമയായി മാറുന്നു.

കുട്ടികളും ചെറുപ്പക്കാരും ഇന്നത്തെ സാഹിത്യത്തിന് വെളിയിലാകുന്നത് നമ്മുടെ സാഹിത്യം ഓർമകളുടെ പഴകിയ വീഞ്ഞുപാത്രങ്ങളായി മാറി എന്നുള്ളതുകൊണ്ടാണ്. കുട്ടികൾക്കിഷ്ടം ഫിക്ഷനുകളും ഭാവിയെപറ്റിയുള്ള ഭാവനകളുമാണ്.

ഓർമകളുടെ ഈ പുതിയസാഹിത്യലോകത്ത് പുതിയ തലമുറയുടെ റോളെന്താണ്? അവർ ആ ലോകത്തിനു വെളിയിലാണെന്നു തോന്നുന്നു. കുട്ടികളും ചെറുപ്പക്കാരും ഇന്നത്തെ സാഹിത്യത്തിന് വെളിയിലാകുന്നത് നമ്മുടെ സാഹിത്യം ഓർമകളുടെ പഴകിയ വീഞ്ഞുപാത്രങ്ങളായി മാറി എന്നുള്ളതുകൊണ്ടാണ്. കുട്ടികൾക്കിഷ്ടം ഫിക്ഷനുകളും ഭാവിയെപറ്റിയുള്ള ഭാവനകളുമാണ്. കൽപ്പിത കഥകളിലുള്ള അവരുടെ താൽപര്യം ഒരു പോസ്റ്റ് ഹ്യൂമൻ ലോകത്തേക്ക് അവരെ നയിക്കുന്നു. ഏലിയനുകളുടേയും AI-Robot കളുടെയും അല്ലെങ്കിൽ ഹ്യൂമനോയ്ഡുകളുടെയും ലോകത്ത് അവർ ഇപ്പോൾ തന്നെ സുഖകരമായി ജീവിച്ചുതുടങ്ങിരിക്കുന്നു. കാരണം വരാനിരിക്കുന്നവയുടെ ലോകത്ത് ഓർമകൾക്കല്ല സാധ്യതകൾക്കാണ് സ്ഥാനം. സാധ്യതകളുടെ സാഹിത്യത്തിലേക്ക് പ്രവേശിക്കുന്ന ഒരു പോസ്റ്റ് ഹ്യൂമൻ സമൂഹത്തിനു തൊട്ടുമുൻപുള്ള തലമുറയാകയാലാവണം നമ്മളിങ്ങനെ ഇത്രയധികം ഓർമകളിൽ മുഴുകിയിരിക്കുന്നത്. ഹ്യുമനോയ്ഡുകളുടെ ലോകത്ത് ഈ ഓർമകൾ കൊണ്ട് നമുക്ക് ഏതെങ്കിലും അധികാരത്തെ പ്രതിരോധിക്കാൻ കഴിമെന്നു തോന്നുന്നില്ല. നിർമ്മിതബുദ്ധിയുടെ അധികാരലോകത്ത് ഓർമകൾക്ക് ഇടമില്ല. അതുകൊണ്ട് ഭാവനകളുടെയും കെട്ടുകഥകളുടെയും ഒരു ലോകത്ത് ഇനിയുള്ള മനുഷ്യർ ഒളിച്ചുപാർക്കാനാണ് സാധ്യത. തലച്ചോറിലിരിക്കുന്ന ഓർമകൾ രൂപാന്തരപ്പെടുന്നതുപോലെ ഈ മനുഷ്യർ പത്തോ നൂറോ വർഷങ്ങൾക്കുള്ളിൽ ക്രമണ ഹ്യുമനോയ്ഡുകളായി രൂപാന്തരപ്പെട്ടുവെന്നും വരാം. ഒരു പക്ഷേ ഓർമിക്കുവാൻ കഴിയുന്ന മനുഷ്യരിലെ ഏറ്റവും ഒടുവിലത്തെ തലമുറകളാവാം ഇനി വരാനിരിക്കുന്നത്. അവർക്കുശേഷം, ഭാവിയിലേക്കു മാത്രമായി ഉറ്റുനോക്കുന്നവരായ സൃഷ്ടികളുടെ കാലത്ത് ആരെന്നുമെന്തെന്നും ആർക്കറിയാം. ▮


എം.ആർ. അനിൽകുമാർ

എഴുത്തുകാരൻ. പട്ടാമ്പി ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ഏകാന്തതയുടെ മ്യൂസിയം (നോവൽ), ഇംഗ്ലീഷ്​ പൂച്ച (കവിത) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments