Photo : Wikimedia Commons

അവർണ കവികളുടെ മാതൃക ആശാനോ?

‘സീത’യെ മുൻനിർത്തി വിമർശന വായന

സീതാകാവ്യത്തിലെ സീത ആധുനിക സ്​ത്രീകളുടെ പ്രതിനിധിയാണ്​ എന്ന അവകാശവാദത്തെ, പുതിയ കാലത്തുനിന്ന്​ വായിച്ചെടുക്കുന്നു. നൂറുവർഷം പിന്നിട്ട ‘ചിന്താവിഷ്​ടയായ സീത’ക്ക്​ ഒരു വിമർശാനത്മക വായന

ചിന്താവിഷ്ടയായ സീത എന്ന ആശാന്റെ സീതാകാവ്യം കേരള നവോത്ഥാന ആധുനികതയുടെ ഒരു പ്രധാന ഏടായി പൊതുവെ അടയാളപ്പെടുത്തുന്നുണ്ട്. ആശാന്റെ സീതയാകട്ടെ, ‘ആധുനിക സ്ത്രീ'യുടെ പ്രതീകമായും നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. പാരമ്പര്യത്തിനുള്ളിൽ സ്ഥിതിചെയ്തുകൊണ്ട് പാരമ്പര്യത്തെ വിധ്വംസാത്മകമായി നവീകരിക്കാൻ പ്രേരിപ്പിക്കുന്ന കൃതിയെന്ന നിലയിലും ആശാന്റെ സീതാകാവ്യത്തെ സ്ഥാനപ്പെടുത്താൻ ശ്രമങ്ങളുണ്ട്.

എന്നാൽ, പലവിധത്തിലുള്ള ഇത്തരം അടയാളപ്പെടുത്തലുകൾ തുടരുമ്പോഴും ആശാന്റെ സീതാകാവ്യം ആന്തരികമായി സംവഹിക്കുന്ന ഇതിഹാസപുരാണപാഠ ങ്ങളുടെ യാഥാസ്ഥിതിക മൂല്യബോധം തുറന്ന ചർച്ചയ്ക്ക് വിധേയമാവാതെ തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. കേരള നവോത്ഥാന ആധുനികത എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയയിൽ കുമാരനാശാന്റെ സംഭാവനകളെ വിലമതിക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ ഉള്ളടങ്ങിയ ഇതിഹാസ പുരാണ വേദാന്ത പാഠങ്ങളുടെ മൂല്യവ്യവസ്ഥയെ തുറന്ന സംവാദത്തിന് വിധേയമാക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലർത്തലാണ്.

‘കർമവിപാകം’ എന്ന സങ്കൽപം ആശാന്റെ സീതാകാവ്യത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട് എന്ന വസ്തുത കർമഫലസിദ്ധാന്താശയത്തിന്റെ സ്വാധീനം എത്രയധികമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

സീതാകാവ്യത്തിലെ വേദാന്ത- കർമ ഭാവനകൾ

അദ്വൈത വേദാന്തചിന്തകളുടെ സ്വാധീനം ആശാന്റെ കൃതികളിൽ വ്യക്തമായി ദർശിക്കാം. സീതാകാവ്യത്തിൽ സീതയിലൂടെ ജീവിതത്തെ സംബന്ധിച്ച അഭിസന്ധികളും പ്രശ്നങ്ങളും വെളിവാക്കുമ്പോൾ അതെല്ലാം വേദാന്ത കർമസി ദ്ധാന്തബന്ധിതമായാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ‘ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം' എന്ന കവിസൂക്തികൾ ഇന്ത്യൻ കർമസിദ്ധാന്തത്തിന്റെ സ്വാധീനതയിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു കൈ പ്രഹരിക്കവേ പിടി- ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ
എന്ന നിയതിയെ (വിധി) പറ്റിയുള്ള ചിന്തകൾ സീതാകാവ്യത്തിലെ കർമബന്ധിതവും മനുഷ്യന് തടുക്കാൻ കഴിയാത്തതുമായ വിധിഹിതത്തെ ഉറപ്പിക്കുന്നു. നിഴലും വെളിച്ചവും പോലെ സുഖദുഃഖങ്ങൾ അനുഭവപ്പെടുന്നു (അഴലും സുഖവും സ്ഫുരിപ്പതും/ നിഴലും ദീപവുമെന്ന പോലവേ) എന്ന് കവി പ്രസ്താവിക്കുമ്പോഴും അത് കേവലമായ ഒരു ലോകോക്തിയല്ലെന്നും കർമസിദ്ധാന്തത്തിന്റെ നിഴൽ ഈ വരികളിലും വീണുകിടക്കുന്നുണ്ടെന്നും കാണാം. ഗർഭിണിയായ സീത കാട്ടിലുപേക്ഷിക്കപ്പെടാൻ കാരണം, ‘കർമവിപാക'മാണെന്ന് ആശാന്റെ

സീതാകാവ്യം വ്യക്തമായി പ്രസ്താവിക്കുന്നു:

കടുവാക്കുകൾ കേട്ടു കാനനം നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ വെടിവാൻ തരമായ് മറിച്ചുമേ; കുടിലം കർമവിപാകമോർക്കുകിൽ​​​​​​​

‘കർമവിപാകം’ എന്ന സങ്കൽപം ആശാന്റെ സീതാകാവ്യത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട് എന്ന വസ്തുത കർമഫലസിദ്ധാന്താശയത്തിന്റെ സ്വാധീനം എത്രയധികമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
ഇന്ത്യൻ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ കർമസിദ്ധാന്തത്തിലാണ്. കർമസിദ്ധാന്തം ജാതിവ്യവസ്ഥയെ സാധൂകരിച്ച് നിലനിർത്തുന്നു. ഒരു വ്യക്തി അനുഭവിക്കുന്ന സുഖദുഃഖാവസ്ഥകളെ നിർണയിക്കുന്നത് അവരവർ ചെയ്ത പുണ്യപാപകർമങ്ങളുടെ ഫലമാണെന്നതാണ് കർമഫലസിദ്ധാന്തം. ഉന്നതജാതിയിലും, ഉയർന്ന സമ്പത്തുള്ള ഇടങ്ങളിലും ജനിക്കുന്നവർ പുണ്യകർമങ്ങൾ ചെയ്തവരാണെന്നും സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവർ ഹീനജാതികളിൽ പിറന്ന് സാമ്പത്തികവും സാമൂഹികവുമായ അസമത്വം അനുഭവിക്കുന്നതിന് കാരണം കർമഫലമാണെന്നും കർമസിദ്ധാന്തം പറഞ്ഞുവെയ്ക്കുന്നു.

സാമൂഹിക അസമത്വം നേരിടുന്നവരെ, നൂറ്റാണ്ടുകൾ പ്രസ്തുത അസമത്വ വ്യവസ്ഥയ്ക്കെതിരെ കലാപമുയർത്തുന്നതിൽ നിന്ന് തടഞ്ഞുനിർത്തിയത് ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്ര അടിത്തറയായ കർമസിദ്ധാന്തമായിരുന്നു. ഇതിഹാസ പുരാണപാഠങ്ങളും ഗീതയും ശാങ്കരാദ്വൈതവുമെല്ലാം ഒന്നുപോലെ പിൻപറ്റുന്ന ഒന്നാണ് അസമത്വത്തിന്റെ ന്യായീകരണയുക്തിയായ കർമസിദ്ധാന്തം.

കുമാരനാശാൻ

‘തനിക്കിപ്പോൾ സീതയെ പിരിഞ്ഞ് കഠിനദുഃഖമനുഭവിക്കേണ്ടിവന്നത് കർമഫലം കൊണ്ടാണെന്ന്' വാത്മീകിരാമായണത്തിൽ രാമൻ പ്രസ്താവിക്കുന്നുണ്ട് (ആരണ്യകാണ്ഡം, 63.4). പശുക്കുട്ടി അതിന്റെ മാതാവിനെ തെരഞ്ഞെത്തുന്നതുപോലെ കർമഫലം അതിന്റെ ഭോക്താവിന്റെ സമീപം കൃത്യമായി എത്തിച്ചേരുമെന്ന് മഹാഭാരതവും പറയുന്നു. ഒരു വ്യക്തി ഉയർന്ന കുലത്തിൽ, ഉയർന്ന സമ്പത്തുള്ള ഇടങ്ങളിൽ ജനിക്കുന്നതിന് നിദാനം കർമഫലമാണെന്ന് ഗീതാഭാഷ്യത്തിൽ ശങ്കരാചാര്യരും സിദ്ധാന്തിക്കുന്നു. ഇങ്ങനെ അസമത്വത്തിന്റെ സാധൂകരണയുക്തിയായി പ്രവർത്തിക്കുന്ന കർമവിപാകമാണ് ആശാന്റെ സീതാകാവ്യത്തിലും ഇടം നേടിയിട്ടുള്ളത്. ‘കാടിന്റെ നടുവിൽ താൻ ഉപേക്ഷിക്കപ്പെട്ടത് കർമവിപാകത്താലാണെന്ന' സീതാകാവ്യത്തിലെ സീതാവചനം ആയിരത്താണ്ടുകളായി ചരിത്രത്തിൽ ഒരു ജനതതിയെ അടിച്ചമർത്തിയ സിദ്ധാന്തോക്തികളുടെ പുനർഭാഷ്യമാണ്. ഇതാകട്ടെ പാരമ്പര്യത്തിൽനിന്നുള്ള വിച്ഛേദമായല്ല, പാരമ്പര്യത്തെ സാധൂകരിക്കലായാണ് കലാശിക്കുന്നത്.

‘തപോവന പരിശുദ്ധി': മിത്തും യാഥാർഥ്യവും

കത്തിയെരിയുന്ന ഭയങ്കരവനത്തിൽപെട്ടുപോയ വ്യക്തി തൊട്ടടുത്ത് ശീതളമായ നീർത്തടാകം കണ്ടെത്തുന്നതുപോലെയും, തിരതല്ലി ഉയരുന്ന മഹാസമുദ്രത്തിൽ ഉഴലുന്നയാൾ പെട്ടെന്ന് കര കണ്ടെത്തുന്നതുപോലെയും അത്യന്തം ശാന്തികരമായിരുന്നു ആശ്രമം എന്ന് സീതാകാവ്യം:

എരിയുന്ന മഹാവനങ്ങൾ ത- ന്നരികിൽ ശീതളനീർത്തടാകമോ? തിരതല്ലിയെഴുന്ന സിന്ധുവിൻ- കരയോ? ശാന്തികരം തപോവനം

‘തരുപക്ഷി മൃഗങ്ങളോടും നരരോടും സുരരോടും' ഒരേമട്ടിലുള്ള സരളസ്നേഹമാണ് തപോവനവാസികൾ പുലർത്തിയതെന്ന് സീതാകാവ്യം പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ജാതിവ്യവസ്ഥ നിലനിന്നത് എന്ന മറുചോദ്യം ഇവിടെ ഉന്നയിക്കേണ്ടിവരും. സമത്വപൂർണമായ ഈ സരളസ്നേഹത്തിന് ത്രൈവർണികയായ സീത അവകാശപ്പെട്ടവളായേക്കാം; എന്നാൽ, ഇന്ത്യയിലെ കീഴാളസ്ത്രീകളും മറ്റ് അയിത്തജനവിഭാഗങ്ങളും ഇത്തരം സരളസ്നേഹഭാവനകൾക്ക് പുറത്തായിരുന്നു എന്നതാണ് ചരിത്രയാഥാർഥ്യം. ആശാന്റെ തപോവനഭാവനകളിൽ പൗരസ്ത്യവാദികളുടെ ആശയങ്ങളും ഇതിഹാസപാഠങ്ങളുടെ മൂല്യമണ്ഡലവും ഒന്നുപോലെ സ്വാധീനം ചെലുത്തിയിരുന്നു എന്ന് പരിശോധിച്ചാൽ അറിയാൻ കഴിയും.

ജാതിവ്യവസ്ഥയ്ക്കെതിരായി നിലകൊണ്ടപ്പോഴും, ആശാന്, ആന്തരികമായി ഇതിഹാസപുരാണ പാഠങ്ങളുടെ മൂല്യവ്യവസ്ഥയിൽ നിന്ന് വിടുതിനേടുവാൻ കഴിഞ്ഞില്ല എന്നാണ് സീതാകാവ്യസന്ദർഭങ്ങൾ തെളിയിക്കുന്നത്.

വാത്മീകിരാമായണത്തിൽ വിശ്വാമിത്രനും വസിഷ്ഠനും തമ്മിലുള്ള കാമധേനുവിനായുള്ള ഘോരയുദ്ധം അരങ്ങേറിയത് വസിഷ്ഠന്റെ ആശ്രമത്തിലായിരുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ട് (വാത്മീകിരാമായണം, ബാലകാണ്ഡം, സർഗം 54-56). ബ്രാഹ്മണ്യത്തിനുവേണ്ടിയുള്ള യുദ്ധത്തിന്റെ രംഗം കൂടിയായിരുന്നു വസിഷ്ഠന്റെ തപോവനം. ‘ബ്രാഹ്മണ്യം' എന്ന ബലമാണ് ഏറ്റവും വലിയ ബലം എന്ന് ക്ഷത്രിയനായ വിശ്വാമിത്രനോട് വസിഷ്ഠൻ ഘോഷിച്ചതും ശാന്തികരമെന്ന് കീർത്തിച്ച തപോവനത്തിൽ തന്നെയായിരുന്നു. പരശുരാമൻ പിതാവിന്റെ ആജ്ഞയനുസരിച്ച് മാതാവിന്റെ ശിരച്ഛേദം നടത്തിയതും ആശ്രമത്തിൽവച്ചുതന്നെയായിരുന്നു എന്ന് മഹാഭാരതവും ഭാഗവതവും പാരായണം ചെയ്താൽ ബോധ്യപ്പെടും. ഹിംസാത്മകമായ ഇത്തരം നിരവധി സംഭവങ്ങളുടെ ഇടങ്ങൾ ശാന്തികരമായിത്തീരുന്നത് ദേശീയതയുടെ നിർമാണ സാഹചര്യത്തിലാണ്. കർമങ്ങളിൽ താത്പര്യമില്ലാതിരുന്ന നിഷ്‌കാമകർമികളായി തപോവനവാസികളെ ഭാവനചെയ്തതിൽ മാക്​സ്​ മുള്ളർ ഉൾപ്പെടെയുള്ള ഇന്ത്യാ പഠിതാക്കളുടെ സ്വാധീനവും എടുത്തുപറയത്തക്കതാണ്.

‘ഇതിഹാസപുരാണസൽക്കഥാ- സ്രുതിയാൽ ജീവിതഭൂ നനച്ചിവർ' എന്ന് തപോഭൂമിയിലെ ഋഷിഗണങ്ങളെ ആവിഷ്‌കരിക്കുന്നതും ചരിത്രപരമായി ആഴത്തിൽ പരിശോധിക്കേണ്ടിവരും. ഇതിഹാസ പുരാണങ്ങൾ ആർക്കാണ് സത്യത്തിൽ ‘സൽക്കഥ'യായിത്തീരുന്നത് എന്ന ചോദ്യം ഇവിടെ ഉയർന്നുവരും. ‘ഹിന്ദുക്കളുടെ വേദാന്തങ്ങളും പുരാണാദി ചവറുകളുമെല്ലാം അവർണരെ വെറും പട്ടികളെക്കാൾ നികൃഷ്ടരാക്കുവാനല്ലാതെ മറ്റെന്തിനാണുപകരിച്ചിട്ടുള്ളത്' എന്ന് സ്വതന്ത്രസമുദായത്തിൽ ഇ. മാധവൻ ഉന്നയിക്കുന്ന ചോദ്യം യഥാർഥത്തിൽ ഇത്തരം ‘സൽക്കഥാ' സങ്കല്പങ്ങളോടാണ്. ജാതിവ്യവസ്ഥയെയും ചാതുർവർണ്യത്തെയും ന്യായീകരിക്കുന്ന ഇതിഹാസപുരാണപാഠങ്ങൾ ബ്രാഹ്മണർക്കല്ലാതെ മറ്റാർക്കെങ്കിലും സൽക്കഥയായിത്തീരുമോ? ‘നിങ്ങളുടെ കൃഷ്ണൻ ഒരു പരമ്പര കൊലയാളി അല്ലായിരുന്നോ' എന്ന സഹോദരൻ അയ്യപ്പന്റെ ചോദ്യം ഇത്തരം
‘സൽക്കഥാ' സങ്കല്പങ്ങളോടുള്ള ആഴമേറിയ വിമർശനമായിരുന്നു.

അസമത്വത്തിന്റെ കൊടിയ പീഡകൾ അനുഭവിച്ചിരുന്ന ഒരു ജനതതിക്ക് വർണാശ്രമ ചാതുർവർണ്യവ്യവസ്ഥയുടെ നീതീകരണമായ ഇതിഹാസപുരാണങ്ങൾ സൽക്കഥകളായിരിക്കാൻ തരമില്ല. ജാതിവ്യവസ്ഥയ്ക്കെതിരായി നിലകൊണ്ടപ്പോഴും, ആശാന്, ആന്തരികമായി ഇതിഹാസപുരാണ പാഠങ്ങളുടെ മൂല്യവ്യവസ്ഥയിൽ നിന്ന് വിടുതിനേടുവാൻ കഴിഞ്ഞില്ല എന്നാണ് സീതാകാവ്യസന്ദർഭങ്ങൾ തെളിയിക്കുന്നത്. അവർണകവികൾ ആശാനെ മാതൃകയാക്കണമെന്ന് കേസരി ബാലകൃഷ്ണപിള്ള പ്രസ്താവിക്കുന്നുണ്ട്.

കേസരി ബാലകൃഷ്ണപിള്ള

പാരമ്പര്യത്തിനുള്ളിൽനിന്ന് പാരമ്പര്യത്തെ വിധ്വംസാത്മകമായി ആശാൻ എതിരിട്ടു എന്നതാണ് കേസരിയുടെ ഈ നിരീക്ഷണത്തിനാധാരം. സഹോദരനും പണ്ഡിറ്റ് കറുപ്പനും അടങ്ങുന്ന അവർണകവികളുടെ ഒരു നീണ്ടനിര ഇതിഹാസപുരാണപാഠങ്ങളുടെ മൂല്യവ്യവസ്ഥയെ സമ്പൂർണമായി തിരസ്‌കരിച്ചുകൊണ്ടാണ് ജനാധിപത്യക്രമത്തിലുള്ള നവലോകം ഭാവനചെയ്തത്. സഹോദരനെയും മറ്റും സംബന്ധിച്ച് മനുഷ്യരുടെ സഹജീവനത്തെയും പരസ്പര സഹകാരിത്വത്തെയും സാഹോദര്യഭാവനയെയും തടയുന്നവയായിരുന്നു ഇതിഹാസപുരാണപാഠങ്ങൾ. ഇത് സൃഷ്ടിക്കുന്ന ഈ അടിമത്തവ്യവസ്ഥ കണ്ടിട്ടാണ് ബുക്കുകൾക്കും പൂർവികർക്കും അടിമപ്പെടുന്ന മാനസികാവസ്ഥ ത്യജിച്ച് ‘സയൻസിന്നു തൊഴാൻ' സഹോദരൻ ആഹ്വാനം ചെയ്തത്. സഹോദരനെ സംബന്ധിച്ച് സയൻസും ജാതിവിരുദ്ധപോരാട്ടത്തിൽ ഒരു പ്രധാന ഉപാധിയായിരുന്നു.

ഗ്രാമവും നഗരവും: വീണ്ടും ചില ശുദ്ധിവിചാരങ്ങൾ

തപോവനപരിശുദ്ധി രേഖപ്പെടുത്തുന്നതിനൊപ്പം, അതിന്റെ എതിർസ്ഥാനമായി നഗരത്തെ സീതാകാവ്യത്തിൽ അടയാളപ്പെടുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. തപോവനം പരിശുദ്ധിയുടെ ഇടമായി അവതരിപ്പിക്കപ്പെടുമ്പോൾ നഗരവും നഗരവാസികളും ദുർമര്യാദകളുടെ ഈറ്റില്ലമായും അവതരിപ്പിക്കപ്പെടുന്നു. ‘അന്യരോടുള്ള പുച്ഛവും അസൂയയും അത്യാഗ്രഹവും വഴിതെറ്റാനുള്ള വെമ്പലും മനസ്സിൽ സൂക്ഷിക്കുന്ന നഗരത്തിലെ സ്ത്രീകൾ പരമ്പരയായി കെട്ടുപോയി' എന്ന് സീത വിലപിക്കുമ്പോൾ, ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' എന്ന ചിന്തയാണ് സ്ഫുരിക്കുന്നത് (പരപുച്ഛവുമഭ്യസൂയയും ... കെട്ടുപോയിതേ).

നഗരങ്ങളെ അഴുക്കുചാലായി കാണുന്ന സീതയുടെ കാഴ്ചവട്ടങ്ങൾ തപോവനപരിശുദ്ധിയിലാണ് ഊന്നുന്നത്. ഇതാകട്ടെ ആത്യന്തികമായി ജാതിവ്യവസ്ഥയിലൂന്നുന്ന ഗ്രാമസങ്കല്പങ്ങളെ ഇളക്കം കൂടാതെ നിലനിർത്താനാഗ്രഹിക്കുകയും ചെയ്യുന്നു.

ഗ്രാമങ്ങളെ ജാതിവ്യവസ്ഥയുടെ ഈറ്റില്ലമായി ദർശിച്ച അംബേദ്കർ ചിന്തകൾ ഇവിടെ പ്രസക്തമാണ്. ആധുനിക ഘട്ടത്തിൽ നഗരവ്യവസ്ഥ പുതിയതരം ജാതിക്രമങ്ങളെ സൃഷ്ടിച്ചുവെങ്കിലും നഗരവ്യവസ്ഥയുടെ ഉദയം പരമ്പരാഗതമായി നിലനിന്നിരുന്ന ജാതിമേൽക്കോയ്മയെ ആ രീതിയിൽ നിലനിൽക്കാൻ അനുവദിക്കുകയുണ്ടായില്ല. ഗ്രാമങ്ങൾ ജാതിയുടെ ഏറ്റിറക്കക്രമങ്ങളെ കൃത്യമായി പരിപാലിച്ചപ്പോൾ നഗരക്രേന്ദ്രിത ജീവിതം ഒട്ടൊക്കെ അതിൽ ചലനം സൃഷ്ടിച്ചു. നഗരങ്ങളെ അഴുക്കുചാലായി കാണുന്ന സീതയുടെ കാഴ്ചവട്ടങ്ങൾ തപോവനപരിശുദ്ധിയിലാണ് ഊന്നുന്നത്. ഇതാകട്ടെ ആത്യന്തികമായി ജാതിവ്യവസ്ഥയിലൂന്നുന്ന ഗ്രാമസങ്കല്പങ്ങളെ ഇളക്കം കൂടാതെ നിലനിർത്താനാഗ്രഹിക്കുകയും ചെയ്യുന്നു. ജാതിയുടെ മേൽക്കോയ്മാ പ്രത്യയശാസ്ത്രം ഹീനമാക്കിയ മനുഷ്യമനസുകളുടെ ജീവിതക്രമങ്ങളെ മുൻനിർത്തി ഉണ്ടാവാത്ത ആകുലത നഗരവാസികളെക്കുറിച്ച് മാത്രമാവുമ്പോൾ, അതിനുപിന്നിൽ നിലകൊള്ളുന്ന ചരിത്രസന്ദർഭങ്ങൾ എന്തൊക്കെയാണെന്ന് ആലോചിക്കേണ്ടിവരും.

സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ

ഇന്ത്യൻ ജാതിവ്യവസ്ഥ ഗ്രാമനഗര ഭേദമെന്യേ മനുഷ്യരെ സാഹോദര്യ- സമത്വ ജീവിതസങ്കല്പങ്ങളിൽനിന്ന് അകറ്റിനിർത്തുമ്പോൾ നാഗരികരെ മാത്രം കുറ്റവാളികളാക്കുന്നതിൽ അർഥമൊന്നുമില്ല. തപോവനപരിശുദ്ധി സ്ഥാപിക്കാൻ നഗരത്തെ അഴുക്കുചാലായി ആവിഷ്‌കരിക്കുന്നതിന്റെ സാംസ്‌കാരികരാഷ്ട്രീയം പഠനീയമാണ്. ഭൂമിയിൽ വേദങ്ങൾ പോലെ ആദരിക്കപ്പെടേണ്ടവരാണ് തപസ്വികൾ (മഹിയിൽ ശ്രുതിപോലെ മാന്യമാർ, പ്രയതാത്മാക്കളൃഷി പ്രസൂതിമാർ) എന്ന കാവ്യഭാഗം ജനാധിപത്യമൂല്യവ്യവസ്ഥയെ എത്രമാത്രം പരിപോഷിപ്പിക്കുന്നതാണെന്നും പരിശോധിക്കേണ്ടതാണ്. തപസ്വികൾക്ക് വേദത്തിന് ലഭിക്കുന്നതിന് തുല്യമായി ലഭിക്കുന്ന ആദരവിന്റെ അനന്തരഫലമെന്നവണ്ണം ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരായി ഹിന്ദുത്വർ സന്യാസിവേഷധാരികളായി മാറിത്തീരുന്ന ചരിത്രഘട്ടത്തിൽ തപസ്വികളുടെ വിശുദ്ധിയെ സംബന്ധിച്ച സങ്കല്പം അത്രമേൽ നിഷ്‌കളങ്കമായ ഒന്നല്ലെന്ന് സമകാലിക ഇന്ത്യൻ സാഹചര്യം തന്നെ വ്യക്തമാക്കുന്നു. ഇത്രമാത്രം വിശുദ്ധിയാർന്ന തപസ്വികളുണ്ടായിട്ടും ഇന്ത്യൻ ജാതിവ്യവസ്ഥയുടെ കോട്ട തകർക്കാൻ മഹാത്മാ ജ്യോതിബാ ഫൂലയെയും, ഡോ. അംബേദ്കറെയും പോലുള്ള ആധുനിക മനുഷ്യരുണ്ടായിവന്നു എന്നത് തപോവനഭാവനകൾ ചരിത്രയാഥാർഥ്യം പ്രതിഫലിപ്പിക്കുന്നവയല്ല എന്നാണ് തെളിയിക്കുന്നത്.

സീതയെ വിട്ടൊഴിയാത്ത ‘പാതിവ്രത്യം’

സീതാകാവ്യത്തിലെ ‘സീത' ആധുനികസ്ത്രീയുടെ പ്രതീകമാണെന്ന വാദത്തിന്​ എത്രമാത്രം ചരിത്രപിൻബലമുണ്ടെന്നതും അന്വേഷിക്കേണ്ടതാണ്. നവോത്ഥാനം എന്ന ആശയം കേരളസമൂഹത്തെ പരിഷ്‌കരണത്തിന് വിധേയമാക്കിയെന്ന് പൊതുവെ വാദിക്കപ്പെടാറുണ്ടെങ്കിലും സ്ത്രീകളെ സ്വതന്ത്രകർതൃത്വമുള്ള വ്യക്തികളായി നവോത്ഥാന ആധുനികതയുടെ കേരളത്തിലെ പ്രക്രിയാസന്ദർഭങ്ങൾ പരിഗണിച്ചിട്ടുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്. ‘ഉത്തമയായ വീട്ടമ്മ' എന്ന സങ്കല്പത്തിനപ്പുറം കടക്കാൻ ആൺകോയ്മാവ്യവഹാരങ്ങൾ അനുവദിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. സ്ത്രീകളുടെ കർതൃത്വത്തിൽ ഉയർന്നുവന്ന സമരങ്ങളും ജ്ഞാനവ്യവഹാരങ്ങളുമാണ് ഇതിനെ പലരീതിയിൽ മറികടക്കാനും കേരളീയസമൂഹത്തെ സമൂലപരിഷ്‌കരണത്തിന് വിധേയമാക്കാനും ആഹ്വാനംചെയ്തത്. ഇങ്ങനെ നോക്കുമ്പോൾ സീതാകാവ്യത്തിലെ സീത ആധുനികസ്ത്രീകളുടെ പ്രതിനിധിയാണ് എന്ന അവകാശവാദത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടിവരും. സീത ഏതുവിഭാഗം സ്ത്രീകളുടെ പ്രതീകവും പ്രതിനിധിയുമാണ് എന്നതാണ് പ്രാഥമികമായ ഒരു ചോദ്യം?

ഇതിഹാസപാഠത്തിൽനിന്ന് ചിന്താവിഷ്ടയായ സീതയ്ക്ക് പലവിധ മാറ്റങ്ങളുമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘പതിവ്രതയായ സീത' എന്ന സങ്കല്പത്തിന് ഒരുവിധ മാറ്റങ്ങളുമില്ല. ‘ആധുനിക സ്ത്രീ' എന്ന സങ്കല്പം പതിവ്രതയായ സീതയിൽ ഉള്ളടക്കാനാണ് ശ്രമിക്കുന്നതെന്നുകാണാം.

‘പതിയാകുന്ന പരദേവതയ്ക്ക് മനസ്സർപ്പിച്ച' ഭക്തയായ സീത സ്വതന്ത്ര കർതൃത്വമുള്ള ആധുനിക വ്യക്തിത്വമല്ല (പതിയാം പരദേവതയ്ക്കഹോ / മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ). പതിയായ രാമനോടുള്ള സമ്പൂർണ ആത്മസമർപ്പണത്തിന്റെ പ്രതീകം മാത്രമാണ് സീത. പതിയുടെ ഇംഗിതത്തിന്​ വിരുദ്ധമായി സീത പെരുമാറില്ല എന്ന് കവി പാടുമ്പോൾ (പതിചിത്തവിരുദ്ധവൃത്തിയാം/ മതിയുണ്ടോ കലരുന്നു ജാനകി) ഭർത്താവിന് അടിപ്പെട്ട് ‘പതിവ്രത'യായി ജീവിതം നയിക്കുന്ന ‘കുടുംബിനി'യുടെ ചിത്രമാണ് തെളിയുന്നത്. ഭർത്താവിന്റെ ഇംഗിതത്തിനെതിരായി പെരുമാറാത്ത സീതയുടെ ചിത്രം കവി ആവിഷ്‌കരിക്കുന്നുണ്ട്:

കുതികൊണ്ടിടുമോ മഹോദധി- ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?

മഹാസമുദ്രത്തിനെതിരായി ഗംഗയുടെ ഒഴുക്ക് മാറിത്തീരുമോ എന്ന് സന്ദേഹം ഉന്നയിക്കുന്നതിലൂടെ ഭർത്താവും ഭർത്താവിന്റെ ഇഷ്ടങ്ങളും മഹാസമുദ്രമായും സീത കേവലം ഒരു നദിയായും ആവിഷ്‌കരിക്കപ്പെടുന്നു. ഇവിടെ അടയാളപ്പെടുത്തുന്ന ‘മഹാസമുദ്രം' എന്നത് ത്രൈവർണിക പുരുഷാധിപത്യവ്യവസ്ഥയെ കുറിക്കുന്നു. സ്ത്രീകൾ ഈ ത്രൈവർണ്യ പുരുഷമേൽക്കോയ്മക്കെതിരായി നീങ്ങാൻ പാടില്ല എന്ന സന്ദേശവും അതിലന്തർലീനമാണ്. ഇതിഹാസപാഠത്തിൽനിന്ന് ചിന്താവിഷ്ടയായ സീതയ്ക്ക് പലവിധ മാറ്റങ്ങളുമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘പതിവ്രതയായ സീത' എന്ന സങ്കല്പത്തിന് ഒരുവിധ മാറ്റങ്ങളുമില്ല. ‘ആധുനിക സ്ത്രീ' എന്ന സങ്കല്പം പതിവ്രതയായ സീതയിൽ ഉള്ളടക്കാനാണ് ശ്രമിക്കുന്നതെന്നുകാണാം.

'Sita Vanavasa', Ravi Verma Press

‘പാവയോയിവൾ' എന്ന് സീത ചോദ്യമുന്നയിക്കുന്നുവെങ്കിലും ആ ചോദ്യത്തിന്റെ കർത്താവായ സീതയെ പാതിവ്രത്യത്തിന്റെ ബാധ വിട്ടൊഴിഞ്ഞിട്ടില്ല. ഭൗതികലോകത്തിന്റെ അതിരുകളറ്റ ശാന്തവും അനഘവുമായ ആദിധാമത്തിൽ എത്തിയതായി അനുഭവപ്പെടുന്ന സീത ഭൗതികലോകത്തിലെ മൂർത്ത യാഥാർഥ്യങ്ങളോടാണ് എതിരിടുന്നത്. ‘പൗരസമക്ഷം ലോകം വെടിഞ്ഞ സതി'യായ സീതാകാവ്യത്തിലെ സീത ഭൗതികലോകത്തിലെ മൂർത്ത യാഥാർഥ്യങ്ങളോടുള്ള പ്രതികരണങ്ങളിൽ നിന്നുകൂടിയാണ് വിടപറയുന്നത്. ആദിധാമത്തിലേക്ക് വിലയം പ്രാപിക്കുന്ന സീതാസങ്കൽപം ഭൗതികലോകത്ത് സ്ത്രീകൾ നേരിടുന്ന നിരന്തര പ്രതിസന്ധികളിൽ ഒരു സാമൂഹ്യ രാഷ്ട്രീയ ഭാരമാണ്. ഹൈന്ദവസ്വത്വഭാവനയെ ബലപ്പെടുത്തുന്ന ഇത്തരം സീതാസങ്കല്പങ്ങൾ മറികടക്കുന്നതിലൂടെ മാത്രമേ ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യം അംഗീകരിക്കാൻ കഴിയൂ. ഒരു ദലിത്, മുസ്​ലിം, ക്രിസ്ത്യൻ സ്​ത്രീക്ക്​ സീത മാതൃകയാകണമെന്ന പിടിവാശി, വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹികജീവിതത്തെ നിരാകരിക്കലാണ്. അതുകൊണ്ടുതന്നെ സീത ഇന്ത്യൻ സമൂഹത്തിലെ ഏതുവിഭാഗം സ്ത്രീകളുടെ പ്രതിനിധിയും പ്രതീകവുമാണെന്ന ചോദ്യം ചരിത്രത്തിൽ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും.

ജാതിവ്യവസ്ഥയുടെ പാരമ്പര്യ മൂല്യവ്യവസ്ഥയെ പൂർണമായി മറികടക്കാൻ സാധ്യമാവാത്തവിധം ഇതിഹാസപുരാണപാഠങ്ങളും വേദാന്തഭാവനകളും ആശാന്റെ കാവ്യഭാവനകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.

എസ്.എൻ.ഡി.പി.യുടെ ഇരുപതാം വാർഷികത്തിൽ ആശാൻ എഴുതി വായിച്ച അധ്യക്ഷപ്രസംഗത്തിൽ ഒരു പ്രധാന കാര്യം സൂചിപ്പിക്കുന്നുണ്ട്:‘മാന്യപാദരായ ശ്രീനാരായണ പരമഹംസദേവരുടെ ഏകാന്തമായ തപസ്യാജീവിതം ലോകസേവയ്ക്കായി മാറുന്ന ഘട്ടത്തിലാണ് നമ്മുടെ യോഗം ഉത്ഭവിച്ചിരിക്കുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയാണ് അദ്ദേഹത്തിന്റെ പ്രവൃ ത്തിപരിധിയെ സങ്കോചിപ്പിച്ചത്. താൻ ജനിച്ചുവളർന്ന ജാതിയുടെ അതൃപ്തികരമായ സാമുദായികസ്ഥിതി ഒന്നാമതായി അദ്ദേഹത്തിന്റെ ശ്രദ്ധയെ ആകർഷിച്ചതിൽ അത്ഭുതപ്പെടാനില്ല.'
(കാവ്യകല കുമാരനാശാനിലൂടെ, പി.കെ. ബാലകൃഷ്ണൻ, 2018, പു. 54).

ജാതിവ്യവസ്ഥയെപ്പറ്റിയും അതിന്റെ ഹിംസാത്മകമായ സാമൂഹ്യപ്രക്രിയകളെ സംബന്ധിച്ചും ആശാന് ബോധ്യമുണ്ടായിരുന്നു എന്നു തെളിയിക്കാൻ മേലുദ്ധരിച്ച പ്രഭാഷണം മാത്രം മതിയാവും. എന്നിരുന്നാലും ജാതിവ്യവസ്ഥയുടെ പാരമ്പര്യ മൂല്യവ്യവസ്ഥയെ പൂർണമായി മറികടക്കാൻ സാധ്യമാവാത്തവിധം ഇതിഹാസപുരാണപാഠങ്ങളും വേദാന്തഭാവനകളും ആശാന്റെ കാവ്യഭാവനകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. അതിന്റെ പ്രത്യക്ഷദർശനമാണ് സീതാകാവ്യം. അതുകൊണ്ടുതന്നെ അവർണകവികൾ ആശാനെ മാതൃകയാക്കണമെന്ന കേസരിയുടെ പ്രസ്താവന ചരിത്രത്തെ പുനഃസന്ദർശനം ചെയ്ത് പരിശോധിക്കേണ്ടിവരും. രാമനും സീതയും ഹനുമാനും ഹിംസയ്ക്കുള്ള ആയുധമാവുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ‘ഹിന്ദുത്വത്തെ സമാപ്തീകരിക്കുക' എന്ന് പ്രഘോഷിച്ച സഹോദരൻ അയ്യപ്പന്റെ വാക്കുകളാണ് അവർണജനതതിയുടെ വിമോചനലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുക. ▮


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments