എം. മുകുന്ദൻ / Photo: Muhammad Hanan, Truecopy Magazine LLP

ഇടതുപക്ഷത്താണ് ഇപ്പോൾ കൂടുതൽ എഴുത്തുകാരുള്ളത്

എന്നാൽ, ചോദ്യം ചെയ്യാതെ ഒപ്പം നിൽക്കുകയാണ്

കെ. കണ്ണൻ: വായനക്കാരിൽനിന്നു തുടങ്ങാം. വായനക്കാരെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന എഴുത്തുകാരനാണ് എം. മുകുന്ദൻ. സാധാരണ മനുഷ്യർ തന്റെ കൃതികൾ വായിക്കണമെന്ന ആഗ്രഹം സദാ കൊണ്ടുനടക്കുന്ന എഴുത്തുകാരൻ. വൈവിധ്യമാർന്ന എഴുത്തുകാലഘട്ടങ്ങൾ താങ്കൾക്ക് സ്വന്തമായുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നിന്നു തുടങ്ങി ആദിത്യനും രാധയും മറ്റു ചിലരും, ഒരു ദലിത് യുവതിയുടെ കദനകഥ, കേശവന്റെ വിലാപം, നൃത്തം എന്നീ നോവലുകളിലൂടെ ഡൽഹി ഗാഥകൾ വരെയുള്ള കാലങ്ങൾ. ഈ ഘട്ടങ്ങളിലെ എഴുത്തുകാരനെ സ്വയം വിലയിരുത്തിയാൽ ഏത് മുകന്ദനാണ് വായനക്കാരോട് ഏറ്റവും അടുത്തുനിന്ന മുകുന്ദൻ?

എം. മുകുന്ദൻ: എന്നെ അൽഭുതപ്പെടുത്തുന്നത്, നാം ഇപ്പോൾ പറഞ്ഞ ഈ കൃതികളെല്ലാം വായനക്കാർ വായിക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വായനക്കാർക്ക് ആവശ്യം മാറ്റങ്ങളാണ്. ഞാൻ വിചാരിച്ചിരുന്നത് എഴുത്തുകാർ മാത്രമേ മാറേണ്ടതുള്ളൂ എന്നാണ്. എന്നാൽ, എഴുത്തുകാരും വായനക്കാരും ഒരേപോലെ ആഗ്രഹിക്കുന്നതാണ് മാറ്റങ്ങൾ. തുടങ്ങിയിടത്തുതന്നെ നിൽക്കാതെ എഴുത്തിന്റെ പുതിയ വഴികൾ തേടുക. എഴുത്ത് നിരന്തരം രൂപാന്തരം പ്രാപിക്കുന്ന ഒന്നാണ്. വിദേശരാജ്യങ്ങളിലൊക്കെ എഴുതപ്പെടുന്ന ചില നോവലുകൾ വായിച്ചാലറിയാം; ഉദാഹരണത്തിന് ജോർജ് സോണ്ടേഴ്‌സിന്റെ ലിങ്കൺ ഇൻ ദ ബാർഡോ. അത് ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. അതിനെ നോവൽ എന്നുതന്നെ പറയാൻ പറ്റില്ല. ഗോസ്റ്റുകളൊക്കെയാണ് സംസാരിക്കുന്നത്, ഗോസ്റ്റ് എന്നതിനെ മലയാളത്തിൽ എന്താണ് പറയുക? അത്തരത്തിൽ, നോവലിസ്റ്റുകൾ ഒരുപാട് പുതിയ പുതിയ വഴികൾ കണ്ടെത്തുന്നുണ്ട്. വായനക്കാർ അത് ആഗ്രഹിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം, എഴുത്തുകാർ ദീർഘകാലം ജീവിച്ചിരിപ്പുണ്ടെങ്കിൽ, അവർക്ക്​ വലിയ പ്രതിസന്ധിയുണ്ടാകും. ഒരു രീതിയിൽ എഴുതി, അവാർഡുകളൊക്കെ വാങ്ങി, താമസിയാതെ മരിച്ചുപോകുകയാണെങ്കിൽ കുഴപ്പമില്ല. എന്നാൽ, കൂടുതൽ കാലം ജീവിച്ചിരുന്നാൽ, നവീകരണം ഒരു പ്രശ്‌നമായി വരും. നവീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വായനക്കാർ പുറന്തള്ളും.

ജോർജ് സോണ്ടേഴ്‌സ്
ജോർജ് സോണ്ടേഴ്‌സ്

അപ്പോൾ, എഴുത്തുകാർ ബോധപൂർവം നവീകരിക്കാൻ ശ്രമിക്കണോ എന്നൊരു ചോദ്യം ഉയർന്നുവരും. അതാണ് എന്നെ ഭയപ്പെടുത്തുന്നത്. കാലവും വായനക്കാരുടെ അഭിരുചിയും മാറുകയാണ്. അതിനനുസരിച്ച് എഴുത്തുകാർ ബോധപൂർവം മാറണോ വേണ്ടയോ എന്ന ചോദ്യം- ഞാൻ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി അതാണ്. എനിക്ക് ബോധപൂർവം മാറേണ്ട എന്നുണ്ട്, അതേസമയം, എന്റെ ഉള്ളിൽനിന്ന് മാറ്റങ്ങൾക്കുവേണ്ടി ഒരു മുറവിളിയുമുണ്ട്. അതിനൊരു കാരണം, ഞാൻ കഴിയുന്നത്ര സാഹിത്യത്തിലും സിനിമയിലും ചിത്രകലയിലും പുതിയ മാറ്റങ്ങളെ പിന്തുടരാൻ ശ്രമിക്കാറുണ്ട് എന്നതാണ്. നാട്ടിൽ വന്നപ്പോൾ അത് കുറഞ്ഞു, കാരണം ഡൽഹിയിലുള്ളതുപോലത്തെ സാധ്യതകൾ ഇവിടെയില്ല. അതിന്റെ ഒരു ഫലം ഞാൻ അനുഭവിക്കുന്നുണ്ട്. എനിക്ക് ഭയമുണ്ട്, ഞാൻ ഇതുവരെ പിന്തുടർന്ന ഒരു വഴിയുണ്ടല്ലോ, മാറ്റങ്ങളുടെ വഴി, അത് എവിടെയൊക്കെയോ വഴിമുട്ടി നിൽക്കുകയാണ് എന്നൊരു ആശങ്ക എനിക്കുണ്ട്. അതിനുള്ള ഒരു കാരണം, നഗരത്തിൽനിന്ന് ഇവിടേക്കുള്ള പറിച്ചുനടലാണ്. പറഞ്ഞുവന്നത് ഇതാണ്: എഴുത്തുകാർ ദീർഘകാലം ജീവിക്കുകയാണെങ്കിൽ മാറ്റം അനിവാര്യമാണ്.

വായനക്കാർക്ക് പരിചയമില്ലാത്ത ഒരു ലോകം അറുപതുകളിലും എഴുപതുകളിലും ഞാൻ എഴുതിയുണ്ടാക്കി. അവർ അത് സ്വീകരിച്ചു, ആഘോഷിച്ചു. എന്തുകൊണ്ടാണ്? അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു

താങ്കളുടെ കാര്യത്തിൽ ഈ മാറ്റത്തിന് ബോധപൂർവ ശ്രമങ്ങളുണ്ടാകുന്നുണ്ടോ?

രണ്ടു വിധത്തിൽ അത് എന്നിൽ സംഭവിക്കുന്നുണ്ട്. ഒന്ന്, എന്റെ കാഴ്ചയും ചിന്തയും നവീകരിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ശ്രമിക്കാതെയും നവീകരണം സംഭവിക്കുന്നുണ്ട്. നാം കാണുന്ന കാഴ്ചകൾ, വായിക്കുന്ന പുസ്തകങ്ങൾ, സിനിമ, പിന്നെ കാണുന്ന ജീവിതങ്ങൾ... ഇതൊക്കെ കണ്ണുതുറന്ന് കാണുകയാണെങ്കിൽ ബോധപൂർവം ശ്രമിക്കേണ്ട കാര്യമില്ല. ഇവയെ ഉൾക്കൊള്ളാനുള്ള മാനസികമായ ഒരവസ്ഥ നമുക്കുണ്ടാകണം. അങ്ങനെ വരുമ്പോൾ നമുക്ക് ബോധപൂർവം ശ്രമിക്കേണ്ടിവരില്ല. എന്റെ കാര്യത്തിൽ ഞാൻ ബോധപൂർവം ശ്രമിക്കുന്നു, ചിലപ്പോൾ ശ്രമിക്കുന്നില്ല, പക്ഷെ, മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ബോധപൂർവം ശ്രമിച്ച കൃതികൾ ഏതാണ്, ‘നൃത്തം’ അത്തരമൊരു നോവലാണോ?

‘നൃത്തം’ ബോധപൂർവം ശ്രമിച്ചതാണ് എന്നെനിക്ക് പറയാൻ കഴിയില്ല. ഇ- മെയിലൊന്നും പ്രചാരത്തിലില്ലാത്ത ഒരു കാലത്താണ് അത് എഴുതുന്നത്. അന്നെനിക്ക്, മകൻ ഉണ്ടാക്കിത്തന്ന ഒരു ഹോട്ട്‌മെയിൽ അക്കൗണ്ടുണ്ടാണുണ്ടായിരുന്നത്. അന്ന് അത് എങ്ങനെയാണ് തുറക്കുക എന്നുപോലും അറിയില്ല. ഒരു ദിവസം തുറന്നുനോക്കിയപ്പോൾ, ഒരാൾ ഒരു മെസേജ് അയച്ചിരിക്കുന്നു. പേരു മാത്രമേയുള്ളൂ. എവിടെനിന്നാണ് അയച്ചത്, ഏത് രാജ്യക്കാരനാണ്, മേൽവിലാസമില്ല... പൗരത്വം ഇല്ലാതാകുന്നു, രാജ്യം ഇല്ലാതാകുന്നു, മേൽവിലാസം ഇല്ലാതാകുന്നു- വെറുമൊരു ഇ- മെയിൽ ഐഡിയുടെ രൂപത്തിലേക്ക് നമ്മൾ ചുരുങ്ങുന്നു. സാമുവൽ ബക്കറ്റിനെപ്പോലുള്ളവർ സ്വത്വപ്രതിസന്ധിയെക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. അതിലും ഭയങ്കരമാണ് ഇത്, ഇപ്പോൾ നാം അഭിമുഖീകരിക്കുന്നത്. ഒരു ഇ- മെയിലിലൂടെ അത് ഞാൻ നേരിട്ട് അനുഭവിക്കുകയാണ്. അത്തരം ചിന്തകളിൽനിന്നാണ് നൃത്തം വന്നത്.

അപ്പോൾ, എഴുത്തുകാരോടുള്ള വായനക്കാരുടെ പ്രിയത്തെ സ്വാധീനിക്കുന്ന ഘടകം എന്താണ്? പ്രമേയം? ആവിഷ്‌കാര രീതികൾ? കാലഘട്ടത്തിനോടുള്ള പ്രതികരണനോന്മുഖത?

എന്റെ അനുഭവത്തിൽ പ്രമേയമാണ്. മലയാളി വായനക്കാർ സാമൂഹിക പ്രതിബദ്ധതയുള്ളവരാണ്, അവർ ഏകാകികളല്ല. സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോഴാണ് അവർ കൈനീട്ടി സ്വീകരിച്ചിട്ടുള്ളത്. എന്റെ അമ്പത്, അറുപത് വർഷത്തെ സാഹിത്യജീവിതത്തിൽ വായനക്കാർ സ്വീകരിച്ചിട്ടുള്ളത് ജീവിതമുള്ള കൃതികളെയാണ്. എല്ലാവരും ജീവിതമാണ് പറയുന്നത്, അത് വ്യത്യസ്ത രീതിയിൽ പറയുകയും വേണം. എന്റെ ആദ്യകാല എഴുത്തിന്റെ വിജയം- വിജയം എന്നു വിളിക്കുന്നത്, അത്രയധികം വായനക്കാർ കൂടെയുണ്ടായിരുന്നു എന്നതുകൊണ്ടാണ്- പുതിയ പ്രമേയങ്ങൾ, മലയാളികൾക്ക് ഒട്ടും പരിചിതമല്ലാത്ത പ്രമേയങ്ങൾ, പുതിയ ഭാഷയിലൂടെ കൈകാര്യം ചെയ്തതുമൂലമാണ്. എഴുത്തുകാർ പറയുന്നത് സത്യമാണ് എന്ന് അവർ കരുതുന്നു. ആ വിശ്വാസം എല്ലാ എഴുത്തുകാർക്കും ആവശ്യമാണ്. അവർക്ക് പരിചയമില്ലാത്ത ഒരു ലോകം അറുപതുകളിലും എഴുപതുകളിലും ഞാൻ എഴുതിയുണ്ടാക്കി. അവർ അത് സ്വീകരിച്ചു, ആഘോഷിച്ചു. എന്തുകൊണ്ടാണ്? അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. ഞാൻ പറയുന്നത് കളവല്ല എന്ന് അവർക്കറിയാം. വായനക്കാരുടെ വിശ്വാസമില്ലാതെ എഴുത്തുകാർക്ക് നിലനിൽക്കാനാകില്ല. ഞാൻ ഒരിക്കലും വായനക്കാരെ ചതിക്കാൻ ശ്രമിച്ചിട്ടില്ല.

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സ്‌പൊണ്ടേനിയസ് ആയ എഴുത്തായിരുന്നു. അതിന്റെ പുറകിൽ വലിയ ശ്രമമോ വലിയ ചിന്തയോ ഒന്നുമില്ല.

വായനക്കാരെ വഴി തെറ്റിച്ച എഴുത്തുകാരൻ എന്ന ഒരു വിശേഷണം കൂടി എം. മുകുന്ദനുണ്ടായിരുന്നു. അതേക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു?

അത് കുറച്ചുപേർ പറഞ്ഞുണ്ടാക്കിയതാണ്, അല്ലാതെ ഗൗരവപൂർവം ഉന്നയിക്കപ്പെട്ടതല്ല. സാഹിത്യത്തിൽ ഗോസിപ്പുകളുണ്ടല്ലോ, അതിലൂടെ വന്നിട്ടുള്ളതാണ്. കെ.പി. അപ്പനും വി. രാജകൃഷ്ണനും നരേന്ദ്രപ്രസാദുമൊക്കെയാണ് അന്ന് എന്റെ രചനകളെ വിലയിരുത്തിയത്. അവരൊന്നും ഇത്തരമൊരു അഭിപ്രായം പറഞ്ഞിട്ടില്ല. പിന്നെ, ഒരുപാട് പേർക്ക് എതിർപ്പുണ്ടായിരുന്നു, അവരുടെ ഭാഗത്തുനിന്നാണ് ഇത്തരമൊരു ഗോസിപ്പ് വന്നത്.

നരേന്ദ്രപ്രസാദ്, കെ.പി. അപ്പൻ, വി. രാജകൃഷ്ണൻ
നരേന്ദ്രപ്രസാദ്, കെ.പി. അപ്പൻ, വി. രാജകൃഷ്ണൻ

മേൽ സൂചിപ്പിച്ച എഴുത്തിലെ ഘട്ടങ്ങളിൽ, എഴുത്തുകാരനെന്ന നിലയ്ക്ക് ഏറ്റവും തൃപ്തി തോന്നിയ കാലം ഏതാണ്?

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 25ാമത്തെ വയസ്സിലാണ് എഴുതിയത്. ആ പ്രായത്തിൽ നമ്മൾ എന്തുമാത്രം ലോകത്തെ അറിഞ്ഞിട്ടുണ്ടാകും? സ്‌പൊണ്ടേനിയസ് ആയ എഴുത്തായിരുന്നു അത്. അതിന്റെ പുറകിൽ വലിയ ശ്രമമോ വലിയ ചിന്തയോ ഒന്നുമില്ല. ചില ജീവിതദർശനങ്ങളൊക്കെ വന്നിട്ടുണ്ട്, അത് ബോധപൂർവമല്ല. എന്നിലുള്ളത് അതിലേക്ക് ഒഴുകിയെത്തി എന്നുമാത്രം. ഏറ്റവും നല്ല കാലം അതാണ് എന്നെനിക്കുതോന്നുന്നു. ഒരുവിധ ആശങ്കകളുമില്ല അന്ന്. ഇന്ന് അങ്ങനെയല്ല, ഒരുപാട് വായനക്കാരുണ്ട്. വായനക്കാരും ഞാനും തമ്മിൽ എവിടെയെക്കേയോ ഒരു ഐക്യം, പൊരുത്തം, ചില കൊടുക്കൽ വാങ്ങലുകൾ എല്ലാമുണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത് വായനക്കാരാണ് എഴുത്തുകാരുടെ ഏറ്റവും വലിയ സമ്പത്ത് എന്ന്.

മയ്യഴിയും ഖസാക്കിന്റെ ഇതിഹാസവും സ്മാരകശിലകളും വായിച്ചപോലുള്ള ഒരു വായന ഇന്നുണ്ടാകില്ല. വായനക്കാർക്ക് ഇന്ന് ഒരുപാട് ഓപ്ഷനുകളുണ്ട്. വായിക്കണമെന്ന് നിർബന്ധമില്ല.

അപ്പോൾ, മയ്യഴിപ്പുഴയുടെ തീരങ്ങളേക്കാൾ ഡൽഹി ഗാഥകളാണ് മുകുന്ദന്റെ ഒരു അടയാള കൃതിയായി വരേണ്ടത്?

ഇതുവരെ ‘മയ്യഴിയുടെ കഥാകാരൻ’ എന്നാണ് എന്നെക്കുറിച്ച് പറഞ്ഞിരുന്നത്. ഇപ്പോൾ, ‘ഡൽഹിയുടെ കഥാകാര’നായി. അത് സ്വഭാവികമാണ്. ഇവിടെ 21 വർഷമല്ലേ ഞാൻ ജീവിച്ചിട്ടുള്ളൂ. അതിന്റെ ഇരട്ടയിലധികം ഡൽഹിയിൽ ജീവിച്ചു. അതുകൊണ്ട്, മയ്യഴിപ്പുഴ എങ്ങനെയാണോ എഴുതിയത്, അതേപോലെയാണ് ഡൽഹി ഗാഥകളും എഴുതുന്നത്. ഞാൻ എവിടെയാണോ അതാണ് എന്റെ ദേശം എന്ന ഒരു സങ്കൽപ്പമാണ്, ദേശത്തെക്കുറിച്ച് എനിക്കുള്ളത്. ഏതെങ്കിലും സ്ഥലത്ത് കുറെക്കാലം ജീവിച്ചിരുന്നാൽ, അതാണ് എന്റെ ദേശം. അങ്ങനെ നോക്കുമ്പോൾ, രണ്ടു ദേശങ്ങളുള്ള, രണ്ട് രാജ്യങ്ങളുള്ള ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് ഈ രണ്ടുകൃതികളും എനിക്ക് ഒരേപോലെ വേണ്ടപ്പെട്ടതാണ്. ഏതെങ്കിലും ഒരു കൃതിയുടെ പേരിലുള്ള അടയാളപ്പെടുത്തൽ അസാധ്യമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നൈസർഗികമായ ഒരെഴുത്താണ്. ഡൽഹി ഗാഥകൾ പ്രായമായ ഒരാൾ എഴുതുന്ന നോവലാണ്. 25 വയസ്സായ ഒരാളെഴഴുതുന്ന നോവലും 65 വയസ്സായ ഒരാളെഴുതുന്ന നോവലും തമ്മിൽ എങ്ങനെയാണ് താരതമ്യം ചെയ്യുക?

വായനക്കാരുടെ പ്രതികരണങ്ങളെക്കുറിച്ചു പറഞ്ഞു. ഇന്നും ആളുകൾ മയ്യഴി വായിക്കുന്നു, എന്നാൽ, ഡൽഹി ഗാഥകൾ അതേ തീവ്രതയിൽ വായിക്കപ്പെടുന്നില്ല. ഡൽഹി ഗാഥകളുടെ ഓറിയന്റേ​ഷൻ എന്നത് ഗംഭീരമായ ഒന്നാണ്. ഒരു ഒരു എപ്പിക് നോവൽ എന്ന് ജെ.സി.ബി അവാർഡുജൂറി വിശേഷിപ്പിച്ച തരത്തിലുള്ള ഒന്ന്. എന്നിട്ടും എന്തുകൊണ്ട് മലയാളികൾ വേണ്ടത്ര അത് വായിക്കുന്നില്ല?

ഒരുപക്ഷെ, വായനയുടെ രീതി മാറിയതുകൊണ്ടാകാം. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പുസ്തകമായി വരുമ്പോഴുള്ള ലോകമല്ല ഇന്ന്. അന്ന നമുക്ക് വായന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടി.വിയില്ല, റേഡിയോ പോലുമില്ല. എഴുത്തുകാർ എഴുതുന്ന ഓരോ വാചകത്തിനും കാതോർത്തുനിൽക്കുന്ന വായനക്കാരുണ്ടായിരുന്നു. ഡൽഹി ഗാഥകളിലെത്തുമ്പോഴേക്കും നമ്മുടെ ലോകവും വായനക്കാരുടെ പരിസരങ്ങളും മാറിക്കഴിഞ്ഞു. അതുകൊണ്ട്, മയ്യഴിയും ഖസാക്കിന്റെ ഇതിഹാസവും സ്മാരകശിലകളും വായിച്ചപോലുള്ള ഒരു വായന ഇന്നുണ്ടാകില്ല. വായനക്കാർക്ക് ഇന്ന് ഒരുപാട് ഓപ്ഷനുകളുണ്ട്. വായിക്കണമെന്ന് നിർബന്ധമില്ല. ആ ഒരു മാറ്റമാണ് ഇതിനുകാരണമെന്ന് തോന്നുന്നു. പക്ഷെ, ഡൽഹി ഗാഥകളെക്കുറിച്ച് ഒരുപാട് പഠനങ്ങൾ വന്നിട്ടുണ്ട്, ഒരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്. പക്ഷെ, അത് മയ്യഴിപ്പുഴയുടെ തീരങ്ങളെപ്പോലെ മലയാളത്തിൽ ആഘോഷിക്കപ്പെട്ടില്ല. എന്നാൽ, ഇംഗ്ലീഷിൽ ഈ കൃതി ആഘോഷിക്കപ്പെട്ടു. നല്ല വിൽപനയും ചർച്ചകളും നടന്നു. അവരുടെ കഥയാണിത്, അതായിരിക്കാം ഒരു കാരണം.

കേശവന്റെ വിലാപങ്ങളെക്കുറിച്ച് ഇടതുപക്ഷത്തുണ്ടായ ഒരുതരം ആശയക്കുഴപ്പം, ഡൽഹി ഗാഥകളുടെ കാര്യത്തിൽ, കേരളത്തിലെ വായനക്കാർക്കിടയിലുള്ളതായി തോന്നുന്നുണ്ടോ?

ഇല്ല, പ്രബുദ്ധരായ മലയാളി വായനക്കാർക്ക് സ്വീകാര്യമായ കാര്യങ്ങളാണ് ഇതിലുള്ളത്- അടിയന്തരാവസ്ഥ, വർഗീയത മുതലായവ. രാഷ്ട്രീയമായി എതിർക്കാനുള്ള ഒന്നും അതിലില്ല.

അപ്പോൾ, വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ ശരിക്കും എഴുത്തുകാരെ സംബന്ധിച്ച് ഒരു കുഴപ്പം പിടിച്ചതും ഒരു വേള അവരെ വഴിതെറ്റിക്കുന്നതുപോലുമാണ്, അല്ലേ?

ഇനി ഒരു എഴുത്തുകാർക്കും​ വായനക്കാരെ സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്കുതോന്നുന്നില്ല. മുമ്പ്, എഴുത്തുകാർ ഒരുയർന്ന തലത്തിലാണ് നിന്നിരുന്നത്, വായനക്കാർ താഴെയായിരുന്നു. ഇപ്പോൾ അത് മാറി. ഇന്ന് വായനക്കാരും എഴുത്തുകാരും ഒരേ തലത്തിലാണുള്ളത്. അതാണ്, വായനയുടെ പരിസരത്തുണ്ടായ ഒരു മാറ്റം. അതുകൊണ്ട്, താൻ പറയുന്നത് മുഴുവൻ വായനക്കാർ സ്വീകരിക്കണം എന്ന് ശഠിക്കാൻ എഴുത്തുകാർക്ക് കഴിയില്ല. വായനയുടെ പരിസരത്തുണ്ടായ ഇത്തരം മാറ്റങ്ങളാണ് നമ്മൾ ശരിക്കും ചർച്ച ചെയ്യേണ്ട പ്രധാന കാര്യം. എന്നാൽ, അത് ആരും ചർച്ച ചെയ്യുന്നില്ല.

പഴയ പോലെ എഴുത്തിൽ ഒരു സ്വാതന്ത്ര്യം ഇപ്പോൾ എനിക്കില്ല. മറ്റു പലതരം ബാധ്യതകളും സമ്മർദങ്ങളും ഇപ്പോഴുണ്ട്. പല സമ്മർദങ്ങളും ഞാൻ തന്നെയുണ്ടാക്കുന്നതാണ്

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ ഒരു സിനിമയിലേതുപോലുള്ള കാഴ്ചകളുണ്ട്, കഥാപാത്രങ്ങളുണ്ട്​, സംഭവങ്ങളുണ്ട്​, സംഭാഷണങ്ങളുണ്ട്​. അനവധി കഥകൾ. ഡൽഹി ഗാഥകൾ എന്നാൽ അത്തരം കാഴ്ചകളല്ല. അടിയന്തരാവസ്ഥ, ഇന്ത്യ- ചൈന യുദ്ധം, ബംഗ്ലാദേശിൽനിന്നുള്ള അഭയാർഥി പ്രവാഹം, ഇന്ദിരാഗാന്ധിയുടെ മരണം, സിഖ് കൂട്ടക്കൊല, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, വർഗീയതയുടെ ഹിംസാത്മകമായ വളർച്ച എന്നിവയെല്ലാം നോവലിലുണ്ട്. ഒരു വിറ്റ്‌നസ് നോവൽ, സാധാരണക്കാരുടെ കാഴ്ചയുടെ ദൃക്‌സാക്ഷിത്വം. ശരിക്കും ഈ ഓരോ കാഴ്ചയും ഓരോ നോവലാണ്. പ്രത്യേകിച്ച്, ഡൽഹിയെക്കുറിച്ച് ഏറെയും വ്യാജമായ കാഴ്ചകളുള്ള സാമാന്യ മലയാളിയെ സംബന്ധിച്ച്. റിപ്പബ്ലിക് ദിന പരേഡിലൂടെ മാത്രം കണ്ട ഡൽഹിയെക്കുറിച്ച് മലയാളിയുടെ മനസ്സിലുള്ള ചിത്രം മാറ്റിയെടുക്കാനാണ് ഈ നോവൽ എഴുതുന്നത് എന്ന് താങ്കൾ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഈ കാഴ്ചകൾ ഈ നോവലായി രൂപപ്പെടുന്നത് എങ്ങനെയാണ്? എന്തുകൊണ്ട് ഇത്ര കാലമെടുത്തു?

മയ്യഴി എഴുതുന്ന കാലത്തെ സ്‌പൊണ്ടേനിയസ് എഴുത്ത് ഇപ്പോൾ എന്നിലില്ല. ഇന്ന് എഴുതുന്നതിനുമുമ്പ് ഞാൻ ചിന്തിക്കുന്നു. ഞാൻ സ്വയം വിമർശിക്കുന്ന ഒരാളായതിനാൽ, എന്റെയുള്ളിൽനിന്ന് പലതരം വിമർശനങ്ങൾ ഉയർന്നുവരാറുണ്ട്. സ്വയം എഡിറ്റുചെയ്യാറുണ്ട്, ഇതെല്ലാം വന്നിട്ടാണ് ഇത്ര കാലതാമസം വന്നത്.

അടിയന്തിരാവസ്ഥ കാലത്ത് ദൂരദർശൻ സ്റ്റുഡിയോയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഇന്ദിരാഗാന്ധി
അടിയന്തിരാവസ്ഥ കാലത്ത് ദൂരദർശൻ സ്റ്റുഡിയോയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഇന്ദിരാഗാന്ധി

എഴുത്തുമാത്രമല്ല, നിലപാടുകളും സമീപനങ്ങളുമെല്ലാം എഡിറ്റിങ്ങിനും സ്വയം വിമർശനത്തിനും വിധേയമാകാറുണ്ട്?

അതെ, പഴയ പോലെ എഴുത്തിൽ ഒരു സ്വാതന്ത്ര്യം ഇപ്പോൾ എനിക്കില്ല. മറ്റു പലതരം ബാധ്യതകളും സമ്മർദങ്ങളും ഇപ്പോഴുണ്ട്. പല സമ്മർദങ്ങളും ഞാൻ തന്നെയുണ്ടാക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ, മയ്യഴിപ്പുഴയുടെ തീരങ്ങളും വൈകിയാണ് എഴുതിയത് എന്നു പറയാം. 1974ലാണ് പുസ്തകം ഇറങ്ങിയത്. വെള്ളക്കാരൊക്കെ പോയി, പത്തുമുപ്പതു വർഷം കഴിഞ്ഞാണ് അത് എഴുതുന്നത്.

ഡൽഹി ഗാഥകൾ എന്ന നോവലിന്റെ പ്രധാന ഭാഗം, തമോഗർത്തങ്ങൾ എന്നു പേരിട്ട അടിയന്തരാവസ്ഥാ അനുഭവമാണ്. ജോലിയുടെ സുരക്ഷിതത്വമുണ്ടായിരുന്നുവെങ്കിലും ഒരു പൗരൻ എന്ന നിലയക്ക് അത് എങ്ങനെയാണ് വേട്ടയാടിയത്?

അടിയന്തരാവസ്ഥയുടെ ഏറ്റവും ഭീകരമായ അനുഭവം, മനുഷ്യരുടെ അപ്രത്യക്ഷമാകലാണ്. അങ്ങനെ അപ്രത്യക്ഷമായ പലരും എന്റെ അറിവിലുണ്ട്. എന്റെ ഒരു അയൽപക്കക്കാരൻ പൊടുന്നനെ അപ്രത്യക്ഷമായി, കണ്ടുകൊണ്ടിരിക്കേ തന്നെ. അയാൾ എവിടെ പോയി?

മറ്റൊന്ന്, ഇന്ദിരാഗാന്ധിയുടെ വധമാണ്. അവർക്ക് വെടിയേറ്റു എന്ന് എന്നോടുപറയുന്നത് മേലുദ്യോഗസ്ഥനാണ്. ആ നിമിഷം ഒന്നുമാലോചിക്കാതെ ഞാൻ പുറത്തിറങ്ങുകയായിരുന്നു. ബസും ഓട്ടോയും ഒന്നുമുണ്ടായിരുന്നില്ല അപ്പോൾ. ഇന്ദിരാഗാന്ധിയെ പ്രവേശിപ്പിച്ചിരുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വരെ ഞാൻ നടന്നു. അവിടെയെത്തുമ്പോൾ കാണുന്നത്, മാറത്തടിച്ച് നിലവിളിക്കുന്ന പ്രായമായ സ്ത്രീകളെയാണ്. അന്ന് കണ്ടതെല്ലാം എഴുതാൻ സമയമായിട്ടില്ല എന്നാണ് അന്നെനിക്ക് തോന്നിയത്. വർഷങ്ങളെടുത്ത് എഴുതിയതുകൊണ്ടാണ് നന്നായി എഴുതാൻ കഴിഞ്ഞത്. അടിയന്തരാവസ്ഥയേക്കാൾ എന്നെ വേട്ടയാടിയത്, ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന സിഖ് കൂട്ടക്കൊലയാണ്.

1984-ലെ സിഖ് കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ / Photo: Wikimedia Commons
1984-ലെ സിഖ് കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ / Photo: Wikimedia Commons

അതിന് സാക്ഷിയായ അനുഭവമുണ്ടല്ലോ.

ഉണ്ട്. അന്നുരാത്രി, ആളുകൾ വടിയും കല്ലും കമ്പിയുമൊക്കെയായി ആക്രോശിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ഘോഷയാത്രയായി സിഖുകാരെ അന്വേഷിച്ച് പോകുകയാണ്. ഓരോ വീടിനുമുന്നിലുമെത്തി സിഖുകാരുണ്ടോ എന്ന് വിളിച്ചുചോദിക്കുന്നു. ഞാൻ താമസിച്ചിരുന്നത് സിഖുകാർ ഏറെയുള്ള ലാജ്പത് നഗറിലായിരുന്നു. എന്റെ വീടിനുമുന്നിലും അവർ വന്നു, ഗേറ്റിലിടിച്ചു, ഞാൻ ഏതെങ്കിലും സിഖുകാരെ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്നറിയാൻ. കൊലവിളിയോടെ വീടുകളിൽ അതിക്രമിച്ചുകയറി സിഖുകാരെ തെരയുന്ന സംഘങ്ങൾ. ഒരാളെ കൊല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസം സന്ധ്യക്ക് ഓഫീസിൽനിന്ന് തിരിച്ച് താമസസ്ഥലത്തേക്കു നടക്കുകയാണ്. സൗത്ത് എക്‌സ്റ്റൻഷനിലെത്തിയപ്പോൾ, ആൾക്കൂട്ടം ഒരു ടാക്‌സിയിൽനിന്ന് ഒരു സിഖുകാരന്റെ മുടി പിടിച്ച് പുറത്തേക്കിടുന്നതാണ് കണ്ടത്. വീണ്ടും ഒന്നുകൂടി നോക്കുമ്പോൾ, പൊടുന്നനെ തീയും പുകയും ഉയർന്നു. അയാൾ കത്തിയെരിയുന്നത് ഞാൻ കണ്ടില്ല, മനക്കണ്ണിൽ ഞാനതുകണ്ടു. ഏറെ പ്രായമായ ഒരു സിഖുകാരൻ തലയിൽനിന്നും വായിൽനിന്നും ചോരയൊലിപ്പിച്ച് നടന്നുപോകുന്നതായിരുന്നു മറ്റൊരു ദൃശ്യം. അത്തരം നിരവധി കാഴ്ചകൾ. ഏതു ക്രൂരകൃത്യത്തിലും ഒരു കവിതയുണ്ടെന്ന് പറയാറുണ്ടല്ലോ. ലാജ്പത് നഗറിലൂടെ ഒരു ഓട ഒഴുകുന്നുണ്ട്. കലാപം ഒന്നടങ്ങിയശേഷം, രാവിലെ ഞാൻ ഈ ഓടക്കരികിലൂടെ നടക്കുമ്പോൾ, മലിനജലത്തിലൂടെ ഒഴുകിവരുന്നത് സിഖുകാരുടെ തലക്കെട്ടുകളാണ്, പിന്നെ പെൺകുട്ടികളിടുന്ന ദുപ്പട്ടകൾ...അത് ഭയങ്കര കാഴ്ചയായിരുന്നു. ആരുടേതാണ് ആ തലപ്പാവുകൾ, ഏത് പെൺകുട്ടികളുടേതാണ് ദുപ്പട്ടകൾ?

ഈ നോവലിൽ പറയുന്നതും എഴുതപ്പെടുന്നതുമായ ഭീകരമായ അന്തരീക്ഷത്തേക്കാൾ ഭീകരമായ അന്തരീക്ഷത്തിലിരുന്നാണ് ഈ കൃതി വിവർത്തനം ചെയ്യുന്നത് എന്ന് ഇ.വി. ഫാത്തിമ പറഞ്ഞിട്ടുണ്ട്. അത്തരമൊരു അവസ്ഥ ഇപ്പോൾ ഡൽഹിയിലുണ്ടോ?

ഉണ്ട്, പ്രത്യേകിച്ച് വർഗീയത. ഡൽഹി ഗാഥകളിൽ പറയുന്നതിനേക്കാൾ കൂടുതലാണ് ഇന്നത്തെ അവസ്ഥ. ന്യൂനപക്ഷ സമുദായങ്ങൾ ഒട്ടും സുരക്ഷിതരല്ല അവിടെ. അവർക്ക് ഒരു വാടകവീടുപോലും കിട്ടില്ല. റോട്ടിലൂടെ നടന്നുപോകുമ്പോൾ അവരെ സംശയത്തോടെ നോക്കും. എനിക്ക് പരിചയമുള്ള ഒരാൾ ജെ.എൻ.യുവിലുണ്ടായിരുന്നു. താടിയുള്ളതുകൊണ്ട് എവിടെപ്പോയാലും പൊലീസുകാർ ശല്യം ചെയ്യും. നിശ്ശബ്ദമായ ഒരു വേട്ടയാടൽ ഇപ്പോഴുമുണ്ട്.

2020-ലെ ഡൽഹി കലാപ സമയത്ത് ശിവ് വിഹാറിലെ ഒരു മുസ്‌ലിമിന്റെ വീടിന് തീയിട്ടശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. തുടർന്ന് അവിടെ സ്‌ഫോടനം നടക്കുന്നു. വീട്ടിൽ നിന്ന്​ പുറത്താക്കപ്പെട്ട ശിവ് വിഹാർ സ്വദേശി അന്വേഷണ സംഘത്തിന്​ നൽകിയ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
2020-ലെ ഡൽഹി കലാപ സമയത്ത് ശിവ് വിഹാറിലെ ഒരു മുസ്‌ലിമിന്റെ വീടിന് തീയിട്ടശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. തുടർന്ന് അവിടെ സ്‌ഫോടനം നടക്കുന്നു. വീട്ടിൽ നിന്ന്​ പുറത്താക്കപ്പെട്ട ശിവ് വിഹാർ സ്വദേശി അന്വേഷണ സംഘത്തിന്​ നൽകിയ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഇപ്പോൾ, ബംഗ്ലാദേശ് വിമോചനത്തിന് അരനൂറ്റാണ്ട് തികഞ്ഞ സന്ദർഭമാണ്. ഇപ്പോൾ പോലും യുദ്ധകഥകളും യുദ്ധവീരന്മാരുമാണ് മാധ്യമങ്ങളിൽ നിറയെ. ആക്രമണോത്സുകമായ ദേശീയതയുടെ പ്രതിനിധാനമുള്ള കേന്ദ്ര സർക്കാറും ഇത്തരമൊരു ദേശീയതയുടെ പ്രചാരകരായ മാധ്യമങ്ങളും ‘യുദ്ധം ജയിച്ച രാഷ്ട്രം' എന്ന ഏക പ്രതീതിയിലേക്ക്​ ഈ വിഷയം ചുരുക്കാൻ മത്സരിക്കുന്നു. ഇന്ദിരാഗാന്ധി ധീരനേതൃത്വമായി വീണ്ടും പ്രതിഷ്ഠിക്കപ്പെടുന്നു. അന്നത്തെ, നിസ്സഹായരായ അഭയാർഥികളെയും മനുഷ്യരെയും ദുരിതങ്ങളും നേരിൽ കണ്ടിട്ടുള്ള താങ്കളടക്കമുള്ള തലമുറയുടെ മുന്നിലാണ് ഈ വിജയാഘോഷം.

ശരിയാണ്, ഈ പറഞ്ഞ അഭയാർഥികളുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. മുസ്‌ലിംകളുടെ പുണ്യസ്ഥലമായ നിസാമുദ്ദീൻ ദർഗയിൽ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്ത് ഒരു ദിവസം കുട്ടികളും സ്ത്രീകളുമടക്കം ഒരുപാട് ബംഗ്ലാദേശി അഭയാർഥികൾ വന്നു നിറഞ്ഞു. കാറിൽ അതുവഴി ഓഫീസിലേക്കുപോകുമ്പോൾ, വസ്ത്രമൊന്നുമില്ലാത്ത കുട്ടികൾ ഓടിവന്ന് കൈനീട്ടും. എന്നും കാണുന്ന കാഴ്ചയാണിത്. ഒരു ദിവസം രാവിലെ അതിലേ പോകുമ്പോൾ, ഈ മനുഷ്യരെല്ലാം അപ്രത്യക്ഷരായിരിക്കുന്നു. ആരുമില്ല, മുഷിഞ്ഞ തുണികളും പാത്രങ്ങളുമല്ലാതെ അവിടെ ഒന്നുമില്ല. ചരിത്രത്തിൽനിന്ന് അപ്രത്യക്ഷരായ ഈ മനുഷ്യരുടെ കഥയാണ് ബംഗ്ലാദേശ് വിമോചന കഥ, അല്ലാതെ സൈനികരുടേതല്ല. ദിവസവും കാണുമായിരുന്ന ഒരു കൊച്ച് ആൺകുട്ടിയെ പിന്നീടൊരിക്കൽ കണ്ടു, മറ്റൊരു വഴിയിലൂടെ പോകുമ്പോൾ, സിഗ്‌നിലിൽ കാറ് നിർത്തിയപ്പോൾ അവൻ ഓടിവന്നു. എനിക്ക് ഉടൻ അവനെ തിരിച്ചറിയാനായി, ആ ഒരു കുട്ടിയെ മാത്രമേ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. ആ കുട്ടിയെക്കുറിച്ച് നോവലിൽ പറയുന്നുണ്ട്. ബാക്കിയുള്ളവർക്ക് എന്തു സംഭവിച്ചു?

ഇപ്പോൾ ഒരു നോവൽ എഴുതിത്തുടങ്ങിയിട്ടുണ്ട്, അതിനുള്ളിലും മറ്റൊരു നോവലുണ്ട്. എനിക്കിഷ്‌പ്പെട്ട ഒരു മാധ്യമാണ്, നോവലിനുള്ളിൽ മറ്റൊരു നോവൽ.

‘അഭയമറ്റ് അലഞ്ഞവർ' എന്നാണ് ആനന്ദ് ബംഗ്ലാദേശ്​ വിമോചന ദിനത്തിൽ ‘മലയാള മനോരമ’ പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. നടക്കാൻ പോലും പറ്റാത്ത അത്ര പ്രായമായവർ, വഴിയിൽ വീണു മരിക്കുന്നവർ, അവരെ വഴിയിലുപേക്ഷിച്ചുപോകുന്ന നിസ്സഹായരായ സഹയാത്രികർ, കോളറ, ബ്രഹ്മപുത്രയും ഗംഗയിലെയും പ്രളയ ദുരിതങ്ങൾ... എന്നിവരെക്കുറിച്ചെല്ലാം ആനന്ദ് എഴുതുന്നുണ്ട്.

നമ്മൾ എന്ത് അഭയമാണ് അവർക്ക് കൊടുത്തത്? എന്ത് മോചനമാണ് നൽകിയത്? അവരെ നാം നെഞ്ചോടുചേർത്തുപിടിച്ചിട്ടുണ്ടെങ്കിൽ അത് അഭയമാണ്. കിഴക്കൻ പാക്കിസ്ഥാനിലേതിനേക്കാൾ ഭീകരമായ അവസ്ഥയിലാണ് അവർ ഇവിടെ ജീവിച്ചത്. കാണാതായ ബംഗ്ലാദേശ് അഭയാർഥികളെക്കുറിച്ചുള്ള കഥയാണ് എന്റെ മനസ്സിൽ. എല്ലാ യുദ്ധങ്ങളിലും കുറെ പാവങ്ങളുണ്ടാകും, ഇരകളായി.

യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന ബംഗ്ലാദേശി അഭയാർഥികൾ / Photo: tovarish_udn from Flickr
യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന ബംഗ്ലാദേശി അഭയാർഥികൾ / Photo: tovarish_udn from Flickr

ഡൽഹി ഗാഥകളിലെ സഹദേവൻ ഒരു നോവലിസ്റ്റ് കൂടിയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു നോവൽ സഹദേവന്റെ ഉള്ളിലുണ്ട്. നോവലിന്റെ ഉള്ളിൽ മറ്റൊരു നോവൽ വികസിച്ചുവരുന്ന രചനാസങ്കേതം മുകുന്ദൻ പ്രയോഗിച്ചിട്ടുള്ള ഒന്നാണ്. കേശവന്റെ വിലാപങ്ങളെ മെറ്റാ നോവൽ എന്ന് വിളിച്ചിരുന്നു. അവസാനിക്കാത്ത ഒരു നോവൽ എം. മുകുന്ദന്റെയും ഉള്ളിലുണ്ടോ?

ഡൽഹിയുടെ ജീവചരിത്രമാണ് ഡൽഹി ഗാഥകൾ എന്ന് നോവലിനെ വിശേഷിപ്പിച്ചിട്ടുണ്ട്, ഇംഗ്ലീഷിൽ. നോവൽ എഴുതുമ്പോൾ, ഞാൻ ഡൽഹിയുടെ ബയോഗ്രഫിയാണ് എഴുതുന്നത് എന്ന വാചകം എന്റെയുള്ളിലുണ്ടായിരുന്നില്ല. എന്നാൽ, ഏകദേശം ആ രൂപത്തിലാണ് നോവലിനെ ഞാൻ സങ്കൽപ്പിച്ചെടുത്തത്. ഇപ്പോൾ ഒരു നോവൽ എഴുതിത്തുടങ്ങിയിട്ടുണ്ട്, അതിനുള്ളിലും മറ്റൊരു നോവലുണ്ട്. എനിക്കിഷ്‌പ്പെട്ട ഒരു മാധ്യമാണ്, നോവലിനുള്ളിൽ മറ്റൊരു നോവൽ. ഒരു ദളിത് യുവതിയുടെ കദനകഥയിൽ നോവലിനുള്ളിൽ നാടകമാണുള്ളത്. നോവലിനുള്ളിൽ ഇല്ലാത്തത് കവിതകളാണ്.

ഞാൻ മുമ്പും കൂടെ നടക്കുന്നുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്, വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. അതാണ് ശരിയായ സഹയാത്ര.

അതെന്തുകൊണ്ടാണ്, നോവലിനുള്ളിൽ കവിതകളില്ലാത്തത്?

കവിതകൾ അതിൽ ചേരില്ല, നോവലിന്റെ ഫ്രെയിമിനുള്ളിൽ കവിത കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്.

ഡൽഹി ഗാഥകളിൽ, പറശ്ശിനിക്കടവിൽനിന്നാണ് ശ്രീധരനുണ്ണി ചൗ എൻ ലായിയുടെ പടം വാങ്ങുന്നത്. നൂറു പൂക്കൾ കൊണ്ട് ബോർഡർ വരച്ച ഒരു ചിത്രം. അക്കാലത്ത്, മുത്തപ്പന്റെ പറശ്ശിനിക്കടവിൽ ഏറ്റവും വിറ്റുപോകുന്നത് എ.കെ.ജി കഴിഞ്ഞാൽ ചൗ എൻ ലായിയുടെ പടമാണ്. രാഷ്ട്രീയമായി, ഇടതു സഹയാത്രകനായാണ് മുകുന്ദൻ അറിയപ്പെടുന്നത്. എന്നാൽ, എഴുത്തിൽ ഏറെ പ്രകടം ഇടതുപക്ഷവിമർശനമാണ്. സഹയാത്രയും വിമർശനവും തമ്മിലൊരു സംഘർഷമുണ്ടോ?

നമ്മൾ കൂടെ നടക്കുന്നത് വിമർശിച്ചുകൊണ്ടായിരിക്കണം. വിയോജിപ്പ് പ്രകടിപ്പിച്ച് കൂടെ നടക്കണം. അവർ പറയുന്നത് കേട്ട്, അനുസരിച്ച് കൂടെ നടക്കുന്നതിൽ അർഥമില്ല. വിയോജിപ്പുകൾ തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഞാൻ മുമ്പും കൂടെ നടക്കുന്നുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്, വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. അതാണ് ശരിയായ സഹയാത്ര.

ചൗ എൻ ലായ്
ചൗ എൻ ലായ്

വി.എസ്.- പിണറായി സംഘർഷത്തിന്റെ കാലത്ത് രാഷ്ട്രീയത്തിൽ ഇടപെട്ടപ്പോൾ പല എഴുത്തുകാരും വിലക്കിയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. വടി കൊടുത്ത് അടി വാങ്ങേണ്ട എന്ന രീതിയിൽ. സാമൂഹിക- രാഷ്ട്രീയ പ്രശ്‌നങ്ങളിലെ മലയാളി എഴുത്തുകാരുടെ ഇടപെടൽ പരിശോധിച്ചാൽ, അത്തരമൊരു ‘അരാഷ്ട്രീയ ജാഗ്രത' ഇപ്പോൾ എഴുത്തുകാരിൽ കൂടി വരികയാണ് എന്ന് പറയണ്ടേിവരില്ലേ?

ഇടതുപക്ഷത്താണ് ഇപ്പോൾ കൂടുതൽ എഴുത്തുകാരുള്ളത്. എന്നാൽ, ഇപ്പോൾ ചോദ്യം ചെയ്യാതെ ഒപ്പം നിൽക്കുകയാണ്. ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല, എങ്കിലും കേരളത്തിൽ അതാണ് ഇന്നത്തെ അവസ്ഥ. കൂടെ നടക്കുന്നത് നമ്മുടെ പ്രൊട്ടക്ഷനുവേണ്ടിയാകരുത്. ആശയപരമായും പ്രത്യയശാസ്ത്രപരമായും ചില മേഖലകളിലെങ്കിലും യോജിപ്പുകളുണ്ടാകണം. മുമ്പ് ഇടതുപക്ഷത്തെ എതിർത്ത ചില എഴുത്തുകാർ പോലും ഇന്ന് ഇടതുപക്ഷത്തോടൊപ്പം നടക്കുന്നുണ്ട്. അതിലൊരു സുരക്ഷിതത്വമുള്ളതുകൊണ്ടാണിത് സംഭവിക്കുന്നത്.

നിലപാട് എടുക്കുക എന്നു പറഞ്ഞാൽ യെസ് അല്ലെങ്കൽ നോ എന്നു പറയുന്ന രീതിയാണുള്ളത്. എന്നാൽ, എന്റെ സ്ഥാനം ഇതിന്റെ രണ്ടിന്റെയും നടുവിലാണ്. രണ്ട് എക്‌സ്ട്രീമിലേക്ക് എന്തിനാണ് പോകുന്നത്?

എഴുത്തുകാരുടെ പൊളിറ്റിക്കൽ കറക്ട്‌നെസിനെക്കുറിച്ച് ചർച്ച നടക്കുന്ന കാലമാണ്. ഒ.എൻ.വി പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നൽകിയതിനെതിരെ, കുറച്ചുമുമ്പ് കേരളത്തിൽ പ്രതിഷേധമുണ്ടായിരുന്നത് ഓർക്കുമല്ലോ. താങ്കളും പൊളിറ്റിക്കൽ കറക്ട്‌നെസ് എന്ന പ്രയോഗത്തിന്റെ പേരിലല്ല എങ്കിലും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

നിലപാട് എടുക്കുക എന്നു പറഞ്ഞാൽ യെസ് അല്ലെങ്കൽ നോ എന്നു പറയുന്ന രീതിയാണുള്ളത്. എന്നാൽ, എന്റെ സ്ഥാനം ഇതിന്റെ രണ്ടിന്റെയും നടുവിലാണ്. രണ്ട് എക്‌സ്ട്രീമിലേക്ക് എന്തിനാണ് പോകുന്നത്? അതിനിടയിലെ ഒരു സ്‌പെയ്‌സിൽ നിൽക്കുമ്പോൾ നാം സ്വതന്ത്രരാണ്. ആ ഒരു നിലപാടാണ് അന്നും ഇന്നും എനിക്കുള്ളത്​. ഇന്നത്തെ ചില കാര്യങ്ങളെടുക്കാം; ഉദാഹരണം കെ- റെയിൽ. ഒരു വിഭാഗം അത് വേണ്ട എന്നു പറയുന്നു, കുറെ പേർ വേണം എന്നും പറയുന്നു. ഞാൻ അതിന്റെ നടുവിലാണ് നിൽക്കുന്നത്. കാരണം, കേരളം മറ്റു സംസ്ഥാനങ്ങൾ പോലെയല്ല, ഭൂമിശാസ്ത്രപരമായി ഒരുപാട് മാറ്റങ്ങളുണ്ട്, ജനസാന്ദ്രതയുണ്ട്. അതുകൊണ്ട്, നിരവധി മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടിവരും. പ്രകൃതിക്കും മനുഷ്യനും പരിക്കേൽപ്പിക്കാത്ത വികസനമാണ് നമുക്കുവേണ്ടത്. അതിനുള്ള വഴി കണ്ടെത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്, അല്ലാതെ നോ എന്നു പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. വേണം എന്നോ വേണ്ട എന്നോ ഞാൻ പറയുന്നില്ല, പ്രശ്‌നം പഠിക്കുകയാണ് വേണ്ടത്.

വൈരമുത്തു
വൈരമുത്തു

ഇതെല്ലാം കെ- റെയിലിന് നോ എന്നു പറയാനുള്ള കാരണങ്ങളല്ലേ?

അല്ലല്ല, അതിന് വഴിയുണ്ട്. ഞാൻ ലോകത്ത് കുറച്ചൊക്കെ യാത്ര ചെയ്തിട്ടുണ്ട്. വലിയ ജനസാന്ദ്രതയുള്ള ചൈനയെപ്പോലുള്ളിടത്തെല്ലാം പോയിട്ടുണ്ട്. ഫ്രാൻസിൽ, രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ ബുള്ളറ്റ് ട്രെയിനിൽ നമുക്കുപോകാം. അങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ഞാൻ ഇത്തരം ട്രെയിനുകൾ കണ്ടിട്ടുണ്ട്. നമുക്കും അത് വേണം. പക്ഷെ, പ്രകൃതിക്ക് ആഘാതമുണ്ടാകാതെയും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ആവാസം ഗ്യാരണ്ടി ചെയ്തും, ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. അതിനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. അവ കണ്ടെത്തണം, അല്ലാതെ ജനങ്ങളുടെ കണ്ണീരിനുമുകളിലൂടെയല്ല ട്രെയിൻ ഓടിക്കേണ്ടത്.

കെ- റെയിൽ വേണോ വേണ്ടയോ എന്നതല്ല എന്റെ പ്രശ്‌നം, അത് വരികയാണെങ്കിൽ ആർക്കും ഒരുതരത്തിലുമുള്ള ദ്രോഹവുമുണ്ടാക്കരുത് എന്നാണ്

നടുക്കുനിൽക്കുക എന്നത്, പ്രത്യക്ഷത്തിൽ ത​ന്നെ നിലപാട്​ എടുക്കേണ്ട ഇത്തരം പ്രശ്‌നങ്ങളിൽ സാധ്യമാണോ?

സാധ്യമാണ്. നടുക്കുനിൽക്കുക എന്നു പറഞ്ഞാൽ, ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറലല്ല. നടുക്കുനിന്നാൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. പക്ഷം പിടിച്ചുകഴിഞ്ഞാൽ നമ്മുടെ കാഴ്ചപ്പാട് ആത്മനിഷ്ഠമായി മാറും. നടുവിൽ നിൽക്കുമ്പോഴാണ് ഒബ്ജക്റ്റിവിറ്റി വരുന്നത്. കെ- റെയിൽ വേണോ വേണ്ടയോ എന്നതല്ല എന്റെ പ്രശ്‌നം, അത് വരികയാണെങ്കിൽ ആർക്കും ഒരുതരത്തിലുമുള്ള ദ്രോഹവുമുണ്ടാക്കരുത് എന്നാണ്. അല്ലാതെ, തിരക്കിട്ട്, പാവങ്ങളെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണെങ്കിൽ കെ- റെയിൽ വേണ്ട എന്നുതന്നെയാണ് എന്റെ അഭിപ്രായം.

പെൺകവികളിൽ 99 ശതമാനത്തിനും കവിത എഴുതാൻ അറിയില്ല എന്ന തരത്തിൽ ഒരു പരാമർശം ഒരു ആൺകവിയിൽനിന്നുണ്ടാകുകയും അത് കവികളുടെ വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. മലയാളത്തിലെ പുതിയ എഴുത്തിലെ സ്ത്രീ സാന്നിധ്യത്തെ എങ്ങനെ കാണുന്നു?

എഴുത്തിൽ മാത്രമല്ല, എവിടെയാണ് സ്ത്രീകളില്ലാത്തത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ, പുരുഷന്മാരേക്കാൾ ഉയർന്നുവരികയാണ്. അവിടെ അവർ നിലയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. സാഹിത്യത്തിലും ഒരുപാട് സ്ത്രീകൾ വരുന്നു. ഇതുവരെയുള്ള നമ്മുടെ സാഹിത്യം, മാധവിക്കുട്ടിയെ മാറ്റിനിർത്തിയാൽ ആണിന്റെ കണ്ണിലൂടെയായിരുന്നു. സ്ത്രീകൾ എഴുതുണ്ടായിരുന്നുവെങ്കിലും അവരും ആണിന്റെ കണ്ണ് കടം വാങ്ങിയാണ് എഴുതിയിരുന്നത്. ഇന്ന് അത് മാറി പെണ്ണ് സ്വന്തം കണ്ണിലൂടെ ലോകത്തെ കാണാൻ പഠിച്ചുകഴിഞ്ഞു. അതിന്റെ ഫലമായി നമ്മുടെ സാഹിത്യം വളരെ സജീവമായിട്ടുണ്ട്.

മാധവിക്കുട്ടി / ഫോട്ടോ: പുനലൂർ രാജൻ
മാധവിക്കുട്ടി / ഫോട്ടോ: പുനലൂർ രാജൻ

അതോടൊപ്പം, നാം വളരെയധികം പ്രാദേശികമായി പോകുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. ഞാനും അതോടൊപ്പം ചേരുന്നുണ്ട്. നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിലെ ഭാഷ വളരെ പ്രാദേശികമാണ്. പ്രാദേശികത നമ്മുടെ സാഹിത്യത്തിന് ഗുണം ചെയ്യുമോ എന്ന പ്രശ്‌നമുണ്ട്.

ലോകസാഹിത്യത്തിൽ തന്നെ പ്രാദേശികമായ ആഖ്യാനങ്ങൾക്ക് സ്‌പെയ്‌സ് കൂടിവരികയല്ലേ ചെയ്യുന്നത്?

സാഹിത്യത്തിൽ മാത്രമല്ല, സിനിമ നോക്കൂ, കൊച്ചുകൊച്ചു രാജ്യങ്ങളിൽനിന്നുള്ള സിനിമകളാണ് ലോകത്തെ മികച്ച സിനിമകൾ. എഴുത്തും അങ്ങനെയാണ്. പ്രാദേശികത നല്ലതാണെങ്കിലും ആഗോളമായ കാഴ്ചപ്പാട് നമുക്ക് നഷ്ടമാകും. ആധുനികതയെക്കുറിച്ച് എന്തൊക്കെ വിമർശനം പറഞ്ഞാലും ജാതിയും മതവുമില്ലാത്ത മനുഷ്യനെക്കുറിച്ചാണ് അന്ന് എഴുതിയത്. എന്റെ ചില കഥാപാത്രങ്ങൾ നോക്കൂ, അവർക്ക് ജാതിയില്ല, മതമില്ല, ദേശീയത പോലും ഇല്ലാത്തവരാണവർ. മനുഷ്യനെ വീണ്ടെടുത്ത ഒരു സാഹിത്യമായിരുന്നു അറുപതുകളിലും എഴുപതുകളിലും. ഇന്ന് അതല്ല, ഇന്ന് എഴുതുമ്പോൾ മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുകയാണ് ചെയ്യുന്നത്. ദലിതരെക്കുറിച്ച് എഴുതുമ്പോൾ നമ്മൾ മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യുന്നത്. അത് നല്ലതാണോ എന്നെനിക്ക് അറിയില്ല. ഞാൻ ചിലപ്പോഴെല്ലാം പ്രാദേശികമായി എഴുതുന്നുണ്ടെങ്കിലും എന്റെ കാഴ്ചപ്പാട് മനുഷ്യനുമായി ബന്ധ​പ്പെട്ടതാണ്​. ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യനോ ഒന്നുമല്ല എന്റെ കഥാപാത്രങ്ങൾ, അങ്ങനെയുള്ള കഥാപാത്രങ്ങളെ ഞാൻ സൃഷ്ടിച്ചിട്ടില്ല. അവർ മനുഷ്യരാണ്, അത്തരം കഥാപാത്രങ്ങളെക്കുറിച്ച് എഴുതാനാണ് എനിക്കും ആഗ്രഹം.

പിന്നെ എങ്ങനെയാണ് പ്രാദേശികതയിലേക്ക് എത്തുന്നത്?

നൃത്തം ചെയ്യുന്ന കുടകൾ വളരെ പ്രാദേശികമാണ്. പ്രാദേശികമായ നോവൽ എഴുതാൻ വേണ്ടിയല്ല അത് ചെയ്തത്. ഞാൻ കുട്ടിക്കാലത്ത് സംസാരിച്ച മയ്യഴി ഭാഷ, ഓരോ തവണ നാട്ടിൽ വരുമ്പോഴും ക്ഷീണിക്കുന്നതായി കണ്ടു. ക്ഷീണിച്ച് അതില്ലാതാകുകയായിരുന്നു. സംസാരിച്ചു പഠിച്ച ഭാഷ തിരോധാനം ചെയ്യുന്നതുകണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. എവിടെയെങ്കിലും അതിനെ അടയാളപ്പെടുത്തണമെന്ന് തോന്നി. ഭാഷയെ വീണ്ടെടുക്കാനുള്ള ഒരു ശ്രമമാണ് നടത്തിയത്. അപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാമോ? ഭാഷക്കൊപ്പം മറ്റുള്ളവരും കൂടെപ്പോന്നു- കുട്ടിച്ചാത്തനെപ്പോലെയുള്ള ചെറിയ ദൈവങ്ങൾ. കുട നന്നാക്കുന്ന ആളുകൾ. അവരുടെ ആചാരങ്ങൾ. കുട്ടിച്ചാത്തനൊക്കെ ഈ ഭാഷക്കുള്ളിലുണ്ടായിരുന്നു. അല്ലാതെ, കുട്ടിച്ചാത്തനെ വീണ്ടെടുക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. ഭാഷയെ വീണ്ടെടുത്തപ്പോൾ, അതിനൊപ്പമുള്ള ലോകം മുഴുവൻ എന്നോടൊപ്പം പോരുകയായിരുന്നു. അങ്ങനെയാണ് ഈ രചന പ്രാദേശികമായി തീർന്നത്. അല്ലാതെ പ്രാദേശികതക്കുവേണ്ടിയല്ല ഞാൻ എഴുതിയത്. മനുഷ്യന്റെ പ്രശ്‌നം അവസാനിച്ചിട്ടില്ല, അതുകൊണ്ട്, ഇപ്പോഴും മനുഷ്യരെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. നമ്മൾ ഇപ്പോൾ ദലിതരുടെ, സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നു. ഇതിലുമപ്പുറത്ത് വലിയ പ്രശ്‌നങ്ങൾ ഇന്നുമുണ്ട്, മനുഷ്യൻ എന്ന, മനുഷ്യജീവിതം എന്ന വലിയ പ്രശ്‌നം. അതിനോട് മുഖംതിരിഞ്ഞുനിന്നുകൊണ്ട് എഴുതുന്നത് ശരിയാണ് എന്നെനിക്ക് തോന്നുന്നില്ല.

തിരക്കഥയിൽ തടസമായി നിൽക്കുന്നത് സാങ്കേതികവിദ്യയാണ്. ഏതു നിമിഷവും സാങ്കേതിക വിദ്യ നമുക്കുമുന്നിൽ വഴി മുടക്കും. കാമറ കൊണ്ട് ഷൂട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ എഴുതാൻ പറ്റില്ല.

കഴിഞ്ഞവർഷം എഴുതിയ അന്തർമുഖി എന്ന കഥയിൽ, വിവാഹദിനത്തിൽ ആർത്തവം വരുമോ എന്നു പേടിച്ച് കുളത്തിൽ ചാടി മരിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. 42 വർഷം മുമ്പത്തെ ഒരു കഥയെന്ന മട്ടിൽ. ‘ഒരു ഗുളിക കഴിച്ചാൽ ആർത്തവത്തെ പടിക്കുപുറത്തുനിർത്താം എന്നറിയാത്ത മണ്ടി’ എന്ന് സ്ത്രീപക്ഷ എഴുത്തുകാരിയായ അമ്മിണി ടീച്ചർ അവളെക്കുറിച്ച് പറയുന്നുമുണ്ട്. എഴുത്തിലെ സ്ത്രീപക്ഷത്തോടുള്ള നിലപാട് എന്താണ്? ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സ്ത്രീപക്ഷ സിനിമ'യാണ് എന്ന് പറയേണ്ട ഒരു സാഹചര്യമുണ്ട് എന്നല്ലേ അതിനർഥം.

ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സ്ത്രീപക്ഷ സിനിമയാണ് എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. മറ്റുള്ളവർ പറയുകയും പിന്നീട് ഞാൻ തന്നെ അതിലങ്ങ് വിശ്വസിക്കുകയുമാണ് ചെയ്തത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ട്. അപ്പോഴും, ഈ കഥയിലേതുപോലെ സജീവനെപ്പോലുള്ളവരുമുണ്ട്, രാവിലെ എഴുന്നേറ്റ് ചായ കൊണ്ടുവരാൻ ഭാര്യയോട് കൽപ്പിക്കുന്നവർ. ഫ്യൂഡൽ കാലത്തുനിന്ന് നാം ആർജിച്ച ശീലങ്ങൾ ഇപ്പോഴുമുണ്ട്. സ്ത്രീ സർവവ്യാപിയാണെങ്കിലും സ്ത്രീയുടെ ഉയർച്ച അംഗീകരിക്കാത്തവരാണ് ഭൂരിഭാഗം പുരുഷന്മാരും. അങ്ങനെയൊരു കഥാപാത്രമാണ് സജീവൻ. അങ്ങനെയാണ് ഇത് സ്ത്രീപക്ഷ രചനയെന്നു വിളിക്കപ്പെട്ടത്. ഞങ്ങളെ ആധുനികർ എന്ന് വിളിക്കുന്നതുപോലെയാണിത്, ഞാൻ എപ്പോഴെങ്കിലും ആധുനികനാണ് എന്ന് പറഞ്ഞിട്ടുണ്ടോ? ഒരിക്കലും പറഞ്ഞിട്ടില്ല, എല്ലാവരും ‘നിങ്ങൾ ആധുനികനാണ്' എന്നു പറഞ്ഞു, ഒടുവിൽ ഞാനും അത് വിശ്വസിക്കുകയായിരുന്നു.

നേരത്തെ ദൈവത്തിന്റെ വികൃതികളുടെ തിരക്കഥ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ തിരക്കഥാരചനാ അനുഭവം എന്താണ്?

ലെനിൻ രാജേന്ദ്രൻ
ലെനിൻ രാജേന്ദ്രൻ

ദൈവത്തിന്റെ വികൃതികൾ സിനിമയാക്കണമെന്ന് ലെനിൻ രാജേന്ദ്രൻ പറഞ്ഞ സമയത്ത് എനിക്ക് ജോലിയും ഉത്തരവാദിത്തങ്ങളും ഏറെയായിരുന്നു, ശ്വാസം മുട്ടിക്കുന്ന കാലം. സീൻ ഓർഡറൊക്കെ എഴുതി, ചില സംഭാഷണങ്ങളും എഴുതി. അപ്പോഴേക്കും എനിക്ക് പോകാറായി. അതുകൊണ്ട് പൂർത്തിയാക്കാനായില്ല.ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതുമുതൽ നിരവധി പേർ സിനിമയാക്കാൻ വന്നിരുന്നു. പലരും ആഗ്രഹം കൊണ്ട് വരുന്നതാണ്, അവർ എങ്ങനെയാണ് സിനിമ ചെയ്യുക എന്നറിയില്ല. കഥയുടെ അവകാശം കൊടുത്തുകഴിഞ്ഞാൽ സിനിമയാകുമെന്ന് ഉറപ്പില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഹരികുമാർ വരുന്നത്. മമ്മൂട്ടി നായകനായ സുകൃതം എന്ന സിനിമയാണ് അദ്ദേഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വരിക. അതുകൊണ്ട്, ഞാൻ മറ്റൊന്നും ആലോചിച്ചില്ല.

യൂറോപ്പിലെ മാസ്‌റ്റേഴ്‌സിന്റെ തിരക്കഥ വായിച്ചതുകൊണ്ട് ഇവിടെ നമുക്ക് തിരക്കഥാകൃത്താകാനാകില്ല. നമ്മുടേത് വേറൊരു സിനിമയാണ്, വേറൊരു ലോകമാണ്.

ഈ കഥ 20 മിനിറ്റേയുള്ളൂ. അത് രണ്ടു മണിക്കൂറാക്കണം. മൂലകഥക്കും ആശയങ്ങൾക്കും പരിക്കേൽക്കാതെ, വേറെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കൊണ്ടുവന്ന് ബിൽഡപ് ചെയ്യണം. അതായിരുന്നു വെല്ലുവിളി. 62 ദിവസമാണ് ഞങ്ങൾ ഒന്നിച്ചിരുന്ന് ഇതിന് ചെലവഴിച്ചത്. ഞാനിപ്പോഴും ഇഷ്ടപ്പെടുന്നത്, നോവൽ എഴുതാനാണ്. അത് ഞാൻ സ്വയം ചെയ്യുന്ന പ്രവൃത്തിയാണ്. തിരക്കഥയിൽ തടസമായി നിൽക്കുന്നത് സാങ്കേതികവിദ്യയാണ്. ഏതു നിമിഷവും സാങ്കേതിക വിദ്യ നമുക്കുമുന്നിൽ വഴി മുടക്കും. കാമറ കൊണ്ട് ഷൂട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ എഴുതാൻ പറ്റില്ല. എഴുത്തിന്റെ മറ്റൊരു സുഖം; ഭൂതത്തിലും ഭാവിയിലൂടെയും ഒഴുകി നടക്കാം. തിരക്കഥയിൽ വർത്തമാനകാലം മാത്രമേയുള്ളൂ. പോകുകയായിരുന്നു എന്നില്ല, പോയി എന്നുമില്ല, പോകുന്നു എന്നേയുള്ളൂ.

ഞാൻ ഇത്രയും കാലം ശീലിച്ച എഴുത്തിൽനിന്നുള്ള മാറ്റമായിരുന്നു ഈ തിരക്കഥാരചന. പണ്ട്, എംബസിയിലുള്ള കാലത്ത് ഫ്രഞ്ച് സിനിമകളൊക്കെ കുറെ കണ്ടിട്ടുണ്ട്. അവയുടെ തിരക്കഥകൾ വായിച്ചുപഠിച്ചിട്ടുണ്ട്, ഫ്രഞ്ചു സാഹിത്യത്തിന്റെ വ്യാപകമായ വായനയുടെ ഭാഗമായിട്ട്. ഇപ്പോൾ എനിക്കു മനസ്സിലായി, ഇതുകൊണ്ടൊന്നും ഒരു ഉപയോഗവുമില്ല എന്ന്. യൂറോപ്പിലെ മാസ്‌റ്റേഴ്‌സിന്റെ തിരക്കഥ വായിച്ചതുകൊണ്ട് ഇവിടെ നമുക്ക് തിരക്കഥാകൃത്താകാനാകില്ല. നമ്മുടേത് വേറൊരു സിനിമയാണ്, വേറൊരു ലോകമാണ്. ഈ തിരക്കഥാ രചനയിലൂടെ പുതിയ അറിവും അനുഭവങ്ങളും ലഭിച്ചു. പക്ഷെ, ഇതിൽ നിൽക്കാൻ എനിക്ക് താൽപര്യമില്ല.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഇനി സിനിമയാകുമോ?

ആദ്യകാലത്ത് ഒരുപാട് പേർ വന്നിരുന്നു, കൊടുക്കാതിരുന്നതാണ്. ഇപ്പോൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം. മുകുന്ദന്റേതാണ്, നാളെ അത് സിനിമയായാൽ അത് തന്റേതാണെന്ന് ആ സംവിധായകൻ പറയും. എന്റെ ഈഗോ അതിന് സമ്മതിക്കുന്നില്ല. 25ാമത്തെ വയസ്സിൽ എഴുതിയ, അത്രയധികം നെഞ്ചിൽ കൊണ്ടുനടക്കുന്ന, എന്നെ ഞാനാക്കിയ ഒന്നാണത്. അത് മറ്റൊരാളുടേതാകുന്നത് ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടാണ്. അതാണ്, സിനിമയാക്കാൻ നൽകാത്തതിനുള്ള ഒരു കാരണം. മറ്റൊന്ന്, സങ്കൽപ്പിക്കാനുള്ള കഴിവിനെ സിനിമ നശിപ്പിക്കും. ദാസൻ എന്ന കഥാനായകനെ വായനക്കാർ പല രീതിയിലല്ലേ കാണുന്നത്. ആയിരം വായനക്കാരുണ്ടെങ്കിൽ ആയിരം ദാസന്മാരുമുണ്ട്. സിനിമയിൽ, ആ നടൻ മാത്രമേയുള്ളൂ. നമ്മൾ നെഞ്ചേറ്റിനടക്കുന്ന നോവലുകളൊന്നും സിനിമയാക്കാതിരിക്കുകയാണ് നല്ലത്.

ലോകത്ത് എത്രയോ ക്ലാസിക്കുകൾ മികച്ച സിനിമകളായിട്ടുണ്ട്?

ശരിയാണ്, അത് സാധിക്കും, അങ്ങനെയുള്ള ആളുകൾ വേണം എന്നുമാത്രം, മാനസികമായി പൊരുത്തമുള്ളവർ വേണം. അങ്ങനെയുള്ള ആളെ കിട്ടിയാൽ ഒരുപക്ഷെ... എന്നാലും ആദ്യം പറഞ്ഞ പ്രശ്‌നമുണ്ടല്ലോ... ‘എന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന് മറ്റൊരാൾ പറഞ്ഞാൽ, അത് പ്രശ്‌നമാണ്.

ജെ.സി.ബി ലോകത്ത് കാണുന്ന വലിയ നിർമാണങ്ങളിൽ മറ്റൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട്, ജെ.സി.ബിയിൽ പൊസിറ്റീവായ, കൺസ്ട്രക്ഷന്റേതായ ഒരു തലവുമുണ്ട്.

ജെ.സി.ബിയെ ഒരു ഹിംസ്രജന്തുവാക്കി ദിനോസറുകളുടെ കാലം എന്ന കഥ എഴുതിയിട്ടുണ്ട്, മൂന്നാറിൽ വി.എസിന്റെ നേതൃത്വത്തിലുള്ള ഇടിച്ചുനിരത്തലിന്റെ കാലത്ത്. വംശനാശം സംഭവിച്ച സ്റ്റാലിനിസത്തിന്റെ തിരിച്ചുവരവാണ് ഈ ജെ.സി.ബി എന്നൊക്കെ അക്കാലത്ത് ഈ കഥ വായിക്കപ്പെട്ടിരുന്നു. ഇപ്പോൾ, അതേ പേരിലുള്ള ഒരു അവാർഡ് കിട്ടിയപ്പോൾ പരിഹസിച്ച് ചില ട്രോളുകളൊക്കെ വന്നിരുന്നു.

ജെ.സി.ബി നമ്മെ സംബന്ധിച്ച് വിനാശത്തിന്റെ, ഡിസ്ട്രക്ഷന്റെ സൂചകമാണ്. എല്ലാം തച്ചുടക്കുന്ന ഒന്ന്. നമ്മൾ മറന്ന ഒരു കാര്യമുണ്ട്, ഇതേ ജെ.സി.ബി ലോകത്ത് കാണുന്ന വലിയ നിർമാണങ്ങളിൽ മറ്റൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട്, ജെ.സി.ബിയിൽ പൊസിറ്റീവായ, കൺസ്ട്രക്ഷന്റേതായ ഒരു തലവുമുണ്ട്. അത് മറക്കാൻ കഴിയില്ല.

റീജ്യനലായി എഴുത്തുകാർക്ക് ശബ്ദം നൽകാൻ ജെ.സി.ബി അവാർഡിന് കഴിഞ്ഞു. നാല് അവാർഡുകളിൽ മൂന്നെണ്ണം ഇന്ത്യൻ പ്രാദേശിക ഭാഷകൾക്കാണ് കിട്ടിയത്. ഞങ്ങൾക്ക് ഒരു ശബ്ദം ലഭിച്ചു. ഇന്ത്യൻ സാഹിത്യത്തിന്റെ, ലോകസാഹിത്യത്തിന്റെ മുഖ്യധാരയിൽ നമ്മളില്ല, പാർശ്വവൽക്കരിക്കപ്പെട്ടവരാണ് പ്രാദേശിക എഴുത്തുകാർ. ഇപ്പോൾ നമുക്ക് ഒരു ശബ്ദം കിട്ടുകയാണ്, നമ്മളെത്തേടി വലിയ പ്രസാധകരും വിദേശത്തുള്ള സാഹിത്യപ്രേമികളുമൊക്കെ വരികയാണ്. ജെ.സി.ബി അങ്ങനെയൊരു നല്ല കാര്യം ചെയ്തിട്ടുണ്ട്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർഭരണത്തെക്കുറിച്ച് താങ്കൾ പ്രതീക്ഷ പുലർത്തിയിരുന്നു. ആ പ്രതീക്ഷ നിലനിൽക്കുന്നുണ്ടോ?

തുടർഭരണത്തിൽ ഇടർച്ചയുണ്ട്. ഏറ്റവും വലിയ ഇടർച്ച, ശൈലജ ടീച്ചറെ ഒഴിവാക്കിയതാണ്. അതാണ് എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്. വിസ്മയകരമായ പ്രവർത്തനമാണ് അവർ കാഴ്ചവച്ചത്. പിണറായി സർക്കാറിന്റെ ആദ്യ അഞ്ചുവർഷം മികച്ച പ്രകടനമായിരുന്നു. പ്രളയം, വൈറസ് ഇവയൊക്കെ അതിജീവിച്ച ഒരു സർക്കാറും മുഖ്യമന്ത്രിയുമായിരുന്നു. ആ പെർഫോർമെൻസ് ഇപ്പോൾ കാണുന്നില്ല. മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചുകൊടുക്കുന്നതിലാണ് വലിയ പ്രശ്‌നങ്ങളുണ്ടായത്. ഉദാഹരണത്തിന്, വി. ശിവൻകുട്ടിക്ക് വിദ്യാഭ്യാസം കൊടുത്തത്. അദ്ദേഹം കഴിവുള്ളയാളായിരിക്കാം, എന്നാൽ, വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് യോജിച്ചതല്ല. നമുക്ക് ഇമാജിൻ ചെയ്യാൻ പറ്റുന്നില്ല.

പിണറായി വിജയൻ, കെ.കെ. ശൈലജ
പിണറായി വിജയൻ, കെ.കെ. ശൈലജ

എന്തുകൊണ്ടാണ്, ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി ഇമേജിൻ ചെയ്യാൻ പറ്റാത്തത്?

എന്റെ മനസ്സിൽ, ശിവൻകുട്ടിയെ കുറിച്ച് ചില ചിത്രങ്ങളുണ്ട്. നിയമസഭയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ. അതിനെ എങ്ങനെ വേണമെങ്കിലും അവർക്ക് ന്യായീകരിക്കാം. എന്നാൽ, എന്റെ മനസ്സിൽ ആ ഇമേജുകളാണുള്ളത്. ആ ഇമേജുകൾ എത്രയോ കുട്ടികളിലുണ്ടാകും. കാരണം, നമ്മൾ വിഷ്വൽ മീഡിയയുടെ കാലത്തല്ലേ ജീവിക്കുന്നത്? പഴയതുപോലെ നമുക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ അദ്ദേഹം അൽഭുതകരമായ പ്രവർത്തനമാണ് നടത്തിയത്. ഗംഭീരമായ വിജയമായിരുന്നു. ഞാനറിഞ്ഞത്, അദ്ദേഹം വളരെ നല്ല ആളാണ്, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണ് എന്നൊക്കെയാണ്, എങ്കിലും ആ ഇമേജ് മാച്ചുകളയാൻ പറ്റില്ല. അതുകൊണ്ട്, അദ്ദേഹത്തിന് മറ്റൊരു നല്ല വകുപ്പാണ് കൊടുക്കേണ്ടിയിരുന്നത്.

2015-ൽ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാനുള്ള പ്രതിപക്ഷ ശ്രമം അക്രമാസക്തമായപ്പോൾ തടയാൻ ശ്രമിച്ച ഗാർഡുകളെ മറികടന്ന് കസേരകൾക്ക് മുകളിലൂടെ പോവാൻ ശ്രമിക്കുന്ന വി. ശിവൻകുട്ടി.
2015-ൽ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാനുള്ള പ്രതിപക്ഷ ശ്രമം അക്രമാസക്തമായപ്പോൾ തടയാൻ ശ്രമിച്ച ഗാർഡുകളെ മറികടന്ന് കസേരകൾക്ക് മുകളിലൂടെ പോവാൻ ശ്രമിക്കുന്ന വി. ശിവൻകുട്ടി.

എന്റെ ദുഃഖങ്ങളൊക്കെയും എന്റെ സ്വകാര്യ ദുഃഖങ്ങളായിരുന്നു. സച്ചിദാനന്ദന്റെ തലമുറ സമൂഹത്തിന്റെ ദുഃഖങ്ങളും സ്വപ്‌നങ്ങളും ഏറ്റെടുത്തവരാണ്. അത് മറ്റൊരു ജീവിതമാണ്. ഞാൻ ആഗ്രഹിക്കുന്നതാണത്, എന്നാൽ എനിക്കത് സാധിച്ചിട്ടില്ല.

ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ നൂറുപേജിനപ്പുറം വായിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്, കഴിഞ്ഞ ദിവസം, കോഴിക്കോട് നടന്ന യു. എ. ഖാദർ അനുസ്മരണത്തിൽ ടി. പത്മനാഭൻ ആവർത്തിച്ചു. മാർകേസിനെ പുകഴ്​ത്തുന്ന ചില സാഹിത്യകാരന്മാർ ഖാദറിനെ കണ്ടില്ലെന്നു നടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മാർകേസിനേക്കാൾ ഗംഭീരമാണോ ഖാദറിന്റെ എഴുത്ത്? ഇത്തരം തെറ്റായ താരതമ്യങ്ങൾ സാഹിത്യത്തെ വഴി തെറ്റിക്കുകയല്ലേ ചെയ്യുക?

എനിക്ക് വളരെ ബഹുമാനമുള്ള ആളാണ് പപ്പേട്ടൻ. അദ്ദേഹം അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. ഏകാന്തതയുടെ നൂറുവർഷങ്ങൾ എത്ര കോടി മനുഷ്യർ വായിച്ച പുസ്തകമാണ്. ഞാൻ ആവേശത്തോടെ വായിച്ച പുസ്തകമാണ്, അത് നൂറുപേജിൽ കൂടുതൽ വായിക്കാൻ കഴിഞ്ഞില്ല എന്നു പറയുമ്പോൾ... പക്ഷെ, ഒരു കാര്യമുണ്ട്, അത് സത്യസന്ധമായ ഒരഭിപ്രായമായിരുന്നു, വായിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരാണെങ്കിൽ, വായിച്ചു എന്നേ പറയൂ. ആ സത്യസന്ധതയെ ഞാൻ മാനിക്കുന്നു. ഖാദറിനെ അങ്ങനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. എനിക്ക് അദ്ദേഹത്തെക്കുറിച്ച് തോന്നിയിട്ടുള്ളത്, നാം നേരത്തെ പറഞ്ഞ പ്രാദേശികതയിൽ കുടുങ്ങിപ്പോയി എന്നതാണ്.

ടി. പത്മനാഭൻ, ഗബ്രിയേൽ ഗാർസ്യ മാർകേസ്
ടി. പത്മനാഭൻ, ഗബ്രിയേൽ ഗാർസ്യ മാർകേസ്

യാഥാസ്ഥിതികതക്ക് കൂടുതൽ അംഗീകാരവും ഇടവും ലഭിക്കുന്ന ഒരു പൊതുപരിസരം കേരളത്തിൽ ബോധപൂർവം സൃഷ്ടിക്കപ്പെടുന്നുണ്ട്. പുരോഗമനപക്ഷത്തുണ്ടായിരിക്കണമെന്ന് നാം പ്രതീക്ഷിക്കുന്നവരിൽനിന്നുതന്നെ ഇത്തരം പിന്തിരിപ്പൻ നിലപാടുകളുണ്ടാകുന്നു. സ്വതന്ത്രചിന്തക്ക് കേരളത്തിൽ ഇടം കുറയുകയാണോ

ശരിയാണ്, ഇന്ന് കേരളത്തിൽ സ്വതന്ത്രമായി എഴുതാനും ചിന്തിക്കാനും ബുദ്ധിമുട്ടാണ്. എം.ടി ‘നിർമാല്യ'ത്തിൽ കാണിച്ചത്; ഭഗവതിയുടെ മുഖത്ത് വെളിച്ചപ്പാട് തുപ്പുന്നത്, വൈക്കം മുഹമ്മദ് ബഷീർ, ഭഗവത്ഗീതയും കുറെ മുലകളും എന്ന് ഒരു പുസ്തകത്തിന് പേരിട്ടത്- ഇന്ന് അങ്ങനെയെല്ലാം ചിന്തിക്കാൻ സാധിക്കുമോ? ബ്രിട്ടീഷുകാരുടെ കാലത്തേക്കാൾ ഭീകരമായ സ്ഥിതിയാണെന്ന് എനിക്കുതോന്നുന്നു, അന്ന് ഇതിലും സ്വാതന്ത്ര്യമുണ്ടായിരുന്നു, എഴുത്തിന്റെയും ചിന്തയുടെയും കാര്യത്തിൽ. അന്ന് ഒരു ബ്രിട്ടീഷുകാരനും പറഞ്ഞുകാണില്ല നിങ്ങൾ ഇങ്ങനെ എഴുതണം എന്ന്. ഇന്ന് ആരും പറയുന്നില്ലെങ്കിലും എഴുതാനിരിക്കുമ്പോൾ, മരണത്തിന്റെ പ്രതീകമായ കാലൻകോഴി കൂകുന്നതായി എഴുത്തുകാർ കേൾക്കുന്നു.

നിർമാല്യത്തിൽ നിന്ന്
നിർമാല്യത്തിൽ നിന്ന്

കുട്ടിക്കാലത്ത് എനിക്ക് പേടിയുണ്ടായിരുന്ന പക്ഷിയാണിത്. കാലൻകോഴി കൂകിയാൽ പിറ്റേന്നുരാവിലെ മയ്യഴി പള്ളിയിൽനിന്ന് സങ്കടമണി മുട്ടും. കുറച്ചുകഴിയുമ്പോൾ വീടിനരികിലൂടെ സെമിത്തേരിയിലേക്ക് ആളുകൾ പോകുന്നുണ്ടാകും. എഴുതാനിരിക്കുമ്പോൾ, അങ്ങനെയുള്ള കാലൻകോഴികൾ കൂകുന്നതായി എനിക്കുതോന്നുന്നു. എഴുത്ത് എന്നത് മരണം വിളംബരം ചെയ്യുന്ന ഒന്നായി മാറിയിട്ടുണ്ട്. പ്രബുദ്ധരായ വായനക്കാരും പ്രബുദ്ധരായ സമൂഹവും പ്രബുദ്ധമായ ഭരണകൂടവുമെല്ലാമുള്ളതുകൊണ്ട് കേരളത്തിൽ നാം കുറച്ചുകൂടി സുരക്ഷിതരാണ്, എന്നാൽ, പൂർണമായും അല്ല താനും.

ഇപ്പോഴും എന്നെ അൽഭുതപ്പെടുത്തുന്ന കാര്യം, ലാപ്‌ടോപ്പിൽ എഴുതുമ്പോൾ ചിലപ്പോൾ തടസപ്പെട്ടുപോകും. അങ്ങനെയുള്ള സമയത്ത് ഞാൻ ചെയ്യുന്നത്, പറഞ്ഞാൽ വിശ്വസിക്കില്ല, പേനയെടുത്ത് കടലാസിൽ എഴുതും.

ആന്തരികമായ ഭയം എഴുത്തുകാർക്കുണ്ട്. ചിലർക്ക് അതിനെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാലൻകോഴി കൂവുന്നതായി എനിക്ക് തോന്നാറുണ്ടെങ്കിലും അവരെ അത്ര വിമർശിച്ചോ പ്രകോപിപ്പിച്ചോ ഞാൻ എഴുതിയിട്ടില്ല. എന്നാൽ, സച്ചിദാനന്ദൻ തലസ്ഥാന നഗരിയിലിരുന്ന്, അവരുടെ മൂക്കിനുതാഴെ ജീവിച്ച് സ്വതന്ത്രമായ നിലപാടെടുക്കുന്നു, അത് എല്ലാവർക്കും സാധിക്കില്ല. പഴയ കാലത്തെ ഒരു തീവ്രവാദം ഉള്ളതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് അതിന് കഴിയുന്നത്. ഞാൻ അത്തരം ജീവിതപരിസരങ്ങളിലൂടെ പോയിട്ടില്ല. എന്റെ ദുഃഖങ്ങളൊക്കെയും എന്റെ സ്വകാര്യ ദുഃഖങ്ങളായിരുന്നു; കുട്ടിക്കാലത്തെ ഏകാന്തതയും രോഗവുമെല്ലാം. സച്ചിയുടെ തലമുറ സമൂഹത്തിന്റെ ദുഃഖങ്ങളും സ്വപ്‌നങ്ങളും ഏറ്റെടുത്തവരാണ്. അത് മറ്റൊരു ജീവിതമാണ്. ഞാൻ ആഗ്രഹിക്കുന്നതാണത്, എന്നാൽ എനിക്കത് സാധിച്ചിട്ടില്ല. അതിൽ എനിക്ക് ദുഃഖവുമില്ല, കാരണം, എല്ലാവരും അങ്ങനെ ജീവിക്കണമെന്നില്ലല്ലോ.

ഡൽഹി ഗാഥകൾ എഴുതിതുടങ്ങിയ ഒരു പുലർച്ചെയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലാപ്‌ടോപ്പിൽ കമ്പോസ് ചെയ്തുതുടങ്ങിയപ്പോൾ ഒരക്ഷരം പുറത്തുവരാതെ ആകെക്കൂടി സ്തംഭിച്ചുപോയ നിമിഷം. പുലർച്ചെ നാലുമണിക്ക് കട്ടൻചായയുമായി ഇരുന്നു. ഒന്നും പുറത്തുവരുന്നില്ല. പിന്നെ, റെഡ് വൈൻ കുടിച്ച്, കടലാസിൽ പേന കൊണ്ട് എഴുത്ത് തുടങ്ങി, അപ്പോൾ തുടരാൻ കഴിഞ്ഞു. ഡിജിറ്റൽ വായനയും ഇ-ബുക്‌സും വ്യാപകമായിവരുന്ന ഈ സമയത്തും കടലാസിന്റെ മണമുള്ള പുസ്തകങ്ങളും പേന കൊണ്ടുള്ള എഴുത്തും തന്നെയാണോ കൂടുതൽ തൃപ്തി നൽകുന്നത്?

ഇപ്പോഴും എന്നെ അൽഭുതപ്പെടുത്തുന്ന കാര്യം, ലാപ്‌ടോപ്പിൽ എഴുതുമ്പോൾ ചിലപ്പോൾ തടസപ്പെട്ടുപോകും. എത്ര ശ്രമിച്ചാലും തുടരാൻ കഴിയില്ല. അങ്ങനെയുള്ള സമയത്ത് ഞാൻ ചെയ്യുന്നത്, പറഞ്ഞാൽ വിശ്വസിക്കില്ല, പേനയെടുത്ത് കടലാസിൽ എഴുതും. ഒരാഴ്ച മുമ്പുകൂടി അത്തരമെരനുഭവമുണ്ടായി, ലാപ്‌ടോപ്പിൽ കുടുങ്ങിപ്പോയ പോലെ, മുന്നോട്ടുപോകുന്നില്ല, പെട്ടെന്ന് കടലാസിൽ എഴുതിയപ്പോൾ ഭാവന സ്വതന്ത്രമായ പോലെ! എന്റെ മനസ്സിൽ എവിടെയോ കടലാസും പേനയുമുണ്ട്. കുടുങ്ങിക്കിടക്കുന്ന സന്ദർഭങ്ങളിൽ എന്നെ സഹായിക്കാൻ പേനയും കടലാസും ഓടിവരുന്നുണ്ട്.

എം. മുകുന്ദൻ
എം. മുകുന്ദൻ

മാഹിയിൽനിന്ന് പള്ളൂരിലേക്ക് പുതിയ വീട്ടിലേക്ക് താമസം മാറിയല്ലോ. തുടർച്ചയായ വാഹനാപകടങ്ങളാണ് മയ്യഴിയിലെ വീട് വിട്ടൊഴിയാൻ കാരണമെന്ന് എഴുതിയിരുന്നു. എഴുത്തുകാരനായ എം. മുകുന്ദൻ മാഹിയിൽ തന്നെയുണ്ടോ ഇപ്പോഴും?

പണ്ട് ചോദിച്ചാൽ, എന്റെ ദേശം മാഹിയാണ് എന്നു പറയും. ഇന്നെനിക്ക് അങ്ങനെ പറയാൻ കഴിയില്ല. ആറുമാസം ഞാൻ മകൾക്കൊപ്പം അമേരിക്കയിൽ താമസിച്ചു. തണുപ്പുകാലത്തിനുമുമ്പുള്ള ഒരു കാലമായിരുന്നു, മുഴുവൻ മരങ്ങളും ചുവക്കുകയാണ്. അത് കണ്ടപ്പോൾ എനിക്കുതോന്നി ഇതാണ് എന്റെ നാട് എന്ന്. എവിടെയാണോ നമ്മൾ അവിടമാണ് നമ്മുടെ ദേശം.

അപ്പോൾ മാഹിയുടെ പേരിലുള്ള അടയാളപ്പെടുത്തലുകൾ എം. മുകുന്ദന് ഇനി ആവശ്യമില്ല?

അത് അമിതമായിപ്പോയി, ഓവർഡൂയിങ് എന്നു പറയില്ലേ. ഇന്ന് മയ്യഴിയെ എത്രപേർ ഓർക്കുന്നുണ്ട്? ഇന്ന് ഓർക്കുന്നത് മദ്യത്തിന്റെ പേരിലല്ലേ?. ഒരിക്കൽ ഞാനും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഊട്ടിയിൽ പോകുകയാണ്. വയനാടിനടുത്തെത്തിയപ്പോൾ കാർ നിന്നുപോയി. നോക്കുമ്പോൾ റേഡിയേറ്ററിൽ വെള്ളമില്ല. വെള്ളമന്വേഷിച്ചുനടക്കുമ്പോൾ പശുവിനെ മേയ്ക്കുന്ന ഒരാളെക്കണ്ടു. അയാൾ ഒരു കാനിൽ വെള്ളം കൊണ്ടുവന്നുതന്നു. എവിടെനിന്നാണ് വരുന്നത് എന്ന് അയാൾ ചോദിച്ചപ്പോൾ, വടകര നിന്നാണെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു, ഇവൻ മയ്യഴിയിൽനിന്നാണ്, മയ്യഴിയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ പറയുന്നു; ‘കേട്ടിട്ടുണ്ട്, ഞാൻ കുപ്പി വാങ്ങാൻ പോയിട്ടുണ്ട്' എന്ന്.
എം. മുകുന്ദന്റെ മയ്യഴി എന്നു പറയാൻ വായിക്കുന്ന കുറച്ചാളുകളേയുള്ളൂ, ഭൂരിഭാഗത്തിനും മയ്യഴി, മദ്യമാണ്. ഞാൻ ജനിച്ചുവളർന്ന ഒരു നിരത്തുണ്ട് അവിടെ, അവിടം വിടുന്നത് ഭയങ്കര വിഷമമായിരുന്നു, എന്നാൽ അത് ശീലമായിപ്പോയി, ഈ പറിച്ചുനടൽ. ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 57-ൽ പ്രസിദ്ധീകരിച്ചത്.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

എം. മുകുന്ദൻ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽനിന്ന്​ കൾചറൽ അറ്റാഷേയായി വിരമിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ഡൽഹി, ഒരു ദളിത്‌യുവതിയുടെ കദനകഥ, കേശവന്റെ വിലാപങ്ങൾ, നൃത്തം, ഡൽഹി ഗാഥകൾ, നൃത്തം ചെയ്യുന്ന കുടകൾ എന്നിവ പ്രധാന നോവലുകൾ. വേശ്യകളേ നിങ്ങൾക്കൊരമ്പലം, മുകുന്ദന്റെ കഥകൾ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവ പ്രധാന കഥാസമാഹാരങ്ങൾ.

Comments