ചങ്ങമ്പുഴയ്ക്കും ചുള്ളിക്കാടിനും ശേഷം
കവിതയില്ലെന്നു കരുതുന്ന കാവ്യവിമർശകരോട്...

‘‘നഷ്ടപ്പെട്ടുപോയതെല്ലാം തിരിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്ന റിവൈവലിസം കവിതയിലും കൂടി നടപ്പിലാക്കിയെടുക്കാൻ ഒരു കൂട്ടർ ആഗ്രഹിക്കുന്നുണ്ട്. അവർ കഴിഞ്ഞ 150 വർഷം കൊണ്ട് കവിതയിൽ വന്ന മാറ്റത്തെ മുഴുവൻ ഒറ്റയടിക്ക് റദ്ദാക്കാൻ ശ്രമിക്കുകയാണ്. കവിതയെ ലക്ഷണയുക്തവും വസ്തുനിഷ്ഠവുമാക്കാൻ ശ്രമിക്കുകയാണവർ’’ - മലയാളത്തിലെ ഏറ്റവും പുതിയ കവിതകളെക്കുറിച്ചുള്ള ചർച്ചയിൽ ഇടപെട്ട് എം.ആർ. അനിൽകുമാർ എഴുതുന്നു.

ളരെ പ്രാചീനമായ ഒരു സാഹിത്യരൂപമാണല്ലോ കവിത. കാട്ടിൽ ജനിച്ച് ഗ്രാമങ്ങളിൽ ജീവിച്ച് കൊട്ടാരങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട ഒരാളുടെ ജീവിതകഥ കവിതയ്ക്കുണ്ട്. ജീവസന്ധാരണത്തിനായി വേട്ടയാടി നടന്ന മനുഷ്യനിൽ നിന്നാരംഭിച്ച കവിത വെറും വിനോദത്തിനായി (മൃഗയാവിനോദം) വേട്ടയാടുന്ന രാജാക്കന്മാരുടെ സദസിലും തമ്പുരാക്കന്മാരുടെ സദസിലും എത്തുന്നതോടെ അതും ദാർശന വിചാരങ്ങളോ യുദ്ധവാഴ്ത്തുകളോ വിനോദ രസപ്രധാനമായ ‘സാഹിത്യ’മോ ആയി മാറി.

മധ്യകാലമാകുമ്പോഴേക്കും മഹാകാവ്യമെന്ന ബൃഹത്തായ ഒരു വാസ്തുശില്പ മാതൃകയിലേക്ക് കവിത എന്ന സാഹിത്യരൂപം പടുത്തുയർത്തപ്പെടുന്നുണ്ട്. ഗോത്രഗാനങ്ങളിലും നാടോടിപ്പാട്ടുകളിലും നിന്ന് സംസ്കരിച്ചെടുത്ത ഛന്ദസും വൃത്തവും അലങ്കാരങ്ങളും രസവും ധ്വനിയും എല്ലാം കൊണ്ട് നിർമ്മിക്കപ്പെട്ട ലക്ഷണമൊത്ത കവിത രൂപംകൊള്ളുന്ന ക്ലാസിക് കാലഘട്ടം ഉണ്ടായി. പിന്നീട് അതിന്റെ അനുകരണ രൂപങ്ങളായി നിയോ ക്ലാസിക് കവിതയും ആവിർഭവിച്ചു. ലാറ്റിൻ, ഗ്രീക്ക്, സംസ്കൃതം മുതലായ ഭാഷകളിൽ രൂപംകൊണ്ട ശ്രേഷ്ഠ കവിതകളുടെ (Classic Poetry) പാരമ്പര്യത്തെ ഒരു നിഷ്ഠ പോലെ, അനുഷ്ഠാനം പോലെ പിന്തുടരുകയാണ് മധ്യകാലത്ത് നിയോക്ലാസിസ്റ്റുകൾ ചെയ്തത്. ഫ്യൂഡലിസത്തിന്റെ മൗലികമായ അപചയം കവിതയിലും കാണാമായിരുന്നു. രാജാവിന്റെ വേഷം കെട്ടാൻ ശ്രമിക്കുന്ന നാടുവാഴിയുടെ അപൂർണത നിയോ ക്ലാസിക് കവിതയ്ക്കുണ്ടായിരുന്നു. അതിനോട് പോരാടിക്കൊണ്ടാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലും പത്തൊൻപതാം നൂറ്റാണ്ടിൽ ആകെത്തന്നെയും റൊമാൻറിക് കവിതകൾ വ്യാപകമായി ഉണ്ടായത്.

ലാറ്റിൻ, ഗ്രീക്ക്, സംസ്കൃതം മുതലായ ഭാഷകളിൽ രൂപംകൊണ്ട ശ്രേഷ്ഠ കവിതകളുടെ പാരമ്പര്യത്തെ ഒരു നിഷ്ഠ പോലെ, അനുഷ്ഠാനം പോലെ പിന്തുടരുകയാണ് മധ്യകാലത്ത് നിയോക്ലാസിസ്റ്റുകൾ ചെയ്തത്.
ലാറ്റിൻ, ഗ്രീക്ക്, സംസ്കൃതം മുതലായ ഭാഷകളിൽ രൂപംകൊണ്ട ശ്രേഷ്ഠ കവിതകളുടെ പാരമ്പര്യത്തെ ഒരു നിഷ്ഠ പോലെ, അനുഷ്ഠാനം പോലെ പിന്തുടരുകയാണ് മധ്യകാലത്ത് നിയോക്ലാസിസ്റ്റുകൾ ചെയ്തത്.

വില്യം ബ്ലേക്കിനു പിന്നാലെ ഇംഗ്ലണ്ടിൽ വേഡ്സ് വർത്തിന്റെയും കോളറിഡ്ജിന്റെയും കവിതകൾ പുറത്തുവന്നതോടെ അവയൊന്നും കവിതയല്ലെന്ന വിമർശനവും ഉയർന്നുവന്നു. തോമസ് ലവ് പീക്കോക്ക്, ഫ്രാൻസിസ് ജെഫ്രി മുതലായവർ കവിതയുടെ അപചയമായാണ് റൊമാൻ്റിക് കവിതയുടെ ആവിർഭാവത്തെ വിലയിരുത്തിയത്. കവിതയുടെ പരിണാമദശയിൽ ഓരോ ഘട്ടത്തിലും കവിതയുടെ അപചയത്തെപറ്റിയുള്ള ആശങ്കകൾ ഉയർന്നുകൊണ്ടിരുന്നു. എന്താണ് കവിതയെ കവിതയാക്കുന്ന മൗലികഘടകമെന്നുള്ള കാര്യം വലിയ ചർച്ചാവിഷയമായി അപ്പോഴെല്ലാം ഉയർന്നുവന്നിട്ടുണ്ട്.

മലയാളത്തിൽ ആധുനികതാവാദ കവിത നേരിട്ട കഠിനവിമർശനം ഇന്ന് ചിരിയുണർത്തുന്നതാണ്.

കവിതയുടെ പരിണാമസ്വഭാവത്തെ പിടിച്ചുകെട്ടാൻ ഓരോ കാലഘട്ടത്തിലെയും സൗന്ദര്യശാസ്ത്രചിന്തകർ ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാ ഫ്രെയിമുകളും മോൾഡുകളും വേലികളും തകർത്ത് കവിത അതിന്റെ ദ്രവരൂപത്തിലേക്ക് മടങ്ങിപ്പോവുകയും കോരി വെക്കുന്ന കാലപാത്രത്തിന്റെ (Time vessel) രൂപം സ്വീകരിച്ച് അത് എപ്പോഴും പുതുക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. അതിനാൽ കവിതയുടെ രൂപം, ഉള്ളടക്കം, ജനുസ് എന്നിവയെപ്പറ്റിയെല്ലാം എല്ലാക്കാലത്തും ചൂടേറിയ വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട്.

വില്യം ബ്ലേക്കിനു പിന്നാലെ ഇംഗ്ലണ്ടിൽ വേഡ്സ് വർത്തിന്റെയും കോളറിഡ്ജിന്റെയും കവിതകൾ പുറത്തുവന്നതോടെ അവയൊന്നും കവിതയല്ലെന്ന വിമർശനവും ഉയർന്നുവന്നു.
വില്യം ബ്ലേക്കിനു പിന്നാലെ ഇംഗ്ലണ്ടിൽ വേഡ്സ് വർത്തിന്റെയും കോളറിഡ്ജിന്റെയും കവിതകൾ പുറത്തുവന്നതോടെ അവയൊന്നും കവിതയല്ലെന്ന വിമർശനവും ഉയർന്നുവന്നു.

കവിത യുവജനങ്ങളെ വൈകാരികമായി മത്തുപിടിപ്പിക്കുമെന്നതിനാൽ തന്റെ റിപ്പബ്ലിക്കിൽ കവികൾക്ക് പ്രവേശമുണ്ടായിരിക്കില്ലെന്ന് പറഞ്ഞ പ്ലേറ്റോയുടെ പിൻമുറക്കാരായി നിരവധി സ്വേച്ഛാധിപതികൾ രാഷ്ട്രീയത്തിലും സാധാരണ ജീവിതത്തിലും ധാരാളം ഉണ്ടായിട്ടുണ്ട്. കവിതാ നിയമങ്ങളുടെ പുസ്തകമെഴുത്തുകാർ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ ലംഘിക്കുന്നവരെ ശിക്ഷിക്കാൻ വാളേന്തിയ രൂപങ്ങളായി പ്രത്യക്ഷപ്പെട്ടവരാണ് വിമർശകർ (Critics) എന്ന അക്കാലത്തെ വിധികർത്താക്കൾ. അങ്ങനെ നോക്കുമ്പോൾ കവിതാ സാഹിത്യം കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഒരു വലിയ അധികാര സ്ഥാപനമായിരുന്നു എന്ന് പറയാം. അതുകൊണ്ടുതന്നെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ സ്ഥാപന വിരുദ്ധമായി നടന്നിട്ടുള്ള എല്ലാ കലാപങ്ങളും പോലെ തന്നെ കവിതയിലും കലാപങ്ങളുണ്ടായി. അത് ഒരു സൗന്ദര്യസ്ഥാപനമെന്ന നിലയിൽ കവിതയെ തകർക്കുകയും അതിനെ സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്തു. അടിമത്ത നിരോധന വിളംബരം പോലെ കവിതയിലും ആധുനികതയുടെ ഉച്ചഘട്ടത്തിൽ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായി.

കവിത പരമ്പരാഗതമായ വൃത്ത സങ്കൽപങ്ങളിൽ നിന്ന് മോചിതമായി. Free verse എന്ന ആശയം വളരെ പെട്ടെന്ന് കാവ്യസ്വഭാവം തന്നെ മാറ്റിയെടുത്തു. തുടർന്ന് ദ്വിതീയാക്ഷര പ്രാസമടക്കമുള്ള ശബ്ദാലങ്കാര പ്രവണതകളെല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായി. കവിത ഇമേജുകളിലും സിംബലുകളിലും അബോധമനസ്സിന്റെ പ്രകടനങ്ങളിലും വരെ ചെന്നുമുട്ടി. ഭാവഗീതമെന്ന കാൽപനിക സ്വഭാവം പോലും കവിതയിൽ നിന്ന് കൂടൊഴിഞ്ഞു.

ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള

കവിതയുടേതായി പഴയ എന്ത് സങ്കൽപമാണ് ബാക്കിയുള്ളത് എന്ന് ചോദിച്ചാൽ ഇരുപതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും ഹൈമോഡേണിസത്തിന്റെയും ഇമേജിസത്തിന്റെയും ഒക്കെ കാലത്ത്, പഴയതൊന്നും അവശേഷിക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് ബാക്കിയായത്. പഴയ അളവുകോലുകളെല്ലാം കാലഹരണപ്പെട്ടതിന്റെ സംഭ്രാന്തി അന്നത്തെ സാഹിത്യ വിമർശനത്തിലും വ്യാപകമായിരുന്നു. നിയോ ക്ലാസിസം തകർന്ന് റൊമാൻ്റിസിസവും റൊമാൻ്റിസിസം തകർന്ന് റിയലിസവും മേഡേണിസവും വന്നപ്പോൾ കവിതയുടെ രൂപവും ഭാവവും മാത്രമല്ല കവിതാ സങ്കൽപമാകെത്തന്നെയും മാറിപ്പോയി. ഭാഗ്യവശാൽ ആ പഴയ കാവ്യാസ്വാദകരും ആ സങ്കൽപ്പത്തോടൊപ്പം ക്രമേണ തുടച്ചുനീക്കപ്പെട്ടു.

കാവ്യനിയമ സ്രഷ്ടാവിനോ വ്യാഖ്യാതാവിനോ സർട്ടിഫിക്കറ്റ് എഴുത്തുകാർക്കോ എഡിറ്റർമാർക്കോ അധ്യാപകർക്കോ ഇന്ന് വലിയ പ്രസക്തിയൊന്നുമില്ലാതായിട്ടുണ്ട്.

മലയാളത്തിൽ ആധുനികതാവാദ കവിത നേരിട്ട കഠിനവിമർശനം ഇന്ന് ചിരിയുണർത്തുന്നതാണ്. ഭഗ്നബിംബങ്ങളും, പ്രതീകങ്ങളും, കറുത്തഹാസ്യവും, സറ്റയറും പാരഡിയും അസംബന്ധതയും എല്ലാം കാവ്യസ്വഭാവങ്ങളായി വന്നതോടെ പരമ്പരാഗതമെന്നു പറയാവുന്ന ഒന്നും കവിതയുടെ ഘടനയിൽ ബാക്കിയില്ലെന്ന് വന്നു. മഹാകാവ്യങ്ങളും മുക്തകങ്ങളും നാനാതരം അർത്ഥാലങ്കാരങ്ങളും ഒട്ടുമിക്ക ശബ്ദാലങ്കാരങ്ങളും വൃത്ത- താളവ്യവസ്ഥകളുമൊക്കെ കവിതയിൽ നിന്നൊഴിഞ്ഞു പോയി. എന്നിട്ടും ബാക്കിയായതെന്തോ അതും പുതിയതായി കൂട്ടിച്ചേർത്തതെന്തോ അതും കവിയായിത്തന്നെ ഇന്നും നിലനിൽക്കുന്നു. കവി എഴുതുന്നതെന്താണോ അതാണ് അവർക്ക് കവിത. താൻ ആസ്വദിക്കുന്നതെന്താണോ അതാണ് വായനക്കാർക്ക് കവിത. അതിനിടയിൽ, ഒരു കാവ്യനിയമ സ്രഷ്ടാവിനോ വ്യാഖ്യാതാവിനോ സർട്ടിഫിക്കറ്റ് എഴുത്തുകാർക്കോ എഡിറ്റർമാർക്കോ അധ്യാപകർക്കോ ഇന്ന് വലിയ പ്രസക്തിയൊന്നുമില്ലാതായിട്ടുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട്
ബാലചന്ദ്രൻ ചുള്ളിക്കാട്

മറ്റേതൊരു കാലഘട്ടത്തേക്കാളും സാഹിത്യത്തിനു നേരെ രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ കാവ്യ വിമർശനത്തിന്റെ സ്വഭാവം. അധികാരത്തെ, അതിന്റെ ബഹുരൂപിയായ നീരാളികളെ കവിത അഭിസംബോധന ചെയ്യുന്നുണ്ടോ എന്നതാണ് ഇക്കാലം ഉറ്റുനോക്കുന്നത്. ആ അർത്ഥത്തിൽ കവിത നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് വ്യക്തിപരവും രാഷ്ട്രീയവുമായ ഒരു കാര്യമായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ ജാഗ്രതയും വ്യക്തികളായ വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങളുമല്ലാതെ ഇക്കാലത്ത് കവിതയിൽ മറ്റൊരു സനാതനധർമ്മവും നിലനിൽക്കുന്നില്ല. എഴുതുന്നയാൾ കവിതയെന്ന് സങ്കൽപിക്കുന്നതെന്തോ അതാണ് കവിത. വായിക്കുന്നയാൾ എന്തിനെയാണോ കവിതയെന്ന് വിചാരിക്കുന്നത് അതാണ് കവിത.

എവിടെയോ നിന്നു പോയവർ സംഘടിച്ച് സംഘടിച്ച് പിന്നിലേക്ക് പോയിപ്പോയി അവരുടെ ജാഥ വലുതായി വലുതായി വരുന്നു. അപ്പോഴും പുതിയ രാഷ്ട്രീയവും പുതിയ ഭാവനകളും പുതിയ അനുഭവങ്ങളും പുതിയ ആവിഷ്കാരങ്ങളും ഭാഷയിൽ ഉണ്ടായിക്കൊണ്ടിരിക്കും.

പക്ഷേ, നഷ്ടപ്പെട്ടുപോയതെല്ലാം തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്ന റിവൈവലിസം കവിതയിലും കൂടി നടപ്പിലാക്കിയെടുക്കാൻ ഒരു കൂട്ടർ ആഗ്രഹിക്കുന്നുണ്ട്. അവർ കഴിഞ്ഞ 150 വർഷം കൊണ്ട് കവിതയിൽ വന്ന മാറ്റത്തെ മുഴുവൻ ഒറ്റയടിക്ക് റദ്ദാക്കാൻ ശ്രമിക്കുകയാണ്. കവിതയെ ലക്ഷണ യുക്തവും വസ്തുനിഷ്ഠവുമാക്കാൻ ശ്രമിക്കുകയാണവർ. വായനക്കാർ പോലുമല്ലാത്ത അവരുടെ ഹിംസാത്മകമായ ആക്രമണത്തിനാണ് സമീപ ദിവസങ്ങളിൽ ‘ജിജി’ എന്ന രചന ഇരയായതെന്ന് തോന്നുന്നു. ഇതൊന്നും കവിതയല്ല എന്ന തോന്നലുണ്ടല്ലോ അത് അപകടകരമായ തോന്നലാണ്. പണ്ടെപ്പോഴോ ഉണ്ടായിരുന്നതാണ് കവിത എന്ന തോന്നലിന്റെ പ്രതിഫലനമാണത്.

എഴുത്തച്ഛനു ശേഷം കവിതയില്ലെന്നും വള്ളത്തോളിനു ശേഷം കവിതയില്ലെന്നും വിചാരിക്കുന്ന ആസ്വാദകരും കാവ്യവിമർശകരും ചരിത്രത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്.
എഴുത്തച്ഛനു ശേഷം കവിതയില്ലെന്നും വള്ളത്തോളിനു ശേഷം കവിതയില്ലെന്നും വിചാരിക്കുന്ന ആസ്വാദകരും കാവ്യവിമർശകരും ചരിത്രത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്.

എഴുത്തച്ഛനു ശേഷം കവിതയില്ലെന്നും വള്ളത്തോളിനു ശേഷം കവിതയില്ലെന്നും ചങ്ങമ്പുഴക്കു ശേഷം കവിതയില്ലെന്നും ചുള്ളിക്കാടിനു ശേഷം കവിതയില്ലെന്നും വിചാരിക്കുന്ന ആസ്വാദകരും കാവ്യവിമർശകരും ചരിത്രത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. എവിടെയോ നിശ്ചലരായി പോയ ഉപ്പുതൂണുകളാണവർ. അങ്ങനെ എവിടെയോ നിന്നു പോയവർ സംഘടിച്ച് സംഘടിച്ച് പിന്നിലേക്ക് പോയിപ്പോയി അവരുടെ ജാഥ വലുതായി വലുതായി വരുന്നു. അപ്പോഴും പുതിയ രാഷ്ട്രീയവും പുതിയ ഭാവനകളും പുതിയ അനുഭവങ്ങളും പുതിയ ആവിഷ്കാരങ്ങളും ഭാഷയിൽ ഉണ്ടായിക്കൊണ്ടിരിക്കും. കവിത എന്ന പ്രതീതിയിൽ ആ ഭാഷാലീല ചരിത്രത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും. പ്ലേറ്റോയെ പോലെ പുതിയ ആൾക്കൂട്ടവും അതിന്റെ ബഹുസ്വരതകളെയും ബഹുരൂപങ്ങളെയും പരിണതികളെയും പാരഡികളെയും പരിഹാസങ്ങളെയും വൈരൂപ്യങ്ങളെയും കണ്ട് അസ്വസ്ഥമാകുകയും തങ്ങളുടെ വിശുദ്ധ റിപ്പബ്ലിക്കിൽ നിന്ന് അതിനെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.


Summary: The new critics are trying to cancel the entire change in poetry in 150 years at once, M.R. Anilkumar writes about new discussion in malayalam literature


എം.ആർ. അനിൽകുമാർ

എഴുത്തുകാരൻ. പട്ടാമ്പി ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ഏകാന്തതയുടെ മ്യൂസിയം (നോവൽ), ഇംഗ്ലീഷ്​ പൂച്ച (കവിത) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments