നിഷി ലീല ജോർജ്​

ആൺകോക്കസുകളും അഭിരുചികളുടെ ‘കന’വും

‘‘കവിതയിലെ ഭാവുകത്വം തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി അടയാളപ്പെടാതിരിക്കാൻ ആൺകോക്കസുകളെല്ലാം ശ്രമിക്കുന്നു. താര നായകന്മാർ വാഴുന്ന സിനിമാലോകത്തെന്ന പോലെ, സാഹിത്യ ലോകത്തും പെണ്ണുങ്ങൾ പിൻനിരയിലിരിക്കുന്നു. എല്ലാ കോക്കസുകളിലും സ്ത്രീപ്രാതിനിധ്യങ്ങളുണ്ടാകുന്നുണ്ടെങ്കിലും മലയാള കവിതയിൽ വർദ്ധിച്ചുവരുന്ന അവരുടെ സാന്നിധ്യത്തെ പ്രത്യേക തരത്തിലുള്ള ആൺകോക്കസുകളിലേക്ക് വലിച്ചെടുത്ത്​ അവരെ തങ്ങളെ കടന്നുപോകാൻ അനുവദിക്കാതിരിക്കുക കൂടിയാണ് ഈ കോക്കസുകൾ ചെയ്യുന്നത്. - ട്രൂകോപ്പി വെബ്​സീനിൽ കവി വിഷ്​ണുപ്രസാദുമായി വി. അബ്​ദുൽ ലത്തീഫ്​ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട്​ കവിതയെക്കുറിച്ച്​ നടക്കുന്ന ചർച്ചയിൽ ഇടപെട്ട്​ എഴുതുന്നു, നിഷി ലീല ജോർജ്​.

ട്രൂകോപ്പി വെബ്​സീനിൽ (പാക്കറ്റ്​ 128) കവി വിഷ്​ണുപ്രസാദുമായി വി. അബ്ദുൾ ലത്തീഫ് നടത്തിയ അഭിമുഖത്തിലെ പല അഭിപ്രായങ്ങളോടും വിയോജിപ്പുകളുണ്ട്. എന്നാൽ, ഇതിനെത്തുടർന്നു വന്ന, അബ്ദുൾ ലത്തീഫിൻ്റെ വിശദീകരണത്തിൽ പറയുന്ന, മലയാള കവിതയിലെ ഭാവുകത്വപരമായ പ്രതിസന്ധികളെ സംബന്ധിച്ച വിലയിരുത്തലുകളോട് യോജിക്കുന്നു. കവിത എഴുതുന്ന ആളുകൾ കൂടിച്ചേരുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തെറ്റായിക്കാണുന്നില്ല. എന്നാൽ ഒരു നേതാവിനെ കേന്ദ്രീകരിച്ച് വളരുന്ന കൂട്ടങ്ങൾ സാഹിത്യ മണ്ഡലത്തിലെ മുൻനിരസ്ഥാനങ്ങളെല്ലാം കയ്യടക്കുകയും നേതാവിൻ്റെ അഭിരുചികൾ ഈ കൂട്ടത്തിൻ്റെ പൊതുസ്വഭാവത്തെ നിശ്ചയിക്കുകയും ചെയ്യുമ്പോൾ നേതാവിൻ്റെ കണ്ടെടുക്കലുകളുടെ രാഷ്ട്രീയവും ആഘാതവും വിലയിരുത്തപ്പെടേണ്ടതു തന്നെ. അതുകൊണ്ടു തന്നെ പി. രാമനെക്കുറിച്ചുള്ള വിമർശനങ്ങൾ വ്യക്ത്യധിക്ഷേപമായി കാണുന്നില്ല.

അവഗണിക്കപ്പെടുന്നു എന്ന് പരാതി പറയുകയല്ല, എഴുത്തുകാർ സ്വന്തം രചനയുടെ ഗുണത്തിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്നാണ് കവിയും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ കവിതാസംവാദങ്ങളെ സംബന്ധിച്ച് തൻ്റെ ഫേസ്ബുക്ക്‌പോസ്റ്റിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതായത്, മികവുള്ളവർ തന്നെയാണ് മുന്നിലെത്തുന്നതെന്നും പിൻനിരയിലായിപ്പോകുന്നവർക്ക് അത് സംഭവിക്കുന്നത് അവരുടെ എഴുത്തുകളുടെ ഗുണമില്ലായ്മ കൊണ്ടാണെന്നുമാണ് അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ സാരം.

ആശാലത

സാഹിത്യമണ്ഡലത്തിൽ മുൻനിരയിലെത്തുന്നവർ അത് നേടിയെടുക്കുന്നത് എഴുത്തുകളുടെ ഗുണം കൊണ്ടുമാത്രമാണ് എന്ന് പറയുന്നത് വളരെ നിഷ്ക്കളങ്കമായ അഭിപ്രായമായി പ്രത്യക്ഷത്തിൽ തോന്നാം. സാമൂഹ്യസ്ഥലത്ത് മുൻനിരയിലെത്തുന്നവർ ആ സ്ഥാനം നേടിയെടുക്കുന്നത് അവരുടെ കഴിവുകൊണ്ടാണ് എന്ന സംവരണവിരുദ്ധരുടെ അഭിപ്രായവും ഇതോട് ചേർത്ത് വായിച്ചുനോക്കാവുന്നതാണ്. ഏത് മേഖലയിലും മുൻനിര സ്ഥാനങ്ങൾ കൈവശപ്പെടുത്തിയവർ തങ്ങളുടെ കസേരകൾ ഉറപ്പിക്കുന്നതിൽ ശ്രദ്ധിക്കും. പിൻനിരയിലുള്ളവർ കലഹിച്ചെന്നു വരും. ഇവരിലൊരു വിഭാഗത്തെ കൂടെ നിർത്തുന്നത് മുൻനിരയിലുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യും. സാഹിത്യ മണ്ഡലത്തെ ഇങ്ങനെ സ്ഥാനമാനങ്ങളുടെയും കലഹങ്ങളുടെയും സ്ഥലമായി കാണേണ്ടതുണ്ടോ എന്ന് മറ്റൊരു വിധത്തിൽ ചിന്തിക്കാം. അങ്ങനെ ചിന്തിക്കുന്നത് ഈ ഇടത്തിലേക്ക് കടന്നുവരാൻ പോലും കഴിയാത്തവരെയും ദൃശ്യത കിട്ടാത്തവരെയും അർഹമായ അംഗീകാരം കിട്ടാത്തവരെയും കാണാതിരിക്കലാണ്. സാഹിത്യ ചരിത്ര നിർമ്മിതികളിൽ പ്രവർത്തിക്കുന്ന പക്ഷപാതത്തെയും അധികാരത്തെയും കാണാതിരിക്കലാണ്. സാഹിത്യകൃതികളുടെ ഗുണം എന്താണെന്ന് നിശ്ചയിക്കുന്നത് ആരാണ് എന്ന ചോദ്യത്തെ അവഗണിക്കലാണ്. ഗുണത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ സ്ഥിരമല്ല എന്നത് അറിയാതിരിക്കുകയോ അറിയില്ലെന്നു ഭാവിക്കുകയോ ആണ്‌. അതുകൊണ്ട് മലയാള സാഹിത്യ മണ്ഡലത്തിൽ കനപ്പെട്ട് കിടക്കുന്ന അഭിരുചികളെ നിശ്ചയിക്കുന്ന അധികാരത്തെ വിമർശിക്കേണ്ടതുണ്ട് എന്നുതന്നെ കരുതുന്നു.

പുതുകവിതയെന്നോ സമീപ കവിതയെന്നോ പേര് വിളിച്ച്​ ആധുനികാനന്തര കവിതകളെ പൊതിഞ്ഞെടുക്കുന്ന എസ്. ജോസഫും വിഷ്ണുപ്രസാദും കവികളുടെ പേരു പറയുന്നതിൽ കാണിക്കുന്ന ജാഗ്രത കവിതയെ വിലയിരുത്തുന്നതിൽ കാണിക്കുന്നില്ല.

വിവിധ കാലഘട്ടങ്ങളിലെ സാഹിത്യത്തെ അതിൽ ശ്രദ്ധേയരായി നിലകൊണ്ട കവികളിലൂടെ വിലയിരുത്തിപ്പോവുക എന്നത് താരതമ്യേന എളുപ്പമുള്ള സാഹിത്യ വിമർശനമാണ്. മുഖ്യധാരാ ആനുകാലികങ്ങളും മുഖ്യധാരാ വിമർശകരും സൃഷ്ടിച്ചെടുത്ത കുറച്ച് കവികളിലാണ് മലയാള കവിതയിലെ പല കാലഘട്ടങ്ങളുടെയും പൊതു സ്വഭാവം നമ്മൾ കണ്ടെടുക്കുന്നത്. ഈ കാലഘട്ടങ്ങളിലെല്ലാം കവിതയിൽ നിലനിന്നിരുന്ന പലവിധ ധാരകൾ, ഏകാന്ത സഞ്ചാരങ്ങൾ ഒക്കെ ഇതിലൂടെ വിസ്മരിക്കപ്പെടുന്നു. നവമാധ്യമങ്ങളുടെ സജീവത മുഖ്യധാരാ സങ്കല്പത്തെ ചിതറിച്ചു കളഞ്ഞതോടെ കവിതയിലെ അനേകമായ ശബ്ദങ്ങളെ നമ്മൾ കേൾക്കാൻ തുടങ്ങി. ഈ ഘട്ടത്തിൽ കവിതയുടെ പൊതുസ്വഭാവങ്ങളെ കണ്ടെത്തുക എന്നത് കൂടുതൽ ക്ലേശകരമായിത്തീരുന്നു. പുതുകവിതയെന്നോ സമീപ കവിതയെന്നോ പേര് വിളിച്ച്​ ആധുനികാനന്തര കവിതകളെ പൊതിഞ്ഞെടുക്കുന്ന എസ്. ജോസഫും വിഷ്ണുപ്രസാദും കവികളുടെ പേരു പറയുന്നതിൽ കാണിക്കുന്ന ജാഗ്രത കവിതയെ വിലയിരുത്തുന്നതിൽ കാണിക്കുന്നില്ല. അതു കൊണ്ടുതന്നെ രണ്ട് പേരുകൾ എന്നതിനപ്പുറം എമർജിംഗ് പോയട്രി, സമീപ കവിത എന്നീ പേരിടലുകളുടെ പ്രസക്തിയെക്കുറിച്ച് വ്യക്തതയുണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുമില്ല.

അനിത തമ്പി

ആധുനികാനന്തര കവിത

90- കൾക്കുശേഷമുള്ള കവിതയെയാണ് ആധുനികാനന്തര കവിത എന്ന് സാഹിത്യ ചരിത്ര കർത്താക്കളും നിരൂപകരും വിളിച്ചുപോരുന്നത്. തൻ്റെ 'മലയാള കവിതാപഠനങ്ങൾ' എന്ന കൃതിയിൽ, 60-കൾ മുതൽ 90- കൾ വരെയുള്ള ആധുനിക കവിതയെ 60-കളിലെ കവിത, 70-കളിലെ കവിത 80-കളിലെ കവിത എന്നിങ്ങനെ മൂന്നായി തിരിച്ച്​ വിശകലനം ചെയ്യുന്നുണ്ട്, കവി സച്ചിദാനന്ദൻ. കവിതയുടെ ഭാവുകത്വ മാറ്റങ്ങളോടൊപ്പം കാലഘട്ടത്തിൻ്റെ സ്വഭാവവും ഈ കൃതിയിൽ ആധുനിക കവിതയുടെ വിശകലനത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. 60- കളിലെ കവിത ഗൗരവസ്വഭാവമുള്ളതും അമൂർത്തവും വ്യക്തി- സ്വത്വാന്വേഷണവുമായി സച്ചിദാനന്ദൻ വിലയിരുത്തുന്നു. 70- കളിലെ കവിതയുടെ സ്വഭാവങ്ങൾ മൂർത്തവും വസ്തുനിഷ്ഠവും എന്നപോലെ രാഷ്ട്രീയ സ്വത്വന്വേഷണത്തിന്റേതുമാണ് എന്നും 80-കളിലാവട്ടെ, പ്രാദേശിക അന്വേഷണങ്ങളായാണ് കവിത കാണപ്പെടുന്നത് എന്നും, ഈ ഘട്ടങ്ങളിലെല്ലാം ശ്രദ്ധേയരായ എഴുത്തുകാരുടെ ശ്രദ്ധേയമായ കവിതകളെ മുൻനിർത്തി ഇദ്ദേഹം വിശകലനം ചെയ്യുന്നു.

അനുഭവ പരിസരങ്ങളുടെ വൈവിധ്യം കൊണ്ട് അനുദിനം വിപുലമാകുന്ന കവിതയുടെ രാഷ്ട്രീയത്തെ മുക്കിക്കളയുകയാണ് എല്ലാ കോക്കസുകളും നിർവ്വഹിക്കുന്ന പ്രധാന ധർമം.

കൂടുതൽ സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഈ ഘട്ട വിഭജനത്തിൽ തന്നെയും കലർപ്പുകളും ഇതര സ്വഭാവങ്ങളും പ്രകടമായിരിക്കാമെങ്കിലും ആധുനിക കവിതയെ ഒറ്റ ഒരു യൂണിറ്റായി എടുത്തു നടത്തുന്ന വിശകലനങ്ങളേക്കാൾ ഈ പഠനത്തിന് സൂക്ഷ്മതയുണ്ട്. ആധുനികതയിൽ നിന്ന് ആധുനികാനന്തര കവിത വേറിട്ടുനിൽക്കുന്നത് പ്രധാനമായും അതിലെ സ്ത്രീ, ദലിത്, പരിസ്ഥിതി, പ്രാദേശിക, സൈബർ സ്വഭാവങ്ങളാലാണ്. ഇതിൽ ചില സ്വഭാവങ്ങൾ ആധുനിക കവിതയിൽ തന്നെ പ്രകടവുമായിരുന്നു. ആധുനികാനന്തരതയിൽ ഈ സ്വഭാവങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടി എന്നേ പറയാൻ കഴിയൂ. കവിതയിൽ 90- കളിൽ കാണപ്പെടുന്ന സ്വഭാവങ്ങൾക്ക് കൂടുതൽ വൈവിധ്യവും സൂക്ഷ്മതയും ഉണ്ടാകുന്നു എന്നതാണ് വീണ്ടും മുന്നോട്ടു പോകുമ്പോൾ കാണുന്നത്. ട്രാൻസ്ജെൻഡർ കവിതകളും, ഗോത്ര കവിതകളും ഇതോടൊപ്പം പുതുതായി കടന്നു വരികയും ചെയ്തു.

പുതുകവിതയും സമീപ കവിതയും

90- കൾക്കുശേഷമുള്ള കവിതയെക്കുറിച്ചുള്ള സാമാന്യമായ ചരിത്രമാണ് എസ്. ജോസഫിൻ്റെ പുതു കവിതയുടെ സഞ്ചാരങ്ങൾ. കാലക്രമത്തിലല്ല ഇതിൽ കവികളെ അടുക്കിയിരിക്കുന്നത്. കവിതയിൽ വരുന്ന കാലാനുബന്ധ മാറ്റങ്ങളെ വിലയിരുത്താനുള്ള ശ്രമവുമില്ല. സാമ്പ്രദായിക ചരിത്രരചനയിൽ നിന്ന് ഭിന്നമായ രീതിയിലാണ് ഈ ചരിത്രത്തിൻ്റെ രചനാരീതി. തൻ്റേത് ആധികാരിക ചരിത്രമാണെന്ന് ഗ്രന്ഥകാരൻ തന്നെ അവകാശപ്പെടുന്നില്ല. അത് ഈ ചരിത്രത്തിൽ ചില തുറസ്സുകൾ നിർമ്മിച്ചുവെക്കുന്നുമുണ്ട്. അവിടെയിരുന്ന് മറ്റൊരാൾക്ക് കാര്യങ്ങൾ കൂടുതലായി അപഗ്രഥിക്കാനും കഴിയും. മറ്റൊരു ചരിത്രനിർമ്മിതി നടത്താനുള്ള ചില എളുപ്പവഴികൾ ഈ ചരിത്രത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന നിലയിൽ ഇതിന് പ്രാധാന്യമുണ്ട്. ആത്മനിഷ്ഠത വളരെ പ്രകടമായി കാണുന്ന ചരിത്രമാണ് പുതു കവിതയുടെ സഞ്ചാരങ്ങൾ.

ധന്യ എം.ഡി

ആധുനികാനന്തര കവിതയെത്തന്നെ പുതുകവിത സമീപകവിത എന്ന് രണ്ടായി തിരിച്ചുകൊണ്ടാണ് വിഷ്ണുപ്രസാദ് തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നത്. 90- കൾ മുതൽ ഇന്നുവരെയുള്ള കവിതകളെ ഒറ്റ യൂണിറ്റായി പഠിക്കുന്നതിനുപകരം വിഭജിച്ച് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ഉചിതം തന്നെ. എന്നാൽ ഈ പേരിടലുകൾ കൊണ്ടും വിഭജനങ്ങൾ കൊണ്ടും വിവിധ കവിതാഘട്ടങ്ങൾക്ക് ഒന്നോ രണ്ടോ നാഥന്മാരെ സംഭാവന ചെയ്യുന്നു എന്നതു മാത്രമാണ് ഇതിലൂടെ പ്രധാനമായി സംഭവിക്കുന്നത്‌. അതിലൂടെ തന്നെ വൈവിധ്യങ്ങളെ അത് അടച്ചു കളയുന്നു, പ്രത്യേകിച്ചും കവിതയുടെ ഈ പ്രളയകാലത്ത്.

ആധുനികാനന്തര കവിതയെ വിഭജിച്ച് വിലയിരുത്താനുള്ള വിഷ്ണുപ്രസാദിൻ്റെ ശ്രമങ്ങൾ പ്രധാനപ്പെട്ടതാണ് എന്ന് കരുതുമ്പോഴും അദ്ദേഹത്തിൻ്റെ കണ്ടെത്തലുകളോട് ചില വിയോജിപ്പുകളുണ്ട്. അഭിമുഖത്തിൽ സമീപകവിതയുടെ സ്വഭാവങ്ങളെക്കുറിച്ച് വിഷ്ണുപ്രസാദ് പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.

  • ബ്ലോഗെഴുത്തിലൂടെ സാധാരണക്കാരിലേക്കെത്തിച്ചേർന്ന 2006- നു ശേഷമുള്ള കവിതയെയാണ് സമീപകവിത എന്ന് വിഷ്ണുപ്രസാദ് വിളിക്കുന്നത്.

  • സവിശേഷമായ ഉപരിവർഗ്ഗത്തിൻ്റെ കയ്യിലായിരുന്നു പുതുകവിത. സമീപകവിത ഇങ്ങനെയല്ല.

  • പുതുകവിത സാന്മാർഗ്ഗികമായിരുന്നു. സമീപകവിത ഇങ്ങനെയല്ല. ഈ അർത്ഥത്തിൽ ആധുനികതയുടെ തുടർച്ചയാണ് സമീപകവിത.

  • പുതുകവിത അതിവൈകാരികതയെ ഒഴിവാക്കി . സമീപകവിത ഇതിനെ സ്വീകരിച്ചു.

  • സമീപ കവിതയ്ക്ക് ടി.പി. രാജീവനിൽ നിന്നും മേതിലിൽ നിന്നും രണ്ട് ധാരകളാണുള്ളത്.

ഇതിൽ രണ്ടും മൂന്നും നാലും അഭിപ്രായങ്ങളിലേക്ക് വിഷ്ണുപ്രസാദ് എത്തിച്ചേരുന്നത് ചുരുക്കം ചില കവികളെ മനസ്സിൽ വെച്ചുകൊണ്ടാണ്. പ്രത്യേകിച്ച് പി.പി. രാമചന്ദ്രൻ, പി. രാമൻ എന്നിവരെ കേന്ദ്രീകരിച്ചാണ്​ വിഷ്ണുപ്രസാദ് തൻ്റെ അഭിപ്രായം രൂപപ്പെടുത്തുന്നത്. പുതു കവിത പുതിയൊരു രാഷ്ട്രീയം മുന്നോട്ടുവെച്ചു എന്ന് വിഷ്ണുപ്രസാദ് തന്നെ മറ്റൊരിടത്ത് പറയുന്നു മുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ എഴുതിയ ദലിത്, സ്ത്രീ കവികളെയൊന്നും പരാമർശിക്കുന്നതുമില്ല. ചിലർ ഒരു കോക്കസായി പ്രവർത്തിച്ച് ഭാവുകത്വത്തെ നിശ്ചയിച്ചു എന്നാണെങ്കിൽ ഇത് രണ്ട് ഘട്ടങ്ങളിലും തുടരുന്നതുകൊണ്ടുതന്നെ വ്യത്യാസത്തിന് കാരണമായി കണക്കാക്കാനുമാവില്ല.

അലീന

തൊണ്ണൂറുകളിലെ കാവ്യ ഗൂഢാലോചനകളെക്കുറിച്ച് കെ. സജീവ് കുമാർ പച്ചമലയാളത്തിൽ എഴുതിയ ലേഖനത്തിൽ, (‘തൊണ്ണൂറുകളിലെ കാവ്യ ഗൂഢാലോചനയുടെ നാൾവഴികളും യാഥാർത്ഥ്യവും’, പച്ചക്കുതിര, ഡിസംബർ- 2022) തൊണ്ണുറുകളിൽ ശ്രദ്ധേയരായവരെക്കുറിച്ചെന്ന പോലെ അവഗണിക്കപ്പെട്ടവരെക്കുറിച്ചും കൂടുതൽ വ്യക്തതയോടെ എഴുതിയിട്ടുണ്ട്. സൈബർ കവിത സൈബർ പ്രതലത്തിൽ എഴുതപ്പെട്ട കവിത എന്ന നിലയിലല്ല ഈ ലേഖനത്തിൽ പരിഗണിക്കപ്പെടുന്നത്. ഭാവുകത്വപരമായ ഒരു വിച്ഛേദം എന്ന നിലയിലാണ്. 2006- നുമുമ്പ് തന്നെ ഇത്തരമൊരു നവീന ഭാവുകത്വം പ്രകടിപ്പിക്കുന്ന കവിതകളുണ്ടായി എന്നത് സജീവ് കുമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജയൻ കെ.സി., 1998 ൽ എഴുതിയ www. താമര. കൊം. (ഒരു സൈബർ തടവുപുള്ളിയുടെ ആത്മഭാഷണങ്ങൾ ‘വെബ്മാസ്റ്റർ’ ഒളിഞ്ഞ് കേട്ടത്) എന്ന കവിതയും മറ്റു ചില കവിതകളും ഉദാഹരിക്കുന്നുമുണ്ട്. ജയൻ കെ.സിയുടെ ആയോധനത്തിൻ്റെ അച്ചുതണ്ട് (1996), അയനം വനരേഖയിൽ (1999), പോളിമോർഫിസം (2002), പച്ചയ്ക്ക് (2006) എന്നീ നാല് കവിതാ സമാഹാരങ്ങളും 2006- നുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. 1998- ൽ ഇദ്ദേഹമെഴുതിയ www. താമര. കൊം എന്ന കവിത വായിച്ചാൽ സൈബർ ലോകം മാത്രമല്ല, അസാന്മാർഗ്ഗികതയും കവിതയിൽ ഇടപെടുന്ന കാലത്തെ സംബന്ധിച്ച വിഷ്ണുപ്രസാദിൻ്റെ നിഗമനത്തിലെ പിശക് മനസ്സിലാകും:

തേർച്ചക്രത്തിനടിയിൽപ്പെട്ടു
ചതഞ്ഞ രാജവൃഷണം…
അന്തഃപുരത്തിൽ
അകത്തമ്മമാർ
ചൂണ്ടാണി വിരൽ
ചുംബിക്കവേ
ഇരുട്ടിന്റെ കുന്തമുനയിൽ
ഒരു സ്ഖലനം…
എന്നിങ്ങനെ തുടരുന്ന താമര. കൊം എന്ന കവിത ഭാഷയിലെ സാന്മാർഗ്ഗികതയിൽ ശ്രദ്ധവെക്കുന്ന കവിതയല്ല.

എസ്. ജോസഫിൻ്റെ കറുത്ത കല്ല് (2000), മീൻകാരൻ (2003), ഐഡൻ്റിറ്റി കാർഡ് (2005) എന്നീ കവിതാ സമാഹാരങ്ങൾ 2006- നുമുമ്പ് പ്രത്യക്ഷപ്പെട്ടവയാണ്. ആധുനികാനന്തര കവിതയുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച എസ് ജോസഫിൻ്റെ, 'മലയാള കവിതയ്ക്ക് ഒരു കത്ത് ' എന്ന കവിത മീൻകാരൻ എന്ന സമാഹാരത്തിലാണുള്ളത്. ഈ കവിത നോക്കൂ:

വിപിത

പാവങ്ങള്‍ക്കിടയില്‍ ഞാന്‍ കഴിയുന്നു.
അവരുടേതുപോലൊരു കുടിലില്‍
കിട്ടുന്നതു തിന്നുന്നു
അകലെ നിന്ന് വെള്ളമെടുക്കണം
അപ്പന്‍ എന്നെ പട്ടീ എന്നു വിളിക്കുന്നതു
കേള്‍ക്കണം
അമ്മയുടെ തീട്ടവും മുള്ളിയും എടുത്തുകളയണം
പാട്ട, ചെരിപ്പ്, കുപ്പി, കടലാസ്
ഇതൊക്കെ പെറുക്കിവില്ക്കുകയാണു പണി.
ആളുകള്‍ എന്നെ പെറുക്കി എന്നു വിളിക്കുന്നു.
വണ്ടിയില്‍ എൻ്റെ ചാക്കുകെട്ട് കേറ്റില്ല.

ഭാഷയിലെ ശുദ്ധിയെക്കുറിച്ച് ശ്രദ്ധ പുലർത്തുന്ന കവിതയല്ല ഇതും എന്നത് വ്യക്തമാണല്ലോ.

സുജീഷ്

കവി ആശാലത 2002- ൽ പ്രസിദ്ധീകരിച്ച കടൽപ്പച്ച എന്ന സമാഹാരത്തിലെ കവിതകളിൽ ഭാഷയിലെ ശ്ലീല / അശ്ലീല സങ്കല്പങ്ങളെ അദ്ദേഹം മറികടന്നു പോകുന്നുണ്ട്. ഈ സമാഹാരത്തിലെ 'സൂര്യൻ' 1997- ൽ എഴുതപ്പെട്ട കവിതയാണ്:

അതുകൊണ്ട്
കുളിച്ച്
ബഹുമാന്യനായി
ഊണുകഴിഞ്ഞ് കുറഞ്ഞൊന്നുറങ്ങി
നാലു മണിക്കുണർന്ന്
മുഞ്ഞി കഴുകി,
ചായ, പലഹാരം
വൈകീട്ട് സിനിമയോ ടി.വി പരമ്പരയോ എന്ന്
ഗാഢമായി ചിന്തിച്ച്
രണ്ടുമൊഴിവാക്കി
അമ്പലത്തിൽ തൊഴുത്,
കുറിയിട്ട്,
അത്താഴവും കർണാടക സംഗീതവും രുചിച്ച്
കതകടച്ചു തഴുതിട്ട്
ശാസ്ത്രവിധി പ്രകാരം
മൈഥുനം, നിദ്ര.

എന്നിങ്ങനെ തുടരുന്ന ഇക്കവിത പുറമേ സാത്വികനും ഭക്തനും മറവിൽ ഒളിഞ്ഞുനോട്ടക്കാരനും മൂരിശൃംഗാരിയുമായ ഒരാളെ അവതരിപ്പിക്കുന്ന കവിതയാണ്. 2013- ൽ പ്രസിദ്ധീകരിച്ച എല്ലാ ഉടുപ്പും അഴിക്കുമ്പോൾ എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ച 'എല്ലാ ഉടുപ്പും അഴിക്കുമ്പോൾ' എന്ന കവിത 2003- നുമുമ്പ് എഴുതപ്പെട്ട കവിതയാണ്. സാന്മാർഗ്ഗികമല്ല എന്ന കാരണത്താൽ 2003- ലെ ഒരു ക്യാമ്പിൽ ഈ കവിത അവതരിപ്പിക്കുന്നതിന് എതിർപ്പുണ്ടായി എന്ന് ആശാലത പറഞ്ഞറിയാം. ഇതേ സമാഹാരത്തിലെ, 'മാറ്, ജാരൻ വരുന്നു' എന്ന കവിതയും 2005- നുമുമ്പ് എഴുതപ്പെട്ട കവിതയാണ്.

ജയൻ കെ.സി

ജനലരികിൽനിന്ന്
മാറ്
ജാരൻ
പുലർച്ചയ്ക്കിതിലേയാണ്
തിരിച്ചുപോകുന്നത്
ആകാശത്ത്
സൂര്യവെളിച്ചം തട്ടി
വിളറിപ്പോയ ചന്ദ്രന്റെ മെയ്യിലെ
കറുത്ത പൂച്ചയടയാളത്തിലേക്ക്.

എന്നവസാനിക്കുന്ന ഈ കവിതയിൽ സാന്മാർഗ്ഗികമാവാൻ ബദ്ധപ്പെടുന്ന ജീവിതമല്ല ഉള്ളത്. അതായത് മുഖ്യധാരാ ഭാവുകത്വം എതിരായിരുന്നിട്ടും 2006- നുമുമ്പ് തന്നെ ഇത്തരം എഴുത്തുകൾ മലയാള കവിതയിലുണ്ടായിട്ടുണ്ട്.

ശിവകുമാർ കാങ്കോൽ എഡിറ്റ് ചെയ്ത, ഒരു കൂട്ടം കവികൾ എഴുതിയ 'വിശുദ്ധ സ്മിതയ്ക്ക്' എന്ന സമാഹാരം 1998- ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. സിൽക്ക് സ്മിതയുടെ മരണശേഷം അവർക്ക്​ കാവ്യസ്മാരകമായി എഴുതിയ ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ ഈ പുസ്തകത്തെക്കുറിച്ചോ ഇതിലെ ഭാഷയുടെ ശ്ലീലാശ്ലീലത്തെക്കുറിച്ചോ ഭിന്നാഭിപ്രായങ്ങളുണ്ടാവാമെന്നും എങ്കിലും ഇതിൻ്റെ രാഷ്ട്രീയം കൊണ്ട് ഇത് പ്രസക്തമാണെന്നും മലയാള കവിതയുടെ ഭാവുകത്വത്തിൽ ഒരു ബ്രെയ്ക്ക് ആയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും ഇതിൻ്റെ എഡിറ്റർ പറയുന്നുണ്ട്. ഈ ഉദാഹരണങ്ങൾ പറഞ്ഞത് വിഷ്ണുപ്രസാദ് സമീപ കവിതയുടേതായി പറയുന്ന പല സ്വഭാവങ്ങളും 2006- ന് മുമ്പുണ്ടായിരുന്നു എന്ന് കാണിക്കാനാണ് .

സച്ചിദാനന്ദന്‍

കടമ്മനിട്ടയെ ചൂണ്ടിക്കാണിച്ച്, സാന്മാർഗ്ഗികതയിൽ നിന്ന് വഴിമാറി നടക്കുന്ന കവിതയുടെ സ്വഭാവം ആധുനികതയുടെ തുടർച്ചയായാണ് കവിതയിൽ വരുന്നത് എന്ന് വിഷ്ണുപ്രസാദ് പറയുന്നതിലും അപാകതയുണ്ട്. ഇങ്ങനെ പറയുമ്പോൾ ആധുനികതയെ ഒറ്റ യൂണിറ്റായി എടുക്കുകയും അതിലെ ഒരു കവിയുടെ ആവിഷ്ക്കാരത്തെ പൊതു സ്വഭാവമായി അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. സമീപകാലങ്ങളിൽ കൂടുതൽ എഴുത്തുകാർക്ക് ദൃശ്യത കിട്ടുന്നതിനാൽ ഇത്തരം ചില സ്വഭാവങ്ങൾ കൂടുതലായി തെളിഞ്ഞു വന്നു എന്ന് കരുതുന്നതാവും ഉചിതം.

പുതു കവിത അതിവൈകാരികതയെ ഒഴിവാക്കി സമീപ കവിത അതിനെ സ്വീകരിച്ചു എന്നതാണ് വിഷ്ണുപ്രസാദിൻ്റെ മറ്റൊരു വാദം. സമീപ കവിതയിലെ പ്രധാനികളായി വിഷ്ണുപ്രസാദ് പേരെടുത്തു പറയുന്നവരിൽ മിക്കവരുടെയും എഴുത്തിന് ഇത്തരമൊരു അതിവൈകാരിക സ്വഭാവമില്ല താനും. ടി.പി.രാജീവനിൽ നിന്നും മേതിലിൽ നിന്നുമാരംഭിക്കുന്ന രണ്ട് ധാരകളാണ് സമീപ കവിതയിലുള്ളത് എന്ന വിഷ്ണു പ്രസാദിൻ്റെ തന്നെ വാദത്തിനെതിരായ വാദവുമാണിത്. എസ്. ജോസഫിൻ്റെ സ്വാധീനത്തെ തള്ളിക്കളയാൻ മാത്രമാണ് ഇങ്ങനെ രണ്ട് തലതൊട്ടപ്പന്മാരെ വിഷ്ണുപ്രസാദ് അവതരിപ്പിക്കുന്നത്. ടി.പി. രാജീവനു കിട്ടിയ പ്രാധാന്യത്തെ രണ്ടാമത്തെ ലേഖനത്തിൽ അബ്ദുൾ ലത്തീഫ് തന്നെ വിമർശനാത്മകമായി സമീപിക്കുന്നുമുണ്ട്.

ടി.പി. രാജീവന്‍

ആൺകോക്കസുകൾ പിൻബെഞ്ചിലിരുത്തുന്ന പെൺകവിത

അനുഭവ പരിസരങ്ങളുടെ വൈവിധ്യം കൊണ്ട് അനുദിനം വിപുലമാകുന്ന കവിതയുടെ രാഷ്ട്രീയത്തെ മുക്കിക്കളയുകയാണ് എല്ലാ കോക്കസുകളും നിർവ്വഹിക്കുന്ന പ്രധാന ധർമം. എസ്. ജോസഫും പി.രാമനും രണ്ട് തരത്തിലാണ് ഇത് നിർവ്വഹിക്കുന്നത്. മലയാള കവിതയുടെ ഉപരിവർഗ്ഗ സ്വഭാവത്തെ പൊളിച്ചുകളയുന്നതിൽ പങ്ക് വഹിച്ച എസ്. ജോസഫ് സമീപകാലത്തായി എഴുതുന്ന കവിതകൾ ഉപരിവർഗ്ഗ ഭാവുകത്വം പുലർത്തുന്നവയാണ്.
അടുത്തിടെയായി അദ്ദേഹം പൊതുമനുഷ്യൻ്റെ പൊതുസ്വഭാവത്തെക്കുറിച്ചെഴുതുകയും എല്ലാവരെയും ഒരു പൊതുപ്ലാറ്റ്ഫോമിൽ യോജിപ്പിച്ചു നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. പ്രകടമായതും വൈരുധ്യങ്ങൾ നിറഞ്ഞതുമായ ഇടപെടലുകളാണ് എസ്. ജോസഫിൻ്റേതെങ്കിൽ രാമൻ്റേത് സ്ഥിരതയുള്ള അണിയറ നീക്കങ്ങളാണ്. വ്യത്യസ്ത സ്വത്വനിലകളുള്ള കവികളെ അദ്ദേഹം കണ്ടെടുത്ത് അവതരിപ്പിക്കുന്നു. അതിലൂടെ വിവിധ വിഭാഗങ്ങളെ കൂടെ നിർത്തുന്നതായൊരു പ്രതീതി ഉണ്ടാക്കുന്നു. എന്നാൽ, ഇവരുടെ കവിതകളുടെ ഭാവുകത്വത്തെ ഒരു പ്രത്യേക വിധത്തിൽ സംക്രമിപ്പിക്കുന്നു. അങ്ങനെ സവിശേഷ മനുഷ്യരുടെ പൊതുഅനുഭവത്തിൻ്റെ സ്വഭാവം ഈ കവിതകൾക്ക് വരുന്നു. സവിശേഷ മനുഷ്യരുടെ സവിശേഷാനുഭവങ്ങൾക്ക് മുൻനിരയിലെത്താനുള്ള വഴികൾ ഇതിലൂടെ അടച്ചുകളയുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, കവിതയിലെ ഭാവുകത്വം തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി അടയാളപ്പെടാതിരിക്കാൻ ആൺകോക്കസുകളെല്ലാം ശ്രമിക്കുന്നു. താര നായകന്മാർ വാഴുന്ന സിനിമാലോകത്തെന്ന പോലെ ‘അമർ അക്ബർ അന്തോണിമാർ’ (കവി നിരഞ്ജൻ്റെ പ്രയോഗം) വാഴുന്ന സാഹിത്യലോകത്തും പെണ്ണുങ്ങൾ പിൻനിരയിലിരിക്കുന്നു. അവരിൽ നിന്ന് ഒരു ധാരയും ആരംഭിക്കുന്നില്ല. കടൽ കവിതകളിലും ഗോത്ര കവിതകളിലും ആധികാരിക ആൺശബ്ദങ്ങളിൽ പെൺശബ്ദങ്ങൾ മുങ്ങിപ്പോവുന്നു.

അടുക്കളയിൽ നിന്ന് ചട്ടിയും കലവും ഉമ്മറത്തുകൊണ്ടുപോയി വെക്കുകയും അടുക്കളയേയും സ്ത്രീജീവിതങ്ങളെയും കൂടുതൽ മൂർത്തമായി തുറന്നിടുകയും ചെയ്​ത്​ ധാരാളം വഴികളിലൂടെ മലയാള പെൺകവിത മുന്നോട്ടുപോയി. എന്നിട്ടും ഇപ്പോഴും അനിത തമ്പിയിൽ തന്നെ നിൽക്കുന്നു, സിലബസുകളിലെ സ്ത്രീപ്രാതിനിധ്യം.

ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമ ഇടങ്ങളാണ് സ്ത്രീകൾക്ക് കവിതയിൽ സ്വതന്ത്രമായി ഇടപെടാൻ അവസരമൊരുക്കിയത്. അത്തരമൊരു ഇടമുണ്ടാകും മുമ്പ് കാവ്യക്കൂട്ടങ്ങളുടേയും കൂടിയാലോചനകളുടേയും ഭാഗമാകാൻ ചുരുക്കം ചില സ്ത്രീകൾക്കേ കഴിഞ്ഞിട്ടുള്ളു. കവിതയുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾക്ക് ആൺകവികൾ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേയ്ക്ക് സഞ്ചരിക്കുമ്പോൾ തങ്ങൾ ഇതൊന്നും അറിയുന്നുപോലുമില്ലല്ലോ എന്ന് അത്ഭുതം തോന്നിയിട്ടുണ്ടെന്ന് ഒരു മുതിർന്ന പെൺകവി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ അവർക്ക് നഷ്ടമായ ബന്ധങ്ങളും ഇടപെടലുകളും സാധ്യമാക്കിയത് ഓൺലൈൻ ലോകമാണ്. ബ്ലോഗിലും ഫേസ്ബുക്കിലും വെറുതെ കവിതയെഴുതിപ്പോവുകയല്ല, അതിൻ്റെ ഭാവുകത്വത്തെ നിശ്ചയിക്കുന്നതിലും സ്ത്രീകൾ പങ്ക് വഹിക്കുന്നുണ്ട്.

എസ്. ജോസഫ്

എല്ലാ കോക്കസുകളിലും സ്ത്രീകളുടെ പ്രാതിനിധ്യങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മലയാള കവിതയിൽ വർദ്ധിച്ചുവരുന്ന അവരുടെ സാന്നിധ്യത്തെ പ്രത്യേക തരത്തിലുള്ള ആൺകോക്കസുകളിലേക്ക് വലിച്ചെടുത്തുകൊണ്ട് അവരെ തങ്ങളെ കടന്നുപോകാൻ അനുവദിക്കാതിരിക്കുക കൂടിയാണ് ഈ കോക്കസുകൾ ചെയ്യുന്നത്. ഇവർ എത്തരം കവിതകളാണ് നല്ല കവിതകൾ എന്ന് സ്ത്രീകളെ ഉപദേശിക്കുകയും അവരെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിലൂടെ തങ്ങളുടെ അനുയായികളുടെ എണ്ണം കൂട്ടാൻ ശ്രമിക്കുന്നു. അനിത തമ്പിക്കുശേഷം മലയാളത്തിൽ പെൺകവികളില്ല എന്ന് അഭിപ്രായപ്പെടുന്ന ധാരാളം കവികളുണ്ട് ഇവരുടെ കൂട്ടത്തിൽ. അടുത്തിടെ തുഞ്ചത്തെഴുത്തച്ഛൻ സർവ്വകലാശാലയിലെ മലയാള കവിതയുടെ സിലബസ് ചില കവികൾ പങ്കുവെച്ചത് കാണാനിടയായി. ഇതിൽ വിശദ പഠനത്തിന്​ കൊടുത്തിരിക്കുന്ന ഏഴുപേരിൽ പെൺകവിയായി അനിത തമ്പി മാത്രമാണുള്ളത്; അതും മുറ്റമടിക്കുമ്പോൾ എന്ന കവിതയാണ് ചേർത്തിരിക്കുന്നത്. വർഷങ്ങളായി എം.എ സിലബസിൽ പല യൂണിവേഴ്സിറ്റികളിലും മാറ്റമില്ലാതെ ഈ കവിത പഠിപ്പിക്കുന്നു. ഇപ്പോഴും അവർ മുറ്റമടിച്ചു കഴിഞ്ഞിട്ടില്ല.

മുറ്റമടിക്കാതിരിക്കുമ്പോൾ എന്ന കവിത ഇതിനെ തുടർന്ന് ധന്യ എം.ഡി എഴുതി. അടുക്കളയിൽ നിന്ന് ചട്ടിയും കലവും ഉമ്മറത്തുകൊണ്ടുപോയി വെക്കുകയും അടുക്കളയേയും സ്ത്രീജീവിതങ്ങളെയും കൂടുതൽ മൂർത്തമായി തുറന്നിടുകയും ചെയ്​ത്​ ധാരാളം വഴികളിലൂടെ മലയാള പെൺകവിത മുന്നോട്ടുപോയി. എന്നിട്ടും ഇപ്പോഴും അനിത തമ്പിയിൽ തന്നെ നിൽക്കുന്നു, സിലബസുകളിലെ സ്ത്രീപ്രാതിനിധ്യം. അനിത തമ്പി തന്നെ തന്റെ കവിതകളിൽ മുന്നോട്ടുപോയിട്ടുണ്ട് എന്നതും പരിഗണിക്കപ്പെടുന്നില്ല.

ഏറ്റെടുക്കാനും സഹായിക്കാനും വന്നവർ ഒരു ഭാഗത്തും വിമർശിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചവർ മറ്റൊരു ഭാഗത്തും നിന്നുകൊണ്ട് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിപിത പറഞ്ഞറിയാം. സ്ത്രീകളിൽ നിന്ന് കാവ്യധാരകൾ ആരംഭിക്കാമെന്നംഗീകരിക്കാൻ നമ്മുടെ സാഹിത്യമണ്ഡലം ഇനിയും തയ്യാറായിട്ടില്ല.

ആൺകവിതയിലെ ചില പുതു സാന്നിധ്യങ്ങളെങ്കിലും സിലബസുകളിലൂടെ അംഗീകരിക്കപ്പെടുമ്പോൾ പെൺകവികൾ അപൂർവമായി മാത്രമാണ് സിലബസുകളിൽ പോലും പരിഗണിക്കപ്പെടുന്നത്. അതും പത്തുവർഷം പിന്നിലുള്ളവർ മാത്രവും. മലയാള കവിതയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പെൺ കവികളെ പരിശോധിച്ചാൽ ഓരോ ഘട്ടത്തിലും തിളങ്ങിനിന്ന ആൺകവിക്കൂട്ടങ്ങളോട് അടുപ്പമുണ്ടായിരുന്നവരാണ് മിക്കവരും എന്ന് കാണാം. അതായത്, കോക്കസുകളുടെ അംഗീകാരം കിട്ടാതെ പരിഗണിക്കപ്പെടുക എന്നത് പെണ്ണുങ്ങൾക്ക് ബുദ്ധിമുട്ടാണ്. കോക്കസുകളുടെ ഭാഗമാവാതെ തന്നെ സമീപകാലത്ത് ശ്രദ്ധ കിട്ടിയ കവികളാണ് അലീനയും വിപിതയും. മലയോര ജീവിതപരിസരങ്ങൾ എഴുത്തിലേക്ക് കൊണ്ടുവന്ന ഇവരുടെ കവിതകൾക്ക് സോഷ്യൽ മീഡിയയിൽ നല്ല പ്രചാരം കിട്ടി. എന്നാൽ, ഏറ്റെടുക്കാനും സഹായിക്കാനും വന്നവർ ഒരു ഭാഗത്തും വിമർശിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചവർ മറ്റൊരു ഭാഗത്തും നിന്നുകൊണ്ട് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിപിത പറഞ്ഞറിയാം. സ്ത്രീകളിൽ നിന്ന് കാവ്യധാരകൾ ആരംഭിക്കാമെന്നംഗീകരിക്കാൻ നമ്മുടെ സാഹിത്യമണ്ഡലം ഇനിയും തയ്യാറായിട്ടില്ല. അതിന് തടയിടാൻ അമർ അക്ബർ അന്തോണിമാരെല്ലാം ഒറ്റക്കെട്ടായി നിൽക്കും.

'പുതു കവിതയുടെ സഞ്ചാരങ്ങളിൽ' എസ്. ജോസഫ് ധാരാളം പെൺകവികളെ പരാമർശിക്കുന്നുണ്ട്. ഓരോരുത്തരെക്കുറിച്ചു പറയുമ്പോഴും നല്ല വാക്കുകൾ പറയുന്നുണ്ടെങ്കിലും പെൺകവിതയെക്കുറിച്ച് പൊതുവേ അദ്ദേഹം പങ്കുവെക്കുന്നത് നല്ല അഭിപ്രായമല്ല. അമ്മു ദീപയുടെയും ചിത്തിരയുടെയും കവിതകളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതിൻ്റെ തുടർച്ചയിൽ ഇപ്പോഴത്തെ പെൺകവിത ആറിത്തണുത്ത പഴങ്കഞ്ഞിയാണ് എന്നാണ് പറയുന്നത് ( പുറം 134). സ്ത്രീകവിതയിൽ ആഖ്യാനം മാത്രമേ ഉള്ളൂ എന്ന് മറ്റൊരിടത്തും (പുറം 203) പറയുന്നുണ്ട്. സാവിത്രി രാജീവൻ്റെ 'പ്രതിഷ്ഠ' എന്ന കവിത സ്ത്രീ കവിതയുടെ ഇന്നുവരെയുള്ള പ്രമേയങ്ങൾ ചുരുക്കി വെച്ചിരിക്കുന്ന കവിതയാണെന്ന് പറഞ്ഞാൽ സന്തോഷിക്കുകയാണ് വേണ്ടത് എന്നാണ് എസ്. ജോസഫ് എഴുതുന്നത് ( പുറം 149). എന്നാൽ ഇത് വായിക്കുമ്പോൾ സന്തോഷിക്കാനല്ല തോന്നുന്നത്. ഇക്കവിതയെക്കുറിച്ചുള്ള പുകഴ്ത്തലാണ് എന്ന മട്ടിൽ പറയുന്ന ഈ അഭിപ്രായം പെൺകവിതയെക്കുറിച്ച് മിക്കവർക്കുമുള്ള രണ്ട് മുൻവിധികൾ അവതരിപ്പിക്കുന്നുണ്ട്.

  • സ്ത്രീകളുടെ കവിതകളെല്ലാം അടുക്കളക്കവിതകളാണ്

  • അടുക്കളക്കവിതകൾ നിലവാരം കുറഞ്ഞ കവിതകളാണ്.

പി. രാമന്‍

ഏറിയും കുറഞ്ഞും പലരും പ്രകടിപ്പിച്ചു കാണാറുള്ള അഭിപ്രായങ്ങളാണിത്. ആദ്യത്തേത് ശരിയല്ലെന്നതിന് പുതു കവിതയുടെ സഞ്ചാരങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന കവിതകൾ തന്നെ സാക്ഷ്യം പറയും. ദൈനംദിന ജീവിതവും സാധാരണതയും വർത്തമാനകവിതയിൽ ധാരാളമായുണ്ട്. എസ്. ജോസഫിൻ്റെ തന്നെ ധാരാളം കവിതകൾ ഇമ്മട്ടിലാണ്. പുറത്തെക്കാഴ്ച്ചകൾ വെറുതെ പറഞ്ഞുപോകുന്ന കവിതയെ എഴുത്തുകാരൻ പ്രശസ്തനെങ്കിൽ പുകഴ്ത്താനാളുണ്ടാകും. ആകാശം, ചന്ദ്രൻ, നക്ഷത്രങ്ങൾ, പൂവ്, പുല്ല്, ചെടി എന്നൊക്കെ താഴെത്താഴെ എഴുതിയാൽ കവിതയാവും. സ്ത്രീ അവളുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെടേണ്ടി വരുന്ന പരിസരങ്ങൾ കവിതയിലേക്ക് കൊണ്ടുവരുമ്പോൾ വിമർശനമായി, പുച്ഛമായി. ഇത്തരത്തിൽ കവിതയുടെ പ്രമേയത്തെയും ആഖ്യാനരീതിയേയും മറ്റും കുറിച്ച് പ്രചരിപ്പിക്കപ്പെടുകയും മേൽക്കൈ നേടുകയും ചെയ്യുന്ന അഭിരുചികളിൽ അധികാരത്തിൻ്റെ അടയാളങ്ങളുണ്ട്.

പി. രാമൻ്റെ അഭിരുചികൾ പി. രാമൻ്റേത് മാത്രമല്ല. ഈ അഭിരുചികളെ നിശ്ചയിക്കുന്നതിൽ അദ്ദേഹത്തിൻ്റെ ജീവിതപരിസരങ്ങളുടെ പ്രവർത്തനമുണ്ട്.

അഭിരുചികൾ കേവലം വ്യക്തിപരമല്ല അവയെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളുടെ സൃഷ്ടി കൂടിയാണ്. വർഗ്ഗപരവും ലിംഗപരവും ജാതീയവും മതപരവുമായ കൂട്ടങ്ങളുടെ അഭിരുചികളുടെ ശീലങ്ങൾ വ്യക്തിയുടെ അഭിരുചികളിൽ പ്രവർത്തിക്കും. അതുകൊണ്ട് പി. രാമൻ്റെ അഭിരുചികൾ പി. രാമൻ്റേത് മാത്രമല്ല. ഈ അഭിരുചികളെ നിശ്ചയിക്കുന്നതിൽ അദ്ദേഹത്തിൻ്റെ ജീവിതപരിസരങ്ങളുടെ പ്രവർത്തനമുണ്ട്. കവി സുജീഷ് തന്റെ വെബ്സൈറ്റിൽ പി. രാമന്റെ മോക്ഷമന്ത്രം എന്ന കവിതയെക്കുറിച്ച്, ഫ്യൂഡൽ ഗ്ലോറിഫിക്കേഷൻ നടത്തുന്ന കവിത എന്നെഴുതിയതിനോട് യോജിക്കുന്നു. (സുജീഷിന്റെ മറ്റ് ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും).

ആദിവാസി കവിതയ്ക്ക് ദലിത് കവിതയേക്കാൾ ദൃശ്യത കിട്ടിയതെങ്ങനെ എന്ന സംശയം എസ്. ജോസഫ് പുതു കവിതയുടെ സഞ്ചാരങ്ങളിൽ അവസാനഭാഗത്ത് (പുറം 401) ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യത്തിൻ്റെ ഉത്തരം ഉറക്കെ തന്നെ പറയേണ്ടതുണ്ട്. കവിതയുടെ സഞ്ചാരത്തെ വഴി നടത്തുന്നത് ആര് എന്ന ചോദ്യമാണത്. അവരുടെ അഭിരുചികളുടെ കനം മലയാള കവിത ഇപ്പോഴും ശിരസ്സിൽ പേറുന്നുണ്ട്. അഭിരുചികളുടെയും ആഖ്യാനങ്ങളുടെയും പലമയിൽ ഇതിനെ അലിയിച്ചുകളയേണ്ടതുമുണ്ട്.

Comments