സാഹിത്യ രചന എന്നത് മനുഷ്യനിൽ ആന്തരികമായുള്ള സവിശേഷ വാസനയാണ്. സാഹിത്യം ഏതെങ്കിലും രൂപത്തിൽ എല്ലാ സമൂഹത്തിലും എല്ലാ കാലത്തും നിലനിൽക്കും. സാഹിത്യത്തിൽ നിന്ന് പൂർണമായി അകന്നു നിൽക്കുക എന്നത് ആധുനിക മനുഷ്യർക്ക് അസാധ്യമാണ്. ഒരു പക്ഷെ അങ്ങനെ മനഃപൂർവ്വം സാഹിത്യത്തെ അകറ്റി നിർത്തുവാൻ ശ്രമിക്കുന്നത് യാന്ത്രികമായ ഒരു ജീവിതത്തിന് കാരണമാകും. പക്ഷെ അത് സ്ഥായിയായി നിലനിൽക്കുകയുമില്ല. സാഹിത്യ രചന നടത്തുന്നതിന് പല കാലത്തും സാമുദായികവും, രാഷ്ട്രീയവുമായ പ്രതിബന്ധങ്ങൾ കേരളമുൾപ്പടെ പലയിടത്തും നിലനിന്നിരുന്നു.
കേരളത്തിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ച്അവരുടെ സാമുദായികമായ ആഖ്യാനങ്ങൾ തുടങ്ങുന്നത് ഏകദേശം നാല് നൂറ്റാണ്ടുകൾക്കുമുൻപ് കോഴിക്കോട് ജീവിച്ചിരുന്ന അറബി -മലയാളം കവിയായിരുന്ന ഖാസി മുഹമ്മദി ലൂടെയാണ്; ‘മുഹിയുദ്ദീൻ മാല' എന്ന കാവ്യരചനയിലൂടെ. ഇന്നത്തെ ഇറാഖിലെ ജീലാനിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനിയെന്ന സൂഫിയെ സംബന്ധിച്ച വിവരണങ്ങളാണ് അതിന്റെ ഉള്ളടക്കം. അറബി-മലയാളം ഭാഷയിലാണത് എഴുതിയിരുന്നത്. അടുത്തകാലത്ത്, ഇന്റർനെറ്റിൽ മലയാള ഭാഷയിൽ അത് ലിപ്യന്തരണം നടത്തിയത് ലഭ്യമാണ്.
അതിനു ശേഷം, പത്തൊമ്പതാം നൂറ്റാണ്ടിൽ മഹാകവി മോയിൻ കുട്ടി വൈദ്യരുടെ കൃതികൾ പ്രസിദ്ധീകൃതമായി. ആ കാലഘട്ടം വരെയും മലയാള നാട്ടിൽ (കേരളത്തിൽ) സാഹിത്യ രചന പൊതുവേ മതചരിത്രവും പുണ്യ പുരാതന മത ബിംബങ്ങളെ സംബന്ധിച്ചുള്ളതുമായിരുന്നു. എന്നാൽ മുസ്ലിം സാമുദായിക ആഖ്യാനത്തിൽ അതിന് മാറ്റം നൽകിയത് മോയിൻ കുട്ടി വൈദ്യർ തന്നെയാണ്. വിഖ്യാത പേർഷ്യൻ സാഹിത്യകാരനായ ഖാജാ മുഈനുദ്ദീ ൻ ശാഹ് ശീറാസ് രചിച്ച പ്രണയ നോവൽ ‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ' അറബി മലയാളത്തിൽ കാവ്യാവിഷ്‌കാരം നടത്തിയത് മോയിൻകുട്ടി വൈദ്യരാണ്. ഈ കഥയെ കുറിച്ച് പേർഷ്യൻ പണ്ഡിതൻ നിസാമുദ്ദീൻ ശൈഖാണ് മോയിൻകുട്ടി വൈദ്യരോട് പറഞ്ഞത്. കേരളത്തിൽ വരുമ്പോഴെല്ലാം കൊണ്ടോട്ടി തങ്ങളെ കാണാൻ പള്ളിയിലെത്തിയിരുന്ന നിസാമുദ്ദീൻ ശൈഖ്, മോയിൻകുട്ടി വൈദ്യരെ പരിചയപ്പെടുകയും ഉറ്റസുഹൃത്തുക്കളാവുകയുമായിരുന്നു. വൈദ്യർ ഇരുപതാം വയസ്സിൽ സംസ്‌കൃത പഠനം നടത്തുന്നതിനിടെയാണ് ‘ബദറുൽ മുനീർ' കഥ നിസാമുദ്ദീൻ ശൈഖിൽ നിന്നറിഞ്ഞത്. ഇതിനെ അടിസ്ഥാനമാക്കി അദ്ദേഹം അക്കാലത്ത് കേരള മുസ്ലിം കൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അറബി മലയാളഭാഷയിൽ കാവ്യം രചിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ പ്രണയ കാവ്യമാണിതെന്നാണ് വിലയിരുത്തൽ. എന്തായാലും സാഹിത്യത്തിൽ ഇടപെടുക എന്നത് അക്കാലത്ത് അത്ര എളുപ്പം സംഗതി ആയിരുന്നില്ല എന്നത് സത്യം. മത/ സാമുദായിക വിധിവിലക്കുകൾ പ്രശ്നം സൃഷ്ടിക്കുക സ്വാഭാവികമായിരുന്നു.
പാരമ്പര്യത്തിൽ നിന്നും ആധുനികതയിലേക്ക് മുസ്ലിം സമുദായം പരിവർത്തനം ചെയ്യപ്പെടേണ്ടുന്ന ഒരു സന്ദർഭമാണ് ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്ന കൃതിയിലൂടെ ബഷീർ സൃഷ്ടിക്കുന്നത്.
വക്കം മൗലവിയും മലയാള സാഹിത്യവും
കേരളത്തിലെ മത-സാമൂഹ്യ പരിഷകർത്താവായിരുന്ന വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി (1873 -1932) സാഹിത്യത്തിന്റെ പ്രാധാന്യവും സാധ്യതയും തിരിച്ചറിഞ്ഞയാളാണ്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട് അദ്ദേഹത്തിന്റെ കൃതികളിൽ. മുസ്ലിംകളുടെ സമുദായ/ മത പരിഷ്‌ക്കരണം ലക്ഷ്യം വച്ച് 1906- ൽ അദ്ദേഹം തുടങ്ങിയതാണ് മുസ്ലിം മാസിക. 1916 -ൽ പ്രസിദ്ധീകരണം നിലച്ചു. ഈ കാലയളവിൽ മുസ്ലിംകളുടെ ഇടയിൽ പ്രചാരവും അംഗീകാരവും ഉണ്ടായിരുന്ന അറബി മലയാളം ഭാഷയ്ക്ക് വൻ വെല്ലുവിളിയായി മാതൃഭാഷയായ മലയാളത്തിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. നിരവധി എതിർപ്പുകളെ അദ്ദേഹവും നേരിട്ടിരുന്നു. മുസ്ലിം മാസികയിൽ പ്രസിദ്ധീകരിച്ച മദ്രാസ് തോട്ടക്കാട്ട് റാവു സാഹിബ് രാമകൃഷ്ണപിള്ളയുടെ ‘പദ്മിനി' എന്ന ഇംഗ്ലീഷ് കൃതിയെ കുറിച്ചുള്ള അഭിപ്രായങ്ങളും പി.വി. കൃഷ്ണവാര്യർ രചിച്ച ‘ഭാഷാവിലാസം' എന്ന സാഹിത്യ സമാഹാരത്തിന്റെ വിലയിരുത്തലുകളും ശ്രദ്ധേയമായവയാണ്.
വക്കം മൗലവിയുടെ ദീപിക എന്ന മാസികയിലും (1931) സാഹിത്യ നിരൂപണങ്ങളും കുറിപ്പുകളും കാണാം. ഒരു വർഷം മാത്രമേ ഈ മാസികയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. കാരണം മാസികയുടെ പ്രവർത്തനം പുരോഗതി പ്രാപിക്കവേ അദ്ദേഹം രോഗാസന്നനാവുകയും താമസിയാതെ മരണത്തിന് (1932 ) കീഴടങ്ങുകയും ചെയ്തു.
പി.കെ മൂസ മൗലവിയുടെ ഇക്സിറുൽ ഖലാസ് എന്ന ഖുർആനിലെ ‘സൂറത്തുൽ ഇഖ്‌ലാസിന്റെ' വ്യാഖ്യാനമായിരുന്നു ദീപികയിലെ ശ്രദ്ധേയ നിരൂപണങ്ങളിൽ ഒന്ന്. വിവിധ മതങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ, വാദ-പ്രതിവാദങ്ങൾ, നാസ്തിക വാദത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു എന്നതിനാലാണ് ഇവ തെരഞ്ഞെടുത്തത്. കേവല വാദപ്രതിവാദങ്ങൾക്കുപരി ആസ്തിക- നാസ്തികയെകുറിച്ചുള്ള തത്വചിന്താപരമായ ഉള്ളടക്കമായിരുന്നു അതിലുണ്ടായിരുന്നത് (ദീപിക, pp. 219- 229). പി. ശ്രീധരൻ പിള്ളയുടെ ‘നീർക്കുമിളകൾ' എന്ന കവിതാസമാഹാരത്തെ നിരൂപണം ചെയ്ത്മലയാള കവിതയുടെ ആധുനികതയിലേക്കുള്ള രൂപാന്തരത്തെ ഓർമിപ്പിക്കുന്നുണ്ട് ഇവിടെ. കുമാരനാശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും സി.വി. രാമൻപിള്ളയുടെയും കൃതികളെക്കുറിച്ചും ദീപിക നിരൂപണം നടത്തിയിട്ടുണ്ട്. ഈ സാഹിത്യകാരന്മാരുടെ കൃതികളുടെ അനുകരണങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അക്കാലത്തെ യുവകവികളിൽ ഒരാളായ ഗോപാലകൃഷ്ണന്റെ കവിതകൾ പരിശോധിച്ച് ഭാഷാശുദ്ധി പരിശോധിക്കുന്നുണ്ട് മറ്റൊരിടത്ത്. മലയാള ഭാഷയുടെ വിവിധ തലങ്ങളെ കുറിച്ച് അദ്ദേഹം വിലയിരുത്തിയിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ കൗതുകകരമായവേറൊന്ന് ഇതാണ്; ‘തൃച്ചംബര മഹോത്സവം' എന്നപേരിൽ സ്വാമി സാഹിത്യാനന്ദൻ എഴുതിയ ഒരു കൃതി. കേരളത്തിലെ കേളി കേട്ട ക്ഷേത്രങ്ങളിലൊന്നായ ‘സരസന്റെ' കുലദൈവ സ്ഥാനമായ തൃച്ചംബരം ക്ഷേത്രോത്സവ വർണനയാണ് ഇതിലെ ഉള്ളടക്കം. പി.ജി. നാരായണപ്പണിക്കരുടെ ‘വിജയത്തിലേക്ക്' എന്ന കവിത വായിച്ച് അതിന്റെ പ്രതിപാദന രീതി, രചനാചാതുരി, ശബ്ദമാധുരി എന്നിവയെല്ലാം മികച്ചതെന്ന് ദീപിക പ്രശംസിക്കുന്നു. കൂടാതെ, കവിയുടെ ഹൃദയവിശാലതയേയും ലോകപരിജ്ഞാനത്തെയും കാവ്യധർമത്തെയും പ്രകീർത്തിക്കുന്നുമുണ്ട് വക്കം മൗലവി.
‘കേരള മുസ്ലിംകളുടെ വകയായി ഒരു സാമുദായിക ആഖ്യായിക ഇല്ലെന്നുള്ളത് പരിഹാസ്യമാണ്. അവരുടെ ഇടയിൽ കവികൾ ഇല്ലെന്നുതന്നെ പറയാം' എന്ന് വക്കം മൗലവി വിമർശിക്കുന്നുണ്ട്
സാഹിത്യത്തിൽ നിന്നും കവിതയിൽ നിന്നും സംഗീതത്തിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുകയാണ് മുസ്ലിംകൾ ചെയ്യേണ്ടത് എന്ന് സമുദായത്തിലെ ചില പണ്ഡിതർ ഇക്കാലത്ത് പ്രസ്താവിക്കുന്നത് ഈ സാഹചര്യത്തിൽ ഓർമിക്കാം. സാഹിത്യരചന എന്നതിനെ ഒരു ജന- സമുദായത്തിന്റെ മനോവികാസം, ബുദ്ധിശക്തി, ഭാവനാ വൈഭവം, മനോധർമ വിലാസം, സൗന്ദര്യബോധം എന്നിവയെല്ലാം ഏകോഭവിച്ച ഒരു ഒരു കലാവിദ്യയായാണ് ദീപികയിൽ ‘സാഹിത്യവും സമുദായവും' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ (പേജ്. 537- 539) വിശേഷിപ്പിക്കുന്നത്. സാഹിത്യ- കലാ ലോകത്തുനിന്ന് അകൽച്ച പാലിക്കേണ്ടവരല്ല മുസ്ലിം സമുദായം എന്ന് ഈ ലേഖനം ശക്തമായി ആഹ്വാനം ചെയ്യുന്നു.
ഒരു രാജ്യത്തിന്റെയോ, ഒരു സമുദായത്തിന്റെയോ സൗന്ദര്യബോധം, സംസ്‌കാര സ്വത്വം തുടങ്ങിയവയുടെ സ്പഷ്ടമായ പ്രതിഫലനമാണ് സാഹിത്യത്തിൽ കാണേണ്ടത്. ഓരോ ദേശത്തെയും സമുദായത്തെയും രാജ്യത്തെയും ഏറെക്കുറെ കൃത്യമായി ചിത്രീകരിക്കുന്നത് സ്വന്തമായ, അവരുടേതായ സാഹിത്യങ്ങളാണ്. സാഹിത്യം വിനോദവും വിജ്ഞാനവും നൽകുന്നതാണെന്നതിനാൽ അതിൽ വികാരവും, വിചാരവും ഉണ്ട് എന്നതാണ് വസ്തുത. വികാരവും വിചാരവും സാഹിത്യകാരന്റെ ഹൃദയത്തിൽ സംജാതമാകുവാൻ കാരണം ആ സാഹിത്യകാരന്റെ പരിതസ്ഥിതികളാണ്. മതം,സമുദായം, രാഷ്ട്രം എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ഓരോ സമുദായത്തിലെയും അനഭിലഷണീയമായതും ജീർണിതവുമായ സ്ഥിതികൾ സാഹിത്യകാരന്മാർ തുറന്നെഴുതുന്നു. അപ്രകാരം അവർ ‘സാമൂഹ്യ പുനരുദ്ധാരകൻമാർ' കൂടിയാകുന്നു എന്ന് അക്കാലത്തെ ദീപിക യിൽ, ലേഖനത്തിന്റെ ഒടുവിൽ എടുത്തു പറയുന്നത് അതീവ പ്രാധാന്യത്തോടെയാണ് മുസ്ലിം പണ്ഡിതർ മനസ്സിലാക്കേണ്ടത്.
സാഹിത്യവും കലയും സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഉപാധികളാണ് എന്ന വസ്തുത വക്കം മൗലവി തിരിച്ചറിഞ്ഞിരുന്നു എന്നതാണ് ലേഖനത്തിലെ സന്ദേശങ്ങളിൽ മുഖ്യമായത്. കൂടാതെ ഇവിടെ മുസ്ലിം സമുദായവും സാഹിത്യവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നതും തികച്ചും ശ്രദ്ധേയമാണ്. ആ കാലഘട്ടത്തിൽ കേരളീയ മുസ്ലിംകൾ സാഹിത്യപരമായി/സാഹിത്യത്തോട് കാണിക്കുന്ന ‘പരാങ്മുഖത്വം, അനഭിലഷണീയമാണ്' എന്ന് പ്രസ്തുത ലേഖനത്തിൽ പറയുന്നുണ്ട്. ‘കേരള മുസ്ലിംകളുടെ വകയായി ഒരു സാമുദായിക ആഖ്യായിക ഇല്ലെന്നുള്ളത് പരിഹാസ്യമാണ്. അവരുടെ ഇടയിൽ കവികൾ ഇല്ലെന്നുതന്നെ പറയാം' എന്നു വിമർശിക്കുന്നുണ്ട് വേറൊരിടത്ത്. ‘മുസ്ലിം സമുദായത്തിന് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ആസ്പദമാക്കി എത്രയെങ്കിലും ആഖ്യായികകളും ചെറുകഥകളും എഴുതുവാൻ സന്ദർഭവും സൗകര്യവും ഉണ്ട്. ഒരു കാര്യം നേരെ പറഞ്ഞാൽ നന്നായില്ലെങ്കിൽ (അതായത് ഒരു വ്യക്തിയോ ഒരു സമൂഹമോ) തമാശയായി പറഞ്ഞാൽ നന്നാകുന്ന സമ്പ്രദായമുണ്ട്. അത് സാഹിത്യത്തിന്റെ സവിശേഷ സിദ്ധിയാണ്. ഇപ്രകാരം ഓരോ ദുരാചാരത്തെയും അന്ധവിശ്വാസത്തെയും ഫലിതത്തിലൂടെയുള്ള ചെറുകഥകൾ ആക്കുന്ന പക്ഷം അവയെല്ലാം കൂടി ഒരൊന്നാന്തരം സാമുദായിക കഥാമാലികയായിത്തീരുന്ന സാഹചര്യമുണ്ടെന്ന്’ ലേഖകൻ പ്രത്യാശിക്കുന്നത് തികഞ്ഞ ഔചിത്യ ബോധത്തോടെയാണ്. 1931 -ൽ പ്രസിദ്ധീകരിക്കപ്പെട്ട വാക്യങ്ങളാണിവ. വക്കം മൗലവിയുടെ മാസികയിൽ ഇതൊക്കെ പ്രസിദ്ധീകരിച്ചു വരുന്ന സമയത്ത് ബഷീറിന് 23 വയസ്സാണ്.
എഴുത്തിനൊപ്പം വലിയ വായനയും ഉണ്ടായിരുന്ന ബഷീർ, വക്കം മൗലവിയുടെ ദീപിക അതിന്റെ പ്രസിദ്ധീകൃത കാലത്ത് തന്നെ വായിച്ചിരുന്നിരിക്കാം. അതിൽ നിന്നുള്ള പ്രചോദനത്താലാകാം സാഹിത്യ ലോകത്തേയ്ക്ക് ബഷീർ ചുവടു വച്ചത്.
ബഷീർ എഴുത്തുകാരൻ ആയതെങ്ങനെ?
വൈക്കം മുഹമ്മദ് ബഷീർ ഒരു എഴുത്തുകാരൻ ആയിത്തീരുന്നത്, മുസ്‌ലിമിനെ അപരവൽക്കരിച്ച അക്കാലത്തെ മലയാളി സാമൂഹ്യ ബോധത്തിൽ നിന്നാണെന്നത് വ്യക്തമാണ്. കുട്ടിക്കാലത്തെ ഓർമയിൽ നിന്നാണ് അത് ബഷീർ ഓർത്തെടുക്കുന്നത്: ‘വൈക്കത്തഷ്ടമിക്ക് പുസ്തക കച്ചവടക്കാർ വരും. രണ്ട് സ്‌നേഹിതന്മാരുടെ വീടിന്റെ വരാന്തയിലാണ് കച്ചോടം. അവർ എനിക്ക് നോവൽ എടുത്ത് തരും വായിക്കാൻ. ഞാൻ അങ്ങനെ രാത്രി മുഴുവനും ഇരുന്ന് വായിക്കും. നങ്ങേലി എന്ന ഹിന്ദു സ്ത്രീ രാവിലെ മുറ്റമടിക്കുന്നത് കേട്ടാണ് വായന നിർത്തുന്നത്. വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും നോവലുകളിലും കഥാപാത്രങ്ങൾ കള്ളന്മാര്, കൊലപാതകികള്, വഞ്ചകര്, എല്ലാം മുസ്ലിംകളാണ്. എന്റെ കുടുംബക്കാരും മറ്റു പല ആളുകളും കള്ളന്മാരും ഒന്നും അല്ല. അപ്പൊ അതെന്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. ഞാൻ വലുതാകുമ്പോൾ അത് എഴുതും.' (ബഷീർ: ദി മാൻ, ഡോക്യുമെന്ററി) കുറേക്കൂടി റിയലിസ്റ്റിക് ആയി, സന്തുലിതമായി മുസ്ലിം സാമുദായിക പശ്ചാത്തലമായി ആഖ്യാനങ്ങൾ ബഷീർ എഴുതുന്നത് അങ്ങനെയാണ്.
വക്കം മൗലവിയും വൈക്കം മുഹമ്മദ് ബഷീറും
വക്കം മൗലവിയും ബഷീറും തമ്മിൽ അഭൂതപൂർവ്വമായ ഒരു ചരിത്ര ബാന്ധവം ഈ സന്ദർഭത്തിൽ സ്ഥാപിച്ചെടുക്കാവുന്നതാണ്. അതായത് ദീപികയിലെ ‘സാഹിത്യവും സമുദായവും' എന്ന ലേഖനം വായിച്ച് അത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ. പിൽക്കാലത്തെ അദ്ദേഹത്തിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’, ‘പാത്തുമ്മായുടെ ആട്' തുടങ്ങിയ രചനകൾ വായിക്കുമ്പോൾ, ആ കൃതികളുടെ ആന്തരാർത്ഥം അറിഞ്ഞവർക്ക് പ്രത്യേകമായി അത് മനസ്സിലാകും. ഈ ബാന്ധവം തികച്ചും യാദൃശ്ചികം അല്ലെന്നുതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. എഴുത്തിനൊപ്പം വലിയ വായനയും ഉണ്ടായിരുന്ന ബഷീർ, വക്കം മൗലവിയുടെ ദീപിക അതിന്റെ പ്രസിദ്ധീകൃത കാലത്ത് തന്നെ വായിച്ചിരുന്നിരിക്കാം. അതിൽ നിന്നുള്ള പ്രചോദനത്താലാകാം സാഹിത്യ ലോകത്തേയ്ക്ക് ബഷീർ ചുവടു വച്ചത്.
1920-കളിൽ തന്നെ മലയാളി മുസ്ലിം സമുദായത്തിനിടയിൽ ധാരാളം സാഹിത്യ വായനക്കാരും കേൾവിക്കാരും ഉണ്ടായിരിക്കെ അവരിൽ നിന്ന് സാഹിത്യകാരന്മാർ ഭാവിയിൽ രൂപപ്പെടാതിരിക്കാതെ നിവൃത്തിയില്ലെന്ന് ദീപിക യിലെ ലേഖനം ദീർഘവീക്ഷണം നടത്തുന്നത് ശ്രദ്ധേയമാണ്
ബഷീറിന്റെ രചനകൾ ഈ ദീപിക ലേഖനം വായിച്ചശേഷം വായിക്കുകയാണെങ്കിൽ അത് കൃത്യമാണ്. ‘സമുദായ പരിഷ്‌കരണങ്ങൾക്ക് ഗഹനങ്ങളായ ലേഖനങ്ങളെക്കാൾ ചെറുകഥകൾ ഉപകരിച്ചേക്കാം. ആഖ്യായികകളും, നോവലുകളും, കവിതകളും മുസ്ലിം സമുദായത്തിൽ നിന്ന്ഉണ്ടായി വരേണ്ടിയിരിക്കുന്നു' എന്ന് ഈ ലേഖനം അർത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ്. ഈ കാലഘട്ടത്തിൽ സിനിമയും പ്രസ്തുത വിഷയത്തിൽ ഉപയോഗിക്കാനുള്ള മനോവികാസം ആർജ്ജിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ ഇസ്ലാമിക പണ്ഡിതരുടെയിടയിൽ ഒരു സമവായം ഉണ്ടാകേണ്ടതുണ്ട്. 1920-കളിൽ തന്നെ മലയാളി മുസ്ലിം സമുദായത്തിനിടയിൽ ധാരാളം സാഹിത്യ വായനക്കാരും കേൾവിക്കാരും ഉണ്ടായിരിക്കെ അവരിൽ നിന്ന് സാഹിത്യകാരന്മാർ ഭാവിയിൽ രൂപപ്പെടാതിരിക്കാതെ നിവൃത്തിയില്ലെന്ന് ദീപിക യിലെ ലേഖനം ദീർഘവീക്ഷണം നടത്തുന്നത് ശ്രദ്ധേയമാണ്. ആ ദീർഘവീക്ഷണത്തിൽ നിന്നുള്ള മനോഹരമായ പാന്ഥാവ് ആയിരിക്കാം വൈക്കം മുഹമ്മദ് ബഷീർ വെട്ടിയുണ്ടാക്കിയത്. എൻ.പി. മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സാമുദായിക ആഖ്യായികകളിൽ, കുറെ താമസിച്ച് ആണെങ്കിലും അനുഭവത്തിൽ എത്തിയിട്ടുണ്ട് എന്നുപറയാം.
എം.പി. പോൾ ബഷീറിന് എഴുതിയ ആമുഖം
കെ. മുഹമ്മദലിയുടെ ‘സാഹിത്യവും സമുദായവും' എന്ന ലേഖനവും അത് ദീപിക യിൽ വക്കം മൗലവി പ്രസിദ്ധീകരിക്കാനിടയായ സാഹചര്യവും പരാമർശിച്ചതിന്റെ അനുബന്ധമായി നാം വായിക്കേണ്ട ഒന്നാണ് ‘ബാല്യകാലസഖി'ക്ക് 1944-ൽ എം.പി. പോൾ എഴുതിയ ആമുഖം. അതിൽ നിന്നുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക: ‘‘ഒരു സമുദായത്തിന്റെ ഹൃദയത്തിൽ പ്രവേശിക്കുവാനുള്ള ഏകമാർഗ്ഗം സാഹിത്യമാണ്. കേരളത്തിലെ ഒരു വമ്പിച്ച ജനവിഭാഗമായ മുസ്ലിം സമുദായം നമ്മുടെ സാഹിത്യത്തിന് അപരിചിതമായിട്ടാണ് ഇതേവരെ കഴിഞ്ഞുകൂടിയിട്ടുള്ളത്. തന്നിമിത്തമുള്ള നഷ്ടം മുസ്ലിം സമുദായത്തിന് അല്ല മലയാള സാഹിത്യത്തിനാണ്''.
നിർണായകമായ ഒരു സാംസ്‌കാരിക വിമർശനമാണ് ഇവിടെ എം.പി പോൾ ഉന്നയിച്ചത്. സാഹിത്യവും കലയും ഒഴിവാക്കി നിലനിൽക്കുക എന്നത് മനുഷ്യസമൂഹത്തിന് സാധ്യമല്ല. സാഹിത്യത്തിന്റെ വായനാലോകം മാത്രമല്ല സാഹിത്യസൃഷ്ടിയെക്കൊണ്ടുള്ള സാമൂഹ്യ പരിണാമവും കൂടി ഒരു സമുദായത്തിന് അനിവാര്യമാണെന്ന് അതിന്റെ ജൈവികതയിൽ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ബഷീറും വക്കം അബ്ദുൽ ഖാദറും
വക്കം മൗലവിയുടെ നാലാമത്തെ മകനായിരുന്നു പത്രപ്രവർത്തകനും സാഹിത്യ നിരൂപകനുമായിരുന്ന, 1950 -1960 കാലഘട്ടത്തിൽ കേരളത്തിൽ സജീവമായിരുന്ന വക്കം അബ്ദുൾ ഖാദർ. തന്റെ മകന് തന്റെ പേര് നൽകിയതിനുപിന്നിലും വക്കം മൗലവിയുടെ സമുദായ പരിഷ്‌ക്കരണ ചിന്തയായിരുന്നു എന്നത് ഒരുപക്ഷെ ആശ്ചര്യപ്പെടുത്തും. കാരണം, മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കിടയിലെ കുറഞ്ഞത് രണ്ടു നൂറ്റാണ്ടെങ്കിലുമായുള്ള ഒരു അന്ധവിശ്വാസമാണ് സ്വന്തം ഭർത്താവിന്റെ പേര് ഉച്ചരിക്കൽ നിഷിദ്ധമാണെന്നത്. ഭർത്താവിന്റെ പേര് വിളിക്കുന്നതുപോയിട്ട് സംസാരത്തിൽ പോലും ആ പേര് പറയാതിരിക്കുവാൻ അവർ ശ്രദ്ധിച്ചിരുന്നു. തന്റെ ഭാര്യയ്ക്കുമുള്ള ആ വിശ്വാസം മാറ്റാൻ വക്കം മൗലവി സ്വന്തം മകനും തന്റെ പേരുതന്നെ - അബ്ദുൽ ഖാദർ എന്ന് പേരിട്ടു. ഈ സംസ്‌ക്കാരം ഇന്നും സമുദായത്തിലുണ്ടെന്നത് യാഥാർഥ്യമാണ്. പുതു തലമുറയിലെ ഭാര്യമാരിലാണ് ഏറെ മാറ്റം വന്നിട്ടുള്ളത്.
പറഞ്ഞു വന്നത് വക്കം മൗലവിയുമായുള്ള ബഷീറിന്റെ പരിഷ്‌കരണ സംബന്ധിയായ ബന്ധമാണ്. ബഷീറും മൗലവിയുടെ മകൻ വക്കം അബ്ദുൾ ഖാദറും ദീർഘകാല സുഹൃത്തുക്കളായിരുന്നു. സാഹിത്യ ചർച്ചയിലും കത്തിടപാടുകളിലും ഇവർ നിരന്തരം ബന്ധം സൂക്ഷിച്ചുപോന്നു. 1959-ൽ അബ്ദുൽ ഖാദർ എഴുതിയ ‘ചിത്രമണ്ഡപം' എന്ന പുസ്തകത്തിൽ ‘ബഷീറിന്റെ കഥ' എന്ന ലേഖനമുണ്ട്. അതിൽ പറയുന്നു. ‘‘... നാല് ലക്ഷം രൂപ ഇന്നത്തെ സർക്കാർ വഴി തനിക്കു ലഭിക്കുമെന്ന് രാഷ്ട്രീയ കക്ഷിക്കാരും മറ്റും പറഞ്ഞു കേട്ടപ്പോൾ അവർക്ക് ബഷീറിൽ നിന്ന് ലഭിച്ചത് ഒരു ചോദ്യമായിരുന്നു: ‘ഇത്രയധികം (പണം) എനിക്കെന്തിന്?''
ഇനിയുമുണ്ട് കഥ: ‘‘ബഷീർ കമ്യൂണിസ്റ്റ് സഖാവായെന്നും അദ്ദേഹത്തെ പാർട്ടി മെമ്പർ ആക്കിയെന്നും മറ്റും പ്രതിപക്ഷങ്ങൾ പറഞ്ഞതായി പത്രങ്ങളിൽ വന്നു പോൽ. ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' എന്ന കൃതി പള്ളിക്കൂടങ്ങളിൽ നോൺ ഡീറ്റയിൽഡായി അംഗീകരിക്കപ്പെട്ടതാണ് ഇതിനൊക്കെ കാരണം''.
‘‘ആ പുസ്തകം പ്രസിദ്ധപ്പെടുത്തിയ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തോട് ആലോചിച്ച് അവർക്ക് ചെലവായ സംഖ്യ അവർക്കും ഒരു അൻപതിനായിരം എനിക്കും ബാക്കി മൂന്നു ലക്ഷത്തിൽ ചില്വാനം പ്രതിപക്ഷങ്ങൾക്കും - ഇങ്ങനെ വീതിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനോടപേക്ഷിക്കുന്നു. പ്രതിപക്ഷങ്ങൾ നന്നാവട്ടെ’’ എന്ന് ബഷീർ പറയുമ്പോൾ ‘ഡെന്മാർക്കിലെന്തോ അളിഞ്ഞു നാറുന്നു, അവിടെ എന്തോ കുഴപ്പമുണ്ട് ' (ചിത്രമണ്ഡപം. പേജ്.7-20) എന്ന വാചകം ഓർമ വരുന്നു.
മുസ്ലിം സമുദായത്തിലെ പാരമ്പര്യ വാദങ്ങളെ ഹാസ്യാത്മകമായും പരോക്ഷമായും വിമർശിച്ച ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' വിവാദമായതെങ്ങനെയെന്ന് അബ്ദുൾ ഖാദർ വിശകലനം ചെയ്യുന്നുണ്ട്.
തുടർന്ന് മറ്റൊരിടത്ത് ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതിനോടുള്ള ബഷീറിന്റെ പ്രതികരണം അബ്ദുൽ ഖാദർ എഴുതുന്നു. തന്റെ കൃതി പള്ളിക്കൂടങ്ങളിൽ അംഗീകരിക്കപ്പെട്ടതിനെ പറ്റി ബഷീറിന് ഒരു കാര്യം പറയാനുണ്ട്. ‘ബഹുമാനപ്പെട്ട പരശുരാമൻ കേരളമുണ്ടാക്കിയതിനുശേഷം ഉണ്ടായ ആദ്യ സംഭവമാകുന്നു ഇത്. അതായത് ഒരു മുസൽമാന്റെ പുസ്തകം നോൺ ഡീറ്റയിലഡായിട്ടാണെങ്കിലും സ്വീകരിക്കുക എന്ന അത്ഭുത സംഭവം'.
മുസ്ലിം സമുദായത്തിലെ പാരമ്പര്യ വാദങ്ങളെ ഹാസ്യാത്മകമായും പരോക്ഷമായും വിമർശിച്ച ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' വിവാദമായതെങ്ങനെയെന്ന് അബ്ദുൾ ഖാദർ വിശകലനം ചെയ്യുകയാണിവിടെ. കൂടാതെ ബഷീറിന്റെ മറ്റു കൃതികൾ അക്കാലത്ത് നേരിട്ട വിമർശനങ്ങൾ ബഷീറിന്റെ ഭാഗത്തുനിന്ന് അതിന്റെ സാഹിത്യ കലാമൂല്യത്തെയും മൗലികതയെയും ആധാരമാക്കി അദ്ദേഹം സമർത്ഥിക്കുന്നുമുണ്ട്. ബഷീറിനെ കുറിച്ച് പഠനം നടത്തിയ ഇ. എ. ആഷർ എഴുതുന്നു: ‘‘യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങൾ, വിശ്വാസങ്ങൾ ഒട്ടു വളരെയുണ്ട് ഈ ഗ്രന്ഥത്തിൽ. (ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു). വർത്തമാന കാലത്ത് ജീവിക്കൂ എന്നാണ് ഇതിലെ ആഹ്വാനം.''
മതത്തിന്റെയും സമുദായത്തിന്റെയും ആധുനികതയുമായുള്ള സന്തുലിതമായ, സാന്ദർഭിക ഇടപെടലുകൾ നടത്താനാണ് വക്കം മൗലവിയും ബഷീറും വാസ്തവത്തിൽ ലോകത്തോട് പറഞ്ഞത് എന്നത് ഓർമിക്കപ്പെടണം.
‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു' എന്ന രാഷ്ട്രീയ നോവൽ
പാരമ്പര്യ (tradition) ത്തിൽ നിന്നും ആധുനികത (modernity) യിലേക്ക് മുസ്ലിം സമുദായം പരിവർത്തനം ചെയ്യപ്പെടേണ്ടുന്ന ഒരു സന്ദർഭമാണ് ലളിതമായ ഈ കൃതിയിലൂടെ ബഷീർ സൃഷ്ടിക്കുന്നത്. പാരമ്പര്യത്തിൽ മുറുകെ പിടിച്ച് മാറ്റുവാനോ, മാറുവാനോ തയ്യാറില്ലാത്ത മതത്തെ/ബിംബത്തെ സൂചിപ്പിക്കുന്നത് കഥാനായിക കുഞ്ഞുപാത്തുമ്മായുടെ ഉമ്മ കുഞ്ഞു താച്ചുമ്മയിലൂടെയാണ്. പഴയ തലമുറയിലെ അവരുടെ സമ്പന്ന ജീവിത സാഹചര്യങ്ങളാണ് അവർ മഹത്വ വൽക്കരിക്കുന്ന ഉപ്പുപ്പാടെ ആന. അതായത്, ഇസ്ലാമിക ലോകത്തിന് ഒരിക്കൽ ഒരു സുവർണ യുഗമുണ്ടായിരുന്നു. അബ്ബാസിയ്യാ - ഒസ്മാനിയ്യ- മുഗൾ സാമ്രാജ്യങ്ങളുടെ ലോകാധിപത്യ മാഹാത്മ്യം ആയിരിക്കാം ആ പ്രതീകവൽക്കപ്പെടുന്ന ‘ആന'. ബാഗ്ദാദിലെ അബ്ബാസിയ ഭരണകൂടവും, സ്‌പെയിനിലെ ഉമവിയ ഭരണകൂടവും 9 -10 നൂറ്റാണ്ടുകളിൽ ലോകത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു. അവിടെ സാഹിത്യവും സംഗീതവും അന്യമായിരുന്നില്ല. ആ സമ്പന്ന പാരമ്പര്യത്തിൽ മതനേതൃത്വം ഇന്നും അഭിമാനം കൊള്ളുകയും അതിനെ പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ആ സമ്പന്ന പാരമ്പര്യം എങ്ങനെ നേടിയെടുത്തു എന്നത് അവർ വിസ്മരിക്കുകയും ചെയ്യുന്നു. പിൽക്കാലത്ത് ആ ആനയെല്ലാം ഇല്ലാതായിപ്പോയി. പ്രതാപം നശിച്ചു. കുഞ്ഞുതാച്ചുമ്മയുടെ കുടുംബം (മുസ്ലിം ലോകം) ചെറിയ വീട്ടിലേക്ക് താമസം മാറി. വാസ്തവത്തിൽ ആ വീടുമാറ്റം ലോകം ആധുനികതയിലേക്ക് പരിണമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പല പരിണാമങ്ങളോടും പുറംതിരിഞ്ഞു നിന്നു എന്നതിനെയാണ് ചെറിയ വീട്ടിലേക്കുള്ള കുഞ്ഞുതാച്ചുമ്മായുടെ കുടുംബത്തിന്റെ മാറ്റം സൂചിപ്പിക്കുന്നത്. മുസ്ലിം പിന്നാക്കാവസ്ഥയുടെ അടിസ്ഥാന കാരണങ്ങൾ ഇവിടെ വിവക്ഷിക്കുന്നു . എഴുത്തും വായനയും പഠിക്കുന്നത് തെറ്റാണെന്ന ധാരണ ഈ കുടുംബത്തിന് വന്നു ചേരുന്നു. അയൽപക്കത്ത് ആധുനിക പൗരത്വത്തിന്റെ രൂപമായ നായകൻ നിസാർ അഹമ്മദ് വരുന്നു. കുഞ്ഞുപാത്തുമ്മയുമായി ഇടപഴകുന്നു. എന്നാൽ അവരുടെ ആധുനിക രീതികൾ സ്വീകരിക്കുവാൻ ഈ കുടുംബം തയ്യാറാകുന്നില്ല. അതിനെ ഭയക്കുന്നു, വെറുക്കുന്നു. അഥവാ ആധുനികതയോട് മുസ്ലിം സമുദായം പുറംതിരിഞ്ഞാണ് നിൽക്കുന്നത്. പക്ഷെ പതിയെ പാരമ്പര്യത്തിലുള്ള നായികയെ ആധുനിക നായകൻ സ്വീകരിക്കുന്നതും നായിക അതിന് തയ്യാറാകുന്നതുമാണ് കഥയുടെ അന്തഃസാരം. അതിമനോഹരമായാണ് ഈ കഥയെ പരിസമാപ്തിയിലേക്കെത്തിക്കുന്നത്.ചുരുക്കത്തിൽ, സമുദായികാഖ്യാനങ്ങൾ എഴുതുന്നതിന് ബഷീറിനുള്ള പ്രചോദനം വക്കം മൗലവിയിൽ നിന്നും, വക്കം അബ്ദുൾ ഖാദറിൽ നിന്നുമായിരുന്നു എന്ന്ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം. വക്കം മൗലവി ഒരു മതപണ്ഡിതൻ എന്ന നിലയിൽ മലയാള സാഹിത്യത്തെ വിലമതിക്കുകയും, അവയെ തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ നിരൂപണം ചെയ്യാനും ശ്രമിച്ചു. കാരണം, ഇന്നു പോലും അത്തരം പരിശ്രമങ്ങൾ മത വിഭാഗങ്ങളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളിൽ അപൂർവ്വമാണ്. അതുകൂടാതെ, മത പ്രമാണങ്ങളുടെ അക്ഷര വായനയിലൂടെ സാഹിത്യത്തെ തള്ളിക്കളയുന്ന മതയാഥാസ്ഥികത്വം ഒരു ഭാഗത്തുണ്ട് എന്നതാണ് 1906-31 കാലഘട്ടത്തിലെ വക്കം മൗലവിയുടെ പ്രവർത്തനത്തെ വ്യത്യസ്തമാക്കുന്നത്. ▮
Reference:
വക്കം മൗലവിയുടെ ദീപിക (1990 )
വക്കം അബ്ദുൽ ഖാദർ, ചിത്രമണ്ഡപം (1959 )
വൈക്കം മുഹമ്മദ് ബഷീർ, ബാല്യകാലസഖി (1948 )
വൈക്കം മുഹമ്മദ് ബഷീർ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു(1951)M.A Rahman, Basheer the man (Documentary, 1987).
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.