ഒരു സ്ത്രീ; സാറാ ജോസഫിന്റെ പല ആദ്യകാല കഥകളുടെയും തുടക്കം അവളിൽ നിന്നായിരുന്നു. സ്വന്തമിടങ്ങൾ തിരയുന്ന ഒരുവൾ. തേഞ്ഞുതേഞ്ഞ് ഇല്ലാതാകുന്നതിൽനിന്ന് കുതറാനാകാതെ, സ്വന്തം വിരസതയുടെ ചൂടിൽ അകപ്പെട്ട് കഴിയുന്നവൾ. ഉള്ളിലെ കനലിനോളം വരില്ല പുറത്തു കത്തുന്ന തീയുടെ ചൂട് എന്നറിയുമ്പോൾ കത്തിയമരാൻ സ്വയം വിട്ടുകൊടുക്കുന്നവൾ (മനസ്സിലെ തീ മാത്രം).
വിജനമായ പാതയിൽ, എവിടെ നിന്നോ വന്നവളെപ്പോലെ നിസ്സഹായതോടെ നിന്നിരുന്ന അവൾ, വരിഞ്ഞുമുറുക്കുന്ന കൈകൾ തട്ടിമാറ്റാൻ തുടങ്ങിയതെപ്പോഴാണ്? തനിച്ചിരിക്കാൻ ഒരു മുറി വേണമെന്ന് പറയാൻ തുടങ്ങിയതെപ്പോഴാണ്? തീക്കട്ട പോലെ തിളങ്ങുന്ന വലിയ പൊട്ടിട്ട് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ തുടങ്ങിയതെപ്പോഴാണ്? തെറിച്ചുപോയ വെറുമൊരു മൺകട്ടയാണെന്നറിഞ്ഞുകൊണ്ട് ഒരു രാജ്യം പടുത്തുയർത്തിയ പ്രാകാരത്തിന് മുന്നിലേയ്ക്ക്, ഏതാണെന്റെ രാജ്യം എന്ന ചോദ്യമെറിഞ്ഞത് എപ്പോഴാണ്?

സ്ത്രീയുടെ ചരിത്രം സാമൂഹ്യചരിത്രമാകുന്നതാണ് സാറാ ജോസഫിന്റെ എഴുത്തിൽ സംഭവിച്ചത്. ചരിത്രം എപ്പോഴും രാഷ്ട്രീയമാണ്. സാഹിത്യം രാഷ്ട്രീയമായി മാറുന്ന ചരിത്രത്തിന്റെ വഴിയിടങ്ങൾ അടയാളപ്പെട്ടതിനെ മലയാളികൾ വേണ്ടത്ര ഗൗരവത്തോടെ നോക്കിക്കണ്ടില്ല. സാമൂഹ്യനിർമ്മിതിയുടെ ഉൾക്കനങ്ങളിൽ നിന്ന് സ്ത്രീസംസ്കൃതിയുടെ ചമയങ്ങൾ അഴിച്ചെടുത്ത് നീട്ടിക്കാണിക്കുന്ന കഥകളെയും അതിലെ അമ്പരപ്പിക്കുന്ന നൊമ്പരങ്ങൾ കഥയില്ലായ്മകളായി മാഞ്ഞുപോകുന്നതിന്റെ മുഴക്കത്തെയും സാംസ്കാരിക കേരളം അറിഞ്ഞതായി നടിച്ചില്ല. കുലം, നിറം, ജാതി, മതം, വേഷം, ഭാഷ....ലക്ഷം വീട് കോളനിയിൽനിന്ന് കോളേജിലേയ്ക്കുള്ള അനേകങ്ങളുടെ ദൂരത്തെ അവൾ കഠിനതയോടെ നേരിട്ടത് (വിയർപ്പടയാളങ്ങൾ) ആരുടെയും വേവലാതിയായി മാറിയില്ല. വിയർപ്പിന്റെ മണമുള്ള ജീനുകളെ ആവാഹിച്ച്, പൊടിയും വിയർപ്പും കുതിർന്ന കാലടയാളങ്ങൾ കഥയിൽ വരച്ചുവെച്ചത് ഇന്നും കണ്ടില്ലെന്ന് നടിക്കാനാണ് സാംസ്കാരിക കേരളത്തിന് താല്പര്യം.
കേരളത്തിൽ ഫെമിനിസത്തിന്റെ ഉദ്ഘാടക എന്ന് സാറാ ജോസഫിനെ വിശേഷിപ്പിക്കുന്നവർ മറ്റൊന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. സാറാ ജോസഫിന് മുമ്പും നമ്മുടെ സമൂഹത്തിൽ സത്രീസ്വാതന്ത്ര്യത്തിനുവേണ്ടി പലരും ശബ്ദമുയർത്തിയിട്ടുണ്ട്.
കേരളത്തിൽ ഫെമിനിസത്തിന്റെ ഉദ്ഘാടക എന്ന് സാറാ ജോസഫിനെ വിശേഷിപ്പിക്കുന്നവർ മറ്റൊന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. സാറാ ജോസഫിന് മുമ്പും നമ്മുടെ സമൂഹത്തിൽ സത്രീസ്വാതന്ത്ര്യത്തിനുവേണ്ടി പലരും ശബ്ദമുയർത്തിയിട്ടുണ്ട്. 1886–ൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച കേരള സുഗുണബോധിനി എന്ന വനിതാ മാസികയിലൂടെ സ്ത്രീകേന്ദ്രീകൃതമായ വചനങ്ങൾ ദൃശ്യതയിലെത്തിയിരുന്നു. എന്നാൽ ഇതിന്റെ പ്രസാധകർ കേരളവർമ്മ കോയിത്തമ്പുരാൻ, എൻ. സി. നാരായണപിള്ള, കെ. ചിദംബരം വാധ്യാർ എന്നിങ്ങനെ ചില പുരുഷന്മാരായിരുന്നു. ആറുമാസത്തിന് ശേഷം നിലച്ച മാസിക 1892–ൽ പുനരാരംഭിച്ചുവെങ്കിലും സ്ത്രീകൾക്ക് വേണ്ടി നടത്തിയിരുന്ന മാസികയിൽ സ്ത്രീകാഴ്ചപ്പാടുകൾക്ക് സ്ഥാനമില്ലായിരുന്നു. പുരുഷന്മാർ അവരുടെ സ്ത്രീകളിൽനിന്ന് പ്രതീക്ഷിക്കുന്നവയായിരുന്നു അതിൽ പ്രചരിപ്പിച്ചിരുന്നത്. രാഷ്ട്രീയം, പൊതുരംഗം എന്നിവയിലൊക്കെ സ്ത്രീസാന്നിധ്യങ്ങൾ തുലോം കുറവായിരുന്ന കാലഘട്ടത്തിലെ ചരിത്രത്തിൽനിന്ന് പെണ്ണിന്റെ ചരിത്രം വായിച്ചെടുക്കാൻ പല ഗവേഷകരും ശ്രമിച്ചിട്ടുണ്ട്.

കീഴാളസ്ത്രീക്കുവേണ്ടി ഉച്ചരിക്കുന്ന വാക്കുകൾ പോലും അന്ന് രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. അവരുടെ ചരിത്രമെന്നത് വെറും ഊഹങ്ങൾ മാത്രമായി മാറി. ചരിത്രരചനയുടെ രഹസ്യങ്ങളിൽനിന്ന് അവരുടെ പേരുകളും വേരുകളും കണ്ടെത്തുന്നത് അതിസാഹസികമായ പ്രവൃത്തിയായിരുന്നു. 1920- കളോടെ ദേശീയ പ്രസ്ഥാനത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിലും സ്ത്രീസാന്നിധ്യങ്ങൾ ഉണ്ടായിത്തുടങ്ങി. സ്ത്രീകൾക്കുവേണ്ടി സ്ത്രീകളുടെ ശബ്ദമുയരാൻ തുടങ്ങി. ഇന്ത്യയിൽ ആദ്യമായി മുൻസിഫ് പദവിയിലെത്തിയ അന്നാ ചാണ്ടിയെപ്പോലുള്ളവരുടെ തുറന്നെഴുത്തുകൾ അതിശക്തമായ പോരാട്ടത്തിന്റെ നാന്ദിയായിരുന്നു. എന്നിട്ടും അവയൊന്നും സ്ത്രീജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സമത്വത്തിന് അടിസ്ഥാനമിടുന്ന വിധം തുടർച്ചയുള്ള നിലപാടുകളിൽ എത്തിച്ചേർന്നില്ല.
സമൂഹവുമായി നിരന്തര സംഘർഷത്തിലേർപ്പെട്ട് വളർന്നുവന്ന പ്രതിഭയെന്ന വ്യത്യസ്തതയാണ് സാറാ ജോസഫിനുള്ളത്. ‘മാനുഷി’ എന്ന സ്ത്രീസംഘടനയുടെ പ്രവർത്തനങ്ങൾ അത് കൂടുതൽ തീവ്രമാക്കി.
സാഹിത്യത്തിൽ ബാലാമണിയമ്മയും ലളിതാംബിക അന്തർജ്ജനവും കടത്തനാട്ട് മാധവിയമ്മയും മേരി ജോൺ തോട്ടവുമെല്ലാം സജീവമായി. ഒപ്പം യുവനായികയായി മാധവിക്കുട്ടിയും കടന്നുവന്നു. സ്ത്രീയുടെ ശരീരത്തെപ്പറ്റി സ്വാതന്ത്ര്യബോധത്തോടെയുള്ള ചിന്തകൾ ഉയർന്നുവരാൻ തുടങ്ങി. ആശയസംവാദങ്ങൾ മുന്നോട്ടുവെച്ച് അവിടെയുമിവിടെയും ചില സംഘങ്ങളും രൂപപ്പെട്ടു. പല പേരുകളും പ്രസ്ഥാനങ്ങളും ഉദ്ധരിക്കാമെങ്കിലും കേരളത്തിൽ സ്ത്രീസ്വാതന്ത്ര്യമെന്ന ആശയം ശക്തമാകുന്നത് 1980–കളോടെയാണ്. അപ്പോഴും ഒരു രാഷ്ട്രീയ സമൂഹത്തിലെ പൂർണ വ്യക്തിത്വം ഏറ്റുവാങ്ങാൻ താൻ അർഹയാണെന്ന് അവൾ ഉറക്കെ പറഞ്ഞുതുടങ്ങിയിട്ടില്ലായിരുന്നു. അത് സാഹിത്യത്തിൽ നട്ടുവളർത്താൻ ആരും മുതിർന്നിട്ടില്ലായിരുന്നു. പെൺചിന്തയുടെ രാഷ്ട്രീയത്തിലൂടെ, സാഹിത്യഭാഷയിൽ അറിയാതെ ഉരുത്തിരുഞ്ഞുവന്ന പെണ്ണെഴുത്തിലൂടെ പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ സാറാ ജോസഫും അവർ സ്ഥാപിച്ച സ്ത്രീവിമോചനവേദിയായ ‘മാനുഷി’യും തയ്യാറായി. കേരളം ഒരു പുതിയ സ്ത്രീകാലത്തിലേയ്ക്ക് ചുവടുകൾ വെച്ചു.

സമൂഹവുമായി നിരന്തര സംഘർഷത്തിലേർപ്പെട്ട് വളർന്നുവന്ന പ്രതിഭയെന്ന വ്യത്യസ്തതയാണ് സാറാ ജോസഫിനുള്ളത്. ‘മാനുഷി’ എന്ന സ്ത്രീസംഘടനയുടെ പ്രവർത്തനങ്ങൾ അത് കൂടുതൽ തീവ്രമാക്കി. തെരുവുനാടകങ്ങളും പ്രതിരോധപ്രവർത്തനങ്ങളുമായി ചുറ്റുമുള്ള മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി നില്ക്കാൻ കഴിഞ്ഞ സാഹിത്യസ്ത്രീയെന്ന ബഹുമതി സാറാ ജോസഫ് ഇങ്ങനെ നേടിയെടുത്തു. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് താൻ സ്വരൂപിച്ചെടുത്തവയെല്ലാം അവരുടെ ജീവിതവുമായി കൂട്ടിക്കെട്ടി അതിന്റെ യാഥാർത്ഥ്യതലത്തെ ഉള്ളിലുരുക്കിച്ചേർത്തു കൊടുക്കുകയായിരുന്നു സാറാ ജോസഫ് ചെയ്തത്. ഇങ്ങനെയൊരു സാഹിത്യകാരിയെ അന്നുവരെ കേരളം കണ്ടിട്ടില്ലായിരുന്നു. ഫെമിനിസം കേരളത്തിന്റെ പൊതുസമൂഹത്തിന് പരിചിതമായത് അങ്ങനെയാണ്. ലിംഗസമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നിവയുടെ ക്രിയാത്മകമായ പരിഭാഷയെ സമൂഹത്തിൽ എറിഞ്ഞുപിടിപ്പിക്കുന്നതിനിടയിൽ സാറാ ജോസഫിന് നേരിടേണ്ടിവന്ന അനുഭവങ്ങൾ അനന്യങ്ങളാണ്. നിലനില്ക്കുന്ന വ്യവസ്ഥിതിയെ ഇളക്കിമറിക്കുന്നതൊന്നും സ്വീകാര്യമല്ലാതിരുന്ന സന്മാർഗികളുടെ സ്ഥിരം പദസഞ്ചയങ്ങളൊക്കെ അവരിൽനിന്ന് പുറത്തുചാടി. അജ്ഞതയുടെ സ്വാതന്ത്ര്യം അവരെ മത്തുപിടിപ്പിച്ചു. നിവർന്നുനിന്ന് തുല്യമായ അവകാശമുണ്ട് എന്ന് പറയുന്ന സ്ത്രീസമൂഹത്തോടുള്ള ഭയം ഒളിപ്പിക്കാനാവാതെ അവർ അശ്ലീലവാക്കുകളാൽ യുദ്ധം വെട്ടി. ആത്മധൈര്യമെന്ന ആയുധമായിരുന്നു സാറാ ജോസഫ് നയിച്ച ‘മാനുഷി’യെന്ന പെൺസംഘത്തിന്റെ ഏക കരുത്ത്.
ദാർശനികമായ, തത്വചിന്താപരമായ പാഠനിർമ്മിതികളിലേയ്ക്ക് എഴുത്തിന്റെ സാരാംശം പരിണമിക്കുന്നതിന്റെ സൗന്ദര്യം അറിയണമെങ്കിൽ സർഗാത്മകത നിരന്തരമായ ഘർഷണങ്ങളിൽ അകപ്പെട്ടുകൊണ്ടിരിക്കണം. ചരിത്രത്തിന്റെയും സമൂഹത്തിന്റെയും സ്വാധീനം അതിൽ പ്രമുഖമാണ്. അത് കലാത്മകതയ്ക്ക് തീക്ഷ്ണതയേറ്റുന്നു. സാറാ ജോസഫിന്റെ സാഹിത്യത്തിന് പാഠാത്മകതയുടെ ഈ ആന്തരിക വ്യക്തിത്വമുണ്ട്. സമൂഹവുമായുള്ള പ്രതിപ്രവർത്തനങ്ങളിൽനിന്ന് അകന്നുനില്ക്കാൻ കഴിയാത്ത മാനുഷികമൂല്യങ്ങളാണ് സാറാ ജോസഫ് എന്ന വ്യക്തിയുടെ, സാഹിത്യകാരിയുടെ ഏറ്റവും ആത്യന്തികമായ സ്വത്തും സ്വത്വവും. അവരുടെ സാഹിത്യചിത്രണങ്ങളിൽ നിരന്തരം പ്രതിഫലിക്കുന്നതും അതിന്റെ പരസ്പര വിനിമയങ്ങളാണ്.

സാറാ ജോസഫിന്റെ കഥകളുടെ രാഷ്ട്രീയം നിരന്തരമായ മെറ്റമോർഫോസിസിന് വിധേയമാണ്. ആദ്യം സ്ത്രീരാഷ്ട്രീയമായിരുന്നു. പതുങ്ങിയും വിതുമ്പിയും നിന്നിരുന്ന സ്ത്രീ ഉണർന്നെണീറ്റ് സമത്വവും തുല്യതയും ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നതിന്റെ രാഷ്ട്രീയം. ആക്ടിവിസം സാഹിത്യത്തിലും സമൂഹത്തിലും ഒരേപോലെ നിലനിർത്തുന്നതിന്റെ ആന്തരിക സംഘർഷം യഥേഷ്ടം അനുഭവിച്ച ഒരു പ്രതിഭയുടെ വിടർച്ച അതിൽ സംഭവിച്ചുകൊണ്ടിരുന്നു. അതിന്റെ ഉൾവിളികൾ തീവ്രമായിരുന്നു. അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. ആ ആന്തരികതയിൽനിന്ന് ഉയിർക്കൊണ്ട വിളികൾക്കുള്ള മറുപടികളായിത്തീർന്നു അവരുടെ സാഹിത്യം. നിരന്തരമായ സംഘർഷങ്ങൾ ഉണ്ടാക്കിയ സൃഷ്ടിപരമായ സൗന്ദര്യാത്മകത അതിൽ പൊട്ടിവിടർന്നു. ആ വൈകാരികത അവരെ സമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ചു. അത്തരമൊരു സംയോജനത്തിൽ നിന്ന് ഉണർന്നുപൊട്ടിയതൊക്കെയും അലംകൃതമായ അഗ്നിസ്ഫുരണങ്ങളായിരുന്നു.

ജാതിയിലും മതത്തിലും നിറത്തിലും വർഗത്തിലും വംശത്തിലും സമ്പത്തിലുമെല്ലാം ഉള്ള വേർതിരിവുകളെ അവർ ആകുലതയോടെ നോക്കിക്കണ്ടു. ചേർത്തെടുത്തു. പരാജിതരെന്ന് പറഞ്ഞ് അരികിൽ കിടന്നവരെ ഉയർത്തെഴുന്നേല്പിച്ചു. ആലാഹയുടെ പെൺമക്കളിലും മാറ്റാത്തിയിലും ഒതപ്പിലും ആ കാഴ്ചകൾ ദേശപരിണാമങ്ങളിലൂടെ സഞ്ചരിച്ചു. പുതുഭാഷയിലൂടെ സംവദിച്ചു. ഊരുകാവൽ പുരുഷന്റെ യുദ്ധവിജയങ്ങൾക്ക് പരാജിതരുടെ നാവിലൂടെ മറുവാക്കോതി. ആതിയിൽ ജലരാഷ്ട്രീയത്തെ മലയാളിക്കു മുന്നിൽ തുറന്നുവെച്ചു. ട്രാൻസ് ജെൻഡറുകളുടെ ജീവിതചിത്രീകരണത്തിലൂടെ ലിംഗസംസ്കാരത്തിന്റെ പുതുവേദികളെ ആളോഹരി ആനന്ദം മുന്നോട്ടുവെച്ചു. കാലുകുത്താനിടമില്ലാതെ ഓടിയോടി തളർന്ന ബുധിനിയെ രാഷ്ട്രനിർമ്മാണം എന്ന ആകെത്തുകയുടെ രക്തസാക്ഷിയാക്കി മുന്നിൽനിർത്തി. പ്രഭുവാധിപത്യത്തിനും പണാധിപത്യത്തിനും വഴങ്ങിനില്ക്കുന്ന ദേശീയതയെ വിചാരണ ചെയ്തു. മതത്തിന്റെ ആധിപത്യവാഴ്ചയെ തുറന്നെടുത്ത് എസ്തേറും സാറായിയുടെ മരുദേശങ്ങളുമെഴുതി. കറ എന്ന ഇതിഹാസം മലയാളിക്ക് നല്കി.
ഏറ്റവും പുതിയ കാലത്തിന്റെ ഏറ്റുമുട്ടലുകളാണ് ഏറ്റവും പുതിയ കഥകൾ. ആൽഗൊരിതവും സഹയും കറുപ്പും മരുഭൂമിയിലെ ലോറൻസും കാരണം ആവശ്യമില്ലാതെയും തൂങ്ങിക്കിടക്കുന്ന ജനലും വായനക്കെത്തി. എല്ലാം നവംനവങ്ങളാകുന്നു. ഈ പ്രതിഭ തീരുന്നില്ല. ചരിത്രത്തിന്റെ രാഷ്ട്രീയ തീവ്രതയിൽ തീ പിടിച്ചുപോയ മനസ്സിൽ നിന്ന് പൊട്ടിത്തെറിച്ച് വന്ന കഥകളെ നേരിടാൻ തയ്യാറാവാതെ മലയാളി നിൽക്കുകയാണ്.