എഴുത്താൾ ഏകാധിപതിയായ രാജ്യമല്ല എഴുത്ത്.
എഴുതുന്നയാളുടെ കാലദേശങ്ങളും ജാതി- മത- വർഗ്ഗ- ലിംഗ- സ്വത്വങ്ങളുമെല്ലാം എഴുത്തിനെ നിശ്ചയിക്കുന്നുണ്ട്. എഴുത്തുകാർ ബോധപൂർവ്വം ചെയ്യുന്നതാവണമെന്നില്ല ഇത്. ബോധപൂർവ്വമായി ഇതിനെ മറികടക്കാനും സാധിക്കും. താൻ ജീവിക്കാത്ത ജീവിതങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം എഴുതുക എന്നത് അസാധ്യവുമല്ല. അങ്ങനെ എഴുതിയവരുമുണ്ട്.
എം.ടിയുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെ എഴുത്തുകളെക്കുറിച്ചും പലവിധ അഭിപ്രായങ്ങളുണ്ടായി. തൻ്റെ സ്വത്വങ്ങളെ കടന്നുപോകാൻ കഴിഞ്ഞ എം.ടിയുണ്ട് എന്നതുപോലെ തൻ്റെ സ്വത്വങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എം.ടിയുമുണ്ട്. മറ്റൊരു ദേശത്തോ കാലത്തോ ആയിരുന്നു എം.ടി ജനിച്ചതെങ്കിൽ തീർച്ചയായും അദ്ദേഹത്തിൻ്റെ എഴുത്ത് മറ്റൊന്നായേനെ. എം.ടി ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഭീമനുപകരം പാഞ്ചാലിയെക്കുറിച്ചെഴുതി എന്നു വരാം. ചന്തുവിനുപകരം ഉണ്ണിയാർച്ചയെക്കുറിച്ചെഴുതിയെന്നുവരാം. എഴുതാതിരിക്കാനാണ് ഇതിലേറെ സാധ്യത.
എഴുത്താൾ പലരും പലതും ചേർന്ന ഒരാളാണ് എന്നതുപോലെ വായനക്കാരും പല ജീവിതപരിസരങ്ങളാൽ രൂപപ്പെടുന്നവരാണ്. വായിക്കുന്ന / കാണുന്ന / കേൾക്കുന്ന ആവിഷ്ക്കാരങ്ങളെ നല്ലത് / ചീത്ത എന്ന് മാത്രം വിലയിരുത്തുന്നവരും കൂടുതൽ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്നവരും വായനക്കാരിലുണ്ട്.
സാമൂഹ്യമാധ്യമങ്ങളുടെ സജീവത എഴുത്തിനെയെന്ന പോലെ വിമർശനത്തെയും ബഹുസ്വരമാക്കിയിട്ടുണ്ട്. കാണുന്ന സിനിമയെക്കുറിച്ചും വായിക്കുന്ന പുസ്തകത്തെക്കുറിച്ചുമെല്ലാം പലരും എഴുതിയിടുന്നു. എല്ലാവരും എഴുത്തുകാരാവുന്നു എന്നതിനെ ഭയപ്പെടുന്നവർ എല്ലാവരും വിമർശകരാവുന്നതിനെയും ഭയപ്പെടുന്നുണ്ട്.
പകുതി വഴി എത്തുമ്പോൾ തന്നെ വായന മതിയാക്കാൻ തോന്നുന്ന കവിതയാണ് ജിജി. എന്തെങ്കിലും അതിലുണ്ടായേക്കുമോ എന്ന പ്രതീക്ഷയിൽ തുടർന്ന് വായിച്ചുപോകുന്നവർ നിരാശരാകും.
അതുകൊണ്ട് അതിൻ്റെ നിലവാരത്തെക്കുറിച്ച് അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. എഴുത്തിനെ നല്ലത് / ചീത്ത എന്ന് വേർതിരിക്കുന്നതിനു സമാനമായ ലളിതയുക്തിയിൽ നിന്നുകൊണ്ടാണ് വിമർശനത്തെയും നല്ലത് / ചീത്ത എന്ന് ഇവർ വേർതിരിക്കുന്നത്. ഇങ്ങനെ വിലയിരുത്തുന്നതിനുപകരം, ഓരോ ആവിഷ്ക്കാരങ്ങളെയും അവ രൂപപ്പെടുന്ന പരിസരങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നത്, എന്തുകൊണ്ട് ഇങ്ങനെ എഴുതി / എന്തു കൊണ്ടിങ്ങനെ വായിച്ചു എന്നൊക്കെ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായിക്കും. എഴുത്തിനെക്കുറിച്ചെന്ന പോലെ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള വിശകലനമോ കാഴ്ച്ചപ്പാടോ ആയി അത് വികസിക്കുകയും ചെയ്യും.
എഴുത്തുകാരുടെയും കൃതികളുടെയും എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നതോടെ നിലവാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഇന്ന് കൂടുതലായി കേൾക്കുന്നുണ്ട്. സിനിമയെപ്പോലെ ഇന്ന് തൽക്ഷണ വിമർശനങ്ങളും സ്വീകാര്യതകളും നേടുന്ന ഒരു സാഹിത്യവിഭാഗമാണ് കവിത. ധാരാളമാളുകൾ കവിത എഴുതുന്നു എന്നതും എഴുതുന്നവർ ധാരാളമായി നിലവാരമില്ലാതെ എഴുതുന്നു എന്നതും പുതുകവിതയെക്കുറിച്ചുള്ള പ്രധാന വിമർശനമാണ്. കവിതയുടെ രൂപം അനുവദിക്കുന്ന സ്വാതന്ത്ര്യവും ചുരുക്കവും കൊണ്ടാവാം മറ്റു സാഹിത്യ മേഖലകളേക്കാൾ കവിതയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന കാണുന്നത്.
എല്ലാവരുമെഴുതട്ടെ, ധാരാളമായി എഴുതട്ടെ എന്നു തന്നെയാണ് ഇതേക്കുറിച്ചുള്ള അഭിപ്രായം. എന്നാൽ വായനക്കാർ എന്ന നിലയിൽ ഓരോരുത്തരും അവരവരുടെ തെരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട്. എല്ലാം വായിക്കുക എന്നത് സാധ്യമല്ല. ഇത്തരം തെരഞ്ഞെടുപ്പുകളെ നിശ്ചയിക്കുന്ന ധാരാളം മുൻവിധികളുമുണ്ട്. മാത്രവുമല്ല 100 മീറ്റർ ഓട്ട മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നതുപോലെ കൃത്യമായി കലാസാഹിത്യ മേഖലകളിൽ മികവു പുലർത്തുന്നവരെ കണ്ടെത്തുക സാധ്യവുമല്ല. നിലവാരത്തെ സംബന്ധിച്ച മാനദണ്ഡങ്ങൾ എന്നതുപോലെ അഭിരുചികളും പ്രിയങ്ങളും വ്യത്യസ്തവും മാറിക്കൊണ്ടേയിരിക്കുന്നതുമാണ്.
ചീത്തക്കവിത എന്നൊന്നില്ല എന്ന് പറയുമ്പോഴും ചില കവിതകളെ വിമർശിക്കേണ്ടിവരാറുമുണ്ട്.
എഴുത്തിലേക്കും വിമർശനത്തിലേക്കും ധാരാളമാളുകൾ കടന്നുവരുന്നു എന്നതിനെ സാമൂഹ്യ മുന്നേറ്റങ്ങളുടെയും സാക്ഷരതയുടെയും ഭാഗം കൂടിയായി കാണേണ്ടതുണ്ട്. താന്താങ്ങളുടെ ആവിഷ്ക്കാരങ്ങൾക്ക് ഭാഷയും ഇടവും കണ്ടെത്താൻ കൂടുതൽ ആളുകൾക്ക് കഴിയുന്നു എന്നത് സന്തോഷകരമായ കാര്യമായി തീരേണ്ടതാണ്. എന്നാൽ എല്ലാവരും എഴുത്തുകാരും വിമർശകരുമാവുന്നതിൽ പലർക്കും എതിർപ്പുണ്ട്. എതിർപ്പു കാണിക്കുന്നതിൽ ഒരു വിഭാഗം മുൻനിര എഴുത്തുകാർ തന്നെയാണ്. പിൻമുറക്കാരെ പരിഹസിച്ചും മുൻവിധിയോടെ തള്ളിക്കളഞ്ഞുമാണ് അവരിലൊരു കൂട്ടർ താന്താങ്ങളുടെ സ്ഥാനമുറപ്പിക്കുന്നത്.
ഈ വിഷയങ്ങൾ അടുത്തിടെ വീണ്ടും ആലോചനയിലേക്കും ചർച്ചകളിലേക്കും വന്നത് കെ. ആർ. ടോണിയുടെ 'ജിജി ' എന്ന കവിതയെ മുൻനിർത്തിയാണ്. നല്ലത് / ചീത്ത എന്ന് രണ്ട് കോളങ്ങളാക്കി തിരിച്ചുകൊണ്ട് എഴുത്തിനെ വിലയിരുത്തുന്നതിനെ വിമർശിക്കുമ്പോഴും ‘നല്ല രസമുണ്ടെന്നോ', ‘നന്നായിട്ടില്ലെന്നോ' ഒക്കെയുള്ള പ്രതികരണങ്ങളും സ്വാഭാവികമാണ്. മാത്രവുമല്ല ചീത്തക്കവിത എന്നൊന്നില്ല എന്ന് പറയുമ്പോഴും ചില കവിതകളെ വിമർശിക്കേണ്ടിവരാറുമുണ്ട്.
രണ്ട് കാരണങ്ങൾ കൊണ്ടാണ് അത് ചെയ്യേണ്ടി വന്നിട്ടുള്ളത്.
1. കവിതയിലെ ആശയത്തോടോ പ്രയോഗങ്ങളോടോ തോന്നുന്ന രാഷ്ട്രീയ വിയോജിപ്പുകൊണ്ട്.
2. യാതൊരു പുതുമയും ഇല്ലാതിരുന്നിട്ടും എഴുതിയ ആളുടെ പ്രശസ്തി കൊണ്ടോ സ്വാധീനം കൊണ്ടോ മാത്രം കവിത പ്രസിദ്ധീകരിക്കപ്പെടുകയോ കൊണ്ടാടപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ.
ആദ്യത്തേതിന് ഉദാഹരണമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ മൂന്നാം പിറ എന്ന കവിത. ഇക്കവിത അതിലെ മൂന്നാം പിറ എന്ന പ്രയോഗം കൊണ്ടും കവിതയുടെ നോട്ടസ്ഥാനം കൊണ്ടും വിമർശനം തോന്നിയ കവിതയാണ്.
കെ.ആർ. ടോണിയുടെ ലംബോർഗിനി എന്ന കവിതയാണ് മറ്റൊന്ന്.
രണ്ടാമത്തെ കാരണം കൊണ്ടാണ് കെ.ആർ. ടോണി എഴുതിയ ‘ജിജി’ പോലുള്ള ഒരു കവിതയെ വിമർശിക്കേണ്ടിവരുന്നത്. ഏത് പ്രശസ്ത കവിയാണെങ്കിലും എഴുതുന്ന എല്ലാ കവിതകളും ഒരേ നിലവാരം ഉള്ളതായിരിക്കില്ല. എഴുത്തുകാർക്ക് തന്നെയും തങ്ങൾ എഴുതിയതെല്ലാം മികച്ച നിലവാരമുള്ളവയാണെന്ന് അഭിപ്രായമുണ്ടാവണമെന്നില്ല. പൊട്ടക്കവിതകൾ എന്ന് മറ്റുള്ളവർ വിലയിരുത്തുന്നതോ സ്വയം തോന്നുന്നതോ ആയ കവിതകൾ എഴുതാൻ ഏവർക്കും സ്വാതന്ത്ര്യമുണ്ട്.
അതേസമയം, നേരത്തെ പറഞ്ഞതുപോലെ, വായനക്കാർക്കും നിരൂപകർക്കും ചില തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാനാവില്ല. ഓൺലൈനായും ഓഫ് ലൈനായും കൊട്ടക്കണക്കിന് കവിതകൾ നമുക്കു മുന്നിൽ കുമിഞ്ഞുകൂടിക്കിടക്കുമ്പോൾ ചില തെരഞ്ഞെടുപ്പുകളും തരംതിരിക്കലുകളും നടത്തിയേ തീരൂ എന്ന അവസ്ഥ വരും. പ്രസിദ്ധീകരണത്തിനായി ധാരാളം ആളുകൾ കവിതകൾ അയക്കുമ്പോൾ ഇതേ പ്രതിസന്ധി പ്രസിദ്ധീകരണങ്ങൾക്കുമുണ്ടാവും. (പ്രസിദ്ധീകരണങ്ങൾ അവർക്ക് കിട്ടുന്ന കവിതകൾ വായിച്ച് തെരഞ്ഞെടുപ്പു നടത്താറുണ്ടോ, അതെത്രത്തോളം സാധ്യമാണ് തുടങ്ങിയതൊക്കെ മറ്റൊരു വിഷയം). എഴുത്തുകാരുടെ പ്രശസ്തിയാണ് മുൻനിര പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുന്ന പ്രാഥമികമായ കാര്യം എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഒരു വായനക്കാരി എന്ന നിലയിൽ മുന്നിൽ വന്ന് നിറയുന്ന കവിതകളിൽ നിന്ന് തെരഞ്ഞെടുത്തു വായിക്കുമ്പോൾ ഭാഷയിലോ ബിംബ കല്പനകളിലോ ആശയങ്ങളിലോ ഉള്ള പുതുമയാണ് ശ്രദ്ധിക്കാറുള്ളത്. പുതുവഴി വെട്ടുന്നവരാണ് ആദ്യം ശ്രദ്ധയിലേക്കു വരിക. പഴയ വഴിയിൽ പ്രത്യക്ഷമാകുന്ന പുതുമയും പുതുവഴിയിൽ നടക്കുന്ന പഴമയും ശ്രദ്ധിക്കാറുണ്ട്. ആശയ വ്യക്തത, ചിന്തിപ്പിക്കാനോ അനുഭവപ്പെടുത്താനോ ഉള്ള കഴിവ് എന്നീ കാര്യങ്ങളും കവിതയിൽ പ്രധാനമായി തോന്നാറുണ്ട്. പുതുതായി ഒന്നും പറയാനില്ലാത്ത കവിതകളാണെന്നു കണ്ടാൽ വഴിയിൽ വെച്ച് വായന മതിയാക്കും. സ്ഥിരമായി അത്തരം പാറ്റേണുകളിൽ തന്നെ എഴുതുന്നവരാണെന്നു കണ്ടാൽ അവരെ വായിച്ച് സമയം കളയണ്ട എന്ന് തീരുമാനിക്കും. അത്തരം കവിതകൾക്കും അതിൻ്റെ വായനക്കാരുണ്ടാവും എന്നത് മറ്റൊരു കാര്യവുമാണ്.
എഴുത്തുകാരുടെ പ്രശസ്തിയാണ് മുൻനിര പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുന്ന പ്രാഥമികമായ കാര്യം എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
പകുതി വഴി എത്തുമ്പോൾ തന്നെ വായന മതിയാക്കാൻ തോന്നുന്ന കവിതയാണ് ജിജി. എന്തെങ്കിലും അതിലുണ്ടായേക്കുമോ എന്ന പ്രതീക്ഷയിൽ തുടർന്ന് വായിച്ചുപോകുന്നവർ നിരാശരാകും. പ്രപഞ്ചത്തിൽ ധാരാളം വസ്തുക്കൾ ഉള്ളതിനാൽ ഓരോന്നും ജിജിയാണെന്ന് പറഞ്ഞുകൊണ്ട്, കവിയ്ക്ക് ഒരു മഹാകാവ്യം തന്നെയെഴുതാം. കൂടുതൽ എഴുതിയാലും കുറച്ചെഴുതിയാലും പ്രത്യേകിച്ച് എന്തെങ്കിലും ചിന്തയോ വികാരമോ ഇക്കവിത ഉണ്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരേ വരികളുടെ ആവർത്തനമായാണ് മിക്ക വായനക്കാർക്കും ഇക്കവിത അനുഭവപ്പെട്ടത്. ഒരു തമാശക്കവിതയെന്ന മട്ടിലാണ് ഇത് പ്രചരിക്കപ്പെട്ടത്. എന്നാൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുശേഷം കവി തന്നെ താൻ ഉദ്ദേശിച്ച അർത്ഥം വെളിപ്പെടുത്തിയപ്പോഴാണ് കവിയെ പിന്തുണയ്ക്കാൻ ആളുകളുണ്ടായത്.
കവി വെളിപ്പെടുത്തിയതു പ്രകാരം, എല്ലാം ബ്രഹ്മമാണ് = ജിജിയും ബ്രഹ്മമാണ് = എല്ലാം ജിജിയാണ് എന്ന യുക്തിയിലാണ് ഇക്കവിതയുടെ നില്പ്. അങ്ങനെ ആലോചിക്കുമ്പോൾ പുതുമയുള്ളൊരു ചിന്ത അതിലുണ്ട്. അദ്വൈത ദർശനത്തെ സാധാരണമാക്കുന്ന ഒരു ചിന്ത. എന്നാൽ ഈ അർത്ഥം കവി വിശദീകരിക്കുമ്പോൾ മാത്രം ഉണ്ടായി വരുന്ന അർത്ഥമാണ്. കവിതയിലൊരിടത്തും ഇത്തരമൊരു സൂചനയില്ല. രസമോ ധ്വനിയോ ഒക്കെ അനുഭവിപ്പിക്കുന്ന / വിനിമയം ചെയ്യുന്ന കാവ്യങ്ങളെയാണ് മികച്ച കാവ്യങ്ങളായി പണ്ഡിതർ കണ്ടിട്ടുള്ളത്. ജിജി എന്ന കവിതയെ സംബന്ധിച്ച് ഉപരിതലത്തിൽ ഉള്ളതിൽ കവിഞ്ഞൊരർത്ഥവും അത് ഒളിച്ചുവെച്ചിട്ടില്ല. എന്നാൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കവിതയുടെ അർത്ഥം നിശ്ചയിച്ചുകൊണ്ട് കർത്താവ് പ്രത്യക്ഷനാവുകയും ചെയ്യുന്നു. കവിയെ പിന്തുണയ്ക്കാൻ രംഗത്തെത്തിയവരാവട്ടെ ജിജിയെ വിമർശിച്ചവരുടെ അറിവില്ലായ്മയെ പഴിക്കുന്നു. പുതുതലമുറ കവിതകൾക്ക് ആഴമോ ധ്വനിയോ അർത്ഥതലങ്ങളോ ഒന്നുമില്ലെന്ന് മുൻവിധിയോടെ വിമർശിച്ചുകൊണ്ടിരിക്കുന്നവരാണ് ജിജി ആരാധകരിൽ പലരും.
ലളിതമായി പറഞ്ഞാൽ തേങ്ങയെക്കുറിച്ച് എഴുതിയിട്ട് അത് മാങ്ങയെക്കുറിച്ചാണെന്നു വിശദീകരിക്കുമ്പോലെയാണ് ജിജിയെക്കുറിച്ചുള്ള കവിയുടെ വിശദീകരണം അനുഭവപ്പെട്ടത്. കവിക്ക് അങ്ങനെ എഴുതാനും അങ്ങനെ വിശദീകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന പോലെ വായിക്കുന്നവർക്ക് അത് തേങ്ങയെന്നോ ചക്കയെന്നോ മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
കർത്താവ് ഏകാധിപതിയായ ഭരണ പ്രദേശമല്ല കവിത.