ഭാഗം-2
എപ്പിസോഡ് മൂന്ന്
ദീർഘനേരെത്തെ തീവണ്ടിയാത്ര കഴിഞ്ഞ് മദൻമഞ്ജരിയും ബാപ്പയും അലാവുദീന്റെ വീട്ടിലെത്തി. ആ വീടിന് കാര്യമായ മാറ്റമൊന്നും വന്നതായി അവൾക്ക് തോന്നിയില്ല. അവിടെവിടെയായി കുമ്മായം അടർന്ന് വീണിട്ടുണ്ടെന്നുമാത്രം. പനയോലയ്ക്ക് കുറച്ചു കാലപ്പഴക്കം തോന്നിച്ചു.
‘‘എന്റെ മോളെ, എത്രകാലായി കണ്ടിട്ട്’’, കുറെ വർഷങ്ങൾക്കുശേഷം എത്തിയ മരുമകളെ അവിചാരിതമായി കണ്ടപ്പോൾ അലാവുദീന്റെ ഉമ്മ ആശ്ലേഷിച്ചു.
‘‘അല്ലാഹുവിന് സ്തുതി. വീണ്ടും കാണാൻ പറ്റിയല്ലോ”, മദന്റെ കണ്ണുകൾ നിറഞ്ഞു. സംഭവിച്ചതെല്ലാം മദൻ മഞ്ജരിയുടെ ബാപ്പ അവരെ ധരിപ്പിച്ചു.
‘‘മോന്റെ തിരിച്ചുവരവിനെ പറ്റി ഞങ്ങൾക്കുപോലും ഉറപ്പില്ലാത്തപ്പോ, കല്യാണരാത്രി നിന്നെയും ഉപേക്ഷിച്ച് കടന്നുപോയ അവനിൽ നിനക്കുള്ള വിശ്വാസം കാണുമ്പോൾ മോളെ നിന്നോട് വലിയ ബഹുമാനം തോന്നുന്നു’’, ഉമ്മ മദനെ തന്നോട് ചേർത്തുനിറുത്തി.
‘‘ഇവള് എന്റെ മോളാ, ഇനിയും ഇവൾക്ക് ഇങ്ങെയൊരു വെഷമം ഉണ്ടാകാൻ പാടില്ല. അത് വരാതെ നമ്മള് നോക്കണം’’, അലാവുദീന്റെ ബാപ്പ മൂത്തമകനായ അഫ്‌താബുദ്ദീനെ വിളിച്ചു പറഞ്ഞു. ബാപ്പയുടെ നിർദേശം ഏറ്റെടുത്ത അഫ്‌താബ് സമീറുദ്ദീനെയും കൂട്ടി അലാവുദീനെ അന്വേഷിച്ചു ഇറങ്ങി.
അവർ പല നഗരദേശങ്ങൾ അലഞ്ഞു. സംഗീതം പഠിപ്പിക്കുന്ന ഇടങ്ങളിൽ തിരഞ്ഞു. ഒടുവിൽ ഒരു സുഹൃത്ത് വഴിയാണ് അലാവുദീൻ ഉസ്താദ് വാസിർ ഖാന്റെ അടുത്തുണ്ട് എന്ന വിവരം കിട്ടിയത്. ഇനിയും അയാളെ പിടിച്ചുകൊണ്ടുവരിക എളുപ്പമല്ല. കൂടെ വരികയുമില്ല. നാട്ടിൽ തിരിച്ചെത്തിയശേഷം അഫ്‌താബ് ഒരു പദ്ധതി തയ്യാറാക്കി. വാസിർ ഖാന് മദൻ മഞ്ജരി തന്റെ അവസ്ഥകൾ വിവരിച്ചുകൊണ്ട് ഒരു കത്തെഴുതണം. എങ്കിൽ മാത്രമേ അലാവുദീനെ തിരികെ കൊണ്ടുവരാൻ കഴിയൂ. മദൻ മഞ്ജരി എഴുതി:
മൈഹർ ഒന്നാം ഭാഗം വായിക്കാം, കേൾക്കാം
‘‘ബഹുമാനപ്പെട്ട ഉസ്താദ് വാസിർ ഖാൻ സാഹിബ് വായിച്ചറിയുവാൻ മദൻ മഞ്ജരി എഴുതുന്ന കത്ത്.
ഞാൻ കിഴക്കൻ ബംഗാളിലെ ഷിബപൂർ എന്ന ഗ്രാമത്തിൽ താമസിക്കുന്നു. എന്റെ ഭർത്താവ് അലാവുദീൻ ഖാൻ സംഗീതം പഠിക്കണമെന്ന് പറഞ്ഞ് നാട് വിട്ടിട്ട് പതിനഞ്ച് വർഷമാവുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ആദ്യരാത്രി ഇവിടെ നിന്ന് പോയതാണ്. അന്വേഷിക്കാത്ത നാടുകൾ ഇല്ല. ആൾ ജീവിച്ചിരിക്കുന്നോ മരിച്ചുപോയോ എന്ന് ഉറപ്പില്ലാത്തതിനാൽ ബന്ധുക്കളെല്ലാം എന്നെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ എനിക്കത് സാധ്യമല്ല. അവരുടെ നിർബന്ധവും കുറ്റപ്പെടുത്തലുകളും കൂടി വന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ തീരുമാനം പടച്ചതമ്പുരാൻ അംഗീകരിച്ചില്ല. ആത്മഹത്യ ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടു. ആ സംഭവത്തിന് ശേഷം വീട്ടുകാർ എന്നെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചു. ഭർത്താവിന്റെ സഹോദരന്മാരായ അഫ്‌താബും സമീറും ഇതിനകം തന്നെ അലാവുദീനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അങ്ങയുടെ വീട്ടിൽ സംഗീതം പഠിക്കാൻ എത്തിയിട്ടുണ്ട് എന്ന വിവരം കിട്ടി. എന്റെ ഭർത്താവിനെ തിരികെ വീട്ടിലേക്ക് അയക്കാൻ അങ്ങയുടെ ദയവുണ്ടാകണം.
താഴ്‌മയോടെ, മദൻമഞ്ജരി’’.

തന്റെ ശിഷ്യർക്ക് ക്ലാസ് തുടങ്ങുന്ന സമയമാണ് ഭൃത്യൻ മദൻമഞ്ചരിയുടെ കത്ത് കൊണ്ടുവന്നത്. അസ്വസ്ഥതയോടെയാണ് വാസിർ ഖാൻ അത് വായിച്ചു തീർത്തത്. വായിച്ചു കഴിഞ്ഞപ്പോഴാണ് തന്റെ അടുത്ത് പഠിക്കാൻ വന്ന അലാവുദ്ദീൻ എന്ന ബംഗാളി പയ്യനെ വാസിർഖാൻ ഓർത്തത്. അന്നൊരിക്കൽ കണ്ടതല്ലാതെ അയാളെ പറ്റി കൂടുതലൊന്നും ഉസ്താദിന് അറിയില്ലായിരുന്നു. അവനെ പഠിപ്പിക്കാൻ നവാബ് ശുപാർശ ചെയ്ത കാര്യവും മറന്നു പോയിരുന്നു. തന്റെ മക്കളോട് അന്വേഷിച്ചു.
“ഓരോ ദിവസവും അയാള് വീട്ടുപടിക്കൽ വരാറുണ്ടായിരുന്നു’’.
‘‘എന്തുകൊണ്ട് ഈ കാര്യം എന്നോട് പറഞ്ഞില്ല’’, വാസിർഖാൻ മക്കളോട് ചോദിച്ചു
‘‘അങ്ങ് അയാളെ കണ്ടു കാണുമെന്നാ ഞങ്ങള് വിചാരിച്ചത്’’.
‘‘ഞാൻ കണ്ടിട്ടില്ല’’.
“നിങ്ങൾക്ക് എന്നോട് അതിനെ കുറിച്ച് സൂചിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ നിങ്ങളിൽ ഒരാൾക്ക് പഠിപ്പിച്ചു കൂടായിരുന്നോ?”
‘‘അതിന് അങ്ങയുടെ അനുവാദം കിട്ടിയിട്ടില്ല”.
തന്റെ ഭാഗത്തുനിന്ന് വന്ന അശ്രദ്ധയിൽ വാസിർഖാന് കുറ്റബോധം തോന്നി. അയാൾ അലാവുദീൻ ഖാനെ വിളിപ്പിച്ചു. ഗുരുവിന്റെ കാലിൽ വീണ് കരയാൻ തുടങ്ങിയ ശിഷ്യനെ വാസിർഖാൻ പിടിച്ചെഴുന്നേൽപ്പിച്ചു. സ്നേഹപൂർവ്വം മാറോട് ചേർത്തു, ‘‘വിഷമിക്കേണ്ട, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ് എന്ന് കരുതിയാ മതി’’.
കുടുംബവിവരങ്ങൾ ചോദിച്ചറിഞ്ഞു. തനിക്ക് നാല് സഹോദരങ്ങളും രണ്ട് സഹോദരികളും ഉണ്ടെന്ന് അലാവുദീൻ പറഞ്ഞു. ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ നിശ്ശബ്ദനായി തലതാഴ്ത്തി നിന്നു.
“നീ കല്യാണം കഴിച്ചിട്ടുണ്ടെന്ന് എനിക്കറിയാം’’.
‘ഉം’.
“ഭാര്യയോട് ചെയ്ത അനീതിയെ കുറിച്ച് നിനക്ക് ബോധ്യമുണ്ടോ?”
“ഉണ്ട്.”
“എന്നാൽ വീട്ടിലേക്ക് മടങ്ങിപ്പോകൂ”.
“ദയവ് ചെയ്ത് അങ്ങ് എന്നോട് മടങ്ങിപ്പോകാൻ പറയരുത്. ഇവിടെ വന്നിട്ട് കുറേ കാലമായി. ഇതുവരെ ഒന്നും പഠിച്ചിട്ടില്ല. എല്ലാം പഠിച്ച് വലിയ സംഗീതജ്ഞനായിട്ട് തിരിച്ചു പോകണമെന്നാ ആഗ്രഹം’’.
“ഇത്രയും കാലം നിന്നെ ശ്രദ്ധിക്കാൻ പറ്റാത്തതിൽ എനിക്ക് വിഷമമുണ്ട്’’, വാസിർഖാൻ വികാരാധീനനായി. ശിഷ്യന്റെ ദൃഢനിശ്ചയത്തിൽ ഗുരുവിന് മതിപ്പു തോന്നി. സംഗീതത്തെ ഇത്രത്തോളം ആത്മാർത്ഥതയോടെ സമീപിച്ച അലാവുദീനെ ഇതുവരെ ശ്രദ്ധിക്കാതിരുന്നതിൽ വാസിർ ഖാന് ആത്മനിന്ദ തോന്നി.
“നീ ത്രിപുരയിലെ ശിവ്പൂരിലല്ലേ”
“അതെ”
‘‘ത്രിപുര രാജാവിന്റെ കൊട്ടാരം ഗായകൻ ആരാ?’’
“കാസിം അലിഖാൻ’’.
അത് കേട്ടപ്പോൾ വാസിർഖാന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“അദ്ദേഹം എന്റെ അമ്മാവനാണ്’’.
“എന്റെ ബാപ്പ അദ്ദേഹത്തിൽ നിന്നാ സംഗീതം പഠിച്ചത്. ബാപ്പ സിതാർ വായിക്കുന്നത് കേട്ടാ സംഗീതം പഠിക്കണമെന്ന് തോന്നി തുടങ്ങിയത്’’.
‘‘നിന്റെ ബാപ്പ എന്റെ അമ്മാവന്റെ ശിഷ്യനായത് കൊണ്ട് നീയും ഒരു കണക്കിന് ഞങ്ങളുടെ കുടുംബാംഗമാ...”, അലാവുദ്ദീന്റെ തോളിൽ കൈവെച്ചുകൊണ്ട് വാസിർഖാൻ പറഞ്ഞു.
“നിനക്കുള്ള ആദ്യ പാഠങ്ങൾ എന്റെ മക്കൾ പറഞ്ഞു തരും. അതുകഴിഞ്ഞ് ഞാൻ പഠിപ്പിക്കും. നീ ഉദ്ദേശിക്കുന്ന രീതിയിൽ ഒരു വലിയ സംഗീതജ്ഞനായിട്ട് മാത്രമേ ഇവിടെ നിന്ന് പറഞ്ഞയക്കൂ. അതിനുമുമ്പ് നീയൊരു കാര്യം ചെയ്യണം. വീട്ടിൽ പോവണം. അവിടെ നിന്നെയോർത്ത് ജീവൻ കളയാൻ തയ്യാറായി നിൽക്കുന്ന ഒരു പെണ്ണുണ്ട്. അത് കണ്ടില്ലെന്ന് നടിക്കരുത്. കുറച്ചുദിവസം അവളുടെ കൂടെ താമസിക്കണം. അവളുടെ ശാപം വാങ്ങിയാല് നിനക്കൊരിക്കലും വലിയൊരു സംഗീതജ്ഞനാകാൻ കഴിയില്ല’’.

ഗുരുവിന്റെ നിർദേശം സ്വീകരിച്ച് അയാൾ നാട്ടിലേക്ക് യാത്രതിരിച്ചു.
ആവേശപൂർവ്വമായ സ്വീകരണമാണ് അലാവുദീന് വീട്ടിൽ കിട്ടിയത്. അവിടെ ആനന്ദത്തിന്റെ സൂര്യനുദിച്ചു. മദൻമഞ്ജരി രുചികരമായ ഭക്ഷണം വിളമ്പി. പ്രത്യേകിച്ച് ഇഷ്ടഭക്ഷണമൊന്നും ഇല്ലായിരുന്നു. കിട്ടുന്നതെന്തും കഴിക്കുന്ന ശീലം ജീവിതം അയാളെ പഠിപ്പിച്ചിരുന്നു. മുഴുവൻ സമയവും അയാൾ മദനോടൊപ്പം വീടിനുള്ളിൽ കഴിഞ്ഞു. യാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരെയും അനുഭവങ്ങളെയും കുറിച്ചായിരുന്നു സംസാരങ്ങളിൽ നല്ലൊരു ഭാഗവും.
“നിന്നെ ഉപേക്ഷിച്ച് പോയിട്ടും നീ എനിക്കായി ജീവൻ പോലും കളയാൻ തയ്യാറായി. മാത്രമല്ല എന്റെ ചിരകാല ആഗ്രഹം സാധിക്കാൻ നിന്റെ കത്തിനായി’’.
“നിന്നെ ഞാൻ എന്റെ നാലാമത്തെ മകനായി സ്വീകരിച്ചു കഴിഞ്ഞു. എന്താണ് നിന്നെ പഠിക്കേണ്ടത്?, ഉസ്താദ് എന്നോട് ചോദിച്ചു’’.
‘‘സരോദ്, റബാബ്, സുർശ്രിങ്കാർ ഇവയെല്ലാം എനിക്ക് പഠിക്കണം’’.
“അപ്പോൾ അദ്ദേഹം പറഞ്ഞു, ഈ ഘരാനയിലുള്ള എല്ലാം ഞാൻ നിന്നെ പഠിപ്പിക്കാം. സാധാരണയായി ഉസ്താദുമാർ അവരുടെ മക്കളോ അടുത്ത ബന്ധുക്കളോ അല്ലാത്തവരെ ഒരിക്കലും പഠിപ്പിക്കാൻ തയ്യാറാവില്ല’’.
‘‘എല്ലാം ആലത്തിന്റെ ഭാഗ്യം’’, മദൻ പറഞ്ഞു.
‘‘അല്ല. അല്ലാഹുവിന്റെ അനുഗ്രഹം”.
അലാവുദീൻ മേശപ്പുറത്തത് വെച്ച ഹുക്കയിൽ പുകയില നിറച്ച് വലിക്കാൻ തുടങ്ങി.
‘‘ഈ ശീലവും ഉണ്ടോ?”, മദൻ മഞ്ചരി ചോദിച്ചു.
‘‘അത് പറയണമെങ്കിൽ വളരെ ചെറുപ്പം തൊട്ടുള്ള കഥകൾ നിന്നോട് പറയേണ്ടിവരും. അല്ലെങ്കിലും എന്റെ ജീവിതത്തെ പറ്റി നിന്നോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല’’.
അയാൾ ഹുക്ക വലിച്ചു വീണ്ടും ഒരു പുകകൂടി വിട്ടു.
“ ഇപ്പൊ അത് പറയേണ്ട സമയമായിരിക്കുന്നു’’.
▮
എപ്പിസോഡ് നാല്
“ഒരു പക്ഷേ ഞാൻ ആദ്യമായി സംഗീതം കേൾക്കുന്നത് ഉമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ ആയിരിക്കും. വാപ്പ സദുഖാൻ എപ്പോഴും സിതാർ വായിക്കുന്നുണ്ടാവും. ഭ്രൂണം വളർന്ന് കുഞ്ഞായി, പുറത്തുവരുവോളം എന്റെ അബോധത്തിലേക്ക് സംഗീതം അരിച്ചിറങ്ങിയിരുന്നു. പിറന്നുവീണ അന്നുമുതൽ എന്റെ കാഴ്ചയിലും ബോധത്തിലും സിതാർ വായന നിറഞ്ഞുനിന്നു. കുഞ്ഞായിരിക്കുന്ന കാലത്ത് ഞാൻ മുലകുടിക്കുമ്പോൾ ബാപ്പയുടെ സിതാർ വായന കേട്ട് ഉമ്മയുടെ മുലകളിൽ തബല വായിക്കുന്നത് പോലെ താളം പിടിക്കുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
സ്കൂളിൽ പഠിക്കാൻ തുടങ്ങിയ കാലത്താണ് പുറത്തുനിന്നുള്ള സംഗീതം കേൾക്കാനിടയായത്. ശിവ്പൂരിലെ ശിവക്ഷേത്രം കടന്നു വേണം സ്കൂളിലേക്ക് പോകാൻ അവിടെ കേൾക്കുന്ന ഭജൻ എന്നെ പലപ്പോഴും പിടിച്ചുനിറുത്തി. പോകെ പോകെ ഞാൻ കൂടുതൽ നേരം അവിടെ ചിലവഴിച്ചു. സ്കൂളിൽ എത്തുന്ന ദിനങ്ങൾ കുറഞ്ഞു വന്നു. സന്യാസിമാർ സിതാർ വായിച്ചു ഭജന പാടുന്നത് കേട്ടപ്പോൾ അതെന്നെ മറ്റൊരു ലോകത്ത് തളച്ചിട്ടു. ഞാനവിടെ മതി മറന്നു നിന്നു. പലപ്പോഴും സമയം കടന്നുപോയത് അറിഞ്ഞതേയില്ല. എന്നാൽ സ്കൂൾ വിടുന്ന നേരത്ത് വീട്ടിൽ മടങ്ങി എത്താൻ ശ്രദ്ധിച്ചിരുന്നു.
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്കൂളിൽ വരാത്ത കുട്ടിയെ തേടി അധ്യാപകൻ വീട്ടിലെത്തി. ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ ഞാൻ സ്കൂളിൽ എത്തുന്നില്ല എന്ന വിവരം കേട്ട് ഉമ്മ ഞെട്ടി. അധ്യാപകൻ വീട്ടിൽ നിന്നിറങ്ങേണ്ട താമസം, ഉമ്മ അടിയുടെ പൂരം തുടങ്ങി. മുറ്റത്തെ മുളയിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. വേദന കൊണ്ട് പുളഞ്ഞു. എന്റെ പെങ്ങൾ ഖാദർ ഖാതൂന് സങ്കടം വന്നു. എന്നാൽ അനിയന്മാരായ നായെബ് അലിയും അയേത് അലിയും എനിക്ക് അടി കിട്ടട്ടെ എന്ന ഭാവത്തിൽ ചിരിച്ച് നിന്നു. അപ്പോൾ കയറിവന്ന ദാദ, അഫ്‌താബുദ്ദീൻ ഖാനാണ് എന്നെ രക്ഷിച്ചത്.
“എന്തിനാണ് ഇങ്ങനെ അടിക്കുന്നത്? അവൻ ചത്തുപോകും’’, ദാദ എന്നെ കെട്ടഴിച്ചുവിട്ടു. ക്ഷീണിതനായി ഞാൻ കോലായയിലിരുന്നു.
ബാപ്പ നാട്ടിലില്ലാത്തപ്പോൾ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ദാദയായിരുന്നു. മൂപ്പർ എന്നെ മുറിയിലേക്ക് കൊണ്ടുപായി അടികൊണ്ട പാടുകളിൽ തേൻപുരട്ടി തന്നു. പാടുകൾ തൊട്ടപ്പോൾ എനിക്ക് നന്നായി വേദനിച്ചു.
“ഉണങ്ങാൻ സമയമെടുക്കും’’, ദാദ മേശപ്പുറത്ത് വെച്ച ഹുക്ക എടുത്ത് അതിൽ പുകയില നിറച്ച് വലിക്കാൻ തുടങ്ങി.
“നീ വലിച്ചൊ”, ഹുക്ക എന്റെ നേരെ നീട്ടി.
അത് വലിച്ചപ്പോൾ വലിയ ആശ്വാസം കിട്ടി. അടിയുടെ വേദന മാഞ്ഞു പോയത് പോലെ തോന്നി. ദാദയാണ് എന്നെ ഹുക്ക വലിക്കാൻ പഠിപ്പിച്ചത്. ഞാൻ വലിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ എന്നെ വഴക്ക് പറയും. അങ്ങനെ വലിച്ചു വലിച്ചു ഇതിപ്പോ ഒരു ശീലമായി.” ഹുക്ക ഉയർത്തി കാണിച്ച് അലാവുദീൻ ഭാര്യയോട് പറഞ്ഞു.
ദാദ പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നു. പല ചെറിയ കാര്യങ്ങൾക്കും എന്നെ കഠിനമായി ശിക്ഷിച്ചിരുന്നു. മൂപ്പരുടെ ഏറ്റവും വലിയ ദൗർബല്യം പുകയിലയാണ്. അത് വീട്ടുകാർ അറിയാതെ രഹസ്യമായി എത്തിച്ചു കൊടുത്തിരുന്നത് ഞാനായിരുന്നു. സമയത്ത് കിട്ടിയിട്ടില്ലെങ്കിൽ ദേഷ്യം വരും. എന്നെ അടിക്കും. ഞാൻ പഠിച്ച സ്കൂളിൽ തന്നെയായിരുന്നു പഠിച്ചത്. ദാദ പുകവലിച്ചത് കണ്ട് അധ്യാപകരോട് അടികിട്ടിയിരുന്നു. അത് കാണുമ്പോൾ ഞാൻ ഉള്ളാലെ സന്തോഷിക്കും. സ്കൂളിൽ നിന്നുള്ള അടി പതിവായപ്പോൾ പഠനം ഉപേക്ഷിച്ചു.
മൂപ്പർക്ക് ഒരു കുതിരയും കുറച്ച് തത്തകളും ഉണ്ടായിരുന്നു. അതിനെയെല്ലാം നോക്കേണ്ട ചുമതല എന്നെയാണ് ഏൽപ്പിച്ചത്. ചെറിയ അശ്രദ്ധ വന്നാൽ എന്നെ കഠിനമായി ശിക്ഷിക്കും. എല്ലാം കൊണ്ടും വീട് എനിക്കൊരു നരകമായി മാറിയ കാലമായിരുന്നു.
ഒരാഴ്ച കഴിഞ്ഞ്, അലച്ചിലുകൾക്ക് ശേഷം ബാപ്പ തിരിച്ചെത്തി. ഒപ്പം എന്റെ ജേഷ്ടൻ സമീറുദീനും ഉണ്ടായിരുന്നു. വന്നയുടൻ ഉമ്മ കാര്യങ്ങൾ വിശദമായി പറഞ്ഞു കേൾപ്പിച്ചു. പക്ഷെ ബാപ്പ അത് ഗൗരവത്തിൽ എടുത്തില്ല എന്ന് തോന്നി . അന്ന് രാത്രി അത്താഴമൊക്കെ കഴിഞ്ഞപ്പോൾ ബാപ്പ സിതാർ വായിച്ചു തുടങ്ങി. അകമ്പടിയായി ദാദ തബലയും വായിച്ചു. ഞങ്ങൾ കുട്ടികൾ അത് ആസ്വദിച്ചു നിന്നു. ഒരുമണിക്കൂറോളം കഴിഞ്ഞപ്പോൾ ബാപ്പ വായന നിറുത്തി. എന്നെ അടുത്തു വിളിച്ചിരുത്തി. സ്കൂളിൽ പോകാത്തതിന്റെ കാരണം തിരക്കി. എനിക്ക് സംഗീതം പഠിക്കണമെന്ന് പറഞ്ഞു.

‘‘സ്കൂളിൽ പോകാൻ മടി കാണിക്കരുത്. പഠിച്ച് നല്ലൊരു ജോലിയൊക്കെ നേടണം. ഇനി നിനക്ക് സംഗീതംപഠിക്കണമെന്നാണെങ്കിൽ ദൂരെ പോകണം. നാട്ടിൽ നിന്നാൽ അതൊന്നും പറ്റില്ല. കുറച്ചു കൂടെ വലുതാകട്ടെ.അപ്പൊ ആലോചിക്കാം’’, ബാപ്പയുടെ വാക്കുകൾ എന്റെ മനസ്സിന്റെ ആഴത്തിലേക്ക് വീണു. ഭൂമിയുടെ അഗാധതയിൽ പതിച്ച വിത്തായി അതവിടെ ശിശിരനിദ്ര പൂണ്ടു. കുറച്ചുനാളുകൾ കഴിഞ്ഞ് വിത്ത് മുളക്കുന്നത് പോലെ ആ വാക്കുകൾ എന്റെ ബോധതലത്തിൽ വളർന്നു.
സ്കൂളിൽ പോകാത്തതിന് അടി നന്നായി കിട്ടിയെങ്കിലും എനിക്ക് സംഗീതത്തോടുള്ള അഭിനിവേശം കുറഞ്ഞില്ല. വീട്ടിൽ നോട്ടപ്പുള്ളിയായി. എന്നെ ശ്രദ്ധിക്കാൻ വേണ്ടി മൂത്തപെങ്ങൾ മധുമാലതി ഖാത്തൂന്റെ അടുത്തേക്ക് അയച്ചു. അവർ വിവാഹം കഴിച്ച് ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ ജീവിക്കുകയായിരുന്നു. എന്നെ ചെറുപ്പത്തിൽ ഉമ്മയുടെ സ്നേഹം തന്ന് വളർത്തിയതാണ് മധുമാലതി. വീടിനുള്ളിൽ ശ്വാസം മുട്ടികഴിഞ്ഞ എനിക്ക് പെങ്ങളുടെ സ്നേഹവും രുചികരമായ ഭക്ഷണവും ആശ്വാസമായി.
“ഇനി അലഞ്ഞു നടക്കാതെ സ്കൂളിൽ കൃത്യമായി പോണം’’, തിരിച്ചുവരുമ്പോൾ പെങ്ങൾ പറഞ്ഞു. വീട്ടുകാരും പെങ്ങളും കുറെ ഉപദേശിച്ചിട്ടും എനിക്ക് പഠനത്തിൽ ഒട്ടും താല്പര്യം തോന്നിയില്ല. സംഗീതം പഠിക്കണമെന്ന തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ പറ്റില്ലായിരുന്നു.
ഉമ്മയ്ക്ക് സുഖമില്ലാത്ത ഒരു ദിവസം. ദാദ വൈദ്യനെ കണ്ട് കുറച്ചു മരുന്നുകൾ വാങ്ങി കൊടുത്തിരുന്നു. അത് കഴിച്ചിട്ടും വലിയ മാറ്റങ്ങൾ കണ്ടില്ല. ഖാദർ ഖാത്തൂന്റെ കൂടെ ഞാനും ഉമ്മയുടെ മുറിയിലായിരുന്നു കിടന്നിരുന്നത്. രാത്രി എനിക്ക് ഉറക്കം വന്നില്ല. ബാപ്പ പറഞ്ഞ വാക്കുകൾ എന്നിൽ അസ്വസ്ഥതയുള്ള ഓർമ്മപ്പെടുത്തലായി വന്നു കൊണ്ടിരുന്നു. ഞാൻ തിരിഞ്ഞും മറഞ്ഞും കിടന്നു. ഉമ്മയെ നോക്കി. ബോധം മറന്നുറങ്ങുന്നു. കട്ടിലിന് താഴെ കിടക്കുന്ന ഖാദർ ഖാതൂനും ദീർഘമായ ഉറക്കത്തിലേക്ക് വീണിരുന്നു. ഇടയ്ക്ക് കൂർക്കം വലിക്കുന്നുണ്ട്. അർദ്ധ രാത്രിയായി കാണും. കാറ്റടിക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഞാൻ പായയിൽ നിന്ന് എഴുന്നേറ്റു. അയയിൽ നിന്ന് ഉമ്മയുടെ ഒരു പഴയ സാരി വലിച്ചെടുത്തു. അതിൽ എന്റെ രണ്ടു ജോടി ഉടുപ്പുകൾ എടുത്ത് വെച്ച് കെട്ടി ഭാണ്ഡമാക്കി. സാരിത്തുഞ്ചത്ത് കെട്ടിവെച്ച താക്കോൽക്കൂട്ടങ്ങൾ ഉമ്മയെ ഉണർത്താതെ സാവധാനം അഴിച്ചെടുത്തു. അലമാരയുടെ നേരെ നടന്നു. താക്കോൽ ഓരോന്നായി പരീക്ഷിച്ചു നോക്കി. ഒടുവിൽ ഒരെണ്ണം കൃത്യമായി തുളയിൽ വീണു. അലമാര തുറന്നു. ചെറിയോരു തകരപ്പാത്രം കണ്ടു. അതിൽ നോട്ടുകളും നാണയത്തുട്ടുകളും ഇട്ടുവെച്ചിരുന്നു. അതിൽ നിന്ന് ജോർജ് അഞ്ചാമന്റെ തലയുള്ള കുറച്ചു നാണയങ്ങളും നോട്ടുകളും എടുത്ത് ടൗസറിന്റെ കീശയിൽ തിരുകി. അലമാര പൂട്ടി താക്കോൽ സാരിയുടെ തലപ്പിൽ തന്നെ കെട്ടി വെച്ചു, ഉമ്മയുടെ കാൽ തൊട്ടു വന്ദിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു.“ഉമ്മാ ഞാൻ പോകുന്നു.എന്നോട് പൊറുക്കുക”, എന്റെ മനസ്സ് പറഞ്ഞു.
മെല്ലെ പുറത്തേക്കിറങ്ങി. കൂറ്റാകൂരിരുട്ട്. തീവണ്ടിയാപ്പീസ് ലക്ഷ്യമാക്കി നടന്നു. ചീവീടുകളുടെ കരച്ചിലും നായയുടെ കുരയും മാത്രം കേട്ടു. പത്ത് വയസ്സുക്കാരനായ എന്നെ അതൊന്നും തെല്ലും ഭയപ്പെടുത്തിയില്ല. എനിക്ക് ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചേ മതിയാവൂ. ഒരു നാഴിക പിന്നിട്ടിരിക്കണം. റാന്തൽ വെളിച്ചത്തിൽ തീവണ്ടിയാപ്പീസ് കണ്ടു. മണിക്ക് നഗർ സ്റ്റേഷൻ എന്ന് ബംഗാളിയിൽ എഴുതിയത് ഞാൻ വായിച്ചു. ചെറുതും വലുതുമായ മൂന്നു റാന്തലുകൾ അവിടെ വലിയ പ്രകാശം പരത്തി. ആളൊഴിഞ്ഞ തീവണ്ടിയാപ്പീസിൽ കുറെ നേരം ഇരുന്നു. ഭാണ്ഡം എന്റെ മടിയിൽ വെച്ചു. ഒരു ചരക്ക് വണ്ടി എന്റെ മുന്നിലൂടെ പാഞ്ഞുപോയി , സ്റ്റേഷൻ മാസ്റ്റർ പച്ചക്കൊടി വീശി. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മരബെഞ്ചിൽ കിടന്നു മയങ്ങി പോയി. കുറച്ചു സമയം അങ്ങനെ ഉറങ്ങിയിട്ടുണ്ടാവണം. വണ്ടി വന്നു നിന്ന ശബ്‌ദം കേട്ടുണർന്നു. തിടുക്കപ്പെട്ട് ആ വണ്ടിയിലേക്ക് ചാടിക്കയറി. ടിക്കറ്റ് എടുക്കണമെന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു.

(അടുത്ത പാക്കറ്റിൽ തുടരും)
