മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ; തുറന്ന സംവാദവും സ്ത്രീസാന്നിധ്യവും ആരെയാണ് ചൊടിപ്പിക്കുന്നത്

ഒരു ബഹുസ്വരസമൂഹത്തിൽ അതിന്റെ ഭാഗമായി നിന്നുകൊണ്ടാണോ സ്വകാര്യമായാണോ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് എന്നൊരു ഡിബേറ്റ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ തുറന്നിടുന്നുണ്ട്. മുസ്‍ലിം പേരുകാർ എന്തു ചെയ്താലും ജിഹാദി പ്രവർത്തനങ്ങളായി ലേബൽ ചെയ്യുന്നിടത്ത് ഈ ഡിബേറ്റ് മികച്ച രീതിയിൽ സ്കോർ നേടുന്നു.

ഹുദവികളുടെ കേന്ദ്രമായ ദാറുൽ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വിയും സെക്രട്ടറി യു. മുഹമ്മദ് ശാഫിയും ഒപ്പിട്ട ഒരു പ്രസ്താവന ഇന്നലെ പുറത്തുവന്നിരുന്നു. ബുക് പ്ലസിന്റെ ബാനറിൽ നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ദാറുൽ ഹുദയുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് നടക്കുന്നത് എന്നാണ് പ്രസ്താവനയിൽ പറയുന്നത്.

ഇ.കെ. വിഭാഗം സുന്നികളുടെ മാതൃസംഘടനയായ സമസ്തയുടെ ഇടപെടൽ കാരണമാണ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കേണ്ടിവന്നത് എന്ന് കേൾക്കുന്നു. സമസ്തയുടെ പ്രതിനിധിസംഘം ഇന്നലെ ഫെസ്റ്റിൽ വേദി സന്ദർശിച്ച് ആശങ്കാകുലരായി എന്നാണ് വാർത്ത. വേദിയിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ചർച്ചകൾ നടക്കുന്നു, ഓഡിയൻസിലും വലിയ സ്ത്രീസാന്നിധ്യം കാണുന്നു, അവർ ചർച്ചകളിൽ പങ്കെടുക്കുന്നു. അതിഥികളെ പരിചരിക്കുന്നതും വേദിയിലേക്ക് തിരിച്ചാനയിക്കുന്നതും പെൺകുട്ടികൾക്ക് പ്രാമുഖ്യമുള്ള വളണ്ടിയർമാരാണ്. മേളക്കെത്തിയ മുസ്‍ലിം പെണ്ണുങ്ങൾ ധാരാളമായി സെൽഫികളും ഫോട്ടോകളും എടുക്കുന്നു. ശരിക്കും മേളം തന്നെ.

പരിപാടിയുടെ തുടക്കം മുതൽ ഫെസ്റ്റിവലിന്റെ തീം, സെഷനുകൾ, പങ്കെടുക്കുന്ന വ്യക്തികൾ തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കേരള ഇസ്‍ലാമിലെ സുന്നി ഫ്രാക്‍ഷന്റെ ആശയാവലികളിലൂന്നി, അതിന്റെ ശുദ്ധാശുദ്ധങ്ങൾ പാലിച്ചുകൊണ്ടുള്ള മേള എന്നതിൽനിന്നുള്ള വ്യതിചലനം സൂക്ഷ്മമായി വിചാരണ ചെയ്യപ്പെട്ടു. അമ്മട്ടിലായിരുന്നു മേളയെങ്കിൽ ഉറപ്പായും അതൊരു മാപ്പിള ആൺമേളയാകുമായിരുന്നു. അങ്ങനെ ആകാതിരിക്കാനും ബഹുസ്വരമായ ഒരു സമൂഹത്തെ സംബോധനചെയ്തും ബഹുസ്വരമായ ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന് ആന്തരികമായി തിരിച്ചറിഞ്ഞും മേളയെ മാറ്റിത്തീർക്കാൻ തലയിൽ കാറ്റും വെളിച്ചവുമുള്ള ഹുദവികൾ ശ്രദ്ധിച്ചു, അത് വിജയിക്കുകയും മലബാറിലെ ജനങ്ങൾ മേളയെ നെഞ്ചേൽക്കുകയും ചെയ്തു.

എം.എൽ.എഫ്. വേദിയിൽ ലേഖകൻ
എം.എൽ.എഫ്. വേദിയിൽ ലേഖകൻ

വിമർശനങ്ങൾ വേറെയുമുണ്ട്. ഡി.സി കിഴക്കേമുറി ഫൗണ്ടേഷൻ നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഡിസൈൻ കോപ്പിയടിച്ച് മതതീവ്രവാദികൾ സാഹിത്യോൽസവം നടത്തുന്നു എന്ന വിമർശനമാണ് ഇക്കൂട്ടത്തിലെ ഹൈലൈറ്റ്. ബീച്ചിൽ സാഹിത്യോൽസവങ്ങൾക്കായി സർക്കാർ സംവിധാനങ്ങൾ ഒരുക്കിയ സൗകര്യങ്ങളുപയോഗിച്ച് കഴിഞ്ഞ സീസണിൽ മൂന്നു മേളകൾ  നടന്നിരുന്നു. കെ.എൽ.എഫിനെ തുടർന്ന് കേരളമൊട്ടുക്ക് ചെറുതും വലുതുമായ സാഹിത്യോൽസവങ്ങൾ നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ വമ്പൻ മേള നടത്തി ഞെട്ടിച്ചു. ബഹുസ്വരമായ ആശയങ്ങളെ അരങ്ങിലും സദസ്സിലും അണിനിരത്തുന്ന ഒരു മേളയ്ക്കും തീവ്രവാദത്തെ ഉൾക്കൊള്ളാനാവില്ല എന്നതാണ് ഇത്തരം ഉൽസവങ്ങളുടെ പ്രാഥമിക വിജയമന്ത്രം എന്നറിയാത്തവരാണ് ഇജ്ജാതി ഗീർവാണങ്ങൾ പൊട്ടിക്കുന്നത്. ഓരോ സെഷനും ഇന്ററാക്ടീവ് സ്വഭാവത്തിലുള്ളതും തൽസമയ ചോദ്യം ചെയ്യലുകൾക്ക് വിധേയമാണ് എന്നതും സാഹിത്യോൽസവങ്ങളുടെ ഭംഗി നിശ്ചയിക്കുന്നു. പോരായ്മകൾ ഉറപ്പായും ഉണ്ടാകും. ഊന്നലുകളിൽ വ്യത്യാസമുണ്ടാകും. എന്നാലും ഇത്തരം മേളകളുടെ മുഖ്യ ആകർഷണം, മനുഷ്യരും ആശയങ്ങളും തമ്മിലുള്ള തുറന്ന സംവാദങ്ങൾ തന്നെയാണ്.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വിവിധ പതിപ്പുകളുടെ അരങ്ങിലും അണിയറയിലും പണിയെടുത്ത ആൾ എന്ന നിലയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, സെഷനുകളിൽ ആദ്യാവസാനം പങ്കെടുക്കുകയും ഗൗരവകരമായ ചോദ്യങ്ങളിലൂടെ സെഷനുകൾ ആകർഷകമാക്കുകയും ചെയ്ത ഒരു കൂട്ടം തലേക്കെട്ടുകാരുടെ സാന്നിധ്യമാണ്. പരമ്പരാഗത മാപ്പിള മൊയ്‍ല്യാർ കൾട്ടിനെ മറികടന്ന് സാമൂഹ്യ- രാഷ്ട്രീയ- സാഹിത്യ കാര്യങ്ങളിൽ സൂക്ഷ്മമായ അവഗാഹവും പ്രതിപക്ഷബഹുമാനത്തോടെ അത് അവശ്യസന്ദർഭങ്ങളിൽ പ്രയോഗിക്കാനുള്ള വിനയവും കൈമുതലുള്ള ഈ ചങ്ങാതിമാർ എവിടെനിന്നുവരുന്നു എന്നന്വേഷിച്ചാൽ ദാറുൽ ഹുദയിലേക്കും അവിടെനിന്നിറങ്ങിയ ഹുദവികളിലേക്കും എത്തിച്ചേരും.

ഈ പണ്ഡിതക്കൂട്ടം ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലേക്ക് ചേക്കേറി മാസ്റ്റേഴ്സും ഡോക്ടറൽ ബിരുദങ്ങളും നേടി വന്നവരാണ്. കുറേപ്പേർ മതസ്ഥാപനങ്ങളുടെ മേധാവിമാരായായും അധ്യാപകരായും മഹല്ല് ഇമാമുമാരായും ഒക്കെ പ്രവർത്തിക്കുന്നു. വ്യക്തിപരമായി എനിക്ക് നേരിട്ടറിയാവുന്ന കൂട്ടരാണ് ഇവർ. ബി.എഡ്. കഴിഞ്ഞ് നിൽക്കുന്ന കാലത്ത് എനിക്ക് ആദ്യമായി അധ്യാപകജോലി തന്ന സ്ഥാപനമാണിത്. (ഇന്നലെയും മിനിയാന്നുമായി മേളയിൽ പങ്കെടുത്തപ്പോഴുണ്ടായ വ്യക്തിപരമായ സന്തോഷം, പത്തിരുപത്തഞ്ചു വർഷം മുമ്പ് ക്ലാസിലിരുന്ന കുട്ടികൾ വലിയ പണ്ഡിതരായി വന്ന് കൈ പിടിച്ചതാണ്.) കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽനിന്നു മാത്രമല്ല, ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിലും ഷാർജ ഫെസ്റ്റിവലിലും ജർമനിയിലെ ഫ്രാങ്ക്‍ഫർട്ട് ഫെസ്റ്റിവലിലുമൊക്കെ പങ്കെടുത്തതിന്റെ അനുഭവജ്ഞാനവുമായി വന്നാണ് ഇവർ സ്വന്തമായി മേള നടത്തുന്നത്. ഓർത്തഡോക്സ് സമുദായ നേതാക്കൾക്കും പൊതുസമൂഹത്തിനും ഇവരെ ഉൾക്കൊള്ളാൻ ഒരുപോലെ ബുദ്ധിമുട്ടുണ്ടാവും. സമുദായത്തെ ഏഴാം നൂറ്റാണ്ടിലേക്ക് ഇവരേതായാലും നടത്തില്ല. തീവ്രവാദപ്രവർത്തനങ്ങളിലേക്കും പോകില്ല.

എന്തുകൊണ്ട് ഒന്നിലധികം സാഹിത്യോൽസവങ്ങൾ ഏതാണ്ട് ഒരേ തീമിൽ നടക്കുന്നു എന്ന ചോദ്യവും ഒന്നിലധികം മേളകൾ ഉണ്ടായാൽ എന്താണു കുഴപ്പം എന്ന ചോദ്യവും അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. മാലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ഞാൻ കേട്ട ഒരു സെഷന്റെ വെളിച്ചത്തിൽ, ഇതിൽ ആദ്യത്തെ ചോദ്യത്തിന് വിശദീകരണം നൽകാൻ ശ്രമിക്കാം. മലയാളി കവികളും അധ്യാപകരും വിവർത്തനം ചെയ്ത പലസ്തീൻ കവിതകളുടെ അവതരണവും ചർച്ചയുമായിരുന്നു ‘കളിപ്പാട്ടങ്ങളുടെ ഒസ്യത്ത്, പ്രതിരോധത്തിന്റെ പാട്ടുകൾ’ എന്ന സെഷന്റെ ഉള്ളടക്കം. പി.കെ. പാറക്കടവ്, രോഷ്നി സ്വപ്ന, വീരാൻ കുട്ടി, അബ്ദുള്ള അമാനത്ത്,  മുഹമ്മദ് ലബീബ്, അസാമിൽനിന്നുള്ള മിയാ കവി ഡോ. ഹാഫിസ് അഹ്മദ് എന്നിവരായിരുന്നു പാനലിൽ ഉണ്ടായിരുന്നത്. ഇംഗ്ലീഷ് അധ്യാപികയായ ഡോ. ഷാഹിന മോൾ മോഡറേറ്ററായിരുന്നു.

പാനലിസ്റ്റുകളിൽ രണ്ടു പേർ, അമാനത്തും ലബീബും അറബിയിൽ കവിത വായിച്ച് ആസ്വദിച്ച് അത് മലയാളത്തിലാക്കിയവരാണ്. സ്വാഭാവികമായും ഇവരുടെ അവതരണങ്ങൾ മികച്ചു നിന്നു. മലയാളത്തിലെ പ്രിയകവികളെല്ലാം പലസ്തീൻ കവിതയെ അറിഞ്ഞത് വിവർത്തനങ്ങളിലൂടെ മാത്രമാണ്. കെ.എൽ.എഫ്. പോലൊരു മേളയിലേക്ക് അമാനത്തും ലബീബും ക്ഷണിക്കപ്പെടില്ലെന്നുറപ്പ്. ഇവിടെയാണ് മലയാളത്തിന്റെ മുഖ്യധാര എന്നത് പ്രാന്തങ്ങളുടെ കൂട്ടമാണ് എന്നു വരുന്നത്. ഭാഷയിലായാലും സംസ്കാരത്തിലായാലും സാഹിത്യത്തിലായാലും ചിതറിക്കിടക്കുന്ന സൂക്ഷ്മതകളുടെ ആകെത്തുകയാണ് അതതുമേഖലകളുടെ സ്വരൂപത്തെ നിശ്ചയിക്കുന്നത്. ഇതൊടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യം പരിപാടിയുടെ സംഘാടനത്തിലെ നിർവാഹകത്താധികാരങ്ങളാണ്. ഏതു തരത്തിലുള്ള സംഘാടനങ്ങളും പലതരത്തിലുള്ള നൈപുണികളിലൂടെ കടന്നുപോകുന്ന ഒന്നാണ്. പ്രാഥമികമായി ചില നൈപുണികൾ നിക്ഷേപിക്കുകയും സംഘാടനപ്രക്രിയയിലൂടെ പുതുനൈപുണികൾ ആർജ്ജിക്കുകയും ചെയ്യുന്ന ഒരു മെക്കാനിസം ഇതിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുള്ള അവസരം വിതരണം ചെയ്യപ്പെടുക എന്ന ധർമ്മം കൂടി പല മേളകൾ സംഘടിപ്പിക്കപ്പെടുന്നതിനു പിന്നിലുണ്ട്.

കേരള സർക്കാറിന്റെ കേരളീയം പരിപാടി മുതൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സാഹിത്യോൽസവം വരെയുള്ള മേളകൾ എന്ത് ഔട്ട് പുട്ടാണ് ഉണ്ടാക്കുന്നത് എന്നു നോക്കിയാലേ പൊതുസമൂഹത്തിന് ഇത് ഗുണമാണോ ദോഷമാണോ എന്ന് വിലയിരുത്താൻ കഴിയുകയുള്ളൂ. സ്വകാര്യപ്രസാധകർ മുൻകൈയെടുത്ത് നടത്തുന്ന മേളകൾ അവരുടെ ബ്രാന്റിനെ അടയാളപ്പെടുത്തുക, മികച്ചൊരു ബിസിനസ് മോഡൽ രൂപപ്പെടുത്തി സാമ്പത്തികലാഭമുണ്ടാക്കുക എന്നിവയിലാണ് ഊന്നുന്നത്. ഇത്തരം മേളകൾക്ക് സർക്കാർ ഏജൻസികളടക്കം ഫണ്ടു ചെയ്യുന്നതിന് വിവിധങ്ങളായ കാരണങ്ങളുണ്ട്. ആത്യന്തികമായി ജനാധിപത്യം എന്ന ആശയത്തെ പ്രത്യയശാസ്ത്രപരമായി നിലനിർത്താനുതകുന്ന വിധം ചർച്ചകളുടെ വലിയ തുറസ്സുകൾ അവ ഉണ്ടാക്കുന്നു എന്നതാണ് പ്രധാന കാരണം. വിവിധ സെഷനുകളിൽ നടക്കുന്ന ചർച്ചകളും പ്രതികരണങ്ങളും പോസ്റ്റ് സെഷൻ ചർച്ചകളും മാത്രമല്ല ഇതൊരുക്കുന്നത്. വേദികൾക്കിടയിലെ കോറിഡോറിൽ ജനം പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നു. കോഫി ഷോപ്പുകൾ, ഹോട്ടൽ മുറികൾ, വാഹനങ്ങൾ എന്നിവിടങ്ങളിലൂടെ ഈ ചർച്ചകൾ സഞ്ചരിക്കുന്നു. സോഷ്യൽ മീഡിയ വഴി ബദൽ ഡിബേറ്റുകൾ നടക്കുന്നു. ഇത്തരം ചർച്ചകളിൽ തൊണ്ണൂറു ശതമാനവും മനുഷ്യരെ ഒന്നിച്ചു നിർത്തുന്ന ചർച്ചകളാണ് വിഭജിക്കുന്ന ചർച്ചകളല്ല എന്നിടത്താണ് കച്ചവടതാൽപര്യങ്ങളോടൊപ്പം ഇതെല്ലാം പൊതുകാര്യങ്ങൾ കൂടിയാകുന്നത്.

ബുക് പ്ലസിന്റെ ബാനറിൽ നടക്കുന്ന മേളയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ എന്ന പോലെ സമുദായത്തിനകത്തും ചർച്ചകൾ നടക്കുന്നുണ്ട്. കവിയും അധ്യാപകനും ദളിത് ആക്ടിവിസ്റ്റുമായ ഡോ.എം.ബി.മനോജാണ് ഈ ഫെസ്റ്റിവലിന്റെ ഡയറക്ടർ എന്നിടത്തുനിന്ന് തുടങ്ങി സെഷനുകളുടെയും പാനലിസ്റ്റുകളുടെയും സൂക്ഷ്മതയോളം പൊതുജനത്തിന് താൽപര്യമുള്ള തുറന്ന മേളയാണ് ഇത്. സാമുദായികമായ സ്വകാര്യം പറച്ചിലല്ല എന്നു ചുരുക്കം. അതേ സമയം സമുദായത്തിനകത്തു നടക്കുന്ന ഒച്ചപ്പാടുകൾക്ക് അനിവാര്യമായ ചില സാംസ്കാരികസംഘർഷങ്ങളുടെ, നവീകരണശ്രമങ്ങളുടെ പശ്ചാത്തലവുമുണ്ട്. നേരത്തേ ഞാൻ സൂചിപ്പിച്ച പോലെ ഒരു ബഹുസ്വരസമൂഹത്തിൽ അതിന്റെ ഭാഗമായി നിന്നുകൊണ്ടാണോ സ്വകാര്യമായാണോ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് എന്നൊരു ഡിബേറ്റ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ തുറന്നിടുന്നുണ്ട്. മുസ്‍ലിം പേരുകാർ എന്തു ചെയ്താലും ജിഹാദി പ്രവർത്തനങ്ങളായി ലേബൽ ചെയ്യുന്നിടത്ത് ഈ ഡിബേറ്റ് മികച്ച രീതിയിൽ സ്കോർ നേടുന്നു. സാഹിത്യവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം ആണുങ്ങൾ മാത്രം ചർച്ച ചെയ്താൽ മതിയോ? സംഘാടനത്തിന്റെ സാധ്യമായത്ര ഇടങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ആവശ്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളെയും അത് മുന്നോട്ടു വെക്കുകയും ആണിനൊപ്പം പെണ്ണും വേണം എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അകത്തളങ്ങളിലും സദസ്സിലും വേദിയിൽ മോഡറേറ്റർമാരോ പാനലിസ്റ്റുകളോ ആയോ ഇതുവരെ കാണാത്ത മനുഷ്യരെ കാണുന്നു. അവർ മികച്ച രീതിയിൽ ഇടപെടുന്നു, സംസാരിക്കുന്നു. അതുപോലെ സംഘാടനവും കേവലമായ നർവഹണങ്ങളല്ല, വിപുലമായ ശേഷികൾ ആർജ്ജിക്കുക കൂടിയാണ് എന്ന് പറഞ്ഞുവല്ലോ. സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ നാളിതുവരെ സമുദായം പറഞ്ഞ മട്ടിലല്ല സ്ത്രീകൾ ഇടപെടേണ്ടത് എന്ന അത്യധികം രാഷ്ട്രീയമായ ഒരു പ്രശ്നത്തെയും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമുദായത്തിന്റെ ഉള്ളറച്ചർച്ചകളിലേക്ക് ഇറക്കി വെക്കുന്നു. സമുദായവുമായി ബന്ധപ്പെട്ട ചർച്ചകൾ, മതവിർശനം, ക്വീർ പൊളിറ്റിക്സ് പോലുള്ള ആശയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവ സംഘടിപ്പിക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തെയും പോസിറ്റീവായാണ് എം.എൽ.എഫ്. സ്വീകരിച്ചത്. ഇതൊക്കെ വിപുലമായി ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉയർന്ന പ്രൊഫണലിസം കഴിഞ്ഞാൽ ഞാൻ അടുത്തു കാണുകയോ അറിയുകയോ ചെയ്ത മേളകളിൽ പ്രധാനപ്പെട്ടവ പട്ടാമ്പി കോളേജ് നടത്തി വരുന്ന കവിതയുടെ കാർണിവലും ഈ വർഷം കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ നടത്തിയ KULF എന്ന പേരിലുള്ള മേളയുമാണ്. താരതമ്യേന ചെറിയ ഫണ്ടുപയോഗിച്ച് ചെറിയൊരു കൂട്ടം മനുഷ്യരുടെ സമർപ്പണം പ്രധാനമൂലധനമാക്കി ഇവരുണ്ടാക്കുന്ന റിസൾട്ട് മാതൃകാപരമാണ്. പ്രഥമസംരംഭം എന്ന നിലയിൽ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ പുറത്തുനിന്ന് കാര്യങ്ങൾ നോക്കിക്കാണുന്നവർക്ക് വിജയിച്ച മാതൃകയാണ്. സാമുദായികമായ അന്തഃസംഘർഷങ്ങൾ അവരുടെ സ്വകാര്യമാണ്. കാലത്തിന് മുന്നോട്ടേ പോകാനാകൂ എന്ന പ്രാപഞ്ചികസത്യത്തെ കൂട്ടുപിടിച്ച് വരും വർഷവും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വിപുലമായിത്തന്നെ നടക്കും എന്നു പ്രതീക്ഷിക്കുന്നു.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments