മേതിലിനെ ആദ്യമായി കണ്ടത് 31 വർഷങ്ങൾക്കു മുൻപായിരുന്നുവെന്ന് കൃത്യമായി പറയാം. ‘ഭൂമിയേയും മരണത്തേയും കുറിച്ച്’ എന്ന മൾബെറി പുസ്തകത്തിൻ്റെ നാലാം പേജിൽ ആ വർഷം കുറിച്ചുവെച്ചിട്ടുണ്ട്:
First Edition: 1994. ആര്യഭവൻ ഹോട്ടലിൻ്റെ ഒരു മുറിയിൽ ഷെൽവിയുടെ സാന്നിധ്യത്തിലായിരുന്നു ആ കൂടിക്കാഴ്ച. ക്രൗൺ തിയേറ്ററിൻ്റെ സ്ക്രീനിൽ കണ്ട സെൻ്റ് ഓഫ് വുമണിലെ അൽ പാച്ചിനോയെ മേതിൽ ശരീരത്തിൽ ഓർമിപ്പിച്ചു. സംസാരത്തിൽ മേതിൽ ആ പുസ്തകങ്ങൾ മറ്റൊരാൾ എഴുതിയതാണ് എന്നതുപോലെ ലാളിത്യമുള്ളവനായിരുന്നു.
മൾബെറിയുടെ ജേണലായ പ്രിയസുഹൃത്തിലാണ് ‘ഭൂമിയെയും മരണത്തെയും കുറിച്ച്’ ആദ്യമായി വരുന്നത്. പ്രിയസുഹൃത്തിൻ്റെ കവർ മേതിൽ ക്യാമറയുമായി നിൽക്കുന്ന ചിത്രമായിരുന്നു. ‘മലയാളത്തിന് അസാധാരണമായ മേതിലിയൻ അനുഭവം’ എന്ന പ്രഖ്യാപനത്തോടെ. ദൈവം അത് നല്ലത് എന്നു കണ്ടു. അത് അങ്ങനെ തന്നെ സംഭവിച്ചു. മേതിലിൻ്റെ ജീവചരിത്രക്കുറിപ്പിൽ നിന്നു തുടങ്ങിയ വ്യത്യസ്തയായിരുന്നു ആ പുസ്തകം.
“നിരവധി പെൺകുട്ടികളെ പ്രേമിച്ചിട്ടുണ്ട് എങ്കിലും ഭാര്യ ഒന്ന്,”- രണ്ടു പേജിലായി മേതിലിൻ്റെ പാലക്കാട്ടു നിന്ന് തുടങ്ങി കുവൈറ്റിയിലെത്തിയ ജീവിതം ആ ജീവചരിത്രക്കുറിപ്പ് അടയാളപ്പെടുത്തിയിരുന്നു. ഈ കുറിപ്പെഴുതാൻ ആ പുസ്തകം മറിച്ചു നോക്കുമ്പോൾ ഫെഡറിക് നീഷേയുടെ വരികൾക്കു താഴെയായി ചുവന്ന മഷിയിൽ കുറിച്ചിട്ട കെ. ജി. എസ്സിൻ്റെ മണൽക്കാലത്തിലെ വരികൾ കണ്ടു. അന്ന് കാമുകിയായിരുന്ന ജീവിതപങ്കാളിയ്ക്ക് സമർപ്പിച്ച പ്രണയ സമ്മാനമായിരുന്നു അത്. മേതിലിൻ്റെ രണ്ടാം വരവായിരുന്നു അത്.

മേതിൽ രാധാകൃഷ്ണൻ എന്ന എഴുത്തുകാരനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് കോട്ടപ്പറമ്പ് റോഡിലെ വോൾഗാ ബാറിൽ നിന്നാണ്. ബോധി ബുക്സിനു മുന്നിലെ വൈകുന്നേരങ്ങൾ അവസാനിപ്പിച്ച് പവിത്രസംഘം ചെന്നെത്തുക വോൾഗാ ബാറിൻ്റെ ചെറിയ വെളിച്ചത്തിലായിരിക്കും. വി.പി. ഷൗക്കത്തലിയുടെ ശുപാർശയിൽ ആ സംഘത്തിൽ എത്തുന്ന പതിനെട്ട് വയസ്സിൻ്റെ കാലത്ത് വായനയുടെ പൈങ്കിളിപ്പൊറ്റകൾ അടർന്നുപോയിരുന്നില്ല. ജോയ് മാത്യു, എ. സോമൻ, പോൾ കല്ലാനോട്, ടി.പി. യാക്കൂബ്, വി.കെ. പ്രഭാകരൻ, എൻ.കെ. രവീന്ദ്രൻ തുടങ്ങിയ എഴുപതുകളുടെ തീക്ഷ്ണ യൗവനങ്ങളുടെ ചർച്ചകളിൽ നിന്ന് തെറിച്ചുവീഴുന്ന പുസ്തകങ്ങൾ മനസ്സിൽ കുറിച്ചുവെച്ച് കണ്ടെത്തലായിരുന്നു അന്നത്തെ പഠനം. അങ്ങനെയൊരുദിവസം തെറിച്ചുവീണ എല്ലിൻ കഷ്ണങ്ങളിൽ (ടി.ആർ, പട്ടത്തുവിള) ഒന്നായിരുന്നു മേതിൽ.

വോൾഗയിൽ നിന്ന് കോട്ടപ്പറമ്പ് റോഡിലൂടെ നടന്നാൽ ചെന്നെത്തുന്ന ടി.ബി.എസ്സിൻ്റെ പൂർണ്ണയാണ് മേതിലിൻ്റെ ‘വിദൂഷകരുടെ മൂന്നാം കൈപ്പത്തി’യും ‘ബ്രാ’യും ‘പെൻഗ്വിനും’ പ്രസിദ്ധീകരിച്ചത്. ആ പുസ്തകങ്ങളുടെ കവർ ഡിസൈൻ ചെയ്തതും മേതിലായിരുന്നു. എപ്പോഴും ആ പുസ്തകങ്ങൾ 50 ശതമാനം വിലക്കിഴിവിൽ വിശ്രമിച്ചു. പുസ്തകങ്ങൾ വായിച്ചെങ്കിലും ഉള്ളിൽ ആ അക്ഷരങ്ങൾ പാതി വെന്തു കിടന്നു. പുസ്തകത്തിൽ നിറയെ അടിവരയിടാവുന്ന, എഴുതി സൂക്ഷിക്കാവുന്ന ഒരുപാട് വരികളുണ്ടായിരുന്നു. ദേശപോഷിണി ലൈബ്രറിയിൽ മേതിലിൻ്റെ മറ്റു പുസ്തകങ്ങൾ തിരഞ്ഞപ്പോൾ ‘സൂര്യവംശം’ കിട്ടി. മേതിൽ രവി എന്നൊരു എഴുത്തുകാരനെ കാറ്റ്ലോഗിൽ കണ്ടെത്തി. അയാൾ മേതിലിൻ്റെ നാട്ടുകാരനേ ആയിരുന്നില്ല.
മേതിൽവാദിയായ കെ. സുരേഷ്കുമാർ ബോധി ബുക്സിൽ ചെന്ന് ജോയ് മാത്യുവിനോട് ചോദിച്ചു, മേതിലിൻ്റെ ‘രോമം’ ഉണ്ടോ?
അന്ന് ബാങ്കിൽ വരാനിരിക്കുന്ന ചെക്കിന് പണം കണ്ടെത്താനുള്ള ടെൻഷനിൽ നിന്നിരുന്ന ജോയ് മാത്യു ചോദിച്ചു; മേതിലിൻ്റെ രോമം അയാളോടല്ലേ ചോദിക്കേണ്ടത്? എന്നോടാണോ?
പുസ്തകങ്ങളിൽ അലയുകയും അന്വേഷിക്കുകയും ചെയ്തിരുന്ന വായനയുടെ ആ കാലത്ത് മേതിൽ ദുരൂഹമായൊരു സമസ്യയായിരുന്നു. ‘ഭൂമിയെയും മരണത്തെയും’ ശേഷം മേതിലിൻ്റെ പേരുകൾ ആനുകാലികങ്ങളിൽ നിരന്തരം വാർന്നുവീണുകൊണ്ടിരുന്നു. അതിനൊപ്പം പുസ്തകങ്ങളും വന്നുകൊണ്ടിരുന്നു.
അപാരമ്പര്യത്തിൻ്റെ ഊർജ്ജപ്രവാഹമായി ആനുകാലികങ്ങളിൽ മേതിൽ. മാതൃഭൂമി വാരാന്തപതിപ്പിൽ വന്ന ‘എനിക്കു സാഹിത്യത്തിൽ വിശ്വാസമില്ല’ എന്ന അഭിമുഖവും ഇന്ത്യ ടുഡേയിൽ കെ.പി. നിർമൽ കുമാറുമായി നടത്തിയ സംഭാഷണവും വിവാദമായിരുന്നു. നിലനിന്നിരുന്ന ഒരുപാട് സാഹിത്യ സങ്കൽപ്പങ്ങൾക്ക് മേതിൽ തീയിട്ടിരുന്നു.

അക്കാലത്തെ മിഠായിത്തെരുവിൻ്റെ അറ്റത്തെ കിഡ്സൺ കോർണർ സൗഹൃദക്കൂട്ടത്തിൽ കടുത്ത ഒരു മേതിൽ ആരാധകനുണ്ടായിരുന്നു. അന്ന് ഇന്ത്യ ടുഡേയിൽ കഥകൾ എഴുതിയിരുന്ന കണ്ണഞ്ചേരിക്കാരൻ കെ. സുരേഷ് കുമാർ.

മേതിൽവാദിയായ അവൻ ഒരു ദിവസം ബോധി ബുക്സിൽ ചെന്ന് ജോയ് മാത്യുവിനോട് ചോദിച്ചു, മേതിലിൻ്റെ ‘രോമം’ ഉണ്ടോ? അന്ന് ബാങ്കിൽ വരാനിരിക്കുന്ന ചെക്കിന് പണം കണ്ടെത്താനുള്ള ടെൻഷനിൽ നിന്നിരുന്ന ജോയ് മാത്യു ചോദിച്ചു; മേതിലിൻ്റെ രോമം അയാളോടല്ലേ ചോദിക്കേണ്ടത്? എന്നോടാണോ? മേതിലിനെ കളിയാക്കിയ ജോയ് മാത്യുവിനോടുള്ള ദേഷ്യം ഒരുപാട് കാലം മൂർച്ച കൂട്ടി സുരേഷ് കൊണ്ടു നടന്നിരുന്നു. പിന്നീട് ജോയ് മാത്യു എന്ന എഴുത്തുകാരനും സുരേഷ് കുമാർ എന്ന ബുക്ക് എഡിറ്ററും തമ്മിൽ കാണുമ്പോൾ ആ അനുഭവം ഒരു ചിരിയായി പരിണമിച്ചിരുന്നു.
ഇന്ത്യ ടുഡേയിൽ മേതിൽ കെ.പി. നിർമൽ കുമാറുമായി നടത്തിയ സംഭാഷണവും വിവാദമായിരുന്നു. നിലനിന്നിരുന്ന ഒരുപാട് സാഹിത്യ സങ്കൽപ്പങ്ങൾക്ക് മേതിൽ തീയിട്ടിരുന്നു.
പുസ്തകങ്ങൾ വഴി കിട്ടിയ ഗുരുവായൂരിലെ സംഘത്തിലേക്ക് മാസത്തിലൊരിക്കൽ ഞാൻ ബസ് കയറിയിരുന്നു. ഫാസിൽ, അനൂപ് ചന്ദ്രൻ, തേർളി ശേഖർ, കണ്ടമ്പുള്ളി സുധീഷ്… ഗുരുവായൂർ ലൈബ്രറിക്ക് മുന്നിലെ ചർച്ചകളെ ചൂടുപിടിപ്പിക്കാൻ മേതിൽ വന്നുകൊണ്ടിരുന്നു. പിന്നീട് കവിയായി തീർന്ന അനൂപ് ചന്ദ്രൻ കടുത്ത മേതിൽ ആരാധകനായിരുന്നു. വർഷങ്ങൾക്കുശേഷം ഷാർജയിൽ നിന്ന് മേതിൽ കവിതകൾ മൂന്നാമിടം പ്രസിദ്ധീകരിക്കുമ്പോൾ അതിൽ അനൂപും ഉണ്ടായിരുന്നു.
ഷെൽവിക്കൊപ്പം മേതിലിൻ്റെ ഒരു പുസ്തക പ്രകാശനച്ചടങ്ങിന് തൃശൂരിൽ പോയ ഒരു ഓർമയുണ്ട്. പി.ജി. സെൻ്ററിലായിരുന്നു ചടങ്ങ്. ഗീതാ ഹിരണ്യനെ അന്ന് ആദ്യമായും അവസാനമായും കാണുകയായിരുന്നു. അന്ന് സന്ധ്യയിൽ ഷെൽവിക്കും മേതിലിനുമൊപ്പം ചെലവഴിച്ച വൈകുന്നേരത്തിൻ്റെ മങ്ങിയ ഒരോർമയായി ഹോട്ടലിൻ്റെ വാഷ്ബേസിൻ്റെ കണ്ണാടിയിൽ നോക്കി നിൽക്കുന്ന ഒരു മേതിലിയൻ ദൃശ്യമുണ്ട്. നാലുവർഷം മുൻപ് തിരുവനന്തപുരത്തുചെന്ന് എം.എ. അസ്കറിനൊപ്പം ഒരു വൈകുന്നേരം മേതിലിനൊപ്പം ചെലവഴിച്ചതും ഓർമയിലുണ്ട്.
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
